Thursday, February 3, 2011

ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിചാരണ ചെയ്യപ്പെടുമ്പോള്‍

മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇന്ന് സ്വയം പ്രതിരോധത്തിലാണ്. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതുമൂലം നാണക്കേടിലും പരിഭ്രാന്തിയിലുമാണ് അവ. ഒരു ജനതയുടെ ധാര്‍മ്മികാപചയത്തെയാണ് വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ ഔദ്യോഗിക നീതിന്യായസംവിധാനത്തിനുണ്ടാകുന്ന മൂല്യശോഷണം അനൌപചാരിക നീതിന്യായ വിചാരണാമണ്ഡലമായ മാധ്യമരംഗത്തും സംഭവിക്കുന്നുവെന്നത് ഏറെ ഉത്കണ്ഠാജനകമാണ്.

തെരഞ്ഞെടുപ്പുകാലത്ത് കൂലിയെഴുത്തു നടത്താന്‍ മാത്രമല്ല, കോര്‍പ്പറേറ്റ് ശതകോടീശ്വരന്‍മാരുടെ അഴിമതി വ്യവസായത്തിലെ ദല്ലാള്‍മാരാകാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയുമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ടാറ്റാമാരുടേയും രാജാമാരുടേയും മധ്യത്തില്‍ നീരാ റാഡിയാമാരോടൊപ്പമാണ് വീര്‍സാങ്വിമാരുടേയും സ്ഥാനം. അഖിലേന്ത്യാതലത്തില്‍ മാധ്യമരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള ദുഷ്പ്രവണതകളെ കടത്തിവെട്ടുന്ന കാര്യങ്ങളാണ് മലയാളത്തിലെ മാധ്യമരംഗത്തും സംഭവിക്കുന്നത്. ചില മാധ്യമങ്ങളുടെ ധനികവര്‍ഗതാല്‍പര്യവും ഉളുപ്പില്ലാത്ത രാഷ്ട്രീയപക്ഷപാതിത്വവും ബോധ്യപ്പെടുന്നതിന് തെളിവുകളുടെ ആവശ്യമേയില്ല. ഒരു മറയും മടിയുമില്ലാതെ അത്രയ്ക്ക് പരസ്യമായാണവ വര്‍ത്താവ്യഭിചാരം നടത്തുന്നത്.

മാധ്യമ അശ്ളീലം (journalistic obscenity) എന്നു വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയിലേക്കുള്ള അധഃപതനം ആകസ്മികമോ കേവലമോ അല്ല. ഇന്ത്യന്‍ രാഷ്്ട്രീയ - സാമ്പത്തിക രംഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ മാധ്യമ മേഖലയില്‍ ചെലുത്തുന്ന സ്വാധീനം ചരിത്രപരമായ വിശകലനത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. സ്വാതന്ത്ര്യസമരകാലത്ത് ഉന്നതമായ ആദര്‍ശങ്ങള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് വഴി വെളിച്ചമായുണ്ടായിരുന്നു. സ്വാതന്ത്ര്യം, സ്വാശ്രയത്വം, ജനാധിപത്യം, ദേശീയത, സാമ്രാജ്യത്വവിരുദ്ധത, മതേതരത്വം, ജാതിവിരുദ്ധത എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു അന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഭാഗമായി പത്രപ്രവര്‍ത്തനത്തെ ഏവരും കണ്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്ന് രാഷ്ട്രീയം അസ്പൃശ്യമോ, രാഷ്ട്രീയപ്രവര്‍ത്തകര്‍ അനഭിമതരോ ആയിരുന്നില്ല. ബ്രീട്ടീഷ് ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകളെയും പത്രമാരണനിയമങ്ങളെയും പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഒരുമിച്ചാണ് നേരിട്ടത്.

സ്വാതന്ത്ര്യാനന്തരം ഈ അവസ്ഥയ്ക്ക് മൌലികമായ മാറ്റം സംഭവിച്ചു. ഫ്യൂഡല്‍ പാരമ്പര്യവുമായി സന്ധിചെയ്ത ഇന്ത്യന്‍ ഭരണകൂടാധികാരം ബൂര്‍ഷ്വാസി കയ്യാളിയതോടെ പത്ര മുതലാളിമാരുടേയും ബൂര്‍ഷ്വാ ഭരണകൂടത്തിന്റെയും സാമ്പത്തികതാല്‍പര്യങ്ങള്‍ ഒന്നായിത്തീര്‍ന്നു. ഭരണകൂടരാഷ്ട്രീയവുമായി പത്രവ്യവസായികള്‍ താദാത്മ്യം പ്രാപിച്ചപ്പോള്‍, ജനകീയ രാഷ്ട്രീയവും അതിന്റെ ഭാഗമായ സമരങ്ങളും അവര്‍ക്ക് അനിഷ്ടകരമായി. ഇത്, ക്രമേണയായി അരാഷ്ട്രീയതയെ ആദര്‍ശവത്കരിക്കുന്നതിലേക്കെത്തി. ഫ്യൂഡല്‍-മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ സ്വന്തം, വര്‍ഗതാല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പത്രമുതലാളിമാര്‍ അതിവേഗം മനസ്സിലാക്കി. ഇതോടെ, മാധ്യമങ്ങള്‍ ജനവിരുദ്ധ നിലപാടുകളുടെ വക്താക്കളായി സ്വയം മാറി. ദാരിദ്ര്യം, പാര്‍പ്പിടമില്ലായ്മ, അനാരോഗ്യം, നിരക്ഷരത തുടങ്ങിയവയില്‍ പെട്ടുഴലുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് പത്രമുതലാളിമാരെ പ്രചോദിപ്പിക്കുന്ന ആദര്‍ശമായില്ല. സ്വാതന്ത്ര്യസമരത്തിന്റെ യുക്തിസഹമായ തുടര്‍ച്ചയായി സംഭവിക്കേണ്ട സോഷ്യലിസ്റ്റ് സാമൂഹ്യവിപ്ളവത്തിന്റെ പ്രചാരകരാകാന്‍ അവര്‍ തയ്യാറായില്ല. സാധാരണജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കാനോ, ഭൂപരിഷ്കരണം, സാമൂഹ്യസമത്വം, സാമ്പത്തികപരിവര്‍ത്തനം എന്നിവയ്ക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ ശബ്ദമുയര്‍ത്താനോ, അവയ്ക്ക് സാധിക്കാതെ പോയത് മുതലാളിത്ത സ്വാധീനത്തിന്റെ ഫലമായിരുന്നു. മഹാഭൂരിപക്ഷം ജനങ്ങളെയും ഭരണഘടന പുതപ്പിച്ച് മയക്കിക്കിടത്തുകയെന്ന രാഷ്ട്രീയ പാപകര്‍മ്മത്തിന് ഇന്ത്യന്‍ മാധ്യമരംഗം കൂട്ടുനിന്നു. സ്വാതന്ത്ര്യാനന്തരം പ്രത്യക്ഷപ്പെട്ട ഈ ധാര്‍മ്മികാപചയം പില്‍ക്കാലത്ത് ശക്തമാകുകയും, ആഗോളവത്കരണത്തോടെ തികഞ്ഞ അശ്ളീലമായിത്തീരുകുയം ചെയ്തിരിക്കുന്നു.

സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷമുണ്ടായ വര്‍ഗപരമായ ധ്രുവീകരണം, മാധ്യമരംഗത്ത് തുടക്കത്തില്‍ അനുഭവപ്പെട്ടത് പത്രമുതലാളിയും പത്രാധിപരും തമ്മിലുള്ള ഭിന്നിപ്പായാണ്. സാമ്പത്തികവും ആധിപത്യപരവുമായ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും പത്രമുതലാളിമാര്‍ ആഗ്രഹിച്ചു. എന്നാല്‍, സ്വാതന്ത്ര്യസമരം പ്രസരിപ്പിച്ച ആദര്‍ശാത്മകതയുടെ വെളിച്ചം രുചിച്ച പല പത്രാധിപന്‍മാരും സാമൂഹ്യപ്രതിബദ്ധതയും ധാര്‍മ്മികവിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിച്ചു. പത്രപ്രവര്‍ത്തനത്തെ ആദായകരമായ വ്യവസായമായിക്കണ്ട മുതലാളിമാരുടെ നിലപാടുമായി പൊരുത്തപ്പെട്ടുപോകാന്‍ അവര്‍ക്ക് സാധിച്ചില്ല. വക്കം മൌലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം പോലെയായിരുന്നില്ല, പൊതുവേ, ഇന്ത്യയിലെ പത്രമുതലാളിമാരും പത്രാധിപന്‍മാരും തമ്മിലുണ്ടായിരുന്ന ബന്ധം. ആത്മാഭിമാനവും സ്വാതന്ത്യ്രമോഹവുമുള്ള പല പത്രാധിപന്‍മാരും മുതലാളിമാരുമായി കലഹിച്ച് പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുകയോ, മറ്റു മേഖലകളിലേക്ക് ചേക്കേറുകയോ ചെയ്തു. സ്വതന്ത്രബുദ്ധികളായിരുന്ന പത്രപ്രവര്‍ത്തകര്‍ അക്കാലത്ത് അനുഭവിച്ച യാതനകള്‍ എത്ര തീവ്രമായിരുന്നുവെന്ന് പില്‍ക്കാലത്ത് രചിക്കപ്പെട്ട അനേകം നോവലുകളും സിനിമകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുതലാളിത്ത താല്‍പര്യങ്ങളോട് പൊരുത്തപ്പെടാതെ ആദര്‍ശങ്ങള്‍ക്കുവേണ്ടി കസേര ഉപേക്ഷിക്കുകയും പീഡനം അനുഭവിക്കുകയും ചെയ്ത പത്രാധിപന്മാരും മാധ്യമപ്രവര്‍ത്തകരും സമീപകാലത്തുപോലും നമ്മുടെ കഥകളിലെയും സിനിമകളിലെയും നായകന്മാരായിരുന്നു

എന്നാല്‍, ഈ ആദര്‍ശാധിഷ്ഠിത സംഘര്‍ഷം അധികംനാള്‍ നീണ്ടുനിന്നില്ല. മുതലാളിത്തത്തിന്റെ ശക്തിപ്പെടല്‍ പത്രാധിപന്മാരേയും പത്രപ്രവര്‍ത്തകരേയും ഏറെ ആഴത്തില്‍ സ്വാധീനിച്ചു. ആഗോളവത്കരണത്തോടെ പത്രമുതലാളിമാരും, എഡിറ്റര്‍മാരും, ജേര്‍ണലിസ്റുകളും ഏകമനസ്കരായിത്തീര്‍ന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യാധിഷ്ഠിതനിലപാടും, സ്വാതന്ത്യ്രവും, നിഷ്പക്ഷതയുമെല്ലാം എഡിറ്റര്‍മാരുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കുഴിവെട്ടിമൂടി. പത്രമുതലാളിയുടെ ദര്‍ശനം അവര്‍ സ്വായത്തമാക്കി. ഓരോ പത്രവും പൊതുസമൂഹത്തില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ള ജേര്‍ണലിസ്റുകളെ റിക്രൂട്ട്ചെയ്യു കയും പരിശീലിപ്പിക്കുകയും ചെയ്തു. പത്രസ്ഥാപനത്തിന്റെ തനതു പ്രത്യയശാസ്ത്രത്തിലേക്കുള്ള അനുശീലനവും ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെ "മാധ്യമമതപരിവര്‍ത്തന''ത്തിനു വിധേയരായവര്‍ സ്വന്തം മുതലാളിയുടെ കണ്ണുകള്‍ കൊണ്ട് കാണുകയും നാവുകൊണ്ട് പറയുകയും, വിരല്‍കൊണ്ട് എഴുതുകയും ചെയ്തു. ജേര്‍ണലിസം കോഴ്സുകളില്‍ പഠിച്ച ആദര്‍ശാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം പരീക്ഷ പാസാകാന്‍ മാത്രമാണെന്ന് അവര്‍ അതിവേഗം മനസ്സിലാക്കി. സാമൂഹ്യപ്രതിബദ്ധതയോടെ നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തില്‍ ദീക്ഷിക്കേണ്ട വസ്തുനിഷ്ഠതയും സത്യസന്ധതയും അവര്‍ ഉപേക്ഷിച്ചു. മാധ്യമപ്രവര്‍ത്തനം വെറും വ്യവസായമായും, മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗബോധമില്ലാത്ത വെറും തൊഴിലാളികളായും മാറി. ആഗോള കുത്തകവ്യവസായികളില്‍ നിന്നും ലഭിക്കുന്ന ഭീമമായ പരസ്യവരുമാനത്തില്‍ നിന്നും ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ജേര്‍ണലിസ്റുകളുടെ വാക്കും വിധേയത്വവും ഉറപ്പാക്കാന്‍ മാധ്യമമുതലാളിമാര്‍ക്ക് സാധിച്ചു. നുണ പ്രചരിപ്പിക്കുന്നതിന്റെ നാണക്കേട് പണം കൊണ്ട് മൂടിവെയ്ക്കാവുന്നതേയുള്ളുവെന്ന് ജേര്‍ണലിസ്റുകളും മനസ്സിലാക്കി.

മുതലാളിത്ത സ്വാധീനത്തിന്റെ ഫലമായി മാധ്യമ രംഗത്തുണ്ടായ അപചയം ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെട്ടത് കേരളത്തിലാണ്. കമ്യൂണിസ്റ് ആശയങ്ങള്‍ക്ക് വമ്പിച്ച സ്വാധീനമുണ്ടായിരുന്ന കേരളം എല്ലാ കമ്യൂണിസ്റ് വിരുദ്ധപ്രചാരകരും ശ്രദ്ധ കേന്ദ്രീകരിച്ച സ്ഥലമായിരുന്നു. 1957-ല്‍ അധികാരമേറ്റെടുത്തനാള്‍ മുതല്‍ സത്യത്തിന്റെ കണികപോലുമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഇ.എം.എസ് ഗവണ്‍മെന്റിനെതിരെ ബൂര്‍ഷ്വാ പത്രങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. 'മലയാളമനോരമ'യും, 'ദീപിക'യും, 'മാതൃഭൂമിയും', 'കേരളഭൂഷണ'വും, കമ്യൂണിസ്റുകാരെ നിരീശ്വരവാദികളായും, ക്ഷേത്രധ്വംസകരായും സദാചാരവിരുദ്ധരായും ചിത്രീകരിച്ചു. അസത്യങ്ങളും, അര്‍ദ്ധസത്യങ്ങളും, അപവാദങ്ങളും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ കമ്യൂണിസ്റുകാര്‍ക്കെതിരെ അവര്‍ പ്രചരിപ്പിച്ചു.

കമ്യൂണിസ്റുവിരുദ്ധ ജ്വരബാധിതരുടെ എല്ലാ ജല്പനങ്ങളും വിശുദ്ധപ്രവാചക സത്യങ്ങളെന്ന നിലയില്‍ വിമോചന സമരകാലത്ത് ബൂര്‍ഷ്വാ പത്രങ്ങള്‍ ഉദ്ഘാഷിച്ചു. സി.ഐ.ഐ യുടെ പണം വാങ്ങി നടത്തുന്ന വിമോചനസമരത്തിന് പെരുമ്പറ മുഴക്കുന്നത് തെറ്റാണെന്ന് അവര്‍ക്ക് തോന്നിയില്ല. മൂല്യങ്ങളെ നിരസിച്ചുകൊണ്ടു കക്ഷിരാഷ്ട്രീയത്തില്‍ അവര്‍ പക്ഷം പിടിച്ചു. നിഷ്പക്ഷതയെന്ന ബൂര്‍ഷ്വാ മാധ്യമ ആദര്‍ശത്തേപ്പോലും അവര്‍ കാറ്റില്‍ പറത്തി. കേരളീയ നവോത്ഥാന പാരമ്പര്യത്തെ പുറകോട്ടടിക്കും വിധം ജാതി, മത ചിന്തകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് കമ്യൂണിസ്റു വിരുദ്ധതയുടെ വാതില്‍ തുറന്നുകൊടുത്തത് 'മലയാളമനോരമ' പോലുള്ള പത്രങ്ങളാണ്.

ഇന്ന് അഖിലേന്ത്യാതലത്തില്‍ മാധ്യമരംഗത്ത് അനുഭവപ്പെടുന്ന ജീര്‍ണതയുടെ തുടക്കം വിമോചനസമരകാലത്തെ കേരളത്തിലാണുണ്ടായത്. പ്രലോഭനങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് അന്ന് കമ്മ്യൂണിസ്റ് വിരോധം എഴുതിച്ചതിന്റെ അഖിലേന്ത്യാ പുനഃരാവിഷ്കാരമാണ് കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പുകാലത്ത് കണ്ടത്. ജേര്‍ണലിസ്റുകളെ വിലയ്ക്കു വാങ്ങുകയും മാധ്യമങ്ങളെ വാടകയ്ക്കെടുക്കുകയും ചെയ്തു. മാധ്യമരംഗത്തെ ഇത്തരം അഭിസാരികവൃത്തിയെ അപലപിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കോടിക്കണക്കിന് രൂപ ചെലവുചെയ്യുന്ന സംരംഭമാണ് ഓരോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും. അതിന്റെ പ്രചാരണത്തിനുവേണ്ടി പ്രൊഫഷണല്‍ ഏജന്‍സികളെ (Event Management Groups) ഏല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിനെപ്പോലെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്. ഇതിലേക്ക് മാധ്യമങ്ങളെയും ജേര്‍ണലിസ്റുകളെയും വിലയ്ക്കെടുക്കുന്നതിന് ഏതാനും കോടികള്‍ മതിയെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നന്നായറിയാം. ഫോര്‍ച്ച്യൂണ്‍ മാസികയിലൂടെ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ശതകോടീശ്വരന്മാര്‍ക്ക് മധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കും വാക്കുകള്‍ക്കും വില കൊടുക്കുന്നത് പാഴ്ചെലവല്ലെന്നും അറിയാം.

ബൂര്‍ഷ്വാമാധ്യമങ്ങളിലെ എഡിറോറ്റിയല്‍ ബോര്‍ഡംഗങ്ങള്‍ക്കും മറ്റു ജേര്‍ണലിസ്റുകള്‍ക്കും ഉണ്ടായിട്ടുള്ള ധാര്‍മ്മികാധഃപതനം ഏറെ ദുഃഖകരമാണ്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കുന്ന ഷേയര്‍ ഉടമസ്ഥന്മാരുടെ വ്യവസായസംരംഭം മാത്രമാണ് ഇന്ന് പത്രസ്ഥാപനം. അതുമായി ബന്ധപ്പെടുന്നവരുടെ സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ കാഴ്ചപ്പാടുകള്‍ ജനാധിപത്യപരമായി ഏകീകരിച്ചുണ്ടാകുന്നതല്ല പത്രത്തിന്റെ നയം. തന്മൂലം, വ്യക്തിത്വവും വ്യക്തിസ്വാതന്ത്യ്രവും നഷ്ടപ്പെട്ട്, യാന്ത്രികമായി, പത്രമുതലാളിയുടെ ഇംഗിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരായി സാദാ ജേര്‍ണലിസ്റുകള്‍ മാറിയിരിക്കുന്നു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍ അവര്‍ എത്തിപ്പെടുന്നു. ജേര്‍ണലിസ്റ് സ്വയം മാധ്യമത്തെ നിയന്ത്രിക്കുന്നു (journalist driven media) വെന്ന തോന്നല്‍ ഇതിന്റെ ഫലമാണ്. കപടമായ വ്യക്തിത്വബോധം ജേര്‍ണലിസ്റില്‍ ജനിപ്പിക്കാന്‍ സാധിക്കുന്നുവെന്നത് മുതലാളിത്തത്തിന്റെ വിജയമാണ്. വാസ്തവത്തില്‍, ജേര്‍ണലിസ്റിന്റെ അഹന്താപൂര്‍ണമായ വ്യക്തിത്വത്തിന് കേന്ദ്രസ്ഥാനം നല്‍കുന്ന മാധ്യമപ്രവര്‍ത്തനം വികലമായ സാമൂഹ്യവീക്ഷണത്തിന്റെയും മാധ്യമദര്‍ശനത്തിന്റെയും വ്യക്തിത്വസങ്കല്പനത്തിന്റെയും ഫലമാണ്. കുരുക്ഷേത്രത്തിലെ സഞ്ജയന്‍ അന്ധരാജാവിന്റെ മുമ്പിലെ റിപ്പോര്‍ട്ടര്‍ മാത്രമാണ്. യുദ്ധത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിനൊരു പങ്കുമില്ല. കാഴ്ചകള്‍ കാണാനും, കാണുന്നകാര്യങ്ങള്‍ പറയാനും മാത്രമാണ് അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടി.

*
ഡോ. കെ.പി. കൃഷ്ണന്‍കുട്ടി കടപ്പാട്: ചിന്ത വാരിക 04 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇന്ന് സ്വയം പ്രതിരോധത്തിലാണ്. സ്വന്തം വിശ്വാസ്യത നഷ്ടപ്പെട്ടതുമൂലം നാണക്കേടിലും പരിഭ്രാന്തിയിലുമാണ് അവ. ഒരു ജനതയുടെ ധാര്‍മ്മികാപചയത്തെയാണ് വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയിലെ ഔദ്യോഗിക നീതിന്യായസംവിധാനത്തിനുണ്ടാകുന്ന മൂല്യശോഷണം അനൌപചാരിക നീതിന്യായ വിചാരണാമണ്ഡലമായ മാധ്യമരംഗത്തും സംഭവിക്കുന്നുവെന്നത് ഏറെ ഉത്കണ്ഠാജനകമാണ്.