Monday, March 12, 2012

പ്രതികരണാത്മാക്കള്‍

പ്രേതാത്മാക്കളെക്കൊണ്ട് വലിയ ശല്യമില്ല, എന്തെങ്കിലും കൊടുത്താല്‍ അവമ്മാരു പൊയ്ക്കോളും. "ഇത്തവണ ലേശം ബുദ്ധിമുട്ടാണ് അടുത്ത തവണ വരൂ" എന്നു പറഞ്ഞാലും കുഴപ്പമില്ല. അവര്‍ അനുസരിക്കും. പറ്റിക്കാതിരുന്നാ മതി. വേറൊരു കൂട്ടര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അമ്പമ്പോ!...കടുപ്പക്കാരാണ്. എന്തുകൊടുത്താലും പോവില്ല. പിടിച്ചാല്‍ പിടിച്ചതാണ്. കൊണ്ടേ പോവൂ. ഇവരെ പരിചയമുണ്ടാവും. പരിചയമുണ്ടാവാതെ തരമില്ല.

പ്രതികരണാത്മാക്കള്‍ ..!

ഉദരനിമിത്തം ബഹുകൃത വേഷം. എങ്കിലും ഉള്ളതു പറയണമല്ലൊ. പണത്തില്‍ വലിയ താല്‍പ്പര്യമില്ല. ലേശം പ്രശസ്തി. അതായാല്‍ തരക്കേടില്ല. ചാത്തസേവ പോലെയാണ്. എവിടെയാണ് സ്ഥലമെന്നറിയില്ല. എവിടെയാണെങ്കിലും വിളിച്ചാ വിളിപ്പുറത്തെത്തും. പിന്നെ ചാത്തന്റെ വിളയാട്ടമാണ്. എള്ള്, പൂവ്, അവല്, മലര്..അതിലൊന്നും ചാത്തന്മാര് അടങ്ങില്ല. ആടിത്തിമിര്‍ക്കും. കുട്ടിച്ചാത്തന്മാര്‍ കുറവാണ്. മൂത്ത ചാത്തന്മാരാണ് അധികം. അഹങ്കാരം കൂടുന്നതിനനുസരിച്ച് വിവരം കുറച്ച് ചാത്തന്മാര്‍ ബാലന്‍സ് സൂക്ഷിക്കാറുണ്ട്.

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൗകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. "പ്രശസ്ത ചിന്തകന്‍ , പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍" എന്നെല്ലാമുള്ള വിശേഷണം സൗജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ലാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുകയും ചെയ്യാം.

പ്രതികരണാത്മാക്കളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഭൂമിയില്‍ നിന്നാണെന്നും അല്ല സ്വര്‍ഗത്തില്‍ നിന്നാണെന്നും അതുമല്ല നരകത്തില്‍ നിന്നാണെന്നും നരവംശ ശാസ്ത്രജ്ഞന്മാരുടെയിടയില്‍ തര്‍ക്കമുണ്ട്. ഭൂമിയില്‍ ഇത്തരം ജീവികളുണ്ടാവില്ലന്നാണ് ചിലര്‍ തറപ്പിച്ചു പറയുന്നത്. ചില സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇവര്‍ നരകത്തില്‍നിന്ന് വന്നവരാണെന്നാണ്. എന്നാല്‍ ഇവര്‍ തല നീട്ടിപ്പിടിക്കുന്ന രീതി കണ്ട് ഇത് ഭഗവാന്റെ കൂര്‍മാവതാരമാണെന്ന് ഉറപ്പിക്കുന്നവരുമുണ്ട്. ചാനലിലാണ് പ്രതികരണാത്മാക്കളെ പ്രധാനമായും കാണുന്നത്. " ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആത്മാക്കളെത്തിയിട്ടു"ണ്ടെന്ന് ചാനലിലെ വാര്‍ത്താപ്രക്ഷേപണ മന്ത്രി അറിയിക്കുന്നതോടെ വിഷയാസക്തര്‍ കടന്നിരിക്കും.

ചാനലില്‍ വീഴുന്ന ചാഴികളാണ് പ്രതികരണാത്മാക്കള്‍ . പാമ്പ് പടം പൊഴിച്ചപോലെ പിന്നെ അവിടെ കിടക്കും. ചാനലില്ലാതെ ചാഴിയില്ല; ചാഴിയില്ലാതെ ചാനലില്ല എന്ന മട്ടില്‍ രണ്ടും തമ്മില്‍ നല്ല ഐക്യമാണ്. എന്നാലും പ്രതികരണാത്മാക്കളുടെ പ്രവര്‍ത്തനം കാണാതെ പോവരുത്. രാപ്പകലില്ലാതെ സേവനസന്നദ്ധരാണ് അവര്‍ . ഏതു പാതിരാത്രിക്കു ചെന്നു വിളിച്ചാലും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ വരും. സാംസ്കാരിക രംഗത്തെ ആംബുലന്‍സ് സര്‍വീസ് ആണ് ഇത്. ഇരുപത്തിനാലു മണിക്കൂറും റെഡി. എന്തൊരു ത്യാഗികള്‍! അന്യജീവനുതകീ സ്വജീവിതം "ധന"മാക്കുന്ന വിവേകികള്‍!

പ്രതികരണാത്മാക്കള്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ? കണ്ണിമ വെട്ടാതെ കാവല്‍ നില്‍ക്കുകയല്ലെ അവര്‍ ? അരുതാത്തത് എന്തു കണ്ടാലും "..ബൗബൗ.." എന്ന് പറഞ്ഞ് നമ്മളെ ഉണര്‍ത്താന്‍ ഇവരല്ലാതെ ആരുണ്ട്? മറ്റുള്ളവര്‍ക്കു വേണ്ടി ഒരിക്കലും വാലാട്ടാത്ത ധിക്കാരികള്‍! എന്നാല്‍ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും അഭിമാനത്തോടെ വാലാട്ടുന്നവര്‍ . വാര്‍ധക്യംകൊണ്ട് വാലു മുറിഞ്ഞുപോയവരും മറ്റുള്ളവര്‍ വാലു മുറിച്ചു കളഞ്ഞവരും ലക്ഷ്യം തെറ്റി വാലാട്ടിയവരും വാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവരും കൂട്ടത്തിലുണ്ട്. ഇതൊന്നും അയോഗ്യതകളല്ല, യോഗ്യതകള്‍ തന്നെ! ഇവര്‍ പറഞ്ഞുതരുന്ന അറിവുകള്‍ നിസ്സാരമാണോ? എന്തൊരു വിജ്ഞാനവിസ്ഫോടനം! എന്തൊരു ഉദാത്ത ചിന്ത! എന്തൊരു അവഗാഹം! ഉദാഹരണം. ഒരു ചാനല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൊണ്ടുവരുന്നു. മനസ്സാക്ഷിയെ പൊള്ളിക്കുന്ന വാര്‍ത്തയാണ് അത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് സമൂഹം കണ്ട ഏറ്റവും പ്രതിബദ്ധതയുള്ള വാര്‍ത്ത. ചാനലിലെ വാര്‍ത്താ വിതരണ മന്ത്രി അന്നത്തെ വാര്‍ത്താ രാഗം വിസ്തരിക്കുന്നു. രാഗം പന്തുവരാളി. "ഇന്നത്തെ പ്രധാന വാര്‍ത്ത. പെങ്ങാമൂഴിയില്‍ കാള പ്രസവിച്ചു. ഇത് ഞങ്ങളുടെ മാത്രം വാര്‍ത്തയാണ്. ഞങ്ങള്‍ക്കുവേണ്ടി മാത്രം പ്രസവിച്ച കാളയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍

റിപ്പോര്‍ട്ടര്‍, എന്തൊക്കെയാണ് വിശേഷങ്ങള്‍ ?"

"ഒരു കാളയ്ക്കുണ്ടായ വിശേഷമാണ് പ്രധാന വിശേഷം. രാവിലെ ഏഴുമണിയോടെയാണ് കാള പ്രസവലക്ഷണം കാണിച്ചു തുടങ്ങിയത്. അടുത്ത മൃഗാശുപത്രിയിലേക്ക് ഉടന്‍ തന്നെ കാളയെ പ്രവേശിപ്പിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ കാളയെ പരിശോധിച്ചു. സിസേറിയന്‍ വേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ഘട്ടം മാറുകയും കാള എല്ലാവരെയും അത്ഭുതപ്പെടുത്തി സ്വാഭാവികമായി പ്രസവിക്കുകയുമാണ് ഉണ്ടായത്. ഒമ്പതേമുക്കാലോടെയാണ് പ്രസവമുണ്ടായത്. കാളയും കുട്ടിയും സുഖമായിരിക്കുന്നതായാണ് നമുക്കു കിട്ടുന്ന വിവരം."

"കാളയെയും കുഞ്ഞിനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ?. എന്താണ് സ്ഥിതി?" "

..കാളയെയും കുഞ്ഞിനെയും കാണാന്‍ കഴിഞ്ഞിട്ടില്ല. പതിനൊന്നു മണിയോടെ കാളയെയും കുഞ്ഞിനെയും പൊതുപ്രദര്‍ശനത്തിന് വെക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്..."
"കാളക്ക് ഗര്‍ഭമുണ്ടായിരുന്നതിനെക്കുറിച്ച് എന്ത് വിശ്വസനീയമായ തെളിവാണ് നമ്മുടെ കൈയിലുള്ളത്?"

"..കാളയുടെ ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയാണ് പ്രധാനമായും നമുക്ക് ഹാജരാക്കാനുള്ളത്. കാളക്ക് പൊതുവെ ഉണ്ടാവേണ്ട ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഗര്‍ഭാലസ്യം കാണിക്കുകയും ചെയ്തതായി നമ്മുടെ കൈയില്‍ തെളിവുകളുണ്ട്. ഈ സമയത്ത് കാള പച്ചമാങ്ങ, പുളി എന്നിവയോട് അമിതമായ ആസക്തി കാണിച്ചിരുന്നു എന്നതിനും രേഖകളുണ്ട്." "
ശരി. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മൂന്നാത്മാക്കള്‍ നമ്മളോടൊപ്പം സ്റ്റുഡിയോവിലുണ്ട്. ഒരാത്മാവ് അന്തരീക്ഷത്തില്‍നിന്ന് നമ്മളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരണാത്മാവേ, കാള പ്രസവിക്കുമോ?"

"അസംഭാവ്യമെന്ന് നമ്മള്‍ കരുതുന്നത് സംഭവിക്കുമ്പോള്‍ അവിശ്വസനീയത തോന്നുക സ്വാഭാവികമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യനോട് തീവണ്ടിയെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കുമായിരുന്നോ..? മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ..?പരമ്പരാഗതമായ വിശ്വാസങ്ങളുടെ തടവില്‍ കിടക്കുകയാണ് മനുഷ്യന്‍ . അതിനപ്പുറത്ത് എന്ത് സംഭവിച്ചാലും അവന് വിശ്വസിക്കാന്‍ മടിയുണ്ടാവും. കാരണം അവന്‍ അവന്റെ വിശ്വാസത്തിനകത്ത് സുരക്ഷിതനാണെന്നുള്ളതാണ്. ഇത്തരം ഒരു പാരമ്പര്യ വാദം നമ്മുടെ സമൂഹത്തിനകത്ത് ശക്തമാണ്. കാള പ്രസവിക്കില്ല എന്നത് നമ്മുടെ ഒരു പരമ്പരാഗതമായ വിശ്വാസം മാത്രമാണ്. പക്ഷേ നാം ജീവിക്കുന്ന സമൂഹം അടിമുടി മാറിക്കൊണ്ടിരിക്കുകയാണെന്നും മാമൂലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും നാം കാണാതെ പോകരുത്. അതുകൊണ്ട് കാള പ്രസവിക്കുക എന്നത് അസംഭാവ്യമോ അത്ഭുതമോ ആയി കാണേണ്ടതില്ല. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹത്തെ വല്ലാതെ മാറ്റിമറിച്ച ഇക്കാലത്ത് കാള പ്രസവിച്ചു എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.."

"..ഇതില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങളില്ലേ, പ്രതികരണാത്മാവേ..?"

" തീര്‍ച്ചയായും ജീവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്. ജീവശാസ്ത്രപരമായ പ്രശ്നങ്ങളെ നാം എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ്. അത് മനുഷ്യന്റെ കണ്ണിലൂടെ തന്നെ കാണൂ എന്നത് നമ്മുടെ അഹങ്കാരമാണ്. നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് നമ്മുടെ കണ്ണിലൂടെ കാണാം. എന്നാല്‍ ഒരു കാളയുടെ പ്രശ്നം നമ്മുടെ കണ്ണിലൂടെ മാത്രമേ കാണൂ എന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?

കാളയുടെ പ്രശ്നങ്ങള്‍ നമ്മള്‍ നോക്കിക്കാണേണ്ടത് കാളക്കണ്ണിലൂടെയാണ്. കാള പ്രസവിക്കരുത് എന്നുള്ളത് മനുഷ്യന്റെ ഒരു വൃത്തികെട്ട ശാഠ്യമാണ്. ഒരു കാളയും അങ്ങനെ നിര്‍ബന്ധം പിടിച്ചതായി അറിയില്ല."

"അപ്പോള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കരുതെന്ന് പറയുന്ന പഴഞ്ചൊല്ല് ഇതോടെ അപ്രസക്തമാവുകയാണ്, അല്ലെ?.

..ഹ..ഹ...ഹ" "..ഹ..ഹ..ഹ..അതെ. പല പഴഞ്ചൊല്ലുകളും കാലഹരണപ്പെടുകയാണ്. ഇനി പുതിയ പഴഞ്ചൊല്ലുകളെയാണ് ആവശ്യം...ഹ..ഹ..ഹ"

ഇതോടെ വാര്‍ത്ത കഴിഞ്ഞു. വാര്‍ത്ത കിടന്ന ചാനലില്‍ പൂട പോലുമില്ല. യഥാര്‍ഥത്തില്‍ കാളയായിരുന്നില്ല, കാളിയായിരുന്നു പ്രസവിച്ചത്!

ഇത് അറിഞ്ഞഭാവം പോലും നടിക്കാതെ ചാനല്‍ അടുത്ത വേട്ടക്കിറങ്ങി. പ്രതികരണാത്മാക്കള്‍ അടുത്ത ചാനലില്‍ ചാടിക്കയറി.ഗ്വാട്ടിമാലയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്

അഭിപ്രായം പറഞ്ഞു തുടങ്ങി. ഒരേ സമയം പല ചാനലില്‍ കയറി പ്രതികരണാത്മാക്കള്‍ ചിലപ്പോള്‍ കാണികളെ അത്ഭുതപരതന്ത്രരാക്കിക്കളയും. പാലമരത്തില്‍ യക്ഷി കയറുന്ന പോലെയാണ് പ്രതികരണാത്മാക്കള്‍ ചാനലില്‍ ചാടിക്കയറുന്നത്. മുടിയില്‍ കറുത്ത ചായവും തേച്ച്, മുഖത്ത് പൗഡറും പൂശി അന്തിയാവുമ്പോള്‍ ഇറങ്ങി നില്‍ക്കും. തൊട്ടുകൂട്ടാന്‍ ഒരു ചിരിയും. ഏതെങ്കിലും ചാനലുകാരന്‍ വിളിച്ചുകൊണ്ടു പോവും. വൈദ്യശാലയില്‍ അരിഷ്ടം കുപ്പിയിലാക്കി വെച്ചിരിക്കുന്ന പോലെയാണ് ചാനലുകാര്‍ പ്രതികരണാത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ അസുഖത്തിനും ഒരേ അരിഷ്ടമല്ല. വായുവിന് ജീരകാരിഷ്ടം, ഊര്‍ജത്തിന് ദശമൂലാരിഷ്ടം. അതുപോലെ ഓരോ വിഷയത്തിനും പ്രത്യേകം പ്രതികരണാത്മക അരിഷ്ടങ്ങളുണ്ട്. വിഷയമനുസരിച്ച് ചാനലുകാര്‍ അരിഷ്ടമെടുക്കും. ബാലചികില്‍സക്കാരനെ വിഷ ചികില്‍സക്ക് വിളിക്കില്ലല്ലോ.

എന്നാല്‍ ചില പ്രതികരണാത്മാക്കള്‍ നാട്ടുമ്പുറത്തെ പലചരക്കുകട പോലെയാണ്. എന്തുചോദിച്ചാലും ഇത്തിരി കിട്ടും. എല്ലാ സാധനങ്ങളും ഒന്നൊന്നരക്കിലോ അവര്‍ മേടിച്ചു വച്ചിട്ടുണ്ടാവും. അത്യാവശ്യക്കാരെ നിരാശപ്പെടുത്തരുതല്ലൊ. അതുപോലെ അത്യാവശ്യത്തിന് ഓടിവരുന്ന ചാനലുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാം ഇത്തിരി കരുതിവച്ചിരിക്കുന്ന പ്രതികരണാത്മാക്കളുണ്ട്. മനസ്സുകൊണ്ട് പോലും നമ്മള്‍ അവരെ പരിഹസിക്കരുത്. നമ്മെ നേര്‍വഴിക്ക് നടത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നവരാണ് അവര്‍ . ഒരുമ്പെട്ടവര്‍ എന്നു ചുരുക്കിപ്പറയാം. ധര്‍മസംസ്ഥാപനത്തിന് അവതാരരൂപം പ്രാപിച്ച് ഇറങ്ങി വരുന്ന പരംപൊരുളുകള്‍ . ദര്‍ഭ വിരിച്ച്, അര്‍ഘ്യം നല്‍കി അവരെ സ്വീകരിച്ചാലും. പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ജപിച്ച് പ്രതികരണാത്മാകളെ സ്തുതിച്ചാലും. വിജ്ഞാനത്തിന്റെ കമണ്ഡലുവുമായി ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തീര്‍ഥയാത്രക്കിറങ്ങുന്ന ദേവര്‍ഷിമാരാണ് അവര്‍ .

സത്യം കണ്ടെത്താന്‍ ചാനലുകളില്‍ ഉഗ്രതപസ്സനുഷ്ഠിക്കുന്നവര്‍ .
സര്‍വസംഗ പരിത്യാഗികള്‍ .
നമ്മുടെ നന്മയെ കരുതി മാത്രം ജീവിക്കുന്നവര്‍ .
അവര്‍ വരുന്ന വഴികളില്‍ നമ്രശിരസ്കരായി നില്‍ക്കൂ;
അവരുടെ തൃപ്പാദങ്ങളില്‍ വീണ് നമസ്കരിക്കൂ;
അവര്‍ നമ്മെ അനുഗ്രഹിക്കട്ടെ.
കേരളം രക്ഷപ്പെടട്ടെ.

പ്രതികരണാത്മാക്കളെ...
പുണ്യാത്മക്കളെ...
അജ്ഞരും വിവരദോഷികളും അല്‍പ്പന്മാരും അസൂയക്കാരും
പ്രതികാര ദാഹികളുമായ ഞങ്ങളെ അനുഗ്രഹിക്കേണമേ...
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ...
ഇനി നിങ്ങള്‍ പറയുന്നത് മാത്രം കേട്ട്,
അനുസരിച്ച് ഞങ്ങള്‍ ജീവിച്ചോളാമേ..
. ഞങ്ങള്‍ക്ക് വേണ്ടി ചിന്തിക്കേണമേ...
ഞങ്ങള്‍ക്ക് വേറെ പണിയുണ്ടേ.....

*
എം എം പൗലോസ് ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് പ്രതികരണാത്മാക്കളിലേറെയും. അത്രയും നേരം ശല്യമൊഴിവാകുമല്ലൊ എന്നു കരുതി വീട്ടുകാരും ഇവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. നാട്ടിലും ഉപദ്രവം കുറയും. അല്ലെങ്കില്‍ ബോധവല്‍ക്കരണമെന്നെല്ലാം പറഞ്ഞ് ഏതെങ്കിലും മൈക്കിന്റെ മുന്നില്‍ തൂങ്ങിക്കിടക്കും. പുലര്‍ച്ചെ കോഴി കൂകിയാലേ പിടിവിടൂ. ഇത്തരം ജീവികളെ പല സ്ഥലത്തും കാണാം. വീട്ടില്‍ അത്യാവശ്യം കഞ്ഞി കുടിക്കാന്‍ വകയുള്ളതുകൊണ്ട് സൗകര്യമായി ജനത്തെ ഉദ്ധരിക്കാം. അരിക്കുള്ള വക അന്വേഷിച്ച് പോകേണ്ട. ചിന്തിക്കുന്ന മട്ടിലിരുന്ന് വിദഗ്ധാഭിപ്രായം പറഞ്ഞ് ശേഷിക്കുന്ന കാലം സുഖമായി കഴിച്ചുകൂട്ടാം. "പ്രശസ്ത ചിന്തകന്‍ , പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍" എന്നെല്ലാമുള്ള വിശേഷണം സൗജന്യമായി കിട്ടുകയും ചെയ്യും. അതോടെ കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ് എന്നിവരില്‍ തുടങ്ങി അഡോര്‍ണോ, ബാര്‍ത്തെസ്, സാര്‍ത്ര് വഴി സ്ലാവോജ് സിസെക്ക് വരെയുള്ള വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന മട്ടില്‍ ഞെളിഞ്ഞിരിക്കുകയും ചെയ്യാം.