Friday, December 21, 2012

വിടപറയുമോ ആനമലയുടെ പക്ഷിക്കൂട്ടം

സന്ധ്യകിളിയും പോതകിളിയും മരപ്രാവും മഞ്ഞ താലി ബുള്‍ബുളും മലവരമ്പനും കശ്മീരി പാറ്റപിടിയനും കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കിയപ്പോള്‍ ആനമല കേറിയിറങ്ങിയത് വെറുതെയായില്ലെന്ന് പക്ഷിപ്രേമികള്‍. വംശനാശ ഭീഷണിയിലുള്ള ജീവികളെ രേഖപ്പെടുത്തിയ റെഡ്ഡാറ്റാ ബുക്കില്‍ ഇടംപിടിച്ച 12 പക്ഷികളെ കണ്ടെന്നു മാത്രമല്ല,പശ്ചിമഘട്ടത്തിന്റേതു മാത്രമായ പക്ഷികളെ കാണാനുമായെന്നതാണ് ഈ യാത്രയെ ഏറെ വ്യത്യസ്തമാക്കുന്നത്.

ചിന്നാര്‍, കുറിഞ്ഞിമല വന്യജീവിസങ്കേതങ്ങളിലും ഇരവികുളം, ആനമുടി, പാമ്പാടുംചോല, മതികെട്ടാന്‍ ദേശീയ ഉദ്യാനങ്ങളിലും ഉള്‍പ്പെട്ട 275 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ ഡിസംബര്‍ ഏഴുമുതല്‍ 10 വരെയായിരുന്നു പക്ഷിസര്‍വേ. ഇതില്‍ ചിന്നാറിലും ഇരവികുളത്തും 14 വര്‍ഷം മുമ്പ് (1998ല്‍) സര്‍വേ നടന്നിട്ടുണ്ട്. എന്നാല്‍ ബാക്കി നാലു മേഖലയിലും ഇതാദ്യമാണ് ഇത്തരമൊരു സര്‍വേ. അന്താരാഷ്ട്ര പരിസ്ഥിതിസംരക്ഷണ സംഘടനയായ ഐയുസിഎന്‍ പുറത്തിറക്കുന്ന റെഡ് ഡാറ്റാ ബുക്കില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളില്‍ നിലനില്‍പ്പ് ഗുരുതരാവസ്ഥയില്‍ (vulnerable) എന്നു രേഖപ്പെടുത്തിയ ആറു പക്ഷികളെ ഈ മേഖലയില്‍ കണ്ടെത്തി. സന്ധ്യകിളി (White-bellied Shortwing),, പോതകിളി ( (Broad-tailed Grassbird) മരപ്രാവ് ((Nilgiri Wood-Pigeon), മഞ്ഞ താലി ബുള്‍ബുള്‍ ((Yellow-throated Bulbul),), മലവരമ്പന്‍ ((Nilgiri Pipit, കശ്മീരി പാറ്റപിടിയന്‍ (Kashmiri Flycatcher എന്നിവയെയാണ് ഇവിടെ കണ്ടെത്തിയത്. ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കില്‍ വംശനാശത്തിനിരയാകുമെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്.

സമീപഭാവിയില്‍ വംശനാശത്തിലേക്കു നീങ്ങാവുന്ന പക്ഷികളായി Near Threatened)) റെഡ് ഡാറ്റാ ബുക്ക് രേഖപ്പെടുത്തിയ ആറിനങ്ങളും ഇവിടെ കണ്ടെത്തി. വെള്ള മാറന്‍ ചിലുചിലപ്പന്‍ (Palani (Kerala) Laughingthrush), കരിംചെമ്പന്‍ പാറ്റപിടിയന്‍ ((Black and Orange Flycatcher),നീലഗിരി പാറ്റപിടിയന്‍  (Nilgiri Flycatcher),), ടിറ്റ്ലര്‍ ഇലക്കുരുവി (ഠ്Tytler’Leaf-Warbler)), ചാരത്തലയന്‍ ബുള്‍ബുള്‍ Grey-headed Bulbul),- ), മേടുതപ്പി (Pallid Harrier) എന്നിവയാണ് ഭാവിയില്‍ വംശനാശത്തിലേക്കു നീങ്ങാനിടയുള്ള പക്ഷികള്‍. മൂന്നാര്‍ മേഖലയില്‍ 117 ഇനം പക്ഷികളെയും, ചിന്നാര്‍ മേഖലയില്‍ 160 ഇനം പക്ഷികളെയുംകണ്ടെത്തി

ഇവയില്‍ രണ്ടിടത്തും പൊതുവായി കണ്ടെത്തിയ പക്ഷികളുമുണ്ട്. മഞ്ഞതാലി ബുള്‍ബുളുകളില്‍ കൂടുതലും കണ്ടത് ചിന്നാര്‍ വന്യജീവിസങ്കേതത്തിലാണ്. ഭദക്ഷിണേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഈ പക്ഷിയുടെ കേരളത്തിലെ ആവാസകേന്ദ്രവും കേരളമാണ്. സന്ധ്യകിളി, വെള്ള മാറന്‍ ചിലുചിലപ്പന്‍, കരിംചെമ്പന്‍ പാറ്റപിടിയന്‍, നീലഗിരി പാറ്റപിടിയന്‍ എന്നിവയെ മൂന്നാര്‍മലകളില്‍ പൊതുവായും ഇരവികുളം പുല്‍മേടുകള്‍മുതല്‍ പഴനിമലകള്‍ക്കു അതിരിടുന്ന കുറിഞ്ഞിമലവരെ ഇവയെ പലയിടത്തും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇരവികുളം ദേശീയ ഉദ്യാനത്തില്‍ കൂടുതല്‍ ക്യാമ്പുകളിലും മലവരമ്പനെയും പോതകിളിയെയും കാണാനായി. മൂന്നാര്‍ കുന്നുകളില്‍ ടിറ്റ്ലര്‍ ഇലക്കുരുവിയെയും മരപ്രാവിനെയും കണ്ടു. വലിയ കിന്നരി പരുന്ത്, കോഴികിളിപൊന്നന്‍, പച്ചവരമ്പന്‍, പതുങ്ങന്‍ ചിലപ്പന്‍, ചാരത്തലയന്‍ ബുള്‍ബുള്‍, കാട്ടുവേലിതത്ത, ചെവിയന്‍ രാചുക്ക്, കാട്ടുമൂങ്ങ, കൊല്ലിക്കുറവന്‍, മേടുതപ്പി, എറിയന്‍, പട്ടവാലന്‍ എന്നീ പക്ഷികളെ കാണാനായതും സര്‍വേയുടെ പ്രത്യേകതയായി. കുറിഞ്ഞിമല, ആനമുടി, പാമ്പാടുംചോല, മതികെട്ടാന്‍ചോല എന്നീ വനമേഖലകള്‍ പക്ഷികളുടെ പ്രധാന ആവാസകേന്ദ്രമാണെന്നു സര്‍വേയില്‍ കണ്ടെത്തി. എന്നാല്‍ കുറിഞ്ഞിമല വന്യജീവിസങ്കേതത്തില്‍ അക്കേഷ്യകാടുകളുള്ള കുറച്ചുഭാഗത്ത് പക്ഷികളെ കണ്ടതേയില്ല. അവിടം സ്വാഭാവിക വനംതന്നെ പുനഃസ്ഥാപിക്കാന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ശ്രമങ്ങളുണ്ടാവണം എന്നും സര്‍വേ നിര്‍ദേശിക്കുന്നു.

സര്‍വേയില്‍ ഈ ലേഖകനും കെ ജി ദിലീപ്, ദീപു കറുത്തേടത്ത്, പ്രവീണ്‍ ജെ, അരുണ്‍ സി ജി, ഷിബു ഭാസ്കര്‍, വിനയ് ദാസ്, ജീനു ജോര്‍ജ്, സന്ദീപ് ദാസ്, സുരഭ് സാവന്ത്, എം സി താജുദീന്‍, ശശാങ്ക് ഡാല്‍വി, പി പി ശ്രീനിവാസന്‍, ഇ എസ് പ്രവീണ്‍, അഭിഷേക് ജെയിന്‍, ബാദ്രി നാരായണന്‍ എന്നിവരാണ് വിവിധ സ്ക്വാഡുകള്‍ക്കു നേതൃത്വം നല്‍കിയത്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നായി 77 പക്ഷിനിരീക്ഷകരാണ് സര്‍വേയില്‍ പങ്കെടുത്തിയത്. വനംവകുപ്പിന്റെ ആഭുമുഖ്യത്തില്‍ നടന്ന സര്‍വേയില്‍ കാര്‍ഷിക സര്‍വകലാശാലയും കേരള ബേഡര്‍, ഇന്ത്യന്‍ ബേര്‍ഡ് കണ്‍സര്‍വേഷന്‍ നെറ്റ്വര്‍ക്ക്, മലബാര്‍ നാച്വറല്‍ സൊസൈറ്റി, ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, തൃശൂര്‍ നേചര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി എന്നിവയും പങ്കെടുത്തു.

*

ഡോ. പി ഒ നമീര്‍ (പക്ഷിനിരീക്ഷകനും കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളേജില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍)


കടപ്പാട്: ദേശാഭിമാനി

1 comment:

Unknown said...

മേടുതപ്പി (Pallid Harrier) Paid harrier അല്ലേ ?

ഭദക്ഷിണേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഈ പക്ഷിയുടെ കേരളത്തിലെ ആവാസകേന്ദ്രവും കേരളമാണ്. ഈ വാചകത്തിലും പ്രശ്നം.

ലേഖനം നന്നായി. അഭിനന്ദനങ്ങള്‍