Tuesday, March 13, 2012

ദുര്‍നയങ്ങളുടെ ആവര്‍ത്തനം

പ്രതിഭ പാട്ടീലിന്റെ രാഷ്ട്രപതി കാലാവധിതീരുംമുമ്പുള്ള അവസാനത്തെ നയപ്രഖ്യാപന പ്രസംഗമാണ് പര്‍ലമന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് തിങ്കളാഴ്ച നടന്നത്. സാമ്പത്തികപ്രതിസന്ധിയെ രാജ്യം മറികടന്നുവെന്നും കള്ളപ്പണം തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും അഴിമതിവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മറ്റുമുള്ള, യാഥാര്‍ഥ്യത്തിന്റെ അയലത്തുപോലും എത്താത്ത കുറെ പ്രഖ്യാപനങ്ങള്‍ രാഷ്ട്രപതിയെക്കൊണ്ട് നടത്തിച്ചു എന്നതില്‍ കവിഞ്ഞ പുതുമ ആ നയപ്രഖ്യാപനത്തിനില്ല. ജനങ്ങളെയാകെ രോഷപ്പെടുത്തുന്നതും ദുരിതത്തിലേക്ക് തള്ളിവിടുന്നതുമായ നവ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് ചെറുതായി വ്യതിചലിക്കാന്‍പോലും യുപിഎ സര്‍ക്കാര്‍ തയ്യാറല്ല എന്നതാണ് പ്രസംഗത്തിന്റെ കാതല്‍ . അതുകൊണ്ടുതന്നെ, രണ്ടുപതിറ്റാണ്ടായി നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ ആവര്‍ത്തന പ്രഖ്യാപനം മാത്രമാണത്. ഈയാഴ്ച വരാനിരിക്കുന്ന ബജറ്റിലെ സമീപനം എന്താകുമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ വ്യക്തമാകുന്നുണ്ട്.

എട്ടുമുതല്‍ ഒമ്പതു ശതമാനംവരെ വളര്‍ച്ച നിരക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി പറയുന്നു. അത് വിശ്വസിക്കാന്‍ ന്യായങ്ങളൊന്നുമില്ല. ദേശീയ വരുമാന വര്‍ധനയിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ (ഒക്ടോബര്‍ - ഡിസംബര്‍) കേവലം 6.1 ശതമാനമാണ് വളര്‍ച്ച നിരക്ക്. മുന്‍വര്‍ഷം അത് 8.3 ശതമാനമായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണ് ഇക്കൊല്ലത്തേത്. കാര്‍ഷികവളര്‍ച്ച 11 ശതമാനത്തില്‍നിന്ന് 2.7 ആയി ഇടിഞ്ഞു. വ്യവസായവളര്‍ച്ച 7.8ല്‍ നിന്ന് 0.4 ശതമാനമായും ഖനനമേഖലയിലെ വളര്‍ച്ച നിരക്ക് 6.1 ശതമാനത്തില്‍നിന്ന് 3.1 ആയും ഇടിഞ്ഞു. സേവനമേഖലപോലും പിന്നോട്ടടിച്ചു. മുന്‍വര്‍ഷത്തെ ദേശീയ വരുമാനവളര്‍ച്ച നിരക്കില്‍ എത്തണമെങ്കില്‍ അവസാന (നാലാം) പാദത്തില്‍ 13.62 ശതമാനം വളര്‍ച്ച കൈവരിക്കണം. ചരിത്രത്തിലിതുവരെ സംഭവിക്കാത്തതും ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ കാര്യമാണത്. 6.1 ശതമാനത്തില്‍നിന്ന് ഇനിയും താഴാനാണ് സാധ്യത. അതിന്റേതായ ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകും. വരുമാനത്തകര്‍ച്ച മൂലധനനിക്ഷേപം ചുരുക്കും; സാധനങ്ങള്‍ക്കുള്ള ഡിമാന്റ് കുറയ്ക്കും. തൊഴിലില്ലായ്മ വര്‍ധിക്കും.

സാമ്പത്തികവളര്‍ച്ചയുടെ അടിക്കല്ലാണ് മൂലധനരൂപീകരണം. കഴിഞ്ഞവര്‍ഷം മൂന്നാംപാദത്തിലെ മൂലധനരൂപീകരണം 32.3 ശതമാനമായിരുന്നു. ഇക്കൊല്ലമത് 30 ശതമാനമായി ചുരുങ്ങി. ഒരിക്കല്‍ തുടക്കംകുറിക്കുന്ന മൂലധനനിക്ഷേപവരുമാനത്തകര്‍ച്ച ഒരു ദൂഷിതചക്രംപോലെ ആവര്‍ത്തിക്കും. സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ആഴങ്ങളിലേക്ക് വലിച്ചുതാഴ്ത്തും. പിന്നെങ്ങനെ വളര്‍ച്ച നിരക്കിലെ വര്‍ധന എന്ന രാഷ്ട്രപതിയുടെ പ്രവചനം ശരിയാകും?

യുപിഎ സര്‍ക്കാര്‍ മുറുകെപ്പിടിക്കുന്ന നവലിബറല്‍ നയങ്ങളും ആഗോളസാമ്പത്തിക തളര്‍ച്ചയുമാണ് ഈ സ്ഥിതിക്കിടയാക്കിയത്. അവിരാമമായ നാണ്യപ്പെരുപ്പംമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുണ്ടായ കുറവ് ആഭ്യന്തരചോദനം കുറയുന്നതിന് കാരണമായി. ഇത് വ്യാവസായിക ഉല്‍പ്പാദനം മന്ദഗതിയിലാക്കി. അടിസ്ഥാനമേഖലകളില്‍ ഇടിവുണ്ടാക്കി. തൊഴിലവസരങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായി. 2008-11നിടയില്‍ കോര്‍പറേറ്റ് നികുതിയില്‍ 2,28,045 കോടി രൂപയുടെ ഇളവാണ് അനുവദിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പന്നരുടെമേല്‍ കൂടുതല്‍ നികുതി ചുമത്തി അധിക വിഭവസമാഹരണം നടത്തി അത് ക്ഷേമപദ്ധതികള്‍ക്കും പൊതു അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും വിനിയോഗിക്കുക എന്ന ശരിയായ വഴിയിലേക്കല്ല എന്നിട്ടും യുപിഎ സര്‍ക്കാര്‍ പോകുന്നത്. ഇന്ത്യ വളരുന്നുവെന്ന് വീമ്പിളക്കുന്നത് യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ചുകൊണ്ടാണ്. ചൈനയുമായുള്ള താരതമ്യവും അത്തരത്തിലുള്ളതുതന്നെ. നടപ്പുസാമ്പത്തികവര്‍ഷം ചൈന കൈവരിച്ചത് 8.9 ശതമാനം വളര്‍ച്ചയാണ്. ഇന്ത്യ 6.1 ശതമാനവും. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഒരു സംഘം വിദഗ്ധര്‍ നടത്തിയ പഠനം കാണിക്കുന്നത് ഇന്ത്യ അടുത്തകാലത്തൊന്നും ഒരു "സൂപ്പര്‍ പവര്‍" ആവില്ലെന്നാണ്. ജാതിവ്യവസ്ഥ, സ്വത്തിലും വരുമാനത്തിലും ഏറിവരുന്ന അന്തരം, പരിസ്ഥിതിപ്രശ്നങ്ങള്‍ , വ്യവസ്ഥയുടെ ഭാഗമായി മാറിയ അഴിമതി, ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് പഠനം അനുമാനിക്കുന്നു.

പണലഭ്യതയിലെ വര്‍ധനയും ഉല്‍പ്പാദനമാന്ദ്യവും വരുംനാളുകളില്‍ വിലക്കയറ്റം വര്‍ധിപ്പിക്കാനാണ് പോകുന്നത്. പെട്രോള്‍ വില വര്‍ധന ഉറപ്പായ സ്ഥിതിക്ക് ആ നടപടിയും വിലക്കയറ്റത്തിന് ഊര്‍ജംപകരും. റെയില്‍വേ ചരക്കുകടത്തുകൂലി 20 ശതമാനം വര്‍ധിപ്പിച്ച നടപടി വിലക്കയറ്റം ആളിക്കത്തിക്കും. 20,000 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ പതിക്കുന്നത്. ഒരു ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി 916.80 രൂപയായിരുന്നത് ഇപ്പോള്‍ 1144 രൂപയായി ഉയര്‍ന്നു. (25 ശതമാനം വര്‍ധന) രാസവളത്തിന്റെ കടത്തുകൂലി വര്‍ധന 679 രൂപയില്‍നിന്ന് 870 രൂപയിലേക്കും (28 ശതമാനം) സിമന്റിന്റേത് 544 രൂപയില്‍നിന്ന് 685 രൂപയിലേക്കുമാണ് (26 ശതമാനം) ഉയര്‍ന്നത്. ഇവയ്ക്കുപുറമെയാണ് സബ്സിഡി കുറച്ച് രാസവളത്തിന് വില വര്‍ധിപ്പിച്ചത്. വിലക്കയറ്റത്തിന്റെ കൂടുതല്‍ രൂക്ഷമായ നാളുകളാണ് സാധാരണക്കാരെ കാത്തിരിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇത്തരം വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതല്ല; കൂടുതല്‍ വഷളാക്കുന്നതാണ് രാഷ്ട്രപതിയെക്കൊണ്ട് വായിപ്പിച്ച നയപ്രഖ്യാപനം.

*
ദേശാഭിമാനി മുഖപ്രസംഗം १३ മാര്‍ച്ച് २०१२

1 comment:

വര്‍ക്കേഴ്സ് ഫോറം said...