Saturday, December 29, 2012

സര്‍ഗാത്മകതയുടെ ദീപനാളം

47-ാമത് ജ്ഞാനപീഠ പുരസ്കാരം ഒറിയ എഴുത്തുകാരിയായ ഡോ. പ്രതിഭ റേയെ തേടിയെത്തുമ്പോള്‍ ആദരിക്കപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ കഥാഖ്യാന പാരമ്പര്യംകൂടിയാണ്. ആദികവി സരളാദാസ്, അതിവാദി ജഗന്നാഥദാസ്, മഹാത്മാക്കളായ ഭീമാ ഭോയ്, ഫക്കീര്‍മോഹന്‍ സേനാപതി, ഒഡിഷ എക്കാലവും ഓര്‍മിക്കുന്ന മികച്ച നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ ഗോപിനാഥ് മൊഹന്തി, കാനുചരണ്‍ മൊഹന്തി, സുരേന്ദ്ര മൊഹന്തി, എന്നിവര്‍ കൊളുത്തിയ ദീപനാളമാണ് പ്രതിഭ കെടാതെ കാത്തുസൂക്ഷിച്ചത്. മാത്രമല്ല, ആ നാളത്തെ കൂടുതല്‍ ചൈതന്യവത്താക്കുകയുംചെയ്തു. അല്‍ക്കാ നദിയുടെ തീരത്തുനിന്ന് ഇന്ത്യന്‍ സാഹിത്യത്തിലെ മഹാരഥികളുടെ ഇടയിലേക്കാണ് പ്രതിഭ നടന്നുകയറിയത്.

""എഴുത്തുകാര്‍ പൊതുവേ സ്വപ്നദര്‍ശികളാണ്. എന്നാല്‍, ഈ സ്വപ്നങ്ങള്‍ എവിടെനിന്നും പൊട്ടിമുളയ്ക്കുന്നതല്ല. നമ്മുടെ സംസ്കാരത്തിന്റെ ആഴങ്ങളില്‍നിന്നാണ് ഈ സ്വപ്നങ്ങളുണ്ടാകുന്നത്. സര്‍ഗാത്മകതയുടെ വിത്തുകള്‍ മുളയ്ക്കുന്നത് സ്വപ്നങ്ങളില്‍നിന്നാണ്. എഴുത്തുകാര്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിലാണ് അവ വളരുന്നത്. എന്നാല്‍, വളര്‍ന്നു വലുതായ സര്‍ഗാത്മക വൃക്ഷം പ്രപഞ്ചത്തിന്റെ ആകാശത്തിലേക്കാണ് ശാഖകള്‍ നീട്ടുന്നത്. ഭാഷ പ്രാദേശികമാണെങ്കിലും മഹത്തായ സൃഷ്ടികള്‍ ഈ ലോകത്തിന്റേതാണ്""- 2004ല്‍ നടന്ന സാര്‍ക് റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ പ്രതിഭ പറഞ്ഞ ഈ വാക്കുകള്‍ അവരുടെ സാഹിത്യദര്‍ശനത്തെകൂടിയാണ് അടയാളപ്പെടുത്തുന്നത്.

ആദിഭൂമി, ഉത്തര്‍മാര്‍ഗ്, യജ്ഞസേനി, ശിലാപത്മ, സമുദ്രസ്വര, നിലാതൃഷ്ണ, മേഘമേദുര, ആരണ്യ, അപരിചിത തുടങ്ങി നാല്‍പ്പതോളം നോവലുകളും നിരവധി കഥാസമാഹാരങ്ങളും രചിച്ചിട്ടുള്ള പ്രതിഭയുടെ മാസ്റ്റര്‍പീസായി ലോകം വിലയിരുത്തുന്നത് "ദ്രൗപദി"യാണ്. മറ്റ് പല കൃതികളിലുമെന്നപോലെ ഭാരതീയ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളാണ് "ദ്രൗപദി" (യജ്ഞസേനി)യിലും ചര്‍ച്ചചെയ്യുന്നത്. "ദ്രൗപദി" പേര് സൂചിപ്പിക്കുന്നതുപോലെ പാണ്ഡവ പത്നിയുടെമാത്രം കഥയല്ല. കൃഷ്ണനും ദ്രൗപദിക്കും അര്‍ജുനും കര്‍ണനും ഈ നോവലില്‍ തുല്യ പ്രാധാന്യമുണ്ട്. മഹാഭാരതത്തിലെ വസ്തുതകളും സ്വന്തം ഭാവനയും കോര്‍ത്തിണക്കി ഈ നാലുപേര്‍ തമ്മിലുള്ള സവിശേഷബന്ധം ഇതള്‍വിടര്‍ത്തുകയാണ് പ്രതിഭ ഈ നോവലിലൂടെ ചെയ്യുന്നത്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ മരണാസന്നയായി കിടക്കുന്ന കൃഷ്ണ കൃഷ്ണനോട് തന്റെ ഭൂതകാലം വിവരിക്കുന്ന രീതിയിലാണ് ആഖ്യാനം. കര്‍ണനോട് ദ്രൗപദിക്ക് തോന്നിയ അനുരാഗം പ്രതിഭ എന്ന നോവലിസ്റ്റിന്റെ ഭാവനയുടെ വിജയമാണ്. കര്‍ണന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് ആക്ഷേപിച്ച് സഹോദരന്‍ ഈ ബന്ധം തടഞ്ഞതോടെ സൂര്യപുത്രനോടുള്ള അനുരാഗം മറന്ന് അര്‍ജുനനെ പരിണയിക്കാന്‍ ദ്രൗപദി തയ്യാറാകുന്നു. എന്നാല്‍, അര്‍ജുന പത്നിയാവുന്നതോടെ ദ്രൗപദി മറ്റ് പാണ്ഡവരെയും വരിക്കാന്‍ നിര്‍ബന്ധിതയാകുന്നു. സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കുന്നതാണ് മഹത്വമെന്ന ആപ്തവാക്യത്തിന് ബലിയാടാവാനായിരുന്നു അവളുടെ വിധി. ഇതിഹാസമാനമുള്ള കഥാപാത്രങ്ങളുടെ വിചാര-വികാരങ്ങള്‍ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നതില്‍ "ദ്രൗപദി" കൈവരിച്ച വിജയമാണ് ഈ നോവലിനെ ഭാരതീയ സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാക്കി മാറ്റുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം രൂപപ്പെടുത്താന്‍ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും വെല്ലുവിളികളുമാണ് പ്രതിഭയെ ഈ പ്രമേയത്തിലേക്ക് ആകര്‍ഷിച്ചതെന്നു പറയാം. എഴുത്തുകാരിയെന്നതിനു പുറമെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകകൂടിയാണ് പ്രതിഭ റേ. ഒമ്പതു വയസ്സുള്ളപ്പോഴാണ് പ്രതിഭ എഴുത്തിലേക്ക് തിരിയുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രതിഭ കവിതകളെഴുതിയാണ് സാഹിത്യജീവിതം തുടങ്ങിയത്.

*
എം അഖില്‍ ദേശാഭിമാനി 29 ഡിസംബര്‍ 2012

No comments: