Wednesday, February 9, 2011

വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന ജീര്‍ണത

ഒടുവില്‍ രാജ അകത്തായി. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി സര്‍ക്കാരിനുവേണ്ടി സിബിഐ നടത്തിയ നീക്കമാണെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, രാജയുടെ അറസ്റ്റ് യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ സാധൂകരിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ രക്ഷിക്കുന്നതിനും സുപ്രീംകോടതിയുടെ കൂടുതല്‍ ഇടപെടല്‍ തടയുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്നും പറയുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാവുകയാണ് ചെയ്തിട്ടുള്ളത്. 1.76 ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടപ്പെടുത്തിയ ഇടപാടാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെയുള്ള റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ പരിഹസിച്ച് തള്ളുകയാണ് ചെയ്തത്. സര്‍ക്കാരിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചു. ഒരു ഭരണഘടനാസ്ഥാപനമായ സിഎജിയെ തള്ളിപ്പറഞ്ഞ കപില്‍ സിബലിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ഭരണഘടനാപരമായിത്തന്നെ അധികാരമുള്ള പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ രാജയെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ സിബലിന് ബാധ്യതയുണ്ട്. സര്‍ക്കാരിനു നഷ്ടമില്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റെന്ന് വക്കീലുകൂടിയായ സിബല്‍ തന്നെ വിശദീകരിക്കുന്നതായിരിക്കും നല്ലത്!

രാജയുടെ നടപടി നിയമപരമായി തെറ്റും അഴിമതിയുമാണെങ്കില്‍ അതിനു സമ്മതം നല്‍കിയ പ്രധാനമന്ത്രി കൂടി സ്വാഭാവികമായി പ്രതിപ്പട്ടികയില്‍ വരേണ്ടതല്ലേ? രണ്ടാം തലമുറ സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് ശക്തമായ ചില അഭിപ്രായങ്ങള്‍ ആദ്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു. നടപടികള്‍ സുതാര്യമായിരിക്കണമെന്നും ലേലം നടത്തണമെന്നും 2001ലെ വിലയ്ക്ക് 2008ല്‍ വില്‍പ്പന നടത്തരുതെന്നും വ്യക്തമായി തന്നെ പ്രധാനമന്ത്രി രാജക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് താന്‍ നടപടികള്‍ നീക്കുന്നതെന്നാണ് മറുപടിയില്‍ രാജ എഴുതിയത്. ഈ കത്ത് കിട്ടിബോധിച്ചെന്ന ഒറ്റ വാക്കില്‍ പ്രധാനമന്ത്രി പ്രതികരണം ഒതുക്കി. ഇതേ സമയത്തുതന്നെ നിയമമന്ത്രാലയവും വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. രണ്ടാം തലമുറ സ്പെക്ട്രം നല്‍കുന്ന നടപടി മന്ത്രിതല സമിതിക്ക് നല്‍കണമെന്നും പഴയ വിലയ്ക്ക് ഇപ്പോള്‍ വില്‍ക്കരുതെന്നും ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറായിരുന്ന അന്നത്തെ നിയമമന്ത്രി ഭരദ്വാജ് രാജക്ക് കത്തുനല്‍കി. അസാന്ദര്‍ഭികമെന്ന പരിഹാസത്തോടെ അത് തള്ളിക്കളഞ്ഞു. കാബിനറ്റ് ചര്‍ച്ച ചെയ്യണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദേശവും ആരും പരിഗണിച്ചില്ല. രണ്ടു മന്ത്രാലയങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന സ്വാഭാവികമായ ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിന്റെമേല്‍ കൊച്ചി മെട്രോ പദ്ധതിപോലും മന്ത്രിസഭയില്‍വെച്ച് തീരുമാനം മാറ്റിക്കുന്ന പ്രധാനമന്ത്രിക്ക് എങ്ങനെയാണ് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ കേസില്‍ നിശബ്ദനാകാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിനും ഉത്തരം പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് എന്നിങ്ങനെയുള്ള അഴിമതി പരമ്പരകളില്‍പ്പെട്ട് ഉഴലുമ്പോഴാണ് സ്വിസ് ബാങ്കിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവരുന്നത്. 64 ലക്ഷം കോടി രൂപയാണ് ഇവിടെനിന്നും കടത്തിക്കൊണ്ടുപോയി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ വെളിപ്പെടുത്തലിന്‍മേല്‍ നടപടി എടുക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് കള്ളപ്പണത്തിന്റെ സംരക്ഷകരായി മാറിയിരിക്കുന്നു. ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് വലതുപക്ഷ രാഷ്ട്രീയം പ്രതിസന്ധി നേരിടുമ്പോഴാണ് കേരളത്തില്‍ ഐസ്ക്രീം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. കുഞ്ഞാലിക്കുട്ടിയെയും യുഡിഎഫ് ഭരണകാലത്തെയും തുറന്നുകാട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയും ഭാര്യാസഹോദരി ഭര്‍ത്താവുമായ റൌഫാണ്. എന്നാല്‍, തുടക്കം കുഞ്ഞാലിക്കുട്ടിയുടേത് തന്നെയായിരുന്നു. പത്രസമ്മേളനത്തിലൂടെ തുറന്നുപറച്ചിലിനു തുടക്കമിട്ടത് കുഞ്ഞാലിക്കുട്ടിതന്നെ. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ റൌഫിനുവേണ്ടി വഴിവിട്ട് പലതും ചെയ്തിട്ടുണ്ടെന്നും തന്നെ ബ്ളാക്ക്മെയില്‍ ചെയ്യുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി തന്നെയാണ് പറഞ്ഞത്. അതിനു മറുപടി പറഞ്ഞ റൌഫ് താന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. പതറിയ വാര്‍ത്താസമ്മേളനമായിരുന്നു അനുഭവസമ്പന്നനായ കുഞ്ഞാലിക്കുട്ടിയുടേതെങ്കില്‍ കന്നിവാര്‍ത്താസമ്മേളനത്തിന്റെ അമ്പരപ്പൊന്നുമില്ലാതെയായിരുന്നു റൌഫിന്റെ പ്രകടനം.

ബ്ളാക്ക്മെയിലിനു വിധേയമായിരുന്നെന്ന് സമ്മതിച്ച കുഞ്ഞാലിക്കുട്ടിക്ക് എന്തിന്റെ പേരിലായിരുന്നു അതെന്ന് വ്യക്തമാക്കാന്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, റൌഫ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ജനത്തിനു കാര്യം മനസ്സിലായി. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി രക്ഷപ്പെടുന്നതിനായി നടത്തിയ നീക്കങ്ങള്‍ റൌഫ് വഴിയായിരുന്നെന്നും അതിന്റെ പേരില്‍ പലതും റൌഫ് നേടിയെടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ എന്തോ കാര്യത്തില്‍ ഇടഞ്ഞതാണെന്നുമാണ് ലീഗ് അണിയറ വര്‍ത്തമാനം.

ഇവിടെ രാഷ്ട്രീയശത്രുക്കളല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള പത്രങ്ങളോ അല്ല തെളിവുകള്‍ സംഘടിപ്പിച്ച് പുറത്തുകൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. അത് മുസ്ളിംലീഗിന്റെ നേതാവുകൂടിയായ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലാണ്. ചില ജഡ്ജിമാരെ സംബന്ധിച്ച പരാമര്‍ശം നടത്തിയത് കെ എം മാണിയുടെ അടുപ്പക്കാരനും യുഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ അഡീഷണല്‍ ജനറല്‍ ഓഫ് പബ്ളിക് പ്രോസിക്യൂഷന്‍ എന്ന പ്രധാന പദവി വഹിച്ചിരുന്ന വ്യക്തിയുമാണ്. എല്ലാം വലതുപക്ഷം തന്നെ. അപ്പോള്‍ എവിടെയാണ് രാഷ്ട്രീയ ഗൂഢാലോചന വരുന്നത്.

പണ്ടേ കേട്ട കാര്യങ്ങള്‍ തന്നെയാണ് ഇതെന്നാണ് ചിലരുടെ പ്രചാരം. അതുകൊണ്ട് ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ടെന്നും ഇവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ അന്നേ കേട്ടതെല്ലാം ശരിയെന്ന് പലരും കരുതിയിരുന്നു. പക്ഷേ, തെളിവുകള്‍ ഉണ്ടായില്ല. എന്നാല്‍, ഇന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇതെല്ലാം ചെയ്തയാള്‍ പരസ്യമായി കുറ്റമേറ്റു പറയുമ്പോള്‍ അവിശ്വാസത്തിന്റെ കാര്യമില്ല. റൌഫ് ആകെ കുഴപ്പക്കാരനാണെന്ന് പറയുമ്പോള്‍ ഈ കുഴപ്പക്കാരന്‍ എങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായിരുന്നത് എന്ന ചോദ്യത്തിനു മറുപടി പറയേണ്ടിവരും. അല്ലെങ്കില്‍ പിന്നെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇത്തരം പണിചെയ്യാന്‍ അതിനു പറ്റുന്നവരെയല്ലേ കിട്ടുക എന്നും ജനം ചോദിക്കും.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണിച്ച മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസ് സംഘം. അധികാരത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ഇക്കൂട്ടര്‍ അധഃപതിപ്പിച്ചുകളയുമെന്ന പാഠം തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ സഹായിക്കുകതന്നെ ചെയ്യും.

*****

പി രാജീവ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒടുവില്‍ രാജ അകത്തായി. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പായി സര്‍ക്കാരിനുവേണ്ടി സിബിഐ നടത്തിയ നീക്കമാണെന്നാണ് ചില വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍, രാജയുടെ അറസ്റ്റ് യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ സാധൂകരിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ രക്ഷിക്കുന്നതിനും സുപ്രീംകോടതിയുടെ കൂടുതല്‍ ഇടപെടല്‍ തടയുന്നതിനുമാണ് ഇപ്പോഴത്തെ നടപടിയെന്നും പറയുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലാവുകയാണ് ചെയ്തിട്ടുള്ളത്. 1.76 ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടപ്പെടുത്തിയ ഇടപാടാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ആധികാരികമായ രേഖകളുടെ പിന്‍ബലത്തോടെയുള്ള റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ പരിഹസിച്ച് തള്ളുകയാണ് ചെയ്തത്. സര്‍ക്കാരിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചു. ഒരു ഭരണഘടനാസ്ഥാപനമായ സിഎജിയെ തള്ളിപ്പറഞ്ഞ കപില്‍ സിബലിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് ഭരണഘടനാപരമായിത്തന്നെ അധികാരമുള്ള പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ രാജയെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ സിബലിന് ബാധ്യതയുണ്ട്. സര്‍ക്കാരിനു നഷ്ടമില്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റെന്ന് വക്കീലുകൂടിയായ സിബല്‍ തന്നെ വിശദീകരിക്കുന്നതായിരിക്കും നല്ലത്!

FILL THE LACUNA said...

Prime Minister should stop his puppet play again. As a leader he is accountable for all the scams that were happened so far. Now Congress is in the midst of frauds, scams and bribes like 2g, S spectrum, Aadarsh etc.
Let the people of Nation revive to fight against crimes.