Monday, December 10, 2012

പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ക്കരുത്

ഇന്ത്യയില്‍ പൊതുമേഖലയ്ക്ക് പ്രാധാന്യം ലഭിച്ചത് നെഹ്റുവിന്റെ കാലത്താണ്. രണ്ടാംപഞ്ചവത്സരപദ്ധതിയില്‍ വ്യവസായത്തിനാണ് മുന്‍ഗണന നല്‍കിയത്. സ്റ്റാലിന്റെ പഞ്ചവത്സരപദ്ധതിയാണ് താനംഗീകരിച്ചതെന്ന് നെഹ്റു അഭിമാനത്തോടെ പറയുകയുംചെയ്തു. പൊതുമേഖലയും സ്വകാര്യമേഖലയും കൂടിച്ചേര്‍ന്ന മിശ്ര സമ്പദ്വ്യവസ്ഥയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ഭിലായ്, ദുര്‍ഗാപുര്‍, റൂര്‍ക്കേല തുടങ്ങിയ ഉരുക്ക് ഫാക്ടറികള്‍, ചിത്തരഞ്ജന്‍ തീവണ്ടി എന്‍ജിന്‍ നിര്‍മാണശാല, വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണശാല തുടങ്ങി ഒട്ടേറെ പൊതുമേഖലാവ്യവസായങ്ങളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ ഇന്ത്യക്കാര്‍ അഭിമാനിച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ ടാറ്റയും ബിര്‍ലയും ഉള്‍പ്പെടെയുള്ള കുത്തക മുതലാളിമാരാണ് വ്യവസായനയത്തിന് രൂപം നല്‍കിയത് എന്നത് ഇതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് പിന്നീട് ആദ്യം മറന്നത് നെഹ്റുവിനെത്തന്നെയാണ്. സാമ്രാജ്യത്വ സാമ്പത്തികനയം സ്വീകരിച്ചതോടെ നെഹ്റുവിന്റെ നയം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. 1990-91കളില്‍ ആരംഭിച്ച പുതിയ സാമ്പത്തിക നയം രാജ്യത്തിന്റെ വികസന പ്രക്രിയയുടെ ദിശാബോധത്തില്‍തന്നെ മാറ്റം വരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വളര്‍ന്നുവന്ന ഇന്ത്യന്‍ കുത്തകകള്‍ ഇത്തരം സ്ഥാപനങ്ങളെ പൊളിച്ചെടുത്ത് തങ്ങളുടെ ലാഭം കുന്നുകൂട്ടുന്നതിന് നടത്തിയ പരിശ്രമങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിന് പശ്ചാത്തലമൊരുക്കി. 2000ത്തിനുശേഷം പ്രത്യേകിച്ച്, ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ്.

നെഹ്റുവിന്റെ വ്യവസായനയം മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പും വളര്‍ച്ചയുമാണ് ലക്ഷ്യമാക്കിയതെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവ് മനസ്സില്‍വച്ചുതന്നെയാണ് പൊതുമേഖലയുടെ വളര്‍ച്ചയ്ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയത്. മുതലാളിത്ത വളര്‍ച്ചയാണ് ലക്ഷ്യമെങ്കിലും സാമ്രാജ്യത്വത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി കൈവരുത്താനുതകുന്നതാണ് പൊതുമേഖലയുടെ വളര്‍ച്ചയെന്ന് ഇടതുപക്ഷം വിലയിരുത്തി.

ആഗോളവല്‍ക്കരണനയം കേന്ദ്രത്തിലെന്നപോലെ സംസ്ഥാനത്തും നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഇടതുസര്‍ക്കാര്‍ ആഗോളവല്‍ക്കരണനയത്തിന് ബദലായ നയമാണ് നടപ്പാക്കിയത്. അതിനാല്‍തന്നെ പൊതുമേഖലാവ്യവസായങ്ങള്‍ സംരക്ഷിക്കാനും വളര്‍ത്താനും പുതിയതാരംഭിക്കാനും താല്‍പ്പര്യമെടുത്തു. അന്നത്തെ വ്യവസായമന്ത്രി എളമരം കരിമിന് വ്യവസായനയത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും സഹകരണത്തോടെ പൊതുമേഖലാവ്യവസായങ്ങള്‍ ലാഭകരമാക്കാന്‍ കഴിഞ്ഞു. പൊതുമേഖലയുടെ ലാഭം ഉപയോഗിച്ച് പുതുതായി എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അത് ബജറ്റില്‍ ഉള്‍പ്പെടുത്തുകയുംചെയ്തു. യുഡിഎഫ് ഭരണത്തില്‍ വന്നതോടെ പൊതുമേഖലയുടെ ശനിദശ ആരംഭിക്കുകയാണുണ്ടായത്. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്നീ രണ്ട് പൊതുമേഖലാവ്യവസായങ്ങള്‍ തകര്‍ച്ചയിലാണെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നുമുള്ള വാര്‍ത്ത ഏവരെയും അസ്വസ്ഥരാക്കുന്നതാണ്.

ഔഷധക്കമ്പനിയുടെ കാര്യത്തില്‍ 2008 മെയ് 15ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ശ്രദ്ധേയമാണ്. കെഎസ്ഡിപിഎല്‍ നിര്‍മിക്കുന്ന ഔഷധം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 2013 മാര്‍ച്ച് 31വരെ വാങ്ങണമെന്ന നിര്‍ദേശമാണ് ഉത്തരവിലുണ്ടായിരുന്നത്. ന്യായമായ വിലയ്ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഔഷധം ലഭിക്കാനും പൊതുമേഖലാസ്ഥാപനമായ കെഎസ്ഡിപിഎല്ലിന് നിലനില്‍ക്കാനും ഈ ഉത്തരവ് സഹായകമായി. 2008 മുതല്‍ 2012വരെ 16 കോടി രൂപ, 18 കോടി, 33 കോടി, 36 കോടി എന്നിങ്ങനെയുള്ള തുകയുടെ ഔഷധം ഇതുമൂലം വിറ്റഴിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു. രോഗികള്‍ക്ക് ഔഷധം ലഭിക്കുകയും ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍നിന്ന് കെഎസ്ഇബി മീറ്റര്‍ വാങ്ങുന്ന സംവിധാനമുണ്ടാക്കി. ഇതുരണ്ടും പൊതുമേഖലാവ്യവസായങ്ങള്‍ സംരക്ഷിക്കാനും നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനും കാരണമായി. യുഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം തകിടംമറിച്ചു. അതാണ് വ്യവസായം അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കാന്‍ ഇടവരുത്തിയത്. ഇത് രണ്ട് സര്‍ക്കാരുകളുടെ നയത്തിന്റെ പ്രശ്നമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നയം ജനവിരുദ്ധമാണെന്ന് ബോധ്യപ്പെടാന്‍ ഇതുമാത്രംമതി ഉദാഹരണം. യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയമാണ് മുന്നോട്ട് വയ്ക്കുന്നത്. പന്ത്രണ്ടാം പദ്ധതി രേഖയില്‍തന്നെ പിപിപി (പൊതുസ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തില്‍ ഉള്ള കാഴ്ചപ്പാടിനാണ് ഊന്നല്‍. ഇത് പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കമാണ്. യുഡിഎഫ് സര്‍ക്കാര്‍ ഈ നയം തിരുത്തുകയും പൊതുമേഖല സംരക്ഷിക്കുന്നതിന് തയ്യാറാവുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 10 ഡിസംബര്‍ 2012

No comments: