Monday, December 17, 2012

നിറക്കാഴ്ചകളുടെ ലോകജാലകം

കൊച്ചിയുടെ പൗരാണിക മുഖം സൂക്ഷിക്കുന്ന പത്തോളം വേദികളിലാണ് ബിനാലെയുടെ കാഴ്ചകള്‍. ആസ്വാദകന്റെ സങ്കല്‍പ്പങ്ങളെയും കാഴ്ചയെയും തകിടംമറിക്കുന്ന കൂറ്റന്‍ ഇന്‍സ്റ്റലേഷനുകള്‍, ചിത്രങ്ങള്‍, വീഡിയോ ആര്‍ട്ടുകള്‍ എന്നിവയാണ് ഇവിടെ പൂര്‍ത്തിയായിട്ടുള്ളത്. 27 വിദേശരാജ്യങ്ങളില്‍നിന്നുള്ളവരുള്‍പ്പടെ 83 കലാകാരന്മാര്‍ മാസങ്ങള്‍നീണ്ട വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ ബിനാലെയില്‍ സൃഷ്ടികളൊരുക്കിയിരിക്കുന്നു. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള 44 കലാകാരന്മാരില്‍ 22 പേര്‍ മലയാളികള്‍

മറ്റൊരു കാര്‍ണിവല്‍ തിളപ്പിലാണ് കൊച്ചി. കോളനി വാഴ്ചയുടെ ശേഷിപ്പുകളായ പാണ്ടികശാലകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും വാസസ്ഥലങ്ങള്‍ക്കുമിടയില്‍ ഇടുങ്ങിപ്പോയ തെരുവില്‍ പതിവുപോലെ ഓട്ടോറിക്ഷകളുടെ കിതച്ചോട്ടം. കച്ചവടക്കാരന്‍ അബ്ദുള്‍ അസീസിന്റെ പഴക്കടയുടെ ചുമരില്‍ ഓസ്ട്രേലിയക്കാരന്‍ ദാനിയേല്‍ കൊണോലി വരച്ചുതീര്‍ത്ത "ലുക് ബാക്ക്". രണ്ടു നൂറ്റാണ്ടിന്റെ പ്രായം മറച്ചുപിടിച്ച ആസ്പിന്‍വാള്‍ ഹൗസിന്റെ കവാടത്തിലേക്ക് വിരല്‍ചൂണ്ടി സ്വീഡിഷ് കലാകാരന്മാരായ മായാ ഹോട്ടോരെക്കും ലൂയിസ് വെര്‍ഡറും കോറിയിട്ട കൂറ്റന്‍ ചുവരലങ്കാരം. ചിത്രക്കാഴ്ചകള്‍ക്ക് വേദിയാകുന്ന കാശി ആര്‍ട്ട് ഗ്യാലറിയുടെ മതില്‍നിറച്ച് കായല്‍പ്പരപ്പില്‍ പോക്കുവെയില്‍ വരച്ചിട്ടതുപോലെ നിറക്കാഴ്ചകള്‍. ലന്തക്കാരുടെയും പറങ്കികളുടെയും പടക്കോപ്പുകള്‍ പേറിയ പരേഡ് ഗ്രൗണ്ടില്‍ കലാവതരണങ്ങളുടെ രാപ്പകലുകള്‍. പുതുവര്‍ഷത്തിലെ കൊച്ചിന്‍ കാര്‍ണിവലിന് ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തുറമുഖനഗരം പുതുമോടിയണിയുന്നത് രാജ്യത്തെ ആദ്യ സമകാലിക കലാമാമാങ്കമായ കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് വേദി പണിതുകൊണ്ടാണ്.
 
ഇനിയൊരു നൂറ്റാണ്ടുകൂടി കാത്തിരുന്നാല്‍മാത്രം വന്നണയുന്ന 12/12/12നെ കൊച്ചി അടയാളപ്പെടുത്തിയത് രാജ്യത്തെ ആദ്യ ബിനാലെയ്ക്ക് തിരിതെളിച്ചുകൊണ്ടാണ്. ബിനാലെ എന്നാല്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമകാലിക കലയുടെ ഒളിമ്പിക്സ് എന്നര്‍ഥം. 13/03/13 വരെ മൂന്നുമാസം നീളുന്ന കലാ മാമാങ്കത്തിന് വേദിയൊരുക്കി വെനീസ്, ലിവര്‍പൂള്‍, ബര്‍ലിന്‍, ദാക്കര്‍ തുടങ്ങിയ ലോകത്തെ നൂറോളം ബിനാലെ നഗരങ്ങള്‍ക്കൊപ്പം ഇനി കൊച്ചിയും. കൊച്ചിയുടെ പൗരാണിക മുഖം സൂക്ഷിക്കുന്ന പത്തോളം വേദികളിലാണ് ഇന്ത്യന്‍ ബിനാലെയുടെ കാഴ്ചകള്‍. ആസ്വാദകന്റെ സങ്കല്‍പ്പങ്ങളെയും കാഴ്ചയെയും തകിടംമറിക്കുന്ന കൂറ്റന്‍ ഇന്‍സ്റ്റലേഷനുകള്‍, ചിത്രങ്ങള്‍, വീഡിയോ ആര്‍ട്ടുകള്‍ എന്നിവയാണ് ഇവിടെ പൂര്‍ത്തിയായിട്ടുള്ളത്. 27 വിദേശരാജ്യങ്ങളില്‍നിന്നുള്ളവരുള്‍പ്പെടെ 83 കലാകാരന്മാര്‍ മാസങ്ങള്‍നീണ്ട വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലൂടെ ബിനാലെയില്‍ സൃഷ്ടികളൊരുക്കിയിരിക്കുന്നു. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള 44 കലാകാരന്മാരില്‍ 22 പേര്‍ മലയാളികള്‍. ബ്രിട്ടീഷ് വാഴ്ചക്കാലത്തേക്ക് തലനീട്ടി നില്‍ക്കുന്ന ആസ്പിന്‍വാള്‍ ഹൗസില്‍നിന്ന് കടല്‍ക്കാറ്റിലേക്ക് തുറക്കുന്ന വാതിലുകളിലൂടെ വെയിലിലുണങ്ങിയ മലഞ്ചരക്കുകളുടെ ഗന്ധമല്ല ഒഴുകിയെത്തുന്നത്. ലോകോത്തര കലകളുടെ പാണ്ടികശാലയായി രൂപംമാറിയ ഇവിടമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന വേദി.

ആസ്പിന്‍വാള്‍ ഹൗസിന്റെ നടുമുറ്റത്ത് പച്ചമുള കീറി വളച്ചുകെട്ടിയുണ്ടാക്കിയ കൂറ്റന്‍ രൂപം ചുറ്റുമുള്ള തെങ്ങുകളില്‍ ഞാത്തിയുയര്‍ത്തുകയാണ് കര്‍ണാടകക്കാരന്‍ ശ്രീനിവാസ് പ്രസാദ്. പ്രധാന വേദിയിലെ കാഴ്ചവിരുന്ന് ഇവിടെ തുടങ്ങുന്നു. കായലിനോടു ചേര്‍ന്നുള്ള ബ്ലോക്കില്‍ ഇടത്തോട്ട് തിരിയുന്ന ഭാഗത്ത് നീളന്‍ ജുബ്ബായ്ക്കുള്ളില്‍ നിറചിരിയോടെ ലോകപ്രശസ്ത ചിത്ര-ശില്‍പ്പകാരന്‍ വിവാന്‍ സുന്ദരം. പട്ടണത്ത് കുഴിച്ചെടുത്ത കളിമണ്‍ കഷണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ സൃഷ്ടിയെ വിവാന്‍ കറുത്ത പൊന്ന് എന്നുവിളിക്കുന്നു. ദീര്‍ഘചതുരാകൃതിയില്‍ വിന്യസിച്ച ഈ ശില്‍പ്പം തകര്‍ന്നടിഞ്ഞ ഏതോ പൗരാണിക നഗരത്തിന്റെ ആകാശക്കാഴ്ചപോലെ. ക്രോമാ എഡിറ്റിങ് എന്ന സങ്കേതത്തിലൂടെ തയ്യാറാക്കിയ ഒരു വീഡിയോ ആര്‍ട്ടും ഇതോടൊപ്പമുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് മണ്ണടരുകളില്‍ മറഞ്ഞ മുസിരിസിലൂടെ കൊച്ചി പിന്‍പറ്റിയ ജീവിതവും സംസ്കാരവുംതന്നെയാണ് "കറുത്തപൊന്നി"ന്റെ ജീവന്‍. ആസ്പിന്‍വാള്‍ ഹൗസിനു പിന്നില്‍ കായലിലേക്ക് ഇറക്കിപ്പണിത ജെട്ടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന നൂറ്റമ്പതോളം ഉരലുകള്‍ ആസ്വാദകന്റെ കാഴ്ചയില്‍ കനം തൂക്കും. ചതുരവടിവില്‍ കൊത്തിയ കരിങ്കല്‍ ഉരലുകളില്‍ പോയകാലത്തിന്റെ ജീവിതഗന്ധം പേറി ഒരുപാട് വിരല്‍പ്പാടുകള്‍. കര്‍ണാടകക്കാരി ഷീല ഗൗഡയും സ്വിറ്റ്സര്‍ലന്‍ഡുകാരി ക്രിസ്റ്റോഫ് സ്ട്രോസും ചേര്‍ന്ന് സ്ഥാപിച്ച ഇന്‍സ്റ്റലേഷന് സ്റ്റോപ്പോവര്‍ എന്നു പേര്. കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്നാണ് ഈ ഉരലുകള്‍ ശേഖരിച്ചുകൊണ്ടുവന്നത്.                             

ബിഹാറുകാരനായ സുബോധ് ഗുപ്തയുടെ ഇന്‍സ്റ്റലേഷന്‍ ദുരിതത്തിരകള്‍ക്കു നടുവില്‍ ഉലഞ്ഞുകൊണ്ടേയിരിക്കുന്ന ശരാശരി ഇന്ത്യന്‍ ജീവിതാവസ്ഥയെക്കുറിച്ചുള്ളതാണ്. കാഴ്ചക്കാരന്റെ തലയ്ക്കുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ വള്ളം. അതിനുള്ളില്‍ ചങ്ങലയും കയറുമിട്ട് വരിഞ്ഞ നിലയില്‍ സാധാരണക്കാരന്റെ ജീവിത സമ്പാദ്യങ്ങളായ ചട്ടി, കലം, പെട്രോ മാക്സ്, ടിവി, സൈക്കിള്‍, ഇരുമ്പുപെട്ടികള്‍, അലമാര, പഴഞ്ചന്‍ ഫ്രിഡ്ജ് തുടങ്ങി ചാരുകസേരയും ടേബിള്‍ ഫാനും ടൈംപീസുംവരെ. കുമ്പളങ്ങിയില്‍നിന്നു വാങ്ങിയ കൂറ്റന്‍ വള്ളത്തെ ആസ്പിന്‍വാള്‍ ഹൗസിനുള്ളില്‍ താല്‍ക്കാലികമായി പണിതുയര്‍ത്തിയ ഉരുക്കുകാലിലാണ് കെട്ടിയുയര്‍ത്തിയിട്ടുള്ളത്. കണ്ണൂര്‍ പാട്യം സ്വദേശി വത്സന്‍ കൂര്‍മ കൊല്ലേരി, ബംഗളൂരുകാരന്‍ എല്‍ എന്‍ തല്ലൂര്‍ എന്നിവരുടെയും ശില്‍പ്പങ്ങള്‍ ഇവിടെ കാണാം. മുംബൈക്കാരന്‍ അതുല്‍ ദോദിയ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചുള്ള സൃഷ്ടിയാണ് തയ്യാറാക്കിയിടുള്ളത്. ഇതില്‍ കൊച്ചി-മുസിരിസ് ബിനാലെ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരിയും പാരിസ് വിശ്വനാഥനും എം എഫ് ഹുസൈനും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുമൊക്കെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പകര്‍ത്തിയതും ശേഖരിച്ചതുമായ 231 ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ഓസ്ട്രേലിയയില്‍നിന്നുള്ള ഡിലന്‍ മാര്‍ടോറെല്‍ തയ്യാറാക്കുന്ന റോബോട്ട് ഡ്രംസ് ആസ്പിന്‍വാള്‍ ഹൗസ് പരിസരത്തുനിന്നു ശേഖരിച്ച ചവറുകള്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷനാണ്. ജലതരംഗമെന്ന സംഗീതോപകരണവും ഇതോടൊപ്പം ചേരുന്നു. ആസ്പിന്‍വാള്‍ ഹൗസിന്റെ മുകള്‍ത്തട്ടിലെ കുടുസ്സുമുറിയിലാണ് ഡല്‍ഹിക്കാരി രോഹിണി ദേവഷേറിന്റെ വീഡിയോ ഇന്‍സ്റ്റലേഷന്‍. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള ലഡാക്കില്‍നിന്നു പകര്‍ത്തിയ ചിത്രങ്ങള്‍ ആകാശത്തെ നക്ഷത്ര ക്കാഴ്ചയെന്നപോലെ അനുഭവിപ്പിക്കുന്നു. ജീവിതവും ജലവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഇന്‍സ്റ്റലേഷനാണ് മുംബൈയില്‍നിന്നുള്ള ശ്രേയസ് കര്‍ളെ ആസ്പിന്‍വാള്‍ ഹൗസിനു പുറത്ത് ഒരുക്കുന്നത്. ലോക പ്രശസ്ത മലയാളി ചിത്രകാരനായ പാരീസ് വിശ്വനാഥന്‍ 1976ല്‍ തയ്യാറാക്കിയ സാന്‍ഡ് എന്ന ശില്‍പ്പത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ബിനാലെ വേദിയില്‍ തയ്യാറാക്കിയത്.

രാജ്യത്തെ വിവിധ തീരപ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച മണ്ണാണ് ഈ സൃഷ്ടിയുടെ കാതല്‍. ഓരോ നാടിന്റെയും സാംസ്കാരവും ചരിത്രവും മിത്തും പരിഗണിച്ചാണ് മണ്ണ് ശേഖരിച്ചത്. ദ്വാരക, പോര്‍ബന്തര്‍, ദണ്ഡി, സോമനാഥ്, മുംബൈ, കന്യാകുമാരി, പോണ്ടിച്ചേരി, ചെന്നൈ, കേരളത്തില്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മണ്ണ് ഇങ്ങനെ ശേഖരിച്ചു. 17 ചതുരക്കള്ളികളിലായി നിരത്തിയാണ് ആദ്യം സാന്‍ഡ് പ്രദര്‍ശിപ്പിച്ചത്. ചതുരങ്ങളുടെ സ്ഥാനംമാറ്റിയാണ് ബിനാലെയില്‍ പാരിസ് വിശ്വനാഥന്‍ സാന്‍ഡ് നിരത്തുന്നത്. ദണ്ഡിയെ സൂചിപ്പിക്കുന്ന ചതുരം മധ്യത്തില്‍. അതിനുചുറ്റും മറ്റുള്ളവ. ഫോര്‍ട്ടുകൊച്ചിക്കും ബാസാര്‍ റോഡിനുമിടയില്‍ കല്‍വത്തി റോഡിലെ ഡച്ച് വാസ്തുമന്ദിരമായ പെപ്പര്‍ ഹൗസാണ് മറ്റൊരു ബിനാലെ വേദി. മലയാളി ചിത്രകാരന്‍ കെ പി റെജി ഒരുക്കിയ കൂറ്റന്‍ ചിത്രമാണ് പ്രധാന ആകര്‍ഷണം. കല്‍വത്തി കനാല്‍ ബോട്ട് ഡോക്കിലാണ് പോര്‍ട്ടുഗീസ് കലാകാരന്‍ റീഗോ 23 കൊച്ചിയുടെ കാപ്പിരിക്കഥയെ ആസ്പദമാക്കിയുള്ള ഇന്‍സ്റ്റലേഷന്‍ ഒരുക്കുന്നത്. 14 വേദിയാണ് ബിനാലെയ്ക്കുള്ളത്. ദര്‍ബാര്‍ഹാള്‍, കാശി ആര്‍ട്ട് ഗ്യാലറി, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കൊച്ചിന്‍ ക്ലബ്, റോസ് സ്ട്രീറ്റ് ബംഗ്ലാവ് എന്നിങ്ങനെ തുറമുഖ നഗരത്തിന്റെ ചുറ്റോടുചുറ്റമുള്ള വേദികളിലെല്ലാം ലോക സമകാലിക കലയുടെ വിസ്മയങ്ങള്‍ വിടരുകയാണ്.

അഫ്ഗാനില്‍നിന്നുള്ള ഏരിയല്‍ ഹസന്‍, അമാനുള്ള മൊജാദിദി, ഇറാനില്‍നിന്നെത്തിയ ഹൊസൈന്‍ വൊലമനേഷ്, ഇറാഖുകാരന്‍ ജോസഫ് സെമാ, ബ്രസീലുകാരന്‍ ഏണസ്റ്റോ നെറ്റോ, മലയാളിയായ ശോശ ജോസഫ് എന്നിവരുടെ സൃഷ്ടികള്‍ ഇവിടങ്ങളില്‍ ഒരുങ്ങുന്നു. പലവിധ വിവാദങ്ങളെയും എതിര്‍പ്പുകളെയും നേരിട്ടാണ് ആദ്യ ഇന്ത്യന്‍ ബിനാലെ യാഥാര്‍ഥ്യമായത്. ബിനാലെ നടത്തിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പ്രദര്‍ശനവേദികളില്‍ പ്രതിഫലിച്ചു. നിശ്ചിതസമയത്തിനുള്ളില്‍ എല്ലാ വേദികളെയും പൂര്‍ണ സജ്ജമാക്കാന്‍ ഇതുമൂലം കഴിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് തടഞ്ഞതും ബിനാലെ ഫൗണ്ടേഷനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നതുമെല്ലാം പ്രതികൂലാവസ്ഥയുണ്ടാക്കി. കസ്റ്റംസിലും മറ്റും പ്രതിബന്ധങ്ങളുണ്ടായതിനാല്‍ വിദേശ കലാകാരന്മാരുടെ സൃഷ്ടികളും സൃഷ്ടിക്കാവശ്യമായ സാധനങ്ങളും എത്തിച്ചേരുന്നതില്‍ കാലതാമസമുണ്ടായി. ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് ബിനാലെ വേദികള്‍ പൂര്‍ണ സജ്ജമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഗോതുരുത്ത്, മതിലകം തുടങ്ങിയ സ്ഥലങ്ങളിലും ബിനാലെയുടെ അനുബന്ധ പദ്ധതികള്‍ നടക്കുന്നുണ്ട്. ഗോതുരുത്തില്‍ ചിവിട്ടുനാടകാചാര്യന്‍ ചിന്നത്തമ്പി അണ്ണാവിയുടെ ശില്‍പ്പത്തിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ചിലപ്പതികാരവുമായി ബന്ധപ്പെട്ട് മതിലകത്ത് ഇളങ്കോവടികളുടെയും അഴീക്കോട് ബീച്ചില്‍ കണ്ണകിയുടെയും ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നു. ഈ വര്‍ഷത്തെ കൊച്ചിന്‍ കാര്‍ണിവല്‍ കൊച്ചി ബിനാലെയുമായി സഹകരിച്ചാണ് നടത്തുന്നത്. ബിനാലെ അവസാനിക്കുന്നതുവരെയുള്ള മൂന്നുമാസം വിവിധ കേന്ദ്രങ്ങളിലായി ഗസല്‍സന്ധ്യ, ചലച്ചിത്ര പ്രദര്‍ശനം, നാടകാവതരണം, ചവിട്ടുനാടകം ഫെസ്റ്റിവല്‍ തുടങ്ങിയ കലാവതരണവും നടക്കുന്നുണ്ട്.

*
എം എസ് അശോകന്‍ ദേശാഭിമാനി

No comments: