Thursday, February 24, 2011

കേന്ദ്രഅച്ചടക്ക കമീഷനെക്കുറിച്ച്

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന തത്വം മുറുകെപിടിക്കുന്ന പ്രസ്ഥാനമായി നിലകൊള്ളുന്നതില്‍ സിപിഐ എം അഭിമാനിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിലെ അംഗങ്ങള്‍ തൊഴിലാളിവര്‍ഗത്തെയും രാജ്യത്തെയും സ്വന്തം താല്‍പ്പര്യങ്ങളെക്കാള്‍ പ്രധാനമായി കരുതുന്നു. പാര്‍ടിയുടെ പതിനായിരക്കണക്കിന് കേഡര്‍മാര്‍ സ്വാര്‍ഥതാല്‍പ്പര്യമില്ലാതെ, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ജനപിന്തുണ നേടാന്‍ പാര്‍ടിക്ക് കഴിയുന്നത് ഇതുവഴിയാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബോധമുള്ളതുകൊണ്ടാണ് പാര്‍ടി കേഡര്‍മാര്‍ക്ക് ഇന്ന് സമൂഹത്തെ ബാധിച്ച ജീര്‍ണതയുടെയും അഴിമതിയുടെയും സ്വാധീനങ്ങള്‍ക്ക് വശംവദരാകാതെ നിലകൊള്ളാന്‍ കഴിയുന്നത്.

സമകാലിക ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വമേഖലകളിലും അഴിമതി മൂടിയിരിക്കുന്നു, പൊതുസമ്പത്ത് കൊള്ളയടിക്കുകയും പൊതുപ്രവര്‍ത്തകര്‍ അധഃപതനത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. നവഉദാരവല്‍ക്കരണകാലത്ത് വന്‍തോതില്‍ ഒഴുകുന്ന പണം രാഷ്ട്രീയസംവിധാനത്തില്‍ കടന്നാക്രമണം നടത്തുകയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളെയും സര്‍ക്കാരുകളെയും വന്‍മൂലധനം വര്‍ധിച്ചതോതില്‍ പാട്ടിലാക്കിയിരിക്കുന്നു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന കൂട്ടുകെട്ട് അഴിമതിയും അധാര്‍മികപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു; ഇത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജീര്‍ണത പടര്‍ത്തുകയുമാണ്.

ഇത്തരമൊരു അന്തരീക്ഷത്തില്‍ വിപ്ളവകരമായ സ്വഭാവവും ഉന്നതനിലവാരവും കാത്തുസൂക്ഷിക്കാനും അഴിമതിയും ദുഷ്ചെയ്തികളും പാര്‍ടി അണികളിലേയ്ക്ക് കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കാനും സിപിഐ എം ഇരട്ട ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പൊതുപദവികള്‍ വഹിക്കുന്നവരും പാര്‍ടിയില്‍ ഉത്തരവാദിത്തമുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നവരും തെറ്റായ ശീലങ്ങളിലേക്കും പ്രവണതകളിലേക്കും വഴുതിവീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഫലം

തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി പാര്‍ടിക്കുള്ളില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഇതിന്റെ ഫലമായി സ്വീകരിച്ച നടപടികളിലൊന്ന് പൊളിറ്റ്ബ്യൂറോ അംഗം അധ്യക്ഷനായും കേന്ദ്രകമ്മിറ്റിയില്‍നിന്ന് മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തിയും കേന്ദ്ര അച്ചടക്കകമീഷന്‍ രൂപീകരിച്ചതാണ്. എസ് രാമചന്ദ്രന്‍പിള്ള(അധ്യക്ഷന്‍), മദന്‍ ഘോഷ്, യു വാസുകി, വി ശ്രീനിവാസ റാവു എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമീഷന്‍. 2009 ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ പ്രക്രിയയെക്കുറിച്ചുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമാണ് അച്ചടക്ക കമീഷന്‍.

ഈ കമീഷന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം തെറ്റുതിരുത്തല്‍ പ്രക്രിയയെക്കുറിച്ചുള്ള പ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അഴിമതിയോ കമ്യൂണിസ്റ് ജീവിതമാതൃകയുടെ ലംഘനമോ സംബന്ധിച്ച് പാര്‍ടി കേഡര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ കാലതാമസം കൂടാതെ പരിശോധിച്ച് നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുക എന്നതാണ് കമീഷന്റെ പ്രവര്‍ത്തനം. പ്രമേയത്തില്‍ പറയുന്നു:

"പാര്‍ടി കേഡര്‍മാര്‍ക്കോ നേതാക്കള്‍ക്കോ എതിരായി അഴിമതിയോ ദുഷ്ചെയ്തികളോ സംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കാന്‍ പല പാര്‍ടി കമ്മിറ്റികളും തയ്യാറാകുന്നില്ലെന്ന് അനുഭവം തെളിയിക്കുന്നു. വിഭാഗീയ പ്രവണതകള്‍, ഉദാരമനോഭാവം, പ്രധാനപ്പെട്ട ഒരു പാര്‍ടി കേഡറുടെ വിരോധം സമ്പാദിക്കേണ്ടിവരുമെന്നുള്ള വൈമുഖ്യം തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ടാണ് പലപ്പോഴും നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ പാര്‍ടി കമ്മിറ്റികള്‍ക്ക് കഴിയാത്തത്.''

വിവിധ തലങ്ങളില്‍ പാര്‍ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഴിമതി, ദുര്‍വൃത്തി, കമ്യൂണിസ്റ് ജീവിതമാതൃകയുടെയും മൂല്യങ്ങളുടെയും ലംഘനം എന്നിവ സംബന്ധിച്ച പരാതികളാണ് അച്ചടക്ക കമീഷന്റെ പരിധിയില്‍ വരിക. ലഭിക്കുന്ന പരാതികള്‍ അച്ചടക്ക സമിതി പരിശോധിക്കും. കഴമ്പുള്ളതാണെന്ന് കണ്ടാല്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനസമിതിക്ക് നിര്‍ദേശം നല്‍കാന്‍ കമീഷന് കഴിയും. സംസ്ഥാനകമ്മിറ്റിക്ക് നേരിട്ടോ ഏതെങ്കിലും കീഴ്കമ്മിറ്റി വഴിയോ നിശ്ചിതസമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. കേന്ദ്ര അച്ചടക്ക കമീഷന്റെ പ്രവര്‍ത്തനത്തിനായി കേന്ദ്രകമ്മിറ്റി ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതതു സംസ്ഥാനകമ്മിറ്റികള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അച്ചടക്ക കമീഷന് അയക്കണം. അച്ചടക്ക കമീഷന്‍ എടുക്കുന്ന തീരുമാനത്തിന്റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കും സമര്‍പ്പിക്കും.

കണ്‍ട്രോള്‍ കമീഷനുമായുള്ള വ്യത്യാസം

നേരത്തെതന്നെ നിലവിലുള്ള കേന്ദ്ര കണ്‍ട്രോള്‍ കമീഷനും ഈയിടെ രൂപീകരിച്ച കേന്ദ്ര അച്ചടക്ക കമീഷനും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് പാര്‍ടിക്കുള്ളില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ടി ഭരണഘടനയ്ക്ക് കീഴിലുള്ള സംവിധാനമാണ് കണ്‍ട്രോള്‍ കമീഷന്‍. ഇത് പാര്‍ടി കോണ്‍ഗ്രസില്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പാര്‍ടി അംഗങ്ങള്‍ക്കെതിരായി സ്വീകരിക്കുന്ന അച്ചടക്കനടപടികളെക്കുറിച്ച് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുകയെന്നതാണ് കണ്‍ട്രോള്‍ കമീഷന്റെ ദൌത്യവും അധികാരപരിധിയും. അച്ചടക്ക നടപടികള്‍ക്ക് വിധേയരായ പാര്‍ടി അംഗങ്ങളില്‍നിന്ന് ലഭിക്കുന്ന അപ്പീലുകള്‍ മാത്രമാണ് കേന്ദ്ര-സംസ്ഥാന കണ്‍ട്രോള്‍ കമീഷനുകള്‍ സ്വീകരിക്കുക. എന്തെങ്കിലും തെറ്റായ പ്രവൃത്തികളെക്കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ കണ്‍ട്രോള്‍ കമീഷനുകള്‍ക്ക് കഴിയില്ല.

അഴിമതികള്‍, ദുഷ്ചെയ്തികള്‍, കമ്യൂണിസ്റ്ജീവിതമാതൃകയുടെ ലംഘനം എന്നിവ സംബന്ധിച്ച് പരാതികള്‍ കൈകാര്യം ചെയ്യുകയെന്ന വ്യക്തമായ ഉത്തരവാദിത്തമാണ് കേന്ദ്ര അച്ചടക്ക കമീഷന് നല്‍കിയിട്ടുള്ളത്. സംഘടനാപരമായ വിഷയങ്ങളിലേക്ക് കേന്ദ്ര അച്ചടക്ക കമീഷന്‍ കടക്കുകയില്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സംഘടനാമര്യാദകളുടെ ലംഘനവും പ്രശ്നങ്ങളും അച്ചടക്ക കമീഷന്റെ പരിധിയില്‍ വരുന്നതല്ല. കേന്ദ്രീകൃത ജനാധിപത്യതത്വങ്ങള്‍ വഴി സംഘടനാപരമായ സംവിധാനത്തിലൂടെതന്നെ അവ പരിഹരിക്കണം. ചട്ടങ്ങള്‍ പ്രകാരം, അച്ചടക്ക കമീഷന്‍ പാര്‍ടി അംഗങ്ങളില്‍നിന്നും പാര്‍ടികമ്മിറ്റികളില്‍നിന്നും മാത്രമേ പരാതികള്‍ സ്വീകരിക്കൂ. പാര്‍ടിക്ക് പുറത്തുള്ളവരില്‍നിന്നോ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരില്‍നിന്നോ വരുന്ന പരാതികള്‍ സ്വീകരിക്കില്ല. പരാതികള്‍ നല്‍കാനുള്ള അവകാശം പാര്‍ടിയോടുള്ള ഉയര്‍ന്ന ഉത്തരവാദിത്തബോധത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി അംഗങ്ങള്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാലിശമോ ദുരുദ്ദേശപരമോ ആയ പരാതികള്‍ അവഗണിക്കും, ഇവ നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കും.

ഉന്നതനിലവാരത്തില്‍ കമ്യൂണിസ്റ് ജീവിതമാതൃകയും മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ പാര്‍ടിക്ക് സാധിക്കുന്നതിനുവേണ്ടിയാണ് അച്ചടക്ക കമീഷന്‍ രൂപീകരിച്ചത്. ദുഷ്ചെയ്തികള്‍ തടയാനും തിരുത്താനും പാര്‍ടി പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആഭ്യന്തരസംവിധാനം ഉണ്ടാകുന്നതിന്റെ ഭാഗമായുള്ള പ്രധാന നടപടിയാണിത്. തെറ്റായ രീതികള്‍ തടയാനും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി ഉയരാനും ജാഗ്രതയോടെ നിലകൊള്ളുകയാണെന്ന് സിപിഐ എമ്മിനെക്കുറിച്ചുള്ള വിശ്വാസം പൊതുവായി വര്‍ധിക്കാന്‍ ഇതു ഇടയാക്കും

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 24 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന തത്വം മുറുകെപിടിക്കുന്ന പ്രസ്ഥാനമായി നിലകൊള്ളുന്നതില്‍ സിപിഐ എം അഭിമാനിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിലെ അംഗങ്ങള്‍ തൊഴിലാളിവര്‍ഗത്തെയും രാജ്യത്തെയും സ്വന്തം താല്‍പ്പര്യങ്ങളെക്കാള്‍ പ്രധാനമായി കരുതുന്നു. പാര്‍ടിയുടെ പതിനായിരക്കണക്കിന് കേഡര്‍മാര്‍ സ്വാര്‍ഥതാല്‍പ്പര്യമില്ലാതെ, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ജനപിന്തുണ നേടാന്‍ പാര്‍ടിക്ക് കഴിയുന്നത് ഇതുവഴിയാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബോധമുള്ളതുകൊണ്ടാണ് പാര്‍ടി കേഡര്‍മാര്‍ക്ക് ഇന്ന് സമൂഹത്തെ ബാധിച്ച ജീര്‍ണതയുടെയും അഴിമതിയുടെയും സ്വാധീനങ്ങള്‍ക്ക് വശംവദരാകാതെ നിലകൊള്ളാന്‍ കഴിയുന്നത്.