Sunday, December 16, 2012

ചങ്ങാത്ത മുതലാളിത്തത്തിന്റെ ജനാധിപത്യ സംഹാരം

ക്രോണി ക്യാപ്പിറ്റലിസം (crony capitalism) എന്ന കൗതുകപ്പേരില്‍ അറിയപ്പെടുന്ന ചങ്ങാത്ത മുതലാളിത്തം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ പ്രഹസനമായിത്തീരും എന്നതാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നിര്‍ണായക വോട്ടെടുപ്പ് വേളകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണി ക്യാപ്പിറ്റലിസത്തിന്റെ അടിസ്ഥാനം. ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്‍പ്പര്യം ഭരണാധികാര ശക്തികളും ഭരണാധികാര ശക്തികളുടെ താല്‍പ്പര്യങ്ങള്‍ മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു. മുതലാളിമാര്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാനുള്ള സൗകര്യം നിയമനിര്‍ണാമത്തിലൂടെയടക്കം ഭരണരാഷ്ട്രീയക്കാര്‍ ചെയ്തുകൊടുക്കുന്നു. ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി മുതലാളിത്തശക്തികള്‍ ഓടിയെത്തുകയും ചെയ്യുന്നു. ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി പണം കൊണ്ടുള്ള ഭരണം), ക്ലെപ്റ്റോക്രസി മോഷണംകൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വയ്ക്കുന്നു. ഈ അവസ്ഥയിലേക്കാണ് ഇന്ന് ഇന്ത്യ കടന്നെത്തുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള!

ഇത്തരം ഒരു അവസ്ഥയില്‍ ഭൂരിപക്ഷമുണ്ടാക്കുക, ഭൂരിപക്ഷമില്ലാതാക്കുക, സര്‍ക്കാരിനെ അവരോധിക്കുക, സര്‍ക്കാരിനെ നിഷ്കാസിതമാക്കുക തുടങ്ങിയവയുടെയൊക്കെ അവസാന വാക്ക് രാഷ്ട്രീയമോ ജനങ്ങളോ അല്ല, മറിച്ച് മൂലധനവും മുതലാളിത്തവുമാണ് എന്നുവരും. ഈ അവസ്ഥയാണ് വിശ്വാസ വോട്ടെടുപ്പുപോലുള്ള ഘട്ടങ്ങളില്‍ ഇന്ത്യ കാണുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിലെ വോട്ട് പ്രതിസന്ധികളെ അതിജീവിക്കുന്നത് വിസ്മയകരമായ സാമര്‍ഥ്യത്തോടെയാണെന്ന് കരുതുന്നുവരുണ്ട്. അതുവരെ എതിരായി നില്‍ക്കുന്ന വോട്ടിങ്ങിന്റെ ഗണിതശാസ്ത്രം വോട്ടെടുപ്പിന്റെ നിര്‍ണായക മുഹൂര്‍ത്തം വരുമ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാകും. ഇത് ഒരു സാമര്‍ഥ്യംതന്നെയാണ്; തര്‍ക്കമില്ല. എന്നാല്‍, ഈ സാമര്‍ഥ്യത്തിന്റെ ഉറവിടം ഏതാണ് എന്ന ചോദ്യംമാത്രം ആരും ചോദിച്ചുകാണുന്നില്ല. ഉന്നയിക്കപ്പെടാത്ത ഈ ചോദ്യത്തിനുള്ള ഉത്തരമാണ് 2008 ജൂലൈ 28ന്റെ വിശ്വാസ വോട്ടെടുപ്പ് ഘട്ടത്തില്‍ ലോക്സഭാ തലത്തില്‍ പ്രത്യക്ഷപ്പെട്ട നോട്ടുകെട്ടുകളും കഴിഞ്ഞയാഴ്ചത്തെ ചില്ലറ വ്യാപാര-വിദേശ നിക്ഷേപ വോട്ടെടുപ്പിനെ തുടര്‍ന്ന് അമേരിക്കന്‍ സെനറ്റില്‍ നടന്ന വെളിപ്പെടുത്തലും നമുക്ക് തരുന്നത്. ഇത് കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ പാര്‍ലമെന്ററികാര്യ ഫ്ളോര്‍ മാനേജ്മെന്റിന്റെ കഴിവുകൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളെ ന്യൂനപക്ഷ സര്‍ക്കാര്‍ അതിജീവിക്കുന്നത് എന്ന് വിലയിരുത്തുകയാണ് ചില മുഖ്യധാരാ മാധ്യമങ്ങള്‍.

ഒന്നാം യുപിഎ സര്‍ക്കാര്‍ 2008ല്‍ വിശ്വാസവോട്ട് നേടിയതെങ്ങനെയാണ് എന്നോര്‍മിക്കുക. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ ചില എംപിമാര്‍ക്ക് കൊടുത്ത കോടികളുടെ നോട്ടുകെട്ടുകള്‍ അവര്‍തന്നെ സഭയുടെ മേശപ്പുറത്ത് വച്ചത് രാജ്യം കണ്ടു. അറുപത് കോടി രൂപ എംപിമാര്‍ക്കുള്ള കൈക്കോഴ എന്ന നിലയില്‍ നിറച്ചുവച്ച പെട്ടികള്‍ കോണ്‍ഗ്രസ് നേതാവ് സതീശ്ശര്‍മയുടെ സഹായി നചികേത കപൂര്‍ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്ത് വിശ്വാസവോട്ട് നേടാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി എന്നറിയിച്ചത് 2011 മാര്‍ച്ച് 17ന് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. ഈ വിവരമടങ്ങിയ നയതന്ത്ര കേബിളുകള്‍ സത്യംതന്നെയാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡറായിരുന്ന ഡേവിഡ് മുല്‍ഫോഡ് സാക്ഷ്യപ്പെടുത്തുന്നതും രാജ്യം കണ്ടു. അപ്പോള്‍ കോണ്‍ഗ്രസിന്റെ ഫ്ളോര്‍ മാനേജ്മെന്റാണോ അതോ മുതലാളിത്തശക്തികളുടെയും സാമ്രാജ്യത്വത്തിന്റെയും ധനമാനേജ്മെന്റാണോ സാമര്‍ഥ്യത്തിന്റെ യഥാര്‍ഥ ഉറവിടം? ഇനി ഇപ്പോഴത്തെ കാര്യമെടുക്കാം. ചില്ലറ വ്യാപാര രംഗത്ത് വിദേശ മൂലധന നിക്ഷേപം അനുവദിക്കാനുള്ള ബില്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാര്‍ വിജയിച്ച് ഒരാഴ്ച തികയുംമുമ്പാണ് ഇതേ കാര്യത്തിന് യുഎസ് ബഹുരാഷ്ട്ര കുത്തകയായ വാള്‍മാര്‍ട്ട് നൂറ് ദശലക്ഷം ഡോളര്‍ ചെലവാക്കിയെന്ന കാര്യം യുഎസ് സെനറ്റില്‍ വെളിപ്പെട്ടത്. തടസ്സങ്ങള്‍ നീക്കാനായിരുന്നുവത്രെ അത്. എന്തായിരുന്നു തടസ്സം? ബില്‍ പാര്‍ലമെന്റില്‍ പാസാകില്ല എന്നതുതന്നെ. ചില്ലറ വില്‍പ്പന ബില്ലും അനുബന്ധമായ ഫെമാ ഭേദഗതി ബില്ലും അതുവരെയുള്ള വോട്ടിങ് ഗണിതശാസ്ത്രത്തെയാകെ അട്ടിമറിച്ചുകൊണ്ട് ഒടുവില്‍ പാസായി. അപ്പോള്‍ വിലപ്പോയത് ഫ്ളോര്‍ മാനേജ്മെന്റിന്റെ ശക്തിയോ അതോ ധനമാനേജ്മെന്റിന്റെ ശക്തിയോ?

2008ലും 2012ലും മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ പാര്‍ലമെന്ററി കടമ്പ കടന്നതിന്റെ കഥയില്‍ "അമേരിക്ക" പ്രധാന കഥാപാത്രമായി ഉയര്‍ന്നുനില്‍ക്കുന്നു. രണ്ടിലും ദേശീയ താല്‍പ്പര്യത്തിനെതിരെ അമേരിക്കന്‍ താല്‍പ്പര്യം വിലപ്പോകുന്നതാണ് നാം കണ്ടത്. അമേരിക്ക കണ്ടംചെയ്ത ന്യൂക്ലിയര്‍ റിയാക്ടര്‍ ഇവിടേക്കയച്ചതും ഇന്ത്യന്‍ മണ്ണില്‍ കടന്നുവന്ന് അത് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്ന് വന്നതും ആണവോര്‍ജ ഉല്‍പ്പാദനത്തിലെ സിവില്‍-മിലിട്ടറി വേര്‍തിരിവുകളുടെ കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തതുമൊക്കെ ഇന്ത്യന്‍ താല്‍പ്പര്യത്തിലല്ലല്ലോ. എതുവിധേനയും ആണവബില്‍ പാസാക്കിയെടുക്കുക എന്നത് അമേരിക്കന്‍ താല്‍പ്പര്യമായിരുന്നു. അതേപോലെ ഇന്ത്യന്‍ ചെറുകിട വ്യവസായമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ 51 ശതമാനം വിദേശനിക്ഷേപവുമായി കടന്നുവരുന്നത് 49 ശതമാനത്തിലേക്കൊതുങ്ങുന്ന ഇന്ത്യന്‍ താല്‍പ്പര്യത്തിലല്ലല്ലോ. ഇന്ത്യന്‍ കമ്പോളം തുറന്നുകിട്ടാന്‍ വാള്‍മാര്‍ട്ട് നൂറ് ദശലക്ഷം ഡോളര്‍ ചെലവിടണമെങ്കില്‍ അത് അമേരിക്കന്‍ താല്‍പ്പര്യത്തില്‍തന്നെയാവണമല്ലോ. ഈ രണ്ട് സംഭവങ്ങളിലും- ആണവബില്‍, ചില്ലറ വ്യാപാര ബില്‍- ഒരുപോലെ തെളിയുന്നത് ഇന്ത്യന്‍ നിയമനിര്‍മാണ സംവിധാനം വിദേശ മൂലധനത്തിന്റെ താല്‍പ്പര്യത്തിനൊത്ത് വളയുന്നതാണ്. അപ്പോള്‍, ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ മുതലാളിമാരുടെ താല്‍പ്പര്യ നിര്‍വഹണത്തിലൊതുങ്ങി നില്‍ക്കാതെ സാമ്രാജ്യത്വ മൂലധനത്തിന്റെ താല്‍പ്പര്യ നിര്‍വഹണത്തിലേക്ക് വളര്‍ന്നുനില്‍ക്കുന്നു എന്നര്‍ഥം. ഏത് ധനിയമനിര്‍മാണം നടത്തണം എന്ന് നിശ്ചയിക്കാനുള്ള അധികാരംപോലും പരമാധികാര ജനപ്രതിനിധി സഭയ്ക്കല്ല, അമേരിക്കയ്ക്കാണ് എന്ന് തെളിയുകയാണിവിടെ. ഇനി ഒരു ഘട്ടത്തില്‍ പാര്‍ലമെന്ററി സമ്പ്രദായം അമേരിക്കന്‍ താല്‍പ്പര്യത്തിലുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് തടസ്സമാകുന്നു എന്നുവയ്ക്കുക. ആ നിമിഷം പാര്‍ലമെന്ററി സമ്പ്രദായത്തെതന്നെ ഇന്ത്യന്‍ ഭരണാധികാരികള്‍ കൈയൊഴിയുമെന്നതിന്റെ സൂചനകൂടി തരുന്നുണ്ട് ഈ അവസ്ഥ. ചങ്ങാത്ത മുതലാളിത്തം, ഭരണാധികാരവുമായി ചങ്ങാത്തംകൂടി മുതലാളിത്തം അതിന്റെ ലാഭം കൊഴുപ്പിക്കുന്ന സംവിധാനമാണ്. ഒറ്റയടിക്ക് അഞ്ചു ലക്ഷം കോടി രൂപയുടെ കോര്‍പറേറ് ബാധ്യത എഴുതിത്തള്ളിയ യുപിഎ സര്‍ക്കാര്‍ ആ പ്രവൃത്തിയിലൂടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണ് മുന്നോട്ടുവച്ചത്.

2004-2009 ഘട്ടത്തില്‍ 1,85,591 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിക്കൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ ഖനത്തിനായി ചില വന്‍ കമ്പനികള്‍ സ്വന്തമാക്കിയതും ഭരണാധികാരവുമായുള്ള ഇതേ ചങ്ങാത്തത്തിലൂടെയാണ്. 1,76,663 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിക്കൊണ്ട് 2ജി സ്പെക്ട്രം ലൈസന്‍സ് ക്രമരഹിതമായി ചില പ്രിയ കമ്പനികള്‍ക്ക് വിതരണംചെയ്തതിലൂടെ യുപിഎ സര്‍ക്കാര്‍ തെളിയിച്ചത് ചങ്ങാത്ത മുതലാളിത്തത്തിന്റെ പുതുമേഖലകളാണ്. ജിഎംആര്‍ ഗ്രൂപ്പിന് 50 ശതമാനം ഓഹരിയുള്ള "ഡയലി"ന് (ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി) 1,66,972 കോടിയുടെ വഴിവിട്ട ആനുകൂല്യം നല്‍കിയതിലടക്കം പ്രതിഫലിച്ചുകണ്ടതും ഇതുതന്നെ. ഒന്നാം യുപിഎ മന്ത്രിസഭ വിശ്വാസവോട്ട് തേടിയ വേളയില്‍ അനില്‍ അംബാനിയും അമര്‍സിങ്ങും ചേര്‍ന്ന് രാഷ്ട്രീയാധികാരത്തിന്റെ ഇടനാഴികളില്‍ നടത്തിയ നീക്കങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ജീര്‍ണമുഖം കാട്ടിത്തന്നു. നീരാ റാഡിയ ടേപ്പ് വിവാദത്തിലൂടെയാകട്ടെ, ആര് മന്ത്രിയാകണം, ഏത് മന്ത്രിക്ക് ഏത് വകുപ്പ് നല്‍കണം എന്നൊക്കെ നിശ്ചയിക്കുന്നതുപോലും പ്രധാനമന്ത്രിയല്ല, മറിച്ച് മുകേഷ് അംബാനി മുതല്‍ ടാറ്റവരെയുള്ള ബിസിനസ് സിംഹങ്ങളാണെന്ന് വ്യക്തമായി.

നീരാ റാഡിയ നടത്തിയിരുന്ന വൈഷ്ണവി കമ്യൂണിക്കേഷന്‍സിന്റെ ഗുണഭോക്താക്കളായിരുന്നല്ലോ ടാറ്റ ടെലിസര്‍വീസസും റിലയന്‍സ് ഗ്രൂപ്പും. ടേപ്പ് ചോര്‍ന്നതിനെത്തുടര്‍ന്ന് ടാറ്റയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖറെ പ്രധാനമന്ത്രി നിയോഗിച്ചതും ഇതിന്റെ ദൃഷ്ടാന്തമായി. ടേപ്പിലൂടെ വന്ന വിവരങ്ങള്‍ ജനാധിപത്യത്തെ ഉലയ്ക്കുന്നതിലായിരുന്നില്ല, ടാറ്റയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലായിരുന്നു പ്രധാനമന്ത്രിക്ക് ഉല്‍ക്കണ്ഠ! പെട്രോള്‍ അടക്കമുള്ളവയുടെ വിലനിര്‍ണായവകാശം എണ്ണക്കമ്പനികളില്‍ നിക്ഷിപ്തമാക്കിയതുമുതല്‍ പെട്രോളിയം മന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് മുകേഷ് അംബാനിയാണ് എന്നു വന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുവരുന്ന ചങ്ങാത്ത മുതലാളിത്തം തെളിഞ്ഞുകാണാം.

*
പ്രഭാവര്‍മ ദേശാഭിമാനി 15 ഡിസംബര്‍ 2012

No comments: