ചങ്ങമ്പുഴയെ എങ്ങനെ വിശേഷിപ്പിക്കാം? വൈലോപ്പിള്ളി മാഷ് വിശേഷിപ്പിച്ചതിനേക്കാള്‍ നന്നായി ആര്‍ക്കെങ്കിലും വിശേഷിപ്പിക്കാന്‍ കഴിയും എന്നു തോന്നുന്നില്ല.
'...താരുണ്യോദാര
സൌരഭം പകര്‍ന്നോനെ.
പിച്ചകപ്പൂപോലശ്രു
കവിളില്‍ തോരാത്തോനെ;
സ്വച്ഛമാം പൂന്തേന്‍ നീണ്ട
കഴുത്തില്‍ നിറഞ്ഞോനെ;
അനുരാഗത്തിന്‍ കിനാ-
വാണ്ട തൂമിഴിയാലേ-
തജപാലബാലയും
മുകരാന്‍ കൊതിച്ചോനെ;
സൌമ്യനെ, കൃശാംഗനെ,
പേലവ നിലാവിന്റെ
സൌഹൃദം ശീലിച്ചോനെ;...''
ചങ്ങമ്പുഴയുടെ നേര്‍ വ്യക്തിത്വവും കാവ്യവ്യക്തിത്വവും ഇതേക്കാള്‍ നന്നായി എങ്ങനെ വാക്കുകളിലേക്ക് പകര്‍ത്തിയെടുക്കാനാകും. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ വൈലോപ്പിള്ളി മാഷിന്റെ കവിത ഉദ്ധരിച്ചുചേര്‍ത്തത് കൃത്യമായ ഉദ്ദേശ്യത്തോടെതന്നെയാണ്.
ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും യഥാക്രമം അപരാധിയും അപരാധവും ആയി കരുതുന്നവര്‍ ഇന്ന് സാഹിത്യരംഗത്തുണ്ട്. ചങ്ങമ്പുഴച്ചെളി കഴുകിക്കളയുകയാണ് തങ്ങള്‍ എന്ന് അവരിലൊരാള്‍ പറഞ്ഞിട്ടുമുണ്ട്. പല പതിറ്റാണ്ടുകളായി കഴുകിക്കൊണ്ടിരിക്കുന്നെങ്കിലും ആ ചെളി പോകുന്നില്ല. ചെളി എന്നത് ആവാസവ്യവസ്ഥയിലെ ജീവസഹായകമായ ഒരു ഘടകമാണ്. അതു പോയാല്‍ ആവാസവ്യവസ്ഥതന്നെ തകരും. കവിതയിലെ ചങ്ങമ്പുഴച്ചെളിയും അങ്ങനെതന്നെ!
സാഹിത്യത്തിലെ ഇപ്പറഞ്ഞ പരിഷ്കാരികള്‍ ചങ്ങമ്പുഴയെ തള്ളിക്കളഞ്ഞുകൊണ്ട് വൈലോപ്പിള്ളിയെ സ്വീകരിച്ചവരാണ്. കവിതയെ അതികാല്‍പ്പനികതയില്‍നിന്നു മോചിപ്പിച്ച് ശാസ്ത്രീയബോധത്തിന്റെ മണ്ണുറപ്പുള്ള സ്ഥലികളിലൂടെ നടത്തിച്ചത് വൈലോപ്പിള്ളിയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, ആ വൈലോപ്പിള്ളിക്ക് ചങ്ങമ്പുഴ ആരായിരുന്നു എന്നറിയുമ്പോള്‍ കഴുകിക്കളയേണ്ടതാണോ ഈ ചെളി എന്ന കാര്യത്തില്‍ അവര്‍ക്കൊരു വീണ്ടുവിചാരമുണ്ടായേക്കാം എന്ന ചിന്തയാണ്, തുടക്കത്തിലേതന്നെ ഈ കാവ്യഭാഗം ഉദ്ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വൈലോപ്പിള്ളിയേക്കാള്‍ കേമരാണു തങ്ങള്‍ എന്ന് ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നവര്‍ കരുതുകയില്ലായിരിക്കും എന്നാണ് എന്റെ ചിന്ത. ഇനി മറിച്ചാണു കരുതുന്നതെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ലതാനും.
ഗൃഹാതുരത, വൈകാരികത തുടങ്ങിയവയൊക്കെ വളരെ സ്വാഭാവികങ്ങളായ മാനസികഭാവങ്ങളാണ്. മനസ്സുണ്ടെങ്കില്‍ ഇത് ഉണ്ടാകാതെ വയ്യ. പുതുഭാവുകത്വത്തെക്കുറിച്ചുള്ള നവചിന്തകള്‍ക്കുപോലും അവയെ മനസ്സില്‍നിന്ന് കുടിയിറക്കാന്‍ കഴിയുകയില്ല. കൃത്രിമമായുണ്ടാക്കുന്ന യുക്തിയുടെ കാവ്യസംരംഭങ്ങള്‍ക്ക് അതിനെ പകരംവയ്ക്കാനുമാകുകയില്ല. അതുകൊണ്ടാണ് ചങ്ങമ്പുഴ ഇന്നും പ്രസക്തിയോടെ തുടരുന്നത്. ബുദ്ധിജീവി ഗൌരവങ്ങള്‍ പലതും ചങ്ങമ്പുഴയെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലും ആ കവിയെ അതിശയിക്കാന്‍ പിന്നീടുവന്ന ഒരു കവിക്കും സാധിച്ചിട്ടില്ല എന്ന വസ്തുതയും ബാക്കിനില്‍ക്കുന്നു. അനിയന്ത്രിതമായ സ്വാഭാവിക ജലപാതം എവിടെ? പൈപ്പില്‍നിന്ന് കൃത്യമായ ഇടവേളകളില്‍ ഇറ്റിവീഴുന്ന ജലബിന്ദുക്കളെവിടെ? ഇവ തമ്മിലുള്ള വ്യത്യാസമാണ് ചങ്ങമ്പുഴക്കവിതയും അതിനെ തിരുത്താനിറങ്ങിയ ആധുനിക കവിതയും തമ്മിലുള്ളത്!
മഹാകവി വൈലോപ്പിള്ളിക്കുപോലും ആ ഭൂതബാധയില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞുനില്‍ക്കാനായില്ല എന്നതാണ് സത്യം.
'ധന്യനാമിടപ്പള്ളിലെ ഗാന-
കിന്നരന്റെ കവിതകള്‍ പാടി,
കന്യകമാരുമൊത്തയല്‍വക്കില്‍
കൈയുകൊട്ടി കളിച്ചതിന്‍ശേഷം
എന്നുടെയൊച്ച കേട്ടുവോ വേറി-
ട്ടെന്നു പിറ്റേന്നു ചോദിക്കുവോളെ..'' എന്ന്
അതല്ലെങ്കില്‍ വൈലോപ്പിള്ളി ചോദിക്കുമായിരുന്നില്ലല്ലോ. തന്നുടെയൊച്ച വേറിട്ടുകേള്‍പ്പിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു വൈലോപ്പിള്ളി. ആ ശ്രമത്തില്‍ സഫലമാംവിധം വിജയിക്കുകയുംചെയ്തു. എങ്കിലും ആ ഭൂതബാധയെ സ്നേഹിക്കാനും ആദരിക്കാനുമേ വൈലോപ്പിള്ളിക്ക് കഴിഞ്ഞുള്ളൂ. വൈലോപ്പിള്ളിക്ക് അതിന് കഴിഞ്ഞത് സ്വന്തം കാവ്യപ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്. ആരെയും നിന്ദിക്കാതെതന്നെ തനിക്ക് കാവ്യലോകത്ത് സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ചങ്ങമ്പുഴയെ അംഗീകരിക്കാനും ആദരിക്കാനും കഴിഞ്ഞു. ആ നിലയ്ക്കുള്ള ആത്മവിശ്വാസമില്ലാതെ അല്‍പ്പപ്രതിഭരായ കവികള്‍ അസൂയാകലുഷമായ ശാപവചസ്സുമായി നടന്നു. ഇംഗ്ളീഷില്‍ മംല എന്നൊരു വാക്കുണ്ട്. ഭയംകലര്‍ന്ന ബഹുമാനത്തോടെ മാത്രം ഒന്നിനെ കാണാന്‍ കഴിയുന്നതിനെയാണത് സൂചിപ്പിക്കുന്നത്. മംല എന്ന ആ വാക്ക് സൂചിപ്പിക്കുന്ന മാനസികാവസ്ഥയായിരുന്നു പ്രസ്ഥാനനായകരാവാന്‍ വ്യഗ്രതപൂണ്ടുനടന്ന മലയാളത്തിലെ ചില ആധുനിക കവികള്‍ക്ക്.
ചങ്ങമ്പുഴ സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുകയായിരുന്നു എന്നത് സത്യമാണ്. ആ സൂര്യനുമുമ്പില്‍ പലരും മെഴുകുതിരികള്‍പോലുമാവാതെ പോവുമായിരുന്നുവെന്നതും സത്യം. വൈലോപ്പിള്ളിക്കുതന്നെയും, തന്റെ ശബ്ദം വേറിട്ടുകേള്‍ക്കുമോ എന്ന ഉല്‍ക്കണ്ഠയുണ്ടായിരുന്നുവെന്നതും സത്യം. കുടിയൊഴിക്കലിന്റെ ഒരു ഈരടിയില്‍ ഭംഗ്യന്തരേണ വൈലോപ്പിള്ളി ഇതുതന്നെയാണ് സൂചിപ്പിച്ചത്.
രാത്രിയില്‍ അയല്‍വീട്ടില്‍പോയി തിരുവാതിര കളിച്ചിട്ട് തന്റെ പ്രിയപ്പെട്ടവനോട് പിറ്റേന്നു ചോദിക്കുകയാണ്; എന്റെ ഒച്ച വേറിട്ടുകേട്ടുവോ എന്ന്. ഇതില്‍ അനുരാഗത്തിന്റെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ അതിലോലമായ അനുഭവസാന്നിധ്യമുണ്ട്. അത് ചിത്രീകരിക്കേണ്ടതാണ് ആ കാവ്യസന്ദര്‍ഭം. അതുമാത്രമായിരുന്നു വൈലോപ്പിള്ളിയുടെ ഉദ്ദേശമെങ്കില്‍ തിരുവാതിരപ്പാട്ട് എന്നു പൊതുവില്‍ പറഞ്ഞുവച്ചാല്‍ മതിയായിരുന്നു. എന്നാല്‍, വൈലോപ്പിള്ളി അങ്ങനെ പറയുകയല്ല ചെയ്തത്. പിന്നെയോ? ധന്യനാമിടപ്പള്ളിലെ ഗാനകിന്നരന്റെ കവിതകള്‍ പാടിയാണ് തിരുവാതിര കളിച്ചത് എന്നുകൂടി പറഞ്ഞുവച്ചു. ഇടപ്പള്ളിലെ ആ ഗാനകിന്നരന്‍ ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ സംഗീതാത്മകമായ ആ ശബ്ദവിശേഷത്തില്‍നിന്ന് വേറിട്ട് തന്റെ ഒച്ച കേട്ടുവോ എന്നുതന്നെയാണ് വൈലോപ്പിള്ളി ചോദിച്ചത്. അങ്ങനെ ചോദിക്കുന്നിടത്ത് അവസാനിപ്പിച്ചു അദ്ദേഹം ആ ചിന്തകള്‍. തന്റെ ഒച്ച വേറിട്ടുകേള്‍പ്പിക്കാന്‍, ചങ്ങമ്പുഴയുടെ ഒച്ച അടപ്പിക്കണമെന്ന് ചിന്തിച്ചില്ല. സ്നേഹാര്‍ദ്രമായ, അനസൂയവിശുദ്ധമായ ഒരു മനസ്സ് വൈലോപ്പിള്ളിക്കുണ്ടായിരുന്നതുകൊണ്ടാണത്. അത് ഇല്ലാത്ത കുല്‍സിതത്വത്തിന്റെ മനസ്സുകള്‍ക്ക് ചങ്ങമ്പുഴയെ നിന്ദിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. അവരത് ചെയ്തു; ചെയ്തുകൊണ്ടേയിരിക്കുന്നു.
ആധുനികതയുടെ പേരില്‍ ചങ്ങമ്പുഴയെ അധിക്ഷേപിച്ച ആധുനികര്‍ കാണാത്ത മറ്റൊരു കാര്യമുണ്ട്. അവര്‍ക്കുപോലും വഴികാട്ടിയായിനിന്നുകൊണ്ട് ലോകകവിതയെ പരിഭാഷപ്പെടുത്തി മലയാളത്തിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണെന്നതാണ് അത്. ഏതെങ്കിലും ഒരു പ്രദേശത്തെ കവിതകള്‍മാത്രം നിരന്തരമായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയല്ല ചങ്ങമ്പുഴ ചെയ്തത്. ചൈനീസ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, പേര്‍ഷ്യന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി. ലോകകവിതയെ മലയാളിക്കുമുമ്പില്‍ സമഗ്രതയോടെ ആദ്യം അവതരിപ്പിച്ച കവിയാണ് ചങ്ങമ്പുഴ. ആധുനികര്‍ക്ക് വഴിതുറന്നുകൊടുത്തയാളാണ്. കീറ്റ്സ്, സ്വിന്‍ബേണ്‍, ടെന്നിസണ്‍, ഓസ്കാര്‍വൈല്‍ഡ്, ഹൈനെ, ഒമര്‍ഖയാം, ചെഖോവ് എന്നിങ്ങനെ എത്രയോ പേരുടെ കൃതികള്‍ പരിഭാഷപ്പെടുത്തി മലയാളവും വിശ്വസാഹിത്യവുമായുള്ള ബന്ധം സ്ഥാപിച്ചു. ഇങ്ങനെ നോക്കിയാല്‍ ലോകകവിതയെ വിപുലമായനിലയില്‍ മലയാളികള്‍ക്കുമുമ്പിലവതരിപ്പിച്ചത് ചങ്ങമ്പുഴയാണ്. ഇക്കാര്യത്തില്‍ ആകെ ഒരു ദോഷമേ പറയാനുള്ളൂ. ആരുടെ കവിത ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയാലും അത് ചങ്ങമ്പുഴക്കവിതയാവുമായിരുന്നു.
പാംഗ്രോവ്സ് ഗോള്‍ഡന്‍ ട്രഷറി എന്ന കൃതി അഞ്ച് വാള്യമായുള്ളതാണ്. ഇത് ജിയുടെ കൈയില്‍നിന്ന് ചങ്ങമ്പുഴ കടം വാങ്ങിക്കൊണ്ടുപോയിട്ട് ആറുവര്‍ഷം കഴിഞ്ഞാണ് തിരിച്ചുകൊടുത്തത് എന്ന് ജി പറഞ്ഞിട്ടുണ്ട്. ഈ ആറുവര്‍ഷംകൊണ്ട് അതിലെ നിരവധി കവിതകള്‍ ചങ്ങമ്പുഴ പരിഭാഷപ്പെടുത്തി.
പിന്നീടുവന്ന കവികളും നിരൂപകരുമൊക്കെ ചങ്ങമ്പുഴക്കവിതയ്ക്കുമുന്നില്‍ തോറ്റുപോകുകയായിരുന്നു എന്നതാണ് സത്യം. ആ കവിതയെ പൂര്‍ണമായി അളക്കാനുള്ള അളവുകോല്‍ അവരുടെ ആരുടെയും പക്കലില്ലാതെപോയി.
ചങ്ങമ്പുഴക്കവിതയുടെ ജനപ്രിയതയെ, അതേ വഴിക്കുതന്നെ പിന്തുടര്‍ന്നോ,വേറെ വഴിയിലൂടെ മറികടന്നോ ചെന്ന് ആര്‍ക്കെങ്കിലും അസ്തപ്രഭമാക്കാമായിരുന്നല്ലോ. ഇന്ന് ചങ്ങമ്പുഴച്ചെളി കഴുകിക്കളയാന്‍ ശ്രമിക്കുന്നവര്‍ക്കടക്കം ആര്‍ക്കും അതിനു കഴിഞ്ഞില്ലെന്നതാണ് സത്യം. ആ സത്യം തിരിച്ചറിയുന്നതുകൊണ്ടുതന്നെ, അതിനെ ആക്ഷേപിച്ച് സ്വത്വം സ്ഥാപിച്ചെടുക്കാനായി പിന്നീട് ശ്രമം.
നിരൂപകരുടെ കാര്യവും ഇങ്ങനെതന്നെ. തങ്ങളുടെ പക്കലുള്ള എല്ലാ മുഴക്കോലുകളും ആ കാവ്യമഹാവൃക്ഷത്തിനുമുന്നില്‍ പരാജയപ്പെടുന്നത് അവര്‍ തിരിച്ചറിഞ്ഞു. ആ കാവ്യാനുഭവം തങ്ങളുടെ നിരൂപണപദ്ധതികള്‍ക്കോ തങ്ങളുടെ പക്കലുള്ള നിരൂപണായുധങ്ങള്‍ക്കോ വഴങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞ് അവരും ഭയന്ന് വഴിമാറി നടന്നു. ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള ഈ വിധത്തിലുള്ള അസൂയയും ഭയവുമാണ് മലയാളത്തില്‍ കാല്‍പ്പനികതയെത്തന്നെ അധിക്ഷേപിക്കുന്ന ഒരു മാനസികാവസ്ഥയുടെ വാതില്‍ തുറന്നിട്ടത്.
കവികള്‍ ഭയന്നു; നിരൂപകര്‍ ഭയന്നു; ക്ളാസ് മുറിയിലെ അധ്യാപകര്‍ ഭയന്നു. എങ്ങനെ ഈ നവ്യകാവ്യാനുഭൂതികളെ, സൌന്ദര്യാനുഭവത്തെ കുട്ടികള്‍ക്ക് അതിന്റെ ഭാവസമഗ്രതയോടെ പകര്‍ന്നുകൊടുക്കുമെന്നറിയാതെ അധ്യാപകര്‍ വിഷമിച്ചു. ഈ സൂര്യന്റെ മുമ്പില്‍ തങ്ങളുടെ മണ്‍ചെരാതുകള്‍ക്കെന്തു പ്രസക്തി എന്ന് കവികള്‍ വിഷമിച്ചു. ഏതുവിധത്തില്‍ ഈ കവിതയെ അളന്നുകുറിക്കുമെന്ന് നിരൂപകര്‍ വിഷമിച്ചു. ഇങ്ങനെ എല്ലാവരും ഒരുപോലെ ഭയന്നത് മലയാള കാവ്യചരിത്രത്തില്‍ ഈ ഒരു കവിയെമാത്രം! അനുവാചകരാകട്ടെ, ഇതൊന്നുമല്ല തങ്ങളുടെ പരിഗണനകള്‍ എന്നതുകൊണ്ടുതന്നെ ചങ്ങമ്പുഴക്കവിതയെ ഭയക്കാതെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. അവര്‍ അതിനെ അനുഭവിച്ചു. കണ്ണുകൊണ്ടോ കാതുകൊണ്ടോ മാത്രമല്ല, സമസ്ത ഇന്ദ്രിയങ്ങള്‍കൊണ്ടും ആത്മാവുകൊണ്ടും ആസ്വാദകര്‍ അനുഭവിക്കുകയാണ് അന്നും ഇന്നും ചങ്ങമ്പുഴയെ. ക്ളാസ് മുറിയിലും അക്കാദമിക് ലൈബ്രറിയിലും ഒതുങ്ങാത്ത ഈ കവി ആസ്വാദകരുടെ മനസ്സില്‍മാത്രം ഒതുങ്ങിനിന്നു.
ചങ്ങമ്പുഴയ്ക്ക് ഇതറിയാമായിരുന്നു എന്നു തോന്നുന്നു. നിരൂപകരെയും കവികളെയും ഒക്കെ അദ്ദേഹം അവരുടെ പരിമിതികളോടെ തന്നെ തിരിച്ചറിഞ്ഞിരുന്നു. തന്റെ കവിതയെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിക്കുമെന്നും അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇങ്ങനെ പാടിയത്:
"സാഹിത്യകാരന്മാര്‍; സാഹിത്യകാരന്മാര്‍
സാഹസികന്മാര്‍, ഭയങ്കരന്മാര്‍!
ഇല്ലവര്‍ക്കാര്‍ക്കും മനഃസാക്ഷിയെന്നൊന്നൊ-
രെള്ളോളമെങ്കിലും; എന്തുചെയ്യും?''
"ക്ഷുദ്രജന്തുക്കള്‍ തന്‍ കാഴ്ചബംഗ്ളാവതില്‍
എത്തിനോക്കുമ്പോള്‍ അറപ്പുതോന്നും''
ഇതു തന്റെയൊരു ജീവിതപരിതസ്ഥിതിയുടെ പ്രതിഫലനംകൂടിയാണ്; എന്നു ചങ്ങമ്പുഴ കണ്ടിരുന്നു.
ചങ്ങമ്പുഴയ്ക്ക് കവിത നൈസര്‍ഗികമായ ഒരു പ്രവാഹമായിരുന്നു. അന്നന്നു കാണുന്നതിനെക്കുറിച്ച്; അപ്പോഴപ്പോള്‍ തോന്നുന്നതിനെക്കുറിച്ച് അദ്ദേഹം പാടി. അന്നന്ന്അനുഭവിച്ചതിനെ അദ്ദേഹം പകര്‍ത്തി. ഏതു പകര്‍ത്തിയാല്‍ ലാഭം, ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും ചിന്തിച്ചില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിയാകും, എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയാകും എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെയാണ് ചിന്തയുടെ കല്ലിപ്പ് ഇല്ലാത്ത അകൃത്രിമസുന്ദരമായ ഒരു മസൃണത ആ കവിതയ്ക്ക് ജന്മസിദ്ധിയായിത്തന്നെ കിട്ടിയത്. ചങ്ങമ്പുഴ കാല്‍പ്പനിക കവി എന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍, കാല്‍പ്പനികതയ്ക്ക് രണ്ട് ധാരകളുണ്ട്. ജീവിതത്തെ ഒരുപാട് സ്നേഹിക്കുകയും സമൂഹത്തോടുള്ള പ്രതിജ്ഞഞാബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന കാല്‍പ്പനികരീതിയുണ്ട്. കാളിദാസനും വള്ളത്തോളും വൈലോപ്പിള്ളിയുമൊക്കെ ആ ധാരയില്‍പെടും. രണ്ടാമത്തേത് ജീവിതത്തെ ചിലപ്പോള്‍ സ്നേഹിക്കും; ചിലപ്പോള്‍ നിരാകരിക്കും. യൂറോപ്യന്‍ ലേറ്റര്‍ റൊമാന്റിസിസത്തിന്റെ ട്രെന്‍ഡാണിത്. ഇതില്‍ ഭാവസ്ഥിരത (Consistency) ഉണ്ടാവില്ല. കീറ്റ്സ്, സ്വിസ്ബേണ്‍ എന്നിവരൊക്കെ ഇതില്‍പെട്ടവരാണ്. ഇത് കൂടുതല്‍ സൌന്ദര്യാത്മകമാണ്; വികാരപരവുമാണ്. ഈ ദ്വന്ദസാന്നിധ്യത്തിന്റെ (bipolarity) കവിയായിരുന്നു ചങ്ങമ്പുഴ. അതുകൊണ്ടുതന്നെയാണ്, ആ കവിതകളില്‍ പ്രത്യയസ്ഥൈര്യം അസാധ്യമാകുംവിധം വൈരുധ്യം പ്രകടമായി കാണുന്നതും. ഒരേ കാഴ്ച രണ്ടുദിവസങ്ങളില്‍ രണ്ട് അനുഭവങ്ങള്‍ പ്രദാനംചെയ്താല്‍ രണ്ടും അതേപോലെ പകര്‍ത്തിവയ്ക്കും. അവയിലെ വൈരുധ്യം അദ്ദേഹത്തിന് പ്രശ്നമാകില്ല.
"സുപ്രഭാതമേ, നീയെനിക്കിന്നൊ-
രപ്സരസ്സിനെ കാണിച്ചുതന്നു''- എന്ന് എഴുതിയ ചങ്ങമ്പുഴ അടുത്ത ദിവസം
"നാരികള്‍; നാരികള്‍; വിശ്വവിപത്തിന്റെ
നാരായവേരുകള്‍; നാരകീയാഗ്നികള്‍'' എന്ന് എഴുതും.
ഒരുദിവസം മന്നത്തു പത്മനാഭനെക്കുറിച്ച് എഴുതും. അടുത്ത ദിവസം കാള്‍മാര്‍ക്സിനെക്കുറിച്ചുമെഴുതും. അപ്പോള്‍ തോന്നുന്നത് അപ്പോള്‍ പാടും. അപ്പപ്പോള്‍ അനുഭവിക്കുന്നത് അപ്പപ്പോള്‍ പകര്‍ത്തും. ഏതു പകര്‍ത്തിയാല്‍ ലാഭം ഏതു പകര്‍ത്തിയാല്‍ നഷ്ടം എന്നൊന്നും നോക്കാറില്ല. എന്തിനെക്കുറിച്ചെഴുതിയാല്‍ ഗൌരവമുള്ള കവിതയായി കണക്കാക്കപ്പെടും; എന്തിനെക്കുറിച്ചെഴുതിയാല്‍ ലാഘവത്വമുള്ള കവിയായി കണക്കാക്കപ്പെടും - ആ വിഷയമേ ചിന്തിക്കുന്നില്ല. അതാണ് കവിയുടെ അകൃത്രിമത്വം; അതാണ് ആത്മാര്‍ഥത. ഒരേകാഴ്ചതന്നെ രണ്ടുദിവസം രണ്ട് അനുഭവങ്ങളാണെങ്കില്‍ അത് രണ്ടും പകര്‍ത്തിവയ്ക്കും. ഇതില്‍ വൈരുധ്യമുണ്ടോ എന്നുപോലും ചിന്തിക്കില്ല.
'ഇന്നലെ രാത്രിയില്‍ ഞാനൊരു പൂവിന്റെ
മന്ദസ്മിതത്തില്‍ കിടന്നുറങ്ങി' എന്ന് ഒരുദിവസം.
'അത്യനഘമാമീ നിമിഷത്തിലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കിലോമനേ നീ പൊറുക്കണം' എന്ന് അടുത്തദിവസം. ഇത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. അത് മറച്ചുവച്ചില്ല ചങ്ങമ്പുഴ ഒരിക്കലും.
അനുഭൂതികളായി മനസ്സില്‍ ഉണരുന്നതിനെ ചിന്തയില്‍ സ്ഫുടം ചെയ്തെടുക്കാനോ ഗൌരവപൂര്‍ണമായ ജീവിതവീക്ഷണത്തിലേക്ക് ഉയര്‍ത്തിയെടുക്കാനോ ഒന്നും അദ്ദേഹം തുനിഞ്ഞില്ല. അസാമാന്യ പ്രതിഭയുള്ള ഒരു കവിക്കും അതിന്റെ ആവശ്യവുമില്ല. കവിത മനസ്സില്‍ എങ്ങനെയുണ്ടാകുന്നുവോ, അങ്ങനെതന്നെ അകൃത്രിമസുന്ദരമായി അദ്ദേഹം അത് അവതരിപ്പിച്ചു.
അതിവൈകാരികനാകുമ്പോഴൊക്കെ താന്‍ ചങ്ങമ്പുഴയായിപ്പോകുന്നു എന്ന് വൈലോപ്പിള്ളി മാഷ് ഒരിക്കല്‍ പറഞ്ഞു. അതിവൈകാരികനായിരിക്കുന്ന സന്ദര്‍ഭം എന്നത് കവിയായിരിക്കുന്ന സന്ദര്‍ഭം എന്ന് മനസിലാക്കാം. കവിയായിരിക്കുമ്പോഴൊക്കെ ചങ്ങമ്പുഴയായിപ്പോകുന്നു എന്നര്‍ഥം. ആ പുഴയെ ബോധപൂര്‍വം മറികടക്കേണ്ടിയിരിക്കുന്നു എന്നര്‍ഥം. ആ പുഴയെ മറികടക്കാന്‍ ബോധപൂര്‍വം ശ്രമിച്ചപ്പോഴാണ് അയ്യപ്പപ്പണിക്കരും മറ്റും ടി എസ് എലിയറ്റിലും മറ്റും ചെന്നെത്തിയത് എന്നതും ഓര്‍ക്കണം. വൈലോപ്പിള്ളിക്ക് പുഴ കടന്ന് വൈലോപ്പിള്ളിയില്‍ത്തന്നെ ചെന്നെത്താന്‍ പറ്റി!
സ്വന്തം ജീവിതകാലത്താകെ ഇതുപോലെ നിറഞ്ഞുതുടിച്ചുനിന്ന മറ്റൊരു കവിയില്ല. ജീവിതകാലത്തു മാത്രമല്ല, വരും കാലങ്ങളിലും ആ പ്രഭാവം പ്രസരിച്ചുനില്‍ക്കും.
താന്‍ പടര്‍ത്തിവിട്ട വൈകാരികതയില്‍നിന്ന് ചിന്താപരതയിലേക്കും കാല്‍പ്പനികതയില്‍നിന്ന് ആധുനികതയിലേക്കുമുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു കേരളത്തെ ചങ്ങമ്പുഴ സൃഷ്ടിച്ചു. ഇന്നും കേരളത്തിനുമുന്നില്‍ ആ അവസ്ഥ തുടരുന്നു.
ആ വൈകാരികതയില്‍നിന്ന് കേരളത്തെ എന്‍ വി കൃഷ്ണവാര്യര്‍ രക്ഷിച്ചു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അത് അതേപടി അംഗീകരിച്ചാലും ഒരു ചോദ്യം ബാക്കിനില്‍ക്കും. കേരളത്തിന് ചങ്ങമ്പുഴ ആരായിരുന്നുവോ, അതാകാന്‍ എന്‍ വിക്കു കഴിഞ്ഞുവോ? ഈ ചോദ്യത്തിനുമുന്നില്‍ ആ വാദത്തിലെ യുക്തിയുടെ മുന ഒടിയുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം തിരയുമ്പോള്‍ ചങ്ങമ്പുഴയെ നമുക്ക് കൂടുതല്‍ മനസിലാകും.
നിരൂപണരംഗത്ത് നിലവിലുള്ള ഒരു കാപട്യമാണ് ചങ്ങമ്പുഴയെയും അദ്ദേഹത്തിന്റെ കാല്‍പ്പനികതയെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സാധാരണ ആസ്വാദകന്റെ നിലവാരം പണ്ഡിതനായ ആസ്വാദകന്റെ നിലവാരത്തിനു താഴെയാണ് എന്ന് വാദിക്കുന്നതാണ് ആ കാപട്യം.
'Is there a majority literature?' എന്ന ഗ്രന്ഥത്തിലൂടെ ലെസ്ലി ഫൈഡ്ലര്‍ പൊളിച്ചതാണ് ഈ കാപട്യം. ഭൂരിപക്ഷസാഹിത്യം എന്നൊന്നുണ്ടോ എന്ന കൃതിയില്‍ അദ്ദേഹം ചോദിക്കുന്നു: സാങ്കേതിക പരിജ്ഞാനം ലഭിക്കാത്ത ആസ്വാദകന്റെ ഭാവുകത്വം അതു ലഭിച്ച ആസ്വാദകന്റേതിനു താഴെയാണോ? അല്ല എന്ന് ഫൈഡ്ലര്‍ വാദിക്കുന്നു. ഇതില്‍ ആദ്യത്തെ കൂട്ടരുടെ കവിയായിരുന്നു ചങ്ങമ്പുഴ. സത്യം. എന്നാല്‍, രണ്ടാമത്തെ കൂട്ടര്‍ക്ക് വിസ്മയത്തോടെയല്ലാതെ ആ പദപ്രവാഹത്തെ നോക്കിക്കാണാനാകുമോ? ഇല്ല എന്നതും സത്യം. അപ്പോള്‍ എല്ലാവരുടെയും കവിയായിരുന്നു ചങ്ങമ്പുഴ എന്ന അര്‍ഥം മെല്ലെ ഉണര്‍ന്നുവരുന്നു.
നിരൂപകര്‍ക്ക് ചങ്ങമ്പുഴക്കവിത ഒരിക്കലും വഴങ്ങിക്കൊടുത്തിട്ടില്ല എന്നതാണ് സത്യം. അതല്ലെങ്കില്‍ ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ചേര്‍ത്തുവച്ച് ഇടപ്പള്ളിപ്രസ്ഥാനം എന്ന് അവര്‍ പറയുകയില്ലായിരുന്നല്ലോ. ജീവിതാസക്തിയുടെ ചങ്ങമ്പുഴക്കവിതയെവിടെ? ജീവിതവിരക്തിയുടെ ഇടപ്പള്ളിക്കവിതയെവിടെ? ഒന്നില്‍ ശുഭവിശ്വാസവും ജീവിതരതിയും. മറ്റൊന്നില്‍ അശുഭചിന്തകളും മൃത്യുവാസനയും. ഇവയെ രണ്ടും എങ്ങനെ ചേര്‍ത്തുവയ്ക്കും? പാരാവാരംപോലുള്ള ചങ്ങമ്പുഴയുടെ സാഹിത്യ സംഭാവനകളെവിടെ? പരിമിതമായ ഇടപ്പള്ളിയുടെ കാവ്യങ്ങളെവിടെ. ഇരുവര്‍ക്കുമിടയില്‍ താരതമ്യമില്ല എന്നതാണ് സത്യം. ചങ്ങമ്പുഴക്കവിത വളരെ സ്വാഭാവികമായുണ്ടാവുന്ന ഒരു ജലപാതംപോലെയായിരുന്നു. അനിയന്ത്രിതമായ ജലപാതത്തിന്റെ ശക്തിസൌന്ദര്യങ്ങളെവിടെ, കൃത്യമായ വ്യാസത്തില്‍, കൃത്യമായ ഇടവേളകളില്‍, കൃത്യമായ അളവില്‍ വരുന്ന പൈപ്പുവെള്ളമെവിടെ? വെള്ളച്ചാട്ടവും പൈപ്പുവെള്ളവുംപോലുള്ള വ്യത്യാസമായിരുന്നു ചങ്ങമ്പുഴയുടെ കാല്‍പ്പനികതയും അതിനെ തിരുത്താന്‍ വന്ന ആധുനികരുടെ ആധുനികതയും തമ്മില്‍ ഉണ്ടായിരുന്നത്.
ചങ്ങമ്പുഴയുടെതന്നെ രണ്ടു വരികള്‍ ആ കവിക്കും കവിതയ്ക്കുമുള്ള വിശേഷണമാകുന്നുണ്ട്. ആ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കട്ടെ.
"എത്രലോകം തപസ്സുചെയ്താലാ
ണെത്തിടുന്നതൊരിക്കലീ ശബ്ദം
ഉത്തമകവേ, നന്നായറിവൂ
ഹൃത്തിലായതിന്‍ ദിവ്യമഹത്വം.
*
പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 30 ജനുവരി 2011
Thursday, February 3, 2011
Subscribe to:
Post Comments (Atom)
3 comments:
ചങ്ങമ്പുഴയെ എങ്ങനെ വിശേഷിപ്പിക്കാം?
hubh
ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും ഇടപ്പള്ളി യെയുംകൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിലും ഒരാളെ ഉയർത്തിയും ഒരാളെ താഴ്ത്തിക്കെട്ടിയും ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല.
ഇവരാരും മറ്റൊരാളെ കടത്തിവെട്ടാനെഴുതാൻ സാധ്യതയുമില്ല. എല്ലാവരും അവരവർ കാണുന്നത് എഴുതുന്നു. എഴുതിയതിനെ പഠിക്കാം.
തുടുപ്പും മിനുക്കവും കണ്ട് മയങ്ങരുത്
Post a Comment