Sunday, February 20, 2011

ഒരൊറ്റ അത്താഴ പഷ്ണിക്കാരും ഇല്ലാതാവുന്നതുവരെ

ഇതൊക്കെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്

'അവസാനത്തെ മനുഷ്യന്‍ വരെ' എന്നതായിരുന്നു റസ്‌കിന്‍ എഴുതിയ പുസ്തകത്തിന്റെ ശീര്‍ഷകം. അതായിരുന്നു ഗാന്ധിജി പ്രായോഗിക തലത്തില്‍ വികസിപ്പിച്ച് 'അന്ത്യോദയ' എന്നോ, 'സര്‍വോദയ' എന്നോ ആക്കിയത്. ഇന്നത്തെ 'ഇന്‍ക്ലൂസിവ്' വികസനമെന്ന വെടിക്കെട്ടുകള്‍ക്ക് എത്രയോ മുമ്പ്, വളരെ സുതാര്യതയോടെ വിശദീകരിക്കപ്പെട്ട കാര്യമായിരുന്നൂ വികസനം എല്ലാവര്‍ക്കും വേണ്ടി എന്ന സന്ദേശം. പ്രശ്‌നം വികസനമോ വളര്‍ച്ചയോ മാത്രമല്ല. വളര്‍ച്ചയുടെ ഫലങ്ങള്‍കൊണ്ട് നാമെന്തുചെയ്യുന്നു? അതാര്‍ക്കൊക്കെ എത്തുന്നു? ഇന്ന് ചിന്തിക്കേണ്ടതിങ്ങനെയാണ്.

ഇപ്പറഞ്ഞതൊന്നും വളരെ പുതിയതാണെന്ന ഭാവത്തോടെയല്ല എഴുതുന്നത്. ഈ ലേഖനത്തിന്റെ ഉടന്‍ പ്രകോപനം, അമര്‍ത്ത്യസെന്‍ ഈയിടെ എഴുതിയ ഒരു നല്ല ലേഖനമാണ്. അതുവായിക്കാത്തവര്‍ക്ക്, ലേഖനത്തിന്റെ സംഗ്രഹം എത്തിക്കണമെന്നു തോന്നി. ശ്രദ്ധേയമായ ഈ പ്രബന്ധം, അങ്ങനെ പലയിടത്തും എത്താതെ പോവരുതല്ലോ. ഇന്ത്യയിലെ പോളിസി നിര്‍മാതാക്കളും സ്ഥിതിവിവരകണക്കുകള്‍ കൊണ്ട് തായം കളിക്കുന്ന അര്‍ഥശാസ്ത്രക്കാരും സെന്നിന്റെ എഴുത്തിന്റെ പൊരുള്‍ അറിയണം. അദ്ദേഹം പ്രധാനമായും രണ്ടുകാര്യങ്ങള്‍ പറഞ്ഞു.

(1) നല്ല വസ്തുക്കള്‍ നേടലാണ് വികസനം.
(2) അവകൊണ്ട് കൂടുതല്‍ ഗുണകരമായ ജീവിതം സാധ്യമാകണം.

ആര്‍ഥിക നൈതികതയായിരുന്നു എന്നും സെന്നിന്റെ പ്രമേയം. അക്കാരണം കൊണ്ടുതന്നെ 'പെഡസ്ട്രിയന്‍' ധനശാസ്ത്രജ്ഞന്‍ എന്നു പടിഞ്ഞാറന്‍മാര്‍, വിവരക്കേടുകൊണ്ട് പരിഹസിക്കാതെയുമിരുന്നില്ല. സെന്നിന്റെ ഗുരുക്കന്‍മാര്‍ ഗാന്ധിജിയും ടാഗോറുമൊക്കെയായിരുന്നു. അതുകൊണ്ടാണ് വികസനം മനുഷ്യന് എന്ന ലക്ഷ്യത്തോടെ അദ്ദേഹമെഴുതിയത്.

ഈ കണ്ടെത്തല്‍, ഇന്നത്തെ വികസന സാഹചര്യത്തില്‍, ചൈനയുമായൊരു താരതമ്യത്തിലൂടെയാണദ്ദേഹം, ലേഖനത്തില്‍ പ്രതിപാദിച്ചത്. ജി ഡി പിയല്ല അതിലുണ്ടായ വളര്‍ച്ച ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ എന്ത് സ്വാധീനം ചെലുത്തുന്നു എന്നതാണ് പ്രശ്‌നം. ഈ പ്രമേയം ചൈനയുമായൊരു താരതമ്യത്തില്‍ കൊണ്ടുവരാനദ്ദേഹം ശ്രമിച്ചു. രണ്ടുരാജ്യങ്ങളുടെയും ജി ഡി പിയും സൈനിക ശക്തിയും താരതമ്യം ചെയ്യുന്നതിലര്‍ഥമില്ല. ജീവിതഗുണ സൂചികകള്‍, രണ്ടു രാജ്യങ്ങളിലും എങ്ങനെയാണെന്ന പഠനം വളരെ മുമ്പെ നടന്നിരുന്നതായി സെന്‍ നിരീക്ഷിക്കുന്നു. എ ഡി 691 ല്‍ ഇന്ത്യ-ചൈന താരതമ്യ പഠനം നടത്തിയ യിജിങ്, പത്തുവര്‍ഷം ഇന്ത്യയില്‍ ചുറ്റി നടന്നു പഠിച്ചാണ് രണ്ടു രാജ്യങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കിയത്. ആരോഗ്യം, ജീവിതസുരക്ഷ എന്നിവ അന്നേ വികസന പഠനത്തിന്റെ ഭാഗമായിരുന്നു. ചൈനയുമായുള്ള ഈ പഠനം ഇന്നും പ്രസക്തമാണ്.

ഇന്ത്യന്‍ വികസനം എട്ട് ശതമാനമായി, എന്നാണ് ചൈനയുടെ 10 ശതമാനം വികസനത്തെ നാം മറികടക്കുക തുടങ്ങിയ പഠനങ്ങള്‍ ഇന്നും നടക്കുന്നു. ഇത് നിസാര വ്യായാമമാണെന്നാണ്, സെന്‍ പഠനം പറയുന്നത്. വളര്‍ച്ചാ നിരക്ക് എത്രയായാലും മറ്റു ചില പ്രധാന താരതമ്യം നോക്കാം. ചൈനയില്‍ ആയുര്‍ദൈര്‍ഘ്യം 73.5 വര്‍ഷവും ഇന്ത്യയില്‍ 64.4 ഉം ആണ്. ശിശു മരണം അവിടെ 1000 ത്തിന് 17 ആണെങ്കില്‍, ഇന്ത്യയില്‍ 50 ആണ്. അഞ്ചുവയസ്സിനു മുമ്പുള്ള മരണം അവിടത്തേതിലും നാലിരട്ടിയാണ് ഇന്ത്യയില്‍. പതിനഞ്ചും ഇരുപത്തിനാലും വയസ്സിനിടയ്ക്കുള്ള ചൈനീസ് സ്ത്രീകളില്‍ 99 ശതമാനവും സ്‌കൂളില്‍ പോയവരാണ്. ഇന്ത്യയില്‍ 80 ശതമാനവും. ഇത് തന്നെ മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഭേദമാണ്.

ജീവിത നിലവാരം നിശ്ചയിക്കുന്ന ചില പ്രധാന കാര്യങ്ങളിലെ താരതമ്യ കണക്കുകളാണിവ. വളര്‍ച്ചയുടെ ഫലങ്ങള്‍, കൂടുതല്‍ ഫലവത്തായി ജീവിത ഗുണം വര്‍ധിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ തെളിവാണ് ഇന്ത്യ-ചൈന താരതമ്യത്തിലൂടെ സെന്‍ നിരവഹിക്കുന്നത്. വളര്‍ച്ചയുടെ കണക്കുകളല്ല, ജീവിതത്തിന്റെ ഗുണാത്മകതയാണ് പ്രധാനം എന്ന പുതിയ അന്വേഷണമാണദ്ദേഹം ശക്തമാക്കുന്നത്. വികസനത്തെ, ജീവിത നിലവാരം ഉയര്‍ത്താന്‍ അവര്‍ ഉപയോഗിച്ചു. അക്കാര്യത്തിലാണ് ചൈനയെ മറികടക്കാന്‍ നാം ശ്രദ്ധിക്കേണ്ടത്. ചൈനയുമായി ജി എന്‍ പി കാര്യത്തില്‍ ഒരു മത്സരത്തേക്കാള്‍ പ്രധാനം അതാണെന്നാണദ്ദേഹം പറയുന്നത്. ദേശീയ വരുമാനം കുറഞ്ഞ പല രാജ്യങ്ങള്‍പോലും ജീവിത ഗുണനിലവാര സൂചികകളില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. ഇതും പഠനവിധേയമാക്കേണ്ടതാണ്. സെന്‍ ഇവിടെ ബംഗ്ലാദേശ്-ഇന്ത്യ താരതമ്യം നടത്തുന്നതും ശ്രദ്ധേയമാണ്. വരുമാനക്കണക്കില്‍ ബംഗ്ലാദേശിന്റെ എത്രയോ മുന്നിലാണ് ഇന്ത്യ. പ്രതിശീര്‍ഷ വരുമാനം ഇരട്ടി അധികം. എന്നാല്‍ വരുമാനം നേടിക്കൊടുക്കുന്ന ജീവിത നിലവാരകാര്യം വരുമ്പോള്‍, ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാനില്ല. ആയുര്‍ദൈര്‍ഘ്യം അവിടെ 66.9 ആണ്. ഇന്ത്യയില്‍ 64.4 ഉം. പോഷകാഹാര കുറവുമൂലം ഭാരക്കുറവുള്ള കുട്ടികളുടെ കാര്യത്തിലും ബംഗ്ലാദേശാണ് മെച്ചപ്പെട്ട അവസ്ഥയില്‍. അതായത് ശിശുക്കളുടെ ആഹാരകാര്യത്തില്‍ അവര്‍ നല്‍കുന്ന ശ്രദ്ധ നാം നല്‍കുന്നില്ല.

അഞ്ചു വയസ്സിനു താഴെയുള്ള ശിശുക്കളുടെ മരണനിരക്ക് ഇന്ത്യയില്‍ 66 ഉം ബംഗ്ലാദേശില്‍ 52 ഉം ആണ്. അവിടത്തേക്കാള്‍ ശിശുമരണം അധികം ഇന്ത്യയിലാണ്. ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്, വരുമാന വര്‍ധന ജീവിത ഗുണനിലവാരത്തില്‍ പ്രകടമാവണമെന്നതാണ്. അത് സാധ്യമാക്കേണ്ടത് സര്‍ക്കാരാണ്. എത്ര ഉണ്ടാക്കി എന്നല്ല, ഉണ്ടാക്കിയ വരുമാനം എങ്ങനെ ജനത്തിനായി ചെലവഴിച്ചു എന്നതാണ്. സെന്‍ നിരീക്ഷിക്കുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. വരുമാനം വര്‍ധിക്കുമ്പോള്‍ ഗുണകരമായ ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാര്‍ വശം കാശുണ്ടാവും. ജി എന്‍ പി വര്‍ധനയുടെ പ്രസക്തി അതാണ്. കേവലമായ വരുമാന വര്‍ധന കണക്കുകള്‍ അപ്രസക്തമാവുന്നതും ഇവിടെയാണ്. വരുമാന കണക്കിന്റെ പൊങ്ങച്ചങ്ങള്‍ക്കല്ല പ്രസക്തി. ആരോഗ്യം, പോഷകാഹാരം, ശിശു, സ്ത്രീ ക്ഷേമം, വിദ്യാഭ്യാസം എന്നീ സുപ്രധാന മേഖലകളില്‍ ഗുണാത്മകമായ മാറ്റം വരുത്താന്‍, ദേശീയ വരുമാന വര്‍ധന ഉപയോഗിക്കണം. അതിനു വ്യക്തമായ പദ്ധതികളും വേണം. അവ നടപ്പിലാക്കുകയും വേണം.

ഇക്കാര്യത്തില്‍ നമ്മേക്കാള്‍ വരുമാനം കുറഞ്ഞ ബംഗ്ലാദേശിനോടുപോലും നമുക്ക് മത്സരിക്കാനാവുന്നില്ലെന്നാണ് അമര്‍ത്യസെന്‍ വ്യക്തമാക്കിയത്. ആരോഗ്യകാര്യത്തില്‍ നമ്മുടെ അഞ്ച് ഇരട്ടി അധികം തുകയാണ് ചൈന ചെലവഴിക്കുന്നത്. ഇന്ത്യയിലെ പൊതു ആരോഗ്യ വ്യവസ്ഥ ദയനീയാവസ്ഥയിലാണെന്ന സെന്‍ നിരീക്ഷണം, സത്വര ശ്രദ്ധ അര്‍ഹിക്കുന്നതാണ്. നല്ലഭക്ഷണം, നല്ല ചികിത്സ തുടങ്ങിയവ ആരോഗ്യമുള്ള പൗര സഞ്ചയത്തെ സ്വരൂപിക്കാന്‍ സഹായിക്കുന്നവയാണ്. അത്തരം കാര്യങ്ങളില്‍ ഇനിയും ഒരുപാട് മുന്നേറാന്‍ നമുക്ക് കഴിഞ്ഞേ പറ്റൂ എന്നാണ് സെന്‍ പറയുന്നത്.

ജീവിതത്തിന്റെ ഗുണ നിലവാരം കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചികകളില്‍ ധനാത്മക മാറ്റം വരുത്താനാണ് സര്‍ക്കാര്‍ വരുമാനം ഉപയോഗിക്കേണ്ടത്. ദേശീയവരുമാനം ഇതിനായി സര്‍ക്കാരിനുപയോഗിക്കാം. വളര്‍ച്ചയേക്കാള്‍ പ്രധാനം വളര്‍ച്ചയുടെ ഫലമാണ്. സാമ്പത്തിക വികസനം, താഴ്ത്തട്ടുകാരുടെ അവസരങ്ങള്‍ വിപുലപ്പെടുത്തുമ്പോഴാണ് അത് സാമൂഹിക വികസനമാവുന്നത്.

ഏതുതരം വികസനത്തെയും ഇങ്ങനെ ജീവിതബന്ധിതമായി വ്യാഖ്യാനിക്കാനാണ് ശ്രമിക്കേണ്ടതെന്ന് സെന്‍ പറയുന്നു. വികസനമെന്നാല്‍ എല്ലാവരുടേയും അവസരങ്ങളുടെ പരിമിതിയില്ലായ്മ. പൊതുവിഭവം പൊതുനന്‍മയിലെത്തലാണത്. ഇവിടെ നേരെ മറിച്ചാണ്. വളര്‍ച്ചയുടെ ഗ്രാഫ് എത്ര മേലോട്ടുപോയാലും അടിത്തട്ടില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടാവില്ല.

സെന്‍ പുതിയകാര്യം പറയുന്നു എന്നല്ല. സെന്നിനും മുമ്പ് മാര്‍ക്‌സും ഗാന്ധിജിയുമൊക്കെ ആവര്‍ത്തിച്ചു പറഞ്ഞ അവസാനത്തെ ആളിന്റെ നന്‍മ. 'അണ്‍ ടു ദ് ലാസ്റ്റ്'. മലയാളത്തില്‍ പറഞ്ഞാല്‍ ഒരൊറ്റ അത്താഴ പഷ്ണിക്കാരും ഇല്ലാതാവുന്നതുവരെ.

*
പി എ വാസുദേവന്‍ കടപ്പാട്: ജനയുഗം ദിനപത്രം 18 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വികസനമെന്നാല്‍ എല്ലാവരുടേയും അവസരങ്ങളുടെ പരിമിതിയില്ലായ്മ. പൊതുവിഭവം പൊതുനന്‍മയിലെത്തലാണത്. ഇവിടെ നേരെ മറിച്ചാണ്. വളര്‍ച്ചയുടെ ഗ്രാഫ് എത്ര മേലോട്ടുപോയാലും അടിത്തട്ടില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടാവില്ല.