Saturday, December 8, 2012

പി ജിയും മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയും

ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നതിനു ശേഷമുള്ള പരിശീലന ക്ലാസുകളിലൊന്നില്‍ വച്ചാണ് ഭൂപട വിജ്ഞാനീയത്തിന്റെ (cartography) രാഷ്ട്രീയത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. പി ജിയാണ് അന്ന് ക്ലാസ് എടുത്തിരുന്നത്. ഗോളാകാരമാര്‍ന്ന ഭൂമിയെ പരന്ന പ്രതലത്തില്‍ പകര്‍ത്താന്‍ ചരിത്രത്തില്‍ നടന്ന പലതരം ശ്രമങ്ങളെക്കുറിച്ചും ഏറ്റവുമൊടുവിലുണ്ടായ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെക്കുറിച്ചും പി ജി വിശദീകരിച്ചു. കോളനീകരണത്തിന്റെ രാഷ്ട്രീയയുക്തികളുടെ സാധൂകരണം കൂടിയാണ് നാം കണ്ടുവരുന്ന ഭൂപടങ്ങള്‍ എന്ന് പി ജി വിശദീകരിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് യൂറോപ്പ് ഭൂഖണ്ഡത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നത്? എന്തുകൊണ്ടാണ് വടക്കുഭാഗം മുകളിലായി വേണം ഭൂപടം ചുമരില്‍ തൂക്കിയിടാന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടത്? ഓരോ ചോദ്യത്തിന്റെ ഉത്തരത്തിലും ചരിത്രവും ലോകരാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങളും കൈകോര്‍ത്തുനിന്നു. അറിവ് അതില്‍ത്തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.

1996 മാര്‍ച്ച് - ഏപ്രില്‍ കാലത്തായിരുന്നു ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തന പരിശീലനം. പിന്നീടെപ്പോഴോ ഉള്ള വായനയില്‍ ഭൂപടവിജ്ഞാനത്തിന്റെ കുലപതിയായിത്തീര്‍ന്ന ജെ ബി ഹാര്‍ലേയുടെ ഗ്രന്ഥങ്ങള്‍ കാണാനിടയായി. ഭൂപടവിജ്ഞാനത്തിന്റെ ചരിത്രപരിണാമങ്ങളെക്കുറിച്ചും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിവക്ഷകളെക്കുറിച്ചുമെല്ലാം അനവധി വാള്യങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച് ഭൂപടവിജ്ഞാനചിന്തയില്‍ ഒരു വിചാരമാതൃകാ വ്യതിയാനത്തിന് (paradigm shift) തന്നെ വഴിവച്ച ആളായിരുന്നു ജെ ബി ഹാര്‍ലേ. ഹാര്‍ലേയുടെ പുസ്തകങ്ങളുടെ പ്രസാധനവര്‍ഷം നോക്കുമ്പോഴാണ് പി ജിയുടെ ക്ലാസുകളുടെ കാലത്ത് അവയില്‍ പലതും പുറത്തുവന്നിരുന്നില്ല എന്ന് ഒട്ടൊരു ആശ്ചര്യത്തോടെ മനസ്സിലാക്കിയത്. തനിക്ക് കൈവന്ന ചെറിയ സൂചനകളില്‍ നിന്നുപോലും വിജ്ഞാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിയാനും അതിനെ വികസിപ്പിച്ചെടുക്കാനും പി ജിക്ക് കഴിഞ്ഞിരുന്നു. ഏത് അറിവും പി ജിയില്‍ രാഷ്ട്രീയമായി പരിണമിച്ചു. അറിവില്‍ നിഷ്പക്ഷത ഒരു മൂല്യമായി നിലകൊള്ളുന്നില്ല എന്ന കാര്യം പി ജിക്ക് എപ്പോഴും അറിയാമായിരുന്നു. വിജ്ഞാനം മൂല്യനിരപേക്ഷമല്ല (value neutral) എന്നും മറിച്ച് അതെപ്പോഴും മൂല്യനിര്‍ഭരമാണ് (value loaded) എന്ന് പി ജി മനസ്സിലാക്കിയത് ഉത്തരാധുനികതയില്‍നിന്നല്ല; മാര്‍ക്സിസത്തില്‍ നിന്നാണ്. പല മാര്‍ക്സിസ്റ്റുകളും ഇപ്പോഴും പഠിച്ചിട്ടില്ലാത്ത പാഠമാണത്. ഈ പാഠം ആദ്യമേ പഠിച്ചതുകൊണ്ട് പി ജി എപ്പോഴും പുതിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. പഴയ ഉത്തരങ്ങള്‍ അദ്ദേഹത്തെ തൃപ്തനാക്കിയില്ല.

വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പി ജിയുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്ലാസുകളിലൊന്നില്‍ സോവിയറ്റ് യൂണിയന്റെ രംഗപ്രവേശത്തോടെ സാമ്രാജ്യത്വയുദ്ധം ജനകീയ യുദ്ധമായി പരിണമിച്ചതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പി ജി വിശദീകരിച്ചു. തുടര്‍ന്ന് സംശയങ്ങളുടെ ഊഴമായിരുന്നു. ഫാഷിസത്തിനെതിരായ നിലപാട് ആദ്യം മുതലേ സ്വീകരിക്കേണ്ടിയിരുന്നില്ലേ എന്നും ഐക്യമുന്നണി സിദ്ധാന്തത്തിന്റെ സ്പിരിറ്റിന് നിരക്കുന്ന സമീപനം അതായിരുന്നില്ലേ എന്നും ആ നിലയില്‍ എം എന്‍ റോയ് തുടക്കം മുതലേ കൈക്കൊണ്ട ഫാഷിസ്റ്റ് വിരുദ്ധ നിലപാടായിരുന്നില്ലേ കൂടുതല്‍ ശരി എന്നും ഞാന്‍ ചോദ്യം ഉന്നയിച്ചു. സാമ്രാജ്യത്വയുദ്ധം ജനകീയയുദ്ധമായി പരിണമിച്ചതിനെക്കുറിച്ചുള്ള പാര്‍ടി നിലപാട് കൂടുതല്‍ വിശദമായി വിവരിച്ചതിനുശേഷം പി ജി എം എന്‍ റോയ് യെക്കുറിച്ച് പറയാന്‍ തുടങ്ങി. പല പിഴവുകളും പറ്റിയെങ്കിലും എം എന്‍ റോയ് അത്ഭുതകരമായ വിജ്ഞാനത്തിന്റെയും ജീവിതത്തിന്റെയും ഉടമയായിരുന്നു എന്ന് പി ജി പറഞ്ഞു. റോയ്യുടെ രചനാജീവിതത്തിന്റെ വൈപുല്യവും അദ്ദേഹം പിന്നിട്ട ജീവിതവഴിത്താരകളുടെ വിസ്മയകരമായ സങ്കീര്‍ണതകളുമെല്ലാം പി ജി വിവരിച്ചു. കേരളത്തില്‍ എം എന്‍ റോയ് യുടെ അനുയായികളായി നടിക്കുന്നവര്‍ അദ്ദേഹത്തെ കാര്യമായി തിരിച്ചറിഞ്ഞവരല്ല എന്നും പി ജി പറയുന്നുണ്ടായിരുന്നു.

പി ജിയുടെ വിജ്ഞാനത്തിന്റെയും വ്യക്തിത്വത്തിന്റെയും സവിശേഷമായ പ്രകൃതം വെളിപ്പെട്ടു കിട്ടിയ ഒരു സന്ദര്‍ഭമായിരുന്നു അത്. അറിവിന്റെ ഏത് സൂക്ഷ്മസ്ഥാനത്തെയും രാഷ്ട്രീയമായി വിശദീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ തന്നെ വിജ്ഞാനത്തിന്റെയും മഹത്വത്തിന്റെയും എത്രയും ചെറിയ അംശത്തെയും ആദരിക്കാനും അദ്ദേഹത്തിനറിയാമായിരുന്നു. തന്നേക്കാള്‍ താണ നിലവാരത്തിലുള്ളവരെന്ന് പി ജിക്ക് വ്യക്തമായും അറിയാമായിരുന്നവരെ പോലും അദ്ദേഹം ബഹുമാനപൂര്‍വം പരിഗണിച്ചു. എഴുതിത്തുടങ്ങുന്ന ആരോടും ഉദാരമതിയായി. മനുഷ്യവംശത്തിന്റെ വൈജ്ഞാനികവും നൈതികവുമായ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന എന്തും ആദരിക്കപ്പെടണമെന്ന് പി ജി കരുതി. അതുകൊണ്ട് തന്റെ ചിന്തയെ യാന്ത്രിക ശാഠ്യങ്ങളുടെയും വിഭാഗീയ യുക്തികളുടെയും ഒളിത്താവളമാകാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. സംഗീതവും ചിത്രകലയും മുതല്‍ സ്പോര്‍ട്സും കുറ്റാന്വേഷണ സാഹിത്യവും വരെയുള്ളവയില്‍ ഒരുപോലെ കമ്പം പുലര്‍ത്താന്‍ പി ജിക്ക് കഴിഞ്ഞത് മാനുഷികമായ വൈഭവങ്ങളുടെ ഭിന്നഭിന്നങ്ങളായ ആവിഷ്കാരങ്ങളാണ് അവയെല്ലാം എന്ന ഉറച്ചബോധ്യം ഉണ്ടായിരുന്നതിനാലാണ്. അവയെല്ലാം കൂടിച്ചേരുമ്പോള്‍ കൈവരുന്ന നിറമാണ് മാനുഷികത എന്നും അദ്ദേഹം മനസ്സിലാക്കി. നവോത്ഥാനത്തിന്റെ ഉന്നത പാരമ്പര്യത്തെ സ്വാംശീകരിച്ചുകൊണ്ട് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞത് പി ജിയും തന്റെ പ്രമാണവാക്യമാക്കി; മാനുഷികമായതൊന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല.

പി ജിയും മാര്‍ക്സിസ്റ്റ് ചിന്തയും

മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയുടെ ചരിത്രത്തില്‍ പി ജിയുടെ പങ്ക് എന്താണ്? നിശ്ചയമായും, മലയാളികളെ മാര്‍ക്സിസം പഠിപ്പിച്ച മനീഷികളുടെ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നാണ് പി ഗോവിന്ദപ്പിള്ള. 1912-ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി പ്രസിദ്ധീകരിച്ച കാള്‍മാര്‍ക്സിന്റെ ജീവചരിത്രം മുതല്‍ ആരംഭിക്കുന്നതാണ് മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണിക ജീവിതത്തിന്റെ ചരിത്രം. സ്വദേശാഭിമാനിയുടെ പ്രാഥമിക ശ്രമങ്ങളില്‍ തുടങ്ങി ഇ എം എസ്, കെ ദാമോദരന്‍, സി ഉണ്ണിരാജ, എന്‍ ഇ ബലറാം, സി അച്ചുതമേനോന്‍, എം എസ് ദേവദാസ് തുടങ്ങിയവരിലൂടെ വളര്‍ന്ന് കെ വേണു, ബി രാജീവന്‍, സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ തുടങ്ങിയവരിലൂടെ പില്‍ക്കാല ജീവിതത്തിലേക്ക് പടര്‍ന്നുനില്‍ക്കുന്ന താരതമ്യേന വിപുലമായ ഒരു ലോകമാണ് മലയാളത്തിലെ മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടേത്. ലോക മാര്‍ക്സിസ്റ്റ് ചിന്തയില്‍ അരങ്ങേറിയ വകഭേദങ്ങളത്രയും ഇവിടെ എത്തിപ്പെട്ടു എന്ന് പറഞ്ഞുകൂടെങ്കിലും (പ്രത്യേകിച്ച് മാര്‍ക്സിസത്തെ ഒരു ദാര്‍ശനിക സമീക്ഷയെന്ന നിലയില്‍ പരിഗണിച്ചുകൊണ്ടുള്ള വൈജ്ഞാനികാന്വേഷണങ്ങളും പടിഞ്ഞാറന്‍ മാര്‍ക്സിസത്തില്‍ അതുവഴി വികസിച്ചുവന്ന ധൈഷണിക ധാരകളും മലയാളത്തിന് മിക്കവാറും അന്യമായി അവശേഷിക്കുന്നു; അതിലെ പല പേരുകളും നാം നിരന്തരം പറഞ്ഞുപോരാറുണ്ട് എന്നതൊഴിച്ചാല്‍) മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ആശയാവലികളും അതിനോട് എതിരിട്ട് വികസിച്ചുവന്ന പല എതിര്‍ പാരമ്പര്യങ്ങളും മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയെ വളരെയേറെ സമ്പന്നമാക്കിയിട്ടുണ്ട്. എറിക് ഹോബ്സ് ബാം അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നതുപോലെ, സ്റ്റാലിനെ ഇപ്പോഴും ആരാധനാപൂര്‍വം നോക്കിക്കാണുന്ന ലോകത്തിലെ ചുരുക്കം ജനവിഭാഗങ്ങളിലൊന്നായി മലയാളികളെ മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസിക്കല്‍/മുഖ്യധാരാ മാര്‍ക്സിസ്റ്റ് ധാരണകള്‍ക്ക് മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയില്‍ ഇപ്പോഴും വേരോട്ടമുണ്ടുതാനും.

ഒറ്റനോട്ടത്തില്‍, ഈ ക്ലാസിക്കല്‍ പാരമ്പര്യത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പി ജി മനസ്സിലാക്കപ്പെടുക. തന്റെ ചിന്താജീവിതത്തില്‍ സ്വാഭാവികമായി സാധ്യമാകുമായിരുന്ന വലിയ കുതിച്ചുചാട്ടങ്ങളില്‍നിന്ന് പി ജി പിന്‍വാങ്ങി നിന്നത് ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പിടിമുറുക്കങ്ങളില്‍ പെട്ടുപോയതുകൊണ്ടാണെന്ന് വിമര്‍ശകര്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘടനയും സംഘടനാജീവിതവും തന്റെ ധൈഷണിക ജീവിതത്തിന്റെ ആവിഷ്കാര പ്രകാരങ്ങള്‍ (objectifications) തന്നെയാണെന്ന ഉറച്ചധാരണയില്‍ പി ജി സ്വയം കൈക്കൊണ്ട അതിരുകളാണ് അദ്ദേഹത്തിന്റെ ചിന്താജീവിതത്തിന് ഉണ്ടായിരുന്നത് എന്നാണ് കരുതേണ്ടത്. ഏതായാലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് പി ജി യുടെ പ്രധാന ഗ്രന്ഥങ്ങളെല്ലാം തന്നെ (കേരള നവോത്ഥാന പഠനപരമ്പരയിലെ നാല് ഭാഗങ്ങള്‍, എംഗല്‍സ്, ഇ എം എസ്, പൗലോസ് മാര്‍ ഗ്രിഗോറിയസ്, ചാള്‍സ് ഡാര്‍വിന്‍, കെ ദാമോദരന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍, "വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്കാരിക ചരിത്രം" എന്ന ബൃഹദ് ഗ്രന്ഥം, ഇ എം എസിന്റെ രചനാജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന "ഇ എം എസും മലയാള സാഹിത്യവും" എന്ന കൃതി, "സംസ്കാരവും നവോത്ഥാനവും", "ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം", "മുല്‍ക്ക് രാജ് മുതല്‍ പവനന്‍ വരെ", "തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍", Bhakthi:Renaissance or Revivalism" എന്നിങ്ങനെ പതിനാറ് പുസ്തകങ്ങള്‍) പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. 1/8 വലിപ്പത്തിലുള്ള അച്ചടിയില്‍ ആറായിരം പേജുകളെങ്കിലും വരുന്ന കാര്യങ്ങളാണ് പി ജി എഴുപത്തിയഞ്ചാം വയസ്സിന് ശേഷം എഴുതിയത്. അതിനുമുന്‍പുള്ള, അരനൂറ്റാണ്ടെങ്കിലും സ്വാഭാവിക ദൈര്‍ഘ്യം കല്‍പിക്കാവുന്ന കാലയളവില്‍ പന്ത്രണ്ടോളം പുസ്തകങ്ങള്‍ പി ജിയുടേതായി പുറത്തുവന്നു. ("ഇസങ്ങള്‍ക്കിപ്പുറം", "വിപ്ലവ പ്രതിഭ", "കേരളം ഇന്ത്യയിലെ ഒരധകൃത സംസ്ഥാനം", "സാഹിത്യവും രാഷ്ട്രീയവും", "മാര്‍ക്സും മൂലധനവും", "മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും", "പൂന്താനം മുതല്‍ സൈമണ്‍ വരെ", "ഭഗവദ്ഗീത -ബൈബിള്‍ - മാര്‍ക്സിസം", "സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത", "മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ", "ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍", "സാഹിത്യം: അധോഗതിയും പുരോഗതിയും" തുടങ്ങിയ ഗ്രന്ഥങ്ങളും അതുകൂടാതെ ഇ എം എസ്സിനോടൊപ്പം ചേര്‍ന്ന് രചിച്ച "ഗ്രാംഷിയന്‍ വിചാരവിപ്ലവം" എന്ന കൃതിയും ഈ കാലയളവില്‍ രചിക്കപ്പെട്ടവയാണ്). പ്രമേയ വൈവിധ്യത്തിന്റെ കാര്യത്തിലും അച്ചടിപ്പുറങ്ങളുടെ കാര്യത്തിലും പി ജിയുടെ പില്‍ക്കാല സംഭാവനകളുടെ വലിപ്പവും മഹത്വവും ഇവയ്ക്കില്ല എന്നത് സംശയമില്ലാതെ പറഞ്ഞുവയ്ക്കാം.
 
സംഘടനാജീവിതവും ധൈഷണികജീവിതവും തമ്മിലുണ്ടായിരുന്ന, ഒരേസമയം സംവാദാത്മകവും സംഘര്‍ഷാത്മകവുമായ, ബന്ധത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. മുപ്പതോളം വരുന്ന ഈ ഗ്രന്ഥങ്ങളിലൂടെയും എണ്ണമറ്റ പ്രബന്ധങ്ങളിലൂടെയും പി ജി മലയാളി സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ ശ്രമിച്ച മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ സവിശേഷത എന്താണ്? പി ജിയുടെ മേല്‍പ്പറഞ്ഞ ഗ്രന്ഥസമുച്ചയത്തിലേക്ക് കണ്ണോടിച്ചാല്‍ ഇതിനുത്തരമാകാന്‍ പോന്ന ഒരു സവിശേഷ വസ്തുത നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. സാമാന്യാര്‍ഥത്തിലുള്ള ഒരു പരിചായക ഗ്രന്ഥം  മാര്‍ക്സിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടില്ല എന്ന കാര്യമാണത്. എഴുതിയതാകട്ടെ മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ടു വരുന്ന മുഖ്യമായും പടിഞ്ഞാറന്‍ മാര്‍ക്സിസത്തിന്റെയും നവമാര്‍ക്സിസത്തിന്റെയും പാരമ്പര്യത്തില്‍ കൂടുതല്‍ വേരോടിപ്പടര്‍ന്ന, ഒരു വിഷയമേഖലയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണുതാനും. ഇ എം എസ്സും കെ ദാമോദരനും എം എസ് ദേവദാസും മറ്റും ചെയ്തതുപോലെ മാര്‍ക്സിസ്റ്റ് ആശയപ്രപഞ്ചത്തെ സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം പി ജി എഴുതിയില്ല. മാര്‍ക്സിസ്റ്റ് ചിന്തയെ സംഗ്രഹിക്കുന്നതിനുപകരം അതിലെ വൈവിധ്യങ്ങളും വിശദാംശങ്ങളും പുറത്തുകൊണ്ടുവരാനുതകുന്ന പ്രബന്ധങ്ങളും പഠനങ്ങളും എഴുതുന്നതിലാണ് പി ജി കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. അതോടൊപ്പം മുഖ്യധാരാ മാര്‍ക്സിസത്തിന്റെ പരിഗണനയ്ക്ക് പുറത്തുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനത്തിന്റേയും ഉളവാക്കിയ ഫലങ്ങളുടെയും ചരിത്രവും അദ്ദേഹം വിശദീകരിച്ചുകൊണ്ടിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരിലൊരാള്‍ എന്നും മലയാളിയെ മാര്‍ക്സിസം പഠിപിച്ചവരില്‍ പ്രധാനി എന്നുമെല്ലാമുള്ള സാമാന്യ നിര്‍വചനങ്ങള്‍ പി ജിയുടെ ധൈഷണികതയെ രേഖപ്പെടുത്തുന്നതില്‍ വേണ്ടത്ര വിജയിക്കാതെ വരുന്നത് പി ജിയുടെ ചിന്താജീവിതത്തിന്റെ മേല്‍പ്പറഞ്ഞ സവിശേഷതകൊണ്ടാണ്. ഇ എം എസ്, കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള എന്നൊരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ത്രയത്തെ ഇരുപതാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ മുന്‍നിര്‍ത്തി വിഭാവനം ചെയ്യാനാവുമെങ്കിലും ആദ്യത്തെ രണ്ടുപേരുടെയും ആഭിമുഖ്യങ്ങള്‍ക്ക് പുറത്തേക്ക് കടന്നു നില്‍ക്കുന്നതായിരുന്നു പി ജിയുടെ ചിന്താലോകം എന്നത് കാണാതെ പോയ്ക് കൂടാ. ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പ്രബലമായ പ്രേരണകള്‍ക്കകത്താണ് ഇ എം എസ്സിന്റെയും കെ ദാമോദരന്റെയും ചിന്താജീവിതം നിലകൊണ്ടത്. പ്രസ്ഥാനത്തിന്റെ പൊതുജീവിതത്തെയും സംഘടനാജീവിതത്തെയും നിര്‍ണയിച്ച ആശയലോകവും മറ്റൊന്നല്ല. എന്നാല്‍ പി ജിയുടെ ചിന്താലോകത്തില്‍ ഇതിന്റെ മറുപുറങ്ങളും ഉണ്ടായിരുന്നു. ഒരുഭാഗത്ത് ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക സംഘടനാ പാരമ്പര്യങ്ങളോടും മറുഭാഗത്ത് നവമാര്‍ക്സിസവും പുത്തന്‍ ഇടതുപക്ഷവും മറ്റും ഉദ്ഘാടനംചെയ്ത ബദല്‍ പാരമ്പര്യങ്ങളോടും സംവാദാത്മകബന്ധം സ്ഥാപിക്കാനാണ് പി ജി പണിപ്പെട്ടുകൊണ്ടിരുന്നത്. അടിസ്ഥാനതലത്തില്‍ സംവാദാത്മകമെങ്കിലും പ്രായോഗികമായി സംഘര്‍ഷാത്മകമോ പരസ്പര വിരുദ്ധമോ ആയ പ്രവണതകളായാണ് 1950-90 കാലയളവില്‍ ഈ സമീപനങ്ങള്‍ നിലകൊണ്ടത്. പി ജിയുടെ വിചാരജീവിതത്തെയും ഇത് പല തലങ്ങളില്‍ സ്വാധീനിക്കുകയും പുതുക്കിപ്പണിയുകയുംചെയ്തു.

1990 കളിലെ സോവിയറ്റ് പതനവും തുടര്‍ന്ന് ലോക മാര്‍ക്സിസ്റ്റ് ചിന്തയിലും പ്രയോഗത്തിലും അരങ്ങേറിയ പുനരാലോചനകളും ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ അധൃഷ്യതയെ പല നിലകളിലും ചോദ്യംചെയ്യുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. നവമാര്‍ക്സിസത്തിന്റെയും പുത്തന്‍ ഇടതുപക്ഷത്തിന്റെയും ആശയാവലികളോട് മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോന്ന അകലം വന്‍തോതില്‍ കുറഞ്ഞു എന്നതാണ് ഇതിന്റെ ഒന്നാമത്തെ ഫലം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘടനാ സംവിധാനങ്ങളെയും ക്രമീകരണങ്ങളെയും കുറിച്ചുള്ള ധാരണകളിലും പ്രയോഗത്തിലും പല നിലകളിലുമുള്ള തിരുത്തലുകള്‍ ഉണ്ടായി എന്നതാണ് മറ്റൊരു പരിവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ടി ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് രീതികളില്‍ വന്ന മാറ്റം മുതല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പെരുമ്പാവൂര്‍ രേഖ വരെയുള്ള കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ പരിവര്‍ത്തനങ്ങളുടെ സ്വാധീനത്താല്‍ രൂപംകൊണ്ടതാണ്. സംസ്കാരത്തെയും ആശയാനുഭൂതികളുടെ ലോകത്തെയും ഉപരിഘടനാ പ്രതിഭാസമായും ഭൗതികതയുടെ അനുബന്ധലോകമായും പരിഗണിക്കുന്ന യാന്ത്രിക വീക്ഷണത്തിനെതിരായ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന് ഈ പുതിയ സന്ദര്‍ഭം വഴിതുറന്നു.

ഈ പുതിയ സന്ദര്‍ഭത്തില്‍ പി ജി കേരളത്തിലെ മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തില്‍ രണ്ടുതരം ഇടപെടലുകളാണ് നടത്തിയത്. അതിലാദ്യത്തേത് അന്റോണിയോ ഗ്രാംഷിയെ മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ചിന്താലോകവുമായി ചേര്‍ത്തുനിര്‍ത്തുക എന്നതായിരുന്നു. രണ്ടാമത്തേത് സംസ്കാരപഠനം എന്ന പുതിയ പഠനശാഖയുടെ സംസ്ഥാപനത്തിന് ഉതകുന്ന മട്ടില്‍ അതിന്റെ ആശയാവലികള്‍ക്ക് വലിയ പ്രചാരവും പ്രാധാന്യവും നല്‍കുകയെന്നതും. ഈ രണ്ടു ദൗത്യങ്ങളും പി ജി നിറവേറ്റിയത് സ്വന്തമായല്ല എന്നതും പ്രധാനമാണ്. അന്റോണിയോ ഗ്രാംഷിയുടെ ചിന്താലോകം പി ജി, ഇ എം എസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും അവര്‍ ഇരുവരും ചേര്‍ന്ന് "ഗ്രാംഷിയന്‍ വിചാരവിപ്ലവം" എന്ന കൃതി 1996-ല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സോവിയറ്റ് മാര്‍ക്സിസത്തിന്റെ പ്രതാപകാലത്തായിരുന്നുവെങ്കില്‍ ബൂര്‍ഷ്വാ വ്യതിയാനം എന്ന്മുദ്രകുത്തപ്പെടാന്‍ പാകത്തില്‍, ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ആശയാവലികളെ പുതുക്കിപ്പണിത ഒരാളായിരുന്നു അന്റോണിയോ ഗ്രാംഷി. ഇ പി തോംസണ്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ ഇടതുപക്ഷക്കാര്‍ ഗ്രാംഷിയുടെ ആശയാവലികളെ ഉപയോഗപ്പെടുത്തിയ സന്ദര്‍ഭത്തില്‍ സാംസ്കാരിക മാര്‍ക്സിസം  എന്ന് അത് വിശേഷിപ്പിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. (സ്റ്റാലിന്റെ പ്രതാപകാലത്ത് ഗ്രാംഷി ജയിലിലടയ്ക്കപ്പെടുകയും അദ്ദേഹത്തിന്റെ ജയില്‍ക്കുറിപ്പുകള്‍ പില്‍ക്കാലത്ത് മാത്രം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് ഗ്രാംഷി വിമതനായി മുദ്രയടിക്കപ്പെടാതെ, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യധാരാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്). സംസ്കാരത്തെ വര്‍ഗസമരത്തിന്റെ നിര്‍ണായക സ്ഥാനങ്ങളിലൊന്നായി കണക്കാക്കുകയും ബുദ്ധിജീവികളെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ വിപ്ലവത്തിന്റെ മുന്നണിപ്പടയിലെ അംഗങ്ങളായി പ്രതിഷ്ഠിക്കുകയുംചെയ്ത ഗ്രാംഷിയുടെ ആശയലോകത്തെ മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണിക ജീവിതത്തിലെ മുഖ്യധാരയുമായി കൂട്ടിയിണക്കാന്‍ പി ജിക്ക് ഈ ഇടപെടലിലൂടെ കഴിഞ്ഞു. ഈ പുസ്തകത്തിന് മുമ്പ് തന്നെ പി ജി ഗ്രാംഷിയെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയുംചെയ്തിരുന്നു എങ്കിലും ഇ എം എസ്സുമായി ചേര്‍ന്നെഴുതിയ ഗ്രന്ഥം ഗ്രാംഷിയന്‍ ആശയങ്ങള്‍ക്ക് കേരളത്തില്‍ നല്‍കിയ ആധികാരികത വലുതായിരുന്നു. സാംസ്കാരിക മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പുനഃക്രമീകരിക്കാന്‍ കെല്‍പുള്ള ഇടപെടലായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, പല കാരണങ്ങള്‍കൊണ്ട് അത്തരമൊരു പുനഃക്രമീകരണം ഇവിടെ നടക്കാതെപോയി.

ഇതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരിടപെടലാണ് സാംസ്കാരിക പഠനങ്ങള്‍ (Cultural studies) എന്ന അക്കാദമിക് പഠനശാഖയ്ക്കുവേണ്ടി പി ജി നടത്തിയ ഇടപെടലുകള്‍. 1960 കളില്‍ പടിഞ്ഞാറന്‍ ചിന്തയില്‍ ഉളവായ "സാംസ്കാരികമായ വഴിതിരിയലി"ന്റെ (cultural turn) ഉത്പന്നമായിരുന്നു സാംസ്കാരിക പഠനങ്ങള്‍ എന്ന അക്കാദമിക ശാഖയുടെ രൂപീകരണം. ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാല കേന്ദ്രമാക്കി റെയ്മണ്ട് വില്ല്യംസ്, റിച്ചാര്‍ഡ് ഹെഗാര്‍ത്ത്, സ്റ്റുവര്‍ട്ട് ഹാള്‍ എന്നിവരുടെയെല്ലാം മുന്‍കൈയിലും ഇ പി തോംസണെയും ക്രിസ്റ്റഫര്‍ ഹില്ലിനെയുംപോലുള്ള ചരിത്രകാരന്മാരുടെ സ്വാധീനത്തിലും രൂപപ്പെട്ടു വന്ന "ബ്രിട്ടീഷ് സാംസ്കാരിക പഠനങ്ങള്‍" അടിസ്ഥാനപരമായി മാര്‍ക്സിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഉല്‍പാദനവ്യവസ്ഥാ കേന്ദ്രിതമായ ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് സമീപനങ്ങളുടെ വിമര്‍ശനവും ആയിരുന്നു. 1998-99 കാലയളവില്‍ സംസ്കൃത സര്‍വകലാശാലയില്‍ ഇത്തരമൊരു പഠനശാഖയ്ക്ക് രൂപം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ താത്വികാടിസ്ഥാനം ചമയ്ക്കുന്ന പ്രബന്ധം എഴുതിയത് പി ജി ആയിരുന്നു. തുടര്‍ന്ന് റെയ്മണ്ട് വില്യംസിനെയും മുഖ്യമായും പിന്‍തുടര്‍ന്നുകൊണ്ട് സാംസ്കാരിക ഭൗതികവാദത്തിന്റെ ആശയമണ്ഡലത്തെ കേരളീയ മാര്‍ക്സിസ്റ്റ് ചിന്തയുമായി പി ജി ചേര്‍ത്തുനിര്‍ത്തി. സംസ്കാരം എന്ന പരികല്‍പനയുടെ പരിണാമചരിത്രം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള ഒട്ടനവധി പ്രബന്ധങ്ങള്‍ അദ്ദേഹം ഇക്കാലത്ത് എഴുതുകയുണ്ടായി. അവയെയെല്ലാം തന്നെ മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശത്തിന്റെ ആവിഷ്കാരങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് ചിന്തയും സാംസ്കാരിക പഠനങ്ങളും തമ്മില്‍ യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായത്രപോലും ഏറ്റുമുട്ടല്‍ കേരളത്തിലുണ്ടായില്ല എന്നതിന് പി ജിയുടെ ഈ ദിശയിലുള്ള ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. സാംസ്കാരിക പഠനങ്ങളെ ചിന്താമേഖലയിലെ തിരുത്തല്‍വാദം മുതല്‍ സാമ്രാജ്യത്വ ഗൂഢാലോചനവരെയായി പരിഗണിക്കുന്ന ചുരുക്കം പേര്‍ കേരളത്തിലും ഉണ്ടായിരുന്നു. അവര്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലെ അതിവാദങ്ങള്‍ മാറ്റിവച്ചാല്‍ പരിഗണനീയമായ ചില ശരികളും അതിലുണ്ടായിരുന്നു. എങ്കിലും ആ എതിര്‍വീക്ഷണങ്ങളെ മറികടന്ന് മാര്‍ക്സിസ്റ്റ് ധൈഷണികതയെ സംസ്കാര വിമര്‍ശനത്തിന്റെ പുത്തന്‍ സന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നതില്‍ പി ജി നിര്‍ണായകമായ വിജയംനേടി എന്നതാണ് വാസ്തവം.

ഈ നിലയില്‍ ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ആശയാവലികള്‍ക്കും നവ മാര്‍ക്സിസത്തിന്റെ ചിന്താലോകത്തിനുമിടയിലുള്ള ഒരു സംവാദസ്ഥാനമായി സ്വയം നിലയുറപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തെ അടിമുടി നവീകരിക്കുകയെന്ന ദൗത്യമാണ് പി ജി ഏറ്റെടുത്തത്. ഈ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹം ഏതളവ് വരെ വിജയിച്ചു എന്നത് നിശ്ചമായും പരിശോധിക്കപ്പെടാവുന്ന വിഷയമാണ്. നവമാര്‍ക്സിസ്റ്റ് ആശയലോകവുമായുള്ള തന്റെ വിനിമയങ്ങള്‍ പ്രസ്ഥാനത്തിന്റെ ഔപചാരിക ധാരണകളുമായി പ്രത്യക്ഷമായി ഏറ്റുമുട്ടും എന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം പി ജി പ്രസ്ഥാനത്തിന്റെ ഔപചാരിക ധാരണകളോട് ചേര്‍ന്നുനില്‍ക്കുകയോ സംഘര്‍ഷ മേഖലകളെ സ്പര്‍ശിക്കാതിരിക്കുകയോ ആണ് ചെയ്തത്. അദ്ദേഹത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ രണ്ട് ഗ്രന്ഥങ്ങളില്‍നിന്നും ഇതിന് ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. എംഗല്‍സിന്റെ ജീവചരിത്രമെഴുതുമ്പോള്‍ എംഗല്‍സ് വഴി മാര്‍ക്സിസ്റ്റ് ചിന്തയില്‍ അരങ്ങേറിയ ശാസ്ത്രവാദപരമായ വഴിത്തിരിവിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ പി ജി പങ്കുചേരുന്നില്ല എന്ന് കാണാനാകും. കഴിഞ്ഞ അര നൂറ്റാണ്ടിലധികം കാലത്തോളമായി ലോക മാര്‍ക്സിസ്റ്റ് ചിന്തയില്‍ പല രീതികളില്‍ ഉന്നയിക്കപ്പെട്ടുപോരുന്നതും മാര്‍ക്സിസത്തിന്റെ ദാര്‍ശനിക പരിപ്രേക്ഷ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിര്‍ണായകപ്രാധാന്യം കൈവന്നിട്ടുള്ളതുമായ പ്രമേയമാണ് ഇത്. പി ജി യെപ്പോലൊരാള്‍ ഇക്കാര്യം അറിയാതെ പോകേണ്ട യാതൊരു കാര്യവുമില്ല. എംഗല്‍സിന്റെ ധൈഷണിക ജീവചരിത്രം തയ്യാറാക്കുമ്പോള്‍ ഈ പ്രശ്നത്തിന് എത്രയോ വലിയ സാംഗത്യമുണ്ടെന്നും തന്റെ ഗ്രന്ഥത്തിഡെന്റ പൂര്‍ണതപോലും അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും പി ജി മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രമേയത്തിന്റെ ഉള്ളടരുകളിലേക്ക് കടന്നുചെന്നാല്‍ പ്രസ്ഥാനത്തിന്റെ വീക്ഷണഗതികളുമായുള്ള പ്രത്യക്ഷ സംഘര്‍ഷത്തിലാണ് അത് ചെന്നവസാനിക്കുക എന്ന നല്ല ബോധ്യമുള്ളതുകൊണ്ട് പി ജി ബോധപൂര്‍വം അക്കാര്യം കൈയൊഴിയുകയാണ് ചെയ്യുന്നത്. അതുപോലെ മാര്‍ക്സും ഹെലന്‍ ഡെമുത്തും (ഒലഹലില ഉലാൗവേ) തമ്മിലുള്ള വിവാദപൂര്‍ണമായ ബന്ധത്തിന്റെ ചര്‍ച്ചകളിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടന്നുകയറാനും പി ജി ആ ഗ്രന്ഥത്തില്‍ തുനിയുന്നില്ല. തന്റെ കൃതിയുടെ ഔപചാരിക ഭദ്രതയെ പ്രസ്ഥാനത്തിന്റെ വീക്ഷണഗതിയുടെയും ആദര്‍ശാത്മക പരിവേഷത്തിന്റെയും ഭദ്രതയ്ക്ക് വേണ്ടി കൈയൊഴിയുന്ന ഒരാളെയാണ് നാമവിടെ കാണുന്നത്.

ഇതുപോലുള്ള മറ്റൊരു സന്ദര്‍ഭമാണ് "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എന്ന ബൃഹദ് ഗ്രന്ഥത്തിന്റേതും. ശാസ്ത്രവിപ്ലവത്തിന്റെയും ശാസ്ത്രീയ വിജ്ഞാനത്തിന്റെ സാംസ്കാരിക രാഷ്ട്രീയം ചര്‍ച്ചാവിഷയമായി വരുന്ന അത്തരമൊരു ഗ്രന്ഥം പതിനെട്ടാം നൂറ്റാണ്ടിലെ ന്യൂട്ടോണിയന്‍ വിപ്ലവത്തില്‍ അവസാനിക്കുന്നത് എന്തുകൊണ്ടാണ് എന്നാലോചിക്കാവുന്നതാണ്. പി ജി പരിഗണനക്കെടുക്കുന്ന വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ അഗാധമായ ചര്‍ച്ചകള്‍ക്ക് സാപേക്ഷതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും മറ്റും സന്ദര്‍ഭങ്ങള്‍ വഴിതുറക്കുന്നുണ്ട്. കാള്‍ പോപ്പറും പോള്‍ ഫെയറാ ബാന്റും തോമസ് മൂണ്‍ - ഉം ഉള്‍പ്പെടെയുള്ള ശാസ്ത്രദാര്‍ശനികര്‍ പങ്കുചേരുന്ന ഒരു വലിയ സംവാദമണ്ഡലവും ഈ വിഷയത്തില്‍ വികസിച്ചു വന്നിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ സത്യാത്മകതയെക്കുറിച്ചുള്ള അവകാശവാദങ്ങളെ വലിയ തോതില്‍ അടിയുലയ്ക്കുന്ന സംവാദമേഖലയാണത്. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെ അതിന്റെ സത്യാത്മകതയുടെ മാനദണ്ഡം കൂടിയായി പറഞ്ഞുവച്ചിരുന്ന ഒരു ചിന്താപാരമ്പര്യത്തിനുള്ളില്‍നിന്നുകൊണ്ട് ഈ സംവാദമേഖലയെ തൃപ്തികരമായി അഭിസംബോധന ചെയ്യാനാവില്ല. അതുകൊണ്ട് തന്റെ അന്വേഷണ വിഷയത്തോടും ചര്‍ച്ചാരീതിയോടും ഏറ്റവുമടുത്തു നില്‍ക്കുന്ന വൈജ്ഞാനിക സന്ദര്‍ഭങ്ങളാണെങ്കിലും ആ സംവാദലോകത്തെ ചലനങ്ങളുടെ സൂക്ഷ്മാംശങ്ങളില്‍ വരെ താന്‍ നിഷ്ണാതനാണെങ്കിലും പി ജി വൈജ്ഞാനിക വിപ്ലവത്തിന്റെ സാംസ്കാരിക ചരിത്രത്തെ അവിടേക്ക് ആനയിക്കുകയുണ്ടായില്ല. ന്യൂട്ടോണിയന്‍ വിപ്ലവത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ ഗ്രന്ഥം അവസാനിപ്പിച്ച് കെ ദാമോദരന്റെ ജീവചരിത്രത്തിലേക്കും ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിലേക്കും തുടര്‍ന്നുള്ള രചനാശ്രമങ്ങളെ അദ്ദേഹം വഴിതിരിച്ചുവിട്ടു. പ്രസ്ഥാനത്തിന്റെ വീക്ഷണ ഭദ്രതയാണ്് തന്റെ ഗ്രന്ഥത്തിന്റെ വൈജ്ഞാനിക ഭദ്രതയേക്കാള്‍ പ്രധാനമെന്ന് അദ്ദേഹം കരുതിയിരിക്കണം. ഇങ്ങനെ, മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയെ സര്‍ഗാത്മകമായ പുനഃക്രമീകരണത്തിന്റെ വഴികളിലേക്ക് ആനയിക്കാനാണ് പി ജി പണിപ്പെട്ടത്. ആ വഴികളിലൂടെ കൂടുതല്‍ സര്‍ഗാത്മകവും ധീരവുമായ അന്വേഷണങ്ങളിലേക്ക് നടന്നുനീങ്ങാന്‍ നമ്മുടെ ചിന്താപാരമ്പര്യത്തിന് കഴിയുമോ എന്നത് ഭാവിയില്‍ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു.

പിന്‍കുറിപ്പ്: എന്റെ ആദ്യ കൃതിയായ "അധിനിവേശവും ആധുനികതയും" പ്രകാശനം ചെയ്തത് പി ജി ആയിരുന്നു; 1999-ല്‍. അന്ന് പി ജി കെഎസ്എഫ് ഡിസിയുടെ ചെയര്‍മാനാണ്. പറവൂരിലെ ഒരു സ്കൂള്‍ഹാളില്‍ നടന്ന പ്രകാശന ചടങ്ങിനുശേഷം പറവൂര്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലിരുന്നാണ് പി ജി ഭക്ഷണംകഴിച്ചത്്. വീട്ടില്‍നിന്നുകൊണ്ടുവന്ന ലളിതമായ ഭക്ഷണത്തെയും പി ജി ഉദാരമായി പ്രശംസിച്ചു. ആലുവയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാത്രി പന്ത്രണ്ടു മണിയോടടുത്താണ്. "അല്പനേരം കിടക്കാം" എന്നുപറഞ്ഞ് പി ജി യൂണിയനാഫീസിലെ മേശപ്പുറത്ത് കയറിക്കിടന്നു. ഒരു മണിക്കൂറിലേറെ നേരം അദ്ദേഹം ആ മരപ്പലകയില്‍ കിടന്ന് സുഖമായി ഉറങ്ങി. പതിനൊന്ന് മണിയോടെ ഞങ്ങള്‍ ആലുവയിലേക്ക് പുറപ്പെടുകയുംചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ച ഏറ്റവും വലിയ ധൈഷണികരിലൊരാളാണ് പറവൂര്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ മേശപ്പുറത്ത് മരിപ്പലകയില്‍ കിടന്നുറങ്ങിയതെന്ന് അപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല!

പ്രിയ സഖാവേ; ലാല്‍സലാം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നതിനു ശേഷമുള്ള പരിശീലന ക്ലാസുകളിലൊന്നില്‍ വച്ചാണ് ഭൂപട വിജ്ഞാനീയത്തിന്റെ (cartography) രാഷ്ട്രീയത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. പി ജിയാണ് അന്ന് ക്ലാസ് എടുത്തിരുന്നത്. ഗോളാകാരമാര്‍ന്ന ഭൂമിയെ പരന്ന പ്രതലത്തില്‍ പകര്‍ത്താന്‍ ചരിത്രത്തില്‍ നടന്ന പലതരം ശ്രമങ്ങളെക്കുറിച്ചും ഏറ്റവുമൊടുവിലുണ്ടായ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെക്കുറിച്ചും പി ജി വിശദീകരിച്ചു. കോളനീകരണത്തിന്റെ രാഷ്ട്രീയയുക്തികളുടെ സാധൂകരണം കൂടിയാണ് നാം കണ്ടുവരുന്ന ഭൂപടങ്ങള്‍ എന്ന് പി ജി വിശദീകരിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് യൂറോപ്പ് ഭൂഖണ്ഡത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നത്? എന്തുകൊണ്ടാണ് വടക്കുഭാഗം മുകളിലായി വേണം ഭൂപടം ചുമരില്‍ തൂക്കിയിടാന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടത്? ഓരോ ചോദ്യത്തിന്റെ ഉത്തരത്തിലും ചരിത്രവും ലോകരാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങളും കൈകോര്‍ത്തുനിന്നു. അറിവ് അതില്‍ത്തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.