Monday, December 31, 2012

സ്ത്രീപീഡനങ്ങളുടെ തലസ്ഥാനം

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബസിനുള്ളില്‍ ഒരു പെണ്‍കുട്ടിക്കുനേരെയുണ്ടായ പീഡനം വാക്കുകൊണ്ട് വിവരിക്കാനാകാത്ത വിധം മനുഷ്യത്വരഹിതമാണ്. എല്ലാ തരത്തിലുള്ള സുരക്ഷാസംവിധാനങ്ങളും ഏതുസമയത്തും ഉണ്ടെന്നു പറയപ്പെടുന്ന തലസ്ഥാനഗരിയിലാണ് ഒരു പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വച്ച് അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയും പുരുഷസുഹൃത്തും ബസ് കാത്തിരിക്കുമ്പോഴാണ് അതുവഴി വന്ന ബസ്സില്‍ കയറുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി കറുത്ത ഫിലിം ഒട്ടിച്ച, കര്‍ട്ടന്‍ ഇട്ട ബസ് പൊലീസ് പെട്രോളിങ് വാഹനങ്ങളുടെ കണ്‍മുമ്പിലൂടെയാണ് ഓടിക്കൊണ്ടിരുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആ വാഹനം പരിശോധിച്ചില്ല. അങ്ങേയറ്റം തകര്‍ന്ന പൊലീസ് സംവിധാനത്തിന്റെ പ്രകടമായ അനുഭവമാണ് ഇതില്‍ തെളിയുന്നത്.

മൃഗീയം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍പോലും പ്രതിഷേധിക്കുന്ന വിധത്തിലുള്ള പീഡനമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. പുരുഷസുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. മാനം രക്ഷിക്കുന്നതിനായി പരമാവധി ശ്രമിച്ച അവരെ ഇരുമ്പുവടിക്ക് അടിച്ചുവീഴ്ത്തി. ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു. വയറ്റിനു ചവിട്ടിവീഴ്ത്തി. അബോധാവസ്ഥയിലായ അവരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെയും സുഹൃത്തിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു. എങ്ങനെയാണ് ഇതു സഹിക്കുന്നത്? പാര്‍ലമെന്റില്‍ സംസാരിച്ച പലരും വിതുമ്പി. തനിക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ജയ ബച്ചന്‍ പറഞ്ഞു. സംസാരം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ അവര്‍ വിതുമ്പി ക്കരഞ്ഞു. തനിക്ക് എന്താണ് പറയേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും അറിയുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടികളെ ആരുടേയും കൂടെ ഒറ്റക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് അവര്‍ പറഞ്ഞു. ഏതു പുരുഷനെയും സംശയത്തോടെ മാത്രം നോക്കാന്‍കഴിയുന്ന ഭീതിജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലൂടെ സഞ്ചരിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്ന സാഹചര്യത്തെ കുറിച്ചും ഇന്നത്തെ പ്രശ്നം നേരിടേണ്ടതിന്റെ നിര്‍ദ്ദേശങ്ങളുമാണ് ടിഎന്‍ സീമ ഉള്‍പ്പെടെയുള്ള എംപിമാര്‍ പങ്കുവച്ചത്. രണ്ടു സഭകളും ഗൗരവമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തവിധം ആഴത്തിലുളളതാണ് ഈ പ്രശ്നം. ഇതൊരു സ്ത്രീപ്രശ്നം മാത്രമല്ലെന്ന താണ് യാഥാര്‍ഥ്യം. ഇതിനു പിന്നിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലെന്ന വിമര്‍ശനവും പ്രസക്തമാണ്. യഥാര്‍ഥത്തില്‍ നിലവിലുള്ള നിയമങ്ങള്‍ എത്രമാത്രം പ്രയോഗത്തില്‍ വരുന്നുണ്ടെന്നും പരിശോധിക്കേണ്ടതാണ്. സ്ത്രീപീഡന നിയമങ്ങള്‍ അനുസരിച്ച് ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ തന്നെ ശിക്ഷിക്കപ്പെടുന്നതിന്റെ ശതമാനം വളരെ കുറവാണ്. യഥാര്‍ഥത്തില്‍ ഈ വിചാരണ സംവിധാനം തന്നെ പലപ്പോഴും അപമാനകരമായ അനുഭവമായി മാറുന്നു. പൊലീസ് പ്രതികളെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചറിയല്‍ പരേഡാണ്. ഈ ഘട്ടത്തിലെല്ലാം സ്ത്രീക്കുണ്ടായ മാനസികമായ പീഡനങ്ങള്‍ ആരും പരിഗണിക്കുന്നില്ല. പ്രതികള്‍ ആരാലും തിരിച്ചറിയാതെ സമൂഹത്തില്‍ പരസ്യമായി വിലസുമ്പോള്‍ ഇരകള്‍ സമൂഹത്തില്‍ എപ്പോഴും തിരിച്ചറിയുന്ന അവസ്ഥയിലായിരിക്കും. കഠിനമായ പീഡനത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും പ്രതികളെ തിരിച്ചറിയാന്‍പോലും കഴിഞ്ഞെന്നുവരില്ല. പലപ്പോഴും മാനഭംഗശ്രമത്തിനിടയില്‍ സ്ത്രീകള്‍ ബോധം നഷ്ടപ്പെടുന്ന സ്ഥിതിയിലായിരിക്കും. അപ്പോള്‍ പിന്നെ എങ്ങനെയാണ് അവര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നത്? ഇതെല്ലാം കാണിക്കുന്നത് ഗൗരവമായ പുനര്‍വിചിന്തനം അന്വേഷണസംവിധാനത്തെ സംബന്ധിച്ചും നിയമവ്യവസ്ഥയെകുറിച്ചും നടത്തേണ്ടതുണ്ടെന്നാണ്. ഈ പ്രശ്നം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നയൊന്നല്ല.

പ്രബുദ്ധമാണെന്ന് കരുതിയിരുന്ന കേരളത്തിലെ സ്ഥിതിയും ഞെട്ടിപ്പിക്കുന്നതാണ്. എല്ല ബന്ധങ്ങളെയും അപ്രസക്തമാക്കി മാറ്റുംവിധമാണ് അനുഭവങ്ങള്‍ പുറത്തുവരുന്നത്. അച്ഛനാലും സഹോദരനാലും മറ്റു ബന്ധുക്കളാലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍. എട്ടുംപൊട്ടും തിരിയാത്ത കുട്ടികള്‍ വരെ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അമ്മയും അച്ഛനും ചേര്‍ന്ന് മക്കളെ കൊണ്ടുനടന്നു വില്‍ക്കുന്നു. എങ്ങോട്ടാണ് നാടിന്റെ പോക്ക് എന്ന ചോദ്യം എല്ലായിടത്തും ഉയരുന്നു. എല്ലാത്തിനെയും വില്‍പ്പനചരക്കാക്കുന്ന മുതലാളിത്തത്തെ സംബന്ധിച്ച് മാര്‍ക്സ് എഴുതിയ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിത്. എല്ലാ ബന്ധങ്ങളുടേയും പ്രഭാവലയത്തെ മുതലാളിത്തം പിച്ചിച്ചീന്തി.

എല്ലാത്തിനെയും റൊക്കം പൈസയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്ന കാലമാണിത്. ആഗോളവല്‍ക്കരണകാലം ഈ എല്ലാ പ്രവണതകളെയും ശക്തിപ്പെടുത്തിയിരിക്കുന്നു. സ്ത്രീയെയും ഈ കാലം ചരക്കുവല്‍ക്കരിക്കുന്നു. വില്‍ക്കാനുള്ളതു മാത്രമാണ് ചരക്ക് എന്ന നിര്‍വചനത്തിലേക്ക് പലയിടങ്ങളിലും സ്ത്രീയും വരികയാണ്. കമ്പോളവല്‍ക്കരണം സൃഷ്ടിക്കുന്ന ഈ അപകടകരമായ പ്രവണതയും ചര്‍ച്ചചെയ്യേണ്ടതാണ്. ഇതു വിദ്യാഭ്യാസത്തിലും പ്രകടമാണ്. സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണാന്‍ പഠിപ്പിക്കാത്ത കരിക്കുലമാണ് പിന്തുടരുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളെ സംബന്ധിച്ചും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതേയില്ല. സ്ത്രീയെ കേവലം ചരക്കും ശരീരവും മാത്രമായി കാണുന്ന അവസ്ഥ ശക്തിപ്പെടുകയാണ്. താലി കഴുത്തിലില്ലാത്ത സ്ത്രീക്ക് പുരുഷന്റെ ഒപ്പം നടക്കാന്‍ അനുവാദമില്ലാത്ത അവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഇതെല്ലാം കൊണ്ടുതന്നെ പെണ്‍മക്കളുണ്ടാകുന്നതിനെ ഭയപ്പെടുന്നവരുടെ എണ്ണം കൂടുന്നു.

ഇപ്പോള്‍ അയ്യായിരം രൂപ ചെലവഴിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അഞ്ചുലക്ഷം ലാഭിക്കാമെന്ന് പരസ്യം ചെയ്ത അബോര്‍ഷന്‍ സെന്റര്‍ എന്നു വിളിക്കാവുന്ന ഹോസ്പിറ്റല്‍ വരെയുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്. ഭ്രൂണഹത്യകളെ സംബന്ധിച്ച് അന്വേഷിച്ച പെറ്റീഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന കാലത്തെ അനുഭവം ഒരിക്കല്‍ ഈ കോളത്തില്‍ എഴുതിയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. സലിംകുമാര്‍ എന്ന നടന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവന്ന അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ ഓര്‍മയില്ലേ? യഥാര്‍ഥത്തില്‍ പെണ്‍മക്കളുള്ള വീടുകളിലെല്ലാം ഇതുതന്നെയാണ് ഇന്നത്തെ അവസ്ഥ. അങ്ങേയറ്റം ഭയപ്പെടുത്തുന്ന തരത്തിലേക്ക് പോകുന്ന നാടിനെ തിരിച്ചുപിടിക്കേണ്ടതുണ്ട്. വിശാലമായ അവബോധം രൂപപ്പെടുത്താന്‍ കഴിയുന്ന കൂട്ടായ്മകള്‍ ആവശ്യമാണ്. ഡല്‍ഹിയില്‍ ഈ സാഹചര്യം ശക്തിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്മാരും ഭരണത്തിലിരിക്കുന്നവരും മറുപടി പറയണം. ഇതുതന്നെയാണ് കേരളത്തിലേയും അവസ്ഥ. നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശമെന്ന ചോദ്യം എല്ലാ മനുഷ്യരുടെ ബോധത്തിലേക്കും ചാട്ടുളി പോലെ തുളഞ്ഞുകയറട്ടെ.

*
പി രാജീവ് ദേശാഭിമാനി

ഇവള്‍ ഇന്ത്യയുടെ മകള്‍

ആ പെണ്‍കുട്ടിയുടെ പേരറിയില്ല. നാടിനെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ല. എന്നിട്ടും അവള്‍ രാജ്യത്തിന്റെ മുഴുവന്‍ നൊമ്പരമായി. രാജ്യം മുഴുവന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകി; വേദനകൊണ്ട് വിതുമ്പി; രോഷംകൊണ്ട് തെരുവിലിറങ്ങി; അധികാരശാസനങ്ങളുടെ പടച്ചട്ടകള്‍ക്കുമുന്നില്‍ വിരിമാറുകാട്ടി പ്രതിഷേധിച്ചു; നീതിക്കുവേണ്ടി മുറവിളി കൂട്ടി; കാട്ടാളത്തം ലജ്ജിച്ചുപോകുന്ന ക്രൂരതയോട് സമരസപ്പെടാനാകില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. വേദനകൊണ്ടും രോഷംകൊണ്ടും ഡല്‍ഹിയിലെ തണുത്തുറഞ്ഞ പകലുകളെ സമരഭരിതമാക്കിയവരില്‍ രാജ്യത്തിന്റെ മുഴുവന്‍ മനസ്സുമുണ്ടായിരുന്നു. ഭാഷയും മതവും ജാതിയുമൊന്നും അവിടെ വേര്‍തിരിവുണ്ടാക്കിയില്ല; തരതമഭേദവും കണ്ടില്ല. ജീവിതമെന്തെന്ന് അറിഞ്ഞുതുടങ്ങുന്നതിനുമുമ്പേ നരാധമന്മാരുടെ പൈശാചികതയ്ക്ക് സ്വന്തം ജീവിതം ബലികൊടുക്കേണ്ടിവന്ന ഇരുപത്തിമൂന്നുകാരിയുടെ ദുരന്തം സ്വന്തം മകളുടെ, സഹോദരിയുടെ, അമ്മയുടെ ദുരവസ്ഥയായി രാജ്യം മനസ്സോടുചേര്‍ക്കുകയായിരുന്നു. അപരനെക്കുറിച്ചുള്ള ആകുലത ഹൃദയപക്ഷത്തുകാട്ടി രാജ്യമൊന്നടങ്കം സംസ്കാരത്തിന്റെ മഹനീയമാതൃക കാട്ടി. പക്ഷേ, അത്യന്തം ലജ്ജാകരമായ സംസ്കാരവിരുദ്ധത പിച്ചിച്ചീന്തിയ ഒരു പെണ്‍കുട്ടിയുടെ ദുര്യോഗം വേണ്ടിവന്നു ഈയൊരു ഉണര്‍വിന്റെ മാതൃക സൃഷ്ടിക്കാന്‍ എന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ മായ്ച്ചുകളയാനാകാത്ത കറുത്ത പാടായി. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെപ്പോലെ, കിളിരൂരിലെ പെണ്‍കുട്ടിയെപ്പോലെ ഇപ്പോള്‍ ഡല്‍ഹിയിലെ പെണ്‍കുട്ടിയെന്ന പേരും നാം അവള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. ഈ പേര് കേള്‍ക്കുന്നതുതന്നെ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതിദമായ ഓര്‍മകളായിരിക്കും നല്‍കുക.

അത്യന്തം വഷളന്‍ മാനസികവൈകൃതത്തില്‍ നിന്നുണ്ടായ കൂട്ടബലാത്സംഗമോ കുട്ടമാനഭംഗമോ ആയി ചുരുക്കി കാണാവുന്നതല്ല ആ പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഏറ്റുവാങ്ങേണ്ടിവന്ന പറയാനറയ്ക്കുന്ന, കേട്ടാല്‍ ഞെട്ടുന്ന ക്രൂരത. എന്നിട്ടും അവള്‍ തളര്‍ന്നില്ല. ഓര്‍മകള്‍ മാഞ്ഞുതുടങ്ങുന്നതിനുമുമ്പുളള നിമിഷങ്ങളിലൊക്കെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനും പൊരുതാനും തന്നെയായിരുന്നു ആശിച്ചതെന്ന് നമുക്കറിയാം. ഇത് നമ്മുടെ പെണ്‍കരുത്തിന്റെ പുതിയ പാഠങ്ങളാകേണ്ടതാണ്. എന്നാല്‍, ഒരു പെണ്‍കുട്ടിയോടുള്ള ഈ ക്രൂരത മുഴുവന്‍ അരങ്ങേറിയത് ഒരു പെണ്‍കുട്ടിയുടെ അമ്മകൂടിയായ ഷീല ദീക്ഷിത് ഭരിക്കുന്ന ഡല്‍ഹിയിലായിരുന്നുവെന്നോര്‍ക്കണം. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയായ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ ഭരണസംവിധാനത്തിന്റെ ശ്രീകോവിലിനുള്ളിലാണെന്നും മറന്നുകൂടാ. ക്രൂരതയ്ക്കിരയായ പെണ്‍കുട്ടി നരകയാതനകളില്‍ മുങ്ങിത്താഴുമ്പോഴും അതില്‍ മനസ്സുരുകി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോഴും ഷീല ദീക്ഷിത്തെന്ന അമ്മയായ മുഖ്യമന്ത്രി ഷിംലയിലെ ശീതീകരിച്ച മുറിയില്‍ ചൂടുപിടിച്ച രാഷ്ട്രീയചര്‍ച്ചകളില്‍ ലയിച്ചിരിക്കുകയായിരുന്നുവെന്നതും നമ്മുടെ നാണക്കേടാകേണ്ടതാണ്. ഈ നാണക്കേടിന് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു കഴിഞ്ഞ ദിവസം അവര്‍ക്കു നേരിടേണ്ടിവന്നത്. അംഗരക്ഷകരുടെ പേശീബലത്തിലാണ് അവര്‍ ജനരോഷത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയുടെ ജീവനെക്കുറിച്ചോര്‍ത്ത് രാജ്യം മുഴുവന്‍ കേണുകൊണ്ടിരുന്നപ്പോഴും ഭരണാധികാരികള്‍ പുലര്‍ത്തിയത് അലസമായ സമീപനമായിരുന്നെന്ന ആക്ഷേപം ഇതിനകം നാനാകോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം അവഗണിച്ചാണെന്ന വിമര്‍ശം ഇതിനകം ശക്തമാണ്. സര്‍ക്കാര്‍ കൈക്കൊണ്ട രാഷ്ട്രീയതീരുമാനത്തിന് ഡോക്ടര്‍മാര്‍ വഴങ്ങുകയായിരുന്നു. ഒരേസമയം ഒന്നിലധികം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യമുണ്ടെന്ന കാരണം പറഞ്ഞാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആന്തരികാവയവങ്ങളാകെ തകര്‍ന്ന് അണുബാധ കലശലായ സമയത്ത് ഒരുതരത്തിലുള്ള ശസ്ത്രക്രിയയും പ്രായോഗികമല്ലെന്നും അതുകൊണ്ട് അത്തരമൊരവസ്ഥയില്‍ വിദേശത്തേക്ക് കൊണ്ടുപോയത് ശരിയായില്ലെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. അതിന്റെയര്‍ഥം, ഡല്‍ഹിയില്‍ അണപൊട്ടിയൊഴുകിയ ജനരോഷം തണുപ്പിക്കാന്‍ അധികാരികള്‍ കണ്ടുപിടിച്ച വിദ്യയായിരുന്നു സിംഗപ്പൂര്‍ ചികിത്സയെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നാണ്. മറ്റൊന്നുകൂടിയുണ്ട്. ലോകത്തെ ഏത് വന്‍ ആശുപത്രിയോടും കിടപിടിക്കാവുന്ന സൗകര്യങ്ങളുള്ള ആശുപത്രിയാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. മെഡിക്കല്‍ ടൂറിസത്തിന്റെയും മറ്റും പേരുപറഞ്ഞ് സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍നിന്നുമൊക്കെ ആളുകള്‍ ഇങ്ങോട്ട് ചികിത്സതേടി വരുമ്പോഴാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയതെന്നുമോര്‍ക്കണം.
മൃതദേഹം നാട്ടിലേക്കുകൊണ്ടുവരുന്നതിലും അധികമാരെയും കാണിക്കാതെ അടക്കംചെയ്യുന്നതിലും അധികാരികള്‍ കാട്ടിയ അമിതാവേശവും സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്.

പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും വരെ പകല്‍വെളിച്ചത്തില്‍ പോയി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായത് എന്തുകൊണ്ടാണെന്ന് അവര്‍തന്നെ ആലോചിക്കണം. പെണ്‍കുട്ടിയോട് കാട്ടാളത്തം കാട്ടിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. അത് താമസംവിനാ ചെയ്യുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, നമ്മുടെ പല അനുഭവങ്ങളും ഇത് മുഖവിലയ്ക്കെടുക്കാന്‍ വിഷമമുണ്ടാക്കുന്നതാണ്. കാരണം കുറച്ചുദിവസം കഴിയുമ്പോള്‍ ഈ രോഷപ്രകടനങ്ങളുടെയെല്ലാം അലയൊലി പതുക്കെ കെട്ടടങ്ങും. പുതിയ വിഷയങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നാം വീണുപോകും. അതിനേക്കാള്‍ പ്രശ്നസങ്കീര്‍ണതകളിലേക്ക് അധികാരികളും ചെന്നുപെടും. അപ്പോള്‍ എല്ലാം പഴയപടിയാകുന്ന സ്ഥിതി ഉണ്ടായിക്കൂടാ. വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്നാണ് പറയാറുള്ളത്. രാജ്യം മുഴുവന്‍ രോഷംകൊണ്ട ഈ വിഷയത്തിലെങ്കിലും അതുണ്ടായിക്കൂടാ. സമയബന്ധിതമായി കേസ് വിചാരണയും ശിക്ഷയും ഉണ്ടാകണം. അതോടൊപ്പം സമാനമായ ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാ. അതിന് സഹായകരമായ നിയമങ്ങള്‍ പാസാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവവും പ്രതിജ്ഞാബന്ധതയും കാട്ടാന്‍ ഡല്‍ഹിയിലെ ഭരണാധികാരികള്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സിപിഐ എമ്മും മറ്റും സമര്‍പ്പിച്ചിട്ടുള്ളതാണ്. അത് പാര്‍ലമെന്റിനുമുന്നിലുണ്ടുതാനും. അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമം ഇതിന് സഹായകരമായ രീതിയില്‍ പരിഷ്കരിക്കാന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നിര്‍ദേശങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങളും വിലാപങ്ങളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം 31 ഡിസംബര്‍ 2012

മാപ്പ്... മാപ്പ്...

ഡല്‍ഹിയിലെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതീകം. ഇപ്പോള്‍ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. അതിന് ജ്യോതിയുടെ ചോര വീഴേണ്ടി വന്നു. അതില്‍ ഒരുപാട് സങ്കടമുണ്ടെങ്കിലും ആശയുടെ കിരണം ഇതില്‍ കാണാനാകുന്നു. ഇനിയെങ്കിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തുതുടങ്ങണം. സമൂഹമനസ്സ് വേദനിക്കുന്നത് സര്‍ക്കാര്‍ കാണാതിരുന്നുകൂടാ. എനിക്ക് ആദ്യം പറയാനുള്ളത് സര്‍ക്കാരിനോടാണ്. മുകളില്‍ ശക്തമായ ഭരണസംവിധാനമുണ്ടെങ്കിലേ താഴെയുള്ളവര്‍ക്ക് പേടിയുണ്ടാകൂ. ഇല്ലെങ്കില്‍ എല്ലാം താറുമാറാകും. അതിനുദാഹരണമാണ് ഓരോ രംഗത്തും കാണുന്ന നിയമലംഘനവും അഴിമതിയും ആക്രമണവും പീഡനവും ചൂഷണവും. അടിമുടി അഴിമതി ബാധിച്ച കറുത്തിരുണ്ട ലോകമാണ് ഇപ്പോഴുള്ളത്. ഭരണാധികാരികളെ പേടിയില്ലാത്ത മാഫിയാ സംഘങ്ങളാണ് ഇവിടെയുള്ളത്. സംഘങ്ങള്‍ക്ക് പൊലീസുമായും രാഷ്ട്രീയ പാര്‍ടിയുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്. സാധാരണക്കാര്‍ക്ക് അവരുടെ മുമ്പില്‍ നിശബ്ദരാകാതെ തരമില്ല. അല്ലാത്തപക്ഷം കഠിനമര്‍ദനമേറ്റ് വഴിയില്‍ വീണ് ചാകേണ്ടി വരും. അത് മനസിലാക്കി എല്ലാവരും പറയുന്നു മിണ്ടല്ലേ എന്ന്. പുറത്തുവന്ന ആയിരം കേസുണ്ടെങ്കില്‍ അതിലുമേറെയാണ് വെളിച്ചം കാണാത്തവ. ഇതെല്ലാം നടപടികളില്ലാതെ കെട്ടിക്കിടക്കുന്നു. പെണ്‍വാണിഭക്കേസില്‍ ഒരെണ്ണത്തിനുപോലും അന്തിമ വിധിയുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ നീളുന്ന വിചാരണകള്‍. നീതി കിട്ടുമെന്ന് ഉറപ്പുമില്ല. ഒരു പെണ്‍കുട്ടി കോടതിക്കെഴുതി, എനിക്കിനി ഈ കേസ് വേണ്ടെന്ന്. നിങ്ങളിലെനിക്ക് വിശ്വാസമില്ലെന്ന്.

വേട്ടക്കാര്‍ എന്നും സ്വതന്ത്രരാണ്. വേട്ടമൃഗം മുറിവേറ്റ് പിടഞ്ഞ് മരിക്കുകയോ അദൃശ്യയാവുകയോ ചെയ്യുന്നു. ഇനി പെണ്ണിരകളെന്നും ഇരപിടിയന്മാരുമെന്ന രണ്ടുവര്‍ഗം വേണ്ടാ. അതിന് മുന്നിട്ടിറങ്ങേണ്ടത് സമൂഹമാണ്. സമൂഹത്തിന്റെ അതിശക്ത സമ്മര്‍ദമുണ്ടെങ്കില്‍ ഇരപിടിയന്മാര്‍ ശങ്കിക്കും. പൊലീസുകാര്‍ ജോലി കൃത്യമായിചെയ്യും. അഭിഭാഷകര്‍ വേട്ടക്കാര്‍ക്ക് വേണ്ടി മുന്നോട്ടു വരില്ല. കാലവിളംബം ഉണ്ടാകാതെ കോടതികള്‍ വിധിപറയും. ശിക്ഷകള്‍ നടപ്പാക്കും. അങ്ങനെയൊരു കാലം വരണമെങ്കില്‍ ജനം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പെണ്ണിരയെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെഴുതിയപ്പോള്‍ ഇതൊരു തള്ളയില്ലാത്ത വര്‍ഗമായിപ്പോയല്ലോ എന്ന് പരിതപിച്ചപ്പോള്‍ പലരും എനിക്കെതിരായി രംഗത്തുവന്നു. ഇന്നവര്‍ മിണ്ടുന്നില്ല. അവരുടെ കുഞ്ഞുങ്ങള്‍ക്ക് വഴിയിലും ബസിലും ട്രെയിനിലും സ്കൂളിലും എന്തിന്, സ്വന്തം വീട്ടില്‍പോലും രക്ഷയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒരു ജനതയുടെ മനഃസാക്ഷി ഉണരട്ടെ. രാഷ്ട്രീയാതീതമായി, വര്‍ഗാതീതമായി കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും വേണ്ടി പോരാടാന്‍ നമുക്ക് തന്റേടമുണ്ടാകട്ടെ. തന്റേടമുള്ള തള്ളയുടെ വയറ്റില്‍ പിറന്നവരാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനാകണം. മലയാളി ഇനി ചെയ്യേണ്ടത് അതാണ്. സൗമ്യയുടെ കൊലയാളി ഇന്നും ജയിലില്‍ ചപ്പാത്തിയും ചിക്കനും കഴിച്ച് സസുഖം വാഴുന്നു. എന്നാണ് അവന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുന്നത്. അത് കാണാന്‍ ഞങ്ങള്‍ അമ്മമാര്‍ കാത്തിരിക്കുന്നു. ജ്യോതിയോടെനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്. നിന്നെ ഞങ്ങള്‍ മറക്കില്ല. നീ സ്ത്രീകളുടെ ജ്യോതിയായി തുടരും. എങ്കിലും നാം ഊതിയണച്ച ആ കൊച്ചുജീവന്റെ മുമ്പില്‍ നമുക്ക് കൈകൂപ്പാം. ജ്യോതീ... മാപ്പ്... മാപ്പ്...

*
സുഗതകുമാരി

തട്ടുപൊളിപ്പന്‍

മാറണം, മാറിയേ പറ്റൂ. മാറിയതാണ് ചരിത്രം. മാറാത്തത് അവശിഷ്ടം. മാറ്റത്തിനുസരിച്ച് മാറുന്നതാണ് ബുദ്ധി. വെള്ളം വന്നാല്‍ നീന്താന്‍ പഠിക്കണം. കാറ്റു വന്നാല്‍ തൂറ്റാന്‍ പഠിക്കണം. പട്ടി കടിക്കാന്‍ വന്നാല്‍ ഓടാന്‍ പഠിക്കണം. ഇതിനെയാണ് ""സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്" അഥവാ "അതിജീവിക്കുന്നവന്‍ അനുയോജ്യന്‍" എന്നുപറയുന്നത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണം. ഉദാഹരണം- ഓന്ത്. രണ്ടുരീതിയില്‍ അതിജീവിക്കാം. കീഴ്പ്പെടുത്തിയും കാലുപിടിച്ചും. ആദ്യത്തേത് ആയോധനകല, രണ്ടാമത്തേത് ആയുര്‍വേദകല. എന്നുവച്ചാല്‍ ഉഴിച്ചില്‍, തിരുമ്മല്‍ ഇത്യാദി. അന്നത്തെ കേരളമല്ല ഇന്നത്തെ കേരളം. ഇന്നത്തെ കേരളമല്ല നാളത്തെ കേരളം. മാറണം, മാറിയേ പറ്റൂ. മാറാത്ത ദിനോസറുകള്‍ക്ക് വംശനാശം സംഭവിക്കും. അങ്ങനെ വംശനാശം സംഭവിക്കാന്‍ പോകുന്നു മറ്റൊരു സാധനത്തിനും.

പീട്യ, പീടിക, എന്നെല്ലാം വിളിക്കുന്ന പലചരക്കുകട. അരിപ്പീട്യ, തുണിപ്പീട്യ, റേഷന്‍ പീട്യ അങ്ങനെ എന്തെല്ലാം പീടികകളായിരുന്നു നാടെമ്പാടും. "എങ്ങ്ടാ?" "പീട്യേലേക്കാ" ഒഴുക്കും താളവും നിറഞ്ഞ സംഭാഷണങ്ങള്‍ക്ക് മീതെ കാലം യവനിക താഴ്ത്തുന്നു. മധുരമനോഹരമായ പീടികകള്‍. കുത്തിനിര്‍ത്തിയിരിക്കുന്ന നിരപ്പലകകള്‍. അതിന് നടുവിലൂടെ അരഞ്ഞാണം കെട്ടിയ പോലെ കമ്പി. പതുങ്ങിക്കിടക്കുന്ന ഒരു പാവം. കാല്‍ക്കൂട്ടില്‍ കൈവച്ചുറങ്ങുന്ന നിഷ്ക്കളങ്കത. അഹങ്കാരമില്ല, അലങ്കാരങ്ങളില്ല. ഒരു ബോര്‍ഡുപോലുമില്ല. ഉടമയുടെ പേര് തന്നെയായിരിക്കും പീടികയ്ക്കും. ഉക്രൂന്റെ പീട്യ, ഉതുപ്പാന്റ പീട്യ... ഇങ്ങനെ. സ്ഥലത്തിനുപോലും പേര് ചിലപ്പോള്‍ പീടികയുടേതായിരിക്കും."ബാലന്‍പിള്ള മുക്ക്, തണ്ടാന്‍ കവല, പീട്യേപ്പടി" എന്നിങ്ങനെയുള്ള പേരുകള്‍ സുലഭം.
രാവിലെ കുളിച്ച്, കുറി വരച്ച്, ചെവിട്ടില്‍ രണ്ട് തുളസിയിലയും വച്ച് പീട്യ തുറക്കാന്‍ വരുന്ന പീടികക്കാരന്‍. നിരപ്പലകകള്‍ ഓരോന്നായി മാറ്റുമ്പോള്‍ കെട്ടിക്കിടന്ന വായു പലവ്യഞ്ജനങ്ങളുടെ മണവുമായി പുറത്തേക്കൊരു ചാട്ടം. തെറുത്തുവച്ച ചാക്കില്‍ അരി, പയറ്, പരിപ്പ്, പഞ്ചസാര, ശര്‍ക്കര. എല്ലാം കുടവയറന്‍ ചാക്കുകള്‍. ചായപ്പൊടി, കാപ്പിപ്പൊടി, മഞ്ഞള്‍, നീലം, വെളുത്തുള്ളി എന്നിവ പായ്ക്കറ്റുകളില്‍. കടുക്, ജീരകം, ഉലുവ എന്നിവയ്ക്ക് തട്ടിലാണ് സ്ഥാനം. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ചെറിയ ബഞ്ചില്‍ ചാക്ക് വിരിച്ച് സ്ഥാപിച്ചിട്ടുണ്ടാവും. അളക്കാന്‍ വിവിധ പാത്രങ്ങള്‍. ചില്ലില്‍ പുകപിടിച്ച അലമാരക്കകത്ത് അലക്കണസോപ്പും, കുളിക്കണസോപ്പും. പണ്ട് അങ്ങനെയാണ്. അലക്കണസോപ്പും, കുളിക്കണസോപ്പും. "ഒരു കുളിക്കണസോപ്പും, ഒരു കഷ്ണം അലക്കണസോപ്പും"- അങ്ങനെയാണ് ആശയവിനിമയം. ഉടനെതന്നെ അലക്കണസോപ്പിനെ പൊതിഞ്ഞ മെഴുക്ക് കടലാസ് മാറ്റി, അതിനെ നഗ്നമാക്കി ബഞ്ചില്‍ മലര്‍ത്തി കിടത്തി അറവുകത്തികൊണ്ട് ഒരു കഷ്ണം മുറിക്കും. കാല്‍ഭാഗം കത്തിയുടെ വായ്ത്തലയില്‍. മുകളില്‍ ചെറിയ തട്ടില്‍ ദൈവത്തിന്റെ ഫോട്ടോ. അതില്‍ ചന്ദനത്തിരി കത്തിച്ചാണ് കച്ചോടത്തിന്റെ തുടക്കം.
മാറണം, മാറിയേ പറ്റൂ. സ്ഥലം റപ്പായിച്ചേട്ടന്റെ പീട്യ. കീറിയ നിക്കറിട്ട് ഉണ്ടക്കണ്ണന്‍ ചെക്കന്‍. ബെര്‍മുഡയുടെ ആദിരൂപം. പമ്മിയാണ് നില്‍പ്. റപ്പായിച്ചേട്ടന്‍ ശ്രദ്ധിച്ചില്ല. അത് കുഴപ്പമാണെന്ന് റപ്പായിച്ചേട്ടനറിയാം. അനുഭവമാണ് ഗുരു. എത്രകൊല്ലമായി കച്ചോടം തുടങ്ങീട്ട്. നിവൃത്തിയില്ല. ആപത്തില്‍ അവസാനം തലവച്ചുകൊടുത്തു. "എന്തൂട്ട്നാഡാ..?" "അരക്കിലോ അരീം നൂറ് പരിപ്പും തരാമ്പറഞ്ഞ്"-യന്ത്രംപോലെ ഉണ്ടക്കണ്ണന്‍ ചെക്കന്‍ പറഞ്ഞു. " ആരാണ്‍ഡാ?"

"അച്ചന്‍" " ഡാ... നിന്റച്ചനോട് പറ്റ് കൊറേണ്ട്. തീര്‍ക്കാമ്പറേടാ... എന്നട്ട് മതീട്ടാ" " അടുത്താഴ്ച കൂലിതീര്‍ക്കുമ്പ തരാന്ന് പറയാമ്പറഞ്ഞ്..." "ഇത് കൊറെ കേട്ടതാണ്‍ഡാ..വേഷം കെട്ടാതെ പോഡ ചെര്‍ക്കാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തുമിനിറ്റ്. റപ്പായി വക ഡയലോഗ് വീണ്ടും. " ഡാ... പുണ്യം കിട്ടാന്‍ല്ല റപ്പായി കച്ചോടം കൊണ്ടിരിക്കണേന്ന് വീട്ടീപ്പോയ് പറയെടാ..പോ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും നിര്‍ണായകമായ പത്തു മിനിറ്റ്.

പോഡാ... വീട്ടീത്തെരക്കൂല്ലേഡാ.." ചെക്കന്‍ പോവുന്നില്ല. വീണ്ടും പത്തു മിനിറ്റ്. റപ്പായിച്ചേട്ടന് ഒരു കാലി അടിക്കേണ്ട സമയം. " നീ കാലത്ത് വല്ലതും തിന്നാ?" ചെക്കന്‍ രണ്ടു തോളും ചെവി വരെ കൊണ്ടുപോയി താഴേക്കിട്ടു. ഇല്ല. റപ്പായി രണ്ടു ചായ വരുത്തി. അതിലൊന്ന് ഉണ്ടക്കണ്ണന്‍ ചെക്കന്. വീണ്ടും പത്തു മിനിറ്റ്. റപ്പായി കടുപ്പിച്ച് പറഞ്ഞു.

" അരീം പരിപ്പോന്നുമില്ല. പൊക്കോ." ചെക്കന്‍ പോവുന്നില്ല. " ഡാ... അടുത്താഴ്ച തീര്‍ക്കോ" ചെക്കന്‍ തലയാട്ടി. റപ്പായി അരീം പരിപ്പും പൊതിഞ്ഞുകൊടുത്തു. മാറണം, മാറിയേ തീരൂ. അബൂബക്കര്‍ എന്ന അവോക്കറിന്റെ പീട്യ. നിരപ്പലകയില്‍ ചാരി മൗനത്തില്‍നില്‍ക്കുന്ന മൈമുന താത്ത. ഭാവം വിഷാദം. അവോക്കറിന് സംശയം. "..ന്ത്യേ പറ്റീ ങ്ക്ക്?" "വെശ്മം..." "എന്താപ്പാ ത്ര വെശ്മം?" "അവോക്കറെ മോള്‍ഡ നിക്കാഹായി.." " അയ്നാ ത്ര സങ്കടം?" "കാര്യങ്ങളൊക്കെ നടക്കണ്ടെ അവോക്കറെ?.

ഞാനൊരാളല്ലെ ഒള്ള്." "ഒക്കെ പടശ്ശോന്‍ ശരിയാക്കും. ങ്ള് വെശ്മിക്കാണ്ടിരിക്ക്." "അവോക്കറെ ഒരുപകാരം ശെയ്യണം. ത്തിരി അരീം സാമാനോം കടന്തരണം. നിക്കാഹ് കയിയുമ്പത്തരാ.." അത്രക്ക് കരുതീല്ല.

എങ്കിലും പറഞ്ഞു. "അയ്നെന്താ... ങ്ള് കൊണ്ടേയ്ക്കോളീ... നിക്കാഹ് കയിഞ്ഞ അതികം ബൈകര്ത്... മ്മ്ള് ഒരു കണക്കിനാണ് ഇത് ഉന്തിയുരിട്ടി കൊണ്ടോണത്.." മാറുകയാണ്, മാറിയേ പറ്റൂ. പീട്യത്തിണ്ണയില്‍ ഒരു ബഞ്ചു ണ്ടാവും. റിട്ടയര്‍ ചെയ്തവര്‍ക്കുള്ളതാണ്. വൈകുന്നേരമാവുന്നതോടെ വിവിധയിനം പക്ഷികള്‍ അവിടെ ചേക്കയേറും. എല്ലാം തൂവല്‍കൊഴിഞ്ഞത്. മിക്കതിനും ഒരുമാതിരി കുഴമ്പിന്റെ മണമായിരിക്കും. പിന്നെ ചര്‍ച്ച. ചങ്ങമ്പുഴക്കവിത മുതല്‍ ചന്ദ്രനില്‍ കാലുകുത്തിയതു വരെയുണ്ടാവും ആ വിജ്ഞാനശേഖരത്തില്‍. അവസാനം, കാലം മാറിയെന്നും ഇപ്പോള്‍ ഒന്നും ശരിയല്ലെന്നും, പറഞ്ഞിട്ടു കാര്യമില്ലെന്നും, പറയുന്നവര്‍ മണ്ടന്മാരാവുമെന്നും പ്രമേയം അവതരിപ്പിക്കും. ഏകകണ്ഠമായി ഇത് പാസ്സാക്കും. എല്ലാക്കാലത്തും എല്ലാവരും അവതരിപ്പിക്കുന്ന പ്രമേയം.

മാറണം, മാറിയേ പറ്റൂ. നാലുംകൂടിയ കവലകളിലെ അതിപുരാതന പീടികകളുടെ കാലം കഴിയുന്നു. ഒരു ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ അന്ത്യമണി മുഴങ്ങുന്നു. ഹാരപ്പന്‍ സംസ്ക്കാരത്തിന്റെ മീതെ ഉയര്‍ന്ന സംസ്ക്കാരം അത്രത്തോളം വന്നില്ല. ആയുധത്തിന്റെ അതിജീവനം. മുക്കിലെ പീടികകളുടെ സ്ഥാനത്ത് ഇനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, വാള്‍മാര്‍ട്ടുകള്‍. മാറണം, മാറിയേ പറ്റൂ. കാല്‍നടക്കും, കാളവണ്ടിക്കും, മീതെ കാലചക്രം ഉരുണ്ടുപോയി. ചട്ടയും മുണ്ടും ഞൊറിഞ്ഞുടുക്കലും പോയി. ഒരാപ്പ് ചായേം ഒരു പുഴുക്കും പോയി. ഒരു സൈക്കിള്‍ തന്നെ വല്ലപ്പോഴും ഉരുണ്ടു പോയിരുന്ന നാട്ടിടവഴികള്‍ക്ക് വലിയ കാറുകളെ താങ്ങാന്‍ വീതിയില്ലാതായി. ചങ്ങാടവും കടത്തുകാരനും പോയി. ഇതിനെയെല്ലാം ചുറ്റിപ്പറ്റിയ ലോകവും പോയി. അതുണ്ടാക്കിയ ഭാഷയും, പ്രയോഗവും, ശൈലിയും പോയി. ആ സംസ്ക്കാരവും മൂല്യവും പോയി. ആ പശുവും ചത്തു, മോരിലെ പുളിയുംപോയി. പക്ഷേ ആ ഉണ്ടക്കണ്ണന്‍ ചെക്കന്റെ വീട്ടില്‍ ഇപ്പോഴും അരി കടം വാങ്ങണം.

മൈമുനത്താത്തക്ക് മകളെ കെട്ടിക്കാന്‍ കാശു വേണം. മാറണം, മാറിയേ പറ്റൂ. എന്നിട്ടും ചില ജീവിതങ്ങള്‍ ഇപ്പോഴും മാറാതെ നില്‍ക്കുന്നു. ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും ഇനി വാള്‍മാര്‍ട്ടിലെത്തും.

കാലുവച്ചു കൊടുത്താല്‍ കോണി കൊണ്ടുപോവും. ഓപ്പണ്‍സെസേം... ആലിബാബ കണ്ട അത്ഭുതലോകം. അവിടെ വേറെ പെരുമാറ്റരീതികളാണ്, ഭാഷയാണ്, ശൈലിയാണ്, ഭാവമാണ്. ഉല്‍പ്പന്നങ്ങളുടെ പ്രളയം. സിംഗപ്പൂര്‍ മുതല്‍ സ്വിറ്റ്സര്‍ലന്‍ഡു വരെ. ഇവിടെച്ചെന്ന് "നൂറ് പരിപ്പു തര്വോ" എന്ന് ഉണ്ടക്കണ്ണന്‍ ചെക്കന് ചോദിക്കാന്‍ ആവില്ല. പരിപ്പ് എന്നു പറഞ്ഞാല്‍ തന്നെ മനസ്സിലാവണമെന്നില്ല..."...ത്തിരി ബേഗം താ. അരീം അടപ്പത്തിട്ട് പോന്നതാണ്" എന്ന് പറയാനാവില്ല. അവിടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും സമന്മാരാണ്!.

സംശയിച്ചും പരിഭ്രമിച്ചുംനിന്നാല്‍ സഹായിക്കാന്‍ ഫ്ളോര്‍ മാനേജേഴ്സ് വരും. "മേ ഐ ഹെല്‍പ് യു?" മാനേഴ്സ്. അവിടത്തെ ഉടുപ്പും നടപ്പും എടുപ്പും നമ്മളിലെ അപകര്‍ഷബോധത്തെ പുറത്തുകൊണ്ടുവരും. ഉല്‍പ്പന്നങ്ങള്‍ക്കു മുന്നില്‍ അന്യനെപ്പോലെ നില്‍ക്കും. പുതിയ ഭാഷാ-പെരുമാറ്റ രീതികള്‍ പഠിച്ചില്ലെങ്കില്‍ പട്ടിണികിടന്ന് ചാകേണ്ടിവരും.

ഇനി ഉണ്ടക്കണ്ണന്‍ ചെക്കനും മൈമുനത്താത്തയും വാള്‍മാര്‍ട്ടുകളുടെ ഭാഷ പഠിക്കണം. സ്വന്തം ഭാഷയെക്കുറിച്ച് അപകര്‍ഷമുണ്ടാക്കുക എന്നതാണ് സാമ്രാജ്യത്തത്തിന്റെ ആദ്യ പണി എന്ന് ഗ്രാംഷി. ഒരു കുറച്ചില്‍. വില്‍പന വസ്തുക്കളുടെ മുന്നില്‍ മനുഷ്യന്‍ ചെറുതായിപ്പോവുന്നു!. "ചിരിക്കുന്ന മൃഗം, ചിന്തിക്കുന്ന മൃഗം" എന്നിങ്ങനെ മനുഷ്യനെ മാറിമാറി നിര്‍വചിച്ചു. ഇപ്പോള്‍ മനുഷ്യന് പുതിയ നിര്‍വചനം. "വാങ്ങുന്ന മൃഗം" നിങ്ങള്‍ എന്തു വാങ്ങുന്നുവോ അതാണ് നിങ്ങള്‍.

നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതാണ് നിങ്ങള്‍ എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്ത് പറയുന്നുവോ അതാണ് നിങ്ങള്‍ എന്നും കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണാണ്. നിങ്ങളുടെ ഡ്രോയിങ് റൂമിലിരിക്കുന്ന ടി വി സെറ്റാണ്. നിങ്ങളുടെ ഷെഡില്‍ കിടക്കുന്ന കാറാണ്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രമാണ് ഇപ്പോള്‍ നിങ്ങള്‍. നിങ്ങളിടുന്ന ചെരിപ്പാണ് ഇപ്പോള്‍ നിങ്ങള്‍. നമ്മളിപ്പോള്‍ ബ്രാന്റുകളാണ്. നമ്മളെ നയിക്കുന്നത് ബ്രാന്റ് അമ്പാസിഡര്‍മാരാണ്. മാറണം, മാറിയേ പറ്റൂ. ഉണ്ടക്കണ്ണന്‍ ചെക്കനും, മൈമുനത്താത്തയും മാറിയേ പറ്റൂ.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

Sunday, December 30, 2012

ചങ്കൂറ്റത്തോടെ ലാറ്റിനമേരിക്ക

ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ കുന്തമുനയായ ഹ്യൂഗോ ഷാവേസ് വീണ്ടും വെനസ്വേലയില്‍ അധികാരത്തിലെത്തിയത് ലോകത്താകെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭകര്‍ക്ക് ആവേശമായി. ക്യൂബയും ബൊളീവിയയും ഇക്വഡോറും വെനസ്വേലയുമൊക്കെയടങ്ങുന്ന ലാറ്റിനമേരിക്കന്‍ ചെങ്കോട്ട സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പ് ചങ്കൂറ്റത്തോടെ തുടരുന്നു. അമേരിക്കയുടെ പിന്നാമ്പുറ പദവിയില്‍നിന്ന് മോചിതമാകുന്ന തെക്കനമേരിക്കയുടെ സോഷ്യലിസ്റ്റ് പാത കൂടുതല്‍ ചുവക്കുകയാണ്.

ഒക്ടോബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാംതവണയാണ് ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായത്. ഷാവേസ് 54.42 ശതമാനം വോട്ട് നേടിയപ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ മത്സരിച്ച വലതുപക്ഷ എതിരാളി ഹെന്‍റി കാപ്രിലെസിന് 44.9 ശതമാനം വോട്ടേയുള്ളൂ. 1.9 കോടിയില്‍പ്പരം വോട്ടര്‍മാരില്‍ 81 ശതമാനവും വോട്ട് ചെയ്തതുവഴി ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യങ്ങളില്‍ ഒന്നാണ് തങ്ങളുടേതെന്ന് വെനസ്വേലന്‍ജനത തെളിയിച്ചു. ഡിസംബറില്‍ നടന്ന സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഷാവേസിന്റെ അഭാവത്തിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍തന്നെയാണ് തങ്ങളെ ഭരിക്കുകയെന്ന് വെനസ്വേലന്‍ ജനത തെളിയിച്ചു. ഷാവേസ് അധികാരത്തില്‍ എത്തിയശേഷമുള്ള 14 വര്‍ഷത്തില്‍ ആദ്യമായി അദ്ദേഹം സജീവമായി പ്രചാരണരംഗത്തില്ലാതെയായിരുന്നു ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍, ആകെയുള്ള 23 സംസ്ഥാനങ്ങളില്‍ 20 ഇടത്തും വന്‍വിജയം നല്‍കിയാണ് ഷാവേസിന്റെ സോഷ്യലിസ്റ്റ് നയങ്ങളോടുള്ള പ്രതിബദ്ധത ജനം പ്രകടിപ്പിച്ചത്. 15 സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തിയ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി അഞ്ച് സംസ്ഥാനം എതിരാളികളില്‍നിന്ന് പിടിച്ചെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷാവേസിനോട് പരാജയപ്പെട്ട ഹെന്‍റി കാപ്രിലെസ് കഷ്ടിച്ചാണ് മിരാന്‍ഡ ഗവര്‍ണര്‍സ്ഥാനം നിലനിര്‍ത്തിയത്.

2013 ജനുവരി 10ന് പുതിയ ഊഴം തുടങ്ങാനിരിക്കെ ഷാവേസിന്റെ ആരോഗ്യസ്ഥിതി ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഒന്നര വര്‍ഷംമുമ്പ് അര്‍ബുദബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സയെത്തുടര്‍ന്ന് സുഖംപ്രാപിച്ചതായിരുന്നു. എന്നാല്‍, വീണ്ടും രോഗം തിരിച്ചെത്തി. ക്യൂബയില്‍ ശസ്ത്രക്രിയക്കുശേഷം ഷാവേസ് പൂര്‍ണ ബോധം വീണ്ടെടുത്തതായും കിടക്കയില്‍നിന്ന് അദ്ദേഹം നിര്‍ദേശംനല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റത്തിന് വെനസ്വേലയില്‍ തുടക്കമിട്ട് 1998ലാണ് ഷാവേസ് ആദ്യമായി അധികാരത്തിലെത്തിയത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പല തന്ത്രവും പയറ്റി. 2002ല്‍ സിഐഎയുടെ പിന്തുണയോടെ നടന്ന അട്ടിമറിശ്രമവും 2004ല്‍ രാജ്യത്തെ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടന്ന എണ്ണപ്പണിമുടക്കും ചിലതുമാത്രം. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്‍ഗാമിയായി വൈസ്പ്രസിഡന്റ് നിക്കോളസ് മഡൂറോയെ അംഗീകരിക്കണമെന്ന് ഷാവേസ് രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു.

2013-19 കാലഘട്ടത്തില്‍ രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഷാവേസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സോഷ്യലിസ്റ്റ് പദ്ധതി നടപ്പാക്കാന്‍ ജനങ്ങളുടെ ആവേശകരമായ പിന്തുണ വര്‍ധിത ഊര്‍ജമാകുമെന്നും മഡൂറോ വ്യക്തമാക്കിയിട്ടുണ്ട്. സൈമണ്‍ ബൊളിവാറുടെയും ഷാവേസിന്റെയും സ്വപ്നംപോലെ ശക്തമായ രാജ്യം കെട്ടിപ്പടുക്കാന്‍ സജീവമായി രംഗത്തിറങ്ങാന്‍ മഡൂറോ വെനസ്വേലന്‍ ജനതയോട് ആഹ്വാനംചെയ്തു. പരാഗ്വയില്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോയെ പാര്‍ലമെന്റ് ഇംപീച്ച്മെന്റ് അധികാരമുപയോഗിച്ച് അട്ടിമറിച്ചതിനെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തതും തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തിലെ മാറ്റത്തിന്റെ പ്രതിഫലനമായി. അമേരിക്കയുടെ നോട്ടപ്പുള്ളിയായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ഇക്വഡോര്‍ രാഷ്ട്രീയ അഭയം പ്രഖ്യാപിച്ചതും ലാറ്റിനമേരിക്ക ഇനി പാശ്ചാത്യരാഷ്ട്രങ്ങളുടെ താളത്തിന് തുള്ളില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.

മാന്ദ്യനിഴലില്‍ ഒബാമയ്ക്ക് രണ്ടാമൂഴം

അമേരിക്കയുടെ ആദ്യ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനം നേടി നാലുവര്‍ഷംമുമ്പ് ചരിത്രം കുറിച്ച ബറാക് ഹുസൈന്‍ ഒബാമ രണ്ടാമൂഴത്തിന് തെരഞ്ഞെടുക്കപ്പെട്ടത് 2012ലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. ഒന്നരവര്‍ഷത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങളുടെയും അമേരിക്കന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഉദ്വേഗത്തിന്റെയും പരിസമാപ്തിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിക്കാരനായ ഒബാമയുടെ വിജയം അമേരിക്കയിലെ വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതായിരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറല്‍ കോളേജില്‍ 332 സീറ്റ് നേടിയാണ് ഒബാമ മിറ്റ് റോംനിയെ പരാജയപ്പെടുത്തിയത്. രണ്ട് മുഖ്യ സ്ഥാനാര്‍ഥികളുംകൂടി 200 കോടി ഡോളറിലേറെ ചെലവഴിച്ച പ്രചാരണത്തിന്റെ ഫലമായി വര്‍ഷം മുഴുവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒബാമയെ അമേരിക്കന്‍ വാരികയായ ടൈം 2012ലെ വ്യക്തിയായി തെരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. എന്നാല്‍, ലോകത്തിന് ഇക്കാലയളവില്‍ ഒബാമയില്‍ നിന്നുണ്ടായ സംഭാവന ഇത്തരം വാഴ്ത്തലുകളെ പരിഹാസ്യമാക്കുന്നതാണ്. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ യാഹുവില്‍ ഈവര്‍ഷം ഏറ്റവും തെരയപ്പെട്ട വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റേതായിരുന്നു. നാലുവര്‍ഷത്തെ ഭരണത്തില്‍ ഒബാമയ്ക്ക് നേട്ടമായി അവകാശപ്പെടാന്‍ കാര്യമായി ഒന്നുമില്ല. മുന്‍ഗാമി ജോര്‍ജ് ഡബ്ല്യു ബുഷില്‍നിന്ന് കൈമാറിക്കിട്ടിയ സാമ്പത്തിക പ്രതിസന്ധി അത്ര തീവ്രമായിട്ടല്ലെങ്കിലും തുടരുകയാണ്. അടിതെറ്റിയാല്‍ അഗാധഗര്‍ത്തില്‍ പതിക്കാവുന്ന അമേരിക്കയിലെ ധനപ്രതിസന്ധിയെ ഒരു കിഴുക്കാംതൂക്കിനോടാണ് സാമ്പത്തിക വിദഗ്ധര്‍ ഉപമിക്കുന്നത്.അമേരിക്കയ്ക്ക് താങ്ങാവുന്ന വായ്പാപരിധി 16.4 ലക്ഷം കോടി ഡോളറായാണ് കഴിഞ്ഞവര്‍ഷം യുഎസ് കോണ്‍ഗ്രസ് നിശ്ചയിച്ചത്. അത് വര്‍ഷാന്ത്യത്തിനുമുമ്പ് ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പാപ്പരായി എന്നാണര്‍ത്ഥം. വായ്പാപരിധി ഉയര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ അംഗീകാരം നേടാന്‍ ഒബാമ നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. 2011ല്‍ 14.3 ലക്ഷം കോടി ഡോളറായിരുന്ന വായ്പാപരിധി കഴിഞ്ഞ വര്‍ഷത്തെ അവസാന ദിനങ്ങളില്‍ 16.4 കോടി ഡോളറായി ഉയര്‍ത്തുകയായിരുന്നു. സമാനരീതിയില്‍ ഇത്തവണയും പ്രതിസന്ധി അതിജീവിക്കാം എന്നാണ് ഒബാമ പ്രതീക്ഷിക്കുന്നതെങ്കിലും റിപബ്ലിക്കന്‍ ഭൂരിപക്ഷ പ്രതിനിധി സഭ അതിന് ഈടാക്കുന്ന വില ഡെമോക്രാറ്റുകളുടെ പല ക്ഷേമപദ്ധതികളെയും വികലമാക്കും. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളില്‍നിന്ന് ആദ്യ ഊഴത്തില്‍ അല്‍പ്പംപോലും വ്യതിചലിക്കാതിരുന്ന ഒബാമയില്‍നിന്ന് അവസാന ഊഴത്തിലും ലോകത്തിന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. യുദ്ധഭ്രാന്തില്‍ ഒരുപടി മുന്നിലായ റിപബ്ലിക്കന്മാരെ നാലുവര്‍ഷത്തേക്കുകൂടി വെള്ളക്കൊട്ടാരത്തിന് പുറത്തുനിര്‍ത്തി എന്നുമാത്രം ആശ്വസിക്കാം.

ചൈനയ്ക്ക് പുതുനേതൃത്വം

ആഗോള സാമ്പത്തികപ്രതിസന്ധിയിലും ഉലയാതെ മുന്നേറുന്ന ചൈനയെ അടുത്ത പതിറ്റാണ്ടില്‍ നയിക്കുന്നത് പുതുനേതൃത്വം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) പതിനെട്ടാം കോണ്‍ഗ്രസ് ഒക്ടോബറില്‍ പുതിയ കേന്ദ്രകമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. ഷി ജിന്‍പിങ്ങാണ് പുതിയ ജനറല്‍ സെക്രട്ടറി. രണ്ട് വനിതാനേതാക്കളടക്കം 25 അംഗ പൊളിറ്റ് ബ്യൂറോയെയും ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പതിറ്റാണ്ടില്‍ ഒരിക്കല്‍ ചൈനയില്‍ നടപ്പാക്കുന്ന അധികാരമാറ്റത്തിന്റെ ആദ്യപടിയാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ സിപിസിയുടെ നേതൃത്വത്തിലെ മാറ്റം. ജനകീയ വിമോചനസേനയെ നയിക്കുന്ന കേന്ദ്ര സൈനിക കമീഷന്‍ തലവനായും അമ്പത്തൊമ്പതുകാരനായ ഷീ തെരഞ്ഞെടുക്കപ്പെട്ടു. ഉപപ്രധാനമന്ത്രിമാരായ ലീ കെഖ്യാങ്, ഷാങ് ദീജിയാങ്, വാങ് കിഷാങ്, ഷാങ്ഹായ് പാര്‍ടി സെക്രട്ടറി യൂ ഷെങ്ഷെങ്, പ്രചാരണവിഭാഗം തലവന്‍ ലിയൂ യുന്‍ഷാന്‍, തിയാന്‍ജിന്‍ പാര്‍ടി സെക്രട്ടറി ഷാങ് ഗൗലി എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി വളര്‍ന്ന ചൈനയെ അടുത്ത പതിറ്റാണ്ടില്‍ നയിക്കുക ഈ നേതൃത്വമാകും. 18-ാം കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഹു ജിന്താവോ മാര്‍ച്ചില്‍ രാജ്യത്തിന്റെ പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധികാരം ഒഴിയുമ്പോള്‍ ഷി ജിന്‍പിങ് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും. വെന്‍ ജിയബാവോയുടെ സ്ഥാനത്ത് അമ്പത്തേഴുകാരനായ ലീ കെഖ്യാങ് പ്രധാനമന്ത്രിയാകും. ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ചൈന രക്ഷപ്പെട്ടെങ്കിലും അതിന്റെ ആഘാതത്തിന്റെ ഫലമായി ചൈനയുടെയും വളര്‍ച്ചാനിരക്കില്‍ കുറവുണ്ട്. ഇത് നേരിടുകയാകും പുതിയ നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി. 3.20 ലക്ഷം കോടി ഡോളറിന്റെ ഭീമമായ വിദേശനാണ്യശേഖരവും സാമ്പത്തിക ഉത്തേജന പദ്ധതികള്‍ തുടര്‍ന്ന് കുതിപ്പ് തുടരാനുള്ള സാമ്പത്തികശക്തിയുമുള്ള ചൈനയ്ക്ക് ഇത് നിഷ്പ്രയാസം നേരിടാനാകും എന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. വിപ്ലവശേഷം അഞ്ചാംതലമുറ നേതാക്കളിലേക്കാണ് ചൈനയില്‍ ഭരണമാറ്റം. 2002ല്‍ 16-ാം കോണ്‍ഗ്രസിലായിരുന്നു മുമ്പ് നേതൃമാറ്റം. ലിയു യാന്‍ദോങ്, സുന്‍ ചുന്‍ലാങ് എന്നിവരാണ് പുതിയ പൊളിറ്റ്ബ്യൂറോയിലെ വനിതാ അംഗങ്ങള്‍.

*
കടപ്പാട്: ദേശാഭിമാനി 30 ഡിസംബര്‍ 2012

പ്രതീക്ഷയുടെ ലോകം

നീറുന്ന നോവായി പലസ്തീന്‍

ആറര പതിറ്റാണ്ടായി ലോകത്തിന്റെ നെഞ്ചിലെ മുറിവായി അവശേഷിക്കുന്ന പലസ്തീന് ഐക്യരാഷ്ട്ര പൊതുസഭയില്‍ നിരീക്ഷക രാഷ്ട്രപദവി ലഭിച്ചതാകും ഒരുപക്ഷേ ഈ വര്‍ഷത്തെ ഏറ്റവും പ്രധാന സംഭവമായി ഭാവിയില്‍ വിലയിരുത്തപ്പെടുക. പൂര്‍ണ പരമാധികാര രാഷ്ട്രപദവിക്ക് എന്തുകൊണ്ടും അര്‍ഹതയുള്ള പലസ്തീന്റെ ആ അഭിലാഷം നടക്കാത്തത് യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്ക എതിര്‍ക്കുന്നതുകൊണ്ടുമാത്രമാണ്. നവംബര്‍ 29ന് യുഎന്‍ പൊതുസഭ പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി നല്‍കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ 193 അംഗങ്ങളില്‍ 138 രാജ്യങ്ങളും പിന്തുണച്ചു. അമേരിക്കയും ഇസ്രയേലും കനഡയും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ഗാസയില്‍ ഒരാഴ്ചയിലേറെ നീണ്ട ആക്രമണത്തിലൂടെ ഇസ്രയേലി സേന പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം 180ല്‍പരം പലസ്തീന്‍കാരെ കൊന്നൊടുക്കിയത് നവംബര്‍ മധ്യത്തിലായിരുന്നു. ഒരാഴ്ചകഴിഞ്ഞാണ് ലോകരാഷ്ട്രങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ ഇസ്രയേലി നയങ്ങളെ അപലപിക്കുകയും പലസ്തീന്‍ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍, ഇതംഗീകരിക്കാതെ യുഎന്‍ വോട്ടിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ശിക്ഷിക്കുകയാണ് ഇസ്രയേല്‍. പലസ്തീന് അര്‍ഹമായ നികുതിപ്പണം കൈമാറാതെയും പലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ജൂതകുടിയേറ്റം വ്യാപിപ്പിച്ചും ഇസ്രയേല്‍ നടത്തുന്ന ഈ തീക്കളിതന്നെയാണ് ലോകത്തെ, വിശേഷിച്ച് പശ്ചിമേഷ്യയെ ഭാവിയിലും ഏറ്റവും അശാന്തമാക്കാന്‍ പോകുന്നത്. വരുന്ന ജനുവരിയില്‍ ഇസ്രയേലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷവും സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇസ്രയേല്‍ വിസമ്മതിക്കുകയാണെങ്കില്‍ വെസ്റ്റ്ബാങ്ക് കേന്ദ്രമായുള്ള പലസ്തീന്‍ ഭരണകൂടം പിരിച്ചുവിടുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധിനിവേശ ശക്തിയെന്ന നിലയില്‍ പിന്നെ പലസ്തീന്‍ ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേലിന് ആയിരിക്കുമെന്നും അബ്ബാസ് വ്യക്തമാക്കുന്നു. വര്‍ഷാന്ത്യദിനങ്ങളിലും ഇസ്രയേലിസേന വെസ്റ്റ്ബാങ്കിലും ജറുസലേമിലുംനിന്ന് പലസ്തീന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയാണ്. ഗാസയില്‍ നിരന്തര ആക്രമണം നടത്തുകയായിരുന്ന ഇസ്രയേലി സേനാ സംഘത്തില്‍നിന്ന് ഹമാസുകാര്‍ പിടികൂടി അഞ്ചുവര്‍ഷത്തോളം ബന്ദിയാക്കിയ ഗിലാദ് ഷാലിതിനെ 2011ലാണ് വിട്ടുകൊടുത്തത്. പകരം ആയിരത്തില്‍പ്പരം പലസ്തീന്‍കാരെ തടവറയില്‍നിന്ന് വിട്ടുകൊടുക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായി. അതിന്റെ അപമാനം മായ്ക്കാന്‍കൂടിയാണ് ഇസ്രയേല്‍ നിയമവിരുദ്ധമായി കൂടുതല്‍ പലസ്തീന്‍കാരെ തടവിലാക്കുന്നത്. പലസ്തീന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നിലൊന്നും ഇസ്രയേലി ജയിലുകളിലാണ്.

സിറിയയെ ചോരപ്പുഴയാക്കുന്നു

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അന്നം നല്‍കുന്ന പശ്ചിമേഷ്യ അശാന്തിയുടെ വിളനിലമായി തുടരുകയാണ്. അവിടെ അവശേഷിക്കുന്ന ഏക മതേതര സര്‍ക്കാരുള്ള സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള കലാപം ആഭ്യന്തര യുദ്ധത്തിന്റെ ഭാവമാര്‍ജിച്ചിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെയും സുന്നി അറബ് രാജവാഴ്ചകളുടെയും തുര്‍ക്കിയുടെയും മറ്റും പരസ്യ പിന്തുണയോടെ സര്‍ക്കാരിനെതിരെ കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അല്‍ ഖായ്ദ ബന്ധമുള്ള ഭീകരസംഘങ്ങളും സജീവമാണ്. എന്നാല്‍ അവരെ പിന്തുണയ്ക്കുന്ന അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും ഇക്കാര്യം അത്ര അലോസരപ്പെടുത്തുന്നില്ല എന്നത് അവരുടെ യാഥാര്‍ത്ഥ താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മുഅമ്മര്‍ ഗദ്ദാഫിയെ നാറ്റോ വീഴ്ത്തിയതിനെ തുടര്‍ന്ന് ലിബിയയില്‍ യഥാര്‍ത്ഥത്തില്‍ അരാജകത്വമാണ് നടമാടുന്നത് എന്ന യാഥാര്‍ത്ഥ്യം പോലും സിറിയയിലെ ദുസാഹസങ്ങളില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നില്ല. പുതിയ ഭരണത്തില്‍ ലിബിയയില്‍ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടതും അമേരിക്കന്‍ സ്ഥാനപതി തന്നെ വധിക്കപ്പെട്ടതും ഈ വര്‍ഷമാണ്. അതില്‍ നിന്ന് പാഠമുള്‍കൊള്ളാതെ സിറിയയിലും മതതീവ്രവാദികളെ അധികാരത്തിലേറ്റാന്‍ ശ്രമിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ക്രൈസ്തവരടക്കം സിറിയയിലുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ഭാവി കൂടിയാണ് അരക്ഷിതമാക്കുന്നത്. വിമതരുടെ ദേശീയ സഖ്യത്തെ സിറിയന്‍ ജനതയുടെ പ്രതിനിധികളായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്കയും കൂട്ടാളികളും.

ആദികണത്തിന്റെ അടയാളം

"ഹിഗ്സ് ബോസോണ്‍" എന്ന പേരില്‍ അറിയപ്പെടുന്ന "ആദികണ"ത്തിന്റെ നിര്‍ണായകതെളിവുകള്‍ കണ്ടെത്തിയതായി ജൂലൈയില്‍ ശാസ്ത്രലോകം അവകാശപ്പെട്ടു. നാല് പതിറ്റാണ്ടിലധികം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആദികണത്തെക്കുറിച്ചുള്ള പ്രധാന തെളിവ് ലഭിച്ചത്. "2012ലെ സുപ്രധാന കണ്ടുപിടിത്തമെന്നാണ്" ജേണല്‍സയന്‍സ് ഇതിനെ വിശേഷിപ്പിച്ചത്. ഹിഗ്സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം നല്‍കുന്നത് എന്നതാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. പ്രാഥമിക നിഗമനം എന്ന രീതിയിലാണ് ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നതെങ്കിലും ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ കാല്‍വയ്പാണ്. എന്നാല്‍, ഹിഗ്സ് ബോസോണിന്റെ അസ്തിത്വത്തെ സംബന്ധിച്ച് കൂടുതല്‍ പരീക്ഷണം വേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

തിരിഞ്ഞുകുത്തുന്ന തോക്കു സംസ്കാരം

അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ പിഞ്ചുകുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. കണക്ടിക്കട്ടില്‍ ന്യൂ ടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂളില്‍ ഡിസംബര്‍ 14നായിരുന്നു സംഭവം. സൈനിക വേഷത്തില്‍ ഇരുകൈയിലും തോക്കുമായി ക്ലാസ്മുറികളില്‍ കടന്നുകയറിയ ആദം ലാന്‍സ എന്ന അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ സ്കൂളിലെ അധ്യാപികയായ അമ്മ നാന്‍സിയെ കൊന്നശേഷമാണ് ലാന്‍സ സ്കൂളിലെത്തി കുട്ടികള്‍ക്ക് നേര വെടിയുതിര്‍ത്തത്. അമേരിക്കയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പുകള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. സ്കൂളുകളിലും കോളേജുകളിലുമടക്കം നിരവധി വെടിവയ്പ്പുകള്‍ ഈ വര്‍ഷംതന്നെ നടന്നു. പോര്‍ട്ട്ലാന്‍ഡിലെ തിരക്കേറിയ മാളില്‍ ജേക്കബ് റോബര്‍ട്ട്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ഡിസംബറില്‍ തന്നെയായിരുന്നു. ജൂലൈ 20 ന് കൊളറാഡോയിലെ അറോറയിലെ സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേരും ആഗസ്ത് അഞ്ചിന് സിഖ് ക്ഷേത്രത്തില്‍ നടന്ന വെടിവയ്പില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 27ന് ആന്‍ഡ്രൂ ഏഞ്ചല്‍ദിനള്‍ എന്നയാള്‍ ആറുപേരെയും ഒക്ടോബര്‍ 21ന് റാഡ്ക്ലിഫ് ഹോട്ടന്‍ എന്നയാള്‍ മൂന്നുപേരെയും വെടിവച്ചുകൊന്നു.

കാലാവസ്ഥയുടെ കളികള്‍

പ്രവചിക്കാനാവാത്ത കാലാവസ്ഥാവ്യതിയാനങ്ങളും ആഗോള താപവും ലോകാവസാനത്തിലേക്ക് നയിക്കുമോ എന്ന സംശയമുനയിലാണ് ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. അമേരിക്കയില്‍ വന്‍ നാശം വിതച്ച സാന്‍ഡി ചുഴലിക്കാറ്റുള്‍പ്പടെയുള്ള പ്രകൃതിക്ഷോഭങ്ങളെ കാലാവാസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെടുത്തി പഠനം നടക്കുന്നു. വര്‍ധിക്കുന്ന താപം പ്രകൃതിക്ഷോഭം വിളിച്ചുവരുത്തുകയാണെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ലോകരാഷ്ട്രങ്ങള്‍ ഗ്രീന്‍ഹൗസ് വാതകം പുറത്തുവിടുന്നതിന്റെ നിരക്ക് കുറച്ചില്ലെങ്കില്‍ വന്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നല്‍കുന്നു. ആര്‍ടിക്ക് സമുദ്രത്തിലെ ഐസ് കട്ടകള്‍ റെക്കോഡ് വേഗത്തിലാണ് അലിയുന്നത്. ഗ്രീന്‍ലാന്റ്, അന്റാര്‍ട്ടിക്ക, ആര്‍ട്ടിക്ക് സമുദ്രങ്ങളിലെ മഞ്ഞുരുകല്‍ ആഗോളതാപനത്തിന്റെ വലിയ ഉദാഹരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. ശക്തമായ ഭൂചലനങ്ങള്‍ ലോകത്ത് പലയിടങ്ങളിലും തുടര്‍ക്കഥയാവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎന്‍ ആഭിമുഖ്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ ദോഹയില്‍ നടത്തിയ സമ്മേളനം കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍. ക്യോട്ടോ കരാറിന്റെ കാലാവധി 2020 വരെ നീട്ടാന്‍ മാത്രമാണ് സമ്മേളനത്തിലെ തീരുമാനം.

പെണ്‍പോരിന്റെ പ്രതീകം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് നവമാധ്യമങ്ങളിലൂടെ പോരാടിയതിന് പാകിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ കൗമാരക്കാരി മലാല യൂസഫ്സായ് പോയ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു. ഒക്ടോബര്‍ ഒമ്പതിന് സ്കൂളില്‍നിന്ന് മടങ്ങുംവഴി മലാല എന്ന പതിനഞ്ചുകാരിയെ താലിബാന്‍കാര്‍ വെടിവച്ചു. ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ എത്തിച്ച മലാല പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിന് പ്രചോദനവും ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകവുമാണ് മലാല. നവംബര്‍ 10 മലാലദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. രണ്ടായിരത്തി പതിനഞ്ചോടെ ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഐക്യരാഷ്ട്രസഭയുടെ പ്രചാരണത്തിന് ആധാരവും മലാലതന്നെ. ഇതിനായി അവര്‍ കണ്ടെത്തിയ മുദ്രാവാക്യമാണ് "ഞാന്‍ മലാല".

ക്രെംലിനില്‍ പുടിന് മൂന്നാമൂഴം

നാലുവര്‍ഷം പ്രധാനമന്ത്രിപദത്തിലിരുന്ന വ്ളാദിമിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റായി ക്രെംലിന്‍ കൊട്ടാരത്തിലെത്തി. മാര്‍ച്ച് നാലിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ട് നേടിയാണ് അമ്പത്തൊമ്പതുകാരനായ പുടിന്‍ മൂന്നാംവട്ടവും റഷ്യയുടെ പ്രസിഡന്റായത്. പ്രധാന എതിര്‍സ്ഥാനാര്‍ഥി കമ്യൂണിസ്റ്റ് നേതാവ് ഗെന്നഡി സ്യുഗാനോവ് 17.17 ശതമാനം വോട്ട് നേടി. മെദ്വദേവ് വീണ്ടും പ്രധാനമന്ത്രിയായി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം രാജ്യത്താകെ അലയടിക്കുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം പുടിന്റെ രാഷ്ട്രീയഭാവി തകരാതെ കാത്തു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള പുടിന്റെ ശ്രമത്തിനെതിരെ മുമ്പെങ്ങുമില്ലാത്തവിധം ജനം തെരുവിലിറങ്ങി. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടി. 2000 മുതല്‍ 2008 വരെ പ്രസിഡന്റായിരുന്ന പുടിന്‍ തുടര്‍ന്ന് നാലുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം പ്രസിഡന്റാകാന്‍ ഭരണഘടന അനുവദിക്കാത്ത സാഹചര്യത്തില്‍് 2008ല്‍ തന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കുകയായിരുന്നു.

അസാഞ്ചെ വീണ്ടും താരം

വിക്കിലീക്സ് വെളിപ്പെടുത്തലുകളിലൂടെ സാമ്രാജ്യത്വത്തിന്റെ ശത്രുവായ ജൂലിയന്‍ പോള്‍ അസാഞ്ചെയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കിയത് ഇക്കൊല്ലമാണ്. ലോകത്തിനുമുന്നില്‍ അമേരിക്കയുടെ തനിനിറം തുറന്നുകാട്ടി നയതന്ത്രജ്ഞരുടെയും വിദേശവകുപ്പിന്റെയും രഹസ്യസന്ദേശങ്ങള്‍ വിക്കിലീക്സ് പരസ്യപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായ അസാഞ്ചെയ്ക്കെതിരെ സ്വീഡനില്‍ പഴയ കൂട്ടുകാരികളുടെ പരാതി ഉയര്‍ന്നത് ദുരൂഹം. കുറ്റം അസാഞ്ചെ നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടു സര്‍ക്കാരുകള്‍ അസാഞ്ചെയുടെ രക്തത്തിനായി ദാഹിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അമ്മ ക്രിസ്റ്റീന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ചെയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ ഇക്വഡോര്‍ തീരുമാനിച്ചു. അതിനിടെ, അസാഞ്ചെയ്ക്ക് ഗുരുതര ശ്വാസകോശ അണുബാധയേറ്റു. അടുത്ത വര്‍ഷം ലോകത്തെ ഞെട്ടിക്കുന്ന ദശലക്ഷക്കണക്കിനു രേഖകളുമായി എത്തുമെന്നും അസാഞ്ചെയുടെ മുന്നറിയിപ്പുണ്ട്.

സൂമ വീണ്ടും എഎന്‍സി നായകന്‍

ദക്ഷിണാഫ്രിക്കയുടെ വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) ശതാബ്ദിവര്‍ഷത്തില്‍ സാരഥിയായി പ്രസിഡന്റ് ജേക്കബ് സൂമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി പ്രസിഡന്റ് ഗലിമ മോട്ലാന്തേയെ പരാജയപ്പെടുത്തിയാണ് സൂമ നേതൃസ്ഥാനം നിലനിര്‍ത്തിയത്. 2009ല്‍ അധികാരത്തിലെത്തിയ സൂമയുടെ ആദ്യടേം 2014ലാണ് അവസാനിക്കുക. പാര്‍ടിമേധാവിയായതിനാല്‍ തുടര്‍ന്നും അഞ്ചുവര്‍ഷത്തേക്കുകൂടി അദ്ദേഹത്തിന് രാജ്യത്തെ നയിക്കാനാകും. ഡിസംബറില്‍ ബ്ലൂംഫൊണ്ടെയ്നില്‍ ചേര്‍ന്ന എഎന്‍സി സമ്മേളനം ഉപനേതാവായി സിറിള്‍ റമഫോസെയെയും തെരഞ്ഞെടുത്തു.

ഈജിപ്ത് ഇസ്ലാമിക വാഴ്ചയിലേക്ക്

കഴിഞ്ഞ വര്‍ഷം അറബ് വസന്തത്തില്‍ ഈജിപ്തിലെ സ്വേഛാധിപതി ഹൊസ്നി മുബാറക്ക് പുറത്തായശേഷം അവിടെയുള്ള മതേതര ഭൂരിപക്ഷവും ജനസംഖ്യയില്‍ 10 ശതമാനത്തിലധികമുള്ള ക്രൈസ്തവരും മറ്റും യാഥാസ്ഥിതി ഇസ്ലാമിക ഭരണത്തിന്റെ ഭീഷണി നേരിടുകയാണ്. ഇസ്ലാമിക വാദികള്‍ക്ക് ഭൂരിപക്ഷമുള്ള ഭരണഘടനാ സമിതി തിടുക്കത്തില്‍ തട്ടിക്കൂട്ടിയ കരട് ഭരണഘടനയെ, പ്രഹസനമായി മാറിയ ഹിതപരിശോധനയുടെ മറവില്‍ ജനങ്ങള്‍ക്കുമേല്‍ അടിചേല്‍പിക്കുകയാണ് മുസ്ലീം ബ്രദര്‍ഹുഡിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍. യഥാര്‍ത്ഥത്തില്‍ പുതിയ ഭരണഘടനയെ ജനങ്ങളില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നതായാണ് കാണുന്നത്. ജനങ്ങളില്‍ 30 ശതമാനം മാത്രമാണ് ഡിസംബറില്‍ രണ്ടുഘട്ടമായി നടന്ന ഹിതപരിശോധനയില്‍ വോട്ട് ചെയ്തത്. ഇതില്‍ 65 ശതമാനത്തോളമാളുകള്‍ കരട് ഭരണഘടന അംഗീകരിച്ചു എന്ന വാദമുയര്‍ത്തിയാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അത് അംഗീകരിച്ചത്. പഴയ ഭരണസംവിധാനത്തിന്റെ അവശിഷ്ടങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച് തെരഞ്ഞെടുപ്പിലൂടെയാണ് മുര്‍സി ജൂണില്‍ അധികാരമേറ്റത്. എന്നാല്‍, ഭരണഘടനയിലൂടെ ഇസ്ലാമികനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെയാണ് മുബാറക്കിനെ പുറത്താക്കാന്‍ മുന്നില്‍നിന്ന ജനാധിപത്യ പ്രക്ഷോഭകരില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നത്. ഈജിപ്തിന്റെ മതേതര പാരമ്പര്യം തകര്‍ത്ത് മതനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം തീക്ഷ്ണമാവും എന്നാണ് സൂചന.

പാക് രാഷ്ട്രീയം സംഘര്‍ഷഭരിതം

സര്‍ക്കാരും നീതിപീഠവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാടകീയ വഴിത്തിരിവ് സൃഷ്ടിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ സുപ്രീംകോടതി സ്ഥാനഭ്രഷ്ടനാക്കിയതാണ് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ 2012ലെ ഏറ്റവും വലിയ വാര്‍ത്ത. കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റ് അംഗത്വത്തിനും അതുവഴി പ്രധാനമന്ത്രിസ്ഥാനത്തിനും അയോഗ്യനായതായി ജൂണ്‍ 19ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൗധരിയുടെ ബെഞ്ച് വിധിച്ചു. ഇതാദ്യമായാണ് പാകിസ്ഥാനില്‍ പ്രധാനമന്ത്രിയെ കോടതി പുറത്താക്കിയത്. കോടതി ശിക്ഷിച്ച ആദ്യ പ്രധാനമന്ത്രിയും ഗീലാനിയാണ്. ഗീലാനിയുടെ പിന്‍ഗാമിയായി പിപിപി പ്രതിനിധി രാജ പര്‍വേസ് അഷ്റഫ് സ്ഥാനമേറ്റു. പ്രസിഡന്റ് സര്‍ദാരിക്കെതിരെ സ്വിസ് കോടതിയിലുണ്ടായിരുന്ന അഴിമതിക്കേസ് പുനരന്വേഷിക്കുന്നതിന് ആവശ്യപ്പെടണമെന്ന് കോടതി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും പാക് സര്‍ക്കാര്‍ അനുസരിക്കാഞ്ഞതിനാണ് ഏപ്രില്‍ 26ന് ഗീലാനിയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതിന് അയോഗ്യത. 2013 ആദ്യം പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നായകന്‍ പുറത്താവുന്നത്. സര്‍ദാരിയെയും കൊല്ലപ്പെട്ട ഭാര്യ ബേനസീര്‍ ഭൂട്ടോയെയും അഴിമതിക്കേസില്‍ സ്വിസ് കോടതി 2003ല്‍ അവരുടെ അഭാവത്തില്‍ ശിക്ഷിച്ചിരുന്നു. 2007ല്‍ അന്നത്തെ പാക് ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് ബേനസീറുമായുണ്ടാക്കിയ അനുരഞ്ജനത്തിന്റെ തുടര്‍ച്ചയില്‍ ഇവരടക്കം എണ്ണായിരത്തില്‍പരമാളുകള്‍ക്കെതിരായ കേസുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍, ഇതിന് മുഷറഫ് ഭരണകൂടം ഇറക്കിയ ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് 2009ല്‍ അസാധുവാക്കിയ സുപ്രീംകോടതി സര്‍ദാരിക്കെതിരെ കേസ് അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഒസാമ ബിന്‍ദാന്റെ വധത്തെ തുടര്‍ന്ന് പട്ടാള അട്ടിമറി ഭയന്ന ആസിഫ് അലി സര്‍ദാരി അമേരിക്കയുടെ സഹായം തേടി കത്ത് അയച്ചെന്ന വെളിപ്പെടുത്തല്‍ മെമോഗേറ്റെന്ന പേരില്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചു.

സുനിതയുടെ ബഹിരാകാശ നടത്തം

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നടന്ന വനിതയെന്ന ബഹുമതിയുമായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ സുനിത വില്യംസ് ഭൂമിയില്‍ പറന്നിറങ്ങിയത് നവംബര്‍ 19ന്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയെന്ന പദവിയില്‍ സെപ്തംബര്‍ 17ന് ചുമതലയേറ്റ അവര്‍ നവംബര്‍ 17ന് ഭൂമിയിലേക്കു തിരിക്കുംവരെ പദവി വഹിച്ചു. "എക്സ്പെഡിഷന്‍ 33" ദൗത്യത്തിനുവേണ്ടി ഏഴുതവണയായി 50 മണിക്കൂറും 40 മിനിറ്റും സുനിത ബഹിരാകാശത്ത് നടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം (195) ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന ബഹുമതിയും സുനിതയ്ക്കാണ്. ബഹിരാകാശ നിലയത്തിലിരുന്ന് ഒളിമ്പിക്സ് കണ്ട സുനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതും ബഹിരാകാശത്തുവച്ചാണ്.

എ കെ ജിക്ക് ബംഗ്ലാദേശിന്റെ ആദരം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകന്‍ എ കെ ജിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ മരണാനന്തരബഹുമതിയായി വിമോചന പുരസ്കാരം നല്‍കി ആദരിച്ചു. ബംഗ്ലാദേശ് വിമോചനത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ബഹുമതി. ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ കെ ജിയുടെ ജാമാതാവും സിപിഐ എം ലോക്സഭാ ഉപനേതാവുമായ പി കരുണാകരനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് സിപിഐ എം നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ചാണ് രാജ്യത്തെ ഉന്നത പുരസ്കാരം നല്‍കിയത്. ബംഗ്ലാദേശ് വിമോചനത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്.

അറഫാത്തിന്റെ കബറിടം എന്തുപറയും

പലസ്തീന്‍ വിമോചനായകന്‍ യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടെന്ന സംശയം ബലപ്പെടവേ സത്യമറിയാന്‍ അദ്ദേഹത്തിന്റെ കബറിടം തുറന്നു. പൊളോണിയം വിഷപ്രയോഗത്തിലാണ് അറഫാത്ത് കൊല്ലപ്പെട്ടതെന്ന സംശയം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ പരിശോധിച്ചതോടെയാണ് ശക്തമായത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ക്ക് സാമ്പിള്‍ ശേഖരിക്കാനാണ് എട്ടുവര്‍ഷത്തിനുശേഷം മൃതദേഹാവശിഷ്ടം പുറത്തെടുത്തത്. വെസ്റ്റ്്ബാങ്കിലെ റമള്ളയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള കബറിടം നവംബര്‍ 27നാണ് തുറന്നത്. എഴുപത്തഞ്ചാം വയസ്സില്‍ നിഗൂഢമായ അസുഖം ബാധിച്ച് പാരീസില്‍ ആശുപത്രിയിലായ അറഫാത്ത് 2004 നവംബര്‍ 11നാണ് അന്തരിച്ചത്. മരണത്തിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടെന്ന് അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അല്‍ ജസീറ ചാനല്‍ ഒരു ഡോക്യുമെന്ററിക്കായി നടത്തിയ അന്വേഷണമാണ് ഈ സംശയം ബലപ്പെടുത്തിയത്.

മ്യാന്‍മര്‍ ജനാധിപത്യ പാതയില്‍

പട്ടാള ഭരണകൂടത്തിന് കീഴില്‍ രണ്ട് പതിറ്റാണ്ടോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചി പാര്‍ലമെന്റില്‍ എത്തിയതോടെ മ്യാന്‍മറിലെ ജനാധിപത്യ പരിവര്‍ത്തനം ഊര്‍ുതമായി. ഏപ്രില്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടന്ന 45 സീറ്റില്‍ 43ഉം സൂ ചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) നേടി. അറുപത്തേഴുകാരിയായ സൂ ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ജനാധിപത്യ പുനഃസ്ഥാപനത്തിലേക്ക് നീങ്ങുന്ന മ്യാന്‍മറിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തല്‍. 664 അംഗ പാര്‍ലമെന്റില്‍ സൂ ചിയുടെ വിജയം അധികാരമാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ല. എന്നാല്‍, ജനാധിപത്യം സ്ഥാപിക്കാനുള്ള തുടര്‍നടപടികളില്‍ സൂ ചിയുടെ സാന്നിധ്യം നിര്‍ണായകമാകും. 2010 നവംബറില്‍ സൂ ചിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ച പട്ടാളഭരണകൂടം 2011ലാണ് സിവിലിയന്‍ ഭരണത്തിന് വഴിമാറിയത്. എന്നാല്‍, വിരമിച്ച സൈനിക ഓഫീസര്‍മാരും ബന്ധുക്കളും മറ്റുമടങ്ങുന്ന പട്ടാള അനുകൂല സര്‍ക്കാരാണ് ഇപ്പോഴും നിലവിലുള്ളത്. രാജ്യത്ത് ഘട്ടംഘട്ടമായി പൂര്‍ണ ജനാധിപത്യം സ്ഥാപിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സൂ ചിയുടെ വിജയത്തെ തുടര്‍ന്ന്, മ്യാന്‍റിന് ഏര്‍പ്പെടുത്തിയിരുന്ന പല ഉപരോധവും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നീക്കി. 1988നുശേഷം ആദ്യമായി സൂ ചി വിദേശപര്യടനം നടത്തി. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ അവര്‍ക്ക് വന്‍ സ്വീകരണം ലഭിച്ചു. തുടര്‍ന്ന് അവര്‍ ഇന്ത്യയിലുമെത്തി.

യൂറോപ്പിന് തിരിച്ചറിവായി ഫ്രാന്‍സ്

യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സില്‍ രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം സോഷ്യലിസ്റ്റ് പ്രസിഡന്റ്. മെയ് ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടിയ വലതുപക്ഷ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുടെ അധികാരഗര്‍വിനെ തറപറ്റിച്ചാണ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് മിന്നുന്ന വിജയം നേടിയത്. ഓളന്ദിന് 51.6 ശതമാനം വോട്ട് ലഭിച്ചു. സര്‍കോസിക്ക് 48.4 ശതമാനം. 1981ല്‍ വലതുപക്ഷ പ്രസിഡന്റ് വലേറി ഷിസ്കാദ് ദെസ്താങ്ങിനുശേഷം ഫ്രാന്‍സില്‍ രണ്ടാമൂഴത്തിനുള്ള മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യപ്രസിഡന്റാണ് സര്‍കോസി. 1995ല്‍ ഫ്രാന്‍സ്വാ മിത്തറാങ് അധികാരമൊഴിഞ്ഞശേഷം ഫ്രഞ്ച് പ്രസിഡന്റാകുന്ന ആദ്യ സോഷ്യലിസ്റ്റ് നേതാവാണ് ഓളന്ദ്. യൂറോപ്യന്‍ രാജ്യങ്ങളിലെ വായ്പാപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന കടുത്ത ചെലവുചുരുക്കലിനെ എതിര്‍ക്കുന്നയാളാണ് ഓളന്ദ്. അദ്ദേഹത്തിന്റെ വിജയം യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തെ വലതുചായ്വിന് വെല്ലുവിളിയായി. ഗ്രീസിലും ചെലവുചുരുക്കലിന് വാദിക്കുന്ന രണ്ട് പ്രധാന കക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമുണ്ടായപ്പോള്‍ ഇടതുപക്ഷ സൈറസ പാര്‍ടി മൂന്നിരട്ടി ശക്തി വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞതവണ 44 ശതമാനം വോട്ട് നേടി ഭരണകക്ഷിയായ പസോക്ക് ഇത്തവണ 14-17 ശതമാനം വോട്ടുമായി മൂന്നാംസ്ഥാനത്തായി.

*
കടപ്പാട്: ദേശാഭിമാനി 30 ഡിസംബര്‍ 2012

ഇനി ഞാന്‍ കുടിക്കില്ല

മദ്യവും പുകവലിയുമില്ലാതെ പുതിയ വര്‍ഷം ആരംഭിക്കുമെന്ന് ഇത്തവണയും ആര്‍ക്കും സത്യം ചെയ്യാം. പോയവര്‍ഷങ്ങളില്‍ തെറ്റിക്കാന്‍വേണ്ടി ചെയ്ത സത്യങ്ങളുടെ ചവറ്റുകൂനയില്‍ ആരുമറിയാതെ ഇതും കിടന്നോളും

എന്നാല്‍, ഒരു കാലഘട്ടത്തിന്റെ യൗവനം കവിതയുടെ ലഹരിയില്‍ നിറച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട്. കവിതയ്ക്കൊപ്പമോ അതിലധികമോ കവിയുടെ ലഹരിപൂണ്ട ജീവിതം ആഘോഷിച്ച ആരാധകവൃന്ദത്തിലേറെപ്പേര്‍ക്കും അറിയാത്തൊരു സത്യമുണ്ട്... ബാലചന്ദ്രന്‍ ചുള്ളിക്കാട് മദ്യപാനവും പുകവലിയും നിര്‍ത്തിയിട്ട് വര്‍ഷം പതിനഞ്ചായി

നഷ്ടങ്ങളുടെ അശാന്തിയില്‍നിന്ന് ഭാവതീവ്രതയുടെ അവിരാമമായ സ്രോതസ്സ് കണ്ടെത്തുന്ന മലയാളിയുടെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജീവിതത്തില്‍നിന്ന് മദ്യം പടിയിറങ്ങിപ്പോയ കഥ കവി പറയുമ്പോള്‍.

തലേന്നുരാത്രിയില്‍-
ക്കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നഞ്ഞിറങ്ങുമ്പോള്‍
ഷവറിന് താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്-
ക്കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍ (സ്നാനം)

കുടിയില്‍ നഷ്ടം നാല്- നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ.

1. ധനഷ്ടം
2. മാനഷ്ടം
3. ആരോഗ്യനഷ്ടം
4. സമയനഷ്ടം

വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വീണ്ടും മദ്യത്തിലേക്കും പുകവലിയിലേക്കും മടങ്ങിയെത്തി. ഒരുദിവസം രാവിലെ എഴുന്നേറ്റാല്‍ ആദ്യചിന്ത എപ്പോള്‍ മദ്യപാനം തുടങ്ങണമെന്നായിരുന്ന കാലം. അതിനുള്ള പണം എങ്ങനെ? സുഹൃത്തുക്കളെ എങ്ങനെ സംഘടിപ്പിക്കും.. അതിനൊരിടം... എന്നിങ്ങനെ ഉല്‍ക്കണ്ഠയായിരുന്നു. മദ്യപിക്കാനുള്ള ചിന്തയില്‍ നഷ്ടപ്പെട്ട സമയമെത്രയായിരുന്നു. പക്ഷേ, 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ പിന്‍ബലത്തില്‍ പിന്നെ ഇതുവരെയും മദ്യപിച്ചിട്ടില്ല.

എനിക്കുറപ്പാണ് ഇനി ഒരിക്കലും ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല. മൂന്നുമാസം നീണ്ട ഒരു അമേരിക്കന്‍ പര്യടനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. വിവിധ പരിപാടികളുമായി അമേരിക്കയില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍ ബോധത്തിനും അബോധത്തിനുമിടയിലെ അല്‍പ്പബോധത്തിലൂടെ കടന്നുപോയി. ഭീകരമദ്യപാനമായിരുന്നു അത്. അങ്ങനെ മടക്കയാത്രയ്ക്ക് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലെത്തി. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ തീരുമാനിച്ചു. ഇനി മദ്യപിക്കില്ല. ആകാശത്തിലെടുത്ത ദൃഢമായ ആ തീരുമാനത്തില്‍നിന്ന് പിന്നെ പിന്തിരിഞ്ഞില്ല. ഇന്ത്യയില്‍ അന്ന് കാല്‍തൊട്ട് ഇന്നുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല.

പട്ടി നക്കിയപ്പോള്‍

മാല്യങ്കര കോളേജില്‍ പഠിക്കുന്ന കാലത്താണ് മദ്യപാനം തുടങ്ങിയത്. ക്ലാസില്‍നിന്ന് നോക്കിയാല്‍ കള്ളുഷാപ്പ് കാണാം. കള്ളില്‍നിന്ന് തുടങ്ങി പിന്നെ എപ്പൊഴോ ചാരായത്തിലേക്കും വിദേശമദ്യത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. സഹപാഠികളില്‍ പലരും ചെത്തുകാരുടെ മക്കളായിരുന്നതുകൊണ്ട് അങ്ങനെയും കള്ള് കിട്ടാന്‍ അവസരമുണ്ടായിരുന്നു. ഒരു ദിവസം മദ്യപിച്ച് ബോധമില്ലാതെ കാമ്പസില്‍ വീണു. വീണിടത്ത് കിടന്നുതന്നെ ഛര്‍ദിച്ചു. ഛര്‍ദില്‍ കണ്ട് ഒരു പട്ടി അടുത്തുകൂടി. ഛര്‍ദില്‍ നക്കി തിന്നശേഷം അതിന്റെ അവശിഷ്ടങ്ങള്‍ എന്റെ മുഖത്തുനിന്നും പട്ടി നക്കിയെടുത്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ ഈ വിവരമെല്ലാം അറിഞ്ഞത്. മദ്യപാനത്തിനിടയില്‍ ഇതിനപ്പുറം വൃത്തികെട്ട മറ്റൊരനുഭവമില്ല. അല്ലെങ്കില്‍തന്നെ മദ്യപിച്ച് ബോധം പോയാല്‍ പിന്നെ മാനംപോകുന്നത് അറിയുന്നതെങ്ങനെ. പഠിക്കുന്ന കാലത്ത് കലാകാരന്മാരാണ് ഞങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. മിക്കവാറും കലാകാരന്മാരും മദ്യപാനികളുമായിരുന്നു. ജോണ്‍ എബ്രഹാം, കടമ്മനിട്ട, കാക്കനാടന്‍, ഭരതന്‍, അരവിന്ദന്‍, പത്മരാജന്‍ എന്നിങ്ങനെ എത്രപേര്‍.

മദ്യവും കവിതയും

മദ്യപിച്ചിട്ട് ഞാന്‍ ഒരു വരി കവിതപോലും എഴുതിയിട്ടില്ല. കവിത എഴുതണമെന്ന് തോന്നുമ്പോള്‍മാത്രമാണ് എഴുതുന്നത്. അല്ലെങ്കില്‍തന്നെ മദ്യപിച്ചിട്ട് കവിത എഴുതാന്‍പോയിട്ട് പുസ്തകം വായിക്കാന്‍പോലും പറ്റില്ല. എന്തിന് പത്രംപോലും വായിക്കാനാകില്ല. മദ്യവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല. മദ്യമില്ലാത്ത സമയത്തുമാത്രമാണ് എന്റെ എഴുത്തും വായനയും അന്ന് നടന്നിരുന്നത്. സാമാന്യം ഭേദപ്പെട്ട ഓര്‍മശക്തിയുള്ളയാളാണ് ഞാന്‍. ഓര്‍മശക്തിയെ മദ്യപാനവും പുകവലിയും ബാധിച്ചുതുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. എഴുത്തുകാരനെന്നനിലയില്‍ ഓര്‍മശക്തി ആവശ്യമായിരുന്നു. മദ്യപാനത്തെ വേര്‍പ്പെടുത്തുന്നതിന് അതും എനിക്കൊരു കാരണമായിരുന്നു.

വലിച്ചുതള്ളിയ സിഗററ്റ്

ശരിക്കും ചെയിന്‍ സ്മോക്കര്‍. ഒരു ദിവസം 50-60 സിഗററ്റെങ്കിലും വേണം. ചാര്‍മിനാര്‍. അത് നിര്‍ബന്ധമില്ല. കിട്ടിയില്ലെങ്കില്‍ കിട്ടുന്നതെന്തും. പക്ഷേ, ബീഡി ദിനേശ് തന്നെയായിരുന്നു. അതും വേണം ദിവസവും നാലുകെട്ട്. ഇടതടവില്ലാതെയുള്ള വലിക്കും മദ്യത്തിനൊപ്പം വിരാമമിട്ടു. പുകവലിയും ഇനിയൊരിക്കലുമില്ല. ഒറ്റപ്പെടലിലേക്കും അതിന്റെ ദുരന്തങ്ങളിലേക്കുമാണ് മദ്യവും പുകവലിയും എത്തിക്കുന്നത് അല്ലെങ്കില്‍ രവീന്ദ്രന്‍ പുല്ലന്തറയ്ക്ക് ആത്മഹത്യചെയ്യാന്‍ എന്ത് കാരണമാണുണ്ടായിരുന്നത്.


അപൂര്‍വ്വം ചില കവികള്‍
പ്രൈമറി സ്ക്കൂള്‍ അധ്യാപകരെ
പോലെയാണ്. ഗ്രാമത്തിന്
വെളിയില്‍ അവര്‍ അറിയപ്പെടില്ല (പലതരം കവികള്‍)

രവീന്ദ്രന്റെ മരണം

സര്‍ഗാത്മകതയുള്ള കവിയായിരുന്നു എന്റെ സഹപ്രവര്‍ത്തകനായ രവീന്ദ്രന്‍ പുല്ലന്തറ. പക്ഷേ, കടുത്ത മദ്യപാനി. ഔദ്യോഗികജീവിതത്തില്‍ ട്രഷറി ഓഫീസര്‍വരെയായി. മദ്യപാനം കാരണം പലപ്പോഴും സസ്പെന്‍ഷനിലായി. തികച്ചും സ്വസ്ഥമായി പോകുമായിരുന്ന കുടുംബത്തില്‍ രവീന്ദ്രന്‍ മദ്യപാനംകൊണ്ടുമാത്രം ഒറ്റപ്പെട്ടു. കവിതയും മരിച്ചു. ഒരു ദിവസം രവീന്ദ്രന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. മദ്യപാനം നല്‍കിയ ഒറ്റപ്പെടലില്‍നിന്ന് സ്വയം കണ്ടെത്തിയ മോചനം. അങ്ങനെ എത്രയോ മദ്യപാനികള്‍ ആത്മഹത്യചെയ്തിരിക്കുന്നു. മദ്യം അവരെ ഒറ്റപ്പെടുത്തുന്നു, അവര്‍ സ്വയം മോചനം നേടുന്നു.

ആഘോഷം

അടുത്ത ഒരു സുഹൃത്ത് മരിച്ചു. മരണവീട്ടില്‍ എത്തി മൃതദേഹത്തിനുമുന്നില്‍ നഷ്ടബോധത്തിന്റെ വേദനയില്‍ നില്‍ക്കുന്നതിനിടെയാണ് ഒരാളുടെ കൈവിരല്‍ തോളില്‍ തൊട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ ആംഗ്യത്തിലും അടക്കത്തിലുമായി പറഞ്ഞു. സെറ്റപ്പൊക്കെ കിഴക്കേവീട്ടിലാ... അങ്ങോട്ട് ചെല്ലൂട്ടോ...

മരണമായാലും ജനമായാലും മദ്യം ആഘോഷത്തിന്റെ ഭാഗമാകുന്നു. മദ്യപിക്കാന്‍ എന്നെ ഇന്നാരും നിര്‍ബന്ധിക്കുകയില്ല. വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞാല്‍ പിന്നെ നിര്‍ബന്ധിക്കുന്നതെങ്ങനെ.

സുഹൃത്തുക്കള്‍ അതും മുതിര്‍ന്ന സുഹൃത്തുക്കളാണ് മദ്യപാനത്തിലേക്ക് പലരെയും നയിക്കുന്നത്. എനിക്കും അതുതന്നെയാണ് അനുഭവം. യഥേഷ്ടം കിട്ടുന്നതുകൊണ്ടാണ് കുടിക്കുന്നതെന്ന വാദത്തില്‍ എന്തുകഴമ്പാണുള്ളത്. എങ്കില്‍ വിഷം കിട്ടുന്നില്ലേ. എന്നിട്ടെന്തേ എല്ലാവരും വിഷം വാങ്ങി കഴിക്കാത്തത്. കയറുണ്ടാക്കുന്ന ആലപ്പുഴക്കാരെല്ലാം എന്താ കയറില്‍ കെട്ടിത്തൂങ്ങി മരിക്കാത്തത്? വിലകയറ്റിയോ നിയന്ത്രണം കൊണ്ടുവന്നോ മദ്യപാനം ഇല്ലാതാക്കാനാകില്ല. സ്കൂള്‍വിദ്യാഭ്യാസകാലംമുതല്‍ ബോധവല്‍ക്കരണം വേണം.

മദ്യപിക്കാത്ത ഭര്‍ത്താവ്, അച്ഛന്‍

വിജയലക്ഷ്മിയെ സംബന്ധിച്ചാണെങ്കില്‍ എന്റെ മദ്യപാനം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. കാരണം മദ്യപിച്ച് ബോധമില്ലാതെയാണ് കടമ്മനിട്ടയുമൊരുമിച്ച് വിജയലക്ഷ്മിയെ ആദ്യം കാണുന്നതുതന്നെ. പക്ഷേ, ഞാന്‍ മദ്യപാനവും പുകവലിയും നിര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അവരത് പ്രതീക്ഷിച്ചില്ല.

മകന്‍ അപ്പു സ്കൂള്‍മുതലേ പുകവലിവിരുദ്ധപ്രചാരണങ്ങളിലുണ്ട്. ആരെയെങ്കിലും ഉപദേശിച്ച് നന്നാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഒരുകാര്യവുമില്ല. കുടിക്കില്ല, വലിക്കില്ല എന്ന് സ്വയം തീരുമാനിക്കുകയാണ് പ്രധാനം. കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് നടന്‍ മുരളിയോടുമാത്രമാണ്.

മുരളിയോട് പറഞ്ഞത്

കഴിക്കരുതെന്ന് ഞാന്‍ പലവട്ടം മുരളിയോട് പറഞ്ഞിട്ടുണ്ട്. കാലുപിടിച്ച് പറഞ്ഞിട്ടുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത തരത്തിലായിരുന്നു മുരളിയുടെ കുടി. കുടി കാരണം മുരളിക്ക് ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അഭിനയിക്കാന്‍ പോകാന്‍ കഴിയാതായി. ഒരിക്കല്‍ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പിനായി മുരളിയുമായി ഒരു അഭിമുഖത്തിന് ഞാന്‍ പോയിരുന്നു. മുന്‍കൂട്ടി അറിയിച്ചാണ് ചെന്നത്. പക്ഷേ, മദ്യപിച്ച മുരളി സംസാരിക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല. അന്ന് മടങ്ങി. വീണ്ടും ഒരിക്കല്‍ പോയി. അപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. അന്ന് പിണങ്ങിയാണ് ഞാനവിടെനിന്ന് പോന്നത്. മുരളിയുടെ കഴിവിനെ ഉപയോഗിക്കുന്നതിന് അവസാനഘട്ടത്തില്‍ മദ്യം തടസ്സമായിരുന്നു. മുരളി അകാലത്തിലാണ് മരിച്ചത്.

ധനവും മാനവും ആരോഗ്യവും സമയവും നഷ്ടപ്പെടുമെന്ന് സ്വയം തിരിച്ചറിഞ്ഞ് മദ്യത്തെ ഒഴിവാക്കുകയാകും നല്ലത്. ചികിത്സകൊണ്ടോ ഉപദേശംകൊണ്ടോ അല്ല സ്വയം തീരുമാനിച്ച് വേണമെങ്കില്‍ മദ്യവും പുകവലിയും ഉപേക്ഷിക്കാം. അല്ലെങ്കില്‍ ആരോഗ്യം നശിച്ച് മരിക്കാം. ഒറ്റപ്പെട്ട് ആത്മഹത്യചെയ്യാം.


*
സജീവ് പാഴൂര്‍ ദേശാഭിമാനി

ഇവരുടെ ജീവന് വിലയില്ലേ?

മാര്‍ച്ച് രണ്ടിനാണ് 17 ഇന്ത്യന്‍ പൗരന്മാര്‍ ജോലിക്കാരായുള്ള എംടി റോയല്‍ ഗ്രേസ് എന്ന ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുവച്ച് റാഞ്ചിയത്. ബന്ദികളാക്കപ്പെട്ടവരില്‍ അഞ്ചു മലയാളികളും ഉള്‍പ്പെടുന്നു. ഇവരുടെ മോചനത്തിന് കൊള്ളക്കാര്‍ ആദ്യം ഒമ്പത് മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1.7 മില്യണ്‍ ഡോളറാണ്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ബന്ദികളാക്കപ്പെട്ട മലയാളികളുടെ വീട്ടില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍സന്ദേശങ്ങള്‍ ഭീതിജനകമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഈ ചെറുപ്പക്കാര്‍ തീര്‍ത്തും നിരപരാധികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ പൗരന്മാരെന്ന നിലയ്ക്ക് ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം അപലപനീയമാണ്.

ബന്ദികളുടെ മോചനത്തിന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി നിവേദനം നല്‍കി. പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കി. സെക്രട്ടറിയറ്റ് നടയില്‍ ഉപവാസം നടത്തി. കേരള മുഖ്യമന്ത്രിയുടെ മുന്നില്‍ നിരവധിതവണ പ്രശ്നമുന്നയിച്ചു. അദ്ദേഹം ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഒന്നും ഫലംകാണാത്ത അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ബന്ദികളെ വധിക്കുമെന്ന അന്ത്യശാസനം കഴിഞ്ഞദിവസം കടല്‍ക്കൊള്ളക്കാര്‍ മുഴക്കി. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരാളും ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത സകലമനുഷ്യരെയും അസ്വസ്ഥമാക്കുന്ന ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചുവരുന്ന നിലപാട് സാമാന്യനീതിക്ക് നിരക്കുന്നതല്ല.

ഈ അവസ്ഥ മറ്റൊരു രാജ്യത്തെ പൗരനാണ് സംഭവിച്ചിരുന്നതെങ്കില്‍ എന്തായിരിക്കും ഫലമെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന സംഭവമാണ് ഹെന്‍റിക്ക ലെക്സി കാട്ടിത്തരുന്ന പാഠം. ഈ എണ്ണക്കപ്പലില്‍ സുരക്ഷാജോലിയിലായിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ കടലില്‍വച്ച് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നു. അവര്‍ കേരളത്തിലെ ജയിലിലായപ്പോള്‍ കുറ്റക്കാരായിരുന്നിട്ടും തങ്ങളുടെ പൗരന്മാരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ എപ്രകാരമാണ് സഹായിച്ചതെന്ന് നാം കണ്ടു. ഇറ്റലിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി അവര്‍ക്ക് എല്ലാ സുരക്ഷയും പ്രത്യേക താമസസൗകര്യങ്ങളുമടക്കം ഏര്‍പ്പെടുത്തി. ഇതിനെല്ലാം നേതൃത്വം നല്‍കാന്‍ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുരയും കോണ്‍സല്‍ ജനറല്‍ ജിയാം പൗലോ കുട്ടീലിയോയും എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിച്ച് മടങ്ങിയെത്താന്‍ ഹൈക്കോടതി ഉപാധികളോടെ അനുവാദം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ചോര നീരാക്കി പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയോളം കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളില്‍പ്പെട്ട ഒരു മലയാളി അറബിനാടുകളില്‍ എവിടെയെങ്കിലും മരിച്ചാല്‍ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ നാം പെടുന്ന പാട് ഓര്‍ത്തുനോക്കാവുന്നതാണ്. എയര്‍ ഇന്ത്യപോലും ഭീകരവാദികളോടെന്നപോലെയാണ് അവരോട് പെരുമാറുന്നത്.

പുകള്‍പെറ്റ ജനാധിപത്യസംവിധാനത്തിന്റെ ഗരിമയെപ്പറ്റി നാം ഊറ്റംകൊള്ളുമെങ്കിലും ആ സംവിധാനം ഇവിടത്തെ സാധാരണക്കാരായ മനുഷ്യന് നല്‍കുന്ന സുരക്ഷയും സേവനവും എത്ര അളവിലുണ്ടെന്നത്് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ടവരില്‍ ഭരണാധികാരികളുടെയോ പൗരപ്രമുഖരുടെയോ മക്കളോ ബന്ധുക്കളോ ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരുകള്‍ ഇത്ര നിസ്സംഗത കാട്ടുമായിരുന്നോ എന്ന ബന്ദികളുടെ രക്ഷിതാക്കളുടെ ഹൃദയഭേദകമായ ചോദ്യത്തോട് മുഖംതിരിച്ചിട്ട് കാര്യമില്ല. തോക്കിന്‍മുനയില്‍ ജീവനുവേണ്ടി യാചിക്കുന്ന അഞ്ചു മലയാളികളടക്കമുള്ള ബന്ദികളുടെ മോചനത്തിനും കരഞ്ഞുകണ്ണീര് വറ്റി മരിച്ചുജീവിക്കുന്ന അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാകൂ.

*
മുല്ലക്കര രത്നാകരന്‍

ജനകീയ ബാങ്കിങ്ങിന് മരണമണി

ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ അലകുംപിടിയും മാറ്റാന്‍ സാധിക്കുന്ന വകുപ്പുകളാണ് ഡിസംബര്‍ 18ന് ലോക്സഭ പാസാക്കിയ ബാങ്കിങ് നിയമഭേദഗതിയില്‍ അടങ്ങിയിട്ടുള്ളത്. ഇടതുപക്ഷ എംപിമാര്‍ നിര്‍ദേശിച്ച എല്ലാ ഭേദഗതികളും നിഷ്കരുണം തള്ളി, യുപിഎ- എന്‍ഡിഎ മുന്നണികളുടെ സംയുക്ത സഹകരണത്തോടെയാണ് ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കിയത്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും ആഗോള മൂലധനശക്തികള്‍ക്കും വലിയ ആവേശം പ്രദാനംചെയ്ത നിയമനിര്‍മാണമാണിതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസിലാക്കാനാകും. സഭാസമ്മേളനം ഒരു ദിവസംകൂടി ദീര്‍ഘിപ്പിച്ച് ഡിസംബര്‍ 20ന് രാജ്യസഭയും ബാങ്കിങ് ബില്ല് പാസാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ചതും ഇടതുപക്ഷ സമ്മര്‍ദത്തെതുടര്‍ന്ന് നിരവധി തവണ മാറ്റിവച്ചതുമായ ബില്ലാണ് ഇപ്പോള്‍ ഇടതുപക്ഷ എതിര്‍പ്പോടെ പാസാക്കിയത്. ജനകീയ ബാങ്കിങ് സംസ്കാരം വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ തീര്‍ത്തും സമ്പന്നാഭിമുഖ്യമുള്ളതാക്കുന്ന നിയമനിര്‍മാണമാണിത്.

ജനങ്ങളുടെ ചെറുസമ്പാദ്യത്തിന്റെ സുരക്ഷയും ഈ സുപ്രധാന വിഭവസ്രോതസ്സിനെ രാഷ്ട്രനിര്‍മാണത്തിനുതകുംവിധം വിന്യസിക്കുകയെന്ന ലക്ഷ്യവും നേടിയെടുക്കാനാണ് 1969ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടപ്പാക്കിയത്. ഇന്ദിരാഗാന്ധിയുടെ ആ നിലപാടിനെ അന്ന് ദേശ-വിദേശ കുത്തകകള്‍ എതിര്‍ക്കുകയും, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഇടതുപക്ഷം പിന്തുണയ്ക്കുകയുംചെയ്തു. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ എല്ലാ സത്തയും ഊറ്റിക്കളഞ്ഞ് ദേശകുത്തകകള്‍ക്കും വിദേശ ഭീമന്മാര്‍ക്കും ഇന്ത്യന്‍ ബാങ്കുകളെ കൈവശപ്പെടുത്താനുള്ള അവസരമാണ് യുപിഎയും എന്‍ഡിഎയും ചേര്‍ന്ന് ഒരുക്കിക്കൊടുക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനംവരെ ഓഹരി കരസ്ഥമാക്കാന്‍ വിദേശികള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, എത്ര ഓഹരിയെടുത്താലും പത്തുശതമാനംമാത്രം അധികാരവും ആധിപത്യവും സ്ഥാപിക്കാനേ ഇതുവരെ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ 12 (2) എന്ന കുത്തക വിരുദ്ധമായ വകുപ്പ് ഉണ്ടായിരുന്നതിനാലാണ് വിദേശികള്‍ക്ക് സ്വകാര്യ ബാങ്കുകളില്‍ കടന്നുകയറ്റം നടത്താന്‍ സാധിക്കാതെ പോയത്. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്കിന്റെ 66 ശതമാനം ഓഹരികളും വിദേശികളുടേതാണ്. പക്ഷേ, വിദേശതാല്‍പ്പര്യമനുസരിച്ച് സമ്പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത് ഈ വകുപ്പ് സൃഷ്ടിച്ച പ്രതിബന്ധംമൂലമായിരുന്നു. മലയാളികള്‍ക്ക് സുപരിചിതമായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയിലും 40-50 ശതമാനം വിദേശ ഓഹരി ഉടമകള്‍ ഇപ്പോള്‍ത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടത്ര സജീവതയോടെ ഈ ബാങ്കുകളെ നിര്‍ണായകമായി നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും മുന്‍പ്രതിപാദിച്ച കുത്തകവിരുദ്ധ സ്വഭാവമുള്ള വകുപ്പിന്റെ സാന്നിധ്യംകൊണ്ടായിരുന്നു. ഈ സുപ്രധാന വകുപ്പാണ് ഇപ്പോള്‍ ഭേദഗതിചെയ്തത്. അതുപ്രകാരം സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരിയുടമകള്‍ക്ക് 26 ശതമാനംവരെ ആധിപത്യവും അധികാരവും അനുവദിച്ചിരിക്കുകയാണ്. അഥവാ രണ്ട് വിദേശകുത്തകകള്‍ ചേര്‍ന്നാല്‍ ഇന്ത്യയിലെ ഏതു സ്വകാര്യ ബാങ്കിനെയും കീഴ്പ്പെടുത്താനും അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് ഈ സ്ഥാപനങ്ങളുടെ ഘടനയും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കാനും കഴിയും. വിദേശ മൂലധനശക്തികള്‍ നിശ്ചയിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും അധികാര സംവിധാനങ്ങളും എല്ലാ സ്വകാര്യ ബാങ്കുകളിലും യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷണമൊത്ത ഒരു വിദേശ ബാങ്കായിട്ടായിരിക്കും ഇനിമുതല്‍ അവ പ്രവര്‍ത്തിക്കുക. വരുന്ന ഒന്നു രണ്ടു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ സ്വകാര്യ ബാങ്കുകളിലും സമ്പൂര്‍ണ വിദേശാധിപത്യം സാധ്യമാകുമെന്നതാണ് ബാങ്കിങ് നിയമഭേദഗതി ബില്ലിന്റെ സുപ്രധാന പ്രത്യാഘാതം.

സമാനമായ മറ്റൊരു ഭേദഗതിയാണ് ദേശസാല്‍കൃത ബാങ്കുകളെ സംബന്ധിച്ചും നിയമമായിട്ടുള്ളത്. പൊതുമേഖല ബാങ്കുകളില്‍ 20 ശതമാനംവരെ വിദേശികള്‍ക്കും, 49 ശതമാനംവരെ സ്വകാര്യകുത്തകകള്‍ക്കും ഓഹരി അനുവദിച്ചിരുന്നുവെങ്കിലും ഇവരുടെ വോട്ടിങ് അധികാരപരിധി കേവലം ഒരു ശതമാനമായിരുന്നു. ഈ പരിധി ഭേദഗതിചെയ്ത് 10 ശതമാനം വോട്ടിങ് അധികാരം അനുവദിച്ചിരിക്കുന്നു. തന്മൂലം നാലോ അഞ്ചോ വിദേശ-സ്വകാര്യ കുത്തകകള്‍ സംയുക്തമായി യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയിലെ ഏതു ദേശസാല്‍കൃത ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും കയറിപ്പറ്റാം, ആധിപത്യം ഉറപ്പാക്കാം, അവര്‍ വിഭാവനംചെയ്യുന്ന കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാം. അന്നേരവും ഈ ബാങ്കുകളെ ദേശസാല്‍കൃത ബാങ്കെന്നും ഇന്ത്യാ സര്‍ക്കാരിന്റെ അധീനതയിലുള്ള ബാങ്കെന്നും നാമകരണംചെയ്യാന്‍ കഴിയും. ഇപ്പോഴത്തെ ബാങ്കിങ് നിയമഭേദഗതിയുടെ സുപ്രധാന കൗശലവും ഈ മാരീചവേഷം കെട്ടുന്ന സമീപനമാണ്. ബാഹ്യമായ കാഴ്ചപ്പുറത്ത് ഒരു മാറ്റവും വരുത്താതെ ആന്തരികമായ ഉള്ളടക്കവും സിലബസും പ്രവര്‍ത്തന പരിപാടിയും സമൂലമായി അഴിച്ചുപണിയുന്ന വിധത്തിലാണ് ഉപായങ്ങള്‍ ചമയ്ക്കുന്നത്.

2012 ന്റെ അര്‍ധവാര്‍ഷിക കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ 65,00,000 കോടിരൂപയാണ് ജനങ്ങള്‍ അവരുടെ സമ്പാദ്യമായി നിക്ഷേപിച്ചിട്ടുള്ളത്. ബാങ്ക് നിക്ഷേപത്തിന്റെ 23 ശതമാനംതുക സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്ന രൂപത്തില്‍ സര്‍ക്കാരിന്റെ ബോണ്ടുകളിലും സെക്യൂരിറ്റികളിലും ബാങ്കുകള്‍ മുതല്‍മുടക്കേണ്ടതുണ്ട്. ഇങ്ങനെ ബാങ്കുകളില്‍നിന്ന് ലഭിച്ചുവരുന്ന വന്‍തുക ഉപയോഗിച്ചാണ് സര്‍ക്കാര്‍ അതിന്റെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. പുതിയ ബാങ്ക് നിയമ ഭേദഗതിയനുസരിച്ച് എസ്എല്‍ആര്‍ തുക കോര്‍പറേറ്ററുകളുടെ കടപ്പത്രങ്ങളിലും ബോണ്ടുകളിലും നിക്ഷേപിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ സമ്പാദ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് കൈമാറുന്ന ജനവിരുദ്ധ പ്രവൃത്തിയാണിത്. എസ്എല്‍ആറിന്റെ ഒരു ശതമാനമെന്നാല്‍ 65,000 കോടി രൂപയാണെന്നറിയുമ്പോഴാണ് ഈ ഭീമന്‍ വിഭവ സ്രോതസ്സിനെ സംബന്ധിച്ച പുതിയ നിര്‍ദേശത്തിന്റെ ഭയാനകത ബോധ്യപ്പെടുക. പഞ്ചവത്സര പദ്ധതിയടക്കമുള്ള നാടിന്റെ വികസന പ്രവൃത്തികള്‍ക്ക് ലഭിച്ചിരുന്ന വന്‍ തുകയാണ് ഇങ്ങനെ സ്വകാര്യ മുതലാളിമാര്‍ക്ക് വഴിമാറ്റിക്കൊടുക്കുന്നത്. വിഭവദാരിദ്ര്യം അനുഭവിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള ക്ഷേമാനുകൂല്യങ്ങള്‍ വേണ്ടെന്നുവയ്ക്കുകയും നിര്‍മാണ പ്രവൃത്തികളില്‍നിന്ന് സ്വയം പിന്തിരിയുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാരാണ് കോര്‍പറേറ്റുകളുടെ ഉന്നമനത്തിനായി വല്ലാതെ വിയര്‍പ്പൊഴുക്കുന്നത്. മാത്രമല്ല, ഈ നയംമാറ്റംമൂലം ജനങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷപോലും അപകടപ്പെടാനിടവരും.

നിലവിലുള്ള പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് മെഗാ ബാങ്കുകളാക്കാനാണ് മറ്റൊരു നീക്കം. അതു സംഭവിക്കുമ്പോള്‍ കേരളത്തിന്റെ പ്രീമിയര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് ആദ്യം ഇല്ലാതാകുന്നത്. അവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി പരിണമിക്കും. ഒരു പ്രദേശത്തുതന്നെ ഒരേ ബാങ്കിന്റെ ഒന്നിലധികം ശാഖകള്‍ വരുമ്പോള്‍ ശാഖകളുടെ അടച്ചുപൂട്ടല്‍ അനിവാര്യമാകും. മാത്രമല്ല, സ്വകാര്യ മുതലാളിമാരുടെ നിയന്ത്രണത്തിലാകാന്‍ പോകുന്ന എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ലാഭംമാത്രം തേടിയുള്ള യാത്രയില്‍ സാധാരണക്കാരെ അവഗണിക്കുമെന്നത് തീര്‍ച്ച. സബ്സിഡിത്തുകയും പെന്‍ഷനും ബാങ്ക് വഴി പണമായി നല്‍കുമെന്ന വങ്കന്‍ പ്രഖ്യാപനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വേളയിലാണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയെ വരേണ്യവല്‍ക്കരിക്കുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. വന്‍ വ്യവസായ ഗ്രൂപ്പുകള്‍ക്കും ബ്ലേഡ് കമ്പനിപോലെ പെരുമാറുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇഷ്ടംപോലെ ബാങ്കിങ് ലൈസന്‍സ് നല്‍കാനാണ് മറ്റൊരു തീരുമാനം. പൊതുമേഖലാ ബാങ്കുകളുടെ അംഗീകൃത മൂലധനം 3000 കോടി രൂപയായി ഉയര്‍ത്തുന്നതും സ്വകാര്യവല്‍ക്കരണ കവാടം വിസ്തൃതമാക്കുന്നതിനാണ്. ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയിലെ ജനകീയതയുടെ മരണമണിയാണ് ഈ നടപടികളിലൂടെ മുഴങ്ങുന്നത്. നാടിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന ബാങ്കിങ് സംവിധാനത്തെ ഒരു കൂട്ടം ദേശവിദേശ കുത്തകകള്‍ക്ക് വീതംവച്ചുനല്‍കുന്ന ഇത്തരം നടപടികള്‍ രാഷ്ട്രവികസന പ്രക്രിയയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. നാടിന്റെ സമ്പദ് വ്യവസ്ഥയിലും സാമാന്യ ജനതയുടെ ജീവിതതാളത്തിലും വലിയ കോളിളക്കം ഉണ്ടാക്കുന്ന നടപടിയാണിത്.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി 27 ഡിസംബര്‍ 2012

അമേരിക്ക: തോക്കിനു മുന്നിലെ ജീവിതം


ഈ വര്‍ഷം ഇത് രണ്ടാംവട്ടമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ കണ്ണീര്‍വാര്‍ക്കുന്നത്. ആദ്യത്തേത് സ്വാഭാവികമാണെന്നു പറയാം. രണ്ടാമത്തേത് വിലയ്ക്ക് വാങ്ങിയതും. അമേരിക്കയില്‍ തുടര്‍ക്കഥകളാകുന്ന കൂട്ടക്കൊലയുടെ ചരിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1968ല്‍ റോബര്‍ട്ട് കെന്നഡിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും വെടിയേറ്റ് കൊല്ലപ്പെട്ടശേഷം ഇതേവരെ പത്ത് ലക്ഷത്തിലേറെ അമേരിക്കക്കാര്‍ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 80 പേരാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്. ഇക്കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നടന്ന 19-ാമത്തെ കൂട്ടക്കൊലയാണ് ഇപ്പോള്‍ കണക്ടിക്കട്ടില്‍ നടന്ന അതിദാരുണമായ കൂട്ടക്കൊല.

അമേരിക്കയുടെ "തിളങ്ങുന്നു" എന്നവരവകാശപ്പെടുന്ന സംസ്കാരത്തിന്റെ ഭാഗമാണ് തോക്കുകള്‍. ഒരു കറിക്കത്തി വാങ്ങുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് അവിടെ ഒരു തോക്ക് സ്വന്തമാക്കാന്‍. 30 കോടി തോക്കുകള്‍ അമേരിക്കക്കാരുടെ കൈവശമുണ്ട്. അവയില്‍ മൂന്നിലൊന്നും കൈത്തോക്ക് ആണ്. വേട്ടയ്ക്കല്ല; ആളെക്കൊല്ലുന്നതിനു മാത്രമേ അത് ഉപയോഗിക്കപ്പെടുന്നുള്ളൂ. ലോകത്ത് സ്വകാര്യ വ്യക്തികളുടെ കൈവശം ആളെ കൊല്ലാനുള്ള തോക്കുകള്‍ ഏറ്റവുമധികം ഉള്ളതും അമേരിക്കയിലാണ്. ഓരോ വര്‍ഷവും അമേരിക്കയില്‍ ശരാശരി 17,000 ആളുകള്‍ കൊല്ലപ്പെടുന്നു. അതില്‍ 70 ശതമാനവും തോക്കുകൊണ്ടുള്ളതാണ്. പ്രതിവര്‍ഷം 20,000 ആളുകള്‍ സ്വയം വെടിവെച്ച് മരിക്കുന്ന അമേരിക്കയില്‍, പകുതിയോളം കുടുംബങ്ങളില്‍ ടൂത്ത് പേസ്റ്റോ കത്തിയോ മറ്റു വീട്ടുപകരണങ്ങളോപോലെ തോക്കുകളും സാധാരണമാണ്. ലോകത്തിലെ 20 വികസിത രാജ്യങ്ങളില്‍ എല്ലാം കൂടി വെടിയേറ്റു കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണത്തിന്റെ 25 ഇരട്ടിയാണ് അമേരിക്കയില്‍ ഇങ്ങനെ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം. തോക്കിെന്‍റ ഉപയോഗം സംസ്കാരത്തിന്റെ ഭാഗമായ അമേരിക്കയിലെ സ്കൂളുകളില്‍ ഇത്തരം ആക്രമണങ്ങളുടെ മുന്‍കാല അനുഭവങ്ങളുണ്ടായിട്ടും തോക്കേന്തിയ കാവല്‍ക്കാരോ മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു പിതാവെന്ന നിലയില്‍ ദുഃഖം പങ്കുവെക്കുകയും ഒരു പ്രസിഡന്റെന്ന നിലയില്‍ ഗൗരവമായി വിഷയത്തെ കൈകാര്യം ചെയ്യുകയും ചെയ്യുമെന്നു പറയുന്ന ഒബാമ, മുന്‍കാല സംഭവങ്ങളില്‍ എന്തു നടപടിയാണ് കൈക്കൊണ്ടത്? അധികാരത്തിലേറിയ ശേഷം 4-ാം തവണയാണ് ഇത്തരം കൂട്ടക്കൊലയെ താന്‍ അപലപിക്കുന്നതെന്ന് ഒബാമ ഏറ്റു പറയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. അമേരിക്ക നാളിതുവരെ സ്വീകരിച്ചിട്ടുള്ള മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ അക്രമാസക്തിയാല്‍ വാര്‍ത്തെടുക്കപ്പെട്ട പുത്തന്‍ അമേരിക്കന്‍ തലമുറയെന്ന സത്യത്തെ കണ്ണീരുകൊണ്ട് മറയ്ക്കാനാണ് ഒബാമ ശ്രമിച്ചത്. ആഗോള കുത്തകാധിപത്യം സ്ഥാപിക്കാനുള്ള യുദ്ധസന്നാഹങ്ങള്‍ക്കായുള്ള പടക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടുന്ന ആക്രാന്തത്തിനിടയില്‍ അമേരിക്ക പുതിയ തലമുറയുടെ രോഗാതുരമായ വളര്‍ച്ചയെ ശ്രദ്ധിച്ചില്ല. അധികാരമേല്‍ക്കുമ്പോള്‍ ആയുധങ്ങള്‍ വാങ്ങുന്നതിലും കൈവശംവെക്കുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജനങ്ങളോടായി വാഗ്ദാനം നടത്തിയ ഒബാമ, പിന്നീടത് വിസ്മരിച്ചു. അര്‍ത്ഥശൂന്യമായ അത്തരം വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതിനു കാരണം മറ്റൊന്നുമല്ല, ആയുധ ലോബിക്ക് അമേരിക്കയുടെ മേലുള്ള സ്വാധീനം തന്നെ. (ഇസ്രയേല്‍ ഗാസയില്‍ നടത്തിയ കൂട്ടക്കുരുതിയില്‍ ഇന്ത്യ ഒരക്ഷരം ഉരിയാടാതിരുന്നതും ഈ ആയുധ ലോബിക്ക് വഴങ്ങിയാണല്ലോ). തോക്ക് കൈവശം വെയ്ക്കാനുള്ള അവകാശം നല്‍കുകയെന്നാല്‍, ആര്‍ക്കും ആരെയും കൊല്ലാന്‍ സാധ്യതയൊരുക്കുന്ന ഒരു "ലൈസന്‍സ്" ആണ്. ഇക്കാര്യത്തില്‍ ഭരണകൂടം അലംഭാവം കാട്ടുന്നത് തോക്ക് കൈവശം ഉള്ള വ്യക്തികള്‍ക്ക് കൊല്ലാന്‍ കൂടുതല്‍ സ്വാതന്ത്ര്യവും പിന്തുണയും നല്‍കലാണ്.

അനേകം നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച അമേരിക്ക, ഇനിയെങ്കിലും ജനങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടംപോലെ തോക്ക് കൈവശംവെക്കാനുള്ള (മൗലികമായിട്ടുള്ള) അവകാശത്തെ ഇല്ലാതാക്കാനുള്ള ശക്തമായ ഗണ്‍ കണ്‍ട്രോള്‍ ആക്ട് നടപ്പില്‍ വരുത്തേണ്ടതാണ്. ഒരു വശത്ത് നിര്‍ലോഭം തോക്കുപയോഗിക്കാനുള്ള അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടൊപ്പം, മറുവശത്ത് അതേ പ്രാധാന്യത്തോടെ കാണേണ്ട മറ്റൊരു കാര്യം ഇത്തരം ക്രൂരതകള്‍ക്ക് പ്രേരകമാകത്തക്ക വിധത്തിലുള്ള പുത്തന്‍ തലമുറയുടെ സാമൂഹ്യവും മാനസികവുമായ അനാരോഗ്യാവസ്ഥയെ അടിയന്തിരമായ വിശകലനത്തിനു വിധേയമാക്കണം എന്നതാണ്. സ്വന്തം അമ്മയെയും 20 പിഞ്ചുകുഞ്ഞുങ്ങളെയുമടക്കം 27 പേരെ നിമിഷങ്ങള്‍ക്കുള്ളില്‍ കൊന്ന് സ്വയം ജീവനൊടുക്കത്തക്ക വിധത്തില്‍ അത്യന്തം പൈശാചികമായ മനോനിലയില്‍ എത്താന്‍ തക്കവിധത്തില്‍, കൃത്യം നടത്തിയ യുവാവിനെ പ്രേരിപ്പിച്ച ഘടകങ്ങളേതെന്ന് അന്വേഷണ വിധേയമാക്കണം.

എപ്പോള്‍ വേണമെങ്കിലും ഒരു കൂട്ടക്കൊലയ്ക്ക് തയ്യാറായി നില്‍ക്കത്തക്ക വിധത്തില്‍ അമേരിക്കന്‍ യുവമനസ്സുകളെ പരിപക്വമാക്കിയതിെന്‍റ പിതൃത്വം അമേരിക്കന്‍ ഭരണാധികാരികള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. കണ്ണും മൂക്കുമില്ലാത്ത അമേരിക്കന്‍ പൈശാചികതയുടെ സന്തതികളായി ഇവര്‍ ഇങ്ങനെ പരിണമിച്ചതില്‍ യാതൊരു തെറ്റും കാണാനില്ല. രോഗാതുരമായ അമേരിക്കന്‍ സമൂഹത്തിന്റെ ഇത്തരം പ്രതിനിധികള്‍ സൃഷ്ടിക്കപ്പെട്ടതില്‍ അമേരിക്കയുടെ അക്രാമക സംസ്കാരത്തിന്റെ പങ്കും നിഷേധിക്കാനാവില്ല. ലോകത്താകമാനം ജയിലറകളില്‍ കഴിയുന്ന കുറ്റവാളികളില്‍ 25 ശതമാനവും അമേരിക്കയിലാണ്. മാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം കാണുന്ന കുട്ടികളും അമേരിക്കയില്‍ തന്നെ. ഒരു ലക്ഷത്തിലേറെ വരുന്ന വിവിധയിനം അക്രമരീതികള്‍ പഠിപ്പിക്കുന്നതരം കളിക്കോപ്പുകളുടെ ഏറ്റവും വലിയ വില്‍പനച്ചന്തയാണ് അമേരിക്ക. ഇത്തരത്തിലുള്ള വീഡിയോ ഗെയിമുകള്‍ വാടകയ്ക്കെടുത്തും വിലയ്ക്കുവാങ്ങിയും കളിക്കാതെ കടന്നുപോകാത്ത ഒരു കുട്ടിക്കാലം ഇല്ലാത്തവര്‍ പുതിയ തലമുറയില്‍ ഉണ്ടാവില്ല. മാനുഷികമൂല്യങ്ങള്‍ നഷ്ടമാക്കുന്ന ഇത്തരം ഗെയിമുകളുടെ വ്യാപകമായ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ഗ്രീസിലെ പോലെ നിരോധിക്കുകയോ ചെയ്യേണ്ടതാണ്. തകര്‍ന്ന മനോനിലയും ച്യുതി നേരിട്ട മാനുഷിക മൂല്യങ്ങളും മൊത്തത്തില്‍ അമേരിക്കയുടെ അക്രമ സംസ്കാരവും മൂലം കൂട്ടക്കൊലയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മതപരമായ അനുഷ്ഠാനംപോലെ മെഴുകുതിരി തെളിയിച്ച് അനുശോചനയോഗങ്ങളും വിതുമ്പലുകളും മാത്രം നടത്താതെ സ്വയം വിലയിരുത്തലിനുള്ള സമയം അതിക്രമിച്ചെന്ന് അമേരിക്കന്‍ ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. കൂട്ടക്കൊലയുടെ നാള്‍വഴികള്‍ ന്ദ 1927ല്‍ മിഷിഗണില്‍ ഒരു സ്കൂളിലെ ഉദ്യോഗസ്ഥന്‍ കുട്ടികളും അധ്യാപകരുമുള്‍പ്പെടെ 44 പേരെ കൊലപ്പെടുത്തി. ന്ദ 1984ല്‍ കാലിഫോര്‍ണിയയില്‍ 21 പേര്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടു. ന്ദ 1986ല്‍ ഒക്ലാഹോമയില്‍ ഒരു പോസ്റ്റല്‍ ജീവനക്കാരന്‍ 14 പേരെ വെടിവെച്ചു കൊന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെയുണ്ടായ കൂട്ടക്കൊലയുടെ ചരിത്രമെടുത്താല്‍, 1991ല്‍ ജോര്‍ജ്ജ് ഹെര്‍ണാഡ് എന്നയാള്‍ ടെക്സാസില്‍ 23 പേരെ കൊന്നതില്‍നിന്ന് അത് ആരംഭിക്കുന്നു. 1995ല്‍ ഒക്ലാഹോമ സിറ്റിയില്‍ 19 കുട്ടികളുള്‍പ്പെടെ 168 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെയാകെ നടുക്കിയിരുന്നു. പിന്നീട് കൊളംബിയയിലും 1999ല്‍ കൊളറാഡോയിലും നടന്ന കൂട്ടക്കൊലയില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 2007ല്‍ വെര്‍ജീനിയയില്‍ നടന്ന കൂട്ടക്കൊലയില്‍ 34 പേരാണ് കൊല്ലപ്പെട്ടത്. 2008ല്‍ നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയില്‍ ഒരു മുന്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 2009ല്‍ ടെക്സാസില്‍ 13 പേരും 2012ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ 7 പേരും കൊല്ലപ്പെട്ടു. ഈ വര്‍ഷം തന്നെ 12 പേരുടെ മരണത്തിനും 58 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ, കൊളറാഡോയിലെ സിനിമാ തിയേറ്ററിനുള്ളില്‍ നടന്ന കൂട്ടക്കൊലയെ തുടര്‍ന്ന് വിസ്കോണ്‍സിനിലെ സിക്ക് ദേവാലയത്തില്‍ 6 പേരെ കൊലപ്പെടുത്തുകയുണ്ടായി. വിസ്കോണ്‍സിനില്‍ തന്നെ പോര്‍ട്ട്ലാന്‍ഡില്‍ 3 പേരെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവിലത്തേതാണ് സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂള്‍ സംഭവം. ഈ കൂട്ടക്കൊലകള്‍ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതേറെയും കൗമാരക്കാരും യുവാക്കളുമായിരുന്നു.

*
കെ ആര്‍ മായ ചിന്ത പുതുവത്സരപതിപ്പ്

Saturday, December 29, 2012

ചില്ലറ വ്യാപാര മേഖലയ്ക്ക് പിന്നാലെ ബാങ്കിങ് മേഖലയും...

ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന് തൊട്ടുപുറകെ ബാങ്കിങ് മേഖലയുടെ വിദേശവത്കരണത്തിനും സ്വകാര്യവത്കരണത്തിനും കാരണമാകുന്ന ബാങ്കിങ് ഭേദഗതി നിയമം ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ലോകസഭ പാസ്സാക്കി. ബിജെപിയുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമനിര്‍മാണം യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കുക വഴി ""സാമ്പത്തിക പരിഷ്കാരങ്ങളെ എതിര്‍ക്കുന്ന കക്ഷി""യെന്ന അമേരിക്കന്‍ ആരോപണം കഴുകിക്കളയാനാണ് ബാങ്കിങ് ഭേദഗതി ബില്‍ പാസ്സാക്കാന്‍ ബിജെപി കൂട്ടുനിന്നത്. സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അത് ദോഷകരമായി ബാധിക്കാതിരുന്നത് വിദേശകുത്തകകള്‍ക്ക് ഈ മേഖലയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി നിയമമനുസരിച്ച് സ്വകാര്യബാങ്കുകളില്‍ വിദേശനിക്ഷേപം നടത്തുന്നവരുടെ വോട്ടവകാശം 10 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തി. പൊതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപകരുടെ വോട്ടവകാശം ഒരു ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയരും. അതായത് തത്വത്തില്‍ ബാങ്കുകളുടെ നയരൂപീകരണത്തിലും മാനേജ്മെന്റിലും വിദേശകുത്തകകള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ്. ഈ രണ്ട് ഭേദഗതികളെയും ബിജെപിയും മറ്റ് കക്ഷികളും അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ബാങ്കുകള്‍ക്ക് അവധിവ്യാപാരത്തില്‍ പങ്കാളിത്തം നല്‍കുന്നതിന് അനുമതി നല്‍കുന്ന ബില്ലിലെ വ്യവസ്ഥ, പ്രതിപക്ഷത്തിന്റെ യോജിച്ച പ്രതിഷേധത്തിന് മുമ്പില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ബില്‍ സഭയുടെ പരിഗണനക്ക് എടുത്ത വേളയില്‍ തന്നെ സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും ബിജെപിയിലെ യശ്വന്ത് സിന്‍ഹയു ംപ്രസ്താവിച്ചത്, മുന്‍ ബില്ലില്‍ നിന്നും വ്യത്യസ്തമായി എഴുതിച്ചേര്‍ത്ത ഈ വ്യവസ്ഥ ഒഴിവാക്കണമെന്നും അതിന് തയ്യാറാകാത്തപക്ഷം പുതിയ ബില്ലായി പരിഗണിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്നുമാണ്. അവധിവ്യാപാരം അനുവദിക്കുന്നതിനേക്കാള്‍ ബാങ്കിങ് ബില്‍ പാസ്സാക്കുന്നതിലാണ് സര്‍ക്കാരിന്താല്‍പര്യമെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ ബില്‍ പാസ്സാക്കാന്‍ അനുവാദം തേടിയത്. ഈ വിഷയത്തില്‍ ബിജെപിയുമായി സന്ധി ചെയ്ത് ബില്‍ പാസ്സാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കമ്പനി ബില്ലും ലോകസഭ പാസ്സാക്കുകയുണ്ടായി.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റത്തിന് എസ്സി/ എസ്ടി വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. 117 - ാം ഭരണഘടനാ ഭേദഗതി ബില്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കപ്പെട്ടത്. 206 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 10 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. സമാജ്വാദി പാര്‍ടി ഒഴിച്ചുള്ള ഒരു കക്ഷിയും ബില്ലിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളും രാജ്യസഭ വോട്ടിനിട്ട് പാസ്സാക്കി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നേരത്തേ തന്നെ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടറി പോലുള്ള പദവികളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും പ്രവേശനം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഭരണഘടനാഭേദഗതി വേണ്ടിവന്നത്. യുപിഎ സര്‍ക്കാര്‍ ഈ ബില്‍ രാജ്യസഭയില്‍ സ്വമേധയാ അവതരിപ്പിച്ചുവെന്ന് പറയുന്നതിനേക്കാള്‍ സര്‍ക്കാരിന് പുറത്തു നിന്ന് പിന്തുണ നല്‍കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ സമ്മര്‍ദ്ദഫലമായി പാസ്സാക്കാന്‍ നിര്‍ബന്ധിതമായി എന്ന് പറയുന്നതാവും ശരി. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ബിഎസ്പിയുടെ പിന്തുണ ഉറപ്പിക്കുന്നതിനായാണ് മായാവതി മുന്നോട്ട്വെച്ച ഈ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. വിദേശനിക്ഷേപ പ്രശ്നത്തില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ വിജയിച്ചത് ബിഎസ്പി അനുകൂലമായി വോട്ട് ചെയ്തതുകൊണ്ടു മാത്രമാണ്. സ്ഥാനക്കയറ്റത്തിനുള്ള സംവരണത്തിന്റെ വിഷയത്തില്‍ വോട്ടെടുപ്പ് ചര്‍ച്ച കഴിഞ്ഞിട്ടും ബില്‍ പാസ്സാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മായാവതി ഉയര്‍ത്തിയത്. ഒരു വേള രാജ്യസഭാ ചെയര്‍മാന്‍ മുഹമ്മദ് ഹമീദ് അന്‍സാരിക്കെതിരെയും മായാവതി വിമര്‍ശനമുയര്‍ത്തി.

ബില്‍ പാസ്സാക്കാനുള്ള സമാധാനാന്തരീക്ഷം തീര്‍ക്കുന്നതില്‍ ചെയര്‍മാന്‍ പരാജയപ്പെട്ടുവെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം. താന്‍ കഴിവില്ലാത്തവനാണെന്ന മായാവതിയുടെ ആരോപണം ചെയര്‍മാനെ വേദനിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലിയും സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും ബിഎസ്പി നേതാവ് മായാവതി തന്നെയും അഭ്യര്‍ഥിച്ചതനുസരിച്ചാണ് ചെയര്‍മാന്‍ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ തയ്യാറായത്. ഏതായാലും മായാവതിയുടെ തന്ത്രം ഫലിച്ചു. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ്ങുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ വോട്ടെടുപ്പ് അനിവാര്യമാണ്. അതിനാല്‍ സമാജ്വാദി പാര്‍ടി അംഗങ്ങള്‍ സഭ തടസ്സപ്പെടുത്തിയാല്‍ അതിനാവില്ലെന്നും അതിനാല്‍ രാജ്യസഭയിലെങ്കിലും ബില്‍ പാസ്സാക്കാന്‍ അനുവദിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനക്കു ശേഷമാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കാനായത്. എന്നാല്‍ ബില്‍ ഉളവാക്കാനിടയുള്ള സാമൂഹ്യസംഘര്‍ഷം കണക്കിലെടുത്ത് മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കരുതെന്നും അതിനായി പ്രത്യേക പദവി സൃഷ്ടിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടെങ്കിലും അതിന് സര്‍ക്കാര്‍ വഴങ്ങിയില്ല. കഴിവും കൂടി പരിഗണിച്ചായിരിക്കണം സ്ഥാനക്കയറ്റമെന്ന വാദം ബിജെപിയും ഉയര്‍ത്തി. രാജ്യസഭ ബില്‍ പാസ്സാക്കിയെങ്കിലും ലോകസഭ കൂടി പാസ്സാക്കിയാലേ നിയമമാകൂ. ബിഎസ്പിയേക്കാള്‍ ലോകസഭയില്‍ അംഗങ്ങളുള്ള സമാജ്വാദി പാര്‍ടി സഭാനടപടികള്‍ തടസ്സപ്പെടുത്തിയാല്‍ ബില്‍ പാസ്സാക്കാനാകില്ല. അങ്ങനെ വന്നാല്‍ വനിതാബില്ലിന്റെ ഗതിയാകും സ്ഥാനക്കയറ്റ സംവരണ ബില്ലിനും. യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും അതു തന്നെയായിരിക്കണം. ബിഎസ്പിയെ പ്രീണിപ്പിക്കാന്‍ രാജ്യസഭയില്‍ ബില്‍പാസ്സാക്കി. വിദേശനിക്ഷേപ വിഷയത്തില്‍ ഇരുസഭകളില്‍ നിന്നും വാക്കൗട്ട് നടത്തി യുപിഎ സര്‍ക്കാരിനെ രക്ഷിച്ച സമാജ്വാദി പാര്‍ടിയെ സഹായിക്കാന്‍ ലോകസഭയില്‍ ബില്‍ പാസ്സാക്കുകയുമില്ല. ദളിതരോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ഥത അളക്കാന്‍ മറ്റൊരുദാഹരണം ആവശ്യമില്ല. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. 32195 കോടി രൂപ സര്‍ക്കാരിന് അനുവദിക്കുന്ന ഉപധനാഭ്യര്‍ഥനയുടെ ചര്‍ച്ചക്കിടയിലാണ് ലോകസഭാംഗങ്ങള്‍ കക്ഷിഭേദമെന്യേ യുപിഎ സര്‍ക്കാരിന്റ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചത്.

സിപിഐ എമ്മിലെ രാമചന്ദ്രഡോം, ബിജെപിയിലെ അനന്തകുമാര്‍, എസ്പിയിലെ ശൈലേന്ദ്രകുമാര്‍, സിപിഐയിലെ ഗുരുദാസ്ദാസ് ഗുപ്ത എന്നിവരാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. വിലക്കയറ്റം വീണ്ടും പത്തക്ക നിരക്കിലേക്ക് ഉയര്‍ന്നതായി സിപിഐ എം കുറ്റപ്പെടുത്തി. മറ്റേതൊരു വികസ്വര രാജ്യത്തിലേതിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. എന്നിട്ടും വിലക്കയറ്റം കുറയ്ക്കുന്നതിന് പകരം അത് കൂട്ടുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചുവെന്നു മാത്രമല്ല പാചകവാതക സിലിണ്ടര്‍ ആറെണ്ണമായി പരിമിതപ്പെടുത്തുകയുംചെയ്തു. ഇതിനു പുറമെയാണ് റേഷന്‍ഷാപ്പുകള്‍ക്ക് അന്ത്യമിട്ട് സബ്സിഡി നേരിട്ട് പണമായി നല്‍കാനുള്ള നീക്കം. സര്‍ക്കാരിന്റെ ഈ നടപടികളെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് പ്രതിപക്ഷം ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരാത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താത്തതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ധനമന്ത്രി പി ചിദംബരം, കൂടുതല്‍ കടുത്ത സാമ്പത്തിക നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക നിലയും കടുത്ത പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മന്ത്രി അതില്‍ നിന്നും കരകയറാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നാണ് സഭയെ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎയും ലോകസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മസമിതി ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേക്ക് പാര്‍ലമെന്റിന് ഉറപ്പ് നല്‍കേണ്ടി വന്നു. ഐടി ആക്ടിലെ 66 - ാ വകുപ്പിന്റെ ദുരുപയോഗം സംബന്ധിച്ച് രാജ്യസഭയില്‍ സിപിഐ എം അംഗം പി രാജീവ് കൊണ്ടുവന്ന സ്വകാര്യപ്രമേയവും ശ്രദ്ധേയമായി. എന്നാല്‍ ഇത് പരിഗണിക്കാതെ അടുത്ത സമ്മേളനത്തിലേക്ക് നീട്ടുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

*
വി ബി പരമേശ്വരന്‍ ചിന്ത പുതുവത്സര പതിപ്പ്

വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

ഇന്ധനവില വര്‍ധിപ്പിച്ചും നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും കൂട്ടിയും സാമ്പത്തിക പരിഷ്കരണ നടപടികള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന പരസ്യമായ പ്രഖ്യാപനമാണ് വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയത്. 12-ാം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. കൂടുതല്‍ വളര്‍ച്ചനിരക്ക് കൈവരിക്കുന്നതിന് സബ്സിഡികള്‍ വെട്ടിച്ചുരുക്കണമെന്നും ഇന്ധനവില കൂട്ടണമെന്നുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇതിന്റെ തൊട്ടുപിന്നാലെയാണ് ഡീസല്‍വില ലിറ്ററിന് പത്ത് രൂപ കൂട്ടുമെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിലവര്‍ധിപ്പിക്കല്‍ നടപടിക്ക് ആക്കം കൂട്ടാന്‍ സഹായകമായ വിധത്തില്‍ വൈദ്യുതിനിരക്ക് ഗണ്യമായി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാര്‍കൂടി പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രി പറയുകയുണ്ടായി. മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തില്‍ കൃഷിയുടെ സംഭാവന 15 ശതമാനമായി കുറഞ്ഞെന്നും കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ മറ്റുമേഖലകളിലേക്കു മാറി കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും മന്‍മോഹന്‍സിങ് നിര്‍ദേശിച്ചിട്ടുണ്ട്. സമാനമായ വിധത്തിലാണ് കഴിഞ്ഞ സെപ്തംബറില്‍ ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ രംഗത്തെത്തിയത്. ഇതേ അലുവാലിയതന്നെയാണ് "എമര്‍ജിങ് കേരള" വേളയില്‍ ഇവിടെവന്ന് കേരളത്തില്‍ നെല്‍കൃഷി ചെയ്യേണ്ടെന്നും നെല്‍പ്പാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കാമെന്നും തട്ടിവിട്ടത്.

2010 ജൂണ്‍ 25ന് പെട്രോള്‍വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഏതുസമയത്തും പെട്രോള്‍ വില കമ്പനികള്‍ക്ക് കൂട്ടാമെന്ന സ്ഥിതി വന്നു. വിലനിയന്ത്രണാധികാരം എടുത്തുകളയുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 47.93 രൂപയായിരുന്നു. ഇതിപ്പോള്‍ 70 രൂപയിലേറെയായി. കഴിഞ്ഞ സെപ്തംബറില്‍ ഡീസലിന് അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിനി 10 രൂപകൂടി വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ഇതു നടപ്പാക്കുമ്പോള്‍ ഡീസല്‍വില ലിറ്ററിന് 61 രൂപയാകും. 2004 മേയില്‍ മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ ഡീസല്‍വില 28 രൂപയായിരുന്നു എന്നോര്‍ക്കണം. താമസിയാതെ ഡീസല്‍വില നിയന്ത്രണാധികാരവും എടുത്തുകളയണമെന്നാണ് മന്‍മോഹന്‍സിങ്ങും അലുവാലിയയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് നിത്യോപയോഗസാധനങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിയുന്നു എന്നര്‍ഥം. ഇപ്പോള്‍ത്തന്നെ കുതിച്ചുയരുന്ന നിത്യോപയോഗസാധനങ്ങളുടെ വില ഇനിയും വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂ. ഭൂരിപക്ഷം നിത്യോപയോഗസാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാകും ഇതിന്റെ ദുരിതം ഏറെയും പേറേണ്ടിവരിക. ഇതിനകംതന്നെ വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ച കെഎസ്ഇബിക്ക് അവര്‍ ആഗ്രഹിക്കുന്ന വന്‍ വര്‍ധന വീണ്ടും വരുത്താനും പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉത്തേജനം നല്‍കും. ഇതിനു പുറമെയാണ് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയതുവഴി സാധാരണക്കാര്‍ നേരിടേണ്ടിവരുന്ന അധികഭാരം.

കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന നിര്‍ദേശവും രാജ്യത്ത് പൊതുവിലും കേരളത്തില്‍ വിശേഷിച്ചും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. 1967ലെ ഭൂവിനിയോഗ നിയമവും 2008 ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ച് നെല്‍പ്പാടങ്ങള്‍ നികത്താന്‍ ഭൂമാഫിയക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന യുഡിഎഫ് ഭരണത്തിന് ഇത്തരം ജനവിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ഇത് അവസരമൊരുക്കും. ഇപ്പോള്‍ത്തന്നെ നെല്ലുല്‍പ്പാദനത്തില്‍ അപകടകരമായ കുറവുണ്ടായിരിക്കുന്ന കേരളത്തിലെ ഭക്ഷ്യ-സാമൂഹ്യ സുരക്ഷ പൂര്‍ണമായും തകരാറിലാവുകയുംചെയ്യും. ചുരുക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും ജനങ്ങളുടെ ജീവിതം വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എടുത്തെറിയുകയാണ്. സബ്സിഡികള്‍ എടുത്തുകളയുകയും ഡീസല്‍വില വര്‍ധിപ്പിക്കുകയുംചെയ്താല്‍ എല്ലാ നിത്യോപയോഗസാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുമെന്നും നെല്‍പ്പാടങ്ങള്‍ ഇല്ലാതായാല്‍ നെല്ലുല്‍പ്പാദനത്തിലുണ്ടാകുന്ന ഇടിവ് കാര്‍ഷികമേഖലയെ മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി മേഖലകളെയും ബാധിക്കുമെന്നും ഏതൊരു ശരാശരി മനുഷ്യനും മനസിലാകുന്നതാണ്. പക്ഷേ, സാമ്പത്തിക വിദഗ്ധരായി അറിയപ്പെടുന്ന മന്‍മോഹന്‍ സിങ്ങിനും മൊണ്ടേക് സിങ് അലുവാലിയക്കും അത് എന്തേ മനസിലാകുന്നില്ല? കാരണം വളരെ ലളിതാണ്. ഇന്ത്യയിലെ സാധാരണമനുഷ്യന്റെ ജീവിതമോ ജീവിതപ്രയാസങ്ങളോ അറിയുന്നവരല്ല അവര്‍. രണ്ടുപേരുടെയും ജീവിത പശ്ചാത്തലമതാണ്. രണ്ടുപേരും മുതലാളിത്തലോകത്തിന് ഏറെ പ്രിയപ്പെട്ട സ്വയംപ്രഖ്യാപിത കോടീശ്വരന്മാര്‍. മന്‍മോഹന്‍സിങ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്, ഓക്സ്ഫഡ് സര്‍വകലാശാലകളിലാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അലുവാലിയയും ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഉല്‍പ്പന്നമാണ്. മന്‍മോഹന്‍സിങ് ഐക്യരാഷ്ട്ര സഭയുടെ വാണിജ്യവികസന കോണ്‍ഫറന്‍സ് (അണ്‍ക്ടാഡ്) ഉപദേശകന്‍, സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ സംഘടനയായ സൗത്ത് കമീഷന്‍ (ജനീവ) സെക്രട്ടറി ജനറല്‍ എന്നീ പദവികള്‍ വഹിച്ചിരുന്നുവെങ്കില്‍ അലുവാലിയ അന്താരാഷ്ട്ര നാണയനിധിയിലും ലോകബാങ്കിലും(വാഷിങ്ടണ്‍) ഉദ്യോഗസ്ഥനായിരുന്നു. 1991-96 ലെ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന് രാജ്യത്തിന്റെ സമ്പദ്ഘടനയെ മുതലാളിത്ത- കോര്‍പറേറ്റ് ശക്തികള്‍ക്ക് മേഞ്ഞുനടക്കാന്‍ പാതയൊരുക്കിയയാളാണ് മന്‍മോഹന്‍സിങ്. നാലുതവണ പാര്‍ലമെന്റിലെത്തുകയും രണ്ടു തവണ പ്രധാനമന്ത്രിയാവുകയും ചെയ്തെങ്കിലും ജനങ്ങളെ അഭിമുഖീകരിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അറിയില്ല. ഈ പശ്ചാത്തലവും അതില്‍ നിന്ന് സ്വരൂപിക്കുന്ന നിലപാടുകളുമാണ് ജനവിരുദ്ധ നയങ്ങളുടെയും നടപടികളുടെയും അടിസ്ഥാനം. ജനങ്ങളുടെ യോജിച്ച പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടേ ഇത്തരം നയസമീപനങ്ങള്‍ തിരുത്താന്‍ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 29 ഡിസംബര്‍ 2012

ഈ മണ്ണും വിണ്ണും വിട്ടുതരിക

നമ്മുടെ കുട്ടികള്‍ സന്തുഷ്ടരാണോ? നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ? ഇതു സംബന്ധിച്ച ഇന്ത്യയുടെ ചിത്രം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ മൂന്നില്‍ രണ്ടു കുട്ടികളും ശാരീരികപീഡനത്തിനു വിധേയരാകുന്നു. പീഡിപ്പിക്കുന്നതില്‍ അടുത്ത ബന്ധുക്കളും അധ്യാപകരും ഉള്‍പ്പെടുന്നു എന്നത് ദുഃഖിപ്പിക്കുന്ന വസ്തുതയാണ്. ക്രൂരതയില്‍നിന്നും ചൂഷണങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെഭദേശീയ ശിശുനയം 1974ല്‍ നമ്മുടെ രാജ്യം അംഗീകരിച്ചു. എന്നാല്‍, ഈ നയം ഇന്നും ലക്ഷ്യം കാണാതെ നില്‍ക്കുന്നു. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വിഭാവനംചെയ്യുന്ന ഭരണഘടനയിലെ 45-ാം അനുച്ഛേദം അറുപത് ആണ്ടുകള്‍ കഴിഞ്ഞിട്ടും നടപ്പാക്കാന്‍ മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്ന രാജ്യം ഇന്ത്യയാണ്. കുട്ടികള്‍ക്കുവേണ്ടി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം.

കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ വേണ്ടരീതിയില്‍ ഫലം കണ്ടിട്ടില്ല എന്നുവേണം കരുതാന്‍. രാജ്യത്തിന്റെ തലസ്ഥാന നഗരി ബലാത്സംഗനഗരിയായി മാറി. വനിതാമുഖ്യമന്ത്രി ഭരിക്കുന്ന ഡല്‍ഹി പെണ്‍കുട്ടികള്‍ക്ക് പട്ടാപ്പകല്‍പോലും യാത്രചെയ്യാന്‍ പറ്റാത്തവിധം മാറി. രാജ്യത്ത് കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളിലും ഡല്‍ഹിതന്നെയാണ് മുന്നില്‍. 2011ല്‍ മാത്രം 33098 കേസാണ് കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം 2011ല്‍ 24 ശതമാനം വര്‍ധിച്ചു. സാക്ഷരകേരളത്തില്‍ കുട്ടികള്‍ക്കെതിരായുള്ള പീഡനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. 2011ല്‍ 423 ബലാത്സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 47 കുട്ടികള്‍ ഇതേവര്‍ഷം കൊലചെയ്യപ്പെട്ടു. 1456 കേസാണ് 2011ല്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രേഖപ്പെടുത്തിയത്. കണക്കുകളില്‍പെടാത്ത സംഭവങ്ങള്‍ ഒട്ടേറെ. പീഡിപ്പിക്കപ്പെടുന്ന 80 ശതമാനം കുട്ടികളും 15 വയസ്സില്‍ താഴെയുള്ളവരാണ് എന്നതും, മിക്കതിനും നേതൃത്വം നല്‍കുന്നത് അവരുടെ സംരക്ഷകര്‍തന്നെയാണ് എന്നതും ഗൗരവത്തില്‍ കാണേണ്ട വസ്തുതയാണ്.

40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും കേരളത്തില്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നു. ജുവനൈല്‍ ഹോമുകളില്‍പോലും കുട്ടികള്‍ സുരക്ഷിതരല്ല. ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ (തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോം) നടന്ന പീഡനവാര്‍ത്ത നമ്മെ ഞെട്ടിപ്പിച്ചതാണ്. പൊതുഇടങ്ങളില്‍ മാത്രമല്ല വിദ്യാലയങ്ങളിലും സ്വന്തം വീട്ടില്‍പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന് സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ എന്നത് ബഹുമാനിക്കപ്പെടേണ്ടവരാണ് എന്നതും മുതിര്‍ന്നവരെപ്പോലെതന്നെ കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ അവരുടേതായ പ്രാധാന്യവും സ്ഥാനവും ഉണ്ടെന്നുമുള്ള അവകാശബോധം വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കണം. രാജ്യം വളരേണ്ടത് കുട്ടികളിലൂടെയാണ്. അതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട ഗൗരവം നല്‍കാന്‍ നിയമവ്യവസ്ഥയ്ക്കോ നിയമപാലകര്‍ക്കോ സാധിക്കാത്തതാണ് നാള്‍ക്കുനാള്‍ പ്രശ്നം സങ്കീര്‍ണമാകാന്‍ കാരണം. കുട്ടികളുടെ അവകാശങ്ങളും അവരുടെ സുരക്ഷിതത്വവും ഇല്ലാതാകുമ്പോള്‍ ലോകം അംഗീകരിച്ച ബാലാവകാശമാണ് ചവിട്ടി അരയ്ക്കപ്പെടുന്നത്.

സ്വാതന്ത്ര്യസമര തീച്ചൂടില്‍, 1938 ഡിസംബര്‍ 28ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ഇ കെ നായനാര്‍ പ്രസിഡന്റായി രൂപീകരിച്ച ബാലസംഘം കുട്ടികളുടെ അവകാശപ്പോരാട്ടങ്ങളിലൂടെ നാടിന്റെ വിമോചന പോരാട്ടത്തിന്റെ മഹത്തായ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ കുട്ടികളെപ്പോലും വേര്‍തിരിക്കുന്ന കേരളീയ സമൂഹത്തിലെ പുത്തന്‍ പ്രവണതകള്‍ക്കെതിരെയും വികസനത്തിന്റെ മറപറ്റി ആകാശവും ഭൂമിയും വിറ്റുതുലയ്ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും ഭ"ഈ മണ്ണും വിണ്ണും ഞങ്ങള്‍ക്ക് വിട്ടുതരിക" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തെ മുഴുവന്‍ ഏരിയാകേന്ദ്രങ്ങളിലും ബാലദിന ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഇടത്-പുരോഗമന സര്‍ക്കാരുകള്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളൊക്കെ അട്ടിമറിക്കപ്പെടുന്ന കാലംകൂടിയാണ് ഇത്. വിദ്യാലയങ്ങളിലും സാമൂഹ്യക്ഷേമകേന്ദ്രങ്ങളിലും നല്‍കിവരുന്ന സൗജന്യ പോഷകാഹാര ഉച്ചഭക്ഷണ പദ്ധതികള്‍പോലും അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് അനിവാര്യമാവുകയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തന്നെ വേണം.

*
എം വിജിന്‍ (ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

സര്‍ഗാത്മകതയുടെ ദീപനാളം

47-ാമത് ജ്ഞാനപീഠ പുരസ്കാരം ഒറിയ എഴുത്തുകാരിയായ ഡോ. പ്രതിഭ റേയെ തേടിയെത്തുമ്പോള്‍ ആദരിക്കപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ കഥാഖ്യാന പാരമ്പര്യംകൂടിയാണ്. ആദികവി സരളാദാസ്, അതിവാദി ജഗന്നാഥദാസ്, മഹാത്മാക്കളായ ഭീമാ ഭോയ്, ഫക്കീര്‍മോഹന്‍ സേനാപതി, ഒഡിഷ എക്കാലവും ഓര്‍മിക്കുന്ന മികച്ച നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ഗോപിനാഥ് മൊഹന്തി, കാനുചരണ്‍ മൊഹന്തി, സുരേന്ദ്ര മൊഹന്തി, എന്നിവര്‍ കൊളുത്തിയ ദീപനാളമാണ് പ്രതിഭ കെടാതെ കാത്തുസൂക്ഷിച്ചത്. മാത്രമല്ല, ആ നാളത്തെ കൂടുതല്‍ ചൈതന്യവത്താക്കുകയുംചെയ്തു. അല്‍ക്കാ നദിയുടെ തീരത്തുനിന്ന് ഇന്ത്യന്‍ സാഹിത്യത്തിലെ മഹാരഥികളുടെ ഇടയിലേക്കാണ് പ്രതിഭ നടന്നുകയറിയത്.

""എഴുത്തുകാര്‍ പൊതുവേ സ്വപ്നദര്‍ശികളാണ്. എന്നാല്‍, ഈ സ്വപ്നങ്ങള്‍ എവിടെനിന്നും പൊട്ടിമുളയ്ക്കുന്നതല്ല. നമ്മുടെ സംസ്കാരത്തിന്റെ ആഴങ്ങളില്‍നിന്നാണ് ഈ സ്വപ്നങ്ങളുണ്ടാകുന്നത്. സര്‍ഗാത്മകതയുടെ വിത്തുകള്‍ മുളയ്ക്കുന്നത് സ്വപ്നങ്ങളില്‍നിന്നാണ്. എഴുത്തുകാര്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിലാണ് അവ വളരുന്നത്. എന്നാല്‍, വളര്‍ന്നു വലുതായ സര്‍ഗാത്മക വൃക്ഷം പ്രപഞ്ചത്തിന്റെ ആകാശത്തിലേക്കാണ് ശാഖകള്‍ നീട്ടുന്നത്. ഭാഷ പ്രാദേശികമാണെങ്കിലും മഹത്തായ സൃഷ്ടികള്‍ ഈ ലോകത്തിന്റേതാണ്""- 2004ല്‍ നടന്ന സാര്‍ക് റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പ്രതിഭ പറഞ്ഞ ഈ വാക്കുകള്‍ അവരുടെ സാഹിത്യദര്‍ശനത്തെകൂടിയാണ് അടയാളപ്പെടുത്തുന്നത്.

ആദിഭൂമി, ഉത്തര്‍മാര്‍ഗ്, യജ്ഞസേനി, ശിലാപത്മ, സമുദ്രസ്വര, നിലാതൃഷ്ണ, മേഘമേദുര, ആരണ്യ, അപരിചിത തുടങ്ങി നാല്‍പ്പതോളം നോവലുകളും നിരവധി കഥാസമാഹാരങ്ങളും രചിച്ചിട്ടുള്ള പ്രതിഭയുടെ മാസ്റ്റര്‍പീസായി ലോകം വിലയിരുത്തുന്നത് "ദ്രൗപദി"യാണ്. മറ്റ് പല കൃതികളിലുമെന്നപോലെ ഭാരതീയ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളാണ് "ദ്രൗപദി" (യജ്ഞസേനി)യിലും ചര്‍ച്ചചെയ്യുന്നത്. "ദ്രൗപദി" പേര് സൂചിപ്പിക്കുന്നതുപോലെ പാണ്ഡവ പത്നിയുടെമാത്രം കഥയല്ല. കൃഷ്ണനും ദ്രൗപദിക്കും അര്‍ജുനും കര്‍ണനും ഈ നോവലില്‍ തുല്യ പ്രാധാന്യമുണ്ട്. മഹാഭാരതത്തിലെ വസ്തുതകളും സ്വന്തം ഭാവനയും കോര്‍ത്തിണക്കി ഈ നാലുപേര്‍ തമ്മിലുള്ള സവിശേഷബന്ധം ഇതള്‍വിടര്‍ത്തുകയാണ് പ്രതിഭ ഈ നോവലിലൂടെ ചെയ്യുന്നത്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ മരണാസന്നയായി കിടക്കുന്ന കൃഷ്ണ കൃഷ്ണനോട് തന്റെ ഭൂതകാലം വിവരിക്കുന്ന രീതിയിലാണ് ആഖ്യാനം. കര്‍ണനോട് ദ്രൗപദിക്ക് തോന്നിയ അനുരാഗം പ്രതിഭ എന്ന നോവലിസ്റ്റിന്റെ ഭാവനയുടെ വിജയമാണ്. കര്‍ണന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് ആക്ഷേപിച്ച് സഹോദരന്‍ ഈ ബന്ധം തടഞ്ഞതോടെ സൂര്യപുത്രനോടുള്ള അനുരാഗം മറന്ന് അര്‍ജുനനെ പരിണയിക്കാന്‍ ദ്രൗപദി തയ്യാറാകുന്നു. എന്നാല്‍, അര്‍ജുന പത്നിയാവുന്നതോടെ ദ്രൗപദി മറ്റ് പാണ്ഡവരെയും വരിക്കാന്‍ നിര്‍ബന്ധിതയാകുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കുന്നതാണ് മഹത്വമെന്ന ആപ്തവാക്യത്തിന് ബലിയാടാവാനായിരുന്നു അവളുടെ വിധി. ഇതിഹാസമാനമുള്ള കഥാപാത്രങ്ങളുടെ വിചാര-വികാരങ്ങള്‍ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നതില്‍ "ദ്രൗപദി" കൈവരിച്ച വിജയമാണ് ഈ നോവലിനെ ഭാരതീയ സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാക്കി മാറ്റുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം രൂപപ്പെടുത്താന്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും വെല്ലുവിളികളുമാണ് പ്രതിഭയെ ഈ പ്രമേയത്തിലേക്ക് ആകര്‍ഷിച്ചതെന്നു പറയാം. എഴുത്തുകാരിയെന്നതിനു പുറമെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകകൂടിയാണ് പ്രതിഭ റേ. ഒമ്പതു വയസ്സുള്ളപ്പോഴാണ് പ്രതിഭ എഴുത്തിലേക്ക് തിരിയുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രതിഭ കവിതകളെഴുതിയാണ് സാഹിത്യജീവിതം തുടങ്ങിയത്.

*
എം അഖില്‍ ദേശാഭിമാനി 29 ഡിസംബര്‍ 2012

നിയമവിരുദ്ധ നിയമനിര്‍മാണം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പാസാക്കിയ പ്രധാനിയമങ്ങളിലൊന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (യുഎപിഎ) ഭേദഗതിയാണ്. അന്തര്‍ദേശീയ സംവിധാനമായ ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സി (എഫ്എടിഎഫ്)ന്റെ തീരുമാനത്തിന് അനുസരിച്ചാണ് പുതിയ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭീകരവാദത്തിന് ഇന്ന് പല രൂപങ്ങളുമുണ്ട്. അതിനു രാഷ്ട്രീയമായ മാനങ്ങള്‍മാത്രമല്ല ഉള്ളത്. സാമ്പത്തികമായി രാജ്യങ്ങളെ തകര്‍ക്കുന്നതിലാണ് ഇന്ന് പല സംഘടനകളും കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ പ്രവണതയെ കൈകാര്യംചെയ്യുന്നതിനു കഴിയുന്ന നിയമങ്ങളും അത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതു രൂപത്തിലുള്ള ഭീകരവാദത്തിനെതിരെയും രാജ്യം ഒറ്റക്കെട്ടായിത്തന്നെ നിലയുറപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഇതിനുവേണ്ടി നിര്‍മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതവും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതുമായിരിക്കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്കും നിയമനിര്‍മാണസഭകള്‍ക്കും ഉത്തരവാദിത്തമുണ്ട്. എഫ്എടിഎഫിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ധൃതികാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ കണ്‍വന്‍ഷനുകളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന ചോദ്യവും പ്രസക്തം.

1967ലാണ് യുഎപിഎ നിയമം ആദ്യം പാസാക്കുന്നത്. അന്ന് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ഗൗരവമായി ചര്‍ച്ച നടന്നു. സ്വന്തം ജനങ്ങളില്‍ വിശ്വാസമില്ലാത്തതും പൊലീസിനു മാത്രമേ ഈ രാജ്യത്തിലെ ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാന്‍ കഴിയൂവെന്നു കരുതുന്നതുമായ ഭരണസംവിധാനത്തിനേ ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്ന വിമര്‍ശം ശക്തമായി ഉയര്‍ന്നു. ഇത് മൗലികാവകാശങ്ങളുടെ പരസ്യമായ ലംഘനമാണെന്ന അഭിപ്രായവും പലരും ഉയര്‍ത്തി. ഈ നിയമം പരിശോധിക്കുന്നതിന് പാര്‍ലമെന്റ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് മൂന്നുവര്‍ഷത്തെ നിരോധനമാണ് കരട് നിയമം നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷമാക്കി ചുരുക്കണമെന്ന ഭേദഗതി ജെപിസി സംയുക്തമായി നിര്‍ദേശിച്ചു. പാര്‍ലമെന്റ് അത് അംഗീകരിക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിന്റെ സന്ദര്‍ഭത്തിലാണ് ഈ നിയമം പാര്‍ലമെന്റ് ഭേദഗതിചെയ്തത്. ഭീകരവാദത്തിന് എതിരായി രാജ്യത്താകെ നിലനിന്ന ശക്തമായ വികാരത്തിന് അനുസൃതമായാണ് അന്ന് പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്. സാധാരണയായി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് വിടുകയാണ് ചെയ്യുക. വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കേള്‍ക്കാനും എല്ലാ വശങ്ങളും ചര്‍ച്ചചെയ്യാനും കമ്മിറ്റികള്‍ക്ക് കഴിയും. ഇതിനെത്തുടര്‍ന്നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത്. പലപ്പോഴും സര്‍ക്കാര്‍ പാര്‍ലമെന്ററി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ അംഗീകരിക്കാറില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെ റിപ്പോര്‍ട്ട് നന്നായി സ്വാധീനിക്കും. യുഎപിഎ നിയമത്തിനു കൊണ്ടുവന്ന ഭേദഗതി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് എത്രയും വേഗം പാസാക്കണമെന്നതായിരുന്നു സര്‍ക്കാര്‍ സമീപനം. വിമര്‍ശങ്ങള്‍ ഉന്നയിച്ചവരോട് പ്രയോഗത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇത് പുനഃപരിശോധിക്കാമെന്ന ഉറപ്പാണ് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയത്. എന്നാല്‍, അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനു പകരം കുറെക്കൂടി ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ നിയമം എത്രമാത്രം അപകടകരമായാണ് പ്രയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നിരത്തിയത്.

സാധാരണ നിയമം എല്ലാ വിഭാഗങ്ങളോടും തുല്യത പുലര്‍ത്തണമെന്നതാണ് സങ്കല്‍പ്പം. എന്നാല്‍, ഈ നിയമം മുസ്ലിംവിഭാഗത്തിന് എതിരായി പൊതുവെ ഉപയോഗിക്കുന്നുവെന്നതാണ് അനുഭവം. ഇതു സംബന്ധിച്ച് വളരെ വിശദമായ പഠനം ജാമിയ സര്‍വകലാശാലയിലെ അധ്യാപകരുടെ ഐക്യദാര്‍ഢ്യ സംഘടന നടത്തുകയുണ്ടായി. കുറ്റമൊന്നും ചെയ്യാതെ ഇന്ത്യയുടെ ജയിലുകളില്‍ ദശകങ്ങളോളം കഴിയേണ്ടിവന്ന മുസ്ലിംചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ഇവര്‍ പുറത്തുകൊണ്ടുവന്നു. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നാലു പ്രത്യേകകേസുകള്‍ രാഷ്ട്രപതിയുടെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പതിനെട്ടും പത്തൊമ്പതും വയസ്സുള്ളപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പത്തും പതിനൊന്നും വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞതിനുശേഷം കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയക്കപ്പെടുന്നു. ഇവര്‍ക്ക് നഷ്ടമായ ജീവിതത്തിന് ആര്‍ക്കാണ് പകരംവയ്ക്കാന്‍ കഴിയുന്നത്? ചില കേസുകളില്‍ അന്വേഷണസംഘത്തിന്റെ മുസ്ലിംവിരുദ്ധമനോഭാവവും തെളിവുകള്‍ കെട്ടിച്ചമയ്ക്കാനുള്ള ശ്രമവും കോടതിയുടെതന്നെ രൂക്ഷവിമര്‍ശത്തിനു വിധേയമാവുകയുണ്ടായി. കേരളത്തില്‍ ഏറ്റവും തീവ്രമായ അനുഭവം അബ്ദുള്‍ നാസര്‍ മഅ്ദനിയുടേതാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷമാണ് അദ്ദേഹം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. അതിനുശേഷം ബാംഗ്ലൂര്‍ കേസില്‍ അറസ്റ്റിലായിട്ട് രണ്ടുവര്‍ഷത്തിലധികമായി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകളാണ് അദ്ദേഹത്തിന് ജാമ്യം കിട്ടുന്നതിനു തടസ്സമായി നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം ഭേദഗതിചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ പാസാക്കിയ ഭേദഗതി കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങളിലേക്ക് നയിക്കുന്നതാണ്. വ്യക്തികളെ സംബന്ധിച്ച നിര്‍വചനം കൂടുതല്‍ വിപുലപ്പെടുത്തി. ഇതോടെ ഏതു രൂപത്തിലുള്ള സംഘടനകളും ഈ ഗണത്തില്‍പ്പെടാം.

സംഘടന എന്നതിനു പ്രത്യേക നിര്‍വചനം നല്‍കാത്തതുകൊണ്ട് ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവയെ ഈ ഗണത്തില്‍പ്പെടുത്തുന്നതിനും പ്രവര്‍ത്തകരെ വേട്ടയാടുന്നതിനും സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിതന്നെ കാണുകയുണ്ടായി. ഭേദഗതിക്കുമുമ്പുതന്നെ ജമ്മു കശ്മീരില്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. എന്നുമാത്രമല്ല, ഭീകരവാദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തിയ സാഹചര്യത്തില്‍ അങ്ങേയറ്റം അപകടകരമായി വേട്ടയാടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് കോട്ടമേല്‍പ്പിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഭക്ഷ്യസുരക്ഷയുടെ പ്രശ്നവും ഉപഭോഗസാധനങ്ങളുടെ വിതരണത്തിന്റെ പ്രശ്നവും മറ്റും ഉള്‍പ്പെടുന്നുണ്ട്. കര്‍ഷകത്തൊഴിലാളി പണിമുടക്കിയാലും വ്യാപാരി കടയടച്ച് പ്രതിഷേധിച്ചാലും വേണമെങ്കില്‍ സാമ്പത്തികസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് പൊലീസിന് അറസ്റ്റ് ചെയ്യാം. കുറ്റംചെയ്തില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പിന്നെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കായിരിക്കും. അതെല്ലാം കഴിഞ്ഞ് കുറ്റവിമുക്തനായി പുറത്തുവരുമ്പോഴേക്കും ജീവിതത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കും! ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ലെങ്കിലും അങ്ങനെ ഉപയോഗിക്കാന്‍ ഇടയുണ്ടെന്നു കരുതുന്ന സാമ്പത്തിക സഹായത്തിന്റെ പേരിലും ഒരാളെ അറസ്റ്റ് ചെയ്യാന്‍ പുതിയ ഭേദഗതി നിയമം വ്യവസ്ഥചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്ന നിയമം ഭേദഗതിചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

അതുപോലെതന്നെ ഭീകരവാദപ്രവര്‍ത്തനം നടത്തിയെന്നു തോന്നുന്ന സംഘടനകളുടെ നിരോധനം നിലവിലുള്ള രണ്ടുവര്‍ഷത്തില്‍നിന്ന് അഞ്ചുവര്‍ഷമാക്കുന്നതാണ് പുതിയ ഭേദഗതി. 1967ല്‍ ജെപിസി ശുപാര്‍ശയ്ക്ക് അനുസരിച്ചാണ് മൂന്നില്‍നിന്ന് രണ്ടായി കുറച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ സംഘടനകള്‍ക്ക് അവരുടെ വാദങ്ങള്‍ നിരത്താന്‍ കഴിയും. അവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ നിരോധനം നീട്ടുകയുംചെയ്യാം. പുതിയ വ്യവസ്ഥ ഈ സാധ്യതയെ പരിമിതപ്പെടുത്തുന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും അങ്ങേയറ്റം അവധാനതയോടെയും യുക്തിസഹമായും ചെയ്യേണ്ടതാണെന്ന പൊതുതത്വം ഇവിടെ ലംഘിക്കപ്പെട്ടു. നിലവിലുള്ള ക്രിമിനല്‍നിയമങ്ങളില്‍ കുറ്റങ്ങളായി കാണുന്ന കാര്യങ്ങള്‍തന്നെ ഭീകരവിരുദ്ധനിയമങ്ങളിലും പ്രതിപാദിക്കപ്പെട്ടാല്‍ സാധാരണഗതിയില്‍ പൊലീസ് ചാര്‍ജ് ചെയ്യുന്നത് രണ്ടാമത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ നിയമമനുസരിച്ചായാല്‍ ജാമ്യം കിട്ടുന്നത് തുടങ്ങി നിപരാധിത്വം തെളിയിക്കുന്നതുവരെ ദുഷ്കരമായ ദൗത്യമാണ്.

നേരത്തെയുണ്ടായിരുന്ന ഭീകരവിരുദ്ധനിയമങ്ങളായ ടാഡയും പോട്ടയും പിന്‍വലിച്ച സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ അതിനേക്കാള്‍ ശക്തമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ആ നിയമങ്ങളിലുള്ള സുരക്ഷാകവചങ്ങള്‍പോലും ഈ നിയമത്തിലില്ല. ടാഡയും പോട്ടയും അനുസരിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ കേസ് ചാര്‍ജ് ചെയ്യുന്നതിനും കുറ്റപത്രം നല്‍കുന്നതിനും കഴിയുകയില്ല. ഈ നിയമത്തില്‍ അത്തരം വ്യവസ്ഥകള്‍ ഒന്നുംതന്നെയില്ല.

ഇതെല്ലാം പരിഗണിച്ചാണ് ഈ ബില്ലിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചത്. ജെഡിയുവും ബിജെഡിയും എഐഎഡിഎംകെയും ആര്‍ജെഡിയും പസ്വാന്റെ പാര്‍ടിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികളുടെ എംപിമാര്‍ സിപിഐ എം അവതരിപ്പിച്ച ഭേദഗതികളെ പിന്താങ്ങി. ആദ്യമായാണ് ജെഡിയു പാര്‍ലമെന്റില്‍ എന്‍ഡിഎയില്‍നിന്നു വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. ഭീകരവാദത്തെ എതിര്‍ക്കുന്നതിനൊപ്പം ആരെല്ലാമാണ് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യതത്വങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നതെന്ന് തിരിച്ചറിയുന്നതിന് ഈ വോട്ടെടുപ്പ് കളമൊരുക്കി. എന്നാല്‍, പുതിയ ബില്‍ പാസാക്കിയെടുക്കുന്നതിന് ബിജെപി പിന്തുണയോടെ യുപിഎയ്ക്ക് കഴിഞ്ഞു. ഇനി ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഉയര്‍ന്നുവരേണ്ടത്.

*
പി രാജീവ് ദേശാഭിമാനി 29 ഡിസംബര്‍ 2012