Friday, December 7, 2012

സമ്പന്നമായ ധൈഷണിക ജീവിതം

ഒടുവില്‍ കാണുമ്പോള്‍ വീട്ടിലെ മുന്‍വരാന്തയിലെ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു പി ജി. അടുത്ത് രണ്ടു കുട്ടികള്‍. ഏഷ്യാനെറ്റിലെ ട്രെയിനികളാണ്. ഒരാള്‍ പത്രം വായിച്ചുകൊടുക്കുന്നു. വാര്‍ത്തകള്‍ വായിച്ചുകേള്‍ക്കാന്‍ തുടങ്ങിയതോടെ അച്ഛന് ഉണര്‍വായെന്ന് മകള്‍ പാര്‍വതി. അല്ലെങ്കിലും വിവരങ്ങള്‍ അന്യമാകുന്ന കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സവിശേഷ ജീവിതമായിരുന്നുവല്ലോ പി ജിയുടേത്. ഇന്റര്‍നെറ്റിലെ സെര്‍ച്ച് എന്‍ജിനുകള്‍ തെരഞ്ഞാലും കിട്ടാത്ത ചില സവിശേഷ ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി ഇനിയാരെയാണ് സമീപിക്കുക? പുതിയ ചിന്തയുടെ പുസ്തകങ്ങള്‍ ഇറങ്ങുന്നതിന്റെ വിവരങ്ങള്‍ ആരില്‍നിന്നാണ് അറിയുക? എളുപ്പത്തില്‍ പകരംവയ്ക്കാന്‍ കഴിയാത്ത നഷ്ടമാണ് പി ജിയുടെ വിടവാങ്ങല്‍ സൃഷ്ടിച്ചത്.രോഗക്കിടക്കയില്‍നിന്നുള്ള ചെറിയ ഇടവേളയിലും അദ്ദേഹം സംസാരിച്ചത് പുതിയ പുസ്തകങ്ങളെക്കുറിച്ചാണ്. അതോടൊപ്പം ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചും ആവേശത്തോടെ സൂചിപ്പിച്ചു. തിരിച്ചുവരവിന്റെ തിളക്കം കണ്ണുകളില്‍ ഉണ്ടായിരുന്നതുപോലെ. പക്ഷേ അധികം വൈകാതെ പി ജി മടക്കമില്ലാതെ യാത്രയായി.

പി ഗോവിന്ദപ്പിള്ളയെന്ന പി ജിയെ ആദ്യം കാണുന്നത് എസ്എഫ്ഐയുടെ പഠന ക്ലാസില്‍ ദര്‍ശന അധ്യാപകന്റെ റോളിലാണ്. പറയുന്ന ഓരോ വാക്കും അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് അടര്‍ന്നുവീഴുന്നത്. ഏതു സംശയത്തിനും ഉത്തരം റെഡി. മനുഷ്യനെ സംബന്ധിച്ച ഒന്നും തനിക്ക് അന്യമല്ലെന്ന മാര്‍ക്സിന്റെ വാക്കുകള്‍ എല്ലാ തരത്തിലും ഇണങ്ങുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇ എം എസിനെപോലെ പി ജിയും എല്ലാ മേഖലകളിലും സജീവമായി ഇടപെടുകയും അവിടെയെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുംചെയ്തു. പി ജിയുടെ ജീവിതത്തെയും ദര്‍ശനത്തെയും ഏതെങ്കിലും പ്രത്യേകമണ്ഡലത്തിന്റെ ചതുരവടിവിനകത്ത് ഒതുക്കുക അസാധ്യമാണ്. ദര്‍ശനം, സാഹിത്യം, രാഷ്ട്രീയം എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും പരിണതപ്രജ്ഞനാണ് അദ്ദേഹം. ഏതൊരു പ്രശ്നത്തെയും പി ജി സമീപിക്കുമ്പോള്‍ അതിനു ദാര്‍ശനികമായ അടിത്തറയും രാഷ്ട്രീയമായ പരിപ്രേക്ഷ്യവും സാംസ്കാരികമായ സമീപനവും ഇഴചേര്‍ന്ന് വരുന്നതായി കാണാം. ഏതൊരു രാഷ്ട്രീയവിദ്യാര്‍ഥിക്കും സംശയനിവൃത്തിക്കായി സമീപിക്കുന്ന ആദ്യപേരാണ് പി ജിയുടേത്. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഇപ്പോഴും പല സംശയങ്ങള്‍ക്കും ഉത്തരം തേടി ഞാന്‍ പി ജിയെയാണ് സമീപിക്കാറുള്ളത്. മിക്കവാറും എല്ലാ കാര്യങ്ങള്‍ക്കും ശരിയായ മറുപടി ആ വിജ്ഞാനഭണ്ഡാരത്തില്‍നിന്നും ലഭിക്കുമെന്ന് ഉറപ്പ്. ഒരിക്കല്‍ മാത്രമാണ് കൃത്യമായ ഉത്തരം ലഭിക്കാതിരുന്നിട്ടുള്ളൂ. അത് ചെങ്കൊടിയുടെ ചരിത്രം എവിടെനിന്നു തുടങ്ങുന്നുവെന്ന ചോദ്യത്തിനായിരുന്നു. മറ്റാരില്‍നിന്നും അതിന് ഉത്തരം പിന്നീട് പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. ഇന്റര്‍നെറ്റിന്റെ വലകളില്‍ എത്ര തെരഞ്ഞിട്ടും വിശ്വസനീയമായ ഉത്തരം ലഭിച്ചുമില്ല. എന്നാല്‍, ഉത്തരം ലഭിക്കാവുന്ന അപൂര്‍വസാധ്യത എനിക്ക് പി ജി പറഞ്ഞുതന്നു. അത് സോവിയറ്റ് എന്‍സൈക്ലോപീഡിയയായിരുന്നു. കേരള സര്‍വകലാശാലയിലെ ലൈബ്രറിയില്‍ അതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറിയില്‍ എത്തിയപ്പോള്‍ അങ്ങനെയൊരു പുസ്തകം അവിടെയില്ലെന്ന് ലൈബ്രേറിയന്‍ ഉറപ്പിച്ചുപറഞ്ഞു. പക്ഷേ, അന്വേഷണത്തിനൊടുവില്‍ പൊടിപിടിച്ചിരിക്കുന്ന വിവരങ്ങളുടെ മഹാഭണ്ഡാരം കണ്ടെത്തി. ഇറാനിലെ കര്‍ഷക സമരത്തിലാണ് ആദ്യമായി ചെങ്കൊടി ഉയരുന്നതെന്ന വിവരം അതിനകത്തുണ്ടായിരുന്നു.

എറിക് ഹോബ്സ്ബോമിന്റെ ചരിത്രരചനയെ സംബന്ധിച്ചും യുഗങ്ങളുടെ പരമ്പരയെക്കുറിച്ചും ആദ്യം ആവേശത്തോടെ പറഞ്ഞത് പി ജിയാണ്. തിരുവനന്തപുരത്തെ മോഡേണ്‍ ബുക്സിലെ സുധീറും ചിത്തനും പി ജിയുടെ പുസ്തകപ്രണയത്തെക്കുറിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അതിശയോക്തിയാണെന്ന് തോന്നുമെങ്കിലും അക്ഷരംപ്രതി ശരിയായിരുന്നു ആ വിവരണം. പാര്‍ടി കോണ്‍ഗ്രസിനായുള്ള യാത്രയില്‍ പുസ്തകം ഒരിക്കലും അടയ്ക്കാന്‍ പാടില്ലെന്ന മട്ടില്‍ വായിക്കുന്ന പി ജി അത്ഭുതം നിറഞ്ഞ കാഴ്ചയായിരുന്നു. പ്രത്യേകിച്ചും പാര്‍ടി കോണ്‍ഗ്രസിന്റെ സാധാരണ ഷെഡ്യൂള്‍ ഏപ്രിലില്‍ ആയതുകൊണ്ട് ട്രെയിനില്‍ കത്തുന്ന ചൂടായിരിക്കും. പക്ഷേ വായനയുടെ ലോകത്തിലെ പി ജി അതൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഭൂതക്കണ്ണാടി വച്ച് അക്ഷരങ്ങള്‍ തേടിപ്പിടിച്ച് വായിക്കുന്ന പി ജി മറ്റൊരു കാഴ്ചയായിരുന്നു. പേപ്പര്‍ വെയ്റ്റുപോലുള്ള വലിയ ലെന്‍സ് വച്ച് വായിക്കുന്ന മറ്റൊരാള്‍ ഒരുപക്ഷേ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മാത്രമായിരിക്കും.

എപ്പോഴും മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ പിന്‍ബലം പി ജിയുടെ നിലപാടുകള്‍ക്ക് ശരിയായ ദിശാബോധം നല്‍കിയിരുന്നു. പി ജിയെ കേരളം കാണുന്നത് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായാണ്. എന്നാല്‍, താനൊരു ആക്ടിവിസ്റ്റ് മാത്രമാണെന്നാണ് അദ്ദേഹം വിനയപൂര്‍വം പറയുന്നത്. അതൊരു ശരിയായ പ്രയോഗമാണ്. മാര്‍ക്സിസം പ്രയോഗത്തിന്റെ ശാസ്ത്രമാണെന്നും അത് കേവലം രീതിശാസ്ത്രം മാത്രമല്ലെന്നും പ്രയോഗത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളുകയും നിരന്തരം വികസിക്കുകയും ചെയ്യുന്നതാണെന്നും പി ജിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. പുരപ്പുറത്ത് നിന്ന് സിദ്ധാന്തം വിളിച്ചുപറയുന്നവരുടെ കൂട്ടത്തിലല്ല കമ്യൂണിസ്റ്റുകാര്‍. സമരത്തിന്റെ എല്ലാ തലങ്ങളിലും അവര്‍ സിദ്ധാന്തത്തിന്റെ തെളിമയോടെ ഉറച്ചുനില്‍ക്കും. പി ജിയുടെ രാഷ്ട്രീയജീവിതം അതിനു ശരിയായ തെളിവാണ്.

സ്വാതന്ത്ര്യസമരം ശക്തമായ നാളുകളിലാണ് ഗോപിയെന്ന വിദ്യാര്‍ഥി രാഷ്ട്രീയജീവിതത്തിലേക്ക് കടക്കുന്നത്. വീട്ടിലെ ചര്‍ച്ചകളില്‍നിന്ന് വീണുകിട്ടുന്ന കാഴ്ചകളിലൂടെ കോണ്‍ഗ്രസിന്റെ വഴിയിലേക്കാണ് എത്തിച്ചേര്‍ന്നത്. കീഴില്ലത്തെ സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യ രാഷ്ട്രീയ ഇടപെടലിനു തുടക്കംകുറിച്ചു. സി എം സ്റ്റീഫന്റെ നേതൃത്വത്തില്‍ നടന്ന ജാഥക്ക് സ്വീകരണം നല്‍കുന്നതിന് സ്കൂളില്‍നിന്ന് പോയ ഗോപിക്ക് അധ്യാപകന്റെ കൈയില്‍നിന്ന് ചൂരല്‍ക്കഷായം ശിക്ഷയായി കിട്ടി. കുറുപ്പംപടി സ്കൂളിലെ ജീവിതവും അധ്യാപകരുടെ പ്രോത്സാഹനവും വായനയെയും പ്രഭാഷണത്തെയും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കാര്യം പി ജി പലപ്പോഴും പ്രത്യേകം സൂചിപ്പിക്കാറുണ്ട്. ആഗമാനന്ദസ്വാമികളുടെ സ്വാധീനവും ബ്രഹ്മാനന്ദസഭയുടെ സ്കൂളിലെ പഠനവും അദ്ദേഹത്തിനെ വായനയുടെ ലോകത്തിലേക്ക് മാത്രമല്ല ദേശീയ പ്രസ്ഥാനത്തിന്റെ സജീവതകളിലേക്കും കണ്ണിചേര്‍ത്തു. എന്‍ വി കൃഷ്ണവാരിയര്‍ ഇതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. യു സി കോളേജിലെ വിദ്യാര്‍ഥിയായതോടെ ധൈഷണികവും പ്രായോഗികവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതിയ തലത്തിലേക്ക് വളര്‍ന്നു. പി ജിയുടെ പൊതുജീവിതത്തിന്റെ ആദ്യഘട്ടം ഇവിടെ മുതലാണ് ശരിയായി രേഖപ്പെടുത്താവുന്നത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായി വളര്‍ന്ന മറ്റു പല മഹാന്‍മാരെപോലെയും പി ജിയും കോണ്‍ഗ്രസിന്റെ വഴിയിലൂടെയാണ് ആദ്യം സഞ്ചരിച്ചത്. എന്നാല്‍, അവരില്‍നിന്ന് വ്യത്യസ്തമായാണ് രാഷ്ട്രീയ ജീവിതം കിടക്കുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നാളില്‍ കമ്യൂണിസ്റ്റുപാര്‍ടി വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. ആ കാലത്ത് പി ജി ക്വിറ്റ് ഇന്ത്യ സമരത്തിനൊപ്പമായിരുന്നു. സതീര്‍ഥ്യരും അടുത്ത സുഹൃത്തുക്കളുമായ പി കെ വിയും മലയാറ്റൂരും തെരഞ്ഞെടുത്ത വഴിയിലേക്ക് കൂടെ കൂട്ടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പി ജി പലപ്പോഴും ആവേശപൂര്‍വം ഓര്‍ക്കാറുള്ളതുപോലെ പി കൃഷ്ണപിള്ളയുമായ കൂടിക്കാഴ്ചയാണ് കമ്യൂണിസത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. നീണ്ട സംവാദത്തിന് ഒടുവിലാണ് പി ജി സഖാവിനെ അനുഗമിക്കുന്നത്. ഇത് രണ്ടു വ്യക്തികളുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നുണ്ട്. അതുല്യനായ സംഘാടകനായ കൃഷ്ണപിള്ളക്ക് കേഡര്‍മാരെ കണ്ടെത്തുന്നതിലും കഴിവനുസരിച്ച് ചുമതലകള്‍ ഏല്‍പ്പിക്കുന്നതിലും സമാനതകളില്ലാത്ത വൈഭവമുണ്ടായിരുന്നു. ഏതു പ്രശ്നത്തിലും സംവാദത്തിലൂടെ ശരിയായ നിലപാടിലേക്ക് എത്തുകയെന്ന പി ജിയുടെ പ്രത്യേക രീതിയുടെ തുടക്കവും ഇതില്‍ തെളിഞ്ഞുകാണും. താന്‍ എടുത്ത നിലപാട് മാത്രമാണ് ശരിയെന്ന പിടിവാശി നിറഞ്ഞ ജനാധിപത്യ വിരുദ്ധനിലപാട് അദ്ദേഹം ഒരിക്കലും സ്വീകരിക്കാറില്ല. പൊതുവെ രാജ്യത്താകെയുള്ള വികാരത്തിന് ഒപ്പം ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിലപാട് സ്വീകരിച്ചെങ്കിലും അതില്‍ കടിച്ചു തൂങ്ങാതെ ശരിയായ നിലപാട് തിരിച്ചറിഞ്ഞതോടെ അതിലേക്ക് ഉയരാന്‍ അതിവേഗത്തില്‍ കഴിഞ്ഞു. അതിനുമുമ്പ് ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ നിലപാടിനെ മാറ്റാന്‍ കഴിയുന്ന ശാസ്ത്രീയവും യുക്തിസഹവുമായ ന്യായങ്ങള്‍ ഉന്നയിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ലെന്നു വേണം കരുതാന്‍.

പി ജിയുടെ ഈ പ്രത്യേകത അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാണാം. പലപ്പോഴും പ്രശ്നങ്ങളെ തന്റേതായ രീതിയില്‍ സമീപിക്കുകയും അതു സംബന്ധിച്ച നിലപാട് സ്വീകരിക്കുകയും ചെയ്യാറുണ്ടെങ്കിലും അതിനേക്കാളും ശരിയായ മറ്റൊരു നിഗമനം ഉണ്ടെന്ന് കൂട്ടായ പരിശോധനയില്‍ കണ്ടെത്തിയാല്‍ അതിലേക്ക് മാറുന്നതിന് ഒരു മടിയും കാണിച്ചിട്ടില്ല. പി ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ജനാധിപത്യബോധത്തിന് പ്രത്യേകമായ സ്ഥാനമുണ്ട്. പറയുന്നയാളുടെ വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ വിഷയത്തിന്റെ ശരിതെറ്റുകള്‍ നോക്കി നിലപാട് സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല. വ്യക്തിയും സംഘശക്തിയും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ വ്യക്തിക്ക് മുകളില്‍ സംഘടനയെ സ്ഥാപിക്കുന്നതും ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ഭാഗമാണ്. വ്യത്യസ്ത ആശയങ്ങള്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ കൂടുതല്‍ ശരിയായ ഒന്നിലേക്ക് എത്തുമെന്നും അദ്ദേഹത്തിനു വളരെ ചെറുപ്പത്തില്‍തന്നെ അറിയാമായിരുന്നുവെന്ന് ചുരുക്കം. കൃഷ്ണപ്പിള്ളയുമായി നടന്ന ദീര്‍ഘമായ ആശയസംവാദമാണ് കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചതെങ്കിലും പി ജിയുടെ വര്‍ഗതാല്‍പര്യം യഥാര്‍ഥത്തില്‍ അതിനുമുമ്പുതന്നെ രൂപപ്പെട്ടുവെന്നുവേണം കരുതാന്‍.

ഫ്യൂഡല്‍ ചുറ്റുപാടുകളിലാണ് അദ്ദേഹം ബാല്യം പിന്നിടുന്നത്. കുട്ടിയായ ഗോപിയുടെ വീട്ടുകാര്‍ മനുഷ്യത്വമില്ലാത്ത ജന്മിക്കൂട്ടത്തില്‍ അല്ലായിരുന്നെങ്കിലും ചുറ്റുപാടുകള്‍ കാട്ടാളനീതിയുടെ നേര്‍ അവതാര ഭൂമിയായിരുന്നു. കുടിയിറക്കപ്പെട്ട വീടിന്റെ മുമ്പില്‍ വലിച്ചെറിയപ്പെട്ട വീട്ടുസാധനങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന കുടുംബത്തിന്റെ ചിത്രം ഓര്‍മകളില്‍ പലപ്പോഴും അദ്ദേഹം വീണ്ടെടുക്കുന്നുണ്ട്. ആരുടെയും സഹായം ലഭിക്കാതെ, ജന്മിയെ ഉറക്കെ ശപിക്കുകയും കരയുകയും ചെയ്യുന്ന വീട്ടമ്മയും നിസ്സഹായനായി എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന പുരുഷനും കൊച്ചുകുട്ടിയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടാക്കിയത്. ചൂഷകര്‍ക്ക് എതിരായ അവബോധവും ചൂഷിതര്‍ക്കൊപ്പം നിലയുറപ്പിക്കുന്ന വര്‍ഗബോധവും അപ്പോഴേ രൂപംകൊണ്ടിരുന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ രണ്ടാംഘട്ടം.

പ്രശസ്തമായ മുംബൈയിലെ സെന്റ് സേവ്യഴ്സ് കോളേജിലെ വിദ്യാര്‍ഥിയുടെ അതിശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ജയിലിലേക്കാണ് വഴിതുറന്നത്. ജയില്‍ജീവിതമാണ് പല വിപ്ലകാരികളെപോലെ പി ജിയുടെ രാഷ്ട്രീയ നിലപാടുകളെയും ഊട്ടിയുറപ്പിക്കുന്നത്. 16 മാസത്തെ ജയില്‍ ജീവിതകാലം പി ജിയെ മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ മൂംബൈ ജീവിതം സാഹസികതയുടെ കാലമായാണ് അറിയപ്പെടുന്നത്. ബോംബുമായി വരെ സഞ്ചരിച്ച് വിപ്ലവ പ്രവര്‍ത്തനം നടത്തിയ പി ജിയെ ഇന്ന് പലര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. എന്നാല്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തമായിരുന്ന മുംബൈ നല്‍കിയ ഉണര്‍വ് ഏതു വഴിയിലൂടെയും വിപ്ലവത്തിലേക്ക് സഞ്ചരിക്കുന്നതിനുള്ള കരുത്ത് അദ്ദേഹത്തിന് നല്‍കിയിരുന്നു. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവം പി ജിയുടെ പ്രത്യേകതയായിരുന്നു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ പിജിയുടെ മുന്നണി കര്‍ഷകസംഘമായിരുന്നു. പെരുമ്പാവൂരിലെയും എറണാകുളം ജില്ലയിലെയും കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നിസ്തുലമായ പങ്കാണ് വഹിച്ചത്. ഒരേ സമയം സൈദ്ധാന്തിക മേഖലയിലും സാംസ്കാരികമണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നതോടൊപ്പം അതതുസമയത്ത് പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പി ജി തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.

1952 ലെ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച് സ്വന്തം നാട്ടില്‍ വിജയിച്ച പി ജി 1957ലും 65ലും 67ലും കേരള നിയമസഭാംഗമായി. 57ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് ജിഞ്ചര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന പി ജി കൂടി ഉള്‍ക്കൊള്ളുന്ന യുവസാമാജികരുടെ പ്രവര്‍ത്തനം എക്കാലത്തും സ്മരിക്കപ്പെടും. അന്ന് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍, സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന പദ്ധതി ആരംഭിച്ചപ്പോള്‍ ആദ്യം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ പി ജിയുമുണ്ടായിരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ശരിയാംവിധം ജനാധിപത്യവല്‍ക്കരിക്കുക എന്ന ചിന്തയുടെ തുടക്കം ഈ പ്രവര്‍ത്തനത്തില്‍ വായിച്ചെടുക്കാം. മുതലാളിത്ത വ്യവസ്ഥക്കകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പരിമിതികളെക്കുറിച്ചു മാത്രമല്ല സാധ്യതകളെപ്പറ്റിയും അദ്ദേഹത്തിനു ശരിയായ കാഴ്ചപ്പാട് അന്നേ ഉണ്ടായിരുന്നു. വികസനത്തിലെ ജനപങ്കാളിത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് വളരെ നേരത്തെ തന്നെ പി ജി വികസിപ്പിച്ചിരുന്നു. വികസനത്തിന്റെ കാര്യത്തില്‍ പൊതുസമവായം സൃഷ്ടിക്കുക എന്ന ലളിതമായ പ്രക്രിയയായിരുന്നില്ല പങ്കാളിത്തത്തെ സംബന്ധിച്ചുള്ള പി ജിയുടെ ദര്‍ശനം. ഒരു പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹ്യവും സാമ്പത്തികവുമായ എല്ലാ തലങ്ങളിലും ജനങ്ങള്‍ അവബോധത്തോടെ പങ്കാളിത്തം വഹിക്കുകയും അതുവഴി ആ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആ കാഴ്ചപ്പാട്. പി ജിയുടെ രാഷ്ട്രീയ ദര്‍ശനത്തില്‍ ഈ മൗലിക ചിന്തയ്ക്ക് എക്കാലത്തും സ്ഥാനമുണ്ടായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുന്നതിനു വളരെ മുമ്പുതന്നെ ജനപങ്കാളിത്ത പ്രശ്നം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നു. ഇത് പി ജിയെയും വല്ലാതെ സ്വാധീനിക്കുകയുണ്ടായി. സാമൂഹ്യവ്യവസ്ഥ മാറാതെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്ന വരട്ടുചിന്തയുടെ സ്വാധീനം ഒരിക്കലും പി ജിയെ തൊട്ടുതീണ്ടിയിട്ടില്ല. മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്ത വിശകലനമാണ് മാര്‍ക്സിസത്തിന്റെ ഹൃദയമെന്ന ലെനിന്റെ വാക്കുകള്‍ ശരിയായ അര്‍ഥത്തില്‍തന്നെ ഉള്‍ക്കൊണ്ടിരുന്നു. പി ജിയുടെ നിയമസഭാപ്രസംഗങ്ങളില്‍ ഈ ശരിയായ കാഴ്ചപ്പാട് തെളിഞ്ഞുകാണാം. ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന കാര്യങ്ങള്‍ക്ക് ഏതറ്റംവരെയും പൊരുതുന്നതില്‍ മടിയുണ്ടാകില്ല. പാര്‍ലമെന്ററി രൂപത്തെ എങ്ങനെയാണ് സമരരൂപമാക്കി വികസിപ്പിക്കുന്നത് എന്ന തന്ത്രം പി ജിക്ക് നല്ലവശമുണ്ടായിരുന്നു.

ഡല്‍ഹിയിലെ ചുമതലകള്‍ എല്‍പ്പിച്ചപ്പോഴും ഒരു മടിയുമില്ലാതെ പൂര്‍ണമായും അതില്‍ മുഴുകുകയാണ് ചെയ്തത്. പി ജി എന്ന പത്രാധിപരെ രൂപപ്പെടുത്തുന്നതില്‍ ഡല്‍ഹി വാസവും പീപ്പിള്‍ പബ്ലിഷിങ് ഹൗസിലെ പ്രവര്‍ത്തനവും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിപിഐ എം രൂപീകരിക്കപ്പെട്ടതിനു ശേഷം രണ്ടു പതിറ്റാണ്ടോളം മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ ദേശാഭിമാനിയെ സമാനതകളില്ലാത്തവിധം നയിക്കുകുയുംചെയ്തു. ഞാന്‍ ദേശാഭിമാനിയുടെ ചുമതല വഹിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ വളരെ പ്രധാനപ്പെട്ടവയായിരുന്നു. സാര്‍വദേശീയമായ കാര്യങ്ങളെ സംബന്ധിച്ച് മുഖപ്രസംഗങ്ങള്‍ കുറഞ്ഞാല്‍ പി ജി ശരിക്കും ക്ഷോഭിക്കുമായിരുന്നു. ഭൂപടത്തിന്റെ രാഷ്ട്രീയം പി ജിയെ പോലെ കൈകാര്യം ചെയ്ത മറ്റൊള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. കറങ്ങുന്ന ഭൂമിയില്‍ എങ്ങനെയാണ് വടക്കിന്റേയും തെക്കിന്റേയും ദിശയെ ശാശ്വതമായി നിര്‍ണയിക്കുന്നതെന്നും നില്‍ക്കുന്നയിടത്തിന്റെ ആധിപത്യം ദിശനിര്‍ണയത്തില്‍ എങ്ങനെ ഇടപെടുന്നുവെന്നും പി ജി സരസമായി പഠിപ്പിച്ചു. ദൃശ്യമാധ്യമം വന്നപ്പോഴും പി ജി ആ സാധ്യതയെയും സമര്‍ഥമായി ഉപയോഗിച്ചു. കൈരളിയിലെ പി ജിയും ലോകവും സാര്‍വദേശീയമായ കാഴ്ചപ്പാടിന്റെ പുതിയ അവതരണമായിരുന്നു. പി ജിയുടെ മറ്റൊരു പ്രധാന സവിശേഷത എല്ലാ മേഖലകളെയും അടിമുടി ചരിത്രവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയുംചെയ്യുന്ന ചിന്താപദ്ധതിയെ സമര്‍ഥമായി പിന്തുടര്‍ന്നുവെന്നതാണ്.

സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു. മാര്‍ക്സിനും ഏംഗല്‍സിനും ലെനിനും ശേഷമുള്ള മാര്‍ക്സിസത്തിന്റെ സാര്‍വദേശീയ വളര്‍ച്ചയും വ്യത്യസ്ത വ്യാഖ്യാനങ്ങളും ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്ന ഒരു വ്യക്തിയുടെ രാഷ്ട്രീയ ചിന്തയില്‍ സ്വാഭാവികമായും വിപ്ലവകരമായ മാറ്റങ്ങള്‍ സ്വാഭാവികമാണ്. അടിമുടി മതനിരപേക്ഷതയില്‍ ഊന്നിയതായിരുന്നു പി ജിയുടെ രാഷ്ട്രീയ ദര്‍ശനമെന്ന കാര്യം എടുത്തുപറയേണ്ടതാണ്. വൈവിധ്യങ്ങളുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യം വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ മതനിരപേക്ഷ ഉള്ളടക്കം പ്രധാന മുന്നുപാധിയാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയം ആദ്യം ശരിയായി തിരിച്ചറിഞ്ഞവരുടെ കൂട്ടത്തില്‍ പി ജിയുമുണ്ടായിരുന്നു. ചില ഘട്ടങ്ങളില്‍ അതു പരിസ്ഥിതി മൗലികവാദത്തിലേക്ക് വഴിതെറ്റിപ്പോവുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ പാര്‍ടി സ്വീകരിച്ച നിലപാടുമായി അതിനു ഏറ്റുമുട്ടേണ്ടിവരികയും ചെയ്തു. വികസനവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തിന്റെ നാനാതലങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ ധാരണയുണ്ടായെങ്കിലും ചിലപ്പോള്‍ പാളിപ്പോയിട്ടുണ്ടെന്നു ചുരുക്കം. ആധുനിക മാര്‍ക്സിസം കൈകാര്യം ചെയ്യുന്ന പല മേഖലകളും കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് മിക്കവാറും പി ജിയായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ തിളക്കമുള്ള നിലപാടുകള്‍ എക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. സാംസ്കാരികമണ്ഡലത്തിന്റെ പ്രാധാന്യം ശരിയായി ആദ്യം തന്നെ തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റായിരുന്നു പി ജി. അതിന് ഗ്രാംഷിയുടെ വായന സഹായിച്ചിട്ടുണ്ടാകും. ഗ്രാംഷിയുടെ ചിന്തയെ സംബന്ധിച്ച പുസ്തകം ഇ എം എസുമായി ചേര്‍ന്നാണ് പി ജി എഴുതിയത്. എന്നാല്‍, തന്നെക്കാള്‍ എത്രയോ മുമ്പ് പി ജി ഗ്രാംഷിയെ വായിച്ചിരുന്നെന്ന് വിനയത്തോടെ ഇ എം എസ് സൂചിപ്പിച്ചിട്ടുണ്ട്. പി ജിയുടെ രാഷ്ട്രീയ ചിന്ത ശരിയായ രൂപത്തില്‍ സമൂഹത്തിനു ഇനിയും ഉപയോഗപ്രദമായിട്ടില്ലെന്ന വിമര്‍ശനം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ "പി ജിയുടെ രാഷ്ട്രീയ ജീവിതം" എന്ന പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അതോടൊപ്പം വിവരങ്ങളെ വ്യാഖ്യാനങ്ങളിലേക്ക് വികസിപ്പിക്കുകയും ശരിയായ നിഗമനങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിനു ശ്രദ്ധിക്കാന്‍ കഴിയാതെ പോയെന്നും എല്ലാ ആദരവുകളോടെയും സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനുള്ള ശ്രമങ്ങള്‍ സാംസ്കാരിക, സൈദ്ധാന്തിക മണ്ഡലത്തില്‍ നടത്തിയ സന്ദര്‍ഭങ്ങളിലെല്ലാം അത്ഭുതകരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എന്ന പുസ്തകം ഉള്‍പ്പെടെ ഒടുവില്‍ എഴുതിയ പുസ്തകങ്ങള്‍ പി ജിയുടെ മികച്ച ധൈഷണിക സംഭാവനകളാണ്. ഏംഗല്‍സിന്റേയും കെ ദാമോദരന്റെയും ജീവചരിത്രം പി ജിക്ക് മാത്രം എഴുതാന്‍ കഴിയുന്നതാണ്.

കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും പി ജിയെ പ്രസംഗിപ്പിക്കാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചുകൊണ്ടുപോയ നമ്മളെല്ലാം കവര്‍ന്നെടുത്ത സമയമാണ് അദ്ദേഹത്തിന്റ എഴുത്തിനെ പരിമിതപ്പെടുത്തിയത്. എന്നാല്‍, അത് പി ജി ഒരു കുറ്റമായി കണ്ടിരുന്നില്ല, മറിച്ച് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുതിയ ഊര്‍ജം തേടുന്ന യാത്രകളായിരുന്നു അവ. പി ജിയുടെ വിശാലമായ രാഷ്ട്രീയ ചിന്തയുടെ കരുത്ത് അതിന്റെ സാര്‍വദേശീയമായ കാഴ്ചപ്പാടാണ്. ലോകത്തു നടക്കുന്ന ചലനങ്ങള്‍ നമ്മുടെ രാജ്യത്തെ ശാക്തിക ബലാബലത്തിലും പ്രധാന പങ്കു വഹിക്കും. സാര്‍വദേശീയ രാഷ്ട്രീയത്തെ ഇത്രമാത്രം പിന്തുടര്‍ന്ന മറ്റൊരു നേതാവും കേരളത്തിലില്ല. സാര്‍വദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതില്‍ ചിലപ്പോള്‍ അദ്ദേഹത്തിനു പാളിച്ചയും പറ്റിയിട്ടുണ്ട്. എന്നാല്‍ പാര്‍ടി ശരിയായ നിലപാടിലേക്ക് എത്തിയാല്‍ അതു ഉയര്‍ത്തിപ്പിടിക്കുക എന്ന കമ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ബോധം എക്കാലത്തും പി ജിക്കുണ്ടായിരുന്നു.

തന്റേതായ വഴികളിലൂടെ സഞ്ചരിക്കുന്നതിനുള്ള കഴിവുകളുള്ള ഏതൊരാളും പലപ്പോഴും വഴിതിരിഞ്ഞുപോയെന്നുവരാം. എന്നാല്‍, വഴിതെറ്റലുകളിലും പാര്‍ടിയാണ് ശരിയെന്ന വിശാല വര്‍ഗബോധം കൈവിടാതെ സൂക്ഷിക്കുക പ്രധാനമാണ്. അക്കാര്യത്തില്‍ പി ജി പലര്‍ക്കും മാതൃകയാണ്. ഇപ്പോള്‍ ചിലര്‍ എഴുതുന്നതുപോലെ പാര്‍ടിയെ ഒരു ബാധ്യതയായി പി ജി കണ്ടിരുന്നില്ല. എറിക്ഹോബ്സ്ബോം ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചതുപോലെ കമ്യുണിസ്റ്റ് പാര്‍ടിയില്‍നിന്ന് അകന്നുപോകുന്നതിന് ഒരു ന്യായവും എനിക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വാക്കുകള്‍ പി ജിയും ചിലപ്പോള്‍ ഓര്‍മിപ്പിക്കുന്നു. 94-ാം വയസ്സിലും പാര്‍ടി അംഗമായി മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് പുസ്തകം പ്രസിദ്ധപ്പെടുത്തിയ ഹോബ്സ്ബോമിനെപോലെ പി ജിയും അവസാനിമിഷവും തൊഴിലാളി വര്‍ഗദര്‍ശനത്തിനും രാഷ്ട്രീയത്തിനുമായി തന്റെ തൂലിക നിര്‍ത്താതെ ചലിപ്പിച്ചുകൊണ്ടിരുന്നു. അസാധാരണമായ ഒരു ധൈഷണിക, രാഷ്ട്രീയ ജീവിതമാണ് വിടവാങ്ങിയത്.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: