Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Wednesday, October 26, 2011

അത്രയ്ക്ക് വേണ്ടായിരുന്നു, എന്നാലും...

ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജനസംഖ്യാ നിയന്ത്രണത്തിനുവേണ്ടി നടത്തിയ ശുപാര്‍ശകള്‍ കുറേ കടന്നുപോയി എന്നതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. വാസ്തവത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പറ്റി പഠിക്കാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും ആണ് ആ കമ്മിറ്റിയെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ജനസംഖ്യാ നിയന്ത്രണത്തെപറ്റി നടത്തിയ അപ്രായോഗികവും വിവാദപരവും ആയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ശുപാര്‍ശ ചെയ്ത മറ്റ് നല്ല കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. അത് നമ്മുടെ ഒരു പതിവ് പ്രശ്‌നവും ആണ്. ഏതു വാര്‍ത്തയിലും വിവാദം ആക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക, എന്നിട്ട് അതില്‍ കയറി പിടിക്കുക, അതോടെ അതിലെ കാതലായ അംശം വിസ്മൃതം ആകുക, അഥവാ ആക്കുക. അതായിരിക്കുന്നു നമ്മുടെ മാധ്യമ രീതി.

അതിരിക്കട്ടെ. ജനസംഖ്യാ പ്രശ്‌നം തന്നെ എടുക്കാം. കമ്മിറ്റിക്ക് തെറ്റ് പറ്റിയത് ജനസംഖ്യാ നിയന്ത്രണത്തിന് നിര്‍ദേശിച്ച തീവ്ര പരിഹാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല; കേരളത്തിലെ ഒരു പ്രധാന പ്രശ്‌നമായി അതിനെ കണ്ടതിലാണ്. വാസ്തവത്തില്‍ കേരളം വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നം ആണ് ജനസംഖ്യാ വിസ്‌ഫോടനം. നമ്മുടെ ശരാശരി ജനസംഖ്യാ വര്‍ധന നിരക്ക് ഇപ്പോള്‍ പ്രതിവര്‍ഷം ഒരു ശതമാനത്തിന്റെ മൂന്നിലൊന്നെ ഉള്ളൂ. പത്തുകൊല്ലം കൊണ്ട് കൂടിയത് 3.2 കോടിയില്‍ നിന്ന് 3.33 കോടിയിലേക്ക്. അതായത് 4 ശതമാനം മാത്രം. നമ്മള്‍ അതിവേഗം ഒരു സുസ്ഥിര ജനസംഖ്യാനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒരു ശരാശരി കുടുംബത്തില്‍ ഇപ്പോള്‍ 4.9 അംഗങ്ങളെ ഉള്ളൂ (അച്ഛനമ്മമാര്‍ അടക്കം) എന്നാണ് 2004 ല്‍ നടത്തിയ കേരളപഠനം കാണിച്ചത്. അതായത് രണ്ടോ മൂന്നോ കുട്ടികള്‍ മാത്രം.

ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങളില്‍ ഒന്നാണ് ജനപ്പെരുപ്പം എന്ന മട്ടില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യം കിട്ടുന്നതിനു അയോഗ്യരാക്കണം എന്ന മട്ടിലുള്ള കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്ത് കടന്നല്‍ കൂട്ടില്‍ കല്ലെറിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടെന്തു പറ്റി? ആ കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന ആരോഗ്യകരമായ ചര്‍ച്ചകള്‍ വഴിതെറ്റിപ്പോയി!

പക്ഷേ വഴി തെറ്റിയ ആ വിവാദത്തില്‍ നിന്നും നമുക്ക് ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന് പിന്തിരിപ്പന്‍ ശക്തികള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ശക്തം ആണെന്ന് അത് കാണിച്ചു തന്നു എന്നുള്ളതാണ്. ഒരു ജനാധിപത്യ സര്‍ക്കാരും കേരളത്തില്‍ നടപ്പാക്കില്ല എന്നുറപ്പുള്ള ആ ശുപാര്‍ശയെ കയറിപ്പിടിച്ച് കാലഹരണപ്പെട്ട എത്രയെത്ര വാദങ്ങളാണ് ഇവിടെ ഉയര്‍ത്തപെട്ടത്? “എനിക്ക് എത്ര കുട്ടികള്‍ വേണമെന്ന് ഞാനും ദൈവം തമ്പുരാനും കൂടി തീരുമാനിക്കും’ എന്നാണ് ഒരു ദൈവഭക്തന്‍ ഉദീരണം ചെയ്തത്. മറ്റൊരു പുരോഗമനവാദി “ഞാനും എന്റെ ഭാര്യയും കൂടി” എന്ന് പറയാന്‍ സന്മനസു കാണിച്ചു. മതമേധാവികളുടെ എതിര്‍പ്പ് ആയിരുന്നു രസകരം. കത്തോലിക്കാ പള്ളി ഒരുകാലത്തും കുടുംബാസൂത്രണത്തെ അനുകൂലിച്ചിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ശരാശരി വലുപ്പം 4.5 ആണ്. ഹിന്ദു കുടുംബങ്ങളുടെത് 4.6 ഉം! ഇത് “സ്വാഭാവിക” കാരണങ്ങളാല്‍ ആണ് എന്ന് ഒരു മതമേധാവിയും ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ അടുത്ത കാലത്ത് ഒരു വികാരി വളരെ വികാരപരമായിത്തന്നെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യാപരമായ അനുപാതം സംരക്ഷിക്കണം എന്ന് ആഹ്വാനം ചെയ്തത്. അതും അധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ചെവിക്കൊണ്ട ലക്ഷണം ഇല്ല. എന്തെന്നാല്‍ കുടുംബ വലുപ്പത്തിന് വിദ്യാഭ്യാസവും വരുമാനവും ആയിട്ട് വളരെ ബന്ധം ഉള്ളതായിട്ടാണ് പൊതുവേ കണ്ടിട്ടുള്ളത്. ഹിന്ദുക്കളുടെ ഇടയില്‍ തന്നെ മുന്നോക്ക ജാതിക്കാരുടെ ശരാശരി കുടുംബ വലുപ്പം 4.4 ആയിരിക്കുമ്പോള്‍ ഈഴവരുടെത് 4.7 ഉം പട്ടിക ജാതിക്കാരുടെത് 4.8 ഉം ആണെന്നത് അതാണു സൂചിപ്പിക്കുന്നത്. സാമ്പത്തിക അരക്ഷിതത്വം ഉണ്ടായിരിക്കുകയും ശിശുമരണ നിരക്ക് ഉയര്‍ന്നിരിക്കുകയും ചെയ്തിരുന്ന കാലത്താണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുക. ശിശുമരണ നിരക്ക് കുറയുകയും സാമ്പത്തിക നില മെച്ചപ്പെടുകയും അതോടൊപ്പം അമ്മമാര്‍ക്ക് വിദ്യാഭ്യാസം കിട്ടുകയും ചെയ്യുമ്പോള്‍, പണ്ടത്തെ അമ്മുമ്മമാര്‍ പറഞ്ഞിരുന്നതുപോലെ ഞാന്‍ എട്ടു പെറ്റു, ദൈവം മൂന്നിനെ അങ്ങെടുത്തു, അഞ്ചിനെ തന്നു” എന്ന മട്ടിലുള്ള പറച്ചിലുകള്‍ ഇല്ലാതാകും. ഉള്ള കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പരിചരണവും വിദ്യാഭ്യാസവും കൊടുക്കുകയാണ് കൂടുതല്‍ കുട്ടികളെ പെറ്റു കൂട്ടുന്നതിനേക്കാള്‍ പ്രധാനം എന്ന് വിദ്യാഭ്യാസമുള്ള അമ്മമാര്‍ക്ക് അറിയാം. അതുകൊണ്ടാണ് സ്ത്രീ വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും ഉണ്ടാകുമ്പോള്‍ ജനസംഖ്യാ വര്‍ധന നിരക്ക് കുറയുന്നത്. ഇതാണ് കുടുംബാസൂത്രണത്തിലെ കേരള മോഡല്‍.

ഇത് സ്വാഭാവികമായി നടക്കുന്ന, നടക്കേണ്ട, ഒരു പ്രക്രിയ ആണ്. പക്ഷേ ഇതിനകത്ത് പിന്‍തിരിപ്പന്‍ ശക്തികള്‍ കുപ്രചരണവുമായി ഇറങ്ങിയാല്‍ ഒരു പക്ഷേ ഈ തിരക്കഥ മാറിയേക്കാം. ഈ വിവാദവുമായി ബന്ധപ്പെട്ട് ചില പിന്‍തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന പ്രചരണം കാണുമ്പോള്‍ അതും സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്: മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആണ് എന്ന പ്രചാരണവും, തങ്ങളുടെ ജനസംഖ്യാനുപാതം കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ക്കു മൗലികാവകാശം ഉണ്ട് എന്നും മറ്റുമുള്ള അവകാശവാദവും ഒരു വശത്ത്. മറുവശത്ത് തങ്ങളുടെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ പോകുന്നു, അതുകൊണ്ട് മതബോധമുള്ള ഹിന്ദുക്കള്‍ കരുതിയിരിക്കുക എന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനിക്കുക എന്നും അതുകൊണ്ട് എണ്ണം കൂട്ടണം എന്നുമുള്ള ആഹ്വാനം ജനാധിപത്യത്തെപ്പറ്റിയുള്ള അപകടകരമായ തെറ്റിദ്ധാരണയുടെ ഫലം ആണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം ആണ് എന്ന തെറ്റായ വ്യാഖ്യാനം ആണ് അതിന്റെ കാരണം. കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. കേരളത്തിന്റെ ജനസംഖ്യ 3.18 കോടിയില്‍ നിന്ന് 3.3 കോടിയായി ഉയര്‍ന്ന കാലം കൊണ്ട് ഇന്ത്യയിലെ ജനസംഖ്യ 102 കോടിയില്‍ നിന്ന് 121 കോടിയായി വര്‍ധിച്ചു അതായത് 18 ശതമാനത്തിലേറെ വര്‍ധന. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ കേരളീയരുടെ പങ്ക് 3.1 ശതമാനത്തില്‍ നിന്ന് 2.7 ശതമാനം ആയി കുറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇത് ഏതാണ്ട് നാല് ശതമാനം ആയിരുന്നെന്നു കൂടി ഓര്‍ക്കണം. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ പ്രാധാന്യം കുറയും, അതുകൊണ്ട് നമ്മുടെ കുടുംബ വലിപ്പം വര്‍ധിപ്പിച്ചു നമ്മുടെ ജനസംഖ്യാനുപാതം വീണ്ടെടുക്കണം എന്ന് ആരും ആവശ്യപ്പെടാത്തത് ഭാഗ്യം!

പക്ഷേ കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ആപേക്ഷിക വളര്‍ച്ചയെപ്പറ്റിയുള്ള കണക്കുകള്‍ പരിശോധിച്ചുകൊണ്ട് പലരും വാദിക്കുന്നത് ആ വിധത്തിലാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 56 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ അതിനേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നും ഇക്കണക്കിനു പോയാല്‍ താമസിയാതെ അവര്‍ ന്യൂനപക്ഷം ആകും എന്ന് ഒരു പ്രചരണം. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ തന്നെ ഇത്രയ്ക്ക് ഉത്കണ്ഠയായാല്‍ രാജ്യം ഒട്ടാകെ എടുക്കുമ്പോള്‍ വെറും 14 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും 3 ശതമാനത്തില്‍ താഴെ വരുന്ന ക്രിസ്ത്യാനികള്‍ക്കും കഷ്ടിച്ച് 2 ശതമാനം മാത്രം വരുന്ന സിക്കുകാര്‍ക്കും എത്രമാത്രം അരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടാകണം എന്നെന്തേ അവര്‍ ആലോചിക്കുന്നില്ല?

ഭൂരിപക്ഷത്തിന്റെ ദയാവായ്പില്‍ ന്യൂനപക്ഷം കഴിയുക എന്നതല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനം. അങ്ങനെ ചിന്തിക്കുന്നത് തന്നെ ഒരുതരം ഫാസിസ്റ്റു മനോഭാവത്തിന്റെ അടയാളം ആണ്. ഇതിന്റെ മറുപുറവും പ്രധാനം ആണ്. ന്യൂനപക്ഷത്തിന്റെ സുരക്ഷ അവരുടെ എണ്ണത്തില്‍ ആണ് എന്ന് വാദിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ പലപ്പോഴും വര്‍ഗീയ ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നത് ദുഃഖകരമായ സത്യം തന്നെയാണ്. പക്ഷേ അപ്പോഴെല്ലാം ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്ക് എത്തിയിട്ടുള്ളത് ഇന്നാട്ടിലെ ജനാധിപത്യ സംവിധാനവും മതനിരപേക്ഷ ശക്തികളും ആണ് എന്നത് മറന്നുകൂടാ. അല്ലാതെ, അവരുടെ സംഘബലമോ സായുധശേഷിയോ അല്ല. മറിച്ച് ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും എതിര്‍ ചേരിയിലെ തീവ്രവാദികള്‍ക്കാണ് ഊര്‍ജം നല്‍കുക. ഒരുപക്ഷെ അത് ബോധപൂര്‍വവും ആകാം. ഇരുപക്ഷത്തുമുള്ള തീവ്രവാദികള്‍ക്ക് പരസ്പരം പോഷിപ്പിക്കുക എന്നതാണല്ലോ ആവശ്യം!ഈ അപകടം ഒഴിവാക്കാന്‍ ഇരുപക്ഷത്തുമുള്ള സമാധാന കാംക്ഷികളും മതേതരവാദികളും കൈ കോര്‍ത്തേ പറ്റൂ.

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ കുടുംബവലുപ്പം ഇപ്പോഴും താരതമ്യേന കൂടുതല്‍ ആണ് (6.1) എന്നത് അനിഷേധ്യമാണ്. അതിന്റെ നേരെ കണ്ണടച്ചിട്ടു കാര്യമില്ല. പക്ഷേ അതിന് പരിഹാരം അവരുടെ ഇടയില്‍ വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം വര്‍ധിപ്പിക്കുക എന്നതാണ് ഊന്നല്‍ കൊടുക്കേണ്ട സംഗതി. അവരെപ്പോലെ തന്നെ കടുത്ത യാഥാസ്ഥിതികര്‍ ആയിരുന്ന കത്തോലിക്കരുടെ ഇടയില്‍ ഉണ്ടായ മാറ്റം ആണ് ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കേണ്ടത്. എന്നാല്‍ അതേ സമയം തന്നെ, കുടുംബാസൂത്രണത്തിനെതിരായ പ്രചാരണങ്ങളെ അവഗണിക്കാനും കഴിയില്ല. അത്തരം പ്രചാരണങ്ങളെ ആശയപരമായിത്തന്നെ നേരിടെണ്ടതുണ്ട്. ഇതൊക്കെ ഒരുകാലത്ത് കേരളം കുറേ കണ്ടതാണല്ലോ. ഇവിടത്തെ ക്രൈസ്തവേതരനായ ഒരു എക്കൊണോമിക്‌സ് പ്രഫസര്‍ കുടുംബാസൂത്രണത്തിനെതിരെ പുസ്തകമെഴുതി റോമില്‍ കൊണ്ടുകൊടുത്ത് പോപ്പിന്റെ കൈയില്‍ നിന്ന് ബഹുമതി വാങ്ങുകവരെ ചെയ്തു. പക്ഷേ അന്നൊക്കെ ജനസംഖ്യാ വര്‍ധനവിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉണ്ടായിരുന്നു. അടുത്ത കാലത്ത് അതില്‍ ക്ഷീണം സംഭവിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടും കൂടിയാകാം ഇങ്ങനെയൊക്കെ പറയാന്‍ പിന്‍തിരിപ്പന്‍ ശക്തികള്‍ ധൈര്യപ്പെടുന്നത്. അതുകൊണ്ട്, ജസ്റ്റിസ് കൃഷ്ണയ്യരുടെ കമ്മിറ്റിയുടെ ശുപാര്‍ശ അനവസരത്തിലുള്ളതും അതിരുകടന്നതും ആയിപ്പോയി എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിനെതിരെ ഉയര്‍ന്ന ജനാഭിപ്രായത്തെ തല്‍പര കക്ഷികള്‍ ഹൈജാക്ക് ചെയ്ത് കുടുംബാസൂത്രണത്തിനെതിരായ ജനവികാരം ആക്കി മാറ്റാതിരിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


*****


ആര്‍ വി ജി മേനോന്‍, കടപ്പാട് :ജനയുഗം

Thursday, June 30, 2011

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി. കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍".

നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു.

വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍". കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം.

തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്. അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍, സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്.

നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത്-വര്‍ത്തമാനകാലാന്തരീക്ഷത്തില്‍- സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്. നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക:

കഥയുടെ തുടക്കം ഇങ്ങനെയാണ്: "വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68). ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്.

"ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്.

"വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.

സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു.

തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍. അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെയും - വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്- അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്.

നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്.

"എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി".

"സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍, ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു.

കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു. അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍, ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു.

നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു.

"അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു.

- കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം!

-കള്‍സ്?

-അല്ല.

-പിന്നെ?
-റാക്ക് ഓണ്‍ ദ റോക്സ്

വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം.

സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ.

"അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.


*****


ജ്യോതിക, കടപ്പാട് :ദേശാഭിമാനി വാരിക

Friday, April 22, 2011

അവസാനത്തെ അടിമയും സ്വതന്ത്രനാകുംവരെ

എക്കാലത്തും മനുഷ്യവംശത്തിന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മഹാസങ്കല്‍പ്പങ്ങള്‍ നല്‍കിയത് കവിതയാണ്. കാരാഗൃഹങ്ങള്‍ സൃഷ്ടിച്ചതിനുശേഷം അതില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം എന്നും അടിമത്തം വ്യവസ്ഥയാക്കിത്തീര്‍ത്തതിനുശേഷം ഉടമ നല്‍കുന്ന ചെറിയ ചെറിയ ആനുകൂല്യങ്ങളാണ് വിമോചനം എന്നും പറഞ്ഞവര്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം എന്ന പരികല്പന യാതൊരുപാധികളുമില്ലാതെ ഭൗതിക വിമോചനമാണ് എന്ന് ഉദാത്തമാം അര്‍ഥത്തില്‍ സ്വപ്‌നം കണ്ടത് എന്നും കവിത മാത്രമാണ്. എല്ലാ അര്‍ഥത്തിലും അത്തരത്തിലുള്ള ഒരു മഹാസ്വാതന്ത്ര്യബോധത്തിന്റെ കവിയാണ് മണമ്പൂര്‍ രാജന്‍ ബാബു. കവിത അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്.

'മൃണ്‍മയമെന്റെ ശരീരമെറിഞ്ഞും
മൃതിയെ ജയിക്കുമ്പോള്‍
കവിതയെനിയ്ക്കതി ഗംഭീര മോചന
വസന്തസായൂജ്യം
സ്വാതന്ത്ര്യത്തിന്‍ പരകോടിയില്‍
സംഗീത സുവര്‍ണലയം!
സ്വാതന്ത്ര്യത്തിന്‍ ജൃംഭിത സംഗീതാ-
നന്ദത്തില്‍ പരമപദം!

ഇത്രത്തോളം ഉന്നതമാണ് മണമ്പൂരിന്റെ സ്വാതന്ത്ര്യസങ്കല്പം.

മണമ്പൂര്‍ രാജന്‍ ബാബുവിന്റെ 'തിരഞ്ഞെടുത്ത കവിതകള്‍' ഈയിടെ വായിച്ചപ്പോഴാണ് ഈ കവി സൃഷ്ടിച്ചെടുത്ത സ്വാതന്ത്ര്യ കല്പനയുടെ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങള്‍ വേണ്ടവിധത്തില്‍ ഇതുവരെ വിലയിരുത്തപ്പെട്ടില്ലല്ലോ എന്നു ഖേദം തോന്നിയത്. ജീവിതത്തെ പുരോഗമിപ്പിക്കാത്ത ഒരാശയവും ആയുധവും നാം നമ്മുടെ കൂടെക്കൊണ്ടു നടന്നുകൂടാ എന്ന് ഒരുതരം വ്രതനിഷ്ഠയോടെ ശഠിക്കുന്ന കവിയാണ് മണമ്പൂര്‍. മനുഷ്യചരിത്രത്തിലെ ജീവന്‍മരണ പ്രശ്‌നങ്ങളിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. കൊടുക്കുന്നവന്റെ ഔദാര്യമല്ല, എടുക്കുന്നവന്റെ അവകാശമാണ് സ്വാതന്ത്ര്യം. അതിന്‍മേല്‍ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കുടുംബ-രാഷ്ട്ര വ്യവസ്ഥകള്‍ക്കോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കോപോലും അധികാരമില്ല. എല്ലാ അധിനിവേശങ്ങള്‍ക്കുമെതിരെ ഒരേഒരായുധമേയുള്ളൂ അതാണ് സ്വാതന്ത്ര്യം.ഇത്രത്തോളം തീവ്രമാണ് മണമ്പൂരിലെ സ്വാതന്ത്ര്യവാഞ്‌ച. ഓര്‍ക്കേണ്ടവര്‍ ഒക്കെ മറന്ന പാട്ടെല്ലാം നിര്‍ത്തേണ്ടവനല്ല കവി എന്നാണ് മണമ്പൂരിന്റെ നിലപാട്.

'പാറയോടാണെന്റെ പാട്ടെങ്കിലും,
കാട്ടു-മാമരച്ചില്ലകള്‍ കേള്‍ക്കാതിരിക്കുമോ!'

എന്ന പ്രത്യാശ നിര്‍ഭരമായ വിമോചന വിശ്വാസമാണ് കവിയുടെ അക്ഷര പ്രതീക്ഷ.

ജീവിതത്തില്‍ തനിക്കേറ്റ മുറിവുകളും തിരസ്‌കാരങ്ങളുമൊക്കെ കാവ്യാനുഭവമായി ഉള്‍ക്കൊള്ളുകയും തന്റെ ഹൃദയത്തിലേറ്റ ഒരമ്പുപോലും പറിക്കാതിരിക്കുകയും അതിനെയെല്ലാം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണയ്ക്കുള്ള ആയുധമാക്കി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു തളരാത്ത യോദ്ധാവാണ് മണമ്പൂരിലെ കവി.

'നിഷ്‌കാസിതന്റെ നിശ്ശബ്ദയാമങ്ങളില്‍
നിഷ്ഠൂരം പൊട്ടിച്ചിരിച്ചിടാം തോക്കുകള്‍
തോല്‍ക്കുമ്പോഴൊക്കെ കുരയ്ക്കുമിത്തോക്കുകള്‍
വാക്കുമുട്ടുന്നവര്‍ക്കന്ത്യമാം താവളം'

ഈ തിരിച്ചറിവാണ് എന്നും കവിയുടെ ഇച്ഛാബലം. തോക്കുകള്‍ കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയുന്ന വനല്ല കവി. ചിക്കിത്തുവര്‍ത്തുവാനാവാത്ത ചിറകുമായ് അവന്‍ കാലവനത്തില്‍ ജടായുവായിക്കിടക്കും. മനുഷ്യവര്‍ഗത്തിന്റെ യഥാര്‍ഥ വിമോചകന്‍ വന്നെത്തുംവരെ. അവസാനത്തെ അടിമയും സ്വാതന്ത്ര്യത്തിലേയ്ക്കു കണ്ണുതുറക്കുംവരെ. നീ കൊളുത്തുന്ന ചിരിയുടെ ചിരാതുകള്‍ എനിക്കു വേണ്ടെന്നും മരിക്കുമെന്ന് സ്വയം ഉറപ്പായാല്‍ മാത്രം നീ തരുന്ന സത്യത്തിന്റെ കാഞ്ഞിരപ്പഴമാണ് എന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത് എന്ന് കവി ഉച്ചരിക്കാനിടവരുന്നത് ഉല്‍ക്കടമായ വിമോചനത്തിന്റെ നീതിബോധം കൊണ്ടാണ്.

വിശ്വാസവും യാഥാര്‍ഥ്യവും തമ്മില്‍ വൈരുധ്യങ്ങളുണ്ടായാലും പുരോഗതിയുണ്ടാവണമെങ്കില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥയെ ഉടച്ചുതകര്‍ക്കുക തന്നെ വേണം എന്നതാണ് കവിയുടെ ഉറച്ച ബോധ്യം.
നീതി നന്നാനകള്‍ കണ്ണുപൊട്ടന്‍മാര്‍ വിധിച്ച രൂപങ്ങളില്‍ ചിന്നം വിളിക്കുന്നതും ''നഗ്നസാമ്രാട്ടിന്റെ വസ്ത്രാഭ വാഴ്ത്തുവാന്‍ ചിത്തഭ്രമത്തിന്‍ കലാകാരനെത്തുന്ന''തും കവി കാണുന്നുണ്ട്. പക്ഷേ എല്ലാവരും ചേരയെത്തിന്നാലും ''എനിക്കു വയ്യ യീ നടുക്കണ്ടം തിന്നാന്‍'' എന്ന ഉറച്ച പ്രഖ്യാപനമാണ് കവിയുടെ നീതിബോധം.

ഈ നീതി മനുഷ്യരോടു മാത്രം പുലര്‍ത്തേണ്ട ഒന്നല്ലെന്നും സമസ്ത ജീവപ്രപഞ്ചത്തോടും നീതിമാനാകുന്നവന്‍ മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യത്തിന് അര്‍ഹനാകുന്നുള്ളൂ എന്നുകൂടി കവി ഉപദര്‍ശിക്കുന്നുണ്ട്. 'കൂട്ടിലങ്ങാടി' എന്ന കവിതയില്‍ കൂട്ടിലങ്ങാടിപ്പുഴയും 'നിളയെന്‍ മനസ്സിലാണൊഴുകുന്നു' എന്ന കവിതയില്‍ നിളാനദിയും മനുഷ്യന് മഹാനീതി നല്‍കിയ പ്രകൃതി കാരുണ്യങ്ങളാണ്. തിരസ്‌കൃതനായ മനുഷ്യനോട് കൂട്ടിലങ്ങാടിപ്പുഴ ഇങ്ങനെ സംസാരിക്കുന്നുണ്ട്.

''കൂട്ടിലങ്ങാടിപ്പുഴ പറഞ്ഞു; കൂട്ടു-
കാരാ, വരാനെന്തു വൈകി?''

നിഷ്‌കാസിതന് അഭയമാണിവിടെ പുഴ. എല്ലാം വിഴുങ്ങുന്ന കാകോള വഹ്നിയില്‍ വന്‍ മാമരങ്ങള്‍ കരിഞ്ഞമരുന്നത് കവി കാണുന്നുണ്ട്. കാടും മരങ്ങളും കാവളം കിളികളും കാതോര്‍ത്ത് കാതോര്‍ത്ത് മര്‍ത്ത്യഭാഗധേയം കാത്തിരിക്കുന്നതും അറിയുന്നുണ്ട്. ഇതൊക്കെ ഇല്ലാതായാല്‍ മര്‍ത്ത്യജീവിതം ഇല്ലാതാകും എന്ന വിഫലമായ തിരിച്ചറിവാണ് മണമ്പൂര്‍ കവിതയിലെ ആത്മീയത.

ഇന്ന് ലോകവ്യവഹാരത്തിലുടനീളം ഒരധികാരശക്തിയായി വര്‍ത്തിക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട ദൈവത്തില്‍ കവിക്കു വിശ്വാസമില്ല. എങ്കിലും കണ്ണില്ലെങ്കിലും കാണുന്ന, കാതില്ലെങ്കിലും കേള്‍ക്കുന്ന, മൂക്കില്ലെങ്കിലും മണക്കുന്ന, ത്വക്കില്ലെങ്കിലും തൊട്ടറിയുന്ന, ഏതോ ഒരുഭാവം എല്ലാ ജീവിതത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നു കവി വിശ്വസിക്കുന്നുണ്ട്.

'ഈ അഭാവത്തെ
ജീവനെന്നു വിളിക്കാം
വിശ്വാസികള്‍ ഈശ്വരനെന്നു ഭജിക്കും
കവിതയെന്നേ എനിക്കറിയൂ...'

