Friday, March 23, 2012

ഉത്തമനായ കമ്മ്യൂണിസ്റ്റ്

സി കെ ചന്ദ്രപ്പനെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനകാലം മുതല്‍തന്നെ എനിക്കു പരിചയമുണ്ടായിരുന്നു. പുന്നപ്ര-വയലാര്‍ സമരം എന്നെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ തുടക്കക്കാരെ ആവേശംകൊള്ളിച്ചിരുന്നു. വയലാര്‍-പുന്നപ്ര സമരനായകനായിരുന്ന വയലാര്‍ സ്റ്റാലിന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സി കെ കുമാരപ്പണിക്കരാണ് ചന്ദ്രപ്പന്റെ പിതാവ്. ആ സമരപൈതൃകപാതയിലൂടെയാണ് ചന്ദ്രപ്പനും സഞ്ചരിച്ചത്.

കേരളത്തില്‍ ന്ന വിദ്യാര്‍ഥിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ചന്ദ്രപ്പന്‍ വഹിച്ചത്. ദീര്‍ഘകാലം വിദ്യാര്‍ഥിപ്രസ്ഥാനത്തെ നയിച്ച ചന്ദ്രപ്പന്‍ യുവജനപ്രസ്ഥാനത്തെ കേരളത്തിലും ദേശീയതലത്തിലും നയിച്ചു. എ ഐ വൈ എഫ് ദേശീയ അധ്യക്ഷനായ ചന്ദ്രപ്പന്‍ കരുത്തുറ്റ ദേശീയപ്രക്ഷോഭങ്ങളാണ് ഇന്ത്യയിലാകമാനം നയിച്ചത്.

1970-ല്‍ പാര്‍ലമെന്റംഗമായ ചന്ദ്രപ്പന്‍ മികച്ച പാര്‍ലമെന്റേറിയനെന്നും തെളിയിച്ചു. '77ലും 2004ലും പാര്‍ലമെന്റിലെത്തിയ ചന്ദ്രപ്പന്‍ തന്റെ പാര്‍ലമെന്ററിവൈഭവം വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തനത്തിനുശേഷം ചന്ദ്രപ്പന്‍ കര്‍ഷകപ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി നിയോഗപ്രകാരം ശ്രദ്ധിച്ചത്. ജനങ്ങളുമായി അഗാധബന്ധം സ്ഥാപിച്ചിരുന്ന ചന്ദ്രപ്പന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയാകെയും നേതാവായിരുന്നു. ചന്ദ്രപ്പന്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ പാര്‍ട്ടിക്കും ഇടതുപക്ഷപ്രസ്ഥാനത്തിനും മാത്രമല്ല നമ്മുടെ രാഷ്ട്രീയലോകത്തിനാകെ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്.

ലാളിത്യവും ആദര്‍ശഭരിതവും നിറഞ്ഞ ജീവിതം നയിച്ച ഒരു ഉത്തമ കമ്മ്യൂണിസ്റ്റുകാരനെയാണ് നഷ്ടമായിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു അനുജനെയും.

വെളിയം ഭാര്‍ഗവന്‍

ചന്ദ്രപ്പനെപ്പോലുള്ള നേതാക്കള്‍ അപൂര്‍വം

സി കെ ചന്ദ്രപ്പന്റെ വേര്‍പാട് കേരള സമൂഹത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ്. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ അവസാന സമയംവരെ തനിക്ക് ശരി എന്ന് തോന്നുന്ന നിലപാടുകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉറച്ചുപോരാടിയ ചന്ദ്രപ്പന്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്. സംശുദ്ധമായ ജീവിതത്തിനുടമയായ ചന്ദ്രപ്പന്‍ എല്ലാവര്‍ക്കും മാതൃകതന്നെ.

ചെറുപ്രായം മുതല്‍ എനിക്ക് ചന്ദ്രപ്പനുമായി നല്ല അടുപ്പമുണ്ട്. ചന്ദ്രപ്പന്റെ കുടുംബവും എന്റെ കുടുംബവും അടുത്ത സൗഹൃദ ബന്ധമുള്ളവരാണ്. എന്റെ അച്ഛനും ചന്ദ്രപ്പന്റെ അച്ഛന്‍ സി കെ കുമാരപ്പണിക്കരും അടുത്ത സുഹൃത്തുക്കളായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രധാന പടത്തലവനായിരുന്ന സി കെ കുമാരപ്പണിക്കര്‍ ആ കാലഘട്ടത്തിലെ ഇതിഹാസമായിരുന്നു. ആ സമരത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കേണ്ടിവന്നതും ചന്ദ്രപ്പന്റെ കുടുംബത്തിനാണ്. വയലാറിലെ സമ്പന്നമായ തറവാടാണ് ചന്ദ്രപ്പന്റേത്. അത് മുഴുവന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ നശിപ്പിച്ചു കളഞ്ഞു. എന്നിട്ടും തളരാതെ നിന്ന ധീരനായ വിപ്ലവകാരി കുമാരപ്പണിക്കരുടെ ആദര്‍ശങ്ങളും നിലപാടുകളും ദൃഢതയുമെല്ലാം ചന്ദ്രപ്പനില്‍ കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ് ചന്ദ്രപ്പന്‍ കര്‍മ്മരംഗം ഡല്‍ഹിയിലേയ്ക്ക് മാറ്റി. കേരള രാഷ്ട്രീയത്തില്‍ ചന്ദ്രപ്പന്‍ സജീവമായിരുന്നില്ല. എന്നാല്‍ നാട്ടില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ തമ്മില്‍ കാണുമായിരുന്നു. വയലാറില്‍ നിന്നും കടത്തുകടന്ന് ഞാനുംകൂടി സഞ്ചരിക്കുന്ന റോഡിലൂടെയാണ് ചന്ദ്രപ്പന്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് പോകുമായിരുന്നത്. ഞങ്ങളൊരുമിച്ച് നടക്കും. ചന്ദ്രപ്പന്‍ സി പി ഐ ഓഫീസിലേയ്ക്കും ഞാന്‍ കോണ്‍ഗ്രസ് ഓഫീസിലേയ്ക്കും പോകുമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ചന്ദ്രപ്പന്റെ നിലപാടുകള്‍ പരക്കെ ആദരവ് നേടിയിട്ടുണ്ട്. അദ്ദേഹത്തോട് വിയോജിപ്പുള്ളവര്‍പോലും അദ്ദേഹത്തിന്റെ നിലപാടുകളിലെ ആത്മാര്‍ഥതയെ ബഹുമാനിച്ചിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സി പി ഐക്ക് അകത്തുപോലും അദ്ദേഹം നിര്‍ഭയമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഗോവ വിമോചന സമരത്തിലേയ്ക്ക് ചാടിപ്പുറപ്പെട്ടത് അദ്ദേഹത്തിന്റെ സാഹസിക സ്വഭാവത്തിന്റെ ഉദാഹരണമാണ്. 1970 ലാണ് ചന്ദ്രപ്പന്‍ പാര്‍ലമെന്റംഗമായി എത്തുന്നത്. എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു അതിന്റെ പ്രധാന കാരണക്കാരന്‍. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും ഷണ്‍മുഖദാസും കൊട്ടറ ഗോപാലകൃഷ്ണനും എന്‍ രാമകൃഷ്ണനും ഞാനുമെല്ലാം എം എല്‍ എ മാരായപ്പോള്‍ എം എന്‍ ഞങ്ങളോട് പറഞ്ഞു നിങ്ങള്‍ക്ക് ഉശിരുള്ള യുവജന നേതാക്കന്മാരുണ്ട്. ഞങ്ങള്‍ക്കും ധീരന്മാരായ യുവജന നേതാക്കന്മാരുണ്ട്. സി കെ ചന്ദ്രപ്പനെപ്പോലെ ഉള്ള യുവജന നേതാക്കന്മാര്‍ എം പി മാരായിരിക്കുന്നു. പാര്‍ലമെന്റില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അംഗമായിരുന്നു ചന്ദ്രപ്പന്‍. നിര്‍ണായകമായ പല നിയമനിര്‍മാണങ്ങളിലും അദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. കേരള നിയമസഭയിലും അദ്ദേഹം ശ്രദ്ധേയനായ അംഗമായിരുന്നു. തന്റെ നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കുകയും രാഷ്ട്രീയ എതിരാളികളുടെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പറയുന്നതിലെ സൗമ്യത അമ്പ് കൊള്ളുന്ന എതിരാളികളെപ്പോലും ചന്ദ്രപ്പനെ ഇഷ്ടപ്പെടാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു.

കുട്ടിക്കാലം മുതല്‍ അടുപ്പമുണ്ടായിട്ടും ചന്ദ്രപ്പനും ഞാനും തമ്മില്‍ ചേര്‍ത്തലയില്‍ മത്സരിക്കേണ്ടിവന്നത് എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ വേദനാജനകമായ സംഭവമായിപ്പോയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചന്ദ്രപ്പനെപ്പോലെയുള്ള നേതാക്കള്‍ അപൂര്‍വമാണ്. അതുകൊണ്ടാണ് കേരളത്തിലെ പൊതുസമൂഹത്തിന് ചന്ദ്രപ്പന്റെ വേര്‍പാട് നഷ്ടമാണെന്ന് പറയുന്നത്.
ചന്ദ്രപ്പനെ ബാധിച്ചിരുന്ന അസുഖം എനിക്കറിയാമായിരുന്നു. എന്നോട് അത് പറഞ്ഞിരുന്നു. പൂര്‍ണമായും രക്ഷപ്പെടുമെന്നുള്ള വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ രോഗം അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ത്തല എം എല്‍ എ തിലോത്തമന്‍ എന്നെ വിളിച്ചു ചന്ദ്രപ്പന്റെ സ്ഥിതി അപകടകരമാണെന്ന് പറഞ്ഞിരുന്നു. വിദേശത്തേയ്ക്ക് കൊണ്ടുപോയി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നകാര്യം തിലോത്തമന്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയോട് സംസാരിച്ച് അതിന് ഏര്‍പ്പാടുണ്ടാക്കണമെന്നും പറഞ്ഞിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ ഞാന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. ചന്ദ്രപ്പന്റെ ചികിത്സയ്ക്ക് എന്ത് സഹായവും ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പിറ്റേന്ന് തിലോത്തമനെ വിളിക്കുമ്പോള്‍ കൂടുതല്‍ സംസാരിക്കാതെ ഫോണ്‍ സി പി ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിക്ക് കൊടുക്കുകയായിരുന്നു. സ്ഥിതി മോശമാണെന്നും വിദേശത്തേയ്ക്ക് കൊണ്ടുപോകാനുള്ള സ്ഥിതിയിലല്ലെന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയാണെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞകാര്യം ഞാന്‍ സുധാകര്‍ റെഡ്ഢിയോട് പറയുകയും ചെയ്തു. നാലഞ്ച് ദിവസം കഴിയുമ്പോള്‍ കുട്ടിക്കാലം മുതല്‍ അടുപ്പമുള്ള ചന്ദ്രപ്പന്‍ വിട്ടുപോയ വാര്‍ത്തയാണ് ഞാന്‍ കേള്‍ക്കുന്നത്. അടുത്തകാലത്ത് കേട്ട ഏറ്റവും വേദനാ ജനകമായ വാര്‍ത്തയാണ് ചന്ദ്രപ്പന്റെ വേര്‍പാട്. അദ്ദേഹത്തിന്റെ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കും. കുടുംബത്തോട് എങ്ങനെ ആശ്വാസ വാക്കുകള്‍ പറയും. അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു. മറ്റൊരു സഹോദരന്‍ വേലപ്പന്‍ എന്റെകൂടെ പഠിച്ച ആളാണ്. ആ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളോടും സി പി ഐ അംഗങ്ങളോടും എന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കക്ഷിഭേദമന്യേ കേരളത്തിലെ എല്ലാ നല്ല മനുഷ്യരും ജീവിതത്തിലുടനീളം ആദര്‍ശങ്ങള്‍ക്ക് വേണ്ടി പോരാടിയ ചന്ദ്രപ്പന്റെ വേര്‍പാടില്‍ ദുഃഖിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ചന്ദ്രപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

എ കെ ആന്റണി

പ്രിയ സഖാവിന് ലാല്‍സലാം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ധീരനായൊരു പടയാളി നഷ്ടപ്പെട്ടു. വാക്കുകള്‍കൊണ്ട് ഈ വിയോഗം വിവരിക്കാന്‍ എനിക്കാകില്ല. ഏറ്റവുമൊടുവില്‍ കൊല്ലത്ത് സംസ്ഥാന സമ്മേളനവേദിയില്‍ ഒരാഴ്ച ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ചു. അസുഖത്തിന്റെ അസ്വസ്ഥതകള്‍ ഒരിക്കല്‍പോലും ചന്ദ്രപ്പന്‍ പ്രകടിപ്പിച്ചില്ല. മനസ്സുനിറയെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഒരുനൂറ് പദ്ധതികളായിരുന്നു. പ്രായംകൊണ്ട് എന്നേക്കാള്‍ ചെറുപ്പം. എന്റെ ആരോഗ്യത്തെക്കുറിച്ച് ഇടയ്‌ക്കൊക്കെ ഉല്‍ക്കണ്ഠപ്പെട്ട് തന്റെ പരാധീനതകള്‍ മറച്ചുപിടിക്കുമായിരുന്നു. അതാണ് സി കെ ചന്ദ്രപ്പന്‍.

പാര്‍ട്ടി ഏറ്റവും വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍പോകുന്ന ഈ വേളയില്‍തന്നെ ചന്ദ്രപ്പന്‍ വിടപറഞ്ഞ് പോയത് അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിയെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. വിപ്ലവപോരാട്ടങ്ങളുടെ വീരചരിത്രപാരമ്പര്യമുള്ളവരുടെ കണ്ണികള്‍ ഓരോന്നായി അറ്റുപോകുംതോറും ഈ വേദന ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. ആ കണ്ണിയിലെ ഒരുജ്വല വിപ്ലവകാരിയായിരുന്നു ചന്ദ്രപ്പന്‍.

ഞങ്ങളുടെ പരിചയം എ ഐ എസ് എഫിന്റെ നാള്‍മുതല്‍ തുടങ്ങിയതാണ്. കേരളത്തില്‍ എസ് എഫിന്റെ പരിപാടികള്‍ക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ അന്ന് ഒരുമിച്ച് നടത്തിയ യാത്രകളും ചര്‍ച്ചകളും പാര്‍ട്ടിയെകുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും വിളിച്ചുപറയുന്നവയായിരുന്നു. പിന്നീട് ലോകസഭാംഗമെന്ന നിലയില്‍ ഡല്‍ഹിയിലെ നാളുകളില്‍ ഈ ബന്ധം ഒന്നുകൂടി ദൃഢപ്പെട്ടു.

ലോകസഭയില്‍ ഏറ്റവും നന്നായി വിഷയം അവതരിപ്പിക്കാനും കുറിക്കു കൊള്ളുന്ന വാക്കുകളിലൂടെ സുപ്രധാന പ്രശ്‌നങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ചന്ദ്രപ്പന് പ്രത്യേക വൈഭവമുണ്ടായിരുന്നു. മിതഭാഷിയാണെങ്കിലും ശരികളോട് ഏറെ വൈകാരികമായി ചേര്‍ന്ന് നില്‍ക്കാനും അതിനുവേണ്ടി പൊരുതാനും ചന്ദ്രപ്പന്‍ എപ്പോഴും ഉത്സാഹം കാണിച്ചിരുന്നു.
ഇന്ത്യയില്‍ ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കാന്‍ ചന്ദ്രപ്പന്റെ സാന്നിധ്യവും വാദഗതികളും സഹായകമായിട്ടുണ്ട്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവിലെ സാന്നിധ്യം അത്രയ്ക്ക് വിലപ്പെട്ടതായിരുന്നു. അഴിമതി, ജാതിസംഘടനകളോടുള്ള സമീപനം, പാര്‍ട്ടി സംഘടനാപ്രശ്‌നങ്ങള്‍, കമ്മ്യൂണിസ്റ്റ് പുനരേകീകരണം, ഭക്ഷ്യസുരക്ഷാബില്‍, വനാവകാശനിയമം തുടങ്ങി കാതലായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടലുകളും നയങ്ങളും തീരുമാനിക്കുന്നതില്‍ ചന്ദ്രപ്പന്റെ പങ്ക് ഏറെ നിര്‍ണ്ണായകമായിരുന്നു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും പൊതുജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ പാര്‍ട്ടിപ്രവര്‍ത്തകനും കഴിയണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ചന്ദ്രപ്പന്‍ കാണിച്ചുതരികയുണ്ടായി. ചന്ദ്രപ്പന് വ്യക്തി അജണ്ടകളോ മറ്റു താല്‍പര്യമോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ഗുണമെന്ന് കാണുന്ന ഏത് ശരിക്കുവേണ്ടിയും ശക്തമായി നിലകൊള്ളാനും ഗുണകരമാകാത്തതൊന്നും ചെയ്യരുതെന്ന് ഉറക്കെപ്പറയാനും ചന്ദ്രപ്പനാകുമായിരുന്നു. കേരളത്തില്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി പാര്‍ട്ടി ചന്ദ്രപ്പനെ നിയോഗിക്കുമ്പോള്‍ വലിയൊരു ദൗത്യമാണ് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. സംഘടനാപരമായും ആശയപരമായും മാര്‍ക്‌സിസത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോകാതെ പാര്‍ട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം നടപ്പിലാക്കാന്‍ ചന്ദ്രപ്പന്‍ തയാറായി.

പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്ത ഉടനെ വന്ന നിയമസഭാ തിരഞ്ഞെടുപ്പ് സഖാവിന് ആദ്യത്തെ വെല്ലുവിളിയായിരുന്നു. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് ചന്ദ്രപ്പന്‍ നല്‍കിയ നേതൃത്വം വലിയൊരു കരുത്തായിരുന്നു. എല്‍ ഡി എഫിന്റെ ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം ചന്ദ്രപ്പനും അക്ഷീണം പ്രവര്‍ത്തിക്കുകയുണ്ടായി.

അവസാനം കൊല്ലത്തെ സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അനാരോഗ്യം പോലും മറന്ന് ചന്ദ്രപ്പന്‍ അവിശ്രമം മുഴകി. രാഷ്ട്രീയനിലപാടുകളില്‍ വ്യക്തമായും ശക്തമായും ഘടകങ്ങളില്‍ തുറന്നുപറയുക എന്ന ഉത്തമ കമ്മ്യൂണിസ്റ്റുശീലം ചന്ദ്രപ്പന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ്. അപ്പോള്‍ ചന്ദ്രപ്പന്റെ മുമ്പില്‍ രാജ്യത്തെ രാഷ്ട്രീയപ്രശ്‌നങ്ങളും ജനങ്ങളും മാത്രമായിരിക്കും.

പാര്‍ട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്. പാറ്റ്‌ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സംഘടനയെ സജ്ജമാക്കാനും ശക്തമായ രാഷ്ട്രീയ ആശയപ്രചരണത്തിനായുള്ള പാര്‍ട്ടിയെ കരുപ്പിടിപ്പിക്കാനുമുള്ള ചര്‍ച്ചകളില്‍ സഖാവിന്റെ സാന്നിധ്യം ഞങ്ങള്‍ വല്ലാതെ ആഗ്രഹിക്കും.
ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിയുമോ? വിടപറയുംവരെ സഖാവ് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയ എല്ലാ പോരാട്ടങ്ങളും വിജയിപ്പിക്കാനുള്ള വിശ്രമരഹിതമായ നാളുകളാണിനി പാര്‍ട്ടിക്കുണ്ടാവുക. സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആദരാഞ്ജലികള്‍.

എ ബി ബര്‍ധന്‍

മായാത്ത ഓര്‍മ്മകള്‍ നല്‍കി മറഞ്ഞത് വിപ്ലവത്തിന്റെ സൂര്യതേജസ്സ്

''അദ്ദേഹവുമായുള്ള ബന്ധത്തിന് 42 വര്‍ഷത്തെ പഴക്കമുണ്ട്. 1970 ല്‍ തലശ്ശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ വച്ച് നേരിട്ടുപരിചയപ്പെട്ടു. അന്ന് സി കെ ചന്ദ്രപ്പന്‍ കണ്ണൂരുകാര്‍ക്ക് തികച്ചും പുതിയ ആളായിരുന്നു. ചന്ദ്രപ്പനെക്കുറിച്ചുള്ള പ്രധാന ആരോപണം അദ്ദേഹം ആലപ്പുഴക്കാരനായിരുന്നു എന്നതാണ്. വിപ്ലവവീര്യമുള്ള ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. 70 ലെ വിജയം ചന്ദ്രപ്പനെ രണ്ടുതവണ പാര്‍ലമെന്റ് അംഗമാക്കി. അദ്ദേഹം കണ്ണൂരില്‍ വന്നാല്‍ ഭാരത് ലോഡ്ജില്‍ തങ്ങും. 'ഒരുമുറി', 'ഒരു കക്കൂസ്'. തികച്ചും ലളിത ജീവിതം. ഒരു ജനപ്രതിനിധി എങ്ങനെ പെരുമാറണം എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുകൊടുത്തു. എ ഐ വൈ എഫിന്റെ അഖിലേന്ത്യാസെക്രട്ടറി, പ്രസിഡന്റ് ലോകജനാധിപത്യ യുവജനഫെഡറേഷന്‍ നേതാവ് നിരവധി പദവികള്‍. ഇടയ്ക്ക് അഖിലേന്ത്യാ കിസാന്‍ സഭനേതാവ് ഈ നിലയിലും പ്രവര്‍ത്തിച്ചു. ഇക്കാലത്ത് വിഷയങ്ങള്‍ പഠിച്ച് വ്യാകരണപ്പിശകോ വാക്യപ്പിശകോ ഇല്ലാതെ തന്റേതായ ശൈലിയില്‍ അദ്ദേഹം അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള നിയോഗമുണ്ടായി. സി രാജേശ്വരറാവു, ഇന്ദ്രജിത്ത് ഗുപ്ത, കിരണ്‍ മുഖര്‍ജി തുടങ്ങിയ പ്രഗത്ഭമതികളോടൊത്തുള്ള പ്രവര്‍ത്തനപരിചയം. രാഷ്ട്രീയ കാര്യങ്ങളും താത്വിക കാര്യങ്ങളും പഠിച്ചു പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പരന്ന വായന, ആ വായനയില്‍ കൂടി ലഭിക്കുന്ന അറിവ്, അത് തന്റെ പ്രവര്‍ത്തനശൈലിയില്‍ ഉപയോഗിച്ചു. അതുപ്രാവര്‍ത്തികമാക്കിയതിന്റെ ഫലമാണ് പാര്‍ലമെന്റില്‍ അദ്ദേഹം അവതരിപ്പിച്ച ബില്‍. അത് വന്‍കിട ബാങ്കുകളെ ലക്ഷ്യമാക്കിയായിരുന്നു. 1969 ല്‍ ബാങ്കുകളെ ദേശസാല്‍ക്കരണം നടത്തി. പതിനാല് ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിച്ചു. തുടര്‍ന്ന് ആസ്തിയുള്ള ബാങ്കുകളെ പുറത്തും നിര്‍ത്തി. അദ്ദേഹം ആവശ്യപ്പെട്ടത് പതിനാലിന് പുറമേ ഈ ഏഴു ബാങ്കുകളെക്കൂടി ദേശസാല്‍ക്കരിക്കണം. കേന്ദ്രമന്ത്രി ആ നിര്‍ദേശത്തെ തള്ളിക്കളഞ്ഞില്ല. അദ്ദേഹം ഉറപ്പു നല്‍കി. പതിനാലാം ലോകസഭയിലെ മികച്ച പാര്‍ലമെന്റേറിയന്‍ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചു എന്ന റിക്കോര്‍ഡ് ബില്ലുകള്‍ അവതരിപ്പിച്ചു. പാര്‍ലമെന്റ് നടപടികള്‍ പഠിച്ച് പ്രയോഗിച്ചു. പാനല്‍ വകുപ്പ് ചെയര്‍മാനായി. 14-ാം സഭയില്‍ ബില്ലു ചര്‍ച്ചചെയ്തു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുക അതായിരുന്നു ആവശ്യം. വര്‍ക്കല രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഭിനന്ദനമേറ്റു വാങ്ങിയ ചന്ദ്രപ്പന്‍ മറ്റംഗങ്ങള്‍ക്ക് സംശയ ദൂരീകരണം നടത്തിക്കൊടുത്ത് ഒരു വഴികാട്ടിയായി. മികച്ച പ്രവര്‍ത്തകന്‍, ലളിത ജീവിതം, മിതത്വം ഇവ പാലിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തില്‍ എല്ലാവരുമായും പ്രവര്‍ത്തിച്ചു. ഇ എം എസ്, എ കെ ജി, ടി വി തോമസ്, സി അച്യുതമേനോന്‍ തുടങ്ങിയവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആ പരിചയ സമ്പന്നത മുതല്‍ കൂട്ടായി'' പന്ന്യന്‍ രവീന്ദ്രന്‍ സ്മരിച്ചു.

തെല്ലുനിര്‍ത്തി അദ്ദേഹം സ്മരണകളില്‍ മുഴുകി. ''പുന്നപ്ര മണ്ണില്‍ ജനിച്ചു. 'വയലാര്‍ സ്റ്റാലിന്‍' എന്ന അപര നാമത്താല്‍ അറിയപ്പെട്ട കുമാരപ്പണിക്കര്‍ ആയിരുന്നു സി കെ യുടെ പിതാവ്. അദ്ദേഹത്തിന്റെ മകന്‍ സ്വജീവിതത്തിലും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. പുരാതനമൂല്യങ്ങള്‍ സംരക്ഷിച്ചു. ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ ജയില്‍ശിക്ഷയും അനുഭവിച്ചു. എന്നും സമരങ്ങള്‍ക്ക് മുന്നില്‍നിന്നു. കടുത്ത രോഗം, തുടര്‍ന്നുള്ള ചികിത്സ ഇവ നിലനില്‍ക്കേ അദ്ദേഹം എല്ലാവരുടെയും വിലക്കിനെ മറികടന്ന് പിറവത്ത്‌പോയി പ്രചരണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷീണം അലട്ടി. പലപ്പോഴും അദ്ദേഹത്തിനോട് എന്നെപ്പോലുള്ളവര്‍ ആരോഗ്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ''ഒരു ശ്രോതാവായി കേട്ടുനില്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ എന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഉറച്ചുനില്‍ക്കും'' എന്നായിരുന്നു. അത് ആക്‌സമികമായ നിര്യാണത്തിനു കാരണമായി. പ്രവര്‍ത്തകരോട് സ്‌നേഹത്തോടും ആദരവോടുംകൂടി പ്രവര്‍ത്തിച്ചു. പിശകുപറ്റിയാല്‍ തിരുത്തി പ്രവര്‍ത്തനമണ്ഡലത്തില്‍ മുന്നേറാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അദ്ദേഹം സെക്രട്ടറിയായപ്പോള്‍ ഒരു പുതിയ ഊര്‍ജം പ്രസരിച്ചു. കൊല്ലം സമ്മേളനത്തില്‍ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചരംഗം പന്ന്യന്‍ രവീന്ദ്രന്‍ സ്മരിച്ചു. ആ നിറഞ്ഞ വ്യക്തിത്വത്തിന് സമാനതകളില്ല. പരന്ന വായന, ഏതു കാര്യത്തെയുംകുറിച്ചുള്ള ആഴമേറിയ അവഗാഹം, പ്രവര്‍ത്തനപരിചയം, പരന്ന വായന, ലോകവീക്ഷണം മുതലായവ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് മാറ്റുകൂട്ടി. എഴുത്തില്‍ മുഴുകവേ ഭക്ഷണം മറക്കുമായിരുന്നു എന്നദ്ദേഹം അനുസ്മരിച്ചു. മിത ഭക്ഷണശീലം ചന്ദ്രപ്പന്റെ പ്രത്യേകതയായിരുന്നു. പ്രവര്‍ത്തനത്തിനും വാക്കിലും മിതത്വം പാലിച്ച നേതാവ്. ആ നഷ്ടം നികത്താന്‍ ഏങ്ങനെ കഴിയും? അത് തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണ് എന്നും പന്ന്യന്‍ രവീന്ദ്രന്‍ സ്മരിച്ചു. താന്‍ 14-ാം ലോകസഭയില്‍ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയിട്ടും ചിരിക്കുന്ന മുഖത്തോടെ തന്റെ നിലപാടിനെ അനുകൂലിച്ച സി കെ ചന്ദ്രപ്പനെ അദ്ദേഹം ഓര്‍മിച്ചുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്.

പന്ന്യന്‍ രവീന്ദ്രന്‍

സുദൃഢമായ ബന്ധം

സി കെ ചന്ദ്രപ്പനും ഞാനുമായി 1955 മുതല്‍ക്കുള്ള സുദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. പഠിക്കുന്ന സ്‌കൂളില്‍ ഒരു പ്രശ്‌നമുണ്ടാകുകയും അത് പരിഹരിക്കുന്നതിനായി അദ്ദേഹമെത്തി. 1968 മുതല്‍ കൂടുതല്‍ കാണുവാനും അടുത്തിടപഴകാനും കഴിഞ്ഞു. 1980 മുതല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവുമായി. പാര്‍ലമെന്ററി അംഗങ്ങളായും സഹകരിച്ചു പ്രവര്‍ത്തിച്ചു. വ്യക്തിപരമായ ബന്ധം ആ സമയം വര്‍ധിച്ചു. അദ്ദേഹം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ കൂടുതല്‍ സഹകരിച്ചു. അസിസ്റ്റന്റായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹം ഇത്രവേഗം വേര്‍പിരിയുമെന്ന് കരുതിയില്ല. വലിയ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ചന്ദ്രപ്പന്റെ അഭാവം നികത്താന്‍ കഴിയില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത ഒരു നഷ്ടം തന്നെയാണ് ആ വേര്‍പാട്‌കൊണ്ട് സംഭവിച്ചിരിക്കുന്നത്.

കെ ഇ ഇസ്മയില്‍

മാനേജിംഗ് ഡയറക്ടര്‍, ജനയുഗം ഒരു തലമുറയുടെ ആവേശം

അറുപതുകളുടെ തുടക്കത്തില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തില്‍ കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ചന്ദ്രപ്പന്‍ ഒരു തലമുറയുടെ മുഴുവന്‍ ആവേശമായിരുന്നു.

തുടര്‍ന്ന് എ ഐ എസ് എഫിന്റെയും എ ഐ വൈ എഫിന്റെയും അഖിലേന്ത്യാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഘട്ടത്തില്‍ സംഘടിപ്പിച്ച നിരവധി സമരപോരാട്ടങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിലെതന്നെ ശ്രദ്ധേയനായ നേതാവായി അദ്ദേഹം ഉയര്‍ന്നു. സര്‍ഗാത്മതയുള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ചന്ദ്രപ്പന്‍. ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തശേഷം പത്രത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കി.

അവ ക്രമേണയായി ഫലം കണ്ടു തുടങ്ങിയവേളയില്‍ സംഭവിച്ച വിയോഗം ജനയുഗം സ്ഥാപനത്തിന് അപരിഹാര്യമായ നഷ്ടം തന്നെയാണ്.

കെ ആര്‍ ചന്ദ്രമോഹനന്‍,

അസാധാരണ നേതൃപാടവം

'സി കെ ചന്ദ്രപ്പനുമായി നാലു പതിറ്റാണ്ടിന്റെ ബന്ധവും ഓര്‍മകളും എന്നെ ഇപ്പോള്‍ വേട്ടയാടുകയാണ്. ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നപ്പോഴാണ് ചന്ദ്രപ്പന്‍ കേരളത്തിലെ വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായി തിരുവനന്തപുരത്ത് എത്തുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ എന്നെ അദ്ദേഹം എങ്ങനെ കണ്ടെത്തിയെന്നും ഞാന്‍ എങ്ങനെ ചന്ദ്രപ്പന്റെ അനുയായിതീര്‍ന്നുവെന്നും ഇന്നും അറിയില്ല. അസാധാരണ നേതൃപാടവം ചന്ദ്രപ്പന്റെ സവിശേഷതയായിരുന്നു.

ഒരു വായനക്കാരനും ചിന്തകനും ആയിരുന്നു ചന്ദ്രപ്പന്‍. പുന്നപ്ര-വയലാറിന്റെ അഗ്നിനാളങ്ങളാണ് ചന്ദ്രപ്പനെ വളര്‍ത്തിയെടുത്തത്. വയലാര്‍ സ്റ്റാലിന്റെ മകനെന്നത് ചന്ദ്രപ്പനെ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. പാര്‍ലമെന്റ് മെമ്പറായും നിയമസഭാ സാമാജികനായും യുവജന വിദ്യാര്‍ഥി നേതാവായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവായും തിരക്കിട്ട തന്റെ ജീവിതത്തിനിടയില്‍ പലതും അദ്ദേഹത്തിനു നഷ്ടപ്പെട്ടു. യാദൃശ്ചികമായി വിവാഹം കഴിച്ചു എന്നല്ലാതെ ആ ജീവിതവും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമായില്ല. സഹയാത്രികയായ ശ്രീമതി ബുലുറോയ് ചൗധരി ചന്ദ്രപ്പനെ പോലെ സല്‍ഗുണസമ്പന്നയായ നേതാവാണ്. ചന്ദ്രപ്പന്‍ ഒട്ടേറെ പ്രതിബന്ധങ്ങളും ത്യാഗങ്ങളും നേരിട്ടുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമാണെന്ന് ഞങ്ങളെല്ലാവരും കൂടി നിര്‍ബന്ധം ചെലുത്തിയപ്പോള്‍ അദ്ദേഹം കേരളത്തിന്റെ പാര്‍ട്ടി ചുമതല ഏറ്റെടുത്തു.

ചന്ദ്രപ്പന്റെ ചുരുങ്ങിയ കാലയളവിലുള്ള കേരളത്തിന്റെ നേതൃത്വം തിളക്കമാര്‍ന്നതായിരുന്നു, അസൂയാവഹമായിരുന്നു. സി പി ഐയ്‌ക്കൊരു പുതിയ വെളിച്ചം പകരാന്‍ ചന്ദ്രപ്പന് കഴിഞ്ഞു. സി പി ഐയുടെ വേറിട്ട ഒരു ശബ്ദം കേരള രാഷ്ട്രീയത്തില്‍ മുഴങ്ങി. ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ചന്ദ്രപ്പനില്‍ അനന്തമായ വിശ്വാസം അറിയിച്ച് ആവേശഭരിതരായി മുന്നോട്ടുവന്നപ്പോഴാണ് ചന്ദ്രപ്പന്റെ ആകസ്മികമായ അന്ത്യം സംഭവിച്ചത്. സമാനതകളില്ലാത്ത ഇതുപോലൊരു കമ്മ്യൂണിസ്റ്റുകാരനു വേണ്ടി ഇനിയെത്ര കാലം കാത്തിരിക്കണം''- സി ദിവാകരന്‍ അനുസ്മരിച്ചു.

സി ദിവാകരന്‍

*
ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സി കെ ചന്ദ്രപ്പനെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനകാലം മുതല്‍തന്നെ എനിക്കു പരിചയമുണ്ടായിരുന്നു. പുന്നപ്ര-വയലാര്‍ സമരം എന്നെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ തുടക്കക്കാരെ ആവേശംകൊള്ളിച്ചിരുന്നു. വയലാര്‍-പുന്നപ്ര സമരനായകനായിരുന്ന വയലാര്‍ സ്റ്റാലിന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സി കെ കുമാരപ്പണിക്കരാണ് ചന്ദ്രപ്പന്റെ പിതാവ്. ആ സമരപൈതൃകപാതയിലൂടെയാണ് ചന്ദ്രപ്പനും സഞ്ചരിച്ചത്.