Showing posts with label വിയത്നാം. Show all posts
Showing posts with label വിയത്നാം. Show all posts

Saturday, October 19, 2013

നൂറ്റാണ്ടിന്റെ കാവല്‍ക്കാരന്‍

ആഭ്യന്തര യുദ്ധകാലത്തെ സ്പാനിഷ് സങ്കീര്‍ണതകള്‍ വിവരിക്കവേ ദാര്‍ശനികന്‍ മിഗ്യുവെല്‍ ഉനാ മുനോ കള്ളം പറയുന്നതിന് തുല്യമായ മൗനത്തെക്കുറിച്ച് അടിവരയിട്ടു പോകുന്നുണ്ട്. ലോകം സാമ്രാജ്യത്വ യുദ്ധമോഹങ്ങളുടെയും ഫാസിസ്റ്റ് കുരുതികളുടെയും ചോരയില്‍ക്കുതിര്‍ന്നപ്പോഴെല്ലാം ജനങ്ങള്‍ക്ക് കാവലായി നിവര്‍ന്നുനിന്നത് ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരുമായിരുന്നു. സ്വന്തം ജീവന്‍ വെടിഞ്ഞും ഭൂഗോളത്തെ ശരിയായ അച്ചുതണ്ടില്‍ ചലിപ്പിക്കുകയായിരുന്നു ആ മനുഷ്യര്‍.

ഫാസിസ്റ്റ് വിരുദ്ധ വിജയത്തിനുശേഷമുള്ള സോവിയറ്റ് യൂണിയനിലെ ഒരു ക്ലാസ് മുറി. നാല്‍പത് കുട്ടികള്‍. അവരോടായി ക്ലാസ് ടീച്ചറുടെ ആദ്യ ദിവസത്തെ ചോദ്യം: ""നിങ്ങളുടെ അച്ഛന്മാര്‍ എന്തുചെയ്യുന്നു?"" പകുതിയിലധികം വിദ്യാര്‍ഥികളുടെ പിതാക്കള്‍ രക്തസാക്ഷികളായിരുന്നു. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിന് നല്‍കിയ വില അധ്യാപിക തിരിച്ചറിഞ്ഞത് കഥ പോലുള്ള അവരുടെ യാഥാര്‍ഥ്യത്തില്‍നിന്ന്.

ഇതിന്റെ മറ്റൊരു സാക്ഷ്യം വിയത്നാമായിരുന്നു. എന്നാല്‍ മുനോ പറഞ്ഞ കള്ളത്തരത്തിന് തുല്യമായ മൗനം ഇത്തരം യാഥാര്‍ഥ്യങ്ങളെ കൊലചെയ്ത് രസിക്കുകയാണ്. വിയത്നാമിനെതിരായ വിദേശ കടന്നുകയറ്റത്തെയും സാമ്രാജ്യത്വ യുദ്ധത്തെയും ഹോ ചി മിനൊപ്പം ചെറുത്ത ജനറല്‍ വോ ഗുയന്‍ ഗ്യാപ് നൂറ്റിരണ്ടാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഒരു അധ്യായമാണ് അവസാനിച്ചത്. അമേരിക്കന്‍ യുദ്ധഭ്രാന്തിനെ നിശ്ചയദാര്‍ഢ്യംമാത്രം കൈമുതലാക്കി അടിയറവ് പറയിച്ച ജനതയാണ് വിയത്നാമിലേത്. രാജ്യം സംരക്ഷിച്ചുവെങ്കിലും അതിനവര്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു. ലോകം കണ്ട മരണത്തിന്റെ ഏറ്റവും വലിയ സംഹാര നൃത്തമായിരുന്നു വിയത്നാം യുദ്ധം. 1954 മുതല്‍ 1975 വരെ നടന്ന യുദ്ധങ്ങളില്‍ 30 ലക്ഷം മനുഷ്യര്‍ മരിച്ചുവീണു. ആറുലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷം പേരെ കാണാതായി. കാടുകളും ജന്തുക്കളും കാര്‍ഷികവിളകളും ഭൂരിഭാഗവും നശിച്ചു. 1961-67 കാലത്ത് രണ്ടുകോടി ഗാലന്‍ വിഷവസ്തുക്കളാണ് അമേരിക്ക വാരിവിതറിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കാത്ത "ഏജന്റ് ഓറഞ്ചി"ന്റെ പ്രയോഗം മാരകമായിരുന്നു. ഇതുമൂലം 13000 കന്നുകാലികള്‍ ചത്തു. നാപാം ബോംബുകള്‍ പിന്നെയും കെടുതികള്‍ തീര്‍ത്തു. അമേരിക്ക തോറ്റു പിന്മാറുമ്പോഴേക്കും വിയത്നാമില്‍ 70 ലക്ഷം ടണ്‍ ബോംബുകള്‍ വര്‍ഷിച്ചുകഴിഞ്ഞിരുനു. ഒരാളുടെമേല്‍ രണ്ടു ക്വിന്റല്‍ എന്ന തോതില്‍. രണ്ടാം ലോകമഹായുദ്ധ വേളയില്‍ യൂറോപ്പിലും ഏഷ്യയിലും വാരിവിതറിയ ബോംബിന്റെ ഇരട്ടിയായിരുന്നു അത്. വിയത്നാമിലാകെ ബോംബ് വീണ് രണ്ടുകോടിയിലധികം കുഴികള്‍ രൂപപ്പെടുകയുമുണ്ടായി. മരങ്ങളുള്‍പ്പെടെ ജൈവ വസ്തുക്കളുടെ വളര്‍ച്ച മുരടിപ്പിച്ച വിഷലായിനികള്‍ ആകാശത്തുനിന്നും തളിച്ചു. കുട്ടികളിലെ ജനനവൈകൃതങ്ങള്‍ അതിലും ഭീകരം. തടവുകേന്ദ്രങ്ങളില്‍ എഴുപതിനായിരം പോരാളികളെയും സാധാരണക്കാരെയും നരകിപ്പിച്ചു. അമേരിക്കന്‍ പ്രതിനിധികള്‍ ഇതിനെല്ലാം നേതൃത്വം നല്‍കുകയുമുണ്ടായി.

"".... 1964 മുതല്‍ 1972 വരെയുള്ള കാലത്ത് ലോകചരിത്ത്രിലേറ്റവും ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രം അണുബോംബൊഴികെയുള്ള പരമാവധി സൈനിക ബലത്തോടെ ഒരു ചെറു കര്‍ഷക രാജ്യത്തിലെ ദേശീയ വിപ്ലവപ്രസ്ഥാനത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. അമേരിക്ക വിയത്നാമില്‍ നടത്തിയ യുദ്ധം, ഒരുവശത്ത് സംഘടിത ആധുനിക സാങ്കേതിക വിദ്യയും മറുവശത്ത് സംഘടിത മനുഷ്യരും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവില്‍ മാനവശേഷി വിജയിച്ചു. ഈ യുദ്ധകാലത്ത് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ബൃഹത്തായ ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം യുഎസില്‍ രൂപപ്പെടുകയും ഈ പ്രസ്ഥാനം യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തു...."" എന്നാണ് ഹോവാര്‍ഡ് സിന്‍ (എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ്) എഴുതിയത്. എന്നിട്ടും യുദ്ധമവസാനിപ്പിക്കാനുള്ള കാരണമായി പരമ്പരാഗത ചരിത്രകാരന്മാര്‍ വരച്ചുകാട്ടാറുള്ളത് പാരീസിലും ബ്രസല്‍സിലും ജനീവയിലും വെഴ്സെയില്‍സിലുമൊക്കെ നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന സന്ധിസംഭാഷണങ്ങളായിരുന്നു. അതേയവസരത്തില്‍ യുദ്ധത്തിന്റെ കാരണമായി കണ്ടതോ "ജനങ്ങളില്‍നിന്നുള്ള ആവശ്യ" വും.

അമേരിക്കക്കെതിരായ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചെറുത്തുനില്‍പില്‍ അനേകം നേതാക്കള്‍ രക്തസാക്ഷികളായി. ജനതയെ സമരസജ്ജരാക്കി നിര്‍ത്തുന്നതില്‍ ഹോചിമിനൊപ്പം പ്രവര്‍ത്തിച്ച ഗ്യാപിന്റെ ജീവിതം ആധുനിക വിയത്നാമിന്റെ രൂപപരിണാമങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്നു. ആ രാജ്യത്തിന്റെ വേദനകളിലും സംഘര്‍ഷങ്ങളിലും ചെറുത്തുനില്‍പിലും കിതപ്പിലും കുതിപ്പിലുമെല്ലാം അദ്ദേഹം മുഴുകിനിന്നു. നിരന്തരം സമരസജ്ജമായിരുന്നു ആ ജീവിതം. 1911 ആഗസ്ത് 25ന് അന്‍ക്സാ ഗ്രാമത്തിലായിരുന്നു ജനനം. പതിനാറാം വയസില്‍ ഫ്രഞ്ച് വിദ്യാലയത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷമേ അധികൃതര്‍ അവിടെ വെച്ചുപൊറുപ്പിച്ചുള്ളൂ. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കാരണത്താല്‍ പുറത്താക്കുകയായിരുന്നു. പിന്നെ ഹനോയ് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തില്‍ ബിരുദമെടുത്തു. അക്കാലത്ത് പത്രപ്രവര്‍ത്തകനായും ജോലിചെയ്തു. 1930ലെ അറസ്റ്റ് അത് അവസാനിപ്പിച്ചു. പതിമൂന്ന് മാസത്തിനുശേഷമാണ് വിട്ടയക്കപ്പെട്ടത്. ജയിലില്‍നിന്ന് പുറത്തുവന്നയുടന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. ഇതേ കാലയളവില്‍ കുറേ പത്രങ്ങളില്‍ എഴുതുകയും ചെയ്തു. 1939ല്‍ ഗ്യാപ് വിവാഹിതനായി. ദാമ്പത്യം അധികം നീണ്ടില്ല. ഫ്രഞ്ച് അധിനിവേശ ശക്തികളുടെ ഭീഷണിമൂലം ചൈനയിലേക്ക് നാടുവിട്ടു.

പിന്നെ അതിക്രൂരമായ സംഭവമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച ഫ്രഞ്ച് ഭരണം ഗ്യാപിന്റെ അച്ഛന്‍, സഹോദരി, ഭാര്യ, അവരുടെ സഹോദരി എന്നിവരെയെല്ലാം കൂട്ടക്കശാപ്പുചെയ്തു. 1944ല്‍ തിരിച്ചുവന്ന ഗ്യാപ് ഹോചിമിനൊപ്പം ചേര്‍ന്ന് വിയത്നാമീസ് ഇന്‍ഡിപെന്‍ഡന്റസ് ലീഗിന് രൂപം നല്‍കി. 1945 സെപ്തംബറില്‍ ഹോയുടെ നേതൃത്വത്തില്‍ വിയത്നാം ജനാധിപത്യ റിപ്പബ്ലിക്കായി; ഗ്യാപ് മന്ത്രിയും. ഈ ഭരണം അധികം നീണ്ടില്ല. ഫ്രഞ്ചുകാര്‍ തിരിച്ചുവന്നു. പിന്നെ ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും കനത്ത ചെറുത്തുനില്‍പ് നടത്തി. ഫ്രഞ്ചുകാരില്‍നിന്ന് വടക്കന്‍ വിയത്നാമിന്റെ ഒട്ടുമിക്ക ഗ്രാമീണ മേഖലകളും തിരിച്ചുപിടിക്കുന്നതില്‍ ഗ്യാപിന്റെ നേതൃത്വമായിരുന്നു. 1954ലെ തന്ത്രപ്രധാനവും നിര്‍ണായകവുമായ ദിയെന്‍ ബിയന്‍ ഫു യുദ്ധം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. അതിനുശേഷം രൂപീകരിക്കപ്പെട്ട സര്‍ക്കാരിലും ഗ്യാപ് മന്ത്രിയായി. ജനകീയ സൈന്യത്തിന്റെ കമാന്‍ഡര്‍ പദവിയും വഹിച്ചു. അമേരിക്കക്കെതിരായ ചെറുത്തുനില്‍പില്‍ ആ നേതൃത്വം വിയത്നാമിന് വലിയ തുണയായി.

*
അനില്‍കുമാര്‍ എ വി chintha weekly

Tuesday, October 8, 2013

വിയറ്റ്നാം പോരാട്ട നായകന് വിട

ലോകംകണ്ട ഏറ്റവും വലിയ വിമോചന പോരാട്ടമായിരുന്നു വിയറ്റ്നാമിലേത്. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലെമ്പാടും അതുണ്ടാക്കിയ ചലനങ്ങള്‍ വലുതാണ്. സര്‍വലോകനായകരെന്ന് അഹങ്കരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൈനിക ശക്തിയുടെയും പരാക്രമങ്ങളുടെയും നട്ടെല്ലുതകര്‍ത്ത വിയറ്റ്നാംപോരാളികള്‍ ലോകത്തെ മോചനപോരാളികള്‍ക്കാകെ എക്കാലത്തെയും ആവേശമാണ്. ആ വിമോചനപോരാട്ടത്തിന്റെ നേതൃത്രയത്തില്‍ ഹോചിമിന്‍ നാലു ദശകംമുമ്പ് വിടപറഞ്ഞു. വാന്‍ഡോങ് 2000ല്‍ അന്തരിച്ചു. ഇപ്പോഴിതാ വോ എന്‍ഗുയെന്‍ ഗ്യാപും. 102-ാം വയസ്സില്‍ ഗ്യാപ് വിടപറയുമ്പോള്‍ ഒരു ജീവിതേതിഹാസത്തിനാണ് തിരശ്ശീല വീഴുന്നത്; ജാപ് അധിനിവേശത്തിനും ഫ്രഞ്ച് കൊളോണിയല്‍ മേധാവിത്വത്തിനും അമേരിക്കന്‍ ആധിപത്യത്തിനും എതിരെ പൊരുതി വിജയംവരിച്ച വിയറ്റ്നാം ജനകീയസേനയുടെ ശില്‍പ്പിക്കാണ് ലോകം അന്ത്യാഭിവാദ്യം നല്‍കുന്നത്.

ഫ്രഞ്ച് ആധിപത്യത്തിനെതിരെ പൊരുതി നിരവധി തവണ ജയില്‍വാസമനുഭവിച്ച ഗ്യാപ് 1944ലാണ് ഹോചിമിന്റെ നിര്‍ദേശമനുസരിച്ച് വിയറ്റ്നാം ജനകീയസേനയ്ക്ക് രൂപംനല്‍കിയത്. 34 പേരും രണ്ടു റിവോള്‍വറും ഒരു മെഷീന്‍ഗണ്ണുമായി വടക്കന്‍ വിയറ്റ്നാമില്‍ ആരംഭിച്ച ഈ വിപ്ലസേനയാണ് വിസ്മയകരമായ മൂന്ന് വിജയങ്ങള്‍ നേടിയത്. മൗ സെ ദൊങ്ങിനും ചെ ഗുവേരയ്ക്കും ഫിദല്‍ കാസ്ട്രോയ്ക്കും ഒപ്പംനില്‍ക്കുന്ന വിമോചന യുദ്ധനായകനാണ് ഗ്യാപ്. വിയറ്റ്നാമില്‍ ഹോചിമിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വം. ലോക സൈനികചരിത്രത്തില്‍ ഗ്യാപ് ഓര്‍മിക്കപ്പെടുന്നത് ഫ്രഞ്ച് ആധിപത്യത്തെ തറപറ്റിച്ച ദിയെന്‍ ബിയെന്‍ ഫു യുദ്ധവിജയത്തിലൂടെയാണ്. ഫ്രഞ്ച് കൊളോണിയലിസത്തിന് കനത്ത ആഘാതമായിരുന്നു ആ പരാജയം. അള്‍ജീരിയ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികള്‍ അതോടെ സ്വതന്ത്രമായി. ഫ്രാന്‍സും അമേരിക്കയും ചേര്‍ന്ന് വിയറ്റ്നാമിനെ വിഭജിച്ചപ്പോള്‍ പുനരേകീകരണത്തിനായി ഗ്യാപ് സൈന്യത്തെ നയിച്ചു. 1975ല്‍ ടാങ്കുകളുമായി ഗ്യാപ്പിന്റെ സൈന്യം സൈഗോണിലേക്ക് (ഇന്നത്തെ ഹോചിമിന്‍ സിറ്റി) ഇരമ്പിക്കയറിയപ്പോള്‍ കൊച്ചു വിയറ്റ്നാമിനോട് അമേരിക്ക തോറ്റു. ഇന്നും ഈ പരാജയം അമേരിക്കയെ വേട്ടയാടുകയാണ്. ജനകീയസേനയുടെ കമാന്‍ഡര്‍ എന്നതിനു പുറമെ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം, ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നീ നിലകളിലും ഗ്യാപ് പ്രവര്‍ത്തിച്ചു. ഗ്യാപ്പിന്റെ വേര്‍പാട് വിയറ്റ്നാം ജനതയ്ക്കു മാത്രമല്ല ലോകമാകെയുള്ള പുരോഗമന ചിന്താഗതിക്കാര്‍ക്കും സ്വാതന്ത്ര്യപ്രേമികള്‍ക്കും സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്കും കനത്ത നഷ്ടമാണ്. ആ ദുഃഖം ഞങ്ങളുടേതുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

ചുകപ്പ് നെപ്പോളിയന്‍

മൂന്ന് വിദേശ ശക്തികള്‍ക്കെതിരെ പൊരുതി വിജയംനേടി ലോകചരിത്രത്തില്‍തന്നെ ഉന്നതസ്ഥാനം നേടിയ വ്യക്തിത്വമാണ് വോ എന്‍ഗുയെന്‍ ഗ്യാപ്. വിയത്നാമിലെ വിപ്ലവ ഇതിഹാസം. ജപ്പാന്‍ അധിനിവേശത്തെയും ഫ്രഞ്ച്-അമേരിക്കന്‍ ആധിപത്യത്തെയും തറപറ്റിച്ച സൈനികതന്ത്രജ്ഞന്‍. "ചുകപ്പ് നെപ്പോളിയന്‍" എന്ന് അറിയപ്പെടുന്ന ഗ്യാപ് ഹാനേയിയിലെ മിലിട്ടറി ആശുപത്രിയില്‍ 102-ാം വയസ്സില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ നഷ്ടമായത് ലോകം കണ്ട ഗറില്ലായുദ്ധ വിദഗ്ധനെയാണ്. മൗ സെ ദൊങ്ങിനും ചെ ഗുവേരയ്ക്കും ഫിദല്‍ കാസ്ട്രോയ്ക്കും ഒപ്പംനില്‍ക്കുന്ന വിമോചനയുദ്ധ നായകനാണ് ഗ്യാപ്പും. വിയത്നാമില്‍ ഹോചിമിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വം.

മധ്യവിയത്നാമിലെ ക്വാങ് ബിന്‍ പ്രവിശ്യയില്‍ അന്‍ സാ ഗ്രാമത്തിലാണ് ഗ്യാപ്പിന്റെ ജനനം. 1911ആഗസ്ത് 25ല്‍. തുടര്‍ന്ന് ഹാനോയി സര്‍വകലകശകലയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം 1930ലാണ് വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നത്. ആ വര്‍ഷംതന്നെ ഫ്രഞ്ച് കെളോണിയല്‍ മേധാവികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് ജയിലിലടയ്ക്കപ്പെട്ടു. ഗ്യാപ്പിനോടുള്ള ദേഷ്യം അടക്കാനാകാതെ ആദ്യ ഭാര്യയെയും സഹോദരിയെയും സഹോദരിയുടെ ഭര്‍ത്താവിനെയും അച്ഛനെയും ഫ്രഞ്ചുകാര്‍ വധിച്ചു. 13 മാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയെങ്കിലും അപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടിയെ ഫ്രഞ്ച് കൊളോണിയല്‍ മേധാവികള്‍ നിരോധിച്ചിരുന്നു. അതിനാല്‍, ചൈനയിലേക്ക് കടന്നു. ഇവിടെവച്ചാണ് ഗ്യാപ് ഹോചിമിനുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. 1969ല്‍ ഹോചിമിന്‍ മരിക്കുന്നതുവരെയും ആ സൗഹൃദം നിലനിന്നു. ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യം യുദ്ധം ജപ്പാനെതിരെയായിരുന്നു.

അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യശക്തികള്‍ക്കുമുമ്പില്‍ ജപ്പാന്‍ 1945ല്‍ കീഴടങ്ങിയപ്പോള്‍ വിയത്നാമിലും ജാപ് സേന മുട്ടുമടക്കി. ഈ ഘട്ടത്തിലാണ് വിയത്നാമിനെ ജനാധിപത്യ റിപ്പബ്ലിക്കായി ഹോചിമിന്‍ പ്രഖ്യാപിച്ചത്. ഫ്രഞ്ചുകാരെ ഈ നടപടി പ്രകോപിപ്പിച്ചു. 1946ല്‍ വിയത്നാം പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 300ല്‍ 230 സീറ്റും നേടി വിയത്നാം വര്‍ക്കേഴ്സ് പാര്‍ടി വിജയിച്ചെങ്കിലും അതിനെയും അംഗീകരിക്കാന്‍ ഫ്രഞ്ച് കൊളോണിയല്‍ മേധാവികള്‍ തയ്യാറായില്ല. ഇതാണ് ഫ്രഞ്ച് മേധാവിത്വത്തിനെതിരെയുള്ള തുറന്നയുദ്ധമായി മാറിയത്. ഏഴുവര്‍ഷം നീണ്ട യുദ്ധത്തിന് അന്ത്യമായത് ഗ്യാപ്പിന്റെ നേതൃത്വത്തില്‍ നടന്ന ദിയന്‍ ബിയന്‍ ഫു യുദ്ധത്തോടെയായിരുന്നു. ഗ്യാപ്പിന്റെ യുദ്ധതന്ത്രങ്ങളെ ലോകം വാഴ്ത്തിയ യുദ്ധം.

ലോക സൈനിക ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും കൗതുകത്തോടെ പഠിക്കുന്ന യുദ്ധം. ഹാനോയിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ലാവോസിനും ചൈനയ്ക്കുമടുത്ത് കിടക്കുന്ന താഴ്വരയാണ് ദിയന്‍ ബിയന്‍ ഫു. താഴ്വരയ്ക്കു ചുറ്റും വന്‍ മലനിരകള്‍. 1954 മാര്‍ച്ചിലാണ് പോരാട്ടം ആരംഭിക്കുന്നത്. ഫ്രഞ്ച് കമാന്‍ഡര്‍ ക്രിസ്ത്യന്‍ ഡി കാസ്റ്റേഴ്സ് 16,000 വരുന്ന സൈനികരെ താഴ്വരയില്‍ വിന്യസിച്ചു. യുദ്ധത്തിന്റെ മികച്ച നടത്തിപ്പിനായി ഫ്രഞ്ച് കമാന്‍ഡര്‍ ജനറല്‍ ഹെന്‍റി നവാറെതന്നെ എത്തി. അത്യന്താധുനിക ആയുധങ്ങളായിരുന്നു ഫ്രഞ്ച് സേനയുടെ കൈവശമുണ്ടായിരുന്നത്. ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള വിയത്നാം ജനകീയസേന ടയറുകൊണ്ടുള്ള ചെരിപ്പുകളില്‍ ആയുധം ഒളിപ്പിച്ച് ദിയന്‍ ബിയെന്‍ ഫുവിനു ചുറ്റുമുള്ള മലനിരകളിലേക്ക് കൊണ്ടുപോയി. ഫ്രഞ്ച് സേന നിലയുറപ്പിച്ച സ്ഥലത്തിനു ചുറ്റും കുഴികളുണ്ടാക്കി. ഈ തയ്യാറെടുപ്പിനിടയിലും ഹോചിമിന്‍ ഗ്യാപ്പിനു മുന്നറിയിപ്പ് നല്‍കി.

"ആക്രമണം നടത്തുന്നത് വിജയിക്കാനായിരിക്കണം. വിജയം ഉറപ്പുണ്ടെങ്കില്‍മാത്രം ആക്രമിക്കുക. അല്ലെങ്കില്‍ ആക്രമണത്തിന് മുതിരാതിരിക്കുക." എന്നാല്‍, ഫ്രഞ്ച് സേനയ്ക്ക് ആയുധവും ഭക്ഷണവും വരുന്ന വഴികള്‍ അടച്ചുകൊണ്ട് 1954 മാര്‍ച്ച് 13ന് ഗ്യാപ് യുദ്ധം ആരംഭിച്ചു. ഫ്രഞ്ച് ഡെപ്യൂട്ടി കമാന്‍ഡര്‍ ആദ്യദിവസംതന്നെ കൊല്ലപ്പെട്ടു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ അത്യന്താധുനിക ഫ്രഞ്ച് സേന പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇന്തോ-ചൈനാ മേഖലയില്‍ കൊളോണിയല്‍ മേധാവിത്വത്തിന്റെ കൊടി വലിച്ചിറക്കപ്പെട്ടു. എന്നാല്‍, ഫ്രഞ്ച് കോളനി മേധാവികള്‍ പോയത് വിയത്നാമിനെ വിഭജിച്ചുകൊണ്ടായിരുന്നു. വടക്കന്‍ വിയത്നാമില്‍ ഹോചിമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ദക്ഷിണ വിയത്നാം ഫ്രഞ്ച് ആധിപത്യത്തില്‍ തുടര്‍ന്നു. 1956ല്‍ ഫ്രഞ്ച് സേന ദക്ഷിണ വിയത്നാമില്‍നിന്ന് പിന്‍വാങ്ങുകയും അമേരിക്ക ഭരണം ഏറ്റെടുക്കുയുംചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ ആധിപത്യത്തിനെതിരായി ഗ്യാപ്പിന്റെ നേതൃത്വത്തിലുള്ള വിയത്നാം ജനകീയസേനയുടെ സമരം.

അരക്കോടി വരുന്ന അമേരിക്കന്‍സേനയെ തുരത്തുന്നതിനേക്കാള്‍ യുദ്ധം തുടരാനുള്ള അമേരിക്കയുടെ ഇച്ഛാശക്തി തകര്‍ക്കുന്നതിനാണ് ഗ്യാപ് മുന്‍തൂക്കം നല്‍കിയത്. 1968ല്‍ ആരംഭിച്ച ടെറ്റ് ആക്രമണം അതിന്റെ ഭാഗമായിരുന്നു. തുടരെത്തുടരെയുള്ള മിന്നലാക്രമണം അമേരിക്കയുടെ ആത്മവിശ്വാസം തകര്‍ത്തു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് ഇതിന്റെ ഫലമായിരുന്നു. ജോണ്‍സണിന്റെ പ്രഖ്യാപനം വിയത്നാംസേനയുടെ വീര്യം വര്‍ധിപ്പിച്ചു. അമേരിക്കയുടെ ബി-52 വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുമ്പോഴും കുഞ്ഞിനെ തോളത്തിരുത്തി അമേരിക്കന്‍ വിമാനങ്ങള്‍ക്കെതിരെ അമ്മമാര്‍ റോക്കറ്റ് വിക്ഷേപിച്ചപ്പോള്‍ തകര്‍ന്നത് അമേരിക്കയുടെ ആത്മവിശ്വാസമായിരുന്നു.

1975 ടാങ്കുകളുമായി ഗ്യാപ്പിന്റെ സൈന്യം സൈഗോളിലേക്ക് (ഇന്നത്തെ ഹോചിമിന്‍ സിറ്റി) ഇരമ്പിക്കയറിയപ്പോള്‍ കൊച്ചു വിയത്നാമിനോട് അമേരിക്ക തോറ്റു. അവശ്വസനീയമായ വിജയം. "ഈ വിജയത്തോടെ അമേരിക്കന്‍ അടിമകള്‍ സ്വതന്ത്രാരയി" എന്ന് ഗ്യാപ്പ് പ്രഖ്യാപിച്ചു. മറ്റൊരു വിമോചന യുദ്ധത്തേക്കാളും ആള്‍നാശമുണ്ടായ യുദ്ധമായിരുന്നു ഇത്. 20 ലക്ഷത്തിലധികം വിയത്നാംകാര്‍ നല്‍കിയ ജീവരക്തത്തിലാണ് വിയത്നാം വീണ്ടും ഏകീകരിക്കപ്പെട്ടത്. ഈ മൂന്നു യുദ്ധവിജയങ്ങളില്‍നിന്ന് ആറ്റികുറുക്കി ഗ്യാപ് ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. "ഏത് സൈന്യവും അവരുടെ അധികാരം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ പരാജയം സുനിശ്ചിതമാണ്."

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി