Friday, May 9, 2014

ഭൂമിയിലെ മിന്നലും ആകാശങ്ങളിലെ നീരൊഴുക്കും

'Poetry is the journal of a sea animal living on  land, wanting to fly in the air'-Carl Sandburg.

സൈബര്‍ കവിത പൊതുവില്‍ അതിവേഗപ്രതികരണങ്ങളുടെ ഭാവപ്രയോഗമാണ്. ഒന്നും നോക്കാതുള്ള ഒരാളല്‍, ഉള്ളില്‍ ഒതുങ്ങാത്ത ഒരൊഴുകല്‍, അടയിരിക്കാനുള്ള മടി, ഒന്നുമില്ലായ്മയെ എന്തെങ്കിലുമൊക്കെയാക്കാനുള്ള പിടച്ചില്‍, പൊരുതല്‍ അസാധ്യമാവുമ്പോള്‍ പിറക്കുന്ന പരിഹാസം, പൂര്‍വഭാരങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യം, ഭാഷയില്‍ ശരണം, ഗദ്യം കൈവരിച്ച അപൂര്‍വ സ്വാതന്ത്ര്യം, വെട്ടിയെഴുതാനുള്ള വീറ്, എന്താ ഇങ്ങനെയായാല്‍ എന്ന ഭാവം, അമ്പരപ്പിക്കുന്ന വൈവിധ്യം എന്നിങ്ങനെ ബഹുസ്വഭാവമാണ് പുതുകവിത പൊതുവില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരത്തിലുള്ള മാതൃകകളുടെ തനിയാവര്‍ത്തനങ്ങളെ ചെറുത്തും, മുന്‍കാലങ്ങളില്‍ ആധിപത്യം പുലര്‍ത്തിയ ഏകപക്ഷീയ നിരീക്ഷണങ്ങളെ നിരാകരിച്ചും, നിവര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍, അത്യന്തം അലസമായി രചനയില്‍ ചിതറിപ്പോകുന്നവര്‍ വരെ പഴയ കവികളിലെന്നപോലെ പുതിയ കവികളിലും കാണാന്‍ കഴിയും! എന്നാല്‍ പുതിയ കവിത ഒരു സാമൂഹ്യഗണം എന്ന നിലയില്‍ സൃഷ്ടിച്ച സ്ഫോടനം പഴയ കാവ്യലോകത്തെ വ്യത്യസ്ത തലങ്ങളില്‍ വിചാരണചെയ്യുംവിധം പുതിയ മാനങ്ങളാര്‍ജിച്ച് കഴിഞ്ഞിരിക്കുന്നു. "വായനക്കാര്‍ എഴുത്തുകാരാവട്ടെ" എന്ന് മുമ്പ് മുണ്ടശ്ശേരി പറഞ്ഞത്, കവിതയുടെ മണ്ഡലത്തിലാണ് ഇപ്പോള്‍ ഏറ്റവും നന്നായി നടപ്പിലായിരിക്കുന്നത്. കവിയെ ചൂഴ്ന്നുനിന്ന പഴയ താരപ്പൊലിമകളെല്ലാം പൊളിഞ്ഞു കഴിഞ്ഞിരിക്കുന്നു. കവിതക്കുണ്ടായിരുന്ന ഗൗരവനാട്യത്തിനും ഇനി പഴയപോല്‍ നിലനില്‍ക്കാനാവാത്ത ഒരവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. എ സി ശ്രീഹരിയുടെ ഒരു കവിതയുടെ പേര്, "പാഠം-രണ്ട് കവിത (വൃത്തം വീരാന്‍കുട്ടി)" എന്നത്രെ! "കവിത/ അച്ചടിയുടെ വടിവിനും/ വായനയുടെ വിടവിനും/ഇടയിലൂടെ പൂത്തുനില്‍ക്കുന്നു/ നാട്ടുമൊഴികളില്‍/ കേട്ടുകേള്‍വികളില്‍/ പച്ചമലയാളം ബ്ലോഗുകളില്‍"(എ സി ശ്രീഹരി).

ഒരര്‍ഥത്തില്‍ സാങ്കേതികവും ഏറെ വരേണ്യവുമായിരുന്ന കവിതയുടെ പഴയ കെട്ടുപാടുകളാണ് ഇപ്പോള്‍ പൊട്ടിവീണിരിക്കുന്നത്. കൃഷ്ണഗാഥയുടെ രചനക്ക് നിമിത്തമായെന്ന് കരുതുന്ന "ഉന്തുന്ത്", വിഷ്ണുപ്രസാദിന്റെ വേറൊരു "ഉന്തുന്തുന്തുന്തുന്തു"ന്നെവുമ്പോഴും പി പി രാമചന്ദ്രന്റെ "മാമ്പഴക്കാലം", മാധവന്‍ പുറച്ചേരിയുടെ മാമ്പഴ(േ)ക്കാലം ആവുമ്പോഴും, എം ആര്‍ വിഷ്ണുപ്രസാദിന്റെ "സംസ്കാരം", ശവസംസ്കാരം മാത്രമാവുമ്പോഴും, "എന്റെ നാമത്തില്‍ ദൈവം", "പാപ്പാന്‍ ആനയുടെ വളര്‍ത്തുമൃഗം", "ഒരിടത്തൊരു പ്ലാവില്‍ മാങ്ങയുണ്ടായി" എന്നിങ്ങനെ വിമീഷ് മണിയൂര്‍ മുഷിപ്പന്‍ സാമാന്യതകളെ തിരുത്തിയെഴുതുമ്പോഴും; ജഗദീശ്വരന്റെ ആത്മസ്വരമായ "ഓംകാര"ത്തിനുപകരം "ഉംകാരം" എന്ന് ടി പി വിനോദ് എഴുതുമ്പോഴും, സംഭവിക്കുന്ന "കീഴ്മേല്‍ മറിച്ചില്‍" ചെറുതല്ല. "കിഴക്കും പടിഞ്ഞാറും നോക്കാറില്ല/ വടക്കുതെക്കു ശ്രദ്ധിക്കാറില്ല/ തേച്ചുമിനുക്കിയ ഔപചാരികതയില്‍/ ചുളിവ് വീഴുന്നത് ഇഷ്ടമല്ല/ സുന്ദരിഭാര്യ/ നല്ലവീട്/ അത്രമാത്രം" എന്ന സെബാസ്റ്റ്യന്റെ "അ-ദ്ദേഹം" എന്ന പേരിലുള്ള കവിത സ്കാന്‍ ചെയ്ത് കണ്ടെത്തിയ രോഗാവസ്ഥയോടാണ് സൈബര്‍ കവിതകളും പൊതുവില്‍ എതിരിട്ടുകൊണ്ടിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ നിളാപാര്‍ക്കില്‍ പ്രശസ്ത യുവകവി ശ്രീജിത്ത് അരിയല്ലൂരിന്റെയും, സൈബര്‍സ്പേസിലെ സജീവസാന്നിധ്യമായി മാറിയ കവി ഉസ്മാന്‍ മുഹമ്മദിന്റെയും, സാംസ്കാരികകാവ്യകലാരംഗങ്ങളിലെ നിത്യസാന്നിധ്യമായ വി പി ഷൗക്കത്തലിയുടെയും നേതൃത്വത്തില്‍, സൈബര്‍ എഴുത്തുപ്രതിഭകള്‍ക്ക് പ്രാധാന്യംനല്‍കി "പലര്‍മ" സാംസ്കാരികവേദി സംഘടിപ്പിച്ച ഒന്നാം സാഹിത്യസമ്മേളനം, മലയാളസാഹിത്യത്തിന്റെ മാറുന്ന മുഖഛായയുടെ പരിഛേദമായി മാറിയതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് എന്റെ സമീപകാലത്തെ സാംസ്കാരിക പ്രവര്‍ത്തനത്തിലെ ആഹ്ലാദകരമായ അനുഭവങ്ങളില്‍ ഒന്നായിരുന്നു. ഒ പി സുരേഷ്, ജയദേവന്‍, നിദര്‍ശ് രാജ്, നിസ്തുല്‍രാജ്, വിഷ്ണുപ്രസാദ്, ഹരി ആനന്ദകുമാര്‍, എ കെ വിനോദ് പൊന്നാനി, ജയദേവ് നായനാര്‍, ഹരിശങ്കരന്‍ അശോകന്‍, അജിത ടി വി, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ബാബു രാമചന്ദ്രന്‍, സുധീര്‍രാജ്, അഭിലാഷ് എടപ്പാള്‍, അരുണ്‍ പല്ലിശ്ശേരി തുടങ്ങി നിരവധി പ്രതിഭാസമ്പന്നരുടെ ഇടപെടല്‍ കാവ്യാന്വേഷണങ്ങളിലെ സര്‍ഗാത്മക സംഘര്‍ഷങ്ങളുടെ അനുഭവാവിഷ്കാരമായി ആ കാവ്യകൂട്ടായ്മക്ക് കരുത്തും കാന്തിയും പകര്‍ന്നു.

സത്യത്തില്‍ മലയാളഭാഷ മനുഷ്യന് നല്‍കിയ കാവ്യാത്മക നിര്‍വചനങ്ങളിലൊന്നാണ് നിങ്ങളുടെ "പലര്‍മ" എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രസ്തുത സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം അന്ന് ഞാന്‍ നിര്‍വഹിച്ചത്. ചിന്തിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ "ഹോമോസാപ്പിയന്‍സ്", നിര്‍മിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ "ഹോമോഫാബര്‍", കളികളില്‍ വ്യാപരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ "ഹോമോലുഡന്‍സ്" എന്നിങ്ങനെയുള്ള നിര്‍വചനങ്ങള്‍ക്കൊപ്പം ഒരുപക്ഷേ അതിനെല്ലാം മുമ്പില്‍ നില്‍ക്കാന്‍ കഴിയുംവിധമുള്ള "മനുഷ്യ" നിര്‍വചനമായിരിക്കാന്‍ "പലര്‍മ"ക്ക് കഴിയുന്നത്, മനുഷ്യര്‍ പലതിന്റെയും ഒരുമിക്കല്‍, ഗംഭീരമായ കലര്‍പ്പ് എന്ന അര്‍ഥത്തിലുള്ള ഒരു പ്രക്രിയയായതുകൊണ്ടാണ്. പലതരം കലര്‍പ്പുകള്‍ സംഭവിച്ചതുകൊണ്ട് മാത്രമാണ് നരവംശം ആവിര്‍ഭവിച്ചത് എന്ന് തിരിച്ചറിയുന്നതോടെ സമസ്ത "ശുദ്ധി"വാദങ്ങളും അസ്തമിക്കും. "ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റ് ജീവികള്‍തന്‍ സഹായം" എന്ന് ബ്രഹ്ത് എഴുതിയത് കലര്‍പ്പിനുള്ള സ്വാഗതഗാനം കൂടിയാണ്.

