Sunday, February 13, 2011

ഇതു ജനങ്ങളുടെ വിജയം

"ജനങ്ങള്‍ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു''- തഹ്രിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ഹൊസ്നി മുബാറക്കിന്റെ രാജിവാര്‍ത്ത കേട്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. പ്രക്ഷോഭകരില്‍ ഒരാളായ മഹമ്മൂദ് എല്‍ഹത്ത ബിബിസി ലേഖകനോടു പറഞ്ഞു: "ഞങ്ങള്‍ മഹത്തായ ജനതയാണ്. ഞങ്ങള്‍ മഹത്തായ ഒരു കാര്യം ചെയ്തിരിക്കുന്നു. ഏകാധിപതിയുടെ പ്രതീക്ഷിച്ച പതനം''-ഈജിപ്തില്‍ 18 ദിവസമായി നടന്നുവന്ന പ്രക്ഷോഭത്തെ നയിച്ച വികാരം ഇതായിരുന്നു. മുന്നൂറില്‍പ്പരം വിലയേറിയ ജീവന്റെ നഷ്ടവും കൊടിയ പീഡനങ്ങളും സഹിച്ച് പോരാടാന്‍ ഈജിപ്ത് ജനതയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏകാധിപതിയോടുള്ള വെറുപ്പും ഒപ്പം ശക്തമായ ദേശാഭിമാനബോധവുമാണ്. ചിലര്‍ പ്രചരിപ്പിക്കുംപോലെ ഈജിപ്തില്‍ അരങ്ങേറിയത് കേവലം ഇന്റര്‍നെറ്റ് വിപ്ളവമല്ല; ഇസ്ളാമികതീവ്രവാദികളുടെ മുന്നേറ്റവുമല്ല. മഹത്തരമായ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ പാരമ്പര്യമുള്ള ഈജിപ്ത് ജനതയുടെ ചരിത്രപരമായ വിപ്ളവമാണ് ഇത്. ആധുനികസങ്കേതങ്ങളായ ഇന്റര്‍നെറ്റും ഫെയ്സ്ബുക്കുമൊക്കെ ഇതിന്റെ സംഘാടനത്തിനും പ്രചാരണത്തിനുമായി ഉപയോഗിച്ചെന്നു മാത്രം.

അതുപോലെ പ്രക്ഷോഭത്തില്‍ 'ഇസ്ളാമിക് ബ്രദര്‍ഹുഡിന്റെ' പങ്കാളിത്തം ചൂണ്ടിക്കാട്ടി തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമം നടന്നു. യഥാര്‍ഥത്തില്‍ ഈജിപ്ത് ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് 'മാറ്റത്തിനുവേണ്ടിയുള്ള ദേശീയ പ്രസ്ഥാനമാണ്'. മതനിരപേക്ഷ, ജനാധിപത്യ പാര്‍ടികള്‍ക്കൊപ്പം ഇതില്‍ പങ്കാളികളായ സംഘടനകളില്‍ ഒന്നുമാത്രമാണ് ബ്രദര്‍ഹുഡ്. ജനകീയപ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ തീരുമാനിച്ചത് തികച്ചും മതനിരപേക്ഷമായാണ്. യുവജനങ്ങള്‍, പ്രൊഫഷണലുകള്‍, വ്യവസായത്തൊഴിലാളികള്‍, ബുദ്ധിജീവികള്‍, ഇടത്തരക്കാര്‍, സ്ത്രീകള്‍ എന്നിവരെല്ലാം പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു.

ടുണീഷ്യന്‍വിപ്ളവമാണ് ഈജിപ്ത്പ്രക്ഷോഭത്തിന് ഉള്‍പ്രേരകമായത്. എന്നാല്‍, മൂന്നു ദശകമായി ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ പിന്തുടരുന്ന മുബാറക് ഭരണത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉരുണ്ടുകൂടിയിരുന്നു. നവഉദാര സാമ്പത്തികനയങ്ങള്‍ ജനങ്ങളെ വന്‍ദുരിതത്തിലാക്കി. ജനസംഖ്യയില്‍ 44 ശതമാനത്തിന്റെയും പ്രതിദിനവരുമാനം 100 രൂപയില്‍ താഴെയായി. തൊഴില്‍ ലഭിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം പെരുകി. കാര്‍ഷികമേഖല തകര്‍ന്നു. 1980കളിലും '90കളിലും തൊഴിലാളികള്‍ ശക്തമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചെങ്കിലും മുബാറക് അവയെല്ലാം അടിച്ചമര്‍ത്തി. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ ജനങ്ങളുടെ രോഷം ആകാശത്തോളം ഉയര്‍ന്നു. അഴിമതിയുടെ കാര്യത്തില്‍ മുബാറക്കും സഹപ്രവര്‍ത്തകരും പരസ്പരം മത്സരിച്ചു. നേരത്തെ സൈനികോദ്യോഗസ്ഥനായിരുന്ന മുബാറക്കിന് ഇപ്പോള്‍ മൂന്നരലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് കണക്കാക്കുന്നത്. യൂറോപ്യന്‍ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിനു പുറമെ അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ആഡംബരവസതികളുമുണ്ട്. ഈജിപ്തില്‍ തന്നെ പലയിടത്തും ബംഗ്ളാവുകളും. പിന്‍ഗാമിയായി മകന്‍ ജമാലിനെ വാഴിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.

ആഗോളസാമ്പത്തിക പ്രതിസന്ധി ഈജിപ്തിനെയും പിടിച്ചുലച്ചു. രാജ്യമെങ്ങും ഫാക്ടറികള്‍ പൂട്ടിയത് തൊഴിലാളികളെ വീണ്ടും പ്രക്ഷോഭത്തിലേക്ക് നയിച്ചു. 2008 മുതല്‍ വിവിധ നഗരങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ സജീവമായിരുന്നു. അക്കൊല്ലം ഏപ്രില്‍ ആറിനു മഹല്ല അല്‍ കുബ്ര നഗരത്തില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് വന്‍പ്രസ്ഥാനം തന്നെ ഉയര്‍ന്നുവന്നു. ഇന്റര്‍നെറ്റ് വഴി യുവാക്കള്‍ 'ഏപ്രില്‍ആറ് യുവജനപ്രസ്ഥാനത്തിന്' പ്രചാരണം നല്‍കി. പൊലീസ് പീഡനത്തില്‍ മരിച്ച ഖാലിദ് സെയ്ദിന്റെ പേരില്‍ രൂപീകരിച്ച പ്രസ്ഥാനവും പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. 'ഞങ്ങളെല്ലാം ഖാലിദ് സെയ്ദുമാരാണ്' എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അംഗങ്ങളായി. ഇവര്‍ പരസ്പരം പ്രക്ഷോഭസന്ദേശങ്ങള്‍ പങ്കിടുകയും ഒരേസമയം തെരുവിലിറങ്ങുകയുമായിരുന്നു. സ്വതന്ത്രമാധ്യമങ്ങള്‍ക്കും പരസ്യമായ പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിനും കൂച്ചുവിലങ്ങിട്ട മുബാറക്കിന്റെ കിരാതവാഴ്ചയെ ഈജിപ്ത് യുവജനത തകര്‍ത്തെറിഞ്ഞത് ഈ തന്ത്രം ഉപയോഗിച്ചാണ്.

തഹ്രിര്‍ ചത്വരം പ്രക്ഷോഭകാലത്ത് ഈജിപ്ത് സംസ്കാരത്തിന്റെ നവോത്ഥാന വേദിയായി. ചിത്രകാരന്മാര്‍, നടന്മാര്‍, ഗായകര്‍, മതനേതാക്കള്‍, സാംസ്കാരികപ്രവര്‍ത്തകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍ എന്നിവരെല്ലാം യുവപോരാളികള്‍ക്ക് ഉത്സാഹം പകര്‍ന്നു പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. പിഞ്ചുകുട്ടികളുമായി സ്ത്രീകളും തമ്പടിച്ചു. വിപ്ളവം ജനങ്ങളുടെ ഉത്സവം തന്നെയായി മാറി. സൈന്യത്തിന്റെ കടുപ്പംപോലും ജനവികാരത്തിനു മുന്നില്‍ അലിഞ്ഞു. മുബാറക്കിന്റെ കൂലിപ്പടയായ പൊലീസുകാര്‍ ജനങ്ങളെ ആക്രമിച്ചപ്പോള്‍ സൈന്യമാണ് രക്ഷാകവചം തീര്‍ത്തത്. അമേരിക്കയോടും ഇസ്രയേലിനോടും ഗാഢബന്ധം പുലര്‍ത്തുന്ന ഈജിപ്ത് സൈനികനേതൃത്വം തല്‍ക്കാലത്തേക്കെങ്കിലും ജനാധിപത്യബോധം പ്രകടിപ്പിച്ചു. ഏകാധിപത്യവും ദുര്‍നയങ്ങളും അഴിമതിയും നിറഞ്ഞ മുബാറക്കിന്റെ ഭരണം ഈജിപ്ത് ജനതയ്ക്ക് ദുരന്തമായി മാറിയതാണ് പ്രക്ഷോഭത്തിനു വഴിയൊരുക്കിയതെന്ന് ചുരുക്കം.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സഹായത്തോടെ ഇത്രയുംകാലം പിടിച്ചുനിന്നു. ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ഏത് ഏകാധിപതിയെയും പോലെ മുബാറക് കാലത്തിന്റെ ചവറ്റുകൊട്ടയിലായി. എന്നാല്‍, ജനങ്ങള്‍ ആഗ്രഹിച്ചതിന്റെ പകുതിയാണ് ഇതുവരെ നേടിയത്. ഇപ്പോള്‍ ഭരണം സൈന്യത്തിന്റെ കരങ്ങളിലാണ്. 30 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ ഇപ്പോഴത്തെ അവസ്ഥ മാറുമ്പോള്‍ പിന്‍വലിക്കാമെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യസര്‍ക്കാരിന് എപ്പോള്‍, എങ്ങനെ ഭരണം കൈമാറുമെന്നതും പ്രധാന ചോദ്യങ്ങളാണ്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാരിന്റെ ചുമതലയില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യത്തോട് സൈനിക കൌസിലിന്റെ പ്രതികരണം വ്യക്തമല്ല. മുബാറക് സ്ഥാനമൊഴിഞ്ഞതിന്റെ ആഹ്ളാദാരവങ്ങള്‍ നിലയ്ക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ശക്തമായി ഉയരും.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 130211

1 comment:

വര്‍ക്കേഴ്സ് ഫോറം said...