Monday, March 19, 2012

ഉത്തരാഖണ്ഡിലെ ചാക്ക് രാഷ്ട്രീയം

പുതിയ സംസ്ഥാനമായി രൂപം പ്രാപിച്ചതിനുശേഷമുള്ള പന്ത്രണ്ടുകൊല്ലത്തിനുള്ളില്‍ ആറാമത്തെ മുഖ്യമന്ത്രിയെ വാഴിക്കേണ്ടിവന്ന ഉത്തരാഖണ്ഡില്‍ ഭരണത്തിലെ അസ്ഥിരത തുടര്‍ക്കഥയായിത്തീരുകയാണ്. അധികാരക്കൊതി മൂത്ത അവസരവാദികളുടെ അരങ്ങായിത്തീര്‍ന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ തെളിഞ്ഞ മാതൃകയാണ് ആ സംസ്ഥാനം. കുതിരക്കച്ചവടത്തിന് അവസരം കാത്തു കഴിയുന്ന രണ്ട് ബൂര്‍ഷ്വാ ദേശീയ കക്ഷികള്‍ രാഷ്ട്രീയ ധാര്‍മികതകളെല്ലാം മറയത്തെറിഞ്ഞ്, എംഎല്‍എമാരെ മറയില്ലാതെ വിലയ്ക്കുവാങ്ങുമ്പോള്‍ ജനാധിപത്യത്തിെന്‍റ മൂല്യങ്ങളെല്ലാം ചവിട്ടിയരയ്ക്കപ്പെടുന്നത് നാം കര്‍ണാടകത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ പലതവണ കണ്ടതാണ്.

സന്ദിഗ്ധ ഭൂരിപക്ഷത്തിെന്‍റ വക്കത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ , ബിജെപിയായാലും കോണ്‍ഗ്രസ് ആയാലും, ഭരണത്തില്‍ കയറുന്നതിനും കയറിക്കഴിഞ്ഞാല്‍ അവിടെ കടിച്ചുതൂങ്ങി നല്‍ക്കുന്നതിനും കുതിരക്കച്ചവടത്തിെന്‍റ ഏതറ്റംവരെയും പോകും എന്ന് അവര്‍ രണ്ടു കൂട്ടരും നിരന്തരം വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ഭരണത്തില്‍ കയറിയ കക്ഷിക്കുള്ളില്‍ത്തന്നെ സ്ഥാനമോഹികളുടെ പടലപിണക്കങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല. എംഎല്‍എമാരെ വിലയ്ക്കെടുത്തും മാമോദീസ മുക്കിയും ഭൂരിപക്ഷം ഒപ്പിച്ചുകൊണ്ടു പോകുമ്പോള്‍ , സ്വന്തം കക്ഷിക്കുള്ളിലെ ചേരിപ്പോരുകൊണ്ട് അടിപടലേ തകര്‍ന്നുവീണ കര്‍ണാടകത്തിലെ യെദ്യൂരപ്പയുടെ കഥ ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രി ബഹുഗുണ ആവര്‍ത്തിക്കാന്‍ പോവുകയാണെന്ന്, ആ സംസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു-ഒപ്പം കോണ്‍ഗ്രസ് എന്ന ദേശീയ കക്ഷിയുടെ ആശയ പാപ്പരത്തവും

അച്ചടക്കരാഹിത്യവും മൂല്യത്തകര്‍ച്ചയും അധികാരഭ്രാന്തും ജനാധിപത്യ വിരോധവും വ്യക്തമാക്കി കാണിച്ചുതരുന്നു. 70 അംഗ നിയമസഭയില്‍ 32 സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസ്, 6 എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചാണ് ധൃതിയില്‍ ഭരണത്തില്‍ കയറിയത്. ചാക്കിട്ടുപിടുത്തത്തില്‍ തല്‍ക്കാലം ബിജെപിയെ കടത്തിവെട്ടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞപ്പോള്‍ ജനാധിപത്യത്തെ ചവിട്ടിയരയ്ക്കുന്ന സ്ഥിരം ശൈലിയില്‍ നിയമസഭാംഗമല്ലാത്ത ബഹുഗുണയെ മുഖ്യമന്ത്രിയായി കെട്ടിയിറക്കുകയാണ് ഹൈക്കമാണ്ട് ചെയ്തത്. അദ്ദേഹം ധൃതിപിടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നതിനിടയില്‍ കോണ്‍ഗ്രസിലെതന്നെ ഭൂരിപക്ഷം എംഎല്‍എമാരും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചതും ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിപദം മോഹിച്ചിരുന്ന കേന്ദ്ര സഹമന്ത്രി ഹരീഷ് റാവത്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് കലാപത്തിന് ഇറങ്ങിയതും കോണ്‍ഗ്രസിനെ നാണംകെടുത്തി. കലാപത്തിന് തിരികൊളുത്തിറാവത്ത് ബിജെപി നേതാക്കളുമായി കൂടിയാലോചന ആരംഭിച്ചതോടെ, ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉച്ചസ്ഥാനത്തെത്തി.

കേന്ദ്രത്തില്‍ ഭൂരിപക്ഷം ഒപ്പിക്കുന്നതിനുവേണ്ടി പലതവണ നോട്ടുകെട്ടുകള്‍ നിറച്ച ട്രങ്കുപെട്ടികളുമായി ഇറങ്ങേണ്ടിവന്നിട്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, സ്വന്തം പാര്‍ടിക്കുള്ളിലെ ഈ പടലപിണക്കം, വരും നാളുകളില്‍ വലിയ തലവേദനയുണ്ടാക്കും. യുപിയിലും പഞ്ചാബിലും ഗോവയിലും സംഭവിച്ച പരാജയത്തിെന്‍റ നാണക്കേട്, ഉത്തരാഖണ്ഡിലെ സന്ദിഗ്ധ ഭൂരിപക്ഷംകൊണ്ട് മറച്ചുവെയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി, പാര്‍ടിക്കുള്ളില്‍നിന്നുതന്നെ ഈ ബോംബുപൊട്ടിയത്. കോണ്‍ഗ്രസ് ഹൈക്കമാണ്ടിെന്‍റ കഴിവില്ലായ്മയുടെയും നയരാഹിത്യത്തിെന്‍റയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും തെളിവാണ് റാവത്തിെന്‍റ കലാപനീക്കം. വിജയ് ബഹുഗുണയ്ക്ക് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെങ്കില്‍ത്തന്നെ കരുവാന്റെ ആലയിലെ മുയലിനെപ്പോലെ ഓരോ നിമിഷവും പേടിച്ചും പരിഭ്രമിച്ചും സംശയിച്ചും തള്ളിനീക്കേണ്ടിവരുന്ന അദ്ദേഹത്തിെന്‍റ ഗതികേട് ദയനീയംതന്നെ. തലയ്ക്കു തീപിടിച്ച് ഓടിനടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിെന്‍റ ഗതികേടാണ് അതിലേറെ ദയനീയം. ഉത്തരാഖണ്ഡിലെ കലങ്ങിയ വെള്ളത്തില്‍നിന്ന് മീന്‍പിടിക്കാന്‍ കാത്തിരിക്കുന്ന ബിജെപിയാകട്ടെ, കോണ്‍ഗ്രസ്സിനെക്കാള്‍ ഒട്ടും ആശാവഹമായ നിലയിലല്ല എന്നത്, ദ്വികക്ഷി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെറ ഏറ്റവും വലിയ ദൗര്‍ബല്യത്തെയാണ് പ്രകടമാക്കുന്നത്.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ സംസ്ഥാനമായി രൂപം പ്രാപിച്ചതിനുശേഷമുള്ള പന്ത്രണ്ടുകൊല്ലത്തിനുള്ളില്‍ ആറാമത്തെ മുഖ്യമന്ത്രിയെ വാഴിക്കേണ്ടിവന്ന ഉത്തരാഖണ്ഡില്‍ ഭരണത്തിലെ അസ്ഥിരത തുടര്‍ക്കഥയായിത്തീരുകയാണ്. അധികാരക്കൊതി മൂത്ത അവസരവാദികളുടെ അരങ്ങായിത്തീര്‍ന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ തെളിഞ്ഞ മാതൃകയാണ് ആ സംസ്ഥാനം. കുതിരക്കച്ചവടത്തിന് അവസരം കാത്തു കഴിയുന്ന രണ്ട് ബൂര്‍ഷ്വാ ദേശീയ കക്ഷികള്‍ രാഷ്ട്രീയ ധാര്‍മികതകളെല്ലാം മറയത്തെറിഞ്ഞ്, എംഎല്‍എമാരെ മറയില്ലാതെ വിലയ്ക്കുവാങ്ങുമ്പോള്‍ ജനാധിപത്യത്തിെന്‍റ മൂല്യങ്ങളെല്ലാം ചവിട്ടിയരയ്ക്കപ്പെടുന്നത് നാം കര്‍ണാടകത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ പലതവണ കണ്ടതാണ്.