Thursday, February 17, 2011

കേന്ദ്ര ബജറ്റ് ചരിത്രവും പ്രതീക്ഷയും

ഈ മാസം അവസാനം മറ്റൊരു കേന്ദ്രബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഇന്ത്യയുടെ പൊതുവരവ്-ചെലവ് കണക്ക് കാണിക്കുന്ന ഒരു രേഖമാത്രമല്ല അത്. മറിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏത് ദിശയിലാണ് വരും വര്‍ഷങ്ങളില്‍ നീങ്ങാന്‍ പോകുന്നത് എന്നതിനെക്കുറിച്ചുള്ള സൂചനകളും അത് നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക നയവും ബജറ്റില്‍ പ്രതിഫലിപ്പിക്കും. ഈ നിലയ്ക്ക് കുറച്ച് ബജറ്റ് ചരിത്രവും വിശേഷങ്ങളും ആണ് ഇവിടെ ആമുഖമായി പ്രതിപാദിക്കുന്നത്.

ആര്‍ കെ ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യബജറ്റ് അവതരിപ്പിച്ചത്. 1947 നവംബര്‍ 26 ന് ആയിരുന്നു അത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു ഷണ്‍മുഖം ചെട്ടി. ഈ ആദ്യബജറ്റ് വെറും ഒരു സാമ്പത്തിക സര്‍വ്വേ മാത്രമായിരുന്നു. 1948-49 ലെ രണ്ടാം ബജറ്റ് കൊണ്ടുവരാന്‍ വെറും 95 ദിവസം ബാക്കി നില്‍ക്കവേ ആദ്യ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നുമില്ലായിരുന്നു. നെഹ്‌റുവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ഷണ്‍മുഖം ചെട്ടി 1949 ല്‍ രാജിനല്‍കി.

1947 ന് ശേഷം ഇതേവരെ 28 ധനമന്ത്രിമാര്‍ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. 1970-71 ല്‍ മാത്രം ഒരു വനിതാ ധനമന്ത്രിയാണ് കേന്ദ്രത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. അത് ഇന്ദിരാഗാന്ധി ആയിരുന്നു.മൊറാര്‍ജി ദേശായി ആണ് ഏറ്റവും കൂടുതല്‍ തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ചത്. നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന 5 വര്‍ഷവും ഇന്ദിരാഗാന്ധിയുടെ കൂടെയിരുന്ന 3 വര്‍ഷവും മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചു. 1964, 1968 എന്നീ വര്‍ഷങ്ങളില്‍ തന്റെ ജന്മദിനമായ ഫെബ്രുവരി 28 ന് തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരംകിട്ടി.

1951-52 ല്‍ ഒരു ഇടക്കാല ബജറ്റ് ആദ്യമായി അവതരിപ്പിക്കാന്‍ നിര്‍ബന്ധിതനായത് സി ഡി ദേശ് മുഖായിരുന്നു. റിസര്‍വ് ബാങ്കിന്റെ ആദ്യ ഇന്ത്യന്‍ ഗവര്‍ണറായിരുന്നു അദ്ദേഹം. 1958-59 കാലത്ത് ധനമന്ത്രാലയം പ്രധാനമന്ത്രി നെഹ്‌റു തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. പല ധനമന്ത്രിമാരും പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരാകുന്ന അവസ്ഥ പലരാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ 1959-64, 1967-90 കാലയളവില്‍ ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 1977-79 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1979 ല്‍ കുറഞ്ഞ കാലയളവില്‍ ധനമന്ത്രിപദം അലങ്കരിച്ചിരുന്ന ചൗധരി ചരണ്‍സിങ്ങ് ആ വര്‍ഷം അവസാനം പ്രധാനമന്ത്രി പദത്തിലെത്തി. 1985-87 കാലത്ത് ധനമന്ത്രിയായിരുന്ന വി പി സിംഗ് 1989-90 കാലത്ത് പ്രധാനമന്ത്രിയായി. ഇന്ദിരാഗാന്ധിയും മന്‍മോഹന്‍സിംഗും ധനമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു.

യശ്‌വന്ത് സിംഹ, മന്‍മോഹന്‍സിംഗ് എന്നിവരാണ് തടസ്സം കൂടാതെ തുടര്‍ച്ചയായി 5 ബജറ്റ് അവതരിപ്പിച്ച വ്യക്തികള്‍. 1980-82 കാലത്ത് കേന്ദ്ര ധനമന്ത്രിയായിരുന്ന ആര്‍ വെങ്കിടരാമന്‍ പില്‍ക്കാലത്ത് 1987-92 കാലത്ത് ഇന്ത്യയുടെ പ്രസിഡന്റ് പദവി അലങ്കരിക്കയുണ്ടായി. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് പലതും, അതുപോലെ നികുതി നിര്‍ദേശങ്ങളില്‍ പലതും മാറ്റിപ്പറയുകയോ, തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടിവന്നതിന്റെ റെക്കോര്‍ഡ് യശ്‌വന്ത് സിംഹയ്ക്ക് ആയിരുന്നു. വി പി സിംഗ് ഭരണം ഒഴിഞ്ഞപ്പോള്‍ അത് ഏറ്റെടുക്കാനും ബജറ്റ് അവതരിപ്പിക്കാനും 1987-88 ല്‍ രാജീവ് ഗാന്ധിക്ക് അവസരം കിട്ടി.

1992-93 മുതല്‍ പുത്തന്‍ സാമ്പത്തികനയം അടിസ്ഥാനമാക്കിയുള്ള ബജറ്റുകള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് മന്‍മോഹന്‍ സിംഗിനാണ്. അതിന്റെ ഫലമായി വിദേശ നിക്ഷേപത്തിനോട് ഉദാര സമീപനം സ്വീകരിച്ചു. ഇറക്കുമതി ചുങ്ക നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന 300 ശതമാനത്തില്‍ നിന്നും 50 ശതമാനത്തിലേയ്ക്ക് കുത്തനെ കുറച്ചു. ഇതിനെ തുടര്‍ന്നാണ് 1997-98 ല്‍ അന്ന് ബഹുകക്ഷി ഭരണത്തിന്‍ കീഴില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം തന്റെ 'സ്വപ്ന ബജറ്റ്' അവതരിപ്പിച്ചത്. ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച ഒരു റോഡ് മാപ്പ് അവതരിപ്പിച്ച് ചിദംബരം ചരിത്രം സൃഷ്ടിച്ചു. വരുമാന നികുതി നിരക്കുകള്‍ കുറച്ചു. കമ്പനി നികുതിയുടെ മേലുണ്ടായിരുന്ന സര്‍ചാര്‍ജ്ജ് അദ്ദേഹം പിന്‍വലിച്ചു. കമ്പനി നികുതി നിരക്കും കുറയ്ക്കുകയുണ്ടായി.

ഇപ്പോഴിതാ പ്രണബ് മുഖര്‍ജി കേന്ദ്രബജറ്റ് ഫെബ്രുവരി 28 ന് അവതരിപ്പിക്കാന്‍ പോകുന്നു. ധനമന്ത്രിമാര്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന രാജ്യമാണ് ഇന്ത്യ. പ്രണാബ് മുഖര്‍ജിക്കും ഒരു സാധ്യതയുണ്ടാകുമോ? പൊതുതിരഞ്ഞെടുപ്പിന് പിന്‍പും മുന്‍പും ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം കിട്ടിയ വ്യക്തിയാണദ്ദേഹം. 1982-84 കാലത്ത് 3 കേന്ദ്രബജറ്റുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. യൂറോ മണി എന്ന മാഗസിന്‍ 1984 ല്‍ ലോകത്തെ ഏറ്റവും നല്ല കാര്യക്ഷമതയുള്ള ധനമന്ത്രി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി.

സാധാരണയായി ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ലീപ്പ് ഇയര്‍ വരുമ്പോള്‍ അത് ഫെബ്രുവരി 29 ന് ആകും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 ഞായറാഴ്ച ആയിരുന്നതുകൊണ്ട്, ബജറ്റ് 26 നാണ് അവതരിപ്പിച്ചത്. ചിലയവസരങ്ങളില്‍ പൂര്‍ണ ബജറ്റിന് പകരം, ഇടക്കാല ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാറുണ്ട്. 1947 നുശേഷം ഇന്ത്യയില്‍ 28 ധനമന്ത്രിമാര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. അവരുടെ നയങ്ങള്‍ വിശദമായി വിശകലനം ചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല.

ബജറ്റ് പ്രസംഗവും ബജറ്റ് രേഖയും ആദ്യം അവതരിപ്പിക്കുന്നത് ലോകസഭയിലാണ്. എന്നാല്‍ വാര്‍ഷിക ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റ് അവതരിപ്പിക്കുന്നത് രാജ്യസഭയിലാണ്. ബജറ്റ് അവതരിപ്പിച്ചതിനുശേഷം അടുത്ത 5 ദിവസം പൊതുചര്‍ച്ചയാണ് . ബജറ്റ് രേഖ വളരെ ജാഗ്രതയോടെയാണ് തയ്യാറാക്കുക. ഈ രേഖയും അനുബന്ധ രേഖകളും മറ്റും അതീവ രഹസ്യ സ്വഭാവമുള്ളതായതുകൊണ്ട് കേന്ദ്രധനമന്ത്രാലയത്തിന്റെ ബേസ്‌മെന്റില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രസിലാണ് അവ അച്ചടിക്കുന്നത്. ആകെ 30 ജീവനക്കാരാണ് അവിടെയുള്ളത്. രേഖകളുടെ അച്ചടി കാലയളവിലെ അവസാനത്തെ 7 ദിവസം ഈ ജീവനക്കാര്‍ പ്രസ് ആസ്ഥാനത്ത് തന്നെയാണ് താമസിക്കുന്നത്. അവരുടെ ഭക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നു. കുടുംബാംഗങ്ങളോടുപോലും ഫോണില്‍ സംസാരിക്കാന്‍ അവര്‍ക്ക് വിലക്കുണ്ട്.

സാധാരണയായി വൈകുന്നേരം 5 മണി എന്ന സമയം മാറ്റി ഇപ്പോള്‍, രാവിലെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. വൈകുന്നേരം 5 മണി എന്ന സമയം ബ്രിട്ടന്റെ സൗകര്യത്തിനായിരുന്നു. ബ്രിട്ടന്റെ ബജറ്റ് ഉച്ചയ്ക്കു മുമ്പും അതിനെ തുടര്‍ന്ന് കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയില്‍ തദ്ദേശ സമയമായ വൈകുന്നേരവും ബജറ്റ് അവതരിപ്പിക്കുന്നതിനുമായിരുന്നു ഈ തന്ത്രം. 2000 ന് ശേഷം ഇന്ത്യയുടെ കേന്ദ്ര ബജറ്റ് രാവിലെ തന്നെ അവതരിപ്പിച്ചു തുടങ്ങി.

ഈയിടയ്ക്ക് പുറത്തിറക്കിയ ടേം കണക്കനുസരിച്ച് ഇന്ത്യയുടെ ജി ഡി പി 48,79,232 കോടി രൂപയാണ്. പ്രതിശീര്‍ഷ വരുമാനം 2010-11 എന്ന അതേവര്‍ഷം 54527 രൂപയും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 72,56,571 കോടി രൂപയായി കണക്കാക്കിയിരിക്കുന്നു. 2-ജി സ്‌പെക്ട്രം, ട-ബാന്‍ഡ് കുംഭകോണങ്ങളില്‍ മാത്രം രാജ്യത്തിന്റെ നഷ്ടം ഏതാണ്ട് 4 ലക്ഷം കോടി രൂപയാണ്. ഇത് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പവും ജി ഡി പി യുടെ വലുപ്പവും പരിഗണിച്ചാല്‍ സാരമല്ലായെന്ന് വാദിക്കുന്നവരുണ്ട്.

ജി ഡി പി യുടെ വിന്യാസം നോക്കുക. കാര്‍ഷിക മേഖലയുടെ ജി ഡി പി പങ്ക് 6,92,499 കോടി രൂപമാത്രമാണ്. നിര്‍മാണ മേഖലയുടേത് 3,84,282 കോടി രൂപ. അതിലും ഉയര്‍ന്ന ഒരു തുകയാണ് ചുരക്കം ചില വ്യക്തികളുടെ കീശയിലും ബാങ്ക് അക്കൗണ്ടുകളിലും എത്തിയിട്ടുള്ളത്. 118.6 കോടി ജനങ്ങളുടെ അധ്വാന ഫലമാണ് നമ്മുടെ ജി ഡി പി. ഇതാണിവിടെ കൊള്ളയടിക്കപ്പെടുന്നത്. ഇതിനുപുറമേ വിദേശ ബാങ്കുകളിലെ സ്വകാര്യ നിക്ഷേപങ്ങള്‍. ഇതൊന്നു കണ്ടില്ലായെന്ന് നടിക്കുന്ന ഒരു കേന്ദ്രഭരണ കൂടത്തിന്റെ ബജറ്റാണ് ഈ വരുന്ന 28 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

വരുന്ന ബജറ്റിനെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആം ആദ്മിയെ മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു ബജറ്റാകുമോ അത്? മറിച്ച് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്ന ഒന്നാകുമോ അത്? ഫുഡ് ഇന്‍ഫ്‌ളേഷന് കുറവുണ്ടായിട്ടില്ല. വിലകള്‍ താമസിയാതെ കുറയുമെന്ന കേന്ദ്രധന മന്ത്രിയുടേയും പ്രധാന മന്ത്രിയുടേയും വാക്കുകള്‍ വിശ്വസിക്കാവുന്നതല്ല. കാരണം ഫലവത്തായ നടപടികള്‍ ആ ദിശയില്‍ ഇതുവരെ സ്വീകരിച്ച് തുടങ്ങിയിട്ടില്ലായെന്നത് തന്നെ. വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നുകൂടി കേന്ദ്രം പറഞ്ഞു. എന്നാല്‍ വിലക്കയറ്റമെന്ന പ്രതിഭാസം കേന്ദ്രഭരണകൂടത്തിന്റെ നയങ്ങളുടെ ഫലമാണെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കൂടാതെ അവര്‍ക്ക് ഔദ്യോഗിക വില സൂചികകളില്‍ വിശ്വാസവുമില്ലാതായി. സാധാരണക്കാര്‍ വാങ്ങുന്ന ചരക്കുകളുടെ വിലകള്‍ സമ്പന്നര്‍ വാങ്ങി ഉപയോഗിക്കുന്നവയുടെ വിലകളെക്കാള്‍ അതിവേഗത്തിലാണ് വര്‍ധിക്കുന്നത്. ഇത് നിലവിലുള്ള വലിയ സാമ്പത്തിക ജീവിത നിലവാരത്തിലെ അസമത്വം അതിരൂക്ഷമാക്കുന്നു.

ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അത്ര ഭദ്രമല്ല. കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നു. കാര്‍ഷിക-ഗ്രാമീണ മേഖലയില്‍ നിന്നും നഗരപ്രദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നു. തൊഴില്‍ ശക്തിയുടെ വര്‍ധനവ് അനുസരിച്ചുള്ള അധികതൊഴിലവസരങ്ങളുടെ സൃഷ്ടി പിറകോട്ടാണ്. ജി ഡി പിയുടെ ശതമാനത്തിലുള്ള വളര്‍ച്ച ആം ആദ്മിയുടെ ജീവിതത്തില്‍ പ്രതിഫലിച്ചിട്ടില്ല. വരുമാനവിതരണത്തിലെ ഘടനാപരമായ അനീതികള്‍ തുടരുന്നു. പ്രതിശീര്‍ഷ വരുമാനം കണക്കിലെടുത്താല്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 127 ആണ്. ഇന്ത്യയെ അപേക്ഷിച്ച് തൊഴില്‍ ശക്തിയിലും വിഭവ സമ്പത്തിലും വളരെയേറെ പിന്നോക്കം നില്‍ക്കുന്ന മറ്റ് പല രാഷ്ട്രങ്ങളും ജനങ്ങളുടെ ജീവിത നിലവാരത്തില്‍ എത്രയോ മുന്‍പിലാണ്.

ഇന്ത്യയുടെ ഫിസ്‌ക്കല്‍ കമ്മിയും വിദേശ വ്യാപാരത്തിലെ കറന്റ് അക്കൗണ്ട് കമ്മിയും ഓഹരി കമ്പോളത്തില്‍ വിദേശധന നിക്ഷേപ സ്ഥാപനങ്ങളുണ്ടാക്കുന്ന കോളിളക്കങ്ങളും കണ്ടില്ലായെന്ന് നടിക്കുന്ന കേന്ദ്ര ധനമന്ത്രി നമ്മെ വെറുതെ ആശ്വസിപ്പിക്കാന്‍ വേണ്ടി ''ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഫണ്ടമെന്റല്‍സ് ശക്തമാണ്'' എന്ന് നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ബജറ്റിന് മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വ്വേയും ഇത് തന്നെ ആവര്‍ത്തിച്ചേക്കാം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമാണ് 2011-12. അതുകഴിഞ്ഞാല്‍ പന്ത്രണ്ടാം പദ്ധതി തുടങ്ങണം. അതിനുള്ള തയ്യാറെടുപ്പും നടപടികളും കണക്കിലെടുത്ത് വേണം 2011-12 ലെ ബജറ്റ് അവതരിപ്പിക്കാന്‍. ഇത് ഒരു പ്രതീക്ഷയാണ്. ആം ആദ്മിയുടെ പ്രതീക്ഷകള്‍ ധനമന്ത്രി പരിഗണിക്കുമോ?


*****

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ ഫിസ്‌ക്കല്‍ കമ്മിയും വിദേശ വ്യാപാരത്തിലെ കറന്റ് അക്കൗണ്ട് കമ്മിയും ഓഹരി കമ്പോളത്തില്‍ വിദേശധന നിക്ഷേപ സ്ഥാപനങ്ങളുണ്ടാക്കുന്ന കോളിളക്കങ്ങളും കണ്ടില്ലായെന്ന് നടിക്കുന്ന കേന്ദ്ര ധനമന്ത്രി നമ്മെ വെറുതെ ആശ്വസിപ്പിക്കാന്‍ വേണ്ടി ''ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഫണ്ടമെന്റല്‍സ് ശക്തമാണ്'' എന്ന് നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കയാണ്. ബജറ്റിന് മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വ്വേയും ഇത് തന്നെ ആവര്‍ത്തിച്ചേക്കാം. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമാണ് 2011-12. അതുകഴിഞ്ഞാല്‍ പന്ത്രണ്ടാം പദ്ധതി തുടങ്ങണം. അതിനുള്ള തയ്യാറെടുപ്പും നടപടികളും കണക്കിലെടുത്ത് വേണം 2011-12 ലെ ബജറ്റ് അവതരിപ്പിക്കാന്‍. ഇത് ഒരു പ്രതീക്ഷയാണ്. ആം ആദ്മിയുടെ പ്രതീക്ഷകള്‍ ധനമന്ത്രി പരിഗണിക്കുമോ?