Thursday, December 20, 2012

ഗുജറാത്ത് വിജയവും ബിജെപി മോഹവും

നിഷ്ഠുരമായ കലാപങ്ങളിലൂടെ 2002ല്‍ ഗുജറാത്തിലെ ജനഹൃദയങ്ങളില്‍ സൃഷ്ടിച്ചെടുത്ത വര്‍ഗീയ ധ്രുവീകരണത്തിന്റെ വിളവ് ബിജെപി ഇപ്പോഴും കൊയ്തെടുത്തുകൊണ്ടിരിക്കുന്നു എന്നതാണ് ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. 2002ലും 2007ലും ഒക്കെ സംഘപരിവാര്‍ ശക്തികള്‍ കൂട്ടക്കൊലകള്‍ നടത്തിയത് മഹാഭൂരിപക്ഷം വരുന്ന മതവിഭാഗത്തിന്റെ വോട്ടുകള്‍ക്കുമേല്‍ സ്വാധീനമുറപ്പിച്ച് അധികാരം പിടിക്കാനായിരുന്നു. അത് 2002ല്‍ വിജയിച്ചു; 2007ല്‍ വിജയിച്ചു; ഇപ്പോഴിതാ 2012ലും. അതേ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടങ്ങാത്ത അലയൊലികളിലൂടെ നരേന്ദ്രമോഡിയും ബിജെപിയും വീണ്ടും ജയിച്ചുകയറിയിരിക്കുന്നു.

സദ്ഭാവനാ സംരംഭമൊക്കെ നടത്തിയശേഷവും തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആര്‍ക്കുംതന്നെ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതടക്കമുള്ള കാര്യങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ അലയൊലികള്‍ അടങ്ങാതെ നോക്കാന്‍ വേണ്ടിയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയുടെ വികാരം ആളിപ്പടര്‍ത്തുക എന്നതാണ് വോട്ടെടുപ്പില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും വലിയ മൂലധനം എന്ന് മനസിലാക്കി മോഡിയും കൂട്ടരും ആ വഴിക്കുതന്നെ നീങ്ങി. ഗുജറാത്തിലെ ജനങ്ങളാകട്ടെ, ഒരുവശത്ത് ബിജെപിയും മറുവശത്ത് ബിജെപിയുടെതന്നെ ബി ടീമായ കോണ്‍ഗ്രസിനുമിടയില്‍പ്പെട്ട് വലഞ്ഞു. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയാല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വോട്ടുകളില്‍നിന്ന് കിട്ടേണ്ട ഓഹരി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ബിജെപിയുടെ വര്‍ഗീയ കലാപശ്രമങ്ങളെയോ നരേന്ദ്രമോഡിയുടെ വര്‍ഗീയ പ്രകോപനങ്ങളെയോ ശക്തമായി അപലപിക്കാന്‍ നില്‍ക്കാതെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നു. മുസ്ലിം വോട്ടര്‍മാര്‍ക്ക് കൂട്ടത്തോടെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് നിഷേധിച്ചതടക്കമുള്ള പ്രശ്നങ്ങളുണ്ടായപ്പോള്‍ ആ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍പോലും കോണ്‍ഗ്രസ് ഉണ്ടായില്ല. നരേന്ദ്രമോഡിയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞ വിശേഷണം- മൗത് കാ സൗദാഗര്‍ (മരണത്തിന്റെ കച്ചവടക്കാരന്‍) എന്നത് വോട്ട് കാ സൗദാഗര്‍ (വോട്ടിന്റെ കച്ചവടക്കാരന്‍) എന്ന് കോണ്‍ഗ്രസ് മയപ്പെടുത്തുന്നതുപോലും പ്രചാരണഘട്ടത്തില്‍ കണ്ടു. ബിജെപിയുടെ വര്‍ഗീയസ്വഭാവത്തെയോ കലാപത്തിലെ പങ്കിനെയോ കലാപക്കുറ്റവാളികള്‍ക്കെതിരായ നടപടി ഉപേക്ഷിക്കുന്ന നിലപാടിനെയോ ഒന്നും വിമര്‍ശിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറാകാത്ത സ്ഥിതിയായി. ""നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്തുകൊള്ളുക; പക്ഷേ, ഞങ്ങളുടെ കൂടെ ചേര്‍ന്നുനില്‍ക്കരുത്"" എന്ന നിലപാടായിരുന്നു മുസ്ലിങ്ങളോട് കോണ്‍ഗ്രസ് സ്വീകരിച്ചത്. സാമ്പത്തിക നയങ്ങളടക്കമുള്ള കാര്യങ്ങളില്‍ ബിജെപിയില്‍നിന്ന് വ്യത്യസ്തമായ നിലപാടില്ലാത്ത കോണ്‍ഗ്രസിന് വര്‍ഗീയ പ്രീണന കാര്യത്തിലും ബിജെപിയുടേതില്‍നിന്ന് കാര്യമായ വ്യത്യസ്തതയൊന്നുമില്ല എന്ന് ന്യൂനപക്ഷം തിരിച്ചറിയുകയായിരുന്നു.

ഇങ്ങനെ, ഫലപ്രദമായ ബദലാകാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് ബിജെപിക്ക് അടിയറവച്ചു. സാമ്പത്തിക നയത്തില്‍ ബദലില്ല. വര്‍ഗീയ സമീപന കാര്യത്തിലും ബദലില്ല. ഇങ്ങനെ സ്വന്തം രാഷ്ട്രീയ പ്രസക്തിതന്നെ കോണ്‍ഗ്രസ് സ്വയം നഷ്ടപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കണ്ടത്. കോണ്‍ഗ്രസിന് സ്വന്തമായ ഒരു നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവതരിപ്പിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ബിജെപി വിട്ടുവന്ന ശങ്കര്‍സിങ് വഗേലയടക്കമുള്ള മുന്‍ സംഘപരിവാര്‍ നേതാക്കളായി കോണ്‍ഗ്രസിന്റെ നേതാക്കള്‍. പണ്ടേ രക്തത്തിലലിഞ്ഞുചേര്‍ന്ന വര്‍ഗീയ വികാരം അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും മയപ്പെടുത്തിയില്ല. അങ്ങനെ എല്ലാ അര്‍ഥത്തിലും ബിജെപിയുടെ ബി ടീമാകുകയായിരുന്നു കോണ്‍ഗ്രസ്. ഒരുവശത്ത് ആക്രമിച്ചൊതുക്കുന്ന ബിജെപി. മറുവശത്ത് ആക്ഷേപിച്ച് അകറ്റിനിര്‍ത്തുന്ന കോണ്‍ഗ്രസ്. ഇരുവര്‍ക്കുമിടയിലായി ന്യൂനപക്ഷം. ഗുജറാത്തില്‍ യഥാര്‍ഥ പ്രതിപക്ഷമായിരുന്നത് കോണ്‍ഗ്രസല്ല; മതനിരപേക്ഷതയ്ക്കുവേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ചില വ്യക്തികളാണ്. മുന്‍ ഡിജിപി ശ്രീകുമാര്‍ മുതല്‍ ടിസ്സയടക്കം സഞ്ജീവ് ഭട്ട് വരെയുള്ളവര്‍. ഇവര്‍ക്ക് പരിമിതിയുണ്ടായിരുന്നു. ഇടത് മതനിരപേക്ഷ കക്ഷികള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉത്തരവാദിത്തങ്ങളെല്ലാം ഉപേക്ഷിച്ച് ബിജെപിയുടെ നിഴലായി നിന്നപ്പോള്‍ ഇത്തരം വ്യക്തികളും താരതമ്യേന സ്വാധീനശക്തി കുറഞ്ഞ ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളുമാണ് വര്‍ഗീയ കലാപക്കേസുകളടക്കം മുന്നോട്ടുകൊണ്ടുപോയത്. ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നാലെന്തുണ്ടാകുമോ അതാണ് കോണ്‍ഗ്രസിന് തുടര്‍ച്ചയായി ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. പരാജയത്തില്‍നിന്ന് പരാജയത്തിലേക്കുള്ള തുടര്‍ വീഴ്ചകള്‍. പിസിസി പ്രസിഡന്റുമുതല്‍ പ്രതിപക്ഷനേതാവുവരെ തോല്‍ക്കുന്ന അവസ്ഥകള്‍. ഇതില്‍നിന്ന് പാഠം പഠിച്ച് മതനിരപേക്ഷതയ്ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ? തയ്യാറാകുമെന്ന് കരുതാന്‍ ന്യായമില്ല. രാഹുല്‍ മാജിക് വന്ന് തങ്ങളെ രക്ഷിക്കുമെന്ന സ്വപ്നത്തിലാണവര്‍. രാഹുല്‍ ചെല്ലുന്നിടത്തൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുമെന്നത് മറ്റൊരു കാര്യം. ബിജെപി 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ മുന്നില്‍നിര്‍ത്തി വിജയിക്കും എന്നാണ് ചില മാധ്യമ നിരീക്ഷകര്‍ പ്രചരിപ്പിക്കുന്നത്. നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തല്‍ എളുപ്പമുള്ള കാര്യമല്ല. ജയം അത്രയും എളുപ്പമുള്ള കാര്യമല്ല. എല്‍ കെ അദ്വാനിയടക്കമുള്ള പ്രമുഖര്‍ ഇരിക്കെ മൂന്നുവട്ടം തുടര്‍ച്ചയായി ഒരു സംസ്ഥാനത്ത് വിജയിച്ചു എന്നതിന്റെ പേരില്‍ മോഡിയെ നായകനാക്കുക എന്നത് ബിജെപി നേതൃത്വത്തിന്റെ തന്നെ എതിര്‍പ്പ് വിളിച്ചുവരുത്തും. ആര്‍എസ്എസിന് സ്വീകാര്യന്‍ ഗഡ്കരിയാണെന്ന കാര്യം വേറെ. മോഡിയുടെ ഭരണത്തിലുള്ള ഗുജറാത്തിലെ രസതന്ത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രസതന്ത്രം. മോഡിയെ നേതാവാക്കി നിര്‍ത്തുന്ന നിമിഷംതന്നെ ബിജെപിയിലും എന്‍ഡിഎയിലും പടലപ്പിണക്കങ്ങള്‍ ആരംഭിക്കും. മോഡി പറ്റിയ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് ചിലര്‍ പറഞ്ഞ ഘട്ടത്തില്‍ തന്നെ നിധീഷ്കുമാറിന്റെ പേര് ജെഡിയു പ്രഖ്യാപിച്ചു. മോഡി സ്വീകാര്യനല്ല എന്ന് പസ്വാന്‍ പ്രഖ്യാപിച്ചു. മോഡിയെ നേതാവാക്കാനുള്ള നീക്കം ബിജെപിയില്‍മാത്രമല്ല, എന്‍ഡിഎയിലാകെത്തന്നെ ശൈഥില്യത്തിനുള്ള വഴിമരുന്നാകും.

ബദല്‍ നയമോ ബദല്‍ നേതൃത്വമോ ഇല്ല എന്ന ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം ഒരു തെരഞ്ഞെടുപ്പ് ജയം കൊണ്ടു മറച്ചുവയ്ക്കാവുന്നതല്ല. ആഗോളവല്‍ക്കരണം, അഴിമതി, വിലക്കയറ്റം തുടങ്ങിയ ഒരു പ്രശ്നത്തിലും കോണ്‍ഗ്രസിന്റേതില്‍നിന്ന് വ്യത്യസ്തമല്ല ബിജെപിയുടെ നിലപാട്. ഹിന്ദുത്വ പ്രീണന കാര്യത്തിലാകട്ടെ, ഇരുവര്‍ക്കുമിടയിലുള്ള വേര്‍തിരിവ് നേര്‍ത്തുവരുന്നുവെന്ന് ഗുജറാത്ത് തെളിയിക്കുകയുംചെയ്തു. ഹിമാചല്‍പ്രദേശില്‍ ഉണ്ടായ നേര്‍ത്ത വിജയംകൊണ്ട് മറയ്ക്കാവുന്നതല്ല ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം. പ്രായോഗികമാകുന്ന ഒരു പ്രതിപക്ഷത്തെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നിടത്ത് ബിജെപിയും കൂട്ടരും പരാജയപ്പെടുന്നുണ്ട്. ഗുജറാത്തില്‍ അങ്ങനെയൊന്നാണ് ഉണ്ടാവേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 21 ഡിസംബര്‍ 2012

No comments: