Thursday, May 1, 2014

മെയ് ദിനത്തിന് 125

സാര്‍വദേശീയ തൊഴിലാളിദിനമായി മെയ് ഒന്ന് ആചരിക്കപ്പെട്ടു തുടങ്ങിയത് 1890 മുതലാണ്. 1889ല്‍ അതായത് ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിവേളയില്‍ ജൂലൈ 14ന് പാരീസില്‍ത്തന്നെ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്.

1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ വമ്പിച്ച തൊഴിലാളിപ്രക്ഷോഭങ്ങളും മെയ് നാലിന് ഹേമാര്‍ക്കറ്റ് സ്ക്വയറില്‍ ഉണ്ടായ വെടിവയ്പില്‍ കലാശിച്ച സംഭവങ്ങളും അനന്തര നടപടികളുമാണ് മെയ് ദിനാചരണത്തിന് പിന്നീട് കാരണമായിത്തീര്‍ന്നത്.

ലോക സാമ്പത്തികരംഗത്ത്, ആറ്റംബോംബിന്റെ കണ്ടുപിടിത്തത്തെ വെല്ലുന്നതായി വിശേഷിപ്പിക്കപ്പെടുന്നതാണ് ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ ഉത്ഭവം. കമ്പനികള്‍ കുത്തകകളായി വളര്‍ന്നതോടെ മനുഷ്യത്വത്തിന്റെ അവസാനത്തെ കണികകളും മൂലധനത്തില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 18, 19 നൂറ്റാണ്ടുകള്‍ വ്യാവസായിക വിപ്ലവത്തിന്റെ എല്ലാ രൂക്ഷതകളും പ്രദര്‍ശിപ്പിച്ചു. മനുഷ്യനും മൂലധനവും തമ്മിലുള്ള പോരാട്ടങ്ങളില്‍ ഇന്നെന്നപോലെതന്നെ അന്നും ഭരണകൂടങ്ങള്‍ ചൂഷണത്തിന്റെ ഭീകരതയ്ക്ക് താങ്ങും തണലുമായിരുന്നു. ഫോര്‍ഡ്, റോക്ക് ഫെല്ലര്‍, ഷോര്‍ഗന്‍സ് മുതലായ കുത്തകകള്‍ ജന്മമെടുത്തത് ഇക്കാലത്താണ്.

സേവനവേതന വ്യവസ്ഥകളെല്ലാം മുതലാളി നിശ്ചയിക്കുന്ന കാലം. സ്ത്രീകളും കുട്ടികളും പോലും അങ്ങേയറ്റം ക്രൂരമായ സാഹചര്യങ്ങളില്‍ 12-16 മണിക്കൂര്‍ വരെ പണിയെടുക്കണം. കുടുംബജീവിതംപോലും "വെറുമൊരു സ്വപ്നം"! ബാലവേല തടയപ്പെട്ടിരുന്നില്ല. അപകടകരമായ പല ജോലികളിലും ഒരു സുരക്ഷിതത്വവും ഏര്‍പ്പെടുത്തിയിരുന്നില്ല. അംഗഭംഗങ്ങളും അപകടമരണങ്ങളും ഒത്തിരി തൊഴിലാളി കുടുംബങ്ങളെ അനാഥരാക്കി. അപ്പോഴും കുത്തകകള്‍ തടിച്ചുകൊഴുക്കുകയായിരുന്നു. ഒരാഴ്ചയില്‍ ആറുദിവസം, 78 മണിക്കൂര്‍ സാധാരണ പ്രവൃത്തിസമയം. പ്രതിദിനം ഒരു ഡോളര്‍പോലും കൂലിയില്ല. പണിമുടക്കുകള്‍ പൊളിക്കാനും സമരംചെയ്യുന്ന തൊഴിലാളികളെ വകവരുത്താനും കരിങ്കാലികളെ റിക്രൂട്ട് ചെയ്യാനും മറ്റുമായി ഗുണ്ടാ സംഘങ്ങളുടെ കമ്പനികള്‍തന്നെയുണ്ടായി. "ഹങ്കര്‍ട്ടന്‍ ഡിറ്റക്ടീവ് ഏജന്‍സി"യായിരുന്നു അത്തരത്തിലൊന്ന്. ഈ "മുതലാളിത്ത സ്വര്‍ഗ"ത്തിലാണ് "എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും" എന്ന മുദ്രാവാക്യം കാട്ടുതീപോലെ പടര്‍ന്നത്. തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുവേണ്ടിയും ശബ്ദമുയര്‍ന്നു.

എബ്രഹാം ലിങ്കന്‍ 1860കളില്‍ തന്നെ ഇതിന്റെ വക്താവായിരുന്നു. ബാള്‍ട്ടിമൂര്‍, ഫിലാഡെല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂ ഹാംഷെയര്‍, റോസ് ഐലന്റ്, കാലിഫോര്‍ണിയ, ഇല്ലിനോയിഡ്, മസാച്ചുസെറ്റ്സ് തുടങ്ങിയ നഗരങ്ങളില്‍ തൊഴിലാളിപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. ഇക്കാലത്തുതന്നെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു. 1827ല്‍ ഫിലാഡെല്‍ഫിയയിലെ കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ 10 മണിക്കൂറായി ജോലിസമയം കുറച്ചുകിട്ടുന്നതിനായി പണിമുടക്ക് നടത്തി. ആദ്യത്തെ ട്രേഡ് യൂണിയനെന്നു കരുതപ്പെടുന്ന ഫിലാഡെല്‍ഫിയാ മെക്കാനിക്സ് യൂണിയന്‍ ജന്മമെടുക്കുന്നത് ഈ പ്രക്ഷോഭത്തില്‍നിന്നാണ്.

1854ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്തുതന്നെ ബംഗാളില്‍ റെയില്‍പ്പാളങ്ങള്‍ ഇട്ടുതുടങ്ങിയിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 1862 മെയില്‍ എട്ടുമണിക്കൂര്‍ ജോലി സമയത്തിനായി ബംഗാളിലെ 1200 റെയില്‍വേ പണിക്കാര്‍ ഹൗറാ സ്റ്റേഷനില്‍ സമരം നടത്തി. ക്രൂരമായ ചൂഷണങ്ങള്‍ക്കും അസഹ്യമാംവിധം നീണ്ട പ്രവൃത്തിസമയങ്ങള്‍ക്കുമെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് പലയിടത്തും അരങ്ങേറിയത്. 1827 മേയില്‍ മഞ്ചം ചുമട്ടുകാരുടെ പണിമുടക്ക് കല്‍ക്കട്ടയില്‍. 1853ല്‍ നദീ ഗതാഗത പോര്‍ട്ടര്‍മാരുടെ പണിമുടക്ക് ഒരുമാസം നീണ്ടുനിന്നു. 1862ല്‍ കല്‍ക്കട്ടയിലെ കാളവണ്ടിക്കാര്‍ പ്രക്ഷോഭത്തിനിറങ്ങി. ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഇറച്ചിക്കച്ചവടക്കാര്‍ 1862ലും ഹൈദരാബാദിലെ തയ്യല്‍ക്കാരും ഇഷ്ടികക്കളങ്ങളിലെ തൊഴിലാളികളും 1873ലും പണിമുടക്കിലേര്‍പ്പെട്ടു. 1877ല്‍ നാഗ്പുരിലെ നെയ്ത്തുകാര്‍ പണിമുടക്കി.

ഇന്ത്യയിലാദ്യമായി കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് സംഘടിത രൂപം നല്‍കിയത് അയ്യന്‍കാളി 1907ല്‍ സ്ഥാപിച്ച "സാധുജന പരിപാലന സംഘം" ആയിരുന്നു. തിരുവനന്തപുരം ജില്ലയിലെ കണ്ടള, പള്ളിച്ചല്‍, മുടവൂര്‍പ്പാറ, വിഴിഞ്ഞം, കണിയാപുരം മുതലായ പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളില്‍ 1913 ജൂണ്‍ മുതല്‍ ഒരു കൊല്ലം ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളാണ് ഭീഷണികളെയും മര്‍ദനങ്ങളെയും അതിജീവിച്ച് പണിമുടക്കിയത്. മെയ്ദിനാചരണങ്ങള്‍ തൊഴിലാളിവര്‍ഗ ഐക്യം പടുത്തുയര്‍ത്താനും വിപ്ലവകരമായ ആശയങ്ങള്‍ പണിയെടുക്കുന്നവര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും സഹായകമായി.

റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ അത് തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ക്കുള്ള ശക്തമായ ആയുധമായിരുന്നു. മാര്‍ക്സിന്റെ നിര്യാണത്തിനുശേഷം 1889 ജൂലൈ 14ന് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റുകള്‍ പാരീസില്‍ ഒത്തുകൂടിയത് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് മാര്‍ക്സും എംഗല്‍സും രൂപവല്‍ക്കരിച്ച അതേ മാതൃകയില്‍ തൊഴിലാളികളുടെ ഒരു സാര്‍വദേശീയ സംഘടന രൂപവല്‍ക്കരിക്കാന്‍ (രണ്ടാം ഇന്റര്‍നാഷണല്‍) വേണ്ടിയായിരുന്നു. ബാസ്റ്റില്‍ പതനത്തിന്റെ (ഫ്രഞ്ച് വിപ്ലവം) ശതാബ്ദി ദിനമായിരുന്നു അന്ന്. 1888 ഡിസംബറില്‍ സെന്റ് ലൂയിസില്‍ ചേര്‍ന്ന അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ കണ്‍വന്‍ഷന്‍ 1890 മെയ് ഒന്നിന് പ്രകടനങ്ങളും മറ്റും നടത്താന്‍ തീരുമാനിച്ചിട്ടുള്ളതുകൊണ്ട് അന്നേ ദിവസം വിവിധ രാഷ്ട്രങ്ങളിലെ തൊഴിലാളികള്‍ അതതിടത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാന്‍ പാരീസ് കോണ്‍ഗ്രസ് ആഹ്വാനംചെയ്തുകൊണ്ടാണ് ജൂലൈ 20ന് പിരിഞ്ഞത്. ജോലിസമയം പത്തുമണിക്കൂറായി നിജപ്പെടുത്തുന്ന ഒരു ബില്‍ 1847ല്‍ത്തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കുകയുണ്ടായി. പ്രസിഡന്റ് വാന്‍ബൂറന്റെ ഫെഡറല്‍ സര്‍ക്കാര്‍ അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിസമയം പത്തുമണിക്കൂറാക്കി ഉത്തരവിട്ടു.

1890ലെ പ്രഥമ മെയ്ദിനാചരണങ്ങളെ പല ഭരണകൂടങ്ങളും നിര്‍ദാക്ഷിണ്യം വേട്ടയാടി. ഫ്രാന്‍സില്‍ പാരീസിലുള്‍പ്പെടെ പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നവരെ പിരിച്ചുവിടുമെന്ന് ജര്‍മന്‍ തൊഴിലുടമകളുടെ സംഘടന. ചില സ്ഥലങ്ങളില്‍ വെടിവയ്പ്. റഷ്യയില്‍ കൂട്ട അറസ്റ്റ്. ബല്‍ജിയം, ആസ്ട്രിയ, ഹംഗറി, ഇറ്റലി, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കൂബ, സ്കാന്‍ഡിനേവിയ, റുമേനിയ, യുഎസ്എ എന്നിവിടങ്ങളില്‍ വമ്പിച്ച റാലികള്‍. 1930കളുടെ ആരംഭത്തില്‍ യൂറോപ്പിലെ മെയ്ദിന റാലികളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം "ഫാസിസത്തിന്റെ അര്‍ഥം യുദ്ധമെന്നാണ്."

ഇന്ത്യയിലാദ്യമായി മെയ്ദിനം ആഘോഷിക്കുന്നത് 1923ല്‍ മദ്രാസിലാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കമ്യൂണിസ്റ്റുകാരനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില്‍ മദ്രാസ് കടപ്പുറത്ത് ഒരു യോഗം ചേര്‍ന്നു. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്ന് ആ യോഗം ഒരു പ്രമേയവും പാസാക്കി. 1957ലെ കേരളത്തിലെ ഇ എം എസ് സര്‍ക്കാരാണ് ഈ പ്രമേയം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത്. മെയ്ദിനത്തിന്റെ ആവേശം ചരിത്രപ്രാധാന്യമുള്ളതാണ്. ഇന്ത്യയില്‍ മെയ്ദിനാഘോഷങ്ങള്‍ക്ക് ആഹ്വാനംചെയ്ത 1927ല്‍ ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ തീരുമാനം ബോംബെയില്‍ വമ്പിച്ച പ്രകടനം. പെഷ്വാര്‍ ഗൂഢാലോചനക്കേസിലും മീററ്റ് ഗൂഢാലോചനാക്കേസിലും പ്രതികളായ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വന്‍ സ്വീകരണയോഗങ്ങള്‍. 1929ല്‍ സുഭാഷ് ചന്ദ്രബോസ് എഐടിയുസി പ്രസിഡന്റായിരുന്നു.

1935ലെ മെയ്ദിനത്തിലാണ് ആന്തമാന്‍ തടവറയില്‍ അടയ്ക്കപ്പെട്ട 31 സ്വാതന്ത്ര്യസമര സേനാനികളും അനശ്വര രക്തസാക്ഷി ഭഗത്സിങ്ങിന്റെ സഖാക്കളും ചേര്‍ന്ന് ഒരു കമ്യൂണിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തിന്‍ കീഴില്‍ ദേശീയ വിമോചന സമരങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും അസൂയാവഹമായ വിജയങ്ങള്‍ കൊയ്തു. 1945 മെയ്ദിനത്തോടനുബന്ധിച്ച് ബര്‍ലിനിലേക്ക് ഇരച്ചുകയറാന്‍ സോവിയറ്റ് ചെമ്പടയ്ക്കുണ്ടായ ആവേശം മാര്‍ഷല്‍ ഷുഖോവിന്റെ വാക്കുകളില്‍: "മുന്നോട്ട്, മുന്നോട്ടുതന്നെ!

ഈ മഹല്‍കൃത്യത്തിന്റെ നിര്‍വഹണത്തിനായി സകലരുടെയും ആവേശം തിളച്ചുമറിയുകയായിരുന്നു..." 1975ല്‍ വിയറ്റ്നാം വിമോചനസേന സെയ്ഗോണിലേക്കു ആഞ്ഞടിച്ചു കയറി. മെയ്ദിനത്തിന്റെ തലേന്നുതന്നെ, ഏപ്രില്‍ 30ന് തെക്കന്‍ വിയറ്റ്നാം വിമോചിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും നീണ്ടുനിന്ന യുദ്ധത്തില്‍ പരാജയപ്പെട്ട് അമേരിക്കന്‍ സാമ്രാജ്യത്വം കെട്ടുകെട്ടി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരമായ ഡല്‍ഹിയിലും മറ്റു പ്രധാന നഗരങ്ങളിലും മെയ്ദിനാഘോഷ യാത്രകള്‍ നടന്നില്ല. അത് 1976ലെ മെയ് ഒന്ന് ആയിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥയിന്‍ കീഴില്‍ എല്ലാ മൗലികാവകാശങ്ങളും സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന കാലം!

ഇന്ന് സ്ഥിരം തൊഴിലുകള്‍ ഇല്ലാതാകുന്നു. കൂലിസമ്പ്രദായം പുതിയ വേഷങ്ങളില്‍ അവതരിക്കുന്നു. പഴയ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ "ലേസി ഫെയര്‍" സിദ്ധാന്തം പുതിയ മാനങ്ങള്‍ തേടുന്നു. പണിയെടുക്കുന്നവരുടെ പരിമിതമായ സമ്പാദ്യങ്ങള്‍പോലും മൂലധനശക്തികള്‍ തട്ടിയെടുക്കുന്നു. എല്ലാ പ്രകൃതിവിഭവങ്ങളും ആര്‍ത്തിയോടെ കൊള്ളയടിക്കുന്നു പുത്തന്‍ കൊളോണിയല്‍ സംസ്കാരം. നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളും നിയമപരിരക്ഷകളുംപോലും തട്ടിത്തെറിപ്പിക്കുന്ന ആഗോളീകരണ സമ്പദ്വ്യവസ്ഥയുടെ ഭീകര താണ്ഡവം. മെയ് ദിനാചരണങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പ്രസക്തി വര്‍ധിക്കുകയാണ്; തൊഴിലും കൂലിയും അവകാശങ്ങളും സംരക്ഷിക്കാന്‍വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിച്ചുകൊണ്ട്.

*
ഡോ. എ സമ്പത്ത് എംപി

No comments: