Sunday, March 18, 2012

കാവലാള്‍

"നിങ്ങളുടെ പരമവീര ചക്രങ്ങള്‍ക്ക് കൊരുക്കാന്‍ കഴിയാത്തവര്‍" എന്ന് കെ ജി ശങ്കരപ്പിള്ള വിപ്ലവകാരികളെ വിശേഷിപ്പിക്കുന്നുണ്ട് ഒരു കവിതയില്‍ . അതുപോലെ അവാര്‍ഡുകളുടെ പകിട്ടുകള്‍ക്ക് കൊരുക്കാന്‍ കഴിയാത്ത ഒരാളുണ്ട് തമിഴര്‍ക്കിടയില്‍ . ആദ്യനോവലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം. അവാര്‍ഡ് സമിതിക്കുമുമ്പേ വായനക്കാര്‍ നോവലിന്റെ ഗാംഭീര്യം തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്കുള്ളില്‍ പന്തീരായിരത്തിലേറെ കോപ്പിയുടെ വില്‍പ്പന. സമീപകാല തമിഴ് സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയെന്ന നിരൂപക പ്രശംസ. "കാവല്‍കോട്ടം" എന്ന നോവലിന്റെ ചെറിയൊരു ഖണ്ഡം സിനിമയായി തിയറ്ററിലെത്തി.

ഏത് എഴുത്തുകാരനെയും അസൂയപ്പെടുത്തുന്ന നേട്ടത്തിനുടമയായ സു വെങ്കടേശന് പക്ഷേ സ്വീകരണങ്ങള്‍ക്കും ടെലിവിഷന്‍ അഭിമുഖങ്ങള്‍ക്കും വലിയ താല്‍പ്പര്യമില്ല; നേരവുമില്ല. മുന്‍ഗണനാക്രമത്തില്‍ അതിനൊക്കെ ഏറെ പിന്നിലാണ് സ്ഥാനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മീനാക്ഷി കോവിലിന്റെ ശില്‍പ്പഭംഗിയില്‍ അന്തിച്ചു നില്‍ക്കുന്ന നമ്മില്‍ പലര്‍ക്കും നന്നായറിയാത്ത മധുരയുടെ, തമിഴകത്തിന്റെ ജീര്‍ണിച്ച മറ്റൊരു മുഖവുമായാണ് ഈ മനുഷ്യന്‍ സംവദിക്കുന്നത്. നീര്‍ക്കോലിയും തവളയും പുളയ്ക്കുന്ന ക്ഷേത്രക്കുളങ്ങളിലും നായും കഴുതയും ഉല്ലസിക്കുന്ന ക്ഷേത്രവീഥികളിലും ദളിതന് പ്രവേശനം നിഷേധിക്കുന്ന നീതിബോധത്തിന്റെ നെറുക പിളര്‍ക്കുന്ന സമരങ്ങള്‍ നയിക്കുന്ന തിരക്കിലാണ് അദ്ദേഹം. മധുരയിലെ സാധാരണ ജനങ്ങള്‍ക്ക് സു വെങ്കടേശന്‍ എഴുത്തുകാരനല്ല. ദളിതരുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ അതിശക്തമായി ഇടപെടുന്ന നേതാവാണ് അദ്ദേഹം. രണ്ടു തരം ഗ്ലാസുള്ള ചായക്കടകളും ദളിതര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം റേഷന്‍കടകളും ഉള്ള നാട്ടില്‍ എഴുത്തുകാര്‍ക്കെന്നല്ല, ആര്‍ക്കും സമരം ചെയ്യാതിരിക്കാനാകില്ലെന്ന് സിപിഐ എം മധുര ജില്ലാ സെക്രട്ടറിയറ്റ് അംഗമായ വെങ്കടേശന്‍ പറയുന്നു.

കുടിവെള്ളത്തിന് സമരംചെയ്ത് രക്തസാക്ഷിയാകേണ്ടിവന്ന ലീലാവതിയുടെ നാട്ടിലെ സമരങ്ങളുടെ മുന്‍നിരയിലാണ് സു വെയുടെ സ്ഥാനം. എഴുത്തുകാരന് രാഷ്ട്രീയം പാടില്ലെന്നും അത് ഹൃദയച്ചുരുക്കമുണ്ടാക്കുമെന്നുമുള്ള പഴഞ്ചന്‍ വിധിതീര്‍പ്പിനെ അപ്രസക്തമാക്കുകയാണ് വെങ്കടേശന്‍ . വരൂ, ഈ തെരുവിലെ രക്തം കാണൂ എന്ന് വിളിച്ചു പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായതുകൊണ്ടു മാത്രമാണ് 1058 പേജുള്ള ചരിത്രാഖ്യായിക രചിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറയുന്നു. തമിഴ്നാട് മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ (പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം) ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രസംഗകനുമാണ്് ഈ നാല്‍പ്പത്തൊന്നുകാരന്‍ . സംഘം നേതാക്കളില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന രണ്ടാമന്‍ . രണ്ടുവര്‍ഷംമുമ്പ് വൈസ് പ്രസിഡന്റ് മേലാണ്‍മൈ പൊന്നുച്ചാമിക്ക് ലഭിച്ചു ഇതേ പുരസ്കാരം. നാഗപട്ടണത്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഇടവേളയില്‍ നോവലിനെക്കുറിച്ചും എഴുത്താളര്‍ സംഘത്തെക്കുറിച്ചും സു വെ ഏറെ പറഞ്ഞു. 1310 മുതല്‍ 1910 വരെ 600 വര്‍ഷത്തെ മധുര നഗരത്തിന്റെ ചരിത്രമാണ് "കാവല്‍കോട്ട"ത്തിന്റെ പശ്ചാത്തലം. രാജാക്കന്മാരും ബ്രിട്ടീഷുകാരും അധികാരം പിടിച്ചെടുത്ത കഥയല്ല. പടയോട്ടങ്ങളിലും അധികാരത്തിന്റെ പങ്കുവയ്ക്കലുകളിലും കാണാതെ പോയ കീഴാളരുടെ വേദനയാണ്. നായ്ക്കര്‍ രാജവംശത്തിലെ എട്ടാമന്‍ തിരുമലൈ നായ്ക്കര്‍ 1655ല്‍ അധികാരമേറ്റശേഷം നഗരപ്രാന്തത്തിലെ താതനൂര്‍ ഗ്രാമവാസികള്‍ക്കായിരുന്നു നഗരത്തിന്റെ കാവല്‍ച്ചുമതല. 1850ല്‍ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായതോടെ മധുരയില്‍ പുതിയ പൊലീസിങ് സംവിധാനവും നീതിന്യായവ്യവസ്ഥയുമായി. ഇതോടെ പ്രാദേശിക പൊലീസായ താതനൂരിലെ പിരമലൈ കല്ലര്‍ എന്ന ഗോത്രത്തെ ബ്രിട്ടീഷുകാര്‍ കുറ്റവാളി ഗോത്രമായി മുദ്രകുത്തി; കൂട്ടത്തോടെ ജയിലിലിട്ടു. മോചിതരായവര്‍ക്ക് പിന്നെയും പീഡനം. രാത്രി പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കണം. പുലരുംവരെ അവിടെ കഴിയണം. ഇതാണ് നോവലിന്റെ ചരിത്ര പശ്ചാത്തലം. പ്രാദേശിക ചരിത്രരചനാ സങ്കേതമാണ് സ്വീകരിച്ചത്. ഓറല്‍ ഹിസ്റ്ററിയില്‍ ഊന്നി അന്വേഷണം. നാടോടി കലകളിലും പാട്ടുകളിലുമുള്ള ചരിത്രസന്ദര്‍ഭങ്ങള്‍ കണ്ടെത്തി. മിത്തുകള്‍ ആഴത്തില്‍ പഠിച്ചു. ആര്‍ക്കൈവ്സിലും മുങ്ങിത്തപ്പി. ഗ്രാമീണരുമായി നിരന്തരം സംസാരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകനായതുകൊണ്ടുമാത്രം സാധിച്ച കാര്യം. രാഷ്ട്രീയക്കാരനല്ലാത്ത ഒരാള്‍ക്ക് ഇന്ന് ഇത്തരമൊരു നോവല്‍ എഴുതാന്‍ കഴിയില്ല. സ്വദേശമായ തിരുപ്പറക്കുണ്‍ട്രത്തുനിന്ന് 2006ല്‍ നിയമസഭയിലേക്ക് മത്സരിച്ചതും നല്ല അനുഭവമായി. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും വേര്‍പിരിവുകളും കൂടിച്ചേരലുകളും രചനയില്‍ എങ്ങനെ വിന്യസിക്കണമെന്നതായിരുന്നു ആദ്യ വെല്ലുവിളി. എഴുതുമ്പോള്‍ ഏറെ ശ്രദ്ധ വേണ്ടിവന്നു.

600 വര്‍ഷത്തെ ചരിത്രം പറയുമ്പോള്‍ സ്വാഭാവികമായും വിരസതയുണ്ടാകും. ഫിക്ഷന്‍ നഷ്ടപ്പെടുകയും ചെയ്യും. ഫിക്ഷനില്‍ ഊന്നുമ്പോള്‍ ചരിത്രപരത നഷ്ടപ്പെടുകയുമരുത്. ഈ പ്രശ്നങ്ങള്‍ ഇല്ലെന്നുറപ്പാക്കി. പത്തു വര്‍ഷം വേണ്ടി വന്നു എഴുതിത്തീര്‍ക്കാന്‍ . ഹെവാഡ് സിന്നിന്റെ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് അമേരിക്ക, അലക്സ് ഹേലിയുടെ റൂട്ട്സ്, ജ്ഞാനപീഠം ജേതാവായ ഉര്‍ദു എഴുത്തുകാരി കുര്‍ അതുല്‍ ഐന്‍ ഹൈദറുടെ അഗ്നിനദി (ആഗ് കി ദരിയ), മാസി വെങ്കടചെല്ലയ്യയുടെ ചിക്ക വീര രാജേന്ദ്ര, അധീന്‍ ബന്ദോപാധ്യായയുടെ നീലകണ്ഠപറവൈയെ തേടി എന്നിവയുടെ ആവര്‍ത്തിച്ചുള്ള വായന പ്രചോദിപ്പിച്ചു. മധുരയുടെ ചരിത്രം ആഴത്തില്‍ പഠിച്ചെങ്കിലും അക്കാദമിക് തലത്തില്‍ ചരിത്രം പഠിച്ചിട്ടില്ല. ബിരുദം കൊമേഴ്സില്‍ . കാവല്‍കോട്ടം പതിമൂന്നാമത്തെ പുസ്തകം. മുമ്പ് കവിതകളും സംസ്കാരത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും പുസ്തകമാക്കി. കാവല്‍ക്കോട്ടത്തിലെ ഒരു കഥ "അറവാന്‍" എന്ന പേരില്‍ വസന്ത ബാലന്‍ സിനിമയാക്കി. "അങ്ങാടിത്തെരു" എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് വസന്ത ബാലന്‍ . പശുപതിയും ആദിയും അഞ്ജലിയും അര്‍ച്ചന കവിയുമൊക്കെ അഭിനയിക്കുന്നു. തമിഴരെ പുസ്തക വായന ശീലിപ്പിക്കുകയാണ് മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ ഇപ്പോഴത്തെ ദൗത്യം. ചിന്നപ്പ ഭാരതി, സെല്‍വരാജ്, തമിഴ്ചെല്‍വന്‍ , മേലാണ്‍മൈ പൊന്നുച്ചാമി, അരുണന്‍ , ഉദയശങ്കര്‍ , ആദവന്‍ തുടങ്ങിയ മുന്‍നിര എഴുത്തുകാരാണ് സംഘത്തെ നയിക്കുന്നത്. പ്രളയന്‍ , ജെ യേശുദാസ്, തിരുവുടയാര്‍ , കരുണാനിധി, രാജേശ്വരി, കുപ്പദേവരാജ്, ബവ ചെല്ലദുരൈ, രാമു, ഭഗത്സിങ് കണ്ണന്‍ , പ്രകൃതീശ്വരന്‍ തുടങ്ങിയ പ്രമുഖ നാടക- സിനിമാ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 18 മാര്‍ച്ച് २०१२

അധിക വായനയ്ക്ക്

പഴയ വിശ്വാസങ്ങളും പുതിയ നിയമങ്ങളും

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"നിങ്ങളുടെ പരമവീര ചക്രങ്ങള്‍ക്ക് കൊരുക്കാന്‍ കഴിയാത്തവര്‍" എന്ന് കെ ജി ശങ്കരപ്പിള്ള വിപ്ലവകാരികളെ വിശേഷിപ്പിക്കുന്നുണ്ട് ഒരു കവിതയില്‍ . അതുപോലെ അവാര്‍ഡുകളുടെ പകിട്ടുകള്‍ക്ക് കൊരുക്കാന്‍ കഴിയാത്ത ഒരാളുണ്ട് തമിഴര്‍ക്കിടയില്‍ . ആദ്യനോവലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം. അവാര്‍ഡ് സമിതിക്കുമുമ്പേ വായനക്കാര്‍ നോവലിന്റെ ഗാംഭീര്യം തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്കുള്ളില്‍ പന്തീരായിരത്തിലേറെ കോപ്പിയുടെ വില്‍പ്പന. സമീപകാല തമിഴ് സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയെന്ന നിരൂപക പ്രശംസ. "കാവല്‍കോട്ടം" എന്ന നോവലിന്റെ ചെറിയൊരു ഖണ്ഡം സിനിമയായി തിയറ്ററിലെത്തി.