Wednesday, December 12, 2012

പെന്‍ഷനും സബ്സിഡിയും തകര്‍ക്കുന്നു

ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഭാഗമായി സബ്സിഡികളും ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും പരിശ്രമിക്കുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കം എല്ലാ ക്ഷേമപെന്‍ഷനുകളും ബാങ്കുവഴി വിതരണം ചെയ്യാനുള്ള നീക്കം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. വൃദ്ധജനങ്ങളും അഗതികളും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടാതിരിക്കാന്‍ പെന്‍ഷന്‍ വിതരണം പോസ്റ്റോഫീസുവഴിയാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായി ജനങ്ങള്‍ ഇതിനെ വാഴ്ത്തി.

ഈ നടപടിയെ തകിടംമറിച്ച് ഇപ്പോള്‍ എല്ലാ പെന്‍ഷനുകളും ബാങ്കുവഴിയും പോസ്റ്റാഫീസ് അക്കൗണ്ട് വഴിയും വിതരണം ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബാങ്കിലോ പോസ്റ്റോഫീസിലോ പോയി സീറോ ബാലന്‍സ് അക്കൗണ്ട് എടുക്കേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഫോട്ടോയും ആധാര്‍നമ്പരും ഹാജരാക്കണം.

സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാന്‍ 50 രൂപ നിര്‍ബന്ധമായും നല്‍കണമെന്നാണ് പോസ്റ്റോഫീസില്‍നിന്ന് അറിയിക്കുന്നത്. അതിനു പുറമെയാണ് മറ്റു ചെലവുകള്‍. ബാങ്കിലാണെങ്കില്‍ മിനിമം ബാലന്‍സ് 500 രൂപയും ചെക്ക് ബുക്കിന് 1000 രൂപയുമാണ് വേണ്ടത്. ആധാര്‍ നമ്പരും നിര്‍ബന്ധമാണ്. രാജ്യത്ത് എത്രപേര്‍ക്ക് ആധാര്‍ നമ്പര്‍ കിട്ടിയിട്ടുണ്ടെന്ന് ആര്‍ക്കും വ്യക്തതയില്ല. സര്‍ക്കാരിനുവേണ്ടി എന്നുപറഞ്ഞ് ഒരു ഏജന്‍സി നടത്തിയ ആധാര്‍ രജിസ്ട്രേഷനില്‍ എത്രപേര്‍ രജിസ്റ്റര്‍ചെയ്തു എന്ന് പരിശോധിച്ചാല്‍ മഹാഭൂരിപക്ഷവും ചെയ്തിട്ടില്ല എന്ന് മനസ്സിലാകും. അപ്പോള്‍പ്പിന്നെ ആധാര്‍ നമ്പര്‍ ലഭ്യമല്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അതുപോലെ സീറോ ബാലന്‍സ് അക്കൗണ്ട് തികച്ചും സൗജന്യമായി നല്‍കണം. അല്ലാതെ നിര്‍ധനരും ദുരിതമനുഭവിക്കുന്നവരും 50 രൂപ വീതം നല്‍കണമെന്ന് പിടിവാശി കാണിക്കുകയല്ല വേണ്ടത്.

നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍. 1980ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ പ്രത്യുല്‍പ്പാദനപരമല്ല എന്നുപറഞ്ഞ് അതിനെ തകര്‍ക്കാനാണ് വലതുപക്ഷശക്തികള്‍ പരിശ്രമിച്ചത്. എന്നാല്‍, കര്‍ഷകത്തൊഴിലാളി യൂണിയന്റെ ശക്തമായ ചെറുത്തുനില്‍പ്പുകൊണ്ടാണ് പദ്ധതി തകര്‍ക്കാന്‍ യുഡിഎഫ് അധികാരത്തിലിരുന്ന കാലത്തുപോലും കഴിയാതിരുന്നത്. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുന്ന ഘട്ടത്തിലാണ് ഇത്തരം നടപടികള്‍ എന്നതും കാണേണ്ടതുണ്ട്. അരി ഉള്‍പ്പെടെ നിത്യേപയോഗസാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നു. അരിവില സര്‍വകാല റെക്കോഡില്‍ എത്തി. രണ്ടുരൂപയ്ക്ക് അരിവിതരണവും കാര്യക്ഷമമായ പെന്‍ഷന്‍ വിതരണവുംമൂലം കര്‍ഷകത്തൊഴിലാളിക്ക് ദൈനംദിനജീവിതം പട്ടിണിയില്ലാതെ നീക്കുന്നതിനുള്ള സാഹചര്യം എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. അതാണ് ഇപ്പോള്‍ തകര്‍ക്കുന്നത്.

രണ്ടുരൂപ നിരക്കില്‍ മാസം 35 കിലോ അരിവീതം ലഭിച്ചിരുന്നവര്‍ ഇനി കൂടിയ വില രൊക്കം നല്‍കി വാങ്ങണം. അതിന്റെ സബ്സിഡി ബാങ്കില്‍ ചെന്ന് വാങ്ങണമെന്നാണ് തീരുമാനം. രണ്ടുരൂപയുടെ സ്ഥാനത്ത് അതിന്റെ എത്രയോ ഇരട്ടി തുക കൊടുത്താലേ അരി കിട്ടൂ. മുന്‍കൂര്‍ പണം മുടക്കാന്‍ കഴിയാത്തവര്‍ അരി വാങ്ങേണ്ട എന്നതാണ് അധികാരികളുടെ നയം. ന്യായവിലയ്ക്ക് അരി നല്‍കാന്‍ തയ്യാറാകാത്തവര്‍ ഉള്ള അരി നശിപ്പിക്കുന്നതിന് എല്ലാ ഒത്താശയുംചെയ്യുന്നു. അതിന് തെളിവാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ എഫ്സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 15,000 ടണ്‍ അരി കത്തിച്ച് ചാമ്പലാക്കിയത്. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത പട്ടിണിപ്പാവങ്ങളായ ആയിരങ്ങള്‍ രാജ്യത്ത് അലയുമ്പോഴാണ് ഈ ക്രൂരത. അരിയുടെ ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ന്നിട്ടും അരിവില താഴ്ത്താനോ ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണംചെയ്യാനോ തയ്യാറാകുന്നില്ല. ഗോഡൗണുകള്‍ക്കു പുറത്ത് മഴയും വെയിലുമേറ്റ് അരിയും ഗോതമ്പും നശിക്കുന്നു. ഇന്ത്യയാണ് അരി കയറ്റുമതിയില്‍ ഒന്നാമത്. പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാരുകള്‍ അവന്റെ വിശപ്പടക്കാന്‍ ആവശ്യമായ അരി ന്യായവിലയ്ക്കും സൗജന്യമായും നല്‍കാതെ കയറ്റി അയക്കുകയും ശേഷിച്ചവ നശിപ്പിക്കുകയും ചെയ്യുന്നു.

അഗതി- വിധവ- വാര്‍ധക്യ പെന്‍ഷനും കര്‍ഷകത്തൊഴിലാളി പെന്‍ഷനും ഉള്‍പ്പെടെ ക്ഷേമപെന്‍ഷന്‍വിതരണം ബാങ്കുവഴിയും പോസ്റ്റോഫീസ് അക്കൗണ്ടുവഴിയും ആക്കിയ നടപടി അടിയന്തരമായും പിന്‍വലിക്കേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്കും പരസഹായമില്ലാതെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും അവരുടെ വീടുകളിലെത്തി പെന്‍ഷന്‍ വിതരണംചെയ്യുന്നത് തുടരണം. അല്ലാതെ 50 രൂപ വീതം വാങ്ങി, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം. അതിനായി ബുധനാഴ്ച പഞ്ചായത്ത്- മുന്‍സിപ്പല്‍- കോര്‍പറേഷന്‍ ഓഫീസുകളിലേക്ക് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചിലും ധര്‍ണയിലും മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളുയര്‍ത്തി നടത്തുന്ന ഈ സമരവുമായി എല്ലാ ജനങ്ങളും ഐക്യപ്പെടേണ്ടതുണ്ട്.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 12 ഡിസംബര്‍ 2012

No comments: