Monday, December 17, 2012

ഭക്ഷ്യസുരക്ഷ പരമപ്രധാനം

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ ഭാരമേല്‍പ്പിച്ചുകൊണ്ട് പരിഷ്ക്കാരങ്ങളുടെ പെരുമഴയാണ് നടപ്പിലാക്കുന്നത്. നവലിബറല്‍ നയങ്ങള്‍ ശക്തമായി പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ രാജ്യത്തിനകത്തെയും പുറത്തെയും കുത്തകകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തികരംഗം കൂടുതല്‍ ഉദാരവത്ക്കരിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ രോഷംകൊണ്ടപ്പോള്‍ വിനീതദാസനായി മന്‍മോഹന്‍ സര്‍ക്കാര്‍ ചില്ലറവില്‍പ്പനരംഗമടക്കം വിദേശമൂലധനത്തിനായി തുറന്നുകൊടുത്തു. രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിട്ടും ഭരണസഖ്യത്തില്‍നിന്നും കക്ഷികള്‍ പുറത്തുപോയിട്ടും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ജനദ്രോഹ പരിഷ്ക്കാരങ്ങള്‍ ശക്തിയായി മുന്നോട്ടുകൊണ്ടുപോകുമെന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാറും കോണ്‍ഗ്രസ്സ് പാര്‍ടിയും. ഈ നയങ്ങളുടെ ആഘാതങ്ങള്‍ സമൂഹം പലതലത്തില്‍ പലരീതിയില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ വെല്ലുവിളികള്‍ നേരിടുന്നതും തിരിച്ചടികള്‍ ഏറ്റുകൊണ്ടിരിക്കുന്നതുമായൊന്ന് ഭക്ഷ്യരംഗമാണ്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ ബില്‍ അതേപോലെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ വലിയൊരു വിഭാഗത്തിന് ഭക്ഷണം നിഷേധിക്കുന്ന അവസ്ഥയുണ്ടാവും. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തികച്ചും അശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തില്‍ എപിഎല്‍, ബിപിഎല്‍ തരംതിരിവ് നടത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. ഇതിലൂടെ അര്‍ഹതപ്പെട്ട വലിയൊരുവിഭാഗം പദ്ധതിയില്‍നിന്നും പുറത്താവുന്നു. എതിര്‍ക്കപ്പെടേണ്ട മറ്റൊരു സുപ്രധാനകാര്യം സബ്സിഡി പിന്നീട് ഉപഭോക്താവിന് നല്‍കുമെന്നതാണ്. അതായത് സാധനങ്ങള്‍ കമ്പോളവിലയ്ക്ക് ഉപഭോക്താവ് വാങ്ങണം, സര്‍ക്കാര്‍ സബ്സിഡി പിന്നീട് നേരിട്ട് കൊടുക്കും എന്നതാണ് നയം. ഇവിടെ ഭക്ഷ്യവിതരണം മുടങ്ങാതെ നടക്കും എന്നതില്‍ യാതൊരുറപ്പുമില്ല. അതേപോലെ പിന്തിരിപ്പനായ മറ്റൊരുകാര്യം അധികാരകേന്ദ്രീകരണമാണ്, സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ നിയന്ത്രണവും കയ്യാളുന്നു.

ഏതാനും വര്‍ഷങ്ങളായി ഭക്ഷ്യസാധനങ്ങളുടെ വില കൂടിവരികയാണ് എന്ന യാഥാര്‍ത്ഥ്യം ഭക്ഷ്യസുരക്ഷയില്‍ പ്രധാനപ്പെട്ടതാണ്. ഇതിന് ആക്കംകൂട്ടുന്നതരത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍ക്കാരും എണ്ണക്കമ്പനികളും കൂട്ടുന്നു. ഭക്ഷ്യസാധനങ്ങളുടെ വില അടിക്കടികൂടാന്‍ കാരണം പ്രധാനമായും ഭക്ഷ്യ ഉല്‍പാദനത്തില്‍ വന്ന തകര്‍ച്ചയാണ്. 1991നു മുന്‍പ്, അതായത് നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിത്തുടങ്ങുന്നതിനുമുന്‍പ് ഭക്ഷ്യ ഉല്‍പാദന വളര്‍ച്ചാനിരക്ക് 2.7 ശതമാനമായിരുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1.3 ശതമാനമായി കുറഞ്ഞു. 2011ലെ സാമ്പത്തിക സര്‍വെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലെ തകര്‍ച്ച വരച്ചുകാട്ടുന്നുണ്ട്. 1996-97ല്‍ ഒരുവര്‍ഷം ഒരാള്‍ക്ക് 208 കിലോഗ്രാം എന്നകണക്കിന് ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിച്ചിരുന്നത് 2009-10 ആയപ്പോഴേക്കും 186 കിലോഗ്രാമായി കുറഞ്ഞു, ഏതാണ്ട് പതിനൊന്ന് ശതമാനത്തിന്റെ ഇടിവ്. ഇത് സമൂഹത്തിലെ ഏറ്റവും താഴ്ന്നവരുമാനക്കാരെയാണ് സാരമായി ബാധിച്ചത്. ഈയൊരവസ്ഥ മുതലെടുക്കുന്നു ഈ രംഗത്തെ ഊഹക്കച്ചവടക്കാര്‍. അവധിവ്യാപാരവും ഊഹക്കച്ചവടവും ആയതിനാല്‍ നിരോധിക്കണം. വിലക്കയറ്റത്തിന്റെകാലം ഒഴിച്ചുനിര്‍ത്തിയാലും ഇന്ത്യക്കാരാണ് മറ്റുപല രാജ്യക്കാരെക്കാളും ഭക്ഷ്യാവശ്യത്തിനായി ചെലവഴിക്കുന്നത്. അമേരിക്കക്കാര്‍ വരുമാനത്തിന്റെ 9.3 ശതമാനവും ജപ്പാന്‍കാര്‍ 19.1 ശതമാനവും ഫ്രഞ്ചുകാര്‍ 16.3 ശതമാനവും ബ്രിട്ടീഷുകാര്‍ 11.5 ശതമാനവും ചെലവഴിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ വരുമാനത്തിന്റെ 53 ശതമാനമാണ് ഭക്ഷ്യാവശ്യത്തിനായി ചെലവഴിക്കുന്നത്. അത്രയ്ക്ക് കൂടിയ വിലയാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് രാജ്യത്തുള്ളത്. ഭക്ഷ്യസാധനങ്ങളുടെ വില കൂടിവരുന്നതിനാല്‍ ഉപഭോഗം കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 105 രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെ, അമേരിക്ക ഒന്നാം സ്ഥാനത്തും. വലിയതോതിലുള്ള പട്ടിണി, കുറഞ്ഞ വരുമാനം, കാര്‍ഷിക ഗവേഷണത്തിന് സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറവ്, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകള്‍, പോഷകാഹാരക്കുറവ് എന്നിവ ഇന്ത്യ നേരിടുന്ന വെല്ലുവിളികളായി പട്ടികയില്‍ വ്യക്തമാക്കുന്നു. വ്യപാര ഉദാരവത്ക്കരണവും സ്വതന്ത്രവ്യാപാരക്കരാറുകളും കയറ്റുമതി സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കൃഷിചെയ്യുന്നതിലേക്ക് കര്‍ഷകരെ നയിച്ചു. പരുത്തി, കരിമ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ കൂടുതലായി ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്തിരുന്നിടത്ത് കൃഷിചെയ്യാന്‍ തുടങ്ങി. ഇത് ഭക്ഷ്യ അരക്ഷിതത്വത്തിലേക്ക് നയിക്കുന്നു.

ലോകബാങ്കിന്റെയും നാണയനിധിയുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1997ല്‍ സാര്‍വത്രിക പൊതുവിതരണം എന്ന ആശയം തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 1991ല്‍ റേഷന്‍കടകള്‍വഴി രണ്ടുകോടി പത്തുലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തിരുന്നു. രാജ്യത്ത് മൊത്തം വില്‍ക്കുന്നതിന്റെ 45 ശതമാനവും റേഷന്‍കടകള്‍ വഴിയായിരുന്നു. ഇത് ശക്തിപ്പെടുത്താതെ ചിലവിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള റേഷന്‍വിതരണം ഏര്‍പ്പെടുത്തി. 2001 ആയപ്പോഴേക്കും റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യ വിതരണം ഒരുകോടി മുപ്പതു ലക്ഷം ടണ്ണായി കുറഞ്ഞു. ദാരിദ്ര്യരേഖാ നിര്‍ണയത്തിലെ പിഴവാണിതിനു കാരണം. 2012 ആവുമ്പോഴേക്കും സ്ഥിതി വീണ്ടും ഗുരുതരമാവുന്നു. ബിപിഎല്‍ വിഭാഗക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞതാണ് കാരണം. 1973-74ല്‍ ഗ്രാമീണമേഖലയില്‍ പ്രതിദിനം 2200 കലോറിക്കുവേണ്ട ഭക്ഷ്യധാന്യം ഉപഭോഗം ചെയ്യാന്‍ കഴിയാത്തവരാണ് ദാരിദ്ര്യരേഖയ്ക്കു താഴെവരുന്നവര്‍. മൊത്തം ഗ്രാമീണരില്‍ 56.4 ശതമാനം വരുമായിരുന്നു അത്. 2009-10ല്‍ അത് 1890 കലോറി എന്നാക്കിക്കുറച്ചു. 2200 കലോറി പ്രതിദിനം ഉപഭോഗം ചെയ്യാനാവാത്ത ഗ്രാമീണര്‍ 1973-74ല്‍ 56.4 ശതമാനമായിരുന്നെങ്കില്‍ 2009-10ല്‍ അത് 75 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ പട്ടികതയ്യാറാക്കുന്നതില്‍ വരുത്തിയ മാറ്റങ്ങള്‍ കാരണം ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം കേന്ദ്രത്തിന്റെ കണക്കില്‍ കുറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ അംഗീകരിച്ച് ബിപിഎല്‍/എപിഎല്‍ വിഭാഗങ്ങളെ കണ്ടെത്തണം. ബിപിഎല്‍/എപിഎല്‍ തരംതിരിവില്ലാതെ സാര്‍വത്രിക റേഷന്‍വിതരണം ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യത്തിലെത്തുന്നതിന് അനിവാര്യമാണ്. കൃഷിയുടെ തകര്‍ച്ച ഭക്ഷ്യസുരക്ഷയെ നേരിട്ടുബാധിക്കുന്നതാണ്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന കൃഷിയെ തകര്‍ക്കുന്ന സമീപനമാണ് നവലിബറല്‍ നയങ്ങളിലൂടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ഫലമായി കാര്‍ഷികരംഗത്തിനേറ്റ തിരിച്ചടി പ്രധാനപ്പെട്ടതാണ്. കാര്‍ഷികരംഗത്തിന്റെ തകര്‍ച്ച ഇപ്പോള്‍ ഗുരുതരമായിരിക്കുന്നു. കേവലം 2.8 ശതമാനമാണ് 2011-12ലെ വളര്‍ച്ച, 2010-11ല്‍ അത് 7 ശതമാനമായിരുന്നു. 2012 ജനുവരി - മാര്‍ച്ച് കാലത്തെ വളര്‍ച്ച കേവലം 1.7 ശതമാനംമാത്രമാണ്. 2005-06ല്‍ കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചാനിരക്ക് 5.92 ശതമാനമായിരുന്നത് 2006-07ല്‍ 3.76 ശതമാനമായും 2007-08ല്‍ 4.9 ശതമാനമായും 2008-09ല്‍ അത് 1.6 ശതമാനമായും കുറഞ്ഞു. എട്ടാംപദ്ധതിക്കാലത്ത് 4.8 ശതമാനമായിരുന്ന വളര്‍ച്ച ഒന്‍പതാം പദ്ധതിക്കാലത്ത് 2.5 ശതമാനമായും പത്താംപദ്ധതിക്കാലത്ത് 2.4 ശതമാനമായും താഴ്ന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്‍ഷികരംഗത്തിന്റെ സംഭാവനയില്‍ ഗണ്യമായ കുറവ് ഉണ്ടായി. 1990-91ല്‍ ജിഡിപിയുടെ 30 ശതമാനമായിരുന്നത് 2011-12ല്‍ 15 ശതമാനത്തിലും കുറഞ്ഞു. ഉദാരവത്കരണ കാലഘട്ടത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കല്‍ ഗണ്യമായി കുറച്ചതിനാല്‍ കൃഷി മുരടിക്കാന്‍ തുടങ്ങി, പ്രതിസന്ധി വര്‍ധിച്ചു. രാസവളങ്ങളുടെ വില സംബന്ധിച്ച നയം ഒരു പ്രധാന ഉദാഹരണം.

പരിഷ്കാരങ്ങളുടെ തുടക്കകാലത്തുതന്നെ രാസവളങ്ങളുടെ സബ്സിഡി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. 2010 ജൂലൈമാസത്തില്‍ പ്രാബല്യത്തില്‍വന്ന രാസവളം സബ്സിഡി സംബന്ധിച്ച നയപ്രകാരം യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ വിലനിയന്ത്രണം ഒഴിവാക്കിയിരുന്നു. സൗമിത്രചൗധരി കമ്മിറ്റിയുടെ നിര്‍ദ്ദേശമായിരുന്നു രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനാധാരം. അന്നുമുതല്‍ രാസവളങ്ങളുടെ വില കമ്പനികള്‍ അവര്‍ക്കിഷ്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥിതിയുണ്ടായി. പുതിയനയത്തില്‍ രാസവളത്തിനു സബ്സിഡി നല്‍കാതെ അതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് മാത്രമായി സബ്സിഡി ചുരുക്കി. യൂറിയയുടെയും വിലനിയന്ത്രണം ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യം. ഒരുവശത്ത് തുടര്‍ച്ചയായി രാസവളങ്ങളുടെ വിലകൂട്ടുന്നതായി കാണാം, മറുവശത്ത് സബ്സിഡി വെട്ടിക്കുറയ്ക്കുന്നതും. രണ്ടായാലും വളത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കുന്നു. കമ്പനികള്‍ വില കൂട്ടുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗതപാലിക്കുന്നു. ഒരു ഒത്തുകളി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികരംഗത്തോടുള്ള അവഗണന കാരണം വളരെയധികംപേര്‍ കൃഷി ഉപേക്ഷിക്കുന്നു, മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയുടെ വിഹിതം കുറയുന്നു എന്നിങ്ങനെ പോകുന്നു പ്രതികൂലഫലങ്ങള്‍. ഭക്ഷ്യസുരക്ഷയെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ്് കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നടപടി. കാര്‍ഷികരംഗത്തിന്റെ ശക്തിപ്പെടുത്തല്‍ ഗ്രാമീണജീവിതത്തിനുതന്നെ ഒഴിച്ചുകൂടാനാവാത്തതാണ്.

*
രഘു ചിന്ത വാരിക

No comments: