Friday, December 28, 2012

മോഡിയുടെ വിജയം കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മൂലം

ഗുജറാത്തില്‍ നരേന്ദ്ര മോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിന് അനുകൂലമായും ഹിമാചലില്‍ പ്രേംകുമാര്‍ ധുമല്‍ നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായും ജനവിധിയുണ്ടായി. രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അത്ഭുതമൊന്നുമുണ്ടായില്ല. ബിജെപിക്ക് 125ലധികം സീറ്റ് കിട്ടിയാല്‍ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിക്കസേരയിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടിവരുമെന്ന് ഒരു വിഭാഗം കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതനുസരിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും അവര്‍ തയ്യാറാക്കി. പക്ഷേ അതെല്ലാം വൃഥാവിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയൊരു ജനവിധി നല്‍കാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല.

ഗുജറാത്തില്‍ ഒരു രാഷ്ട്രീയ പോരാട്ടം ഈ തെരഞ്ഞെടുപ്പില്‍ നടന്നില്ല എന്നതാണ് പ്രത്യേകത. ബിജെപിയുടെ ഹൈന്ദവ വര്‍ഗീയരാഷ്ട്രീയത്തെ അതിശക്തമായി എതിര്‍ക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിയായി മാറാന്‍ കോണ്‍ഗ്രസിന് ഗുജറാത്തില്‍ കഴിഞ്ഞില്ല. ഗുജറാത്തില്‍ മാത്രമല്ല, മറ്റെവിടെയും ബിജെപിക്ക് ബദലായ ഒരു രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുംവിധം ബാബറി മസ്ജിദ് വിഷയത്തിലടക്കം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ ആരും മറന്നിട്ടില്ല. ഗുജറാത്തില്‍ 2002ലെ വംശഹത്യക്കുശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ ഹൈന്ദവ വര്‍ഗീയതയെ സഹായിക്കുന്ന തരത്തിലായിരുന്നു. അവിടെ ന്യൂനപക്ഷത്തിന് സുരക്ഷിതത്വവും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന വിധത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2002ലെ തെരഞ്ഞെടുപ്പില്‍ വംശഹത്യ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കിയത്. ബിജെപിയുടെ ഹൈന്ദവ വര്‍ഗീയ ഭീകരതയെ തുറന്നുകാട്ടാനും ശക്തമായി എതിര്‍ക്കാനും 2002ല്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2007ലും കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കുന്ന രാഷ്ട്രീയശക്തിയായി മാറാന്‍ ഗുജറാത്തില്‍ കഴിഞ്ഞിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹൈന്ദവ വര്‍ഗീയതക്കെതിരെ ഒരക്ഷരം പോലും ഉരിയാടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രത്യേകിച്ച് നരോദാ പാട്ടിയ കൂട്ടക്കൊല കേസില്‍ മോഡി സര്‍ക്കാരിലെ മന്ത്രിയായിരുന്ന മായാബെന്‍ കൊദ്നാനിയടക്കമുള്ള നേതാക്കള്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍.

വംശഹത്യയെക്കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല. ഗുജറാത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ഭീതിയുടെ അന്തരീഷം മാറ്റിയെടുക്കാനുള്ള ഒരു രാഷ്ട്രീയബദല്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഗുജറാത്തിലെ വികസനം, മോദിയുടെ അഴിമതി, ഭരണനയങ്ങള്‍ എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചുപോയി കോണ്‍ഗ്രസിന്റെ പ്രചരണം. അതിനും വലിയ പരിമിതികളുണ്ടായിരുന്നു. അഠാണി, അംബാനി ഗ്രൂപ്പുകള്‍ക്കായി ഗുജറാത്തിനെ പങ്കിട്ടുകൊടുക്കുന്ന വന്‍ അഴിമതിയാണ് നരേന്ദ്ര മോഡി നടത്തുന്നത്. ഇതെല്ലാം തുറന്നുകാട്ടപ്പെട്ടതാണ്. എന്നാല്‍ അഴിമതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തൊടുക്കുന്ന അമ്പുകള്‍ തിരിച്ച് അവര്‍ക്കുതന്നെ കൊള്ളുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ നിരവധി പേര്‍ അഴിമതി കാരണം പുറത്തായി. നിരവധി പേര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുയര്‍ന്നു. ഭരണനയങ്ങളുടെ കാര്യത്തിലും ഈ പരിമിതി കോണ്‍ഗ്രസിനുണ്ടായിരുന്നു. കേന്ദ്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ജനവിരുദ്ധ നയങ്ങളും നടപടികളും സ്വീകരിക്കുന്ന കോണ്‍ഗ്രസിന് ബിജെപിയുടെ നയങ്ങളെയും ഭരണ നടപടികളെയും ഫലപ്രദമായി എതിര്‍ക്കാന്‍ കഴിയുന്നില്ല. ഗുജറാത്തിലും അതുതന്നെയാണ് സംഭവിച്ചത്. മറ്റൊന്ന് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമാണ്. അമ്പേ തകര്‍ന്നുപോയ സംഘടനയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇതിന് പ്രധാന കാരണം ഗുജറാത്തില്‍ അവരുടെ രാഷ്ട്രീയ നിലപാടുകളാണ്. ശക്തമായ രാഷ്ട്രീയമില്ലാതെ ശക്തമായ സംഘടനയുണ്ടാവില്ല. അഥവാ ഉണ്ടായാല്‍ തന്നെ ആ സംഘടന പൊള്ളയായിരിക്കുകയും ചെയ്യും.

അഹിംസാവാദിയായ രാഷ്ട്രപിതാവിന്റെ നാട് ഹിംസയുടെ കൂത്തരങ്ങായി മാറിയപ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടിവന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ കോണ്‍ഗ്രസല്ല, സര്‍ദാര്‍ പട്ടേലിന്റെ കോണ്‍ഗ്രസാണ് ഗുജറാത്തിലുള്ളത്. ഹിന്ദു മഹാസഭയുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിലെ ഹൈന്ദവ വര്‍ഗീയവാദിയായി നിലക്കൊണ്ട പട്ടേലാണ് നരേന്ദ്ര മോഡിയുടെ ആദര്‍ശപുരുഷനെന്നത് മറന്നുകൂടാ. നരേന്ദ്ര മോഡിയുടെ വെബ്സൈറ്റിലെ മുഖപേജില്‍ ഗുജറാത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത് സര്‍ദാര്‍ പട്ടേലിന്റെ നാടെന്നാണ്. ഗാന്ധിജിയുടെ നാടായാണ് ലോകം ഗുജറാത്തിനെ അറിയുന്നത്. ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാത്ത മോഡിയുടെ പ്രഭാവം ഗുജറാത്തിലെ കോണ്‍ഗ്രസിനെയും ബാധിച്ചുവെന്ന് പറയാം. ബിജെപിയുടെ ബി ടീമായാണ് ഗുജറാത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ബി ടീമിനേക്കാള്‍ യഥാര്‍ഥ ടീമില്‍ അംഗമായിരിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുക. അതാണ് ഗുജറാത്തില്‍ സംഭവിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സഞ്ചരിച്ച് ജനങ്ങളുമായി സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടത്, സംസ്ഥാനത്താകെ പ്രസരിച്ചിരിക്കുന്ന ഭീതിയാണ് ജനങ്ങളുടെ അഭിപ്രായത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നതെന്നാണ്. പരസ്പരം തുറന്നു സംസാരിക്കാന്‍, അഭിപ്രായപ്രകടനം നടത്താന്‍, സ്വതന്ത്രമായി സഞ്ചരിക്കാന്‍, മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നത്.

"നരേന്ദ്ര മോഡി തന്നെ വീണ്ടും അധികാരത്തില്‍ വന്നാല്‍ വര്‍ഗീയകലാപം നടക്കില്ല, അധികാരത്തില്‍ നിന്ന് മോഡി പുറത്തായാല്‍ കലാപം ഉറപ്പാണ്"-ഇതാണ് നിഷ്പക്ഷരായ ജനങ്ങളുടെ പൊതുവായ അഭിപ്രായം. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ മതനിരപേക്ഷ രാഷ്ട്രീയമുയര്‍ത്തി നേരിടുമെന്ന് ആത്മവിശ്വാസത്തോടെ ഒരിക്കല്‍പ്പോലും പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന, സമാധാനജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെയും പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. അതിന് കഴിഞ്ഞില്ലെന്നതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഒരു കാരണം. സംഘടനാപരമായി ശിഥിലമായ അവസ്ഥയിലാണ് ഗുജറാത്ത് കോണ്‍ഗ്രസ്. പിസിസി പ്രസിഡന്റ് അര്‍ജുന്‍ഭായ് മൊദവാദിയ സംഘടനാരംഗത്ത് വലിയ മുന്‍പരിചയമില്ലാത്ത കോടീശ്വരനാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ശക്തിസിങ് ഗോഹില്‍ മറ്റൊരു നേതാവാണ്. ഇവരടക്കം നാല് നേതാക്കളുടെ കീഴിലുള്ള ഗ്രൂപ്പുകളായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് സംഘടന. പ്രചരണഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കമായിരുന്നു കോണ്‍ഗ്രസിനെ ഗ്രസിച്ചിരുന്നത്. ഗുജറാത്തിലെ ജനജീവിതവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ പ്രചരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തിലെ "വികസനം" അഠാണി, അംബാനി അടക്കമുള്ള വന്‍കിടക്കാര്‍ക്ക് മാത്രം ഗുണകരമാകുന്നതാണ്.

സൗരാഷ്ട്ര, കച്ച് മേഖലകളിലെ തീരപ്രദേശങ്ങളാകെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തു. കച്ച് മേഖലയിലെ ജനവാസമില്ലാത്ത വിശാലമായ ഭൂമിയും പ്രത്യേക സാമ്പത്തികമേഖലയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഷണങ്ങളാക്കി വിറ്റുകഴിഞ്ഞു. തൊഴിലാളികള്‍, കര്‍ഷകര്‍, സാധാരണജനങ്ങള്‍ എന്നിവരുടെ വരുമാനം വര്‍ധിപ്പിക്കാനോ അവരുടെ ജീവിതത്തില്‍ പ്രകാശം പരത്താനോ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ല. മിനിമം വേതനം നടപ്പാക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ പോലും തൊഴിലാളികളെ അനുവദിക്കാത്ത ജനാധിപത്യധ്വംസനവും അവിടെ നടക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കടുത്ത വരള്‍ച്ചയാണ് ഇക്കൊല്ലമുണ്ടായത്. സൗരാഷ്ട്ര മേഖലയെയാണ് വരള്‍ച്ച ഏറ്റവും ദോഷകരമായി ബാധിച്ചത്. സൗരാഷ്ട്ര, കച്ച് മേഖലകളിലെ വിദൂരഗ്രാമങ്ങളില്‍പ്പോലും ജലസേചന, കുടിവെള്ള സൗകര്യമെത്തിക്കാന്‍ വിഭാവന ചെയ്ത സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പിതൃത്വം നരേന്ദ്ര മോഡി ഏറ്റെടുത്തുവെങ്കിലും അതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഗുജറാത്ത് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ജീവരാജ് മേത്തയുടെ ഭരണകാലത്ത് 1961ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് നര്‍മ്മദാ ജലസേചന പദ്ധതിക്ക് തറക്കല്ലിട്ടത്. നിരവധി തര്‍ക്കങ്ങള്‍ക്കുശേഷം പദ്ധതി കമ്മീഷന്‍ ചെയ്തപ്പോള്‍ നേരത്തേ വിഭാവന ചെയ്തതെല്ലാം ജലരേഖയായി. ജലസേചനം നടത്താന്‍ കഴിയുമെന്ന് വിഭാവന ചെയ്ത 18.45 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 75 ശതമാനവും ഗുജറാത്തിലെ വരള്‍ച്ചബാധിത പ്രദേശങ്ങളായ സൗരാഷ്ട്രയും കച്ചുമാണ്. സൗരാഷ്ട്രയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുമെന്നും വിഭാവന ചെയ്തു. എന്നാല്‍ നര്‍മ്മദാ പദ്ധതി ഉദ്ഘാടനം ചെയ്തുകഴിഞ്ഞപ്പോള്‍ അഹമ്മദാബാദിലേക്കും ഗാന്ധിനഗറിലേക്കും കോര്‍പ്പറേറ്റുകളുടെ വ്യവസായകേന്ദ്രങ്ങളിലേക്കും മാത്രമാണ് വെള്ളം അധികവും ഒഴുകുന്നത്. സൗരാഷ്ട്ര വരണ്ടുണങ്ങുന്നു. പ്രധാന കനാലുകളും ശാഖാ കനാലുകളുമായി 76000 കിലോമീറ്റര്‍ കനാല്‍ ശൃംഖല നിര്‍മ്മിക്കാന്‍ വിഭാവന ചെയ്തെങ്കിലും ഇതിന്റെ പത്തിലൊന്നു പോലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല. ഇതിന്റെ ഫലമായി ഏറ്റവും വലിയ കാര്‍ഷിക മേഖലയായ സൗരാഷ്ട്രയിലെ ലക്ഷക്കണക്കിനേക്കര്‍ കൃഷിഭൂമി വരണ്ടുണങ്ങുകയാണ്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇക്കൊല്ലം കൃഷി ചെയ്യാനാവാതെ നിസ്സഹായാവസ്ഥയിലാണ്. ജലസേചനസൗകര്യമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അത് പാലിക്കാതിരിന്നിട്ടും കര്‍ഷകരുടെ പക്ഷത്തുനിന്ന് അതുയര്‍ത്തി ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

തൊഴിലാളികള്‍ക്ക് ജീവിക്കാനാവാശ്യമായ വേതനം നല്‍കാതെ തടിച്ചുകൊഴുക്കുന്ന കുത്തകകളെയാണ് മോഡി സര്‍ക്കാര്‍ തലോടുന്നത്. പ്രതിദിനം 50 രൂപയ്ക്ക് പണിയെടുക്കുന്ന തൊഴിലാളികളെ അഹമ്മദാബാദ് നഗരത്തില്‍ കണ്ടു. ഒരുവിധ ക്ഷേമ ആനുകൂല്യങ്ങളുമില്ലാതെ പണിയെടുക്കുന്ന ഇവരുടെ ജീവിതം ഒരിഞ്ചു പോലും മുന്നോട്ടുപോയിട്ടില്ല. ഗ്രാമങ്ങളിലാകട്ടെ, കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ല. കര്‍ഷകരെ സഹായിക്കുന്ന പദ്ധതികളൊന്നും സര്‍ക്കാരിനില്ല. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഫലപ്രദമായ ഒരു പദ്ധതിയും മോഡിക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

12 വര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്താറില്ല. എല്ലാ ജോലികളും കരാര്‍ ജോലികളാക്കി മാറ്റി. പൊലീസുകാരെയും കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നു. അതിനാല്‍ അടിസ്ഥാനയോഗ്യതയൊന്നും നോക്കേണ്ടതില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരെയാകെ പൊലീസില്‍ കുത്തിനിറച്ചു. 3500 രൂപയാണ് ഇവരുടെ നിശ്ചിതപ്രതിഫലം. യഥേഷ്ടം കൈക്കൂലി വാങ്ങാന്‍ സമ്മതം കൊടുത്തിരിക്കുന്നു. ഈ പൊലീസുകാരും അധോലോകവും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് ഗുജറാത്തിനെ കൊള്ളയടിക്കുകയാണ്. ഇങ്ങനെ എല്ലാവിധത്തിലും ജനജീവിതം ദുരിതമയമായിത്തീര്‍ന്ന ഒരു സംസ്ഥാനത്ത് ഗവണ്‍മെന്റിനെതിരായ വികാരത്തിന് തീപിടിപ്പിക്കാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥ അവിടെ നിലനില്‍ക്കുന്നു. ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത ഒരു രാഷ്ട്രീയശക്തിയെയാണ് ഗുജറാത്ത് ജനത ഉറ്റുനോക്കുന്നത്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ടിക്ക് ഒരു രാഷ്ട്രീയ ബദലിന്റെ സ്വഭാവമില്ല. ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പാര്‍ടിയല്ല ജിപിപി. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായ ഒരു കാര്യപരിപാടി മുന്നോട്ടുവെയ്ക്കാന്‍ ആ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല.

ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭീതി മാറ്റാനും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ജനങ്ങളുടെ ജീവിതം ഉയര്‍ത്താന്‍ കഴിയുന്ന ഒരു ബദല്‍ പരിപാടി മുന്നോട്ടുവെയ്ക്കാനും കഴിയുന്ന രാഷ്ട്രീയശക്തിക്കായാണ് ഇനി കാത്തിരിക്കേണ്ടത്. കോണ്‍ഗ്രസിനെ അതിനായി പ്രതീക്ഷിക്കാനാവില്ല. ഹിമാചല്‍പ്രദേശില്‍ അഴിമതിയും ജനവിരുദ്ധതയും ആഭരണങ്ങളായി കൊണ്ടുനടക്കുന്ന പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും. അധികാരത്തില്‍ വരുമ്പോഴൊക്കെ അഴിമതി നടത്താന്‍ ഇരു പാര്‍ടികളും മത്സരിക്കും. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത് അഴിമതിക്കേസില്‍ തന്നെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ്ങാണ്. ഒന്നിനെ മടുക്കുന്ന ജനങ്ങള്‍ മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. ഈ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് ആവേശം പകരുന്നതല്ല. ബിജെപിക്കും സന്തോഷിക്കാനൊന്നുമില്ല. കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ ശക്തികള്‍ക്കാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിയുക. അത്തരമൊരു സംവിധാനം ശക്തിപ്പെടുമെങ്കില്‍ അതായിരിക്കും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയാവുക.

*
വി ജയിന്‍ ചിന്ത പുതുവത്സര പതിപ്പ്

No comments: