Friday, December 7, 2012

പുതിയ ആകാശവും പുതിയഭൂമിയും

കടുത്ത അവഗണനയുടെയും ചൂഷണത്തിന്റെയും വിവേചനത്തിന്റെയും കയ്പുനീര് കുടിക്കാന്‍ നിര്‍ബന്ധിതരാകുന്ന പട്ടികജാതി ജനവിഭാഗങ്ങള്‍ സംഘടിതശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ നാന്ദിയാണ് ഡിസംബര്‍ ഒമ്പതിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷന്‍. കേരളത്തിലെ 35 ലക്ഷം വരുന്ന പട്ടികജാതി ജനവിഭാഗത്തെ പ്രതിനിധാനംചെയ്ത് 14 ജില്ലയില്‍നിന്ന് എത്തുന്ന 4000 പ്രതിനിധികള്‍ അവിടെ ഒത്തുചേര്‍ന്ന് പുതിയ സംഘടനയ്ക്കു രൂപം നല്‍കും.

ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ അടിസ്ഥാനശിലയായ ജാതിവ്യവസ്ഥയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച വിഭാഗമാണ് പട്ടികജാതിക്കാര്‍. തൊട്ടുകൂടായ്മ എന്ന ശാപത്തോടൊപ്പം, വഴി നടക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശംപോലും ഒരുകാലത്ത് ഉണ്ടായിരുന്നില്ല. സ്വത്തവകാശവും നിഷേധിക്കപ്പെട്ടു. നൂറ്റാണ്ടുകളോളം സാമ്പത്തിക വിവേചനത്തിനും സാമൂഹ്യമായ ഉച്ചനീചത്വത്തിനും അടിമപ്പെട്ടവരാണ് ഈ വിഭാഗം. ജന്മിത്വത്തിന്റെ വേരറുത്താല്‍ മാത്രമേ ജാതി വ്യവസ്ഥ തുടച്ചുനീക്കാനാകൂ. അതുകൊണ്ടാണ് ഇവര്‍ക്ക് മോചനത്തിന്റെ പാത തെളിച്ച് 1957ല്‍ ഇ എം എസ് മന്ത്രിസഭ സമഗ്ര ഭൂപരിഷ്കരണവും വിദ്യാഭ്യാസബില്ലും നടപ്പാക്കിയത്. ആ മന്ത്രിസഭയെ അറുപിന്തിരിപ്പന്‍ വര്‍ഗീയശക്തികളും മതശക്തികളും ചേര്‍ന്ന് അട്ടിമറിച്ചു.

ഈ പാവപ്പെട്ട അടിസ്ഥാനവിഭാഗത്തില്‍ ബഹുഭൂരിപക്ഷവും വിശ്വാസമര്‍പ്പിക്കുന്ന പ്രസ്ഥാനം സിപിഐ എം ആണ്. കേരളത്തിലെ സിപിഐ എം അംഗങ്ങളില്‍ 59,955 പേര്‍ (15.41 ശതമാനം) എസ്സി വിഭാഗത്തില്‍നിന്നാണ്. സിപിഐ എമ്മിന്റെ ജനകീയ അടിത്തറ പട്ടികജാതിവിഭാഗത്തില്‍ ശക്തിപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. 2011ലെ കേരള നിയമസഭയില്‍ ആകെയുള്ള 14 എസ്സി സംവരണമണ്ഡലത്തില്‍ 12ലും (സിപിഐ എം 7, സിപിഐ 4, ആര്‍എസ്പി 1) ജയിച്ചത് ഇടതുപക്ഷമാണ്.

സമൂഹത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എം നിരന്തരം ഈ മേഖലയില്‍ ഇടപെടുന്നുണ്ട്്. 2008 ആഗസ്റ്റ് 16ന് എറണാകുളം ജവാഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയത്തില്‍ ഒരു ലക്ഷം പട്ടികജാതി പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ ഇന്ത്യ കണ്ട അത്തരത്തിലുള്ള ഏറ്റവും വലുതായി മാറി. ഈ മേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകുന്നതായി പാര്‍ടി കാണുന്നു. ആ തിരിച്ചറിവാണ് ഈ വിഭാഗത്തിനിടയില്‍ ഫലപ്രദമായ സംഘടനാരൂപത്തിന് നേതൃത്വം കൊടുക്കാന്‍ പാര്‍ടിയെ പ്രേരിപ്പിക്കുന്നത്.

എസ്സി വിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ നടപടികളാണ് 2006-2011ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 100 ശതമാനം കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ചതും പട്ടികവിഭാഗത്തിന്റെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ 100 ശതമാനം വര്‍ധന വരുത്തിയതും ഇതില്‍ എടുത്തുപറയേണ്ടതാണ്. സമയബന്ധിതമായി എടിഎം വഴിയുള്ള ആനുകൂല്യവിതരണം, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയമേഖലയിലെ വിദ്യാഭ്യാസ ആനുകൂല്യം, 97 വാടക ഹോസ്റ്റല്‍ കെട്ടിടം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്, ഹോസ്റ്റല്‍ വാര്‍ഡന്മാരുടെ പുതിയ 37 തസ്തിക സൃഷ്ടിച്ചത്, എസ്സി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിയത്, തിരുവനന്തപുരത്തെ അയ്യന്‍കാളി കെട്ടിട സമുച്ചയം, കടം എഴുതിത്തള്ളല്‍, വീടും സ്ഥലവും വാങ്ങുന്നതിനുള്ള ആനുകൂല്യം രണ്ടിരട്ടി വര്‍ധിപ്പിച്ചത്, മിശ്രവിവാഹിതര്‍ക്കുള്ള സംവരണം ഉറപ്പുവരുത്തിയതും ആനുകൂല്യം വര്‍ധിപ്പിച്ചതും, രോഗികള്‍ക്കുള്ള ചികിത്സാസഹായം, ലാറ്ററല്‍ എന്‍ട്രിവഴി പ്രവേശനം ലഭിച്ച എന്‍ജിനിയറിങ്/ ബിഫാം വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം, ഡീംഡ് യൂണിവേഴ്സിറ്റികളില്‍ (ചെറുതുരുത്തിയിലെ കലാമണ്ഡലം ഉള്‍പ്പെടെ) പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പുവരുത്തിയത്, വെള്ളായണി അയ്യന്‍കാളി സ്പോര്‍ട്സ് സ്കൂളിന് രണ്ടുകോടി രൂപ ചെലവഴിച്ച് സൗകര്യങ്ങളേര്‍പ്പെടുത്തിയത്, ഡിപ്പാര്‍ട്മെന്റുവഴി പണിതീര്‍ത്ത 50,000 വീട്, സൗജന്യ വൈദ്യുതിവിതരണം, അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി, വയനാട്ടിലെ പ്രിയദര്‍ശിനി തേയിലത്തോട്ടം തുറപ്പിച്ചത്, ആറളം ഫാം കമ്പനി അതിക്രമം തടയല്‍, ഗദ്ദിക ;എന്ന നാടന്‍ കലാവിപണനമേള, ഇന്ത്യക്ക് മാതൃക സൃഷ്ടിച്ച എസ്സി/എസ്ടി കോര്‍പറേഷന്റെ പ്രവര്‍ത്തനം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൊടുത്ത എസ്സിപി ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം തുടങ്ങി കേരളം ശ്രദ്ധിച്ച പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.

ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ് ഇന്നനുഭവിക്കുന്ന മിക്ക ആനുകൂല്യങ്ങളും യാഥാര്‍ഥ്യമാക്കിയത്. ഇന്ന് ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. കേന്ദ്ര-&ാറമവെ;സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ടിന്റെ പകുതിപോലും ചെലവഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണനടത്തിപ്പ് സ്തംഭിച്ചു. ഇതുവഴി ഈ പാവങ്ങളുടെ വികസനക്ഷേമ പദ്ധതികള്‍ നിലച്ചു. കോളനികളിലും പട്ടികജാതി വാസസ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധര്‍ താവളമടിക്കുന്ന പ്രവണതയുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി പാവങ്ങളെ മാറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നു. തീവ്രവാദപ്രസ്ഥാന ആശയങ്ങള്‍ ഈ മേഖലയെ പലസ്ഥലത്തും സ്വാധീനിക്കുന്നു. ബ്ലേഡ് കമ്പനികളും അധോലോക മാഫിയകളും ഈ മേഖലയില്‍ അഴിഞ്ഞാടുകയാണ്. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയിലാണ് പട്ടികജാതിവിഭാഗം. മാസങ്ങളായി വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നില്ല. ഇ എം എസ് ഭവനപദ്ധതി സ്തംഭിപ്പിച്ചു. പകുതി പണിതീര്‍ത്ത വീടുകള്‍ പൊട്ടിപ്പൊളിഞ്ഞു. കടം എഴുതി തള്ളല്‍ പദ്ധതി അവതാളത്തിലായി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന വിഭാഗമാണിത്. പൊലീസിന്റെ ആക്രമണത്തിനും ലൈംഗിക പീഡനത്തിനും ഇവര്‍ പരക്കെ ഇരയാകുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് അതിഭീകരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് പട്ടികജാതി യുവാവും മികച്ച കായികതാരവുമായ വിതുര തേവിയോട് സിമിഭവനില്‍ സിനു ആത്മഹത്യചെയ്ത സംഭവവുമുണ്ടായി. പട്ടികജാതി പീഡനത്തിന് എതിരായ നിയമം നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമില്ല. പട്ടികജാതിക്കാരന്റെ പരാതിയില്‍ കേസ് എടുത്താല്‍ പ്രോസിക്യൂഷന്‍തന്നെ കൂറുമാറുന്നു, ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നു. ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനത്ത് പാവപ്പെട്ട പട്ടികജാതി കുടുംബാംഗം മരിച്ചാല്‍ ശവസംസ്കാരത്തിനിടമില്ല. ഇപ്പോള്‍ മൂന്ന് സെന്റ്ഭഭൂമി പ്രഖ്യാപിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ തട്ടിപ്പാണ്. മിച്ചഭൂമി തിരിമറി നടത്തി ഭൂപ്രമാണിമാര്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമി അനധികൃതമായി കൈവശംവയ്ക്കാനുള്ള അവകാശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കുകയാണ്. അതേസമയത്താണ് പട്ടികജാതിവിഭാഗത്തിന് അര്‍ഹതപ്പെട്ട മിച്ചഭൂമി ഇല്ലാതാക്കുന്നത്.

കൃഷിപ്പണിചെയ്ത് ജീവിക്കുന്നവന്, കൂര കെട്ടി താമസിക്കാനുള്ള അവകാശം നിഷേധിക്കുന്നു. കാല്‍ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡില്ല. ബിരുദധാരികളുള്‍പ്പെടെ തൊഴില്‍രഹിതരായുണ്ട്. സ്വാശ്രയമേഖലയുടെ മേധാവിത്വം വന്നതോടെ പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും നിന്ന് ഈ വിഭാഗം ഒഴിവാക്കപ്പെടുന്നു. ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്തതിനാല്‍, ഈ വിഭാഗം വിദ്യാഭ്യാസധാരയില്‍നിന്ന് അകലുകയാണ്. സംവരണതത്വം സ്വകാര്യമേഖലയില്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലാസ്ഥാപനങ്ങളില്‍പ്പോലും തൊഴിലവസരം ലഭിക്കുന്നില്ല. കാര്‍ഷികമേഖലയിലെ കോര്‍പറേറ്റ് സ്വാധീനം കാര്‍ഷിക ജോലിയും പട്ടികജാതിക്കാര്‍ക്ക് നിഷേധിക്കുന്നു. ചെറുകിട കൃഷിയിടങ്ങള്‍ തരിശ് ഇടുന്നതുമൂലവും നാളികേരം ഉള്‍പ്പെടെ വാണിജ്യവിളകള്‍ വിലത്തകര്‍ച്ചയിലായതിനാലും ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയും വന്നു. നവ ഉദാരവല്‍ക്കരണം കൂടുതല്‍ ബാധിച്ചത് പട്ടികജാതിവിഭാഗങ്ങളെയാണ്. പരമ്പരാഗത തൊഴില്‍മേഖലകള്‍ തകര്‍ക്കപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും നിയമന നിരോധനവും തസ്തികകള്‍ വെട്ടിക്കുറയ്ക്കലും പുറംജോലി കരാറുമെല്ലാം നേരത്തെ സംവരണത്തിലൂടെ ഈ വിഭാഗത്തില്‍ കിട്ടിയിരുന്ന ആനുകൂല്യം നഷ്ടപ്പെടുത്തി. കുടുംബശ്രീവഴി സാമ്പത്തികഭദ്രതയും മുന്നേറ്റവും ഉണ്ടാക്കാനും പട്ടികജാതിമേഖലയിലെ സ്ത്രീശാക്തീകരണം ഉറപ്പുവരുത്താനും ഒരു പരിധിവരെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതും തകര്‍ക്കുകയാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കുമേലുള്ള ചൂഷണത്തിന് അസ്തിവാരമിടുന്ന സാമ്പത്തിക- സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതി മാത്രമേ ഈവക പ്രശ്നങ്ങള്‍ ആഭ്യന്തരമായി പരിഹരിക്കാനാകൂ. ഈ പശ്ചാത്തലത്തിലാണ് പട്ടികജനവിഭാഗത്തിന്റെ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ഇത് ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമല്ല. മറിച്ച് അടിസ്ഥാനവിഭാഗത്തിന്റെ മാന്യമായി ജീവിക്കാനുള്ള സമരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത് വര്‍ഗസമരത്തിന്റെ ഭാഗമാകുന്നു.

സംസ്ഥാനത്തുള്ള മിച്ചഭൂമി ഏറ്റെടുത്തും സ്വകാര്യവ്യക്തികള്‍ അന്യായമായി കൈവശംവച്ചിരുന്ന ഭൂമി തിരിച്ചെടുത്തും സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയും ഭൂരഹിതര്‍ക്ക് വിതരണംചെയ്യാനുള്ള നടപടി സ്വീകരിക്കണം. അതിനായി അതിശക്തമായ സമരത്തിനുള്ള തയ്യാറെടുപ്പിലാണ് സിപിഐ എം. ഭൂമി ചൂണ്ടിക്കാട്ടി ഏറ്റെടുപ്പിക്കാനുള്ള ഈ സമരത്തിന്റെ മുന്‍പന്തിയില്‍ തങ്ങള്‍ സ്ഥാനം പിടിക്കുമെന്നാകും കൊല്ലം കണ്‍വന്‍ഷന്റെ പ്രഖ്യാപനം. ദുരിതങ്ങളില്‍നിന്ന് സമൂഹത്തിന്റെ താഴെക്കിടയിലുള്ള പട്ടികജാതിവിഭാഗത്തിന്റെ മോചനവും ജീവിതത്തിന്റെ എല്ലാ മേഖലയിലും സാമൂഹ്യ നീതി ഉറപ്പാക്കലും ഉള്‍പ്പെടെ ജീവല്‍പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.

*
എ കെ ബാലന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കടുത്ത അവഗണനയുടെയും ചൂഷണത്തിന്റെയും വിവേചനത്തിന്റെയും കയ്പുനീര് കുടിക്കാന്‍ നിര്‍ബന്ധിതരാകുന്ന പട്ടികജാതി ജനവിഭാഗങ്ങള്‍ സംഘടിതശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ നാന്ദിയാണ് ഡിസംബര്‍ ഒമ്പതിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷന്‍. കേരളത്തിലെ 35 ലക്ഷം വരുന്ന പട്ടികജാതി ജനവിഭാഗത്തെ പ്രതിനിധാനംചെയ്ത് 14 ജില്ലയില്‍നിന്ന് എത്തുന്ന 4000 പ്രതിനിധികള്‍ അവിടെ ഒത്തുചേര്‍ന്ന് പുതിയ സംഘടനയ്ക്കു രൂപം നല്‍കും.