Wednesday, March 14, 2012

സ്ത്രീവിമോചനപ്പോരാട്ടം രാഷ്ട്രീയസമരം തന്നെയാണ്

"സ്ത്രീകളുടെ ഈ സമരവേളയില്‍ , നൂറ്റാണ്ടുകളായി സ്ത്രീകള്‍ നടത്തിവരുന്ന പോരാട്ടങ്ങളെയും നേടിയ പുരോഗതിയെയും നാം ആദരിക്കുന്നു. അമേരിക്കയിലും ലോകമെമ്പാടും ഉള്ള സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും മാന്യതയും ഉറപ്പുവരുത്തുന്നതിനുള്ള ദൃഢമായ പ്രതിബദ്ധത നാം ആവര്‍ത്തിച്ചുറപ്പിക്കുകയാണ്". സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ആരെയും ആവേശംകൊള്ളിക്കുന്ന ഈ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടേതാണ്. 2012 മാര്‍ച്ച് സ്ത്രീകളുടെ ചരിത്രമാസമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കയിലെ സ്ത്രീമുന്നേറ്റത്തെ അഭിനന്ദിച്ചുകൊണ്ടും സ്ത്രീ പുരോഗതിക്കായുള്ള തെന്‍റ സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ഉറപ്പിച്ചുകൊണ്ടും നിരവധി കാര്യങ്ങള്‍ ഒബാമ പറയുകയുണ്ടായി. ഇതില്‍ ഒരു കാര്യത്തില്‍ തര്‍ക്കമില്ല. അവകാശങ്ങള്‍ക്കായുള്ള അമേരിക്കയിലെ സ്ത്രീപോരാട്ടത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്.

തൊഴിലാളികളെന്ന നിലയിലും വര്‍ണവിവേചനത്താല്‍ അടിച്ചമര്‍ത്തപ്പെട്ടവരെന്ന നിലയിലും ഉള്ള കടുത്ത ചൂഷണങ്ങള്‍ക്കെതിരായും സ്ത്രീകളെന്ന നിലയിലുള്ള ലിംഗവിവേചനങ്ങള്‍ക്കെതിരായും അമേരിക്കയിലെ സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങള്‍ ലോക സ്ത്രീ സമരചരിത്രത്തിലെ ഉജ്ജ്വല ഏടുകളാണ്. ഈ പോരാട്ടത്തിന്റെ തുടര്‍ച്ച തന്നെയായി വാള്‍സ്ട്രീറ്റ് ഉപരോധത്തിലെ സ്ത്രീകളെയും തൊഴിലാളിസമരങ്ങളില്‍ പങ്കാളികളാകുന്ന സ്ത്രീകളെയും കാണാനാകും. എന്നാല്‍ വര്‍ത്തമാനകാലത്ത് അമേരിക്കന്‍ ഭരണകൂടം സ്ത്രീപുരോഗതിക്ക് പ്രതിജ്ഞാബദ്ധമാണെന്ന ഒബാമയുടെ അവകാശവാദത്തെ വെള്ളം കൂടാതെ വിഴുങ്ങാനാകുമോ? വികസിത മുതലാളിത്ത രാജ്യമെന്ന നിലയില്‍ അമേരിക്ക നേടിയിട്ടുള്ള സാമ്പത്തിക - സാങ്കേതിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ കഴിയുന്ന സാഹചര്യമാണോ അമേരിക്കയിലുള്ളത്? വികസനനേട്ടങ്ങള്‍ തികച്ചും അസമമായി വിതരണം ചെയ്യപ്പെ ടുന്ന അമേരിക്കയിലെ ഇന്നത്തെ സ്ത്രീജീവിതവും ഒബാമയുടെ അവകാശവാദവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?

സാര്‍വദേശീയ വനിതാദിനത്തിന് നൂറ്റിരണ്ടു വയസ്സു പൂര്‍ത്തിയാകുമ്പോള്‍ ലിംഗാസമത്വം കൂടുതല്‍ രൂക്ഷമാകുന്ന ലോകസാഹചര്യം എന്തുകൊണ്ടാണുണ്ടാകുന്നത്? 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി അമേരിക്കയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായി. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ആദ്യഘട്ടത്തില്‍ പുരുഷന്മാരായിരുന്നു കൂടുതല്‍ . അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം തൊഴില്‍നഷ്ടത്തില്‍ 82 ശതമാനം ബാധിച്ചത് പുരുഷന്മാരെയാണ്. ഉല്‍പാദന - വ്യാവസായിക - നിര്‍മ്മാണ മേഖലകളിലാണ് സാമ്പത്തിക മാന്ദ്യം ആദ്യം ആഘാതമുണ്ടാക്കിയത്. ഇവിടങ്ങളിലാകട്ടെ ഭൂരിപക്ഷം തൊഴിലാളികളും പുരുഷന്മാരാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ സേവനമേഖലകളിലും മുഖ്യമായും പൊതുമേഖലയിലും ആണ് സ്ത്രീകള്‍ ഭൂരിപക്ഷവും. ഒന്നാം ഘട്ടത്തില്‍ മാന്ദ്യം ഈ മേഖലകളെ കാര്യമായി ബാധിച്ചില്ല എന്നതിനാല്‍ മാന്ദ്യം സ്ത്രീത്തൊഴിലാളികളെ സഹായിച്ചു എന്നൊക്കെ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആഘാതങ്ങള്‍ ഈ മേഖലകളെ ബാധിക്കുകയും വന്‍തോതില്‍ സ്ത്രീകള്‍ തൊഴില്‍രഹിതരാകുകയും ചെയ്തു. ഇതിനു നേതൃത്വം കൊടുത്തത് ഭരണകൂടം തന്നെയാണ്.

ക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും വിഹിതം വെട്ടിക്കുറയ്ക്കലും വിദ്യാഭ്യാസ - ആരോഗ്യ സേവനമേഖലകളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെപ്പോലും ഇതു ബാധിച്ചു. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകളില്‍ നല്ല പങ്കും ചെറിയ വരുമാനത്തില്‍ പണിയെടുക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. അതില്‍തന്നെ ഭൂരിപക്ഷം കറുത്ത വര്‍ഗക്കാരാണ് എന്നത് ആഘാതത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുന്നു എന്നാണ് മുതലാളിത്തം അവകാശപ്പെടുന്നത്. എന്നാല്‍ 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രഭവകേന്ദ്രമായ അമേരിക്കയില്‍ മാന്ദ്യത്തിനുശേഷമുള്ള വീണ്ടെടുപ്പിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ ശ്രദ്ധിച്ചാല്‍ അതില്‍ 90 ശതമാനവും പുരുഷന്മാര്‍ക്കാണ് ലഭിച്ചത് എന്ന് അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു. റോഡ്, മറ്റ് ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയ പൊതുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുതല്‍മുടക്കുകയും ആരോഗ്യ - വിദ്യാഭ്യാസ സേവനമേഖലകളില്‍ സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുകയെന്ന സമീപനമാണ് വീണ്ടെടുപ്പിന്റെ കാലത്ത് ഒബാമയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.

അമേരിക്കയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ 57 ശതമാനം സ്ത്രീകളാണ്. ഈ മേഖലയില്‍ 80 ശതമാനം തൊഴില്‍നഷ്ടം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഉണ്ടായി എന്നതു കൂടി കൂട്ടി വായിച്ചാല്‍ സ്ത്രീത്തൊഴിലാളികളുടെ മേല്‍ മാന്ദ്യം വരുത്തിവെച്ച ആഘാതത്തിന്റെയും ഭരണകൂടത്തിന്റെ വഞ്ചനയുടെയും ആഴം വ്യക്തമാകും. മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുപ്പിന്റെ അനുഭവം സ്ത്രീത്തൊഴിലാളികള്‍ക്ക് പ്രതികൂലമാകാന്‍ ഇതുമാത്രമല്ല കാരണം. സര്‍ക്കാരും സ്വകാര്യകമ്പനികളും അടക്കമുള്ള തൊഴിലുടമകളെ ഭരിക്കുന്ന ധാരണ കുടുംബത്തിന്റെ പ്രധാന വരുമാനദായകന്‍ പുരുഷനായതുകൊണ്ട് തൊഴില്‍രഹിതരില്‍ മുന്‍ഗണന പുരുഷന്മാര്‍ക്കു നല്‍കണമെന്നാണ്! മാത്രമല്ല, കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാനുള്ളതുകൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യാനും യാത്ര ചെയ്യാനുമൊന്നും സ്ത്രീകള്‍ക്ക് കഴിയില്ല എന്നും മുതലാളിമാര്‍ ന്യായം കാണുന്നു! തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സ്ത്രീകളെ വന്‍തോതില്‍ തൊഴില്‍മേഖലയിലേക്ക് കൊണ്ടുവരികയും (രണ്ടാം ലോകമഹായുദ്ധകാലത്ത്) മാന്ദ്യത്തിന്റെ കാലത്ത് സ്ത്രീകളെ ആദ്യം തൊഴിലില്‍നിന്ന് പുറത്താക്കുകയും ചെയ്യുക എന്ന തന്ത്രം കാലങ്ങളായി മുതലാളിത്തം തുടര്‍ന്നുവരുന്നതാണ്. ഇങ്ങനെ സ്ത്രീകളെ പറഞ്ഞയക്കേണ്ടിവരുമ്പോള്‍ പറയുന്ന ന്യായമാകട്ടെ, സ്ത്രീയെ കുടുംബധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സഹായകമായി തങ്ങള്‍ സ്വതന്ത്രയാക്കുന്നു എന്നും! എന്നാല്‍ അമേരിക്കയിലെ 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ നാലിലൊന്നിലധികം സ്ത്രീകളുടെ വരുമാനം കൊണ്ടുമാത്രം പുലരുന്ന കുടുംബങ്ങളിലാണ് വളരുന്നത് എന്നതും അമേരിക്കയിലെ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ ഭൂരിപക്ഷവും ചെറിയ വരുമാനത്തില്‍ ജീവിക്കുന്നവരാണ് എന്നതും കണക്കിലെടുക്കാന്‍ ഭരണകൂടംപോലും തയ്യാറല്ല. അല്‍പമാത്ര വരുമാനംപോലും നഷ്ടപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തി നില്‍ക്കുന്ന, അമേരിക്കയിലെ ഒരു ശരാശരി സ്ത്രീയുടെ മുഖം എപ്പോഴെങ്കിലും സാര്‍വദേശീയ വനിതാദിന പ്രസംഗത്തിനിടയില്‍ ഒബാമയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാകുമോ? അങ്ങനെ പ്രതീക്ഷിക്കാന്‍ വയ്യ. കാരണം ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്ന മുതലാളിത്ത താല്‍പര്യങ്ങളില്‍നിന്ന് വേറിട്ടൊരു നിലപാടും നയസമീപനവും അമേരിക്കയിലെ എന്നല്ല, ലോകത്തെ ഒരു മുതലാളിത്ത ഭരണകൂടത്തില്‍നിന്നും പ്രതീക്ഷിക്കാനാവില്ല. എന്നിട്ടും മുതലാളിത്തം സ്ത്രീപുരോഗതിയുടെ ചാമ്പ്യന്മാരാണെന്ന അവകാശവാദം തുടരുകയാണ്! സാര്‍വദേശീയ വനിതാദിനത്തിന് നൂറ്റിരണ്ടു വയസ്സു തികയുന്ന ഈ കാലത്ത് വേദനയോടെയാണെങ്കിലും സംശയമില്ലാതെ പറയാന്‍ കഴിയുന്ന ഒരു കാര്യം ലോകത്ത് പട്ടിണികിടക്കുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുഞ്ഞുങ്ങളുമാണ് എന്നതാണ്.

ഓരോ മണിക്കൂറിലും മുന്നൂറു കുഞ്ഞുങ്ങള്‍ വീതം പോഷകാഹാരക്കുറവിനാല്‍ കൊല്ലപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ലോകത്തെ കുഞ്ഞുങ്ങളുടെ ജനസംഖ്യയില്‍ പകുതിയിലധികം പോഷകാഹാരക്കുറവിന്റെ കടുത്ത ആഘാതത്തിന്റെ ഭീഷണിയിലാണ്. കുഞ്ഞുങ്ങളുടെ ഈ മാരകാവസ്ഥയുടെ മുഖ്യഅടിസ്ഥാനം ആരോഗ്യമില്ലാത്ത അമ്മമാര്‍ ആണ്. യുദ്ധവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മതമൗലിക - വര്‍ഗീയ അടിച്ചമര്‍ത്തലുകളും പാരിസ്ഥിതിക ഭീഷണികളുംകൊണ്ട് തകര്‍ക്കപ്പെട്ട ജീവിതങ്ങള്‍ കൊണ്ട് ആരോഗ്യമുള്ള ഒരു പുതുതലമുറയ്ക്ക് ജന്മം നല്‍കാനാവില്ല എന്ന ദുരന്ത സത്യമാണ് ലോകത്തെ കോടിക്കണക്കിന് അമ്മമാര്‍ വിളിച്ചു പറയുന്നത്. തൊഴിലില്ലായ്മയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായി വിവിധ രാജ്യങ്ങളില്‍ ആളിപ്പടര്‍ന്ന ജനകീയ പോരാട്ടങ്ങളിലെ വമ്പിച്ച സ്ത്രീ സാന്നിദ്ധ്യം അവര്‍ നേരിടേണ്ടിവരുന്ന കഠിനമായ ചൂഷണത്തിനെതിരായ തീവ്രമായ പ്രതികരണം തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 65-ാം വര്‍ഷത്തേക്കു കടക്കുന്ന ഇന്ത്യയിലും സാര്‍വദേശീയ വനിതാ ദിനത്തില്‍ നേട്ടങ്ങളുടെ ആശ്വാസത്തേക്കാള്‍ പ്രതിസന്ധികളുടെ ആശങ്കയാണ് നിറയുന്നത്.

2009ലെ ദേശീയ ആരോഗ്യ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 69.5 ശതമാനവും വിളര്‍ച്ച രോഗമുള്ളവരാണ്. ഗര്‍ഭിണികളില്‍ 58 ശതമാനവും വിവാഹിതരായ സ്ത്രീകളില്‍ 56 ശതമാനവും വിളര്‍ച്ച രോഗമുള്ളവരാണ്. മാതൃമരണനിരക്കും ശിശുമരണനിരക്കും കുറച്ചുകൊണ്ടുവരാനുള്ള പ്രഖ്യാപിത ലക്ഷ്യം 11-ാം പഞ്ചവല്‍സര പദ്ധതിയിലും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വിപുലമായ സാമൂഹ്യക്ഷേമ പദ്ധതിയായ ഐസിഡിഎസ് ആരംഭിച്ചിട്ട് നാലുദശകത്തോളമായെങ്കിലും ഇപ്പോഴും രാജ്യത്തെ ആറുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ പകുതിപേര്‍ക്കുപോലും അതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പട്ടിണിയും പോഷണക്കുറവും സംബന്ധിച്ച് 2011ല്‍ നന്ദി ഫൗണ്ടേഷന്‍ നടത്തിയ സര്‍വെ സൂചിപ്പിക്കുന്നത് ലോകത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സബ്സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടേതിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പോഷണക്കുറവ് എന്നാണ്. "രാജ്യത്തിനു തന്നെ അപമാനകരം" എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ അവസ്ഥയെ വിശേഷിപ്പിച്ചതത്രെ! പ്രതികരണം നന്നായി. എന്നാല്‍ , അതിന്റെ പ്രതിവിധിയാണോ കൂടുതല്‍ ദരിദ്രരെ ആനുകൂല്യങ്ങളുടെ പരിധിയില്‍നിന്നു പുറത്താക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം! സാര്‍വത്രിക പൊതുവിതരണമെന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി ദരിദ്രരെ കമ്പോളത്തിന്റെ ആര്‍ത്തിയുടെ ഇരകളായി എറിഞ്ഞുകൊടുക്കുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് എന്തു സ്ത്രീ സംരക്ഷണമാണ് പ്രതീക്ഷിക്കേണ്ടത്!

ഭക്ഷ്യധാന്യത്തിന്റെ സബ്സിഡി ഇല്ലാതാക്കി റേഷന്‍ സംവിധാനം അട്ടിമറിച്ച് പകരം പാവപ്പെട്ട സ്ത്രീകളുടെ കയ്യില്‍ തുച്ഛമായ പണം നല്‍കുമെന്ന് പ്രഖ്യാപിച്ച് യുപിഎ സര്‍ക്കാര്‍ ചോദിക്കുന്നു ഇതിനേക്കാള്‍ വലിയ സ്ത്രീശാക്തീകരണം ഉണ്ടാകുമോ എന്ന്! വിശക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷണവും മറ്റ് സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുമോ എന്നതാണ് പ്രധാനം. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാമൂഹ്യക്ഷേമത്തിനും ഉള്ള പദ്ധതിവിഹിതം വര്‍ദ്ധിപ്പിക്കാതെ ഇന്ത്യയിലെ കോടിക്കണക്കായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഇന്നത്തെ അവസ്ഥയില്‍ മാറ്റം വരുത്താനാകില്ല. അഴിമതി ആരോപണങ്ങളില്‍ ശ്വാസംമുട്ടി നില്‍ക്കുന്ന, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട യുപിഎ സര്‍ക്കാരിന്റെ പുതിയ വാര്‍ഷിക ബജറ്റിലും കണ്‍കെട്ടു വിദ്യകള്‍ പലതും കാണാനാകും. എന്നാല്‍ ദാരിദ്ര്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അതിക്രമങ്ങളുടെയും മറ്റ് പലതരത്തിലുള്ള ചൂഷണങ്ങളുടെയും മുഖ്യ ഇരകളായ സ്ത്രീകള്‍ക്ക് പ്രഖ്യാപനങ്ങള്‍ ആശ്വാസം നല്‍കില്ല. സ്ത്രീകള്‍ക്ക് വേണ്ടത് പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിയ വനിതാഘടകപദ്ധതിയിലെ പരിപാടികള്‍ മിക്കതും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ അമ്പരക്കാനൊന്നുമില്ല. സാമ്രാജ്യത്വ - മുതലാളിത്ത തീട്ടൂരങ്ങളും കുറിപ്പടികളും കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഭരണവര്‍ഗത്തിന് കൂറ് മുതലാളിത്ത നയങ്ങളോട് മാത്രമാണ്. സ്ത്രീകളും കുട്ടികളും ദരിദ്രരും അവര്‍ക്കുമുന്നില്‍ അപ്രസക്തരാകും, അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും. ഒരേസമയം വര്‍ഗചൂഷണത്തിനും പുരുഷാധിപത്യ കയ്യേറ്റങ്ങള്‍ക്കും എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ വമ്പിച്ച രാഷ്ട്രീയ സമരമായി സ്ത്രീ വിമോചനപ്പോരാട്ടങ്ങള്‍ മാറുന്നതിങ്ങനെയാണ്.

*
ഡോ. ടി എന്‍ സീമ ചിന്ത വാരിക 16 മാര്‍ച്ച് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

"സ്ത്രീകളുടെ ഈ സമരവേളയില്‍ , നൂറ്റാണ്ടുകളായി സ്ത്രീകള്‍ നടത്തിവരുന്ന പോരാട്ടങ്ങളെയും നേടിയ പുരോഗതിയെയും നാം ആദരിക്കുന്നു. അമേരിക്കയിലും ലോകമെമ്പാടും ഉള്ള സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും മാന്യതയും ഉറപ്പുവരുത്തുന്നതിനുള്ള ദൃഢമായ പ്രതിബദ്ധത നാം ആവര്‍ത്തിച്ചുറപ്പിക്കുകയാണ്". സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ആരെയും ആവേശംകൊള്ളിക്കുന്ന ഈ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടേതാണ്. 2012 മാര്‍ച്ച് സ്ത്രീകളുടെ ചരിത്രമാസമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കയിലെ സ്ത്രീമുന്നേറ്റത്തെ അഭിനന്ദിച്ചുകൊണ്ടും സ്ത്രീ പുരോഗതിക്കായുള്ള തെന്‍റ സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ഉറപ്പിച്ചുകൊണ്ടും നിരവധി കാര്യങ്ങള്‍ ഒബാമ പറയുകയുണ്ടായി. ഇതില്‍ ഒരു കാര്യത്തില്‍ തര്‍ക്കമില്ല. അവകാശങ്ങള്‍ക്കായുള്ള അമേരിക്കയിലെ സ്ത്രീപോരാട്ടത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്.

ramachandran said...

ടി എന്‍ സീമയെ പോലുള്ള ഇടതുപക്ഷ വേഷം കെട്ടി നടക്കുന്ന 'കൊച്ചമ്മ' മാരെ സൂക്ഷിക്കുക , സിന്ധു ജോയില്‍ നിന്ന് ഏറെ ദൂരം ഒന്നുമില്ലാത്ത ഒരു പ്രൊഫൈല്‍ തന്നെയാണ് ഈ ദന്ത ഗോപുര വാസിയുടെതും,ഗ്രൂപിസതിന്റെ തണലില്‍ വളര്‍ന്നു വരുന്ന ഇത്തരം ബോണ്‍സായി ജന്മങ്ങളെ തിരിച്ചറിയുക ,പ്രസ്ഥാനത്തെ ഒറ്റികൊടുക്കുന്നതിനു മുമ്പെയെങ്കിലും!