ഇത്ര അഗാധമായാണ് മണമ്പൂരിന് കവിത, സ്വാതന്ത്ര്യമായിത്തീരുന്നത് ലോകത്തിലെ ഒരു ശക്തിക്കും വിലങ്ങിടാനാവാത്തതാണ് ഈ മഹാസ്വാതന്ത്ര്യം.

'ചിരിക്കുന്നു പാണന്‍' എന്ന കവിതയില്‍ പടിക്കുപുറത്തു നിര്‍ത്തപ്പെട്ട ഒരു പഴമ്പാണനുണ്ട്. ഈ പാണനാരിലാണ് മണമ്പൂരിന്റെ കവിസ്വത്വം. ''പുറത്തുനിര്‍ത്തിയാലിവന്‍ വെറും പാണന്‍' എന്ന് മേലാളര്‍ക്കറിയാം. അതിനാലവര്‍ പാണനുവേണ്ടി ഒരിക്കലും പടി തുറക്കുന്നില്ല. പക്ഷേ പാണന്റെ പാട്ടിന്റെ ശക്തിയില്‍ വാതില്‍ താനേ തുറന്നുപോവുകയാണ്.
ഇത് ഒരു കാല്‍പനിക ശുഭാപ്തി വിശ്വാസമാണ് എന്ന് പുതിയ കാലത്തിനു വേണമെങ്കില്‍ പുച്ഛിച്ചുതള്ളാം. ബൃഹദ് സങ്കല്പ്പങ്ങളോ മഹത്തായ മോചനങ്ങളോ ഇല്ല എന്നാണല്ലോ ഉത്തരാധുനിക കാവ്യപ്രത്യയശാസ്ത്രം. മഹാനദികളില്ല. മഹാകവികളില്ല. മഹാസ്വപ്‌നങ്ങളില്ല. ഉള്ളത് ഇത്തിരിവട്ടം ഇടപാടുകള്‍ മാത്രം. കവിതകൊണ്ട് ചില പലവ്യജ്ഞനവ്യാപാരങ്ങള്‍ നടത്തുന്നവര്‍ മാത്രം.

ഇത്തിരിവട്ടം മാത്രം കാണ്‍മവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ ഈ അധോമുഖ വാമനരോട് മണമ്പൂര്‍ രാജന്‍ബാബു എന്ന കവിക്ക് പറയാനുള്ളത് ഇത്ര മാത്രം.

അസ്ഥിപര്‍വ്വാനന്തരവും ശേഷിക്കുന്ന
അസ്തിത്വത്തെക്കുറിച്ചാണ്
എന്റെ ചിന്ത
അതുകൊണ്ട്,
കവിതയുടെ നൂല്‍പ്പാലത്തിലൂടെ
എന്നും ഈ ഏകാന്തയാത്ര!

കവിതയുടെ നൂല്‍പ്പാലം കടക്കുംവരെ ഒറ്റയ്ക്കാണെങ്കിലും കവി ഒടുക്കം ചെന്നെത്തുന്നത് വര്‍ഗശക്തിയുടെ മഹാസ്വാതന്ത്ര്യത്തിലാണ്. സഹനത്തിന്റെ അതിരുകള്‍ അവസാനിച്ചനാള്‍ അനാഥരുടെ വിലാപങ്ങള്‍ ഒരുമിച്ച് ഒരൊറ്റ മര്‍ത്ത്യശക്തിയായി എഴുന്നേറ്റുവരുന്നത് അവിടേയ്ക്കാണ്.

എല്ലാ വിലാപങ്ങളും ഇല്ലാതാക്കാന്‍ പോന്ന ഈ മനുഷ്യജീവിത സ്വാതന്ത്ര്യമാണ് മണമ്പൂര്‍ രാജന്‍ബാബുവിന് കവിത. ഏതേതിരുള്‍ക്കുഴികള്‍ക്കുമേല്‍ ജീവിതമുരുണ്ടാലും അത് പ്രത്യാശയുടെ രശ്മികളെ കൈവിടുകയില്ല. കവി നശ്വരനെങ്കിലും അവസാനത്തെ അടിമയും മോചിപ്പിയ്ക്കപ്പെടും വരെ സര്‍ഗബലമായി കവിത പ്രവര്‍ത്തിക്കുക തന്നെ ചെയ്യും-

''മൃതമാവേണ്ട വപുസ്സിനിരിയ്ക്കാന്‍
മൂവടി മണ്ണുമതി.
അളന്നു മുന്നേറുമ്പോള്‍ ത്രിഭുവന-
മിവന്നു പോരല്ലോ''.


*****


ആലങ്കോട് ലീലാകൃഷ്ണന്‍, കടപ്പാട് :ജനയുഗം

Saturday, March 12, 2011

കവിതയുടെ മഞ്ഞും വെയിലും

കവിത മനുഷ്യവംശത്തിന്റെ മാതൃഭാഷയാണ് എന്നു പറഞ്ഞത് കാള്‍ മാര്‍ക്‌സാണ്. കവികൂടിയായിരുന്നു കാള്‍ മാര്‍ക്‌സ്. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ക്ക് മാതൃഭാഷപോലെ മനസ്സിലാവുന്ന യഥാര്‍ഥ വിമോചനസ്വരം കേള്‍പ്പിക്കാന്‍ കവിതയ്‌ക്കു കഴിയുമെന്നാണ് അദ്ദേഹം സ്വപ്‌നം കണ്ടത്.

''എന്റെയാകാശം വെട്ടി-
പ്പിളര്‍ക്കാന്‍ നിനക്കാവ-
തെങ്ങനെ, മിന്നല്‍പ്പിണ-
രിന്റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു''

എന്നെഴുതുമ്പോള്‍ നമ്മുടെ കവി പ്രഭാവര്‍മ സ്വപ്‌നം കാണുന്നത് മനുഷ്യവംശത്തിന്റെ മാത്രമല്ല, കിളികുലത്തിന്റെയും പ്രകൃതിയുടെയും സമസ്‌ത പ്രാണികുലങ്ങളുടെയും മാതൃഭാഷയായി കവിതമാറിത്തീരുന്ന ഒരു കാലത്തെയാണ്.

ഇതൊരു വലിയ കിനാവാണ്. അതില്‍ ഒരു നിഷേധവും അടങ്ങിയിട്ടുണ്ട്. മനുഷ്യ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയെ മാത്രം കേന്ദ്രീകരിച്ച് ഇനിയൊരു ലോക വ്യവസ്ഥ സ്വപ്‌നം കാണുവാന്‍ സാധ്യമല്ല. മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും ആന്തരികമായ അന്തരീക്ഷവും ചേര്‍ന്ന ഒരു പുതുജൈവ നീതിക്കുവേണ്ടിയുള്ള വിപ്ലവചിന്ത വികസിക്കണമെങ്കില്‍ മനുഷ്യനെ കേന്ദ്രീകരിച്ചുള്ള പരമാധികാരങ്ങളെ നിഷേധിക്കുക തന്നെ വേണം.

അതൊരു ഇന്ത്യന്‍ ചിന്തയാണ്. അതിലെ പുരോഗതിയുടെ സങ്കല്‍പം ചാക്രികമാണ്. നമ്മള്‍ ജീവിക്കുന്ന ഭൂമി, ദിനരാത്രങ്ങള്‍, ഋതുക്കള്‍, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചാരപഥങ്ങള്‍, ജൈവപരിസ്ഥിതി, ജനനമരണങ്ങള്‍ എല്ലാം ആവര്‍ത്തിച്ചുവരുന്നു. ഓരോ ആവര്‍ത്തനവര്‍ഷത്തിലും മാലിന്യങ്ങളെയെല്ലാം പുറത്തുകളഞ്ഞ് ശുദ്ധീകരിച്ചുകൊണ്ട് ജീവിതത്വം പുതുക്കപ്പെടുന്നു. ഇടശ്ശേരി സങ്കല്‍പിച്ചതുപോലെ ''പൊട്ടീപുറത്ത് ശീവോതി അകത്ത് '' എന്ന മുദ്രാവാക്യമാവുന്നു അവിടെ പുരോഗതിയുടെ അടിസ്ഥാനം.

'മഞ്ഞിനോട് വെയില്‍ എന്നപോലെയും' എന്ന ഏറ്റവും പുതിയ കാവ്യസമാഹാരത്തിലെ കവിതകളില്‍ പ്രഭാവര്‍മ പിന്തുടരുന്നത് നിരന്തര ചാക്രികവും സൂക്ഷ്മബോധത്തിലധിഷ്ഠിതവുമായ ഈ ജീവിത പുരോഗതിയുടെ ദര്‍ശനമാണ്.

'ജലമെന്ന മഹാസത്യം
അറിയാന്‍ കണമേ തുണ!
അതിനെസ്സാഗരം കണ്ട
കണ്‍കള്‍ കാണ്‍‌മീലൊരിയ്‌ക്കലും'

സാഗരത്തെ മാത്രം കാണുകയും ജലകണത്തെ അറിയാതിരിക്കുകയും ചെയ്യുന്ന ഈ വൈരുദ്ധ്യം ആധുനികകാല മനുഷ്യന്റെ അടിസ്ഥാന വിപര്യയമാണ്. ഇത് ഒരു വലിയ ദാര്‍ശനിക പ്രശ്‌നമാണ്. ചെറുകണങ്ങളും മണല്‍ത്തരികളും ഹ്രസ്വനിമിഷങ്ങളും ചേര്‍ന്ന സമഗ്രതയെ അറിയണമെങ്കില്‍ ഓരോ സൂക്ഷ്‌മത്തിലും ജാഗ്രത്തായി നില്‍ക്കുന്ന അനുഭവം ആവശ്യമാണെന്ന് കവി നമ്മെ ഓര്‍മപ്പെടുത്തുന്നു.

വൈരുധ്യാത്മകമായ ഈ അനുഭവജ്ഞാനമാണ് പ്രഭാവര്‍മയുടെ കവിതകളുടെ സൗന്ദര്യമര്‍മസ്ഥലം. സ്ഥൂലമായ അര്‍ഥത്തില്‍ ഇവിടെ കവിത പുരോഗമനത്തെക്കുറിച്ച് വാചാടോപം ചെയ്യുന്നില്ല. പകരം വൈരുധ്യമില്ലെന്നു തോന്നിപ്പിക്കുന്ന അലസനിമിഷങ്ങളെയെല്ലാം നടക്കുന്ന യാഥാര്‍ഥ്യങ്ങളിലേയ്‌ക്കു വിളിച്ചുണര്‍ത്തുന്നു.

'ഭൂമിയില്‍ നിന്നു
പോകേണ്ടതുണ്ടീ-ഭൂമി
യാകെ നരച്ചു വയോവൃദ്ധയായ്'

മരണവുമായുള്ള ഈ സംവാദം കേവല മരണത്തിനപ്പുറം മനുഷ്യവംശത്തിന്റെ ആത്യന്തികനാശത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ദാര്‍ശനിക സംവാദമാവുന്നു. ഈ ദാര്‍ശനികതയെ ആധ്യാത്മിക എന്നൊന്നും വിശേഷിപ്പിച്ച് ദിശതെറ്റിക്കേണ്ടതില്ല. ഭൗതികമായ ദാര്‍ശനികത തന്നെയാണ് ഇതിന്റെ സത്ത. മൃഗങ്ങള്‍ക്ക് മരണഭയമില്ലല്ലോ. മനുഷ്യന് മാത്രമുള്ളതാണ് മരണചിന്തയിയില്‍ നിന്നുളവാകുന്ന ദാര്‍ശനികത. ഭാഗവതവും കഠോപനിഷത്തുമെന്നല്ല വൈക്കം മുഹമ്മദ് ബഷീറിന്റെ അനര്‍ഘനിമിഷവും പിറന്നു വീഴുന്നത് ഈ ദാര്‍ശനികതയില്‍ നിന്നാണ്.

''അറിയാമൊരേയൊരു കാര്യം; ഇങ്ങനെ കരി-
ന്തിരിയാകിലും കെടാതെരിയാനല്ലോ വിധി''

ഇതൊരു ബുദ്ധദര്‍ശനമാണ്. എല്ലാ വെളിച്ചത്തോടൊപ്പവും നിഴലുണ്ടെന്നും എല്ലാ സുഖത്തിലും ദുഃഖമുണ്ടെന്നും അറിഞ്ഞുകഴിഞ്ഞാല്‍ കരിന്തിരിയായാല്‍പ്പോലും കെടാതെ എരിഞ്ഞുകൊണ്ടിരിക്കുലാണ് ധര്‍മം എന്ന ആത്യന്തിക ഭൗതിക സത്യത്തിലെത്തിച്ചേരുന്നു.

വളരെ അദ്ഭുതകരമായ വഴികളിലൂടെയാണ് പ്രഭാവര്‍മക്കവിത ഈയൊരു വിശിഷ്‌ട സത്യബോധത്തിലെത്തുന്നത്. ഇത് കവിത മാത്രമല്ല, ജീവിതവും നേരിടുന്ന അനശ്വരതയുടെ പ്രശ്‌നമാണ്. യാഥാര്‍ഥ്യത്തില്‍ നിന്നും സങ്കല്‍പത്തെ സൃഷ്‌ടിക്കാനും സങ്കല്‍പത്തില്‍ നിന്നും യാഥാര്‍ഥ്യത്തെ സൃഷ്‌ടിക്കാനുമുള്ള കഴിവാണ് വൈരുദ്ധ്യാത്മക പുരോഗതിയുടെ അടിസ്ഥാനം എന്നു കവിയ്‌ക്കറിയാം. കവി സഞ്ചരിച്ച യഥാര്‍ഥ ലോകങ്ങളും പ്രത്യയശാസ്‌ത്രവും സ്വപ്‌നങ്ങളും ഭാവനകളും ഓര്‍മകളുമൊക്കെ ഒരു സമഗ്രാനുഭവത്തെ സൃഷ്‌ടിക്കുന്നുണ്ട്. അതാകട്ടെ 'മഞ്ഞിനോട് വെയിലെന്ന'പോലെ പാരമ്പര്യത്താല്‍ ഇല്ലാതാകുന്നതും എന്നാല്‍ ആത്യന്തികമായ ഉണ്‍‌മയായതുമായ കാലത്തില്‍ നിരന്തരം സത്തയുടെ അസ്‌തിത്വം രൂപപ്പെടുത്തിയെടുക്കുന്ന വലിയൊരു സര്‍ഗാത്മക രഹസ്യമാണ്. ജീവിതത്തിന്റെ അവസാനിക്കാത്ത നൈരന്തര്യമാണ്.

ഈ രഹസ്യമാണ് പ്രഭാവര്‍മയുടെ കവിതകള്‍, ജീവിതത്തോടു അഗാധമായി ചേര്‍ന്നുനിന്നുകൊണ്ടു വെളിപ്പെടുത്തുന്നത്. യമധര്‍മനോട് മരണത്തിന്റെ രഹസ്യം ചോദിക്കുന്ന നചികേതസ്സിനെപ്പോലെ ഈ കവി കാലത്തോട് തന്റെ ചോദ്യങ്ങളാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സത്യമേതാണ്, പാട്ടിന്റെ ലോകമോ
വന്നുപാട്ടിലുയിര്‍ക്കുന്ന ലോകമോ?

'നിധി തേടുന്നതു സുഖമാണോ?' എന്ന ത്യാഗരാജസ്വാമികളുടെ പഴയ ചോദ്യത്തെ മുന്‍നിര്‍ത്തി കവി വീണ്ടും ചോദിക്കുന്നു.

''പാട്ടുപാടിയിട്ടിനിയെന്തുള്ളൂ കാര്യം;
പാട്ടുകൊണ്ടെന്തേ കാര്യം?

ആ ചോദ്യം പിന്നെ പ്രതിധ്വനിക്കുന്നത് പൗരാണികമായ, മാഘന്റെ ചോദ്യത്തില്‍ത്തട്ടിയാണ്.

'കാവ്യരസമുണ്ടെന്നാല്‍
ശമിച്ചീടുമോ പെരും ദാഹം?'

'പിതൃസന്ധ്യ' എന്ന ഏറ്റവും ഹൃദയസ്‌പര്‍ശിയായ മറ്റൊരു കാവ്യത്തില്‍ നചികേതസ്സിന്റെ ഈ ഉത്തരംകിട്ടാത്ത ചോദ്യം വീണ്ടും മുഴങ്ങുന്നു.

''എയ്‌തുവിട്ട ശരത്തിനായീടുമോ
ചെന്നുകൊള്ളേണ്ടിടം നിശ്ചയിക്കുവാന്‍?''

വളരെ വൈപുല്യമുള്ളതാണ് പ്രഭാവര്‍മയുടെ കാവ്യലോകം.

കഷ്‌ടപിഷ്‌ടിക്കവികള്‍ ഭാഷകൊണ്ടു നടത്തുന്ന ചെറുകിട സര്‍ക്കസുകളാല്‍ ഗുരുത്വം നഷ്‌ടപ്പെട്ടുപോയ സമകാലീന കാവ്യലോകത്ത് മഹാകാശങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന ആഴമേറിയ ഒരു സാഗരംപോലെയാണ് പ്രഭാവര്‍മയുടെ കവിതകള്‍. ബഹിര്‍ഭാഗത്തിലെ തിരയിളക്കങ്ങള്‍കണ്ട് നമുക്കു വേണമെങ്കില്‍ മടങ്ങാം. അതും നമ്മെ മടുപ്പിക്കില്ല. പക്ഷേ ആഴങ്ങളിലേയ്‌ക്കൊന്ന് മുങ്ങിയാലോ?

സൗന്ദര്യത്തിന്റെയും ദര്‍ശനത്തിന്റെയും അനര്‍ഘങ്ങളായ മുത്തുകള്‍ വാരിപ്പോരാം. കാലത്തെ കവിഞ്ഞുനില്‍ക്കുന്ന കാഴ്ച വര്‍മയുടെ കവിതകളിലെല്ലാമുണ്ട്. അതാകട്ടെ അജ്ഞേയമായ ആത്മീയതയേയോ ജീവിത നിഷേധിയായ മിസ്റ്റിസിസത്തേയോ ചെന്നുപുണരുന്നുമില്ല.

ജീവിതത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു നിഷ്‌കാമ കര്‍മബോധം ഈ കവിയുടെ ബോധോദയങ്ങളെയെല്ലാം സ്വാധീനിക്കുന്നുണ്ട്. എല്ലാം ഉപേക്ഷിക്കാനുള്ള മനസ്സുണ്ടായാല്‍ മാത്രമേ ശാശ്വത സമത്വത്തിന്റെ സൃഷ്‌ടിബോധത്തെ സ്‌പര്‍ശിക്കാനാവൂ എന്നറിയുന്ന വിശിഷ്‌ടമായ വര്‍ഗാദൈ്വതം. ആകാശത്തു പറക്കുന്ന പക്ഷിപോലും സ്വന്തം ശരീരത്തിന്റെ ഭാഗമാണ് എന്നറിയുവാനുള്ള വര്‍ഗവിവേകം ഉണ്ടാവണം എന്ന് 'ഫിലോസഫിക്കല്‍' മാനുസ്‌ക്രിപ്റ്റ്‌സില്‍ കുറിച്ചുവെച്ച കവിയായ കാള്‍ മാര്‍ക്‌സ് തന്നെയാവണം കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ഈ ഇന്ത്യന്‍ കവിയുടെ പൂര്‍വഗാമി.


*****


ആലങ്കോട് ലീലാകൃഷ്ണന്‍, കടപ്പാട് : ജനയുഗം

Monday, February 28, 2011

സംസ്കാരത്തെക്കുറിച്ച് പഠിക്കാന്‍

മനുഷ്യസമൂഹം അവശേഷിപ്പിച്ച ഭൌതികവസ്തുക്കളുടെ പഠനമാണ് ഭൌതികസംസ്കാരപഠനം. മനുഷ്യന്റെ ഭൌതികസംസ്കാരചരിത്രത്തിന് 25 ലക്ഷം വര്‍ഷം പഴക്കമുണ്ട്. കല്ലുകൊണ്ടാണ് മനുഷ്യന്‍ ആദ്യമായി ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കിയത്. പുരാവസ്തുശാസ്ത്രപ്രകാരം 25 ലക്ഷം വര്‍ഷത്തിന് മുമ്പ് ശിലായുഗത്തിലായിരുന്നു അതിന്റെ തുടക്കം. അന്നുമുതല്‍ മനുഷ്യനുണ്ടാക്കിയ വസ്തുക്കളുടെ പഠനഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഭൌതികസംസ്കാരപഠനകേന്ദ്രം ലക്ഷ്യമാക്കുന്നത്.

മാനവചരിത്രത്തിലെ ചെറിയ കാലയളവിനെക്കുറിച്ച് മാത്രമേ (ഏറിയാല്‍ 10,000 വര്‍ഷം) എഴുത്തിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. അതായത്, മനുഷ്യ ചരിത്രം ഏതാണ്ട് മുഴുവനായും അടയാളപ്പെടുത്തിയിരിക്കുന്നത് ഭൌതികാവശിഷ്ടങ്ങളിലാണ്. ഇവയുടെ പഠനം വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിലെ സാഹചര്യത്തില്‍ പറഞ്ഞാല്‍ പുരാവസ്തുക്കളുടെ ദൌര്‍ലഭ്യം മുതല്‍ പുരാവസ്തു വിജ്ഞാനശാഖയോടുണ്ടായിരുന്ന താല്‍പ്പര്യക്കുറവുവരെ പലതും ഇത്തരം പഠനശ്രമങ്ങള്‍ക്ക് തടസ്സമായി. ഈ സാഹചര്യത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന ഭൌതികസംസ്കാര പഠനകേന്ദ്രത്തിന് വലിയ പ്രസക്തിയുണ്ട്.

ഭൌതികസംസ്കാരപഠനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് അതിന്റെ അന്തര്‍വിഷയീ സ്വഭാവമാണ്. അതായത്, ഭൌതികശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക-ദാര്‍ശനിക വിഷയങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഭൌതികസംസ്കാരപഠനം സാധ്യമാകൂ. സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഭൌതികസംസ്കാരപഠനം ലക്ഷ്യമാക്കുന്നത് ഭൌതികവസ്തുക്കളെ സാമൂഹ്യബന്ധങ്ങളില്‍ സ്ഥാപിക്കുക എന്നതാണ്.

മാനവിക വിഷയ സമീപനങ്ങളിലാകട്ടെ ഭൌതിക വസ്തുക്കളുടെ പിന്നിലെ മനസ്സുകളെയാണ് അപഗ്രഥിക്കുന്നത്. അതായത്, ആ വസ്തുക്കള്‍ നിര്‍മിച്ചവരുടെ ഭാവനയും ഭാഷയും കലാചാതുരിയും തുടങ്ങി അവരുടെ ആശയപ്രപഞ്ചമാകെ പുരാവസ്തുക്കളില്‍നിന്ന് കണ്ടെത്താനുള്ള പരിശ്രമം.

ഭൌതികസംസ്കാരപഠനത്തിന്റെ ദാര്‍ശനികതലവും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. മാനവചരിത്രം പഠിച്ച ദാര്‍ശനികരില്‍ ചിലര്‍ മുന്നോട്ടുവച്ച ഒരു കാഴ്ചപ്പാട് മനുഷ്യന്‍ പ്രാഥമികമായി ഭൌതിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നാണ്. മനുഷ്യമോചനത്തെ ലക്ഷ്യമാക്കുന്ന ദര്‍ശനങ്ങള്‍ ഇപ്പോഴും ഭൌതികതയ്ക്കുള്ള പ്രാഥമികതയെ അംഗീകരിക്കുന്നുണ്ട്. ചരിത്രം, പരാജിതരുടെയും തിരസ്കൃതരുടെയും ചരിത്രം കൂടിയാകണമെങ്കില്‍ മനുഷ്യജീവിതത്തിന്റെ ഭൌതിക പരിസരങ്ങളെ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതുണ്ട്. ഭൌതികസംസ്കാരപഠനം അതിന് വഴിയൊരുക്കുന്നു.

ശാസ്ത്രവിഷയങ്ങളുടെ പിന്‍ബലമില്ലാതെ ഭൌതികശാസ്ത്രപഠനം സാധ്യമല്ല. ഓരോ ഭൌതികവസ്തുവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കാലനിര്‍ണയം ചെയ്തും ഉറവിടം കണ്ടെത്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഈ പഠനങ്ങളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്രമല്ല സസ്യശാസ്ത്രവും ഭൌമശാസ്ത്രവും പങ്കാളിയാകും. ഓരോ ഭൌതികസംസ്കാരത്തിന്‍മേലും പ്രകൃതിയും പാരിസ്ഥിതിക ഘടകങ്ങളും വഹിച്ച പങ്കും ഇതിലൂടെ മനസ്സിലാക്കാനാകും.

കേരളത്തെ ലോകപുരാവസ്തു ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പട്ടണം പുരാവസ്തു ഗവേഷണ പദ്ധതിയാണ് മുസിരിസ് പദ്ധതി പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഈ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സാഹചര്യമൊരുക്കിയത്. ഇന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദക്ഷിണേഷ്യയില്‍ പ്രധാനമായ പുരാവസ്തുസ്ഥാനമായി പട്ടണം മാറിക്കഴിഞ്ഞു. കഴിഞ്ഞ നാല് സീസണുകളിലായി അവിടെനിന്ന് ലഭിച്ച പുരാവസ്തുക്കളുടെ വൈവിധ്യവും എണ്ണവും അതിശയിപ്പിക്കുന്നതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നിര്‍വചനപ്രകാരമുള്ള പുരാവസ്തുക്കള്‍ മാത്രം ഏതാണ്ട് 50,000ന് അടുത്തുവരും. ഇതിന് പുറമെയാണ് 30 ലക്ഷത്തോളം വരുന്ന മൺപാത്ര കഷ്ണങ്ങള്‍. ഇവയില്‍ മഹാഭൂരിപക്ഷവും തദ്ദേശീയങ്ങളാണ്. മെഡിറ്ററേനിയന്‍, ചെങ്കടല്‍, പശ്ചിമേഷ്യന്‍ സമൂഹങ്ങളില്‍ നിര്‍മിച്ചവയും ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന മൺപാത്രങ്ങളും ധാരാളമുണ്ട്. ഇവയെല്ലാം പട്ടണത്തെ സവിശേഷമായ ബഹുസംസ്കാരവിനിമയ കേന്ദ്രമാക്കുന്നു. 2000 വര്‍ഷത്തിനുമുമ്പുള്ള പുരാവസ്തുക്കള്‍ ഇത്രയധികം ലഭിച്ച ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.

ചെറുപുരാവസ്തുക്കളുടെ പറുദീസയായി പട്ടണത്തെ വിലയിരുത്തിയാല്‍ അതില്‍ തെറ്റുണ്ടാകില്ല. ഈ പശ്ചാത്തലത്തില്‍ ഭൌതികസംസ്കാരപഠനത്തിനായി പഠനകേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കേരളം ഭാവിതലമുറയോട് അതിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. പട്ടണം പുരാവസ്തുക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായുമുള്ള ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങള്‍ ഈ പഠനകേന്ദ്രത്തിന്റെ ലക്ഷ്യവ്യാപ്തിയെ പലമടങ്ങ് വര്‍ധിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രവിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍, ഭൌതികശാസ്ത്രവിഷയങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുള്ള മാസ്റ്റേഴ്സ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകളാണ് കേന്ദ്രത്തിലുണ്ടാകുക. അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം കരിക്കുലം. എംഎ തലത്തില്‍ ഇറ്റലിയിലെ റോം, കസിനോ സര്‍വകലാശാലകള്‍ ഇന്തോ-ഗ്രീക്ക്-റോമന്‍ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട കോഴ്സ് രൂപപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. എംഫില്‍ കോഴ്സിന് ആവശ്യമായ സഹകരണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സര്‍വകലാശാലകളുമായ കെസിഎച്ച്ആര്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ സംസ്കൃത സര്‍വകലാശാല അംഗീകരിക്കുകയാണെങ്കില്‍ ഈ കോഴ്സുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ തന്നെ ആരംഭിക്കാന്‍ കഴിയും. പിഎച്ച്ഡി തലത്തില്‍ അക്കാദമിക് സഹകരണം വാഗ്ദാനം ചെയ്ത സര്‍വകലാശാലകളില്‍ പട്ടണം ഗവേഷണപദ്ധതിയുമായി സഹകരിക്കുന്ന അമേരിക്കയിലെ ഡെലവയര്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഡറാം സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി അരഡസനിലേറെ സ്ഥാപനങ്ങളുണ്ട്.

ഏതെങ്കിലും വിജ്ഞാനശാഖയില്‍ അടിസ്ഥാനയോഗ്യതയുള്ള ആര്‍ക്കും ഭൌതികസംസ്കാരപഠനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കോഴ്സുകളില്‍ പ്രവേശനം നേടാം. ശങ്കരാചാര്യ സര്‍വകലാശാലയും മറ്റുസര്‍വകലാശാലകളും സഹകരിച്ചാല്‍ വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും കൈമാറ്റം ഉള്‍പ്പെടെയുള്ള പദ്ധതിയും നടപ്പാക്കാനാകും.

റോമില ഥാപ്പര്‍, യൂറോപ്യന്‍ ആര്‍ക്കിയോളജി ചെയര്‍ പ്രൊഫ. ക്രിസ് ഗോഡ്‌സൺ, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആര്‍ക്കിയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് പൊളാര്‍ഡ് എന്നിവര്‍ ഈ കേന്ദ്രത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതിലും ഉപദേശകസമിതിയില്‍ അംഗമാകുന്നതിലും കാണിച്ച താല്‍പ്പര്യം അഭിമാനകരമായ കാര്യമാണ്. കോഴ്സുകള്‍ക്ക് ഫീല്‍ഡ് പഠനം നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെ ഹെറിറ്റേജ് മാനേജ്‌മെന്റില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടായിരിക്കും. പുരാവസ്തുപഠനത്തിനുള്ള ലാബോറട്ടറികള്‍, കൺസര്‍വേഷന്‍ കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അറിവും വൈദഗ്ധ്യവും സ്വരൂപിക്കാനും ഈ പഠനകേന്ദ്രം ശ്രമിക്കുന്നതായിരിക്കും.


*****

പ്രൊഫ. പി ജെ ചെറിയാന്‍, കടപ്പാട് : ദേശാഭിമാനി 28-02-2011

(പട്ടണം പുരാവസ്തു ഗവേഷണപദ്ധതി ഡയറക്ടറാണ് ലേഖകന്‍)

Saturday, January 29, 2011

വീണ്ടുവിചാരങ്ങള്‍ക്ക് ഒരാമുഖം

ഒരുകാലത്ത് പുരോഗമനവാദികള്‍ ശൂന്യതാബോധത്തിന്റെയും പ്രത്യാശാരാഹിത്യത്തിന്റെയും സാഹിത്യമായി വ്യാഖ്യാനിച്ച ഫ്രാന്‍സ് കാഫ്‌കയുടെ രചനകള്‍ ഇന്ന് ന്യൂനപക്ഷമായി അമര്‍ച്ചചെയ്യപ്പെട്ടവരുടെ സര്‍ഗാത്മക ശക്തികളുടെ പ്രകാശനത്തിന്റെ ഉജ്വല മാതൃകയായി വാഴ്ത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. (Kafka: Toward a Minor Literature: Gilles Deleuze and Félix Guattari:)കാഫ്‌കയുടെ രചനകളെ സ്‌നേഹിച്ച കമ്യൂണിസ്‌റ്റുകാരനായ വാള്‍ടര്‍ ബഞ്ചമിന്‍തന്നെ കാഫ്‌കയുടെ പരാജയബോധം അദ്ദേഹത്തിന്റെ രചനകളിലാകെ പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടത്. എന്നാല്‍ ഇന്ന് കാഫ്‌കയുടെ രചനകള്‍ ഒരു ജനതയുടെ ഉയര്‍ന്ന രാഷ്‌ട്രീയ തൃഷ്‌ണയുടെയും സംഘബോധത്തിന്റെയും സംയുക്ത പ്രകാശനവും പ്രവചനവുമായി കണക്കാക്കപ്പെടുന്നു.

ഈ മാറ്റം ഏതെങ്കിലും ഒരു വിമര്‍ശകന്റെ വ്യക്തിപരമായ അഭിരുചി ഭേദത്തെയോ കൃതികളുടെ വ്യാഖ്യാന / പാരായണ ഭേദത്തെയോ ആശ്രയിച്ചുണ്ടായ ഉപരിപ്ളവമായ ഒന്നല്ല. മറിച്ച് വിപ്ളവത്തെയും സാഹിത്യത്തെയുംകുറിച്ച് ലോകമെങ്ങുമുള്ള പുരോഗമന വിപ്ളവകാരികള്‍ക്കിടയില്‍ പുലര്‍ന്നുപോന്ന ധാരണകള്‍ക്ക് സംഭവിച്ച അടിസ്ഥാനപരമായ പരിവര്‍ത്തനത്തിലൂടെയാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

വിപ്ളവരാഷ്‌ട്രീയത്തെയും വിപ്ളവകരമായ സാഹിത്യത്തെയും കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകമെമ്പാടും നടന്ന ചൂടേറിയ ചര്‍ച്ചകളിലും വിവാദങ്ങളിലും കേരളീയരായ നമ്മളും സജീവം പങ്കെടുത്തിരുന്നു. പതിവുരീതികളില്‍നിന്ന് വ്യത്യസ്‌തമായി വിപ്ളവകരമായ രാഷ്‌ട്രീയ സൈദ്ധാന്തിക പ്രയോഗങ്ങളെക്കുറിച്ച് ഇന്നു നടക്കുന്ന വീണ്ടുവിചാരങ്ങളില്‍ നമുക്കും പങ്കെടുക്കേണ്ടിയിരിക്കുന്നു.

പതിവുരീതി എന്നു പറഞ്ഞത് വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും ചൊല്ലി പരസ്‌പരം വിമര്‍ശിക്കുകയും ഓരോ പക്ഷവും തങ്ങള്‍ ശരിയായ പാതയിലാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ചാണ്. മാര്‍ക്‌സിസത്തെ മറികടന്നു എന്നവകാശപ്പെടുന്നവര്‍ മാര്‍ക്‌സിസത്തിനു പുറത്ത് ഇതേ അവ്യയ വൈരുധ്യത്തിന്റെ ചാക്രികതയെത്തന്നെ ആവര്‍ത്തിക്കുകയും അതില്‍ ഒരു പക്ഷത്തു ചേരുകയുമാണ് ചെയ്യുന്നത്. ഈ നിലയെ പാടേ പിന്‍തള്ളിക്കൊണ്ടുമാത്രമേ പുതിയ വീണ്ടുവിചാരങ്ങളിലേക്ക് നമുക്ക് കടക്കാനാവൂ.

ആധുനികയുഗത്തിന്റെ പരിഹാരമില്ലാത്ത വൈപരീത്യങ്ങള്‍

വിഛേദകമായ പുതിയ ഒരു വീണ്ടുവിചാരത്തിന് മുഖ്യതടസ്സം, ഒരുവശം താഴുമ്പോള്‍ മറുവശം പൊങ്ങുകയും മറിച്ചും അതുതന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന ദ്വന്ദ്വാത്മക ചാക്രികതയുടെ കേളീമണ്ഡലം ഏതാണെന്ന് കൃത്യമായി അടയാളപ്പെടുത്തിക്കാണാന്‍ കഴിയാത്തതാണ് . 'ഇണ്ടനമ്മാവ'ന്റെ കാലിലെ ചെളിപോലെ ഉദാര ജനാധിപത്യവാദവും സായുധ തീവ്രവാദവും ഒരു വശത്തുനിന്ന് മറുവശത്തേക്ക് മാറിമാറി ചവിട്ടുന്ന രീതി കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ ഒരാഭ്യന്തര നിയോഗം മാത്രമാണെന്ന് ഇന്ന് നമുക്ക് പറയാനാവില്ല. ഇന്ന് ഉദാര ജനാധിപത്യവും സായുധ ഭീകരതയും ലോകത്തെവിടെയും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും കഴിയുന്ന ദ്വന്ദ്വങ്ങളാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും വൈപരീത്യത്തോട് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാര്‍ക്‌സിസത്തിനുള്ളില്‍ മാത്രം പരിശോധിക്കപ്പെടേണ്ടവയല്ല. അതായത്, വിപ്ളവ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചിന്തയില്‍ പുതുവഴികള്‍ തുറക്കാന്‍ തടസ്സമായി നില്‍ക്കുന്ന അപരിഹാര്യ ദ്വന്ദ്വങ്ങളുടെ ആവര്‍ത്തനത്തിന്റെ ആവാസമണ്ഡലം മാര്‍ക്‌സിസത്തിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായി കാണാനാവില്ല എന്നര്‍ഥം.

മാനവരാശിയെ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് കരുതപ്പെട്ട യൂറോപ്യന്‍ പ്രബുദ്ധത (Enlightenment) എന്ന സംഭവത്തിന്റെയും അതിന്റെ രാഷ്‌ട്രീയ സാംസ്‌കാരിക പദ്ധതിയായ ആധുനികതയുടെ (Modernity)യും ചരിത്രപരമായ പരിമിതികളിലേക്കോ അതിന് പിന്നിലേക്കോ നീളുന്നതാണ് നമ്മുടെ ചിന്തകളെ തളച്ചിടുന്ന പ്രശ്‌നമണ്ഡലം.

മതത്തിന്റെയും ദൈവത്തിന്റെയും ആശ്രിതത്വത്തില്‍നിന്ന് സാര്‍വലൌകികമായ മനുഷ്യയുക്തിയിലേക്കുള്ള ഉണര്‍വിനെയാണ് 'പ്രബുദ്ധത' എന്ന്പറയുന്നത്. അങ്ങനെ ഉണര്‍ന്നുകഴിഞ്ഞ മനുഷ്യന്റെ ഉത്തമ മാതൃക, സമൂഹത്തിന്റെ നിലനില്‍പ്പിനാധാരമായ നിയമങ്ങളെ അനുസരിക്കുന്ന ആധുനിക മുതലാളിത്ത പൌരസമൂഹത്തിലെ മാന്യ പൌരനാണ്. ആധുനിക പൌരനായി പരിണമിച്ച ആ മാന്യന്‍ ഇനിയും ആ പരിണാമത്തിന്റെ താണ പടവുകളില്‍ കിടക്കുന്ന മറ്റെല്ലാ ജനതകളെയും പ്രതിനിധീകരിക്കുന്ന വിശ്വമാനവികതയുടെ ഉത്തമ മാതൃകയാണ്. പാശ്ചാത്യ ആധുനികതയുടെ സൈദ്ധാന്തികവും രാഷ്‌ട്രീയവും ധാര്‍മികവുമായ ഈ നിലപാടുകളില്‍ പതിയിരിക്കുന്ന യൂറോപ്യന്‍ മുതലാളിത്തത്തിന്റെയും കൊളോണിയല്‍ മേധാവിത്വത്തിന്റെയും സങ്കുചിതത്വങ്ങള്‍ ഇന്നു തുറന്നുകാട്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്നും ശക്തമായിത്തന്നെ ആധിപത്യം തുടരുന്ന ഈ മുതലാളിത്ത രാഷ്‌ട്രീയ-ധാര്‍മിക-താത്വിക പദ്ധതിയുടെ അപരിഹാര്യ വൈപരീത്യങ്ങളുടെ പ്രവര്‍ത്തന രീതികളെയും അവയുടെ സാമൂഹ്യ ഫലങ്ങളെയും നമുക്ക് പൂര്‍ണമായും കണക്കിലെടുക്കേണ്ടതുണ്ട്.

ആധുനിക യുഗത്തിലേക്ക് വഴിതുറന്ന പ്രത്യക്ഷ മഹാ സംഭവമായിരുന്നല്ലോ ഫ്രഞ്ച് വിപ്ളവം. പഴയ ലോകത്തിനെതിരെ പൌരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വേണ്ടി നടന്ന ജനാധിപത്യ വിപ്ളവമായിരുന്നു അത്. ഉദാര മാനവികതയുടെയും ആശയപ്രകാശന സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട ആ വിപ്ളവം ഞൊടിയിടയില്‍ മനുഷ്യരുടെ തലകള്‍ കൊയ്‌തുകൂട്ടുന്ന യന്ത്രങ്ങളുടെ ഭീകരതയെയും പുറത്തെടുത്തു. ഫ്രഞ്ച് വിപ്ളവഗാനം ഏറ്റുപാടിക്കൊണ്ട്, കലാപംചെയ്‌ത ഫ്രഞ്ചുകോളനികളിലെ അടിമകളെ കൊന്നൊടുക്കിക്കൊണ്ട് വിപ്ളവസൈന്യം മുന്നേറുകയും ചെയ്‌തു. ഇതൊക്കെ നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ലിബറല്‍ ജനാധിപത്യ വിപ്ളവങ്ങളില്‍ മാത്രമല്ല സോഷ്യലിസ്‌റ്റ് വിപ്ളവങ്ങളിലും ഈ വൈപരീത്യം ആവര്‍ത്തിക്കപ്പെട്ടു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ന് ജനാധിപത്യവും ഭീകരവാദവും മാറിമാറി കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ആകാവുന്ന നിലയിലേക്ക് ഈ പരിഹാരമില്ലാത്ത വൈപരീത്യങ്ങളുടെ ചരിത്രം നീണ്ടുവന്നു രൂപാന്തരപ്പെട്ടിരിക്കുന്നു.

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലും രാഷ്‌ട്രീയത്തിലും യുക്തിയിലും ധാര്‍മികതയിലും പുറത്തേക്ക് വഴിയില്ലാത്ത ഈ വിപരീതങ്ങളുടെ പ്രവര്‍ത്തനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയെ പരിഹാരമില്ലാത്ത വൈപരീത്യങ്ങള്‍ എന്നല്ല, പരിഹാരം ആവശ്യമില്ലാത്ത വൈപരീത്യങ്ങള്‍ എന്നാണ് വിളിക്കേണ്ടത്. കാരണം, പരിഹരിക്കാനാവാത്ത ഈ വൈപരീത്യങ്ങളിലൂടെ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥക്ക് അതിന്റെ പരിഹാരമല്ല ആവര്‍ത്തനമാണ് വേണ്ടത്.

അധ്വാനം/മൂലധനം, ജനാധിപത്യം/പരമാധികാരം, വ്യക്തി/സമൂഹം എന്നു തുടങ്ങി പദാര്‍ഥം/ചിന്ത, ശരീരം/മനസ്സ്, സിദ്ധാന്തം/പ്രയോഗം എന്നിവയിലേക്ക് നീളുന്ന ഗണങ്ങളെ വിപരീത ദ്വന്ദ്വങ്ങള്‍ (binary opposites)ആയി പ്രവര്‍ത്തിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥക്ക് ആ വൈപരീത്യങ്ങളുടെ പരിഹാരമല്ല വേണ്ടത്,മറിച്ച് അവയുടെ അപരിഹാര്യതയുടെ ആവര്‍ത്തനമാണ്. അവയുടെ അപരിഹാര്യതയിലൂടെ പ്രവര്‍ത്തിക്കുന്ന ആ വ്യവസ്ഥയ്‌ക്കുള്ളില്‍ അവയ്‌ക്ക് പരിഹാരമില്ല. ആ വ്യവസ്ഥയുടെ അന്ത്യം മാത്രമാണ് അവയുടെ പരിഹാരം.

സമ്പദ്ശാസ്‌ത്രത്തിന്റെയും രാഷ്‌ട്രീയ മീമാംസയുടെയും യുക്തിശാസ്‌ത്രത്തിന്റെയും മണ്ഡലങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ ഈ അപരിഹാര്യ വൈപരീത്യങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞതും എടുത്തുകാണിച്ചതും മാർക്സാണ്. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ ചിന്ത മുതലാളിത്തത്തിന്റെ പ്രശ്‌നമണ്ഡലത്തില്‍നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ മാത്രം സാധ്യമാവുന്ന ഒരു വിച്‌ഛേദമാണെന്ന് പറയപ്പെടുന്നത്. അതുകൊണ്ടാണ് മാര്‍ക്സ് ചരിത്രവിജ്ഞാനീയത്തിന്റെ ഒരു പുതിയ ഭൂഖണ്ഡം മനുഷ്യരാശിക്ക് തുറന്നുകൊടുക്കുകയാണ് ചെയ്‌തതെന്ന് പറയപ്പെടുന്നതും. ആഡംസ്‌മിത്തും തോമസ് ഹോബ്‌സും ഹെഗലും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും ലിബറല്‍ മുതലാളിത്ത ജനാധിപത്യത്തിന്റെയും ലിബറല്‍ യുക്തിശാസ്‌ത്രത്തിന്റെയും വൈപരീത്യങ്ങളെ ശരിയായി തിരിച്ചറിയാതിരിക്കുകയോ തെറ്റായി മാത്രം തിരിച്ചറിയുകയോ ചെയ്‌ത ചിന്തകരാണ്. ആ നിലയ്‌ക്ക് അവര്‍ പാശ്ചാത്യ ആധുനിക മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ നിലകൊണ്ട, ആ വ്യവസ്ഥയുടെ ചിന്തകരാണ്.

കപട വൈപരീത്യത്തിന്റെ കളിയാട്ടം വ്യക്തി-സമൂഹ പരികല്‍പ്പനകളില്‍

ആധുനിക സിവില്‍ സമൂഹത്തിലെ വ്യക്തി-സമൂഹവൈരുധ്യത്തെ ഒരു ശാശ്വത മാതൃകയായിക്കണ്ട്, ആ സാങ്കല്‍പ്പിക വൈരുധ്യത്തിന്റെ പരിഹാരത്തിനായി ഒരു പരമാധികാര (sovereign) കേന്ദ്രത്തിന്റെ അനിവാര്യതയെ ഭാവനചെയ്‌ത തോമസ് ഹോബ്‌സിന്റെ സിദ്ധാന്തമാതൃക ആധുനിക പാശ്ചാത്യ രാഷ്‌ട്രമീമാംസയിലൂടെ ഇന്നും ശക്തമായി തുടരുകയാണ്. മുന്‍കൂര്‍ സിദ്ധമായ വ്യക്തി-സമൂഹ സത്തകളെക്കുറിച്ചുള്ള വിരുദ്ധ സങ്കല്‍പ്പത്തില്‍നിന്ന് തുടങ്ങി പരിഹാരത്തിന് പരതുന്ന ഒരു പദ്ധതിയാണിത്. വ്യക്തിയെയും സമൂഹത്തെയും കുറിച്ചുള്ള അതീത (transcendent) വിരുദ്ധ സത്താസങ്കല്‍പ്പത്തിന് താത്വികാടിസ്ഥാനം നല്‍കിയ ദെക്കാര്‍ത്തെയുടെ ദ്വൈതബുദ്ധിയെ സ്‌പിനോസ പിന്‍തള്ളിയതാണ്. എന്നാല്‍ സ്‌പിനോസയുടെ അന്തഃസ്ഥിതി (immanent) ഭൌതികവാദത്തെ പാശ്ചാത്യ ആധുനികതയുടെ ആത്മ/വസ്‌തു വൈരുധ്യ പ്രണയം നൂറ്റാണ്ടുകളോളം കുഴിച്ചുമൂടിവച്ചു. അങ്ങനെയാണ് വ്യക്തിയോ നിര്‍ണായകം സമൂഹമോ എന്ന പരിഹാരമില്ലാത്ത ചോദ്യത്തിന്റെ വൈരുധ്യചക്രം ആധുനിക ചിന്തയില്‍ വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നത്.

കൈകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും ചിന്തകൊണ്ടും ലോകത്തു മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ ആ പ്രവര്‍ത്തനത്തിനും ജീവിതത്തിനും മുമ്പ് അവയ്‌ക്കാധാരമായി നില്‍ക്കുന്ന ഒരു സത്തയായി കാണുന്നത് ജീവിതവും പ്രവര്‍ത്തനവും അവസാനിച്ചുകഴിഞ്ഞാലും ആ വ്യക്തിസത്ത നിലനില്‍ക്കുന്നു എന്ന് പറയുന്നതിന് സമാനമാണ്.

വ്യക്തി അഹംബോധത്തിലേക്ക് വാക്കുകളിലൂടെയും വസ്‌തുക്കളിലൂടെയും ചിന്തകളിലൂടെയുമുള്ള ശരീരത്തിന്റെ കൂര്‍ത്ത പ്രവര്‍ത്തനങ്ങളെ വെട്ടിച്ചുരുക്കുന്നതിന്റെ ഫലമാണ് ഈ മുന്‍കൂര്‍ വ്യക്തിസത്താ സങ്കല്‍പ്പം. അഹംബോധത്തിനും അപ്പുറത്തേക്ക്, വളരെ വളരെ അപ്പുറത്തേക്ക് വ്യാപിച്ചു വ്യാപരിക്കുന്നവയാണ് ശരീരത്തിന്റെ പ്രവൃത്തികള്‍. കൈകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും ചിന്താന്തരങ്ങള്‍കൊണ്ടും ശരീരം പ്രത്യക്ഷമായും പരോക്ഷമായും എപ്പോഴും സമൂഹത്തിലും പ്രകൃതിയിലും വ്യാപരിച്ചുകൊണ്ടിരിക്കുന്നു; ഉണര്‍വിലും ഉറക്കത്തിലും സ്വപ്‌നത്തിലും.

ഓരോ സമൂഹവ്യവസ്ഥയിലും രൂപപ്പെടുന്ന കര്‍തൃത്വമാതൃകകളെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന അടഞ്ഞ അഹംബോധത്തിന് കര്‍മംകൊണ്ടും വാക്കുകൊണ്ടും ചിന്തകൊണ്ടും മനുഷ്യശരീരം പ്രകൃതിയിലും സമൂഹത്തിലും മൂര്‍ത്തമായി അവിരാമമായി വ്യാപരിച്ചുകൊണ്ടിരിക്കുന്നത് അറിയാനാവില്ല. കാരണം, ഈ വ്യാപൃത ശരീരം പ്രവര്‍ത്തിക്കുന്ന കൈയും നാക്കും തലച്ചോറുമുള്ള ഒരു അടഞ്ഞ യന്ത്രമല്ല.

അഹംബോധത്തിനും അപ്പുറം വ്യാപരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യശരീരം അതുകൊണ്ടുതന്നെ അഹംബോധത്തിന് വിഷയമായ പ്രത്യക്ഷ ജൈവ ശരീരത്തിനപ്പുറം വ്യാപിച്ചുനില്‍ക്കുന്ന ഒരു ശരീരമാണ്. അതായത് ഓരോ മനുഷ്യശരീരവും കര്‍മങ്ങളിലൂടെയും വാക്കുകളിലൂടെയും ചിന്തകളിലൂടെയും ചുറ്റുപാടുകളുമായും പ്രകൃതിയുമായും ചില നിശ്ചിതരീതികളില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, അങ്ങനെ ഒരു സംഘടിതമായി (Assemblage) പ്രവര്‍ത്തിക്കുന്ന ഒരു പരോക്ഷ (virtual) ശരീരം കൂടിയാണ്. ഈ പരോക്ഷ വ്യാപൃത ശരീരത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് ഓരോ മനുഷ്യവ്യക്തിയുടെയും ചേഷ്‌ടകളും വാക്കുകളും ഭാവനയും അവയുടെ അനന്യത (Singularity) സാക്ഷാത്കരിക്കുന്നത്. അതായത് ഓരോ മനുഷ്യ വ്യക്തിയും ഒരു സവിശേഷ വ്യക്തിത്വത്തിന്റെ പ്രകാശനമായിത്തീരുന്നത്.

അതിനാല്‍ ഓരോ വ്യക്തിയും മറ്റൊരുവനില്‍നിന്നു ഭിന്നനായിരിക്കുന്നത്, ഓരോരുത്തരും അവരവരെക്കുറിച്ച് ഭാവനചെയ്യുന്ന അഹംബോധത്തിലൂടെയല്ല. അഹംബോധത്തെ അതിലംഘിക്കുന്ന അബോധത്തിലേക്ക് വ്യാപിച്ചുനില്‍ക്കുന്നതാണ് ഓരോ ജീവിതവും. ഈ അബോധം ഒരു ശരീരമാണ്. പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ഭാവനയിലൂടെയും ചിന്തയിലൂടെയും വിവിധ വസ്‌തുക്കളുടെയും വസ്‌തുസ്ഥിതികളുടെയും ഒരു നവ സംഘാതമായി പ്രവര്‍ത്തിക്കുന്ന ശരീരം.

ഈ അബോധശരീരം അടിച്ചമര്‍ത്തപ്പെട്ട തൃഷ്‌ണകളുടെ ഒരിരുണ്ട ലോകമല്ല. ഈ അബോധത്തിലൂടെയാണ് സമൂഹഘടനയില്‍ വ്യക്തി സംഘര്‍ഷാത്മകമോ സംവാദാത്മകമോ ആയ കര്‍തൃത്വം കൈവരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അഹംബോധത്തിന്റെ വ്യക്തിസങ്കല്‍പ്പവും സമൂഹവും തമ്മില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന വൈപരീത്യം ഒരു സാമാന്യ ബുദ്ധിസങ്കല്‍പ്പമാണ്. കാരണം അഹംബോധത്തിന്റെ ഇച്‌ഛകളിലും തൃഷ്‌ണകളിലുമല്ല അബോധ ശരീരത്തിന്റെ ഇച്‌ഛകളിലും തൃഷ്‌ണകളിലുമാണ് ചരിത്രവും ജീവിതവും സന്ധിക്കുന്നത്.

അതിനാല്‍ ഈ അബോധം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്. അതിനാധാരമായ അബോധശരീരം അഥവാ വ്യാപൃതശരീരം നരവംശ ശാസ്‌ത്രത്തിന്റെയോ ഭാഷാശാസ്‌ത്രത്തിന്റെയോ സിരാപടല ശാസ്‌ത്രത്തിന്റെയോ ജനിതക ശാസ്‌ത്രത്തിന്റെയോ വിഷയമല്ല.

അഹംബോധത്തിനപ്പുറം അതായത് വ്യക്തിപരതക്കപ്പുറം അബോധ ശരീരം രാഷ്‌ട്രീയമായി വിന്യസിക്കപ്പെട്ടിരിക്കുകയാല്‍, ചരിത്രവുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുകയാല്‍ രാഷ്‌ട്രീയം വ്യക്തിപരമാണോ സാമൂഹികമാണോ എന്ന മാതിരിയുള്ള ചോദ്യങ്ങള്‍ വിഡ്ഢിച്ചോദ്യങ്ങളായി പരിണമിക്കുന്നു.

ഇങ്ങനെ പറയുന്നതിനര്‍ഥം മനുഷ്യന്റെ ബോധം ഒരു പാഴ്വേലയാണെന്നല്ല. മനുഷ്യബോധത്തിന് പ്രത്യക്ഷ വ്യക്തി ശരീരത്തെക്കുറിച്ചുള്ള ബോധമായി, അഹംബോധമായി വര്‍ത്തിക്കാന്‍ മാത്രമല്ല, അഹത്തെക്കുറിച്ചുള്ള ബോധത്തില്‍നിന്നുവിട്ട് അതിന് മറ്റെന്തായും മറ്റാരായും ഭാവന ചെയ്യാന്‍ കഴിയും, പരിവര്‍ത്തിക്കാന്‍ കഴിയും. അതിനാല്‍ പ്രത്യക്ഷ ശരീരത്തെക്കുറിച്ചുള്ള ബോധമായ അഹംബോധത്തെ വിട്ട് പരോക്ഷമായ അബോധശരീരത്തെക്കുറിച്ചുള്ള അഹംബോധമായി, അതുകൊണ്ടുതന്നെ അഹംരഹിതമായ ബോധമായി മനുഷ്യബോധത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും.

അങ്ങനെയാണ് വ്യക്തിജീവിതത്തിന്റെ അബോധ ശക്തികള്‍ക്ക് വ്യവസ്ഥയുടെ വിലക്കുകളിലും തടവുകളിലും നിന്ന് സഹജീവികളിലേക്കും പ്രകൃതിയിലേക്കുമുള്ള പരസംക്രമണങ്ങളില്‍ (becoming) ഏര്‍പ്പെടാന്‍ കഴിയുന്നത്. ആ പരസംക്രമണങ്ങളിലൂടെയാണ് മനുഷ്യജീവിതം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കലയുടെയും കലാപത്തിന്റെയും സര്‍ഗാത്മകമായ വിധ്വംസക യന്ത്രമായി തുറക്കപ്പെടുന്നത്.

വ്യക്തിയുടെ താല്‍പ്പര്യങ്ങളെയും സമൂഹത്തിന്റെ താല്‍പ്പര്യങ്ങളെയും പരിഹരിക്കാനാവാത്ത വൈപരീത്യങ്ങളുടെ തലമായി കാണുകയും ആ വൈപരീത്യത്തിന്റെ സന്തുലനത്തിനായി സാമൂഹ്യാധികാര സ്ഥാപനങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നതായി കരുതുകയും ചെയ്യുന്നതാണ് ആധുനിക പശ്ചാത്യ രാഷ്‌ട്രമീമാംസ. അത് വ്യക്തിജീവിതവും സമൂഹപ്രകൃതിയും തമ്മിലുള്ള പരസ്‌പര സംക്രമണത്തിന്റെ ബന്ധങ്ങളെ, അധികാര ബന്ധങ്ങളെ അവഗണിക്കുകയും ഭരണകൂടത്തിന്റെ അനിവാര്യതയെയും പാവനതയെയും സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക യുഗത്തിന്റെ അധികാരസങ്കല്‍പ്പം

അധികാരബന്ധങ്ങള്‍ സമൂഹത്തിലെ ഉല്‍പ്പാദന ബന്ധങ്ങളുടെയും വംശ പുനരുത്പാദന ബന്ധങ്ങളുടെയും തൊഴില്‍ വിഭജനങ്ങളെ നിര്‍ണയിക്കുന്ന ഭൌതിക ബന്ധരൂപങ്ങളാണ്. ഇതിന് നേര്‍വിപരീതമാണ് ഭരണകൂടത്തെ പരമാധികാര കേന്ദ്രമായി സങ്കല്‍പ്പിക്കുന്ന ആധുനിക രാഷ്‌ട്രമീമാംസയുടെ അധികാരസങ്കല്‍പ്പം. ലോകത്തെ സൃഷ്‌ടിച്ച ഭരിക്കുന്ന ദൈവാധികാരത്തിന്റെ അമൂര്‍ത്ത മാതൃകയാണ് ഈ അധികാര സങ്കല്‍പ്പത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ദൈവത്തിലോ ദൈവത്തിന്റെ പ്രതിനിധിയായ രാജാവിലോ കേന്ദ്രീകരിക്കപ്പെട്ട അധികാരം മുകളില്‍നിന്നു താഴേക്ക് ഏകമുഖമായി പ്രയോഗിക്കപ്പെടുന്നതിനെക്കുറിച്ചുള്ള സങ്കല്‍പ്പമാണിത്.

അധികാരത്തെ ഭൌതികവും യഥാര്‍ഥവുമായ ജീവിതബന്ധരൂപങ്ങളുടെ പ്രവര്‍ത്തനങ്ങളായി കാണുക എന്നാല്‍, അധികാരത്തെ സംഘര്‍ഷാത്മകമായ ഒരു പരസ്‌പരബന്ധമായി കാണുക എന്നാണര്‍ഥം. അധികാര ബന്ധങ്ങള്‍ കീഴടങ്ങുന്നവന്റെ അധികാരവും കീഴടക്കുന്നവന്റെ അധികാരവും തമ്മിലുള്ള ബന്ധമാണ്. അതിനു കാരണം അധികാര ബന്ധങ്ങള്‍, മനുഷ്യ ബന്ധങ്ങള്‍, അതായത് മനുഷ്യരുടെ പരസ്‌പര ബന്ധങ്ങള്‍ ആണെന്നാണ്.

ഏതു മനുഷ്യനും സമൂഹപ്രകൃതിയില്‍ നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള ജീവിതാധികാരത്തോടെയാണ് ജനിക്കുന്നത്. ഈ ജീവിതാധികാര ബന്ധങ്ങളുടെ, നിഷേധാത്മകമോ ധനാത്മകമോ ആയി മാറിയേക്കാവുന്ന ഉച്ചനീചശ്രേണീരൂപത്തിലുള്ള പരസ്‌പരബന്ധങ്ങളാണ് അധികാരബന്ധങ്ങള്‍. ഈ ഭൌതികബന്ധരൂപങ്ങളുടെ ഫലവും അതേസമയം അവയുടെ ഉപാധിയുമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് അധികാരസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളുടെ നിഷേധാത്മകവും ഏകപക്ഷീയവുമായ ദൃഢീകരണ(ratification)ത്തിലൂടെയാണ് ഒരു സാമൂഹ്യവ്യവസ്ഥ സമൂഹത്തിനുമേല്‍ ആധിപത്യം നേടുന്നത്.

സ്ഥാപനങ്ങള്‍ ദൃഢീകരിക്കപ്പെടുന്നത് നിഷേധാത്മകമായ വിഭജനതന്ത്രങ്ങളിലൂടെയും ശ്രേണീകരണങ്ങളിലൂടെയും ആണ്.ആണിനും പെണ്ണിനും ഇടയില്‍, കീഴാളനും മേലാളനുമിടയില്‍, നേതാവിനും അനുയായികള്‍ക്കുമിടയില്‍, മുഖ്യധാരയ്‌ക്കും ന്യൂനധാരയ്‌ക്കുമിടയില്‍, കേന്ദ്രത്തിനും പ്രാന്തത്തിനുമിടയില്‍ സംഭവിക്കുന്ന നൂറുകണക്കായ വിഭജനങ്ങളുടെയും ശ്രേണീകരണങ്ങളുടെയും തന്ത്രങ്ങളിലൂടെയുമാണ് ജീവിതബന്ധങ്ങള്‍ ദൃഢീകരിക്കപ്പെടുന്നത്. ഈ വിഭജനങ്ങളുടെയും ശ്രേണീകരണങ്ങളുടെയും ജീവിതാധികാരനിഷേധിയായ യുക്തികളുടെ അവ്യാകൃത യന്ത്ര (Abstract machine)ത്തിന്റെ പ്രത്യക്ഷമാണ് ഭരണകൂടം. അതുകൊണ്ടാണ് പ്രത്യക്ഷ ഭരണകൂട സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നതുകൊണ്ടുമാത്രം വിപ്ളവങ്ങള്‍ വിജയിക്കാതിരിക്കുന്നത്.

ഒരു പവര്‍സ്‌റ്റേഷനില്‍ എന്നപോലെ മുകളില്‍ കെട്ടിനിര്‍ത്തപ്പെട്ട് അധികാരം നേര്‍പ്പിച്ച് താഴേക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള അധികാര വികേന്ദ്രീകരണത്തിന്റെ നവലിബറല്‍ ധാരണകളും അധികാരികളും മേലാളന്മാരും കുത്തകയാക്കി കെട്ടിവച്ചിരിക്കുന്ന അധികാരത്തിന്റെ അര്‍ഹിക്കുന്ന വിഹിതം എല്ലാത്തരം കീഴാളര്‍ക്കും പകര്‍ന്നുകിട്ടണമെന്ന് വാദിക്കുന്ന നവരാഷ്‌ട്രീയ ചിന്തകളും ഒരേപോലെ ഹോബ്‌സിയന്‍ ഭരണകൂട സങ്കല്‍പ്പത്തെയാണ് പിന്‍തുടരുന്നത്.

ഈ അധികാരസങ്കല്‍പ്പം അധികാരത്തെ നിഷേധാത്മകമായ ഒരു ബാഹ്യശക്തിയായാണ് കാണുന്നത്. ജീവിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളായി ഓരോ മനുഷ്യജീവിതത്തിലും അടങ്ങിയിരിക്കുന്ന ജീവിതാധികാര ബന്ധങ്ങളായി കാണുന്നില്ല. ഓരോ മനുഷ്യനും മനുഷ്യനായിരിക്കുന്നത് അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതാധികാരത്തിലൂടെയാണ്. അതിനാല്‍ അടിസ്ഥാനപരമായി ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ ഇരയല്ല. മറിച്ച്, മനുഷ്യര്‍ക്ക് അവരുടെ ജീവിതാധികാരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനേ കഴിയൂ. ഈ ബന്ധങ്ങള്‍ വിവിധതരം മേലാളന്മാരും കീഴാളരും തമ്മിലുള്ള നിഷേധാത്മക ബന്ധങ്ങളുമായി മാറുന്നു. അതിനാല്‍ അത്തരം ചൂഷണ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ ആ ബന്ധങ്ങളുടെ ബലതന്ത്രങ്ങള്‍ തന്നെ തകിടം മറിയണം. എല്ലാതരം കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതാധികാരത്തെ, തടയപ്പെട്ട ജീവിത ഭാവനകളെ, ജീവിത ബലേച്‌ഛകളെ (Will to power) നാനാമുഖമായി തുറന്നുവിടുന്നതിലൂടെയാണ് ഇത് സാധ്യമാവുക. അതുകൊണ്ടാണ് മുതലാളിത്ത സിവില്‍ സമൂഹം തന്നെ കൊഴിഞ്ഞുപോകുന്നതിലൂടെയാണ് മുതലാളിത്ത ഭരണകൂടവും ഇല്ലാതാവുക എന്ന് പറയപ്പെടുന്നത്.

പാശ്ചാത്യ ആധുനികതയുടെ രാഷ്‌ട്രമീമാംസ മനുഷ്യരെ ജീവിതാധികാരമില്ലാത്ത പണിയെടുക്കുന്ന യന്ത്രങ്ങളായി, അടിമകളായി കാണുന്ന അടിമത്തത്തിന്റെ നിഷേധാത്മക സങ്കല്പത്തെയാണ് പിന്‍പറ്റുന്നത്. അതിനാല്‍ അതിന്റെ ജനാധിപത്യ സങ്കല്‍പ്പത്തിന് ജനങ്ങളെ മുകളില്‍നിന്ന് താഴേക്ക് വിതരണം ചെയ്യപ്പെടുന്ന അധികാരപ്പങ്കിന്റെ ഉപഭോക്താക്കളായി മാത്രമേ കാണാന്‍ കഴിയൂ.

ചുരുക്കത്തില്‍ ഈ സംക്ഷിപ്‌തവിവരണത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്ന വസ്‌തുത ഇതാണ്: മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയ പരീക്ഷണങ്ങളുടെ പരാജയ കാരണങ്ങളായി പ്രധാനമായും ഉന്നയിക്കപ്പെട്ട കേന്ദ്രപ്രശ്‌നങ്ങള്‍, ജനാധിപത്യവും അധികാര കേന്ദ്രീകരണവും തമ്മിലും വ്യക്തി സ്വാതന്ത്ര്യവും സാമൂഹ്യഘടനയും തമ്മിലും നിലനിൽ‌ക്കുന്ന വൈരുധ്യങ്ങളോടനുബന്ധപ്പെട്ടതാണ്. മാര്‍ക്‌സിസത്തില്‍ അവ അപരിഹാര്യ വൈപരീത്യങ്ങളായിത്തീരുകയും ഫലത്തില്‍ ജനാധിപത്യത്തിനുമേല്‍ കേന്ദ്രീകരണവും വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ സാമൂഹ്യഘടനയും ആധിപത്യം നേടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രധാന നിഗമനങ്ങള്‍. ഈ നിഗമനങ്ങള്‍ വസ്‌തുതാപരമായി ശരിയായിരിക്കുമ്പോള്‍തന്നെ ഇതിനാധാരമായ അവ്യയവൈപരീത്യങ്ങളുടെ മൌലികഘടന പാശ്ചാത്യ ആധുനികതയുടെ സാമ്പത്തികവും രാഷ്‌ട്രീയവും ധാര്‍മികവും ദാര്‍ശനികവുമായ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ പാശ്ചാത്യ മുതലാളിത്ത മുഖ്യധാരാ ആധുനികതയുടെ പ്രശ്‌നമണ്ഡലത്തോടു വിടുതല്‍ പ്രഖ്യാപിക്കുന്നതിലൂടെ മാത്രം ആവിര്‍ഭവിക്കുന്ന മാര്‍ക്‌സിന്റെ ചരിത്ര വിജ്ഞാനീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആദ്യം തിരിയേണ്ടത് ആധുനികതയുടെ ഇരട്ടത്താപ്പുകള്‍ക്കുനേരെയാണ്. ആധുനികതയുടെ അനിവാര്യമായ അവ്യയ വൈപരീത്യ കേളികള്‍ക്കുനേരെയാണ്.

നൂറ്റാണ്ടുകളിലൂടെ സാര്‍വലൌകിക സാമാന്യസത്യങ്ങളായി വിരാജിക്കുന്ന ആധുനിക മുതലാളിത്ത വ്യവസ്ഥയിലും കോളനി വാഴ്‌ചയിലും വേരോടി നില്ക്കുന്ന യൂറോപ്യന്‍ ആധുനികതയുടെ അടിസ്ഥാന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നത് വളരെ ഭാരിച്ചതും അപകടങ്ങള്‍ നിറഞ്ഞതുമായ ഒരു പദ്ധതിയാണ്. എന്നാല്‍ മാര്‍ക്‌സിസ്‌റ്റ് ചരിത്ര വിജ്ഞാനീയത്തിന്റെ നവഭൂഖണ്ഡത്തെ ആവേശിച്ച ഭൂതത്തെ ഒഴിപ്പിക്കാന്‍ അതു കൂടിയേ കഴിയൂ.

ഉത്തരാധുനിക ഭൌതികവാദം

വിമര്‍ശനത്തിന്റെ ഈ മാര്‍ഗംവളരെ അപകടം നിറഞ്ഞ ഒന്നാണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. അതിനെ കുറിച്ചുകൂടി ചിലതു പറയാനുണ്ട്.

ആധുനികതയുടെ വിമര്‍ശനത്തിലൂടെ ആധുനികതയെ മറികടക്കുന്നത് എന്ന അര്‍ഥത്തില്‍ ഉത്തരാധുനികം എന്നവകാശപ്പെടുന്ന വ്യത്യസ്‌ത ചിന്താരീതികള്‍ ഇന്നു നിലവിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ളതും മാധ്യമശ്രദ്ധ നേടിയിട്ടുള്ളതുമായ ചിന്തകള്‍ പലതും ആധുനികതയുടെതന്നെ വൈപരീത്യങ്ങളില്‍ തളഞ്ഞുനില്‍ക്കുന്നവയാണ്. ആധുനികത യുക്തിയില്‍ അധിഷ്‌ഠിതമാണെങ്കില്‍ ഉത്തരാധുനികത യുക്തിവിരുദ്ധമാണെന്നും ആധുനികത യാഥാര്‍ഥ്യനിഷ്‌ഠിതമാണെങ്കില്‍ ഉത്തരാധുനികത യാഥാര്‍ഥ്യത്തിന്റെ പകര്‍പ്പുകളിലൂടെയും പകര്‍പ്പിന്റെ പകര്‍പ്പുകളിലൂടെയും യാഥാര്‍ഥ്യത്തെ മറികടക്കുന്നതാണെന്നും കരുതുന്ന ഉത്തരാധുനികതാ ചിന്തയുടെ രൂപങ്ങള്‍ ആധുനികതയുടെ വിമര്‍ശനങ്ങള്‍ എന്ന പേരര്‍ഹിക്കുന്നില്ല. അവ ആധുനികതയുടെ യുക്തി/അയുക്തി, യാഥാര്‍ഥ്യം/പകര്‍പ്പ് തുടങ്ങിയ വിരുദ്ധ ദ്വന്ദ്വപരമ്പരയില്‍ ഒരു വശത്തേക്കു വീണുപോവുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ആധുനികതയെ വിമര്‍ശിക്കാന്‍ പോന്ന സ്വന്തമായ നിലപാടുതന്നെ ഇല്ലാത്ത ഉത്തരാധുനിക നാട്യങ്ങളാണ് അവയില്‍ പലതും.

എന്നാല്‍ പാശ്ചാത്യചിന്തയുടെ മുഖ്യധാരക്കെതിരെ പ്രവര്‍ത്തിച്ചുപോന്നതും എക്കാലവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോന്നതുമായ ചിന്തയുടെ ഒരു ധാര പാശ്ചാത്യലോകത്തുതന്നെയുണ്ട്. പഴയ ഗ്രീക്ക് ഭൌതികവാദികളിലും സ്‌റ്റോയിക്കുകളിലും തുടങ്ങി സ്‌പിനോസയിലൂടെ മാര്‍ക്‌സിലേക്കു നീളുന്നതാണ് ഈ ന്യൂനധാരാചിന്ത. മാര്‍ക്‌സില്‍ എത്തുമ്പോള്‍ അത്, മുതലാളിത്ത ആധുനികയുഗത്തിന്റെ ചിന്തയുമായി കണക്കുതീര്‍ക്കുന്ന വിമര്‍ശനത്തിന്റെയും വിച്‌ഛേദത്തിന്റെയും ചിന്തയായി ഉയരുന്നു. പാശ്ചാത്യ ആധുനികയുഗത്തിന്റെ പ്രശ്‌നമണ്ഡലത്തോടു കണക്കുതീര്‍ക്കുന്ന ചിന്തകനെന്ന നിലയില്‍ മാര്‍ക്‌സില്‍നിന്നുതന്നെയാണ് ഉത്തരാധുനിക ഭൌതികവാദത്തിന്റെ തുടക്കം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആധുനികതയുടെ പ്രശ്‌നമണ്ഡലത്തില്‍നിന്നു വിടുതല്‍ നേടുക എന്നതു ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയ പരീക്ഷണങ്ങളിലെങ്ങും വിജയം കണ്ടില്ല.

1968-ലെ ഫ്രഞ്ച് കലാപത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ശക്തമായ വീണ്ടുവിചാര തരംഗങ്ങളിലൂടെയാണ് ഈ വിടുതല്‍ ശ്രമങ്ങള്‍ തത്വശാസ്‌ത്ര രംഗത്ത് ബോധപൂര്‍വം ആരംഭിക്കുന്നത്. ലൂയി അല്‍ത്തൂസറില്‍ ആരംഭിക്കുന്ന ഈ ബോധപൂര്‍വമായ ശ്രമങ്ങള്‍ മിഷേല്‍ ഫൂക്കോ, ഴീല്‍ ദെലേസ്, ഫെലിക് സ് ഗത്താരി, അന്റോണിയോനെ ഗ്രി, മാന്വല്‍ഡിലാന്റ തുടങ്ങിയ ഒട്ടു വളരെ നവഭൌതികവാദ ചിന്തകരിലൂടെ നാനാമുഖമായി വികസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ ചിന്തകള്‍ ഒന്നും പഴയ സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങളുടെ വിമര്‍ശനത്തിലൂടെ അവയുടെ പിഴവുകള്‍ തീര്‍ത്ത് ആവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നില്ല. മറിച്ച്, ആ പിഴവുകള്‍ക്കു നിദാനമായ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ സര്‍ഗാത്മകമായ വിമര്‍ശന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.

ദൈവമില്ലെങ്കില്‍ പ്രപഞ്ചത്തിനു നിലനില്പില്ലെന്നു കരുതുമ്പോലെ, രാജാവില്ലെങ്കില്‍ അരാജകത്വം വരുമെന്നു ഭയക്കുംപോലെ, ആധുനികയുഗം പിന്തുടര്‍ന്ന മതാത്മക സംഘസങ്കല്പത്തിന്റെ വിപരീതദിശയിലാണ് ഈ ചിന്തകള്‍ നീങ്ങുന്നത്. ബാഹ്യാധികാര കേന്ദ്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന, ജനസഞ്ചയത്തിന്റെ ജീവിതാധികാര മണ്ഡലത്തിന്റെ സ്വഛന്ദതയിലും ശക്തിയിലും പ്രതീക്ഷ പുലര്‍ത്തുന്ന ചിന്തകളാണിവ. ജനസഞ്ചയത്തെ എക്കാലവും പുറമെനിന്ന് ആട്ടിത്തെളിക്കപ്പെടേണ്ട പറ്റങ്ങളായല്ല ഈ ചിന്തകള്‍ കാണുന്നത്. മനുഷ്യരുടെ ജീവിതാധികാരത്തിന്റെ സ്വതന്ത്രശക്തികള്‍ ആവിഷ്‌കരിക്കുന്ന നൂതനമായ സാമൂഹ്യ സംഘാതങ്ങളുടെ (Assemblage) സാധ്യതകളിലാണ് അവ വിശ്വാസം അര്‍പ്പിക്കുന്നത്.

കലയെക്കുറിച്ചുള്ള വീണ്ടുവിചാരം

കലയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളുടെ പശ്ചാത്തലവുംഇതുതന്നെയാണ്. പാശ്ചാത്യ മുഖ്യധാരാ കലാചിന്തകളുടെ, അതിന്റെ വികസിതരൂപമായ ആധുനികയുഗ സൌന്ദര്യശാസ്‌ത്രത്തിന്റെ പ്രശ്‌ന മണ്ഡലത്തില്‍നിന്ന് വിടുതല്‍ നേടുന്നതിന്റേതാണ് സമകാലിക കലാചിന്ത വിപ്ളവകരമാവാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളി.

പ്ളേറ്റോ മുതല്‍ ഹെഗല്‍വരെയുള്ള പാശ്ചാത്യ മുഖ്യധാരാ കലാചിന്ത അടിസ്ഥാനപരമായി പ്രതിനിധാനാത്മകമാണ്. കലയില്‍ സംഭവിക്കുന്നത് യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തനമല്ല പ്രതിഫലനമാണ് എന്ന സങ്കല്പത്തെ ആധാരമാക്കുന്ന ചിന്തകളാണവ എന്നര്‍ഥം. പാശ്ചാത്യ മുഖ്യധാരാ ചിന്തയില്‍ ഉടനീളം യാഥാര്‍ഥ്യം പദാര്‍ഥവും ചൈതന്യവുമായി പിളര്‍ന്നു നില്‍ക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ഫലമാണിത്.

മാര്‍ക്‌സിസം രാഷ്‌ട്രീയത്തിന്റെയും തത്വചിന്തയുടെയും മണ്ഡലങ്ങളിലെന്നപോലെ കലാചിന്തയിലും ആധുനികതയുടെ സന്ദിഗ്ധതകളോടുള്ള ഏറ്റുമുട്ടലിലൂടെയാണ് മുന്നോട്ടുവന്നത്. ഒരു വശത്ത് കലയെ ആശയമണ്ഡലത്തിന്റെ, പ്രത്യയശാസ്‌ത്രത്തിന്റെ മേഖലയായി പ്രതിനിധാനാത്മകമായി കാണുന്നതിലൂടെ മാര്‍ക്‌സിസ്‌റ്റ് കലാചിന്ത പാശ്ചാത്യ മുഖ്യധാരാ കലാചിന്തയ്‌ക്കു കീഴ്‌പെട്ടുനിന്നു. എന്നാല്‍ മറുവശത്ത് ഭൌതിക ശക്തിയായി പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്രത്തിന്റെ ശക്തിവിശേഷത്തെ അംഗീകരിക്കുന്നതിലൂടെ കലയെ രാഷ്‌ട്രീയ പ്രാധാന്യമുള്ള യാഥാര്‍ഥ്യത്തിന്റെ പ്രവര്‍ത്തന മണ്ഡലമായി തിരിച്ചറിയുകയും ചെയ്‌തു. ഇങ്ങനെ പാശ്ചാത്യ മുഖ്യധാരാ കലാസങ്കല്പത്തോട് എതിരിട്ടും കീഴ്പ്പെട്ടും നില്‍ക്കുന്നതിന്റെ സംഘര്‍ഷമാണ് മാര്‍ക്‌സിസ്‌റ്റ് കലാചിന്തയെ പരീക്ഷണാത്മകമായ അന്വേഷണങ്ങളിലൂടെ മുന്നോട്ടുനയിച്ചത് എന്നു പറയാം.

മാര്‍ക് സും ഏംഗല്‍സും ലെനിനും തുടങ്ങി കലയെക്കുറിച്ചു ചിന്തിച്ച എല്ലാ പ്രധാന മാര്‍ക്‌സിസ്‌റ്റുകളിലും ഈ സംഘര്‍ഷം വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആധുനികതയുടെ ആന്തരികമായ പിളര്‍പ്പിന്റെ അപരിഹാര്യതയോടനുബന്ധപ്പെട്ട ഈ സംഘര്‍ഷത്തില്‍നിന്നു കലാചിന്ത പുറത്തു കടക്കാന്‍ തുടങ്ങുന്നത് ആധുനികതയുടെ പ്രശ്‌നമണ്ഡലത്തെ തുറന്നുകാട്ടുന്ന പുതിയ വിമര്‍ശനങ്ങളോടെയാണ്.

ശാസ്‌ത്രത്തെ വസ്‌തുനിഷ്‌ഠതയുടെയും കലയെ ആത്മനിഷ്‌ഠതയുടെയും മേഖലകളിലേക്ക് പിളര്‍ത്തി മാറ്റുന്നതിലൂടെ ശാസ്‌ത്രത്തെ യാഥാര്‍ഥ്യത്തിന്റെയും വസ്‌തുനിഷ്‌ഠമായ ചിന്തയുടെയും, കലയെ വൈകാരികതയുടെയും പ്രതിഫലനത്തിന്റെയും വിപരീത ലോകങ്ങളിലേക്ക് വേര്‍തിരിച്ചു നിര്‍ത്താനും ആ വേര്‍തിരിവിനെ മറികടക്കാനുള്ള വൃഥാശ്രമങ്ങളില്‍ ഏര്‍പ്പെടാനുമാണ് ആധുനിക യുഗത്തിന്റെ കലാചിന്ത ശ്രമിച്ചുകൊണ്ടിരുന്നത്. ശാസ്‌ത്രം, കല, ചിന്ത, വികാരം, യാഥാര്‍ഥ്യം, ഭാവന തുടങ്ങിയ പരികല്പനകളെ പരസ്‌പര വിരുദ്ധമായ ദ്വന്ദ്വങ്ങളായി പ്രതിഷ്‌ഠിച്ചുകൊണ്ടാണ് ആധുനികത കലാചിന്തയെ ഒരു ചാക്രിക വ്യായാമമാക്കി മാറ്റിയത്. ശാസ്‌ത്രവും കലയും ചിന്തയും വികാരവും യാഥാര്‍ഥ്യവും ഭാവനയും വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്നു എന്നു സങ്കല്പിക്കുന്നത് സാമാന്യബുദ്ധിയുടെ കേവലയുക്തിയാണ്. ഭൌതികവാദപരമായ വൈരുധ്യവാദമല്ല. ഭൌതികവാദം സിദ്ധമായ സ്വത്വത്തിന്റെ വിരുദ്ധതയിലല്ല സ്വത്വത്തിനു കാരണമായ ഭിന്നത (difference)യുടെ യാഥാര്‍ഥ്യത്തിലാണ് ഊന്നല്‍ നല്‍കുന്നത്.

അതിനാല്‍ ശാസ്‌ത്രവും കലയും മനുഷ്യര്‍ സമൂഹത്തിലും പ്രകൃതിയിലും വ്യത്യസ്‌ത സങ്കേതങ്ങളിലൂടെ നടത്തുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ്. ചിന്തയും വികാരവും മനുഷ്യശരീരം ചുറ്റുപാടുകള്‍ക്കൊത്തു പ്രവര്‍ത്തിക്കുന്നതിന്റെ, പ്രതികരിക്കുന്നതിന്റെ രണ്ടു വ്യത്യസ്‌ത രീതികളാണ്. വസ്‌തു യാഥാര്‍ഥ്യവും ഭാവനയും യാഥാര്‍ഥ്യത്തിന്റെ രണ്ടു വ്യത്യസ്‌താവസ്ഥകളാണ്. പ്രത്യക്ഷ യാഥാര്‍ഥ്യത്തിന്റെയും പരോക്ഷ യാഥാര്‍ഥ്യത്തിന്റെയും രണ്ടു ഭിന്നാവസ്ഥകളാണ്.

ഇങ്ങനെ അതീത (transcendent)മായ സ്വത്വങ്ങളുടെ ഭൌതികതയെക്കുറിച്ചുള്ള സങ്കല്പത്തില്‍നിന്ന് സ്വയം സിദ്ധമായ അന്തഃസ്ഥിത (immanent) ഭിന്നത (difference) കളുടെ യാഥാര്‍ഥ്യത്തിലേക്കുള്ള ഭൌതികവാദത്തിന്റെ പരിവര്‍ത്തനം ആധുനികതയുടെ അപരിഹാര്യ വൈപരീത്യങ്ങളെ നിര്‍വീര്യമാക്കിയിട്ടുണ്ട്. അതോടെ യാഥാര്‍ഥ്യവും പ്രതിബിംബവും തമ്മിലുള്ള, സ്വത്വവും പ്രതിനിധാനവും തമ്മിലുള്ള വൈപരീത്യവും അതിലടങ്ങിയിരിക്കുന്ന ഉച്ചനീചക്രമവും അപ്രസക്തമാകുന്നു.

ഈ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ ചിന്തയുടെ ചരിത്രത്തിലാദ്യമായി കല സ്വയം യാഥാര്‍ഥ്യപദവിയുള്ള ഒരു മനുഷ്യ പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നത്. അതായത്, പ്രതിഫലനമോ പ്രത്യയശാസ്‌ത്രമോ പ്രതിനിധാനമോ എന്നതിലുപരി കല ഭൌതികമായ ഒരു പ്രവര്‍ത്തന രൂപമായി തിരിച്ചറിയപ്പെടുന്നു എന്നര്‍ഥം. യാഥാര്‍ഥ്യത്തെ അപേക്ഷിച്ച് പകര്‍പ്പിനെന്നപോലെ കലയ്‌ക്കു കല്പിക്കപ്പെട്ടിരുന്ന തരംതാണ നിലയാണ് ഇതോടെ മാറിപ്പോകുന്നത്. അങ്ങനെ ചില സവിശേഷമായ ഉപാധികളിലൂടെ ചില നിശ്ചിത ഉത്പന്നങ്ങള്‍ സൃഷ്‌ടിക്കുന്ന മനുഷ്യന്റെ മറ്റ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍പോലെ കല യാഥാര്‍ഥ്യനിഷ്‌ഠമായ പ്രവര്‍ത്തനരൂപമായി പരിഗണന നേടുന്നു.

എന്നാല്‍ യാഥാര്‍ഥ്യ നിഷ്‌ഠമായ മനുഷ്യ പ്രവര്‍ത്തനമാണെങ്കില്‍ കലാസൃഷ്‌ടികള്‍ എന്തു യാഥാര്‍ഥ്യത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്, ആ പ്രവര്‍ത്തനം എന്തു യാഥാര്‍ഥ്യഫലത്തെയാണ് ഉത്പാദിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

കല ഉത്പാദനപ്രവര്‍ത്തനമോ ശാസ്‌ത്രപ്രയോഗമോപോലെ പ്രത്യക്ഷ പദാര്‍ഥ നിഷ്‌ഠമായ ഒരു പ്രവര്‍ത്തനമാവുക സാധ്യമല്ല. അങ്ങനെ വന്നാല്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍നിന്നു കലയ്‌ക്കുള്ള സവിശേഷമായ ഭിന്നത അപ്രസക്തമാകും.

കല പ്രത്യക്ഷ വസ്‌തുക്കളും വസ്‌തു സ്ഥിതികളും അടങ്ങുന്ന പ്രത്യക്ഷ ലോകത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ പ്രവര്‍ത്തനം പ്രത്യക്ഷലോകത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ഇതിനു കാരണം പ്രകൃതിയുടെയും ജീവിതത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ സ്ഥലകാലങ്ങളില്‍ വ്യാപിച്ചുനില്‍ക്കുന്ന പ്രത്യക്ഷ വസ്‌തുതക്കളില്‍മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. വ്യാപ്തമുള്ള സ്ഥൂലവസ്‌തുക്കളായി ദൃഢീഭവിക്കാത്ത അവ്യാകൃതാ(abstract )വസ്ഥയിലും യാഥാര്‍ഥ്യങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. പ്രത്യക്ഷ ഭൌതികവസ്‌തു രൂപാന്തരങ്ങളില്‍മാത്രം ഭൌതികയാഥാര്‍ഥ്യം ദര്‍ശിക്കുന്ന ഭൌതികവാദത്തിന് വസ്‌തുക്കളെ അങ്ങനെ രൂപഭാവപ്പൊരുത്തത്തില്‍ നിലനിര്‍ത്തുന്ന ഒരു അതിഭൌതികശക്തിയുടെ അസന്നിഹിതമായ സാന്നിധ്യം ആവശ്യമാണ്. ഈ ലോകം ഒരു ഭൌതിക യാഥാര്‍ഥ്യമായിരിക്കുന്നത് അതിനെ ഭൌതിക വസ്‌തുക്കളെക്കൊണ്ടുതന്നെ ദൈവം സൃഷ്‌ടിച്ചതുകൊണ്ടാണെന്നു കരുതുംപോലെയാണിത്.

ഇത്തരം പ്രത്യക്ഷ വസ്‌തുവാദത്തെ മറികടന്ന ഭൌതികവാദത്തെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷവസ്‌തുക്കള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കുന്ന യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്‌മ (virtual) തീവ്ര (intense)അവസ്ഥകളുണ്ട്. സൂക്ഷ്‌മാവസ്ഥയിലുള്ള പദാര്‍ഥ ഭിന്നതകളുടെയും (differences) ബഹുലതകളുടെയും (multiplicities) പരസംക്രമണ (Becoming)ങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രത്യക്ഷ വസ്‌തു സ്വത്വങ്ങള്‍ ആവിര്‍ഭവിക്കുകയാണ് ചെയ്യുന്നത്. മറിച്ചായാല്‍, അതായത് വസ്‌തു സ്വത്വങ്ങളില്‍നിന്നാണ് ഭിന്നതകളും ബഹുലതകളും പരസംക്രമണ ങ്ങളും സംഭവിക്കുന്നതെങ്കില്‍, സിദ്ധമായ വസ്‌തു സ്വത്വങ്ങള്‍ക്കു പിന്നില്‍ അവയെ സൃഷ്‌ടിക്കുന്ന ദൈവം വേണം.

പ്രത്യക്ഷ വസ്‌തുക്കളായി ദൃഢീഭവിക്കുന്നതിനു മുമ്പ്, ഭിന്നതകളിലും ബഹുലതകളിലും പരസംക്രമണങ്ങളിലും വര്‍ത്തിക്കുന്ന, യാഥാര്‍ഥ്യങ്ങളുടെ സൂക്ഷ്‌മ തീവ്രാവസ്ഥകളാണ് കലാസൃഷ്‌ടികളില്‍ പ്രവര്‍ത്തിക്കുന്ന യാഥാര്‍ഥ്യത്തിന്റെ തലം. പ്രത്യക്ഷ യാഥാര്‍ഥ്യത്തെ അപേക്ഷിച്ച് വേഗങ്ങളുടെയും ചലനങ്ങളുടെയും ഭിന്നമാനങ്ങള്‍ ഉള്ളതാണ് യാഥാര്‍ഥ്യത്തിന്റെ ഈ സൂക്ഷ്‌മതീവ്രതലം. ഈ തലത്തില്‍ വാക്കുകളുടെയോ വരകളുടെയോ വര്‍ണങ്ങളുടെയോ ചേഷ്‌ടകളുടെയോ ശബ്‌ദങ്ങളുടെയോ വിന്യാസ വിധങ്ങളിലൂടെ സൂക്ഷ്‌മ തീവ്ര യാഥാര്‍ഥ്യങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെടുന്ന, പ്രവര്‍ത്തനം നിലയ്‌ക്കാത്ത യന്ത്രങ്ങളാണ് കലാസൃഷ്‌ടികള്‍. അതുകൊണ്ടാണ് അയ്യായിരം കൊല്ലം മുമ്പുണ്ടാക്കിയ നര്‍ത്തകിയുടെ ശില്പം ഇപ്പോഴും നൃത്തം ചെയ്‌തുകൊണ്ടു നില്‍ക്കുന്നത്.

കലാസൃഷ്‌ടികള്‍, മനുഷ്യര്‍ അവരുടെ ചരിത്രത്തിലും ജീവിതത്തിലുംനിന്നു സൃഷ്‌ടിക്കുന്നവയായതുകൊണ്ട് അവ ജീവിതത്തിന്റെ ശക്തികളുടെ സൂക്ഷ്‌മ തീവ്രയാഥാര്‍ഥ്യങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെടുന്ന യന്ത്രങ്ങളാണ്.

യന്ത്രം എന്നു പറയുമ്പോള്‍ കലാസൃഷ്‌ടികള്‍ യാന്ത്രികമായ (Mechanical) വയാണെന്നു ധരിക്കരുത്. യാന്ത്രികമായ യന്ത്രം അതിനുള്ളില്‍ത്തന്നെ ഒതുങ്ങുന്ന ഒരു അടഞ്ഞ ഘടനയാണ്. കലാസൃഷ്‌ടികള്‍ യന്ത്രാത്മകമായ യന്ത്രങ്ങളാണ്. അവ അവയ്‌ക്കുപുറത്തുള്ള ഏതിനോടും ഘടിപ്പിക്കാവുന്ന തുറന്ന വ്യവസ്ഥകളാണ്.

കലാസൃഷ്‌ടികള്‍ മനുഷ്യജീവിതത്തോടു ഘടിപ്പിക്കുന്നതിലൂടെ സ്വയം പ്രവര്‍ത്തിക്കുന്ന തുറന്ന അറ്റങ്ങളുള്ള യന്ത്രങ്ങളാണ്. ജീവിതത്തോട് അനന്തവിധങ്ങളില്‍ ഘടിപ്പിക്കപ്പെടുന്നതിലൂടെ അനന്തരൂപങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കലാസൃഷ്‌ടികള്‍ക്കു കഴിയും. ഈ സാധ്യതയാണ് കലാസൃഷ്‌ടികളെ അനുക്ഷണം നൂതനമാക്കിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തോടു ഘടിപ്പിക്കപ്പെടുന്നതിലൂടെ അനുക്ഷണം നൂതനമായി പ്രവര്‍ത്തിക്കുന്ന കലാസൃഷ്‌ടികള്‍ ജീവിതത്തെതന്നെയാണ് അനുക്ഷണം നവീകരിക്കുന്നത്. ജീവിതം, സ്വന്തം ശക്തികള്‍ നിരന്തരം നവീകരിക്കപ്പെടുന്നതിലൂടെ മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്. ജീവിതത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമായ ഈ സ്വയം നവീകരണക്രിയ ജീവിതം നിര്‍വഹിക്കുന്നത് കലയിലൂടെയാണ്.എന്നാല്‍ ജീവിതം തടവുകളില്ലാത്ത അനായാസം നവീകരിക്കപ്പെടാവുന്ന ഒരു ഒഴുക്കല്ല. ജീവിതത്തിന്റെ ശക്തികള്‍ അമര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത് പുതുരൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ കുതിക്കുന്നു. അങ്ങനെ മനുഷ്യജീവിതത്തിന്റെ ശക്തികള്‍ അവയുടെ സ്വയം നവീകരണത്തിനും പുറത്തേയ്‌ക്കുള്ള പുതിയ കുതിപ്പുകള്‍ക്കും വേണ്ടി കണ്ടെത്തിയ ഉപാധിയും ഉപലബ്‌ധിയുമാണ് കല. കലാസൃഷ്‌ടികളുടെ ധര്‍മം വിനോദമോ ആശയവിനിമയമോ അല്ല എന്നര്‍ഥം.

ചുരുക്കത്തില്‍, ജീവിതത്തിന്റെ ശക്തികള്‍ അവയുടെ നിലനില്പിനുള്ള അധികാരത്തിനായി, ജീര്‍ണതക്കെതിരായ പ്രതിരോധത്തിനായി നിത്യയൌവനത്തിനായി ഏര്‍പ്പെടുത്തിയ പരോക്ഷ തീവ്ര(intense) യാഥാര്‍ഥ്യത്തിന്റെ സങ്കേതങ്ങളാണു കലകള്‍. അതിനാല്‍ കല എന്നും വിപ്ളവകാരികള്‍ക്കൊപ്പമാണ്.

ഇങ്ങനെ ജീവിതത്തെ നവീകരിക്കുന്ന സൂക്ഷ്‌മ തീവ്ര യാഥാര്‍ഥ്യങ്ങളുടെ യന്ത്രങ്ങള്‍ എന്ന നിലയിലാണ് ഫ്രാന്‍സ് കാഫ്‌കയുടെ കൃതികള്‍ വിപ്ളവകരമാകുന്നത്. ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്, വ്യാഖ്യാനിക്കാനുള്ളതല്ല. അതുകൊണ്ട് പ്രതിലോമകാരികള്‍ കാഫ്‌കയുടെ കൃതികള്‍ എന്തു പറയുന്നു എന്നന്വേഷിക്കുമ്പോള്‍ നാം അവ എന്തു ചെയ്യുന്നു എന്നാണന്വേഷിക്കേണ്ടത്.


*****


ബി രാജീവന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Sunday, December 19, 2010

കാക്കനാടന്റെ ആഖ്യാനകല

മലയാളസാഹിത്യത്തില്‍ ഏറെ ശ്രദ്ധേയമായിരുന്ന ഒരു കാലഘട്ടമാണ് ആധുനികതയുടേത്. ആധുനികത സവിശേഷമായൊരു മനോഭാവം പ്രദര്‍ശിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു. ജനതയുടെ മനോഭാവത്തിലുണ്ടാകുന്ന അടിസ്ഥാനപരമായ പരിണാമങ്ങളാണ് സാഹിത്യപ്രസ്ഥാന (Literary Movement)ങ്ങളെ ജനിപ്പിക്കുന്നതെന്ന കേസരിയുടെ സത്യപ്രസ്‌താവം ഇന്നും അര്‍ഥപൂര്‍ണം തന്നെ. മലയാളത്തിലെ വ്യത്യസ്‌ത സാഹിത്യരൂപങ്ങളിലൊക്കെ വമ്പന്‍ ഭാവുകത്വപരിണാമം വരുത്തിയ ആധുനികത സവിശേഷമായൊരു മനോഭാവത്തെ അവതരിപ്പിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒ. വി. വിജയന്‍, ആനന്ദ്, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്‌ദുള്ള എന്നിവരെപ്പോലെ കാക്കനാടന്റെ ചെറുകഥകളും നോവലുകളും ആധുനികതയിലെ ശക്തമായ സാന്നിധ്യമായിരുന്നു. അതിനുമുന്‍പ് നവോത്ഥാനഘട്ടം അവതരിപ്പിച്ച സാഹിത്യ സമീപനരീതിയുടെ ഒരു നിഷേധം ആധുനികതയില്‍ കാണാന്‍ കഴിയും.

തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, ചെറുകാട് എന്നിവരെല്ലാം ഉള്‍പ്പെട്ട മലയാളത്തിലെ നവോത്ഥാന നോവലിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യഘട്ടം കേരളത്തിലെ അന്നത്തെ ചരിത്രപരവും സാമൂഹികവുമായ പ്രശ്‌നങ്ങളോടിഴചേര്‍ന്നു കൊണ്ട് സാഹിത്യത്തെ ഒരു സമരായുധംപോലെ ഉപയോഗിച്ച ഘട്ടമാണ്. മനുഷ്യന്റെ അതിജീവനസമരങ്ങളെ പ്രധാനാംശമായി സ്വീകരിച്ചുകൊണ്ട് സാമൂഹിക വിപ്ളവത്തില്‍ പക്ഷം പിടിച്ചുകൊണ്ടുള്ള ഒരു രചനയായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍വഹിക്കപ്പെട്ടത്. മനുഷ്യനെ സാമ്പത്തികഘടകങ്ങള്‍ കൊണ്ട് നിര്‍ണയിക്കപ്പെടുന്ന ഒരു ജീവിയായി പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളാണ് ഈ ഘട്ടത്തിലുണ്ടായത്. തീര്‍ച്ചയായും അരുണദശകമെന്നറിയപ്പെട്ടിരുന്ന 1930 കാലഘട്ടം ആഗോളതലത്തിലുണ്ടാക്കിയ സ്വാധീനം മലയാളനോവലിലും അനുഭവപ്പെട്ടു എന്നു പറയാം. വ്യക്തിയുടെ ആദര്‍ശങ്ങളും സാമൂഹികനീതിയുമായുള്ള സംഘര്‍ഷം ഇക്കാലഘട്ടത്തില്‍ അടിസ്ഥാനപ്രേമയമായി മാറി. സ്വാഭാവികമായിത്തന്നെ പ്രമേയപരിചരണം അതിനിണങ്ങിയ തരത്തില്‍ സാര്‍വജനകമായ ആഖ്യാനമെന്ന നിലയിലോ ഉത്തമപുരുഷപ്രതിഫലിതമെന്ന നിലയിലോ രൂപപ്പെട്ടു. തകഴിയുടെ ആദ്യകാല നോവലുകള്‍ ഇതിനെ വ്യക്തമായി ഉദാഹരിക്കും. പതിതപങ്കജം, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി എന്നിവയും കേശവദേവിന്റെ കണ്ണാടി, ഓടയില്‍ നിന്ന് എന്നീ രചനകളും ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നിവയും ഇങ്ങനെ രൂപപ്പെടുന്നവയാണ്.

സാഹിത്യകൃതിയെ സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുകയോ വ്യാഖ്യാനിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒന്നായി മാറ്റുകയായിരുന്നു പൊതുവേ ഈ എഴുത്തുകാര്‍. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെക്കാള്‍ അവര്‍ ഉള്‍പ്പെടുന്ന സാമൂഹികവര്‍ഗത്തിന്റെ മികച്ച പ്രതിനിധികളാക്കുക എന്നതിലാണവര്‍ ശ്രദ്ധ പതിപ്പിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ സ്വാധീനിക്കുന്ന വര്‍ഗപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലും അതിന്റെ ആഖ്യാനത്തിലുമാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്. ഇങ്ങനെയുള്ള കഥാപാത്ര ചിത്രീകരണത്തില്‍ മനുഷ്യന്റെ അടിസ്ഥാനചോദനകളിലൊന്നായ ലൈംഗികതയെക്കുറിച്ച് ഈ എഴുത്തുകാര്‍ക്ക് പൂര്‍വനിര്‍ണീതമായൊരു ധാരണയുണ്ടായിരുന്നു. അത് അന്നത്തെ കാലഘട്ടത്തില്‍ ശക്തമായിരുന്ന ആംഗലേയ (കൊളോണിയല്‍) മനുഷ്യസങ്കല്‍പങ്ങളുമായും പുരോഗമന (ഇടതുപക്ഷ) മനുഷ്യസങ്കല്‍പവുമായും ബന്ധപ്പെട്ടതായിരുന്നു. ഏതുതരത്തിലുള്ള ലൈംഗിക സൂചനകളും അശ്ളീലവും സദാചാരവിരുദ്ധവുമാണെന്ന് ജ്ഞാനോദയവുമായി ബന്ധപ്പെട്ട ലിബറല്‍ ഹ്യൂമനിസ്റ്റ് മൂല്യബോധം കരുതിയപ്പോള്‍ ഉപരിവര്‍ഗത്തിന്റെ ജീര്‍ണസംസ്‌കാരവുമായി ബന്ധപ്പെട്ടതാണിതെന്ന് പുരോഗമന - ഇടതുപക്ഷ മൂല്യബോധം വിധികല്‍പിച്ചു. കേസരി ബാലകൃഷ്‌ണപിള്ള എന്ന നവയുഗചിന്തകന്റെ മുന്നറിയുപ്പുകള്‍ വേണ്ടതരത്തില്‍ പരിഗണിക്കപ്പെടാതെ പോയി.

മലയാള സാഹിത്യവിമര്‍ശനത്തിലെ ഭൌതികവാദധാരയ്‌ക്കുവേണ്ടി വാദിച്ചിരുന്ന കേസരി ബാലകൃഷ്‌ണപിള്ളയ്‌ക്ക് ആ ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം വഴി കൈവന്ന ലൈംഗികതയെക്കുറിച്ചുള്ള വീക്ഷണങ്ങളും. ശരിയായ ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം ഭൌതികവാദസ്വഭാവമുള്ളതാണെന്ന ഫ്രെഡറിക് ജയിംസന്റെ വീക്ഷണവും ഇവിടെ ഓര്‍ക്കാം. തനിക്കുചുറ്റും വന്നണഞ്ഞിരുന്ന അന്നത്തെ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഈ മാര്‍ഗത്തിലേക്കുപനയിക്കാന്‍ കേസരി ശ്രമിക്കുകയും ചെയ്‌തിരുന്നു. സാമ്പത്തിക ഘടകങ്ങളില്‍ മാത്രമല്ല മാനസികമായ ഒരുപാടു ദമനങ്ങള്‍ക്കു വിധേയമാകുന്നുണ്ട് വ്യക്തിത്വമെന്ന് നാം കരുതുന്ന ആശയമെന്നദ്ദേഹം വിശ്വസിച്ചു. ഏകീകൃത മനുഷ്യന്‍ എന്ന സങ്കല്‍പം അസാധുവാണെന്നും പലതരത്തിലുള്ള ശിഥില വികാരങ്ങളുടെ ഒരു സംഘാതം മാത്രമാണെന്നുമുള്ള കേസരിയുടെ അഭിപ്രായപ്രകടനങ്ങള്‍ നാം കാണുന്നു. ഈ വീക്ഷണത്തിന് അനുരോധമായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ ആദ്യ നോവലായ പതിതപങ്കജം. എന്നിട്ടും അന്നത്തെ പുരോഗമന മുഖ്യധാരയുടെ സ്വാധീനത്തിനു വഴങ്ങി ലൈംഗികതയുടെ കാര്യത്തില്‍ ഒരൊത്തുതീര്‍പ്പിന് അദ്ദേഹം തയ്യാറായി എന്ന് രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ എന്നീ നോവലുകള്‍ തെളിവുനല്‍കുന്നു. കോരന്‍, ചാത്തന്‍, ചിരുത എന്നീ കഥാപാത്രങ്ങളില്‍ സംഭവിച്ചിട്ടുള്ള ആദര്‍ശവല്‍ക്കരണം കേസരി തന്നെ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ."കേശവദേവിന്റെയും ആദ്യകാല നോവലുകളില്‍ സാമൂഹിക നിര്‍ണയത്തിന്റെ മൂശതന്നെയാണ് ഉപയോഗിക്കപ്പെട്ടത്. ഈ എഴുത്തുകാരുടെ ചെറുകഥാസാഹിത്യവും പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളും ഈ രീതിയില്‍ത്തന്നെയാണ് വികസിച്ചുവന്നത്. സാമുദായികവും സാമൂഹികവും രാഷ്‌ട്രീയവുമായ സമരങ്ങള്‍ കൊണ്ട് കണ്ണിചേര്‍ന്നുകൊണ്ട് മനുഷ്യനെ സ്വാധീനിക്കുന്ന സാമ്പത്തികനീതിയെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കുവയ്‌ക്കുകയും അതിനെതിരായ കര്‍ത്തൃത്വനിര്‍മാണ ശ്രമങ്ങള്‍ക്ക് അവ ലക്ഷ്യമിടുകയും ചെയ്‌തു. പള്ളിമതത്തിനും പൌരോഹിത്യത്തിനും തിരുവിതാംകൂറിലെ ദിവാന്‍ സ്വേച്‌ഛാധിപത്യത്തിനുമെതിരെ കലാപം കൂട്ടിയ പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ തന്നെ പ്രത്യക്ഷമായ ഉദാഹരണം. വ്യക്തിഗതമായ പ്രണയസങ്കല്‍പത്തിനെതിരെ നില്‍ക്കുന്ന യാഥാസ്ഥിതിക സാമ്പത്തിക നീതികളെ ചോദ്യം ചെയ്യുന്ന ബഷീറിന്റെ ബാല്യകാലസഖി, നവീന വിദ്യാഭ്യാസത്തിനും നവീനമായ ആരോഗ്യ - കുടുംബ സംവിധാനരീതികള്‍ക്കുമെതിരെ നില്‍ക്കുന്ന യാഥാസ്ഥിതികതയ്‌ക്കെതിരെയുള്ള വിമര്‍ശനമുള്‍ക്കൊള്ളുന്ന ന്റുപ്പുപ്പാപ്പാക്കൊരനേണ്ടാര്‍ന്നു, പുതിയ കാലഘട്ടത്തിന്റെ നിര്‍മാണശ്രമത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാരനെ അന്യവല്‍ക്കരിക്കുന്ന സാമൂഹികനീതിക്കെതിരെയുള്ള എക്കാലത്തെയും വലിയ വിമര്‍ശനമായ പാത്തുമ്മായുടെ ആട് എന്നീ രചനകളും പ്രശ്‌നവല്‍ക്കരിക്കുന്നത് ഇതേ സാമ്പത്തിക നിര്‍ണയനത്തെത്തന്നെ.

എന്നാല്‍ നവോത്ഥാന കഥാസാഹിത്യത്തിന്റെ രണ്ടാംഘട്ടം വ്യത്യസ്‌തമായിരുന്നു. സാമൂഹികവും ചരിത്രപരവുമായ നിര്‍ണയനത്തിന് പ്രാധാന്യം കൊടുക്കുന്ന പുരോഗമനസാഹിത്യകൃതികള്‍ മനുഷ്യനെ ഒരു വ്യക്തിയായല്ല വലിയ ഒരു ആശയം മാത്രമായാണ് പരിഗണിക്കുന്നതെന്ന വിമര്‍ശനങ്ങളുയര്‍ന്നുവന്നു. മാര്‍ക്‌സിസ്‌റ്റ് വീക്ഷണഗതികളെക്കാള്‍ ലിബറല്‍ ഹ്യൂമനിസ്‌റ്റ് ആശയങ്ങള്‍ക്ക് രാഷ്‌ട്രീയസാധ്യത ഏറിയ ഈ കാലഘട്ടത്തില്‍ ഉറൂബ്, എസ്.കെ. പൊറ്റക്കാട് എന്നിവരുടെ സാഹിത്യത്തിന് സമ്മതി ഏറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍ തുടങ്ങിയ നോവലുകളും പ്രകാശിതമായി. ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകള്‍, കാരൂരിന്റെ ചെറുകഥകള്‍ എന്നിവ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അന്തിമാപഗ്രഥനത്തില്‍ കാരൂരിന്റെ ചെറുകഥകളില്‍ പ്രത്യക്ഷപ്പെടുന്ന സാമൂഹിക വിമര്‍ശനസ്വരം ശ്രദ്ധേയമാണ്. ലിബറല്‍ ഹ്യൂമനിസ്‌റ്റ് പ്രത്യയശാസ്‌ത്രം കൈവശം വച്ചിട്ടും സുന്ദരികളും സുന്ദരന്മാരും എങ്ങനെ മാപ്പിളക്കലാപത്തിനും മഹായുദ്ധങ്ങള്‍ക്കുമിടയ്‌ക്കുള്ള ഒരു ചരിത്രകാലഘട്ടത്തിന്റെ സൂക്ഷ്‌മരേഖയായി വ്യക്തിയെ നിര്‍ണയിക്കുന്ന സാമ്പത്തിക നീതികളെപ്പറ്റി അദ്ദേഹം ചോദ്യങ്ങള്‍ തുടര്‍ന്നു എന്ന സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. സാഹിത്യരചനയുടെയും വിമര്‍ശനത്തിന്റെയും രാഷ്‌ട്രീയമെന്തെന്ന് നമ്മെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന വസ്‌തുതകളാണിവ.

ഏതായാലും നവോത്ഥാനഘട്ടത്തിന്റെ ഈ രണ്ടു സന്ദര്‍ഭങ്ങളെ പിന്തുടര്‍ന്നുവന്ന കഥാസാഹിത്യത്തിലെ ആധുനികത തൊട്ടു മുന്‍ഘട്ടത്തിന്റെ നിഷേധമായിരുന്നു. സാമൂഹികതയ്‌ക്കെതിരെ കലാപം കൂട്ടുന്ന വ്യക്തിയെ അത് ഉയര്‍ത്തിപ്പിടിച്ചു. വിക്‌ടോറിയന്‍ സദാചാരത്തിന്റെയും സോവിയറ്റ് കേന്ദ്രിത പുരോഗമനസാഹിത്യത്തിന്റെയും അന്ധബിന്ദുവായ ലൈംഗികതാചിത്രീകരണം ഒരാഘോഷമെന്ന നിലയില്‍ത്തന്നെ ആധുനികതയില്‍ സംഭവിച്ചു. പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും തകര്‍ച്ച അവിടെ മുഖ്യപ്രമേയമായി. മദ്യത്തിനും ലഹരിവസ്‌തുക്കള്‍ക്കും അടിമകളായ കഥാപാത്രങ്ങളെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. വ്യവസ്ഥയെ എതിര്‍ത്ത് തോല്‍പിക്കേണ്ട ജീര്‍ണതയായി വ്യവഹരിച്ചു. മരണത്തയും ആത്മഹത്യയെയും അവര്‍ സ്വാഗതം ചെയ്‌തു. സാമ്പത്തികശേഷിയെയും കുലീനതയെയും വിചാരണചെയ്‌തു. അധികാരത്തിന്റെ വ്യവഹാരങ്ങളെ അവിശ്വസിക്കുകയും നിന്ദിക്കുകയും ചെയ്‌തു. ഇതിന്റെ ബഹുവിധ പ്രത്യക്ഷങ്ങളാണ് ആധുനിക ആഖ്യാനകലയില്‍ പ്രകടമായത്.

ഈ ദര്‍ശനമവതരിപ്പിച്ചുകൊണ്ട് സാഹിത്യരംഗത്തേക്കു കടന്നുവന്നവര്‍ ഏറിയകൂറും പ്രവാസികളായിരുന്നു. ബോംബെ, ദല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍ തൊഴിലെടുത്തിരുന്നവരായിരുന്നു അവരിലധികവും. അതുകൊണ്ടുതന്നെ പാശ്ചാത്യസാഹിത്യത്തില്‍നിന്ന് കടം വാങ്ങിയ ദര്‍ശനമാണവരുടേതെന്നും അവരുടെ കൃതികളില്‍ മൂല്യങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും അവരുടെ കൃതികള്‍ ദുര്‍ഗ്രഹങ്ങളാണെന്നും ആരോപണങ്ങളുയര്‍ന്നു. നിലവിലിരുന്ന സാഹിത്യസങ്കല്‍പങ്ങളുടെ ഒരു പൊളിച്ചെഴുത്താണ് ആധുനിക നോവലിന്റെ പ്രമേയത്തിലും പ്രമേയപരിചരണത്തിലും കഥാപാത്രങ്ങളിലുമൊക്കെ പ്രകടമായത്. മലയാളത്തിലെ ആഖ്യാനകലയില്‍ അവര്‍ ഒരു വിച്‌ഛേദം തന്നെ സൃഷ്‌ടിച്ചു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', എം. മുകുന്ദന്റെ 'ദല്‍ഹി', 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 'ആവിലായിലെ സൂര്യോദയം', 'ഈ ലോകം അതിലൊരു മനുഷ്യന്‍', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു', പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ 'സ്‌മാരകശിലകള്‍', ആനന്ദിന്റെ 'ആള്‍ക്കൂട്ടം', 'മരണസര്‍ട്ടിഫിക്കറ്റ്', സേതുവിന്റെ 'പാണ്ഡവപുരം', കാക്കനാടന്റെ 'സാക്ഷി', 'ഉഷ്‌ണമേഖല' എന്നീ കൃതികളായിരുന്നു ഈ മനോഭാവത്തിന്റെ ആദ്യസ്‌പന്ദനങ്ങള്‍ അവതരിപ്പിച്ചത്.

മലയാള സാഹിത്യ വിമര്‍ശനം രചനകള്‍ക്ക് സമകാലികമായത് ആ ഘട്ടത്തിലാണ്. കെ. പി. അപ്പന്‍, വി. രാജകൃഷ്‌ണന്‍ എന്നീ വിമര്‍ശകര്‍ പ്രധാനമായും ഈ ഭാവുകത്വപരിണാമത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. എഴുപതുകളില്‍ത്തന്നെ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം', 'തിരസ്‌കാരം' തുടങ്ങിയ കൃതികളുമായി വിമര്‍ശനരംഗത്തെത്തിയ കെ. പി. അപ്പന്‍ ആധുനികതയുടെ പതാകവാഹകനായി. ആധുനികസാഹിത്യകാരന്മാര്‍ക്ക് ശക്തമായ പ്രതിരോധം ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഉയര്‍ത്തപ്പെട്ടു. വി. രാജകൃഷ്‌ണന്റെ 'രോഗത്തിന്റെ പൂക്കള്‍', ആഷാമോനോന്റെ 'പുതിയ പുരുഷാര്‍ഥങ്ങള്‍', 'കലിയുഗാരണ്യകങ്ങള്‍' എന്നീ രചനകളും ആധുനികവിമര്‍ശനത്തിന്റെ കലാപക്കൊടികളുയര്‍ത്തി, വളരെ വേഗം തന്നെ വ്യവസ്ഥാപിതവും സാമാന്യവുമായി. ആധുനികപ്രവണതകള്‍ മലയാള സാഹിത്യത്തില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് സച്ചിദാനന്ദന്‍, ബി. രാജീവന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ വിമര്‍ശനലേഖനങ്ങളിലൂടെയും സൈദ്ധാന്തിക രചനകളിലൂടെയും ഒരു ഇടതുപക്ഷാധുനികതയുടെ അന്വേഷണം ഇവിടെയുണ്ടാകുന്നത്. ആധുനിക രചനകള്‍ വളരെവേഗം വ്യവസ്ഥാപിതമായതിന്റെ രാഷ്‌ട്രീയമെന്തെന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചതെന്നു പറയാം.

ആധുനികസാഹിത്യത്തിന്റെ - പ്രധാനമായും ആഖ്യാനാത്മകസാഹിത്യത്തിന്റെ - പ്രധാന പ്രമേയങ്ങള്‍ നാം വ്യക്തമാക്കിയല്ലോ. ആധുനിക സാഹിത്യകാരന്മാര്‍ ഏറിയകൂറും അന്യനഗരങ്ങളില്‍ തൊഴിലെടുക്കുന്നവരായിരുന്നു എന്നും സൂചിപ്പിച്ചു. നവോത്ഥാന സാഹിത്യരംഗത്തെ പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്തിയവരായിരുന്നു. തകഴി കൃഷിക്കാരന്‍ കൂടിയായിരുന്നെങ്കിലും എന്തിനുവേണ്ടിയാണോ താന്‍ ബിരുദം നേടിയത് ആ അഭിഭാഷകവൃത്തി അദ്ദേഹം പിന്തുടര്‍ന്നില്ല. കേശവദേവും പൊന്‍കുന്നം വര്‍ക്കിയും വൈക്കം മുഹമ്മദ് ബഷീറും എഴുത്തുകാര്‍ മാത്രമായി ജീവിച്ചവരാണ്. എസ്.കെ. പൊറ്റെക്കാട് സഞ്ചാരസാഹിത്യകാരന്‍ കൂടിയായിരുന്നു. ആഗോളപര്യടനത്തിനായി അദ്ദേഹം ചെലവഴിച്ച തുകയും ഏതാണ്ട് എഴുത്തിലൂടെ മാത്രം സ്വരുക്കൂട്ടിയതാണ്.

വ്യവസ്ഥയ്‌ക്കും ജീവിതത്തിനുമെതിരെ എഴുത്തിലൂടെ കലാപം കൂട്ടിയ ആധുനിക സാഹിത്യകാരന്മാരുടെ കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഒ. വി. വിജയന്‍ പത്രപ്രവര്‍ത്തകനും കോളമിസ്‌റ്റുമായി തന്റെ ഔദ്യോഗികജീവിതം ദല്‍ഹിയില്‍ നയിക്കുമ്പോഴാണ് വ്യവസ്ഥാവിരുദ്ധ കലാപമുള്‍ക്കൊള്ളുന്ന രചനകള്‍ നടത്തിയത്. എം.പി. നാരായണപിള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. വി.കെ.എന്‍. ദല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതം കഴിഞ്ഞതിനുശേഷമാണ് തിരുവില്വാമലയില്‍ എഴുത്തുകാരനായി ജീവിച്ചത്. സേതു ബാങ്കിലെ ഉന്നതോദ്യോഗസ്ഥനും പിന്നീട് ഡയറക്‌ടര്‍ ബോര്‍ഡംഗവും പിന്നീട് ഡയറക്‌ടറുമായി. ആനന്ദ് പ്രതിരോധ വകുപ്പിലെ എഞ്ചിനീയറായിരുന്നു. എം. മുകുന്ദന്‍ ഫ്രഞ്ച് എംബസിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു. പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഒരു സ്വകാര്യാശുപത്രി നടത്തി.

തന്റെ വ്യവസ്ഥാവിരുദ്ധ സാഹിത്യപ്രവര്‍ത്തനവുമായി സമരസപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിച്ചത് കാക്കനാടന്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതരേഖ നോക്കുക. 1955-ല്‍ ശാസ്‌ത്രവിഷയങ്ങള്‍ ഐച്‌ഛികമായെടുത്ത് ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം അധ്യാപകനായിരുന്നു. 1957 മുതല്‍ 1967 വരെ റെയില്‍വേയിലും റെയില്‍ മന്ത്രാലയത്തിലും ജോലി ചെയ്‌തു. പിന്നീട് സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1967-ല്‍ ജര്‍മനിയിലേക്കു പോയി. അവിടെ ലൈബ്‌സിക്കില്‍ ആറുമാസം ജര്‍മന്‍ ഭാഷ പഠിച്ചു. പിന്നീട് ആറുമാസം യൂറോപ്പില്‍ അലഞ്ഞുനടന്നു. 1968-ല്‍ കൊല്ലത്ത് സ്ഥിരതാമസമാക്കി ഒരെഴുത്തുകാരനായി മാത്രം ജീവിച്ചു. 1965-ല്‍ ജര്‍മനിയില്‍ നഴ്‌സായ അമ്മിണിയെ വിവാഹം കഴിച്ചു. അവരെ നിര്‍ബന്ധപൂര്‍വം രാജിവയ്‌പിച്ച് തന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കിയിരുന്നു അദ്ദേഹം. എഴുത്തുകാരനെന്ന നിലയില്‍ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ഈ പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്.

ആധുനികസാഹിത്യത്തിന്റെ കൂടെ സഞ്ചരിച്ച ആധുനികവിമര്‍ശനത്തിന്റെ പ്രത്യേകതയെക്കുറിച്ച് നേരത്തെ എടുത്തുപറഞ്ഞു. സ്വകാര്യ ജീവിതത്തിന്റെയും രചനാജീവിതത്തിന്റെയും പരസ്‌പരപൂരകത്വം ഉദ്ഘോഷിച്ച ഈയെഴുത്തുകാരനെ ആധുനിക സാഹിത്യനിരൂപണം എങ്ങനെയാണ് വിലയിരുത്തിയത് ? "കലാപ്രതിഭ ഇപ്പോഴും കാക്കനാടനില്‍ ഉണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമായ വിശുദ്ധബലിയെ അനുസ്‌മരിപ്പിക്കും മട്ടില്‍ നിര്‍മാണവേളയില്‍ അദ്ദേഹം ശിഥിലസമാധിയില്‍ അകപ്പെടുന്നു. കാക്കനാടന്‍ ഓര്‍ഫ്യൂസാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീണ പലപ്പോഴും അപസ്വരം സൃഷ്‌ടിക്കുന്നു. പത്തുവര്‍ഷത്തിനുശേഷം കാക്കനാടനെ ഇപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വളര്‍ച്ചയെത്തിയ ദര്‍ശനബോധം കൊണ്ടും രൂപപരമായ സവിശേഷതകള്‍ കൊണ്ടും നിലനിന്നേക്കാവുന്ന നോവലുകള്‍ 'സാക്ഷി'യും 'ഏഴാംമുദ്ര'യും 'അജ്ഞതയുടെ താഴ്വര'യും മാത്രമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അവയ്‌ക്കുപോലും പരിമിതികളുണ്ട്.'' (കെ.പി. അപ്പന്റെ തിരഞ്ഞെടുത്ത കൃതികള്‍ പേജ് 100)

ജീവിതംകൊണ്ടും രചനകൊണ്ടും തന്റെ വിശ്വാസപ്രമാണങ്ങളോട് സന്ധിയില്ലായ്‌മ പ്രകടിപ്പിച്ച ഒരെഴുത്തുകാരനെ 'ദര്‍ശന'ത്തിന്റെയും 'രൂപ'ത്തിന്റെയും മാത്രമടിസ്ഥാനത്തില്‍ എഴുതിത്തള്ളാനുള്ള ഇത്തരം ശ്രമങ്ങള്‍ കൊണ്ടാണ് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യം ഒരു പ്രശ്‌നമേയല്ല എന്ന നിലപാടില്‍ സാഹിത്യം മാത്രമല്ല നമ്മുടെ സാംസ്‌കാരിക - സാമൂഹിക ജീവിതവും എത്തിച്ചേര്‍ന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടാതിരിക്കുന്നത് ഒരു അഭിമാനം പോലുമാകുന്നു. കേസരിയെപ്പോലും നമ്മുടെ സമൂഹം ഒരു അരാജകവാദിയായി പരിഗണിക്കുന്നു. അദ്ദേഹം എഴുതി: മലയാളി ചിന്തിക്കുന്നതു പറയാത്തവനും പറയുന്നതു പ്രവര്‍ത്തിക്കാത്തവനുമാണ് !

അങ്ങനെ നാം കാക്കനാടന്റെ ആഖ്യാനകലയിലേക്കു തന്നെ എത്തിച്ചേരുന്നു. ഏതു ദേശകാലപരിതോവസ്ഥയിലും മനുഷ്യജീവിതം അടിസ്ഥാനപരമായി ക്ളേശങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന എക്കാലത്തെയും ആധുനികതയുടെ ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് കാക്കനാടന്‍ എഴുതിയ കഥകള്‍ എങ്ങനെ മലയാളത്തില്‍ ഉച്ചാധുനികത (High Modernism)യുടെ ഒരു കാലഘട്ടം ഉല്‍ഘാടനം ചെയ്‌തു എന്ന് നേരത്തെ 'അശ്വത്ഥാമാവിന്റെ ചിരി' എന്ന കഥയെ അധികരിച്ച് ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്. (കാണുക: സാംസ്‌കാരിക വികാരം, കാക്കനാടന്‍ പതിപ്പ്) 'ശ്രീചക്രം', 'നീലഗ്രഹണം' എന്നീ കഥകളെ ആധാരമാക്കിയും ഇക്കാര്യം പഠനവിധേയമായിട്ടുണ്ട്. ഇവിടെ അജ്ഞതയുടെ താഴ്വര (1958) വേരുകള്‍ ഇല്ലാത്തവന്‍ (1980) എന്നീ നോവലുകളെ ആധാരമാക്കിയാണ് ആധുനിക നോവലിന്റെ ആഖ്യാനകലയില്‍ കാക്കനാടനെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഒരെഴുകാരനെന്ന നിലയില്‍ മാത്രം ജീവിച്ചയാളാണ് കാക്കനാടന്‍. അതിനാല്‍ അദ്ദേഹം എഴുത്തിനെ വ്യഭിചരിച്ചു ജീവിച്ചു എന്നൊരു സൂചന ആധുനിക വിമര്‍ശനത്തിന്റെ പ്രമുഖവക്താവായ കെ. പി. അപ്പന്റെ വിപരീതസ്വരത്തിനു പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെയാണ് നോവലിന്റെ ദര്‍ശനം, കലാ'തന്ത്ര' മെന്നും കൂടി വ്യവഹരിക്കപ്പെടുന്ന 'രൂപം' എന്നിവയെ ആധാരമാക്കി അദ്ദേഹം ശിഥിലസമാധിയിലാണെന്നു പരാതിപ്പെടുന്നത്. എന്നാല്‍ കാക്കനാടന്റെ നോവലുകളുടെ ലാക്ഷണിക പാരായണം തെളിയിക്കുന്നത് ആഖ്യാനത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന വീക്ഷണസ്ഥാനം, അദ്ദേഹത്തിന്റെ ആഖ്യാനത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ ആധുനികതയ്‌ക്കുതന്നെ പ്രചോദകമായ പഥപ്രദര്‍ശനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ്.
നോവലിലെ ആഖ്യാന കലയെക്കുറിച്ച് ഗൌരവപൂര്‍ണമായ പഠനം നടത്തിയ എം. വിജയന്‍ പിള്ള എഴുതുന്നു: "അപൂര്‍വമായി ഒരു ഉത്തമപുരുഷപ്രതിഫലിത (First Person Reflector) കഥാപാത്രത്തിന്റെ കണ്ണുകളിലൂടെ കാണുന്ന തരത്തിലും കഥ അവതരിപ്പിക്കപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തമപുരുഷനെക്കൂടി കല്‍പിതാഖ്യാനമായി കണക്കാക്കാറുണ്ട്. കല്‍പിതാഖ്യാനത്തില്‍ കഥയുടെ ക്രിയ പ്രധാനമായും അവതരിപ്പിക്കുന്നത് ഒരു പ്രതിഫലിത കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയായിരിക്കും എന്നു പറഞ്ഞുവല്ലോ.

ഉദാ: "ഇനി നടക്കാനാവാത്തവിധം ക്ഷീണമുണ്ട്. വിശപ്പ് അസഹ്യമായിരിക്കുന്നു. പരിചയക്കാരുടെ വീടുകളുണ്ട്, അടുത്ത്. പക്ഷേ അവര്‍ക്കു തന്നെ നന്നായറിയാം. പിടിച്ചു പോലീസിലേല്‍പ്പിക്കാന്‍ മടിച്ചില്ലെന്നുവരും. മാത്രമല്ല ചുറ്റുപാടുകളില്‍ പോലീസ് ജാഗ്രതയായി കാവലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ട്.''

ഇവിടെ ഉഷ്‌ണമേഖലയിലെ ശിവന്‍ അത്തരമൊരു കഥാപാത്രമാണ്. സംഭവങ്ങളുടെ വക്രീകരിച്ചതും നിയന്ത്രിതവുമായ വീക്ഷയായിരിക്കും മിക്കപ്പോഴും ഒരു കല്‍പിതാഖ്യാനകൃതി അവതരിപ്പിക്കുന്നത്. മിക്ക കൃതികളിലും ഈ നിയന്ത്രിതവീക്ഷണം വസ്‌തുനിഷ്‌ഠ വീക്ഷ, സര്‍വജ്ഞവീക്ഷ എന്നിവയെക്കാള്‍ വിശ്വാസ്യവും ആസ്വാദ്യവുമായി അനുഭവപ്പെടാറുണ്ട്. കല്‍പിതാഖ്യാനകൃതികളില്‍ ഒരു അന്തഃസ്ഥിത ആഖ്യാതാവ് മാത്രമേയുള്ളൂ എന്നതിനാല്‍ ഇത്തരം കൃതികള്‍ വര്‍ത്തമാനകാലത്തില്‍ ആരംഭിക്കുകയും കഥാപാത്രങ്ങളുടെ ചിന്തകളേയും മനോനിലയേയും നേരിട്ടുള്ള വീക്ഷണത്തിലൂടെ പ്രത്യക്ഷീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് അങ്ങനെയായിത്തീരുന്നത്.'' (എം. വിജയന്‍ പിള്ള, ആഖ്യാനകലയുടെ പരിണാമം മലയാളനോവലുകളില്‍, ഗവേഷണ പ്രബന്ധം, മലയാളവിഭാഗം, കേരള സര്‍വകലാശാല, 2003, പുറം 50)

ഉഷ്‌ണമേഖലയിലെ കമ്യൂണിസ്‌റ്റുകാരനായ ശിവന്റെ കണ്ണിലൂടെയുള്ള ആഖ്യാനത്തിന്റെ അനുഭവരസികതയുടെ കാര്യമാണ് ഗവേഷകന്‍ സൂചിപ്പിച്ചത്. പോലീസുകാരുടെ നോട്ടപ്പുള്ളിയായ ശിവന്‍ ഒളിവിലിരുന്ന് പാര്‍ട്ടി ഏല്‍പിച്ച ദൌത്യം നിര്‍വഹിക്കുന്നു. അബു എന്ന രഹസ്യങ്ങള്‍ ഏറെയറിയാവുന്ന പ്രവര്‍ത്തകനെ പുറത്തുകൊണ്ടുവരുന്നതിനായി തൊഴിലാളിസമരം അയാള്‍ ഒത്തുതീര്‍പ്പിലെത്തിക്കുന്നു. ഇത് ശ്ളാഘിക്കപ്പെടുന്നു. പിതാവിന്റെ മരണാനന്തരകര്‍മങ്ങള്‍ പോലും നടത്തിയത് സുഹൃത്തായ രാമകൃഷ്‌ണനായിരുന്നു. ലോപ്പസെന്ന പാര്‍ട്ടി പ്രവര്‍ത്തകനും നാമമാത്രകര്‍ഷകനുമായ ഒരാളുടെ കുടുംബമായിരുന്നു ശിവന്റെ അഭയസ്ഥാനം. പിതാവിന്റെ മരണാനന്തരം പാര്‍ട്ടിയുടെ അനുമതിയോടെ പ്രവര്‍ത്തനം വിട്ട് അയാള്‍ നഗരത്തിലെത്തി ഉന്നതോദ്യോഗസ്ഥനാകുന്നു. തന്റെ കുടുംബവും ആത്മബലിയര്‍പ്പിച്ച് തന്നെ രക്ഷിച്ച പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കരുണന്റെ കുടുംബവും സംരക്ഷിക്കുന്നു. നഗരത്തിലെ മദ്യമാംസങ്ങളുടെ വിളി തിരസ്‌കരിച്ച് ജീവിക്കുന്ന അയാള്‍ താന്‍ പഠിക്കാനയച്ച അനുജന്‍ ഒരു വിപ്ളവസംഘടനയില്‍ അംഗമാണെന്നും ഇന്ന് തന്റെ പാര്‍ട്ടി അപചയത്തിലാണെന്നും തന്നോട് അനുരാഗവതിയായിരുന്ന മുതലാളിയുടെ അനന്തരവള്‍ ശാരദ അയാളുടെ ഇരയായിരുന്നുവെന്നും തിരിച്ചറിയുന്നതോടെ തകര്‍ന്നു പോകുന്നു. ലോപ്പസിന്റെ മകള്‍ തെരേസയോട് അയാളുടെ മനസ്സിലുണ്ടായിരുന്ന അനുരാഗം ഇന്നും ദീപ്‌തമാണ്. അയാള്‍ അവളെ തെരഞ്ഞു. എന്നാല്‍ അവള്‍ അയാളെ ടെലിഫോണിലൂടെയെങ്കിലും ബന്ധപ്പെട്ടപ്പോഴേക്കും ശിവന്‍ ഉന്മാദത്തിന്റെ തിരകളിലകപ്പെട്ടിരുന്നു. ഈ പ്രമേയം മുന്‍പു സൂചിപ്പിച്ച നിലപാടിലെ ആഖ്യാനത്തിലൂടെ അപൂര്‍വമായൊരനുഭവമാക്കാന്‍ കാക്കനാടനു കഴിഞ്ഞു.

'സാക്ഷി'യുടെ ചരിത്രപരമായ പ്രാധാന്യവും മൂന്നു തരത്തിലുള്ള അതിന്റെ കലാപസ്വഭാവവും (1. കാല്‍പനികതയുടെ ജീര്‍ണഭാഷണത്തിനെതിരായ ഭാഷാതലത്തിലെ കലാപം 2. അക്രമത്തെ ഭാഷയിലും ദര്‍ശനബോധത്തിലും കലര്‍ത്തിയതിന്റെ കലാപം 3. കഥാപാത്രങ്ങളുടെയും വായനക്കാരുടെയും നേരെയുള്ള കലാപം) തിരിച്ചറിയുന്ന കെ. പി. അപ്പന്‍ പിന്തുടരുന്ന ആധുനിക ദര്‍ശന - ശില്‍പ വരേണ്യബോധം കൊണ്ടാണ് ഉഷ്‌ണമേഖല തുടങ്ങിയ കൃതികളെ പരിഗണിക്കാതിരുന്നത്. ഇതേ കാരണം കൊണ്ടുതന്നെയാണ് എണ്‍പതുകളില്‍ അദ്ദേഹമെഴുതിയ 'വേരുകള്‍ ഇല്ലാത്തവന്‍' എന്ന നോവലും പരിഗണിക്കപ്പെടാതിരുന്നത്.

ഉഷ്‌ണമേഖലയിലെ ശിവനെപ്പോലെ കുട്ടന്‍ എന്ന നായകകഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണ് ഈ നോവലിന്റെ ആഖ്യാനം. ഉഷ്‌ണമേഖലയില്‍ നിന്നു വ്യത്യസ്‌തനായി ഒരു കള്ളനോട്ടു കേസില്‍ ജയിലിലെത്തിയ കുട്ടന്‍ അച്‌ഛനില്ലാത്തവനാണ്. കാണുമ്പോഴെല്ലാം തന്നെ ശകാരിക്കുന്ന അമ്മയും മരിച്ചതോടെ അവന്‍ അനാഥനായി. പിന്നീട് ജയിലിലെത്തിയ അവന്‍ അവിടെ കുറ്റവാളികളും കഞ്ചാവുവലിക്കാരുമായ തടവുകാരില്‍ പുറംലോകത്തിനെക്കാള്‍ നന്മ കാണുന്നു. "പകല്‍ വെള്ളയുടുത്തു നടക്കുന്ന പല യോഗ്യന്മാരെയും കടുവയോട് താരതമ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചപ്പോഴൊക്കെ കാലനും ക്രൂരനുമായ കടുവ മനുഷ്യനെന്ന നിലയ്‌ക്ക് അനേകപടികള്‍ മുകളില്‍ നില്‍ക്കുന്നതായി കുട്ടന്‍ കണ്ടു'' (വേരുകള്‍ ഇല്ലാത്തവന്‍. പുറം 21)

പിന്നീട് ചായം പുരട്ടിയ നഗരത്തില്‍ സ്വതന്ത്രനായപ്പോള്‍ ജയിലിലായിരുന്നു ഭേദമെന്നവനു തോന്നി. "ഒരാള്‍ക്ക് മറ്റൊരാളെക്കൊണ്ട് ഒന്നും നേടാനില്ല. മറ്റൊരാളില്‍നിന്ന് ഒന്നും കവര്‍ന്നെടുക്കാനില്ല. അവര്‍ തുല്യദുഃഖിതരാണ്. തുല്യദരിദ്രരുമാണ്. അതുകൊണ്ടുതന്നെ അവരുടെ സ്‌നേഹബന്ധങ്ങള്‍ക്ക് ഉപാധികളുമില്ല.'' (പുറം 25-26).

ജയില്‍മോചിതനായ കുട്ടനെ ഒരു രാഷ്‌ട്രീയോപജീവി തിരിച്ചറിഞ്ഞു. അയാളെന്നാണ് ഇറങ്ങിയതെന്നും എന്നാണ് തിരിച്ചുപോകുന്നതെന്നും അയാള്‍ അന്വേഷിച്ചു. എങ്ങോട്ടാണെന്നു ചോദിച്ച് കുട്ടന്‍ കുപിതനായി. "വന്നടത്തേക്ക്'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ "വന്നതമ്മേടെ വയറ്റീന്നാ'' എന്നായിരുന്നു കുട്ടന്റെ മറുപടി. "അതും അതിന്റെ ചരിത്രോമറിയാമെന്ന് '' അയാള്‍ പറഞ്ഞപ്പോള്‍ കുട്ടന്‍ "എന്തറിയാമെടാ തെമ്മാടി'' എന്നു ചോദിച്ചു. തന്റെ അമ്മ പോലീസ് ഭീകരവാഴ്‌ചയുടെ ഇരയായിരുന്നുവെന്നും അങ്ങനെയാണ് താന്‍ പിറന്നതെന്നും കുട്ടനും അറിയാമായിരുന്നു.

ഈ സംഭാഷണം ശ്രദ്ധിച്ച ഒരു വിദ്യാര്‍ഥി വിപ്ളവപ്രവര്‍ത്തകനോടൊപ്പം അയാളുടെ താമസസ്ഥലത്തേക്കു പോകുന്ന കുട്ടന്‍ അവരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു. അവരുടെ സംഘാംഗമായിരുന്ന ദുര്‍ഗയ്‌ക്ക് അയാളെ ഇഷ്‌ടമായിരുന്നു. ഒടുവില്‍ പോലീസുകാരുടെ ചോദ്യം ചെയ്യലിനിടയില്‍ അവളും പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞ കുട്ടന്‍ അവളുടെ എതിര്‍പ്പു പരിഗണിക്കാതെ അവളെയും തന്റെ അമ്മയെയും നശിപ്പിച്ച അധികാരത്തിന്റെ കാവല്‍പട്ടികളിലൊരാളായ ഒരു പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തുമ്പോഴാണ് നോവല്‍ അവസാനിക്കുന്നത്.

ആഖ്യാനകലയിലെ വഴിമാറിനടപ്പു മാത്രമല്ല താന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലെയും അതിന്റെ പരിചരണത്തിലെയും വരേണ്യവിരുദ്ധ കലാപങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ കാക്കനാടനെപ്പോലെയുള്ളവരുടെ പ്രസക്തി തിരിച്ചറിയാനാകും. എന്നാല്‍ ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും ലക്ഷ്യബോധമുള്ള വരികള്‍ക്കിടയിലെ കോപ്പിയെഴുത്തും ലക്ഷ്യ - ലക്ഷണ സമന്വയവും അക്കാദമിക തലത്തിലെ അംഗീകൃതങ്ങളായ ആസ്ഥാനകലാപങ്ങളും തിരിച്ചറിവുകളെ ഏതാണ്ട് അസാധ്യമാക്കുന്നു. മാധ്യമഭീകരതകളുടെ ഗുപ്‌തതാല്‍പര്യങ്ങളും വിമര്‍ശനത്തിന്റെ വിടുപണികളും കൂടിയാകുമ്പോള്‍ നമ്മുടെ ദുരവസ്ഥ പൂര്‍ണമാകുന്നു. അറിവുകളുടെ വിതരണമെന്ന പരമ്പരാഗത ഗതിയല്ല, യഥാര്‍ഥ വിജ്ഞാനത്തിന്റെ ഉല്‍പാദനമാണ് ഇനി നടക്കേണ്ടത്. അതിനൊരു നിമിത്തമാകട്ടെ വാക്കിനെയും എഴുത്തിനെയും സമന്വയിപ്പിച്ച ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍.


*****


ഡോ:എസ്.എസ്. ശ്രീകുമാര്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

അക്ഷരങ്ങളിലെ ഏഴാംമുദ്ര

മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവന്നത്. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലമായി ശ്രദ്ധേയമായ ഒരു കൃതിയും രചിക്കാത്ത എഴുത്തുകാരനാണ് ഈ പ്രതിഭാധനന്‍. എന്നിട്ടും നിരന്തരം കഥാരചനകള്‍ നടത്തുന്നവരെക്കാളധികം ആസ്വാദകശ്രദ്ധ ഈ കഥാകാരന്‍ നേടിയെടുത്തിരിക്കുന്നു. താന്‍ സൃഷ്‌ടിച്ച ആ തീവ്രസമസ്യകളുടെ പ്രകാശത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. മലയാളസാഹിത്യം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയ സൌന്ദര്യതലങ്ങളും അസ്വസ്ഥതകളും, അതുല്യാനുഭൂതിപകരുന്ന ധിക്കാരനിഷേധങ്ങളില്‍ അലിഞ്ഞുചേരുന്ന ദാര്‍ശനികമാനങ്ങളും കാക്കനാടനിലൂടെ മലയാളവായനക്കാര്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത അസ്‌തിത്വസങ്കീര്‍ണതകളെ സാഹിത്യരചനയ്‌ക്ക് വിഷയമാക്കുകയും അത് ആളിപ്പടര്‍ത്താന്‍ സഹായിക്കുകയും ചെയ്‌ത എഴുത്തുകാരില്‍ കാക്കനാടനുള്ള പങ്ക് ചെറുതല്ല. പക്ഷേ ആധുനികം, അത്യന്താധുനികം എന്നീ പ്രയോഗങ്ങളെ കാക്കനാടന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നു "അത്യന്താധുനികത കൊണ്ടുവന്നവരില്‍ ഒരാള്‍ ഞാനാണെന്നു കരുതുന്നില്ല. ആ വാക്കിനര്‍ഥം എന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ മനസ്സിന്റെ, ആത്മാവിന്റെ, അറിവിന്റെ, അറിവില്ലായ്‌മയുടെ കത്തിപ്പടരല്‍ ഞാന്‍ എഴുതിവച്ചു. അതിനെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. അറിയാന്‍ അശേഷം താല്‍പര്യവുമില്ല. ആസ്വാദകര്‍ക്ക് അത് എങ്ങനെയും വ്യാഖ്യാനിക്കാം.''

ജീവിതത്തിന്റെ സമസ്‌തതലങ്ങളെയും തലോടിക്കൊണ്ടും ഒപ്പം കുതറിയും ചിതറിയും, നിരന്തരം ചോദ്യങ്ങളുയര്‍ത്തിയും കാക്കനാടന്റെ കഥാപാത്രങ്ങള്‍ നിഷേധികളും അന്യരുമായി ജീവിക്കുന്നു. മലയാളസാഹിത്യരംഗത്തെ പ്രതിഭാശാലികളില്‍ കാക്കനാടനു മാത്രമേ താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെ സമ്പന്നവും സംതൃപ്‌തവുമായ ഒരു ജീവിതം ലഭിച്ചിട്ടുള്ളൂ. എഴുപതുകളിലെ കാക്കനാടനും ഇന്നത്തെ കാക്കനാടനും തമ്മില്‍ അതിശയിപ്പിക്കുന്ന അന്തരങ്ങളുണ്ട്. ആ അന്തരങ്ങളെക്കുറിച്ച് കാക്കനാടന്‍ പറയുന്നു: "ഒരു ക്രിസ്‌ത്യന്‍ മിഷണറിയുടെ മകനാണ് ഞാന്‍. യാഥാസ്ഥിതികമായ സഭയ്‌ക്കെതിരെ പിതാവ് റിവോള്‍ട്ട് ചെയ്‌തിരുന്നു. ആ റിവോള്‍ട്ടിന്റെ ഒരംശം എന്നിലുണ്ട്. അധികാരത്തോടും എസ്‌റ്റാബ്ളിഷ്‌മെന്റിനോടും കലഹിക്കാന്‍ അതിപ്പോഴും എന്റെ മനസ്സിലുണ്ട്. അത് ഒരിക്കലും മാറുകയില്ല.'' ഈ കലഹമനോഭാവത്തിന് 'സാക്ഷി' എന്ന നോവലാണ് വഴിത്തിരിവായത്. ഹൃദയഭിത്തികളെ തകര്‍ത്ത കലാപം ഭാഷയിലും അതുപോലെ പ്രകടമായി. സൌന്ദര്യഭാവമല്ല ശക്തിസാന്നിധ്യമാണ് രചനയില്‍ വേണ്ടതെന്ന് കാക്കനാടന്‍ വിശ്വസിച്ചു. സുകുമാരപദനിര കാക്കനാടന്റെ രചനകളില്‍ കാണാത്തത് അതുകൊണ്ടാണ്. കൈയില്‍കിട്ടിയതൊക്കെ വീഞ്ഞാക്കികൊണ്ടുനടന്നകാലത്ത് കാക്കനാടന്‍ തന്റെ രചനകളില്‍ പകര്‍ത്തിയത് വീഞ്ഞിന്റെ മധുരമോ ലഹരിയോ അല്ല. തന്റെ പ്രഖ്യാതരചനകളില്‍ അതിനായി സൃഷ്‌ടിച്ച മാന്ത്രികഭാഷയുടെ തീവ്രമാനങ്ങളില്‍ സ്വയം ഉരുകി ബലിദാനം നടത്തുകയായിരുന്നു. കാക്കനാടന്‍ എക്കാലത്തേക്കുമുള്ള ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളാണ് എന്ന് മുന്‍വരികളില്‍നിന്ന് വായനക്കാര്‍ കണ്ടെത്തുകയില്ലെന്ന് ഞാന്‍ കരുതുന്നു. ഒരെഴുത്തുകാരന്റെ കണ്‍വിക്ഷന്‍ മാത്രമാണ് തന്റെ രചനകള്‍ക്ക് പിന്നിലുണ്ടാവേണ്ടത് എന്ന സത്യം മറ്റെഴുത്തുകാരെക്കാള്‍ കൂടുതല്‍ നമ്മെ ബോധ്യപ്പെടുത്തുന്ന എഴുത്തുകാരനാണ് കാക്കനാടന്‍.

'ഏഴാം മുദ്ര' മലയാളവായനക്കാരെ അമ്പരപ്പിന്റെ അത്യതിശയം നിറഞ്ഞ താഴ്വാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ കൃതിയാണ്. ബൈബിളിന്റെയും ഹിന്ദുപുരാണങ്ങളുടെയും ആത്മാവിനെ തൊട്ടറിയാന്‍ ഭാഗ്യമുണ്ടായതാണ് ഏഴാം മുദ്രയുടെ രചനയ്‌ക്ക് സഹായകമായത്. പാപങ്ങള്‍ കൊണ്ട് ലോകം നിറഞ്ഞുകവിയുമ്പോള്‍ പ്രളയത്തെ സ്വീകരിക്കാതെ വയ്യ. ഹിന്ദു, ക്രിസ്‌ത്യന്‍ പ്രമാണഗ്രന്ഥങ്ങളില്‍ അതാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു യുഗത്തിന്റെ അന്ത്യം പ്രളയം മുതലാണെന്ന് കാക്കനാടന്‍ ദൃഢമായി വിശ്വസിക്കുന്നു. പ്രളയത്തില്‍ ഭൂമി മുങ്ങിപ്പോകുമ്പോള്‍ വരാഹം അവതരിച്ച് അതിനെ വീണ്ടെടുക്കുമെന്ന ഹിന്ദുപുരാണവിശ്വാസത്തില്‍ നിന്നാണ് 'ഏഴാം മുദ്ര' ശക്തിനേടുന്നത്. എങ്കിലും ഒരു വിശ്വാസത്തെയും സംരക്ഷിക്കാന്‍ കാക്കനാടന്‍ തയ്യാറാകുന്നില്ല. ഹിന്ദുപുരാണങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തന്നെ സഹായിച്ചത് പിതാവാണെന്ന് അദ്ദേഹം പറയുന്നു. ബൈബിളിനോടൊപ്പം മഹാഭാരതവും രാമായണവും ഖുറാനും ഗ്രീക്ക് പുരാണങ്ങളും വായിച്ച് ഹൃദിസ്ഥമാക്കിയശേഷം അത് മക്കളെകൊണ്ട് വായിപ്പിക്കുകയും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യുകയുമായിരുന്നു കാക്കനാടന്റെ പിതാവ് ഉപദേശിയായിരുന്ന ജോര്‍ജ് കാക്കനാടന്‍ ചെയ്‌തിരുന്നത്. ഭഗവത്ഗീതയിലെ ഒരു പദ്യം തെറ്റിച്ചതിന് പിതാവില്‍നിന്ന് തല്ലുവാങ്ങിയ നിമിഷം കാക്കനാടന്‍ ഇന്നും ഓര്‍ക്കുന്നു. സമ്പന്നമായ ഒരോര്‍മയായി കാക്കനാടന്‍ അത് മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. 'ശ്രീചക്രം' പോലുള്ള കഥകളെഴുതാന്‍ ആ പിതാവിന്റെ ശിക്ഷണവിധികള്‍ കാക്കനാടനെ സഹായിച്ചത് ചെറുതായിട്ടല്ല. ഒരുപദേശിയുടെ വേഷം ധരിച്ചുവെങ്കിലും സര്‍വമതങ്ങളേയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനസ്സിന്റെ സമ്പന്നത അദ്ദേഹത്തിന്റെ മക്കള്‍ പങ്കിട്ടെടുത്തു.

'ഏഴാം മുദ്ര'യുടെ ആത്മാവില്‍ പുണ്യപാപങ്ങളെ ഒരേ തുലാസിലിട്ടാണ് കാക്കനാടന്‍ തൂക്കുന്നത്. ഭക്തരും പാപികളും ഒരേ പാതയിലാണെന്നു ദൈവത്തെപ്പോലെ കാക്കനാടനും കരുതുന്നു. എല്ലാ വിശ്വാസങ്ങളും നഷ്‌ടപ്പെടുന്ന ഇക്കാലത്ത് 'ഏഴാം മുദ്ര'യുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. ന്യായവിധി ദിവസം അടുത്തിരിക്കുന്നു. കര്‍ത്താവ് എഴുന്നള്ളിവരുമ്പോള്‍ ദൂതന്മാര്‍ ജീവന്റെ പുസ്‌തകം അവന്റെ മുന്നില്‍ സ്ഥാപിക്കും. ഏഴു മുദ്രകളിട്ട പുസ്‌തകം. ഈ മുദ്രകള്‍ പൊട്ടിക്കാന്‍ കരുത്തുള്ളവന്‍ ആര് എന്ന ചോദ്യമുയരും. കാല്‍വരിയില്‍ ബലിയായി അറുക്കപ്പെട്ട കുഞ്ഞാട് മാത്രമാണ് കരുത്തനായുള്ളത്. അവന്‍ മുദ്രകള്‍ പൊട്ടിക്കും. ഓരോ മുദ്രയും പൊട്ടിക്കുമ്പോള്‍ ഓരോ ഭീകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകും. വെളിപാടില്‍ പറഞ്ഞിരിക്കുന്നതുപോലെ അതൊക്കെ പ്രതീകങ്ങളാണ്. ആ പ്രതീകങ്ങളുടെ അര്‍ഥം നാം കണ്ടുപിടിക്കണം. പാപികളുടെ ശക്തികള്‍ മുഴുവന്‍ സടകുടഞ്ഞെണീക്കും. സാത്താന്റെ സൈന്യം പടയൊരുക്കും. എങ്കിലോ കര്‍ത്താവിന്റെ കോപം അവരുടെ മേല്‍ പതിക്കും. അവര്‍ക്ക് ഹാ, കഷ്‌ടം. ഇത് ബൈബിള്‍ വചനങ്ങള്‍. കാക്കനാടന്‍ തന്റെ 'ഏഴാം മുദ്ര' എന്ന നോവല്‍~അവസാനിപ്പിക്കുന്നത് എല്ലാ പരിശുദ്ധവിശ്വാസങ്ങള്‍ക്കും മരണവിധി നല്‍കിക്കൊണ്ടാണ്. "മഴ ഒതുങ്ങിയപ്പോള്‍, വെള്ളമിറങ്ങിയപ്പോള്‍, നിറഞ്ഞ നദി കരകളെ ഭീഷണിപ്പെടുത്തിക്കൊണ്ട്, കല്ലുകളെ തട്ടിയുരുട്ടിക്കൊണ്ട്, പ്രവാചകനെ തിരഞ്ഞുകൊണ്ട് വീണ്ടുമൊഴുകി. അവളുടെ തീരങ്ങളില്‍ മണ്ണും മനുഷ്യരും ചത്തുകിടന്നു. ചത്ത മണ്ണിനു നടുവിലൂടെ കലക്കവെള്ളവുമായി നദി ഒഴുകിക്കൊണ്ടിരുന്നു. കാറ്റ് നദിയെ പുണര്‍ന്നു. കാറ്റ് നദിയോട് ചോദിച്ചു "എവിടെ പ്രവാചകന്‍? എവിടെ വാഗ്ദത്തഭൂമി?'' നദി അവിശ്വാസത്തോടെ പുച്ഛത്തോടെ നിശബ്‌ദമായി ഒഴുകിക്കൊണ്ടിരുന്നു, പടിഞ്ഞാറ് കായലിലേക്ക്. കാലവും കാറ്റും അവളോടൊപ്പമൊഴുകി.

'ഉഷ്ണമേഖല'യെഴുതിയത് ചോരയുടെ ചൂടില്‍ നിന്നാണ്. ആ നോവല്‍ പുറത്തുവന്നപ്പോള്‍ കാക്കനാടന്‍ സി. ഐ. എയുടെ ഏജന്റാണെന്ന് ദേശാഭിമാനിയില്‍ ഒരു കമ്യൂണിസ്‌റ്റുകാരനെഴുതി. പക്ഷേ ഇ. എം.എസും. സി. അച്യുതമേനോനും അതിനെ വാഴ്ത്തി പറഞ്ഞത് അതിശയമായി. മക്കള്‍ക്ക് അരവയര്‍ ചോറൂട്ടി ബാക്കിയെല്ലാം കമ്യൂണിസ്‌റ്റുകാര്‍ക്കായി നീക്കിവയ്‌ക്കുന്ന കാക്കനാടന്റെ അമ്മ. ഒരുദിവസം കാക്കനാടന്റെ അമ്മ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റുകാരെ കാത്തിരിക്കുമ്പോഴാണ് പട്ടാഴി കേശവന്‍നായര്‍ ചോരക്കറപുരണ്ട വലിയൊരു കത്തിയുമായി മുറ്റത്തുവന്നുവീഴുന്നത്. ഒരു പോലീസുകാരനെ കുത്തിയിട്ടാണ് കേശവന്‍നായര്‍ വരുന്നത്. "എന്താടാ കേശവാ'' കാക്കനാടന്റെ അമ്മ ചോദിച്ചു. കാക്കനാടന്‍ തീവ്രതയോടെ പറയുന്നു. "കേശവന്‍നായര്‍ അന്നെന്റെ ദൈവമായിരുന്നു.'' മാക്സിം ഗോര്‍ക്കിയുടെ പവേലായിരുന്നു കാക്കനാടന് കേശവന്‍നായര്‍.

മനുഷ്യജീവിതത്തിന്റെ ഉഷ്ണമേഖലകളില്‍ വേട്ടയാടിത്തിമിര്‍ത്ത് നാളെയുടെ കുരുന്നുകളുടെ മനസ്സുകളിലേക്ക് ഇനിയെന്ത് എന്ന ചോദ്യമുയര്‍ത്തിയ കാക്കനാടന്റെ അവസാനകാല കൃതികള്‍ക്ക് എന്തുപറ്റി? 'അടിയറവി'ന് കാക്കനാടന്‍ സമ്മതിക്കില്ല. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലം ശ്രദ്ധേയമായ ഒരു രചനയും സംഭാവനചെയ്യാത്ത കാക്കനാടനില്‍നിന്ന് ഇനി നാം എന്തെങ്കിലും പ്രതീക്ഷിക്കണമോ? കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലത്തിനിടയില്‍ കാക്കനാടന്റേതായി നമുക്ക് കിട്ടിയത് 'കമ്പോള'മാണ്. കാക്കനാടന്‍ എന്ന ശക്തനായ എഴുത്തുകാരന്റെ പ്രതിഭയുടെ ശക്തിചൈതന്യം അതിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ അഭിപ്രായത്തോട് കാക്കനാടന്‍ എന്നോട് തീര്‍ച്ചയായും യോജിക്കില്ല. എങ്കിലും വിയോജിക്കില്ല എന്ന് തീര്‍ത്തും കരുതുന്നു.

"അമൃതിന്റെ പ്രവാഹം നിറുത്താന്‍വേണ്ടി പത്മാസനത്തിലിരുന്ന് ഗുദം ഉറപ്പിച്ച്, വായുവിനെ മുകളിലേക്ക് കുംഭകം ചെയ്‌ത് ഞാന്‍ തപസ്സ് ചെയ്‌തു. നിന്തിരുവടിയെ പഷ്ണിക്കിടാന്‍. അങ്ങനെ നിന്നെ സുഷുമ്നയിലൂടെ മുകളിലേക്ക് ആവാഹിച്ചു. സഹസ്രദളകമലകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന പ്രാണനുമായി ഇണചേരാന്‍ ഹിമഗിരികന്യേ ഞാന്‍ കൊതിച്ചു. ആ ഇണചേരലിലൂടെ എനിക്ക് ബുദ്ധിപരമായ പരിണാമം സംഭവിക്കുമെന്ന്, ഞാന്‍ ജ്ഞാനിയാകുമെന്ന്, നിന്റെ ചക്രരഹസ്യം എനിക്ക് കരഗതമാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു. മഴയത്ത്, വെയിലത്ത്, തണുപ്പത്ത്, ഇരുട്ടത്ത് ഉടുതുണിയില്ലാതെ വിറയ്‌ക്കുന്ന ശരീരത്തെ മറന്ന്, എനിക്ക് ചുറ്റിലും കിടന്ന് കിടുങ്ങിയ പ്രപഞ്ചത്തെ മറന്ന്, ആഗ്രഹനിവര്‍ത്തിക്കായി നിന്റെ രൂപം കാണാന്‍ ശ്രമിച്ച് ജഗദംബികേ അടിയന്‍ ധ്യാനലീനനായിരുന്നു. എട്ടു രസങ്ങളുടെ നിറങ്ങള്‍ എന്റെ ഉള്‍ക്കണ്ണിനുമുന്നില്‍ നിഴലാട്ടം നടത്തി. സത്വത്തിന്റെ, രജസിന്റെ, തമസിന്റെ വര്‍ണങ്ങള്‍ എന്റെ മുന്നില്‍ അതിരുദ്രം ചുറ്റിത്തിരിഞ്ഞും ശോണനദവും ഗംഗയും യമുനയും എന്നെ ചുറ്റിയൊഴുകി.'' കാക്കനാടന്റെ വിഖ്യാതമായ 'ശ്രീചക്രം' എന്ന കഥയില്‍നിന്നടര്‍ത്തിയെടുത്ത രക്ത ശുക്ള ധ്യാനപ്രവാഹങ്ങള്‍ നിറഞ്ഞ ഭാഗമാണിത്.

ഈ കഥയുടെ ആത്മാവുമായി തനിക്ക് അതിനേരിയബന്ധമേയുള്ളൂവെന്ന് കാക്കനാടന്‍ സമ്മതിക്കുന്നു. 'സൌന്ദര്യലഹരിയും' 'ശ്രീചക്രവും' വായിച്ചുകഴിഞ്ഞപ്പോഴുണ്ടായ ആത്മീയചിന്താതലങ്ങളിലെ പുനര്‍ജന്മമാണ് 'ശ്രീചക്രം' എന്ന കഥയെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 'ശ്രീചക്രം' എന്ന കഥയിലെ ഭാഷ തന്റേതല്ലെന്ന് കാക്കനാടന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരുടെ 'സൌന്ദര്യലഹരി'യിലെ ഭാഷ അതുപോലെ ഉപയോഗിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു "സര്‍വതും ശങ്കരാചാര്യരുടേതെന്ന് താങ്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ ഈ കഥയില്‍ താങ്കളുടെ സംഭാവനയെന്താണ്?'' ഒരു നിമിഷംപോലും ആലോചിക്കാതെ കാക്കനാടന്‍ മറുപടി നല്‍കി. "ശ്രീചക്രം എന്ന കഥയിലെ സര്‍വതും ശ്രീശങ്കരാചാര്യരുടേതാണെന്ന് ഞാന്‍ പൂര്‍ണമായി സമ്മതിക്കുന്നു. പക്ഷേ എവിടെയും ഏകാന്തത സൃഷ്‌ടിക്കാതെ, വായനക്കാരന്റെ നിശബ്‌ദതയെ വായനാവേളയില്‍ കൊടുങ്കാറ്റും പേമാരിയുമാക്കി മാറ്റാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീശങ്കരാചാര്യരുടെ ശ്രീചക്രത്തിന് ഞാനും തുല്യാവകാശിയായത്.''

ഒറോത, 99ലെ വെള്ളപ്പൊക്കത്തിലെ മലവെള്ളപ്പാച്ചിലില്‍ ഒരു വീടിനുള്ളിലെ തൊട്ടിലില്‍ കിടന്നുകൊണ്ടാണ് മീനച്ചിലാറിലൂടെ ഒഴുകിവന്നത്. കാക്കനാടന്റെ അമ്മ ഈ അത്യതിശയദൃശ്യത്തിന് സാക്ഷിയായിരുന്നു. ആ അമ്മയാണ് 'ഒറോത'യുടെ യഥാര്‍ഥ അവകാശി. കാക്കനാടന്റെ അമ്മാവന്മാരും കൊച്ചമ്മമാരും ഉള്‍പ്പെട്ട കുടിയേറ്റക്കാരുടെ കഥകളും, ചെമ്പേരിയിലെ താമസവും 'ഒറോത'യെ അണിയിച്ചൊരുക്കാന്‍ കാക്കനാടന് സഹായകമായി. വെള്ളപ്പൊക്കത്തിലൂടെ ഒഴുകിവന്ന് ഒടുവില്‍ വെള്ളംതേടി അപ്രത്യക്ഷമാകുന്ന 'ഒറോത' മലയാളത്തിലെ അപൂര്‍വസവിശേഷതകളുള്ള ഒറ്റപ്പെട്ട കൃതിയാണ്. ഒറോത 'വെള്ളം' എന്ന പേരില്‍ തമിഴ് ഭാഷയില്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ കാക്കനാടന്‍ ഇതറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ ആളിനെ പിടികിട്ടി. കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ കണ്ട് സന്ധിസംഭാഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച നക്കീരന്‍ ഗോപാലനായിരുന്നു പ്രതി. നക്കീരന്റെ പ്രസിദ്ധീകരണസ്ഥാപനമാണ് ഒറോതയുടെ തമിഴ്‌പരിഭാഷ പുറത്തിറക്കിയത്. "താങ്കള്‍ എന്തു നടപടിയെടുത്തു?'' ഞാന്‍ ചോദിച്ചു. കാക്കനാടന്റെ മറുപടി രസകരമായിരുന്നു "അവന്‍ വീരപ്പന്റെ ആളായിരുന്നില്ലേ? എനിക്ക് ജീവനില്‍ ഭയമില്ലേ?'' 'ഒറോത'യെക്കുറിച്ച് എത്ര പറഞ്ഞാലും തീരാതെ പിന്നെയും ഏറെയും അവശേഷിക്കും കാക്കനാടനില്‍. ആഹൂതി തിളയ്‌ക്കുന്ന തിരമാലയാണെന്നും അത് പലതും വഹിച്ചുകൊണ്ടുവരുമെന്നും കാക്കനാടന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ തിമിംഗലം, ചിലപ്പോള്‍ ചാകര, ചിലപ്പോള്‍ ഒരു ഒറോത; അങ്ങനെ വന്നുപോകുമ്പോള്‍ അലകണവും ഏറ്റ ചൂടും മിച്ചം. വരത്തുപോക്കിലൂടെ ഒരു ഊര്‍ജം പകരല്‍. മലയാളത്തില്‍ വായന ഗൌരവമായെടുക്കുന്നവരും നിരൂപകരും ഗൌരവത്തോടെ കണക്കിലെടുക്കാതെപോയ നോവലാണ് 'ഒറോത'. വ്യത്യസ്‌ത ഭാവഭംഗിയുള്ള അക്ഷരങ്ങളില്‍ ശക്തിയും ചൈതന്യവും ഇണചേര്‍ന്നുകിടക്കുന്ന നോവല്‍.

ആ ശബ്‌ദം കാതുകളില്‍ തുളച്ചുകയറി. മുറിയില്‍ വെളിച്ചം നിറഞ്ഞുനിന്നിരുന്നു. നാരായണന്‍കുട്ടി ഞെട്ടി പിറകോട്ട് ചാടി. ഉമാദേവി അന്തര്‍ജനം പിന്‍തിണ്ണയില്‍ മലര്‍ന്നടിച്ചുവീണു. നാരായണനും വീണു. അന്തര്‍ജനം എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ കിടന്നകിടപ്പില്‍ നിന്നെണീക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട് നാരായണന്‍ പറഞ്ഞു "നീയങ്ങട് നോക്കണ്ട ഉമേ''. എന്നിട്ടും ഉമ നോക്കി. ഉമ കണ്ടു. കട്ടിലില്‍ കുന്തിച്ചിരുന്ന് മുകളിലേക്ക് നോക്കി ദേവദത്തന്‍ കൂവുന്നു. "കൊക്കരക്കോ കോ കോ.'' അവന് കോഴിയുടെ മുഖച്ഛായയുണ്ടെന്ന് തോന്നി. "എന്റെ പരദേവതേ'' ഉമാദേവി അന്തര്‍ജനം പ്രജ്ഞയറ്റ് പിന്നാക്കം മറിഞ്ഞു. നാരായണന്‍ സ്വന്തം മേനിയില്‍ തപ്പിനോക്കി. തനിക്ക് തൂവലുകളുണ്ടോ? ചിറകുകളുണ്ടോ? 'കോഴി' എന്ന കൃതിയുടെ രചനയില്‍ നര്‍മവും തീവ്രചിന്തയും ഒന്നിച്ചലിഞ്ഞുചേരുകയാണ്. കെ. പി. അപ്പനെപ്പോലുള്ള നിരൂപകരാരും 'കോഴി'യെ തങ്ങളുടെ ചിന്താമനനത്തിന് തെരഞ്ഞെടുത്തില്ല, എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി അതിന്റെ കാരണം തേടിയിട്ട് കാര്യമില്ലല്ലോ.

ആധുനികതയുടെ തീക്ഷ്‌ണഭാവങ്ങളെ സാക്ഷ്യപ്പെടുത്തിയ കലഹപ്രിയനും എസ്‌റ്റാബ്ളിഷ്‌മെന്റുകള്‍ക്ക് മുന്നില്‍ ധിക്കാരിയുമായ കാക്കനാടന്‍ ഒറ്റപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. ആധുനിക എഴുത്തുകാര്‍ തങ്ങള്‍ ദൈവനിഷേധികളെന്ന് വെളിപ്പെടുത്താന്‍ വ്യഗ്രതകാട്ടിയിരുന്ന കാലത്ത് "ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു'' എന്ന് കാക്കനാടന്‍ തീര്‍ത്തുപറഞ്ഞു. ആ വിശ്വാസം കാക്കനാടന്റെ രചനകളില്‍ അവ്യക്തമായി ലയിച്ചുകിടപ്പുണ്ട്. കാക്കനാടന്റെ രചനകളില്‍ സൌന്ദര്യതലങ്ങളല്ല, ശക്തിയുടെ സ്രോതസ്സുകളാണ് ലയിച്ചു കിടക്കുന്നതെന്ന നിരൂപകരുടെ കണ്ടെത്തലുകളില്‍ ഈ മിന്നാട്ടമുണ്ട്. സുകുമാരപദങ്ങള്‍ കാക്കനാടന്റെ കൃതികളില്‍ കാണാന്‍ പ്രയാസമാണ്. അക്ഷരങ്ങളില്‍ ശക്തിപൂജ ചെയ്യുന്ന ഒരെഴുത്തുകാരന്‍ സുകുമാരപദങ്ങള്‍ ഉപേക്ഷിക്കാതെവയ്യ. അനശ്വരപ്രേമകഥകളൊന്നും കാക്കനാടന്റെ തൂലിക വിഷയമാക്കിയിട്ടില്ല. തെമ്മാടികളെയും അഭിസാരികകളെയും ദൈവസമാനരാക്കിയ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. നീണ്ട കണ്ണുകളും ചുരുണ്ട കറുത്ത മുടിയും ഒതുങ്ങിയ ശരീരവും ഇരുനിറവും കഴുവാലിയുടെ തെന്നലുമുള്ള യുവസുന്ദരികള്‍ ഒട്ടേറെയുണ്ട് കാക്കനാടന്റെ കഥാലോകത്ത്. അവര്‍ യഥാര്‍ഥപ്രണയം എന്തെന്നറിയാത്തവരാണ്. "എന്തുകൊണ്ട് അവര്‍ക്ക് അങ്ങനെ ജന്മം നല്‍കിയത്?'' കാക്കനാടന്റെ മറുപടി ഇങ്ങനെയായിരുന്നു: "യഥാര്‍ഥപ്രണയം ഞാന്‍ അനുഭവിച്ചിട്ടില്ല. നിരവധി പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു. ഞാന്‍ അവര്‍ക്ക് ആവോളം സ്‌നേഹം നല്‍കി. എന്നിട്ടും യഥാര്‍ഥപ്രണയം എന്തെന്നറിയാന്‍ എനിക്ക് കഴിയാതെപോയി.'' ശാശ്വതമൂല്യമുള്ള ഒന്നാണ് പ്രണയം എന്ന് കാക്കനാടന്‍ വിശ്വസിക്കുന്നില്ല. കാക്കനാടന് പ്രണയം ഫാന്റസിയായിരുന്നു, അദ്ദേഹത്തിന്റെ കഥാകാമിനികള്‍ക്കും.

തൊഴിലിനോട് താല്‍പര്യമില്ലാത്ത മലയാളത്തിലെ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. റെയില്‍വേ ജോലിയും ജര്‍മനിയിലെ ഗവേഷണവും വേണ്ടെന്നുവച്ചു. എഴുത്തുകൊണ്ടുമാത്രം ജീവിക്കാമെന്ന വ്യാമോഹമൊന്നും ആദ്യകാലങ്ങളില്‍ കാക്കനാടനുണ്ടായിരുന്നില്ല. പക്ഷേ കാലം കടന്നുപോകുംതോറും കാക്കനാടന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ജോലിക്കായി ജീവിതം പണയം വച്ചിരുന്നെങ്കില്‍ തന്റെ പ്രസിദ്ധമായ പല കൃതികളും ജന്മം കൊള്ളുമായിരുന്നില്ല എന്നുകൂടി കാക്കനാടന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമൂള്ള യാത്രകള്‍ ഒട്ടേറെ പുതിയ അനുഭവങ്ങള്‍ ഈ കഥാകാരന് നേടിക്കൊടുത്തിട്ടുണ്ട്. മൈലം എന്ന ഗ്രാമവും അമ്മു എന്ന അയല്‍ക്കാരിയും അവിടത്തെ മനുഷ്യരും 'പറങ്കിമല' എഴുതുമ്പോള്‍ കാക്കനാടനിലെ സജീവസാന്നിധ്യമായിരുന്നു. 'വസൂരി'യുടെ രചനയില്‍ മൈലവും കൊട്ടാരക്കരയും കഥാഗതിയുടെ ആത്മാംശമാകുന്നു. 'ഉഷ്‌ണമേഖ'ലയില്‍ ഈ സ്ഥലങ്ങളോടൊപ്പം ദല്‍ഹിയുമുണ്ട്. ഒരു കൊല്ലത്തെ യൂറോപ്യന്‍ ജീവിതത്തില്‍നിന്നാണ് 'കാവേരിയുടെ വിളി' പിറന്നത്. മദിരാശി, ബോംബെ, കല്‍ക്കത്ത എന്നീ സ്ഥലങ്ങളിലെ ജീവിതത്തിന്റെ സ്വാധീനം കാക്കനാടന്റെ ഒട്ടേറെ രചനകളില്‍ കാണാം. 'സൂര്യപ്രകാശം' എന്ന കഥയില്‍ മദിരാശിയിലെ വാഷര്‍മാന്‍പെട്ടിന് മുഖ്യസ്ഥാനമുണ്ട്. ബോംബെയിലെ ഗ്രാന്റ്റോഡുമായുള്ള നിത്യപരിചയമാണ് 'മസ്‌ക്രീനാസിന്റെ മരണം' എന്ന കഥ രൂപപ്പെടുത്താന്‍ സഹായകരമായത്. മദിരാശിയിലെ ആള്‍വാര്‍ തിരുനഗറില്‍ താമസിക്കാന്‍ അവസരം ലഭിച്ചതാണ്. 'ആള്‍വാര്‍ തിരുനഗറിലെ പന്നി' എന്ന കഥയുടെ സൃഷ്‌ടിക്ക് പ്രേരണയായത്. പന്നിക്കൂട്ടങ്ങള്‍ തലങ്ങും വിലങ്ങും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ആ റോഡില്‍നിന്ന് തനിക്ക് കണ്ണെടുക്കാനായിട്ടില്ലെന്ന് കാക്കനാടന്‍ ഓര്‍മിക്കുന്നു. കൊച്ചുപന്നികള്‍ വലിയപന്നികളുടെ മുകളില്‍കയറി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കാഴ്‌ചകള്‍ കഥാകാരന് പ്രത്യേകമായ ഒരനുഭൂതിതലം പകര്‍ന്നു നല്‍കി. അത് കണ്ടുനിന്നപ്പോള്‍ ജീവിതത്തിലെ കപടസൌന്ദര്യങ്ങള്‍ ഓര്‍മയിലെത്തി. അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞു "ഈ പന്നികളെത്രഭേദം''. 'ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍' കടലാസില്‍ വാര്‍ന്നുവീഴാന്‍ പിന്നീട് അധികസമയം വേണ്ടിവന്നില്ല.

കാക്കനാടന്റെ 'അര്‍ജന്റീന' എന്ന കഥയ്‌ക്കുപിന്നില്‍ മറ്റൊരു കഥയുണ്ട്. ഈ കഥയുടെ പിറവിക്ക് കാരണമായത് ഒരു ഖനിത്തൊഴിലാളിയാണ്. ജര്‍മനിയിലായിരുന്ന സമയം. പാരീസ്, ബ്രസല്‍സ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ കാക്കനാടന്‍ ഒരു യാത്ര പുറപ്പെട്ടു. ലൈബ്‌സിക്കില്‍നിന്ന് പാരീസിലേക്കുള്ള തീവണ്ടിയിലെ യാത്രയ്‌ക്കിടയില്‍ കാക്കനാടന്‍ ഒരാളെ പരിചയപ്പെട്ടു. മുഖത്താകെ വസൂരിചിഹ്നമുളള, ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭയം തോന്നുന്ന ഒരു രൂപം. പക്ഷേ ആ ഖനിത്തൊഴിലാളി തീര്‍ത്തും പാവവും നിരുപദ്രവിയുമായിരുന്നു. അയാള്‍ തന്റെ കഥ കാക്കനാടനോട് പറഞ്ഞു. ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് അര്‍ജന്റീന. അവിടെ പോവുകയെന്നതാണ് അയാളുടെ ജീവിതാഭിലാഷം. അയാള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തിന്റെ ഒരു പ്രത്യേകത, മൂത്തയാള്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ അനുജന്മാര്‍ക്ക് കൂടി സ്വന്തമാകും. ഒരു സായ്‌പ് ഈ മനുഷ്യനെ കൊണ്ടുപോയി ഖനനത്തില്‍ പ്രത്യേക പരിശീലനം കൊടുത്തു. ആ പരിശീലനത്തിനിടയിലെ കാലയളവ് അയാളുടെ ജീവിതത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകളുയര്‍ത്തി. അപ്പോഴും അയാളുടെ സ്വപ്‌നം അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീന എന്ന വലിയ സ്വപ്‌നവുമായി ജീവിതം തള്ളിനീക്കിയ ആ ഖനിത്തൊഴിലാളി 'അര്‍ജന്റീന' എന്ന കഥയിലേക്ക് സ്വയം കടന്നുകയറുകയാണുണ്ടായതെന്ന് കാക്കനാടന്‍ പറയുന്നു.

രചനകളില്‍ വികാരങ്ങളുടെ വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്‌ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ സമസ്യകള്‍ തേടിയുള്ള നിരൂപകരുടെയും ആസ്വാദകരുടെയും യാത്രകളൊക്കെ കാക്കനാടന്റെ സര്‍ഗചിന്താതലമാനങ്ങളും മഹാമനസ്സിന്റെ ആഴങ്ങളും കാണാന്‍ കഴിയാത്തതായിരുന്നു. ഒരു നിരൂപകന്റെ അഭിപ്രായമാണിത്. ഇതേക്കുറിച്ച് വിസ്‌മരിച്ചുകൊണ്ട് മറ്റൊരു നിരൂപകന്‍ 'അടിയറവി'നെക്കുറിച്ച് രേഖപ്പെടുത്തിയ വരികള്‍ ഉദ്ധരിക്കട്ടെ. "അടിയറവ് എന്ന നോവല്‍ മലയാളഭാഷയുടെ ഈണമായിരുന്നു. എന്നാല്‍ അത് കാക്കനാടന്റെ അടിയറവുമായിരുന്നു.'' കാക്കനാടന്‍ ഈ അഭിപ്രായത്തോട് അന്ന് പ്രതികരിച്ചതിങ്ങനെയാണ് "അടിയറവിനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. പക്ഷേ ഒരു വിയോജിപ്പുണ്ട്. ഒരു രചനയുടെ ഭാഷ നന്നായി, പക്ഷേ ആ കൃതി നന്നായില്ല എന്ന കാഴ്‌ചപ്പാട് അടിസ്ഥാനപരമായി തെറ്റാണ് എന്നാണ് പ്രഗല്‍ഭര്‍ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നോവല്‍ എങ്ങനെ നോവല്‍ സാഹിത്യത്തില്‍ കാക്കനാടന്റെ അടിയറവാകും. അയിടറവ് എന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നു ഞാന്‍ കരുതുന്നു.''

കാക്കനാടന്റെ കഥകള്‍ ശിഥിലസമാധിയില്‍ എന്ന കെ. പി. അപ്പന്റെ നിരൂപണം മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. കാക്കനാടന്‍ അതേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: "ശിഥിലസമാധി എന്ന പ്രയോഗം കെ. പി. അപ്പന്റേതാണ്. നിരൂപകരുടെ അഭിപ്രായം അവരുടേത് മാത്രമാണ്. സമാധി തുറന്ന് പ്രചണ്ഡത അഴിച്ചുവിടാറില്ലേ എന്ന തുടര്‍ഭാഗവും എന്നെ ചിരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിരൂപകര്‍ പറയുന്നതു കേട്ട് എന്റെ അക്ഷരങ്ങള്‍ തിരുത്താനോ ജീവിതവീക്ഷണമോ രചനാരീതിയോ മാറ്റാനോ ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതിന് ഉദ്ദേശ്യവുമില്ല.'' 'പ്ളേഗ്', 'ഔട്ട് സൈസര്‍' എന്നീ വിശ്വപ്രസിദ്ധകൃതികളുമായി കാക്കനാടന്റെ 'വസൂരി'ക്കും 'സാക്ഷി'ക്കും അതിശയകരമായ സാമ്യമുണ്ടെന്ന ഒട്ടേറെ നിരൂപകരുടെ വാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. കാക്കനാടന്‍ ആവര്‍ത്തിച്ച് മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. എങ്കിലും ആ സാമ്യകഥകളുടെ ചൂടകറ്റാന്‍ കാക്കനാടന് കഴിഞ്ഞിട്ടുണ്ടോ? ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രശസ്‌ത നിരൂപകന് കാക്കനാടന്‍ നല്‍കിയ മറുപടിയുടെ അവസാനഭാഗമിതാ "പ്ളേഗ്, വസൂരിപ്രശ്‌നം തല്‍ക്കാലം വിടുന്നു. പേരിലെ സാമ്യം മാത്രം. പകര്‍ച്ചവ്യാധികളല്ലേ രണ്ടും, പരാതികളുണ്ടാവാം. ഇതെല്ലാം കഴിഞ്ഞല്ലേ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് 'കോളറക്കാലത്തെ പ്രണയം' എഴുതിയത്. മാര്‍ക്കേസും അനുകരിച്ചതാവുമോ? എനിക്കെതിരെ ഇനിയും പരാതികള്‍ വരാന്‍ വകുപ്പുണ്ട്. 'ഏഴാംമുദ്ര' പുറത്തുവരുന്നതിന് മുന്‍പ് ബര്‍ഗ്‌മാന്‍ 'സെവന്‍ത് സീല്‍' എന്ന വിശ്വവിഖ്യാത സിനിമ നിര്‍മിച്ചിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഞാന്‍ പ്രതിക്കൂട്ടില്‍ തന്നെ. ശിക്ഷ വിധിക്കുന്ന കോടതിക്ക് ഇത്തിരി വിവരമുണ്ടായിരിക്കണമെന്ന ഒരപേക്ഷയേ എനിക്കുള്ളൂ.

കാക്കനാടന്റെ ആദ്യകഥ 'കാലപ്പഴക്കം' മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നതിന് മുന്‍പുതന്നെ ഞാന്‍ അദ്ദേഹവുമായി സൌഹൃദം സ്ഥാപിച്ചിരുന്നു. അക്കാലത്ത് ഞാന്‍ പ്രസിദ്ധീകരിച്ചിരുന്ന 'വാനമ്പാടി' എന്ന സാഹിത്യമാസികയില്‍ കാക്കനാടനും ഒ. വി. വിജയനും എം. മുകന്ദനും എം. പി. നാരായണപിള്ളയു മൊക്കെ എഴുതിയിരുന്നു. 'വാനമ്പാടി'യുടെ സംരക്ഷകനും ഉപദേഷ്‌ടാവും കാമ്പിശ്ശേരി കരുണാകരനായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ എന്റെ ഗുരുസ്ഥാനീയന്‍. 'സാഹിത്യവാരഫലം' എഴുതിത്തുടങ്ങുന്നതിന് മുന്‍പ് എം. കൃഷ്ണന്‍നായരുടെ 'നവസാഹിത്യചിന്തകള്‍' എന്ന പേരില്‍ ഒരു പംക്തിയും വാനമ്പാടിയിലുണ്ടായിരുന്നു. കാക്കനാടന്‍ തന്റെ ആദ്യകാല കൃതികളിലൂടെ അതിപ്രശസ്‌തനായതിനുശേഷമാണ് സ്ഥിരതാമസത്തിനായി കൊല്ലത്തെത്തുന്നത്. കാക്കനാടന്റെ കൊല്ലത്തെ ആദ്യത്തെ ഒരു ദശാബ്‌ദക്കാലം. അന്ന് അതിശക്തമായ മനസ്സും അപൂര്‍വത നിറഞ്ഞ വ്യക്തിത്വവുമില്ലായിരുന്നെങ്കില്‍ ആ കാലത്തെ അതിജീവിക്കാന്‍ കാക്കനാടന് കഴിയുമായിരുന്നില്ല. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലും ദിവസവും എട്ടും പത്തും പേര്‍ക്ക് സമൃദ്ധമായി ആഹാരം വിളമ്പിയതെങ്ങനെയെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. ഇത്തരം ഒരവസ്ഥ വന്നിരുന്നെങ്കില്‍ ഒ. വി. വിജയന്‍ ആത്മഹത്യചെയ്യുമായിരുന്നു. സാമ്പത്തികത്തകര്‍ച്ചയുടെ മുന്നിലും കാക്കനാടന്‍ അമ്മിണി ദമ്പതികളുടെ ജീവിതത്തില്‍ സമ്പന്നത എവിടെ നിന്നുവന്നു. മഹാഭാരതത്തിലെ പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്റെ അത്യാധുനികമാതൃക അമ്മിണിയുടെ കൈവശമുണ്ടായിരുന്നോ? കാക്കനാടന് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജീവിതരീതിയിലും സ്വഭാവത്തിലും വിശ്വാസങ്ങളിലും സാഹിത്യരചനയിലും പ്രത്യേകിച്ചൊരുമാറ്റവുമില്ലാത്ത ഇപ്പോഴത്തെ സാക്ഷാല്‍ കാക്കനാടന്‍ തന്നെയായിരിക്കും.

സര്‍വസൌഭാഗ്യങ്ങളും ത്യജിച്ച് ദല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയ കാക്കനാടന്‍ ആദ്യം താമസിച്ചത് കടപ്പാക്കടയിലായിരുന്നു. തുടര്‍ന്ന് തേവള്ളിയിലും. അന്ന് ആസ്വാദകര്‍ക്ക് ഒരു തീര്‍ഥാടനസ്ഥലംപോലെയായിരുന്നു തേവള്ളിയിലെയും കടപ്പാക്കടയിലെയും കാക്കനാടന്റെ വാടകവീടുകള്‍. ഇപ്പോള്‍ കാക്കനാടന്റെ ഇരവിപുരത്തെ അര്‍ച്ചന തീര്‍ത്തും ശാന്തമാണ്. കാക്കനാടനും ഒരു താപസന്റെ പരിവേഷമാണ്. ശാന്തമായ അന്തരീക്ഷം ആവാഹിച്ച അര്‍ച്ചനയിലിരുന്ന് കാക്കനാടന്‍ പറയുന്നു: "കൊടുങ്കാറ്റുകളെയും പേമാരിയെയും ഇനിയും അക്ഷരങ്ങളില്‍ ആവാഹിക്കാന്‍ എനിക്കു കഴിയും''. നമുക്കിത് വിശ്വസിക്കുക. കാക്കനാടന്റെ ജേഷ്‌ഠന്‍ ഇഗ്നേഷ്യസും അനുജന്മാരായ തമ്പിയും രാജനും കാക്കനാടനെ കാണാനെത്തുന്ന അതിഥികളോടൊപ്പം പകലുകളെ രാത്രികളിലേക്ക് പകര്‍ന്ന് സൌഹൃദം പങ്കിടുമായിരുന്നു. പുതിയ പുസ്‌തകങ്ങളെയും ആനുകാലികങ്ങളില്‍ വരുന്ന ശ്രദ്ധേയമായ കലാസൃഷ്‌ടികളെയുംകുറിച്ചുള്ള ചര്‍ച്ചകള്‍. അത് അര്‍ധരാത്രിയോളം നീണ്ടുപോകുമായിരുന്നു. 'രാത്രിമഴ'യും 'പൂതപ്പാട്ടും' 'രാവണപുത്രി'യും 'കുറത്തി'യും അര്‍ധരാത്രികളെ വര്‍ണാഭയാര്‍ന്ന പകലുകളാക്കി മാറ്റിയിരുന്നു.

'ഉഷ്‌ണമേഖല' പുറത്തിറങ്ങിയതിന്റെ ഏഴാംദിവസമാണ് ഞാനും കാക്കനാടനും കൂടി കൊല്ലത്തെ റസ്‌റ്റ് ഹൌസിലെ മുകളിലത്തെ മുറിയില്‍വച്ച് ഇ. എം.എസിനെ കാണുന്നത്. തുറന്നുവച്ചിരുന്ന അദ്ദേഹത്തിന്റെ സ്യൂട്ട്കേസില്‍ 'ഉഷ്ണമേഖല' ഇരിക്കുന്നതുകണ്ടു. അദ്ദേഹം അത് വായിച്ചുകഴിഞ്ഞിരുന്നു. "ഉഷ്ണമേഖലയ്‌ക്ക് ഒരു രണ്ടാംഭാഗം വേണ്ടേ?'' ഇ.എം.എസ്. ചോദിച്ചു. "വേണം. തീര്‍ച്ചയായും എഴുതും.'' കാക്കനാടന്‍ മറുപടി നല്‍കി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ഇന്നും എഴുതിയിട്ടില്ല. ഇനി അദ്ദേഹം എഴുതുമെന്ന് നാം കരുതുന്നത് വിഡ്ഢിത്തമാണ്. കാക്കനാടന്‍ ഇനിയും ഇക്കാര്യം സമ്മതിക്കുമെന്ന് തോന്നുന്നില്ല. 'ഉഷ്ണമേഖല' എഴുതുന്ന കാലത്ത് കാക്കനാടന്‍ കമ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്നു. ഇന്ന് കാക്കനാടന്‍ സ്വതന്ത്രനാണ്. പക്ഷേ 'ഉഷ്ണമേഖല'യുടെ രണ്ടാഭാഗം പ്രതീക്ഷിക്കേണ്ടെന്ന് കാക്കനാടന്റെ ചിരിയും ചിന്തയും മൌനവും പരിഹാസവും കലര്‍ന്ന മാനസികഭാവങ്ങള്‍ വ്യക്തമാക്കുന്നു.

രാത്രിയുടെ മഹാമൌനത്തിലേക്ക് ഇരമ്പിയാര്‍ക്കുന്ന മഹാസാഗരങ്ങളെ അക്ഷരങ്ങളിലാവാഹിച്ച് മലയാളസാഹിത്യഭാഷയ്‌ക്ക് ചൈതന്യം വര്‍ധിപ്പിച്ച കാക്കനാടന്റെ ജീവിതത്തിലെ കാവ്യഭംഗികള്‍ക്കും കൌതുകമുണര്‍ത്തുന്ന സ്വകാര്യജീവിതനിമിഷങ്ങള്‍ക്കും അവസാനമില്ല. മഹാനദിക്ക് സമാനനായിത്തീര്‍ന്ന ഈ അവസ്ഥയിലും ഈ സര്‍ഗധനന്റെ രചനകളിലെ പുണ്യവും പാപവും വേര്‍തിരിക്കാന്‍ കഴിയാത്തവിധം വിലയിച്ചുകിടക്കുന്നു. മലയാളകഥാസാഹിത്യത്തില്‍ കാക്കനാടന്‍ പുണ്യാളനോ പാപിയോ? പുണ്യാളനേയും പാപിയേയും ഒന്നായി സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാക്കനാടനോട് ഈ ചോദ്യം ചോദിക്കുന്നതില്‍ എന്തര്‍ഥം? ക്ഷോഭിക്കുന്നവരുടെയും വിഡ്ഢികളുടെയും ചരിത്രങ്ങള്‍ സമാഹരിച്ച് പുതിയജീവിതഗാഥകള്‍, അലയാഴികള്‍പോലെ അലറിമറിഞ്ഞ കഥകളില്‍ അലിയിപ്പിക്കാന്‍ കഴിഞ്ഞതാണ് കാക്കനാടനെ മലയാളസാഹിത്യത്തില്‍ വ്യത്യസ്‌തനാക്കുന്നത്. കാമമാണ് മനുഷ്യചേതനയുടെ അന്തഃസത്തയെന്ന്, ക്ഷോഭവും കണ്ണീരും കിനാവും ഒപ്പം പരിഹാസവും തന്റെ രചനകളില്‍ നിറച്ചുകൊണ്ട് കാക്കനാടന്‍ നമ്മെ ബോധ്യപ്പെടുത്തി. എല്ലാവരും യൂസഫ് സരായിയിലെ ചരസ്സ് വ്യാപാരികളാണെന്ന് പറഞ്ഞ കാക്കനാടനെ നാം കുറേക്കൂടി ആഴത്തില്‍ അംഗീകരിക്കുകയാണുണ്ടായത്. പ്രവചനത്തിന്റെ പൊരുള്‍ സുഖസ്വപ്‌നങ്ങളും സൈക്കഡലിക് സ്വപ്‌നങ്ങളും ഇണചേര്‍ന്നതാണെന്ന് ഈ എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
"ഞാന്‍ അല്‍ഫയും ഒമേഗയും ആദിയും അന്തവുമാകുന്നു'' എന്ന ബൈബിള്‍ വചനത്തിനുള്ളില്‍ ഒളിച്ചിരിപ്പാണ് കാക്കനാടന്‍. എപ്പോഴും ഞാന്‍ യാത്രയിലാണ് എന്ന് കാക്കനാടന്‍ പറയുന്നതിന്റെ രഹസ്യവുമതാണ്. ഭൌതികജീവിതത്തിലെ സമ്പന്നസൌഭാഗ്യങ്ങളില്‍ ജീവിതസായൂജ്യം നേടിയിരുന്ന ഒ. വി. വിജയന്‍ ഒരു പ്രത്യേകനിമിഷത്തിലാണ് ആത്മീയതയുടെ അര്‍ഥം തേടി യാത്രതിരിച്ചത്. ആ യാത്രയുടെ ആരംഭത്തിനും അവസാനത്തിനും നാം നിശബ്‌ദസാക്ഷികളായിരുന്നു. ആത്മീയരഹസ്യം തേടിയുള്ള യാത്രയല്ല കാക്കനാടന്‍ തന്റെ ജീവിത്തിലും സാഹിത്യരചനകളിലൂടെയും നടത്തുന്നത്. യാത്രയുടെ ലക്ഷ്യം യാത്രയെന്ന് ആവര്‍ത്തിക്കുന്ന കാക്കനാടനോട് തുടര്‍ന്ന് ഒന്നും ചോദിച്ചിട്ട് കാര്യമില്ല.


*****

വി. ബി. സി. നായര്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