Monday, February 28, 2011

വളഞ്ഞ കാഞ്ഞിരമരങ്ങള്‍

വക്രബുദ്ധി എന്ന പ്രതിഭാസം അത്ര അസാധാരണമൊന്നുമല്ല. പണ്ടേ മനുഷ്യരെ രണ്ടുവര്‍ഗമായി തിരിച്ചുവെച്ചിട്ടുണ്ട്. വക്രബുദ്ധിയെന്നും ഋജുബുദ്ധിയെന്നും. വളഞ്ഞ ബുദ്ധിയും നേര്‍ബുദ്ധിയും ഇന്ന് പ്രശ്‌നമായിമാറിയത്, പൊതു പ്രസ്ഥാനങ്ങളും അവയിലെ വ്യക്തികളും നേര്‍ബുദ്ധി വെടിഞ്ഞ് വളഞ്ഞ ബുദ്ധി കൈക്കൊണ്ടുവരുന്നു എന്നതുകൊണ്ടാണ്.

പണ്ട് വക്രബുദ്ധികള്‍ വിളയാടിയിരുന്നത് വ്യക്തികളുടെ ബന്ധങ്ങളിലും ഇടപാടുകളിലും കുടുംബ ബന്ധങ്ങളിലും മാത്രമായിരുന്നു. ഏഷണി കൂട്ടി സുഹൃത്തുക്കളെ അകറ്റുന്ന വക്രബുദ്ധികളെ പഞ്ചതന്ത്രത്തില്‍ അനേകം കഥകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞ സിംഹത്തെയും കാളക്കുറ്റനെയും വളഞ്ഞ വഴിയിലൂടെ പിണക്കി നശിപ്പിച്ച നൃപബുകനാണ് ഈ വര്‍ഗത്തിന്റെ 'ബ്രാന്‍ഡ് അംബാസഡര്‍! അനേകം വിവാഹങ്ങള്‍ താറുമാറാക്കിയും ഇവര്‍ കുടുംബക്ഷേമം വളര്‍ത്തിപ്പോന്നിട്ടുണ്ട്.

ഈ പരിമിതമായ പരിപാടികളില്‍ ഇവരുടെ വിജയം കണ്ടിട്ടാകാം ഇന്ന് രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ വളഞ്ഞ ബുദ്ധിയുടെ സൃഷ്ടിയായ അസത്യത്തിന്റെ ആരാധകരായി തീര്‍ന്നിരിക്കുന്നു. സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് ആയ- ഒരാള്‍ കള്ളം പറയുമെന്ന് നാം കരുതുമോ? പക്ഷേ കളവ് ചെറിയ തോതിലല്ല, സുപ്രിം എന്ന് വിശേഷിപ്പിക്കാവുന്നതുതന്നെ. കേന്ദ്രത്തില്‍ മന്ത്രിയായി വിലസുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്ര വമ്പന്‍ പൊതുധനം സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമായി കിട്ടത്തക്കവണ്ണം സര്‍വ നിയമവ്യവസ്ഥകളും ലംഘിച്ചുകൊണ്ട് അനന്തകോടി രൂപ നഷ്ടം വരുത്തിവെച്ചു. അദ്ദേഹത്തെ എത്രയോ കാലം നിരുപദ്രവിയെന്ന് പറഞ്ഞുകൊണ്ട് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ തലോടി സംരക്ഷിച്ചുപോന്നു. ഒടുവില്‍ നിവൃത്തികെട്ടപ്പോള്‍ പുറത്തായി. അഴിമതി 'രാജന്‍' തുറുങ്കില്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. അങ്ങോരെ ഇത്രകാലം സംരക്ഷിച്ചവര്‍ക്ക് ശിക്ഷയില്ലേ?

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ ഋജുബുദ്ധികളായ മഹാവ്യക്തികള്‍ വിളയാടിയ വേദികളിലാണ് ഈ വക്രസ്വഭാവക്കാര്‍ പരമാധിപത്യം ആളുന്നത്. ഇവരുടെ മനസ്സിന്റെ വളവ് അവര്‍ണനീയമാണ്. നമ്മുടെ അനുഗ്രഹീത കവി പി കുഞ്ഞിരാമന്‍ നായര്‍ ഇത്തരക്കാരെ കണ്ടുമനസ്സിലാക്കി അന്നേ ഇവരെ അതിമനോഹരമായി വര്‍ണിച്ചു- ''ആയിരം വളവുളള കാഞ്ഞിരത്തെപ്പോലെ'' എന്ന്. കാഞ്ഞിരമാവുക, അതില്‍ ആയിരം വളവുണ്ടാവുക എന്ന് സങ്കല്‍പിക്കാന്‍ ഒരു മഹാകവിക്കേ കഴിയുകയുളളൂ. പക്ഷേ നമ്മുടെയിടയില്‍ ഇത്തരം കാഞ്ഞിരമരങ്ങള്‍ കണക്കില്ലാതെ വളര്‍ന്നുകൊണ്ടിരിക്കുന്നു. മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ ഈ വര്‍ഗ്ഗത്തെ 'അധര്‍മ്മവൃക്ഷം' എന്നാണ് വിളിച്ചത്. അടുത്തുതന്നെ ഉള്ള 'ധര്‍മ്മവൃക്ഷം' ഇലയും ചില്ലയും ഉണങ്ങി പൂവും കായും ഇല്ലാതെ ശുഷ്‌കിച്ച് നില്‍ക്കുമ്പോള്‍ അധര്‍മ്മവൃക്ഷം തടിച്ച ശാഖകളോടും നിബിഡമായ പച്ചിലകളോടും ദുര്‍ഗന്ധം വമിക്കുന്ന പൂക്കളോടും കൂടെ തടിച്ചുകൊഴുത്ത് വളരുന്നു.

അതുകൊണ്ട് നേരും നെറിയും നന്‍മയും കാണാന്‍ എങ്ങോട്ടാണ് നോക്കേണ്ടതെന്നറിയാതെ നമ്മുടെ കണ്ണ് തള്ളിക്കഴിയുന്നു. കേന്ദ്രമന്ത്രിസഭയിലോ സുപ്രിം-ഹൈക്കോടതികളിലോ നോക്കിയാലത്തെ കഥകള്‍ നേരത്തെ സൂചിപ്പിച്ചു. സൈനിക രംഗത്ത് നോക്കിയാല്‍ ഞെട്ടിപ്പോകും. പ്രതിരോധ വകുപ്പാണ് കളവിന്റെ വിളഭൂമി. ബോഫോഴ്‌സ് തോക്കിടപാട് കേസ് മറന്നുപോയോ? കാട്ടുകളവിന്റെ അടഞ്ഞുകിടന്ന വാതില്‍ നമുക്ക് തുറന്നുതന്നത് ആ കേസാണ്. പിന്നീട് അത് അടഞ്ഞിട്ടില്ല. കവാടത്തിന്റെ വിസ്‌തൃതി കൂടിക്കൊണ്ടിരിക്കുകയാണ്.

വന്‍ കടലുകളിലെ തിമിംഗലങ്ങളും വന്‍ ജലാശയങ്ങളിലെ ഭീകര ജീവികളും മാത്രമല്ല വക്രബുദ്ധിയും കാപട്യവും കൊണ്ട് കഴിഞ്ഞുകൂടുന്നത്. ചെറിയ പുഴുക്കളും പഴുതാരകളും കൃമികീടങ്ങളും ഈ വിഷഭക്ഷണം കഴിച്ച് വളരാന്‍ ശ്രമിച്ചുവരുന്ന കാഴ്ചയും ഇന്ന് സുലഭമാണ്. വന്‍കിടക്കാര്‍ പുഴുത്തു നശിച്ചാലും ജനസമൂഹം വലിയ കുഴപ്പമില്ലാതെ ബാക്കിനില്‍പ്പുണ്ടല്ലോ എന്ന് ആശ്വസിക്കുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. ഏറ്റവും വലിയ വിപത്ത് അവരും വളവുളള കാഞ്ഞിരമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

ഇപ്പോഴത്തെ പ്രക്ഷോഭകരമായ വാര്‍ത്ത നമ്മുടെ മുഖ്യമന്ത്രിയുടെ പുത്രന്റെ ധനാര്‍ജ്ജനത്തിന്റെ കഥകളാണല്ലോ. പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നത് കാണുമ്പോള്‍, പണ്ടൊരു ഭ്രാന്താസ്പത്രിയില്‍ നടന്ന സംഭവം ഓര്‍ത്തുപോകും. ഒരു ഭ്രാന്തിപ്പെണ്ണ് കീറിനാശമായ തുണി അരയില്‍ ചുറ്റി നടക്കുന്നത് കണ്ട മറ്റൊരു പെണ്‍ ഭ്രാന്ത 'എന്ത് നാണക്കേടാണ് ഇത്' എന്ന് ചോദിച്ച് തന്റെ ഒരേയൊരു തുണി ഉരിഞ്ഞ് കൂട്ടുകാരിക്ക് കൊടുത്തത്രെ. നഗ്‌നതയുടെ കാര്യത്തില്‍ നാം ഇവരില്‍ ആരെയാണ് സ്വീകരിക്കുക?

അച്യുതാനന്ദ പുത്രന്റെ കഥ പുറത്തുവരേണ്ടതാകുന്നു. യു പി എ യുടെയും കേന്ദ്രമന്ത്രിസഭയുടെയും യു ഡി എഫിന്റെയും അഴിമതികള്‍ പുറത്തുവന്നു. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ്‌ഫ്ളാറ്റ്, ഇടമലയാര്‍ എന്നിങ്ങനെ കൊടും അഴിമതികള്‍ ആയാണ് അവ പുറത്തായത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി പുത്രനെയും ഒരു ചെറിയ നേതാവ് പഴിയ്ക്കുകയുണ്ടായി. പറഞ്ഞ് പറഞ്ഞ് കയറിയപ്പോള്‍ മുഖ്യമന്ത്രിസുതന്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഉടനെ ആ നേതാവ് പറഞ്ഞുപോയതില്‍ ഖേദം പ്രകടിപ്പിച്ച്, കേസ് പിന്‍വലിച്ചു.

കേസ് സംബന്ധിച്ച് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞതിനുശേഷമാകാം, അത് തനിക്ക് മാനഹാനിയുളവാക്കുന്നതാണല്ലോ എന്ന് പിന്നണി ബുദ്ധി അദ്ദേഹത്തില്‍ ഉദിച്ചത്. ഉടനെ പ്രസ്താവന വന്നൂ, മന്ത്രി പുത്രന്‍ കാല്‍ക്കല്‍ വീണതുകൊണ്ടാണ് താന്‍ ഖേദം പ്രകടിപ്പിച്ചത് എന്ന്.

താഴെ വീണെങ്കിലും കാല് മേലെയാണെന്നതുകൊണ്ട് വീഴ്ചയില്ലെന്ന് ജനം സമ്മതിക്കണം. സമ്മതിക്കുകയല്ലാതെ ജനം എന്തുചെയ്യും? പക്ഷേ സമ്മതിക്കാന്‍ ഒരു ചെറുപ്രയാസം! സാധാരണ ലോക നടപ്പ് മാനനഷ്ടക്കേസുകൊടുത്താല്‍ പ്രതി കേസു കൊടുത്തയാളിന്റെ കൂറ് നേടുക എന്നതാണ്. ഈ കലിയുഗത്തിലും പതിവ് മറ്റൊന്നല്ല. പക്ഷേ ഇവിടെ മാനനഷ്ടക്കാരന്‍ കേസ് കൊടുത്തില്ല. പിന്നീട് സ്വയം കേസ് പിന്‍വലിക്കുന്നതിനു വേണ്ടി പ്രതിയുടെ കാല്‍ക്കല്‍ വീണതുകൊണ്ട് ഖേദം പ്രകടിപ്പിച്ചുവെന്നാണ് അവകാശവാദം.

കഥ തീരുന്നില്ല. കളവ് തീരില്ലല്ലോ. തന്റെ കാല്‍ക്കല്‍ വീണ് ഖേദം പ്രകടിപ്പിച്ച പാവത്തിനെ പിന്നെ ദ്രോഹിക്കാന്‍ പാടുണ്ടോ? അത് വഞ്ചനയാവില്ലേ? ഇതു പറഞ്ഞ നേതാവ് പിറ്റേന്ന്, ഈ പുത്രനെതിരെ മാർക്‌സിസ്റ്റു കേന്ദ്ര സമിതി നടപടിയെടുക്കണമെന്ന് ഒപ്പിട്ട് കത്തയച്ചതായി വാര്‍ത്ത. കഥയിലെ സംഭവങ്ങള്‍ ഒന്നും വിട്ടുപോകരുത്. (1) മുഖ്യമന്ത്രിയുടെ പുത്രനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി. (2) പുത്രന്‍ മാനനഷ്ടക്കേസ് കൊടുത്തു. (3) ആ പുത്രന്‍ ഉടനെ മാനം നഷ്ടപ്പെടുത്തിയ പ്രതിയുടെ കാല്‍ക്കല്‍ വീണ് രക്ഷിക്കാന്‍ പറഞ്ഞു. (4) പ്രതി തന്റെ കുറ്റപ്പെടുത്തലില്‍ ഖേദിച്ചതായി പ്രസ്താവിക്കുന്നു. (5) പിന്നെ അദ്ദേഹം ഖേദത്തോടെ പൊറുത്ത മന്ത്രിപുത്രനെതിരായി നടപടി വേണമെന്ന് കേന്ദ്ര മാര്‍ക്‌സിസ്റ്റ് ഭരണ സമിതിക്ക് എഴുതിയിരിക്കുന്നു.

എന്തോ തലയ്ക്ക് കുഴപ്പം പറ്റിയതുപോലെ, യുക്തി ചിന്ത വനവാസത്തിനു പോയോ? പറയുന്നത് ഒന്നും മറ്റൊന്നിനോട് ഇണങ്ങുന്നില്ല. ''എരിശ്ശേരിയില്‍ ഉപ്പില്ലാഞ്ഞിട്ട് തലയണ നീക്കിവെച്ചു, എന്നിട്ടും പോയില്ല പറമ്പില്‍ കയറിയ കുരങ്ങന്‍'' എന്ന മട്ടില്‍ നേതാക്കള്‍ പ്രസ്താവിച്ചു തുടങ്ങിയിരിക്കുന്നു. കളവിനെ മൂടിവെയ്ക്കാനുള്ള ശ്രമത്തില്‍ കളവിന്റെ ബ്രഹ്മാണ്ഡ വേഷങ്ങള്‍ പുറത്തുവരുന്നു.

പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് ചെറിയൊരുദാഹരണം. എന്നോട് ഒരു പത്രപ്രവര്‍ത്തകന്‍ പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമി സ്‌മാരക മന്ദിരം പണിയാതിരുന്നതിനെപ്പറ്റി ചോദിച്ചു; അക്കാദമിയും ഗവണ്‍മെന്റുമെല്ലാം കാളവണ്ടിയുടെ വേഗത്തിലേ പോവുകയുളളൂ എന്നോ മറ്റോ പണ്ട് ഞാന്‍ പറഞ്ഞത് ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയമാകയാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും ഒരു വാക്യം എന്നില്‍ നിന്നും കിട്ടണമെന്നതാണ് പത്രപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. അത് മനസ്സിലാക്കാത്ത ഒരാള്‍ ആ ലേഖകന്‍ മാത്രമാണ്. മറുപടിയായി ഞാന്‍ പറഞ്ഞു, 'അഡ്‌മിനിസ്‌ട്രേഷന്‍ സിസ്റ്റം' എപ്പോഴും ഈവക കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കില്ല. പോക്ക് മെല്ലെയായിരിക്കും. നാം എപ്പോഴും ഇടപെടേണ്ടിവരും' എന്നു പറഞ്ഞു.

റിപ്പോര്‍ട്ടുവന്നപ്പോള്‍ ഈ ഗവണ്‍മെന്റ് ഇതിനൊന്നും പ്രാധാന്യം നല്‍കില്ലെന്നും മെല്ലെപ്പോകലാണ് അവരുടെ രീതിയെന്നും. കാര്യങ്ങള്‍ കണ്ടത് വായിച്ചവരെല്ലാം ഈ ഗവണ്‍മെന്റിനെ ഞാന്‍ കുറ്റപ്പെടുത്തി എന്ന് വിശ്വസിക്കും. എന്നാലെന്ത്, നാലു വോട്ട് ഭരണപക്ഷത്തിന് കുറയുമെങ്കില്‍! അത് പോരേ കളവിന് പ്രതിഫലം?

ഈ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തുമാകട്ടെ, കുറച്ചെങ്കിലും പേരുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടര്‍ക്കും ആ പത്രത്തിനും അല്‍പ്പമൊരു മങ്ങലും മോശത്തരവും സംഭവിക്കാതിരിക്കുമോ? വാര്‍ത്ത സൂര്യനാണെങ്കില്‍ ഒരു കടലാസുകൊണ്ട് അത് മറയ്ക്കാമെന്ന് ഇവര്‍ കരുതുന്നു.

ഇത്തരത്തില്‍ നാം പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്, കാഞ്ഞിരമരങ്ങള്‍, വലുതും ചെറുതും എരിഞ്ഞു പുകയുകയാണ്.


*****


സുകുമാര്‍ അഴീക്കോട്, കടപ്പാട് :ജനയുഗം

ആഗോളകറന്‍സി യുദ്ധങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

പുതുവര്‍ഷം പുലരുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ആഗോളതലത്തില്‍ വികസിത രാജ്യങ്ങളും ചൈന, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന കറന്‍സി യുദ്ധങ്ങളില്‍ വിരാമമുണ്ടായില്ലെങ്കിലും, അല്‍പം ശമനമെങ്കിലുമുണ്ടാകുമെന്ന് നാം വെച്ചു പുലര്‍ത്തി വന്നിരുന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നുപോയിരിക്കുകയാണ്. ഹ്രസ്വകാല മൂലധനം അനിയന്ത്രിതമായ നിലയില്‍ പ്രവഹിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ മുന്‍നിര നേതൃത്വം നല്‍കിയിരുന്ന രാജ്യം ബ്രസീല്‍ ആയിരുന്നു. ഈ പ്രതിരോധ നിലപാട് കൂടുതല്‍ ശക്തമായി തുടരുമെന്ന പ്രഖ്യാപനവും ബ്രസീലിയന്‍ ഭരണകൂടം നടത്തി കഴിഞ്ഞിട്ടുണ്ട്. ചിലിയാണെങ്കില്‍, നാളിതുവരെ ശക്തമായ നിലയില്‍ സ്വതന്ത്ര വിപണി വ്യവസ്ഥ മുറുകെപിടിച്ചിരുന്ന നിലപാടില്‍, മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തുമാറ് മാറ്റം വരുത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതും. ബ്രസീലിയന്‍ ഭരണകൂടത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ വിപണിവ്യവസ്ഥാനുകൂല ആഭ്യന്തര സാമ്പത്തിക നയങ്ങളാണ് ചിലിയിലെ ഭരണകൂടം ഏറെക്കാലമായി പിന്‍തുടര്‍ന്നു വന്നിരുന്നതെന്ന വസ്തുതയും ഈ അവസരത്തില്‍ പ്രസക്തമാണ്. കറന്‍സിയുദ്ധം ഇന്നത്തെ നിലയില്‍ ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നും നിലനില്‍ക്കാനാണ് സാധ്യത കാണുന്നതും.

യുക്തിസഹമല്ലാത്ത ഘടകങ്ങളാണ് കറന്‍സിയുടെ ചനങ്ങള്‍ക്കിടയാക്കുന്നതെന്നതിനാല്‍ അവയുടെ ഗതി എന്തെന്ന് കൃത്യമായി കാണുക അസാധ്യമാണ്. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. കറന്‍സിയുദ്ധങ്ങള്‍ ഒരു വ്യാപാരത്തിനുമേല്‍ കനത്ത ആഘാതമാണ് ഏല്‍പിക്കുന്നത്. ഈ സ്ഥിതിവിശേഷത്തിനിടയാക്കിയിട്ടുള്ളത് വന്‍ സാമ്പത്തിക ശക്തികള്‍ തമ്മില്‍ സഹകരണമില്ലെന്നതു തന്നെ. ബ്രസീലിന്റെ ധനമന്ത്രിയാണ് കറന്‍സിയുദ്ധങ്ങള്‍ എന്ന പദം ഉപയോഗിച്ചതും അതിന് പ്രചാരം നല്‍കിയതും. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. കയറ്റുമതി വിപണികള്‍ക്കുമേല്‍ നിയന്ത്രണവും, ആധിപത്യവും നിലനിര്‍ത്താന്‍ വിവിധരാജ്യങ്ങള്‍ മത്സരബുദ്ധിയോടെ സ്വന്തം ദേശീയ കറന്‍സികളുടെ മൂല്യം തുടര്‍ച്ചയായി ഉയര്‍ത്തുന്ന പ്രവണതയാണ്, പ്രതിഭാസമാണ് ''കറന്‍സി യുദ്ധങ്ങള്‍'' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ യുദ്ധങ്ങളിലൂടെ ഓരോ രാജ്യവും ലക്ഷ്യമിടുന്നത് മറ്റൊരു രാജ്യത്തിന്റെ കറന്‍സി മൂല്യം മാത്രം ഉയരുക എന്ന സാധ്യത തടയുകയാണ്. എന്നാല്‍, യുദ്ധത്തില്‍ പങ്കാളികളാകുന്ന ഒരൊറ്റ രാജ്യവും സ്വന്തം മത്സരത്തിന്റെ പ്രത്യാഘാതം സ്വയം ഏറ്റെടുക്കുകയും സഹിക്കുകയും വേണ്ടി വരുമെന്ന് മനസിലാക്കുന്നില്ല എന്നതാണ് ആശ്ചര്യമുളവാക്കുന്ന വസ്തുത. ഒരു പരിധി കടന്നാല്‍ ഈ യുദ്ധം അവസാനിപ്പിക്കാനും കഴിയില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കാര്‍ക്കും തന്നെ ഇല്ലെന്നതും അദ്ഭുതകരം തന്നെ. ഇത്തരം യുദ്ധങ്ങള്‍ക്ക് വമ്പിച്ച പ്രചാരവും ആഗോള തലത്തില്‍ ലഭിച്ചുവരുന്നുണ്ട്. വിശിഷ്യാ കറന്‍സി യുദ്ധം ചൈനയും അമേരിക്കയും തമ്മിലാവുമ്പോള്‍, ചൈനീസ് കറന്‍സിയായ യുവാന്റെ വിദേശ വിനിമയമൂല്യം കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കപ്പെടാതെ വന്നപ്പോഴാണ് യുദ്ധം ബലപ്പെട്ടതെന്നോര്‍ക്കുക. അമേരിക്കയോടൊപ്പം ചൈനക്കെതിരായ യുദ്ധത്തില്‍ മറ്റു നിരവധി രാജ്യങ്ങളും ചേര്‍ന്നു.

പുതുതായി വളര്‍ച്ച നേടിവരുന്ന രാജ്യങ്ങള്‍ മാന്ദ്യ പ്രതിസന്ധിയില്‍ നിന്നും ക്രമേണ മോചനം നേടിവരുന്നുണ്ട്. സ്വാഭാവികമായും വളരെ സാവധാനത്തില്‍ മാത്രം റിക്കവറി കൈവരിച്ചുവരുന്ന വികസിത രാജ്യങ്ങളില്‍ നിന്നുള്ള മിച്ച വിഭവങ്ങളും മൂലധനവും മെച്ചപ്പെട്ട നിക്ഷേപസാധ്യതകള്‍ തേടി, ഈ നവ സമ്പന്ന രാജ്യങ്ങളിലെ വിപണികള്‍ തേടി എത്തുക എന്നതില്‍ അദ്ഭുതപ്പെടാനില്ല. ആഗോളതല റിക്കവറിയുടെ ഫലമായി നഷ്ടസാധ്യതകളിലും കുറവുണ്ടായിരിക്കുന്നു. ആഗോള ഫണ്ട് മാനേജര്‍മാര്‍ നിലവിലുള്ള അനുകൂല സാഹചര്യങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള നേട്ടങ്ങളും സുരക്ഷിതത്വവും കാണുന്നു. ഇക്കാര്യത്തില്‍ സുരക്ഷിതത്വം ഏറെയുള്ളത് ഇന്ത്യയിലേയും ബ്രസീലിലേയും നിക്ഷേപങ്ങളിലുമാണ്. മൂന്നാമത്തെ അനുകൂല സാഹചര്യം അമേരിക്കയടക്കമുള്ള പ്രതിസന്ധി ബാധിത സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ അയവേറിയ പണ നയങ്ങളാണ് സ്വീകരിച്ചുവരുന്നതെന്നതാണ്. അമേരിക്കയുടെ കാര്യമെടുത്താല്‍ മുന്‍കാലങ്ങളില്‍ വിറ്റഴിക്കപ്പെട്ട ദീര്‍ഘകാലബോണ്ടുകള്‍ - കടപ്പത്രങ്ങള്‍ - തിരികെ വാങ്ങുന്ന പ്രക്രിയ കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. അസാധാരണമായ ഈ നടപിയുടെ ഫലമായി ദീര്‍ഘകാല പലിശ നിരക്കുകളില്‍ ഇടിവു വരുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സമീപകാലം വരെ ഇത്തരം നിരക്കുകള്‍ ഏറെക്കുറെ സ്ഥിരസ്വഭാവം നിലനിര്‍ത്തിവരുകയുമായിരുന്നു. ഇന്ത്യയെപ്പോലുള്ള നവ സമ്പന്ന സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ഥം കൂടുതല്‍ മൂലധന പ്രവാഹം സാധ്യമായിരിക്കുന്നു എന്നാണ്.

വര്‍ധിച്ച തോതിലുള്ള മൂലധന പ്രവാഹം എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് വികസ്വര രാജ്യങ്ങള്‍ നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ മുഖ്യമായതെന്നാണ് നാണയ നിധിയുടെ കണ്ടെത്തല്‍ . മൂലധനപ്രവാഹം നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കറന്‍സി യുദ്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം, ലോകബാങ്ക്, നാണയ നിധി തുടങ്ങിയ ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വാദിക്കുന്നത് മൂലധന പ്രവാഹം ഒഴിവാക്കാനാവില്ലെന്നുമാണ്. ഇതോടെ പ്രശ്‌നത്തിന് പുതിയൊരു മാനം കൂടി ഉണ്ടായിരിക്കുകയാണ്. ഏതായാലും, ഉഭയകക്ഷി ധാരണയിലൂടെ കറന്‍സി യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ലെന്നു പരക്കെ ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനായി വ്യക്തമായ ചില വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുകയും അവയുടെ അടിസ്ഥാനത്തില്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഏതെങ്കിലും വിധത്തിലുള്ള മോണിറ്ററിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. 2011 വര്‍ഷാരംഭത്തില്‍ നാണയനിധി നടത്തിയ ഒരു പഠനം മുന്നോട്ട് വയ്‌ക്കുന്ന നിര്‍ദേശം ഇതാണ്. ഇതിന്റെ ലക്ഷ്യം മൂലധനപ്രവാഹങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രക്രിയക്കുമേല്‍ തന്നെ ചില പരിധികള്‍ ഉറപ്പാക്കുകയാണ്. എന്നാല്‍, ഈ നിര്‍ദേശം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ നന്നേ വിരളമാണെന്നാണ് പൊതുധാരണ. കാരണം, ആഗോളതലത്തില്‍തന്നെ നിലവിലുള്ള ആശയ പൊരുത്തമില്ലായ്മയുടെ ഫലമായി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു എന്നതു തന്നെ. ഈ പ്രതികൂല കാലാവസ്ഥയില്‍ മാറ്റം വരുന്നതിനു മുമ്പ് ഒരു ഒത്തു തീര്‍പ്പ് സാധ്യമാണെന്നു തോന്നുന്നുമില്ല.

മൂലധന പ്രവാഹം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി, കറന്‍സി വിനിമയ നിരക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല. പ്രവാഹത്തിനുമേല്‍ നിയന്ത്രണങ്ങള്‍, വിദേശ പ്രവാഹത്തിനാനുപാതികമായി ആഭ്യന്തര റിസര്‍വ് തോത് ഉയര്‍ത്തുക, പ്രതിസന്ധി ഘട്ടം വരുമ്പോള്‍ കറന്‍സി വിദേശത്തേക്കു നടത്തുന്ന പലായനങ്ങള്‍ നിരോധിക്കുക തുടങ്ങിയ മറ്റു നടപടികളും അനിവാര്യമാകും. ചിലിയില്‍ ഇതു സംബന്ധമായൊരു സംവിധാനം ഒരവസരത്തില്‍ പ്രാബല്യത്തിലുണ്ടായിരുന്നതാണ്. ഇതനുസരിച്ച്, വിദേശ നിക്ഷേപകര്‍ അവര്‍ നിക്ഷേപിക്കുന്ന മൂലധനത്തിന്റെ ഒരുഭാഗം ബന്ധപ്പെട്ട രാജ്യത്തുള്ള കേന്ദ്ര ബാങ്കില്‍ പലിശ രഹിതമായ നിക്ഷേപ രൂപത്തില്‍ സൂക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിന്റെ ലക്ഷ്യം ഹ്രസ്വകാല പ്രവാഹങ്ങള്‍ പരമാവധി നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു. ഹ്രസ്വകാല നിക്ഷേപങ്ങള്‍ വര്‍ധിച്ചതുകൊണ്ട് പറയത്തക്ക പ്രയോജനമുണ്ടാകില്ല. മാത്രമല്ല, അത്തരം നിക്ഷേപങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങളായി മാറ്റാനും കഴിയുമായിരുന്നില്ല. എന്നാല്‍, ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള പ്രശ്‌നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സാധ്യതകളും വിരളമാണ് എന്നത് പ്രശ്‌ന പരിഹാരം കൂടുതല്‍ സങ്കീര്‍ണമാകാനിടവരുത്തുകയും ചെയ്യുന്നു.

അതേസമയം, ആഗോള തലത്തില്‍ ധനകാര്യ നിയന്ത്രണത്തോടുള്ള സമീപനത്തിലും അതിനോടുള്ള മനോഭാവത്തിലും 1990 കള്‍ക്കു ശേഷം ദൃശ്യമായി വരുന്ന മൗലികമായ മാറ്റം ശ്രദ്ധേയമാണ്. മുഖ്യധാര ചിന്തകന്‍മാരിലും ഈ മാറ്റം പ്രകടമാണ്. അന്നുവരെ നിലവിലുണ്ടായിരുന്ന ചിന്താഗതി സ്വതന്ത്ര വിപണി വ്യവസ്ഥയ്ക്ക് തീര്‍ത്തും അനുകൂലമായിരുന്നു. വിപണി വ്യവസ്ഥയ്ക്ക് വഴിപിഴയ്ക്കില്ല എന്നായിരുന്നു ഉറച്ച വിശ്വാസം. അമേരിക്കയും നാണയനിധിയും ക്യാപ്പിറ്റല്‍ അക്കൗണ്ട് കണ്‍വര്‍ട്ടബിലിറ്റി പൂര്‍ണമായി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുകയായിരുന്നു അന്നൊക്കെ. മൂലധനത്തിന് ആഗോളതലത്തില്‍ യഥേഷ്ടം ചലിക്കാനും ഈ ചലനത്തെ തുടര്‍ന്ന് ഏതറ്റം വരെ വേണമെങ്കിലും വിവിധ ദേശീയ കറന്‍സികള്‍ തമ്മില്‍ പരസ്പരം കൈമാറ്റത്തിനുള്ള സ്വാതന്ത്ര്യമാകാമെന്നുമായിരുന്നു അന്നുണ്ടായിരുന്ന ചിന്താഗതി. എന്നാല്‍, തുടര്‍ന്നുള്ള ദശകത്തിനിടയില്‍ മുതലാളിത്ത രാജ്യങ്ങളുടെ സ്വതന്ത്ര വിപണി സ്‌നേഹം തുടര്‍ന്നും നിലനില്‍ക്കുന്നതില്‍ പ്രകടമായ എതിര്‍പ്പു നേരിടേണ്ടിവരുകയായിരുന്നു. നവ സമ്പന്ന രാജ്യങ്ങളില്‍ നിന്നും അവയിലെ വിപണി ശക്തികളില്‍ നിന്നുമായിരുന്നു ഈ പ്രതിരോധ ശബ്ദമുയര്‍ന്നത്. ഇതോടൊപ്പം ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി മുന്‍ 'ടൈഗര്‍' സമ്പദ്‌വ്യവസ്ഥകളെ പിടിച്ചുലച്ചതോടെ ഹ്രസ്വകാലമൂലധനപ്രവാഹങ്ങള്‍ പോലും എതിര്‍ക്കപ്പെടാനിടയായി. ദേശീയതയും ദേശീയ താല്‍പര്യസംരക്ഷണവും വീണ്ടും പുതിയൊരു സാമ്രാജ്യത്വ അധിനിവേശ പ്രതിരോധ പ്രസ്ഥാനത്തിനു ബലം പകരുകയും ചെയ്തു. നിരവധി ഏഷ്യന്‍ മേഖലാ രാജ്യങ്ങള്‍ അവയുടെ കറന്‍സികള്‍ തകര്‍ന്നടിയുന്നത് ഞെട്ടലോടെയും ദുഃഖത്തോടെയുമാണ് നോക്കിക്കണ്ടത്. ഈ അട്ടിമറിക്കിടയാക്കിയത് ഹ്രസ്വകാല മൂലധന നിക്ഷേപങ്ങള്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കപ്പെടാനിടവന്നതാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മലേഷ്യന്‍ പ്രധാന മന്ത്രി മഹാത്തില്‍ മൊഹമ്മദ് യാഥാസ്ഥിതിക പ്രത്യയശാസ്ത്ര സിദ്ധാന്തത്തിന് കടകവിരുദ്ധമായി അന്നുവരെ കരുതപ്പെട്ടിരുന്ന ഒരു മൂലധന പ്രവാഹ നിയന്ത്രണ പദ്ധതിയ്ക്ക് രൂപം നല്‍കുകയും അതിലൂടെ സ്വന്തം ദേശീയ കറന്‍സിയായ റിന്‍ജിറ്റിന്റെ വിനിമയ നിരക്ക് സ്ഥിരമായി നില നിര്‍ത്താന്‍ അത് ശക്തമായി നടപ്പാക്കുകയും ചെയ്തത്.

ഇന്ത്യയാണെങ്കില്‍, ക്യാപ്പിറ്റല്‍ അക്കൗണ്ട് കണ്‍വര്‍ട്ടിബിലിറ്റിയുമായി മുന്നോട്ടുപോകാനുള്ള നടപടിക്ക് വിരാമമിട്ടത്. ഇതിനെ തുടര്‍ന്നായിരുന്നു. സ്വതന്ത്രമായ വിനിമയ മാറ്റത്തിനുപകരം നിയന്ത്രണവിധേയമായ മാറ്റങ്ങള്‍ക്ക് രൂപയെ വിധേയമാക്കിയതും ഇതേ കാലഘട്ടത്തിലായിരുന്നു. ഈ തീരുമാനം ഫലവത്തായതിനെ തുടര്‍ന്ന് മറ്റ് വികസ്വര രാജ്യങ്ങളും ഇന്ത്യയുടെ മാതൃക തന്നെയാണ് പിന്‍തുടരുകയും നടപ്പാക്കുകയും ചെയ്തതും. എന്നാല്‍, നിരവധി ഗൗരവമേറിയ നയപരമായ തീരുമാനങ്ങള്‍ ഇതോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ അനിയന്ത്രിതമായ മൂലധന പ്രവാഹം തടഞ്ഞു നിര്‍ത്താനും ഓഹരി വിപണികളില്‍ സ്ഥിരത കൈവരിക്കാനും കഴിയൂ എന്നത് ചുരുങ്ങിയ കാലത്തിനിടയില്‍ വ്യക്തമാകുകയും ചെയ്തു. ചുരുക്കത്തില്‍ മൂലധന ഒഴുക്കിനും വിപണികളിലെ അസ്ഥിരതകള്‍ക്കും വിരാമമിടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന ആവശ്യം വ്യാപകവും ശക്തവും ആയതിനെ തുടര്‍ന്ന് സ്വതന്ത്ര വിപണി - നാണയ വ്യവസ്ഥയ്ക്ക് ബദലായി നിയന്ത്രിത - മാനേജ്‌മെന്റ് സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ആക്കം കൂടുകയായിരുന്നു ഉണ്ടായത്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ കൊടുക്കല്‍ - വാങ്ങല്‍ ഇടപാടുകള്‍ തമ്മിലുള്ള ബാലന്‍സ് തെറ്റിക്കുന്നതില്‍ മൂലധന ഒഴുക്കിന് നിര്‍ണായകമായ പങ്കുണ്ടെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞതും. കറന്റ് അക്കൗണ്ടിലുള്ള കമ്മി കൂടുതല്‍ പെരുകാന്‍ തുടങ്ങിയത് പ്രശ്‌നത്തിന്റെ പ്രാധാന്യം ഉയരാനും വഴിവെച്ചു. ഇത്തരം കമ്മി ഏറെക്കാലം തുടരാനിടവന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തോതില്‍ ആഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കപ്പെട്ടു. അതായത്, വികസനാവശ്യങ്ങള്‍ക്കായി ഹ്രസ്വകാല മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഫണ്ടുവിനിയോഗിച്ച് വിദേശവിനിമയ കമ്മി നികത്തുന്നതും ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും വരുത്തിവെയ്ക്കുക. കറന്‍സി യുദ്ധങ്ങളുടെ പ്രസക്തിയും അവയ്ക്ക് വിരാമമിടേണ്ടതിന്റെ അനിവാര്യതയും ഇതുവഴി വ്യക്തമാകുകയും ചെയ്യുന്നു.


*****

പ്രൊഫ. കെ അരവിന്ദാക്ഷന്‍, കടപ്പാട് :ജനയുഗം

സംസ്കാരത്തെക്കുറിച്ച് പഠിക്കാന്‍

മനുഷ്യസമൂഹം അവശേഷിപ്പിച്ച ഭൌതികവസ്തുക്കളുടെ പഠനമാണ് ഭൌതികസംസ്കാരപഠനം. മനുഷ്യന്റെ ഭൌതികസംസ്കാരചരിത്രത്തിന് 25 ലക്ഷം വര്‍ഷം പഴക്കമുണ്ട്. കല്ലുകൊണ്ടാണ് മനുഷ്യന്‍ ആദ്യമായി ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കിയത്. പുരാവസ്തുശാസ്ത്രപ്രകാരം 25 ലക്ഷം വര്‍ഷത്തിന് മുമ്പ് ശിലായുഗത്തിലായിരുന്നു അതിന്റെ തുടക്കം. അന്നുമുതല്‍ മനുഷ്യനുണ്ടാക്കിയ വസ്തുക്കളുടെ പഠനഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഭൌതികസംസ്കാരപഠനകേന്ദ്രം ലക്ഷ്യമാക്കുന്നത്.

മാനവചരിത്രത്തിലെ ചെറിയ കാലയളവിനെക്കുറിച്ച് മാത്രമേ (ഏറിയാല്‍ 10,000 വര്‍ഷം) എഴുത്തിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. അതായത്, മനുഷ്യ ചരിത്രം ഏതാണ്ട് മുഴുവനായും അടയാളപ്പെടുത്തിയിരിക്കുന്നത് ഭൌതികാവശിഷ്ടങ്ങളിലാണ്. ഇവയുടെ പഠനം വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിലെ സാഹചര്യത്തില്‍ പറഞ്ഞാല്‍ പുരാവസ്തുക്കളുടെ ദൌര്‍ലഭ്യം മുതല്‍ പുരാവസ്തു വിജ്ഞാനശാഖയോടുണ്ടായിരുന്ന താല്‍പ്പര്യക്കുറവുവരെ പലതും ഇത്തരം പഠനശ്രമങ്ങള്‍ക്ക് തടസ്സമായി. ഈ സാഹചര്യത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന ഭൌതികസംസ്കാര പഠനകേന്ദ്രത്തിന് വലിയ പ്രസക്തിയുണ്ട്.

ഭൌതികസംസ്കാരപഠനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് അതിന്റെ അന്തര്‍വിഷയീ സ്വഭാവമാണ്. അതായത്, ഭൌതികശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക-ദാര്‍ശനിക വിഷയങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഭൌതികസംസ്കാരപഠനം സാധ്യമാകൂ. സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഭൌതികസംസ്കാരപഠനം ലക്ഷ്യമാക്കുന്നത് ഭൌതികവസ്തുക്കളെ സാമൂഹ്യബന്ധങ്ങളില്‍ സ്ഥാപിക്കുക എന്നതാണ്.

മാനവിക വിഷയ സമീപനങ്ങളിലാകട്ടെ ഭൌതിക വസ്തുക്കളുടെ പിന്നിലെ മനസ്സുകളെയാണ് അപഗ്രഥിക്കുന്നത്. അതായത്, ആ വസ്തുക്കള്‍ നിര്‍മിച്ചവരുടെ ഭാവനയും ഭാഷയും കലാചാതുരിയും തുടങ്ങി അവരുടെ ആശയപ്രപഞ്ചമാകെ പുരാവസ്തുക്കളില്‍നിന്ന് കണ്ടെത്താനുള്ള പരിശ്രമം.

ഭൌതികസംസ്കാരപഠനത്തിന്റെ ദാര്‍ശനികതലവും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. മാനവചരിത്രം പഠിച്ച ദാര്‍ശനികരില്‍ ചിലര്‍ മുന്നോട്ടുവച്ച ഒരു കാഴ്ചപ്പാട് മനുഷ്യന്‍ പ്രാഥമികമായി ഭൌതിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നാണ്. മനുഷ്യമോചനത്തെ ലക്ഷ്യമാക്കുന്ന ദര്‍ശനങ്ങള്‍ ഇപ്പോഴും ഭൌതികതയ്ക്കുള്ള പ്രാഥമികതയെ അംഗീകരിക്കുന്നുണ്ട്. ചരിത്രം, പരാജിതരുടെയും തിരസ്കൃതരുടെയും ചരിത്രം കൂടിയാകണമെങ്കില്‍ മനുഷ്യജീവിതത്തിന്റെ ഭൌതിക പരിസരങ്ങളെ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതുണ്ട്. ഭൌതികസംസ്കാരപഠനം അതിന് വഴിയൊരുക്കുന്നു.

ശാസ്ത്രവിഷയങ്ങളുടെ പിന്‍ബലമില്ലാതെ ഭൌതികശാസ്ത്രപഠനം സാധ്യമല്ല. ഓരോ ഭൌതികവസ്തുവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കാലനിര്‍ണയം ചെയ്തും ഉറവിടം കണ്ടെത്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഈ പഠനങ്ങളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്രമല്ല സസ്യശാസ്ത്രവും ഭൌമശാസ്ത്രവും പങ്കാളിയാകും. ഓരോ ഭൌതികസംസ്കാരത്തിന്‍മേലും പ്രകൃതിയും പാരിസ്ഥിതിക ഘടകങ്ങളും വഹിച്ച പങ്കും ഇതിലൂടെ മനസ്സിലാക്കാനാകും.

കേരളത്തെ ലോകപുരാവസ്തു ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പട്ടണം പുരാവസ്തു ഗവേഷണ പദ്ധതിയാണ് മുസിരിസ് പദ്ധതി പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഈ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സാഹചര്യമൊരുക്കിയത്. ഇന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദക്ഷിണേഷ്യയില്‍ പ്രധാനമായ പുരാവസ്തുസ്ഥാനമായി പട്ടണം മാറിക്കഴിഞ്ഞു. കഴിഞ്ഞ നാല് സീസണുകളിലായി അവിടെനിന്ന് ലഭിച്ച പുരാവസ്തുക്കളുടെ വൈവിധ്യവും എണ്ണവും അതിശയിപ്പിക്കുന്നതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നിര്‍വചനപ്രകാരമുള്ള പുരാവസ്തുക്കള്‍ മാത്രം ഏതാണ്ട് 50,000ന് അടുത്തുവരും. ഇതിന് പുറമെയാണ് 30 ലക്ഷത്തോളം വരുന്ന മൺപാത്ര കഷ്ണങ്ങള്‍. ഇവയില്‍ മഹാഭൂരിപക്ഷവും തദ്ദേശീയങ്ങളാണ്. മെഡിറ്ററേനിയന്‍, ചെങ്കടല്‍, പശ്ചിമേഷ്യന്‍ സമൂഹങ്ങളില്‍ നിര്‍മിച്ചവയും ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന മൺപാത്രങ്ങളും ധാരാളമുണ്ട്. ഇവയെല്ലാം പട്ടണത്തെ സവിശേഷമായ ബഹുസംസ്കാരവിനിമയ കേന്ദ്രമാക്കുന്നു. 2000 വര്‍ഷത്തിനുമുമ്പുള്ള പുരാവസ്തുക്കള്‍ ഇത്രയധികം ലഭിച്ച ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.

ചെറുപുരാവസ്തുക്കളുടെ പറുദീസയായി പട്ടണത്തെ വിലയിരുത്തിയാല്‍ അതില്‍ തെറ്റുണ്ടാകില്ല. ഈ പശ്ചാത്തലത്തില്‍ ഭൌതികസംസ്കാരപഠനത്തിനായി പഠനകേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കേരളം ഭാവിതലമുറയോട് അതിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. പട്ടണം പുരാവസ്തുക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായുമുള്ള ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങള്‍ ഈ പഠനകേന്ദ്രത്തിന്റെ ലക്ഷ്യവ്യാപ്തിയെ പലമടങ്ങ് വര്‍ധിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രവിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍, ഭൌതികശാസ്ത്രവിഷയങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുള്ള മാസ്റ്റേഴ്സ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകളാണ് കേന്ദ്രത്തിലുണ്ടാകുക. അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം കരിക്കുലം. എംഎ തലത്തില്‍ ഇറ്റലിയിലെ റോം, കസിനോ സര്‍വകലാശാലകള്‍ ഇന്തോ-ഗ്രീക്ക്-റോമന്‍ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട കോഴ്സ് രൂപപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. എംഫില്‍ കോഴ്സിന് ആവശ്യമായ സഹകരണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സര്‍വകലാശാലകളുമായ കെസിഎച്ച്ആര്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ സംസ്കൃത സര്‍വകലാശാല അംഗീകരിക്കുകയാണെങ്കില്‍ ഈ കോഴ്സുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ തന്നെ ആരംഭിക്കാന്‍ കഴിയും. പിഎച്ച്ഡി തലത്തില്‍ അക്കാദമിക് സഹകരണം വാഗ്ദാനം ചെയ്ത സര്‍വകലാശാലകളില്‍ പട്ടണം ഗവേഷണപദ്ധതിയുമായി സഹകരിക്കുന്ന അമേരിക്കയിലെ ഡെലവയര്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഡറാം സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി അരഡസനിലേറെ സ്ഥാപനങ്ങളുണ്ട്.

ഏതെങ്കിലും വിജ്ഞാനശാഖയില്‍ അടിസ്ഥാനയോഗ്യതയുള്ള ആര്‍ക്കും ഭൌതികസംസ്കാരപഠനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കോഴ്സുകളില്‍ പ്രവേശനം നേടാം. ശങ്കരാചാര്യ സര്‍വകലാശാലയും മറ്റുസര്‍വകലാശാലകളും സഹകരിച്ചാല്‍ വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും കൈമാറ്റം ഉള്‍പ്പെടെയുള്ള പദ്ധതിയും നടപ്പാക്കാനാകും.

റോമില ഥാപ്പര്‍, യൂറോപ്യന്‍ ആര്‍ക്കിയോളജി ചെയര്‍ പ്രൊഫ. ക്രിസ് ഗോഡ്‌സൺ, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആര്‍ക്കിയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് പൊളാര്‍ഡ് എന്നിവര്‍ ഈ കേന്ദ്രത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതിലും ഉപദേശകസമിതിയില്‍ അംഗമാകുന്നതിലും കാണിച്ച താല്‍പ്പര്യം അഭിമാനകരമായ കാര്യമാണ്. കോഴ്സുകള്‍ക്ക് ഫീല്‍ഡ് പഠനം നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെ ഹെറിറ്റേജ് മാനേജ്‌മെന്റില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടായിരിക്കും. പുരാവസ്തുപഠനത്തിനുള്ള ലാബോറട്ടറികള്‍, കൺസര്‍വേഷന്‍ കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അറിവും വൈദഗ്ധ്യവും സ്വരൂപിക്കാനും ഈ പഠനകേന്ദ്രം ശ്രമിക്കുന്നതായിരിക്കും.


*****

പ്രൊഫ. പി ജെ ചെറിയാന്‍, കടപ്പാട് : ദേശാഭിമാനി 28-02-2011

(പട്ടണം പുരാവസ്തു ഗവേഷണപദ്ധതി ഡയറക്ടറാണ് ലേഖകന്‍)

ഗദ്ദാഫിയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്

ടുണീഷ്യയിലെ ജനകീയ വിപ്ളവത്തിന്റെ വിജയം പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും അറബി സ്വേച്ഛാധിപതികളെ കിടിലംകൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. വമ്പിച്ച പോരാട്ടത്തിനുശേഷം ഈജിപ്തിലെ ജനകീയവിപ്ളവം വിജയിക്കുകയും സ്വേച്ഛാധിപതിയും അമേരിക്കന്‍ പക്ഷപാതിയുമായിരുന്ന ഹൊസ്നി മുബാറക് സ്ഥാനഭ്രഷ്ടനാകുകയുംചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസംവിധാനത്തിന് ഈജിപ്ത് തയ്യാറെടുക്കുകയാണ്. അടുത്ത ഊഴം ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിക്കാണെന്നു തോന്നുന്നു. അള്‍ജീരിയയിലും ജോര്‍ദാനിലും സിറിയയിലും യമനിലും ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചുവരികയാണെങ്കിലും കുന്തമുന ഗദ്ദാഫിക്കുനേരെയാണ്.

പട്ടാള അട്ടിമറിയിലൂടെ 1969ല്‍ ഭരണം പിടിച്ചെടുത്ത കേണല്‍ ഗദ്ദാഫി 42 വര്‍ഷമായി ഏകാധിപത്യം തുടരുകയാണ്. മുമ്പ് ഇറ്റലിയുടെ കോളനി ആയിരുന്ന ലിബിയ ഭരിച്ചിരുന്നത് ഐദ്രീസ് രാജാവായിരുന്നു. 1951ല്‍ ജനപിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഐദ്രീസ് 1969വരെ ഭരണാധികാരിയായി തുടര്‍ന്നു.

ഗദ്ദാഫിയുടെ തുടക്കം

1950കള്‍ വരെ അറബി രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണം നടത്തിയിരുന്ന സുല്‍ത്താന്മാരെപ്പോലെ ഐദ്രീസ് രാജാവും യാഥാസ്ഥിതികനും പടിഞ്ഞാറന്‍ പക്ഷപാതിയുമായിരുന്നു. അവിടത്തെ വലിയ എണ്ണനിക്ഷേപങ്ങള്‍ പടിഞ്ഞാറന്‍ ഉടമസ്ഥതയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് എണ്ണ സമ്പന്നരാഷ്ട്രങ്ങളില്‍ ഒന്നാണ് ലിബിയയെങ്കിലും അതിന്റെ പ്രയോജനം കൂടുതല്‍ മുതലാക്കിയിരുന്നത് ഫ്യൂഡല്‍ പ്രഭുക്കളാണ്. അങ്ങനെ രാഷ്ട്രം സമ്പന്നവും ജനങ്ങള്‍ ദരിദ്രരും ആയിരുന്ന സാഹചര്യമാണ് ഗദ്ദാഫിയുടെ വിജയത്തിനു കാരണം. ഗദ്ദാഫി ഇസ്രയേലിനെ ശക്തിയുക്തം എതിര്‍ക്കുകയും അമേരിക്കന്‍ ഇടപെടലുകളെ ചെറുക്കുകയും വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും ചെയ്ത് ജനപ്രീതി നേടി. അങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എതിരാളിയായിട്ടായിരുന്നു ഗദ്ദാഫിയുടെ തുടക്കം. സോവിയറ്റ് യൂണിയനും സോഷ്യലിസ്‌റ്റ് ചേരിയും ഗദ്ദാഫിയുടെ വാഴ്ചയെ അനുകൂലിക്കുകയും ചെയ്തിരുന്നു.

പക്ഷേ, 1980കളോടെ ഗദ്ദാഫി മാറാന്‍ തുടങ്ങി. 1990-91ലെ യൂറോപ്യന്‍ സോഷ്യലിസത്തിന്റെ തകര്‍ച്ച ഈ മാറ്റങ്ങള്‍ക്ക് ആക്കംകൂട്ടി. ഗദ്ദാഫി അമേരിക്കയോട് കൂടുതല്‍ അടുക്കുകയും പഴയ വൈരാഗ്യത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഇതോടെ സൌദി അറേബ്യയെപ്പോലെ അമേരിക്കന്‍ ഐക്യനാടിന്റെ ദല്ലാളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അഴിമതിയും അതിക്രമവും

ഗദ്ദാഫിയുടെ ഈ ചുവടുമാറ്റം ഭരണനിര്‍വഹണത്തിലും കണ്ടുതുടങ്ങി. എതിരാളികളെ നിര്‍ഭയം അടിച്ചമര്‍ത്തുക, മനുഷ്യാവകാശങ്ങള്‍ തൃണവല്‍ഗണിക്കുക, ഇഷ്ടക്കാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ഭരണത്തിലിടപെട്ട് കീശവീര്‍പ്പിക്കാന്‍ അവസരം നല്‍കുക, ഇസ്രയേലിനോട് കൂടുതല്‍ മമത പ്രകടിപ്പിക്കുക എന്നിവയെല്ലാം ഈ പുതിയ മാറ്റങ്ങളുടെ ഭാഗമായിത്തീര്‍ന്നു. മര്‍ദനവാഴ്ചകൊണ്ട് ജനകീയ പ്രതിഷേധങ്ങളെ ഒതുക്കിനിര്‍ത്തി. ജനങ്ങളുടെ അസംതൃപ്തി പൊട്ടിത്തെറിക്കാന്‍ പാകമായിരുന്നപ്പോഴാണ് ടുണീഷ്യയിലെയും ഈജിപ്തിലെയും മറ്റ് അറബിരാജ്യങ്ങളിലെയും ജനാധിപത്യവിപ്ളവം. ഇത് ലിബിയന്‍ ജനതയെയും സമരരംഗത്തേക്ക് നയിച്ചു.

ഗദ്ദാഫി ജനകീയ പ്രസ്ഥാനത്തോട് കൈക്കൊണ്ടുവരുന്ന നയങ്ങള്‍ കടുത്തതാണ്. ഇത്രയും കടുത്ത നടപടികള്‍ ഹൊസ്നി മുബാറക്കുപോലും കൈക്കൊണ്ടിട്ടില്ല. കൂലിപ്പട്ടാളത്തെ ഉപയോഗിച്ചാണ് ജനങ്ങളെ അടിച്ചമര്‍ത്താന്‍ ഗദ്ദാഫി ശ്രമിക്കുന്നത്. ശത്രുരാജ്യത്തോടെന്നപോലെ സ്വന്തം ജനതയോട് പെരുമാറുന്നതിന്റെ തെളിവാണ് വ്യോമസേനാ ആക്രമണം. ഗദ്ദാഫി അധികാരത്തിലെത്തിയപ്പോള്‍ തന്റെ മതവിശ്വാസം പ്രഖ്യാപിക്കാനായി ഒരു ഗ്രീന്‍ബുക്ക് (ഹരിതപുസ്തകം) ഇറക്കുകയുണ്ടായി. അതുപോലെതന്നെ തലസ്ഥാനനഗരിയായ ട്രിപോളിയിലെ പ്രധാന ചത്വരത്തിന് 'ഹരിതചത്വരം' എന്ന പേരും നല്‍കി. വ്യോമാക്രമണത്തെ തുടര്‍ന്ന് ശവശരീരങ്ങള്‍ ഈ ഹരിതചത്വരത്തില്‍ ചിതറികിടക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്ക് അനുസരിച്ചുതന്നെ മരണസംഖ്യ 500 കവിഞ്ഞിട്ടുണ്ട്. അനൌദ്യോഗികകണക്ക് ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്.

ജനമുന്നേറ്റം

ശക്തമായി അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ലിബിയയുടെ കിഴക്കുഭാഗവും തലസ്ഥാനം ഒഴിച്ചുള്ള വന്‍ നഗരങ്ങളും കലാപകാരികളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. ട്രിപോളിക്ക് ചുറ്റും സൈന്യം വളഞ്ഞുവച്ചിരിക്കുന്ന പ്രദേശംമാത്രമേ ഇപ്പോള്‍ ഗദ്ദാഫിയുടെ നിയന്ത്രണത്തിലുള്ളൂവെന്നും പറയപ്പെടുന്നു.

മന്ത്രിസഭയിലും ഉദ്യോഗസ്ഥശ്രേണിയിലുമുള്ള പലരും രാജിവച്ചൊഴിയുകയോ ഗദ്ദാഫിയെ തള്ളിപ്പറയുകയോ ചെയ്തുകഴിഞ്ഞു. വിദേശകാര്യ വക്താവും ബന്ധുവുമായ അഹമ്മദ് ഗദ്ദാഫ്-അല്‍-ദം നടപടികളില്‍ പ്രതിഷേധിച്ച് കൂറുമാറി ഈജിപ്തില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്ത്യയിലെ ലിബിയന്‍ അംബാസഡര്‍ ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. ഗദ്ദാഫിയുടെ ഭരണത്തെയല്ല, ലിബിയന്‍ ജനതയെയാണ് പ്രതിനിധാനംചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ലിബിയന്‍ ദൌത്യസംഘം വ്യക്തമാക്കി. അടിച്ചമര്‍ത്തല്‍ ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടതോടെ മുഖ്യരക്ഷാകര്‍ത്താവും ഗദ്ദാഫിയെ കൈവിട്ടു. ഇനി ഗദ്ദാഫിക്ക് അധികകാലം തുടരാനാകില്ല എന്നത് വ്യക്തം. അങ്ങനെയൊരു സ്വേച്ഛാധിപതികൂടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സൈന്‍ അല്‍ അബ്ദീന്‍ ബിന്‍ അലി, ഹൊസ്നി മുബാറക്, മുഅമ്മര്‍ ഗദ്ദാഫി- ഈ മൂന്നുപേര്‍ അരങ്ങൊഴിയുന്നതോടെ അടുത്ത ഊഴം ആര്‍ക്കാണെന്ന പ്രശ്നംമാത്രം അവശേഷിക്കുന്നു.


*****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി 28-02-2011

Sunday, February 27, 2011

കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ?

ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. സമൂഹത്തിന്റെ സജീവപ്രശ്നങ്ങളുടെ ചര്‍ച്ചകളും ഭാവിഭാഗധേയങ്ങളും നിര്‍ണയിക്കപ്പെടുന്ന നിയമനിര്‍മ്മാണങ്ങളുടെ ശ്രീകോവില്‍. ചൂടുപിടിച്ച സംവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍, പുട്ടിന് തേങ്ങ എന്ന പോലെ, മേമ്പൊടിക്ക് നര്‍മ്മ ഭാഷണങ്ങളും സഭക്ക് അന്യമാകുന്നില്ല. പന്ത്രണ്ടാം നിയമസഭയില്‍ നടന്ന കൌതുകകരമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും മലയാളിയുടെ ആസ്വാദനലോകത്തേക്ക് എത്തിക്കുന്നതും സരസന്മാരില്‍ ഒരുവനായ നിയമസഭാംഗമാണ്. എം.എം. മോനായി. പന്ത്രണ്ടാം നിയമസഭയുടെ 17 സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്നുവന്ന ഫലിത മൊഹൂര്‍ത്തങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് പുസ്തകരൂപത്തില്‍ മോനായി വായനക്കാര്‍ക്ക് എത്തിക്കുന്നത്. ‘വാക്‍പയറ്റ് 12‍ ‍ാം നിയമസഭയിലെ ഫലിതങ്ങള്‍’ എന്ന നൂറിലേറെ പേജുള്ള പുസ്തകത്തില്‍ മോനായി തന്നെ രചിച്ച മുഴുവന്‍ എം.എല്‍.എമാരുടെയും രേഖാചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമസഭ. ചോദ്യോത്തരവേള.

പ്രവാസികേരളീയരെപ്പറ്റി പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: എന്റെ മണ്ഡലത്തിലെ ചിലയാളുകള്‍ കൊലാലംപൂരില്‍ പീഢനം ഏല്‍ക്കുകയാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍: സ്ഥാനത്തും അസ്ഥാനത്തും ഒട്ടനവധി കാര്യങ്ങള്‍ ഉന്നയിക്കുന്ന തിരുവഞ്ചൂര്‍ ഈ കാര്യം ഇത്രയും നാള്‍ പറയാന്‍ വിട്ടുപോയതെന്ത്?

തിരുവഞ്ചൂര്‍: ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഞാന്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി: അപ്പോള്‍ കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ...?

(സഭയില്‍ ആരവം. പൊട്ടിച്ചിരിക്ക് ഭരണ- പ്രതിപക്ഷ ഭേദമില്ല.)

*

സഭയിലെ മറ്റൊരവസരം. ഇത്തവണ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം ചര്‍ച്ചചെയ്യുന്നതിനിടയില്‍ കല്യാണാവീട്ടിലെ വിശേഷം വിളമ്പിയത് ഭരണപക്ഷത്തെ മുതിര്‍ന്ന അംഗം പി ജയരാജനും

'ഞങ്ങളെപ്പോലെ പ്രതിപക്ഷ എംഎല്‍എമാര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഞങ്ങള്‍ക്ക് പൈസ തരണമെന്ന് അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ അതിനെ ആക്ഷേപിച്ചവരാണ്. പ്രതിപക്ഷത്തുള്ള ഒറ്റയൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒറ്റനയാപൈസപോലും തരില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്തത്? അവിടെ കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗത്തിന്റെ നേതാവുണ്ടല്ലോ ശ്രീ കെ എം മാണി, അദ്ദേഹം ഓരോ വീട്ടിലുംപോയി നിങ്ങള്‍ക്ക് സുനാമി വേണ്ടെ എന്നല്ലേ ചോദിച്ചത്?

*
ധനവിനിയോഗ ബില്ലിന്‍മേല്‍ ചര്‍ച്ചയില്‍ എം എം മോനായി.

സര്‍, വൃദ്ധരടക്കമുള്ളവരുടെ സാമൂഹ്യക്ഷേമത്തിനായി അവതരിപ്പിച്ച ഈ ധനവിനിയോഗ ബില്ലിനെ ഞാന്‍ അനുകൂലിക്കുന്നു. ഈയിടെ സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷക യുവജനസംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് സീനിയര്‍ സിറ്റിസണ്‍സണായിട്ടുള്ള പല ആളുകളും കടന്നുകയറിയതിന്റെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും പത്രദ്വാരാ നാം വായിക്കുകയുണ്ടായി. 'ഞാന്‍ രാജിവയ്ക്കാം' എന്നുപറഞ്ഞപ്പോള്‍ 'നീ രാജിവയ്ക്കേണ്ടതില്ല. നിന്നെ ഞങ്ങള്‍ ചവിട്ടി പുറത്താക്കിക്കൊള്ളാം' എന്നായിരുന്നു ഒരുയുവതുര്‍ക്കിയുടെ ആത്മരോഷം! ഗോദറേജ് ചായമുണ്ടെങ്കില്‍ ഏത് വയസ്സനും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാകാം.

(വാക്കുകളിലെ ഒളിയമ്പുകള്‍ ഏതൊക്കെ നെഞ്ചുകളിലാണ് ആഞ്ഞ് തറച്ചെതെന്ന് ഇപ്പോഴും പരിശോധന തുടരുകയാണ്.)

*
ആഭ്യന്തരമാണ് ചര്‍ച്ചാ വിഷയം. ബഹുമാനപ്പെട്ട സഭാംഗം പൂഞ്ഞാര്‍ മെമ്പറും

സര്‍... സ്ത്രീകളെ പീഢിപ്പിച്ച് ജയിലിലായ സന്തോഷ് മാധവനില്‍നിന്ന് പിടിച്ച സിഡികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം രഹസ്യമായി കണ്ട് സുഖിക്കുന്നത് ശരിയാണോ? കാസറ്റ് നിയമസഭാംഗങ്ങള്‍ക്കുംകൂടി കാണാന്‍ സൌകര്യമൊരുക്കണം!

(ഒപ്പം കൂടാന്‍ സ്വന്തം കക്ഷിക്കാരും ഉണ്ടായിരുന്നില്ലെന്നാണ് പുന്നാമ്പുറ സംസാരം.)

*
പി സി ജോര്‍ജ്: സാധാരണ മനുഷ്യര്‍ മരിക്കും. മഹാന്മാര്‍ അന്തരിക്കും. തിരുമേനിമാരാണെങ്കില്‍ കാലംചെയ്യും. രാജാക്കന്മാരാണെങ്കില്‍ തീപ്പെടും. മൃഗങ്ങള്‍ ചാവും. ആന ചരിയും. അങ്ങ് മറുപടി പറഞ്ഞപ്പോള്‍ ആന മരിച്ചുഎന്ന് പറഞ്ഞത് ശരിയല്ല.

മന്ത്രി ബിനോയ് വിശ്വം: 'അങ്ങ് മരിക്കുമ്പോള്‍ ചരിഞ്ഞുഎന്ന് പറഞ്ഞാല്‍ മതിയോ?'

(പി സി ജോര്‍ജ് ആയതുകൊണ്ടായിരിക്കാം. ആസ്വാദനം കൂടുതല്‍ പ്രതിപക്ഷനിരയിലായിരുന്നു.)

*
കെ എം മാണി: 'ഇ പി എല്‍ നിയമത്തിന്റെ ഇംപ്ളിക്കേഷന്‍ എന്താണെന്ന് പ്രതിപക്ഷത്തിന് അറിയുമോ?'

സാജുപോള്‍: 'മന്ത്രി പറഞ്ഞതില്‍ ഒരു കോംപ്ളിക്കേഷനുമില്ല എന്നതാണ് അതിന്റെ ഇംപ്ളിക്കേഷന്‍!'

(ആപ്ളിക്കേഷനില്‍ ആര്‍ക്കും പരാതിയുണ്ടായില്ല)

*
അഡ്വക്കേറ്റ്സ് ക്ളാര്‍ക്ക് ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചാവേള.

കെ ശിവദാസന്‍ നായര്‍: എന്റെ വക്കീല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ സീനിയറിനേക്കാള്‍ ഏറെ സഹായിച്ചത് ഗുമസ്തനാണ്. പല വക്കീലന്മാരേക്കാളും നിയമജ്ഞാനം ഗുമസ്തന്മാര്‍ക്കാണ്...

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍: 'അതുകൊണ്ടാണോ അങ്ങ് വക്കീല്‍പ്പണി നിര്‍ത്തി എംഎംഎയായത്?'

*
ജോസഫ് എം പുതുശ്ശേരി: 'സെക്രട്ടറിയറ്റിന്റെമുമ്പില്‍ സമരം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതിനാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായി സാര്‍.'

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍: കാറ്റിന്റെ ഗതി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

വി സുരേന്ദ്രന്‍പിള്ള: 'പുതുശ്ശേരി... ഇനി കാറ്റിന്റെ ഗതിയറിഞ്ഞേ സമരത്തിന് പോകാവൂ!'

*
ഗവണ്‍മെന്റ് കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും എതിര്‍ക്കുക പാലായുടെ സ്വന്തം കുഞ്ഞുമാണിയുടെ പതിവാണ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് സര്‍വീസ് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള ബില്ലിലാണ് ഭരണഘടനാലംഘനം കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ, പി വിശ്വന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മാണിയിലെ കേളുകുട്ടിനായരെ വിശ്വന്‍ അംഗങ്ങള്‍ക്ക് തുറന്നുകാട്ടികൊടുത്തു

പി വിശ്വന്‍: ഞങ്ങളുടെ നാട്ടിലെ കേളുകുട്ടിനായരാണ് കെ എം മാണി. ഭാര്യ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് കേളുകുട്ടിനായര്‍. ഒരുനാള്‍ കേളുകുട്ടിനായരുടെ ഭാര്യയെ പാമ്പ് കടിച്ചു. അനക്കമില്ല. മരിച്ചെന്നുകരുതി ഉമ്മറത്ത് പൊതുദര്‍ശനത്തിന് കിടത്തി. കുറേക്കഴിഞ്ഞ് സംസ്കരിക്കാന്‍ ശവമഞ്ചത്തിലെടുത്ത് തെക്കേപ്പറമ്പിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് ഒരുആല്‍മരമുണ്ട്. ആലിന്റെ വേരില്‍ ശവമഞ്ചം എടുത്തിരുന്നവരുടെ കാലുതട്ടി. ശവമഞ്ചം താഴെവീണു. കേളുകുട്ടിനായരുടെ ഭാര്യയ്ക്ക് ഒരുഅനക്കം. എഴുന്നേറ്റിരുന്ന അവര്‍ പതിനാറുക്കൊല്ലംകൂടി ജീവിച്ചു. ഇവര്‍ വീണ്ടും മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. ശവമഞ്ചം പറമ്പിലേക്കെടുത്തവരോട് കേളുകുട്ടിനായര്‍ പറഞ്ഞു - 'സൂക്ഷിക്കണേ, ആലിന്റെ വേരില്‍ കാല് തട്ടരുത്'. ഇതുപോലെയാണ് മാണി സാറും. ഏതു നല്ലകാര്യം ചെയ്താലും ഒബ്ജക്ഷന്‍ കൊണ്ടുവരും.

*
ജി രാജേഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

ആകാശക്കുപ്പ കുമിഞ്ഞുകൂടുന്നു

അരിയും തിന്ന് ആരെയൊ കടിക്കുകയും ചെയ്ത് പിന്നെയും നായ മുന്നോട്ട് എന്ന ചൊല്ലുപോലെ നാം മണ്ണും വെള്ളവും വായുവും മുഴുവനായും മലിനമാക്കിയിട്ടും പോരാതെ ആകാശവും ബഹിരാകാശംപോലും കുപ്പകൊണ്ട് നിറയ്ക്കാന്‍ തുടങ്ങിയിയിരിക്കുന്നു. സൂര്യചന്ദ്രന്‍മാരെയൊ നക്ഷത്രങ്ങളെയൊ മേഘമില്ലാത്ത നേരത്തുപോലും നേരെ ചൊവ്വെ കാണാന്‍ കഴിയാത്ത സ്ഥിതി ഏറെ ദൂരെ അല്ല. അടുത്ത പടിയൊ? ഗ്രഹണം സദാസമയവും എന്ന കഷ്ടസ്ഥിതി!

ആയിരത്തിലേറെ 'സജീവ' ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ബഹിരാകാശത്തുണ്ട്. 'മരിച്ച' ഉപഗ്രഹങ്ങളൊ അവയോളം വലുപ്പമുള്ള റോക്കറ്റുകളൊ ആയി 22,000 വേറെയും ഉണ്ട്. ഇവയ്ക്കു പുറമെ പൊട്ടും പൊളിയും എത്രയെന്ന് കണക്കില്ല.

അറുപത്തിരണ്ടോളം നാടുകള്‍ക്കാണ് ഇപ്പോള്‍ സ്വന്തമായി ഉപഗ്രഹങ്ങള്‍ ഉള്ളത്. ഇവയില്‍ ഭൂരിഭാഗം നാടുകളും ഈ ആസ്തി ഉണ്ടാക്കിയത് അന്യനാടുകള്‍ക്കു പണം നല്‍കി തങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ വിക്ഷേപിപ്പിച്ചാണ്. ഉപഗ്രഹവിക്ഷേപണശേഷിയുള്ള നാടുകള്‍ വിരലില്‍ എണ്ണാവുന്നവയേ ഇപ്പോഴും ഉള്ളൂ. അവയില്‍ ഒന്നാണ് നമ്മുടെ നാടും.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഈ രംഗത്തെ കുത്തകക്കാര്‍ അമേരിക്കയാണ്. അന്യനാടുകള്‍ ഉപഗ്രഹവിക്ഷേപണസമാര്‍ത്ഥ്യം വികസിപ്പിച്ചതോടെ ഇവരുടെ കച്ചവടത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വേദിയിലെ ഇപ്പോഴത്തെ പ്രധാന എതിരാളി ചൈനയാണ്. ഉപഗ്രവിക്ഷേപണത്തിലെന്നല്ല ഉപഗ്രഹവേധനത്തിലും അവര്‍ ഒപ്പമുണ്ടെന്നതാണ് അമേരിക്കയുടെ തലവേദന. 2007-ല്‍ അവര്‍ അവരുടെതന്നെ ഉപയോഗശൂന്യമായ ഒരു കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹത്തെ മിസ്സൈല്‍ ഉപയോഗിച്ച് നശിപ്പിക്കുകയുണ്ടായി. അത് നൂറായിരം ചെറു തുണ്ടുകളായി ചിതറി ബഹിരാകാശത്ത് ഒരു വലിയ പ്രദേശം മുഴുക്കെ അപായമേഖലയാക്കിയിരിക്കുന്നു.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയും തങ്ങളുടെ ഒരു ഉപഗ്രഹത്തെ മിസ്സൈല്‍ വിട്ട് നശിപ്പിക്കുകയുണ്ടായി. അതിനുള്ള കഴിവ് വികസിപ്പിക്കാനെന്നതിലേറെ ഈ ചെയ്തി ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍കൂടി ആയിരുന്നു. കാരണം, ഭൂമിയില്‍നിന്ന് വളരെ ഉയരെയല്ലാതെ കറങ്ങിയ ആ ഉപഗ്രഹത്തില്‍ വലിയ അളവില്‍ ഹൈഡ്രാസിന്‍ എന്ന മാരക ഇന്ധനം ഉണ്ടായിരുന്നു. ഉപഗ്രഹമാകട്ടെ, പ്രവര്‍ത്തനരഹിതമാകയും ചെയ്തു. കത്തി ഭൂമിയിലേയ്ക്കു വീണാല്‍ വന്‍ദുരന്തം ഉറപ്പ്. അതിനാലതിനെ ബഹിരാകാശത്തു വെച്ച് ഛിന്നഭിന്നമാക്കുകയേ വഴി ഉണ്ടായിരുന്നുള്ളു. ഏറെ ഉയരെ അല്ലാത്തതിനാല്‍ തുണ്ടുകളെല്ലാം ക്രമേണ താഴേയ്ക്കു വന്ന് വായുമണ്ഡലവുമായി ഉരസി കത്തിപ്പോയി. ഇതേപോലൊരു ഓപ്പറേഷന്‍ ചൈനയും 2010-ല്‍ നടത്തി. ഇതും തങ്ങള്‍ക്കു സാധിക്കുമെന്നു കാണിക്കുകകൂടി ലക്ഷ്യമായിരുന്നിരിക്കാം.

ആയുധപ്പന്തയം അവസാനിച്ചു, ലോകം ഏകധ്രുവമായി, എന്ന ധാരണ ശരിയല്ലന്നാണ് ചൈനയുടെ മിസ്സൈല്‍ ശേഷി തെളിയിക്കുന്നത്. ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ബഹിരാകാശത്ത് മുന്‍കൂട്ടി നിക്ഷേപിച്ച ആയുധങ്ങള്‍ വര്‍ഷിച്ചുകൊണ്ടാകുമെന്നതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. അതിനാല്‍ മനുഷ്യരാശിയെ സ്‌നേഹമുള്ളവര്‍ ബഹിരാകാശത്തിന്റെ ദുരുപയോഗത്തിനെതിരെ ശക്തമായ രക്ഷാനിര കെട്ടിയുയര്‍ത്തേണ്ടിയിരിക്കുന്നു.

ബഹിരാകാശദുരുപയോഗം ഇന്നത്തെ നിരക്കില്‍ ഏതാനും വര്‍ഷംകൂടി ചെല്ലുമ്പോഴേയ്ക്ക് സാധാരണ വിമാനങ്ങള്‍ക്കുപോലും ആകാശത്ത് പറക്കാന്‍ വയ്യാതാവും. മുകളില്‍നിന്ന് 'കൃത്രിമ' ഉല്‍ക്കകള്‍ അത്രയേറെ വീണുകൊണ്ടിരിക്കും. ഒരു ഗ്രാം വലിപ്പമുള്ള ഒരു ലോഹത്തുണ്ട് വന്നിടിച്ചാല്‍ മതി ഒരു സൂപ്പര്‍കോണ്‍സ്റ്റലേഷന്‍ വിമാനം തീപ്പിടിച്ച് തകരാന്‍.

ഇതിലേറെ ആപല്‍ക്കരമാവും മനുഷ്യരുടെ സ്‌പേസിലേയ്ക്കുള്ള പോക്കും വരവും. എത്ര ഉയരെയും ചപ്പുചവറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഏതുപഗ്രഹത്തിനും അതിനെ പ്രതിഷ്ഠിക്കാന്‍ ഉപയോഗിക്കുന്ന ഏതു വാഹനത്തിനും കൂട്ടിയിടിയിലൂടെ അപായം സംഭവിക്കാം.

സ്‌പെയ്‌സില്‍ ഇരുന്ന് 'വികൃതി' കാണിക്കാന്‍ എളുപ്പമാണെന്ന വസ്തുതയും യുദ്ധകാലസുരക്ഷയുടെ പ്രശ്‌നമാണ്. താഴെ ഭൂമിയിലെ വാര്‍ത്താവിനിമയത്തെ മൊത്തമായി താറുമാറാക്കാന്‍ ഒരു പ്രയാസവുമില്ല. അതു ചെയ്യുന്ന ഉപഗ്രഹത്തിന് വിദൂരനിയന്ത്രണസൗകര്യം ഉപയോഗിച്ച് പ്രവചനാതീതരീതിയില്‍ സ്ഥാനചലനം വരുത്തിക്കൊണ്ടിരുന്നാല്‍ അതിനെ ലക്ഷ്യമാക്കി നശിപ്പിക്കുക എളുപ്പമല്ലാതെയുമാകും. ഭൂമിയില്‍നിന്ന് തൊടുത്തു വിടുന്ന ഏത് ആയുധത്തെയും 'മുകളിലിരിക്കുന്നവര്‍'ക്ക് നേരത്തെക്കൂട്ടി കാണാനും കൂടുതല്‍ എളുപ്പത്തില്‍ നശിപ്പിക്കാനും കഴവുണ്ടായിരിക്കുമല്ലോ.

ഹൈഡ്രേസിപോലുള്ള ബഹിരാകാശ ഇന്ധനങ്ങള്‍ ഉപയോഗിച്ചുണ്ടാകുന്ന ശേഷിപ്പുകള്‍ അത് ഉപയോഗിക്കാതെ താഴേയ്ക്കു വന്നാലുള്ളത്രതന്നെ ആപല്‍ക്കാരികളാണ്. ഭൂമിയെ വലംവെയ്ക്കുന്ന എല്ലാ കൃത്രിമ നിര്‍മ്മിതികളും സാമഗ്രികളും, അത് ഒരു വലിയ സ്‌പേസ് സ്‌റ്റേഷന്‍ ആയാലും കൊള്ളാം, വെറുമൊരു വാതക അണു ആയാലും കൊള്ളാം, അവസാനം ഭൂമിയിലേയ്ക്ക് കറങ്ങിത്താഴുമെന്നു തീര്‍ച്ചയാണ്. ആ വീഴ്ചയില്‍ കത്തിക്കരിയുകയോ പൊട്ടിച്ചിതറുകയോ രാസമാറ്റത്തിന് വിധേയമാകുകയോ ചെയ്യും. മഹാമാരണങ്ങള്‍ എല്ലാതും അവസാനം നമുക്കുള്ളതുതന്നെ!

ബഹിരാകാശത്ത് ഇപ്പോഴുള്ള അഴുക്കുപോലും വിമാനങ്ങള്‍ക്ക് രണ്ടു വിധത്തില്‍ അപകടകാരിയാണ്. ചെറുതൊ വലുതൊ ആയ തുണ്ടുകളുമായുള്ള കൂട്ടിയിടി ഒന്ന്. വിമാനങ്ങള്‍ ദിശ അറിയാനും പറക്കല്‍പ്പാത നിശ്ചയിക്കാനും ഉപാധികളാക്കുന്ന ഉപഗ്രഹങ്ങളുമായുള്ള ബന്ധത്തില്‍ ഇടയിലെ അഴുക്കുകള്‍ കാരണം സംഭവിക്കുന്ന 'ഗ്രഹണം' വരുത്തിയേയ്ക്കാവുന്ന അപായം. സംഭവിക്കുന്നതെന്താണെന്നറിയും മുമ്പ് ദുരന്തം നടന്നുകഴിയും.

വിനോദസഞ്ചാര വ്യവസായികള്‍ ബഹിരാകാശടൂറിസത്തിന് വന്‍സാധ്യതയാണ് കാണുന്നത്. 'കൈയില്‍ കാശുണ്ടായിട്ടെന്തിനാ, അവിെടയൊന്നു പോയി വന്നില്ലെങ്കില്‍!' എന്ന പാട്ടിന്റെ ശൈലിയില്‍ പരസ്യം വന്നു തുടങ്ങി. എവറസ്റ്റ് കൊടുമുടിയിലായാലും സഹാറയിലായാലും ടൂറിസത്തിന്റെ നീക്കിബാക്കി മലിനീകരണമാണല്ലോ. 'ഫോറിന്‍ റിട്ടേണ്‍ഡ്' എന്ന മേനി ഇപ്പോള്‍ സര്‍വ്വസാധാരണമായി, ഇനി 'സ്‌െപയ്‌സ് റിട്ടേണ്‍ഡ്' എന്ന മഹാമേനി!

'ഈ നാടിന്റെ മുകളിലൂടെ അന്യനാട്ടുകാര്‍ പറക്കരുത്' എന്നു പറയാന്‍ എല്ലാ നാടുകള്‍ക്കും അവകാശമുണ്ട്. പക്ഷേ, അങ്ങനെ പറക്കുന്നവരെ നേരിടാന്‍ വിമാനസേന ഇല്ലെങ്കില്‍ ഈ പറയുന്നത് ആര്‍ അനുസരിക്കാന്‍! അതേപോലെ, ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ ബഹിരാകാശത്തും ആരും പറക്കരുതെന്നു പറയാനും വേണം, ധിക്കരിക്കുന്നവരെ നേരിടാന്‍ മതിയായ മിസൈല്‍ സാങ്കേതികശേഷി. അതുള്ളവര്‍ അത് ലോകത്ത് ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. കുത്തകയാണല്ലൊ ലാഭത്തിന്റെ ആധാരം.
ബഹിരാകാശ മലിനീകരണത്തിനെതിരായ അന്താരാഷ്ട്രമുേന്നറ്റത്തില്‍ അണിചേരാന്‍ നമ്മുടെ നാടും നാട്ടുകാരും തയ്യാറായേ തീരൂ. കര പച്ചയും ആകാശം നീലയുമായി തുടരട്ടെ.

*
സി രാധാകൃഷ്ണന്‍ കടപ്പാട്: ജനയുഗം ദിനപത്രം 27 ഫെബ്രുവരി 2011

സാമ്പത്തിക സര്‍വേ നല്‍കുന്ന സന്ദേശം

സാമ്പത്തികരംഗത്തു സര്‍ക്കാര്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന നയങ്ങളെയും നടപടികളെയും കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ് ബജറ്റിന്റെ മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ. നാളെയാണ് 2011-12 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2010-11 ലെ സാമ്പത്തിക സര്‍വേ, സമ്പദ്ഘടനയെക്കുറിച്ച് പൊതുവില്‍ ശോഭനമായ ചിത്രമാണ് നല്‍കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതദുരിതം വീണ്ടും വര്‍ധിക്കുമെന്ന മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട്.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുള്ള തളര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറിയെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2010-11 ല്‍ വളര്‍ച്ചാനിരക്ക് 8.6 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. വളര്‍ച്ചാനിരക്ക് ആശാവഹമാണെങ്കിലും അതിന്റെ നേട്ടം ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ലഭിക്കുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്‌നം. വിലക്കയറ്റം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ കൂടിവരും. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവ് തുടരുമെന്നാണ് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കുന്നത്. ഭക്ഷ്യവിലക്കയറ്റം 2010 ല്‍ 20 ശതമാനത്തിലധികമായിരുന്നു. വില നിലവാരത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പശ്ചിമേഷ്യയിലെ സമീപകാലത്തെ സംഭവവികാസങ്ങള്‍ എണ്ണവില ഉയരാന്‍ ഇടയാക്കും. ഇത് ആഭ്യന്തര വിലനിലവാരം ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക സര്‍വേ മുന്നറിയിപ്പു നല്‍കുന്നത്.

മുരടിപ്പില്‍ നിന്നും കാര്‍ഷികരംഗം കരകയറുന്നതാണ് വളര്‍ച്ചാനിരക്ക് വര്‍ധിച്ചതിലെ പ്രധാന ഘടകമെന്നാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. കൃഷിയിലെ വളര്‍ച്ചാനിരക്ക് 5.4 ശതമാനമാണ്. ഈ വര്‍ധനവിന്റെ മുഖ്യ കാരണം അനുകൂലമായ കാലവര്‍ഷമാണ്. കാര്‍ഷികമേഖലയിലെ വളര്‍ച്ച സ്ഥായിയല്ല എന്നാണ് ഇതു കാണിക്കുന്നത്. കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കാന്‍ കാര്‍ഷികമേഖലയിലുള്ള മുതല്‍മുടക്ക് ഗണ്യമായി ഉയരേണ്ടതാവശ്യമാണ്. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം കൂട്ടാന്‍ ഗവണ്‍മെന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഉല്‍പ്പാദന വര്‍ധനവിന്റെ തോത് നിലനിര്‍ത്താനാവുമെന്നതിന് ഉറപ്പില്ല. കാര്‍ഷികമേഖലയില്‍ മൗലികമായ മാറ്റം വരുത്താന്‍ സ്വീകരിക്കേണ്ട ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സാമ്പത്തിക സര്‍വേ മൗനം പാലിക്കുകയാണ്. സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുന്നവരുടെ കാര്യപരിപാടിയില്‍ ഭൂപരിഷ്‌കരണത്തിന് സ്ഥാനമില്ലാതായിരിക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. കൃഷിഭൂമിയില്‍ 60 ശതമാനത്തിലധികവും ആശ്രയിക്കുന്നത് മഴയെയാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയില്ലെങ്കില്‍ കാലവര്‍ഷം ചതിക്കുമ്പോള്‍ ഉല്‍പ്പാദനം കുത്തനെ ഇടിയും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുക, കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊണ്ടാല്‍ മാത്രമെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാവുകയുള്ളൂ.

പൊതുവിതരണ സംവിധാനത്തെയും ചില്ലറ വ്യാപാരരംഗം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനെയും കുറിച്ച് സാമ്പത്തിക സര്‍വേ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഭക്ഷ്യസബ്‌സിഡി വര്‍ധിപ്പിക്കുകയും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുകയുമാണ് ഭക്ഷ്യവിലക്കയറ്റം തടയാനും ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൈക്കൊള്ളേണ്ട അടിയന്തര നടപടികള്‍. ഇതിനു രണ്ടിനും യു പി എ സര്‍ക്കാര്‍ തയ്യാറല്ല. ഭക്ഷ്യസബ്‌സിഡി ഇപ്പോള്‍ തന്നെ അധികമാണെന്നാണ് ഗവണ്‍മെന്റിന്റെ പക്ഷം. സബ്‌സിഡി നല്‍കി ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലൂടെ നല്‍കുന്നതിനു പകരം സബ്‌സിഡി പണമായി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. പൊതുവിതരണ സംവിധാനത്തിലെ പാളിച്ചകളും പാഴ് ചെലവും ഒഴിവാക്കാനുള്ള വഴിയായാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്. പരസ്യവിപണിയിലെ വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി കൂട്ടില്ല. ഫലത്തില്‍ ഇന്ന് ലഭിക്കുന്നതിലും കുറഞ്ഞ അളവിലുള്ള ഭക്ഷ്യധാന്യങ്ങള്‍ മാത്രമേ പാവപ്പെട്ടവര്‍ക്ക് കിട്ടുകയുള്ളൂ. പരസ്യവിപണിയില്‍ വില ഉയര്‍ത്താന്‍ വന്‍കിട കച്ചവടക്കാര്‍ക്ക് പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു അവസാനിപ്പിക്കുകയായിരിക്കും ഈ നിര്‍ദേശം നടപ്പാക്കിയാലുണ്ടാകുന്ന ഫലം. ചില്ലറ വ്യാപാരമേഖല വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ ശ്രമം നടന്നുവരികയായിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അതു തടഞ്ഞത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും സൂക്ഷിപ്പും കാര്യക്ഷമമാക്കാന്‍ ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം സഹായകമാണെന്ന വാദമാണ് സാമ്പത്തിക സര്‍വേ മുന്നോട്ടുവെയ്ക്കുന്നത്. അതിവേഗം വളരുന്നതും മൂന്നു കോടിയിലധികം കുടുംബങ്ങളുടെ ജീവിതത്തിനാധാരവുമായ ചില്ലറ വ്യാപാരരംഗം വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ പിടിയിലമര്‍ന്നാലുണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതെയുള്ളൂ.

നയരൂപീകരണത്തിന് ചുമതലപ്പെട്ടവരുടെ ഏക ഉന്നം സാമ്പത്തിക വളര്‍ച്ചയാണ്. വളര്‍ച്ചയുടെ നേട്ടം ജനങ്ങള്‍ക്കാകെ ഉറപ്പാക്കാനുള്ള പരിപാടികള്‍ അവരുടെ അജണ്ടയിലില്ല എന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.

*
ജനയുഗം മുഖപ്രസംഗം 27 ഫെബ്രുവരി 2011

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരവുമായി സെമിനാര്‍

അര്‍ഥവത്തും ഫലപ്രദവുമായ വിഷയങ്ങള്‍, സംവാദാത്മകമായ അന്തരീക്ഷം, രാജ്യം അറിയുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ലളിതമായ അവതരണം. ബത്തേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ സെമിനാര്‍ വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളിലേക്കും ബദല്‍മാര്‍ഗം ചൂണ്ടിക്കാണിച്ചും അക്ഷരാര്‍ഥത്തില്‍ അര്‍ഥവത്തായി.

കാര്‍ഷിക മേഖലയിലെ യഥാര്‍ഥ പ്രതസിന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിന്‍മാറ്റമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അടിവരയിട്ട് പറഞ്ഞു. ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനികള്‍ ലാഭം മുഴുവന്‍ തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുകയാണ്. നെഹ്റു യുഗത്തില്‍നിന്ന് വ്യത്യസ്തമായ നയം കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് കര്‍ഷകരെ പാപ്പരീകരിക്കുന്നതാണ്. ഇതിന് ബദലായി കേരളം മുന്നോട്ടുവെക്കുന്ന ജനകീയബദലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ സമാപിച്ചത്. ജനകീയ കൂട്ടായ്മയില്‍ സ്ഥാപിതമാകുന്ന ബ്രഹ്മഗിരി മാംസ സംസ്കരണ വ്യവസായ ശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിലായിരുന്നു ദേശീയ സെമിനാര്‍. വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളും ക്ഷണിക്കപ്പെട്ടവരും ഉള്‍ക്കൊള്ളുന്ന പ്രൌഢമായ സദസ്സ് സെമിനാറിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനച്ചടങ്ങില്‍ പ്രൊഫ. തോമസ് തേവര അധ്യക്ഷനായി. പി കൃഷ്ണപ്രസാദ് എംഎല്‍എ സംസാരിച്ചു. സി എസ് ശ്രീജിത്ത് സ്വാഗതവും ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി വി വര്‍ഗീസ് വൈദ്യര്‍, വൈസ്ചെയര്‍മാന്‍ ടി സുരേഷ്ചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച് ജോര്‍ജ് ബുഷും അമേരിക്കയും കുറ്റപ്പെടുത്തുന്നത് ചൈനയേയും ഇന്ത്യയേയുമാണ്. ഇരുരാജ്യങ്ങളും വന്‍സാമ്പത്തിക ശക്തിയായി വളര്‍ന്നതിനാല്‍ ഭക്ഷ്യോപഭോഗം വര്‍ധിച്ചതാണ് കാരണമത്രെ. ഇതുതന്നെയാണ് ആസൂത്രണ കമീഷന്‍ വൈസ്ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും പറയുന്നത്. വസ്തുതകള്‍ ഇതിനുവിരുദ്ധമാണ്. രാജ്യത്തെ ഭക്ഷ്യോല്‍പാദനവും ഭക്ഷ്യോപഭോഗവും കുറയുകയാണെന്നതാണ് കണക്ക്. ഇന്ധനവരവില്‍ വന്‍കുറവുണ്ടായപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ജൈവഇന്ധനമാക്കി മാറ്റുകയാണ് അമേരിക്ക. ഇത് മറച്ചുവെക്കാനാണ് ഇന്ത്യക്കും ചൈനക്കും എതിരെ തിരിയുന്നത്. ഇന്ത്യയാകട്ടെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ കുറച്ചാണ് കയറ്റുമതിചെയ്യുന്നത്. ഇത് ജപ്പാനിലും മറ്റും പന്നിക്കും കോഴിക്കും ഭക്ഷണമാകുന്നു. വയനാട്ടിലെ കാപ്പിയുടെ വില കുറയുമ്പോഴും കാപ്പിപ്പൊടിയുടെയും പരിപ്പിന്റെയും വിലകുറയുന്നില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ലാഭംമുഴുവന്‍ കൊണ്ടുപോകുന്നത്. ഇത് തടയണമെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകണം. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ സഹായത്തോടെയല്ല ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത്. പാപ്പരീകരിക്കപ്പെടുന്ന കര്‍ഷകരെ സംരക്ഷിച്ചും സഹായിച്ചുമാണ് ഇത് നിര്‍വഹിക്കേണ്ടത്.

കാര്‍ഷികമേഖലയില്‍ ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ പണത്തിന് ഹുണ്ടികക്കാരെ ആശ്രയിക്കും. ഇങ്ങനെ കടക്കെണിയില്‍ അകപ്പെട്ടതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിച്ചത്. ജനകീയ കൂട്ടായ്മ പ്രതിസന്ധിക്ക് ബദലായി ഉയര്‍ന്നുവരണം. കേരളം ഇക്കാര്യത്തില്‍ മാതൃകയാണെന്നും പ്രൊഫ. പട്നായിക് പറഞ്ഞു. രാജ്യത്താകെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവരുമ്പോള്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വലിയമുന്നേറ്റമുണ്ടായി. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചും സബ്സിഡിയും വിത്തും വളവും നല്‍കിയും ഉല്‍പാദനമേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടതിനാലാണ് ഇത് സാധ്യമായത്. പുറമെ വയല്‍ നികത്തുന്നതിനെതിരെ നിയമവും കര്‍ശനമാക്കി. എല്ലാ ജില്ലകളിലും അരി മില്ലുകള്‍ തുറക്കാനും നടപടിയായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഉദാരവല്‍കൃത നയത്തിലൂടെ കേന്ദ്രം കര്‍ഷകരെ വെടിവെക്കുന്നു: പ്രൊഫ. ഉത്സ

കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കരുതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു. പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമായ ഉദാരവല്‍കൃത സാമ്പത്തിക നയം വെടിയുണ്ടകള്‍പോലെയാണ് കര്‍ഷകര്‍ക്കുനേരെ ചീറിവരുന്നത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് 'ഭക്ഷ്യസുരക്ഷയും സാമ്പത്തിക പ്രതിസന്ധിയും ജനകീയ ബദലും' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

ആഭ്യന്തര ഉല്പാദനവളര്‍ച്ചാനിരക്ക് വര്‍ധിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വാസ്തവമില്ല. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യം കിട്ടാതിരിക്കുകയും ഉല്‍പാദനം കുറയുകയുംചെയ്യുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാകുക- സെമിനാറില്‍ 'ഇന്ത്യന്‍ കര്‍ഷകരും കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ. ഉത്സ ചോദിച്ചു. കാര്‍ഷികരംഗത്ത് നെഹ്റുവിന്റെ നയം അട്ടിമറിക്കപ്പെട്ടത് ഇന്ത്യയിലെ പ്രതിസന്ധിക്ക് ഒരു കാരണമാണ്. പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കിയെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. സ്വാതന്ത്യ്രത്തിന് മുമ്പ് 136 കിലോഗ്രാമായിരുന്നു പ്രതിശീര്‍ഷ ഭക്ഷ്യവരുമാനം. ഇത് പിന്നീട് 180 കിലോവരെ എത്തി. 1950 മുതല്‍ 90 വരെ പഞ്ചവത്സര പദ്ധതികളിലൂടെയുണ്ടാക്കിയ നേട്ടമാണ് സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പിറകോട്ടുപോയത്. ഇപ്പോള്‍ 115 കിലോഗ്രാമാണ് നമ്മുടെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത. പോഷകാഹാരലഭ്യതയിലും കുറവുണ്ടായി. ഉല്‍പാദനം വര്‍ധിച്ചു എന്നുപറയുമ്പോഴും ഇന്ത്യയില്‍ പട്ടിണികിടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പറയണം.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയില്‍ വാണിജ്യവല്‍കരണത്തിന്റെയും വ്യവസായപ്രീണനത്തിന്റെയും അനന്തരഫലങ്ങളാണ് ഇപ്പോള്‍ അനുഭവഭേദ്യമാകുന്നത്. സര്‍ക്കാര്‍ സബ്സിഡി നല്‍കിയും കര്‍ഷകരെ പരമാവധി സഹായിച്ചും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. വിളവില മാറിക്കൊണ്ടിരിക്കുന്നതും കര്‍ഷകരെ ദുരതത്തിലാക്കി. സേവനമേഖലയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക എന്നത് നെഹ്റുവിന്റെ നയമല്ല. കാര്‍ഷികോത്പാദനം കുറയുന്നതോടൊപ്പം മൃഗസമ്പത്തും കുറയും. അനിയന്ത്രിതമായ കയറ്റുമതിയും പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 27 ഫെബ്രുവരി 2011

Saturday, February 26, 2011

ഈജിപ്തിലെ ശവകുടീരചോരന്മാര്‍

വടക്കേ ആഫ്രിക്കയുടെ മണലാരണ്യത്തിലൂടെ തുറന്ന ആകാശത്തെ നോക്കി, തുറന്നുപിടിച്ച കൈകളോടെ നടക്കുമ്പോള്‍ ഭൂമി ഒരു പച്ചമനുഷ്യനെപ്പോലെ മലര്‍ന്നുകിടക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ അകമേ പറഞ്ഞുപോയി: 'ഇതാ ഒരു മനുഷ്യന്‍. അയാളുടെ മാംസം മണ്ണ്, അയാളുടെ എല്ല് കല്ലുകള്‍, രക്തമോ നീലജലം, അയാള്‍ക്ക് തലമുടി പച്ചപ്പുല്ല്, അയാളുടെ കാഴ്ച സൂര്യപ്രകാശമാകുന്നു, ശ്വാസമോ ചുടുകാറ്റ്. ചിന്തകള്‍, മേഘമാലകള്‍, ഈജിപ്തിലെ പതിനെട്ടും പത്തൊമ്പതും രാജവംശങ്ങളുടെ കഥകള്‍ ഞങ്ങളുടെ ഗൈഡ് പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ആത്മാവിനെ സ്പര്‍ശിക്കുന്ന വ്യക്തിത്വങ്ങളായി ഞങ്ങള്‍ സ്വയം മാറി. ശവകുടീര ചോരന്മാരെക്കുറിച്ചും കണ്ടെടുക്കപ്പെട്ട പുരാതന പാപ്പിറസ് ചുരുളുകളിലൂടെ അനാവൃതമാകുന്ന ഈ സംഘത്തിന്റെ അത്യാര്‍ത്തിയെക്കുറിച്ചും അയാള്‍ സംസാരിക്കുന്നു. ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ രോമാഞ്ചമായി മാറുകയായിരുന്നു ആധുനിക കാലഘട്ടത്തില്‍ കണ്ടെടുക്കപ്പെട്ട പാപ്പിറസ് രേഖകള്‍ അവരുടെ സന്നമായ ഗതകാലത്തെ അനശ്വരമാക്കുന്ന അറിവുകള്‍. സമ്പന്നമായ അവരുടെ ഭൂതകാലം. അവിടം നിറയെ സൂര്യപ്രകാശം. തുറന്നുപിടിച്ച കൈകള്‍. അവരുടെ അകമാകെ ആകാശവിസ്തൃതി സന്നിഹിതമാകുമ്പോലെ!

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ ഈജിപ്തില്‍ വരുന്നതിന് മുമ്പ് ഈജിപ്തിലെ ദേശക്കാര്‍ ശവമാടങ്ങള്‍ തേടിയെത്തിയിരുന്നത് അവയിലെ സ്വര്‍ണവും മറ്റു വിലപിടിച്ച വസ്തുക്കളും സ്വന്തമാക്കാനായിരുന്നു. അവര്‍ ശവക്കല്ലറകള്‍ തിരഞ്ഞ് ഭൂമി കുഴിച്ചത് ഒരര്‍ഥത്തില്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഗുണകരമായി. പല പുരാതന കലാവസ്തുക്കളും അങ്ങനെ അവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞു. ശവമാട ചോരന്മാര്‍ക്ക് സമ്പത്തിലേ കണ്ണുണ്ടായിരുന്നുള്ളൂ. ഉന്നതമൂല്യമുള്ള ചരിത്രാവശിഷ്ടങ്ങളിലോ കലാരൂപങ്ങളിലോ അവരുടെ കണ്ണും മനസ്സും പതിഞ്ഞില്ല.

അങ്ങനെ ഈജിപ്ഷ്യന്‍ മമ്മികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരണിഞ്ഞ വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ക്കായി പല കല്ലറകളും തകര്‍ക്കപ്പെട്ടു-കനത്ത സുരക്ഷയോടെ കല്ലറകളില്‍ മമ്മികള്‍ക്കൊപ്പം മണ്ണിനടിയില്‍ അടക്കം ചെയ്യപ്പട്ട സമ്പത്തെല്ലാം കള്ളന്മാര്‍ കൊണ്ടുപോയി. ഉദാഹരണത്തിന്, നെക്രോപോളിസ് പൊലീസിന് ശവക്കല്ലറയിലെ ഗുപ്തധനം മാത്രം സംരക്ഷിച്ചാല്‍ മതിയായിരുന്നില്ല. അതിനകത്തെ രാജാക്കന്മാരെയും റാണിമാരെയും പ്രഭുക്കന്മാരെയും സംരക്ഷിക്കേണ്ടിയിരുന്നു. കാരണം, അവിടത്തെ ദേശവാസികള്‍ തന്നെയാണ്, അവരെയെല്ലാം മണ്ണിനടിയില്‍ കല്ലറകളില്‍ അടക്കം ചെയ്തത്-അതുകൊണ്ട് അവര്‍ക്കറിയാം, മമ്മികള്‍ക്കൊപ്പം എന്തെല്ലാം എവിടെയെല്ലാം നിക്ഷേപിക്കപ്പെട്ടുവെന്ന്. നെക്രോപോളിസിനടുത്തുള്ള സ്വര്‍ണപ്പണിക്കാര്‍ക്കുമറിയാം അവരെന്തെല്ലാം നിര്‍മിച്ചുകൊടുത്തുവെന്ന്. ഇക്കൂട്ടര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി, ശവമാടത്തിന്റെ സൂക്ഷിപ്പുകാരുടെ ഒത്താശയോടെ മണ്ണിനടിയിലുള്ള അറ തുറന്ന്, ശവപ്പെട്ടിക്കുള്ളിലെ മമ്മിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചായാലും ശരീരത്തിലണിഞ്ഞ ആഭരണമോരോന്നും അവര്‍ കവര്‍ന്നെടുത്തു.

ഫെറോ രാജാക്കന്മാരുടെ ശക്തമായ ഭരണകാലത്ത് നെക്രോപോളിസിലെ ശവക്കല്ലറകള്‍ താരതമ്യേന സുരക്ഷിതമായിരുന്നു. എന്നാല്‍ അഴിമതിനിറഞ്ഞ റെംസ്സെ രാജാക്കന്മാരുടെ ഭരണകാലം മമ്മികള്‍ക്ക് പ്രതികൂലമായിത്തീര്‍ന്നു-ഇരുപതാം രാജവംശകാലത്ത് പതിനൊന്നാംകാലത്തെ രാജാവിന്റെ മമ്മിയെ പിരമിഡ് തുരന്നാണ് അവര്‍ ആക്രമിച്ചത്. അതുവരെ പിരമിഡുമോഷണം തുടങ്ങിയിരുന്നില്ല.പുരാതന കാലത്തെ ശവക്കല്ലറ മോഷണത്തെക്കുറിച്ചറിയാന്‍ കഴിഞ്ഞത് രണ്ടേരണ്ട് ഈജിപ്ഷ്യന്‍ താളിയോലയായ പാപ്പിറസിലൂടെയാണ്. ഈ പാപ്പിറസ് രണ്ട് പാതികളായി രണ്ടുകാലത്തായി, രണ്ടിടങ്ങളില്‍നിന്നാണ് ലഭിച്ചത് എന്നത് ഒരേ സമയം കൌതുകകരവും അത്ഭുതകരവുമായി തോന്നി.

1857ല്‍ ആംഹെസ്റ്റ് പ്രഭുവിന്റെ കാലത്ത് ഈ പാപ്പിറസ് കണ്ടെത്തിയതിനാല്‍ ആംഹെസ്റ്റ് പാപ്പിറസ് എന്ന് ഇതിന് പേര്‍ വന്നു. എന്നാലത് അപൂര്‍ണമായിരുന്നു. കാരണം, ആ പാപ്പിറസിന്റെ മൂല്യം അറിയുന്ന നാട്ടുകാര്‍ക്ക് അത് ലഭിച്ചപ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനായി അവരത് രണ്ടായി കീറി വിറ്റിരിക്കണം.

1935-ല്‍ ബ്രൂസെല്‍സിലെ റോയല്‍ മ്യൂസിയത്തില്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെപ്പറ്റി പഠിക്കാന്‍ ബെല്‍ജിയത്തിലെ പ്രശസ്തനായ ധിഷണാശാലി മോണ്‍സിയര്‍ ജെ കേപാര്‍ട്ട് എത്തുന്നു. 1860-ല്‍ ബ്രാബന്റ് പ്രഭു ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന മനോഹര വസ്തുക്കള്‍ മ്യൂസിയത്തിലുണ്ടായിരുന്നു. അക്കാലത്ത് സന്ദര്‍ശിച്ച രാജ്യങ്ങളില്‍നിന്ന് രാജാക്കന്മാരും പ്രഭുക്കന്മാരും ഇത്തരം കലാവസ്തുക്കള്‍ ശേഖരിച്ച് സ്വരാജ്യത്ത് കൊണ്ടുവന്നിരുന്നു. ചില ഓട്ടുപ്രതിമകളും കൌതുകപ്പാത്രങ്ങളും മറ്റും മറ്റുമായിരുന്നു അവ. അക്കൂട്ടത്തില്‍ കേപാര്‍ട് ഒരു മരപ്രതിമ കണ്ടുപിടിച്ചു. അതൊരു ശവമടക്ക് മഞ്ചത്തിന്റെതായിരുന്നു (ശയിക്കുന്ന മനുഷ്യരൂപത്തിലുള്ള കൊത്തുപണികളുള്ള അത്തരം മനോഹരമായ കൂറ്റന്‍ പ്രതിമകള്‍ കെയ്റോവിലെ മ്യൂസിയത്തില്‍ എത്രയെങ്കിലും ഞങ്ങള്‍ കണ്ടു). ആ ശവമഞ്ചരൂപപേടകം തുറന്നപ്പോള്‍ അതിലൊരു പാപ്പിറസ് ചുരുള്‍ കണ്ടപ്പോള്‍ കേപാര്‍ടിന് അതിശയമൊന്നും തോന്നിയില്ല. കാരണം ഇത്തരം കലാരൂപങ്ങളുടെ വിവരണമടങ്ങുന്ന കടലാസ് പൊള്ളയായ അകവശത്ത് കാണുക സര്‍വസാധാരണമായിരുന്നു-എന്നാല്‍, മൂര്‍ച്ചയേറിയ കത്തിത്തലപ്പുകൊണ്ട് ആ പഴഞ്ചന്‍ കടലാസ്ചുരുള്‍ നിവര്‍ത്തിയപ്പോള്‍ കേപാര്‍ടിന്റെ ഹൃദയം ആഹ്ളാദത്തിമിര്‍പ്പുകൊണ്ട് പുറത്തുചാടുമെന്നായി. റെംസ്സെ ഒമ്പതാമന്റെ (1110 BC) കാലത്തുള്ള ആ കടലാസുചുരുള്‍, 1857-ല്‍ കണ്ടെത്തിയ ആംഹെസ്റ്റ് പാപ്പിറസിന്റെ മറുപകുതി ആയിരുന്നു! പ്രൊഫ. ന്യൂബെറിയില്‍നിന്ന് ആംഹെസ്റ്റിന്റെ പകര്‍പ്പ്രൂപം ലഭിച്ചപ്പോള്‍ അവര്‍ രണ്ടുപാതിയും ചേര്‍ത്തുവച്ചുനോക്കി. അത്ഭുതകരമായി അതിന്റെ അരികുകള്‍ ചേര്‍ച്ചയോടെ നില്‍ക്കുന്നു. ആ പഴകിയ പാപ്പിറസ് ചുരുളുകളില്‍ ഈജിപ്തിന്റെ ശവമാടങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്റെ വിശദ വിവരങ്ങളായിരുന്നു (ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഈ പാപ്പിറസ് എബോര്‍ട്ട് പാപ്പിറസ് എന്ന പേരില്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു). രണ്ടാമത് ലഭിച്ച ഈ പാപ്പിറസാണ് യഥാര്‍ഥത്തില്‍ ആദ്യപകുതി. രണ്ടാം പകുതിയായി വായിക്കപ്പെടേണ്ടത് ആദ്യം കണ്ടെത്തിയ ആംഹെസ്റ്റ് പാപ്പിറസും! ആദ്യം വായിക്കപ്പെടേണ്ട എബ്ബോട്ട് പാപ്പിറസില്‍ രാജകീയ ശവക്കല്ലറകളുടെ സുരക്ഷിതത്വത്തിന് ഉത്തരവാദപ്പട്ട രണ്ടുപേരുടെ റിപ്പോര്‍ട്ടുകളായിരുന്നു. തീബ്സിന്റെ മേയറായ പെസിയറും, പടിഞ്ഞാറിന്റെ രാജാവായ പീവെറോവും-റോയല്‍ വാലിയിലെ പല കല്ലറകളും കൊള്ളയടിക്കപ്പെട്ടതിന്റെ റിപ്പോര്‍ടുകള്‍ ഇതിലുണ്ട്. ഉടന്‍തന്നെ വേണ്ട സുരക്ഷാനടപടികള്‍ എടുക്കണമെന്ന് അതില്‍ നിര്‍ദേശിച്ചിരിക്കുന്നു. സെ ഖെമിറെ രാജാവിന്റെ പിരമിഡ് കുടീരം തസ്കരന്മാര്‍ തകര്‍ത്തതായി രേഖപ്പെടുത്തിയിരിക്കുന്നു-പാറക്കല്ലില്‍ തീര്‍ത്ത നെബ് അമെന്‍ രാജാവിന്റെ കല്ലറ. മമ്മിയെ കടത്തിക്കൊണ്ടുപോയി ശൂന്യമാക്കപ്പെട്ടിരിക്കുന്നു-രാജാവിന്റെ ശവശരീരത്തോടൊപ്പം രാജപത്നിയുടെ ശരീരവും അപ്രത്യക്ഷമായിരുന്നു. രാജാവിന്റെയും രാജ്ഞിയുടെയും ശവശരീരങ്ങളെ ആക്രമിച്ച രീതികളും അതില്‍ വിസ്തരിക്കുന്നുണ്ടത്രെ!

'മനോഹരഭൂമി' എന്നറിയപ്പെടുന്ന രാജ്ഞിമാരുടെ താഴ്വര (Valley of the queens) ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും പെസിയര്‍ എഴുതിവച്ചിട്ടുണ്ട്. ഇത് രേഖപ്പെടുത്തിവച്ചശേഷം അതിന്റെ തസ്കരനേതാവായ ചെമ്പുപണിക്കാരന്‍ പീക്കറിനെ പിടികൂടിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. അവരയാളെ കവര്‍ച്ചചെയ്യപ്പെട്ട ശവമാടങ്ങളിലേക്ക് കൈയാമം വച്ചുകൊണ്ടുപോയി സകല തസ്കരതന്ത്രങ്ങളും വെളിപ്പെടുത്താന്‍ ആജ്ഞാപിച്ചുവത്രെ! രാജാക്കന്മാരുടെയും കുഞ്ഞുങ്ങളുടെയും തുറന്നുകിടക്കുന്ന ശവക്കല്ലറകളിലൂടെ ഈ ഉദ്യോഗസ്ഥര്‍ പല തസ്കര വീരന്മാര്‍ക്കുമൊപ്പം നടന്നതായും രേഖയുണ്ട്. കള്ളന്മാരുടെ മൊഴികളും ഏറ്റുപറച്ചിലും കുറ്റസമ്മതവും മാപ്പുപറച്ചിലുമെല്ലാം ആ വലിയ കടലാസുചുരുളുകളിലൂടെ നൂറ്റാണ്ടുകള്‍പ്പുറത്തേക്കുള്ള കഥകളുടെ ചുരുളഴിയുകയായിരുന്നു.

തുടര്‍ച്ചയായി ശവക്കല്ലറകളില്‍ കടന്ന് മോഷണം നടത്തുന്നവര്‍ നല്‍കിയ അനേക മൊഴികള്‍, വിസ്തൃതമായ ഈ രേഖകളിലുണ്ട്. കവര്‍ച്ചക്ക് അവരുപയോഗിച്ച ആയുധങ്ങള്‍, ഒരേ കല്ലറയില്‍ എട്ടുപേര്‍ ചേര്‍ന്നുള്ള ആക്രമണം അങ്ങനെയങ്ങനെ അതിലൊരാള്‍ ഇങ്ങനെ കുറ്റസമ്മതം നടത്തുന്നു:

'അങ്ങനെ ഞങ്ങള്‍ സംഘം ചേര്‍ന്ന് ആയുധമുപയോഗിച്ച് കല്ലറയുടെ കല്‍വാതില്‍ കഷ്ടപ്പെട്ട് തുറന്നു. അവിടെ രാജാവിന്റെയും തൊട്ടടുത്തായി രാജ്ഞിയുടെയും കല്ലില്‍തീര്‍ത്ത ശവപ്പെട്ടികള്‍ ഞങ്ങള്‍ കണ്ടു. നബ്കാസ് രാജാവും അയാളുടെ പത്നിയും! ശവപ്പെട്ടികളുടെ മൂടികള്‍ തുറന്നപ്പോള്‍ സ്വര്‍ണക്കിരീടംവച്ച രാജകീയ പ്രൌഢിയോടെ രാജാവ്! അദ്ദേഹത്തിന്റെ കഴുത്തില്‍ വെട്ടിത്തിളങ്ങുന്ന അനേകം മാലകള്‍! ഈ പ്രൌഢഗംഭീരനായ രാജാവ് കിടന്നിരുന്നത് സ്വര്‍ണവും വിലമതിക്കാനാവാത്ത കല്ലുകളും നിരത്തിവച്ച ശയ്യയിലാണ്. അയാളുടെ മുകളിലും താഴെയും സ്വര്‍ണം, മുത്ത്, പവിഴം... ഞങ്ങള്‍ അതെല്ലാം മമ്മികളില്‍നിന്ന് അഴിച്ചെടുത്തു. അതിനുശേഷം ഞങ്ങള്‍ മമ്മികളുടെ ശവപ്പെട്ടികള്‍ക്ക് മീതെ തീകൊളുത്തി. എല്ലാം കത്തിച്ചാമ്പലാവട്ടെ. ഞങ്ങള്‍ മമ്മികള്‍ക്കരികെയുള്ള വലിയ മരപ്പെട്ടികള്‍ക്കകത്തുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും വെങ്കലവുമെല്ലാമെടുത്തു. പിന്നെ വീണ്ടും തീബ്സിന് കുറുകെ സഞ്ചരിച്ചു. അവിടെ ഞങ്ങള്‍ പിടിക്കപ്പെട്ടു. എന്റെ പങ്കായ ഇരുപത് തോല സ്വര്‍ണം അവരെനിക്ക് തന്നിരുന്നു. അത് ഞാന്‍ ഒരുദ്യോഗസ്ഥന് കൈക്കൂലിയായി കൊടുത്തപ്പോള്‍ അവരെന്നെ വെറുതെ വിട്ടു. ഞാന്‍ വീണ്ടും മറ്റൊരു സംഘത്തിനൊപ്പം കൂടി. അങ്ങനെ തീബ്സിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കല്ലറകളെല്ലാം ഞങ്ങള്‍ കവര്‍ച്ചചെയ്തു. ആ പ്രദേശത്തുകാരെല്ലാം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.'

ആമെന്‍പ് നുഫര്‍ എന്ന ഒരു കല്ലുവെട്ടുകാരന്റെ മൊഴിയായിരുന്നു ഇത്. പുരാതന ഈജിപ്തിന്റെ തുടിപ്പും മിടിപ്പും നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് തങ്ങള്‍ കേള്‍ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഇരുപതാം രാജവംശജരായ റെംസ്സെ രാജാക്കന്മാരുടെ കാലത്താണ് ഈ കവര്‍ച്ചനടന്നത്. അതിനുശേഷം വന്ന ഇരുപത്തിയൊന്നാം വംശജര്‍ തീര്‍ത്തും ദുര്‍ബലരായിരുന്നുവത്രെ! അതിനാല്‍ കൂടുതല്‍ കൂടുതല്‍ കല്ലറകള്‍ തകര്‍ക്കപ്പെട്ടു. നാട്ടുകാരായ കൊള്ളക്കാര്‍ അവിടെ സ്വൈരവിഹാരംചെയ്തു. ചില നെക്രോപോളിസ് പാതിരിമാര്‍ മമ്മികളെ വീണ്ടും ലിനന്‍ തുണികളില്‍ പൊതിഞ്ഞ് ആഭരണമണിയിച്ച് വീണ്ടും മന്ത്രംചൊല്ലി കല്ലറകളില്‍ അടച്ചു. എന്നാല്‍ അവയും വൈകാതെ തകര്‍ക്കപ്പെട്ടു. പൊലീസുകാരുടെ എണ്ണം തീരെ കുറവും ശവക്കല്ലറകളുടെ എണ്ണം ഭീമവും ആയിരുന്നു. മമ്മികള്‍ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമായിരുന്നുവെങ്കിലും ഭരണാധികാരികള്‍ക്ക് കവര്‍ച്ച തടയാന്‍ അത്രക്കൊന്നും കഴിഞ്ഞില്ല.

മമ്മികള്‍ നശിപ്പിക്കപ്പെടുന്നതോടെ അവരുടെ മരണാനന്തര ജീവിതവും അവസാനിക്കുമല്ലോ എന്ന ആധി പുരോഹിതന്മാര്‍ക്കുണ്ടായി. തങ്ങളുടെ പ്രിയങ്കരരായ രാജാക്കന്മാരും അവരുടെ കുടുംബവും സമ്പദ്സമേതരായി സകല സന്നാഹങ്ങളോടെയും അടക്കം ചെയ്യപ്പെട്ടിട്ടും അവര്‍ക്ക് മരണാനന്തര ജീവിതത്തിന്റെ പുണ്യങ്ങള്‍ നിഷേധിക്കപ്പെടുകയെന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു. എങ്ങനെയും ഈ മമ്മികളെ തസ്കരന്മാരുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കണം. ആരുമറിയാത്ത, അധികമാരുടെയും ശ്രദ്ധയെത്താത്ത ഇടങ്ങളിലേക്ക് ശേഷിക്കുന്ന മമ്മികളെ മാറ്റിയേ തീരൂ-അതിനായി പുരോഹിതന്മാര്‍ ഗൂഢമായും ഗാഢമായും ആലോചന നടത്തി. ഒടുവില്‍ അവരൊരു തീരുമാനത്തിലെത്തുകയുംചെയ്തു.

എന്നാല്‍ രഹസ്യതീരുമാനങ്ങള്‍ നടപ്പാക്കുക അതീവ രഹസ്യമായി വേണം. അതിന് പാതിരാത്രികള്‍തന്നെ അവര്‍ തെരഞ്ഞെടുത്തു. ആദ്യമായി അടക്കംചെയ്ത മമ്മികളെ ശേഖരിച്ച് അവര്‍ റോയല്‍വാലിയിലേക്ക് കൊണ്ടുവന്നു-പിന്നീടവയെ രണ്ട് സംഘങ്ങളായി തിരിച്ചു. ചെറുസംഘത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് മമ്മികളെ അവര്‍ അമെന്‍ഹേടെപ് രണ്ടാമന്റെ വിശാലമായ കല്ലറയില്‍ അടക്കാന്‍ തീരുമാനിച്ചു. ശേഷിച്ച മുപ്പത്തിയാറ് ഫേറോ രാജാക്കന്മാരെയും രാജകുമാരികളെയും രാജകുമാരന്മാരെയും അവര്‍ ഒരു പടിഞ്ഞാറന്‍ പര്‍വതത്തിന് മുകളിലെത്തിച്ചു. പര്‍വതശിഖരത്തിലെ നിശിതമായ വളവുകളില്‍ ആഴത്തില്‍ കുഴിച്ച് നീളന്‍ അറയുണ്ടാക്കി, മമ്മികളെ ഇറക്കി ഗ്യാലറിയിലൂടെ ഒരു രഹസ്യഅറയില്‍ നിക്ഷേപിച്ചു. ഒരു ഉരുക്കുവാതിലിനാല്‍ രഹസ്യ അറ അടച്ചു. ഒരു പിടി(shaft) ഊക്കില്‍ വലിച്ചാല്‍ ഈ അറ തുറക്കാം. ഈ പിടി അവര്‍ സുരക്ഷിതമായി സീല്‍ചെയ്തു. അങ്ങനെയൊന്ന് അവിടെയുള്ളതായി ആര്‍ക്കും ഒരു കള്ളനും മനസ്സിലാവുമായിരുന്നില്ല. അങ്ങനെ ഈ സൂത്രപ്പണിയില്‍ പുരോഹിതന്മാര്‍ വിജയിച്ചു. അവര്‍ക്കൊപ്പം ഈ രഹസ്യവും ഭൂമിയില്‍നിന്ന് മാഞ്ഞുപോയി. അതിനാല്‍ മൂവായിരമാണ്ടുകള്‍ മമ്മികള്‍ ആക്രമിക്കപ്പെടാതെ കല്ലറകളില്‍ സുരക്ഷിതരായിരുന്നു.

1871-ല്‍ ഈ രഹസ്യകൈപ്പിടി (Secret shaft) കണ്ടെത്തിയത് എല്‍-ഗൌര്‍മ ദേശക്കാരനായ കല്ലറ തസ്കരനായ അഹമ്മദ് അബ്ദ് എല്‍ റസൂലാണ്. ഈയാളെ പരിചയമുണ്ടായിരുന്ന പ്രൊഫ. പെര്‍സി ന്യൂബറി ഇതേപ്പറ്റി എഴുതിയിട്ടുണ്ട്.

തന്റെ സഹോദരനും മറ്റൊരു അജ്ഞാതനുമൊത്ത് അഹമ്മദ് തീബന്‍മലകളില്‍ ശവക്കല്ലറ മോഷണത്തിനായി ഭൂമി കുഴിക്കുകയാണ്. അപ്പോള്‍ മണ്ണില്‍ മറഞ്ഞുകിടന്ന ഒരു കൈപ്പിടിയില്‍ ആയുധം തടഞ്ഞു. അഹമ്മദ് ഈ കൈപ്പിടി ഊക്കില്‍ വലിച്ചപ്പോള്‍ അകത്തൊരു അറ കണ്ടു. ഒരു കയര്‍ വഴി അറയിലേക്കിറങ്ങിച്ചെന്നപ്പോള്‍ അയാള്‍ വലുപ്പമുള്ള ശവമടക്കിന്റെ അറ കണ്ടുപിടിച്ചു. അതില്‍ നിറയെ മമ്മികള്‍. അഹമ്മദിന് മനസ്സിലായി, കൂടെയുള്ള അജ്ഞാതനില്‍നിന്ന് ഈ രഹസ്യം എങ്ങനെയും മറച്ചുപിടിക്കണം- അയാള്‍ ധൃതിയില്‍ കല്ലറ വാതില്‍ക്കലേക്ക് തലയുയര്‍ത്തി മുകളില്‍ നില്‍ക്കുന്നവരോട് ഭയാക്രാന്തനായി വിളിച്ചുകൂവി: 'എന്നെ നിങ്ങള്‍ എത്രയും പെട്ടെന്ന് കയര്‍ വലിച്ച് മുകളിലേക്കെത്തിക്കണം. ഇവിടെ അഫ്രീത് എന്ന കൊടുംഭൂതമുണ്ട്. അഹമ്മദ് ഒരുവിധം പുറത്തേക്ക് കയറിച്ചെന്നു. എല്ലാവരും ഭയപ്പെട്ട് അവിടെ നിന്നോടിപ്പോയി. അന്ന് രാത്രിയില്‍ അഹമ്മദ് രഹസ്യമായി ഒരു കുരങ്ങനുമൊത്ത് അതേ സ്ഥലത്തുചെന്നു. അതിനെ കൊന്ന് ഷാഫ്റ്റ് വലിച്ച് കുരങ്ങിനെ താഴേക്കിട്ടു. അഫ്രീത് ഭൂതങ്ങള്‍ തങ്ങളുടെ ദുര്‍ഗന്ധത്താല്‍ പ്രസിദ്ധരാണെന്ന് വിശ്വാസം. രണ്ടുനാള്‍കൊണ്ട് കുരങ്ങന്‍ ചത്ത് ദുര്‍ഗന്ധമുയരും. അതുപോലെ സംഭവിച്ചു-അവര്‍ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതന്‍ വീണ്ടും അതുവഴി ചെന്നപ്പോള്‍ അഴുകിയ ഗന്ധം! അയാള്‍ വീണ്ടും ഭയന്നോടി. അപ്പോള്‍ അഹമ്മദ് വീണ്ടും താഴെയിറങ്ങി, ചത്ത കുരങ്ങിനെ മാറ്റി വിശദമായി അറ പരിശോധിച്ചു. അഹമ്മദിന് ഒരു കാര്യം മനസ്സിലായി. അധികം മമ്മികളും മാര്‍ച്ചട്ട ധരിച്ചിട്ടുണ്ട്. അതുപോലെ തലയില്‍ രാജകീയ സര്‍പ്പവും ചൂടിയിട്ടുണ്ട്. രാജാക്കന്മാരുടെ കല്ലറ, കല്ലറചോരന്മാര്‍ തിരിച്ചറിയുന്നത് ഇത്തരം ചിഹ്നങ്ങള്‍ കണ്ടിട്ടാണ്-ഫെറോ രാജാക്കന്മാരുടെ ഈ കുടീരം കൊള്ളയടിക്കുക എളുപ്പമല്ലെന്ന് അഹമ്മദ് മനസ്സിലാക്കി. ഒന്നിച്ച് കൊള്ള നടത്തുക അസാധ്യം! അതുകൊണ്ടയാള്‍ പടിപടിയായി അത് നിര്‍ഹിച്ചു.

അഹമ്മദിന്റെ കുടുംബം ഒരു കാര്യം തീരുമാനിച്ചു. മമ്മികളെ തല്‍ക്കാലം അവിടെനിന്ന് മാറ്റാതെ കുറേ കാലമായി എടുത്തുമാറ്റാവുന്നതൊക്കെ എടുത്ത്-ആഭരണങ്ങളും കനോപ്പിക് ജാറുകളും ശവമടക്ക് പാപ്പിറസികളും ചെറുപ്രതിമകളും അവര്‍ എടുത്തുവിറ്റു. ഓരോ ശിശിരത്തിലും സഞ്ചാരികളായി വന്നെത്തുന്നവര്‍ക്ക് അവര്‍ ഇത്തരം വസ്തുക്കള്‍ വിറ്റു. പിന്നീട് അഹമ്മദും സഹോദരന്‍ മുഹമ്മദും അറസ്റ്റ് ചെയ്യപ്പെട്ടു.

ഈജിപ്തില്‍ കാണുന്ന മണലിനും നീലനദിക്കും കൂറ്റന്‍ കെട്ടിടങ്ങള്‍ ശിരസ്സുയര്‍ത്തിനില്‍ക്കുന്ന പിരമിഡുകള്‍ക്കുമപ്പുറം ആഫ്രിക്കയുടെ അദൃശ്യമായ കണ്ണീരും മുറിപ്പാടുകളും ഞങ്ങള്‍ ദര്‍ശിക്കുകയായിരുന്നു-അപ്പോഴും മരുഭൂമിയിലും സൌന്ദര്യത്തിന്റെയും ജീവിതത്തിന്റെയും ഉറവകള്‍ ഉറന്നൊഴുകുന്ന ജനഹൃദയങ്ങള്‍ ഞങ്ങള്‍ കണ്ടു. ഗതകാലത്തിന്റെ കണ്ണുനീര്‍ സ്ഥിതകാലത്തിലെ പുഞ്ചിരിക്ക് വഴിമാറിയതും ഞങ്ങള്‍ കണ്ടു.

*
കെ പി സുധീര ദേശാഭിമാനി വാരികയില്‍ എഴുതുന്ന യാത്രാക്കുറിപ്പുകളില്‍ നിന്ന്

Cynicism's Danse Macabre

The politics of plunder imposed by the United States and its NATO allies in the Middle East is in crisis. This was inevitably unleashed with the high cost of grain, the effects of which are being felt with more force in the Arab nations where, despite their enormous oil resources, the shortage of water, arid areas, and generalized poverty of the people contrast with the vast resources derived from oil possessed by the privileged sectors. While food prices triple, the real estate fortunes and wealth of the aristocratic minority rise to billions of dollars.

The Arab world, with its Islamic culture and beliefs, has seen itself additionally humiliated by the brutal imposition of a state which was not capable of meeting the elemental obligations that came with its creation, based on the colonial order in existence since the end of World War II, which allowed the victorious powers to create the United Nations and impose world trade and economy.

Thanks to Mubarak's betrayal at Camp David, the Palestinian Arab State has not come into existence, despite the United Nations agreements of November 1947, and Israel has become a powerful nuclear force allied with the United States and NATO.

The U.S. military-industrial complex supplies tens of billions of dollars every year to Israel and to the very Arab states that it subjugates and humiliates.

The genie is out of the bottle and NATO doesn't know how to control it. They are going to try and take maximum advantage of the lamentable events in Libya. No one is capable of knowing at this time what is happening there. All of the figures and versions, even the most improbable, have been disseminated by the empire through the mass media, sowing chaos and misinformation.

It is evident that a civil war is developing in Libya. Why and how was this unleashed? Who will suffer the consequences? The Reuters news agency, repeating the opinion of the well-known Japanese bank Nomura, said that the price of oil could surpass all limits:

"If Libya and Algeria were to halt oil production together, prices could peak above US$220/bbl and OPEC spare capacity will be reduced to 2.1mmbbl/d, similar to levels seen during the Gulf war and when prices hit US$147/bbl in 2008, the bank stated in a note."

Who could pay this price today? What will be the consequences for the food crisis?

The principal NATO leaders are exalted. British Prime Minister David Cameron, reported ANSA, "admitted in a speech in Kuwait that the Western countries made a mistake in supporting non-democratic governments in the Arab world." He should be congratulated for his frankness. His French colleague Nicolas Sarkozy declared, "The continuing brutal and bloody repression of the Libyan civilian population is revolting." Italian Foreign Minister Franco Frattini declared "'credible' the estimate of one thousand dead in Tripoli. . . . '[T]he tragic number will be a bloodbath.'"

Ban Ki-moon added:

"The use of violence in the country is totally unacceptable."
"[T]he Security Council will act in accordance with what the international community decides."
"We are considering a series of options."

What Ban Ki-moon is really waiting for is for Obama to give the last word.

The President of the United States spoke Wednesday afternoon and stated that the Secretary of State would leave for Europe in order to reach an agreement with the NATO allies as to what measures to take. Noticeable on his face was his readiness to take on the right-wing Republican John McCain; Joseph Lieberman, the pro-Israel Senator from Connecticut; and Tea Party leaders, in order to guarantee his nomination by the Democratic Party.

The empire's mass media have prepared the ground for action. There would be nothing strange about a military intervention in Libya, which would, additionally, guarantee Europe almost two million barrels of light oil a day, if events do not occur beforehand to put an end to the presidency or life of Gaddafi.

In any event, Obama's role is complicated enough. What would the Arab and Islamic world's reaction be if much blood is spilt in this country in such an adventure? Would the revolutionary wave unleashed in Egypt stop a NATO intervention?

In Iraq the innocent blood of more than a million Arab citizens was shed when this country was invaded on false pretexts. Mission accomplished, George W. Bush proclaimed.

No one in the world will ever be in favor of the deaths of defenseless civilians in Libya or anywhere else. I ask myself: Would the United States and NATO apply that principle to the defenseless civilians killed by yankee drones, and this organization's soldiers, every day in Afghanistan and Pakistan?

It is cynicism's danse macabre.

*
Fidel Castro Ruz MRZINE

കണ്ണില്‍ പൊടിയിടുന്ന റയില്‍ ബജറ്റ്

നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് റയില്‍വേ ബജറ്റില്‍ കേരളത്തിന് റയില്‍വേ മന്ത്രി മമത ബാനര്‍ജി വാരിക്കോരി പദ്ധതികള്‍ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസുകാരും യു ഡി എഫ് അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണു നട്ടുകൊണ്ടാണ് മമത ഇത്തവണ ബജറ്റ് തയ്യാറാക്കിയതെന്നത് ശരിയാണ്. പക്ഷേ, മമതയുടെ മനസ്സില്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പു മാത്രമാണുള്ളത്. പുതിയ പദ്ധതികളില്‍ മിക്കതും പശ്ചിമബംഗാളിലേയ്ക്ക് അവര്‍ തിരിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത് സ്ഥാനം കിട്ടിയത് തിരഞ്ഞെടുപ്പു നടക്കുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടിനാണ്. കേരളത്തിന് ആഴ്ചയില്‍ ഒരിക്കല്‍ ഓടുന്ന ഏതാനും ട്രെയിനുകളല്ലാതെ, സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് ഉത്തേജനം നല്‍കുന്ന പദ്ധതികളൊന്നും ലഭിച്ചില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അനിവാര്യമായ റയില്‍വേ സോണ്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി കേരളം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടതുമില്ല.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ഇപ്പോഴും കടലാസില്‍ അവശേഷിക്കുകയാണ്. അവയുടെ ഗതി എന്താണെന്നു പറയാനുള്ള സാമാന്യ മര്യാദ ഇത്തവണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മമത ബാനര്‍ജി കാണിച്ചില്ല. റയില്‍വേയുടെ വക മെഡിക്കല്‍ കോളജ്, കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റയില്‍വേസ്റ്റേഷനുകള്‍ അന്തര്‍ദേശീയ നിലവാരമുള്ളവയാക്കി ഉയര്‍ത്തല്‍, ഷൊര്‍ണൂര്‍-മംഗലാപുരം, എറണാകുളം-തിരുവനന്തപുരം റൂട്ടുകളുടെ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മെമു സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനങ്ങളായിരുന്നു. ഇവയൊന്നും യാഥാര്‍ഥ്യമായില്ല.

മംഗലാപുരം മുതല്‍ കന്യാകുമാരിവരെ പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്താനും നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെമു സര്‍വീസ് ആരംഭിക്കാനും കഴിയുകയുള്ളൂ. ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളാണിവ. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുന്നതിനു മതിയായ തുക വക കൊള്ളിച്ചിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ അതുകൊണ്ടു തന്നെ കാത്തിരിക്കേണ്ടിവരും.

പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കുമെന്ന ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശം കേരളത്തിനു ലഭിച്ച വന്‍ നേട്ടമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ചിത്രീകരിക്കുന്നുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിയോടൊപ്പം പ്രഖ്യാപിച്ചതായിരുന്നു സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറി. അവിടെ കോച്ച് ഫാക്ടറിയുടെ പണിപൂര്‍ത്തിയാകാറായി. മൂന്നു മാസത്തിനകം റായ്ബറേലിയില്‍ നിന്നു കോച്ചുകള്‍ പൂറത്തിറങ്ങുമെന്നാണ് മമത ബാനര്‍ജി അറിയിച്ചത്. പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് തുക വകയിരുത്തിയിട്ടുമില്ല. റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പാലക്കാട് കോച്ച് ഫാക്ടറിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നുവെന്നായിരുന്നു റയില്‍വേ മന്ത്രി അറിയിച്ചിരുന്നത്. കോച്ചുഫാക്ടറിക്ക് ആവശ്യമായത്ര ഭൂമി സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തു നല്‍കിയിട്ട് മാസങ്ങളായി. കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാനും സംസ്ഥാനം തയ്യാറായി. എന്നിട്ടും ഇതുവരെ ഒളിച്ചു കളിക്കുകയായിരുന്ന റയില്‍ മന്ത്രാലയം ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.

ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി തുടങ്ങുമെന്ന വാഗ്ദാനവും പുതുമയുള്ളതല്ല. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ കേന്ദ്രം നടപടി എടുത്തില്ല. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയതോടെ ചരക്കു ഗതാഗതത്തിന് പ്രത്യേക ലൈന്‍ സ്ഥാപിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. കോയമ്പത്തൂരിലേക്ക് ഇതിനായി പ്രത്യേക പാതവേണമെന്ന കേരളത്തിന്റെ ആവശ്യം മമത ബാനര്‍ജി പരിഗണിച്ചതേയില്ല.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭമായ റെയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ധൂര്‍ത്ത് ഒഴിവാക്കിയും മാനേജ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമ്പത്തിക നില ഭദ്രമാക്കാനുള്ള ക്രിയാത്മകമായ നടപടികളൊന്നും റയില്‍വേ സ്വീകരിക്കുന്നില്ല. റയില്‍വേയിലെ ഒഴിവുകള്‍ എല്ലാം സമയ ബന്ധിതമായി നികത്തുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഒന്നേമുക്കാല്‍ ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് മമത ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. 16000 എക്‌സ് സര്‍വീസുകാരെ നിയമിക്കുമെന്ന പ്രഖ്യാപനത്തില്‍ കവിഞ്ഞ സമയബന്ധിതമായി ഒഴിവുകള്‍ നികത്താനുള്ള പരിപാടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഒഴിവുകള്‍ നികത്താതിരിക്കുമ്പോള്‍ തന്നെ, കൂടുതല്‍ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നു. ഇത് ജീവനക്കാരുടെ ജോലിഭാരം ഗണ്യമായി വര്‍ധിപ്പിക്കും. റയില്‍വേ സുരക്ഷിതത്വത്തിനു തന്നെ ഇത് ഭീഷണിയാകുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനു ദീര്‍ഘവീക്ഷണമുള്ള പദ്ധതികളോ കാഴ്ചപ്പാടോ ഇല്ലാത്തതാണ് ഇത്തവണത്തെ റയില്‍വേ ബജറ്റ്. കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ റെയില്‍വേ ബജറ്റ് പരിഗണിച്ചതുമില്ല. ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് നടത്തുന്ന ഏതാനും ട്രെയിനുകള്‍ അനുവദിച്ചതുകൊണ്ടുമാത്രം കേരളത്തിന്റെ റയില്‍വേ വികസന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയില്ല.

*
ജനയുഗം മുഖപ്രസംഗം 26 ഫെബ്രുവരി 2011

വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി

മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. അമ്പതുപൈസയുടെ ഒരു കാര്‍ഡില്‍ ഒരഭിപ്രായം എഴുതാത്തവരെ മേല്‍വിലാസപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നകാര്യം മിക്ക ചെറുമാസികകളും മുന്‍കൂട്ടിപ്പറയാറുണ്ട്. ഈ കൗതുകങ്ങളോട് പ്രതികരിക്കാതെ ഇരിക്കുകയാണ് ശരിയായ പ്രതികരണമെന്നു കരുതുന്ന സാംസ്‌കാരിക നായകരും നമ്മള്‍ക്കുണ്ട്.

ഇന്നും ഉണ്‍മയും തോര്‍ച്ചയും വിശകലനവുമടക്കം സ്വീകാര്യത ലഭിച്ചിട്ടുള്ള എല്ലാ സമാന്തര പ്രസിദ്ധീകരണങ്ങളും വര്‍ഗീയതയുടെ കാര്യത്തില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. മതേതര രചനകള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ അതു സാധിക്കുന്നത്. പാഠഭേദം പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ പാര്‍ശ്വവല്‍കൃത ജനതയുടെ പതാക കൂടി പിടിക്കുന്നുണ്ട്. അപൂര്‍വം മാസികകള്‍ മാത്രമേ വര്‍ഗീയ ഗ്രാമങ്ങള്‍ ലക്ഷ്യം വച്ച് അവരുടെ ലാവണ്യ ധിഷണ വിനിയോഗിക്കാറുള്ളൂ.

അതുമാത്രമല്ല, മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മുന്‍നിര പ്രസിദ്ധീകരണങ്ങള്‍ക്ക് പറയാന്‍ കഴിയാത്ത ചില ആശയങ്ങള്‍ ചെറു മാസികകള്‍ മുഖവുരയായിത്തന്നെ പറയാറുണ്ട്. കൊടുങ്കാറ്റുകള്‍ വന്‍ വൃക്ഷങ്ങളെയാണ് ബാധിക്കാറുള്ളത്. ചെറു സസ്യങ്ങള്‍ വലിയ വിപത്തുകളെ അതിജീവിക്കുക തന്നെ ചെയ്യും.

കുറച്ചു പ്രതികള്‍ മാത്രം പ്രചരിക്കുന്ന ഒരു യുവമാസികയാണ് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍. എന്‍ വിജയമോഹനന്‍ എന്ന യുവ കവിയാണ് ഈ മാസികയുടെ പത്രാധിപര്‍. വാതിലിന്റെ ഒരു ലക്കത്തിലെ പത്രാധിപക്കുറിപ്പ് ആരംഭിക്കുന്നത് നമ്മുടെ ജാതിക്കാരോട് എന്ന വാചകത്തോടെയാണ്. 'നാറിയ ഈ മുദ്രാവാക്യം നമുക്കിടയിലൂടെ നട്ടെല്ലു നിവര്‍ത്തി മിനുങ്ങി നടക്കുകയാണ്. രഹസ്യമായും പരസ്യമായും ഈ മുദ്രാവാക്യത്തിന്റെ ലഹരിയില്‍ വീണുപോകുന്ന വിവരദോഷികളെക്കൊണ്ട് നാടു നിറയുന്നു'. ഇങ്ങനെയാണ് ആ പത്രാധിപക്കുറിപ്പ് തുടരുന്നത്.

ഈയൊരു തന്റേടം നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കോ മുഖ്യ സാംസ്‌കാരിക പ്രഭാഷകര്‍ക്കോ ഇല്ല. കേരളം കണ്ട എക്കാലത്തേയും മഹാമനീഷികള്‍ ജാതിമതപിശാചിനെതിരേ പോരാടിയതിന്റെ ഫലമാണ് നവീന മലയാള നാട്. പ്രത്യക്ഷത്തിലെങ്കിലും ജാതി ചോദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയതിന്റെ പിന്നില്‍ ധീരതയുടെയും പീഡാനുഭവങ്ങളുടെയും ചരിത്രമുണ്ട്. അതില്ലാതാക്കുകയാണ് നമ്മുടെ ജാതിക്കാരോട് എന്ന മുദ്രാവാക്യം ചെയ്യുന്നത്. ഇതു കണ്ടെത്താനും ഉറക്കെപ്പറയാനും ഈ കുഞ്ഞുമാസികയ്ക്ക് കരളുറപ്പുണ്ടായിരിക്കുന്നു. നഷ്ടപ്പെടാനൊന്നുമില്ലാത്തതുകൊണ്ടാകാം ഇത്തരം സത്യദര്‍ശനങ്ങള്‍ പ്രകാശിതമാകുന്നത്.

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്നായിരുന്നു ഒരു കാലത്ത് പാടിയിരുന്നതെങ്കില്‍ ഇന്ന് ജാതിയേ ചോദിക്കാവൂ എന്ന തകര്‍ച്ചയില്‍ കേരളം എത്തിയിരിക്കുന്നു. ഇന്ത്യ ഒരു മതേതര രാജ്യമാകയാല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ജാതിയും മതവും ഉപയോഗിക്കുന്നത് തെറ്റാണ്. അതു തെറ്റാണെന്നു തോന്നാന്‍ വര്‍ഗീയ സംഘടനകള്‍ ഇന്ത്യന്‍ ഭരണഘടനയിലോ ശിക്ഷാ നിയമങ്ങളിലോ വിശ്വസിച്ചിട്ടുവേണ്ടേ?

വാതില്‍ മാസിക മുഖത്താളില്‍ത്തന്നെ മറ്റൊരു ചിന്തയും മുന്നോട്ടു വയ്ക്കുന്നുണ്ട്. ''ദൈവത്തെ പ്രാര്‍ഥിക്കുവാന്‍ സംസ്‌കൃതവും അറബിയും ലാറ്റിനും സുറിയാനിയും തന്നെ വേണമെന്ന് ശഠിക്കുന്ന വിശ്വാസികളുടെ ദൈവങ്ങള്‍ക്ക് ഒരു ഭാഷ മാത്രമേ മനസ്സിലാവുകയുള്ളോ? എങ്കില്‍ ഈ ദൈവങ്ങള്‍ സര്‍വജ്ഞാനികളാകുന്നതെങ്ങനെ?''

സാഹിത്യത്തിനും സംസ്‌ക്കാരത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മാസിക തീര്‍ച്ചയായും ചോദിക്കേണ്ട ചോദ്യമാണിത്. അബദ്ധധാരണകളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ശാസ്ത്രീയമായ ശരിയുത്തരങ്ങള്‍ ലഭിക്കുന്നത്. ഈ തിരിച്ചറിവാണ് വാതില്‍ മാസികയ്ക്കുള്ളത്. വാതില്‍ മാസികയുടെ മുദ്രാവാക്യം 'വാതില്‍ ഒരു വഴിയാണ്. കടന്നുവരാനും കണ്ടെത്താനുമുള്ള വഴി'. അങ്ങനെയാണെങ്കില്‍ നമ്മുടെ ജാതിക്കാരെയും ദൈവ ഭാഷാ പരിമിതിയെയും കേരളത്തില്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുചിന്തയ്ക്ക് കേരളത്തില്‍ വലിയ വേരോട്ടം ലഭിച്ചിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നാവുകയില്ലെന്നും സ്വന്തം മതത്തിലൂടെ മാത്രമേ നന്നാകാന്‍ കഴിയുകയുള്ളൂ എന്നും ഉറപ്പു വരുത്താനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ പൗരോഹിത്യം. ഒരു മതവും ഈ അന്ധതയില്‍ നിന്നു മോചിതമല്ല. ഒന്നിപ്പുകളില്‍ നിന്നും ഭിന്നിപ്പുകളിലേയ്ക്ക് കേരളീയരെ നയിക്കുകയാണ് മതങ്ങളും അവയുടെ അനുഗ്രഹമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം 26 ഫെബ്രുവരി 2011

Friday, February 25, 2011

പെട്രോളിയം ഖനന മേഖലയില്‍ വിദേശ- സ്വദേശ കുത്തകകളുടെ അധിനിവേശം

അഴിമതിക്കാര്‍ക്കും കുത്തകള്‍ക്കും കൂട്ടുനില്‍ക്കുന്ന യു പി എ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം ഒരിക്കല്‍കൂടി വെളിവാക്കുന്നതാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അധീനതയിലുള്ള കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തിന്റെ 30 ശതമാനം ഓഹരികള്‍ ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടിഷ് പെട്രാളിയം കമ്പനിയ്ക്ക് വില്‍ക്കാനുള്ള തീരുമാനം. 2 ജി സ്‌പെക്ട്രം ഉയര്‍ത്തിയ അഴിമതികഥകള്‍ പാര്‍ലമെന്റില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ പുതിയ തീരുമാനം. പ്രത്യക്ഷത്തില്‍ ഇത് നല്ല തീരുമാനമെന്ന് ജനങ്ങള്‍ക്ക് തോന്നുമെങ്കിലും പരോക്ഷമായി രാജ്യത്തിന്റെ എണ്ണ നിക്ഷേപം വിദേശ കുത്തകള്‍ക്ക് തീറെഴുതി നല്‍കുന്നതാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ കച്ചവടത്തിന്റെ യഥാര്‍ഥ നഷ്ടം മനസിലായിട്ടും അറിയില്ലെന്ന് നടിക്കുന്ന സമീപനമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

റിലയന്‍സിന്റെ കൃഷ്ണ- ഗോദാവരി തീരത്തെ എണ്ണപ്പാടത്തിന്റെ 30 ശതമാനം ഓഹരികളാണ് ബ്രിട്ടിഷ് പെട്രോളിയത്തിന് വില്‍ക്കുന്നത്. അതായത് 7.2 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് മുകേഷ് അംബാനി യു പി എ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ വിദേശ കോര്‍പ്പറേറ്റായ ബ്രിട്ടിഷ് പെട്രോളിയം കമ്പനിയ്ക്ക് വില്‍ക്കുന്നത്. വ്യവസായ മേഖലയില്‍ കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപം സമാഹരിക്കാനാണ് ഈ നടപടിയെന്ന് യു പി എ സര്‍ക്കാരിന്റെ അമരക്കാര്‍ വാദിക്കുന്നു. രാജ്യത്തെ മൊത്തം പ്രകൃതി വാതക ശേഖരത്തിന്റെ 40 ശതമാനമാണ് വിദേശ കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി പ്രകൃതി വാതകത്തിന്റെ ഖനന തോതും പൊതു വിപണിയിലെ വില നിശ്ചയിക്കാനുള്ള അവകാശവും റിലയന്‍സ്- ബ്രിട്ടീഷ് പെേ്രടാളിയം കമ്പനികള്‍ക്കാകും. പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് കമ്പനി മുന്നോട്ടുവച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു എന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്ന നിലപാടും സ്വീകരിച്ചു.

പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതില്‍ അംബാനിയുടെ നിലപാടുകള്‍ ശരിയല്ലെന്ന മുംബൈ ഹൈ കോടതി പരാമര്‍ശം നിലനില്‍ക്കുമ്പോഴാണ് സുപ്രിം കോടതിയില്‍ അംബാനിയെ ന്യായീകരിച്ചുകൊണ്ട് യു പി എ സര്‍ക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയത്. കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെട്ട ശേഷമാണ് ബ്രിട്ടീഷ് പെട്രോളിയം റിലയന്‍സില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ തയ്യാറായത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ എണ്ണ ഘനനവുമായി ബന്ധപ്പെട്ട് കോടികളാണ് നഷ്ട പരിഹാരത്തിനും മറ്റുമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്ക് നഷ്ടപ്പെട്ടത്. ഇതിന്റെ നഷ്ടവും പരിഹരിക്കാം എന്ന ലക്ഷ്യത്തോടെയാണ് കൃഷ്ണ ഗോദാവരി മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയെ പ്രേരിപ്പിച്ചത്. എണ്ണ നിക്ഷേപം സബന്ധിച്ച അളവും ഗുണനിലവാരവും സംബന്ധിച്ച പഠനങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇനിയും നടന്നിട്ടില്ല. പ്രാഥമിക വിലയിരുത്തല്‍ പോലും ഇല്ലാതെ ഭീമമായ തുക മുടക്കാന്‍ തയ്യാറായ ബ്രിട്ടിഷ് പെട്രോളിയം കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍ ഗുഢലക്ഷ്യങ്ങളുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഓഹരി കമ്പോളത്തിലെ രൂക്ഷമായ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം നടത്താന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്. അന്വേഷണം സുപ്രിം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് നടക്കുന്നത്. ഇത്തരം ഗൗരവമായ സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഓഹരി വിറ്റഴിക്കല്‍ തീരുമാനം.

2 ജി സ്‌പെക്ട്രം ഇടപാട് സബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യപിച്ച സാഹചര്യത്തിലാണ് റിലയന്‍സ് കമ്പനിയുടെ എണ്ണ ഇടപാട്. ഒന്നിന് പുറകെ ഒന്നായി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സമീപനങ്ങളും അഥവാ അതിന് പ്രോത്സാഹനമേകുന്ന തീരുമാനങ്ങളുമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള അഴിമതിക്കേസുകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ നന്നായി അറിയാവുന്ന മുകേഷ് അംബാനിയും. ആഭ്യന്തരമായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമാണ്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകവും ലഭിക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് മുതലാളിമാര്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്നുള്ള ലാഭം വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കാണ് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ സാങ്കേതിക വിദ്യയും പരിജ്ഞാനവും ഉപയോഗിച്ച് രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള എണ്ണ നിക്ഷേപം വിറ്റ് കോടികള്‍ കൊയ്യാനാണ് റിലയന്‍സ് ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇതിന് കുഴലൂതുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത്തരം ജനദ്രോഹ സമീപനങ്ങളില്‍ സന്തോഷവും ഊറ്റവും കൊള്ളുകയാണ് അംബാനിയും യു പി എ സര്‍ക്കാരും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തിന്റെ നിയന്ത്രണം ബ്രിട്ടിഷ് കമ്പനിയുടെ ആധിപത്യത്തില്‍ എത്തിക്കാന്‍ മാത്രമേ ഈ തീരുമാനത്തിന് കഴിയു.

കൃഷ്ണ ഗോദാവവരി മേഖലയില്‍ റിലയന്‍സിന്റെ അധീനതയിലുള്ള പ്രദേശത്തെ എണ്ണ നിക്ഷേപം 400 മുതല്‍ 3000 മീറ്റര്‍ വരെ ആഴത്തിലാണ്. 1.8 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകമാണ് ഇപ്പോള്‍ ദിനംപ്രതി ഘനനം ചെയ്യുന്നത്. രാജ്യത്തിലെ മൊത്തം ആഭ്യന്തര ഉപഭോഗത്തിന്റെ 30 ശതമാനം. എന്നാല്‍ പുതിയ കമ്പനിയുടെ വരവോടെ ഘനനം പതിന്‍മടങ്ങായി വര്‍ധിക്കും. ഇത് ഈ മേഖലയില്‍ കടുത്ത പാരിസ്ഥിതിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിലവിലുണ്ടാക്കിയ കരാര്‍ പ്രകാരം ഘനനം ആരംഭിച്ചാല്‍ ഒരു വര്‍ഷം 1.8 ബില്യണ്‍ ഡോളര്‍ റിലയന്‍സിന് നല്‍കാമെന്നാണ ്ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഉറപ്പ്. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയൊന്നും യു പി എ സര്‍ക്കാരിന് ഇല്ല.

ഇപ്പോള്‍ കണ്ടെത്തിയ എണ്ണ നിക്ഷേപത്തിന്റെ അളവ് കുറച്ചാണെന്നും, കൂടുതല്‍ എണ്ണ നിക്ഷേപം കൃഷ്ണ ഗോദാവരി തീരത്ത് ഉണ്ടെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. കേവലം ഇടനിലക്കാരന്റെ റോളില്‍ നിന്നുകൊണ്ട് കോടികളുടെ ലാഭം കൊയ്യാനാണ് റിലയന്‍സിന്റെ തീരുമാനം. ഇതിനും യു പി എ സര്‍ക്കാരിന്റെ ആശീര്‍വാദം റിലയന്‍സിനുണ്ട്.

ബ്രിട്ടീഷ് പെട്രോളിയം കമ്പനി ഇപ്പോള്‍ നേടിയ ഓഹരികള്‍ വീണ്ടും മറ്റൊരു സ്ഥാപനത്തിന് വില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും, എണ്ണ ഘനനത്തിന്റെ അളവിന്റെ കാര്യത്തിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംശയാലുക്കളാണ്. 50 ശതമാനം ഓഹരികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മിലുള്ള ഓഹരി വില്‍പ്പന, ഓഹരികള്‍ തിരികെ വാങ്ങാനുള്ള നിയമങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴുണ്ടാക്കിയ കരാറില്‍ ഇല്ലാത്തതും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. ഇതിന്റെ ഫലമായി ചെറുകിട ഓഹരി ഉടമകള്‍ക്ക് റിലയന്‍സ് കമ്പനിയുടെ പാവകളായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

തമിഴ്‌നാട് മുതല്‍ ബംഗാള്‍ വരെ വ്യാപിച്ച് കിടക്കുന്ന കിഴക്കന്‍ തീരത്ത് റിലയന്‍സിന്റെ അധീനതയിലുള്ള 23 ഘനന കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായി ധാരണയിലെത്തുമ്പോള്‍ ഓഹരി വിപണിയില്‍ റിലയന്‍സ് പ്രതീക്ഷിക്കുന്ന കുതിച്ച് ചാട്ടം ഉണ്ടാകാന്‍ ഇടയില്ല. ബിസിനസിലെ ഉയര്‍ച്ച ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വരുതിക്ക് നിര്‍ത്താന്‍ മുകേഷ് അംബാനിക്ക് കഴിയും. തന്റെ സഹോദരന്‍ അനില്‍ അംബാനിയ്ക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ ഓഹരി കമ്പോളത്തില്‍ മാത്രം നഷ്ടമായത് മൂന്ന് ബില്യണ്‍ ഡോളറെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ വ്യക്തമാക്കുന്നു. അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള കലഹങ്ങളുടെ ഭാഗമായി കോടികളുടെ നഷ്ടമാണ് അനില്‍ അംബാനിക്ക് ഉണ്ടായത്. വിദേശ രാജ്യങ്ങളില്‍ തുല്യ ഓഹരി പങ്കാളിത്തമുള്ള ബിസിനസ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുണ്ട്. എന്നാല്‍ ഇന്ത്യയില്‍ തികച്ചും വ്യത്യസ്തമായ സാഹചര്യമാണ്. ഷിപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഗപൂര്‍ ആസ്ഥാനമായ ടാറ്റാ- എന്‍ വൈ കെ എന്ന സംരംഭമൊഴികെ മറ്റെല്ലാ തുല്യപങ്കാളിത്ത സംരംഭങ്ങളും പരാജയമാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായി ഇപ്പോഴുണ്ടാക്കിയ കരാര്‍ ആഭ്യന്തര കമ്പോളത്തില്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും വിദ്ഗ്ധര്‍ പറയുന്നു.

*
നന്ദു ബാനര്‍ജി കടപ്പാട്: ജനയുഗം ദിനപത്രം 25 ഫെബ്രുവരി 2011

ലയനം 18 മാസത്തിനകം; എസ്ബിടി ഇല്ലാതാകും

സംസ്ഥാനത്തിന്റെ അഭിമാനമായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ഇല്ലാതാകുന്നു. എസ്ബിഐയുടെ അവശേഷിക്കുന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും 18 മാസത്തിനകം ലയിപ്പിക്കുമെന്ന് യശ്വന്ത് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചതോടെയാണ് എസ്ബിടി വിസ്മൃതിയിലാകുമെന്ന് ഉറപ്പായത്. എസ്ബിടിക്കു പുറമെ സ്റ്റേറ്റ്ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയുമാണ് ലയിപ്പിക്കുക. എസ്ബിഐക്ക് ഏഴ് അസോസിയേറ്റ് ബാങ്കാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ 2008 ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ കഴിഞ്ഞ വര്‍ഷവും ലയിപ്പിച്ചിരുന്നു. മത്സരശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് അവശേഷിക്കുന്ന വയെയും ലയിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓംപ്രകാശ് ഭട്ട് എസ്ബിടി മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് ലയന നീക്കം ശക്തമായത്.
ലയനത്തിനെതിരെ ഏറ്റവും പ്രതിഷേധമുയരുക കേരളത്തിലായിരിക്കുമെന്നു കണ്ടാണ് അദ്ദേഹത്തെ എസ്ബിടിയിലേക്ക് നിയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എസ്ബിടി ഇല്ലാതാകുന്നത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വന്‍തിരിച്ചടിയാകും. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍കിട പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന് എസ്ബിടി തുണയാകേണ്ടതാണ്. എന്നാല്‍, നിയന്ത്രണം എസ്ബിഐയുടെ കൈയിലായാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കില്ല. ലാഭകരമല്ലാത്ത ശാഖകള്‍ തുടരുമെന്നും ഉറപ്പില്ല. ബാങ്കിങ് സേവനങ്ങള്‍ കിട്ടാതെ ഗ്രാമീണര്‍ വട്ടിപ്പലിശക്കാരുടെ കെണിയിലെത്തുന്ന സ്ഥിതിയുണ്ടാകും.

1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 1960 ജനുവരി ഒന്നിനാണ് എസ്ബിഐയുടെ അസോസിയേറ്റായത്. അന്ന് 8.27 കോടി നിക്ഷേപവും 4.10 കോടി വായ്പയും മാത്രമാണുണ്ടായിരുന്നത്. ഇന്നാകട്ടെ, ജനുവരി ഒന്നിലെ കണക്കനുസരിച്ച് മൊത്തം ബിസിനസ് ഒരുലക്ഷം കോടി കവിഞ്ഞു. ശാഖകള്‍ 28 ല്‍നിന്ന് 750 ആയി. 29 പൊതുമേഖലാ ബാങ്കും 14 സ്വകാര്യ ബാങ്കും ഒമ്പത് നവസ്വകാര്യബാങ്കും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ഇടപാടിന്റെ 25 ശതമാനവും നിര്‍വഹിക്കുന്നത് എസ്ബിടിയാണ്.

ബാങ്കിന്റെ വളര്‍ച്ചക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായി. ജനക്ഷേമ പദ്ധതികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയില്‍ 40 ശതമാനവും എസ്ബിടിയാണ് നല്‍കിയത്. കാര്‍ഷിക വായ്പയില്‍ 30-35 ശതമാനവും നല്‍കുന്നത് എസ്ബിടി തന്നെ. ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും കൈത്തൊഴിലുകാരുടെയും വായ്പ ആവശ്യങ്ങളും നിറവേറ്റുന്നു. പെന്‍ഷന്‍കാര്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും ബാങ്ക് സേവനം എത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി ബിസിനസിനു പുറമെ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളില്‍ വലിയ മുതല്‍മുടക്കും നടത്തുന്നു. ലയനം ജീവനക്കാര്‍ക്ക് ഗുണകരമാണെന്നാണ് എസ്ബിഐ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനകം ലയിച്ച സൌരാഷ്ട്ര, ഇന്‍ഡോര്‍ ബാങ്കുകളുടെ അനുഭവം മറിച്ചാണ്. പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സംഘടനകള്‍ പറയുന്നു.

*
ആര്‍ സാംബന്‍ ദേശാ‍ഭിമാനി 25 ഫെബ്രുവരി 2011

ഈ വിഷയത്തിലെ പോസ്റ്റ്

എസ്.ബി.ടി.യെ രക്ഷിക്കുക

Thursday, February 24, 2011

ഉയര്‍ന്നു പറക്കട്ടെ ഈ ഐക്യപതാക

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഒരു ഘട്ടത്തിലും കാണാത്തത്ര വിപുലമായ തൊഴിലാളിവര്‍ഗ ഐക്യവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭമുന്നേറ്റവുമാണ് ബുധനാഴ്ച ഡല്‍ഹി കണ്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രസംഭവമായി. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, യുടിയുസി എന്നിവയ്ക്കൊപ്പം ഐഎന്‍ടിയുസിയും ഈ മാര്‍ച്ചില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്. രാജ്യവും ജനതയും പ്രത്യേകിച്ചും തൊഴിലാളികളും നേരിടുന്ന ജ്വലിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുണ്ടാകുന്ന ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അതില്‍നിന്ന് ആര്‍ക്കും വേറിട്ടുനില്‍ക്കാനാവില്ല എന്നുമുള്ള സത്യത്തിന് അടിവരയിടുന്നുണ്ട് ഈ തൊഴിലാളിവര്‍ഗ മുന്നേറ്റം. കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യവസായത്തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകളും സേവന മേഖലാ ജീവനക്കാരും എല്ലാമടങ്ങിയ ഈ മുന്നേറ്റം ഇന്ത്യന്‍ ജനതയുടെ പൊതുവികാരത്തിന്റെ കൃത്യമായ പരിച്ഛേദമായി ഉയര്‍ന്നുനില്‍ക്കുന്നു.

അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നവിധം സര്‍ക്കാര്‍ കമ്പോളത്തിലിടപെടുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ആ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് കര്‍ക്കശമായ നടപടികളെടുക്കുക, സാമ്പത്തിക മാന്ദ്യമേഖലകളില്‍ തൊഴില്‍ സംരക്ഷണത്തിനായി ഇടപെടുക, അത്തരം വ്യവസായ മേഖലകള്‍ക്കായി ഉത്തേജനപദ്ധതികള്‍ ഏര്‍പ്പെടുത്തുക, പൊതുനിക്ഷേപവര്‍ധനയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കപട ദാരിദ്ര്യരേഖയുടെ കണക്കുണ്ടാക്കി വലിയ വിഭാഗം ജനങ്ങളെ സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്കു പുറത്താക്കുന്ന പരിപാടി ഉപേക്ഷിക്കുക, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റ് കാശാക്കുന്ന പരിപാടി നിര്‍ത്തുക തുടങ്ങിയ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണ-പ്രക്ഷോഭ പരിപാടികളുടെ സവിശേഷ ഘട്ടമായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്.

2009 സെപ്തംബര്‍ 14ന് ഡല്‍ഹിയില്‍ചേര്‍ന്ന ദേശീയ തൊഴിലാളി കണ്‍വന്‍ഷനിലാണ് ഈ പ്രചാരണ-പ്രക്ഷോഭപരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് രാജ്യവ്യാപകമായി ഈ പ്രചാരണ പരിപാടികള്‍ നടന്നു. സര്‍ക്കാര്‍ നയങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കോടിക്കണക്കായ തൊഴിലാളികുടുംബങ്ങള്‍ ഈ സമരത്തെ വലിയ ജനകീയ സമരമുന്നേറ്റമാക്കി വളര്‍ത്തി. 2008 ഒക്ടോബര്‍ 28ന് നടന്ന അഖിലേന്ത്യാ പ്രതിഷേധദിനം, പിന്നീടുനടന്ന പാര്‍ലമെന്റ് സെക്രട്ടറിയറ്റ് ധര്‍ണ, മാര്‍ച്ച് 15ന്റെ ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം, 2010 സെപ്തംബര്‍ ഏഴിന്റെ പണിമുടക്ക് തുടങ്ങി പടിപടിയായി രാജ്യമാകെ സമരത്തിന്റെ വീചികള്‍ പടര്‍ന്നെത്തുകയും ദുരന്തം വരുത്തുന്ന വിനാശകരമായ നയങ്ങള്‍ക്കെതിരെ രാജ്യമാകെ ഒരു മനുഷ്യനെപ്പോലെ ഉണര്‍ന്നെണീറ്റ് പ്രതിഷേധമറിയിക്കുകയുമായിരുന്നു. പണിമുടക്കില്‍തന്നെ പത്തുകോടിയോളം പേര്‍ സജീവമായി പങ്കെടുത്തുവെന്നതിനര്‍ഥം ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നുവെന്നതാണ്.

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തിലുണ്ടാക്കിയെടുത്ത സമരഐക്യം പുതിയ ഉണര്‍വാണ് രാജ്യത്ത് സൃഷ്ടിച്ചത്. രാജ്യത്തെ ദരിദ്രമാക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതും തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാക്കുന്നതുമായ വികലനയം തിരുത്തിച്ചേ അടങ്ങൂവെന്ന ജനതയുടെ ദൃഢനിശ്ചയമാണ് ഈ സമര പരമ്പരകളിലുടനീളം പ്രതിഫലിച്ചുകണ്ടത്. ദുര്‍നയങ്ങള്‍കൊണ്ട് ജീവിതം ദുസ്സഹമാകുന്നത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരാഹ്വാനത്തെ ഏറ്റെടുക്കുകയായിരുന്നു; ഒഴിഞ്ഞുനില്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ ഈ സമരത്തെ നയിക്കുകയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് ട്രേഡ്യൂണിയനുകളുടെ വിപുലമായ ഐക്യനിരപ്രസ്ഥാനമുണ്ടായത്. ആ ഐക്യം ഈ പ്രക്ഷോഭം വമ്പിച്ച വിജയമാക്കുന്നതിന് വലിയ സംഭാവനയാണ് നല്‍കിയത്. ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

രൂക്ഷമായ പണപ്പെരുപ്പം, ഭക്ഷ്യപണപ്പെരുപ്പം, ഭക്ഷ്യകമ്മി,തുടരെ നടക്കുന്ന ഖജനാവ് കൊള്ളകള്‍, പലപ്രകാരത്തിലുള്ളതും സാധാരണക്കാരന് സങ്കല്‍പ്പിക്കാന്‍പോലും ആവാത്തതരത്തിലുള്ളതുമായ വന്‍മാനങ്ങളുള്ള അഴിമതികള്‍,സേവന-ക്ഷേമമേഖലകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം തുടങ്ങിയവ ജനജീവിതദുരിതമാകെ വര്‍ധിപ്പിക്കുന്നതാണ് നാം കണ്ടത്. ജനക്ഷേമത്തിനായി ഉപകരിക്കേണ്ട ആയിരക്കണക്കിനു കോടികള്‍ സ്വകാര്യനിക്ഷേപങ്ങളിലേക്കൊഴുകുന്നതും മൌനത്തിലൂടെ കേന്ദ്രഭരണാധികാരികള്‍ ഇതിനെല്ലാം കുടപിടിച്ചു പങ്കുപറ്റുന്നതുമാണ് രാജ്യം കണ്ടത്. കോമവെല്‍ത്ത് ഗെയിംസ് മുതല്‍ സ്പെക്ട്രംവരെയായി രണ്ടാം യുപിഎ ഭരണത്തിന്റെ ഘട്ടത്തില്‍തന്നെ എത്രയെത്ര അഴിമതികള്‍; മഹാകുംഭകോണങ്ങള്‍! ഇതിനെതിരെ സ്വാഭാവികമായി ജനരോഷം ആളിപ്പടരുകയും രാഷ്ട്രീയമായ വ്യാജവാദമുഖങ്ങള്‍ അതില്‍വീണെരിയുകയുമായിരുന്നു. ആ ജനവികാരമാണ്, തൊഴിലാളികളുടെ വിപുലമായ ഐക്യസമരനിരയുണ്ടാകുന്നതിനുള്ള വഴിതുറന്നത് എന്നത് കാണാതിരുന്നുകൂടാ. ആ ജനവികാരത്തെ ആദരിക്കുന്നതിന് ഐക്യം തുടര്‍ന്നുകൊണ്ടുപോവുകയാണാവശ്യം.

ആഗോളവല്‍ക്കരണനയങ്ങളിലെ വിപത്തുകളെക്കുറിച്ച് തുടക്കത്തിലേ ചൂണ്ടിക്കാട്ടിയപ്പോള്‍ അംഗീകരിക്കാതിരുന്നവര്‍പോലും സ്വജീവിതത്തിലെ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം തിരിച്ചറിഞ്ഞ് ആ നയങ്ങള്‍ക്കെതിരായ പ്രതിഷേധനിരകളിലേക്ക് വിപുലമായ തോതില്‍ കടന്നുവരുന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുന്നത്. ആപല്‍ക്കരമായ ആ നയങ്ങളുടെ വക്താക്കള്‍ക്കുമുന്നില്‍ വലിയ ഒരു മുന്നറിയിപ്പാണ് ഈ തൊഴിലാളിവര്‍ഗസമരമുന്നേറ്റം ഉയര്‍ത്തുന്നത്. അത് തിരിച്ചറിഞ്ഞ് തെറ്റുതിരുത്താന്‍ അധികാരികള്‍ തയ്യാറാവുമോ എന്നതാണ് ഇനി കാണേണ്ടത്.

സാമ്രാജ്യത്വവും അതിന്റെ ബഹുരാഷ്ട്രകോര്‍പറേഷന്‍ ശൃംഖലകളുമായി ശൃംഗരിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ മുന്നറിയിപ്പ് മനസിലാക്കി നയം തിരുത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഏത് ജനവിരുദ്ധ ഭരണാധികാരസംവിധാനത്തിനെയും അടിയറപറയിക്കാന്‍ പോരുന്നതാണ് തൊഴിലാളികളുടെ വളര്‍ന്നുവരുന്ന ഐക്യത്തിലധിഷ്ഠിതമായ സമരപ്രസ്ഥാനമെന്നത് ശ്രദ്ധേയമാണ്. മുതലാളിത്തം അതിന്റെ പ്രതിസന്ധിയുടെ ഭാരം അപ്പാടെ ബഹുജനങ്ങളുടെ മേലേക്ക് കൈമാറ്റംചെയ്യുന്ന രീതി ലോകത്തിന്റെ പലഭാഗത്തും നാം കാണുന്നുണ്ട്. ഇന്ത്യയിലും അതുതന്നെ സംഭവിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്കനുവദിക്കുകയും അതിനേക്കാള്‍ വലിയ തുകയ്ക്കുള്ള ജീവിതഭാരം ജനങ്ങള്‍ക്കുമേല്‍ കയറ്റിവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. ഇത് തൊഴിലെടുക്കുന്ന ജനകോടികള്‍ തിരിച്ചറിയുന്നുവെന്നതുകൂടി തെളിയിക്കുന്നുണ്ട് ഈ തൊഴിലാളിമുന്നേറ്റം. ഈ ഐക്യവും ആവേശവും നിലനില്‍ക്കട്ടെ. രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത് അതിലാണ്.

*
മുഖപ്രസംഗം ദേശാഭിമാനി ദിനപത്രം 24 ഫെബ്രുവരി 2011

കാഴ്ചവട്ടം

ടുണീഷ്യയും പിന്നാലെ ഈജിപ്തും ജനമുന്നേറ്റത്തിന്റെ പുതുചരിത്രമാണ് ലോകത്തിനു നല്‍കിയത്. അതാകട്ടെ അറബ് ലോകത്തിലേക്ക് പോരാട്ടത്തിന്റെ പുത്തന്‍വീറുമായി പടര്‍ന്നുകയറുകയാണ്. ബഹറൈനും മൊറൊക്കോയും അള്‍ജീരിയയും ലിബിയയും ലെബനനും ജോര്‍ദാനും യെമനും സുഡാനുമെല്ലാം ജനകീയമുന്നേറ്റങ്ങളുടെ കത്തുന്ന ഭൂമികയായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജവാഴ്ചയുടെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമായി പരിഗണിക്കപ്പെടുന്ന സൌദി അറേബ്യയും ഈ മുന്നേറ്റത്തിന്റെ പുത്തന്‍കാറ്റില്‍നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഈ രാജ്യങ്ങളെല്ലാം തന്നെ ദീര്‍ഘകാലത്തെ ഏകാധിപത്യഭരണരൂപങ്ങള്‍ പിന്തുടരുന്നവയാണ്. ബഹറൈനിലെ പൊലീസ് വെടിവയ്പ്പില്‍ ഏഴുപേര്‍ മരിച്ചെന്നാണ് ഇതെഴുതുമ്പോഴത്തെ വാര്‍ത്ത. അള്‍ജീരിയയിലാണ് ടുണീഷ്യക്ക് ശേഷം ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, ഒരുഭാഗത്ത് പട്ടാളത്തെ ഉപയോഗിച്ചും മറുഭാഗത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ കൈക്കൊണ്ടും തല്‍ക്കാലം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍, എത്രനാള്‍ ഇങ്ങനെപോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നാണ് മാധ്യമ വാര്‍ത്തകള്‍.

അമേരിക്കന്‍ താല്‍പര്യവാഹകരായ ഭരണകൂടങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാം അധികാരത്തിലിരിക്കുന്നത്. കടുത്ത അഴിമതിയും ഏകാധിപത്യവാഴ്ചയുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. എന്നാല്‍, ഇതിലേക്ക് നയിച്ച അടിസ്ഥാന കാരണം സാമ്രാജ്യത്വസ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉദാരവല്‍ക്കരണ നയങ്ങളും അവ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ്. ടുണീഷ്യയില്‍ ഐഎംഎഫിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ആദ്യം ശ്രമിച്ചത് 1984ലാണ്. റൊട്ടിക്ക് നൂറുശതമാനം വില വര്‍ധിപ്പിക്കുകയും എല്ലാ സബ്സിഡിയും നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെതിരെ അതിശക്തമായ പ്രതിഷേധം അന്നും ഉയരുകയുണ്ടായി. അമ്പതിലധികം പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. എന്നാല്‍, അപ്പോഴും അധികാരത്തില്‍ തുടര്‍ന്ന ടുണീഷ്യന്‍ സ്വാതന്ത്യ്രസമര നേതാവ് ഹബീബ് ബോര്‍ഗ്യൂബ ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ അനുവദിച്ചില്ല. പക്ഷേ, അധികകാലം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായില്ല. അട്ടിമറിയിലൂടെ ജനറല്‍ ബെന്‍ അലി അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതോടെ ഉദാരവല്‍ക്കരണത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടു. പൊതുമുതലിന്റെയും പ്രകൃതിവിഭവങ്ങളുടെയും സ്വകാര്യവല്‍ക്കരണം വ്യാപകമായി. ജനങ്ങളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായി. തൊഴിലില്ലായ്മ ഭീതിജനകമായി വര്‍ധിച്ചു. ഇതിനെതിരായ പ്രതിഷേധങ്ങള്‍ പണിമുടക്കുകളിലേക്ക് വികസിച്ചു. ഡിസംബര്‍ പതിനാറിന് തൊഴില്‍രഹിതനായ ബിരുദധാരി ആത്മഹത്യചെയ്യാനായി സ്വയം തീകൊളുത്തി. കുറച്ചുദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മരണപ്പെട്ടതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. ദുരിതങ്ങളും തൊഴിലില്ലായ്മയും അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ക്ഷുഭിതയൌവനം തെരുവില്‍ ഇറങ്ങി. ട്വിറ്ററും ഫെയ്സ്ബുക്കും എസ്എംഎസുകളും മറ്റും സംഘാടനത്തിന്റെയും പ്രചാരണത്തിന്റെയും പുതുരൂപമായി വികസിച്ചു. 29 ദിവസം നീണ്ട ടുണീഷ്യന്‍ പോരാട്ടം 23 വര്‍ഷത്തെ ബെന്‍ അലിയുടെ ഏകാധിപത്യവാഴ്ചക്ക് അറുതി വരുത്തി. മുല്ലപ്പൂ വിപ്ളവമെന്നാണ് പലരും ടുണീഷ്യയിലെ പ്രക്ഷോഭത്തെ വിളിച്ചത്. മുല്ലപ്പൂ ആണ് ടുണീഷ്യയുടെ ദേശീയപുഷ്പം.

ഈജിപ്തിലെ മുബാറക് ഭരണത്തിന് അറുതി വരുത്തിയ പോരാട്ടത്തില്‍ ദശലക്ഷങ്ങളാണ് അണിനിരന്നത്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമായ രാജ്യത്ത് തൊഴിലില്ലായ്മാനിരക്കും വളരെ ഉയര്‍ന്നതാണ്. തൊഴിലാളികള്‍ക്കുള്ള വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും വളരെ പരിതാപകരമായ അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താനാണ് മുബാറക് ശ്രമിച്ചിരുന്നത്. 1967 മുതല്‍ അടിയന്തരാവസ്ഥാനിയമം നിലനിന്നിരുന്ന രാജ്യത്ത് അഭിപ്രായസ്വാതന്ത്യ്രവും മാധ്യമസ്വാതന്ത്ര്യവുമുള്‍പ്പെടെ ഒന്നും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് തൊഴിലാളികളില്‍ 28 ശതമാനം പേരും ട്രേഡ് യൂണിയനുകളില്‍ അംഗത്വമെടുത്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അറബ് ലോകത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റമായാണ് പല ചരിത്രകാരന്മാരും ഇതിനെ വിശേഷിപ്പിക്കുന്നത്. 2004നുശേഷം മൂവായിരത്തിലധികം തൊഴിലാളി പണിമുടക്കങ്ങള്‍ക്കാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. 2006നുശേഷം ഈ പണിമുടക്കങ്ങളിലെ തൊഴിലാളി പങ്കാളിത്തം നന്നായി വര്‍ധിച്ചു.

തന്റെ മകന് അധികാരം കൈമാറാന്‍ മുബാറക് ശ്രമിക്കുന്നെന്ന വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍ പ്രക്ഷോഭത്തിന് പുതിയ മാനം നല്‍കി. ഇ-ലോകം പോരാട്ടത്തിന്റെ സംഘാടനം ഏറ്റെടുത്തു. യുവാക്കള്‍ പ്രക്ഷോഭത്തിലേക്ക് ഒഴുകിയെത്തി. വ്യോമസേനയുടെ മുന്‍ തലവനെ പ്രധാനമന്ത്രിയാക്കിയും അമേരിക്കയുടെ പ്രിയപ്പെട്ടവനും രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനുമായ സുലൈമാനെ വൈസ് പ്രസിഡന്റാക്കിയും നിരന്തരം പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും മുബാറക് നടത്തിയ പിടിച്ചുനില്‍ക്കല്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവില്‍ കടലുപോലെ ഒഴുകിയെത്തിയ മഹാജനപ്രവാഹത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുബാറക് അധികാരമൊഴിഞ്ഞു. കടമ്മനിട്ട എഴുതിയതുപോലെ വെളിച്ചം കിട്ടാത്ത ഇരുണ്ട അറകളിലൂടെ മുബാറക്കും ബെന്‍ അലിയും ഓടി രക്ഷപ്പെട്ടു.

ഈജിപ്തും ടുണീഷ്യയും അമേരിക്കക്ക് പ്രിയപ്പെട്ട രാജ്യങ്ങളാണ്. ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ സഹായം ലഭിക്കുന്ന രാജ്യമാണ് ഈജിപ്ത്. അറബ് ലോകത്ത് അമേരിക്കയുടെ നയങ്ങളുടെ പ്രതിനിധിയായിരുന്നു മുബാറക്. പലസ്തീന്‍ വിമോചനത്തെയും ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുന്നതില്‍ ഈജിപ്ത് അമേരിക്കക്ക് നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്. അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തിലെ പ്രധാന സഖ്യകക്ഷി കൂടിയാണ് ഈജിപ്ത്. പലയിടങ്ങളില്‍നിന്നായി പിടികൂടുന്ന, അമേരിക്ക ഭീകരരെന്ന് സംശയിക്കുന്ന നൂറകണക്കിന് മനുഷ്യരെ അതികഠിനമായി പീഡിപ്പിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കയുടെ ജയില്‍ കൂടിയായിരുന്നു മുബാറക്കിന്റെയും സുലൈമാന്റെയും ഈജിപ്ത്.

അമേരിക്ക ഇസ്ളാമിനെതിരെ നടത്തുന്ന കലാപത്തിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ അസ്ഥിരാവസ്ഥയുണ്ടാക്കുന്നതിനായി ഈജിപ്തിലും മറ്റും അട്ടിമറി ശ്രമം സംഘടിപ്പിച്ചതാണെന്ന് ഒരു സംഘം ഇസ്ളാമിക സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങേയറ്റം തെറ്റായ സംഗതിയാണിത്്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന മുബാറക്കിന് ഒപ്പം തന്നെയായിരുന്നു അമേരിക്ക. ഒടുവില്‍ ജനഹിതം തിരിച്ചറിഞ്ഞപ്പോഴും സാവധാനത്തിലുള്ള അധികാരമാറ്റം ആവശ്യപ്പെടുന്ന സമാധാനപദ്ധതിയാണ് അമേരിക്ക മുന്നോട്ടുവച്ചത്. മറ്റുചിലരുടെ പ്രചാരണം നേരെ തിരിച്ചാണ്. ഇത് ഇസ്ളാമിക ഭീകരസംഘടനകളുടെ വിജയമാണെന്നാണ്. ഈ പ്രചാരവേലയില്‍ അമേരിക്കയും പങ്കാളിയാകുന്നുണ്ട്. എന്നാല്‍ രണ്ടു രാജ്യങ്ങളിലും നടന്നത് മതനിരപേക്ഷമായ മുന്നേറ്റമായിരുന്നു. കമ്യൂണിസ്റ്റുകാരും തൊഴിലാളി സംഘടനകളും മനുഷ്യാവകാശ സംഘടനകളും എന്‍ജിഒ പ്രസ്ഥാനങ്ങളും തുടങ്ങി ഇസ്ളാമിക സംഘടനകള്‍വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ വേദി. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഈ സംഘടനകളെല്ലാം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല ജനാധിപത്യത്തിനായാണ് ഇപ്പോഴും നിലകൊള്ളുന്നത്.

രണ്ടിടത്തും ചെറുപ്പക്കാരും ഇ-ലോകവും വഹിച്ച പങ്കും നിസ്തുലമാണ്. എന്നാല്‍, ഇതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു പ്രക്ഷോഭങ്ങളെന്ന വിലയിരുത്തലും അപക്വമാണ്. രണ്ടു രാജ്യങ്ങളിലും നിലനിന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള അടിസ്ഥാനപ്രശ്നങ്ങളാണ് പോരാട്ടത്തിനു തീകൊളുത്തിയത്. തുടര്‍ച്ചയായി നടന്ന തൊഴിലാളി പണിമുടക്കങ്ങള്‍ ഇതിനുള്ള അടിത്തറ സൃഷ്ടിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ചെറുപ്പക്കാര്‍ ഇന്റര്‍നെറ്റിനെ സമര്‍ഥമായി ഉപയോഗിച്ച് പ്രക്ഷോഭനിരയെ വിപുലപ്പെടുത്തുകയും അതിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തത്.

ആധുനികയുഗത്തില്‍ ജനങ്ങളുടെ പോരാട്ടങ്ങള്‍ വഴി ഭരണസംവിധാനങ്ങള്‍ തകര്‍ത്ത് താഴെയിടാന്‍ കഴിയില്ലെന്ന ചില വ്യാഖ്യാനങ്ങളും അസംബന്ധമാണെന്ന് ഈ അനുഭവങ്ങള്‍ തെളിയിച്ചു. എന്നാല്‍, ഈ മാറ്റങ്ങളുടെ ദിശ എങ്ങോട്ടായിരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്്. ഈ മേഖലയിലുള്ള തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കുന്നതിന് ഏതറ്റംവരെയും പോകാന്‍ അമേരിക്കയും കൂട്ടാളി ഇസ്രയേലും ശ്രമിക്കുമെന്ന് ഉറപ്പ്. അതോടൊപ്പം യാഥാസ്ഥിതിക മുസ്ളിംസംഘടനകളും തങ്ങളുടെ വരുതിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിന് ശ്രമിക്കും. ഇതിനെയെല്ലാം അതിജീവിക്കാനും സാമ്പത്തിക നയങ്ങള്‍ തിരുത്തിക്കുറിക്കുന്ന പുതിയ ഭരണസംവിധാനം കൊണ്ടുവരാനും എത്രമാത്രം പുതിയ മുന്നേറ്റത്തിനു കഴിയുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാര്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നത്. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഞങ്ങള്‍ക്ക് തൊഴിലും ജീവിതവും വേണമെന്നും ആവശ്യപ്പെടുന്ന പുതിയ മുദ്രാവാക്യങ്ങളുടെയും മുന്നേറ്റങ്ങളുടെയും ശക്തിയിലാണ് മാറ്റത്തിന്റെ വിത്തിരിക്കുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 27 ഫെബ്രുവരി 2011