കലയും സാഹിത്യവും സൂക്ഷ്മാര്‍ഥത്തില്‍ "ശുദ്ധിവാദങ്ങള്‍ക്കെതിരെ" കലര്‍പ്പ് നേടിയ വിജയമാണ് വിളംബരം ചെയ്യുന്നത്. സാമൂഹ്യ പുരോഗതി മുന്നോട്ട് പോകും മുറക്ക് കലര്‍പ്പിന്റെ തരവും തോതും വര്‍ധിക്കുകതന്നെ ചെയ്യും. സ്വന്തമായ ശരീരം എന്നുപോലും ഉറപ്പിച്ച് പറയാനാവാത്തവിധം അവിടെയും പലതരം കുലുക്കികുത്തുകള്‍ നടക്കും. ആ അര്‍ഥത്തില്‍, സൈബര്‍ കവിതകള്‍ വ്യത്യസ്ത തരത്തിലുള്ള പലര്‍മകളുടെ സമാഹാരമാണ്. പോസ്റ്റര്‍, പരസ്യം, മുദ്രാവാക്യം, സിനിമ, ഇതരഭാഷകള്‍ ഒന്നും കാവ്യ നിര്‍മിതിയില്‍ അതിനന്യമല്ല. "പോ മോനേ ദിനേശാ" മുതല്‍, "വഴി മാറടാ മുണ്ടക്കല്‍ ശേഖരാ...." മുതല്‍ എന്തുമതില്‍ ശിരസ്സുയര്‍ത്തിത്തന്നെ നില്‍ക്കും. "ഓം" എന്ന ദാര്‍ശനിക മാനമുള്ള പരികല്പനയെ സാദാ "ഉം" കൊണ്ടത് പ്രതിരോധിക്കും. വേണ്ടി വന്നാല്‍, "ഫെയ്സ്ബുക്കിലെ മെസേജ് താഴ്വാരത്തില്‍" അവര്‍ കപ്പക്കൊമ്പ് കുത്തും! ആ "അവയവം"തന്നെ സര്‍ജറികൂടാതെ പരസ്പരം സ്ഥാനം മാറ്റിവയ്ക്കും! എത്ര വടിച്ചാലും വളരുന്ന "രോമ"ത്തിന്റെ ഇതിഹാസമെഴുതും. "വടിക്കപ്പെടാതെ രക്ഷപ്പെട്ട ഏകാന്തരോമത്തിനു"വേണ്ടി വന്നാല്‍ ഒരു സ്മാരകം - രോമമഹല്‍ - പണിയും. "പട്ടിയുടെ മനുഷ്യജന്മമാണ് പക്ഷികള്‍" എന്ന് കണ്ടെത്തും.

ഷവര്‍മ്മയില്‍ "കഫംചെയ്ത മയ്യത്തുകളെ" ഒളിച്ചുവയ്ക്കും! പൗരര്‍ എന്ന സിറ്റിസണ്‍സും, "വലയര്‍" എന്ന് തല്‍ക്കാലം വിളിക്കാവുന്ന "നെറ്റിസണ്‍സും"; പഴക്കമുള്ള "അ ബുക്കും" പുതിയ "ഇ ബുക്കും" എല്ലാം കൂടിക്കലരുന്ന ഒരിടത്തിലാണ് പുതിയ എഴുത്തുകള്‍ ഇന്ന് "കലഹിക്കുന്നത്". നോര്‍മന്‍ കസിന്‍സിന്റെ കണക്കനുസരിച്ച് ഹിറ്റ്ലറുടെ മെയിന്‍കാഫിലെ ഓരോ വാക്കിനും നഷ്ടമായത്, നൂറ്റിയിരുപത്തിയഞ്ച് മനുഷ്യ ജീവിതങ്ങളാണ്. മാനവികത മിടിക്കുന്ന ഓരോ കവിതയും, അതെങ്ങിനെ ആകാശങ്ങളില്‍ കൈ വീശി നടന്നാലും, മെയിന്‍കാഫുകള്‍ക്കെതിരെയുള്ള സമരങ്ങളാണ്. അതിലെ എരിയുന്ന വാക്കുകള്‍ എത്രയോ പേര്‍ക്കുള്ള രക്ഷയാണ്. മറ്റു വിധത്തിലായിപ്പോവാമായിരുന്ന "ഊര്‍ജങ്ങളെ" മനുഷ്യരിലേക്ക് ഉള്‍ച്ചേര്‍ക്കുന്ന പാതിമുറിഞ്ഞ കിനാവുകളാണ് പുതുകവിതകളില്‍നിന്നും മിഴി തുറക്കുന്നത്. "നിറങ്ങള്‍ സ്വരച്ചേര്‍ച്ചയുടെ ഗസലുകള്‍ പാടുന്ന ഒരു ലോകം കണികാണുക" ഇന്ന് പ്രയാസമാണ്. എന്നാല്‍ അത്തരമൊരു ലോകം കിനാവുകാണുക അസാധ്യമല്ല! "വന്‍ ചളിയെത്ര ചവിട്ടി ഞാന്‍/ തീരത്ത് പുഞ്ചിരിയൊന്ന് വിരിഞ്ഞു കാണാന്‍" എന്ന് വൈലോപ്പിള്ളി; "എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചു വറ്റിച്ചുനാം, ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍" എന്ന് കക്കാട്. കോപ്പിയടിച്ചതല്ല, അത്രമേല്‍ സംഘര്‍ഷഭരിതമായ, സമാനസന്ദര്‍ഭങ്ങളിലൂടെ തീര്‍ത്തും വ്യത്യസ്തമായ രണ്ട് കാലങ്ങളില്‍ നിന്നവര്‍ പരസ്പരമറിയാതെ എഴുതിപ്പോയതാണ്. എണ്‍പതുശതമാനം ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം ഒരു ദിവസം ഇരുപത് രൂപ! അപ്പോഴാണ് ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്നും, അതല്ല സൗന്ദര്യസംരക്ഷണത്തിനുവേണ്ടി മനുഷ്യര്‍ സ്വയം ഭക്ഷണം ഉപേക്ഷിക്കുന്നതാണെന്നും മഹാന്മാര്‍ തര്‍ക്കിക്കുന്നത്. വികസിക്കുകതന്നെയാണ് ഇന്ത്യ! അപ്പോഴാണ് "ഡിക്കിയിലെന്താണ്? ഡിക്കിയിലെന്താണ്?" എന്ന എം ആര്‍ വിഷ്ണുപ്രസാദിന്റെ കവിത വല്ലാത്തൊരാശ്വാസമാവുന്നത്! "ഡിക്കിയില്‍ ഞങ്ങളുടെ തലകള്‍/ തേങ്ങ തേങ്ങ/ തേങ്ങാക്കൊല/ എന്ന ഭാവത്തില്‍ അക്ബറും/ ഡിക്കിയിലെന്താണ്/ ഡിക്കിയിലെന്താണ് എന്ന ഭാവത്തില്‍ ഞാനും/ തലയില്ലാതെ നില്‍ക്കുമ്പോള്‍/ ഞങ്ങളില്‍ നിന്നകന്നു പോകുന്ന കാര്‍/ ഞങ്ങള്‍ക്ക് ഒരിക്കലും/ പോകേണ്ടാത്ത ഒരിടത്തേക്ക്/ ഞങ്ങളില്ലാതെ/ ഞങ്ങളുടെ തലകളുമായ്..." "ഭാവനയുടെ അന്ത്യം" ആഘോഷിക്കാന്‍ ആരെയും അനുവദിക്കയില്ലെന്നുതന്നെയാണ് സൈബര്‍ കവിതയും പ്രഖ്യാപിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് "ആത്മാവ്" നിര്‍മിച്ചു നല്‍കുന്ന പരസ്യഭാവനയെത്തന്നെയാണവരും പ്രതിരോധിക്കുന്നത്. "സുഭിക്ഷതയുടെ പാല്‍മണമിറ്റും ചുണ്ടുകളില്‍/ മുദ്രാവാക്യങ്ങള്‍ പുറപ്പെടാതെ കുരുങ്ങി നില്‍ക്കുമ്പോള്‍" എന്ന കെ വി പ്രശാന്ത് കുമാറിന്റെ "പൊള്ളല്‍" എന്ന കവിത പങ്കുവയ്ക്കുന്ന, "നീറ്റല്‍" തന്നെയാണ്, "യന്ത്രത്തെ മാനുഷികമാക്കുന്ന" സൈബര്‍ കവിതകളിലധികവും സ്വന്തം രീതികളില്‍, ആവിഷ്കരിക്കുന്നത്.

"എഴുത്തച്ഛനെപ്പോലെ എഴുത് എന്ന് ഭാഷാ മുന്‍ഷി/ നമ്പ്യാരെപോലെ തുളള് എന്ന് പദചടുല കാമുകര്‍/ അവന്‍ പോലെയായില്ല/ അറിയാവഴികളിലൂടെ ഒറ്റക്ക് നടന്നു/ അവന്റെ വേദന കവിതയായിത്തീര്‍ന്നു" എന്ന രാവുണ്ണിയുടെ പ്രശസ്തമായ "കവിതുരുത്ത്" സത്യത്തിലിപ്പോള്‍ രൂപംകൊണ്ടിരിക്കുന്നത് സൈബര്‍ ലോകത്തിനുള്ളിലാണ്! "ചങ്ങമ്പുഴ"യെ ആഴത്തില്‍ അനുഭവിച്ചതുകൊണ്ടുമാത്രം, സ്വന്തമായൊന്ന് ആളാന്‍പോലും കഴിയാതെ പോയവരുടെ, പിന്‍മുറക്കാരായല്ല, മറിച്ച് ഏതര്‍ഥത്തിലും "സ്വന്തം മുറ"ക്കാര്‍ മാത്രമായാണിവരില്‍ പലരും എഴുതിക്കൊണ്ടിരിക്കുന്നത്! പൂര്‍വകാവ്യപരിചയം, പുരാണപരിചയം എന്നിവ ഇല്ലാത്തതുകൊണ്ടുമാത്രം ഇനി മുതല്‍ ആരും ഭാവനാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതില്ലെന്നാണവര്‍, സ്വന്തം സര്‍ഗശക്തികൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

പരിമിതിക്ക് സര്‍ഗാത്മകതയുടെ സ്പര്‍ശമേല്‍ക്കുമ്പോള്‍ സാധ്യതയുടെ ചിറകുകള്‍ മുളക്കുന്നതാണ് ചില സൈബര്‍ രചനകളിലെങ്കിലും നാം കാണുന്നത്. രണ്ട് യുട്ടോപ്യയില്‍ ഉള്ളതും എന്നാല്‍ കോര്‍പറേറ്റ് ഉട്ടോപ്യയില്‍ ഉണ്ടാവാനിടയില്ലാത്തതുമായ ഒന്ന് "കവിത"യായിരിക്കും. ഉട്ടോപ്യയില്‍ "പുലി" പൂവാകും, ചെന്നായ ആടാവും. ഒരേ പുഴയില്‍ ഒന്നിലേറെത്തവണ മുങ്ങാനാവില്ല. എങ്കില്‍ ഞാന്‍ മുങ്ങിയ പുഴ എവിടെ മുങ്ങിപ്പോയിട്ടുണ്ടാവും എന്ന് ഷാജി അമ്പലത്ത് ചോദിക്കും! എന്നാല്‍ കോര്‍പറേറ്റ് ഉട്ടോപ്യയില്‍ ഒന്നിനും അതിന്റെ സത്യമോ, അതിന്റെതന്നെ സ്വപ്നംപോലുമോ ആകാനാവില്ല. ഒരു വ്യാപാരിയായി മാറിയപ്പോള്‍ കവി റിംബോ എഴുത്ത് നിര്‍ത്തി. ഈ നടപടി തീര്‍ച്ചയായും സത്യസന്ധമായ ഒന്നുതന്നെയാണ് എന്ന് യെവ്തുഷംഗോ ആത്മകഥയില്‍! ക്രയവിക്രയങ്ങളുടെ കൃത്യം കണക്കില്‍ "കോര്‍പറേറ്റ് ഉട്ടോപ്യ" കൂവിയാര്‍ക്കും. ഉട്ടോപ്യ എന്നും കണക്കുകള്‍ക്കൊക്കെയുമപ്രാപ്യമായ ഒരു ലോകം കിനാവു കാണും. സാക്ഷാല്‍ "ഉട്ടോപ്യ" എഴുതിയ തോമസ്മൂറിന് നഷ്ടമായത്, സ്വന്തം ശിരസ്സാണ്. അധികാരത്തിന്റെ മറുപുറം അന്വേഷിച്ചതിനാണയാള്‍ കുരിശേറിയത്. എവിടെയായിരിക്കുമ്പോഴും "കവിത", കവിത ചോരുന്നൊരു കാലത്തോടുള്ള കലഹമാവും! വെറുതെയി രുന്ന് മടുത്ത് മടുത്തിട്ടാവാം, അല്ലെങ്കില്‍ ജീവിതവേഗങ്ങളില്‍ വീണവര്‍ എഴുന്നേല്‍ക്കുമ്പോള്‍ സംഭവിക്കുന്നതാവാം കവിത. എറിഞ്ഞുടക്കാനൊരു അധികമുഖമില്ലാത്തതിനാലും, കണ്ണാടി എറിഞ്ഞു കളയാനുള്ള മണ്ടത്തരമില്ലാത്തതിനാലും, എടങ്ങാറായവരാണ്, "കവിതയില്‍" സ്വന്തം മുഖവും അത് കാണാനുള്ള കണ്ണാടിയും കണ്ടെടുക്കുന്നത്.

"അവര്‍ ഫ്ളവര്‍വെയ്സിലെ പൂക്കള്‍കണ്ട്, ഉദ്യാനം മുഴുവന്‍ പുഷ്പിച്ചുവെന്ന് വിശ്വസിക്കുന്ന വിഡ്ഢികളല്ല". "സ്വര്‍ണത്തരിവളകളുടെ വാഗ്ദാനം കേട്ടുകേട്ട്, സ്വന്തം കാലിലെ ചങ്ങലകളുടെ കിലുക്കം കേള്‍ക്കാതാവുന്ന ബധിരരുമല്ല". കാഴ്ചയും കേള്‍വിയുമെല്ലാം "കണക്കെടുത്ത് പോവുന്ന" ഒരു കമ്പോളവാഴ്ചക്കെതിരെ ചിലപ്പോള്‍ കുതറുകയും, പലപ്പോഴും കരയുകയും ചെയ്യുന്ന, "വാക്കുരുക്കി"കളാണ് "വാളും വീണയും" നിര്‍മിക്കാനാവാതെ, മൗനത്തിലും ബഹളത്തിലും നില്‍ക്കാനാവാതെ കാവ്യലോകത്തിപ്പോള്‍ നിവര്‍ന്ന് നില്‍ക്കുന്നത്. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയിലേക്കവര്‍ വേണ്ടത്ര വേണ്ടതെല്ലാം ഇല്ലാതിരുന്നിട്ടും ഒരു "പാലം" കെട്ടുകയാണ്. അവര്‍ക്കെല്ലാം ഉണ്ടായാല്‍, ഉറപ്പ്, പിന്നെയീവിധം കവിതകള്‍ പെയ്യുകയില്ല. എവിടെയൊക്കെയോ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയാണ് "കവിത"ക്കു കാരണമെങ്കില്‍, പെരുകുന്ന കവിതക്ക് കാരണം പിളര്‍ന്ന് മുറിയുന്ന അതേ അസന്തുലിതാവസ്ഥകളുടെ അസ്വസ്ഥ വളര്‍ച്ചയാണ്. എഴുതാതിരുന്നാല്‍ വീഴുമെന്ന വേവലാതിയില്‍നിന്നുണ്ടാവുന്ന എഴുത്ത്, സ്വയം ആവിഷ്കാരമായി തീരുന്ന അതിജീവനമാണ്.

സ്വയം നിര്‍വഹിക്കുന്ന സാന്ത്വനചികിത്സയുടെ ചുരുക്കെഴുത്താവും കവിതകളിങ്ങനെ, അങ്ങനെ എത്രയോ പിറക്കുകയാണ്. ഇന്ന് "മനസ്സെന്ന" ഒരൊറ്റ വാക്കാണ് വലിച്ചും വെട്ടിയും കുറുക്കിയും ഒരുപാട് വിധങ്ങളില്‍ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. "സമഗ്രത"യോ പഴയ ആദിമധ്യാന്ത പൊരുത്തമോ, പ്രതീക്ഷിക്കുന്നവരെ അത് പൊള്ളിക്കും. ശിഥിലതയുടെ സംഭ്രമസൗന്ദര്യംകൊണ്ടാണത്, കാവ്യപതിവുകള്‍ പൊളിക്കുന്നത്. "ഒരു റോസ് റോസാണെന്ന്, റോസാണെന്ന്, റോസാണെന്ന്" കരുതുംവിധമുള്ള ആവര്‍ത്തനങ്ങളോടോ പരമ്പരാഗത ധ്വനികളോടോ അല്ല, "പൊട്ടിക്കലും" കണ്ടുപിടുത്തങ്ങളും പിളര്‍പ്പുകളും ചേരായ്കകളും ഒരുക്കുന്ന ഒരോര്‍ക്കസ്ട്രയോടാണ് പുതുകവിത ചേര്‍ന്നിരിക്കുന്നത്. അറബികള്‍ക്ക് സിംഹങ്ങള്‍ക്ക് അമ്പത് വാക്കും, തേനിന് 80 വാക്കും പാമ്പിന് 200 വാക്കും വാളിന് ആയിരത്തിലേറെ വാക്കും ഉണ്ടത്രെ! പുതുകവിതകളില്‍ കുത്തഴിഞ്ഞ മനസ്സിന്റെ കോലാഹലം സൂചിപ്പിക്കാന്‍, ഒരൊറ്റ വാക്കാണുള്ളത്. എങ്ങനെയും കുത്തിമറിയുന്ന സ്വന്തം മനസ്സെന്ന "കവിത"തന്നെയണത്. ആദ്യം "പദ്യം" പൊളിഞ്ഞു.

പിന്നെ വരേണ്യ "കാവ്യപാരമ്പര്യ" പ്രതീക്ഷകളും ചോദ്യവിധേയമായി! ബാക്കിയായ എന്തുമാവാം കവിത! പക്ഷേ എവിടെയെങ്കിലുമൊരു സര്‍ഗമുദ്ര, മനുഷ്യസ്പര്‍ശം, വേറിടല്‍ഭംഗി, ഒരസ്വസ്ഥചുഴി, കുതറല്‍.... അതൊക്കെമതി ഇന്ന് വാക്മാന്ത്രികത്വത്തിന് കവിതയായി സ്വയം പ്രഖ്യാപിക്കാന്‍ എന്നിപ്പോള്‍ തീര്‍പ്പായിരിക്കുന്നു. മനുഷ്യരായിരിക്കാന്‍ മനുഷ്യര്‍ നടത്തുന്ന നിരന്തരശ്രമങ്ങളില്‍ ഒന്ന് മാത്രമായി തീര്‍ന്ന "സൗന്ദര്യവിനിമയം" മുമ്പും "നിയമനിഷേധം" നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ നിഷേധിക്കാനൊരു നിയമംപോലുമില്ലാത്തവിധം ഇത്രമേല്‍ അത് നഗ്നമാവുന്നത് ഇപ്പോള്‍ മാത്രമാണ്. സൊറകള്‍, കത്തുകള്‍, ദിനസരികള്‍, ദിവാസ്വപ്നങ്ങള്‍, ഉരുളക്കുപ്പേരികള്‍, സംഭാഷണങ്ങള്‍, മിണ്ടാട്ടമില്ലായ്മകള്‍, അത്ഭുതങ്ങള്‍, അമര്‍ഷങ്ങള്‍ നിസ്സംഗതകള്‍, ആസക്തികള്‍, അസംബന്ധങ്ങള്‍ തുടങ്ങി എന്തും അതിവേഗ പ്രതികരണംവഴി കാവ്യദൗത്യം നിര്‍വഹിക്കുന്ന ഭാവലോകമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അദൃശ്യ അധിനിവേശങ്ങള്‍ക്കെതിരായ "ഒളിയുദ്ധങ്ങള്‍" മുതല്‍, ഒന്നിനും വേണ്ടിയല്ലാത്ത "വാക്കെറിയലുകള്‍" മുതല്‍ കൊള്ളരുതായ്മകളില്‍ ചെന്നുകൊള്ളാന്‍ പാകത്തിലുള്ള മിസ്സൈലുകള്‍ മുതല്‍, അബോധവന്യതകളുടെ തീമഴ മുതല്‍ പുതുകവിത, വൈവിധ്യമാര്‍ന്നതും, വ്യത്യസ്ത ലാവണ്യസാന്ദ്രത പുലര്‍ത്തുന്നതുമാണ്. മനുഷ്യന് ഒരെതിര്‍പദമുണ്ടെങ്കില്‍ അതെന്തായായലും മൃഗമല്ല! മറിച്ച് മനുഷ്യരില്‍ വ്യത്യസ്ത അനുപാതത്തിലും, താളക്രമത്തിലും, പ്രകാരഭേദങ്ങളിലും പ്രത്യക്ഷപ്പെടുന്ന കവിതയെ ചോര്‍ത്തുന്ന അധിനിവേശമാണ്. മണ്ണും മനസ്സും പൂവും ആകാശവും നക്ഷത്രവും വെള്ളവും കാറ്റും, അടങ്ങുന്ന ആകാശഭൂമി ആഴികള്‍ക്ക് മുകളില്‍പോലും "പാണ്ടികശാല" കെട്ടുന്നവര്‍ക്കെതിരെയുള്ള രോഷമാണ്; ചിലവഴികളില്‍ വളരുമ്പോഴും, പലവഴികളില്‍വച്ചും തളരുന്ന മനുഷ്യരുടെ ശബ്ദമാണ് ഇന്ന് കവിതയായി തളിര്‍ക്കുന്നത്.

മൂന്ന് "സാമാന്യനാമം" എന്ന നിലയില്‍ സെസില്‍ റോഡ്സില്‍ നിന്നും വള്ളത്തോളിലേക്കുള്ള ദൂരമാണ് അധിനിവേശത്തില്‍നിന്നും കവിതയിലേക്കുള്ള അകലം! വെട്ടിപ്പിടിക്കാന്‍, വെട്ടിമുറിക്കാന്‍ കോളനിയാക്കാന്‍ ഇനിയെന്തുണ്ട് ബാക്കി! ഈശ്വരാ എല്ലാം വെട്ടിപ്പിടിച്ച് കഴിഞ്ഞല്ലോ! എന്നായിരുന്നു സെസില്‍റോഡ്സിന്റെ വിലാപം! തലക്കുമുകളിലെ വിസ്തൃതമായ ആകാശത്തില്‍ തിളങ്ങിനിന്ന നക്ഷത്രങ്ങളിലേക്ക് എന്നെങ്കിലും എത്താന്‍ കഴിഞ്ഞാല്‍, അപ്പോള്‍ എനിക്ക് അവയെയും കീഴടക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്താണ് മുമ്പ് സെസില്‍റോഡ്സ് കോരിത്തരിച്ചത്. "എന്നാല്‍ ചക്രവാളങ്ങള്‍ക്കപ്പുറം ചൂടുകള്‍ ഞെട്ടിവന്നു, പിറന്ന നക്ഷത്രമേ നീയുണരുക" എന്ന് പാടുകയാണ് നമ്മുടെ അയ്യപ്പപണിക്കര്‍ ചെയ്തത്. വള്ളത്തോളാവട്ടെ, അതിനും മുമ്പേ സ്നേഹമസൃണതയോടെ "താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു, താരകളെ നിങ്ങള്‍ നിശ്ചലരായ്, നിങ്ങള്‍തന്‍ കൂട്ടത്തില്‍ നിന്നാരാനും ഭംഗമാര്‍ന്നൂഴിയില്‍ വീണുപോയോ" എന്നാണവരോട് തിരക്കിയത്. "ആകാശം കുടിച്ച് മത്തനായ"തിനെക്കുറിച്ച് ഓര്‍മക്കുറിപ്പുകളില്‍ പാബ്ലോ നെരൂദ എഴുതിയതും, "എന്തുനേടീ ജീവിതത്തില്‍ ചോദിക്കുന്നു നക്ഷത്രങ്ങള്‍, എല്ലാം കൊടുത്തുഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി" എന്ന് പി പാടിയതും ഓര്‍ക്കുന്നു. പറഞ്ഞുവരുന്നത്, "സൈബര്‍കവിത" അതിന്റെ സര്‍വ വൈവിധ്യങ്ങളോടെയും, കമ്പോളം അലങ്കോലപ്പെടുത്തിയ ഒരധിനിവേശകാലത്തോടുള്ള വിയോജനക്കുറിപ്പായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്നാണ്. പല കാരണങ്ങളാല്‍ എഴുതാതിരിക്കാമായിരുന്നിട്ടും, അതെങ്ങനെയും ഇങ്ങനെയുമൊക്കെയായി എഴുതപ്പെടുന്നത് അതുകൊണ്ടാവണം! "ക ടവീു വേലൃളീൃല ക മാ" എന്നതിന്, "ക ംൃശലേ വേലൃലളീൃല ക മാ" എന്നൊരു "തിരുത്ത്" എഴുതിയത് പുതുകവിതയാണ്.

"പദ്യങ്ങളെഴുതി കൂട്ടുവിന്‍ കൂട്ടുകാരെ" എന്ന് ആരുടേയും പ്രത്യക്ഷപ്രോത്സാഹനമില്ലാതിരുന്നിട്ടും; കണക്കുകൂട്ടി കഴിഞ്ഞുകൊള്ളുവിന്‍ എന്ന കമ്പോളത്തിന്റെ പരോക്ഷ കല്പനകളുണ്ടായിട്ടും "ഇതൊക്കെയാണോ കവിത" എന്ന സാമ്പ്രദായികസൗന്ദര്യ സമീപനങ്ങളുടെ കുറ്റാരോപണമുണ്ടായിട്ടും അവരെഴുതുക തന്നെയാണ്. "കല്ലിനുള്ളിലെ കല്ലും", "കാറ്റിനുള്ളിലെ കാറ്റും", "കാലത്തിനുള്ളിലെ കാലവും" കണ്ടെത്താന്‍ അവരും സ്വന്തം വഴി വെട്ടുകയാണ്. "പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍" എന്ന പൂര്‍വകാല മുന്നറിയിപ്പുകള്‍ മനസ്സിലുള്‍ക്കൊണ്ടും, എന്നാല്‍, അതിനെ മുറിച്ചുകടന്നും അവര്‍ മുന്നേറുകയാണ്. നല്ലത് മാത്രമല്ല പൊട്ടയും, തിളങ്ങുന്നത് മാത്രമല്ല മങ്ങിയതും, അത്ഭുതപ്പെടുത്തുന്നത് മാത്രമല്ല അലോസരപ്പെടുത്തുന്നതും അതിലുണ്ടാവും. സര്‍ഗാത്മക അച്ചടക്കത്തിന്റെ സ്വയംശിക്ഷ അനുഭവിച്ചും അരാജകവും വന്യവുമായ ആകുലതകളെ ഒരെഡിറ്റിങ്ങും കൂടാതെ തുറന്നുവച്ചും, തോന്നുംപടിയുള്ള ഒരു എഴുത്തായിരിക്കുമ്പോഴും ചിലപ്പോഴെങ്കിലും അതിനുമപ്പുറമുള്ള, "വേറെഴുത്തായി" അത് വളരുകതന്നെയാണ്. അടങ്ങിയിരിക്കാനാവായ്മയും, കൂസലില്ലായ്മയും, കലാത്മകതയും വേര്‍തിരിക്കാനാവാത്തവിധം കൂടിക്കുഴയുകയാണ്. യുവകവികള്‍ക്ക് നികനോര്‍ പാറ നല്‍കിയ പഴയ നിര്‍ദേശം, ഇപ്പോഴാണ് ഏറ്റവും നന്നായി നടപ്പിലാക്കപ്പെടുന്നത്! മുന്‍പിന്‍ പരിഗണനകളില്ലാത്ത തോന്നുംപടി എഴുത്തിനെ നിരുപാധികം പിന്തുണച്ചതോടൊപ്പം നികനോര്‍ പാറ അന്നേ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. "കവിതയില്‍ എല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യവസ്ഥമാത്രം: ഒഴിഞ്ഞ പേജില്‍ നിങ്ങള്‍ മുന്നേറണം." പ്രയാസകരമായ ഈയൊരു ദൗത്യം എത്രത്തോളം സാക്ഷാത്ക്കരിക്കപ്പെട്ടു എന്നുള്ളത് സവിശേഷപഠനങ്ങളുടെ വിഷയമാണ്. എന്നാല്‍ സാമാന്യമായി നിസ്സംശയം പറയാവുന്നത്, പുതുകവിത, ഏതൊക്കെയോ തരത്തില്‍ ജീവിതമാകെ മൂടാനിടയാകുമായിരുന്ന ഒരു മടുപ്പിനെ; അതിനെ മുറിച്ചുകടക്കാനെന്നോണം അധികാരവ്യവസ്ഥ അഴിച്ചുവിട്ട "കമ്പോളകിണ്ണാന്തങ്ങളെ" മറിച്ചിടാന്‍ കഴിയുംവിധം കരുത്താര്‍ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന സത്യമാണത്. കവിതയില്‍ സംഭവിച്ച ജനാധിപത്യം ആദ്യകാല രാഷ്ട്രീയ "ജനാധിപത്യം" നേരിട്ട പഴി ഇപ്പോഴും കേള്‍ക്കേണ്ടിവരുന്നു എന്നുള്ളത് ഒരു രണ്ടാംവട്ട പ്രഹസനമായി മാറുന്ന ഒന്നാംവട്ടം ദുരന്തത്തിനുമപ്പുറമുള്ള ഒരശ്ലീല ആവര്‍ത്തനമാണ്. ഗ്രീസിലെ അഭിജാതവര്‍ഗം, "കണ്ട അണ്ടന്റെയും അടകോടന്റെയും" അധികാര പ്രവേശം അനിവാര്യമാക്കുമെന്നവര്‍ ഭയപ്പെട്ട ജനാധിപത്യത്തെ ഒരു തെറിപ്പദമായി അപഹസിക്കുകയാണാദ്യം ചെയ്തതത്. പിന്നീടതിനെ പിടിച്ചെടുക്കുകയും! അതുപോലെതന്നെയാണ്, കവിതയിലെ ജനാധിപത്യത്തെയും പലരും കൈകാര്യം ചെയ്യുന്നത്. കേന്ദ്രങ്ങള്‍ തകര്‍ക്കുംവിധമുള്ള പാര്‍ശ്വവല്‍കൃതരുടെ പ്രക്ഷോഭമാണ് ഭാവത്തിലും രൂപത്തിലും വായനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പലവിധ കാരണങ്ങളാല്‍, ഉപേക്ഷിക്കപ്പെട്ടവര്‍ ആഘോഷപൂര്‍വം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ദളിതര്‍, സ്ത്രീകള്‍, വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍, മാറാരോഗികള്‍ ഉള്‍പ്പെടെ ആരും മാറിനില്‍ക്കുന്നില്ല ഈ പുതിയ ഭാവനാ പ്രയോഗസമരത്തില്‍! "തോട്ടക്കാട്ടെ കവനമണി, കവക്കട്ടെ കാണട്ടെ വൃത്തം" എന്ന സ്ത്രീവിരുദ്ധവ്യംഗ്യത്തോടെയായിരുന്നു പ്രതിഭാസമ്പന്നയായ തോട്ടക്കാട്ട് ഇക്കാവമ്മയെ കവിതയെഴുതിയതിന്റെ പേരില്‍, അന്നത്തെ ആഢ്യവര്‍ഗം നേരിട്ടതെങ്കില്‍, ഇന്നതേ കാവ്യദൗത്യം അന്നത്തേതിനേക്കാള്‍ നന്നായി നിര്‍വഹിക്കുന്ന അവരുടെ ആധുനിക കാല സഹോദരിമാരോട് അവ്വിധമുള്ള "വ്യംഗ്യതോന്ന്യാസങ്ങള്‍" പറയാന്‍ ആരുടെയും നാവ് പൊന്തില്ല! അത്രമേല്‍ സ്ത്രീപക്ഷ സാന്നിധ്യം ഇന്ന് എഴുത്തായി വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു.

"എന്റെ ചെരിപ്പില്‍ തുളഞ്ഞുകയറിയ ആണി ഗെഥേയുടെ എല്ലാ ഭാവനകളെക്കാളും ഭീകരമാണെന്നെനിക്കറിയാം" എന്ന മയക്കോവ്സ്ക്കിയുടെ വരികള്‍ പുതിയ എഴുത്തിന്റെ മാറിവന്ന പശ്ചാത്തലത്തെയാണ് ശരിക്കും ആവിഷ്ക്കരിക്കുന്നത്. കയറാന്‍ കാടില്ലാത്തതുകൊണ്ടാവാം, പറക്കാനുള്ള ആകാശം എക്സന്റെ ഓടയായി മാറിയതുകൊണ്ടാവാം, ആഴിയില്‍ മുങ്ങിയാല്‍ ഇനിയൊരു മുത്തും കിട്ടാത്തത്കൊണ്ടാവാം, ചക്ക പലതവണ വീണിട്ടും ഒരു മുയലിനെപ്പോലും കാണാത്തത്കൊണ്ടാവാം, "ശ്യാമകോമളഗോമൂത്രം" എന്ന് കക്കാട് വിശേഷിപ്പിച്ച "വഴുവഴുപ്പന്‍ കാല്പനികത"യോട് പുതുകവികളൊക്കെയും വിടചോദിച്ചുകൊണ്ടിരിക്കുന്നത്. കണ്ണീരില്‍നിന്നും വല്ലാത്തൊരു ചിരിയിലേക്കാണത് കളംമാറി ചവിട്ടുന്നത്. "മകന്‍ പറഞ്ഞു/ ഞാനാരുമല്ല/ ജീവിതത്തിന് ഒരര്‍ത്ഥവുമില്ലമ്മേ/ അമ്മ കരഞ്ഞു/ അവരുടെ/ അര്‍ത്ഥം അവനായിരുന്നു" (നന്ദനന്‍ മുള്ളമ്പത്ത്). അമ്മയുടെ കരച്ചിലിനെ മനുഷ്യനിഷേധിയായ ആശയസംഹിതകളോട് സൂക്ഷ്മമായി സംവദിച്ചുകൊണ്ട് "വല്ലാത്തൊരു ചിരി"യിലേക്ക് കുരുക്കുകയാണ് നന്ദനന്‍ ചെയ്യുന്നത്. ചങ്കിടിപ്പുകള്‍ അലങ്കോലപ്പെടുത്തുന്നൊരു ചിരിയില്‍ വച്ചാണ് നന്ദനന്‍ മുള്ളമ്പത്തിന്റെ "അര്‍ത്ഥം" എന്ന കവിത അര്‍ഥപൂര്‍ണമാകുന്നത്. നാല് ഇറച്ചിയും, മീനും, ഗ്രാമ്യപ്രയോഗങ്ങളും, ഇളകിമറിയുന്ന കീഴാളലോകങ്ങളിലേക്ക് നൃത്തച്ചുവടുകളോടെ കടന്നുചെല്ലാന്‍ കവിതക്കിപ്പോള്‍ ഒരു മടിയുമില്ലാതായിരിക്കുന്നു.

അദൃശ്യ അയിത്തമതിലുകളൊക്കെയും മറിച്ചിട്ട് അവരിപ്പോള്‍ അതിനുമുമ്പില്‍ വാഴവെച്ച് കഴിഞ്ഞിരിക്കുന്നു. ഓക്കാനമുണ്ടാക്കുന്ന മീനും ഇറച്ചിയും ഓത്തുചൊല്ലിയ വായകൊണ്ട് വിഴുങ്ങേണ്ടിവന്നതിനെക്കുറിച്ച് അക്കിത്തമെഴുതിയതും "ജലപുഷ്പം" എന്ന് വിശേഷിപ്പിക്കപ്പെട്ട "മീനില്‍"നിന്നാണ് മതമുണ്ടായതെന്ന് നവോത്ഥാനപ്രതിഭകൂടിയായ വേലുക്കുട്ടി അരയന്‍ എഴുതിയതും ഓര്‍മയിലുണ്ട്. അഭിരുചി വൈവിധ്യത്തെ ആദരിക്കുകയല്ലാതെ മനുഷ്യര്‍ക്കു മുമ്പില്‍ വേറെ വഴികളില്ല. "ഞങ്ങള്‍ തിന്നുന്നത് തിന്നുന്ന ആളുകളെ മാത്രമേ ഞങ്ങള്‍ വിശ്വാസത്തിലെടുക്കുകയുള്ളൂ" എന്ന റീഗോബര്‍ തമെഞ്ചുവിന്റെ, പ്രസ്താവനയില്‍ ഒരതിവാദമുണ്ടെന്ന് അറിയുമ്പോഴും ഒരു വിഭാഗത്തിന്റെ ഭക്ഷണശീലത്തെ ഒരഭിരുചിവ്യത്യാസമായി പരിഗണിക്കാതെ പുച്ഛിക്കുന്നത് അതിവാദത്തിലുമൊതുങ്ങാത്ത "കുറ്റകൃത്യ"മാണെന്ന്, നാം തിരിച്ചറിയേണ്ടതുണ്ട്. അതുപോലെതന്നെ അപകടമാണ് "മുഖ്യധാരാ എഴുത്തിന്റെ പ്രതിഛായ"ക്ക് പരിക്കേല്‍പ്പിക്കുന്ന വ്യവസ്ഥാപിത ലക്ഷണശാസ്ത്രത്തിന്റെ ഫ്രെയിം പൊളിക്കുന്ന, രചനകളെ അപഹസിക്കുന്നതും! "ഹൃദയത്തോളം മുറിവേറ്റ ഭാഷയില്‍/ അതിജീവനത്തിനായുള്ള/ എന്റെ കവിഞ്ഞൊഴുക്കുകള്‍പോലും/ എങ്ങിനെവേണം എന്ന് ലക്ഷണം ചൊല്ലി/ തോളില്‍ തട്ടിയ തട്ടുണ്ടല്ലോ/ അതിലെത്ര യുഗങ്ങള്‍/ ഒളിച്ചിരുന്നു കനക്കുന്നുവെന്നോ"(ഡി യേശുദാസ്).

ഡി യേശുദാസ് "പറഞ്ഞുവരുമ്പോള്‍ ഞാന്‍ പൊട്ടി, നീ ശീലാവതി" എന്ന കവിതയിലാവിഷ്കരിക്കുന്നത് "സൗന്ദര്യശാസ്ത്രപരം" എന്നതിലപ്പുറം അഗാധതയുള്ള "സാമൂഹ്യവിവേചന"ങ്ങളുടെ ഇനിയുമെത്രയോ ഇഴപിരിച്ച് അപഗ്രഥിക്കേണ്ട സങ്കീര്‍ണ തലങ്ങളെയാണ്. "മേഘസന്ദേശമായ്/ ആകാശത്തില്‍/ നീ അലയുമ്പോള്‍/ മാനത്തുകണ്ണിയായ്/ കലക്കവെള്ളത്തില്‍/ ഞാന്‍ നീന്തിത്തുടിക്കും...." എന്ന് അജിത്ത്. (ലെഗ് ബിഫോര്‍ വിക്കറ്റ്: അജിത്ത്). എം പി ശങ്കുണ്ണിനായരെപ്പോലുള്ള ഒരു മഹാപ്രതിഭ, കാവ്യലോകം പൊറാട്ടക്കും മീനിനും ബിരിയാണിക്കും ഓംലെറ്റിനും പറ്റിയതല്ലെന്ന് മുമ്പ് ആത്മാര്‍ഥമായും വിശ്വസിച്ചിരുന്നു. അത് ഓലനും കാളനും അവിയലും ചേര്‍ന്നൊരുക്കുന്ന സവര്‍ണസദ്യയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനന്ന് ഒരു സംശയവുമില്ലായിരുന്നു. കവിത അന്ന് പൊതുവില്‍ സവര്‍ണമായിരുന്നു എന്നതിലപ്പുറം അന്നും ഇന്നും അതിന് വേറൊരര്‍ഥവുമില്ല! എന്നാലിന്ന് സര്‍വതലത്തിലും പുതുകവിതയില്‍ പൊതുവിലും സൈബര്‍ കവിതകളില്‍ പ്രത്യേകിച്ചും വലിയൊരട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത്. മറ്റ് സാഹിത്യഗണങ്ങളെ അപേക്ഷിച്ച് ഏറെ സാങ്കേതികത സൂക്ഷിച്ച കവിതയില്‍തന്നെയാണ്, ഇന്നൊരു ജനകീയവിപ്ലവം സംഭവിച്ചിരിക്കുന്നതെന്നുള്ളത്, പുരോഗമന കാഴ്ചപ്പാടില്‍ ശുഭോദര്‍ക്കമാണ്. മേഘങ്ങള്‍ മുതല്‍ തിരകളില്‍വരെ "പുരാണം വായിച്ച" ഒരു കാലത്തെ തിരുത്തി "പച്ച"ജീവിതം എഴുതുന്ന ഒരു പുതിയ തലമുറയാണ് ഇപ്പോള്‍ കാവ്യലോകത്ത്, വെളിച്ചം വിതറി കടന്നുവന്നുകൊണ്ടിരിക്കുന്നത്. മരപ്പണിക്കാരും, കല്‍പ്പണിക്കാരും, മത്സ്യത്തൊഴിലാളികളും ഇറച്ചിവെട്ടുകാരും പൊറോട്ട അടിക്കുന്നവരും ബിരിയാണി വെപ്പുകാരും കള്ള്ഷാപ്പ് തൊഴിലാളികളുമെല്ലാം ഇന്നതിലുള്‍പ്പെടുന്നു. "ഷാപ്പുതൊഴിലാളിയുടെ കവിതകള്‍" എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ കവി കെ എം ഭാസ്കരന്‍ കുറുമ്പാല എഴുതുന്നു.

"ഞാന്‍ ജോലി ചെയ്യുന്നത് വയനാട്ടിലെ മക്കിയാട് കള്ളുഷാപ്പിലെ സെയില്‍സ്മാന്‍ ആയിട്ടാണ്. യാദൃച്ഛികമായാണ് കവി പവിത്രന്‍ തീക്കുനി എന്റെ കള്ളുഷാപ്പില്‍ വന്ന് കറിവെപ്പുകാരനാകുന്നത്. വയനാട്ടിലെ മിക്കയിടങ്ങളിലും പരിപാടികള്‍ക്കായി ഞാന്‍ പവിത്രനെ അനുഗമിച്ചിട്ടുണ്ട്. മീനങ്ങാടി പോളിടെക്നിക്കിലെ പരിപാടിക്കുശേഷം മുറിയിലിരിക്കുമ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ എന്നെ അവഹേളിക്കുന്ന തരത്തില്‍ പവിത്രനോട് സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. എന്തുകൊണ്ട് എനിക്കും കവിത എഴുതിക്കൂടാ എന്ന തോന്നല്‍ അപ്പോഴാണുണ്ടാകുന്നത്." കവിതയിലേക്ക് പുതുതായി പ്രവേശിച്ചവരില്‍ ഒരുകൂട്ടര്‍ ഭാസ്കരന്‍ കുറുമ്പാലയെപ്പോലെ പലതരത്തില്‍ അകാരണമായി അവഹേളിതരും നിന്ദിതരുമായവരാണ്. മറ്റ് പലതരം സാമൂഹ്യഇടപെടല്‍ പോലെ "കവിതയും" അവര്‍ക്ക് സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രവര്‍ത്തനമാണ്. അതിനെ ആ അര്‍ഥത്തിലെങ്കിലും അഭിവാദ്യം ചെയ്യാന്‍ കഴിയാത്ത "ജനാധിപത്യം", ആ പേരിനെ ഒരശ്ലീലമാക്കുക മാത്രമാണ് ചെയ്യുന്നത്. കവിതതന്നെയാണ് പ്രധാനമെന്ന് തിരിച്ചറിയുമ്പോഴും, ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും കീഴാള സാമൂഹ്യവിഭാഗങ്ങളുടെ വിപുലമായ സര്‍ഗസ്വാതന്ത്ര്യപ്രഖ്യാപന വേളകളില്‍ കവികളുടെ ജീവചരിത്രത്തെയും കാവ്യവിശകലനങ്ങളില്‍ അനിവാര്യമായും വഴികാട്ടികളായി പരിഗണിക്കേണ്ടിവരും.

"വാക്കുകളെ വെറുതെവിടൂ ദെറിദാ,/ ഇവിടെ സത്യം പാഠത്തിന്റെ ഓരങ്ങളിലല്ല/ തെരുവിന്റെ ഓരങ്ങളിലാണ്"(സച്ചിദാനന്ദന്‍). ഒരര്‍ഥത്തില്‍ നഗരത്തില്‍ ജീവിക്കുമ്പോഴും പുതുകവിത തെരുവുകളുടെ തുറന്നെഴുത്താണ്. പവിത്രന്‍ തീക്കുനി, രാഘവന്‍ അത്തോളി, സോമന്‍ കടലൂര്‍ മുതല്‍ ഷുക്കൂര്‍ പെടയങ്ങോട് വരെയുള്ളവരുടെ "ഞണ്ട്, മീനനുഭവങ്ങള്‍" മലയാളകവിതക്ക് നല്‍കിയത് പുതിയൊരു അരിക്മാനമാണ്. കുണ്ടാമണ്ടിമുതല്‍ കുന്ത്രാണ്ടംവരെയുള്ള വാക്കുകളും കപ്പയും മീനും കഞ്ഞിയും പച്ചമുളകും മുതലുള്ള തീറ്റ സാധനങ്ങളും കുണ്ടും തോടുമടങ്ങുന്ന ഭൂഭാഗദൃശ്യങ്ങളും, പുതുമഴയില്‍ പൂക്കൂട്ടപരല്‍പോലെ കുത്തിമറിയുന്നത്, വെറും വാക്കുകളായല്ല, മേല്‍ക്കോയ്മാ വിചാരമാതൃകകള്‍ക്കെതിരെയുള്ള വെല്ലുവിളികളായാണ് തിരിച്ചറിയേണ്ടത്. "ഞാന്‍ തിരകളെണ്ണി/ സ്വപ്നം വിറ്റ് നടന്നു/ എന്റെ തല നിറയെ ചത്തമീനിന്റെ തേങ്ങലുകള്‍....." "ഓരോ കൂവിവിളിയിലും/ നിലവിളിക്കുന്നുണ്ട്/ അടച്ചൊറപ്പില്ലാത്ത എന്റെ വീട്...."(ഷുക്കൂര്‍ പെടയങ്ങോട്). എസ് ജോസഫ്, ഭാരതീയ സൗന്ദര്യശാസ്ത്രത്തിന്റെ ഹൃദയം തന്നെയായ "ധ്വനി"ക്ക് നല്‍കിയ പുതിയ കാവ്യനിര്‍വചനം, പ്രസ്തുത "അരിക്മാന"ങ്ങളുടെ "സൗന്ദര്യദിശ"യിലേക്കുള്ള ഒരനുഭൂതി നീക്കമാണ്.

എങ്ങും പോകാനും, വരാനുമില്ലാത്തവരുടെ; അല്പംകൊണ്ട് കൂടുതലാവാനോ, കൂടുതല്‍കൊണ്ട് അതില്‍കൂടുതലാവാനോ കഴിയാത്ത, ബഹിഷ്കൃതരുടെ വേദനയാണതില്‍ ഒരു നിലവിളിയോടെ നിറയുന്നത്. "അപ്പന്റെ ഭാഗത്തുനിന്നുകൊണ്ട്/ അന്ന് അമ്മയെ കളിയാക്കാന്‍ പറഞ്ഞ/ പോക്കെടമില്ല അല്ലേ എന്ന വാക്യമാണ്/ ഞാന്‍ പ്രയോഗിച്ചിട്ടുള്ള / ഏറ്റവും വലിയധ്വനി എന്ന് തോന്നുന്നു/ കവിതയിലായാലും ജീവിതത്തിലായാലും" എന്ന എസ് ജോസഫിന്റെ പ്രസ്താവനാ സമാനമായ കവിതയില്‍ വച്ചാണ് "പോക്കെടമില്ല അല്ലെ" എന്ന വാക്കിന്റെ അസ്വസ്ഥ ആഴങ്ങള്‍ ഞാനനുഭവിച്ചത്. അശോകന്‍ ചരുവിലിന്റെ പ്രശസ്തമായ "പുഴവക്കത്തെ കവുങ്ങിന്‍തോട്ടങ്ങള്‍" എന്ന കഥ, ആഴത്തില്‍ പ്രശ്നവല്‍ക്കരിച്ച മീന്‍ജീവിതം തന്നെയാണ് ഒരു "മഹത്വക്കുറവുമില്ലാതെ" വളരെക്കാലമായി, "ഞാനുമിവിടെയൊക്കെയുണ്ടായിരുന്നു" എന്നറിയിച്ചുകൊണ്ട് പുതുകവിതകളിലേക്കും ഇടിച്ചുകയറുന്നത്. അശോകന്‍ ചരുവില്‍ ഹൃദ്യപ്പെടുത്തിയ കുട്ടമ്പൂരിലെ ഷൗക്കത്തലി, സ്കൂള്‍ജീവിതം അവസാനിപ്പിച്ചത്, മൊയല്‍ എന്ന് വിളിപ്പേരുള്ള വാര്യരുമാഷുടെ പരിഹാസം ഇനിയും കേള്‍ക്കേണ്ടെന്ന് വിചാരിച്ചാണ്. ഉണക്കമുള്ളമീനും മുല്ലപ്പൂവും കണ്ടാല്‍ "ഇവറ്റ" മുള്ളമീനേ എടുക്കൂ എന്ന വാര്യരുമാഷുടെ കുത്തുവാക്കിനെ ഷൗക്കത്തലി നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തേടെയാണ്. മുല്ലപ്പൂവ് ഒന്ന് മണക്കാന്‍ കൊള്ളാം, പള്ളനിറച്ച് ചോറ് തിന്നണെങ്കില്‍ മുള്ളമീന്‍ വേണം, ആ "മൊയലിന്" ഇത് വല്ലതുമറിയുമോ എന്ന ഷൗക്കത്തലിയുടെ ചോദ്യമാണ് ഇന്ന് പുതുകവിതയുടെ വ്യത്യസ്ത വഴികളില്‍ ഒന്നായി വളര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ശിരസ്സ്/വയര്‍, വാള്‍/വീണ തുടങ്ങിയ പഴയ ദ്വിത്വങ്ങള്‍ക്കൊപ്പം ഇടം നേടിയ മുള്ളമീന്‍/മുല്ലപ്പൂവ് ദ്വിത്വം, പൊളിയുന്നത് അതിന്റെ സര്‍വ പ്രതാപങ്ങളോടുംകൂടി ഞാനാദ്യം കണ്ടത് "കവിതയിലല്ല", ഹരി ആനന്ദകുമാര്‍ തയ്യാറാക്കിയ, "കാറ്റന്റകത്ത്, മാമുവിന്റെ കടലനുഭവങ്ങള്‍" എന്ന കൃതിയിലാണ്. മത്സ്യത്തൊഴിലാളിയായ മാമുക്ക പങ്കുവെച്ച "കടലനുഭവങ്ങളിലെ" ചില ഭാഗങ്ങള്‍ പുതുകവിതയില്‍ ചേര്‍ക്കാനാവുംവിധം ഭാവസാന്ദ്രമാര്‍ന്നതാണ്! "കടല്ല് മഴ പെയ്യ്ണത് ഒരു അനുഭവമാണ്.

കടലില് മഴപെയ്യുമ്പൊ ചൂടാണ്ണ്ടാവ്വാ. കിഴക്ക്ഭാഗത്ത് കാറ് കാണുമ്പൊ മീനുകളൊക്കെ അടുത്ത്വരും. കടലില് മഴത്തുള്ളികള് വീഴുമ്പൊ മുല്ലപ്പൂവ് വിരിയണമാതിര്യാ.... കരേന്ന് കാണ്ന്ന നെറൊന്ന്വല്ല കടലിന്റെ ഉള്ളില്. കരേന്ന് കാണുമ്പേ പച്ചനെറും നരച്ചനെറും ഒക്കേ കാണൂ. ഉള്ളിലേക്ക് പോയാല് തനി നീലനെറാണ്. മണ്ണെണ്ണയുടെ നീലനെറം. ആകാശത്തിനും നീലനെറം. കുണ്ടംകൊട കവിത്തിവെച്ച മാതിരി ആകാശങ്ങനെ കവ്ന്ന് കെടക്കും. ഉച്ചക്ക് രത്നക്കല്ല് മാതിരി നീലച്ച് വട്ടത്തില് വെള്ളങ്ങനെ തെളങ്ങ്ണ് കാണാം. എത്ര ചൂടാണെങ്കിലും നമ്മളത് അറിയൂല. കാറ്റ്ങ്ങനെ വീശ്ണ്ടാവും. കടല് ആകാശത്തേക്ക് കയറി നിക്ക്ണ മാതിര്യൊക്കെ തോന്നും. മേഘപ്പാട്ക്കൂടെ സൂര്യനെ കാണാം. അതൊരു ലോകമാണ്. ഞങ്ങളെപ്പോലുള്ളോര്‍ക്ക് കിട്ട്ണ ലോകം. പക്ഷേ അങ്ങനെ സൗന്ദര്യോം കണ്ട് നിക്കാന്‍ കഴിയൂലല്ലോ. പെരേല് കുട്ട്യോള് പട്ട്ണ്യാവൂലെ." (കടലനുഭവങ്ങള്‍). പലതരം പട്ടിണിക്കിടയിലും പുളകങ്ങള്‍ അനുഭവിക്കാന്‍ കഴിയുമ്പോഴും, പുളകങ്ങള്‍ക്കിടയിലെ ഇല്ലായ്മകള്‍ അറിഞ്ഞ് അറിയുമ്പോളും ഇതുപോലെ കവിതയെന്നറിയപ്പെടാത്ത കവിതകളുമുണ്ടാവും! അഞ്ച് കേരളത്തിലിപ്പോള്‍ പ്രസക്തമല്ലെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തിയ, "ജാതിമേല്‍ക്കോയ്മ"യെ കടിച്ചുകുടയുന്ന, ജാതിവിരുദ്ധ കവിതയാണ് സി എസ് രാജേഷിന്റെ "കടിയന്‍പട്ടി". ചാത്തുനായര്‍ എന്ന ജോസഫ് ഫെന്നിന്റെ "അജ്ഞാനകുഠാരം", പണ്ഡിറ്റ് കറുപ്പന്റെ "ജാതിക്കുമ്മി", മഹാകവി കുമാരനാശാന്റെ "ദുരവസ്ഥ", സച്ചിദാനന്ദന്റെ "ബോധവതി", കടമ്മനിട്ടയുടെ "കുറത്തി", എം എസ് ബനേഷിന്റെ, "നല്ലയിനം പുലയഅച്ചാറുകള്‍", കുരീപ്പുഴയുടെ "ജാതിവാല്‍", എസ് ജോസഫിന്റെ "സ്പര്‍ദ്ധ" തുടങ്ങിയ കവിതകളുടെ തുടര്‍ച്ചയിലാണ് "കടിയന്‍പട്ടി" എഴുതപ്പെട്ടിരിക്കുന്നതെങ്കിലും ഈ കവിതയുടെ ഭാവപരിസരം അവയില്‍നിന്നൊക്കെ ചില തലങ്ങളില്‍ വ്യത്യസ്തവുമാണ്.

മുമ്പ് ജാതി ഇരുട്ടും വെളിച്ചവുമായി കൃത്യം വേറിട്ട് നിന്നാണ് കണ്ടുമുട്ടുകയും ഏറ്റുമുട്ടുകയും ചെയ്തതെങ്കില്‍; ഇന്നത് വെളിച്ചത്തിനുള്ളില്‍ തന്നെയാണ് ഒരുമിച്ച് രാപാര്‍ക്കുന്നതെന്ന കണ്ടെത്തലില്‍വെച്ചാണ് "കടിയന്‍പട്ടി" ഭാവനിര്‍ഭരമാവുന്നത്. "കടിയന്‍പട്ടി" എന്നൊരൊറ്റ പ്രയോഗത്തിലൂടെ, ജാതിവാലൊരു പാവമാണെന്ന ഭാവാഭിനയത്തിന്റെ മര്‍മമാണ് കവി തകര്‍ത്തെറിയുന്നത്. തലമുറകളായി ഞങ്ങളെ കടിച്ചുകുടയുന്ന "കൂറ്റനാം കടിയന്‍പട്ടിയെ പിന്നെന്തിനാണെന്തിനാണു നീ കൂടെ കൂട്ടിനടക്കുന്നതെപ്പോഴും" എന്ന കവിതയിലെ ഒരൊറ്റചോദ്യം മതിയാവും, ആത്മവിചാരണയിലൂടെ കടന്നുപോവാനും സ്വയം ശിക്ഷവരിക്കാനും ധീരമാവുന്ന "സവര്‍ണതക്ക്" കാര്യം മനസ്സിലാവാന്‍. പക്ഷേയതത്ര എളുപ്പമല്ലെന്നാണ്, "നിന്റെയീ പുന്നാര പൈതൃകസ്വത്ത്" എന്ന കാവ്യപ്രയോഗം പരോക്ഷമായി സാക്ഷ്യപ്പെടുത്തുന്നത്.

ഇടതുപക്ഷത്താവുമ്പോഴും ഇടതുപക്ഷത്തല്ലാതായിപ്പോകുന്ന വൈരുധ്യങ്ങളിലേക്കാണ്, വഴുക്കലുകളില്‍ വച്ച് ഊര്‍ന്നുപോവുന്ന, വീര്യങ്ങളെക്കുറിച്ചാണ്, ചെറുതെന്ന് തോന്നാവുന്ന വലുതുകളെക്കുറിച്ചാണ്, അടുത്താവുമ്പോഴും അകലെ നിര്‍ത്തുന്ന സൂക്ഷ്മ മര്‍ദക അദൃശ്യസാന്നിധ്യങ്ങളുടെ അഗാധതകളെക്കുറിച്ചാണ്, ഇങ്കുലാബ് വിളിക്കുമ്പോഴും അതിനെ ഭയപ്പെടുന്ന മനസ്സുകളെക്കുറിച്ചാണ് സി എസ് രാജേഷ് തന്റെ നിരവധി സൈബര്‍ കവിതകളില്‍ അസ്വസ്ഥമാവുന്നത്. "മുദ്രാവാക്യം", "മെഷീന്‍", "സുഷിരങ്ങള്‍", "സംവരണം", "മൂക്കും മുറ്റോം", "ഔട്ട് ഓഫ് സിലബസ്സ്", "കാക്കപാതി", "ജ്ഞാനപ്പഴം" തുടങ്ങിയ സി എസ് രാജേഷിന്റെ ശ്രദ്ധേയമായ കവിതകള്‍ ജാതിക്കോട്ടകളില്‍ കിടിലം സൃഷ്ടിക്കുംവിധമുള്ള ക്ഷോഭഹാസ്യങ്ങളുടെ മികച്ച മാതൃകകളാണ്.

ജാതിപോയി എന്നു പറയുമ്പോഴും സാംസ്കാരിക ഭീമന്മാരുടെ ഗദ പൊട്ടുംവിധം ജാതിയുടെ ഹനുമാന്‍വാല്‍ നമ്മുടെ വഴി മുടക്കുകയാണെന്ന വ്യഥയും അതിനെതിരെയുള്ള പരിഹാസരോഷവുമാണ്, കവിത തീവ്രമായി ആവിഷ്കരിക്കുന്നത്. "ഞങ്ങളിലില്ലാ/ ജാതിമതങ്ങളെന്ന്/ തൊണ്ടപൊട്ടി/ വിളിച്ചുകൊടുക്കുമ്പോഴാണ്/ നവ്യമോളെ/ കുട്ടപ്പന്‍ സഖാവിന്റെ/ കൊച്ചുമോന്റെ കൂടെ/ ഇടവഴിയില്‍/കാണാറുള്ള കാര്യം/ കുറുപ്പുചേട്ടന്‍ ചെവിയില്‍ പറയുന്നത്/ ചുമ്മാതല്ല/ ആ ഭാഗം ഏറ്റുവിളിക്കാന്‍/ ഈയിടെയായി/ കുട്ടപ്പനിത്ര ആവേശം/ഇനിയെന്റ/ പട്ടി വിളിച്ചുകൊടുക്കും ആ "പോക്രിത്തരം"(മുദ്രാവാക്യം). കേരളത്തില്‍ ഒരു പുതുമയുമില്ലാത്ത പഴയൊരു "മുദ്രാവാക്യം" ജാതിയിലെവിടെയോ ഒന്ന് ശരിക്കും സ്പര്‍ശിച്ചപ്പോള്‍ പോക്രിത്തരമായി മാറിയത് എത്രപെട്ടെന്നാണെന്ന് വായിക്കുമ്പോള്‍ ആരും ചിരിച്ചുപോവും. പക്ഷേ സൂക്ഷിക്കുക. ഇതൊരു ഹാസ്യകവിതയല്ല! "കുറുപ്പുചേട്ടന്‍, പിള്ളച്ചേട്ടന്‍/ മേനോന്‍സാറ്/ നമ്പ്യാരേട്ടന്‍/ ഉണ്ണിത്താന്‍ സഖാവ്/ കൈമള്‍ സഖാവ്/ പണിക്കരേട്ടന്‍, പിഷാരടിമാഷ്/ വാര്യര്സാറ്, നമ്പൂതിരിസാറ്.... സ്ഥലത്തെ പ്രധാന/ വിപ്ലവകാരികളിങ്ങനെ - പിന്നെങ്ങനാണു പറ!(സുഷിരങ്ങള്‍). "സുഷിരങ്ങളും" "മുദ്രാവാക്യവും" കവിതയായി തീര്‍ന്നത്, ജാതിമേല്‍ക്കോയ്മക്കൊരിക്കലും ഒരു "കവിത"യായി തീരാനാവാത്തതുകൊണ്ടാണ്. സത്യത്തില്‍ ആ രണ്ട് കവിതയും, നമുക്കറിയാവുന്നതില്‍നിന്ന് ഒരടി മുന്നോട്ടോ, രണ്ടടി പിറകോട്ടോ പോവാതെതന്നെ, സി എസ് രാജേഷിന്റെ കൈകളില്‍ കവിതയാവുന്ന അത്ഭുതമാണ് അമ്പരപ്പുളവാക്കുന്നത്.

ഉമിക്കരി പഞ്ചസാരയാവുന്നതിന്നുപകരം വെറും ഉമിക്കരിയായിരുന്നുകൊണ്ടുതന്നെ "അത്ഭുതം" സൃഷ്ടിക്കുന്നതുപോലെയാണ്, ഉള്ളത് അതേപോലെ എഴുതി, അതിനുള്ളിലെ അതിനേക്കാളും വലിയൊരു ഉള്ളതിലേക്ക് വായനയെ നയിക്കുന്ന കാവ്യതന്ത്രം! ഒരു കള്ളച്ചിരിയോടെ, സാധാരണ കാര്യങ്ങള്‍ക്ക് അസാധാരണ മാനം നല്‍കുന്ന രചനാരീതിയാണ് സി എസ് രാജേഷ് കവിതകളില്‍ പ്രയോഗിച്ചിരിക്കുന്നത്. "ജ്ഞാനപ്പഴം" ഇടശ്ശേരിയുടെ പ്രശസ്തമായ "ഇസ്ലാമിലെ വന്‍മല"യെ അപനിര്‍മിക്കുന്ന ശക്തമായ കവിതയാണ്. "ഊട്ടിഉറപ്പി"ക്കാനാവാതെ പോവുന്ന മനുഷ്യബന്ധങ്ങളുടെ വേര്‍പിരിയലിന്റെ "ചിരിവിലാപം" എന്ന്, "ജ്ഞാനപ്പഴം" കാവ്യചരിത്രത്തില്‍ വിളിക്കപ്പെടും! കവിതയില്‍ നായക പ്രതിനായകസ്ഥാനത്തുള്ളത്, നമ്മെ അത്ഭുതപ്പെടുത്തുംവിധം ഒരു പഴമാണ്. മിത്തുകളില്‍ "പറുദീസാനഷ്ട"ത്തിന്നിടവരുത്തിയ പഴയ പഴത്തിന്റെ ഒരു അകന്ന ബന്ധു! ദളിത് വീടുകളില്‍നിന്നും അവരുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതില്‍നിന്നും രക്ഷപ്പെടാന്‍ പഴത്തെ ശരണം പ്രാപിക്കുന്നതിലെ സവര്‍ണ സൗഹൃദകാപട്യങ്ങളാണ് കവിതയില്‍ തൊലിയുരിയപ്പെടുന്നത്! അത്രമേല്‍ അടുത്തായിരിക്കുമ്പോഴും, ഓരോരോ കാരണങ്ങളാല്‍, നമ്മളെത്രമേല്‍ അകലെയാവുകയാണെന്ന് ഓര്‍മിപ്പിക്കുകയാണ് സി എസ് രാജേഷിന്റെ ജ്ഞാനപ്പഴം! "വിപ്ലവം സൈനികരാക്കിയ വാക്കുകള്‍ വികലാംഗരായി" തിരിച്ചുവരുന്നൊരു കാലത്തിന്റെ വേദനയില്‍ നിന്നുറന്നൊഴുകുന്ന, നിസ്സഹായതയും രോഷവും മരവിപ്പും വീറും എല്ലാം ചേര്‍ന്നുരുകിയ കവിതകളാണ് ഇന്നധികവും എഴുതപ്പെടുന്നത്. "എന്റെ ഹൃദയത്തിന്റെ ഉരുകലില്‍ നിന്നാണ് എന്റെ കവിതകള്‍ ഉണ്ടാവുന്നത്" എന്ന് മിര്‍സാഗാലിബ്. എന്റെ ജീവിതമാകെ ഒരു നിലവിളിയാണെന്നും എന്റെ കൃതികള്‍ അതിന്റെ സാക്ഷ്യങ്ങളാണെന്നും നിക്കോസ് കസാന്‍ദ്സാക്കിസ്.

"തോറ്റവര്‍ക്കുള്ള പാട്ടില്‍നിന്നും ഞാന്‍ പണിതുയര്‍ത്തും, പിറക്കാനിരിക്കുന്നവര്‍ക്കുള്ള ഭൂപടം" എന്ന് പി ആര്‍ രതീഷ്. വൈലോപ്പിള്ളിയാണ്, "നാഗരികതയുടെ നിര്‍മാതാവ്" എന്ന് വിശേഷിപ്പിക്കപ്പെട്ട "മണ്ണിരയെ" മുമ്പ് "പുതിയ യുഗത്തിന്റെ നാഗത്താന്മാര്‍" എന്ന് വാഴ്ത്തിയത്. ആരാലും "ക്ഷേത്രം" നിര്‍മിക്കപ്പെടാത്തൊരു പാവം മണ്ണിരക്ക് മലയാള കവിതയില്‍ ആദ്യമൊയൊരു സ്മാരകം നിര്‍മിച്ചത് വൈലോപ്പിള്ളിയാണ്. എന്നാല്‍ ആ മണ്ണിരക്ക് മറ്റൊരു പുതിയ മേല്‍വിലാസം ഉണ്ടാക്കിയത്, ഹരി ആനന്ദകുമാറാണ്. "ഞാഞ്ഞൂള്‍" എന്ന ഹരി ആനന്ദകുമാറിന്റെ കവിത അനുഭവിപ്പിക്കുന്നത് വേദനകള്‍ക്കിടയിലെ വീര്യമാണ്. "ചത്താലും ശരി ആവിഷ്കരിച്ചേ അടങ്ങൂ" എന്ന വീറിന്/ നില്‍ക്കുമെങ്കില്‍/ മണ്ണിലെഴുതിയാലും മതി എന്ന തോന്നലിന്/ എത്ര പിടഞ്ഞിട്ടും പിടഞ്ഞിട്ടും ശരിയാവുന്നില്ലല്ലോ എന്ന വേദനയ്ക്ക്.

*
കെ ഇ എന്‍ ദേശാഭിമാനി വാരിക

No comments: