Friday, February 4, 2011

കറുപ്പിന്റെ ജീവിച്ചുകൊണ്ടിരിക്കുന്ന ചരിത്രം

ക്യൂബന്‍ അടിമ എസ്തബാന്‍ മോണ്ടിജോയുടെ ആത്മകഥയ്ക്കും ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്കും ഹാരിയറ്റ് ആന്‍ ജേക്കബ്സിന്റെ അടിമപ്പെണ്ണിന്റെ ആത്മകഥയ്ക്കും സര്‍ഗപരമായ ഇടപെടലില്‍ പൊതുവായി എന്താണുള്ളതെന്ന് കണ്ടെത്തേണ്ടത് നിരൂപകരാണ്. അതേസമയം, ഈ പുസ്തകങ്ങള്‍ പ്രദാനംചെയ്യുന്ന സാമൂഹ്യ- രാഷ്ട്രീയ വിവക്ഷകള്‍ ഗൌരവബോധമുള്ള വായനക്കാര്‍ക്ക് എളുപ്പം പിടികിട്ടും.

അടിമവ്യവസ്ഥയില്‍, വെള്ളക്കാരന്‍ കറുത്തവളില്‍ ജനിപ്പിച്ച മ്യുളാറ്റോയുടെ ജീവിതത്തിന്റെ നടുക്കുന്ന ആത്മകഥാപ്രകാശനമാണ് ഹാരിയറ്റിന്റെ അടിമപ്പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകം. അടിമവ്യവസ്ഥയുടെ കണ്ണീരില്‍ കലര്‍ന്ന ഭൂതകാലമാണ് ഇന്നത്തെ അമേരിക്ക ഒന്നാകെ മറന്നുപോകുന്നതെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും ഈ പുസ്തകം കാട്ടിത്തരുന്നു. നാസി ഭീകരതയില്‍നിന്നു രക്ഷപ്പെടാന്‍ കാണാമറയത്ത് ഇരുന്ന് ലോകത്തെ ആര്‍ദ്രതയോടെ വീക്ഷിച്ച ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായ നടുക്കം സൃഷ്ടിച്ചാണ് ഹാരിയറ്റ് തന്റെ കഥ പറയുന്നത്. എന്നെങ്കിലും താന്‍ സ്വതന്ത്രയാകുമെന്ന ധീരസ്വപ്നം കാണുന്നിടത്താണ് ഹാരിയറ്റെന്ന വിപ്ളവകാരി പിറക്കുന്നത്.

നാസി ഭീകരതയ്ക്കിടയില്‍ ഒളിഞ്ഞിരുന്ന് സ്വതന്ത്രമായ ലോകം കിനാവു കാണുന്നതും അതിനിടയില്‍ സംഭവിക്കുന്ന ജീവിതദുരിതങ്ങളുമാണ് ആനിന് ഡയറിയെഴുത്തിന് പ്രേരകമാകുന്നതെങ്കില്‍, അതിനേക്കാള്‍ തീക്ഷ്ണമാണ് ഹാരിയറ്റിന്റെ അനുഭവജീവിതം. സ്വന്തം വീടിന്റെ മച്ചിലെ ഇരുണ്ട ഗുഹപോലുള്ള മൂലയില്‍ ഏഴുവര്‍ഷം ഒളിച്ചിരുന്ന് തന്റെ മക്കളെങ്കിലും സ്വതന്ത്രരാകുമെന്ന സ്വപ്നം ഇഴ ചേര്‍ക്കുകയാണ് അവര്‍.

അങ്കിള്‍ ടോംസ് കാബിന്‍ എന്ന പ്രശസ്ത നോവലെഴുതിയ ഹാരിയറ്റ് ബീച്ചര്‍ സ്റോവിന്റെ പ്രേരണ കൊതിച്ചാണ് ഹാരിയറ്റ് ആത്മകഥ എഴുതാന്‍ തുടങ്ങിയതെന്ന് ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ പറയുന്നു. എന്നാല്‍, സ്റോവിന്റെ ഒഴിഞ്ഞുമാറലിലും തളരാതെ ഹാരിയറ്റ് അനുഭവങ്ങള്‍ കുറിച്ചപ്പോള്‍ നമുക്ക് ലഭിച്ചത് ചരിത്രത്തേക്കാള്‍ കടുപ്പമേറിയ വര്‍ത്തമാനത്തിന്റെ രൌദ്രത തന്നെ.

വെള്ളക്കാരന് കറുത്തവളില്‍ പിറന്ന ഹാരിയറ്റ് തന്റെ അതേജീവിതം പിന്‍തലമുറയ്ക്കും കൈമാറാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നിടത്താണ് ഈ ആത്മകഥാപുസ്തകത്തിന്റെ കരുത്ത് വെളിവാകുന്നത്. താനും തന്റെ മക്കളും സ്വതന്ത്രരായി ജീവിക്കുക എന്നതില്‍ മാത്രമല്ല കാര്യമെന്നും അവര്‍ താമസിയാതെ മനസിലാക്കുന്നു. തന്റെ രണ്ടുമക്കളിലൂടെ പിന്‍തലമുറ ഒന്നാകെ സ്വതന്ത്രമാകണം എന്ന ധീരമായ സ്വാതന്ത്ര്യസ്വപ്നമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

കറുത്തവരുടെ പ്രതിനിധിയായി അമേരിക്കന്‍ തലപ്പത്ത് ഒബാമ വന്നുവെന്ന് മേനി പറയുമെങ്കിലും ലോകരാഷ്ടീയത്തിന്മേല്‍ അമേരിക്ക പുലര്‍ത്തുന്ന കൊളോണിയല്‍ അടിമവ്യവസ്ഥ ഇന്നും സജീവമാണ്. ഈ സന്ദര്‍ഭത്തിലാണ് ഹാരിയറ്റ് ആന്‍ ജേക്കബ്സ് (1813- 1897) ഇന്നും ജീവിക്കുന്നുണ്ടെന്ന് നമുക്ക് പറയാന്‍ കഴിയുന്നത്. ഹാരിയറ്റ് തന്നെ പറയുന്നതുപോലെ, തന്റെ ഉടമ ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിറ്റതുകൊണ്ട് തന്റെമേല്‍ മുദ്രിതമായ അടിമത്തം വിട്ടുമാറുന്നില്ല. ഒരുവേള സാങ്കേതികമായി താന്‍ സ്വതന്ത്രയെന്നു പറയാമെങ്കിലും വില്‍പ്പന രസീത് കാട്ടിക്കൊണ്ടുള്ള അടിമത്തവ്യവസ്ഥയുടെ ചീഞ്ഞ പ്രയോഗങ്ങള്‍ ഹാരിയറ്റും ഒപ്പം ബഹുകേന്ദ്രീകൃതമായ ലോകവ്യവസ്ഥയും കഠിനമായി വെറുക്കുന്നു.

1813ല്‍ വടക്കന്‍ കരോലിനയിലെ എഡന്‍ടണില്‍ ജനിച്ച ഹാരിയറ്റ് ആറാം വയസ്സിലാണ് താന്‍ അടിമയാണെന്ന രാഷ്ട്രീയസത്യം മനസ്സിലാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വാതില്‍ വെറും സ്വപ്നം മാത്രമെന്നു തിരിച്ചറിഞ്ഞ യൌവനത്തില്‍ ഹാരിയറ്റും മറ്റു അടിമകളെപ്പോലെ ഒളിച്ചോടുന്നു. ഈ ഓട്ടം അവരെ എത്തിച്ചത് 19-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ രൂപംകൊണ്ട വിമോചനപ്രസ്ഥാനങ്ങളിലേക്കായിരുന്നു. 1852ല്‍ യജമാനത്തി മരിച്ചതോടെ അവരുടെ ഒസ്യത്തുപ്രകാരം അഞ്ചുവയസ്സുകാരിയായ മരുമകള്‍ മേരിയുടെ അടിമയായി ഹാരിയറ്റ് മാറുന്നു. മേരിയുടെ അച്ഛന്‍ നോട്ടമിട്ടത് തന്റെ പുഷ്കലമായ ശരീരത്തിലേക്കാണെന്ന കടുത്ത യാഥാര്‍ഥ്യം തിരിച്ചറിയുന്നതോടെയാണ് അവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്നത്. ലൈംഗികാതിക്രമം അടിമകള്‍ക്കുമേല്‍ സര്‍വസാധാരണമാണെങ്കിലും ഹാരിയറ്റ് അതിനെ ധീരമായി ചെറുത്തു.

വെറും ആത്മകഥാപ്രകാശനമാകുന്നില്ല ഈ പുസ്തകം എന്നിടത്താണ് ഇതിന്റെ വായനാപ്രസക്തി വര്‍ധിക്കുന്നത്. ഹാരിയറ്റ് വിവരിക്കുന്ന തന്റെ യജമാനത്തിയുടെയും ഭര്‍ത്താവിന്റെയും എന്തിനേറെ തന്റെ പേരുപോലും മാറ്റിയാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. ഒരുവേള കടുത്ത ഫിക്ഷനെപ്പോലും മറികടക്കുന്ന നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കാലിടറാതിരിക്കാനാകണം അവര്‍ പേരുമാറ്റി ഉപയോഗിച്ചത്.

ഒളിച്ചോടി സ്വതന്ത്രയായശേഷം റോച്ചസ്ററിലെ അടിമത്തവിരുദ്ധ പുസ്തകശാലയില്‍ തന്റെ സഹോദരനോടൊപ്പം ജോലിചെയ്ത ഹാരിയറ്റിനെ ജീവിതകഥയെഴുതാന്‍ പ്രേരിപ്പിച്ചത് അടിമത്ത നിര്‍മാര്‍ജന പ്രവര്‍ത്തകയും ഫെമിനിസ്റുമായിരുന്ന ആമി പോസ്റാണ്. 1853ല്‍ ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ പേരുവയ്ക്കാതെ എഴുതിയ കത്തുകളുടെ രൂപത്തിലാണ് അനുഭവം ആദ്യം വായനക്കാരിലേക്ക് എത്തുന്നത്. 1860ല്‍ പുറത്തിറങ്ങിയെങ്കിലും ഏറെ ചര്‍ച്ചയായില്ല. പക്ഷേ, 1973ല്‍ പുനഃപ്രകാശനം ചെയ്തപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാരുടെ അംഗീകാരം ഏറെ ലഭിച്ച ഈ കൃതി ഡിസി ബുക്സാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. പത്രപ്രവര്‍ത്തകരായ പി സുധാകരനും എന്‍ എസ് സജിത്തും മിഴിവാര്‍ന്ന ഭാഷയിലാണ് തര്‍ജമ നിര്‍വഹിച്ചിട്ടുള്ളത്.

ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ
ഡിസി ബുക്സ്, രൂ. 125

*
വിനോദ് പായം കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 30 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടിമവ്യവസ്ഥയില്‍, വെള്ളക്കാരന്‍ കറുത്തവളില്‍ ജനിപ്പിച്ച മ്യുളാറ്റോയുടെ ജീവിതത്തിന്റെ നടുക്കുന്ന ആത്മകഥാപ്രകാശനമാണ് ഹാരിയറ്റിന്റെ അടിമപ്പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകം. അടിമവ്യവസ്ഥയുടെ കണ്ണീരില്‍ കലര്‍ന്ന ഭൂതകാലമാണ് ഇന്നത്തെ അമേരിക്ക ഒന്നാകെ മറന്നുപോകുന്നതെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും ഈ പുസ്തകം കാട്ടിത്തരുന്നു. നാസി ഭീകരതയില്‍നിന്നു രക്ഷപ്പെടാന്‍ കാണാമറയത്ത് ഇരുന്ന് ലോകത്തെ ആര്‍ദ്രതയോടെ വീക്ഷിച്ച ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായ നടുക്കം സൃഷ്ടിച്ചാണ് ഹാരിയറ്റ് തന്റെ കഥ പറയുന്നത്. എന്നെങ്കിലും താന്‍ സ്വതന്ത്രയാകുമെന്ന ധീരസ്വപ്നം കാണുന്നിടത്താണ് ഹാരിയറ്റെന്ന വിപ്ളവകാരി പിറക്കുന്നത്.