Saturday, March 31, 2012

ഇരുപതാം കോണ്‍ഗ്രസിന്റെ കടമകള്‍

സിപിഐ എമ്മിന്റെ 20-ാം കോണ്‍ഗ്രസ് ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ കോഴിക്കോട്ട് നടക്കും. ഭാവിയിലേക്ക് പാര്‍ടിയുടെ രാഷ്ട്രീയവും തന്ത്രപരവുമായ നിലപാട് നിശ്ചയിക്കുന്ന പരമോന്നതസമിതിയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കോണ്‍ഗ്രസിനുശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പാര്‍ടിയുടെ തുടര്‍ന്നുള്ള സംഘടനാപ്രവര്‍ത്തനം ഏതുദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന വേദികൂടിയാണ് കോണ്‍ഗ്രസ്. പ്രധാന പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന വേദിയുമാണിത്. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷം, വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്ഘടനകളെ ചുറ്റിവരിഞ്ഞ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് സാക്ഷിയായി. ഇത്തരം രാജ്യങ്ങളില്‍ പിന്തുടര്‍ന്ന നവ ഉദാരനയങ്ങള്‍, തൊഴിലില്ലായ്മ പെരുകുന്നതിനും ജനങ്ങളുടെ ജീവനോപാധികള്‍ക്കുമേല്‍ കടുത്ത കടന്നാക്രമണത്തിനും കാരണമായി. മുതലാളിത്തം വ്യവസ്ഥ എന്നനിലയില്‍ പ്രതിസന്ധിയില്‍നിന്നും ചൂഷണത്തില്‍നിന്നും വിമുക്തമല്ലെന്ന് ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തങ്ങളുടെ അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും പ്രസ്ഥാനങ്ങളിലും അടുത്തകാലത്തായി കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അണിനിരക്കുകയാണ്. നവ ഉദാരനയങ്ങള്‍ക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്താനും ഇടതുപക്ഷബദല്‍ കെട്ടിപ്പടുക്കാനുമുള്ള സാധ്യത ലോകമെമ്പാടും വളര്‍ന്നുവരികയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷമുന്നേറ്റം ഇതിന് സാക്ഷ്യപത്രമാണ്.

രണ്ടു ദശകമായി രാജ്യത്ത് നടപ്പാക്കിവരുന്ന ഉദാരവല്‍ക്കരണവും യുപിഎ സര്‍ക്കാര്‍ ഇത് തീവ്രമായി മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യവും ചേര്‍ന്ന് രണ്ട് വ്യത്യസ്ത ഇന്ത്യയെ വളര്‍ത്തിക്കൊണ്ടുവരുകയാണിന്ന്. ഒന്നാമത്തെ ഇന്ത്യ, അതായത്, നവ ഉദാരനയങ്ങളുടെ ഗുണഭോക്താക്കളുടെ ഇന്ത്യ- രാജ്യത്തെയും വിദേശത്തെയും വന്‍കിട മുതലാളിമാര്‍, ധനമൂലധന- റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാര്‍, നാടിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ലൈസന്‍സ് കിട്ടിയ മറ്റുള്ളവര്‍ എന്നിവരുടെ രാജ്യം. രണ്ടാമത്തെ ഇന്ത്യ- കോടിക്കണക്കിന് സാധാരണക്കാരുടെ രാജ്യം- വിവിധ വിഭാഗം തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, കൈവേലക്കാര്‍ തുടങ്ങി താഴ്ന്നവരുമാനം ലഭിക്കുന്നവരുടെ രാജ്യം. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ ഇതില്‍പ്പെടുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച, പരമ്പരാഗത ജീവിതമാര്‍ഗങ്ങളുടെ നാശം എന്നിവയുടെ ഇരകളാണ് ഇവര്‍. ശമ്പളം ലഭിക്കുന്നവര്‍ക്കുതന്നെ തുച്ഛമായ തുകയാണ്, ഒരുവിധ സാമൂഹികസുരക്ഷയുമില്ല. ഇത്തരം ജനവിഭാഗങ്ങളെ എങ്ങനെ സംഘടിപ്പിക്കാമെന്നും പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കാന്‍ പാകത്തിലേക്ക്&ാറമവെ;അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമെന്നും ചര്‍ച്ച നടക്കും. ജാതി, ലിംഗം, വര്‍ഗീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തലിന്റെ ഫലമായി ദുരിതങ്ങള്‍ പേറുന്നവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടം വിപുലമാക്കുകയും അത് ഇടതുപക്ഷ- ജനാധിപത്യപ്രസ്ഥാനത്തിന്റെ പൊതുവേദിയുടെ അവിഭാജ്യഘടകമാക്കി മാറ്റുകയും ചെയ്യണം. ഈ വിഷയവും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. സാമ്രാജ്യത്വത്തിനെതിരായി ഏറ്റവും സുസ്ഥിരമായ പോരാട്ടം നടത്തുന്ന ശക്തിയാണ് സിപിഐ എം. സ്വതന്ത്ര വിദേശനയത്തില്‍നിന്ന് വ്യതിചലിച്ച് കഴിഞ്ഞവര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ എങ്ങനെ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് നാം കണ്ടു. ഇത് നമ്മുടെ ദേശീയ പരമാധികാരത്തില്‍ പ്രതികൂലമായ പ്രത്യാഘാതം സൃഷ്ടിക്കുകയും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായ സാമ്പത്തികനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയും ചെയ്തു. നമ്മുടെ ദേശീയ പരമാധികാരം സംരക്ഷിക്കാന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ ശക്തമായി സംഘടിപ്പിക്കാമെന്നും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.

രാഷ്ട്രീയപ്രമേയത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും പ്രവര്‍ത്തനങ്ങളും എങ്ങനെ വളര്‍ത്താമെന്നും അതിന്റെ രാഷ്ട്രീയ അടിത്തറയും സ്വാധീനവും എങ്ങനെ വികസിപ്പിക്കാമെന്നുമാണ്. ഇതിനായി പാര്‍ടി അടിസ്ഥാനവര്‍ഗങ്ങളുടെ പോരാട്ടങ്ങള്‍ സംഘടിപ്പിക്കണം- തൊഴിലാളിവര്‍ഗത്തിന്റെയും ദരിദ്രകര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും- ഇവരാണ് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നത്. നവ ഉദാരനയങ്ങള്‍ വിവിധ വിഭാഗം ജനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി പഠിക്കുകയും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചെയ്യണം. ഇത്തരം നയങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച അസംഘടിതമേഖലാ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ദരിദ്രകര്‍ഷകര്‍, ദരിദ്രഗ്രാമീണര്‍ എന്നിവരുടെ സുദീര്‍ഘ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയെന്നതും പാര്‍ടിയൊന്നാകെതന്നെ പോരാട്ടത്തിലേക്ക് നീങ്ങുകയെന്നതും പ്രധാന കടമയായി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. ഇന്ത്യയില്‍ വര്‍ഗീയത ഭരണവര്‍ഗത്തിന്റെ തന്ത്രങ്ങളുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനും നവ ഉദാരനയങ്ങള്‍ക്ക് കരുത്തുപകരാനുമായി അവര്‍ അതിനെ ഉപയോഗിക്കുന്നു. ബിജെപിയായാലും ശിവസേനയായാലും മറ്റേതെങ്കിലും വര്‍ഗീയശക്തിയായാലും അവര്‍ വന്‍കിട മുതലാളിമാരുടെയും സ്വതന്ത്ര കമ്പോളനയങ്ങളുടെയും അടിയുറച്ച വക്താക്കളാണ്.

ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം, വര്‍ഗീയശക്തികളുടെ ഭരണം എങ്ങനെ വന്‍കിട ബിസിനസുകാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും ദാസ്യവൃത്തി ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് നവ ഉദാരനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം ഒരേപോലെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയമായി ഇതിന്റെ അര്‍ഥം, രണ്ട് വന്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ നേരിടുകയെന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ നിര്‍ണായക പ്രാധാന്യം നല്‍കേണ്ടത് സിപിഐ എമ്മിനെയും അതിന്റെ സ്വതന്ത്രമായ വളര്‍ച്ചയെയും രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിനാണ്. ഇതോടൊപ്പം നാം ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനായി എല്ലാ ഇടതുപക്ഷശക്തികളെയും ഒന്നിച്ച് അണിനിരത്തുകയും ചെയ്യണം. വന്‍കിട ബൂര്‍ഷ്വാകളുടെയും ബൂര്‍ഷ്വ- ഭൂപ്രഭു വ്യവസ്ഥയുടെയും പ്രതിനിധികളായ പാര്‍ടികള്‍ക്ക് ബദലായി യഥാര്‍ഥ ഇടതുപക്ഷ ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനായി പാര്‍ടി പ്രവര്‍ത്തിക്കണം. തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സമൂഹത്തില്‍ അധ്വാനിച്ച് ജീവിക്കുന്ന മറ്റു ജനവിഭാഗങ്ങളെയും,പോരാട്ടങ്ങളിലൂടെയും ഐക്യപ്രസ്ഥാനങ്ങളിലൂടെയും അണിനിരത്താന്‍ നമുക്ക് കഴിയുമ്പോഴാണ് ഇടതുപക്ഷ ജനാധിപത്യസഖ്യം ഉയര്‍ന്നുവരിക. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇത്തരമൊരു സഖ്യം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ജനകീയപ്രശ്നങ്ങളിലും മതനിരപേക്ഷത സംരക്ഷിക്കുന്നതിലും പാര്‍ടിക്ക് മറ്റു ജനാധിപത്യ- മതനിരപേക്ഷ പാര്‍ടികളുടെ സഹകരണം തേടേണ്ടിവരും. പത്തൊമ്പതാം കോണ്‍ഗ്രസിനുശേഷമുള്ള കാലം പ്രയാസമേറിയതും തീക്ഷ്ണവുമായിരുന്നു.

പാര്‍ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ള പശ്ചിമബംഗാളില്‍ കടുത്ത ആക്രമണം നേരിട്ടു. കഴിഞ്ഞ കോണ്‍ഗ്രസിനുശേഷം പശ്ചിമബംഗാളില്‍ 570ല്‍പ്പരം അംഗങ്ങളുടെയും അനുഭാവികളുടെയും ജീവന്‍ പാര്‍ടിക്ക് നഷ്ടപ്പെട്ടു. ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ടിക്ക് നേരിട്ട തിരിച്ചടിയുടെ സാഹചര്യത്തില്‍ ഈ കടന്നാക്രമണം രൂക്ഷമായി. നമ്മുടെ പാര്‍ടി ഈ സാഹചര്യം അതിവേഗം നേരിടുകയും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുകയും ചെയ്യണം. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെക്കുറിച്ചുള്ള രേഖ ചര്‍ച്ചചെയ്ത് അംഗീകരിക്കുകയെന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മറ്റൊരു മുഖ്യകര്‍ത്തവ്യം. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ കരട് പാര്‍ടിയുടെ എല്ലാതലങ്ങളിലും ചര്‍ച്ചചെയ്ത് കഴിഞ്ഞു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ധാരണ സ്ഥിരമായി പുതുക്കേണ്ടതുണ്ട്.

സമകാല ലോകത്ത് ഒട്ടേറെപ്പേര്‍, ഇടതുപക്ഷത്തുള്ളവരില്‍ ചിലര്‍പോലും സാമ്രാജ്യത്വം എന്ന് വിശേഷിപ്പിക്കാവുന്ന ശക്തി നിലനില്‍ക്കുന്നതായി തിരിച്ചറിയുന്നില്ല. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആഗോള ധനമൂലധനം മുതലാളിത്തത്തെ നയിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്ത ഇക്കാലത്ത് തൊഴിലാളിവര്‍ഗത്തിന് വിപ്ലവശക്തിയുടെ പങ്ക് നിറവേറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കാത്തവരുമുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവകരമായ പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കണം. അതേസമയം, സാമ്രാജ്യത്വ ആഗോളവല്‍ക്കരണം രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വിലയിരുത്തുകയും ചെയ്യണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, ഭൗതിക മണ്ഡലങ്ങളിലും ഇന്ത്യന്‍ സാഹചര്യങ്ങളിലും വര്‍ഗസമരം ഏതുരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് നിശ്ചയിക്കണം. പുതിയ ജനവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് പത്തുലക്ഷത്തിലേറെ അംഗങ്ങളുള്ള സിപിഐ എമ്മിന്റെ സംഘടനയെ അഖിലേന്ത്യാ ശക്തിയായി കൂടുതല്‍ കരുത്തോടെ വളര്‍ത്തിയെടുക്കണം. ഇതിനാവശ്യമായ സംഘടനാനടപടികള്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിക്കും. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യംവഹിക്കുന്ന കേരളം, ദശകങ്ങള്‍ നീളുന്ന പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയും ഫലമായി സുശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ബഹുജന അടിത്തറയും കെട്ടിപ്പടുത്ത സംസ്ഥാനമാണ്. ഭാവിയിലെ എല്ലാ വെല്ലുവിളികളെയും നേരിടാനും രാജ്യത്ത് സിപിഐ എമ്മിന്റെയും ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെയും മുന്നേറ്റത്തിനും ആഹ്വാനം ഉയരാന്‍ പോകുന്ന പാര്‍ടി കോണ്‍ഗ്രസിന് ഉചിതമായ വേദിയാണിത്.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 31 മാര്‍ച്ച് 2012

ചോരുന്ന പ്രതിരോധം

യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കുപുറകെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലെ 10.67 ലക്ഷം കോടി രൂപയുടെ അഴിമതി പുറത്തുവന്നതും യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയസ്ഥിരതയെയാണ് ഉലയ്ക്കുന്നത്. പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ആരോപണം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടു ദിവസമായി സ്തംഭിച്ചു. ഗുണം കുറഞ്ഞ 600 ടട്രാ ട്രക്കുകള്‍ വാങ്ങാനുള്ള കരാറിന് അനുവാദം നല്‍കിയാല്‍ 14 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ഒരു ലഫ്റ്റനന്റ് ജനറല്‍ കരസേനാ മേധാവി വി കെ സിങ്ങിനോട് പറഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

രാജ്യത്ത് കൂടുതല്‍ അഴിമതി നടക്കുന്ന മേഖലകളിലൊന്നാണ് പ്രതിരോധമന്ത്രാലയം. ഒരുലക്ഷം കോടിയിലധികമുള്ള വാര്‍ഷികബജറ്റില്‍ പകുതിയിലധികവും ഉപയോഗിക്കുന്നത് ആയുധ ഇറക്കുമതിക്കാണ്. സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും 70 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിന് രൂപയുടെ ഈ ആയുധ ഇടപാടില്‍ കമീഷനെന്ന ഓമനപ്പേരില്‍ കോടികളുടെ അഴിമതിയും നടക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലത്തുണ്ടായ ബൊഫോഴ്സ് ഇടപാടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രതിരോധരംഗത്തെ പ്രധാന അഴിമതി. ഉത്തര്‍പ്രദേശും ബിഹാറും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഹൃദയഭൂമികളില്‍നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടതിനുപിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, 64 കോടി രൂപയുടെ ബൊഫോഴ്സ് അഴിമതിയാണ്. സ്വീഡിഷ് കമ്പനിയില്‍നിന്ന് പീരങ്കി തോക്കുകള്‍ വാങ്ങിയതിലുള്ള അഴിമതിയാണ് രാജീവ്ഗാന്ധിയെ 1989ല്‍ അധികാരത്തില്‍നിന്ന് താഴെയിറക്കിയത്. പിന്നീട് ഇന്നുവരെ ഉത്തര്‍പ്രദേശിലും ബിഹാറിലും കരപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

അതിനുശേഷം പ്രതിരോധമന്ത്രാലയത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് കാണാം. അഴിമതിയുടെ വേരുകള്‍ പിഴുതെറിയുമെന്നും പ്രതിരോധ ഇടപാടുകള്‍ സുതാര്യവും അഴിമതിമുക്തവുമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ആന്റണി, പ്രതിരോധമന്ത്രാലയത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ഈ അഴിമതിയത്രയും നടക്കുന്നതെന്നതാണ് ദുഃഖകരമായ സത്യം. സുഖ്ന ഭൂമി ഇടപാടും ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും പുറത്തുവന്നപ്പോള്‍ ആന്റണി വിഷയം കൈകാര്യം ചെയ്ത രീതി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഴിമതി കര്‍ശനമായി തടയാനും അത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികള്‍ ആന്റണി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപമുയര്‍ന്നത്.

ഇസ്രയേലുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന് 2009ലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ബറാക്ക് മിസൈല്‍ ഇടപാടില്‍ അഴിമതി നടത്തിയ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസ്തന്നെയാണ് ഈ അഴിമതിക്കുപിന്നിലും പ്രവര്‍ത്തിച്ചത്. ബറാക്ക് അഴിമതിയുടെ പേരില്‍ ഈ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നെങ്കില്‍ എംആര്‍എസ്എഎം അഴിമതിക്ക് തടയിടാമായിരുന്നു. എന്നാല്‍, അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. അതിന് പ്രധാന കാരണം 2009ലെ പൊതുതെരഞ്ഞെടുപ്പായിരുന്നുവെന്നും വ്യക്തം. കോഴയായി ലഭിച്ച 600 കോടി രൂപയില്‍ 450 കോടി രൂപയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്കാണ് പോയതത്രേ. ബാക്കി തുകയാകട്ടെ കേന്ദ്രമന്ത്രിയും മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ബന്ധുവായ ഇടനിലക്കാരന്റെ കീശയിലാണ് എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, ഈ ആരോപണങ്ങളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി തയ്യാറായില്ല.

പതിനാലുകോടി രൂപ കൈക്കൂലി വാഗ്ദാനംചെയ്ത കാര്യം കരസേനാ മേധാവി ജനറല്‍ വി കെ സിങ് തന്നെയാണ് അഭിമുഖത്തില്‍ പുറത്തുവിട്ടത്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഇത് പുതിയ വിവരമായിരുന്നെങ്കിലും എ കെ ആന്റണിക്ക് അങ്ങനെയായിരുന്നില്ല. ഒരുവര്‍ഷംമുമ്പ് ജനറല്‍ വി കെ സിങ് ഇക്കാര്യം ആന്റണിയോട് നേരിട്ട് പറഞ്ഞിരുന്നു. 1986ലെ പ്രതിരോധ സേവന നിയന്ത്രണനിയമം അനുസരിച്ചാണ് കരസേനാ മേധാവി തൊട്ടുമുകളിലുള്ള അധികാരിയോട്, അതായത് പ്രതിരോധമന്ത്രിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ്ങാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന കാര്യവും ജനറല്‍ സിങ് ആന്റണിയോട് പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് ഈ വാര്‍ത്തയോട് പ്രതികരിച്ച ആന്റണി, ആദ്യം പറഞ്ഞത് ജനറല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ ഗൗരവമായാണ് കാണുന്നതെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ്. പിന്നീട് രാജ്യസഭയിലും ആന്റണി ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, പ്രസക്തമായ ചോദ്യം ഒരുവര്‍ഷംമുമ്പ് എന്തുകൊണ്ട് ആന്റണി ഈ നടപടി സ്വീകരിച്ചില്ലെന്നതാണ്. പ്രതിരോധമേഖലയില്‍നിന്ന് അഴിമതി തുടച്ചുനീക്കുമെന്ന് ആവര്‍ത്തിക്കുന്ന ആന്റണി, അന്ന് എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ല?

പ്രതിപക്ഷം പാര്‍ലമെന്റില്‍ ഈ ചോദ്യം ഉയര്‍ത്തിയപ്പോള്‍, ആന്റണി പറഞ്ഞത് ജനറല്‍ സിങ് രേഖാമൂലം പരാതി എഴുതിത്തന്നില്ലെന്നാണ്. അഴിമതി തടയാന്‍ പ്രതിജ്ഞാബദ്ധനായ വ്യക്തി എന്തിനാണ് ഇത്തരമൊരു സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന കാര്യവും വിശദീകരിക്കേണ്ടതുണ്ട്. രേഖാമൂലം പരാതിയില്ലെങ്കിലും അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ആന്റണിക്കുണ്ട് (സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ ഇക്കാര്യം തെളിയുകയും ചെയ്തു). ജനറല്‍ സിങ് ഈ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പ്പര്യം കാട്ടിയില്ലെന്നും ആന്റണി വാദിക്കുന്നുണ്ട്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അഴിമതി തടയാന്‍ തയ്യാറാകാത്തപക്ഷം അതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടത് വകുപ്പുമന്ത്രി എന്നനിലയില്‍ ആന്റണിയുടെ ചുമതലയല്ലേ? മാത്രമല്ല, തേജീന്ദര്‍സിങ് ടട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് മാര്‍ച്ച് ആറിന് കരസേന വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. സൈന്യം ഔദ്യോഗികമായി അഴിമതിക്കാര്യം പുറത്തുവിട്ടിട്ടും അക്കാര്യം അന്വേഷിക്കേണ്ടതാണെന്ന് ആന്റണിക്ക് തോന്നാത്തത് എന്തുകൊണ്ട്? സൈന്യത്തിന്റെ പ്രസ്താവനയില്‍ കൈക്കൂലി വാഗ്ദാനംചെയ്ത ആളുടെ പേരുണ്ടെങ്കിലും ആര്‍ക്കാണ് വാഗ്ദാനം ചെയ്തതെന്ന് വെളിപ്പെടുത്തിയില്ല. ഇക്കാര്യം കണ്ടെത്താനെങ്കിലും അന്വേഷണം നടത്താന്‍ ആന്റണി തയ്യാറാകണമായിരുന്നു.

സുപ്രധാന വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാതെ മൗനിയായിരിക്കുന്നത് ആന്റണിയുടെ പതിവുശൈലിയാണ്. ഈ അഴിമതിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. മുന്‍ കരസേനാ മേധാവി ശങ്കര്‍റോയ് ചൗധരിയെപ്പോലുള്ളവര്‍ വിരല്‍ചൂണ്ടുന്നതും പ്രതിരോധമന്ത്രാലയത്തിന്റെ കഴിവുകേടിലേക്കാണ്. കഴിഞ്ഞദിവസം മുംബൈയില്‍നിന്നുള്ള "ഡിഎന്‍എ" ദിനപത്രം പ്രസിദ്ധീകരിച്ച, ജനറല്‍ സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തും ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിരോധരംഗത്തെ വീഴ്ചകള്‍ ആവര്‍ത്തിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രയോജനമില്ലാതെ വന്നപ്പോഴാണ് മാര്‍ച്ച് 12ന് ജനറല്‍ സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നാണ് പത്രഭാഷ്യം. ആന്റണിക്കുകീഴില്‍ പ്രതിരോധവകുപ്പ് കുത്തഴിഞ്ഞുകിടക്കുകയാണെന്ന വസ്തുതയാണ് കത്തിലെ ഉള്ളടക്കം. യുപിഎ സര്‍ക്കാര്‍ തുടരുന്ന പ്രതിരോധ സംഭരണപ്രക്രിയയെയാണ് ജനറല്‍ സിങ് ചോദ്യംചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. യുദ്ധടാങ്കുകളില്‍ വെടിക്കോപ്പുകളില്ലെന്നും വ്യോമപ്രതിരോധം കാലഹരണപ്പെട്ടതാണെന്നും രാത്രിയുദ്ധത്തിനുള്ള സംവിധാനമില്ലെന്നും മറ്റും ജനറല്‍ സിങ് അക്കമിട്ട് പരാതിക്കെട്ടഴിക്കുന്നു. കഴിവുകെട്ട പ്രതിരോധമന്ത്രിയെന്ന ആക്ഷേപമാണ് എല്ലാ കോണില്‍നിന്നും ആന്റണിക്കെതിരെ ഉയരുന്നത്.

*
വി.ബി.പരമേശ്വരന്‍ ദേശാഭിമാനി 30 മാര്‍ച്ച് 2012

Thursday, March 29, 2012

അടുക്കളയില്‍ വേവാത്ത ആഹാരം

ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപജീവനോപാധിയാണ്. വിപണിയുടെ ആധിപത്യം ശക്തിപ്പെട്ടതോടെ ഒരു ഉപജീവനോപാധി എന്നതിലുപരി ആഹാരം ഇന്നൊരു കമ്പോളോപാധി കൂടിയായി മാറിയിരിക്കുന്നു. അതായത്, ആഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നേരത്തേതുപോലെ ഉപജീവനത്തിന്റെ ഭാഗങ്ങളായ പോഷണം, അധ്വാനം, കുടുംബജീവിതം എന്നിവയ്ക്കുപുറമെ വിപണിയുടെ ഭാഗങ്ങളായ വില, ഉത്പാദനം, സംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയ്ക്കും മുന്‍തൂക്കം കിട്ടിയിരിക്കയാണ്. അതോടെ, ആരോഗ്യം അതിന്റെ പ്രാദേശികബന്ധങ്ങള്‍ കൈവിട്ട് രാഷ്ട്രാന്തരീയതലങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരവും അതിന്റെ വിപണിയും അടിസ്ഥാനപരമായ അര്‍ഥശാസ്ത്രവിശകലനം അനിവാര്യമാക്കുന്നു.
ആഹാരത്തിന്റെ അര്‍ഥശാസ്ത്ര വിശകലനം വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ, ഭക്ഷ്യവ്യവസായം, ഭക്ഷ്യസംഭരണം, ഭക്ഷ്യവില, ഭക്ഷ്യവിപണനം, ഭക്ഷ്യവിതരണം, ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനം, ഭക്ഷ്യപ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇവയെല്ലാം പരസ്പരബന്ധിതമാണ്. അതിനാല്‍ത്തന്നെ ഒന്നിനേയും വേറിട്ടു കാണാന്‍ കഴിയില്ല. ഭക്ഷ്യവ്യവസായം ആഹാരം വളരെ വേഗത്തില്‍ത്തന്നെ വന്‍വ്യവസായ ശൃംഖലയുടെ ഭാഗമായിക്കൊണ്ടിരിക്കയാണ്. നേരത്തെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്നു വിപണി. അതായത് ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവയൊക്കെയായിരുന്നു നാം കമ്പോളത്തില്‍നിന്നു വാങ്ങിയിരുന്നത്. അവിടവിടെ ചായക്കടകളും ഹോട്ടലുകളും ബേക്കറികളും ഉണ്ടായിരുന്നത് യാത്രക്കാരുടെയും വീടുവിട്ടു താമസിക്കുന്നവരുടെയും വിരുന്നുകാരുടെയും താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് വീടുകളില്‍പ്പോലും പാകം ചെയ്ത ഭക്ഷണം വിലയ്ക്കു വാങ്ങുകയാണ്! അങ്ങനെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്ന വിപണി ഭക്ഷണത്തിന്റെ വിപണിയായി മാറിയിരിക്കുന്നു!

ഇതോടെ, പാകം ചെയ്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, ഫാസ്റ്റ്ഫുഡ് സമ്പ്രദായം, ഭക്ഷണ "മാളു"കള്‍ എന്നിവയൊക്കെ വര്‍ധിച്ചുവരികയാണ്. പലഹാരം മാത്രം വിറ്റിരുന്ന ബേക്കറികളില്‍ ഇന്ന് പലതരം ഭക്ഷണസാധനങ്ങള്‍ ലഭ്യമാണ്. ബേക്കറികളുടെ ഭാഗമായി ചായക്കടകളും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളും വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ചില ഗുണങ്ങളുമുണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള അധ്വാനഭാരം, പ്രത്യേകിച്ചും സ്ത്രീകളുടെ അധ്വാനം കുറയുന്നു. പെട്ടെന്നുണ്ടാകുന്ന ഭക്ഷണാവശ്യങ്ങള്‍ വേഗത്തില്‍ത്തന്നെ നിറവേറ്റാന്‍ കഴിയുന്നു. ധാരാളം പേര്‍ക്ക് ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നു. പക്ഷേ, ഗുണങ്ങളെല്ലാം പരോക്ഷമാണ്. ദോഷങ്ങള്‍ വളരെ പ്രകടവും പ്രത്യക്ഷവുമാണ്.

കമ്പോളസംസ്കാരത്തിന്റെ വ്യാപനം തന്നെയാണ് ഇന്നത്തെ ആഹാരവിപണിക്ക് അടിസ്ഥാനം. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ദോഷമാണ് ജീവിതത്തില്‍ അനുഭവപ്പെടുന്നത്. ഇവിടെ അടുക്കളകള്‍ അപ്രസക്തമാവുകയും ഭക്ഷണം ഒരു "പദവിചിഹ്നം" കൂടിയായി മാറുകയാണ്. ഈ ശൃംഖലയിലേക്ക് പരസ്യംവഴി ജനങ്ങളെ ആകര്‍ഷിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഇത് നമ്മുടെ തനതു ഭക്ഷ്യസംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുന്നു. ഇന്നത്തേത് ചെറിയ ചായക്കടകളോ ഹോട്ടലുകളോ അല്ല; മറിച്ച് വന്‍കിട ബഹുരാഷ്ട്രക്കമ്പനികള്‍ നിയന്ത്രിക്കുന്ന ഭക്ഷ്യസംസ്കരണ/ഉത്പാദന വ്യവസായമാണ്. ബ്രോയ്ലര്‍ ചിക്കന്‍, പന്നിയിറച്ചി (ഹാംബര്‍ഗര്‍), ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ ആഹാര വ്യവസായത്തിന്റെ പ്രധാന അസംസ്കൃത പദാര്‍ഥങ്ങളാണ്. ഇത്തരം അസംസ്കൃത വസ്തുക്കള്‍ കണ്ടെത്താനായി കൃഷിസ്ഥലങ്ങളും കാര്‍ഷികരീതി തന്നെയും കോര്‍പറേറ്റ് ശക്തികള്‍ കൈയേറിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി സ്വന്തം കുടികിടപ്പിനോടൊപ്പം തലമുറകളായി ശീലിച്ചുവന്ന കൃഷിരീതിയില്‍നിന്നും പാവപ്പെട്ടവര്‍ പുറംതള്ളപ്പെടുകയാണ്.

കമ്പനികള്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കുന്നതിനാല്‍ പൊതുവിപണിയിലെ ഭക്ഷണലഭ്യത കുറയുന്നു. പരമദരിദ്രര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഇതിനുപുറമെ ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്നതിന് ദരിദ്രര്‍ ഭക്ഷിക്കുന്ന ധാന്യങ്ങളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഭൂമിയാകട്ടെ, വിലകൂടിയ ഭക്ഷ്യവസ്തുക്കളുടെ കൃഷിക്കു മാത്രമായി മാറ്റിവയ്ക്കുന്നു. പരമ്പരാഗത ഭക്ഷണശീലത്തില്‍നിന്ന് "ബ്രാന്‍ഡഡ്" ആയ ഭക്ഷണത്തിലേക്കുള്ള പരിവര്‍ത്തനം നടക്കുകയാണ്. മെക് ഡൊണാള്‍ഡ്, കെന്റകി ചിക്കന്‍ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ പെരുകിക്കൊണ്ടിരിക്കയാണ്. ഭക്ഷ്യവിപണനം ജനങ്ങളുടെ ഭക്ഷ്യരുചിപോലും നിര്‍ണയിക്കുന്ന രീതിയിലാണ് ആഹാരക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ ഭക്ഷ്യവൈവിധ്യം തകരുന്നു, അല്ലെങ്കില്‍, തകര്‍ക്കുന്നു. ഇതോടൊപ്പം ലോകത്താകെ ഒരേതരം ആഹാരം എന്ന രീതി വിപുലപ്പെടുന്നു. ഭക്ഷണം ഒരു അവശ്യ ഉപയോഗവസ്തു എന്നതില്‍നിന്ന് ഒരുതരം ആഡംബരോപഭോഗ വസ്തുവായി മാറുന്നു.

"പൊരിച്ചഭക്ഷണ"ത്തിനായി വരുമാനത്തിന്റെ നല്ലൊരുഭാഗം ചെലവാക്കേണ്ടിവരുന്നു. ഭക്ഷണം ദിവസങ്ങളോളം സൂക്ഷിക്കുന്നതിനായി ധാരാളം കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇത് പലതരം രോഗങ്ങള്‍ക്കിടയാക്കുന്നു. ആഹാരം ആദ്യകാലത്ത് രോഗപ്രതിരോധത്തിനുള്ള ഉപാധിയായിരുന്നെങ്കില്‍ ഇപ്പോഴത് രോഗകാരണമായി മാറുന്ന വിചിത്രമായ അനുഭവമാണുള്ളത്. ഭക്ഷ്യസുരക്ഷ ആഹാരം കച്ചവടച്ചരക്കാക്കുന്നതിനനുസരിച്ച് ഭക്ഷ്യസുരക്ഷയ്ക്കുനേരെയുള്ള ഭീഷണി കൂടിക്കൊണ്ടിരിക്കും. സമ്പത്തിന്റെ അസന്തുലിത വിതരണത്താലും മധ്യവര്‍ഗവത്കരണത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുന്നതിനാലും ധനികര്‍ക്ക് കൂടുതല്‍ പണം ഭക്ഷണത്തിനായി ചെലവാക്കാന്‍ കഴിയുന്നു. ധനിക-ദരിദ്ര അന്തരം കൂടിവരുന്നതും വികസിത-വികസ്വര രാജ്യങ്ങള്‍ക്കിടയിലെ വിടവ് വര്‍ധിക്കുന്നതുമെല്ലാം ഭക്ഷ്യോല്‍പാദനത്തിലും ഭക്ഷണചേരുവയിലും ഭക്ഷ്യലഭ്യതയിലും ഭക്ഷ്യോപഭോഗത്തിലുമൊക്കെ ക്ഷാമം വരുത്തുന്നു. ഈ മാറ്റങ്ങളെല്ലാംതന്നെ പൊതുവില്‍ ദരിദ്രര്‍ക്കെതിരാണെന്നതും വസ്തുതയാണ്. അതിനാല്‍ ലോകത്ത് ഭക്ഷ്യയുദ്ധങ്ങള്‍ (Food Wars) നടക്കുന്നതായി ഭക്ഷ്യ-കാര്‍ഷികസംഘടന നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി ദരിദ്രരാജ്യങ്ങളുടെ മേല്‍ ഉപരോധമായും മറ്റും പ്രയോഗിക്കാന്‍ സമ്പന്നരാജ്യങ്ങള്‍ തയ്യാറാകുന്നു. ഇറാഖിന്റെ മേല്‍ അമേരിക്ക വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നിരുന്നു. ദരിദ്ര-പിന്നോക്ക രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന കാര്‍ഷികരീതിക്കുപകരം അവിടെയെല്ലാം സമ്പന്നര്‍ക്കുവേണ്ടി ഉത്പന്നങ്ങള്‍ വിളയിക്കാനുള്ള സമ്മര്‍ദം കൂടിവരികയാണ്.

ലോകവ്യാപാരസംഘടന നിലവില്‍ വരികയും അതിന്റെ പ്രധാന ചര്‍ച്ചാവേദിയായി "കാര്‍ഷികക്കരാര്‍" മാറുകയും ചെയ്തതോടെ കാര്‍ഷിക വിപണനരംഗത്ത് വികസിതരാജ്യങ്ങള്‍ക്കുള്ള പിടിമുറുക്കം ശക്തിപ്പെട്ടിരിക്കുന്നു. കൃഷിയും കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. ണഠഛ വേദികളില്‍ ഇതുവരെ ഇക്കാര്യം പരിഹരിക്കപ്പെട്ടിട്ടില്ല. ഭക്ഷ്യോല്‍പ്പന്നക്കൃഷി പരമ്പരാഗതമായി മനുഷ്യന്‍ ധാന്യോപഭോക്താക്കളായിരുന്നില്ലത്രെ. പ്രകൃതിയില്‍നിന്നുള്ള പഴം, കായ്കള്‍, കിഴങ്ങുകള്‍, മത്സ്യം, മാംസം എന്നിവയൊക്കെയായിരുന്നു ആദ്യകാല മനുഷ്യരുടെ ഭക്ഷണചേരുവയെന്ന് പറയുന്നു. അതിനാല്‍, ധാന്യത്തിന് ഈ ചേരുവയില്‍ സ്ഥാനമുണ്ടായിരുന്നില്ല.

ഇന്ന് വില കൂടിയ ധാന്യങ്ങള്‍ക്ക് ഭക്ഷണചേരുവയില്‍ വര്‍ധിച്ച പ്രാധാന്യം കൈവന്നിരിക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ മനുഷ്യരുടെ ശരീരപ്രകൃതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇതുകാണിക്കുന്നത് ഭക്ഷണത്തിന്റെ ചേരുവ യാന്ത്രികമായി സൃഷ്ടിച്ചെടുക്കുന്നതാണെന്നാണ്. അതാകട്ടെ, ഭക്ഷ്യവിപണിയിലൂടെ രൂപപ്പെട്ടുവരുന്നതുമാണ്. ധാന്യക്കൃഷിയില്‍നിന്ന് ധാന്യവിപണിയിലേക്കും അവിടെനിന്ന് വിവിധ രീതിയില്‍ പാകം ചെയ്ത ഭക്ഷണത്തിലേക്കും "പായ്ക്ക് ചെയ്ത" ഭക്ഷണത്തിലേക്കും കമ്പോളശക്തികള്‍ ജനം എന്ന ഉപഭോക്താക്കളെ നയിച്ചുകൊണ്ടിരിക്കുകയാണ്. ധാന്യക്കൃഷിയിലും ഉപയോഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ക്കു കാരണം ആഹാര വിപണിയിലുണ്ടായ മാറ്റങ്ങളാണ്. ചുരുക്കത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല, കമ്പോള താല്പര്യങ്ങള്‍ക്കനുസരിച്ചാണ് കൃഷിയില്‍ മാറ്റം വന്നത്. ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറിയതിനേക്കാള്‍ വേഗത്തിലാണ് ഉപയോഗം കൂടിയ ഭക്ഷ്യവിളയില്‍നിന്ന് വിലകൂടിയ ഭക്ഷ്യവിളയിലേക്കുള്ള മാറ്റം നടക്കുന്നത്. ഇതിന്റെ ഫലമായി, ഉല്‍പാദകനും ഉപഭോക്താവിനും ഒരേസമയം നഷ്ടമാണുണ്ടാവുന്നത്.

ലാഭം കമ്പനികള്‍ക്കു മാത്രമാണ്. കമ്പനികള്‍ കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ അവരുടെ പാകം ചെയ്ത ആഹാരപ്പൊതികള്‍ വര്‍ധിച്ച വിലയ്ക്കാണ് വില്‍ക്കുന്നത്. ഈ രീതിയില്‍ ആഹാരവിപണി അക്ഷരാര്‍ഥത്തില്‍തന്നെ ഒരു ചൂതാട്ടക്കളമായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഭക്ഷണത്തിനായി അവരില്‍നിന്ന് കമ്പനികള്‍ തിരിച്ചുപിടിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നാട്ടിലെ കൂലിവേലക്കാര്‍പോലും ഈ രീതിയിലേക്ക് ക്രമത്തില്‍ വന്നുകൊണ്ടിരിക്കയാണ്. ഈ സ്ഥിതി ഭക്ഷോല്‍പന്ന ചേരുവകളിലും കൃഷിരീതിയിലും കൂടുതല്‍ മാറ്റങ്ങള്‍ക്കിടയാക്കി. ദരിദ്രരാജ്യങ്ങളിലാണ് പ്രതികൂല മാറ്റങ്ങള്‍ കൂടുതലായി ഉണ്ടായത്. ദരിദ്രരാജ്യങ്ങള്‍ പലപ്പോഴും അവിടുത്തെ ജനങ്ങളുടെ അഭിരുചിക്കും പ്രാദേശികാവശ്യങ്ങള്‍ക്കും ഭക്ഷ്യവൈവിധ്യത്തിനും അനുസരിച്ചാണ് കൃഷി നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ, പുറംവിപണിക്കുവേണ്ടി കയറ്റുമതിക്കുവേണ്ട ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഒപ്പം സമ്പന്ന രാജ്യങ്ങളില്‍ മിച്ചംവന്ന ധാന്യങ്ങളും മറ്റും വാങ്ങിക്കാനും കരാറുകള്‍ വഴി ദരിദ്രരാജ്യങ്ങള്‍ നിര്‍ബന്ധിതരാവുന്നു. ഇത് ഒരുതരം "കാര്‍ഷിക പുനര്‍ക്കോളനീകരണ"ത്തിന് ഇടയാക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷ്യവില കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനരംഗത്തേക്കുള്ള ബഹുരാഷ്ട്രക്കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും കടന്നുവരവാണ് മറ്റൊരു പ്രശ്നം. ചെറുകിട ഉത്പാദകര്‍, ചെറിയ കച്ചവടക്കാര്‍, ചെറിയ ഹോട്ടലുകള്‍ എന്നിവയൊക്കെ ദുര്‍ബലപ്പെടുന്നു. പകരം ഈ രംഗങ്ങളിലെല്ലാം വന്‍കിടക്കാര്‍ കടന്നുവരികയും ആധിപത്യം ഉറപ്പിക്കുകയുമാണ്. അവശേഷിക്കുന്ന ചെറുകിടക്കാര്‍തന്നെ വലിയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നവരായി മാറിക്കൊണ്ടിരിക്കയാണ്. കോര്‍പറേറ്റുകള്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നു. പലപ്പോഴും "അവധിവ്യാപാരം" പോലുള്ള കച്ചവടക്കരാറിലൂടെയാണ് ഇവര്‍ പലതും സ്വന്തമാക്കുന്നത്. കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ നേരത്തെതന്നെ കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ക്ക് നല്‍കുന്നു. ഉല്‍പന്നങ്ങള്‍ മുന്‍കൂര്‍ വാങ്ങിക്കൂട്ടുന്ന കമ്പനികള്‍ അവയുടെ പൊതുവിപണിയിലെ വില്പനയും വിലയും തീര്‍ച്ചപ്പെടുത്തുന്നു. വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും ഒരേ സമയം നിയന്ത്രിക്കാന്‍ ആഹാരക്കമ്പനികള്‍ക്ക് കഴിയുന്നു. ഇവിടെ കര്‍ഷകരും ഉപഭോക്താവും ചെറുകിട കച്ചവടക്കാരും ഒരേസമയം നിസ്സഹായരാവുകയാണ്. അവരൊക്കെ "കമീഷന്‍" പറ്റുന്നവരായി മാത്രം ചുരുങ്ങുന്നു.

ഇന്ന് ഇന്ത്യയിലും മറ്റും അനുഭവിക്കുന്ന നാണ്യപ്പെരുപ്പത്തിന്റെ പ്രധാന കാരണം ഈ "കത്രികപ്പൂട്ടി"നകത്ത് കുടുങ്ങുന്നതിനാലാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അവധിവ്യാപാരം, ചെറുകിടവില്‍പനയിലെ കുത്തകവല്‍ക്കരണം എന്നിവയൊക്കെ നാണ്യപ്പെരുപ്പത്തിന് പ്രധാന കാരണമായി കണക്കാക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇന്നത്തേതിന്റെ ഇരട്ടിയാകുമെന്ന് ലണ്ടനില്‍നിന്നുള്ള "ഓക്സ്ഫാം" പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 1995-2010 കാലത്ത് ദരിദ്രരുടെ വിശപ്പകറ്റാന്‍ കാര്യമായ ശ്രമങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ വിശപ്പടക്കാന്‍ കഴിയാത്തവരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ ഏഴുകോടിയോളം പേരുടെ വര്‍ധനവുണ്ടായിരിക്കുന്നുവത്രേ!

ഭക്ഷ്യവിതരണം ഭക്ഷ്യോല്‍പന്നങ്ങളുടെ വിതരണ സംവിധാനത്തിലുണ്ടായ തകര്‍ച്ചയാണ് ഈ രംഗത്തെ മറ്റൊരു ചര്‍ച്ചാവിഷയം. അതാകട്ടെ, ഭക്ഷ്യസംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയെല്ലാം അടങ്ങുന്ന പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് കേരളത്തിലെയും മറ്റും സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെട്ടിരിക്കയാണ്. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തകര്‍ച്ച. ജനങ്ങളെ വളരെ യാന്ത്രികമായി എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും വില കുറഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ബിപിഎല്‍ കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് റേഷന്‍ കിട്ടിക്കൊണ്ടിരുന്ന നല്ലൊരു വിഭാഗം ജനങ്ങളെ അതിന് അര്‍ഹരല്ലാതാക്കി. ബിപിഎല്‍ക്കാര്‍കാകട്ടെ, ദാരിദ്ര്യത്താല്‍ അനുവദിച്ച റേഷനരിപോലും വാങ്ങാന്‍ കഴിയുന്നില്ല. എപിഎല്ലുകാര്‍ റേഷനരിക്ക് ഏതാണ്ട് വിപണിവില തന്നെ നല്‍കേണ്ടി വന്നതിനാല്‍ അവരും റേഷന്‍ വാങ്ങാതായി. ഇതോടെ 1964 മുതല്‍ കേരളത്തില്‍ നിലവിലുള്ള സാര്‍വത്രിക പൊതുവിതരണ സംവിധാനം തകര്‍ന്ന മട്ടിലായി. വില കുറച്ചും റേഷന്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ വിലയേക്കാള്‍ കുറച്ച് അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. അവ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ മൃഗത്തീറ്റയായാണത്രേ അവ ഉപയോഗിച്ചത്. അത്രയ്ക്കും ക്രൂരമാണ് ഈ രംഗത്തെ സര്‍ക്കാര്‍ നടപടികള്‍. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം ഭക്ഷ്യകോര്‍പറേഷനില്‍ നശിക്കുമ്പോഴും അവ വില കുറച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാതിരിക്കുന്നതിലെ വൈരുധ്യം സുപ്രീംകോടതിപോലും പലതവണ പരാമര്‍ശിച്ചതാണ്. വളരെയേറെ പക്ഷപാതപരവും ദരിദ്രര്‍ക്ക് എതിരുമാണ് ഭക്ഷ്യ വിതരണരംഗത്തെ കേന്ദ്രസര്‍ക്കാര്‍ സമീപനം എന്ന് വ്യക്തമാണ്.

ഭക്ഷ്യപ്രശ്നങ്ങള്‍ കാര്‍ഷികബാഹ്യമായ കാരണങ്ങളാലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ആഗോളതാപനം, പരിസ്ഥിതി തകര്‍ച്ച എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ധാന്യക്കൃഷിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നെല്‍പ്പാടങ്ങള്‍ നിരത്തുന്നതും അശാസ്ത്രീയമായ ഭൂ ഉപയോഗരീതികളും അവ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കാര്‍ഷിക വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുകയാണ്. ഇപ്പോള്‍ കേരളത്തിന്റെ മൊത്തം വരുമാനത്തിലേക്ക് 11 ശതമാനം മാത്രമാണ് കൃഷിയില്‍നിന്നു ലഭിക്കുന്നത്. കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. ഭൂമി ഒരു ഉത്പാദനോപാധി എന്ന നിലയില്‍നിന്ന് തികച്ചും ഊഹക്കച്ചവടോപാധിയായി മാറിക്കഴിഞ്ഞു. കൂലിവേല വ്യവസ്ഥ വ്യാപകമായ കേരളത്തില്‍ പുതിയൊരു തൊഴില്‍സംസ്കാരവും അനിവാര്യമാവുകയാണ്. കാര്‍ഷിക/ഭക്ഷ്യവ്യവസ്ഥയെ സംരക്ഷിച്ചുവന്ന ഒട്ടേറെ പിന്തുണാസംവിധാനങ്ങളും ദുര്‍ബലപ്പെടുകയാണ്. ഭൂപരിഷ്കരണം, പൊതുവിതരണം, സേവന-വേതന വ്യവസ്ഥകള്‍, ജലസേചനം, കാര്‍ഷികവായ്പ, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയൊക്കെ നവലിബറല്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു കാര്‍ഷികാസൂത്രണ സംവിധാനം നമുക്കിന്ന് അത്യാവശ്യമാണ്.

കേരളത്തിലെ സ്ഥിതി മുകളില്‍ വിവരിച്ച പ്രശ്നങ്ങളെല്ലാം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ വിദേശപ്പണ സ്വാധീനം, ജനങ്ങളുടെ പെരുകിക്കൊണ്ടിരിക്കുന്ന കടം, വരുമാനത്തിലെ അസന്തുലിതാവസ്ഥ, കൃഷിസ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി, വര്‍ധിച്ച ദല്ലാള്‍സ്വാധീനം എന്നിവയൊക്കെ കേരളത്തിലെ പ്രത്യേകതകളാണ്. ഉല്‍പാദനത്തിനുപകരം ഉപഭോഗത്തില്‍ ഊന്നിയ സംസ്കാരമാണ് ശക്തിപ്പെടുന്നത്. ഈ സംസ്കാരം കാര്‍ഷികരംഗത്തും ആഹാരരീതിയിലും വലിയ സ്വാധീനം ചെലുത്തുന്നു. ഇത് ജനജീവിതത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതോടൊപ്പം രോഗാതുരതയും വര്‍ധിപ്പിക്കുന്നു. ദരിദ്രരായ കേരളീയരുടെ ചികിത്സാഭാരം താങ്ങാവുന്നതിലപ്പുറമാണ്. ഇവയുടെയെല്ലാം പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമയബന്ധിതമായ ഇടപെടല്‍ അത്യാവശ്യമായിരിക്കുന്നു. എന്തൊക്കെ ചെയ്യാം? ഇത്തരം ജനകീയ ഇടപെടലുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്കായിരിക്കണം ഊന്നല്‍ നല്‍കേണ്ടുന്നതെന്ന് നിര്‍ദേശിക്കയാണ്: 1) ആഹാരത്തെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം 2) ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധം 3) കമ്പനിയാഹാരത്തിന്റെ പ്രത്യാഘാതങ്ങള്‍ 4) ആഹാരം ഒരു "പദവിചിഹ്ന"മല്ലെന്ന തിരിച്ചറിവ് 5) പ്രാദേശിക ഭക്ഷ്യപദാര്‍ഥങ്ങളിലെ പോഷണമൂല്യം 6) ഭക്ഷ്യവൈവിധ്യത്തിന്റെ പ്രസക്തി - ഇവയെല്ലാം ചേര്‍ത്ത് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് വിശദമായി ചര്‍ച്ചകള്‍ നടക്കണം. അതുവഴി പ്രാദേശികമായി നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പ്രായോഗികമാക്കാനും കഴിയണം. ഇന്നത്തെ ആഹാരവിപണിയും അതിന്റെ ജനവിരുദ്ധ നിലപാടുകളും അടിസ്ഥാനപരമായി ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ ലാഭക്കൊതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാട്ടില്‍ ആഹാരത്തിന് ദൗര്‍ലഭ്യമുണ്ടാകുന്നത് സ്വാഭാവികമായോ പ്രകൃതിദത്തമായോ ഉള്ള കാര്യങ്ങള്‍കൊണ്ടല്ല. മറിച്ച്, ആഹാരത്തെ ആയുധമാക്കുന്ന വിപണിവ്യവസ്ഥയുടെ കൃത്രിമമായ സൃഷ്ടിയാണത്. ആഹാരം ആയുധമായി മാറുമ്പോള്‍ അത് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് വിശപ്പും ദാഹവും ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാമായിട്ടാണ്. അതായത്, വിശപ്പും ദാരിദ്ര്യവും പട്ടിണിയുമൊന്നുംതന്നെ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്; അതുകൊണ്ടുതന്നെ ഇല്ലാതാക്കാവുന്നതുമാണ്. സ്വന്തം നിലനില്‍പ്പിനുള്ള ആഹാര സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജീവിതപ്രയാസങ്ങളെല്ലാം ഉയര്‍ന്നുവരുന്നത്. അതിനാല്‍, ജനാനുകൂലമായ രാഷ്ട്രീയ നിലപാടുകളും അവ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ പ്രശ്നപരിഹാരം സാധ്യമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളാണ്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

അഴിമതിയില്‍ മുങ്ങുന്ന ആദര്‍ശ പരിവേഷം

എ കെ ആന്റണിക്ക് യുപിഎ സര്‍ക്കാരിലും യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലുമുള്ള നിര്‍ണായകസ്ഥാനം സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. കേന്ദ്ര മന്ത്രിസഭയില്‍ പരമപ്രധാന വകുപ്പായി പരിഗണിക്കപ്പെടുന്ന പ്രതിരോധം, അദ്ദേഹം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പാര്‍ടിയുടെ കൈകാര്യകര്‍തൃത്വം പ്രണബ് മുഖര്‍ജിയെ അല്ല ഏല്‍പ്പിച്ചത്. ആന്റണിയും രാഹുല്‍ ഗാന്ധിയും അടങ്ങുന്ന ചെറുടീമിനെയാണ്. അങ്ങനെയുള്ള എ കെ ആന്റണി ചൊവ്വാഴ്ച രാജ്യസഭയില്‍ പരിക്ഷീണനായി നടത്തിയ പ്രസംഗത്തില്‍ ഒരു മാപ്പുസാക്ഷിയെയാണ് ദൃശ്യമായതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. പ്രതിരോധവകുപ്പിന്റെ ചുമതല ഏറ്റെടുക്കാന്‍ തനിക്ക് അശേഷം താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും നേതാക്കളുടെയും അടുപ്പക്കാരുടെയും നിര്‍ബന്ധംകൊണ്ടാണ് ആ ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കരാറുകളില്‍ അഴിമതി തെളിഞ്ഞാല്‍ അത് റദ്ദാക്കുമെന്നും തെറ്റുകാരെന്നു കണ്ടാല്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്നും പറഞ്ഞ ആന്റണി, തന്റെ ആദര്‍ശധീരതയുടെ ഫ്ളാഷ്ബാക്ക് അവതരിപ്പിക്കാനും മറന്നില്ല.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ രാജിവച്ചുവെന്നതാണ് അദ്ദേഹം എടുത്തുപറഞ്ഞത്. പതിവുപോലെ ഭരണപക്ഷമാധ്യമങ്ങള്‍ ആന്റണിയെ വെള്ളപൂശാന്‍ ദുര്‍ബലശ്രമം നടത്തി. പിറവം തെരഞ്ഞെടുപ്പുപ്രചാരണത്തിന് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ സംബന്ധിച്ച് ഞാന്‍ അഭിപ്രായപ്രകടനം നടത്തി. അഴിമതി കാണുമ്പോള്‍ മൗനിബാബയായി നില്‍ക്കുന്നതാണ് ആന്റണിയുടെ അടവെന്നാണ് ഞാന്‍ പറഞ്ഞത്. നിര്‍ണായകമായ ഒരു ഘട്ടത്തിലും ആദര്‍ശമോ ധീരതയോ പ്രകടിപ്പിക്കാഞ്ഞിട്ടും വലതുപക്ഷമാധ്യമങ്ങള്‍ കല്‍പ്പിച്ചുനല്‍കിയ ആദര്‍ശധീരപദവിയില്‍ എന്നും അഭിരമിച്ചുപോന്ന നേതാവാണ് ആന്റണി. കരസേനാ മേധാവി ജനറല്‍ വി കെ സിങ് പറഞ്ഞത്, സൈന്യത്തിനുവേണ്ടി നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങാന്‍ കൂട്ടുനിന്നാല്‍ 14 കോടി രൂപ കോഴ നല്‍കാമെന്ന് വാഗ്ദാനമുണ്ടായി എന്നാണ്. കോഴ വാഗ്ദാനംചെയ്ത കാര്യം താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചെന്നും ജനറല്‍ സിങ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാജ്യസഭയില്‍ സ്വമേധയാ പ്രസ്താവന നടത്തിയ ആന്റണി, ഇക്കാര്യം സ്ഥിരീകരിച്ചു. വി കെ സിങ് ഔദ്യോഗികവസതിയിലെത്തി തന്നെ കാണുകയുണ്ടായി. നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ വാഗ്ദാനംചെയ്ത കാര്യം പറഞ്ഞു. അതുകേട്ട് താന്‍ തലയില്‍ കൈവച്ച് പകച്ചിരുന്നുപോയി. ഒരു വര്‍ഷംമുമ്പായിരുന്നു ആ സംഭവം. എന്നാല്‍, തുടര്‍നടപടികള്‍ക്ക് ജനറല്‍ സിങ് താല്‍പ്പര്യമെടുക്കാത്തതിനാല്‍ അന്വേഷണം നടത്താന്‍ താന്‍ മെനക്കെട്ടില്ല. ജനറല്‍ സിങ് ഇക്കാര്യം പരസ്യപ്പെടുത്തിയതിനെതുടര്‍ന്ന് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊക്കെയാണ് ആന്റണി പറഞ്ഞ കാര്യങ്ങള്‍.

ഇന്ത്യയുടെ പ്രതിരോധമന്ത്രി എത്രമാത്രം നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്. ജീവന്‍ പണയംവച്ച്, കഠിനയാതന അനുഭവിച്ച്, അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ ഏറ്റവും മുന്തിയതാകണമെന്ന് ഉറപ്പുവരുത്തേണ്ട പ്രതിരോധമന്ത്രി, കരസേനാ മേധാവി നേരിട്ട് പരാതി പറഞ്ഞിട്ടും അലംഭാവം കാട്ടി എന്നതാണ് പ്രശ്നം. തുടര്‍നടപടിക്ക് പരാതിക്കാരന്‍ താല്‍പ്പര്യപ്പെട്ടില്ലെന്നതിനാല്‍ അന്വേഷണം വേണ്ടെന്നുവച്ചു എന്നു പറയുന്നത് നിരുത്തരവാദിത്തം മാത്രമല്ല, രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യവുമാണ്. എ കെ ആന്റണി പ്രതിരോധവകുപ്പിന്റെ ചുമതലയിലുള്ളപ്പോഴാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണമുണ്ടായത്. കാര്‍ഗിലില്‍ ശത്രുസൈന്യത്തോട് പൊരുതുന്നതിനിടയില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ ഭടന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനെന്നു പറഞ്ഞ് നിര്‍മിച്ച ഫ്ളാറ്റുകളാണ് തട്ടിയെടുക്കപ്പെട്ടത്. ആന്റണി അതിനും മൂകസാക്ഷിയായി. കാര്‍ഗില്‍യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹം അടക്കംചെയ്യാന്‍ അമേരിക്കയില്‍നിന്ന് ശവപ്പെട്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍, ഉത്തരവാദിയായ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ബഹിഷ്കരിച്ചു. ശവപ്പെട്ടി ഇടപാടില്‍ ഫെര്‍ണാണ്ടസ് കൈക്കൂലി വാങ്ങിയെന്നല്ല, ഫെര്‍ണാണ്ടസിന്റെ ഭരണകാലത്ത് അഴിമതി നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടുചെയ്തത്. അന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവുമെല്ലാം പ്രതിരോധമന്ത്രിയെ ബഹിഷ്കരിച്ചു. അന്നത്തേക്കാള്‍ വമ്പന്‍ കുംഭകോണങ്ങളാണ് ആന്റണിയുടെ ഭരണത്തില്‍ പ്രതിരോധവകുപ്പില്‍ നടമാടുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് കുംഭകോണം 64 കോടി രൂപയുടേതായിരുന്നു. ആ കുംഭകോണത്തിലെ മുഖ്യപ്രതി ക്വട്റോച്ചിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് വെറുതെ വിടാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപടികള്‍ നീക്കുമ്പോഴും ആന്റണി മൂകസാക്ഷിയായി നിന്നു. ഇസ്രയേലുമായി പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ വാങ്ങുന്നതിന് ഇന്ത്യ ഒപ്പുവച്ച കരാറില്‍ 600 കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് ഈയിടെ വാര്‍ത്ത വന്നു. ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും വന്‍ ക്രമക്കേടും അഴിമതിയും ആരോപിക്കപ്പെട്ടു. ഉല്‍പ്പന്നത്തിന് ആവശ്യക്കാരില്ലാത്തതിനാല്‍ അടച്ചുപൂട്ടാനിരുന്ന ഫ്രഞ്ച് കമ്പനിയില്‍നിന്നാണ് ആന്റണിയുടെ വകുപ്പ് അരലക്ഷത്തില്‍പ്പരം കോടി രൂപ കൊടുത്ത് യുദ്ധവിമാനങ്ങള്‍ കച്ചവടമാക്കിയത്. ഇതെല്ലാം തന്റെ വകുപ്പില്‍, താന്‍ മന്ത്രിയായിരിക്കെ നടന്നുകൊണ്ടിരിക്കുന്ന കുംഭകോണങ്ങളുടെ ഘോഷയാത്രയാണെന്ന് പരോക്ഷമായി സമ്മതിച്ച്, താന്‍ രാഷ്ട്രീയത്തില്‍ ജന്മനാ അഴിമതിവിരുദ്ധനും ആദര്‍ശവാനുമാണെന്ന് ആന്റണി അവകാശപ്പെടുന്നു- ഇതാണ് വിരോധാഭാസം.

വ്യക്തിപരമായി പണം വാങ്ങിയോ എന്നതല്ല, രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും സൈന്യത്തിന്റെ ശക്തിക്കും പ്രതിച്ഛായയ്ക്കും ക്ഷതമുണ്ടാക്കുന്നതുമായ നടപടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നുവോ, കാരണക്കാരനായോ എന്നതാണ് പ്രശ്നം. സൈന്യം ദുര്‍ബലപ്പെടുന്നുവെന്നും രാജ്യരക്ഷ അപകടത്തിലാണെന്നും കാലാനുസൃതമായ ആയുധങ്ങളില്ലെന്നും കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. ആ കത്ത് ചോരുന്നു. സേനാതലപ്പത്ത് പരക്കെ അഴിമതിയാണെന്ന് വാര്‍ത്തകളുണ്ടാകുന്നു, സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരിലൊരാളും സേനയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ്ങാണ് സേനാനായകന് കോഴ വാഗ്ദാനം ചെയ്തതെന്നും സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം തേജീന്ദര്‍ ഇപ്പോള്‍ ആയുധം വില്‍ക്കുന്ന കമ്പനികളുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെയാണ് പുറത്തുവന്നത്. പ്രതിരോധമന്ത്രിയുടെ ഓഫീസില്‍നിന്ന് വാര്‍ത്ത ചോര്‍ത്താന്‍ ഇലക്ട്രോണിക് സംവിധാനം സ്ഥാപിച്ചത് കണ്ടുപിടിക്കപ്പെട്ടുവെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നു- ഇങ്ങനെ എല്ലാതരത്തിലും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.

ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, എസ് ബാന്‍ഡ് കരാര്‍, പത്തുലക്ഷം കോടിയോളം രൂപ നഷ്ടമുണ്ടാക്കിയതായി സംശയിക്കുന്ന കല്‍ക്കരി ഖനന ഇടപാട് തുടങ്ങി യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച കുംഭകോണങ്ങളുടെ ഘോഷയാത്രയില്‍- അഴിമതിയുടെ റെക്കോഡില്‍, ആന്റണി നേതൃത്വം നല്‍കിയ വകുപ്പും വലിയ സംഭാവനചെയ്തു. പ്രതിരോധവകുപ്പിനെയും അഴിമതിയില്‍ കുളിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുക എന്ന ഗുരുതരമായ ആരോപണമാണ് യുപിഎ സര്‍ക്കാരും പ്രത്യേകിച്ച് എ കെ ആന്റണിയും നേരിടുന്നത്. മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം കേട്ടപ്പോള്‍ രാജിവച്ചു, ചിക്മംഗലൂരില്‍ ഇന്ദിരാഗാന്ധിയെ ബ്രഹ്മാനന്ദറെഡ്ഡി പ്രസിഡന്റായ ഔദ്യോഗിക കോണ്‍ഗ്രസ് പിന്താങ്ങിയെന്നറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു എന്നൊക്കെയുള്ള ഫ്ളാഷ്ബാക്ക് കാട്ടി ഇപ്പോഴത്തെ പ്രശ്നത്തില്‍നിന്ന് തലയൂരാനാകില്ല.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 29 മാര്‍ച്ച് 2012

ഉത്തരം പറയേണ്ടിടത്ത് ദീനവിലാപമോ?

പ്രതിരോധമന്ത്രി എ കെ ആന്റണിയില്‍നിന്ന് രാജ്യം ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത് താന്‍ നല്ലവനാണെന്ന ദീനവിലാപ വിസ്താരമല്ല, മറിച്ച് മുമ്പേതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും 1400 കോടി രൂപയുടെ കുംഭകോണം പ്രതിരോധരംഗത്ത് നടപ്പാകുന്നതിന് നിഷ്ക്രിയത്വത്തിലൂടെ പച്ചക്കൊടി കാട്ടിയത് എന്തിന് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ്. ആ ഉത്തരം ഇല്ലാത്തതുകൊണ്ടാകണം രാജ്യസഭയില്‍ ആരുടെയും സഹതാപം പിടിച്ചുപറ്റാന്‍ പാകത്തില്‍ സ്വന്തം "വിശുദ്ധി"യെക്കുറിച്ച് അദ്ദേഹം ദീനമായി വിസ്തരിച്ചത്. എന്നാല്‍, ഈ വിലാപത്തില്‍ മുങ്ങിപ്പോയിക്കൂടാ രാജ്യത്തിന്റെ സുരക്ഷയുമായും അതിര്‍ത്തികാക്കുന്ന ലക്ഷക്കണക്കായ സൈനികരുടെ ജീവരക്ഷയുമായും ബന്ധപ്പെട്ട ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍. രേഖാമൂലം പരാതികിട്ടാതിരുന്നതുകൊണ്ടാണ് 1400 കോടി രൂപയുടെ ടാട്രാ ട്രക്ക് കുംഭകോണം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാതിരുന്നതും നടപടിയെടുക്കാതിരുന്നതും എന്ന ആന്റണിയുടെ വിശദീകരണം പ്രതിരോധമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുണ്ടാകേണ്ടതല്ല.

ആരാണ് മുമ്പില്‍ വന്നുനിന്ന് അഴിമതിക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് എന്നോര്‍ക്കണം. ഇന്ത്യയുടെ കരസേനാധിപനാണത്. അത്രമേല്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ വന്ന് ജീപ്പ് ഇടപാടില്‍ അഴിമതിയുണ്ടെന്നു പറഞ്ഞാല്‍ നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രിക്ക് വേറെന്താണ് വേണ്ടത്? അത് മുഖവിലയ്ക്കെടുത്ത് അന്വേഷണത്തിനുത്തരവിടുകയും താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും അഴിമതി നടപ്പില്‍വരുത്തുന്നത് തടയുകയുമായിരുന്നില്ലേ വേണ്ടത്? അത് ചെയ്യേണ്ട എന്ന് ആന്റണിക്ക് തോന്നിയതെന്തുകൊണ്ടാണ്? രേഖാമൂലം പരാതി ലഭിക്കാതിരുന്നതുകൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ഇന്നുപറയുന്ന ആന്റണി രേഖാമൂലം പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരും ഒന്നും ഇപ്പോഴും എഴുതിക്കൊടുത്തിട്ടില്ലല്ലോ. കരസേനാമേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഴിമതിക്കാര്യം പറയുകയും ഇന്ത്യന്‍ മാധ്യമങ്ങളാകെ അത് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ നിവൃത്തിയില്ലാതെ അന്വേഷണത്തിനുത്തരവിട്ടു എന്നതല്ലേ സത്യം. കരസേനാമേധാവി ആദ്യഘട്ടത്തില്‍ത്തന്നെ അഴിമതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൗനത്തിലൂടെ അത് മൂടിവയ്ക്കാന്‍ നോക്കി. അഴിമതി ദേശീയവാര്‍ത്തയായി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതല്ലേ സത്യം?

അഴിമതി കണ്ടാലത് അധികൃത ശ്രദ്ധയില്‍പ്പെടുത്താനും തടയാനും സാധാരണപൗരനുപോലും കടമയുണ്ട്. അത് ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ഇല്ലെന്നാണോ? നടപടിയുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് കരസേനാമേധാവി പറഞ്ഞതനുസരിച്ചാണ് തുടര്‍നടപടി ഉണ്ടാകാതിരുന്നത് എന്ന് ആന്റണി പറയുന്നു. ഇങ്ങനെ ഒരു കോഴവാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശ്രദ്ധയില്‍പ്പെടുത്തിയ ആളുടെ അനുമതി വേണോ നടപടിയെടുക്കാന്‍? ആന്റണിയുടെ ന്യായവാദങ്ങളൊന്നും സാമാന്യബുദ്ധിക്കുമുമ്പില്‍പ്പോലും വിലപ്പോകുന്നതല്ല. ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ "ഞാന്‍ തെറ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം" എന്നൊക്കെ വൈകാരികഭാവത്തോടെ പറഞ്ഞ് വിനയാന്വിതനായി ഭാവിക്കുന്നത് സഭയില്‍ ഉണ്ടാകുന്ന വിമര്‍ശങ്ങളുടെ രൂക്ഷത കുറച്ചെടുക്കാനുള്ള മനഃശാസ്ത്രവിദ്യയാണ്; സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണ്; രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയിലാകെ കോണ്‍ഗ്രസ് ഒഴുക്കുന്ന ശതകോടികളുടെ മുഖ്യവരുമാന സ്രോതസ്സ് പ്രതിരോധകരാറുകളാണെന്നത് അറിയാത്തവരില്ല. ബൊഫോഴ്സ് ഇടപാടിലെ പ്രതികളായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്റോച്ചി മുതല്‍ വിന്‍ഛദ്ദവരെയുള്ളവരെ രക്ഷപ്പെടുത്തിവിടുന്നതില്‍ കോണ്‍ഗ്രസ് ഭരണം കാട്ടിയ കള്ളക്കളികളും ജനങ്ങള്‍ക്കാകെ അറിവുള്ളതാണ്.

ആയുധ ദല്ലാളന്മാരുടെ നിത്യസന്ദര്‍ശനമാണ് എഐസിസി ഓഫീസുമുതല്‍ സോണിയ ഗാന്ധിയുടെ വസതിവരെയുള്ളിടങ്ങളില്‍ നടക്കുന്നത്. ആയുധ ദല്ലാളായ വിന്‍ഛദ്ദയും ക്വട്റോച്ചിയുമൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നതും ക്വട്റോച്ചി സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തുതന്നെയായിരുന്നുവെന്നതും ഒന്നും ആരും മറക്കുന്നില്ല. ഹിന്ദുജമുതല്‍ വിന്‍ഛദ്ദവരെയുള്ളവരുടെ നിക്ഷേപങ്ങള്‍ക്കുമേലുണ്ടായിരുന്ന മരവിപ്പിക്കല്‍ നടപടി നീക്കിക്കൊടുത്തതും ക്വട്റോച്ചിക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാനുള്ള സന്ദര്‍ഭം ഒരുക്കിക്കൊടുത്തതുമെല്ലാം ഭരണരാഷ്ട്രീയത്തിന്റെ കൈകളാണെന്നത് ജനങ്ങള്‍ കണ്ടതാണ്. താന്‍ ശുദ്ധനാണെന്ന് ആന്റണി രാജ്യസഭയില്‍ പറഞ്ഞു. ഇത് മുഖവിലയ്ക്കെടുത്താല്‍ത്തന്നെയും ആന്റണി മറ്റൊരു ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാകുന്നു. ശുദ്ധനാണെങ്കില്‍ ആന്റണിയുടെ കൈകള്‍ ആരാണ് കെട്ടിവച്ചിരുന്നത്? വ്യക്തിപരമായി അഴിമതി നടത്താത്തയാള്‍ എന്ന പ്രതീതിയുടെ അടിസ്ഥാനത്തില്‍ പ്രതിഛായ തീര്‍ത്ത് പൂമുഖത്തുവച്ചിട്ട് പിന്നാമ്പുറത്തുകൂടി വന്‍ കൊള്ളകള്‍ നടത്തുകയാണോ ചിലര്‍? ഇമേജിനോടും അധികാരസ്ഥാനത്തിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത ആസക്തികൊണ്ട് എല്ലാം കണ്ടില്ലെന്നു നടിക്കുകയും നിഷ്ക്രിയത്വത്തിലൂടെ അഴിമതിക്ക് അരങ്ങൊരുക്കിക്കൊടുക്കുകയുമാണോ ആന്റണി ചെയ്യുന്നത്?

അതിന് മറുപടി പറയാന്‍ പ്രതിരോധമന്ത്രി എന്ന നിലയ്ക്ക് ആന്റണി ബാധ്യസ്ഥനാണ്. ഊമക്കത്തുകളുടെയും അജ്ഞാതസന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍പ്പോലും നടപടിയെടുത്തിട്ടുള്ളയാളാണ് താന്‍ എന്ന് ഇതേ എ കെ ആന്റണിതന്നെ ഇതേ സഭയില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആന്റണിക്ക് കരസേനാധിപന്‍ വന്ന് നേരിട്ടുപറഞ്ഞിട്ടും കോഴ ഇടപാടുള്‍പ്പെട്ട കരാര്‍ റദ്ദാക്കണമെന്ന് തോന്നിയില്ല. കോഴവാഗ്ദാനം ചെയ്തയാളെ അറസ്റ്റ് ചെയ്യിക്കണമെന്ന് തോന്നിയില്ല. എന്തുകൊണ്ട് ഈ മാറ്റം എന്നത് ആന്റണി വിശദീകരിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത 600 ടാട്രാ ട്രക്കുകള്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. അതിര്‍ത്തിയില്‍ യുദ്ധഘട്ടങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് യാത്രചെയ്യാനുള്ള വാഹനങ്ങളാണിവ. കൊള്ളില്ലാത്ത വാഹനങ്ങളില്‍ നമ്മുടെ ധീരജവാന്മാരെ അതിര്‍ത്തിയിലെ മലമടക്കുകളിലൂടെ ശത്രുവിന്റെ പോര്‍മുഖങ്ങളിലേക്ക് അയക്കാന്‍ ആന്റണിക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ലേ? ഇന്ത്യന്‍ ജനതയോട് ആന്റണി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്. ഇത്തരം ഉത്തരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പകരമാകില്ല ആന്റണി രാജ്യസഭയില്‍ കാട്ടിയ നിസ്സഹായമായ ദീനവിലാപപ്രകടനം. പ്രതിരോധമന്ത്രിയില്‍നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ദീനവിലാപങ്ങളല്ല.

*
ദേശാഭിമാനി മുഖപ്രസംഗം 29 മാര്‍ച്ച് 2012

Wednesday, March 28, 2012

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.

ഭരണാധികാരികളും സാംസ്ക്കാരിക/ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും അക്കാദമികള്‍, കലാലയങ്ങള്‍ സര്‍വകലാശാലകള്‍ എന്നിവയടക്കമുള്ള ഔദ്യോഗിക/അനൌദ്യോഗിക സ്ഥാപനങ്ങളും പുലര്‍ത്തുന്ന അനവധാനത മൂലം കൃത്യമായി എഴുതപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന മലയാള സിനിമയുടെയും കേരള സംസ്ക്കാരത്തിന്റെയും ഇരുളടഞ്ഞ ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ രണ്ടു ഗ്രന്ഥങ്ങളും രൂപപ്പെട്ടുവന്നിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ആരംഭത്തെ വലിയൊരളവു വരെ തുറന്നുകാണിച്ചു കൊണ്ട്, അതിന്റെ മഹത്വവത്ക്കരണങ്ങളെ വലിച്ചു കീറുകയാണ് ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്ന യഥാര്‍ത്ഥ ധര്‍മം.

ജെ സി ഡാനിയലാണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തിലഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍ ചേലങ്ങാട്ട് നേരത്തെ തന്നെ വിജയം വരിച്ചിരുന്നു. അതിന്‍ പ്രകാരം, മലയാള സിനിമക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര സംഭാവനാ പുരസ്കാരം ജെ സി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടു. സത്യത്തില്‍, ആ അവാര്‍ഡ് ലഭിക്കുന്നവരുടെ പേരിനേക്കാള്‍ ചരിത്ര/ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ആദരവോടെ സ്മരിക്കുന്നതെല്ലായ്പോഴും ജെ സി ഡാനിയലിനെയാണ്. സത്യത്തിന്റെ തുമ്പു തേടി ചേലങ്ങാട്ട് നടത്തിയ യാത്രകള്‍ ഒരു അപസര്‍പ്പക കഥ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവൂ എന്ന് ആമുഖകാരനായ കെ വി മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നത് തികച്ചും ശരിയാണ്.

വിഗതകുമാരന്‍ റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗ്രന്ഥകാരന്‍ തന്റെ അന്വേഷണയാത്രകള്‍ നടത്തുന്നത്. ചലച്ചിത്രകാരനെയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെയുമാണദ്ദേഹം അന്വേഷിക്കുന്നത്. പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ പ്രദേശത്തു കൂടി നടത്തുന്ന ഒരു അന്വേഷണയാത്രയും അലച്ചിലും ഇതിവൃത്തമാക്കിയ, തിയോ ആഞ്ചലോപൌലോയുടെ യുളീസസ് ഗേസ് (1995/ഗ്രീസ്) ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തി. യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൌലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത (അഥവാ എ എന്നു പേരുള്ള) നായകകഥാപാത്രം ഗ്രീസില്‍ നിന്ന് അല്‍ബേനിയയിലേക്കും ബള്‍ഗേറിയയില്‍ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെ കോണ്‍സ്റാന്‍സയിലേക്കും ഡനൂബേയില്‍ നിന്ന് മുന്‍ യുഗോസ്ളാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടി അലയുകയാണ്. മുന്‍ യുഗോസ്ളാവിയയിലെ ബല്‍ഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാള്‍ അലയുന്നു. ഈ യാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രീകരിച്ചതും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോര്‍ട്ട് ഫിലിമിന്റെ റോളുകള്‍ തേടിക്കണ്ടുപിടിക്കുക എന്നതാണ്. ബാള്‍ക്കന്‍ സിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാര്‍ നിര്‍മിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരു നിഷ്കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരന്‍ വിഭാവനം ചെയ്യുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങളുടെ പൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീല്‍ എന്ന രൂപകത്തിലൂടെ ആഞ്ചലൊപൌലോ അടയാളപ്പെടുത്തുന്നത്.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അതികഠിനവും തീക്ഷ്ണവുമായ വിഭജനങ്ങളുടെയും ആഭ്യന്തര-ബാഹ്യ യുദ്ധങ്ങളുടെയും അവസ്ഥയോട് താരതമ്യം ചെയ്യാനാകില്ലെങ്കിലും കേരളം, ഐക്യകേരളം, മലയാളം എന്നീ സാംസ്ക്കാരികാവസ്ഥകളുടെ ഏകോപനവും വിഘടനവും സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പൊതുചരിത്രവും ആദ്യത്തെ മലയാള സിനിമയുടെ അന്നത്തെയും ഇന്നത്തെയും അവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ചേലങ്ങാട്ടിന്റെ അന്വേഷണത്തിനവസാനം കഷ്ടിച്ച് ഒന്നര മീറ്റര്‍ നീളമുള്ള ഫിലിം റീലാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് ജെ സി ഡാനിയലിനെ വിലയിരുത്തുന്നത് അദ്ദേഹം ദേശത്തെ സമഗ്രമായി എഴുതാനും രേഖപ്പെടുത്താനുമാണ് ചലച്ചിത്ര രംഗത്തേക്ക് സാഹസികമായി വന്നത് എന്നതുകൊണ്ടു കൂടിയാണെന്ന് നാം തിരിച്ചറിയണം. ജന്മനാ സമ്പന്നനായിരുന്ന അദ്ദേഹം തന്റെ നൂറിലധികം വരുന്ന ഏക്കര്‍ ഭൂസ്വത്ത് വിറ്റാണ് സ്റുഡിയോ നിര്‍മിച്ച്, ഉപകരണങ്ങള്‍ വാങ്ങി വിഗതകുമാരന്‍ ചിത്രീകരിച്ചത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്നാണ് തന്റെ നിര്‍മാണക്കമ്പനിക്ക് അദ്ദേഹം പേരിട്ടത്. അന്നത്തെ അവസ്ഥ വെച്ച് തിരുവിതാകൂറിന്റെ ദേശീയതക്കും ഐക്യത്തിനും പ്രതീകാത്മക പ്രാധാന്യം നല്‍കുന്നതിന് ഈ പേര് സഹായകമായിത്തീരുന്നു. സിനിമയെല്ലാം പൊളിഞ്ഞതിനു ശേഷം ദന്തവൈദ്യം പഠിച്ച് മധുരയില്‍ ദന്തിസ്റായി ജോലി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കെടുത്തതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍ ആണെന്ന് സ്ഥാപിച്ച്, 1960കളില്‍ തന്നെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനമെഴുത്തു തുടങ്ങിയെങ്കിലും അന്നാരും ആ വാദത്തെ അംഗീകരിച്ചതേ ഇല്ല. മലയാള സിനിമയുടെ തുടക്കം ബാലന്‍ എന്ന ചിത്രത്തോടെയായിരുന്നുവെന്നും ആ ചിത്രം നിര്‍മിച്ച ടി ആര്‍ സുന്ദരം ആണ് പിതൃസ്ഥാനീയനെന്നുമുള്ള വാദത്തിന് സര്‍വരാലും അംഗീകാരം ലഭിച്ചപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്. മെരിലാന്റ് സ്റുഡിയോ ഉടമ പി സുബ്രഹ്മണ്യവും വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും മാത്രമാണ് ചേലങ്ങാട്ടിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനും സാഹിത്യകാരനും ഐഎഎസുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഈ വാദത്തോട് രോഷം പ്രകടിപ്പിച്ചതും ഗ്രന്ഥകാരന്‍ വികാരവായ്പോടെ രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ പത്രാധിപസമിതി അംഗമായിരുന്ന മലയാളി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍, ജെ സി ഡാനിയലിനെ സംബന്ധിച്ചുള്ള ഒരു ലേഖനം, ചേലങ്ങാട്ട് പ്രസിദ്ധീകരിച്ചതില്‍ കുപിതനായ കുട്ടനാട് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ 'കണ്ട മാപ്പിളയൊക്കയാണ് മലയാള സിനിമയുടെ പിതാവ് എന്ന് പറയാന്‍ നിനക്ക് നാണമില്ലെടാ' എന്ന് ആക്രോശിച്ചത് നടുക്കത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. അല്ലെങ്കിലെന്തിന് നടുങ്ങണം! ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്നും അതിന്റെ അടിസ്ഥാന സാംസ്ക്കാരിക ഗരിമയായി കൊണ്ടാടുന്നത് സവര്‍ണ-മൃദു ഹിന്ദുത്വത്തെ തന്നെയാണല്ലോ.

ജെ സി ഡാനിയല്‍, സംസ്ഥാന പുനര്‍വിഭജനത്തിനു ശേഷം തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം സ്വദേശിയാണെന്നതും, അവസാനകാലത്ത് അദ്ദേഹം അവിടെയാണ് ദരിദ്രമായ വിശ്രമജീവിതം നയിച്ചിരുന്നതെന്നും സാങ്കേതിക-കേരള വാദികളുടെ, വിഗതകുമാരന്‍ അല്ല ബാലനാണ് ആദ്യ മലയാള സിനിമ എന്ന വാദത്തിന് ബലം കൂട്ടി. പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ട മാഹിക്കാരനാണ് എം മുകുന്ദന്‍ എന്നതുകൊണ്ട് അദ്ദേഹം മലയാള സാഹിത്യകാരനല്ല എന്ന് ഏതോ വിഡ്ഢി കേസു കൊടുത്ത സ്ഥലവുമാണല്ലോ കേരളം! ഭാഷാ സംസ്ഥാന കമ്മീഷന്‍ നാഗര്‍കോവില്‍ പ്രദേശത്തെ തമിഴ് നാട്ടിലേക്ക് ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പിന്നില്‍, ആ പ്രദേശത്ത് കൂടുതലായുണ്ടായിരുന്ന നാടാര്‍ സമുദായത്തെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലായി പിളര്‍ത്താനുള്ള നായര്‍ ഗൂഢാലോചന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചിലരുടെ വാദങ്ങളും ഈ സംഭവത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ജെ സി ഡാനിയലിനെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിക്കളഞ്ഞിരുന്ന ചരിത്ര-സാംസ്ക്കാരിക അവബോധം; വിഗതകുമാരനില്‍ നായികയായഭിനയിച്ച പി കെ റോസി എന്ന, കൃസ്തുമതത്തിലേക്ക് മതം മാറിയ ദളിത് യുവതിയോട് അന്നും ഇന്നും എപ്രകാരമാണ് പെരുമാറിയത് എന്ന് ഭാവന കൂടി ചേര്‍ത്തുകൊണ്ടെഴുതിയ മികച്ച നോവലാണ് നഷ്ടനായിക. അവതാരികാകാരനായ പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വിശദീകരിക്കുന്നതു പോലെ; തികച്ചും നാരകീയമായ ജാതിവ്യവസ്ഥയുടെ കെട്ടുപാടുകള്‍ അഴിഞ്ഞ് തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ കീഴാളവര്‍ഗത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. അതേ സമയം, മാര്‍ഗ്ഗം കൂടി, കീഴാളവര്‍ഗ്ഗത്തില്‍ തന്നെ ഒരന്യവത്ക്കരണം അനുഭവിക്കുന്ന വിഭാഗത്തിലുമാണവള്‍. സ്ത്രീകള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ കേവലം ഭോഗവസ്തുക്കളായി മുഖ്യമായും വീക്ഷിക്കപ്പെടുന്ന പുരുഷാധിപത്യസമൂഹമാണ് അന്നും ഇന്നും കേരളത്തില്‍ പ്രബലമായി നിലനില്‍ക്കുന്നത്. ഈ സവര്‍ണ-മൃദുഹിന്ദുത്വ-പുരുഷാധിപത്യ സമൂഹം തന്നെയാണ് രാക്ഷസാകാരനായ കാണിയായി രൂപാന്തരപ്പെട്ട് സിനിമയിലെ ജനപ്രിയതയും താരാരാധനയുമടക്കമുള്ള നിര്‍ണായകതകളെല്ലാം നിര്‍മിക്കുന്നതും സ്വീകരിക്കുന്നതുമെന്ന ചരിത്ര-വര്‍ത്തമാന വസ്തുതയും ഈ നോവല്‍ വായനയിലൂടെ കൂടുതല്‍ ബോധ്യപ്പെടും. അഴിഞ്ഞാട്ടക്കാരി, അഥവാ കൂത്തിച്ചി എന്ന അവസ്ഥയിലാണ് നടിമാരെ സമൂഹം കണ്ടിരുന്നത്; ഇപ്പോഴും ഏറെക്കൂറെ കാണുന്നത്. വിഗതകുമാരന്‍ എന്ന ആദ്യ സിനിമയും റോസിയും സമൂഹത്തിലെ കപട മാന്യന്മാരുടെയും സദാചാര ഭക്തരുടെയും (ഇന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സദാചാര പോലീസ്) കടുത്ത ആക്രമണത്തിനാണ് വിധേയമാകുന്നത്. സിനിമ എന്ന കലാരൂപവും അതേ വരെ അടിച്ചമര്‍ത്തപ്പെട്ടു മാത്രം കഴിഞ്ഞിരുന്ന പുലയ സമുദായത്തില്‍ പെട്ട ഒരു കീഴാള പെണ്‍കുട്ടി അതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നതും നിലനില്‍ക്കുന്ന ക്രമത്തെ അട്ടിമറിക്കുന്നതായതിനാലാണ്, അതിനെതിരെയുള്ള അക്രമാസക്തമായ സാമൂഹ്യ പ്രതികരണം സംഭവിക്കുന്നതെന്ന് കെ ജി ജോര്‍ജ് വിവരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് 1930 ഒക്ടോബര്‍ 30നാണ് വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ആരംഭിച്ച ദിവസമോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകമോ, അക്രമാസക്തരായ കാണികള്‍ തിരശ്ശീലയിലേക്ക് കല്ലെറിയുകയും നായികയായഭിനയിച്ച നടി പി കെ റോസിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ആക്രമണരംഗം നോവലില്‍ വിവരിക്കുന്നതിങ്ങനെയാണ്. കൊട്ടകയില്‍ ഒരട്ടഹാസം മുഴങ്ങി: 'ഫാ വടുക പുലയാടി മോളെ. എന്തരാടീ നീ അവിടെ പുളുത്തുന്നത്. അറുവാണി കൂത്തിച്ചി. നിര്‍ത്തടി. ഒടുക്കത്തൊരു സിനിമ. യോഗ്യന്മാര് ആണുങ്ങളെ വിളിച്ചു വരുത്തിയിട്ട് നിന്റെയൊക്കെ പൊലയാട്ട് കാണിച്ച് അര്‍മ്മാദിക്കുന്നോടീ' ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ട റോസി, നിരത്തിലിറങ്ങി നിന്ന് അതുവഴി കടന്നു വന്ന ഒരു ലോറിക്ക് കൈ കാണിച്ച് അതില്‍ കയറി പിന്നീട് അതിലെ ഡ്രൈവറെ കല്യാണവും കഴിച്ച് കേരളത്തിനു പുറത്തെവിടെയോ താമസിച്ച് മരിച്ചു എന്നാണ് വിശ്വസനീയമായ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ നോവലിസ്റ് ആഖ്യാനം ചെയ്യുന്നത്.

അടുത്ത കാലത്തിറങ്ങിയ ഗംഭീരമായ ഈ രണ്ടു പുസ്തകങ്ങളെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവഗണിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളീയ പൊതുബോധം; പി കെ റോസിയെ ആക്രമിച്ച് തുരത്തിയ അതേ മലയാളി/കേരളീയ കാണികളുടേതു തന്നെയാണ്. കേരളത്തനിമക്ക് ദോഷം സംഭവിച്ചു എന്നാര് പറഞ്ഞു? കലാഭവന്‍ മണിയോടൊപ്പം നായികയാവാന്‍ പറ്റില്ല എന്നു പറഞ്ഞ വെളുത്ത തൊലി നിറമുള്ള നടികളും അവരെ ആരാധിക്കുന്ന സാമാന്യ മലയാളി/കേരളീയനും അവരുടെ പിന്മുറക്കാരാണ്. മലയാള സിനിമക്കു വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷികളായി മാറിയവരാണ് ജെ സി ഡാനിയലും പി കെ റോസിയും എന്ന് മുഴുവന്‍ മലയാളികളും തിരിച്ചറിയുന്ന ഒരു നാള്‍ വരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ……………

*
ജി പി രാമചന്ദ്രന്‍

സ്വാശ്രയവഞ്ചകര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയും

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഏകീകൃത ഫീസ് ഘടന വേണമെന്ന ആവശ്യത്തിനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴടങ്ങിയിരിക്കുന്നു. ദീര്‍ഘനാളായി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കച്ചവടമുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടിരുന്നത്. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കി. യുഡിഎഫ് കേരളം ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസരംഗം പണക്കൊതിയന്മാര്‍ക്ക് പകുത്തുകൊടുക്കാനും മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനെ ചെറുത്തിട്ടുമുണ്ട്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ഉണ്ടാക്കുന്ന കരാര്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ കരാര്‍ അംഗീകരിക്കാന്‍, മനസ്സാക്ഷിയുള്ള ആര്‍ക്കും കഴിയുകയില്ല. കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് 2002ല്‍ യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന പ്രഖ്യാപനം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടേതായിരുന്നു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന ഉറപ്പിന്മേല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, 2005 വരെയുള്ള നാലുവര്‍ഷവും യുഡിഎഫ് വാക്കുപാലിച്ചില്ല. സ്വാശ്രയലോബി കോടികള്‍ കീശയിലാക്കി 100 ശതമാനം സീറ്റും പകുത്തെടുത്തു.

2002ല്‍ ടിഎംഎ പൈ കേസിനെത്തുടര്‍ന്ന്, മാനേജ്മെന്റ് കോളേജുകള്‍ സര്‍ക്കാരിന് ഒരുഭാഗം സീറ്റ് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി വിധി വന്നു. ആ വിധിപോലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചില്ല. അങ്ങനെ സര്‍ക്കാര്‍ ഒത്താശയോടെ 100 ശതമാനം സീറ്റും മാനേജ്മെന്റുകള്‍ കൈയിലൊതുക്കി. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷവും കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ (ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപനങ്ങള്‍ ഒഴികെ) മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കാന്‍ കഴിഞ്ഞു. മെറിറ്റ് ക്വോട്ടയില്‍ 550 വിദ്യാര്‍ഥികള്‍ക്കാണ് വര്‍ഷാവര്‍ഷം മെഡിക്കല്‍ പ്രവേശനം ലഭിച്ചതും കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിഞ്ഞതും. അവസാനവര്‍ഷം നടപ്പാക്കിയ ത്രിതലഫീസ് സാമൂഹ്യനീതിക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു.

2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് അംഗീകരിച്ചെങ്കിലും പിന്നീട് കോടതിവിധികളിലും യുഡിഎഫ് നേതാക്കളിലും അഭയം തേടി കേരള ജനതയെ വഞ്ചിച്ചു. ഇപ്പോള്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു മുന്നില്‍ വിനീതവിധേയരെപ്പോലെ കീഴടങ്ങുന്ന അത്യന്തം ലജ്ജാകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മെറിറ്റും സംവരണമാനദണ്ഡങ്ങളും അട്ടിമറിച്ച് പൂര്‍ണമായും സമ്പന്നര്‍ക്കുമാത്രം സീറ്റുകള്‍ പരിമിതപ്പെടുത്താനുള്ള കരാറുമായാണ് സ്വാശ്രയമാനേജുമെന്റുകളും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് ഏകീകൃത ഫീസ് ഘടന എന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നതായും കരാറുമായി മുന്നോട്ടുപോകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം, ഫീസ് ഘടനയില്‍ വലിയമാറ്റമാണ് ഉണ്ടാക്കിയത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ്ഫീസ് 35,000ല്‍നിന്ന് കഴിഞ്ഞവര്‍ഷം 60,000 ആയി ഉയര്‍ത്തി. മാനേജ്മെന്റ് സീറ്റിലെ ഫീസ് 90,000 ആയിരുന്നത് സ്പെഷ്യല്‍ ഫീസടക്കം 1,24,000 ആക്കി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് സ്വാശ്രയ കോളേജുകള്‍ക്ക് ഈ നേട്ടമുണ്ടായത്. സര്‍ക്കാര്‍ഫീസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നുമാത്രം 14,28,15,000 രൂപ കൂടുതലായി മാനേജ്മെന്റുകള്‍ക്ക് ലഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി (2011 സെപ്തംബര്‍ 29, നിയമസഭയിലെ ചോദ്യോത്തരം) വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ മാനേജ്മെന്റ് സീറ്റുകളില്‍ ഇഷ്ടംപോലെ തലവരിപ്പണം വാങ്ങിയും നിയമപരമായ ഫീസ് വര്‍ധനയിലൂടെയും നേടിയെടുത്ത കോടികള്‍ വേറെ. ഈ സീറ്റുകളിലേക്കുള്ള പ്രവേശനവും ഫീസും സ്വന്തം നിലയിലാണ് മാനേജ്മെന്റുകള്‍ തീരുമാനിക്കുന്നത് എന്നതിനാല്‍ വ്യക്തമായ കണക്ക് അവരുടെ പക്കല്‍മാത്രമേ ഉണ്ടാകൂ. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള 12 എന്‍ജിനിയറിങ് കോളേജുകള്‍ ന്യൂനപക്ഷപദവി ഉപയോഗപ്പെടുത്തി നൂറുശതമാനം സീറ്റും കച്ചവടം നടത്തി. അവരുടെ കണക്കുപ്രകാരം 85 ശതമാനം സീറ്റില്‍ 75,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഇതിന്റെ എത്രയോ ഇരട്ടിയും ഈടാക്കിയതായും പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളും സമാനസമീപനമാണ് കഴിഞ്ഞവര്‍ഷം സ്വീകരിച്ചത്. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ്സീറ്റില്‍ ലക്ഷത്തിനടുത്ത് വര്‍ധന വരുത്തി നല്‍കി. സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഇതുവഴി ജനറല്‍ മെറിറ്റില്‍ 68 സീറ്റിന്റെ കുറവുണ്ടായി. പട്ടികജാതി-വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 27 ശതമാനം സീറ്റിലും കുറവുവന്നു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളേജില്‍ മൂന്നരലക്ഷം രൂപയോളം ഫീസ് ഈടാക്കുകയും തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കുകയും ചെയ്തു. സര്‍ക്കാരുമായി മുന്‍കാലങ്ങളില്‍ കരാര്‍ ഉണ്ടാക്കിയ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ അധ്യയനവര്‍ഷം മെറിറ്റ് സീറ്റിലെ ഫീസ് 65,000 ആയി വര്‍ധിപ്പിക്കാന്‍ ധാരണയാകുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

കഴിഞ്ഞ പത്തുമാസത്തിനിടയില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ് സീറ്റില്‍മാത്രം 30,000 രൂപയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഇതിലുമധികം വര്‍ധന മാനേജ്മെന്റ് സീറ്റുകളിലും. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍മാത്രമാണ് മാധ്യമങ്ങള്‍വഴി പുറത്തുവന്നത്. സ്വാശ്രയകോളേജുകള്‍ക്കും സമ്പന്നര്‍ക്കുംമാത്രം സ്വീകാര്യമാകുന്ന കരാറില്‍ ഏര്‍പ്പെടാനാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരും ആഗ്രഹിക്കുന്നത്. ഈ കരാര്‍ പ്രകാരം മെറിറ്റ് സീറ്റിലെ ഫീസ് 3,75,000 രൂപ ആയി ഉയര്‍ത്തും. എന്‍ജിനിയറിങ് മെറിറ്റില്‍ 75,000 ആയും വര്‍ധിപ്പിക്കും. ഇതുവഴി 100 വിദ്യാര്‍ഥികളുള്ള ഒരു ബാച്ചില്‍ പ്രവേശനം നടത്തുന്ന മെഡിക്കല്‍ കോളേജില്‍ (എന്‍ആര്‍ഐ ഒഴികെ) 3,18,00,000 രൂപ ഫീസിനത്തില്‍ പ്രതിവര്‍ഷം ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കരാര്‍ ഉണ്ടാക്കിയ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 25,60,000 രൂപ ആയിരുന്നു. പുതിയ ഒത്തുതീര്‍പ്പുവഴി 63 ലക്ഷം രൂപ ഒരു കോളേജിന് പ്രതിവര്‍ഷം അധികവരുമാനം ലഭിക്കും (എന്‍ആര്‍ഐ ഫീസ് ഈ പട്ടികയിലൊന്നുംപെടാത്തവിധം ഭീമമാണ്). സ്വാഭാവികമായി കഴിഞ്ഞ വര്‍ഷം കരാറിലേര്‍പ്പെട്ട കോളേജുകള്‍പോലും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുവച്ച തന്ത്രത്തില്‍ ആകൃഷ്ടരാവുകയും ഇത് വന്‍ സാമ്പത്തികനേട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ ഈ വ്യവസ്ഥ തങ്ങള്‍ക്കും കിട്ടണമെന്ന നിലപാടായിരിക്കും മുന്നോട്ടുവയ്ക്കുക.

സര്‍ക്കാരും കത്തോലിക്കാ സഭയും പറയുന്നത് 40,00,000 രൂപ സ്കോളര്‍ഷിപ് നല്‍കും എന്നാണ്. വാസ്തവത്തില്‍ ഇതുവഴി മാനേജ്മെന്റുകള്‍ക്ക് കിട്ടുന്ന ലാഭത്തില്‍ ഒരുരൂപപോലും കുറവുണ്ടാകുന്നില്ല. എന്‍ആര്‍ഐ സീറ്റില്‍നിന്ന് അധികം തുക സമാഹരിച്ച് മെറിറ്റിലെ വിദ്യാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് നല്‍കിയാല്‍ത്തന്നെ കഴിഞ്ഞവര്‍ഷം 50 ശതമാനം പേര്‍ക്ക് കിട്ടിയ ആനുകൂല്യം പരമാവധി ഇനി 25 ശതമാനം പേര്‍ക്കാണ് ലഭിക്കുക. ഇവര്‍ക്കുകീഴിലെ സ്വാശ്രയ എന്‍ജിനിയറിങ് സീറ്റിലെ ഫീസ് 75,000 രൂപ എന്നത് അംഗീകരിക്കുന്നതോടെ ഇതര മാനേജുമെന്റുകളും ഇതേ ആവശ്യം ഉന്നയിക്കും.

സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളില്‍ ഫീസ് നിര്‍ണയിക്കാനും മെറിറ്റ് ഉറപ്പാക്കാനും നിയമപരമായ അവകാശം പി എ മുഹമ്മദ് കമീഷനാണ്. ആ കമീഷനെപ്പോലും മറികടന്നാണ് ഉമ്മന്‍ചാണ്ടി ഫീസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആകെയുള്ള 115 എന്‍ജിനിയറിങ് കോളേജില്‍ 14 എണ്ണം മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് ഉടമസ്ഥതയിലുള്ളത്. 19 മെഡിക്കല്‍ കോളേജില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുക. കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം സമ്പന്നര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളീയ പൊതുസമൂഹത്തെ വഞ്ചിക്കുകയാണ്. 90 ശതമാനം വരുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം കിട്ടാക്കനിയാകും. 3.75 ലക്ഷം രൂപ പ്രതിവര്‍ഷം ഫീസിനത്തില്‍മാത്രം നല്‍കി മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന രക്ഷിതാക്കളുടെ എണ്ണം തുലോം കുറവാണ്. എന്‍ജിനിയറിങ് വിദ്യാഭ്യാസവും സാധാരണക്കാരന് അപ്രാപ്യമാകുന്ന നിലയാണ്.

2002ല്‍ താന്‍ പ്രഖ്യാപിച്ച സ്വാശ്രയനയം അട്ടിമറിച്ച ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അടക്കമുള്ള വിദ്യാഭ്യാസ കച്ചവടക്കാരെ വഞ്ചകരെന്നാണ് എ കെ ആന്റണി വിശേഷിപ്പിച്ചത്. ആ വഞ്ചകരുടെ പാളയത്തില്‍ ഉമ്മന്‍ചാണ്ടിയും കൂടിയിരിക്കുകയാണ്. 50 ശതമാനം സീറ്റില്‍ സര്‍ക്കാരിന് പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു എന്നത് നേട്ടമായി പ്രചരിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി കേരളീയ സമൂഹത്തെവിഡ്ഢികളാക്കുകയാണ്. ഏകീകൃത ഫീസ് ഘടനയും ഫീസ് നിശ്ചയിക്കാനുള്ള അവകാശവുമാണ് സ്വാശ്രയവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പൊതുസമൂഹവും മാനേജ്മെന്റുകളുമായുള്ള തര്‍ക്കം. ഇതില്‍ ഉമ്മന്‍ചാണ്ടി പൂര്‍ണമായും മാനേജ്മെന്റുകളുടെ വക്താവായി മാറി. മെറിറ്റ് മറികടന്ന് പ്രവേശനം നടത്താന്‍ രാജ്യത്തെ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിനും നിയമപരമായി അവകാശമില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ വിദ്യാഭ്യാസക്കച്ചവടത്തിനു കൂട്ടുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

*
പി ബിജു (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, March 27, 2012

ബജറ്റ്- ഒരു സ്ത്രീവായന

ബജറ്റ് സര്‍ക്കാരിന്റെ വരവുചെലവു കണക്കുമാത്രമല്ല, നയരേഖകൂടിയാണ്. രാജ്യത്തിന്റെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള വീക്ഷണം ബജറ്റില്‍ പ്രതിഫലിക്കും. ഇന്ത്യപോലെ ഒരു രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരനിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ , സര്‍ക്കാര്‍ ഏതേതു വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ബജറ്റില്‍നിന്നും വ്യക്തമാകും. ഈ മുന്‍ഗണനാവിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഉപകരണമാകുന്നുണ്ടോ ബജറ്റ് എന്ന പരിശോധനയാണ് പൊതുവില്‍ ബജറ്റവലോകനങ്ങള്‍ . എന്നാല്‍ , വര്‍ണ, വര്‍ഗ, ലിംഗഭേദമില്ലാത്തതാണ് പൊതുബജറ്റെന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ അവലോകനം ശാസ്ത്രീയമല്ല. കാരണം കടുത്ത അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ബജറ്റിന് "നിഷ്പക്ഷ"മാകാന്‍ കഴിയില്ല. അങ്ങനെ നിഷ്പക്ഷമായാല്‍ അതിന്റെ അര്‍ഥം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നുതന്നെയാണ്. ഏത് പദ്ധതിക്കുവേണ്ടി പണം നീക്കിവയ്ക്കുമ്പോഴും അത് ആ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് ജനസംഖ്യയില്‍ പകുതിവരുന്ന (കേരളത്തില്‍ പകുതിയിലേറെ) സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത്.

കടുത്ത സ്ത്രീ-പുരുഷ അസമത്വം ഇന്ത്യയുടെ മുഖമുദ്രയായി തീര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അധികാരത്തിന്റെ ആദ്യ ചവിട്ടുപടിയില്‍പ്പോലും എത്താന്‍ കഴിയാത്ത ഇന്ത്യന്‍സ്ത്രീയെ ബജറ്റ് അഭിസംബോധനചെയ്യുന്നുണ്ടോയെന്നതാണ് വിഷയം. ഇത്തരം പരിശോധനകളും പഠനങ്ങളുമാണ് ജന്‍ഡര്‍ബജറ്റ് അഥവാ സ്ത്രീപക്ഷ ബജറ്റ് എന്ന ആശയത്തിനിടനല്‍കിയത്. കുറച്ചു തുക (അതല്‍പ്പം വലുതാണെങ്കിലും) സ്ത്രീകളുടെ "ക്ഷേമ"ത്തിനായി മാറ്റിവയ്ക്കുന്നതുകൊണ്ട് അത് സ്ത്രീപക്ഷ ബജറ്റാകുന്നില്ല. സാമൂഹ്യക്ഷേമത്തിലെ ഒരു ഖണ്ഡികയായി സ്ത്രീകളെ ഒതുക്കുകയല്ല വേണ്ടത്. ഭരണഘടന അനുശാസിക്കുന്ന സ്ത്രീപുരുഷ തുല്യത സാധ്യമാകുന്ന വിധത്തില്‍ സ്ത്രീപദവി ഉയര്‍ത്തുന്നതിനുതകുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉണ്ടാകേണ്ടത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നത് പലപ്പോഴും പരമ്പരാഗത വാര്‍പ്പുമാതൃകയ്ക്ക് അനുയോജ്യമായ വിധത്തില്‍ ആയിരിക്കും. സ്ത്രീയെ നല്ല വീട്ടമ്മയാക്കുന്നതിനപ്പുറം ഒരു പൗര എന്ന പദവിക്ക് ചേരുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുക യാഥാസ്ഥിതിക ബജറ്റിന്റെയോ നയത്തിന്റെയോ ഭാഗമല്ല. സ്ത്രീയെ കാരുണ്യം അര്‍ഹിക്കുന്ന ഒരു പ്രത്യേക വിഭാഗമായി കണക്കാക്കുന്നതല്ല സ്ത്രീപക്ഷ ബജറ്റ്. വ്യവസായം, തൊഴില്‍ , കൃഷി, അടിസ്ഥാനസൗകര്യവികസനം, വിവരസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ ഏതുമേഖല സംബന്ധിച്ച നിര്‍ദേശങ്ങളായാലും അത് സ്ത്രീസമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല, സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കുള്ള പരിഹാരമാണോ ഈ നിര്‍ദേശങ്ങളെന്നും പരിശോധിക്കേണ്ടതായുണ്ട്. ആ പരിശോധന നടക്കുമ്പോള്‍ ഇപ്പോള്‍ സ്ത്രീ നയിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ സ്ത്രീപക്ഷധാരണയും ഉണ്ടാകണം.

18 മണിക്കൂര്‍ വീട്ടിലും വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും പണിയെടുക്കുന്ന "തൊഴില്‍ - വരുമാനരഹിത"യായ ഒരു സ്ത്രീയുടെ അധ്വാനം ഔദ്യോഗിക കണക്കെടുപ്പുകളില്‍ അദൃശ്യമാണ്. സ്ത്രീ നടത്തുന്ന പരിചരണ പ്രവര്‍ത്തനങ്ങളുടെ മൂല്യം അളന്നുതിട്ടപ്പെടുത്തിയാല്‍ അത് എത്രയോ കോടി രൂപ ഉണ്ടാകും. കുട്ടികളെയും പ്രായമായവരെയും രോഗികളെയും വിലകലാംഗരെയും പരിചരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സ്ത്രീക്കാണല്ലോ. അതുകൊണ്ടാണിപ്പോള്‍ "പരിചരണ സമ്പദ്വ്യവസ്ഥ" (ഇമൃല ഋരീിീാ്യ) എന്ന ഒരു പ്രയോഗംതന്നെ ഉണ്ടായിരിക്കുന്നത്. 2012-13ലെ കേന്ദ്ര- സംസ്ഥാന ബജറ്റുകളുടെ സ്ത്രീസമീപനം പരിശോധിക്കുന്നതിനുമുമ്പ് യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് നോക്കാം. സ്വതന്ത്ര ഭാരതത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷം കഴിഞ്ഞിട്ടും സ്ത്രീകളുടെ സാക്ഷരത 65.46 ശതമാനംമാത്രം. തൊഴില്‍ പങ്കാളിത്തം നഗരങ്ങളില്‍ 13.9 ശതമാനവും ഗ്രാമത്തില്‍ 29.9 ശതമാനവും. 245 ദശലക്ഷം സ്ത്രീകള്‍ക്ക് എഴുത്തും വായനയും അറിയില്ല. 45 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. 78 ശതമാനം വീടുകള്‍ക്ക് കക്കൂസ് ഇല്ല. 57.9 ശതമാനം ഗര്‍ഭിണികളും വിളര്‍ച്ചരോഗികളാണ്. 50 ശതമാനം പെണ്‍പള്ളികൂടങ്ങളിലും കുളിമുറിയോ കക്കൂസോ ഇല്ല. രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ 25.4 ശതമാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരകള്‍ . ശരാശരി ഇന്ത്യന്‍സ്ത്രീക്ക് ഒരു ദിവസം ലഭിക്കുന്ന ഭക്ഷണം 1400 കലോറിമാത്രം. (ഒരു വ്യക്തിക്ക് ആവശ്യമായത് 2200 കലോറി). പാര്‍ലമെന്റില്‍ സ്ത്രീപങ്കാളിത്തം ഒമ്പത് ശതമാനംമാത്രം. പ്രസവത്തോടനുബന്ധിച്ച് 300 സ്ത്രീകള്‍ ഒരു ദിവസം മരിക്കുന്നു. 150 ദശലക്ഷം സ്ത്രീദിനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നതിനായി ഇന്ത്യയില്‍ വര്‍ഷംതോറും ചെലവഴിക്കുന്നു. രണ്ടരമുതല്‍ പത്തു കിലോമീറ്റര്‍വരെ 10-15 ലിറ്റര്‍ വെള്ളം ഒരുദിവസം ചുമക്കുന്ന സ്ത്രീകളാണ് ഇന്ത്യയില്‍ ഉള്ളത്. സ്ത്രീപദവിയുടെ കണക്കില്‍ (ജന്‍ഡര്‍ ഡെവലപ്മെന്റ് ഇന്‍ഡക്സ്) ലോകത്ത് 114-ാം സ്ഥാനമാണ് ഇന്ത്യക്ക്. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പട്ടികയില്‍ അഞ്ചാംസ്ഥാനവും. ഇങ്ങനെ പോകുന്നു ഇന്ത്യന്‍ സ്ത്രീ അവസ്ഥയുടെ ദൈന്യത വ്യക്തമാക്കുന്ന സ്ഥിതിവിവരകണക്ക്.

എന്നാല്‍ , പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിന്റെ സ്ഥിതി എന്താണ്? പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷത്തെ ബജറ്റെന്ന നിലയില്‍ 2012-13 കേന്ദ്ര ബജറ്റിന് പ്രത്യേക പ്രാധാന്യമാണുള്ളത്. എന്നാല്‍ , ആ ഗൗരവം ബജറ്റിന് നല്‍കിക്കാണുന്നില്ല. 2005-06ലാണ് സ്ത്രീപക്ഷ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആദ്യം നടന്നത്. എന്നാല്‍ , കഴിഞ്ഞ ആറുവര്‍ഷമായിട്ടും ഈ ദിശയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജന്‍ഡര്‍ ഓഡിറ്റിങ്ങില്‍നിന്ന് വ്യക്തമാകുന്നത് പദ്ധതി അടങ്കലില്‍ സ്ത്രീ പുരോഗതിക്കായി നീക്കിവച്ചിരിക്കുന്നത് 5.9 ശതമാനം മാത്രമാണ് എന്നാണ്. ആദ്യമായി സ്ത്രീപക്ഷ ബജറ്റവലോകന പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ നടത്തിയതും 2006ല്‍ ആയിരുന്നു. ഈ പ്രസ്താവനയുടെ ഭാഗം- എയില്‍ നൂറുശതമാനവും സ്ത്രീകള്‍ക്കുവേണ്ടിയുള്ള സ്കീമുകളും ഭാഗം ബിയില്‍ 30 ശതമാനമെങ്കിലും സ്ത്രീകള്‍ക്കുവേണ്ടി ഉപയോഗിക്കാനാകുന്ന സ്കീമുകളും ആണ്. എന്നാല്‍ , കൃത്യവും ശാസ്ത്രീയവുമായ രീതിയില്‍ ഈ പ്രസ്താവന നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഓരോ വകുപ്പും അതത് വകുപ്പുമായി ബന്ധപ്പെട്ട് സ്ത്രീപദ്ധതികളുടെ വിവരങ്ങള്‍ നല്‍കിയാണ് സ്ത്രീപക്ഷ ബജറ്റവലോകന പ്രസ്താവന നടത്തുന്നത്. അതിനായി ഓരോ വകുപ്പിലും ഒരു ജന്‍ഡര്‍ ബജറ്റ്സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ വിമന്‍സ് ഏജന്‍സി ആന്‍ഡ് എംപവര്‍മെന്റാണ് ബജറ്റ് രൂപീകരിക്കുമ്പോള്‍ സ്ത്രീപദ്ധതികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. 12-ാം പദ്ധതിക്കുവേണ്ട നിര്‍ദേശങ്ങള്‍ ഈ സമിതി നല്‍കിയതിന്റെ ചെറിയ ഒരു ശതമാനംപോലും കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ത്രീ നിയമങ്ങള്‍ ശക്തമാക്കുന്നതിന് സ്റ്റിയറിങ്കമ്മിറ്റി നിര്‍ദേശിച്ചത് 450 കോടി രൂപയാണ്. എന്നാല്‍ , ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. മാധ്യമപദ്ധതിക്കായി 500 കോടി നിര്‍ദേശിച്ചതും ബജറ്റ് അവഗണിച്ചു. ഗാര്‍ഹിക പരിപാലന നിയമം പ്രയോഗത്തില്‍ കാര്യക്ഷമമായി കൊണ്ടുവരുന്നതിന് ഒരുകൊല്ലത്തേക്ക് 90 കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചിരിക്കുന്നത് 20 കോടിമാത്രമാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളാണ് വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും, ഇതിന്റെ ഭാഗമായ പണപ്പെരുപ്പവും. ഈ പ്രശ്നങ്ങള്‍ക്കൊന്നും കൃത്യമായ പരിഹാരനിര്‍ദേശങ്ങള്‍ പ്രണബ് മുഖര്‍ജി ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നില്ല. എന്നുമാത്രമല്ല, നവ ഉദാരവല്‍ക്കരണത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും ദോഷകരമായ പ്രത്യാഘാതം സ്ത്രീകളിലാണ് സൃഷ്ടിക്കുക. ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണം എന്നത് ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ മുഖ്യപ്രതിഭാസങ്ങളില്‍ ഒന്നാണ്.

ഇന്ത്യന്‍ സ്ത്രീക്ക് ഒറ്റമുഖമല്ലെന്ന് നമുക്കറിയാം. ദളിത്, ആദിവാസി, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീകള്‍ക്ക് അവരുടേതായ സവിശേഷ പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ , ബഹുഭൂരിപക്ഷം ഇന്ത്യന്‍ സ്ത്രീകളും പട്ടിണിയുടെ പര്യായങ്ങള്‍തന്നെയാണ്. ദാരിദ്ര്യരേഖ താഴ്ത്തിക്കൊണ്ടുവരുന്നതോടെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പ്രത്യേക പരിഗണനാവിഭാഗത്തില്‍നിന്ന് പുറത്താകുന്നു. സബ്സിഡികള്‍ക്ക് പകരം പണം സബ്സിഡി നല്‍കാനാണ് നീക്കം. അതായത്, സബ്സിഡിത്തുക ബാങ്ക് അക്കൗണ്ടില്‍ വരും. ഇതുമൂലം വില പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ സര്‍ക്കാര്‍ നടത്തേണ്ട ഇടപെടല്‍ പൂര്‍ണമായും ഇല്ലാതാകും. മാത്രമല്ല ബാങ്ക് അക്കൗണ്ടിലെ പണം എത്ര സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ കഴിയും? സ്വന്തമായി പണം ചെലവഴിക്കാന്‍ അധികാരമില്ലാത്തവരാണ് ഭൂരിപക്ഷം ഇന്ത്യന്‍സ്ത്രീകളും. സബ്സിഡിപണംകൂടി പുരുഷന്റെ "വട്ടച്ചെലവി"ലേക്ക് പോകുന്നത് സര്‍ക്കാരിന് തടയാനാകുമോ? രണ്ടുനേരം ഭക്ഷണമില്ലാത്ത കുടുംബങ്ങളിലേക്ക് പണമായി കുറച്ചുതുക കൂടിവരുമ്പോള്‍ കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും മൂന്നുനേരം ഭക്ഷണം ലഭിച്ചേക്കാം! സ്ത്രീകള്‍ വീണ്ടും അതീവദരിദ്രരുടെ പട്ടികയില്‍ തുടരുകയുംചെയ്യും.

II

മാറ്റേണ്ടത് വികസന കാഴ്ചപ്പാട്

സംസ്ഥാന ബജറ്റിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. യാഥാസ്ഥിതിക സാമൂഹ്യസൂചകങ്ങള്‍ കേരളത്തിലെ സ്ത്രീക്ക് അനുകൂലമാണെങ്കിലും നയരൂപീകരണ വിദഗ്ധരെ അമ്പരപ്പിക്കുന്ന ചില അവസ്ഥകള്‍ ഇവിടെയും നിലനില്‍ക്കുന്നു. സ്ത്രീവിദ്യാഭ്യാസവും സ്ത്രീസാക്ഷരതയും ഉയര്‍ന്ന തോതിലാണെങ്കിലും തൊഴില്‍ പങ്കാളിത്തം ദേശീയശരാശരിയിലും താഴെയാണെന്ന് സാമ്പത്തിക റിവ്യൂ 2011 സാക്ഷ്യപ്പെടുത്തുന്നു. (15.3 ശതമാനം-2011 സെന്‍സസ്). അസംഘടിതമേഖലയിലും പ്രത്യേക സാമ്പത്തികമേഖലയിലും സ്ത്രീകള്‍ കുറഞ്ഞ വേതനത്തിനും ദയനീയമായ തൊഴില്‍സാഹചര്യത്തിലുമാണ് പണിയെടുക്കുന്നത്. കുടുംബശ്രീ, സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായി തുടരുമ്പോഴും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം പെരുകുന്നു. അടുത്തകാലത്ത് നടന്ന ഒരു പഠനം സാമ്പത്തിക റിവ്യൂ ഉദ്ധരിക്കുന്നുണ്ട്. അതുപ്രകാരം സ്വന്തമായി സ്വത്തില്ലാത്ത സ്ത്രീകളില്‍ 49 ശതമാനം പേര്‍ അക്രമത്തിനിരയാകുന്നു. ഭൂമിയുള്ളവരില്‍ 18 ശതമാനംമാത്രവും ഭൂമിയും വീടുമുള്ളവരില്‍ ഏഴ് ശതമാനം മാത്രവുമാണ് അക്രമത്തിനിരയാകുന്നത്. അതായത് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത സ്ത്രീകള്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയരാകുന്നു എന്നര്‍ഥം.

മാതൃദായക്രമം ചില സമുദായങ്ങളിലെങ്കിലും ഉള്ള കേരളത്തില്‍ 23.8 ശതമാനം സ്ത്രീകള്‍ക്കുമാത്രമാണ് ഭൂമിയുള്ളത്. ഈ ഭൂമിയില്‍നിന്നുള്ള വരുമാനത്തിനുമേല്‍ അധികാരമുള്ളവരാകട്ടെ വളരെ ചെറിയ ശതമാനവും. ആരോഗ്യരംഗത്തും കേരള സ്ത്രീയുടെ നേട്ടങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്തനാര്‍ബുദം, ഹൃദയാഘാതം, പൊണ്ണത്തടി, തൂക്കക്കുറവ് തുടങ്ങിയവയെല്ലാം കേരളത്തിലെ സ്ത്രീയുടെ പ്രശ്നങ്ങളാണ്. മാനസിക രോഗികളുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നില്‍. കടുത്ത മാനസികസംഘര്‍ഷമാണിതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ധാരാളമായി ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. യാത്രകള്‍ സ്ത്രീകള്‍ക്ക് ഭയാനകമായി മാറുന്നുവെന്ന് സൗമ്യയുടെയും ജയഗീതയുടെയും ഹേമലതയുടെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. തീവണ്ടികളില്‍ മാത്രമല്ല, നിരത്തിലും ബസിലും ഓട്ടോറിക്ഷയിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. സ്കൂളുകള്‍പോലും സുരക്ഷിതമല്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരുഷരഹിത കുടുംബങ്ങള്‍ (സ്ത്രീ കുടുംബനേതൃത്വം വഹിക്കുന്നവ) കേരളത്തിലാണ്. ദേശീയ ശരാശരി എട്ട് ശതമാനമായിരിക്കുമ്പോള്‍ കേരളത്തിലത് 22 ശതമാനമാണ്. സ്ത്രീധനം നല്‍കാന്‍ ഇല്ലാത്തതുകൊണ്ട് അവിവാഹിതരായി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. മദ്യപാനവും സ്ത്രീധനവും സാമൂഹ്യവിപത്തുകളായി കേരളത്തില്‍ മാറിയിരിക്കുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും കേരളത്തിലെ സ്ത്രീജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. സ്വന്തമായി വരുമാനമില്ലാത്ത, തൊഴിലില്ലാത്ത, വീടില്ലാത്ത, ഭൂമിയില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും എന്ന യാഥാര്‍ഥ്യം വികസന അജന്‍ഡയില്‍ ഉള്‍പ്പെടാതിരിക്കുമ്പോള്‍ എങ്ങനെ സാമൂഹ്യ പുരോഗതി പ്രതീക്ഷിക്കാനാകും? എല്ലാ ജില്ലയിലും വിമാനമിറങ്ങാന്‍ സംവിധാനം ഉണ്ടാക്കാനും അതിവേഗ തീവണ്ടികള്‍ക്ക് ചീറിപ്പായാന്‍ സൗകര്യം ഉണ്ടാക്കാനും കെ എം മാണി കാണിക്കുന്ന അത്യുത്സാഹം ആരെയാണ് പ്രീതിപ്പെടുത്തുക? റോഡും റെയിലും ആവശ്യംതന്നെയാണ്. എന്നാല്‍, നാട്ടിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെങ്കില്‍, അവര്‍ക്ക് സ്വന്തമായി വരുമാനമില്ലെങ്കില്‍, തൊഴില്‍ ഇല്ലെങ്കില്‍, തുല്യജോലിക്ക് തുല്യവേതനമില്ലെങ്കില്‍ ആ നാട് എന്ത് പുരോഗതിയാണ് നേടുന്നത്?

മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്; ഒരുദിവസംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതുമല്ല. എല്ലാ സ്ത്രീകളുടെയും ആവശ്യങ്ങള്‍ ഒരുപോലെയല്ല. ആദിവാസി സ്ത്രീക്കുവേണ്ടത് പോഷകാഹാരം ആണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരിക്കുവേണ്ടത് സുരക്ഷിതമായ താമസസൗകര്യമാകാം. 38 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഭിക്ഷപോലെ 84 കോടി രൂപ കൊടുക്കുമ്പോള്‍ അവരുടെ പ്രധാന ആവശ്യങ്ങള്‍ കണക്കിലെടുക്കുന്നില്ല. വിധവകളും വികലാംഗരും ബജറ്റില്‍ അദൃശ്യരാണ്. കെ എം മാണിയുടെ ബജറ്റില്‍ സ്ത്രീകള്‍ക്കുവേണ്ടി ചില ക്ഷേമപദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നിര്‍ഭയ, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത തന്റേടം ജന്‍ഡര്‍ പാര്‍ക്ക്, സ്ത്രീസുരക്ഷയ്ക്കായി പൊലീസില്‍ പ്രത്യേക സംവിധാനം. ഇതൊന്നും വേണ്ടെന്നല്ല. എന്നാല്‍, സ്ത്രീപ്രശ്നത്തെ മുഖ്യധാരാവല്‍ക്കരിക്കാനും സ്ത്രീപദവി ഉയര്‍ത്താനും ഇതെങ്ങനെ പര്യാപ്തമാകും എന്നതാണ് പ്രശ്നം. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് മാതൃകകാട്ടി. 2009-10ല്‍ സ്ത്രീ പുരോഗതിക്കായി പദ്ധതിയുടെ 5.6 ശതമാനവും 2010-11ല്‍ 8.5 ശതമാനവും 2011-12ല്‍ 9.4 ശതമാനവും അതായത് 770 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ വനിതാ ഘടകപദ്ധതി ഇതില്‍ ഉള്‍പ്പെടുന്നില്ല. വനിതാ സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനം, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും സ്വയംതൊഴില്‍, അവിവാഹിതരായ അമ്മമാരുടെ പുനരധിവാസം, സ്ത്രീ സൗഹാര്‍ദപരമായ പൊലീസ്സ്റ്റേഷനുകള്‍, രാത്രികാല താമസസൗകര്യം തുടങ്ങി സ്ത്രീപദവി ഉയര്‍ത്താന്‍ ഉതകുന്ന നിരവധി നിര്‍ദേശങ്ങളോടുകൂടിയ ബജറ്റുകളാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരുന്നത്. തന്റേടം ജന്‍ഡര്‍ പാര്‍ക്ക് സംബന്ധിച്ചും ഉദാത്തമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. രാഷ്ട്രീയ, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള "തന്റേടം" സ്ത്രീകള്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. വനിതാ സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായ വനിതാ വികസനവകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് 2011-12 ബജറ്റ് നിര്‍ദേശങ്ങളില്‍ ഏറ്റവും അഭിനന്ദനാര്‍ഹമായത്.

നവലിബറല്‍ "മൂല്യങ്ങളും" ഇനിയും നശിക്കാത്ത ഫ്യൂഡല്‍ "മൂല്യങ്ങളും" കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ സ്ത്രീപ്രശ്നത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത, യാഥാസ്ഥിതിക മാര്‍ഗങ്ങളിലൂടെ കേരള സ്ത്രീയുടെ പദവി ഉയര്‍ത്താനാവില്ല. എല്ലാ പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്ന, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മിക്കവാറും എല്ലാ സ്ത്രീകളും കുടുംബശ്രീയുടെ കീഴില്‍ അണിനിരന്ന, സ്ത്രീ- പുരുഷാനുപാതം 1000- 1084 ആയിരിക്കുന്ന, തദ്ദേശസ്ഥാപനങ്ങളിലെ ഭരണസാരഥികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആയിട്ടുള്ള കേരളത്തിലാണ് സ്ത്രീകള്‍ ഈ അവഗണന നേരിടേണ്ടി വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സവിശേഷ, സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുവേണം ബജറ്റ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി എല്ലാ വകുപ്പുകളെയും സജ്ജമാക്കേണ്ടതുണ്ട്. വിഭവങ്ങളും അവസരങ്ങളും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായി ലഭ്യമാകുന്ന വികസന കാഴ്ചപ്പാടുണ്ടാകേണ്ടതുണ്ട്.എന്നാല്‍, ആയുധശേഖരത്തിനായി 1,93,407 കോടി രൂപ വകയിരുത്തുന്ന കേന്ദ്രസര്‍ക്കാരും എല്ലാ ജില്ലയിലും വിമാനം ഇറക്കാനുള്ള സംവിധാനം ഉണ്ടാക്കാന്‍ തത്രപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനും എന്ത് ജന്‍ഡര്‍ ഓഡിറ്റ്! എന്ത് ജന്‍ഡര്‍ ബജറ്റ്!

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി 26-27 മാര്‍ച്ച് 2012

ശ്വാസവും ഭീകരതയും

ജീവനകല എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തപ്പെടുന്ന ആര്‍ട് ഓഫ് ലിവിംഗ് എന്നാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ഫൌണ്ടേഷന്റെ പേര്. ശ്വാസം വിട്ടും ശ്വാസം പിടിച്ചും ആശ്രമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും കെട്ടിയുയര്‍ത്തിയും ലോകമെമ്പാടും സഞ്ചരിച്ചും പാര്‍ലമെന്റുകളിലും അന്താരാഷ്ട്ര സഭകളിലും മറ്റും പ്രസംഗങ്ങള്‍ നടത്തിയും മനുഷ്യകുലത്തിന് ആശ്വാസം പകരുകയാണ് ഈ ആള്‍ദൈവത്തിന്റെ പ്രവര്‍ത്തന പരിപാടി. ആശ്വാസം ലഭിക്കുന്നവര്‍ക്ക് എത്ര വേണമെങ്കിലും ലഭിക്കട്ടെ. അത് അവരുടെ കാര്യം. ഇദ്ദേഹത്തിന്റെ മുമ്പിലും പിമ്പിലും പിന്നാമ്പുറങ്ങളിലുമുള്ള കാര്യങ്ങള്‍ അറിഞ്ഞും അറിയാതെയും ഈ ക്രിയകളില്‍ നിന്ന് ആശ്വാസം ലഭിക്കാത്തവരായി കോടിക്കണക്കിന് ജനങ്ങള്‍ ഇനിയും ഇന്ത്യയിലും പുറത്തും ജീവിക്കുന്നുണ്ടെന്ന കാര്യം പക്ഷെ ശ്രീ ശ്രീ മറക്കരുത്. അപ്രകാരം മറക്കുമ്പോഴാണ്, അഹിംസയിലും സാമൂഹിക സമാധാനത്തിലും വ്യക്തികളുടെ മനസംഘര്‍ഷ നിവാരണത്തിലും വിശ്വസിക്കുന്നു എന്നു കരുതപ്പെടുന്ന ആത്മീയഗുരു വെറുപ്പിന്റെ ഭാഷ വളച്ചുകെട്ടില്ലാതെ ഉച്ചരിക്കുന്നത്.

അത്തരമൊരു സത്യസന്ധത അദ്ദേഹം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു. അതിപ്രകാരമായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളെല്ലാം നക്സലിസത്തിന്റെ നഴ്സറികളാണെന്നാണ് തന്റെ വ്യക്തമായ അഭിപ്രായമെന്ന് അദ്ദേഹം ആത്മാര്‍ത്ഥനായി. ജയ്പൂരിലെ ഒരു സ്കൂളില്‍ ഹിന്ദിയില്‍ സംസാരിക്കവെയാണ് മഹാനായ രവിശങ്കര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തു നിന്ന് പിന്മാറണമെന്ന് ആഹ്വാനിച്ചത്. വിദ്യാഭ്യാസം മുഴുവനായി സ്വകാര്യവത്ക്കരിക്കണമെന്നാണ് അദ്ദേഹം ഉരുവിടുന്ന മറ്റൊരു മഹാമന്ത്രം. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ഗുരുക്കന്മാര്‍ രൂപപ്പെടുത്തുന്ന മഹത്തായ മാര്‍ഗത്തിലൂടെ മുന്നേറാനാകുമെന്നാണ് ശ്രീ ശ്രീയുടെ കണ്ടുപിടുത്തം. (സ്വകാര്യ വിദ്യാഭ്യാസത്തിന്റെ വിജയയാത്രകള്‍ ദിവസേന കണ്ടുകൊണ്ടാണ് ഞാന്‍ എന്റെ പ്രഭാതങ്ങളും സായാഹ്നങ്ങളും സമ്പന്നമാക്കുന്നത്. നൂറുകണക്കിന് സ്വാശ്രയകോളേജുകളുടെ ബസുകളാണ് പാലക്കാട് കോട്ടമൈതാനം ചുറ്റി കോയമ്പത്തൂരേക്ക് പായുന്നതും തിരിച്ചുവരുന്നതും. അവര്‍ക്കൊക്കെയും പാലക്കാട്ടു നിന്ന് കോയമ്പത്തൂരേക്കും തിരിച്ചുമുള്ള വഴി എന്ന മഹത്തായ മാര്‍ഗം കോഴ്സുകള്‍ കഴിയുമ്പോഴേക്ക് കാണാപ്പാഠമായിട്ടുണ്ടാവും. ഇതു തന്നെയാണ് അവരുടെ മഹത്തായ പഠിത്തം. അപ്പോള്‍ അവരുടെ ബസുകളിലെ ഡ്രൈവര്‍മാരാണ് മഹാന്മാരായ ഗുരുക്കന്മാര്‍. ശ്രീ ശ്രീ വിജയിക്കട്ടെ).

തലക്ക് വെളിവുള്ള ഒരാള്‍ ഇപ്രകാരമൊരു വിഡ്ഢിത്തം പറയില്ലെന്ന കൃത്യമായ പ്രസ്താവനയുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ രംഗത്തു വന്നത് ഇന്ത്യാ രാജ്യക്കാരനാണ് എന്നഭിമാനിക്കാന്‍ തന്നെ നമുക്ക് വക നല്‍കുന്നതാണ്. ശ്രീ ശ്രീയും അമ്മയും ബാബാ രാംദേവും അണ്ണാ ഹസാരെയും പോലെ മാനസികവിഭ്രാന്തി ബാധിച്ചവരാല്‍ നയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാരുടെ ഗതികേടുകള്‍ക്കിടയിലും ഇത്തരം തലയില്‍ അല്‍പം വിവരം ബാക്കിയുള്ളവര്‍ മന്ത്രിമാരായി നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍, ആറു മുതല്‍ പതിനാലു വരെ വയസ്സുള്ള പതിനാറു കോടി വിദ്യാര്‍ത്ഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം അക്രമത്തിലേക്കും നക്സലിസത്തിലേക്കുമാണ് ചെന്നെത്തുന്നത് എന്നുള്ള ക്രൂരമായ പ്രസ്താവനക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും നഴ്സുകളും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും സര്‍ക്കാര്‍ ജീവനക്കാരും പൊലീസുകാരും പട്ടാളക്കാരും പുരോഹിതന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരും സിനിമാപ്രവര്‍ത്തകരും പത്ര മാധ്യമ പ്രവര്‍ത്തകരും ഫാക്ടറി തൊഴിലാളികളും എന്നു വേണ്ട ഇന്ത്യക്കകത്തും പുറത്തുമായി വികാസം പ്രാപിച്ച് മാനവകുലത്തിനു തന്നെ സംഭാവനയായി തീരുന്ന കോടിക്കണക്കിന് മനുഷ്യരാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ അഭിമാനകരമാം വിധം പഠിച്ച് മുന്നേറി ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവും പശ്ചാത്തലവുമായ മാനവശേഷിയെയാണ്, ഈ ജീവനകലാ ബിസിനസുകാരനായ കപട ആത്മീയഗുരു~നൃശംസിക്കുന്നത്.

ആഗോള കോര്‍പ്പറേറ്റുകളുടെ അരുമ ശിഷ്യനായ രവിശങ്കര്‍ അക്കൂട്ടര്‍ക്കു വേണ്ടി വിദ്യാഭ്യാസത്തെ മുഴുവനായി കൈക്കലാക്കാനുള്ള തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. ആറു മുതല്‍ പതിനാലു വയസ്സു വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എയുടെ നഗ്നമായ ലംഘനമാണ് സാമി നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റാണ് ഭരണഘടന പാസാക്കിയിരിക്കുന്നതും അതില്‍ വേണ്ടപ്പോള്‍ ഭേദഗതി വരുത്തിക്കൊണ്ടിരിക്കുന്നതും. അതായത്, സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ കുട്ടികള്‍ക്കു നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണെന്നര്‍ത്ഥം. അപ്പോള്‍, അക്രമത്തെയും നക്സലിസത്തെയും വളര്‍ത്തുന്നതില്‍ പാര്‍ലമെന്റിനാണ് മുഖ്യ പങ്കെന്നാണ് ശ്വാസ/നിശ്വാസ ഗുരുജിയുടെ വാദം ചെന്നെത്തുക. പാര്‍ലമെന്റിന്റെ അവകാശങ്ങളും ഇയാള്‍ നഗ്നമായി ലംഘിച്ചിരിക്കുന്നു. അതിന്റെ പേരില്‍ കുറ്റവിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യണമെന്ന് പാര്‍ലമെന്റിനോട് അപേക്ഷിക്കുന്നു. മാത്രമല്ല, ഈയടുത്ത് നടപ്പിലാക്കാന്‍ തുടങ്ങിയ വിദ്യാഭ്യാസ അവകാശ നിയമം കടലിലേക്ക് എറിഞ്ഞു കളയണമെന്നാണ് സ്വാമിജിയുടെ നിര്‍ദേശം.
ആദര്‍ശ വിദ്യാലയങ്ങള്‍ എല്ലായിടത്തും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ഭാരതീയ സംസ്കൃതിയുടെ പരിപോഷണത്തിനെന്ന പേരില്‍, ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് ആദര്‍ശ വിദ്യാലയങ്ങള്‍. ജയ്പൂരില്‍ ശ്രീ ശ്രീ പ്രസംഗിച്ച വേദി രാജസ്ഥാനില്‍ മാത്രം ഒരായിരം ആദര്‍ശവിദ്യാലയങ്ങള്‍ നടത്തുന്ന ആദര്‍ശ് വിദ്യാ സൊസൈറ്റിയുടെ പ്ളാറ്റ്ഫോമിലായിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തു നിന്ന് പിന്മാറിക്കഴിയുമ്പോള്‍, വര്‍ഗീയ ശക്തികള്‍ക്കും മറ്റു കച്ചവടക്കാര്‍ക്കും സ്കൂളുകളും കോളേജുകളും സര്‍വകലാശാലകളും സമ്പൂര്‍ണമായി കൈക്കലാക്കാം. മാത്രമല്ല, സാര്‍വത്രിക വിദ്യാഭ്യാസം എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ തന്നെ അടിസ്ഥാന ലക്ഷ്യം നിറവേറാതെ പോകുകയും ചെയ്യും. അതും ധനികവര്‍ഗത്തിന് ഗുണം തന്നെ. കൂലിപ്പണിക്ക് ഇഷ്ടം പോലെ ആളെ കിട്ടും. കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല എന്ന് വിലപിക്കുന്നവരൊക്കെയും സത്യത്തില്‍ ഈ അത്ഭുതഗുരുവിന് പിന്നില്‍ അണിനിരക്കേണ്ടതാണ്.

ഒന്നു കൂടി സൂക്ഷ്മമായി വ്യാഖ്യാനിച്ചാല്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ, വെറുപ്പിന്റെയും അപമാനത്തിന്റെയും അപഹാസ്യത്തിന്റെയും മലിനജലം തീര്‍ത്ഥമെന്ന വണ്ണം ചൊരിയുകയാണ് ഗുരുജി ചെയ്യുന്നത്. ഇക്കൂട്ടരെയൊക്കെ കല്ലെറിഞ്ഞു കൊല്ലുവിന്‍ എന്നാണ് പ്രത്യക്ഷമല്ലാതെ തന്നെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കൊലവെറി നിര്‍ത്തി ശ്വാസ നിശ്വാസത്തിന്റെ കളിയിലേക്ക് തിരിച്ചു പോകുന്നതാണ് സ്വാമിക്കും ശിഷ്യന്മാര്‍ക്കും നല്ലത് എന്ന് പറയാതിരിക്കാനാവില്ല.

അനീതിയും ദാരിദ്ര്യവും അടിച്ചമര്‍ത്തലും വിവേചനവുമാണ് നക്സലിസവും മാവോയിസവുമടക്കമുള്ള തീവ്രവാദങ്ങളെ ഉത്ഭവിപ്പിക്കുന്നതും വളര്‍ത്തുന്നതും. അവയെ നേരിടാനെന്ന പേരില്‍; ആദിവാസികളും ന്യൂനപക്ഷങ്ങളും ദളിതരുമടക്കമുള്ള ദരിദ്രജനവിഭാഗങ്ങളെ ആക്രാമകമായി നേരിടുകയും കൂടി ചെയ്യുമ്പോള്‍, തീവ്രവാദവും ഭീകരതയും വര്‍ദ്ധിക്കുകയും നിയന്ത്രണാതീതമായിത്തീരുകയും ചെയ്യുന്നു. ഇപ്പോള്‍, മുഖ്യ ചര്‍ച്ചാവിഷയമായിട്ടുള്ള ഭീകരതാവിരുദ്ധ കേന്ദ്രം പോലുള്ള, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വീണ്ടും ഭീകരത വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ് ആത്യന്തികമായി ചെന്നെത്തിക്കുക എന്ന് കണ്ണും കാതും തുറന്നു പിടിച്ച് ചരിത്രത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.

ലോകവ്യാപകമായി, വിശേഷിച്ചും പാശ്ചാത്യ വികസിത രാഷ്ട്രങ്ങളില്‍ വിദ്യാഭ്യാസം സമ്പൂര്‍ണമായി സ്വകാര്യവത്ക്കരിക്കുകയോ, ലാഭത്തിന്റെ ശക്തികള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവിടത്തെ സ്വകാര്യവത്ക്കരണത്തിന്റെ വക്താക്കള്‍ പോലും വിദ്യാഭ്യാസത്തില്‍ തൊട്ടുകളിക്കാറില്ല. കാരണം, വരും കാല സമൂഹനിര്‍മിതി തന്നെ ശിഥിലീകരിക്കപ്പെടുകയും രാഷ്ട്രത്തിന്റെ ഭാവി തന്നെ അവതാളത്തിലാവുകയും ചെയ്യുകയായിരിക്കും അത്തരമൊരു നീക്കത്തിലൂടെ ചെന്നെത്തുന്ന വിപരിണാമങ്ങളെന്ന തിരിച്ചറിവ് ആ രാഷ്ട്രങ്ങളിലെ ചിന്തകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ഭരണകൂടത്തിനുമുണ്ടെന്നതു തന്നെ. ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട സ്വാശ്രയവിദ്യാഭ്യാസ രംഗം ഇന്ന് എത്രമാത്രം ഭീകരമായ പതനത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നത്, വിസ്തരഭയത്താല്‍ ഇവിടെ പരിശോധിക്കുന്നില്ല. യാതൊരു ദിശാബോധവുമില്ലാതെയും വിവരമില്ലാത്ത അധ്യാപകരാല്‍ നയിക്കപ്പെട്ടും അത്തരം വിദ്യാലയങ്ങളില്‍ വന്‍ കോഴ കൊടുത്ത് പഠിക്കുന്നവര്‍, വരും നാളുകളില്‍ ഭീകരരായി മാറി സ്വന്തം മാതാപിതാക്കള്‍, അധ്യാപകര്‍, സ്വാശ്രയകോളേജ് നടത്തിപ്പുകാര്‍ എന്നിവരെയൊക്കെയും വെടിവെച്ചു കൊല്ലാന്‍ വരെ സാധ്യതയുണ്ട്. അപ്പോള്‍ ആ ഭീകരതയെ സമാധാനിപ്പിക്കാന്‍ ശ്വാസവുമായി ശ്രീ ശ്രീ രവിശങ്കര്‍ ബാക്കിയുണ്ടാവണേ എന്നാശംസിക്കുന്നു.

*
ജി പി രാമചന്ദ്രന്‍

Monday, March 26, 2012

മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം

ഉപയോഗിക്കാന്‍ ഗുണമില്ലാത്ത വാഹനം ഇന്ത്യന്‍ പട്ടാളത്തിന് വാങ്ങിയാല്‍ 14 കോടിരൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ നേരിട്ടുവന്ന് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് രാജ്യത്തിന്റെ കരസേനാ മേധാവിതന്നെയാണ്. സൈന്യത്തെക്കൊണ്ട് നിലവാരമില്ലാത്ത വാഹനവും ആയുധവും വാങ്ങിപ്പിക്കുക എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. ശത്രുവിനുമുന്നില്‍ പരാജയപ്പെടാനാണ് അതിടയാക്കുക. അത് തികഞ്ഞ രാജ്യദ്രോഹമാണ്. അങ്ങനെയൊരു രാജ്യദ്രോഹക്കുറ്റംചെയ്യാന്‍ കരസേനാമേധാവിയെ പ്രേരിപ്പിച്ച കാര്യം അദ്ദേഹം പ്രതിരോധമന്ത്രിയെയാണ് അറിയിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ആരും ഇങ്ങനെയൊരു വിവരം കേട്ടാല്‍ പ്രതികരിക്കും. ഒരാള്‍ കൈക്കൂലിയുമായി സമീപിച്ചു എന്നുമാത്രമല്ല, മുമ്പ് ഇത്തരം അഴിമതി നടന്നിട്ടുണ്ടെന്നും ഇനിയും നടക്കുമെന്നും കൂടിയാണ് ജനറല്‍ വി കെ സിങ് പറഞ്ഞത്.

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമായ നാട്ടില്‍ 14 കോടിയുമായി പട്ടാളത്തലവന്റെയടുത്തേക്കു ചെന്ന ഇടനിലക്കാരന്‍ മാന്യനായി ഇന്നും നടക്കുന്നു. സഹികെട്ട് കരസേനാമേധാവി പരസ്യപ്പെടുത്താന്‍ തയ്യാറായപ്പോള്‍മാത്രമാണ് കാര്യം ജനം അറിയുന്നത്. ഇത്രയും കൊടിയ ഒരഴിമതിയുടെ വിവരംകേട്ട് മൗനംദീക്ഷിച്ച പ്രതിരോധമന്ത്രിയും ആ കസേരയില്‍ത്തന്നെ തുടരുന്നു. ഇന്ത്യയില്‍ അഴിമതിരാജ് ആണെന്ന് വിമര്‍ശം വന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്താണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പറയാനുള്ളത്? പാര്‍ലമന്റിന്റെ ഇരുസഭകളിലും ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ, പ്രതിരോധമന്ത്രിക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കൈക്കൂലി നല്‍കാതെ ഒന്നും നടക്കില്ല എന്നുമാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ സ്ഥാപിച്ചു.

യുക്തിഭദ്രമായ മറുപടി സര്‍ക്കാരില്‍നിന്നുണ്ടായില്ല. കരസേനാ മേധാവി നേരില്‍ അറിയിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ യുക്തി പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വിശദീകരിക്കേണ്ടത്. നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങുന്നതിനുള്ള കരാര്‍ പാസാക്കാനാണ് 14 കോടി വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ കരസേന ഇതേ കമ്പനിയുടെ ഏഴായിരം വാഹനം ഉപയോഗിക്കുന്നുണ്ട്. എല്ലാം ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങിയത്. അതില്‍ എത്രകോടിയുടെ അഴിമതി നടന്നിട്ടുണ്ടാകും? പഞ്ചസാര കുംഭകോണം എന്ന് കേട്ടയുടന്‍ രാജിക്കത്തുമായി പ്രധാനമന്ത്രിയുടെ അടുത്തെത്തിയ പാരമ്പര്യമുള്ളയാളാണ് എ കെ ആന്റണി. എന്തുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണേന്ദ്രിയങ്ങള്‍ നിശ്ചേതനമായി? ഹിമാലയന്‍ അഴിമതികള്‍ക്കുമുന്നില്‍ മൗനിയായിരിക്കുന്ന മന്ത്രിയാണ് ഇന്ന് ആന്റണി. അദ്ദേഹത്തിന്റെ ആദര്‍ശപ്പൊയ്മുഖം അഴിമതിക്കൂടാരത്തില്‍ പൂഴ്ത്തിവച്ചിരിക്കുന്നു.

യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതികളിലാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കാനും ജനാധിപത്യത്തെ വിലയ്ക്കെടുക്കാനും വിദേശ ബാങ്കുകളിലെ രഹസ്യ അക്കൗണ്ടുകള്‍ കൊഴുപ്പിക്കാനും പണം വരുന്നതിന്റെ പ്രധാന വഴി പ്രതിരോധക്കരാറുകളാണ്. ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടില്‍ 600 കോടി രൂപയുടെ കോഴയുണ്ടെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. കരാര്‍തുകയുടെ ആറു ശതമാനം ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കി. ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും ബാക്കി പണം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണംവന്നത്. ഈ കരാറിലൂടെ 450 കോടി രൂപ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ്. ഇന്നുവരെ ആ ആരോപണം വിശ്വസനീയമായി നിഷേധിക്കപ്പെട്ടിട്ടില്ല.

1948ലെ ജീപ്പ് കുംഭകോണംമുതല്‍ എ ബി വാജ്പേയിയുടെ കാലത്തെ ശവപ്പെട്ടി കുംഭകോണമടക്കം സൈനികാവശ്യങ്ങള്‍ക്കുവേണ്ടി എന്തു വാങ്ങുന്നതിലും അഴിമതി എന്ന പതിവ് തുടര്‍ന്നുപോരുകയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെന്‍ഡര്‍ വിളിക്കാതെയാണ് പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കുന്നത്. ഇന്ത്യയുടെ സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം ഓരോവര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യത്തിനുവേണ്ടി മൊട്ടുസൂചിമുതല്‍ മുങ്ങിക്കപ്പല്‍വരെ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നത് പരസ്യമാണിന്ന്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ തകരാതിരിക്കാനുള്ള പ്രധാന ഉപാധി ആയുധക്കച്ചവടമാണ്. യുദ്ധവ്യവസായം വളര്‍ത്താന്‍ അവര്‍ അസ്വസ്ഥതകളും സംഘര്‍ഷവും അനാവശ്യ ഭീതിയും സൃഷ്ടിക്കുന്നു. ഇന്ത്യക്ക് ചൈന ഭീഷണിയാണെന്ന പ്രചാരണംപോലും അത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

സാധാരണ നിലയില്‍ നടക്കാത്ത ആയുധക്കച്ചവടം ഭരണകക്ഷിയെയും സൈനിക നേതൃത്വത്തെയും കോഴയില്‍ മൂടിയാല്‍ നടക്കുമെന്ന് തിരിച്ചറിയുന്ന വന്‍കിട ഉല്‍പ്പാദകര്‍ ദല്ലാള്‍മാരെ അയക്കുകയാണ്. താങ്കള്‍ വാങ്ങിയില്ലെങ്കില്‍ താങ്കള്‍ക്കുശേഷം വരുന്നവര്‍ വാങ്ങും എന്ന് പട്ടാളത്തലവനോട് പറയാന്‍ ഇടനിലക്കാരന്‍ ചങ്കൂറ്റം കാട്ടണമെങ്കില്‍ അഴിമതിയുടെ വേര് എത്രത്തോളം ആഴ്ന്നിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ അനുഭവം ജനറല്‍ വി കെ സിങ്ങിനെ അത്ഭുതപ്പെടുത്തിയിട്ടും ആന്റണിയില്‍ ചലനം സൃഷ്ടിച്ചില്ലെങ്കില്‍ അഴിമതിയുടെ രക്ഷാമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നേ ഉറപ്പിക്കാനാകൂ. യുപിഎ സര്‍ക്കാരിന്റെ അഴിമതിത്തൊപ്പിയില്‍ വലിയൊരു തൂവല്‍കൂടി പ്രതിരോധവകുപ്പ് അണിയിച്ചുകൊടുത്തിരിക്കുന്നു. അതിര്‍ത്തിയില്‍ മഞ്ഞിനെയും മരണത്തെയും കൂട്ടിരുത്തി നരകിക്കുന്ന നമ്മുടെ സൈനികരെ പണയംവച്ച് പണം വാരിക്കൂട്ടുന്നവര്‍ ദയ അര്‍ഹിക്കുന്നില്ല. അവരെ വിചാരണചെയ്ത് ശിക്ഷിക്കാനുള്ളതാകണം ജനങ്ങളുടെ അപ്രതിരോധ്യമായ മുന്നേറ്റം.

