Friday, March 16, 2012

റയില്‍വേ ബജറ്റ് കേരളത്തിന് അവഗണന; ജനങ്ങള്‍ക്ക് അധികഭാരം

അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ദുരിതം പേറുന്ന സാമാന്യ ജനങ്ങളുടെമേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി ഇന്നലെ അവതരിപ്പിച്ച റയില്‍വേ ബജറ്റ്. കിലോമീറ്ററിന് 2 പൈസ മുതല്‍ 30 പൈസവരെയുള്ള നിരക്കുവര്‍ധന എല്ലാ യാത്രാ ട്രെയിനുകള്‍ക്കും എല്ലാ ക്ലാസുകള്‍ക്കും ബാധകമാണ്. നിരക്കുവര്‍ധന എട്ടുവര്‍ഷങ്ങള്‍ക്കുശേഷമാണെന്നും വളരെ തുച്ഛമാണെന്നും വ്യാഖ്യാനിച്ചു ന്യായീകരിക്കാനാണ് ഭരണമുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മലയാളികളെപ്പോലെ ദീര്‍ഘദൂര യാത്രയ്ക്കു നിര്‍ബന്ധിതരായവര്‍ക്ക് ഈ വര്‍ധന കനത്ത ഭാരമാണ്. തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ഏതാണ്ട് 25 ശതമാനം കണ്ട് വര്‍ധിച്ച കൂലി നല്‍കേണ്ടിവരും. പ്ലാറ്റ്‌ഫോം ടിക്കറ്റിനു മൂന്നു രൂപയുടെ സ്ഥാനത്ത് അഞ്ചുരൂപയായി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. റയില്‍വേയുടെ മൊത്ത വരുമാനത്തിന്റെ 30 ശതമാനം മാത്രമാണ് യാത്രാകൂലിയില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴത്തെ യാത്രാക്കൂലിയില്‍ വര്‍ധനവുവഴി വരുമാനം ഗണ്യമായി ഉയര്‍ത്താനാവില്ല എന്ന വസ്തുത നിലനില്‍ക്കെ ഇപ്പോഴത്തെ നിരക്കു വര്‍ധനവിനു യുക്തിഭദ്രമായ യാതൊരു നീതീകരണവുമില്ല. അത് അങ്ങേയറ്റം അപലപനീയമാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റയില്‍ ശൃംഖലയും ദിനംപ്രതി ദശലക്ഷക്കണക്കിനു യാത്രക്കാരെയും കോടാനുകോടി ടണ്‍ ചരക്കും കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ റയില്‍വേയോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിഷേധാത്മകമായ നിലപാടാണ് അനുവര്‍ത്തിച്ചുവരുന്നത്. ആ നയമാകട്ടെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വച്ചു തുടര്‍ന്നുവരുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. 45000 കോടിരൂപയുടെ ബജറ്റ് സഹായം ആവശ്യപ്പെട്ട റയില്‍വേയ്ക്ക് 24000 കോടി രൂപമാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട റയില്‍വേയുടെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്ന ഈ നിഷേധാത്മക നിലപാടാണ് ജനങ്ങളെ ഞെക്കിപ്പിഴിയാന്‍ വഴിയൊരുക്കുന്നത്. ഒരു തവണത്തെ കൂലി വര്‍ധനകൊണ്ട് അവസാനിക്കുന്ന ഒന്നായിരിക്കുകയില്ല ഇതെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ തീരുമാനം കൂടാതെ കൂലിവര്‍ധന ലക്ഷ്യമിട്ടാണ് റയില്‍വേ താരിഫ് റെഗുലേറ്ററി അതോറിറ്റിക്കു രൂപം നല്‍കാന്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. എണ്ണയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും കുടിവെള്ളത്തിന്റെയും പിന്നാലെ നിയന്ത്രണ രഹിതമായി യാത്രാകൂലിയും ചരക്ക് കടത്ത് കൂലിയും വര്‍ധിപ്പിക്കാന്‍ കഴിയും വിധമാണ് അരങ്ങൊരുങ്ങുന്നത്. റയില്‍വേയുടെ വിവിധ സേവനതുറകളിലും സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണി ഉയര്‍ന്നുവരുന്നതായി ബജറ്റ് സൂചന നല്‍കുന്നു. ഇത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ ചെറുത്തുനില്‍പ് വളര്‍ന്നുവരണം.

കേരളം എക്കാലത്തും റയില്‍വേ വികസന കാര്യത്തില്‍ കടുത്ത അവഗണനയാണ് നേരിട്ടിട്ടുള്ളത്. ഇക്കൊല്ലത്തെ ബജറ്റ് മുന്‍കൊല്ലങ്ങളെയെല്ലാം ലജ്ജിപ്പിക്കുന്ന അവഗണനയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുന്‍കൊല്ലങ്ങളില്‍ നല്‍കിയതും പാലിക്കപ്പെടാത്തതുമായ വാഗ്ദാനങ്ങളുടെ പട്ടികയാണ് കേരളക്കാര്യത്തില്‍ ബജറ്റിലേറെയും. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, കോട്ടയത്തും നേമത്തും കോച്ച് ടെര്‍മിനലുകള്‍ എന്നിവയെല്ലാം അത്തരത്തില്‍ പാലിക്കപ്പെടാതെപോയ വാഗ്ദാനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. പരിമിതമെങ്കിലും മലയാളികള്‍ക്കു സൗകര്യപ്രദമായിരുന്ന പല ട്രെയിനുകളുടെയും സര്‍വീസ് ദീര്‍ഘിപ്പിച്ചത് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന സൗകര്യങ്ങള്‍പോലും നിഷേധിപ്പിക്കപ്പെടുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. പാലക്കാട് മംഗലാപുരം എക്‌സ്പ്രസ് ഇത്തരത്തില്‍ കോയമ്പത്തൂര്‍വരെ നീട്ടും. മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെയും, പാലക്കാട്-കോയമ്പത്തൂര്‍ മെമു സര്‍വീസ് ഈറോഡ് വരെയും നീട്ടും. രാജ്യത്ത് ഇക്കൊല്ലം നടത്തുന്ന 85 ഗേജ് മാറ്റത്തില്‍ കേരളത്തിനു ലഭിച്ചത് രണ്ടെണ്ണം മാത്രം. മൊത്തം 114 സര്‍വേകളിലും രണ്ടെണ്ണം മാത്രമാണ് കേരളത്തിനു ലഭിക്കുക. തിരുവനന്തപുരം കാസര്‍കോഡ് അതിവേഗ പാതയെ കുറിച്ച് നാമമാത്ര പരാമര്‍ശം മാത്രമാണ് ബജറ്റിലുള്ളത്.
റയില്‍വേ ബജറ്റിനോടുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിരാശാജനകമെന്ന ആ പ്രതികരണം മുഴുവന്‍ മലയാളികളുടെയും വികാരമാണ്. അതിന് ആരാണ് ഉത്തരവാദികള്‍? അര ഡസന്‍ മലയാളികളാണ് കേന്ദ്രമന്ത്രി സഭയിലുള്ളത്. സ്ഥാനത്തും അസ്ഥാനത്തും അതെപ്പറ്റി ഊറ്റം കൊള്ളുന്നവരാണ് കോണ്‍ഗ്രസും യു ഡി എഫും. കേരളത്തിനു നേരിടേണ്ടി വന്ന ഈ അവഗണനയ്ക്കു മറുപടി നല്‍കാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിമാരും യു ഡി എഫ് സര്‍ക്കാരും ബാധ്യസ്ഥരാണ്. യാത്രാകൂലി വര്‍ധനവിനെ മമതാ ബാനര്‍ജിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും നിശിതമായി അപലപിക്കുന്നു. ബജറ്റ് അവതരിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസുകാരനായ ദിനേഷ് ത്രിവേദിക്ക് അതേപ്പറ്റി എന്താണ് പറയാനുണ്ടാവുക എന്നത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് മറ്റൊരു ചക്കളത്തിപോരാണെന്ന സംശയം ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്. അതെന്തുതന്നെയായാലും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാമ്പത്തിക ഭാരവും കേരളത്തോടുള്ള അവഗണനയും ശക്തമായ പ്രതിഷേധവും ജനകീയ ചെറുത്തുനില്‍പും ആവശ്യപ്പെടുന്നു.

*
ജനയുഗം മുഖപ്രസംഗം 15 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...