Monday, May 12, 2014

സര്‍വം റിലയന്‍സ് വിഴുങ്ങുമ്പോള്‍

രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കിങ് സംവിധാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 95 ശതമാനം പ്രവര്‍ത്തനങ്ങളും ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നായ റിലയന്‍സ് ഗ്രൂപ്പിന് കൈമാറുന്നതിന് അതീവരഹസ്യമായി ഒപ്പിട്ട കരാര്‍വിവരം പുറത്തുവിട്ടത് "ദേശാഭിമാനി"യാണ്. പാസ്പോര്‍ട്ട് വിതരണച്ചുമതല ടാറ്റയെ ഏല്‍പ്പിച്ചതോടെ പാസ്പോര്‍ട്ട് ഓഫീസുകളാകെ നോക്കുകുത്തിയായ അവസ്ഥ എസ്ബിഐയുടെ കാര്യത്തിലും ഉണ്ടാകുമെന്ന് വസ്തുതകള്‍സഹിതം തുടരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. കരാര്‍ പുതിയതല്ലെന്നും 2011 മുതല്‍ കരാര്‍ ഉണ്ടെന്നുമായിരുന്നു അതില്‍ ബാങ്ക് അധികൃതരുടെ വിശദീകരണം. ബിസിനസ് കറസ്പോണ്ടന്റ് കരാര്‍ മാത്രമാണ്, മുംബൈ ലോക്കല്‍ ഹെഡ് ഓഫീസിനു കീഴില്‍ ഒരു ബ്രാഞ്ചില്‍ പരീക്ഷണാര്‍ഥം നടപ്പാക്കുന്നതാണ് എന്നൊക്കെയുള്ള വിശദീകരണവും വന്നു. ഈ വിശദീകരണങ്ങള്‍ തികച്ചും നിരര്‍ഥകമാണെന്ന് കരാറിലെ വ്യവസ്ഥകള്‍ തെളിയിക്കുന്നു. ഏതായാലും റിലയന്‍സുമായി കരാര്‍ ഒപ്പുവച്ചെന്ന കാര്യം എസ്ബിഐ തുറന്നുസമ്മതിച്ചു. കരാറിന്റെ വിശദാംശങ്ങള്‍ എല്ലാ ബാങ്ക് ശാഖകളിലും എത്തിക്കുകയും ചെയ്തു. "ദേശാഭിമാനി" വാര്‍ത്തകളെ തുടര്‍ന്നാണ് ഇതിന് നിര്‍ബന്ധിതമായത്.

കരാര്‍ രഹസ്യമാക്കിവച്ചത് മറ്റൊന്നുകൊണ്ടുമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്നാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി ഭയന്നാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കരാര്‍ ഒപ്പിട്ടതും രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍വച്ചാണ്. ഈ കരാര്‍ സാമ്പത്തികമേഖലയിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം അതീവ ഗുരുതരമാണ്. അതോടൊപ്പം രണ്ടരലക്ഷത്തോളംവരുന്ന ജീവനക്കാരുടെ തൊഴില്‍സുരക്ഷിതത്വം ഇല്ലാതാകുകയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും.

രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയുന്ന ബാങ്കിങ് മേഖല നിക്ഷേപകരുടെ ചെലവില്‍ മുതലാളിമാരുടെ ആസ്തി വര്‍ധിപ്പിക്കാന്‍മാത്രം ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിലും പുറത്തും നടന്ന നിരന്തര പോരാട്ടങ്ങളെ തുടര്‍ന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രൂപംനല്‍കിയത്. നാട്ടുരാജ്യങ്ങളുടെ ട്രഷറി ഇടപാടുകളടക്കം നടത്തിവന്ന സ്റ്റേറ്റ് സെക്ടര്‍ ബാങ്കുകളും എസ്ബിഐയും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് കാര്യമായ ഇടപെടല്‍ നടത്തി. ധാരാളം ശാഖകള്‍ തുറന്നു. എന്നാല്‍, അവയ്ക്കുമാത്രമായി വിശാലമായ രാജ്യത്തിലെ ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന ഘട്ടത്തിലാണ് ബാങ്ക്ദേശസാല്‍ക്കരണം നടപ്പില്‍വന്നത്. അങ്ങനെയാണ് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ 90 ശതമാനവും പൊതുമേഖലയുടെ നിയന്ത്രണത്തിലായത്.

എന്നാല്‍, മന്‍മോഹന്‍സിങ് ധനമന്ത്രിയായതോടെ ഇതിന് മാറ്റം വന്നു. അദ്ദേഹം നിയമിച്ച നരസിംഹം കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ബാങ്കിങ് സ്വകാര്യവല്‍ക്കരണത്തിന്റെ രൂപരേഖയായി. ബാങ്കുകളുടെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന് എന്ന സ്ഥിതിമാറി. കുറെ സ്വകാര്യ ബാങ്കുകള്‍ ആരംഭിച്ചു. കടത്തിന്റെ പേരുപറഞ്ഞ് ചില സര്‍ക്കാര്‍ ബാങ്കുകള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിഞ്ഞില്ല. ബാങ്കിങ്ങിന്റെ 80 ശതമാനവും ഇപ്പോഴും പൊതുമേഖലയുടെ നിയന്ത്രണത്തിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ വീണ്ടും സ്വകാര്യമേഖലയില്‍ ബാങ്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. വന്‍ കോര്‍പറേറ്റ് വ്യവസായ ഗ്രൂപ്പുകളടക്കം അപേക്ഷ നല്‍കി. എന്നാല്‍, വന്‍ വ്യവസായ ഗ്രൂപ്പുകളുടെ അപേക്ഷകള്‍ തല്‍ക്കാലം പരിഗണിച്ചില്ല. കോര്‍പറേറ്റ് അപേക്ഷകരില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ എന്ന കമ്പനിയുമുണ്ടായിരുന്നു. ഈ റിലയന്‍സ് ക്യാപിറ്റലിന്റെ കീഴിലുള്ള റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായാണ് എസ്ബിഐ കരാര്‍ ഒപ്പിട്ടത് എന്നുവരുമ്പോള്‍ വളഞ്ഞ വഴിയിലൂടെ ഏറ്റവും വലിയ ബാങ്കിനെത്തന്നെ വിഴുങ്ങുകയായിരുന്നുവെന്ന് വ്യക്തം.

റീട്ടെയില്‍ ബാങ്കിങ് ജോലികള്‍ ഏതാണ്ട് പൂര്‍ണമായും കൈമാറുംവിധത്തിലാണ് കരാര്‍. ഇതുവരെ പൊതുമേഖലാ ബാങ്കുകളിലൊന്നിലും സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. പുതിയ വ്യവസ്ഥപ്രകാരം ഇത്തരം അക്കൗണ്ട് തുറക്കാന്‍ ഗ്രാമീണ, ചെറുകിട നഗരങ്ങളില്‍ 25 രൂപ ഫീസ് ഈടാക്കും. വന്‍ നഗരങ്ങളില്‍ ഫീസ് 100 രൂപയാണ്. 100 രൂപയുമായി ബാങ്കില്‍ചെന്ന് അക്കൗണ്ട് തുടങ്ങി ആ തുകതന്നെ ഒന്നാമത്തെ സമ്പാദ്യമായി കണക്കില്‍ ചേര്‍ത്ത് പാസ് ബുക്ക് വാങ്ങാന്‍ കഴിയുമായിരുന്നതില്‍ നിന്ന് അക്കൗണ്ട് തുടങ്ങുന്ന കാശിനുപുറമെ റിലയന്‍സിന് കമീഷനും കൊടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാചകവാതകത്തിനും പൊതുവിതരണത്തിനും ഉള്‍പ്പെടെയുള്ള സബ്സിഡികള്‍, ഇതര സര്‍ക്കാര്‍ സഹായങ്ങള്‍, പെന്‍ഷനുകള്‍ തുടങ്ങിയവയ്ക്കെല്ലാം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. കൂടാതെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതിയും നടപ്പായിവരികയാണ്. ഇതൊക്കെ കാരണം ബാങ്കുകളിലേക്ക് ചെറുകിട ഇടപാടുകാരുടെ കുത്തൊഴുക്കു നടക്കുന്ന ഘട്ടത്തിലാണ് ഈ സ്വകാര്യവല്‍ക്കരണ പദ്ധതി എന്നത് ശ്രദ്ധേയമാണ്.

ബിസിനസ് കറസ്പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റര്‍ തുടങ്ങിയ പേരുകളില്‍ വ്യക്തികളെയും ചെറുകിട സ്ഥാപനങ്ങളെയും ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാനുള്ള ശ്രമം ബാങ്കുകള്‍ നടത്തിയിരുന്നു. അത് വേണ്ടത്ര വിജയിച്ചില്ലെന്നുമാത്രമല്ല, ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും പണം തിരിമറി നടത്തിയ വിവരവും പുറത്തുവന്നു. അതെതുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും അക്ഷയ പോലുള്ള സേവനകേന്ദ്രങ്ങള്‍ക്കും ഇത്തരം ജോലികള്‍ കൈമാറാന്‍ നീക്കംനടക്കുകയാണ്. ചുരുക്കത്തില്‍ എല്ലാ റീട്ടെയില്‍ ബാങ്കിടപാടുകളും പുറംകരാര്‍ വഴി മുഖ്യധാരാ ബാങ്കിങ് ചാനലില്‍നിന്ന് എടുത്തുമാറ്റി, അത്തരം സേവനങ്ങള്‍ക്കെല്ലാം ഇടപാടുകാരനുമേല്‍ ഫീസ് ചുമത്തി, ബാങ്കിങ് സേവനം സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള രൂപരേഖയാണ് ഈ കരാര്‍. ഏറ്റവും വലുതും ആദ്യത്തേതുമായ പൊതുമേഖലാ ബാങ്കില്‍ നിന്നുതന്നെ പരീക്ഷണത്തിന് തുടക്കം കുറിച്ചുവെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതര ബാങ്കുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതോടെ ബാങ്കിങ്ങിന്റെ സേവനമുഖം നഷ്ടമാകുകയും എല്ലാം ലാഭാധിഷ്ഠിതഘടനയിലേക്ക് മാറുകയും ചെയ്യും. ജനങ്ങളുടെ ചെറുകിട സമ്പാദ്യസമാഹരണവും അതിന്റെ സുരക്ഷയും പ്രധാനമാണ്. ജനങ്ങളെ പിഴിഞ്ഞ് പരമാവധി ലാഭം തട്ടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമുള്ള കോര്‍പറേറ്റുകള്‍ക്ക് ഇതൊന്നും കാര്യമല്ല.

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ കരാറിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും സര്‍ക്കാരിന്റെയും ബാങ്കിന്റെയും സമീപനം മാറ്റുമെന്നോ കരാര്‍ റദ്ദാക്കുമെന്നോ പ്രതീക്ഷിക്കുന്നത് മൗഢ്യമാകും. ജനകീയ ഇടപെടലിലൂടെ മാത്രമേ ഇതില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ കഴിയൂ. അത്തരം ഒരു പ്രതിരോധത്തിന് രാജ്യവ്യാപകമായ ജനകീയമുന്നേറ്റം അനിവാര്യമായിരിക്കുകയാണ്.
*
deshabhimani editorial 12-05-2014

No comments: