Saturday, March 24, 2012

എന്തുകൊണ്ട് ഞാനൊരു ബ്യാരി?

"തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ പ്രൊഫ. ബി എം ഇച്ചിലങ്ങോട് ഡിഗ്രിക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ഓര്‍ക്കുന്നുണ്ട്. പ്രൊഫ. ഡി ഗുരുരാജ് ഭട്ട് ഒരിക്കല്‍ ക്ലാസില്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങള്‍ ഒരു ബ്യാരിയാണ്? ബ്യാരി എന്നൊരു സമുദായം യഥാര്‍ഥത്തില്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അന്ന് ബി എം ഇച്ചിലങ്ങോടിന് ഉത്തരമില്ലായിരുന്നു. എന്റെ അച്ഛന്‍ ബ്യാരിയാണ്, അതുകൊണ്ട് ഞാനും ബ്യാരിയാണ് എന്ന ലളിതമായ യുക്തികൊണ്ടാണ് അന്ന് അദ്ദേഹം പ്രൊഫസറുടെ ചോദ്യങ്ങളെ നേരിട്ടത്. പക്ഷേ ആ ചോദ്യം ഏറെക്കാലം അദ്ദേഹത്തിന്റെ സ്വാസ്ഥ്യം കെടുത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം അതാണ്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "The Bearys of Tulunad" എന്ന പുസ്തകം ബ്യാരി ഭാഷയെയും സാഹിത്യത്തെയുംകുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന അപൂര്‍വം ചില പുസ്തകങ്ങളിലൊന്നാണ്.

"ബ്യാര" ചെയ്യുന്നവനാരോ അവനാണ് ബ്യാരി. ബ്യാര എന്നാല്‍ വ്യാപാരി എന്നാണ് അര്‍ഥം. എഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ ഇറാന്‍ , ഇറാഖ്, സൗദി അറേബ്യ, സിറിയ തുടങ്ങിയ അറേബ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് കച്ചവടത്തിനായി മുസ്ലിങ്ങള്‍ തുളുനാട്ടിലെത്തി. വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കാസര്‍ക്കോട്ടെ ചന്ദ്രഗിരിപ്പുഴയുടെ തീരംവരെ നീണ്ടുകിടക്കുന്ന തീരപ്രദേശമായിരുന്നു തുളുനാട്. തുളുനാടന്‍ കടലിലെ ജലപാതകള്‍ നല്‍കിയ സഞ്ചാര സൗകര്യവും ഇവിടത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സുലഭമായിരുന്ന നെല്ലും സുഗന്ധദ്രവ്യങ്ങളുമാണ് അറബികളെ ഇങ്ങോട്ടാകര്‍ഷിച്ചത്. തീര്‍ത്തും കച്ചവട താല്‍പ്പര്യം മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. വളരെ വേഗംതന്നെ ഇവിടത്തെ ജനങ്ങളും അവരുടെ സംസ്കാരവുമായി ഇണങ്ങിച്ചേരാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ ഇവിടെ സ്ഥിരതാമസമാക്കി. മലയാളം, അറബിക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളുമായി നിരന്തര സമ്പര്‍ക്കത്തില്‍നിന്ന് പുതിയൊരു ഭാഷ പിറവികൊണ്ടു. അതാണ് ബ്യാരി.

ഷാഫി വിഭാഗത്തില്‍പ്പെട്ട മുസ്ലിം സമുദായം മാത്രമല്ല ഹിന്ദുക്കളായ ബെളിച്ചട, ബോവി സമുദായത്തില്‍പ്പെട്ടവരും ബ്യാരിഭാഷ സ്വായത്തമാക്കുകയും സംസാരഭാഷയായി സ്വീകരിക്കുയും ചെയ്തു. അധികാരം പിടിച്ചെടുക്കാനോ മതപരിവര്‍ത്തനത്തിനോ വേണ്ടി പില്‍ക്കാലത്തെത്തിയ മുസ്ലിങ്ങളില്‍ (മാപ്പിളമാര്‍) നിന്ന് വ്യത്യസ്തമായ ജീവിത രീതിയും സംസ്കാരവുമാണ് ബ്യാരികള്‍ക്കുള്ളത്. തുളുവിനെപ്പോലെ ബ്യാരിഭാഷക്കും ലിഖിതസാഹിത്യമില്ല. ഡോ. കെ വി രമേഷ്, ഡോ. വെങ്കട രാജപുണിഞ്ചിത്തായ തുടങ്ങിയ ഭാഷാ ഗവേഷകരുടെ ശ്രമഫലമായി തുളു ലിപി കണ്ടെത്തിയിട്ടുണ്ട്.

1980 ഒക്ടോബര്‍ രണ്ടിന് "ഉദയവാണി" പത്രത്തില്‍ അനന്തപുരം ശാസനം പ്രസിദ്ധീകൃതമായി. അനന്തപുരം ക്ഷേത്രത്തില്‍ സ്ഥാപിതമായ തുളുഭാഷാ ശാസനം തുളുലിപിയില്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലേതാണ് ഈ ശാസനം. ബ്യാരിഭാഷക്കും ലിപിയുണ്ടായിരുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. "ബട്ടെ ബരഹ" എന്നാണ് ലിപിയുടെ പേര്. ബട്ടെ എന്നാല്‍ തുണി. തുണിയെഴുത്ത്. മലബാറിലെ ജനങ്ങളുടെ സംസ്കാരമാണ് മാപ്പിളമാരെ സ്വാധീനിച്ചത്. അതും വളരെ ചെറിയ തോതില്‍ . എന്നാല്‍ തുളുനാടന്‍ സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്നവരാണ് "ബ്യാരി"കള്‍ . ഭൂമിയിലെ ഓരോ ജീവജാലവും പരമകാരുണികനായ ദൈവത്തിന്റെ സൃഷ്ടിയാണെന്നും സമഭാവനയോടുകൂടി മാത്രമേ അന്യോന്യം പെരുമാറാന്‍ പാടുള്ളുവെന്നും ബ്യാരികള്‍ വിശ്വസിച്ചു. അന്യമതക്കാരനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിക്കാന്‍ കഴിയാത്തവന് ദൈവം മാപ്പു കൊടുക്കുകയില്ല. കുമ്പളയ്ക്കടുത്ത ആനിക്കാടിയില്‍ ആലിച്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. ആലി എങ്ങനെ ആലിച്ചാമുണ്ഡിയായെന്ന് തുളുതെയ്യത്തോറ്റങ്ങളായ പാഡ്ദണകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

അതുപോലെ ബബ്ബരിയന്‍ തെയ്യത്തിന്റെ തോറ്റത്തില്‍നിന്ന് ബ്യാരികളെക്കുറിച്ച് കൂടുതലറിയാം. സുലിക്കല്ല് മുറവ, ബീട്ടിപാത്തുമ്മ ദമ്പതികള്‍ക്ക് ഏഴു മക്കള്‍ . കായിരി, കലസപ്പ, ഗെണ്ടബൊമ്മയ്യ, സീംകിരി സുവണെ, സുമുണെ അഗന്തെ, സരസപൊളി, സുണ്ണജാനു നായക. ഈ ഏഴുപേരില്‍ ഒരാളാണ് ബബ്ബരിയന്‍ . ബ്യാരി ദമ്പതികള്‍ ഏഴു മക്കളെയും ഏഴുതാനും വായിക്കാനും പഠിപ്പിച്ചു. പിന്നീടവര്‍ കച്ചവടത്തിനായി ഇറങ്ങുന്നു. വളരെ രസകരമായ കഥയാണ് ഈ തെയ്യത്തിന്റെ പാഡ്ദണയില്‍ ഉള്ളത്. ബബ്ബരിയന്‍ ബ്യാരി "ബിറ്മേര്" ദേവനില്‍ ലയിച്ചതായാണ് കഥ. ബൊമ്മയ്യനാണ് ബബ്ബരിയന്‍ ആയതെന്ന് പറയപ്പെടുന്നു.

സി രാഘവന്റെ "തുളു: നാടും ഭാഷയും നാട്ടറിവും" എന്ന പുസ്തകത്തില്‍ പാഡ്ദണകളെക്കുറിച്ചുള്ള വിശദപഠനങ്ങളുണ്ട്. മാപ്പിളമാരുടേതില്‍നിന്ന് വ്യത്യസ്തമാണ് ബ്യാരികളുടെ വിവാഹച്ചടങ്ങുകള്‍ . കൂര്‍ഗിലെ കൊടവരുടെ വിവാഹച്ചടങ്ങുകളോടാണ് ഇതിന് സാമ്യം. ബ്യാരികള്‍ക്ക് "ഇല്ല"ങ്ങളുണ്ട്. ഒരേ ഇല്ലങ്ങളില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹം പാടില്ല. അഞ്ചില്ലം, പാട്ടില്ലം, അപ്പാട്ടിഇല്ലം എന്നിങ്ങനെ പത്തോളം ഇല്ലങ്ങളുണ്ട്. അമ്മയുടെ ഇല്ലമാണ് മക്കളുടെയും ഇല്ലം. മംഗലാപുരത്ത് 16 ഫ്യൂഡല്‍ ബ്യാരി കുടുംബങ്ങളുണ്ട്. ഫ്യൂഡല്‍ സമ്പ്രദായം ഇന്നും ഈ വീടുകളില്‍ കാണാം. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വീട്ടില്‍ കയറ്റില്ല. അവരെ സ്പര്‍ശിക്കാന്‍ പാടില്ല. ഇത് ഇസ്ലാം രീതിയല്ല. തുളുനാടന്‍ രീതിയാണ്. തുളു സംസ്കാരം എത്രത്തോളം "ബ്യാരി"കളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകളാണിതൊക്കെ. മലബാറില്‍ മതപ്രചാരണവും മതപഠനവും കൃത്യമായി നടന്നിരുന്നു. എന്നാല്‍ തുളുനാട്ടില്‍ അതുണ്ടായില്ല. അതുകൊണ്ട് മതപഠനത്തിന് ബ്യാരികള്‍ക്ക് മാപ്പിളമാരെ ആശ്രയിക്കേണ്ടിവന്നു. മദ്രസയെയും പള്ളികളെയും നിയന്ത്രിച്ചിരുന്നത് മാപ്പിളമാരായിരുന്നു. അതുകൊണ്ട് ബ്യാരികള്‍ക്ക് രണ്ടാംതരം പൗരന്മാരെപ്പോലെ കഴിയേണ്ടിവന്നു. "ബ്യാരി"യെന്ന് വെളിപ്പെടുത്താന്‍തന്നെ അവര്‍ മടികാണിച്ചു. വീടുകളില്‍മാത്രം ബ്യാരിഭാഷ സംസാരിക്കാന്‍ തുടങ്ങി. ബ്യാരി ഭാഷയുടെയും സാഹിത്യത്തിന്റെയും തകര്‍ച്ചക്ക് ഇത് കാരണമായി. 1997 ല്‍ ബംഗളൂരു നഗരത്തിലെ പാലസ്ഗ്രൗണ്ടില്‍ "ബ്യാരി"കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. അയ്യായിരത്തിലധികം ബ്യാരികള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. ബ്യാരിഭാഷയില്‍ അഭിമാനം കൊള്ളണമെന്നും വീട്ടിനകത്തു മാത്രമല്ല പുറത്തും ബ്യാരിഭാഷ ഉപയോഗിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സാഹിത്യലോകത്തില്‍ ബ്യാരിഭാഷ അംഗീകരിക്കപ്പെടണമെന്നും ബ്യാരി സംസ്കാരവും കലയും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തരും അഭിമാനബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ധാരണയായി.

1998 ല്‍ മംഗലാപുരം ടൗണ്‍ഹാളില്‍ ചേര്‍ന്ന സാഹിത്യ സമ്മേളനമാണ് ബ്യാരി സാഹിത്യ അക്കാദമി രൂപീകരിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ മുമ്പില്‍വച്ചത്. ബണ്ട്വാളിലും ഉടുപ്പിയിലും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടന്നു. 2007ല്‍ ചിക്മഗളൂരുവില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമിയാണ് അക്കാദമി രൂപീകരിക്കുമെന്ന ഉറപ്പ് നല്‍കിയത്. അക്കാദമി യാഥാര്‍ഥ്യമായത് 2009 ല്‍ . എം ബി അബ്ദുള്‍റഹ്മാന്‍ ചെയര്‍മാനായി നിയമിതനായി. 40 ലക്ഷം രൂപയാണ് അക്കാദമിയുടെ നടത്തിപ്പിനുവേണ്ടി നല്‍കുന്ന വാര്‍ഷിക ഗ്രാന്റ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനാര്‍ഹമായ കുറേ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അക്കാദമിക്കു കഴിഞ്ഞു. ദഫ്മുട്ട്, ഒപ്പനപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വീടുകൂടല്‍പാട്ട്, പുതിയ പെണ്ണുപാട്ട്, മയിലാഞ്ചി മംഗലം, കോല്‍ക്കളി തുടങ്ങിയ ബ്യാരി കലാരൂപങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി മുന്‍കൈയെടുത്തു. യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളുണ്ടായെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ അക്കാദമിക്കു കഴിഞ്ഞു. ഭാഷാസ്നേഹവും രാജ്യസ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യേക പരിപാടികള്‍ സ്കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് പരിശീലിപ്പിച്ച് നാടെങ്ങും പ്രദര്‍ശിപ്പിച്ചു. "ബില്‍ക്കിരി" (വിളക്ക്) എന്ന പേരില്‍ ഒരു ത്രൈമാസികം പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ബ്യാരിഭാഷയിലെഴുതാന്‍ ധാരാളം എഴുത്തുകാര്‍ മുന്നോട്ടുവന്നു.

2010ല്‍ നടന്ന വനിതാ സമ്മേളനത്തില്‍ രണ്ടായിരത്തിലധികം ബുര്‍ക്ക ധരിച്ച സ്ത്രീകള്‍ പങ്കെടുത്തു. എഴുത്തിന്റെയും ജ്ഞാനസമ്പാദനത്തിന്റെയും മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം യോഗം ചര്‍ച്ചചെയ്തു. കൊങ്കിണി, കൊടവ, തുളു അക്കാദമികളുടെ ഭാരവാഹികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 62 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തി. ഈയിടെ ബ്യാരി സാഹിത്യ അക്കാദമി സ്ഥാനമൊഴിഞ്ഞ എം ബി അബ്ദുള്‍ റഹ്മാനെ കണ്ടപ്പോള്‍ "ബ്യാരി" സിനിമയെക്കുറിച്ച് ചോദിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയൊടൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്രെ. ഒന്നാന്തരം സിനിമയാണെന്ന് അദ്ദേഹം പഞ്ഞു. പക്ഷേ അന്ന് ആകെ തിയേറ്ററിലുണ്ടായിരുന്നത് പന്ത്രണ്ടുപേര്‍ മാത്രം. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള അല്‍ത്താഫ് ഹുസൈന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ ചിത്രം നിര്‍മിച്ചത്. വേണ്ടത്ര പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതില്‍ അതിയായ ദുഃഖമുണ്ട്. അവാര്‍ഡ് കിട്ടിയതുകൊണ്ട് ഒരുപക്ഷേ തിയേറ്ററുകളില്‍ സിനിമയുടെ രണ്ടാംവരവുണ്ടായാല്‍ നല്ല പ്രതികരണമുണ്ടായേക്കും.

എന്തുകൊണ്ട് ഞാനൊരു ബ്യാരിയാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന രീതിയിലേക്ക് സമൂഹത്തിലെ ഓരോ വ്യക്തിയെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബ്യാരി സാഹിത്യ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "ബിഡു ഗഡെ ദാരി" എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവുകൂടിയായ എം ബി അബ്ദുള്‍ റഹ്മാന്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. ബ്യാരിഭാഷ സ്നേഹത്തിന്റെ ഭാഷയാണ്. ബ്യാരി സംസ്കാരം സൗഹൃദത്തിന്റെ സംസ്കാരമാണ്. വെളിച്ചത്തിലേക്കും നന്മയിലേക്കുമാണ് അതിന്റെ പ്രയാണം.

*
പി വി കെ പനയാല്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ പ്രൊഫ. ബി എം ഇച്ചിലങ്ങോട് ഡിഗ്രിക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ഓര്‍ക്കുന്നുണ്ട്. പ്രൊഫ. ഡി ഗുരുരാജ് ഭട്ട് ഒരിക്കല്‍ ക്ലാസില്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങള്‍ ഒരു ബ്യാരിയാണ്? ബ്യാരി എന്നൊരു സമുദായം യഥാര്‍ഥത്തില്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അന്ന് ബി എം ഇച്ചിലങ്ങോടിന് ഉത്തരമില്ലായിരുന്നു. എന്റെ അച്ഛന്‍ ബ്യാരിയാണ്, അതുകൊണ്ട് ഞാനും ബ്യാരിയാണ് എന്ന ലളിതമായ യുക്തികൊണ്ടാണ് അന്ന് അദ്ദേഹം പ്രൊഫസറുടെ ചോദ്യങ്ങളെ നേരിട്ടത്. പക്ഷേ ആ ചോദ്യം ഏറെക്കാലം അദ്ദേഹത്തിന്റെ സ്വാസ്ഥ്യം കെടുത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം അതാണ്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "The Bearys of Tulunad" എന്ന പുസ്തകം ബ്യാരി ഭാഷയെയും സാഹിത്യത്തെയുംകുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന അപൂര്‍വം ചില പുസ്തകങ്ങളിലൊന്നാണ്.