Thursday, March 15, 2012

റഷ്യയില്‍ പുടിന്‍ തന്നെ

റഷ്യന്‍ പ്രസിഡന്‍റു തിരഞ്ഞെടുപ്പു ഫലം അല്‍പവും അപ്രതീക്ഷിതമായിരുന്നില്ല. 2011 ഡിസംബറില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വ്ളാദിമീര്‍ പുടിെന്‍റ പാര്‍ടി അട്ടിമറിയും കൃത്രിമവും നടത്തിയാണ് ഭൂരിപക്ഷം നേടിയത് എന്ന ആരോപണം പ്രതിപക്ഷം ഒന്നടങ്കം ഉന്നയിക്കുകയും അതില്‍ പ്രതിഷേധിച്ച് പുടിനെതിരെ റഷ്യന്‍ ജനത വലിയ തോതില്‍ തെരുവിലിറങ്ങുകയുംചെയ്തപ്പോഴും മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറിച്ചൊരു ജനവിധി ഉണ്ടാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. പരമാവധി രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നേക്കാം എന്നതിനപ്പുറം മറ്റൊരു നിഗമനത്തിലും ആര്‍ക്കും എത്താനാകുമായിരുന്നില്ല. മാത്രമല്ല, ഡിസംബറില്‍ പാര്‍ലമെന്‍റ് (ഡ്യൂമ) തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടര്‍ന്ന് നടന്ന വമ്പിച്ച ജനമുന്നേറ്റം ഫെബ്രുവരി 4ന് സംയുക്ത പ്രതിപക്ഷം ആഹ്വാനംചെയ്ത പ്രതിഷേധ പ്രകടനത്തില്‍ എത്തിയപ്പോള്‍ വേലിയിറക്കമാണ് ദര്‍ശിക്കാനായത്.

മാര്‍ച്ച് 4ന്റെ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പൂര്‍ണ്ണമായും എണ്ണിക്കഴിഞ്ഞപ്പോള്‍ പുടിന്‍ 63.6 ശതമാനം വോട്ടുനേടി വിജയിച്ചു. ഡിസംബറില്‍ പ്രതിഷേധ പ്രകടനം ആദ്യം പൊട്ടിപ്പുറപ്പെട്ട മോസ്കോവില്‍ മാത്രമാണ് പുടിന് 50 ശതമാനം വോട്ട് ലഭിക്കാതിരുന്നത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കമ്യൂണിസ്റ്റ്പാര്‍ടി നേതാവ് ഗെന്നഡി സ്യുഗാനോവിന് 18 ശതമാനം വോട്ടും പാശ്ചാത്യ അനുകൂല ലിബറല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ശതകോടീശ്വരനായ വ്യവസായി മിഖായേല്‍ പ്രൊഖൊറോവിന് 7.9 ശതമാനം വോട്ടും തീവ്രദേശീയവാദിയായ വ്ളാദിമീര്‍ ഷിറിനോവ്സ്കിക്ക് 6.2 ശതമാനം വോട്ടും സോഷ്യല്‍ ഡെമോക്രാറ്റുകളുടെ "ജസ്റ്റ് റഷ്യ" പാര്‍ടി സ്ഥാനാര്‍ത്ഥി സെര്‍ജി മിറാനോവിന് 3.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എല്ലാ പ്രതിപക്ഷ കക്ഷികളും ആഹ്വാനം ചെയ്തിരുന്നെങ്കിലും മത്സരത്തില്‍ പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നില്ല. അത് സാധ്യവുമായിരുന്നില്ല. പുടിന് വിജയിക്കാന്‍ രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടി വന്നിരുന്നെങ്കില്‍പോലും രണ്ടാം സ്ഥാനത്തെത്തിയ കമ്യൂണിസ്റ്റുകാരനായ സ്യുഗാനോവിനൊപ്പം അണിനിരക്കാന്‍ പരമാവധി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കേ കഴിയുമായിരുന്നുള്ളൂ. മറ്റു രണ്ട് കക്ഷികളുടെയും പിന്തുണ തേടാന്‍ പോലും കമ്യൂണിസ്റ്റ്പാര്‍ടിക്ക് കഴിയാത്തത്ര വലതുപക്ഷമാണ് അവ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും ക്രമക്കേടുകള്‍ നടന്നതായി വിശ്വസിക്കപ്പെടുന്നു.

ക്രമക്കേടുകള്‍ക്ക് ഭരണകക്ഷി തയ്യാറെടുക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ചില പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ മാര്‍ച്ച് 5ന് പ്രതിഷേധപ്രകടനം നടത്താന്‍ മുന്‍കൂട്ടിത്തന്നെ ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, മാര്‍ച്ച് 5ന്റെ പ്രകടനത്തിന് ഡിസംബറില്‍ നടന്ന പ്രകടനങ്ങളിലെ പങ്കാളിത്തമോ ഉശിരോ ഉണ്ടായിരുന്നില്ല എന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, അതില്‍ ഒരു വിഭാഗം അക്രമത്തിലേക്ക് തിരിഞ്ഞതായും കാണുന്നു. സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷക പ്രസ്ഥാനമായ ഗോലോസ് അവകാശപ്പെടുന്നത്, മൂവായിരത്തിലേറെ ക്രമക്കേടുകള്‍ നടന്നതായി പരാതി ലഭിച്ചതായാണ്; അവയില്‍ ഏറെയും ശരിയാണെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗോലോസ് സംഘടിപ്പിച്ച ബദല്‍ വോട്ടെണ്ണല്‍ പ്രക്രിയയിലും പുടിന് 50.3 ശതമാനം വോട്ട് ലഭിച്ചതായി ആ സംഘടന പറയുന്നു. ഇത് ഔദ്യോഗിക ഫലപ്രഖ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവാണെങ്കിലും ഒന്നാംവട്ടം തന്നെ പ്രസിഡന്‍റായി പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സാധ്യതയും വ്യക്തമാക്കുന്നു. ഡിസംബറില്‍ നടന്ന അത്രയും വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടില്ല എന്നും ഗോലോസ് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഔദ്യോഗിക സംവിധാനം, പ്രത്യേകിച്ചും ഔദ്യോഗികമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചരണം, പുടിന് അനുകൂലമായ ജനവിധിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്രമക്കേടുകളും അട്ടിമറിയും ചിലേടങ്ങളില്‍ നടന്നിട്ടുണ്ട് എന്ന പരാതിയും പാടെ അവഗണിക്കാനാവില്ല. പക്ഷേ, അതിന്റെ ബലത്തില്‍ മാത്രമാണ് പുടിന്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് വിലയിരുത്തുന്നത് പൂര്‍ണ്ണമായും ശരിയാവില്ല.

"കൗണ്ടര്‍ പഞ്ചി"ന്റെ ലേഖകന്‍ ഇസ്രയേല്‍ ഷമിര്‍ മാര്‍ച്ച് 2ന് എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്, അമേരിക്കയില്‍നിന്ന് ഹില്ലരി ക്ലിന്‍റണ്‍ നേരിട്ടെത്തി തിരഞ്ഞെടുപ്പ് നടത്തിയാലും പുടിന്‍ ജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാണ്. മാത്രമല്ല പല മാധ്യമങ്ങളും നടത്തിയ തിരഞ്ഞെടുപ്പ് സര്‍വെകളും എക്സിറ്റ്പോളുകളും വ്യക്തമാക്കിയതും പുടിന് 60 ശതമാനത്തിനടുത്ത് വോട്ട് ലഭിക്കാനിടയുണ്ടെന്നാണ്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏറെയും പുടിന് അനുകൂലമാണെന്നതാണ് യാഥാര്‍ത്ഥ്യം. 2008ല്‍ പുടിന് ഉണ്ടായിരുന്ന ജന പിന്തുണയില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും സാര്‍വത്രികമായ അംഗീകാരവും സ്വീകാര്യതയും നേടിയെടുക്കാനായില്ല. മറ്റൊന്ന് റഷ്യയിലെ സാമ്പത്തിക സ്ഥിതി, എണ്ണവില വര്‍ദ്ധനവ്മൂലം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. യൂറോപ്പിനെയാകെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ റഷ്യയില്‍ ഇല്ല. അതുകൊണ്ടുതന്നെ ജനപ്രിയമായ നടപടികള്‍ക്ക് വേണ്ടത്ര പണം ചെലവിടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മാത്രമല്ല, സാര്‍വദേശീയരംഗത്ത്, റഷ്യയുടെ വിദേശനയത്തിന്റെ കാര്യത്തില്‍ , പുടിന്‍ സ്വീകരിച്ച കര്‍ക്കശമായ അമേരിക്കന്‍ വിരുദ്ധ നിലപാട് അദ്ദേഹത്തിന് അനുകൂലമായ ഘടകം സൃഷ്ടിച്ചു.

ഫെബ്രുവരി 4ന് ഐക്യരാഷ്ട്രസഭയില്‍ സിറിയയ്ക്കെതിരായ പ്രമേയത്തെ ചൈനയോടൊപ്പം വീറ്റോ ചെയ്തത് പുടിെന്‍റ ജനപിന്തുണ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഫെബ്രുവരി ആദ്യവാരം പ്രധാന റഷ്യന്‍ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഭാവിപ്രവര്‍ത്തനപദ്ധതി സംബന്ധിച്ച രൂപരേഖയും പുടിന് അനുകൂലമാവുകയായിരുന്നു. കൂടുതല്‍ ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥ മേധാവിത്വത്തെ നിയന്ത്രിക്കുമെന്നും സാധാരണക്കാരായ ആളുകള്‍ക്കാകെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുമെന്നും പെന്‍ ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നും അതി സമ്പന്നര്‍ക്കുമേല്‍ അധികനികുതി ചുമത്തുമെന്നും വിദേശ കമ്പനികളെ നിരോധിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ക്കൊപ്പം ശക്തമായ പാശ്ചാത്യവിരുദ്ധ നിലപാടും ആയിരുന്നു പുടിെന്‍റ തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള രൂപരേഖ. സിറിയയുടെ കാര്യത്തില്‍ പുടിെന്‍റ ശക്തമായ ഇടപെടല്‍ , ലിബിയന്‍ പ്രശ്നത്തില്‍ റഷ്യ സ്വീകരിച്ചതില്‍നിന്നുള്ള വ്യതിയാനമാണ്. ലിബിയയെ സംബന്ധിച്ച പ്രമേയത്തിന് റഷ്യ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് റഷ്യന്‍ ജനതയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രസിഡന്‍റ് മെദ്വെദേവുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് അപ്പോള്‍തന്നെ ഭംഗ്യന്തരേണ വ്യക്തമാക്കാനും പുടിന്‍ മടിച്ചില്ല.

റഷ്യയിലെ പാശ്ചാത്യാനുകൂലികളും അതിസമ്പന്നരുമായ ഒരു വിഭാഗം, പ്രത്യേകിച്ചും ശതകോടീശ്വരന്മാരായ ബിസിനസുകാര്‍ , മെദ്വെദേവിനെ മുമ്പില്‍ നിര്‍ത്തി പുടിനെതിരെ കരുനീക്കത്തിന് ശ്രമിച്ചിരുന്നതായും പുടിന്‍ വിരുദ്ധ പ്രകടനത്തിനു പിന്നില്‍ ഈ ശക്തികളുടെ കൈയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്. ദോഷ്ദ് ടി വി സ്റ്റേഷെന്‍റയും ചില പത്രങ്ങളുടെയും ഉടമയായ മദാം സിന്‍ദീവാ, അവരുടെ ഭര്‍ത്താവും ബാങ്കുടമയുമായ അലക്സാണ്ടര്‍ വിനോകുറോവ്, ലണ്ടനിലെ "ഇന്‍ഡിപെന്‍ഡന്‍റ്" പത്രത്തിന്റെ ഇപ്പോഴത്തെ ഉടമയും നൊവായ ഗസറ്റ എന്ന റഷ്യന്‍ പത്രത്തിന്റെ ഉടമയുമായ ശതകോടീശ്വരനായ വ്യവസായി അലക്സാണ്ടര്‍ ലെബെദേവ്, ഇപ്പോള്‍ ലണ്ടനില്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ഉസ്ബെക് വംശജനും കൊമ്മര്‍സാന്‍റ് എന്ന റഷ്യന്‍ എണ്ണക്കമ്പനി ഉടമയുമായ അലി ഷെര്‍ ഉസ്മാനോവ് എന്നിവരാണ് മെദ്വെദേവിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതത്രെ. ഇവരുടെ വക്താവായി, മെദ്വെദേവുമായി അടുപ്പമുള്ള സമ്പന്നനും ബുദ്ധിജീവിയുമായ യുര്‍ഗെന്‍സ്, മെദ്വെദേവ് തന്നെ പ്രസിഡന്‍റായി തുടരണമെന്ന നിര്‍ദ്ദേശം ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മുന്നോട്ടുവെച്ചതും ശ്രദ്ധേയമാണ്. എന്നാല്‍ അതിനൊന്നും വഴിപ്പെടാനോ പുടിനുമായി അകലാനോ മെദ്വെദേവ് തയ്യാറായില്ലെങ്കിലും അതിനായി ഈ പ്രമാണിവര്‍ഗ്ഗം തയ്യാറാക്കിയ പ്രചരണയന്ത്രമാണ് പുടിന്‍ വിരുദ്ധ പ്രകടനങ്ങള്‍ക്കുപിന്നിലെ ഒരു ശക്തികേന്ദ്രം എന്ന നിഗമനം തള്ളിക്കളയാനാവാത്തതാണ്. പ്രതിഷേധ പ്രകടനക്കാര്‍ക്കു പിന്നിലുള്ള പാശ്ചാത്യശക്തികളുടെ ഇടപെടല്‍ കൂടുതല്‍ വ്യക്തമായി തുടങ്ങിയതോടെ, ആദ്യഘട്ടത്തില്‍ അതിനെ അനുകൂലിച്ചിരുന്ന പുരോഗമനവാദികളായ ജനവിഭാഗങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയത് പുടിന് അനുകൂലമായി. പ്രശസ്തരായ സിനിമാ സംവിധായകര്‍ , സംഗീതജ്ഞര്‍ , നടീനടന്മാര്‍ എന്നിവരെല്ലാം പുടിന് അനുകൂലമായി പ്രസ്താവനയുമായി അണിനിരന്നു. ദീര്‍ഘകാലം ന്യൂയോര്‍ക്കിലും പാരീസിലും പ്രവാസിയായി കഴിഞ്ഞിരുന്ന കവിയും വിപ്ലവകാരിയുമായ, നാഷണല്‍ ബോള്‍ഷെവിക് പാര്‍ടി സ്ഥാപകനും നേതാവുമായ എഡ്വേര്‍ഡ് ലിമൊണോവ് പുടിന്‍ ഭരണത്തിന്റെ ശക്തനായ വിമര്‍ശകനും അതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിരുന്നയാളുമാണ്.

ഡിസംബറിലെ പ്രതിഷേധ പ്രകടനങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്ത ലിമൊണോവ് അതിനു പിന്നിലെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞതോടെ അതില്‍നിന്ന് പിന്മാറിയവരില്‍ ശ്രദ്ധേയനാണ്. അദ്ദേഹം തെന്‍റ ബ്ലോഗില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു-"റഷ്യന്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കറുത്ത വര്‍ഷമായ 1991െന്‍റ പ്രേതം ബാധിച്ചവരാണ് അവര്‍ . 1991കാരാണ് സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ എന്നാണ് കരുതപ്പെടേണ്ടത്. സാധാരണക്കാരുടെ സമ്പാദ്യമാകെ കവര്‍ന്നെടുക്കപ്പെട്ടതിന്, ഷോക്തെറാപ്പിക്ക്, 1990കളിലെ ക്രിമിനല്‍ നടപടികള്‍ എല്ലാം ഉത്തരവാദികളായവര്‍ . ബൊളോത് നയാ മൂറില്‍ (2011ലെ പ്രതിഷേധ പ്രകടനം ആരംഭിച്ച സ്ഥലം) എല്ലാതരം ആളുകളും എത്തിയിരുന്നു എന്ന് ഞാന്‍ ആണയിടുന്നു. എന്നാല്‍ അതില്‍ ഇടത്തരക്കാര്‍ ചുരുക്കമായിരുന്നു. എന്നാല്‍ അത്യാര്‍ത്തിക്കാരായ ബൂര്‍ഷ്വാ നേതാക്കന്മാര്‍ പ്രതിഷേധിക്കാന്‍ സ്വയം സന്നദ്ധരായി ഇറങ്ങുകയാണുണ്ടായത്. പുതിയൊരു യജമാനവര്‍ഗ്ഗത്തിന്റെ വിളംബരപ്പെടുത്തലാണ് അവിടെ കണ്ടത്. പ്രതിഷേധിക്കാന്‍ ശേഷിയുള്ള ഒരേയൊരു ശക്തി തങ്ങളാണെന്ന് സസന്തോഷം അവര്‍ അവിടെ പ്രഖ്യാപിക്കുകയായിരുന്നു.....

ഇപ്പോള്‍ ഈ പ്രതിഷേധതരംഗം ഒന്നാകെ പാശ്ചാത്യാനുകൂല ലിബറലുകളുടെ കലാപമായി അടയാളപ്പെടുത്തപ്പെടുകയാണ്. ഫെബ്രുവരി 4ന് വ്യക്തമായും തെളിഞ്ഞതുപോലെ അത് ഒറ്റപ്പെടുത്തപ്പെടുകയുമാണ്". പുടിന്‍ വിരുദ്ധ കലാപത്തിനു പിന്നില്‍നിന്ന് ചരടുവലിക്കുന്നത് പാശ്ചാത്യ സാമ്രാജ്യത്വ താല്‍പര്യങ്ങളാണെന്ന തിരിച്ചറിവ് പുരോഗമന ശക്തികളെ-പുടിെന്‍റ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരായ നിലപാടുകള്‍ ഉള്ളപ്പോള്‍തന്നെ-ഇപ്പോഴത്തെ പ്രതിഷേധ പ്രസ്ഥാനത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പുടിനെ പുറത്താക്കുന്നതിനൊപ്പം കമ്യൂണിസ്റ്റുപാര്‍ടിയുടെയും മറ്റ് ഇടതുപക്ഷ ശക്തികളുടെയും വളര്‍ച്ചതടയലും ഈ നവലിബറല്‍ പ്രസ്ഥാനക്കാരുടെ ലക്ഷ്യമായി തിരിച്ചറിയപ്പെടുകയാണ്. സാമ്രാജ്യത്വശക്തികള്‍ക്കും ശതകോടീശ്വരന്മാര്‍ക്കുമെതിരായ പുടിെന്‍റ നിലപാടുകള്‍പോലും കമ്യൂണിസ്റ്റുപാര്‍ടിക്കും പുരോഗമന ശക്തികള്‍ക്കും അനുകൂലമായി വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ കണ്ടുള്ള അടവ് നയമായിട്ടാണ് കാണേണ്ടത്. റഷ്യന്‍ ജനതയുടെ ഇടതുപക്ഷാഭിമുഖ്യം വെളിപ്പെടുത്തുന്നതുതന്നെയാണ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എന്നതുപോലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും പാശ്ചാത്യാനുകൂലികളും തീവ്ര ദേശീയ വാദികളും ഉള്‍പ്പെടെയുള്ള വലതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടി.

*
ജി വിജയകുമാര്‍ ചിന്ത വാരിക 16 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റഷ്യന്‍ പ്രസിഡന്‍റു തിരഞ്ഞെടുപ്പു ഫലം അല്‍പവും അപ്രതീക്ഷിതമായിരുന്നില്ല. 2011 ഡിസംബറില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വ്ളാദിമീര്‍ പുടിെന്‍റ പാര്‍ടി അട്ടിമറിയും കൃത്രിമവും നടത്തിയാണ് ഭൂരിപക്ഷം നേടിയത് എന്ന ആരോപണം പ്രതിപക്ഷം ഒന്നടങ്കം ഉന്നയിക്കുകയും അതില്‍ പ്രതിഷേധിച്ച് പുടിനെതിരെ റഷ്യന്‍ ജനത വലിയ തോതില്‍ തെരുവിലിറങ്ങുകയുംചെയ്തപ്പോഴും മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറിച്ചൊരു ജനവിധി ഉണ്ടാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. പരമാവധി രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നേക്കാം എന്നതിനപ്പുറം മറ്റൊരു നിഗമനത്തിലും ആര്‍ക്കും എത്താനാകുമായിരുന്നില്ല. മാത്രമല്ല, ഡിസംബറില്‍ പാര്‍ലമെന്‍റ് (ഡ്യൂമ) തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടര്‍ന്ന് നടന്ന വമ്പിച്ച ജനമുന്നേറ്റം ഫെബ്രുവരി 4ന് സംയുക്ത പ്രതിപക്ഷം ആഹ്വാനംചെയ്ത പ്രതിഷേധ പ്രകടനത്തില്‍ എത്തിയപ്പോള്‍ വേലിയിറക്കമാണ് ദര്‍ശിക്കാനായത്.