

സിനിമകള്‍ തീയേറ്ററുകളില്‍ നിന്ന് ലാഭം ഉണ്ടാക്കിയാലും ഇല്ലെങ്കിലും അവ പില്‍ക്കാലത്ത് ഓര്‍മ്മിക്കപ്പെടുവാന്‍ അവയിലെ ഗാനങ്ങള്‍ ഒരു കാരണമാണ്. നിര്‍മ്മാതാവിനെ സംബന്ധിച്ച് നേരത്തെ മുടക്കിയ പണവും സമര്‍പ്പിച്ച മനസ്സും കൂടുതല്‍ മഹനീയമായി മാറുന്നത് ആകാശവാണിയില്‍ ഒരു ഗാനം പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പ് ആ സിനിമയുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രോതാക്കളെ വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോഴാണ്. ഓരോന്നും ഓരോ ചരിത്രമുഹൂര്‍ത്തങ്ങള്‍.
പാട്ടിലൂടെ സിനിമയെ ഓര്‍മ്മപ്പെടുത്തുന്ന ആ സുവര്‍ണകാലവും ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്വകാര്യ എഫ്എം ചാനലുകള്‍ ആകാശവാണിക്കുമുകളില്‍ താല്‍ക്കാലികമായി വിജയപതാക പാറിക്കുമ്പോള്‍ പാട്ടിന്റെയും പാട്ടുകാരുടേയും മൂല്യമാണ് തകര്‍ന്നിരിക്കുന്നത്. പാട്ടൊഴികെ മറ്റെല്ലാം അവര്‍ക്ക് ടണ്‍ കണക്കിനാണ്. 'അവതരണ'മെന്ന പേരില്‍ എന്തും വിളിച്ചുകൂവുമ്പോള്‍ കലാകേരളം ലജ്ജിച്ചു തലതാഴ്ത്തുക! കെ ജയകുമാര്‍ രചിച്ച 'ചന്ദനലേപസുഗന്ധം തൂവിയതാരോ...' എന്ന ഗാനം പ്രക്ഷേപണം ചെയ്‌തതിനുശേഷം അതിന്റെ ശില്‍പികളാരാണെന്ന് ഒരക്ഷരവും പറയാതെ കോര്‍പ്പറേഷന്റെ ചവറ് വണ്ടി പോകുമ്പോള്‍ 'ഹെന്റെ അമ്മേ!' നാറുന്നു'' എന്ന് പുതിയൊരു കണ്ടുപിടിത്തം പോലെ പറയുന്നതില്‍ എന്താണ് ഔചിത്യം?

ഒരശരീരിപോലെ ഒരു ഗാനം മുഴുമിപ്പിക്കാതെ പ്രക്ഷേപണം ചെയ്യുമ്പോള്‍ അത് ഏത് സിനിമയിലേതെന്നോ അതെഴുതിയതാരെന്നോ ഈണം നല്‍കിയാതാരെന്നോ ആലപിച്ചതാരെന്നോ അറിയാനുള്ള ശ്രോതാവിന്റെ ആഗ്രഹവും അറിയപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള കലാകാരന്റെ അവസരവും ഒരേ സമയം ഹനിക്കപ്പെടുന്നു. വയലാറും ദേവരാജനും യേശുദാസും പി ഭാസ്‌ക്കരനും ബാബുരാജും രാഘവനും ജയച്ചന്ദ്രനും പി സുശീലയും ജാനകിയും ഒ എന്‍ വിയും ചിത്രയും ശ്രീകുമാരന്‍ തമ്പിയും കൈതപ്രവും ജോണ്‍സനും എം ജി ശ്രീകുമാറും ബിച്ചുതിരുമലയും അനില്‍ പനച്ചൂരാനും വിനീത് ശ്രീനിവാസനുമൊക്കെ ഏതോ വയലില്‍ ആരോ വിളയിച്ച നെന്മണികളാണോ?
പുതിയ എഴുത്തുകാരുടേയും സംഗീതസംവിധായകരുടേയും പാട്ടുകാരുടേയും പേരുകള്‍ അവരവരുടെ പാട്ടുകളോട് ചേര്‍ത്ത് കേള്‍ക്കാന്‍ അവര്‍ക്കും അവകാശമുണ്ട് ! അറിയാന്‍ ശ്രോതാക്കള്‍ക്കും. സംഗീതം അഥവാ നല്ല ഗാനങ്ങള്‍, മാണിക്യവീണകൊണ്ട് തലോടുമ്പോള്‍ വേദനകളെ അലിയിക്കുന്ന താമരപ്പൊയ്‌കയാണ് എന്ന് ദേവരാജന്‍ മാസ്‌റ്റര്‍ പറയുമ്പോള്‍ എഫ് എം ചാനല്‍ പറയുന്നത് സംഗതി ഹോട്ടാണെന്നാണ്. എന്താണീ ഹോട്ട്? അത് പറയുമ്പോള്‍ എന്തോ ചവര്‍ക്കുന്നില്ലേ?കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷത്തെ ഇത്രയും മലീമസമാക്കാന്‍ സംഘം ചേര്‍ന്നിവര്‍ ശ്രമിക്കുമ്പോള്‍ എതിര്‍വാക്കുകള്‍ ഉയരാത്തത് ആഗോളവല്‍ക്കരണകാലത്ത് പാട്ടും ഇങ്ങനെയൊക്കെ മതിയെന്ന ധാരണ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. അരിവില കിലോ 30 രൂപ ആയപ്പോഴാണ് നികത്തപ്പെട്ട നെല്‍വയലുകളെക്കുറിച്ചും ആന്ധ്രയിലെ അരി ലോബികളെക്കുറിച്ചും നമ്മുടെ നാട് ചര്‍ച്ച തുടങ്ങിയത്. പിന്നെയാണോ പാട്ട്? എന്ന് ചിന്തിക്കുന്ന, എല്ലാ കാര്യങ്ങളിലുമുള്ള ഈ നിസ്സംഗത മലയാളി സമൂഹത്തെ എത്തിച്ചിരിക്കുന്നത് കല, സാഹിത്യം, ചരിത്രം, രാഷ്‌ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള അറിവില്ലായ്‌മകളിലേയ്‌ക്കാണ്.

പുതിയ ചാനലുകള്‍ക്ക് ഇതൊന്നും ബാധകമല്ലാത്തത് എന്തുകൊണ്ട് ? അരാഷ്‌ട്രീയതയുടെ മുഖംമൂടി ധരിച്ച രാഷ്‌ട്രീയം ഇതിനുപിന്നിലുണ്ടോ? ഉണ്ടെന്നുവേണം കരുതാന്‍! ഇരയ്‌ക്കും തുല്യനീതി നിശ്ചയിക്കുന്ന കപട നിഷ്‌പക്ഷതയാണ് പാട്ടുകളുടെ ഇടവേളകളില്‍ വിഷം പുരട്ടി ശ്രോതാക്കള്‍ക്ക് നല്‍കുന്നത്.
ഒരുദാഹരണം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടി. അത് സാഹചര്യങ്ങളുടെ അനിവാര്യത! അതിനെ എഫ് എം ചാനല്‍ അവതാരകന്‍ നിസ്സാരവല്‍ക്കരിച്ചു. ഇനി സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന നാമമാത്രമായ നികുതിവിഹിതം വേണ്ടെന്ന് വച്ച്, വിലക്കയറ്റത്തില്‍ നിന്ന് ഒരിറ്റാശ്വാസം നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാന്‍ ധനമന്ത്രി സ്ഥലത്തില്ലാതെ ഒരു ദിവസം വൈകിയത് കൊടുംപതാകം. പാട്ടിന്റെ ഇടവേളയില്‍ ചെറുപ്പക്കാരന്‍ / ചെറുപ്പക്കാരി 'നിഷ്‌കളങ്കമായി ഇതു പറയുമ്പോള്‍ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം മന്ദഹാസം പൊഴിക്കുന്നു.
നീറുന്ന ജനകീയ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കാനും അപ്രസക്തമായവയെ പര്‍വതീകരിക്കുന്നതിനും ജനങ്ങളെ പരിശീലിപ്പിക്കുകയെന്ന ആഗോളതന്ത്രം പുതിയ പ്രക്ഷേപണ സംസ്‌ക്കാരത്തിലുണ്ട്. ശ്രോതാക്കള്‍ കൂടുതലും തൊഴിലാളികളും യുവാക്കളും വീട്ടമ്മമാരുമാകുമ്പോള്‍ അജണ്ട നിശ്ചയിച്ചവരുടെ ലക്ഷ്യം വളരെപ്പെട്ടെന്ന് നേടാനുമാകും! സ്വാകാര്യ എഫ് എം ചാനലുകള്‍ നല്‍കേണ്ട വിവരങ്ങള്‍ നല്‍കാതിരിക്കുകയും നല്‍കേണ്ടാത്തവ തന്നിഷ്‌ടം പോലെ തെറ്റായി നല്‍കുകയും ചെയ്‌തുകൊണ്ട് ശ്രോതാക്കളുടെ തിരിച്ചറിവിന്റെ മേഖല പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്.
മറന്നുപോകരുത് ! ഗാനങ്ങളൊന്നും തന്നെ ശൂന്യതയില്‍ നിന്നുണ്ടാകുന്നില്ല. ഒരു കൂട്ടം പ്രതിഭകളുടെ അദ്ധ്വാനം അവയ്‌ക്ക്പിന്നിലുണ്ട്. അവയ്‌ക്ക് ആത്മാവുണ്ട്. വിലയുണ്ട്. പാട്ടുകള്‍ക്കിടയില്‍ പറയേണ്ടതുമാത്രം പറയാതെ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം പറഞ്ഞ് തിരിച്ചറിവുകളില്‍ നിന്നും ചരിത്രബോധത്തില്‍ നിന്നും പുതിയ തലമുറയെ ബോധപൂര്‍വം അകറ്റാന്‍ ശ്രമിക്കരുത്.'
*
എം ആര്‍ അനില്‍രാജ്, കടപ്പാട് : യുവധാര.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം