Wednesday, December 26, 2012

സൂസന പോരാട്ടം തുടരുകയാണ്

തിരോധാനം ചെയ്യപ്പെട്ട പെണ്‍മക്കളുള്ള എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ് സൂസന ട്രിമാര്‍കോയുടെ പോരാട്ടം. വ്യഭിചാരശാലകളുടെ ഇരുണ്ട അകത്തളങ്ങളില്‍ ലൈംഗിക അടിമകളായി തള്ളപ്പെട്ട നൂറുകണക്കിന് പെണ്‍കുട്ടികളെ രക്ഷിച്ച ഈ അര്‍ജന്റീനക്കാരിക്ക് ഇനിയും പോരാടാതെ വയ്യ. 10 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഏക മകളുടെ മുഖമാണ് പെണ്‍വാണിഭക്കാരുടെ പിടിയിലകപ്പെട്ട എല്ലാ പെണ്‍കുട്ടികളിലും ഈ 58കാരി കാണുന്നത്. ഇപ്പോള്‍ നിയമയുദ്ധത്തില്‍, പകല്‍ പോലെ തെളിഞ്ഞ തെളിവുകള്‍ക്ക് മുന്നില്‍ നീതിപീഠം കണ്ണടയ്ക്കുമ്പോള്‍ സൂസനയുടെ പോരാട്ടത്തിന് വീര്യമേറുകയാണ്. അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്നര്‍ മുതല്‍ അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമ വരെയുണ്ട് സൂസനയ്ക്ക് ഐക്യദാര്‍ഢ്യവുമായി.

സൂസനയുടെ മകള്‍ മാരിറ്റ വെറോണ്‍ എന്ന മരിയ ഡി ലോസ് ആഞ്ചലസിന്റെ തിരോധാനത്തിന് വരുന്ന ഏപ്രില്‍ മൂന്നിന് 11 വര്‍ഷം തികയും. കവിതകള്‍ സ്വപ്നം കണ്ടും കലകളെ പ്രണയിച്ചും മകളോടൊപ്പം കളിച്ചുമെല്ലാം ജീവിതം വര്‍ണാഭമാക്കിയ മാരിറ്റയ്ക്ക് കാണാതാകുമ്പോള്‍ 23 വയസ്സായിരുന്നു. മകള്‍ മികേലയ്ക്ക് അന്ന് മൂന്നുവയസ്സ്. രാവിലെ ഡോക്ടറെ കാണാന്‍ പോയ മാരിറ്റ തിരിച്ചുവന്നില്ല. തുടര്‍ന്ന് സൂസന നടത്തിയ നിരന്തര അന്വേഷണമാണ് വ്യഭിചാരകേന്ദ്രങ്ങളിലെ ലൈംഗിക അടിമകളുടെ നടുക്കുന്ന അനുഭവങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ചില രാഷ്ട്രീയക്കാരുടെയും ജഡ്ജിമാരുടെയും പൊലീസിന്റെയും ഒക്കെ ഒത്താശയോടെ നടന്നുവന്ന പെണ്‍വാണിഭം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവന്നതിനും പ്രേരണയായത് സൂസനയുടെ ഇടപെടലാണ്.

തുകുമാന്‍ പ്രവിശ്യയിലെ വീടിനടുത്ത് നിന്നാണ് മാരിറ്റ തട്ടിക്കൊണ്ടുപോകപ്പെട്ടത്. ലാ റയോജയിലെ ഒരു വ്യഭിചാരശാലയില്‍ മാരിറ്റയെ കണ്ടതായി ഒരു ലൈംഗികത്തൊഴിലാളി പറഞ്ഞതനുസരിച്ച് സൂസനയും ഭര്‍ത്താവ് ഡാനിയല്‍ വെറോണും വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പലവട്ടം കണ്ട് അപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വ്യഭിചാരകേന്ദ്രത്തില്‍ റെയ്ഡ് നടത്താന്‍ അനുമതി വൈകിച്ച് ജഡ്ജിയും അധോലോകബന്ധം തെളിയിച്ചു. ഒടുവില്‍ അനുമതി നേടി പൊലീസ് സംഘവുമായി സൂസന അവിടെ എത്തിയപ്പോള്‍ കെണിയിലകപ്പെട്ട് അവിടെ എത്തിയ നിരവധി പെണ്‍കുട്ടികളെ കണ്ടു. സൂസന പൊലീസുമായി എത്തുന്നതിന് തൊട്ടുമുമ്പാണ് മാരിറ്റയെ അവിടെനിന്ന് മാറ്റിയതെന്ന് സൂസന രക്ഷിച്ച ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ ചിത്രം വ്യക്തമായി.

പൊലീസിനെയും ജഡ്ജിമാരെയും വിശ്വസിക്കാനാകില്ലെന്നുവന്നതോടെ പിന്നീട് മകളെ തെരഞ്ഞ് സൂസന നടത്തിയ പല യാത്രകളും ഒറ്റയ്ക്കായിരുന്നു. ലൈംഗികത്തൊഴിലാളിയായും വ്യഭിചാരകേന്ദ്ര നടത്തിപ്പുകാരിയായും കൂട്ടിക്കൊടുപ്പുകാരിയായുമൊക്കെ പല വേഷത്തില്‍ സൂസന വ്യഭിചാരശാലകളും ബാറുകളുടെ മറവിലുള്ള പെണ്‍വാണിഭകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഇത്തരം യാത്രകളാണ് ഇരുനൂറില്‍പരം യുവതികളെ രക്ഷിച്ചത്. സൂസനയുടെ ഇടപെടലിന്റെ ഫലമായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സേന 3000ല്‍പരം പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. മാരിറ്റയുടെപേരില്‍ സൂസന രൂപീകരിച്ച ഫൗണ്ടേഷന്‍ 900ഓളം പെണ്‍കുട്ടികളെയും സ്ത്രീകളെയും പെണ്‍വാണിഭസംഘങ്ങളില്‍നിന്ന് രക്ഷിച്ചതിനുപുറമെയാണിത്. ഇവരെ പുനരധിവസിപ്പിക്കാനും സൂസന നേതൃത്വം നല്‍കുന്നു.

തന്റെയും മാരിറ്റയുടെയും വീടുകളും രണ്ട് കാറുകളും അടക്കം സമ്പത്തില്‍ നല്ല പങ്കും മകളെ തെരഞ്ഞുള്ള അന്വേഷണത്തിന്റെ ചെലവിനായി സൂസനയ്ക്ക് വില്‍ക്കേണ്ടിവന്നു. എന്നാല്‍, ശക്തരായ പെണ്‍വാണിഭസംഘങ്ങള്‍ക്കെതിരെ സൂസന ആരംഭിച്ച ഒറ്റയാള്‍പ്രസ്ഥാനം ഇന്ന് ഒരു മഹാപ്രസ്ഥാനമാണ്. ഏതെങ്കിലും പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകപ്പെട്ടാല്‍ അവളുടെ അമ്മ ഇപ്പോള്‍ ആദ്യം അറിയിക്കുന്നത് സൂസനയെയാണ്. പെണ്‍വാണിഭസംഘങ്ങളുടെ നോട്ടപ്പുള്ളിയായ സൂസനയെ മൂന്നാലുതവണ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമമുണ്ടായി. അര്‍ജന്റീനയ്ക്ക് പുറമെ അമേരിക്ക, കനഡ തുടങ്ങിയ രാജ്യങ്ങളും ഔദ്യോഗിക ബഹുമതികള്‍ നല്‍കി. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

*
എ ശ്യാം ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: