Saturday, May 17, 2014

നരമേധത്തിലൂടെ നരേന്ദ്രനായി...

ഗുജറാത്ത് വംശഹത്യയിലൂടെ ചരിത്രം കടുംകറുത്തനിറത്തില്‍ അടയാളപ്പെടുത്തിയ ഒരു പേരാണ് നരേന്ദ്ര ദാമോര്‍ദാസ് മോഡി. ഒരിക്കലും വിട്ടകലാത്ത വിവാദങ്ങളിലൂടെയും തീവ്രഹിന്ദുത്വ നിലപാടുകളിലൂടെയും കോടികള്‍ മുടക്കിയുള്ള "മുഖം മിനുക്കലുകളിലൂടെയും" കഴുകിക്കളയാനാവാത്ത ചോരക്കറയുമായാണ് മോഡി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അമരക്കാരനാവുന്നത്. എല്‍ കെ അദ്വാനിയും രാജ്നാഥ് സിങ്ങും സുഷമ സ്വരാജും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കളത്തില്‍നിന്ന് വെട്ടിമാറ്റി മോഡി പാര്‍ടിയെ കൈപ്പിടിയില്‍ ഒതുക്കി. കുത്തകമാധ്യമങ്ങളെ പാദസേവകരാക്കി. ഹൈടെക് പ്രചാരണത്തിന്റെ ആകാശസാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവാന്‍ പോവുന്നത് "മോഡി തരംഗ" മാണെന്ന പുകമറ സൃഷ്ടിക്കാന്‍ മാസങ്ങള്‍ക്കുമുമ്പേ അദ്ദേഹത്തിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെപ്പോലെ ദുര്‍ബലനായ ഒരു എതിരാളി കൂടിയായതോടെ തെരഞ്ഞെടുപ്പ് കുട്ടിക്കളിപോലെയാവുമെന്ന് രാഷ്ട്രീയപണ്ഡിതര്‍ വിലയിരുത്തി. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നുതള്ളിയ കേസുകളില്‍ പാടുപെട്ട് സംഘടിപ്പിച്ചെടുത്ത ക്ലീന്‍ ചിറ്റുകള്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാക്കി. എന്നാല്‍, ഗുജറാത്ത് വികസനമാതൃകയുടെ പൊള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവന്നത് തിരിച്ചടിയായി. ഗുജറാത്ത് സ്വദേശിയും ആര്‍ക്കിടെക്ടുമായ യുവതിയെ ഉന്നത പൊലീസ് വൃന്ദത്തിന്റെ സഹായത്തോടെ നിരീക്ഷിച്ച സംഭവവും സര്‍വസൈന്യാധിപന്‍ അമിത്ഷായുമായുള്ള ഇടപാടുകളും വെളിപ്പെട്ടതോടെ മോഡി പ്രതിരോധത്തിലായി. ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള കരുനീക്കങ്ങള്‍ പാളിയതോടെ പരിഹാസ്യനുമായി.

ആകസ്മികതകളും കെട്ടുകഥകളും ഗൂഢാലോചനകളും ഗീബല്‍സിയന്‍ തന്ത്രങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് അറുപത്തിമൂന്നുകാരനായ മോഡിയുടെ രാഷ്ട്രീയജീവിതം. ദാമോദര്‍ ദാസ് മുല്‍ചന്ദ് മോഡിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വാധ്നഗറില്‍ ജനിച്ചു. കുട്ടിക്കാലത്ത് ചായക്കച്ചവടക്കാരനായ പിതാവിന്റെ സഹായി. വാധ്നഗര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ചായ വിറ്റു നടന്ന കുട്ടിക്കാലത്തിന് ശേഷം സഹോദരന്റെ സഹായത്തോടെ ബസ്സ്റ്റാന്‍ഡിനടുത്ത് സ്വന്തം കട നടത്തി. സ്കൂളില്‍ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു മോഡിയെന്ന് അധ്യാപകര്‍ ഓര്‍ക്കുന്നു.

1971ലെ ഇന്ത്യ- പാക് യുദ്ധത്തിന് ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനാവുന്നത്. 1985ല്‍ ബിജെപിയില്‍. ഹെഡ്ഗേവാര്‍ ഭവനിലെത്തുന്ന നേതാക്കള്‍ക്ക് ചായ എത്തിച്ചുകൊടുക്കലായിരുന്നു ആദ്യചുമതല. പത്തു മുറിയുള്ള ഹെഡ്ഗേവാര്‍ ഭവനം വൃത്തിയാക്കേണ്ടതും മോഡിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വേഷം മാറിയും മറ്റും സംഘടനാചുമതല നിറവേറ്റി മോഡി സംഘാടന പാടവം തെളിയിച്ചു.

1986ലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണമുള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത് മോഡി നേതാക്കള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ബിജെപിയുടെ ഗുജറാത്തിലെ സംഘടനാസെക്രട്ടറിയായി. എല്‍ കെ അദ്വാനിയുടെ രഥയാത്രയിലും മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രയിലും നിര്‍ണായകചുമതല വിജയകരമായി നിറവേറ്റി. ബിജെപി ജനറല്‍സെക്രട്ടറിയായതോടെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചു. ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

1996 ലോക്സഭ തെരഞ്ഞെടുപ്പ് തോറ്റതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ശങ്കര്‍സിങ് വഗേലയെ പുറത്താക്കിയതോടെ മോഡിയുടെ ഊഴമായി. 1998ല്‍ അദ്ദേഹം ബിജെപി ദേശീയ സെക്രട്ടറി. രാഷ്ട്രീയത്തില്‍ പുതുക്കക്കാരനായ മോഡിയുടെ പരിചയക്കുറവും മറ്റും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഈ നിയമനം ചോദ്യംചെയ്തു. കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് പാര്‍ടി നേതൃത്വത്തെ അറിയിച്ച മോഡി ഗുജറാത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു. 2001 ഒക്ടോബര്‍ ഏഴിന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ചത് മുതലെടുത്ത് ഗുജറാത്തില്‍ സംഘപരിവാര്‍ നടത്തിയ വംശഹത്യ മോഡിയുടെ കാര്‍മികത്വത്തിലായിരുന്നു. ഇതില്‍ മോഡിക്കും സര്‍ക്കാരിനുമുള്ള പങ്കാളിത്തം മനുഷ്യാവകാശസംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും വിമര്‍ശങ്ങള്‍ക്കിടയാക്കി. നരേന്ദ്രമോഡിക്ക് അഡോള്‍ഫ് ഹിറ്റ്ലറിനുണ്ടായിരുന്ന ഭീകരതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു. 2009ല്‍ മോഡിയുടെയും കൂട്ടാളികളുടെയും പങ്കാളിത്തം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് കലാപത്തിലും ഗുല്‍ബര്‍ഗ കൂട്ടക്കൊല ഉള്‍പ്പെടെയുള്ള സംഭവങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് 2010 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂറി രാജു രാമചന്ദ്രന്‍ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് മോഡിയെ വേണമെങ്കില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്ന് അറിയിച്ചു. കലാപത്തില്‍ മോഡിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന മൊഴി നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് സര്‍ക്കാരിന്റെ ശത്രുതാപരമായ നിലപാടുകളും അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. നരോദപാട്യയിലെ കലാപത്തിന് നേതൃത്വം വഹിച്ചതിന് മോഡിയുടെ അടുത്ത അനുയായിയും മന്ത്രിയുമായ മായ കൊഡ്നാനിയെ കോടതി ശിക്ഷിച്ചതും തിരിച്ചടിയായി. കലാപത്തിന്റെ മുറിവുകളും മുസ്ലിം വിരുദ്ധനടപടികളും കുപ്രസിദ്ധനാക്കിയെങ്കിലും 2002ല്‍ മോഡി മുഖ്യമന്ത്രിസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഗുജറാത്ത് മോഡല്‍ എന്ന് വ്യാപകപ്രചാരണം ലഭിച്ച ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കോര്‍പറേറ്റ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും വികസനായകന്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി. അതേസമയം മുസ്ലിംവിരുദ്ധ നിലപാടുകള്‍ മോഡിക്ക് വീണ്ടും തലവേദനയായി. പൗരന്മാരെ വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയെക്കൊണ്ടു പോലും പറയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങി. 2007ല്‍ മോഡി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി. അന്നു മുതല്‍ പ്രധാനമന്ത്രി പദം അദ്ദേഹം സ്വപ്നം കാണാന്‍ തുടങ്ങിയെന്ന് എതിരാളികള്‍ പറയുന്നു. 2012ല്‍ നാലാമതും മുഖ്യമന്ത്രിയായതോടെ മോഡി ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രി എന്ന തരത്തിലുള്ള പ്രചാരണത്തിന് ആക്കം കൂടി.

16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍നിന്നും ഗാന്ധിനഗറില്‍നിന്നും ജനവിധി തേടിയ മോഡിയെ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. മോഡിയുടെ ബ്രഹ്മചര്യവ്രതമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയെന്ന് ബിജെപി പ്രവര്‍ത്തകരും അനുയായികളും പ്രചരിപ്പിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ യശോദ ബെന്‍, മോഡി വിവാഹം ചെയ്തെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. മൗനം പാലിച്ച മോഡി നാമനിര്‍ദേശ പത്രികയില്‍ യശോദ ബെന്‍ ഭാര്യയാണെന്ന് വെളിപ്പെടുത്തി. സ്വന്തം ഭാര്യയെപ്പോലും നോക്കാന്‍ കഴിയാത്ത ആളെയാണോ ബിജെപി രാജ്യഭാരം ഏല്‍പ്പിക്കാന്‍ പോവുന്നതെന്ന് കോണ്‍ഗ്രസും മറ്റ് പാര്‍ടികളും വിമര്‍ശിച്ചു. വംശഹത്യകളുടെയും വഞ്ചനകളുടെയും വ്യാജപ്രചാരണങ്ങളുടെയും ചിറകിലേറി പറന്ന് നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായ കഥ രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പാഠപുസ്തകമാകുമെന്ന കാര്യത്തില്‍ സംശയമില്ല...
*
ദേശാഭിമാനി

No comments: