Friday, February 11, 2011

തലപൊക്കുന്ന ആള്‍ദൈവങ്ങള്‍

'മനസ്സിലെപ്പോഴും ഭയമാണ്... അവരെല്ലാം വലിയ ആളുകളല്ലേ.. നമ്മളൊറ്റയ്ക്കാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഭാര്യയും കുട്ടികളുമുള്ള ഒരാള്‍ക്ക് എപ്പോഴും പേടിച്ചല്ലേ പറ്റൂ'.... പറയുന്നത് കോഴിക്കോട് അത്തോളി കൊളത്തൂര്‍ സ്വദേശി സുമേഷ് സി ബി. മനസ്സില്‍ ഭയമുണ്ടെങ്കിലും കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ കൂടുതല്‍ പേര്‍ ചതിക്കപ്പെടും എന്നതുകൊണ്ടാണ് താന്‍ പറയുന്നതെന്നും സുമേഷ് വ്യക്തമാക്കുന്നു.

സുമേഷിനെപ്പോലെ നിരവധി ആളുകളാണ് മുരളീകൃഷ്ണ സ്വാമിക്കെതിരെ പരാതികളുമായി രംഗത്തുവരുന്നത്. പാലക്കാടു നിന്നും കോഴിക്കോട്ടെത്തിയ മുരളീകൃഷ്ണന്‍ മുരളീ കൃഷ്ണ സ്വാമിയായത് വളരെ പെട്ടന്നാണ്. കോഴിക്കോട്ട് ജിലേബി നിര്‍മ്മാണമായിരുന്നു ആദ്യകാലത്ത് മുരളീകൃഷ്ണന് ജോലി. പിന്നീട് വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. കോഴിക്കോട് കല്ലുത്താന്‍ കടവില്‍ ശരവണഭവ മഠം എന്ന പേരില്‍ ആശ്രമം തുടങ്ങിയ മുരളീകൃഷ്ണന്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളെജിനടുത്തും ആശ്രമം സ്ഥാപിച്ചു.

''കോഴിക്കോട്ട് ഒരു ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞുവരുമ്പോള്‍ അവിചാരിതമായാണ് കല്ലുത്താന്‍ കടവിലെ ആശ്രമത്തിലെത്തിയത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആശ്രമത്തിലെ പൂജകള്‍ ചെയ്യാമോ എന്ന് സ്വാമി ചോദിച്ചു. പിറ്റേന്ന് ആശ്രമത്തിലെത്തി ഗണപതിഹോമം ചെയ്തു. തന്റെ പൂജാവിധികളില്‍ താത്പര്യം തോന്നിയ സ്വാമി കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു'' -- സുമേഷ് പറഞ്ഞു.

മാസ ശമ്പളത്തിനാണ് സുമേഷ് സ്വാമിയുടെ കൂടെ കൂടിയത്. ബാങ്കിലും മറ്റും വലിയ കടങ്ങളുള്ള തനിക്ക് ഈ ജോലി സഹായമാവുമെന്ന് സുമേഷും കരുതി. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോയതെന്ന് സുമേഷ് പറയുന്നു. ശമ്പളം കിട്ടാതായപ്പോള്‍ സ്വാമിയോട് കാര്യം പറഞ്ഞു. ഇതിന് പലപ്പോഴും ദേഹോപദ്രമായിരുന്നു മറുപടി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ആശ്രമത്തില്‍ വെച്ചും കല്ലുത്താന്‍ കടവില്‍ വെച്ചും സ്വാമി മര്‍ദ്ദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കുക്കി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് നിസ്സാരകാര്യത്തിന് ചൂരല്‍ വടികൊണ്ട് ക്രൂരമായിട്ടായിരുന്നു പീഡനം. കാര്യങ്ങള്‍ പുറത്ത് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും ഭീഷണി കാരണം എല്ലാം മറച്ചുപിടിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

സ്വാമി പല സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് ആശ്രമത്തിനും ആശ്രമത്തിന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് സ്വാമിയോട് താന്‍ പറഞ്ഞതോടെ ദ്രേഹോപദ്രവമേല്‍പ്പിക്കുന്നത് കൂടുതല്‍ ശക്തമായി. ഇതിനെത്തുടര്‍ന്ന് ജീവ രക്ഷയ്ക്ക് താന്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

ആശ്രമത്തിലെ ജോലി വിട്ട ശേഷം കൊളത്തൂരിലെ നന്താനത്ത് പൊയില്‍ വീട്ടില്‍ ചെറിയ പശുഫാം നടത്തി ജീവിതം പുലര്‍ത്തുകയാണ് സുമേഷ്. പക്ഷെ ഭീഷണികള്‍ വിടാതെ പിന്തുടരുകയാണെന്ന് സുമേഷ് പറയുന്നു. സ്വാമിയുടെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഉണ്ടെന്ന ഭയം കാരണം സ്വാമിയുടെ ആളുകള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തെളിവുകള്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതോടെ തന്റെ സ്വൈര ജീവിതം ഇല്ലാതായിരിക്കുകയാണെന്നും സുമേഷ് പറയുന്നു.

കപട ആള്‍ദൈവങ്ങള്‍ക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മുരളീകൃഷ്ണന് സാധിച്ചിരുന്നു. കാരന്തൂരിലുള്ള സുനില്‍ എന്ന വിശ്വചൈതന്യയും വാകയാട്ടെ ചന്ദ്രമാമനുമെല്ലാം ജനങ്ങളുടെ പ്രതിഷേധത്തില്‍ തകര്‍ന്നു തരിപ്പണമായി. പണവും ആള്‍സ്വാധീനവുമുള്ള മുരളീകൃഷ്ണന്‍ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നു. സമൂഹത്തില്‍ ഉന്നതരായ പലരുടെയും സഹായം മുരളീകൃഷ്ണനുണ്ട്. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. കോടികള്‍ ചിലവഴിച്ച് മുരളീകൃഷ്ണന്‍ സംഘടിപ്പിക്കുന്ന മംഗള ചണ്ഢി യാഗങ്ങള്‍ വലിയ സംഭവമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ മുരളീ കൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നെങ്കിലും ആ സംഭവവും തേച്ച് മായ്ക്കപ്പെട്ട് പോവുകയായിരുന്നു.

നിരന്തരമായി ഭീഷണിപ്പെടുത്തുന്നതിനാലുള്ള ഭയം കാരണമാണ് സ്വാമിക്കെതിരെ ഇതുവരെ പരാതിയുമായി രംഗത്ത് വരാതിരുന്നതെന്ന് സുമേഷ് പറഞ്ഞു. സാധു ജന സേവ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് കാവി വസ്ത്രത്തിന്റെ മറവില്‍ വിദേശങ്ങളില്‍ യാത്ര ചെയ്ത് പാവപ്പെട്ട ആളുകളുടെ ഫോട്ടോ, സി ഡി എന്നിവ വിദേശികളെ കാണിച്ച് കോടിക്കണക്കിന് രൂപയാണ് സ്വാമി സ്വന്തമാക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന് പറഞ്ഞ് കൊണ്ടുവരുന്ന പണം സ്വന്തം പേരിലും സഹോദരന്മാരുടെ പേരിലും ബിനാമിയായും നിക്ഷേപമാക്കുകയും ആഡംബര കാറുകളിലും എ സി മുറികളിലും സുഖലോലുപനായി കഴിയുകയുമാണ് സ്വാമി- സുമേഷ് പറഞ്ഞു.


*
ഷിബു ടി ജോസഫ്, കെ കെ ജയേഷ്
കടപ്പാട് : ജനയുഗം

മറ്റുഭാഗങ്ങള്‍ക്ക് ആള്‍ദൈവങ്ങള്‍ എന്ന ലേബല്‍ നോക്കുക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാധു ജന സേവ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് കാവി വസ്ത്രത്തിന്റെ മറവില്‍ വിദേശങ്ങളില്‍ യാത്ര ചെയ്ത് പാവപ്പെട്ട ആളുകളുടെ ഫോട്ടോ, സി ഡി എന്നിവ വിദേശികളെ കാണിച്ച് കോടിക്കണക്കിന് രൂപയാണ് സ്വാമി സ്വന്തമാക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന് പറഞ്ഞ് കൊണ്ടുവരുന്ന പണം സ്വന്തം പേരിലും സഹോദരന്മാരുടെ പേരിലും ബിനാമിയായും നിക്ഷേപമാക്കുകയും ആഡംബര കാറുകളിലും എ സി മുറികളിലും സുഖലോലുപനായി കഴിയുകയുമാണ് സ്വാമി