Thursday, March 29, 2012

ഉത്തരം പറയേണ്ടിടത്ത് ദീനവിലാപമോ?

പ്രതിരോധമന്ത്രി എ കെ ആന്റണിയില്‍നിന്ന് രാജ്യം ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത് താന്‍ നല്ലവനാണെന്ന ദീനവിലാപ വിസ്താരമല്ല, മറിച്ച് മുമ്പേതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും 1400 കോടി രൂപയുടെ കുംഭകോണം പ്രതിരോധരംഗത്ത് നടപ്പാകുന്നതിന് നിഷ്ക്രിയത്വത്തിലൂടെ പച്ചക്കൊടി കാട്ടിയത് എന്തിന് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ്. ആ ഉത്തരം ഇല്ലാത്തതുകൊണ്ടാകണം രാജ്യസഭയില്‍ ആരുടെയും സഹതാപം പിടിച്ചുപറ്റാന്‍ പാകത്തില്‍ സ്വന്തം "വിശുദ്ധി"യെക്കുറിച്ച് അദ്ദേഹം ദീനമായി വിസ്തരിച്ചത്. എന്നാല്‍, ഈ വിലാപത്തില്‍ മുങ്ങിപ്പോയിക്കൂടാ രാജ്യത്തിന്റെ സുരക്ഷയുമായും അതിര്‍ത്തികാക്കുന്ന ലക്ഷക്കണക്കായ സൈനികരുടെ ജീവരക്ഷയുമായും ബന്ധപ്പെട്ട ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍. രേഖാമൂലം പരാതികിട്ടാതിരുന്നതുകൊണ്ടാണ് 1400 കോടി രൂപയുടെ ടാട്രാ ട്രക്ക് കുംഭകോണം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാതിരുന്നതും നടപടിയെടുക്കാതിരുന്നതും എന്ന ആന്റണിയുടെ വിശദീകരണം പ്രതിരോധമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുണ്ടാകേണ്ടതല്ല.

ആരാണ് മുമ്പില്‍ വന്നുനിന്ന് അഴിമതിക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് എന്നോര്‍ക്കണം. ഇന്ത്യയുടെ കരസേനാധിപനാണത്. അത്രമേല്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ വന്ന് ജീപ്പ് ഇടപാടില്‍ അഴിമതിയുണ്ടെന്നു പറഞ്ഞാല്‍ നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രിക്ക് വേറെന്താണ് വേണ്ടത്? അത് മുഖവിലയ്ക്കെടുത്ത് അന്വേഷണത്തിനുത്തരവിടുകയും താല്‍ക്കാലികാടിസ്ഥാനത്തിലെങ്കിലും അഴിമതി നടപ്പില്‍വരുത്തുന്നത് തടയുകയുമായിരുന്നില്ലേ വേണ്ടത്? അത് ചെയ്യേണ്ട എന്ന് ആന്റണിക്ക് തോന്നിയതെന്തുകൊണ്ടാണ്? രേഖാമൂലം പരാതി ലഭിക്കാതിരുന്നതുകൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ഇന്നുപറയുന്ന ആന്റണി രേഖാമൂലം പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണോ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരും ഒന്നും ഇപ്പോഴും എഴുതിക്കൊടുത്തിട്ടില്ലല്ലോ. കരസേനാമേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഴിമതിക്കാര്യം പറയുകയും ഇന്ത്യന്‍ മാധ്യമങ്ങളാകെ അത് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ നിവൃത്തിയില്ലാതെ അന്വേഷണത്തിനുത്തരവിട്ടു എന്നതല്ലേ സത്യം. കരസേനാമേധാവി ആദ്യഘട്ടത്തില്‍ത്തന്നെ അഴിമതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൗനത്തിലൂടെ അത് മൂടിവയ്ക്കാന്‍ നോക്കി. അഴിമതി ദേശീയവാര്‍ത്തയായി വന്നപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതല്ലേ സത്യം?

അഴിമതി കണ്ടാലത് അധികൃത ശ്രദ്ധയില്‍പ്പെടുത്താനും തടയാനും സാധാരണപൗരനുപോലും കടമയുണ്ട്. അത് ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ഇല്ലെന്നാണോ? നടപടിയുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് കരസേനാമേധാവി പറഞ്ഞതനുസരിച്ചാണ് തുടര്‍നടപടി ഉണ്ടാകാതിരുന്നത് എന്ന് ആന്റണി പറയുന്നു. ഇങ്ങനെ ഒരു കോഴവാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശ്രദ്ധയില്‍പ്പെടുത്തിയ ആളുടെ അനുമതി വേണോ നടപടിയെടുക്കാന്‍? ആന്റണിയുടെ ന്യായവാദങ്ങളൊന്നും സാമാന്യബുദ്ധിക്കുമുമ്പില്‍പ്പോലും വിലപ്പോകുന്നതല്ല. ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ "ഞാന്‍ തെറ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ശിക്ഷിക്കാം" എന്നൊക്കെ വൈകാരികഭാവത്തോടെ പറഞ്ഞ് വിനയാന്വിതനായി ഭാവിക്കുന്നത് സഭയില്‍ ഉണ്ടാകുന്ന വിമര്‍ശങ്ങളുടെ രൂക്ഷത കുറച്ചെടുക്കാനുള്ള മനഃശാസ്ത്രവിദ്യയാണ്; സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണ്; രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയിലാകെ കോണ്‍ഗ്രസ് ഒഴുക്കുന്ന ശതകോടികളുടെ മുഖ്യവരുമാന സ്രോതസ്സ് പ്രതിരോധകരാറുകളാണെന്നത് അറിയാത്തവരില്ല. ബൊഫോഴ്സ് ഇടപാടിലെ പ്രതികളായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്റോച്ചി മുതല്‍ വിന്‍ഛദ്ദവരെയുള്ളവരെ രക്ഷപ്പെടുത്തിവിടുന്നതില്‍ കോണ്‍ഗ്രസ് ഭരണം കാട്ടിയ കള്ളക്കളികളും ജനങ്ങള്‍ക്കാകെ അറിവുള്ളതാണ്.

ആയുധ ദല്ലാളന്മാരുടെ നിത്യസന്ദര്‍ശനമാണ് എഐസിസി ഓഫീസുമുതല്‍ സോണിയ ഗാന്ധിയുടെ വസതിവരെയുള്ളിടങ്ങളില്‍ നടക്കുന്നത്. ആയുധ ദല്ലാളായ വിന്‍ഛദ്ദയും ക്വട്റോച്ചിയുമൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നതും ക്വട്റോച്ചി സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തുതന്നെയായിരുന്നുവെന്നതും ഒന്നും ആരും മറക്കുന്നില്ല. ഹിന്ദുജമുതല്‍ വിന്‍ഛദ്ദവരെയുള്ളവരുടെ നിക്ഷേപങ്ങള്‍ക്കുമേലുണ്ടായിരുന്ന മരവിപ്പിക്കല്‍ നടപടി നീക്കിക്കൊടുത്തതും ക്വട്റോച്ചിക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാനുള്ള സന്ദര്‍ഭം ഒരുക്കിക്കൊടുത്തതുമെല്ലാം ഭരണരാഷ്ട്രീയത്തിന്റെ കൈകളാണെന്നത് ജനങ്ങള്‍ കണ്ടതാണ്. താന്‍ ശുദ്ധനാണെന്ന് ആന്റണി രാജ്യസഭയില്‍ പറഞ്ഞു. ഇത് മുഖവിലയ്ക്കെടുത്താല്‍ത്തന്നെയും ആന്റണി മറ്റൊരു ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാകുന്നു. ശുദ്ധനാണെങ്കില്‍ ആന്റണിയുടെ കൈകള്‍ ആരാണ് കെട്ടിവച്ചിരുന്നത്? വ്യക്തിപരമായി അഴിമതി നടത്താത്തയാള്‍ എന്ന പ്രതീതിയുടെ അടിസ്ഥാനത്തില്‍ പ്രതിഛായ തീര്‍ത്ത് പൂമുഖത്തുവച്ചിട്ട് പിന്നാമ്പുറത്തുകൂടി വന്‍ കൊള്ളകള്‍ നടത്തുകയാണോ ചിലര്‍? ഇമേജിനോടും അധികാരസ്ഥാനത്തിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത ആസക്തികൊണ്ട് എല്ലാം കണ്ടില്ലെന്നു നടിക്കുകയും നിഷ്ക്രിയത്വത്തിലൂടെ അഴിമതിക്ക് അരങ്ങൊരുക്കിക്കൊടുക്കുകയുമാണോ ആന്റണി ചെയ്യുന്നത്?

അതിന് മറുപടി പറയാന്‍ പ്രതിരോധമന്ത്രി എന്ന നിലയ്ക്ക് ആന്റണി ബാധ്യസ്ഥനാണ്. ഊമക്കത്തുകളുടെയും അജ്ഞാതസന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍പ്പോലും നടപടിയെടുത്തിട്ടുള്ളയാളാണ് താന്‍ എന്ന് ഇതേ എ കെ ആന്റണിതന്നെ ഇതേ സഭയില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആന്റണിക്ക് കരസേനാധിപന്‍ വന്ന് നേരിട്ടുപറഞ്ഞിട്ടും കോഴ ഇടപാടുള്‍പ്പെട്ട കരാര്‍ റദ്ദാക്കണമെന്ന് തോന്നിയില്ല. കോഴവാഗ്ദാനം ചെയ്തയാളെ അറസ്റ്റ് ചെയ്യിക്കണമെന്ന് തോന്നിയില്ല. എന്തുകൊണ്ട് ഈ മാറ്റം എന്നത് ആന്റണി വിശദീകരിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത 600 ടാട്രാ ട്രക്കുകള്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍. അതിര്‍ത്തിയില്‍ യുദ്ധഘട്ടങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് യാത്രചെയ്യാനുള്ള വാഹനങ്ങളാണിവ. കൊള്ളില്ലാത്ത വാഹനങ്ങളില്‍ നമ്മുടെ ധീരജവാന്മാരെ അതിര്‍ത്തിയിലെ മലമടക്കുകളിലൂടെ ശത്രുവിന്റെ പോര്‍മുഖങ്ങളിലേക്ക് അയക്കാന്‍ ആന്റണിക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ലേ? ഇന്ത്യന്‍ ജനതയോട് ആന്റണി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്. ഇത്തരം ഉത്തരങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പകരമാകില്ല ആന്റണി രാജ്യസഭയില്‍ കാട്ടിയ നിസ്സഹായമായ ദീനവിലാപപ്രകടനം. പ്രതിരോധമന്ത്രിയില്‍നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ദീനവിലാപങ്ങളല്ല.

*
ദേശാഭിമാനി മുഖപ്രസംഗം 29 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രതിരോധമന്ത്രി എ കെ ആന്റണിയില്‍നിന്ന് രാജ്യം ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത് താന്‍ നല്ലവനാണെന്ന ദീനവിലാപ വിസ്താരമല്ല, മറിച്ച് മുമ്പേതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും 1400 കോടി രൂപയുടെ കുംഭകോണം പ്രതിരോധരംഗത്ത് നടപ്പാകുന്നതിന് നിഷ്ക്രിയത്വത്തിലൂടെ പച്ചക്കൊടി കാട്ടിയത് എന്തിന് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ്. ആ ഉത്തരം ഇല്ലാത്തതുകൊണ്ടാകണം രാജ്യസഭയില്‍ ആരുടെയും സഹതാപം പിടിച്ചുപറ്റാന്‍ പാകത്തില്‍ സ്വന്തം "വിശുദ്ധി"യെക്കുറിച്ച് അദ്ദേഹം ദീനമായി വിസ്തരിച്ചത്. എന്നാല്‍, ഈ വിലാപത്തില്‍ മുങ്ങിപ്പോയിക്കൂടാ രാജ്യത്തിന്റെ സുരക്ഷയുമായും അതിര്‍ത്തികാക്കുന്ന ലക്ഷക്കണക്കായ സൈനികരുടെ ജീവരക്ഷയുമായും ബന്ധപ്പെട്ട ഗൗരവപൂര്‍ണമായ ചോദ്യങ്ങള്‍. രേഖാമൂലം പരാതികിട്ടാതിരുന്നതുകൊണ്ടാണ് 1400 കോടി രൂപയുടെ ടാട്രാ ട്രക്ക് കുംഭകോണം ശ്രദ്ധയില്‍പ്പെട്ടിട്ടും തടയാതിരുന്നതും നടപടിയെടുക്കാതിരുന്നതും എന്ന ആന്റണിയുടെ വിശദീകരണം പ്രതിരോധമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്നുണ്ടാകേണ്ടതല്ല.