Sunday, February 6, 2011

പതിവ് തിരക്കഥയുമായി അമേരിക്ക

അമേരിക്ക പതിവ് തിരക്കഥ അനുസരിച്ചാണ് നീങ്ങുന്നത്. അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏകാധിപതികളെ സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തും. എന്നാല്‍, അധികാരമാറ്റം ഉറപ്പായാല്‍ കളം മാറി ചവിട്ടും. 180 ഡിഗ്രിയില്‍ നയം മാറ്റും. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പോറ്റിവളര്‍ത്തിയ ഏകാധിപതികളെ ജനങ്ങള്‍ നിഷ്കരുണം ഇറക്കിവിട്ടപ്പോള്‍ കളിച്ച നാടകംതന്നെയാണ് അമേരിക്ക ഈജിപ്തിലും ആവര്‍ത്തിക്കുന്നത്.

ഇനി, ഈജിപ്ത് ജനതയുടെ വികാരം. അവിടെനിന്നുള്ള വാര്‍ത്തകള്‍ ആവേശകരമാണ്. പ്രക്ഷോഭകരുടെ ആവേശവും ധീരതയും എന്നെ ത്രസിപ്പിക്കുന്നു. എന്റെ ഓര്‍മയില്‍ ഇത്രയും പ്രസക്തമായ ജനകീയമുന്നേറ്റം മറ്റൊന്നില്ല. അറബ് സംഭവവികാസങ്ങളെ ചില കേന്ദ്രങ്ങള്‍ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയോട് ഉപമിക്കുന്നുണ്ട്. എന്നാല്‍, ഇവ തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യത്തോടെ സോഷ്യലിസ്റ്റ് ചേരിയെ തകര്‍ക്കാന്‍ അമേരിക്ക സര്‍വശ്രമവും നടത്തിയിരുന്നു. ജനാധിപത്യസ്വപ്നങ്ങള്‍ പ്രചരിപ്പിച്ച് കിഴക്കന്‍ യൂറോപ്പിനെ അമേരിക്ക ഭ്രമിപ്പിച്ചു. അറബ് ലോകത്തെ ജനകീയപ്രക്ഷോഭം സ്വയം ഉയര്‍ന്നുവന്നതാണ്. അറബ് ജനതയുടെ വികാരങ്ങള്‍ അടിച്ചമര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.

പോളണ്ടിന്റെ വീഴ്ചയില്‍ നാം ആഹ്ളാദിച്ചു. എന്നാല്‍, മധ്യഅമേരിക്കയില്‍ വിമോചനശബ്ദം ഉയര്‍ന്നപ്പോള്‍ നാം ടാങ്കുകളെ അയച്ചു. ലാറ്റിനമേരിക്കയില്‍ എത്ര രാഷ്ട്രീയകൊലപാതകങ്ങളാണ് അമേരിക്ക സംഘടിപ്പിച്ചത്. ഇപ്പോള്‍ അമേരിക്ക 'പുതിയ ഇസ്ളാമിനെ' ഭീഷണിയായി ചിത്രീകരിക്കുന്നു. അമേരിക്കയുടെ യഥാര്‍ഥ ശത്രു 'പുതിയ ഇസ്ളാമല്ല'. രാജ്യങ്ങള്‍ എടുക്കുന്ന സ്വതന്ത്രനിലപാടാണ്. ലാറ്റിനമേരിക്കയില്‍ കത്തോലിക്കാ സഭ വിമോചനപാത സ്വീകരിച്ചപ്പോള്‍ അമേരിക്ക അവരെ ശത്രുക്കളായി പ്രഖ്യാപിച്ചു. സഭയ്ക്കെതിരെ വന്‍യുദ്ധം നടത്തി. മതനിരപേക്ഷ സര്‍ക്കാരുകളോ ഇസ്ളാമിക ഭരണകൂടങ്ങളോ- ആരായാലും രാജ്യത്തിന്റെ പരമാധികാരംസംരക്ഷിക്കാന്‍ സ്വതന്ത്രനിലപാട് എടുക്കുന്നതാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.

പാകിസ്ഥാനില്‍ നവ ഇസ്ളാമികവാദം പ്രചരിപ്പിച്ചത് സിയ ഉള്‍ഹഖിന്റെ ഏകാധിപത്യഭരണകാലത്താണ്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്റെ പ്രിയശിങ്കിടിയായിരുന്നു സിയ. സൌദിയുടെ സാമ്പത്തികസഹായത്തോടെ സിയ രാജ്യമെങ്ങും മതതീവ്രവാദ പാഠശാല സ്ഥാപിച്ചു. ഇവിടെ പഠിച്ചിറങ്ങിയവരാണ് ഇന്ന് പാകിസ്ഥാനില്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്. പാകിസ്ഥാന്റെ കാര്യത്തില്‍ പ്രകടിപ്പിക്കാത്ത ആശങ്കയാണ് അമേരിക്ക ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡിന്റെ പേരില്‍ കാട്ടുന്നത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ഹോവര്‍ 1961ല്‍ നടത്തിയ വിടവാങ്ങല്‍പ്രസംഗത്തിലാണ് രാജ്യത്തിന്റെ സാമ്പത്തികജീവിതത്തില്‍ സൈനികവ്യവസായശൃംഖലയുടെ പ്രാധാന്യം ആദ്യമായി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള കാലത്ത് ആയുധപ്പന്തയം വഴി അമേരിക്കന്‍ ആയുധക്കമ്പനികള്‍ പണം കുന്നുകൂട്ടുന്നത് വര്‍ധിച്ചതോതിലായി. ലോകരാജ്യങ്ങളില്‍ ഇതിന് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക- ഇസ്രയേല്‍ ചങ്ങാത്തത്തിന്റെ അടിസ്ഥാനഘടകവും ഇതുതന്നെ.

ഇസ്രയേല്‍ അഴിച്ചുവിട്ട 1967ലെ പശ്ചിമേഷ്യന്‍ യുദ്ധമാണ് മതനിരപേക്ഷ അറബ് ദേശീയത തകര്‍ത്തത്. ഇത് ഇസ്ളാമിക ഭീകരവാദത്തിന് വളക്കൂറായി. എന്നിട്ടും അമേരിക്ക കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടില്ല. അറബ് ലോകത്ത് നിഷ്പക്ഷമായി നടന്ന ഏക തെരഞ്ഞെടുപ്പ് 2006ല പലസ്തീന്‍ ജനവിധിയാണ്. അധികാരത്തില്‍ വന്നത് അമേരിക്കയ്ക്ക് താല്‍പ്പര്യമില്ലാത്ത സര്‍ക്കാരും. ഇതിന് പലസ്തീന്‍ജനതയെ അമേരിക്ക ശിക്ഷിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ പലസ്തീനെതിരെ കടുത്ത നടപടികളുണ്ടായി. എന്തുകൊണ്ട്? അധികാരത്തില്‍ വന്നത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍. തെരഞ്ഞെടുപ്പുകള്‍ കൊള്ളാം. ജയിക്കുന്നത് അമേരിക്കയ്ക്ക് പ്രിയപ്പെട്ടവരാണെങ്കില്‍!

*
നോം ചോംസ്കി കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്ക പതിവ് തിരക്കഥ അനുസരിച്ചാണ് നീങ്ങുന്നത്. അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏകാധിപതികളെ സംരക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തും. എന്നാല്‍, അധികാരമാറ്റം ഉറപ്പായാല്‍ കളം മാറി ചവിട്ടും. 180 ഡിഗ്രിയില്‍ നയം മാറ്റും. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പോറ്റിവളര്‍ത്തിയ ഏകാധിപതികളെ ജനങ്ങള്‍ നിഷ്കരുണം ഇറക്കിവിട്ടപ്പോള്‍ കളിച്ച നാടകംതന്നെയാണ് അമേരിക്ക ഈജിപ്തിലും ആവര്‍ത്തിക്കുന്നത്.