*
ദേശാഭിമാനി മുഖപ്രസംഗം 27 മാര്‍ച്ച് 2012

സദാചാരവും സമാധാനവാഴ്ചയും

സമാധാന വാഴ്ചക്ക് ബ്ളൂ ഫിലിമിന്റെ പിന്തുണ എന്ന കുറേക്കൂടി സെന്‍സേഷനലായ തലക്കെട്ടായിരുന്നു ഈ കുറിപ്പിന് നല്‍കേണ്ടിയിരുന്നത്. സെന്‍സേഷനലായ വായന ഒഴിവാക്കാന്‍ വേണ്ടി ആ എളുപ്പവഴി ഉപേക്ഷിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ഫെബ്രുവരി പതിനാലുകള്‍ അതിഭീകരമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആചരിച്ചിരുന്ന വാലന്റൈന്‍സ് ദിനം; ഗ്രീറ്റിംഗ് കാര്‍ഡുകാരും ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും അവരുടെ വാണിജ്യ മുന്നേറ്റത്തിനു വേണ്ടി, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലും കോപ്പിയടിക്കാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു ഈ അക്രമവാഴ്ചയുടെയും ആരംഭം. പാശ്ചാത്യ സംസ്ക്കാരം ഇന്ത്യയെ കാര്‍ന്നു തിന്നുന്നു എന്ന മട്ടിലുള്ള, നെടുനെടുങ്കന്‍ പ്രസംഗവാദികളായ തനിമാവാദക്കാരുടെ നിലപാടുകള്‍ അമിതമായി ബോറടിപ്പിക്കുന്നതായിരുന്നതിനാല്‍ ആരും കാര്യമായി ശ്രദ്ധിക്കുകയുണ്ടായില്ല. എന്നാല്‍, തീവ്ര/മൃദു ഹിന്ദുത്വ വാദികള്‍ സദാചാരപ്പോലീസ് ചമഞ്ഞുകൊണ്ട് വാലന്റൈന്‍സ് ദിനാചരണത്തിനെതിരായി അക്രമാസക്തമായി രംഗത്തു വന്നത്, ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ തന്നെ നിലനില്‍പിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഖജൂരാഹോയുടെയും കാമസൂത്രയുടെയും മഹത്തായ പാരമ്പര്യമുള്ള ഭാരതത്തില്‍; പ്രണയത്തിനും ലൈംഗികതക്കുമെതിരായി സാംസ്ക്കാരികരാഷ്ട്രീയക്കാര്‍ പരസ്യമായി രംഗത്തു വന്നത് ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. ലൈംഗികതയെ വന്‍ തോതില്‍ അടിച്ചമര്‍ത്തിയ വിക്ടോറിയന്‍ സദാചാരത്തിന്റെ സ്വാധീനം മൂലമാണ് കൊളോണിയല്‍ രാജ്യമായിരുന്ന ഇന്ത്യയില്‍ പരിശുദ്ധി വാദത്തിന്റെ പേരില്‍ സദാചാരപ്പൊലീസുകാര്‍ അരങ്ങു വാഴാന്‍ തുടങ്ങിയത്. പുറമെക്ക് ജനാധിപത്യവും പുരോഗമനവും പ്രസംഗിക്കുന്നവര്‍ പോലും ഉള്ളാലെ യാഥാസ്ഥിതികവാദികളായതുകൊണ്ട് സദാചാരപ്പോലീസുകാരുടെ മേധാവിത്വത്തെ രഹസ്യമായും പരസ്യമായും പ്രശംസിച്ചുപോരുന്നതും പതിവായിരുന്നു.

തെക്കേ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന കര്‍ണാടകത്തില്‍, അക്രമാസക്തരായ സദാചാരപ്പൊലീസുകാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഴിഞ്ഞാടുക തന്നെയായിരുന്നു. ബംഗളൂരുവിലും മംഗലാപുരത്തും ഇവര്‍ സാമൂഹിക ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ മേധാവിത്വം സ്ഥാപിച്ചു. സമാധാന വാദികളും പുരോഗമന-ജനാധിപത്യ വിശ്വാസികളും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഇക്കൂട്ടര്‍ക്കെതിരായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അവയെ ദുര്‍ബലമാക്കുന്ന വിധത്തില്‍ പ്രമോദ് മുത്തലിക്കും മറ്റും മനുഷ്യ ജീവിതത്തിന്റെ അജണ്ട നിശ്ചയിച്ചുകൊണ്ടേയിരുന്നു. 2009 ഫെബ്രുവരിയില്‍ നടത്തിയ പിങ്ക് ജഡ്ഡി പ്രചാരണം പോലെ നൂതനമായ ചില പ്രതിഷേധങ്ങള്‍ അല്‍പം ചലനമുണ്ടാക്കിയെന്നത് വാസ്തവമാണ്. മംഗലാപുരത്തെ ഒരു പബ്ബില്‍ ഏതാനും പെണ്‍കുട്ടികളെ ശ്രീരാമസേനക്കാര്‍ കടന്നാക്രമിച്ച സംഭവത്തിനെതിരായിട്ടാണ് പിങ്ക് ജഡ്ഡി സമരം ആഹ്വാനം ചെയ്യപ്പെട്ടത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ ഒന്നിച്ച് നടക്കുന്ന കമിതാക്കളെന്നു വേണ്ട, ആണ്‍കുട്ടി/പെണ്‍കുട്ടി മാരെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാനായി പുരോഹിതനും താലിമാലയും അതില്‍ കോര്‍ത്തിടാനുള്ള മഞ്ഞള്‍കമ്പും കൊണ്ട് ചാടി വീഴുകയായിരുന്നു പ്രമോദ് മുത്തലിക്കിന്റെ സംഘം. ഈ അക്രമാസക്തര്‍ക്കെതിരായി ഗാന്ധിയന്‍ രീതിയിലുള്ള പ്രതിഷേധമായിരുന്നു പിങ്ക് ജഡ്ഡി സമരം. പിങ്ക് നിറമുള്ള ജഡ്ഡികള്‍ കൊറിയര്‍ വഴിയും തപാല്‍ വഴിയും ശ്രീരാമസേന ആപ്പീസിലേക്ക് അയക്കുന്ന സമാധാനപരമായ സമരമാണ് നടത്തപ്പെട്ടത്. ദ പിങ്ക് പാന്റീസ് കാമ്പയിന്‍- ദ ഇന്ത്യന്‍ വുമണ്‍സ് സെക്ഷ്വല്‍ റവല്യൂഷന്‍ എന്ന റീത്താ ബാനര്‍ജി എഴുതിയ ലേഖന( http://intersections.anu.edu.au/issue23/banerji1.htm)ത്തില്‍ ഈ സമരത്തിന്റെ ആശയ-പ്രായോഗിക-തലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്നാല്‍, ചരിത്രത്തെ കീഴ് മേല്‍ മിറച്ചു കൊണ്ടുള്ള സംഭവം നടന്നത്, കഴിഞ്ഞ ആഴ്ചയാണ്. ബംഗളൂരുവിലെ വിധാന്‍ സൌധയില്‍ കര്‍ണാടക അസംബ്ളി നടന്നുകൊണ്ടിരിക്കെ, സംസ്ഥാനത്ത് അധികാരത്തിലുള്ള ബി ജെ പിയില്‍ പെട്ട സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍, തുറമുഖ-ശാസ്ത്ര സാങ്കേതിക മന്ത്രി കൃഷ്ണ പാലേമര്‍ എന്നിവര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ അശ്ളീല ചിത്രങ്ങള്‍ അഥവാ നീലച്ചിത്രം കണ്ടാസ്വദിക്കുന്ന രംഗം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അസംബ്ളി കവറേജില്‍ സ്ഥാനം പിടിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഈ മൂന്നു മന്ത്രിമാരും രാജി വെച്ചതുമായ സംഭവം തന്നെയാണ് പരാമര്‍ശിക്കുന്നത്. ഭാരതീയ സംസ്ക്കാരത്തിന്റെ കാവലാളുകളും സര്‍വാധികാരികളുമായി ചമയുന്ന സംഘപരിവാറില്‍ പെട്ട മന്ത്രിമാരാണ്, പൊതുസ്ഥലത്തിന്റെയും അസംബ്ളിയുടെയും മാന്യത കെടുത്തിക്കൊണ്ട് ഈ അശ്ളീലകൃത്യം നിര്‍വഹിച്ചിരിക്കുന്നത്. അശ്ളീല ചുവയുള്ള കാര്യങ്ങള്‍ വില്‍ക്കുക, വാങ്ങുക, വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിരോധിക്കുന്ന സെക്ഷന്‍ 292, 294 അനുസരിച്ച് വിചാരണക്ക് വിധേയരാവാന്‍ തയ്യാറെടുക്കുകയാണ് മന്ത്രിമാര്‍. ഏറ്റവും കൌതുകകരമായ കാര്യം, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതാണ് അവര്‍ ആക്രമിക്കപ്പെടുന്നതിന് കാരണം എന്ന് പ്രഘോഷിച്ച ആളാണ് വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നതാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ല പ്രശ്നം എന്നതും കാണുന്ന ആളുകളുടെ കണ്ണിലും മനോഭാവത്തിലുമാണ് പ്രശ്നമെന്നുമുള്ള ആധുനികതാ വാദികളുടെ അഭിപ്രായം ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല. ഈ കോലാഹലത്തിനു തൊട്ടുപുറകെയായിരുന്നു ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനാഘോഷം. പ്രണയികളുടെ ദിവസമായി ലോകമെമ്പാടും ആഘോഷിക്കുന്ന വാലന്റൈന്‍സ് ദിനത്തിലിത്തവണ പ്രതിഷേധം നടന്നത് മധ്യപ്രദേശിലെ ഇന്തോറിലും ആന്ധ്രയിലെ ഹൈദരാബാദിലും കശ്മീരിലും തമിഴ്നാട്ടിലും മറ്റും മാത്രമാണ്. ബംഗളൂരുവിലോ മംഗലാപുരത്തോ കര്‍ണാടകത്തില്‍ മറ്റെവിടെയെങ്കിലുമോ സമാന സംഭവങ്ങള്‍ നടന്നതായി പത്രമാധ്യമങ്ങളോ ടെലിവിഷന്‍ ചാനലുകളോ റിപ്പോര്‍ട് ചെയ്യുകയുണ്ടായില്ല. ഇന്റര്‍നെറ്റില്‍ പരതി നോക്കിയെങ്കിലും കര്‍ണാടകത്തില്‍ നിന്ന് വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. എന്തൊരു സമാധാനം! എന്താണ് കാരണം? മറ്റൊന്നുമല്ല. ലൈംഗികാസംതൃപ്തരായ ബഹുഭൂരിപക്ഷം സാധാരണ ഇന്ത്യക്കാരെയും പോലെ അതി സാധാരണക്കാര്‍ തന്നെയാണ് സാംസ്ക്കാരിക പരിശുദ്ധി വാദക്കാരായ ബിജെപിക്കാരും എന്ന സത്യം പുറത്തുവന്നതിന്റെ ജാള്യതയിലാണ് സദാചാരപ്പൊലീസുകാര്‍ മാളത്തിലൊളിച്ചിരിക്കുന്നത്.

ചലച്ചിത്രങ്ങള്‍ രൂപപ്പെട്ട കാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ബ്ളൂഫിലിം എന്നറിയപ്പെടുന്ന അശ്ളീല സിനിമകളുടെ(പോര്‍ണോഗ്രാഫിക് മൂവീസ്) വ്യവസായവും ആരംഭിച്ചിരുന്നു. ചരിത്രത്തിലുടനീളം ലൈംഗികതയും അശ്ളീലദൃശ്യങ്ങളും ചിത്രീകരിക്കാന്‍ വേണ്ടി ചലച്ചിത്ര ക്യാമറ ഉപയോഗിക്കപ്പെട്ടതിന് രേഖകളുണ്ട്. മുഖ്യധാരാ സിനിമകളാകട്ടെ തൊണ്ണൂറ്റൊമ്പത് ശതമാനവും മൃദു ലൈംഗികോത്തേജന ചിത്രങ്ങളുമാണ്. ലോകസിനിമയുടെ ചരിത്രമെന്നത്, ആണുങ്ങള്‍ പെണ്ണുങ്ങളുടെ ഫോട്ടോയെടുത്തുകൊണ്ടിരുന്നതിന്റെ ചരിത്രമാണെന്ന് പരിഹസിച്ചത് വിഖ്യാത ചലച്ചിത്രകാരനായ ഴാങ് ലുക് ഗൊദാര്‍ദ് തന്നെയായിരുന്നു. ഡിജിറ്റല്‍ വിപ്ളവവും ഇന്റര്‍നെറ്റും വ്യാപിച്ചതോടെ, അശ്ളീല സിനിമകള്‍ ലോകത്താര്‍ക്കും എപ്പോഴും എവിടെയും സുലഭമായി ലഭ്യമായി തുടങ്ങുകയും ചെയ്തു. പാവം മന്ത്രിമാര്‍ക്ക് ഇതൊക്കെ കാണാന്‍ വിലക്കുകള്‍ ഉള്ളതു കൊണ്ട്, ആദ്യമായി ലഭ്യമായപ്പോള്‍ കൌതുകത്തോടെ വിശദമായി കാണുകയായിരുന്നുവെന്ന് വേണം കരുതാന്‍.

1900കളില്‍ തന്നെ ആരംഭിച്ച നീലച്ചിത്ര വിപണി, മുഖ്യധാരാ സിനിമക്കും സൌന്ദര്യാത്മക സിനിമക്കും ഒപ്പം തഴച്ചു വളര്‍ന്നു. വ്യഭിചാരവ്യവസായം പോലുള്ള സംഘടിത കുറ്റകൃത്യക്കാരായ അധോലോകത്തിന്റെ നിയന്ത്രണത്തിലുള്ളതായതിനാല്‍ അത് ഒരു വഴിക്കും നിയമങ്ങള്‍ മറ്റൊരു വഴിക്കും എന്ന നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു. 1960കളോടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങളോടുള്ള സാമൂഹികമായ മനോഭാവത്തില്‍ മാറ്റങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. നെതര്‍ലാന്റ്സില്‍ 1969ല്‍ തന്നെ പോര്‍ണോഗ്രാഫി നിയമവിധേയമാക്കുകയും തുടര്‍ന്ന് ബ്ളൂ ഫിലിം വാണിജ്യത്തില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടാവുകയും ചെയ്തു. 1970കളില്‍, അമേരിക്കന്‍ ഐക്യ നാടുകളടക്കമുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍, അഡല്‍ട്ട് തിയേറ്ററുകള്‍ പ്രത്യേകമായി ഉയര്‍ന്നു വന്നു. തുറന്ന ലൈംഗിക പ്രദര്‍ശനം ധാരാളമായി സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും, യാഥാസ്ഥിതികതക്കു തന്നെയാണ് മുന്‍തൂക്കം കൈവന്നത് എന്നതും കാണാതിരിക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിന് മലയാളത്തിലുള്ള വിളിപ്പേരുകളിലൊന്നായ 'ഒളിസേവ'യിലായിരുന്നു മാന്യസമൂഹത്തിന് താല്‍പര്യം. 1980കളില്‍ ഹോം വീഡിയോ പ്രചാരത്തിലായതോടെ, ജനങ്ങള്‍ക്ക് മാന്യത പുറത്ത് സംരക്ഷിക്കാനും തങ്ങളുടെ വീടുകളിലോ മറ്റ് സ്വകാര്യസ്ഥലങ്ങളിലോ വെച്ച് ബ്ളൂഫിലിം സൌകര്യമായി കാണുന്നതിനുള്ള അവസരം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള സകല രാജ്യങ്ങളിലും തുടര്‍ന്നുള്ള കാലയളവില്‍, ബ്ളൂഫിലിം വിപണനം വന്‍ തോതില്‍ വ്യാപിച്ചു. 1990കളില്‍ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മാറി മറിഞ്ഞു. കടകളില്‍ പോയി രഹസ്യമായി വാങ്ങുകയോ, തപാലില്‍ വരുത്തുകയോ വേണ്ടതില്ലാത്ത വിധത്തില്‍ അവരവരുടെ കമ്പ്യൂട്ടറില്‍ തന്നെ വിവിധ സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തോ ഓണ്‍ലൈനായോ നീലച്ചിത്രങ്ങള്‍ കാണാവുന്ന സ്ഥിതി വന്നു. സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങള്‍ക്ക് പുറമേക്ക് മാന്യരായി നടിക്കുകയും തങ്ങളുടെ സ്വകാര്യതകളില്‍ നിയമം ലംഘിക്കുകയും ചെയ്യാവുന്ന സ്ഥിതി കൂടുതല്‍ കൂടുതല്‍ സൌകര്യപ്രദമായിക്കൊണ്ടിരുന്നുവെന്നു കാണാം. മാത്രമല്ല, നിയമപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ബ്ളൂഫിലിം കാണാന്‍ സൌകര്യം കിട്ടാതിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആ സൌകര്യം സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ലഭിച്ചു തുടങ്ങി എന്നതും ബോധ്യപ്പെടേണ്ടതാണ്.

1998ല്‍ ഓസ്കാര്‍ അവാര്‍ഡുകളിലടക്കം നോമിനേഷന്‍ ലഭിച്ചിട്ടുള്ള അനവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഡാനിഷ് നിര്‍മാണക്കമ്പനിയായ സെന്‍ട്രോപ്പ, പോര്‍ണോഗ്രാഫിക് സിനിമകളുടെ നിര്‍മാണരംഗത്തേക്കും പ്രവേശിക്കുകയുണ്ടായി. ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറുടെ ഇഡിയോടെം(1998) നിര്‍മിച്ചത് സെന്‍ട്രോപ്പയാണ്. ബ്ളൂഫിലിമുകളില്‍ കാണാറുള്ളതു പോലെ, നേരിട്ടുള്ള ലൈംഗികതാ പ്രദര്‍ശനം ഈ സിനിമയിലുമുണ്ട്. 1999ല്‍ കോപ്പന്‍ഹേഗന്‍ മേഖലയില്‍ ഏത് ഉപഭോക്താവിനും കാണാവുന്ന വിധത്തില്‍, കനാല്‍ കോബനാന്‍ എന്ന ചാനല്‍ രാത്രികളില്‍ പോര്‍ണോഗ്രാഫിക് സിനിമകള്‍ കേബിള്‍ ടി വി ശ്രൃംഖലയിലൂടെ പ്രദര്‍ശിപ്പിക്കാനാരംഭിച്ചു. ആഗോള പോര്‍ണോഗ്രാഫിക് വ്യവസായത്തിന്റെ സിരാകേന്ദ്രം, അമേരിക്ക തന്നെയാണ്. ഹോളിവുഡിന് തൊട്ടടുത്ത്; കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് നഗരത്തിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലാണ് ബ്ളൂഫിലിം നിര്‍മാണത്തിന്റെ ഹൃദയവും തലച്ചോറും കോര്‍പ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. 1975ല്‍ 5 മുതല്‍ 10വരെ മില്യന്‍ ഡോളര്‍ മാത്രമായിരുന്നു, പോര്‍ണോഗ്രാഫി ബിസിനസിന്റെ അമേരിക്കയിലെ മൊത്തം വിറ്റുവരവെങ്കില്‍; 1979ല്‍ ഇത് 100 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴിത് 10 മുതല്‍ 13 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതില്‍ തന്നെ 6 ബില്യണ്‍ വരെ നിയമാനുസൃത സമ്പത്തും ബാക്കി കള്ളപ്പണവുമാണ്.

ലോകത്ത് ഇങ്ങിനെയൊക്കെയാണ്, അതുകൊണ്ട് ഇന്ത്യയിലും ബ്ളൂഫിലിം നിയമവിധേയമാക്കണം എന്നൊന്നുമല്ല ഈ കുറിപ്പിലൂടെ അഭിപ്രായപ്പെടാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടും നടക്കുന്നതെന്തൊക്കെയാണെന്ന് നാം മനസ്സിലാക്കണമെന്നു മാത്രം. അതുമല്ല; ബ്ളൂഫിലിം നിയമാനുസൃതമായ രാജ്യങ്ങളും ഇന്ത്യയടക്കം അത് നിരോധിച്ചിട്ടുള്ള രാജ്യങ്ങളും തമ്മില്‍, ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ താരതമ്യപ്പെടുത്തി നോക്കാവുന്നതുമാണ്. അടിച്ചമര്‍ത്തലാണോ തുറന്നു വിടലാണോ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് എന്നത് മനശ്ശാസ്ത്രജ്ഞ•ാര്‍ കണ്ടെത്തട്ടെ. പ്രശ്നം തുടങ്ങിയിടത്തേക്കു തന്നെ എത്തിക്കാം. നിരോധിക്കപ്പെട്ടതിനാലാണ്, ഇന്ത്യയില്‍ ബ്ളൂഫിലിമിനോട് മന്ത്രിമാര്‍ തുടങ്ങി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വലിയ കൌതുകവും ആകാംക്ഷയും നിലനില്‍ക്കുന്നത്. ഇഷ്ടം പോലെ ലഭ്യമായിരുന്നുവെങ്കില്‍, നിയമസഭക്കുള്ളില്‍ വെച്ച് മൊബൈലില്‍ കണ്ട് പരിഹാസ്യരാകേണ്ടതില്ലായിരുന്നുവല്ലോ. അപ്രകാരം; നിയമസഭയെ അപമാനിക്കുകയാണ് പ്രാഥമികമായി ഈ സാംസ്ക്കാരിക ദേശീയതാ വാദികള്‍ ചെയ്തതെങ്കിലും, അതിലൂടെ വാലന്റൈന്‍സ് ദിനത്തിലും മറ്റും പരസ്യമായി മിണ്ടിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വാതന്ത്യ്രം പുനരംഗീകരിച്ചുകൊടുക്കാനായി ശ്രീരാമസേനയെ നിശ്ശബ്ദരാക്കുന്ന വിരുദ്ധ പ്രവൃത്തിയായി അത് പരിണമിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ക്ക് സ്തുതി പറഞ്ഞുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു.

*
ജി പി രാമചന്ദ്രന്‍