Thursday, January 31, 2013

പ്രാര്‍ഥിക്കാനോ, ഒരു പ്രധാനമന്ത്രി

നമുക്കുവേണ്ടത് ഭരിക്കാനറിയുന്ന പ്രധാനമന്ത്രിയെയാണ്. പ്രാര്‍ഥിക്കാന്‍ നമുക്ക് അനേകായിരം പുരോഹിതന്മാരുണ്ട്. അവരത് നിര്‍വഹിക്കുന്നുമുണ്ട്. അവരെല്ലാവരുംകൂടി പ്രാര്‍ഥിച്ചിട്ടും മനുഷ്യര്‍ നന്നാകുന്നില്ലെന്നത് മറ്റൊരുകാര്യം. അഴിമതിയും അക്രമവും കൊലപാതകവും ബലാത്സംഗവും അനുദിനം വര്‍ധിക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. പ്രാര്‍ഥനയ്ക്കപ്പുറമുള്ള എന്തോ ചില കാര്യങ്ങള്‍ മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്നു. അതെന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. അതാണ് പ്രശ്നം. പ്രധാനമന്ത്രിയ്ക്കുപോലും കഴിയുന്നില്ല. അതുകൊണ്ടാണല്ലോ ഗത്യന്തരമില്ലാതെ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ്ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചത്. എന്തൊരു ഗതികേട്!

സമൂഹത്തിലെ ജീവിതപ്രശ്നങ്ങള്‍ക്ക്&ിറമവെ;- അവ സാമൂഹികവും സാമ്പത്തികവുമാകാം- പ്രയോഗിക പരിഹാരം കാണുകയാണ് ഭരണാധികാരിയുടെ ധര്‍മം. വസ്തുനിഷ്ഠമായ പ്രായോഗികപ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോഴാണ് ഒരു ഭരണാധികാരി തികച്ചും ആത്മനിഷ്ഠമായ പ്രാര്‍ഥനയെ അവസാനത്തെ അഭയസ്ഥാനംപോലെ ആശ്രയിക്കുന്നത്. സ്വന്തം അപ്രസക്തി ബോധ്യപ്പെട്ടതിനാലാണ് പ്രാര്‍ഥനയെന്ന ആത്മവഞ്ചനയില്‍ പ്രധാനമന്ത്രി ആശ്രയം കണ്ടെത്തിയത്. അതിന്റെ മറുവശം ജനവഞ്ചനയാണ്.

ഡല്‍ഹിയിലെ കൂട്ടബലാത്സംഗം സുമനസ്സുള്ള എല്ലാ ഇന്ത്യാക്കാരിലും തീവ്രമായ ആത്മവ്യഥയും ഗ്ലാനിയും ഉളവാക്കി. ഉള്ളുപൊള്ളിയ്ക്കുന്ന, നെഞ്ചുപിളര്‍ക്കുന്ന, നീറുന്ന നോവാണ് നാമോരോരുത്തരും അനുഭവിച്ചത്. ദുഃഖവും രോഷവും ലജ്ജയും ഇടകലര്‍ന്ന വികാരത്തോടെ ദേശമെമ്പാടും ജനങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍, ഡല്‍ഹിയിലെ പെണ്‍കുട്ടിയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. ഡല്‍ഹിയിലായതുകൊണ്ടും പെണ്‍കുട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായതുകൊണ്ടും മാധ്യമങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടുമാണ് ദേശീയവും സാര്‍വദേശീയവുമായ ശ്രദ്ധയും പ്രതിഷേധവുമുണ്ടായത്. കേരളത്തിലും ബംഗാളിലും ഒറീസയിലും ഹരിയാനയിലും ബിഹാറിലുമെല്ലാം നിത്യേനയെന്നോണം സ്ത്രീപീഡനങ്ങള്‍ നടക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിക്കുന്നു? ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കിലും ഇക്കാര്യം ആലോചിക്കേണ്ടതായിരുന്നു. അതിനദ്ദേഹം തയ്യാറല്ല എന്നതാണ് പ്രാര്‍ഥനകൊണ്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍നിന്നും മനസ്സിലാകുന്നത്. സ്വന്തം കാമവാസനകളെയും ലൈംഗികചോദനകളെയും നിയന്ത്രിക്കാനും പ്രണയനീതമായി അവയെ പൂര്‍ത്തികരിക്കാനും പഠിച്ചപ്പോഴാണ് മനുഷ്യന്‍ മനുഷ്യത്വത്തിലേക്ക് വളര്‍ന്നത്. സ്വാര്‍ഥവും മൃഗസമാനവുമായ അക്രമവാസനകളില്‍ ബോധപൂര്‍വം നിയന്ത്രണമേര്‍പ്പെടുത്തിയാണ് മനുഷ്യന്‍ സംസ്കാരസമ്പന്നനായത്. ഫ്യൂഡല്‍ പുരുഷമേധാവിത്വ പിന്തുടര്‍ച്ചയായി അവശേഷിക്കുന്ന പാരമ്പര്യത്തില്‍ മാത്രമേ, ശക്തിപ്രയോഗത്തെ "പൗരുഷ"ത്തിന്റെയും "ആണത്ത"ത്തിന്റെയും അടയാളമായി കണ്ടിരുന്നുള്ളൂ.

എന്നാല്‍, ഇന്ന് അതിനെയെല്ലാം അവഗണിക്കാവുന്നവിധം ക്രൂരവും പൈശാചികവുമായ ലൈംഗികക്രൂരത ഇന്ത്യയില്‍ നടമാടുന്നു. എന്തുകൊണ്ട് ലൈംഗികപീഡനം ഇന്ത്യയിലിന്ന് ഒരു സാമൂഹ്യരോഗമായി മാറി? എവിടെയാണ് രോഗത്തിന്റെ ഉറവിടം? എന്താണ് രോഗകാരണം? പ്രതിവിധി എന്താണ്? ചോദ്യങ്ങളെന്തൊക്കെയായാലും ഉത്തരം സംബന്ധിച്ച് ഒരു കാര്യം ഉറപ്പാണ്, പ്രാര്‍ഥനയല്ല പ്രതിവിധി. എന്തുകൊണ്ട് കുറ്റംചെയ്ത നരാധമന്മാര്‍ നീചകൃത്യത്തിനു തയ്യാറായി? അവരിലെ വ്യക്തിപരമായ തിന്മയും ശിക്ഷിക്കപ്പെടില്ലായെന്ന ധാരണയുമാണ് കാരണമെന്ന് വാദിച്ചേക്കാം. എങ്കില്‍ എന്തുകൊണ്ട് വന്യമായ ബലാത്സംഗങ്ങളും ലൈംഗികപീഡനങ്ങളും മറ്റുസ്ഥലങ്ങളിലും സമകാലികമായി വ്യാപകമാകുന്നു? വ്യക്ത്യാധിഷ്ഠിതമായ സ്വഭാവവൈകൃതത്തിനും സദാചാരരാഹിത്യത്തിനും സംസ്കാരശൂന്യതയ്ക്കുമപ്പുറം ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടിയിരിക്കുന്നു. അക്രാമകമായ മുതലാളിത്തം (മഴഴൃലശൈ്ല രമുശമേഹശൊ)എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന സാമ്പത്തിക സാംസ്കാരിക പരിസരത്തിലാണ് ലൈംഗിക അരാജകത്വം സാമൂഹ്യവ്യാധിയായി മാറുന്നത്.

എല്ലാ നന്മകളും മാനവികമൂല്യങ്ങളും ഏകവും പരമവുമായ സാമ്പത്തികമോഹത്തിനു വഴിമാറുമ്പോള്‍, അനിവാര്യമായ അമാനവീകരണത്തിന്റെ ഏറ്റവും സ്തോഭജനകമായ രൂപമാണ് പുരുഷന്‍ സ്ത്രീയെ വെറുമൊരു ലൈംഗികവസ്തുവായി കാണുന്ന അവസ്ഥ. ആഗോളസാമ്പത്തിക കുത്തകകള്‍ക്ക് മറ്റു മനുഷ്യരെപ്പോലെ "സ്ത്രീ" വെറും ഒരു ചരക്കാണ്. കൂടാതെ മറ്റ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യങ്ങളിലെ അവിഭാജ്യഘടകമാണ് സ്ത്രീശരീരം. വെട്ടിനുറുക്കി ലൈംഗികാവയവങ്ങളായി സ്ത്രീയെ വിഘടിപ്പിച്ച് ഉപയോഗിച്ചാണ് കുത്തകവ്യവസായം മാര്‍ക്കറ്റുകള്‍ പിടിച്ചടക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനുവേണ്ടി സ്ത്രീലൈംഗികതയെ ചൂഷണംചെയ്യുന്ന വിപണനതന്ത്രമാണ് എല്ലാ രംഗത്തും പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി "ലൈംഗികത"യുടെയും സ്ത്രീശരീരത്തിന്റെയും മാനുഷികമായ മഹത്വം നഷ്ടപ്പെട്ടിരിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട സ്ത്രീ ഇന്ന് വിപണിയിലെ ഒരു "കമ്മോഡിറ്റി" മാത്രമാണ്; ഒരു ഉല്‍പ്പന്നം; ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കാവുന്ന ഒരു വസ്തു; മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പല ഉപഭോഗസാധനങ്ങളെയും പോലെ. ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്കും സംഭവിച്ചത് അതുതന്നെയാണല്ലോ. മിതമായിപ്പറഞ്ഞാല്‍ ഭരണകൂടം പിന്തുടരുന്ന സാമ്പത്തികലാഭകേന്ദ്രിതമായ ആഗോളവല്‍ക്കരണവും അതിന്റെ അനുസാരികളായ വ്യത്യസ്ത മാധ്യമരൂപങ്ങളും കൂടിയാണ് ഇന്ത്യയെ ലൈംഗിക അരാജകത്വത്തിന്റെയും അതിക്രമങ്ങളുടെയും നാടാക്കി മാറ്റിയത്. മണ്ണും വെള്ളവും വനവും എല്ലാം വില്‍പ്പനച്ചരക്കാക്കുന്ന സാമ്പത്തികനയത്തിന്റെ അനുബന്ധമായി പെണ്ണും വെറും ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങാണ് ആഗോളവല്‍ക്കരണത്തിനുള്ള വാതില്‍ തുറന്നുകൊടുത്തത്. അമേരിക്കയുടെയും ലോകബാങ്കിന്റെയും "കണ്ടീഷണാലിറ്റീസി"ന് (ഉപാധികള്‍ക്ക്) വഴങ്ങി "ഘടനാപരമായ നീക്കുപോക്കുകള്‍"ക്ക്  അദ്ദേഹം തയ്യാറായി. ഘടനാപരമായ നീക്കുപോക്കുകള്‍ എന്നാല്‍,ഇന്ത്യന്‍ സ്ത്രീയുടെയും ജനതയുടെയും ആത്മാഭിമാനത്തിലും സുരക്ഷയിലും ഉണ്ടാകുന്ന കേടുപാടുകള്‍ എന്ന അര്‍ഥമുണ്ടെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. അതുപോലെ കോര്‍പറേറ്റുകളുടെ സാമ്പത്തികനിക്ഷേപത്തിനുള്ള "കണ്ടീഷണാലിറ്റീസ്" എന്നാല്‍, ഡല്‍ഹിയിലെ കൂട്ടബലാത്സംഗം പോലെയുള്ള "ഇവന്‍ച്വാലിറ്റീസ്" (അനന്തരഫലങ്ങള്‍) അനുഭവിക്കണമെന്നാണെന്നും നാം ഇപ്പോഴെ അറിയുന്നുള്ളൂ. ഒരുപക്ഷേ, മന്‍മോഹന്‍സിങ്ങിന് അറിയാമായിരുന്നിരിക്കണം. പക്ഷേ, അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. മി.സിങ്, ഭരിക്കാനാണ്, പ്രാര്‍ഥിക്കാനല്ല ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വേണ്ടത്. പ്രാര്‍ഥിക്കാന്‍ ഭാവിയില്‍ താങ്കള്‍ക്ക് ഏറെ സമയമുണ്ടാകും, ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിച്ചശേഷം!

*
ഡോ. കെ പി കൃഷ്ണന്‍കുട്ടി ദേശാഭിമാനി 31 ജനുവരി 2013

ജനവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കായി വലതുപക്ഷ മാധ്യമ കുഴലൂത്ത്

ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കുന്നത്. ഇത് വിവിധ ജനവിഭാഗങ്ങളുടെമേല്‍ ദുരിതങ്ങളുടെ തീമഴതന്നെ വര്‍ഷിക്കുന്നു. ഇത്തരം നയങ്ങള്‍ നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും പ്രക്ഷോഭങ്ങളുടെ പരമ്പരതന്നെ രൂപപ്പെട്ടിട്ടുണ്ട് എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. ഇത്തരം പ്രക്ഷോഭം പല രാജ്യങ്ങളിലും സര്‍ക്കാരിനെത്തന്നെ മാറ്റിമറിക്കുന്ന നിലയിലേക്കും വളര്‍ന്നു. ലോകത്തെമ്പാടും രൂപപ്പെട്ട ഇത്തരം ജനമുന്നേറ്റങ്ങള്‍ ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് അംഗീകരിക്കാനാവുന്നതല്ല. ജനമുന്നേറ്റങ്ങള്‍ നടന്ന രാജ്യങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം പ്രക്ഷോഭങ്ങളെ അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചത്്. വാള്‍സ്ട്രീറ്റില്‍ ഉള്‍പ്പെടെ പ്രക്ഷോഭം നടത്തിയ ജനത തങ്ങളുടെ സമരത്തിന്റെ ഉള്ളടക്കം നവമാധ്യമങ്ങളെയും മറ്റും ഉപയോഗിച്ച് ജനങ്ങളെ അറിയിക്കേണ്ടിവന്നത് അതിനാലാണ്.

കേരളത്തിലും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി നടത്തുന്ന പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ വീക്ഷിക്കുന്നത് ഇത്തരം കണ്ണോടെതന്നെയാണ്. പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുക, നല്‍കുന്ന വാര്‍ത്തകളാവട്ടെ വക്രീകരിച്ച് നല്‍കുക, മറ്റ് അപ്രധാന വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക തുടങ്ങിയ രീതികളാണ് ഇവര്‍ പുലര്‍ത്തുന്നത്. മാത്രമല്ല, സമരം നടക്കുന്ന കാലത്ത് അതിനെ ശക്തമായി എതിര്‍ത്തശേഷം സമരം അവസാനിക്കുന്ന ഘട്ടത്തില്‍ അവ ഒന്നും നേടിയില്ല എന്ന് പ്രചരിപ്പിച്ച് പോരാട്ടം നടത്തിയ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി രൂപപ്പെടുത്താനും ശ്രമിക്കുന്നു. വലതുപക്ഷ ശക്തികള്‍ അവരംഗീകരിച്ച പ്രത്യേക അജന്‍ഡയുടെ ഭാഗമായി ഈ പ്രചാരണത്തില്‍ ഏര്‍പ്പെടുകയാണ്. വര്‍ത്തമാനകാലത്ത് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ സ്ഥിതിയും വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

രാജ്യത്തിന്റെ പൊതുശ്രദ്ധ പിടിച്ചുപറ്റിയ പ്രക്ഷോഭമായിരുന്നു പാചകവാതക സിലിന്‍ഡര്‍പ്രശ്നത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മഞ്ചേശ്വരംമുതല്‍ പാറശാലവരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം. വലതുപക്ഷശക്തികള്‍ക്ക്, ഒന്നും നേടാന്‍ കഴിയാത്ത സമരമെന്ന് പുച്ഛിക്കാമെങ്കിലും രാജ്യമാകെ ആ സമരസന്ദേശം നെഞ്ചേറ്റി. പാചകവാതക സിലിന്‍ഡറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്ത നടത്തുന്നുണ്ട് എന്ന് ഇത്തരം മാധ്യമങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നത് ഈ പ്രക്ഷോഭം ഉണ്ടാക്കിയ സമ്മര്‍ദത്തിന്റെകൂടി ഫലമാണ് എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് രാജ്യമാകെ നടപ്പാക്കുന്ന വലതുപക്ഷ അജന്‍ഡയുടെ ഭാഗമാണ്. നമ്മുടെ വികസനത്തിന് ഉപയോഗിക്കേണ്ട പണം വന്‍കിട കോര്‍പറേറ്റുകളുടെ മൂലധനമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് 2013 ഏപ്രില്‍ ഒന്നുമുതല്‍ ജോലിയില്‍ ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകും. നിലവിലുള്ളവര്‍ക്ക് ബാധകമാകാത്തതിനാല്‍ അവര്‍ എന്തിന് ഈ തീരുമാനത്തെ ചോദ്യംചെയ്യുന്നു എന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുകയുണ്ടായി. ഒരേ ജോലി ചെയ്യുന്നവരെ രണ്ടായി തരംതിരിക്കുകയാണ് ഇതിലൂടെ. ഒരേ റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കുന്നവര്‍ക്കുതന്നെ വ്യത്യസ്ത രീതിയിലുള്ള പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന സമീപനം. സ്വാഭാവികമായും ഏതൊരു സംഘടനയും അതിനെ ചോദ്യംചെയ്യും.

പങ്കാളിത്ത പെന്‍ഷനോട് ജീവനക്കാരുടെയും അധ്യാപകരുടെയും മേഖലയിലുള്ള മുഴുവന്‍ സംഘടനകളും വിയോജിപ്പ് രേഖപ്പെടുത്തി. ഭരണപക്ഷ അനുകൂല സംഘടനയായ സെറ്റോവിനെ രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ പണിമുടക്കില്‍നിന്ന് മാറ്റിനിര്‍ത്താനായെങ്കിലും അതില്‍ അണിനിരന്നവരുടെ മനസ്സ് പണിമുടക്കിയവരോടൊപ്പമായിരുന്നു. അതുകൊണ്ടാണ് ആഗസ്ത് 21ന് സൂചനാ പണിമുടക്കിലും ജനുവരി എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിലും ജീവനക്കാരിലും അധ്യാപകരിലും ഭൂരിപക്ഷം പണിമുടക്കിയത്. ജനുവരി എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പരാജയപ്പെടുത്തുന്നതിന് വഴിവിട്ട നടപടികള്‍ പലതും സ്വീകരിക്കുകയുണ്ടായി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കല്‍, വനിതാ ജീവനക്കാരെയടക്കം ജയിലിലടയ്ക്കല്‍, കെഎസ്യുവിന്റെ ലേബലില്‍ കോണ്‍ഗ്രസുകാര്‍ സമരക്കാര്‍ക്കു നേരെ നടത്തിയ ആക്രമണം തുടങ്ങിയവയെല്ലാം ഉണ്ടായെങ്കിലും സമരം ചെയ്യുന്നവരുടെ മനോവീര്യം തകര്‍ന്നില്ല. അവര്‍ പണിമുടക്കില്‍ ഉറച്ചുനിന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ജനുവരി 13ന് ആദ്യം ധനമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അവസാനം ജീവനക്കാരുമായി ചര്‍ച്ച ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന തരത്തില്‍ ശക്തി പ്രാപിച്ചതായിരുന്നു സമരം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ പലതും പരിഹരിക്കാനുതകുന്ന ഒത്തുതീര്‍പ്പ് ഇതിലുണ്ടായി എന്നതാണ് വസ്തുത.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ വേതനവും കുറഞ്ഞ സേവന കാലവുമുള്ളവര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ഇത്തരം പ്രയാസങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുക്കാന്‍ കഴിഞ്ഞു. ഈ പദ്ധതിയിലൂടെ മിനിമം പെന്‍ഷന്‍ ലഭിക്കുന്ന കാര്യം ഉറപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ച കാര്യമാണ്. സമരത്തെത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയ ഭേദഗതികൂടി ഉള്‍ക്കൊള്ളിച്ച് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കും എന്ന ഉറപ്പ് നേടിയെടുക്കാനും കഴിഞ്ഞു. പെന്‍ഷന്‍ ഫണ്ട് എവിടെ നിക്ഷേപിക്കും എന്ന് തനിക്ക് പറയാനാവില്ലെന്നാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. സമരത്തിന്റെ ഫലമായി പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎയ്ക്ക് സര്‍ക്കാര്‍ എഴുതുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. 2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേരുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് രേഖപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്ന ഉറപ്പും ഇതോടൊപ്പമുണ്ടായി. എംപവേര്‍ഡ് കമ്മിറ്റി, തസ്തിക വെട്ടിക്കുറയ്ക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത് ജീവനക്കാരില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയതാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായല്ലെങ്കിലും സമരസമിതി ഈ പ്രശ്നം ഉന്നയിച്ചു. ഇത് സംഘടനകളുമായി ചര്‍ച്ചചെയ്യും എന്നും സര്‍ക്കാര്‍ സമ്മതിച്ചു. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരില്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാത്തതിനാല്‍ സമരം പരാജയപ്പെട്ടു എന്ന് വാദിക്കുന്നവര്‍ കാണേണ്ട വസ്തുത, ജീവനക്കാര്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം ഉണ്ടാകാതിരുന്നതാണ് ഇത്തരം ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്നാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് സമരസമിതി നിര്‍ദേശിച്ചിരുന്നു. അത് സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നത് ജീവനക്കാരാകെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരാണ് എന്ന് മനസിലാക്കിയതുകൊണ്ടാണ്. നവ ഉദാരവല്‍ക്കരണത്തിനെതിരെ വീറുറ്റ സമരംതന്നെയാണ് അധ്യാപകരും ജീവനക്കാരും നടത്തിയത്. അതിനെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ വീറുറ്റ സമരത്തിലേക്ക് ജീവനക്കാരും അധ്യാപകരും നീങ്ങാന്‍ ഇടയുണ്ടെന്ന തിരിച്ചറിവ് മൂലമാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഭൂമാഫിയയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും തങ്ങളുടെ മുന്‍ഗാമികളുടെ മാതൃക പിന്തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നു മുതല്‍ 10 വരെ മിച്ചഭൂമിയില്‍ പ്രവേശിക്കുന്ന സമരം ഭൂസംരക്ഷണസമിതി ആരംഭിച്ചത്. സംസ്ഥാനത്താകെ 39,831 വളന്റിയര്‍മാരാണ് ഈ സമരത്തില്‍ പങ്കെടുത്തത്. ജനുവരി 11 മുതല്‍ 16 വരെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി സമരത്തില്‍ പങ്കെടുത്തത് 60,873 വളന്റിയര്‍മാരാണ്. ഈ സമരങ്ങളില്‍ സമരവളന്റിയര്‍മാരെ അനുധാവനം ചെയ്തവരുണ്ട്. മിച്ചഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ 72,224 പേരും കുടില്‍കെട്ടി സമരത്തില്‍ 89,107 പേരും സമരസഖാക്കളെ അനുധാവനംചെയ്തു. മൊത്തം 2,69,703 പേര്‍ ഭൂസമരത്തില്‍ അണിനിരന്നു. ഇത്തരത്തില്‍ ശക്തമായി നടന്ന സമരത്തെ ഇകഴ്ത്തിക്കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യണമെന്നും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിന് മുന്‍ഗണന നല്‍കണമെന്നുമാണ് സമരത്തിലുന്നയിച്ച പ്രധാന മുദ്രാവാക്യം. ജനുവരി 16ന് ഭൂസംരക്ഷണ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും കൃഷിയാവശ്യത്തിന് ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണംചെയ്യുമെന്നും ചര്‍ച്ചയില്‍ ധാരണയായി. ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം ഭൂമി വിതരണംചെയ്യുന്ന നടപടി ത്വരിതപ്പെടുത്തുമെന്നും ഉറപ്പുനല്‍കി. കൈവശ കൃഷിക്കാര്‍ക്ക് പട്ടയം വിതരണംചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും ധാരണയായി.

എല്ലാ പുറമ്പോക്ക് നിവാസികള്‍ക്കും കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നല്‍കും എന്നു മാത്രമല്ല, തോട്ടങ്ങളുടെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ തോട്ടഭൂമി ഒഴികെയുള്ളത് ഏറ്റെടുക്കുമെന്ന ഉറപ്പും നേടിയെടുക്കാന്‍ ഈ സമരത്തിലൂടെ സാധ്യമായി. ഈ സമരവുമായി ബന്ധപ്പെട്ട് മറ്റു ചില സുപ്രധാനമായ ഉറപ്പുകളും സര്‍ക്കാര്‍ നല്‍കി. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഘടന മാറ്റുന്നത് തടയുന്നതിന്റെ ഭാഗമായി നെല്‍വയലുകള്‍ കൈമാറ്റംചെയ്യുമ്പോള്‍ കൃഷി ആവശ്യത്തിനുമാത്രം ഉപയോഗിക്കും എന്ന് ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഭൂപരിധി നിയമം ലംഘിച്ചത് സംബന്ധിച്ച പരാതികള്‍ ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കുകയും നടപടി എടുക്കുകയും ചെയ്യും. മാത്രമല്ല, ഇതു സംബന്ധിച്ച് അധികം കേസുകളുണ്ടെങ്കില്‍ പരാതി നല്‍കാനുള്ള പ്രത്യേക സംവിധാനം സംസ്ഥാനത്തുണ്ടാക്കുന്നത് പരിഗണിക്കുമെന്നും തീരുമാനിച്ചു. ഭൂമിക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാതിരുന്ന ഭൂരഹിതര്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യവും ഉറപ്പുവരുത്താനായി. എല്ലാ ഭവനരഹിതര്‍ക്കും മൂന്നുസെന്റ് ഭൂമി വിതരണംചെയ്യും. മാത്രമല്ല, പഞ്ചായത്ത് പ്രദേശങ്ങളില്‍ നാലുമുതല്‍ 10 സെന്റ് വരെ വിതരണംചെയ്യുന്ന കാര്യം പ്രദേശത്തിന്റെയും ലഭ്യതയുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

സമരത്തോടനുബന്ധിച്ച് എടുത്ത കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഇത്തരത്തില്‍, ഉന്നയിച്ച പ്രശ്നങ്ങളിലെല്ലാം വ്യക്തമായ ഉറപ്പ് സമ്പാദിക്കാന്‍ കഴിഞ്ഞൊരു സമരത്തെയാണ് ഒന്നും നേടാനാകാതെ പൂര്‍ണമായി പരാജയപ്പെട്ട ഒന്നായി വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ജനങ്ങളുടെ അവകാശ പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകമാത്രമല്ല, സമരങ്ങളിലൂടെ നേടിയ നേട്ടം തമസ്കരിക്കാനുമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ശബ്ദമാണ് തങ്ങളുടേത് എന്ന് പ്രചരിപ്പിക്കുകയും തികച്ചും ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയുംചെയ്യുന്ന ഇത്തരം മാധ്യമസംസ്കാരത്തെ തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം ജനകീയ മാധ്യമങ്ങളെ ശക്തിപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യവും ഈ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 31 ജനുവരി 2013

Wednesday, January 30, 2013

വിശ്വരൂപത്തിന്റെ വിധി

കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ആദ്യത്തേത് സ്റ്റേ നീക്കിക്കൊണ്ടും രണ്ടാമത്തേത് ആ വിധിയെ അസ്ഥിരപ്പെടുത്തിക്കൊണ്ടും. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലുംപെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്താതിരുന്നാല്‍ തനിക്ക് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുകയെന്ന് കമല്‍ഹാസന് പറയേണ്ടിവരുന്ന അവസ്ഥ നമ്മുടെ സാംസ്കാരികലോകം കാണാതിരുന്നുകൂടാ.

എം എഫ് ഹുസൈനെ പുറത്താക്കിയതുകൊണ്ട് നമ്മുടെ സാംസ്കാരികരംഗത്തിനുണ്ടായ അവമതിപ്പ് കമല്‍ഹാസനുകൂടി രാഷ്ട്രം വിട്ടു പോകേണ്ട നിലയുണ്ടാക്കിക്കൊണ്ട് ആവര്‍ത്തിച്ചുകൂടാ. ആസ്വാദകര്‍ എന്ത് കാണണമെന്നും എന്ത് കേള്‍ക്കണമെന്നും നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം തങ്ങള്‍ക്കാണെന്ന മട്ടില്‍ സ്ഥാപിത ജാതിവര്‍ഗീയശക്തികള്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ കൂടുതല്‍ കൂടുതലായി ഇടപെടുകയും അത് വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കു നിരക്കുന്നതല്ല. നമ്മുടെ സാംസ്കാരികരംഗത്ത് അസഹിഷ്ണുത കാട്ടുതീപോലെ പടരുകയാണ്. എന്തിലും ഏതിലും ജാതിയും മതവും മാനദണ്ഡമാവുന്ന അവസ്ഥ. പുരോഗമന സ്വഭാവമുള്ള ഏത് നീക്കത്തെയും മതവികാരം വ്രണപ്പെടുന്നുവെന്ന ആരോപണമുന്നയിച്ച് തടസ്സപ്പെടുത്താമെന്ന അവസ്ഥ. ഇതിന് അറുതി കുറിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ കലാസാംസ്കാരികരംഗത്ത് മൗലികതയുള്ള സര്‍ഗാത്മകസൃഷ്ടികള്‍ ഇല്ലാതായിപ്പോവും.

ജയ്പുര്‍ സാഹിത്യസമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടവരെയും അതില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേണ്ടവരെയും വര്‍ഗീയതയുടെ ശക്തികള്‍ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചമുമ്പ് നാം കണ്ടു. ചില മാസങ്ങള്‍ക്കുമുമ്പാണ് എ കെ രാമാനുജന്റെ രാമായണ പഠനത്തിനെതിരായി ഡല്‍ഹി സര്‍വകലാശാലയില്‍ കലാപമുണ്ടായതും സിലബസില്‍നിന്ന് ആ പാഠങ്ങള്‍ നീക്കിയതും. തസ്ലീമാ നസ്റീന്‍ എന്ന ബംഗ്ലാദേശി നോവലിസ്റ്റിനെ പുസ്തകപ്രകാശന വേളയില്‍തന്നെ ആക്രമിക്കുന്നതുകണ്ടു. ശബാന ആസ്മിക്കും ദീപ മേത്തയ്ക്കും മല്ലിക സാരാഭായിക്കും ചലച്ചിത്രരംഗത്ത് കുലഗുരുവായി കണക്കാക്കപ്പെടുന്ന ദിലീപ് കുമാറിനും ഒക്കെ വര്‍ഗീയശക്തികളില്‍നിന്ന് ഭീഷണി നേരിടുന്ന അവസ്ഥയാണ് സമീപകാലത്തുണ്ടായത്.

കേരളത്തില്‍തന്നെ ഒരിക്കല്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വസതിയിലേക്ക് വര്‍ഗീയശക്തികള്‍ മാര്‍ച്ചുചെയ്യുമെന്ന അവസ്ഥയുണ്ടായി. ഏതു കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുണ്ടാവാം. ആ അഭിപ്രായങ്ങള്‍ പൊതുവേദികളില്‍ പ്രകടിപ്പിക്കാന്‍ തടസ്സമില്ല. എന്നാല്‍, തങ്ങളുടെ അഭിപ്രായമേ വിലപ്പോവാന്‍ അനുവദിക്കൂ എന്ന മട്ടില്‍ കൈക്കരുത്തുകൊണ്ട് കാര്യം നേടാന്‍ നോക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. വ്യത്യസ്ത വര്‍ഗീയതകള്‍ സാംസ്കാരികമണ്ഡലത്തില്‍ അനുവര്‍ത്തിക്കുന്നത് അപലപനീയമായ ഫാസിസ്റ്റ് രീതിയാണ്. ജനാധിപത്യ- മതേതരവിശ്വാസികള്‍ ഇതിനെതിരെ സമയോചിതമായി ഇടപെടുന്നുവെന്നതും പ്രതിഷേധിക്കുന്നുവെന്നതും തീര്‍ച്ചയായും ആശ്വാസകരമാണ്.

വിശ്വരൂപത്തിന്റെ കാര്യത്തില്‍ ചലച്ചിത്രവ്യവസായരംഗത്തെ എതിരാളികള്‍ വര്‍ഗീയശക്തികളെ ഇളക്കിവിട്ടതാണോ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. പണം തീര്‍ക്കുന്ന ചാലിലൂടെ ഒഴുകുന്നതാണ് വര്‍ഗീയത. ആ നിലയ്ക്ക് വര്‍ഗീയത ഉപയോഗപ്പെടുത്തുകയുണ്ടായിട്ടുണ്ടോ എന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും കലയുടെ കാര്യത്തിലായാലും ശാസ്ത്രത്തിന്റെ കാര്യത്തിലായാലും മതശക്തികള്‍ക്കാണ് അവസാന വാക്ക് എന്ന നില വിപല്‍ക്കരമാണ്. അത് അംഗീകരിക്കപ്പെട്ടാല്‍ ഗലീലിയോയ്ക്കിപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുമായിരുന്നില്ല. മതത്തിന് സ്വീകാര്യമായ കാര്യമല്ലല്ലോ ഗലീലിയോ പറഞ്ഞത്. വര്‍ഗീയതയുടെ അളവുകോല്‍കൊണ്ട് അളക്കുമെന്നുവന്നാല്‍ കലയും ശാസ്ത്രവുമൊക്കെ മുരടിച്ചുപോകും. ആ വിപത്ത് ഉണ്ടായിക്കൂടാ. അതിന് സാംസ്കാരികരംഗം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 31 ജനുവരി 2013

കണ്ടിട്ടുണ്ടോ തണ്ണീര്‍പ്പന്തല്‍?

ബഹുരാഷ്ട്രക്കമ്പനികള്‍ കുപ്പിവെള്ളത്തിനു വില കൂട്ടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ജനുവരി 17-ലെ 'മംഗളം' പത്രത്തിലുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില നിലവിലുള്ള 18 ഉറുപ്പികയില്‍നിന്ന് 20 ഉറുപ്പികയാക്കുന്നു. പെപ്‌സിയുടെ അക്വാഫിന, കൊക്കക്കോളയുടെ കിന്‍ലേ, മക്‌ഡോവല്‍, കിംഗ് ഫിഷര്‍ തുടങ്ങിയ കമ്പനികളാണ് വില കൂട്ടുന്നത്. രണ്ടു മാസത്തിനുള്ളില്‍ വില 25 ഉറുപ്പികയാക്കാനുള്ള നീക്കത്തിന് മുന്നോടിയാണത്രേ ഇത്.

കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതു കാരണം പൊള്ളുന്ന ഒരു വേനല്‍ക്കാലമാണ് നമ്മളെ തുറിച്ചുനോക്കുന്നത്. ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പുഴകളില്‍ വെള്ളനിരപ്പ് താഴ്ന്നു. കിണറുകളും കുളങ്ങളും വറ്റി. ഭൂമി വരണ്ടു. കേരളം വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോഴാണ് വെള്ളത്തിനു വില കൂട്ടാനുള്ള തീരുമാനവുമായി വെള്ളക്കമ്പനികള്‍ എത്തുന്നത്. പുര കത്തുമ്പോഴാണ് വാഴ വെട്ടാന്‍ അവസരം എന്ന് അവര്‍ക്കുമറിയാം.

കുടിവെള്ളം കിട്ടാതെ ഹോട്ടലുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. മേശയ്ക്കു മുന്നിലിരിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളം വെച്ചുകൊടുക്കാനില്ലെങ്കില്‍പ്പിന്നെ ഹോട്ടല്‍ തുറന്നു വെച്ചിട്ടെന്ത്? ഈയിടെ ആക്കുളത്ത് ഒരു മൂവിങ്ങ് റെസ്റ്റോറന്റില്‍ പോയപ്പോള്‍ തിന്നാനുള്ള സാന്‍ഡ്‌വിച്ചിനോടൊപ്പം കുടിക്കാന്‍ കുപ്പിവെള്ളമാണ് മേശപ്പുറത്തെത്തിയത്. ഗ്ലാസ്സില്‍ വെള്ളം കൊടുക്കുന്ന പതിവ് ഇല്ലെന്നാണ് അവര്‍ പറഞ്ഞത്.  പോകെപ്പോകെ ഹോട്ടലുകളൊക്കെ ഇത് നടപ്പാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. സൗജന്യമായി ഒന്നും കൊടുക്കേണ്ടതില്ല എന്നാണല്ലോ നവീനവാണിജ്യവേദാന്തം.

പണ്ടു പണ്ട്, സ്‌കൂള്‍ ബസുകളില്ലാത്ത ഒരു കാലമുണ്ടായിരുന്നു. നാലു നാഴിക നടന്നാണ് ഞങ്ങള്‍ ചേര്‍പ്പിലേയ്ക്ക് പോയിരുന്നത്. തിരിച്ച് ചേര്‍പ്പില്‍നിന്ന് ഊരകത്തെത്തുമ്പോഴേയ്ക്കും ദാഹിച്ചു തുടങ്ങും. ഊരകത്ത് എത്തുമ്പോള്‍ മനസ് തണുക്കും. കാരണം അവിടെ ഒരു തണ്ണീര്‍പ്പന്തലുണ്ടായിരുന്നു. പന്തലില്‍ എപ്പോഴും ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു മധ്യവയസ്‌കനുണ്ടായിരുന്നു. പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട സംഭാരം നിറച്ച കുട്ടിക്കലങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ചിട്ടുണ്ടായിരിക്കും. അതില്‍നിന്ന് ഓരോന്നെടുത്ത് അയാള്‍ ഞങ്ങള്‍ക്കുനേരെ നീട്ടിത്തരും. അത് വയറു നിറയെ കുടിച്ചതിനു ശേഷമാണ് ഞങ്ങള്‍ നടത്തം തുടരുക.

ബാക്കിയുള്ള രണ്ടു നാഴിക നടക്കുന്നതിനിടയില്‍ വീണ്ടും ദാഹിക്കാന്‍ തുടങ്ങും. ഞെരുവിശ്ശേരി സെന്ററില്‍ 'ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പിക്ലബ്ബ്' ഉണ്ടായിരുന്നു. ഹോട്ടലിന്റെ മുന്നിലിട്ട മരബെഞ്ചില്‍ വേനല്‍ക്കാലങ്ങളില്‍ ഒരു മണ്‍കലത്തില്‍ വെള്ളം നിറച്ചുവെയ്ക്കാറുണ്ടായിരുന്നു. വഴിപോക്കര്‍ അതില്‍നിന്ന് വെള്ളം മുക്കിയെടുത്ത് കുടിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അവിടെനിന്നല്ല വെള്ളം കുടിക്കുക. അതിന് മറ്റൊരു സ്ഥലം ഞങ്ങള്‍ കണ്ടുവെച്ചിരുന്നു. ആ വീട്ടില്‍ ചെമ്പുകലത്തില്‍ വെള്ളം നിറച്ചുവെച്ച് തൈലാംബാള്‍ ഞങ്ങളെ കാത്തിരിക്കും. വലിയ ഓട്ടുഗ്ലാസില്‍ വെള്ളം നിറച്ചുതരും. വീട്ടുവിശേഷങ്ങളും സ്‌കൂള്‍വിശേഷങ്ങളും ഞങ്ങള്‍ കൈമാറും. അവരുടെ രണ്ട് ആണ്‍മക്കളും അന്ന് സ്‌കൂളില്‍ ഞങ്ങളോടൊപ്പം പഠിച്ചിരുന്നു. 

അന്നൊന്നും വെള്ളം വില കൊടുത്ത് വാങ്ങാനുള്ളതാണ് എന്ന് ആരും ധരിച്ചിരുന്നില്ല. പണം കൊടുത്താല്‍ എല്ലാം കിട്ടും എന്നോ പണം കൊടുത്താലേ എന്തും കിട്ടൂ എന്നോ ധാരണയില്ലാത്ത കാലമായിരുന്നു അത്. അതിന്റെ ബാക്കിയായി കുടിക്കാനുള്ള വെള്ളം വില കൊടുത്തു വാങ്ങുന്നതിനോട് പൊരുത്തപ്പെടാന്‍ ഏറെക്കാലം എനിക്കു കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ കുടിക്കാന്‍ വെള്ളം കരുതുന്ന പതിവ് അന്നുണ്ടായിരുന്നില്ല. വെള്ളം എവിടേയും കിട്ടുമായിരുന്നു. ദീര്‍ഘയാത്രയ്ക്കു പുറപ്പെടുമ്പോഴാണ് വെള്ളം കയ്യില്‍ എടുക്കാന്‍ തുടങ്ങിയത്. കാനുകളില്‍ കിണറ്റിലെ വെള്ളം നിറച്ച് കയ്യില്‍ വെയ്ക്കുകയാണ് പതിവ്. വെള്ളം തീരുമ്പോള്‍ വണ്ടി നിര്‍ത്തുന്ന സ്റ്റേഷനിലിറങ്ങി ടാപ്പില്‍ നിന്ന് നിറയ്ക്കും. വലിയ തിരക്കായിരുന്നു ഓരോ ടാപ്പിനു മുന്നിലും.  

റയില്‍വേ സ്റ്റേഷനിലെ ആ കുടിവെള്ളക്കൊത്തളങ്ങള്‍ ഇന്ന്  വറ്റി വരണ്ടു. കാന്‍  നിറയ്ക്കാന്‍ ഇപ്പോള്‍ ആരും അവിടെ ഓടിയെത്താറില്ല. സ്റ്റേഷനുകളിലെ ശീതളപാനീയക്കടകളില്‍ കുപ്പിവെള്ളവും മധുരപാനീയങ്ങളും സുലഭമായി. വണ്ടിക്കു പുറത്തിറങ്ങാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാന്‍ട്രികളില്‍നിന്ന് തണുപ്പിച്ച കുടിവെള്ളക്കുപ്പികള്‍ എത്ര വേണമെങ്കിലും കിട്ടും.  കുടിക്കാന്‍ പച്ചവെള്ളം തന്നെ വേണമെന്നില്ലല്ലോ.  പെപ്‌സി, കൊക്കോകോള, മിറിന്‍ഡ, സെവന്‍ അപ്, ലിംക തുടങ്ങി എത്രയെത്ര ശീതളപാനീയങ്ങള്‍! വണ്ടി ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ ബോഗികളില്‍ ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നതു കാണാം. റയില്‍വേ പാളങ്ങളില്‍ വീണുമരിച്ച നിലയില്‍ കാണുന്ന ആയിരക്കണക്കിനു കുപ്പികള്‍ പുറമേ.

എണ്‍പതുകളുടെ ഒടുക്കം ആണെന്നു തോന്നുന്നു കുപ്പിവെള്ളസംസ്‌കാരം പ്രചരിച്ചു തുടങ്ങിയത്. തണ്ണീര്‍പ്പന്തലുകള്‍ അതിന് എത്രയോ മുമ്പേ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. എന്നാണ് അവ നാടുനീങ്ങിയത്? അറിയില്ല. അതോടൊപ്പം മറഞ്ഞുപോയ മറ്റൊന്നു കൂടിയുണ്ട്. വഴിയോരത്ത് ഭാരമിറക്കി വെയ്ക്കാന്‍ കെട്ടിയുണ്ടാക്കിയ കരിങ്കല്ലത്താണികള്‍. മനുഷ്യന്‍ നടത്തം ഉപേക്ഷിച്ചതിന്റെ ബാക്കിയായിട്ടാവണം ഇവ അപ്രത്യക്ഷമാവാന്‍ കാരണം.

വഴിയാത്രികര്‍ക്കു കോരിക്കുടിക്കാനുള്ള കിണറുകളും വഴിയേ കാണാതായി. അരനൂറ്റാണ്ടു മുമ്പ് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിലേയ്ക്ക് ഏന്തിനിന്നിരുന്ന ഒരു കിണറുണ്ടായിരുന്നത് പഴമക്കാര്‍ക്കറിയാം. എത്രയോ പേര്‍ അവിടെനിന്ന് വെള്ളം കോരിക്കൊണ്ടുപോവാറുണ്ടായിരുന്നു. കിണറ്റിന്‍ വക്കത്ത് കുളിക്കാറുണ്ടായിരുന്നു. പുരോഗമനത്തിന്റെ ഭാഗമായി ആ കിണര്‍ എപ്പോഴോ മണ്ണിട്ട് തൂര്‍ത്തുകളഞ്ഞു. വാഹനങ്ങള്‍ക്കു വിഘാതമായതെല്ലാം തട്ടിനിരത്തുക എന്ന സംസ്‌കാരം അപ്പോഴേയ്ക്കും നമ്മള്‍ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നുവല്ലോ.

'മംഗളം' കയ്യില്‍പ്പിടിച്ച് എന്തൊക്കെയോ ഞാന്‍ ഓര്‍മ്മിച്ചിരുന്നു പോയി. പിന്നെ തിരിച്ച് വാര്‍ത്തയില്‍ത്തന്നെ എത്തി: ''ബഹുരാഷ്ട്രക്കമ്പനികളുടെ ചുവടുപിടിച്ച് കേരളത്തിലെ വെള്ളക്കച്ചവടക്കാരും വില കൂട്ടാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇപ്പോള്‍ 93 കുടിവെള്ളക്കമ്പനികളുണ്ട്. അവര്‍ ഭൂഗര്‍ഭജല അഥോറിറ്റിയുടെ അനുമതി കാത്തുനില്‍ക്കുകയാണ്.''

കേരളത്തില്‍ വീട്ടാവശ്യത്തിനു മാത്രമല്ല കുടിവെള്ളവ്യവസായത്തിനും ഭൂഗര്‍ഭജലം ലോപമില്ലാതെ ഊറ്റിയെടുക്കുന്നുണ്ട്. ബഹുരാഷ്ട്രക്കമ്പനികളുടെ ബോട്ടിലിങ്ങ് പ്ലാന്റുകളില്‍ ഭൂഗര്‍ഭജലസംഭരണം തുടങ്ങിക്കഴിഞ്ഞുവത്രേ. കുപ്പിവെള്ളനിര്‍മ്മാണം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ വെള്ളക്കച്ചവടത്തിന് ഒരു നിയന്ത്രണവുമില്ലെങ്കില്‍ ഏറെ വൈകാതെ ഭൂഗര്‍ഭസ്രോതസും വറ്റിവരളുകയില്ലേ? കുപ്പിവെള്ളത്തിന് വില കുത്തനെ ഉയരുകയില്ലേ?

ഊരകത്ത് തണ്ണീര്‍പ്പന്തല്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് ഒരുശീതളപാനീയക്കടയാണ്. നിരവധി പാനീയക്കുപ്പികള്‍ നിരത്തിവെച്ചിട്ടുണ്ട്. വിവിധയിനം കുടിവെള്ളക്കുപ്പികള്‍ മാലമാലയായി തൂക്കിയിട്ടിട്ടുണ്ട്. ആ കട മാത്രമല്ല പത്തോളം ശീതളപാനീയക്കടകളുണ്ട് ഊരകത്ത്. ഏറെക്കുറെ നാട്ടിന്‍പുറം എന്നു വിശേഷിപ്പിക്കാവുന്ന ഊരകത്തു തന്നെ നിരവധി വെള്ളക്കുപ്പികളാണത്രേ വിറ്റുപോവുന്നത്.

ആരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടോ ആവോ ഊരകത്തെ ആ പഴയ തണ്ണീര്‍പ്പന്തല്‍? അതില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ മനുഷ്യന്‍ മരിച്ചുപോയിട്ടുണ്ടാവും തീര്‍ച്ച. ചന്ദ്രശേഖരവിലാസം ഹോട്ടല്‍ ആന്‍ഡ് കാപ്പി ക്ലബിന്റെ സ്ഥാനത്ത് ഇന്ന് ഒരു മണിമാളിക ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ചെമ്പുകലത്തില്‍ വെള്ളവുമായി കാത്തിരിക്കാറുണ്ടായിരുന്ന തൈലാംബാള്‍ എന്നോ മരിച്ചുപോയി. ആണ്‍മക്കള്‍ വീടും നാടും വിട്ടുപോയി. ആ വീടു തന്നെ ഇല്ലാതായി. കൈമാറിക്കൈമാറിപ്പോയ ആ തൊടിയില്‍ 'സ്ഥലം വില്‍പ്പനയ്ക്ക്' എന്ന് എഴുതിയ ഒരു ബോര്‍ഡാണ് ഇന്ന് സ്ഥിരമായി തലയുയര്‍ത്തി നില്‍ക്കുന്നത്.
അല്ലെങ്കില്‍ ആരുണ്ട് ഇന്ന് വെള്ളവുമായി നമ്മളെ കാത്തിരിക്കാന്‍? അത്തരമൊരു സംസ്‌കാരം തന്നെ എന്നോ അന്യം നിന്നുപോയല്ലോ. ഊരകത്തെ തണ്ണീര്‍പ്പന്തലില്‍നിന്ന് ശീതളപാനീയക്കടയിലേയ്ക്ക് വളരെ വരണ്ട ഒരു പാതയാണ് നമ്മള്‍ നടന്നുതീര്‍ത്തത്.

അല്ലെങ്കില്‍ ഇന്ന് തണ്ണീര്‍പ്പന്തല്‍ നാടകഗാനങ്ങളിലും സിനിമാപ്പാട്ടുകളിലും ഉപയോഗിക്കപ്പെടുന്ന അര്‍ഥശൂന്യമായ വാക്കായിക്കഴിഞ്ഞില്ലേ?

*
അഷ്ടമൂര്‍ത്തി ജനയുഗം

ജാതിജീര്‍ണതയില്‍ യുഡിഎഫ് സര്‍ക്കാര്‍

പരസ്പരപൂരകമാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെയും പത്രസമ്മേളനങ്ങള്‍. ഏറെ വൈകി, ഏറെ മടിച്ച് ഒടുവില്‍ രമേശ് സുകുമാരന്‍നായരോട് പ്രതികരിക്കുന്നു. രമേശിനെ സമ്മര്‍ദത്തിലാക്കി പാര്‍ടി നേതൃത്വം പറയിക്കുന്നതാണ് അങ്ങനെയൊക്കെ എന്ന് സുകുമാരന്‍നായര്‍ ന്യായീകരിക്കുന്നു. സുകുമാരന്‍നായരെ താന്‍ ചോദ്യംചെയ്യുന്നില്ല എന്ന് രമേശ് പറയുന്നു. രമേശ് അനുവദിച്ചുതരുന്ന ആ സ്വാതന്ത്ര്യമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് സുകുമാരന്‍നായര്‍ വിശദീകരിക്കുന്നു. തന്നെ മതേതരവാദി അല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് രമേശ് പറയുന്നു. അത് തങ്ങളെക്കുറിച്ചല്ല എന്നുപറഞ്ഞ് സുകുമാരന്‍നായര്‍ രമേശിന് തൃപ്തികരമായ വിധം ആ ആരോപണം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ളതാണെന്ന് ധ്വനിപ്പിക്കുന്നു. എന്‍എസ്എസിലെ കോണ്‍ഗ്രസുകാരുടെ വക്താവായി സുകുമാരന്‍നായരും കോണ്‍ഗ്രസിലെ എന്‍എസ്എസിന്റെ വക്താവായി രമേശും. എന്തൊരു സഹകരണം!

തനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ രമേശിന് എന്‍എസ്എസിനെ കൂടിയേ തീരൂ. താക്കോല്‍സ്ഥാനത്തെത്തിക്കാന്‍ നില്‍ക്കുകയാണല്ലോ മത്സരിക്കാന്‍ സീറ്റുപോലും വാങ്ങിത്തന്ന അവര്‍! അതേസമയം, ഇതുകൊണ്ട് ഇതരസമുദായങ്ങള്‍ തനിക്ക് വോട്ടുചെയ്യാതായാലോ? അതിലുമുണ്ട് ഇപ്പോള്‍ ചെറിയ ഉല്‍ക്കണ്ഠ. അതുകൊണ്ട് കക്ഷത്തിലിരിക്കുന്നത് പോകയുമരുത്, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം അദ്ദേഹത്തിന്. അതിനുള്ള അഭ്യാസമായി രമേശിന്റെ പത്രസമ്മേളനം.

പറഞ്ഞകാര്യങ്ങള്‍കൊണ്ടല്ല, മറിച്ച് പറയാതെവിട്ട കാര്യങ്ങള്‍കൊണ്ടാണ് അത് ശ്രദ്ധേയമായത്. ആരൊക്കെ തന്റെ മന്ത്രിസഭയില്‍ വരണമെന്ന് ആത്യന്തികമായി നിശ്ചയിക്കാനുള്ള അധികാരം ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്കാണ്. ആരെ മന്ത്രിയാക്കണം, ആരെ ആക്കരുത് എന്ന് കല്‍പ്പിക്കാന്‍ സമുദായസംഘടനാനേതാക്കള്‍ക്ക് ഒരവകാശവുമില്ല. ഇഷ്ടപ്പെട്ട നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേരളത്തില്‍ വിലപ്പോകില്ല. ഇതൊക്കെയാണ് സാധാരണനിലയില്‍ യുഡിഎഫ് മന്ത്രിസഭയെ ഒരു സമുദായനേതാവ് ഭീഷണിപ്പെടുത്തുമ്പോള്‍ അതിനെ നയിക്കുന്ന പാര്‍ടിയുടെ പ്രസിഡന്റ് പറയേണ്ടത്. അതൊക്കെ സംശയലേശമില്ലാതെ വ്യക്തമാക്കും എന്നാണ് ആരും കരുതുക. എന്നാല്‍, കെപിസിസി പ്രസിഡന്റ് അതൊന്നും പറഞ്ഞില്ല. താന്‍ നിയമസഭയിലേക്ക് മത്സരിച്ചത് ഏതെങ്കിലും ജാതിസംഘടനയുടെ ശുപാര്‍ശയിന്മേലല്ല എന്നോ മത്സരഘട്ടത്തില്‍ തന്നെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഏതെങ്കിലും ജാതിസംഘടനയ്ക്ക് വാക്കുനല്‍കിയിരുന്നില്ല എന്നോ അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യത്തിലൊക്കെ കെപിസിസി പ്രസിഡന്റ് പുലര്‍ത്തിയ മൗനം അര്‍ഥഗര്‍ഭമാണ്. അത് സുകുമാരന്‍നായര്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന പ്രതീതി വരുത്താന്‍തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിഷമമില്ല. രമേശ് ചെന്നിത്തല പൂരിപ്പിക്കാത്ത മൗനത്തില്‍ ഒതുങ്ങിനിന്നതുമില്ല. താന്‍ മതേതരവാദിയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് പറഞ്ഞതിലൂടെ നായരായതുകൊണ്ട് രമേശ് ചെന്നിത്തലയെ അവഗണിച്ചു എന്ന സുകുമാരന്‍നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യത പകരുകകൂടി ചെയ്തിരിക്കുകയാണദ്ദേഹം.

അവിടെയും തീരുന്നില്ല. ആ വാക്കുകളുടെ മുള്‍മുന ചെന്നുകൊള്ളുന്നത് ഉമ്മന്‍ചാണ്ടിയിലാണെന്ന കാര്യം ഉറപ്പിക്കുകകൂടി ചെയ്തിട്ടുണ്ട് അദ്ദേഹം. ഉമ്മന്‍ചാണ്ടിയാണ് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍സ്ഥാനം നിഷേധിച്ചത് എന്ന് സുകുമാരന്‍നായര്‍ പറഞ്ഞതിന്റെ സ്വാഭാവികമായ ബാക്കിയാണല്ലോ തന്റെ മതനിരപേക്ഷമുഖം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന രമേശിന്റെ പരാമര്‍ശം. ഈ മന്ത്രിസഭയിലേക്ക് താനില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട്, ചേരാന്‍കൊള്ളുന്ന മന്ത്രിസഭയല്ല ഉമ്മന്‍ചാണ്ടിയുടേത് എന്ന് ധ്വനിപ്പിക്കാനും രമേശ് വിട്ടുപോയില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്യുമ്പോഴും എത്ര വിദഗ്ധമായി സുകുമാരന്‍നായരെ പ്രീതിപ്പെടുത്താന്‍ രമേശ് ശ്രദ്ധിച്ചിരിക്കുന്നു. സുകുമാരന്‍നായരുടെ വാക്കുകളെ ചോദ്യംചെയ്യുന്നില്ല എന്നും അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒക്കെ എടുത്തുപറഞ്ഞ് സുകുമാരന്‍നായരുടെ പ്രീതി ഉറപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. മന്ത്രിസഭയെത്തന്നെ തകര്‍ക്കുമെന്നാണ് സുകുമാരന്‍നായര്‍ ഭീഷണിപ്പെടുത്തിയത് എന്നോര്‍ക്കണം. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ്, ""അങ്ങനെയൊക്കെ പറയാന്‍ സ്വാതന്ത്ര്യമുണ്ട്"" എന്ന കെപിസിസി പ്രസിഡന്റിന്റെ ന്യായീകരണത്തിന് കൂടുതല്‍ അര്‍ഥം കിട്ടുക. രമേശ് ചെന്നിത്തലയെ താക്കോല്‍സ്ഥാനത്തെത്തിച്ചില്ലെങ്കില്‍ മന്ത്രിസഭ തകര്‍ക്കുമെന്ന് സുകുമാരന്‍നായര്‍ ഭീഷണിയുയര്‍ത്തിയത് ഞായറാഴ്ചയാണ്. അന്നോ, അതിന്റെ പിറ്റേന്നോ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ കെപിസിസി നേതൃത്വം മറുപടി പറയണം എന്ന് പാര്‍ടിയില്‍ ഒരു വിഭാഗത്തില്‍നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായ വേളയില്‍ മാത്രമാണ് ഏറെ വൈകി പ്രതികരണവുമായി രമേശ് എത്തിയത്. ആ പ്രതികരണമാകട്ടെ, സുകുമാരന്‍നായര്‍ക്ക് വിശ്വാസ്യത പകരുന്ന വിധത്തിലാകുന്നു എന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയുംചെയ്തു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിക്കുന്നയാളോടുപോലും എന്തൊരു മൃദുസമീപനമാണ് കെപിസിസി പ്രസിഡന്റിന്? എന്‍എസ്എസുമായി രഹസ്യധാരണയില്ലായിരുന്നുവെന്നു പറയാന്‍ അദ്ദേഹത്തിന് കഴിയാത്തതെന്തുകൊണ്ടാണ്? മതേതരവാദിയായ തനിക്കുവേണ്ടി വക്കാലത്തുമായി നടക്കാന്‍ എന്‍എസ്എസിനെ താന്‍ ചുമതലപ്പെടുത്തിയിട്ടില്ല എന്നുപറയാന്‍ പറ്റാത്തതെന്തുകൊണ്ടാണ്? ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കെപിസിസി പ്രസിഡന്റിന്റെ മതനിരപേക്ഷതയുടെ മൂടുപടം ഊര്‍ന്നുവീണുപോകുന്നത്. ഇത് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും പ്രകടമാണ്. ആര് മന്ത്രിയാകണം ആര് മന്ത്രിയാകേണ്ട എന്നൊന്നും കല്‍പ്പിക്കേണ്ടതില്ല എന്നുപറയാന്‍ അദ്ദേഹത്തിന് കരുത്തുണ്ടോ? മന്ത്രിസഭയെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് വാക്കുകളുണ്ടോ?

ജാതിമതവിഭാഗങ്ങളെ പ്രീണിപ്പിച്ചും അവയുമായി രഹസ്യധാരണയുണ്ടാക്കിയും തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ നോക്കുന്നവര്‍ക്ക് ഇതിനൊന്നും ധൈര്യമുണ്ടാകില്ല. തങ്ങള്‍ വിചാരിക്കുന്നതേ ഈ ഭരണത്തില്‍ നടപ്പാകൂ എന്ന് മുസ്ലിംലീഗ് മന്ത്രി പ്രഖ്യാപിച്ചപ്പോഴും ഇദ്ദേഹത്തിന് ഒരു വാക്കുകൊണ്ടുപോലും അതിനെ ചോദ്യംചെയ്യാനുള്ള ധൈര്യമുണ്ടായില്ല. അഞ്ചാംമന്ത്രിപദവി നേടിയെടുത്തശേഷം സ്കൂളുകളുടെ എയ്ഡഡ് പദവി കാര്യത്തില്‍ സമ്മര്‍ദവുമായി ഒരുവശത്ത് ലീഗ്. തങ്ങള്‍ പറയുമ്പോലെയായിക്കൊള്ളണം ഭരണമെന്ന് കല്‍പ്പിച്ച് മറുവശത്ത് എന്‍എസ്എസ് നേതൃത്വം. ഇതിന്റെ നടുവില്‍ ആടി ഉലയുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ജാതിജീര്‍ണതയില്‍ മലീമസമായി നശിക്കാനാണ് ഈ സര്‍ക്കാരിന്റെ വിധി.

*
ദേശാഭിമാനി മുഖപ്രസംഗം 30 ജനുവരി 2013

സമരങ്ങളെ വിധിക്കുന്ന മാധ്യമക്കോടതികള്‍

കേരളത്തില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളാകെ പരാജയപ്പെടുന്നുവെന്ന സംഘടിത പ്രചാരണമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകപക്ഷീയമായി നടത്തുന്നത്. സമരങ്ങളെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയാഭിമുഖ്യം വലതുപക്ഷത്തിനുകൂലമായി നിലനിര്‍ത്താനും സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ മനസ്സില്‍ നിരാശ പടര്‍ത്താനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ ഈ പ്രചാരണം മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ക്കും ആഗോളവല്‍ക്കരണ ശക്തികള്‍ക്കും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തംകൂടിയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും കര്‍ഷക സംഘടനകള്‍ നടത്തിയ ഭൂസമരവും പരാജയപ്പെട്ടുവെന്ന് പലതവണ വലതുമാധ്യമങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. കുടുംബശ്രീ സമരത്തെ ആദ്യഘട്ടത്തില്‍ അപഹസിച്ച മാധ്യമങ്ങള്‍ക്ക് അതിന്റെ വിജയം പിന്നീട് അംഗീകരിക്കേണ്ടി വന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ രണ്ടു മന്ത്രിമാര്‍ ഒപ്പിട്ട കരാറായിട്ടുപോലും അത് പിച്ചിച്ചീന്താനാണ് മുഖ്യമന്ത്രിയുടെ അനുയായിയായ മന്ത്രി കെ സി ജോസഫ് പിന്നീട് ശ്രമിച്ചത്. അക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുമായി തുറന്ന ഏറ്റുമുട്ടലിനും കെ സി ജോസഫ് തയ്യാറായി. പൂര്‍ണവിജയം നേടിയ സമരത്തെപ്പോലും പിന്നീട് അട്ടിമറിക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍, ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ നേരും നെറിയും പാലിച്ചുപോരുന്നില്ല. അത്തരമൊരു ഭരണത്തെ പിന്തുണയ്ക്കാനാണ് സമരങ്ങളെ തകര്‍ക്കാനും ചര്‍ച്ചയിലൂടെ ഒത്തു തീര്‍പ്പിലെത്തിയശേഷം അത് നിഷ്ഫലമായെന്ന് കള്ള പ്രചാരവേല നടത്താനും ഇത്തരം മാധ്യമങ്ങള്‍ മുതിരുന്നത്. സമരങ്ങളുടെ വിജയ പരാജയങ്ങള്‍ ഗണിച്ച് വിധിപറയാന്‍ അധികാരം കിട്ടിയതുപോലെ മാധ്യമക്കോടതികള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

സമരങ്ങളുടെ ഫലശ്രുതി അതുണ്ടാക്കുന്ന അടിയന്തര നേട്ടങ്ങളെമാത്രം ആസ്പദമാക്കിയല്ല വിലയിരുത്തേണ്ടത്. വിപ്ലവങ്ങളും സമരങ്ങളും ചരിത്രത്തിന്റെ ചാലകശക്തികളാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച അധ്വാനഭാരം ലഘൂകരിക്കും. എന്നാല്‍, ചൂഷകശക്തികള്‍ അതിന്റെ കുത്തക കൈക്കലാക്കി അമിതമായ അധ്വാനഭാരം ഓരോ മനുഷ്യന്റെമേലും കെട്ടിവയ്ക്കുന്നു. ഇതില്‍ നിന്ന് മോചനം നേടിത്തന്നത് പ്രക്ഷോഭസമരങ്ങളും വിപ്ലവങ്ങളുമാണ്. ലോകചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണമൊത്ത ബൂര്‍ഷ്വാ വിപ്ലവമായാണ് ഫ്രഞ്ച് വിപ്ലവത്തെ വിലയിരുത്തുന്നത്. വിപ്ലവങ്ങളുടെ അമ്മ എന്ന് മാര്‍ക്സ് പ്രശംസിച്ച ഫ്രഞ്ച് വിപ്ലവം പിന്നീട് അട്ടിമറിക്കപ്പെട്ടു. നെപ്പോളിയന്‍ അധികാരം പിടിച്ചു. അത് കൊണ്ട് ഫ്രഞ്ച് വിപ്ലവത്തിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും കെട്ടുപോയെന്ന് സ്ഥിതപ്രജ്ഞരായ ആരും പറയാറില്ല. കേരളത്തിലെ വിപ്ലവസമരങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന പുന്നപ്ര-വയലാര്‍ സമരം ഏതെങ്കിലും ചര്‍ച്ചയിലൂടെ ഒത്തുതീര്‍ന്ന സമരമാണോ?

ആയിരക്കണക്കിന് മനുഷ്യരെ പട്ടാളം കൂട്ടക്കൊല ചെയ്തതോടെ സമരത്തിന്റെ തീയണഞ്ഞുവെന്ന് കരുതി ആഹ്ലാദിച്ച സര്‍ സിപിക്ക് കുറഞ്ഞ നാള്‍ക്കകം തിരുവിതാംകൂര്‍ വിട്ടു പോകേണ്ടിവന്നു. ഒരു ദശകത്തിനപ്പുറം സമര പോരാളികളുടെ പ്രസ്ഥാനം കേരളത്തില്‍ അധികാരത്തിലെത്തുകയുംചെയ്തു. അടിയന്തരവും പ്രത്യക്ഷവുമായ ഫലങ്ങള്‍ക്കപ്പുറം ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്ന വിപ്ലവഫലങ്ങളാണ് ഓരോ ബഹുജന സമരവും നല്‍കുന്നത്. ഇത് തിരിച്ചറിയാത്ത അല്‍പ്പബുദ്ധികളാണ് സമരത്തിന്റെ വിജയ പരാജയങ്ങളുടെ വിധികര്‍ത്താക്കളായി സ്വയം അരങ്ങിലെത്തുന്നത്. വലതുമാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നയങ്ങളെ ന്യായീകരിക്കാനാകാത്ത വിധം, അതിന്റെ ജനവിരുദ്ധത മാരകവും പ്രത്യക്ഷവുമാണ്. ജനങ്ങളാകട്ടെ ഈ സര്‍ക്കാരുകള്‍ക്കെതിരെ തികഞ്ഞ രോഷത്തിലുമാണ്. അത് പ്രക്ഷോഭ സമരങ്ങളായി ഉയര്‍ന്ന് സര്‍ക്കാരുകള്‍തന്നെ നിലംപൊത്തുന്ന നിലയാണുണ്ടാകുന്നത്. അത്തരം സമരങ്ങളെ വന്ധ്യംകരിക്കാനാണ് സമരങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി ഇവിടെ ചിലര്‍ നിരന്തരം പ്രഘോഷിക്കുന്നത്. ഒരു സമരം നിരര്‍ഥകമല്ല. ഒന്നുപോലും പാളിപ്പോകുന്നുമില്ല. സമൂഹത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ചൂഷിതജനവിഭാഗങ്ങള്‍ക്ക് സമരപോരാട്ടങ്ങളല്ലാതെ മറ്റൊരു സമരായുധവും ഇല്ല. ഓരോ പണിമുടക്ക് സമരവും തൊഴിലാളിവര്‍ഗത്തിന് വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിക്കുന്ന സര്‍വകലാശാലകളാണെന്നാണ് ലെനിന്‍ വിവക്ഷിച്ചിട്ടുള്ളത്. പ്രക്ഷോഭ സമരങ്ങളില്‍ക്കൂടി ലഭിക്കുന്ന നേട്ടങ്ങള്‍ ഒന്നുംതന്നെ ശാശ്വതമല്ലെന്ന ബോധത്തോടെയാണ് കമ്യൂണിസ്റ്റുകാര്‍ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്. സംഘടനകള്‍ ഉണ്ടായി, ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി വിജയിച്ചാലും ഫലം പരാജയമായിരുന്നാലും അതിന്റെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയബോധം സംഘടനകളുടെ ഭാവിരാഷ്ട്രീയം തീരുമാനിക്കുന്നു. അത് കെട്ടിപ്പടുക്കാനുള്ള ഉപാധിയായാണ് പ്രക്ഷോഭസമരങ്ങളെ കാണേണ്ടത്. തൊഴിലാളികള്‍ സംഘടനകളിലൂടെ നേടുന്ന ഓരോ നേട്ടവും മുതലാളിവര്‍ഗം തട്ടിപ്പറിക്കും. കേരളത്തിലെ പെന്‍ഷന്‍പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത് അതിന്റെ തെളിവാണ്. രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് സോവിയറ്റ് യൂണിയന്‍ പൊളിച്ചടുക്കിയപ്പോള്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെതന്നെ നിരാകരിക്കുന്ന സ്ഥിതിയാണ് രൂപപ്പെട്ടത്. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ പ്രാഥമിക രൂപംമാത്രമായിരുന്ന സോവിയറ്റ് സര്‍ക്കാരിന്റെ തകര്‍ച്ചയുടെ ആഘാതം പെന്‍ഷന്‍ ഇല്ലാതാക്കലായി ഇപ്പോള്‍ കേരളത്തിലുമെത്തിയിരിക്കുന്നു.

ഇവിടെ പോരാടാതെ കീഴടങ്ങണമെന്നാണോ വലതു മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പെന്‍ഷന്‍ അട്ടിമറിച്ചിട്ടും ഇടതുപക്ഷ ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ചെറുത്തുനിന്നത് അത്തരമൊരു പോരാട്ടംകൊണ്ടാണ്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷഭരണം ഇല്ലാതായപ്പോള്‍ വലതുപക്ഷം നടത്തുന്ന കടന്നാക്രമണമായാണ് പെന്‍ഷന്‍ അട്ടിമറിനീക്കത്തെ കാണേണ്ടത്. അതിനെ ചെറുത്ത് പണിമുടക്ക് സമരം നടന്നത് രാഷ്ട്രീയ സമരത്തിന്റെ തുടര്‍ച്ചയും വികാസവുമാണ്. പണിമുടക്ക് താല്‍ക്കാലികമായി അവസാനിച്ചാലും സമരം തീര്‍ന്നുവെന്ന് വിചാരിക്കരുത്. തൊഴിലാളികളുടെ പക്കലുള്ള ഏതൊരു അവകാശങ്ങളെയും തട്ടിപ്പറിക്കാന്‍ കോര്‍പറേറ്റുകളും മുതലാളിവര്‍ഗം ഒന്നാകെയും ശ്രമിക്കുമ്പോള്‍ പോരാട്ടത്തില്‍ പങ്കെടുക്കാതെ, അധ്വാനിക്കുന്ന ഒരാള്‍ക്കുപോലും ഒഴിഞ്ഞുമാറാനാകില്ല. ഐഎന്‍ടിയുസിയും ബിഎംഎസും അടക്കം ഫെബ്രുവരി 20, 21 തീയതികളില്‍ നടത്താന്‍ പോകുന്ന ദേശീയ പണിമുടക്കും അതാണ് തെളിയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉള്‍പ്പെടെ നടന്ന ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് ഒരു ചര്‍ച്ചപോലും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് ദേശീയ പണിമുടക്കു സമരം പാളി പോകുകയല്ല ചെയ്തത്. ബിഎംഎസ്കൂടി കൂടിച്ചേര്‍ന്ന് വിപുലമായ തൊഴിലാളി ഐക്യം സ്ഥാപിച്ച് ദ്വിദിന പണിമുടക്കിലേക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കാലെടുത്തുവച്ചിരിക്കുന്നു. സമരങ്ങളെപ്പറ്റി വിധി പറയുന്നവര്‍ ഇത്തരം രാഷ്ട്രീയചലനങ്ങളെ അവഗണിക്കുകയാണ്. കേരളത്തില്‍ ഭൂപരിഷ്കരണത്തിനായി കമ്യൂണിസ്റ്റുകാര്‍ നടത്തിയ പോരാട്ടം ആധുനിക കേരളചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ഭൂ ഉടമകളായി. ഇനിയും അതിന്റെ നേട്ടങ്ങള്‍ ലഭിക്കാത്തവര്‍ക്കുകൂടി ഭൂമി ലഭ്യമാക്കുകയെന്ന പ്രശ്നമാണ് ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന്റെ അടിയന്തര കടമ.

അതോടൊപ്പം സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുന്നതും കാര്‍ഷികഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. ഭൂപരിഷ്കരണ നിയമംതന്നെ അട്ടിമറിക്കാനുള്ള നീക്കം ശക്തമായി. പാരിസ്ഥിതികപ്രശ്നങ്ങളും ഉയര്‍ന്നുവന്നു. ഇത്തരം വിഷയങ്ങളില്‍ ബഹുജനാവബോധം ഉയര്‍ത്താന്‍ ഭൂസമരത്തിനായി എന്നത് ആര്‍ക്കാണറിയാത്തത്. ഭൂരഹിതര്‍ക്ക് ഭൂവിതരണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാന്‍ ഈ സമരം സാഹയകരമായി. ഉറപ്പുകള്‍ക്കനുസരിച്ച് ഭരണയന്ത്രം ചലിപ്പിക്കണമെന്നില്ല. സമരരംഗങ്ങളില്‍ നിന്ന് പിന്തിരിയാനല്ല കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 30 ജനുവരി 2013

Tuesday, January 29, 2013

ജനാധിപത്യത്തിന്റെ ഉദകക്രിയയോ?

യുഡിഎഫിലെ ഏതെങ്കിലും ഒരു ഘടകകക്ഷി ഉമ്മന്‍ചാണ്ടിഭരണത്തെക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ല. പരാതിയും രോഷവുമില്ലാത്ത ഒരു കക്ഷിയും ഇന്ന് ആ മുന്നണിയിലില്ല. അതിനെ നയിക്കുന്ന കോണ്‍ഗ്രസില്‍നിന്നാണ് ഭരണത്തെക്കുറിച്ച് ഏറ്റവും കടുത്ത എതിര്‍പ്പുയരുന്നത്. യുഡിഎഫിന്റെയോ ഘടകങ്ങളുടെയോ രാഷ്ട്രീയനിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നില്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. ജാതി- മത സങ്കുചിത ശക്തികളുടെ ഏകീകരണം സൃഷ്ടിച്ച് വോട്ടുബാങ്കുകള്‍ സമാഹരിച്ചാണ് തീര്‍ത്തും സാങ്കേതികമായ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് എത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപീകരിച്ചതും. സത്യപ്രതിജ്ഞചെയ്ത നിമിഷംമുതല്‍ ആ അവിഹിതവിജയത്തിന്റെ ഫലം സര്‍ക്കാരും ജനങ്ങളും അനുഭവിച്ചുതുടങ്ങി. തെരഞ്ഞെടുപ്പില്‍ തുണച്ച വിവിധ വിഭാഗങ്ങളുടെ പ്രീതി പിടിച്ചുപറ്റാനും അവരില്‍ അതൃപ്തിയുണ്ടാകാതിരിക്കാനുമുള്ള അഭ്യാസമായി ഭരണം അധഃപതിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപടികള്‍ക്ക് രൂപംനല്‍കുന്നതും ബാഹ്യശക്തികളാണെന്ന ആക്ഷേപം ഭരണകക്ഷികള്‍തന്നെ ഉയര്‍ത്തുമ്പോള്‍, കൂടുതല്‍ ഉദാഹരണങ്ങള്‍ തേടി പോകേണ്ടതില്ല.

യുഡിഎഫിന്റെ ഏറ്റവും ഉയര്‍ന്ന നേതാവ് എ കെ ആന്റണിയാണെന്നതില്‍ തര്‍ക്കമില്ല. ആ ആന്റണിതന്നെ ഭരണത്തെക്കുറിച്ച് തികഞ്ഞ അവജ്ഞയോടെയും നൈരാശ്യത്തോടെയും സംസാരിക്കുന്നത് നാം പലതവണ കേട്ടു. ബാഹ്യശക്തികള്‍ ഭരണത്തില്‍ചെലുത്തുന്ന ദുഃസ്വാധീനം പരിധിവിടുന്നത് കണ്ട് ആന്റണി പരസ്യമായി ക്ഷോഭം പ്രകടിപ്പിച്ചതും ഭരണരംഗത്തെ അഴിമതിയെക്കുറിച്ച് മറയില്ലാതെ വിമര്‍ശമുയര്‍ത്തിയതും യുഡിഎഫ് നേതൃത്വത്തിന്റെ കര്‍ണങ്ങളില്‍മാത്രമാണ് പതിയാതിരുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് കുത്തിവാങ്ങിയതാണ് അഞ്ചാംമന്ത്രിസ്ഥാനം. പരിസ്ഥിതിനാശത്തിന്റെ അംബാസഡറായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് പ്രതിപക്ഷം മാത്രമല്ല. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മൂന്നേമൂന്നുപേര്‍ മതിയെന്നിരിക്കെ അഞ്ച് എംഎല്‍എമാരാണ് പരിസ്ഥിതിപ്രശ്നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ആ എംഎല്‍എമാരും സര്‍ക്കാര്‍ ചീഫ് വിപ്പും തമ്മില്‍ നഗ്നമായ വഴക്ക് നടക്കുന്നു. ഏതു പക്ഷത്താണ് ന്യായമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുന്നില്ല. അവിടെയും ഇരുകൂട്ടരെയും പ്രീണിപ്പിച്ച് പരിസ്ഥിതിയെ കച്ചവടക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. നെല്ലിയാമ്പതിയിലെ വനഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തീരുമാനിക്കേണ്ടിവരുന്നതും ഇതിന്റെ തുടര്‍ച്ചതന്നെ. പരിസ്ഥിതിയും വനവും ജൈവസമ്പത്തുമൊന്നുമല്ല, ഒരുനിമിഷമെങ്കില്‍ അത്രയും ഭരണം നീട്ടിക്കിട്ടുന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പ്രധാനം. പി സി ജോര്‍ജ് എന്ന കേരള കോണ്‍ഗ്രസിലെ അപ്രധാന നേതാവിനാല്‍പ്പോലും ഭരിക്കപ്പെടുകയാണ് ഉമ്മന്‍ചാണ്ടി. നെല്ലിയാമ്പതിവിഷയത്തില്‍ ജോര്‍ജിന്റെ ദുരൂഹതാല്‍പ്പര്യങ്ങള്‍ക്കനുസൃതമാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍. ഭരണത്തില്‍ ആകെ നടക്കുന്ന പ്രവര്‍ത്തനം റോഡുപണിയാണെന്നു പറയാം. ജനങ്ങള്‍ നല്ല വഴിയിലൂടെ യാത്രചെയ്യട്ടെ എന്ന പ്രജാക്ഷേമ താല്‍പ്പര്യമല്ല അതിനുപിന്നില്‍. റോഡ്- കലുങ്ക്- പാലം പണിയടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണക്കില്ലാത്ത കൈക്കൂലി ലഭിക്കാവുന്ന മേഖലയായാണ് യുഡിഎഫ് നേതൃത്വം കാണുന്നത്. അതുകൊണ്ടാണ് റേഷന്‍കടയില്‍ അരിയില്ലെങ്കിലും നിര്‍മാണപ്രവര്‍ത്തനത്തിലെ സാധ്യത;ഊറ്റിയെടുക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാകുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ സ്തംഭനത്തിലാണ്. പദ്ധതിനിര്‍വഹണം മുടങ്ങി. സഹകരണമേഖലയെ അവിഹിതമാര്‍ഗത്തിലൂടെ വെട്ടിപ്പിടിക്കാന്‍ ആസൂത്രിതനീക്കം പുരോഗമിക്കുന്നു. വിദ്യാഭ്യാസരംഗം ഇതുപോലെ കുത്തഴിഞ്ഞ മറ്റൊരു ഘട്ടമുണ്ടായിട്ടില്ല. ചുരുക്കത്തില്‍, ഓരോവകുപ്പും ഓരോ സാമ്രാജ്യമായി. അരാജകത്വം ഭരണത്തിന്റെ മുഖമുദ്രയായി. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ ഭീഷണി ഈ സാഹചര്യത്തിലാണ് ഗൗരവചര്‍ച്ചയ്ക്കുള്ള വിഷയമായി ഉയര്‍ന്നുവരുന്നത്.

മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആരാണ് അധികാരം കൊടുത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പരസ്യമായി ചോദിക്കുന്നു. അതിന് മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. ഇവിടെ യുഡിഎഫ് സര്‍ക്കാരിന്റെ അവസ്ഥ എന്തെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാവുകയാണ്. എന്‍എസ്എസുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സുകുമാരന്‍നായര്‍ പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയെ മത്സരിപ്പിച്ചതുകൊണ്ടാണ് സഹായിച്ചതെന്നും പത്തുപന്ത്രണ്ട് സീറ്റുകളിലെങ്കിലും ജയിച്ചത് എന്‍എസ്എസിന്റെ വോട്ടുകൊണ്ടാണെന്നും അദ്ദേഹം തുടരുന്നു. വാക്കുപാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നറിയാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. ജാതിസംഘടനകളില്‍ ഒന്നായ എന്‍എസ്എസിന് ഈ ഉറപ്പാണ് കൊടുത്തതെങ്കില്‍, മറ്റ് ഏതൊക്കെ സംഘടനകള്‍ക്ക് എന്തെല്ലാം ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. ആ ഉറപ്പുകളില്‍ ഏതൊക്കെ പാലിച്ചു; ഇനി ഏതെല്ലാം ബാക്കി കിടക്കുന്നുവെന്നും ജനങ്ങള്‍ അറിയട്ടെ. വിവിധ ജാതി- മത സംഘടനകളുടെ ലേബലിലല്ലാതെ കേരളത്തിലെ സാധാരണജനങ്ങളെ ജനങ്ങളായി സര്‍ക്കാര്‍ കാണുന്നുണ്ടോ? അവരോട് എന്തെങ്കിലും ഉത്തരവാദിത്തം അവശേഷിക്കുന്നുണ്ടോ? അതാണല്ലോ ജനാധിപത്യം. കുറെയേറെ സംഘടനകളെ പ്രലോഭിപ്പിച്ച് കപടവാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടുകയും പിന്നീട് ഉറപ്പുകളാകെ മറന്നുപോവുകയും എന്നത് പതിവാക്കിയ ഒരു രാഷ്ട്രീയപാര്‍ടിയുടെ നേതൃത്വമേ ഇത്തരമൊരു ഗതികേടില്‍പ്പെടൂ. മന്ത്രിസഭാവികസനത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയേണ്ടതും തീരുമാനമെടുത്ത് നടപ്പാക്കേണ്ടതും ഭരണഘടനാപരമായി മുഖ്യമന്ത്രിയായിരിക്കെ, അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ഒരു സമുദായ സംഘടനാ നേതാവ് ചോദിക്കേണ്ടിവരുന്നത് അസാധാരണമായ അനുഭവംതന്നെയാണ്. കോണ്‍ഗ്രസിനെ വോട്ടുബാങ്കുകളുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയവരില്‍നിന്ന് മറുപടി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെയും ജനങ്ങളെയും ജനാധിപത്യത്തെയും മറന്നിരിക്കുന്നു. ഭരണം ഏതാനും സങ്കുചിതശക്തികള്‍ തീറെഴുതിയെടുത്തിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 29 ജനുവരി 2013

Monday, January 28, 2013

ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ മതനിരപേക്ഷതയെ തകര്‍ക്കും

സമദൂര സിദ്ധാന്തത്തിന്റെ വക്താക്കളാണെന്നു പറഞ്ഞ് കുറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതിസംഘടനയാണ് എന്‍എസ്എസ്. ഇവര്‍ക്ക് കേരളത്തിലെ പ്രബലമായ രണ്ട് മുന്നണികളോട് സമദൂരമല്ലെന്നും എന്‍എസ്എസ് നേതൃത്വം കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒപ്പം നില്‍ക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്നും കേരളീയ സമൂഹം നേരത്തെ തിരിച്ചറിഞ്ഞതാണ്. ഇതിനുസൃതമായ നിലപാട് സ്വീകരിക്കുമ്പോഴും എന്‍എസ്എസ് പരസ്യമായി പറയാറുള്ളത് ഞങ്ങള്‍ സമദൂരത്തില്‍ നില്‍ക്കുന്നു എന്നാണ്. ഇതിന്റെ നിജസ്ഥിതി തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ തുറന്നുകാട്ടിയിരിക്കുന്നു. കോണ്‍ഗ്രസിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവായാണ് സുകുമാരന്‍നായര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ജാതി സംഘടനയും മുമ്പ് ഒരു കാലത്തും സ്വീകരിക്കാത്ത പരസ്യനിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരിക്കുകയാണ്.

ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എന്‍എസ്എസിന്റെ ശക്തികൊണ്ടല്ല. യുഡിഎഫ് അത്രയ്ക്ക് ദുര്‍ബലമായി എന്നതാണ് ഇത്തരം നിലപാടിലേക്കെത്തിച്ചത്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ജാതി-മത ശക്തികളെ പ്രീണിപ്പിക്കല്‍ കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വീകരിക്കാറുണ്ട്. സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയ വിവരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വവും എന്‍എസ്എസും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയാണ്. 2011 മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍എസ്എസും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഉണ്ടായ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്റാവു ദേശ്മുഖ് എന്‍എസ്എസ് ആസ്ഥാനത്തെത്തി. ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ഈ ചര്‍ച്ചയില്‍ എന്‍എസ്എസ് കോണ്‍ഗ്രസിന് മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കുന്നു. അതിന്റെ ഭാഗമായി ആറുപേജുള്ള റിപ്പോര്‍ട്ട് എന്‍എസ്എസ് അദ്ദേഹത്തിന് നല്‍കുന്നു. ഇതിനെ രഹസ്യ റിപ്പോര്‍ട്ടായാണ് സുകുമാരന്‍നായര്‍ വിശേഷിപ്പിക്കുന്നത്. രഹസ്യറിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് സുകുമാരന്‍നായര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു.

യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ന്യൂനപക്ഷത്തിന് ലഭിക്കാനിടയുണ്ടെന്നും അങ്ങനെ വന്നാല്‍ തത്തുല്യമായ സ്ഥാനം ഭൂരിപക്ഷ പ്രതിനിധിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടതായി സുകുമാരന്‍നായര്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതിന്റെ തെളിവ് സുകുമാരന്‍നായര്‍ ഹാജരാക്കുന്നു. രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്‍എസ്എസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. ജാതി-മത ശക്തികള്‍ക്ക് കോണ്‍ഗ്രസ് ഏതെല്ലാം തരത്തില്‍ കീഴടങ്ങുന്നു എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. രമേശ് ചെന്നിത്തല കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഞങ്ങളാണെന്ന് സുകുമാരന്‍നായര്‍ അവകാശപ്പെടുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തിന്റെ ഭാഗം സുകുമാരന്‍നായര്‍ ഇവിടെ അഭിനയിക്കുകയല്ല. തങ്ങള്‍ക്ക് കിട്ടിയ ഉറപ്പ് കോണ്‍ഗ്രസ് നടപ്പാക്കിയതിലുള്ള ചാരിതാര്‍ഥ്യം പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നാല് സീറ്റിനുവേണ്ടി ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ് ഇതിലൂടെ പ്രകടമാവുന്നത്.

സുകുമാരന്‍നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതിലൂടെ എന്‍എസ്എസിന് ഒരു ജാതിസംഘടന എന്നവകാശപ്പെടാന്‍ ഇനിയങ്ങോട്ട് കഴിയില്ല. ജാതിസംഘടനകള്‍ക്ക് പ്രത്യേകമായ ധര്‍മം നിര്‍വഹിക്കാനുള്ള സാഹചര്യം ഇക്കാലത്തില്ല. നേരത്തെ കേരളീയ സമൂഹത്തില്‍ അതുണ്ടായിരുന്നപ്പോഴാണ് ജാതിസംഘടനകള്‍ പ്രസക്തമായിരുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലിന്റെ അര്‍ഥം കോണ്‍ഗ്രസുകാരായ നായന്മാരുടെ ഒരു സംഘടനമാത്രമാണ് എന്‍എസ്എസ് എന്നാണ്. നായര്‍സമുദായത്തില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. കോണ്‍ഗ്രസുകാരൊഴികെയുള്ള ഒരു കൂട്ടരെയും തങ്ങള്‍ പ്രതിനിധാനംചെയ്യുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പരസ്യമായി പറഞ്ഞത് നല്ല കാര്യമാണ്. എന്‍എസ്എസ് കോണ്‍ഗ്രസ് നേതാക്കന്മാരിലെ നായന്മാരെ സ്ഥാനാര്‍ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനമാനങ്ങളിലേക്കെത്തിക്കാനും ശ്രമിക്കുന്ന സംഘടനയാണെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു. അതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ടാല്‍പ്പോലും അതിന് എന്‍എസ്എസിന് അവകാശമുണ്ട് എന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുന്നത്. ഇതുകൊണ്ടുതന്നെയാണ് എന്‍എസ്എസ് യോഗത്തില്‍ തന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന മന്ത്രി ശിവകുമാറിനോട്, ശിവകുമാറിനെക്കുറിച്ച് പരാതിയില്ല സ്നേഹമേയുള്ളൂവെന്നും പറഞ്ഞ് ശിവകുമാറിന്റെ പാര്‍ടിയെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നിലപാട് സുകുമാരന്‍നായര്‍ക്ക് സ്വീകരിക്കാനായത്.

ഹൈന്ദവ ഏകീകരണത്തെക്കുറിച്ച് നേരത്തെ പരസ്യ നിലപാട് സുകുമാരന്‍നായര്‍ സ്വീകരിച്ചിരുന്നു. ഭൂരിപക്ഷ മതവിഭാഗത്തിലെ ഒരു ജാതിസംഘടന ജാതിവികാരം കുത്തിയിളക്കി ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കാനൊരുമ്പെടുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വഴിവയ്ക്കുകയാണ് ചെയ്യുക. കേരളത്തിലായാലും ഇന്ത്യയിലായാലും ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും വലിയ വിപത്താണ്; രാജ്യത്ത് സ്പര്‍ധ വളര്‍ത്തി അനേകായിരങ്ങളെ കൊന്നൊടുക്കുന്നതിന് നേതൃത്വം കൊടുക്കുകയുംചെയ്തവരാണ്. കേരളത്തിലും ചില ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും അത് വേണ്ടത്ര ഫലിക്കാതിരുന്നത് ഇവിടത്തെ ശക്തമായ ഇടതുപക്ഷ സാന്നിധ്യംകൊണ്ടാണ്. അതേ ഇടതുപക്ഷംതന്നെയാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി പ്രതിരോധിക്കുന്നത്. എല്ലാ വര്‍ഗീയതയ്ക്കും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ രണ്ടു വര്‍ഗീയതയും മുന്നിട്ടിറങ്ങുന്നത്. വര്‍ഗീയശക്തികളുമായി സമരസപ്പെട്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്ലാകാലത്തും ഇവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന് സഹായകരമായ നിലപാടാണ് തുടര്‍ച്ചയായി പ്രബല ജാതിസംഘടനകളുടെ നേതൃത്വങ്ങളും കേരളത്തില്‍ സ്വീകരിച്ചുവന്നത്.

കോണ്‍ഗ്രസിന്റെ ബഹുജനസംഘടനയായി സ്വയം പ്രഖ്യാപിച്ച എന്‍എസ്എസ് സോണിയ ഗാന്ധിക്ക് നിവേദനം നല്‍കാന്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയെയും മറ്റും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതി-മത ശക്തികളോടുള്ള വിധേയത്വം ജാതിസംഘടനാ നേതാക്കള്‍ക്ക് എത്രത്തോളം ധാര്‍ഷ്ട്യം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ഇത്തരം സംഘടനകള്‍ കാണിക്കുന്ന ഓലപ്പാമ്പിനെ ഭയപ്പെടുന്നത് ആത്യന്തികമായി കേരളത്തിലെ മതനിരപേക്ഷതയെയാണ് ദുര്‍ബലപ്പെടുത്തുക എന്നതും മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണം.

*
പിണറായി വിജയന്‍

ജനകീയ ബാങ്കിങ്ങിന് തിരശ്ശീല

സാധാരണസംഭവമായാണ് ബാങ്കിങ് ഭേദഗതിബില്‍ ലോക്സഭ അംഗീകരിച്ച കാര്യം ചില മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി രാജ്യത്ത് ലഭ്യമായ വിഭവശേഷിയെ മുഴുവന്‍ സമാഹരിച്ച പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തിയാണ് ഈ ഭേദഗതിയെന്ന കാര്യം ബോധപൂര്‍വം തമസ്കരിക്കപ്പെട്ടു. വാണിജ്യബാങ്കിങ്ങിനോടൊപ്പം സഹകരണമേഖലാ ബാങ്കിങ്ങിന്റെ പ്രവര്‍ത്തനത്തിലും സമീപനത്തിലും തീര്‍ത്തും വിനാശകരമായ മാറ്റങ്ങള്‍ക്കാണ് ഈ ഭേദഗതി വഴിയൊരുക്കുന്നത്. വികസനത്തിന്റെ എന്‍ജിന്‍ എന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ ജനകീയസ്വഭാവം പൂര്‍ണമായി നഷ്ടപ്പെടുത്തുകമാത്രമല്ല, അതിവിപുലമായ നമ്മുടെ ബാങ്കിങ് സംവിധാനത്തെ വിദേശമൂലധനത്തിന്റെ കാല്‍ക്കല്‍ അടിയറവയ്ക്കുകകൂടിയാണ് ഈ ഭേദഗതിവഴി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കാരും മുതലാളിത്തത്തിന്റെ മറ്റു കാവല്‍മാലാഖകളും നിരന്തരം ചെലുത്തിപ്പോരുന്ന സാമ-ദാന-ഭേദ-ദണ്ഡ സമ്മര്‍ദങ്ങളുടെ വിജയകരമായ പരിസമാപ്തികൂടിയാണ് ഈ സംഭവവികാസം.
 
ബാങ്കുകളുടെമേല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുകയാണ് ബാങ്കിങ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യമെന്ന മട്ടിലാണ് മിക്ക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ഇത് യാദൃച്ഛികമോ ധാരണയില്ലായ്മയോ ആയി കാണാന്‍ കഴിയില്ല. ഭേദഗതിയുടെ ദൂരവ്യാപകവും രാജ്യതാല്‍പ്പര്യവിരുദ്ധവുമായ സത്തയില്‍നിന്ന് ശ്രദ്ധമാറ്റുന്നതിനാണ് റിസര്‍വ് ബാങ്കിന് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നതെന്നതാണ് വാസ്തവം. ബില്‍ പാസായതുകൊണ്ട് ആയിരക്കണക്കിന് പുതിയ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നുമൊക്കെ വേറെയും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

ബാങ്കിങ് മേഖലയെ സംബന്ധിക്കുന്ന മൂന്നു നിയമങ്ങളാണ് പുതിയ ബില്‍വഴി ഭേദഗതിചെയ്യപ്പെട്ടത്. ബാങ്കിങ് നിയന്ത്രണനിയമം 1949, ബാങ്കിങ് കമ്പനീസ് ആക്ട് 1970, ബാങ്കിങ് കമ്പനീസ് ആക്ട് 1980 എന്നിവയാണ് പ്രസ്തുത നിയമങ്ങള്‍. പുറമേ കാണുമ്പോള്‍ തീര്‍ത്തും സാങ്കേതികമായ കാര്യങ്ങളെന്ന് തോന്നാവുന്ന പുതിയ വ്യവസ്ഥകള്‍, യഥാര്‍ഥത്തില്‍ ദൂരവ്യാപകവും സമഗ്രവുമായ പ്രത്യാഘാതങ്ങള്‍ ബാങ്കിങ് സംവിധാനത്തില്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അംഗീകൃത ഈടുകളെ സംബന്ധിക്കുന്ന ഭേദഗതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഈടുകളാ (പ്രധാനമായും കടപ്പത്രങ്ങള്‍)ണ് അംഗീകൃത ഈടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ തങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം (ഇപ്പോള്‍ 24 ശതമാനം) മേല്‍പ്പറഞ്ഞ അംഗീകൃത ഈടുകളില്‍ നിക്ഷേപിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നാണ് ഈ നിക്ഷേപത്തെ വിളിക്കുക. പുതിയ ഭേദഗതിയോടെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്ന ഇതര ആസ്തികളിലും ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് സര്‍ക്കാര്‍ ഈടുകളില്‍ നിക്ഷേപിക്കാറുള്ളത്. ഈ പണം വിനിയോഗിക്കുന്നതാകട്ടെ സമ്പദ്വ്യവസ്ഥയുടെ ഉദ്ധാരണത്തിനും. എന്നാല്‍, പുതിയ ഭേദഗതി നടപ്പില്‍വരുന്നതോടെ നിക്ഷേപങ്ങളുടെ നല്ല പങ്ക് സ്വകാര്യമൂലധനമായി വഴിമാറാനുള്ള സാധ്യത തെളിയുകയാണ്. പൊതുവിഭവം സ്വകാര്യമൂലധനമാക്കി മാറ്റിയെടുക്കുന്ന ആഗോളീകരണതന്ത്രമാണ് ഈ നിര്‍ദേശത്തിന്റെ പിന്നില്‍.

ദേശസാല്‍കൃത ബാങ്കുകളിലെയും സ്വകാര്യബാങ്കുകളിലെയും ഓഹരി ഉടമകള്‍ക്ക് ലഭ്യമായ വോട്ടവകാശത്തിന്റെ പരിധി ഉയര്‍ത്തിയതിന്റെ പിന്നില്‍ ദീര്‍ഘകാല മൂലധനതാല്‍പ്പര്യങ്ങളുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ശതമാനമെന്ന പരിധിയാണ് പത്ത് ശതമാനമായി വര്‍ധിക്കുന്നത്. സ്വകാര്യബാങ്കുകളുടെ കാര്യത്തില്‍ പത്ത് എന്ന പരിധി ഇരുപത്താറായി ഉയരും. വിദേശസ്ഥാപനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കില്‍ 20 ശതമാനംവരെ വിദേശനിക്ഷേപം അനുവദനീയമാണ്. സ്വകാര്യബാങ്കുകളില്‍ ഇത് 74 ശതമാനവും. എന്നാല്‍, വോട്ടവകാശത്തിന്റെ പരിധിനിയന്ത്രണം നിമിത്തം വിദേശനിക്ഷേപകര്‍ക്ക് ബാങ്കുകളുടെ ഭരണപരമോ നയപരമോ ആയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. വിദേശമുതലാളിമാര്‍ക്ക് അവരുടെ ഇംഗിതം ഇന്ത്യന്‍ ബാങ്കുകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ ഭേദഗതി വഴിയൊരുക്കും. കൂടുതല്‍ വോട്ടവകാശം ലഭിക്കുന്നതോടെ സ്വകാര്യ ഓഹരി ഉടമകള്‍ മെച്ചപ്പെട്ട ലാഭത്തിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ ശക്തിപ്പെടുത്തും. കൃഷിയടക്കമുള്ള ഉല്‍പ്പാദനമേഖലകളില്‍നിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം ഇതോടെ പൂര്‍ണമാവുകയും ചെയ്യും.

വോട്ടവകാശപരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍മുടക്കാനുള്ള മത്സരം മുറുകാന്‍ പോവുകയാണ്. ബില്‍ പാസായതിന്റെ പിറ്റേദിവസം ബാങ്കുകളുടെ ഓഹരിവിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടം അതിന്റെ ദിശാസൂചിയാണ്. ഇന്ത്യന്‍ ബാങ്കിങ്ങിന്റെ മുഖം മാറുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ബാങ്കിങ് ഒരു വ്യവസായമാണെങ്കിലും ഇന്ത്യയില്‍ അത് നിര്‍വഹിച്ചുപോന്നത് നമ്മുടെ സമ്പദ്വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുക എന്ന ചരിത്രദൗത്യമാണ്. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലയിലേക്കും ചെന്നെത്തിയാണ് ബാങ്കിങ് ആ ദൗത്യം നിറവേറ്റിയത്. എന്നാല്‍, മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാങ്കിങ് അനന്തമായ ലാഭസാധ്യതകളുള്ള ഒരു വ്യവസായമാണ്. പൊതുനിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്കും അവധിവ്യാപാരത്തിലേക്കും, അപകടസാധ്യത ഏറെയുള്ള ഡെറിവേറ്റീവുകളിലേക്കും ഒഴുക്കി വിപണിയെ കൈയിലെടുത്ത് അമ്മാനമാടാനുള്ള ത്വരയാണ് മൂലധനാഥന്മാരെ നയിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ സമാഹൃതമായ 70 ലക്ഷം കോടി രൂപയോളം നിക്ഷേപത്തിന്റെ ലാഭസാധ്യതയാണ് അവരെ ഉന്മാദംകൊള്ളിക്കുന്നത്. വോട്ടവകാശം വര്‍ധിക്കുന്നതോടെ ബാങ്കുകളുടെ നിയന്ത്രണം കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗംകൂടും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയ നമ്മുടെ ബാങ്കിങ് സമ്പ്രദായം അതോടെ പഴങ്കഥയായി മാറും.

സഹകരണമേഖല: മായുന്ന അതിര്‍വരമ്പുകള്‍

സഹകരണമേഖലയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് ബാങ്കിങ് നിയമഭേദഗതി. ഈ വര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ് ആദ്യത്തെ അടി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം സംസ്ഥാനപട്ടികയില്‍പ്പെടുന്ന സഹകരണമേഖലയെ ഈ ഭേദഗതിയിലൂടെ കേന്ദ്രം തട്ടിയെടുത്തു. അതത് സംസ്ഥാനങ്ങളില്‍ സഹകരണനിയമം നിലനില്‍ക്കെയാണ്, സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സമഗ്രമായ വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ചത്.

തൊണ്ണൂറ്റേഴാം ഭരണഘടനാ ഭേദഗതിയും ബാങ്കിങ് നിയമഭേദഗതിയിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്തുവച്ചുനോക്കിയാല്‍ വാണിജ്യബാങ്കിങ്ങും സഹകരണബാങ്കിങ്ങും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ക്കപ്പെടുകയാണെന്ന് ബോധ്യമാകും. ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണമേഖല, ബാങ്കിങ് മേഖലപോലെതന്നെ, കേന്ദ്രസര്‍ക്കാരിന്് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒന്നായി. ബാങ്കിങ് നിയമഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ബാങ്കിങ് മേഖലയുടെ നിയന്ത്രണാധികാരം കൈയാളുന്ന റിസര്‍വ് ബാങ്കിന് സഹകരണമേഖലയുടെമേല്‍ സമ്പൂര്‍ണാധിപത്യം ചെലുത്താന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങി. സഹകരണസംഘത്തിന് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇനി ബാങ്കിങ് ലൈസന്‍സ് എടുത്തേ മതിയാകൂ. ലൈസന്‍സ് എടുത്താലോ, റിസര്‍വ് ബാങ്കിന് ഏത് സമയത്തും ഇടപെടാം. അതിന് തയ്യാറല്ലെങ്കില്‍, ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.

സഹകരണമേഖലയ്ക്കും വാണിജ്യബാങ്കിങ്ങിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതോടൊപ്പം, അധികമായി കിട്ടുന്ന വോട്ടവകാശം ഉപയോഗപ്പെടുത്തി ബാങ്കുകളുടെ നയങ്ങളെ സ്വാധീനിക്കുകയും അതുവഴി തങ്ങളുടെ മൂലധനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടുകയും ചെയ്യാനുള്ള സുവര്‍ണാവസരം മറുവശത്ത് കാത്തുനില്‍ക്കുന്നു. ഇവിടെ ഹോമിക്കപ്പെടുന്നത് ഒരു ജനതയുടെ കുതിപ്പിന്റെ സ്വപ്നങ്ങളാണ്. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് നിസ്സ്വരെ സമ്പദ്വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബാങ്കുകളിലെ ജീവനക്കാരുടെമാത്രം സമരമല്ല; രാജ്യത്താകെയുള്ള ജനങ്ങളുടെ പ്രക്ഷോഭമാണ് ഇതിനെതിരായി ഉയര്‍ന്നുവരേണ്ടത്.

*
വി കെ പ്രസാദ് ദേശാഭിമാനി 28 ജനുവരി 2013

കഴിവില്ലെങ്കില്‍ ഇറങ്ങിപ്പോകണം

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് നാല്‍പ്പാടി വാസു എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ഇന്ന് പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണ് ആ കുറ്റകൃത്യത്തിലെ മുഖ്യപ്രതി എന്നതിലും സംശയത്തിന് വകയില്ല. ഭരണാധികാരത്തിന്റെ ഞെട്ടിക്കുന്ന ദുരുപയോഗത്തിലൂടെ സുധാകരനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിന്നീട് പ്രതിപ്പട്ടികയില്‍ വന്നപ്പോള്‍ രക്ഷപ്പെടുത്താനും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടിക്ക് കഴിഞ്ഞു. എന്നാല്‍, ആ കുറ്റകൃത്യത്തില്‍ പങ്കാളിയും സുധാകരന്റെ സഹായിയുമായിരുന്ന പ്രശാന്ത്ബാബു നടത്തിയ പരസ്യമായ കുറ്റസമ്മതം, സുധാകരന് രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിപ്പിക്കാതെയാണ് കഴിഞ്ഞവര്‍ഷം പുറത്തുവന്നത്. ""നാല്‍പ്പാടി വാസുവിനെ സുധാകരന്റെ ഗണ്‍മാനെ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കാറിന്റെ ഹെഡ്ലൈറ്റും ഗ്ലാസുമെല്ലാം പൊട്ടിച്ചത് തങ്ങളെല്ലാം ചേര്‍ന്നാണ്"" എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ""അനൗണ്‍സ്മെന്റ് വാഹനത്തിലെ ജിമ്മിയുമായാണ് അവിടെ ആദ്യം പ്രശ്നമുണ്ടായത്. കടവന്ത്രക്കാരനായ ജിമ്മി ജോസഫ് അന്ന് ഡിസിസി ഓഫീസില്‍തന്നെയായിരുന്നു. ചായക്കടയില്‍നിന്ന് എന്തോ പറഞ്ഞതായും ആംഗ്യം കാണിച്ചതായും പറഞ്ഞ് ജിമ്മിയും മറ്റും വണ്ടിയില്‍നിന്നിറങ്ങി ഭീഷണിപ്പെടുത്തി. ഇത് നാട്ടുകാര്‍ ചോദ്യംചെയ്തു. പിന്നിലുള്ള സുധാകരേട്ടന്റെ വാഹനം ഓടിച്ചത് ഞാനായിരുന്നു. ചായപ്പീടികയ്ക്കുസമീപം എത്തിയതോടെ വണ്ടിനിര്‍ത്തി. ഗണ്‍മാന്‍ ഇറങ്ങി വെടിവച്ചപ്പോഴാണ് വാസുവിന് വെടിയേറ്റത്. അക്രമം നടന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് വരുത്താന്‍ സംഭവം നടന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോയശേഷമാണ് ലൈറ്റും ഗ്ലാസും അടിച്ചുപൊളിച്ചത്. നാല്‍പ്പാടി വാസുവധത്തിനുശേഷം കെ സുധാകരനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ കെ കരുണാകരന്‍ പറഞ്ഞതാണ്. ആ ഘട്ടത്തില്‍ രക്ഷിച്ചത് വയലാര്‍ രവിയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നശേഷമാണ് കണ്ണൂരില്‍ ബോംബുരാഷ്ട്രീയം തുടങ്ങിയത്."" നാല്‍പ്പാടി വാസുവിന്റെ ബന്ധുക്കളോ സിപിഐ എമ്മോ അല്ല, സുധാകരനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിതന്നെയാണ് ഇത് പറയുന്നത്.

ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നാല്‍ സാധാരണനിലയില്‍ ആ കേസ് പുനരന്വേഷിക്കേണ്ടതാണ്. അങ്ങനെ അന്വേഷിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത നക്സല്‍ വര്‍ഗീസ് വധക്കേസുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഇവിടെ, നാല്‍പ്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വാസുവിന്റെ സഹോദരന്‍ രാജന്‍ നല്‍കിയ അപേക്ഷയില്‍ ""ഇനിയൊരു അന്വേഷണത്തിന് സാധ്യതയില്ല"" എന്ന നിലപാടാണത്രേ ആഭ്യന്തരവകുപ്പിന്. ഇതേ ആഭ്യന്തരവകുപ്പുതന്നെയാണ്, സുപ്രീംകോടതിയടക്കം തീര്‍പ്പുകല്‍പ്പിച്ച കെ ടി ജയകൃഷ്ണന്‍ കേസ്, ഇല്ലാത്ത ഒരു മൊഴി സൃഷ്ടിച്ച് മാന്തിയെടുക്കാന്‍ നോക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസമാണ്.

അക്രമത്തിനെതിരെ സമാധാനജാഥയെന്നു പറഞ്ഞ് നടത്തിയ യാത്രയിലാണ് നാല്‍പ്പാടി വാസുവിനെ സുധാകരസംഘം വെടിവച്ചുകൊന്നത്. 1992 ജൂണ്‍ 13ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ ചോറുവിളമ്പുകയായിരുന്ന നാണുവിന്റെ രക്തവും മാംസവും ഭക്ഷണം കഴിക്കാനിരുന്നവരുടെ ദേഹത്തും ഇലകളിലും ചിതറിവീണത് ഇതേസുധാകരന്റെ ഗുണ്ടകളുടെ ബോംബേറിലാണ്. കണ്ണൂര്‍ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് ഓരോ കേസും ചൂണ്ടിക്കാട്ടി പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലചെയ്യാന്‍ സുധാകരന്‍ തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശം പ്രശാന്ത്ബാബുവിലൂടെ പുറത്തുവന്നു. കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് പ്രസില്‍ കയറി പ്രശാന്തനെയും ചൊവ്വ സഹകരണബാങ്കില്‍ കയറി വിനോദിനെയും വെട്ടിയതും സിപിഐ എം നേതാവ് അന്തരിച്ച ടി കെ ബാലന്റെ വീട്ടില്‍ ബോംബെറിഞ്ഞ് മകന്‍ ഹിതേഷിന്റെ കണ്ണ് ഇല്ലാതാക്കിയതും ഇതേസുധാകരസംഘമാണ്.

പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടത്രേ. അവരെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നുമില്ല. ഇന്നും സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തേര്‍വാഴ്ച തുടരുകയാണ്. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസുദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയതും മണല്‍മാഫിയക്കുവേണ്ടി നിയമം കൈയിലെടുത്തതും ഈയിടെയാണ്. സുധാകരന്റെ രോമത്തില്‍പ്പോലും തൊടാനുള്ള നട്ടെല്ല് കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്ല. പൊലീസിനെ ഭരണകക്ഷിയുടെ അടുക്കളപ്പണിക്കാരാക്കി അധഃപതിപ്പിച്ചതിന്റെ ഫലമാണ് ഈ ദുരവസ്ഥ.

രണ്ടു നീതിയാണ് നടപ്പാക്കപ്പെടുന്നത്. മലപ്പുറം അരീക്കോട്ട് ഇരട്ടക്കൊല നടന്നപ്പോള്‍, അതിന് പരസ്യമായി ആഹ്വാനം നല്‍കിയ ലീഗ് എംഎല്‍എ പി കെ ബഷീറിനെ സംരക്ഷിക്കലായിരുന്നു പൊലീസിന്റെ ചുമതല. എഫ്ഐആറില്‍ പ്രതിയായ ബഷീര്‍ ഇന്ന് പ്രതിപ്പട്ടികയിലില്ല. ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും നാടകീയമായി അറസ്റ്റുചെയ്യാനും ജാമ്യം നിഷേധിച്ച് ജയിലിലടക്കാനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് അറപ്പുണ്ടായില്ല. അതേകൂട്ടര്‍തന്നെയാണ്, കേരളരാഷ്ട്രീയം കണ്ട ഏറ്റവും നികൃഷ്ടനായ മാഫിയതലവനെന്ന് കോണ്‍ഗ്രസുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കെ സുധാകരനെ നിര്‍ലജ്ജം രക്ഷിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരിക്കെ പി രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍മാത്രം മതി കേസെടുക്കാനും അറസ്റ്റുചെയ്യാനും എന്നിരിക്കെ, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെ സുരക്ഷിതനാക്കി സൂക്ഷിക്കുന്നത് മിതമായ ഭാഷയില്‍ തോന്ന്യാസമാണ്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അലങ്കാരമായ ഈ തോന്ന്യാസം നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന കേരളജനതയ്ക്ക് പൊറുക്കാവുന്നതല്ല. കെ സുധാകരന്‍ എന്ന ക്രിമിനല്‍നേതാവിനെ പിടിച്ചുകെട്ടാനുള്ള നിയമം തന്റെ കൈയിലില്ലെന്നാണ് തിരുവഞ്ചൂരിന്റെ നിലപാടെങ്കില്‍, ഇരിക്കുന്ന പദവിക്ക് കൊള്ളരുതാത്തവനാണെന്ന് സമ്മതിച്ച് ഇറങ്ങിപ്പോകാനെങ്കിലും ആഭ്യന്തരമന്ത്രിക്ക് കഴിയണം.

*
ദേശാഭിമാനി മുഖപ്രസംഗം 28 ജനുവരി 2013

Sunday, January 27, 2013

ഫ്ളക്സ് മുത്തപ്പന്മാര്‍

ഉല്‍പന്നം നന്നായതുകൊണ്ട് കാര്യമില്ല. വില്‍ക്കണം. വില്‍ക്കാനുള്ളതാണ് എല്ലാം. വില്‍ക്കാത്തതായി എന്തുണ്ട് ബാക്കി? എല്ലാത്തിനും വിപണിമൂല്യം കിട്ടി. വിറ്റില്ലെങ്കില്‍ കെട്ടിക്കിടക്കും. കമ്പനി പൂട്ടും. വില്‍പന കൂടിയാല്‍ ചൂടപ്പം. ലാഭം കുമിയും. തേങ്ങ, മാങ്ങ, മത്സ്യം, മാംസം, ഉപ്പ്, മുളക്, കാറ്, ടി വി, കംപ്യൂട്ടര്‍ എന്നിവ മാത്രമല്ല വില്‍ക്കുന്നത്. ഇപ്പോള്‍ ഏറ്റവും നല്ല തന്ത്രത്തില്‍ വില്‍ക്കുന്നത് അവനവനെത്തന്നെ. കടുത്ത മത്സരം. എങ്ങനെയും വില്‍ക്കണം. വിറ്റാല്‍ ലാഭം. ലാഭം പണമാവാം, പദവിയാകാം, ജനപിന്തുണയാകാം. എല്ലാം ഒരു "ട്രിക്കാ"ണ്. പരസ്യമില്ലെങ്കില്‍ ദൈവംപോലും കച്ചോടം പൂട്ടിപ്പോവുന്ന കാലം.

"മുടിഞ്ഞമ്പലം" എന്ന ചൊല്ലുതന്നെയുണ്ട്. പരമ്പരാഗത വ്യവസായംപോലെ പരമ്പരാഗത ദൈവങ്ങളും തകര്‍ച്ചയിലാണ്. കയറ്, കൈത്തറി, കള്ളുചെത്തുപോലെയാണ് പല ദൈവങ്ങളുടെയും സ്ഥിതി. പണ്ട് ആനപ്പുറത്തിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ തപ്പി നോക്കിയാല്‍ അനുഗ്രഹം കാണില്ല. കഷ്ടമാണ് പലരുടെയും കാര്യം. ക്ഷേമനിധിപോലുമില്ല. കാരണം? കാലത്തിനുസരിച്ച് മാറിയില്ല. കാലത്തിനുസരിച്ച് മാറാത്തതൊന്നും കാലത്തെ അതിജീവിച്ചില്ല. പണ്ടെങ്ങനെയാണ്?

രാവിലെ കുളിച്ച് വൃത്തിയായി അമ്പലത്തില്‍ പോവുക. ഞായറാഴ്ച പള്ളിയില്‍ പോവുക. വെള്ളിയാഴ്ച നിസ്കരിക്കാനെത്തുക. വൈകിട്ട് നാമം ജപിക്കല്‍, രാത്രി കിടക്കുംമുമ്പ് പ്രാര്‍ഥന. ലളിതം, സുന്ദരം. ദൈവത്തിനും മനുഷ്യനും സമാധാനം. വീട്ടില്‍ ഇഷ്ടദൈവത്തിന്റെ ഫോട്ടോ. അതിന്റെ മുന്നില്‍ കൈകൂപ്പി, കണ്ണടച്ച് "ദൈവമേ" എന്നൊരുവിളി. കാലം മാറിയപ്പോള്‍ "സ്റ്റിക്കര്‍ ദൈവങ്ങള്‍" ഉണ്ടായി. ദൈവത്തിന്റെ മാര്‍ക്കറ്റിങ്. മനസ്സിലെ ദൈവം സ്റ്റിക്കറിലെത്തി. "കുറുന്തോട്ടിലപ്പന്‍ ഈ വീടിന്റെ ഐശ്വര്യം". "മുത്തോല ഭഗവതി ഈ വീടിന്റെ ഐശ്വര്യം" എന്നിങ്ങനെ പ്രാദേശിക ചരിത്രരചനകള്‍ ഉമ്മറപ്പടിയിലെത്തി. വീട്ടില്‍ മാത്രമല്ല, ബസില്‍, ഓട്ടോറിക്ഷയില്‍, കാറില്‍ ഒരു സ്റ്റിക്കറിനിരിക്കാന്‍ സ്ഥലമുള്ളിടത്ത് ദൈവത്തെ ഇരുത്തി കേമത്തം പ്രഖ്യാപിച്ചു. തോട്ടിലേക്ക് മറിഞ്ഞ കാറ് നിവര്‍ത്തുമ്പോള്‍ അതിലും കാണാം "വേളാങ്കണ്ണിമാതാവ് ഈ വാഹനത്തിന്റെ ഐശ്വര്യം". ബ്ലേഡ് കമ്പനിക്കാരന്റെ ഓഫീസിലും കാണും "പരുമലത്തിരുമേനി ഈ ഓഫീസിന്റെ ഐശ്വര്യം". നൂറ്റിക്കു പത്താണ് പലിശ. ചായക്കടയില്‍ കാണും "തൃക്കണ്ടിയൂരപ്പന്‍ ഈ കടയുടെ ഐശ്വര്യം". പരിപ്പുവടക്ക് അത്യാവശ്യമുണ്ടെങ്കില്‍ അതിലും ഒട്ടിച്ചേക്കും. "പാമ്പുംമേക്കാട്ടമ്മ ഈ പരിപ്പുവടയുടെ ഐശ്വര്യം". സ്പേസ് എങ്ങനെ ഉപയോഗിക്കാമെന്നതാണ് മോഡേണ്‍ ടെക്നിക്ക്! പരമ്പരാഗത ദൈവങ്ങളെ "ന്യൂജനറേ ഷന്‍" ദൈവങ്ങള്‍ കീഴടക്കുന്നു. പഴയ ശീലങ്ങളില്‍നിന്ന് പുതിയ ശീലങ്ങള്‍ ഉണ്ടാവണം. ചരട് ജപിച്ചുകെട്ടിയ കൈയില്‍ ലാപ്ടോപ്പിരിക്കുന്നതാണ് കാലം. ജാതകം കംപ്യൂട്ടര്‍ കുറിച്ചുതരും! കൃത്യമായിരിക്കുമത്രെ! ഗ്രഹനില കംപ്യൂട്ടറിലാവുമ്പോള്‍ സെന്റീമീറ്റര്‍ പോലും മാറില്ല. ഭാവി ഓണ്‍ലൈനില്‍ പറയും. പ്രാര്‍ഥിക്കാന്‍ വെബ്സൈറ്റ്. പേരും നമ്പറും എസ്എംഎസ് ചെയ്തുകൊടുത്താല്‍ മതി; പരലോകത്ത് എല്ലാ കാര്യങ്ങളും റെഡി. ഭക്ഷണം, താമസം, ഒന്നിനും ഒരു കുറവും വരില്ല. മരണം ഒരു "കണ്ടക്ടഡ് ടൂര്‍"! എസ്എംഎസില്‍നിന്ന് നറുക്കെടുത്ത് കാറും വീടും സമ്മാനമായി നല്‍കുന്ന കാലം അതിവിദൂരമല്ല. പ്രാര്‍ഥനയുടെ റിയാലിറ്റി ഷോ. നല്ല പരസ്യസാധ്യത. ടീമായോ, ഒറ്റയ്ക്കോ പ്രാര്‍ഥിക്കാം. പ്രാര്‍ഥിച്ചു പയറ്റിത്തെളിഞ്ഞവര്‍ മാര്‍ക്കിടാനിരിക്കും. നടത്തം, മുട്ടുകുത്തല്‍, കൈനീട്ടല്‍ എന്നിവക്കെല്ലാം മാര്‍ക്കുണ്ടാവും. "ദൈവമേ... എന്ന് പറഞ്ഞിടത്ത് സാധനം വീണില്ല. ദൈവമേ..." എന്ന് പറയുന്നത് ശരിക്കും ഉള്ളില്‍നിന്നുതന്നെ വരണം. കുട്ടി പറഞ്ഞപ്പോള്‍ അത് രാവിലെ പാലുകാരന്‍ വന്ന് വിളിക്കുന്നപോലെ തോന്നി. അതിനാല്‍ ഒരു മാര്‍ക്ക് കുറയ്ക്കുന്നു.

പത്തില്‍ ഒമ്പത്."" ""താങ്ക് യു കുമാരപുരം സേര്‍... ഇനി മിസ് പ്രേയര്‍ നായര്‍..."" ""കുട്ടി നടന്നുവന്നതൊക്കെ പെര്‍ഫെക്ടായിരുന്നു. ശരിക്കും എനിക്ക് ഫീല് ചെയ്തു. (കൈയടി) എന്റെയൊക്കെ കുട്ടിക്കാലത്തേക്ക് ഞാന്‍ അറിയാതെ ട്രാവല്‍ ചെയ്തു. (കൈയടി) റിയലി ട്രാവല്‍ ചെയ്തു. (വീണ്ടും ഉച്ചത്തില്‍ കൈയടി) "മോള് പ്രാര്‍ഥിക്കാനിരുന്ന ആ മൂവ്മെന്റ് ഒന്നുകൂടി പെര്‍ഫെക്ടാക്കാനുണ്ട്. വന്നിട്ട് പെട്ടെന്ന് അങ്ങിരുന്നു കളഞ്ഞു. നെവര്‍. അങ്ങനെ ചെയ്യരുത്. ഒരു ദൈവവും അങ്ങനെയിരിക്കാന്‍ ഇഷ്ടപ്പെടില്ല. വിഷമിക്കണ്ട. നന്നായി. മോള് നന്നായി പ്രാര്‍ഥിച്ചു." ""ഇനി മാര്‍ക്സ് പറയു മിസ് പ്രേയര്‍ നായര്‍..."" ""പത്തില്‍ ഒമ്പതേ മുക്കാല്‍..."" ""ഇനി കിലുക്കാംപെട്ടി സേര്‍..."" ""ആ "കര്‍ത്താവേ" എന്നുള്ളത് ഒന്നുകൂടി എടുത്തേ... കണ്ടോ... വാക്കുകള്‍ക്ക് സ്ട്രെസ് കൊടുക്കുന്നതില്‍ ശ്രദ്ധിക്കണം.

പ്രാര്‍ഥനയല്ലേ... അതിന് അതിന്റെയൊരു റിഥം വേണം. "ക" അല്ല "ത്ത"യാണ് ബലത്തില്‍ ഉച്ചരിക്കേണ്ടത്. പത്തില്‍ എട്ടേകാല്‍..."" ""നെക്സ്റ്റ് സൈലന്റ് റൗണ്ട്. എന്താ പരയുക... നമ്മളിങ്ങനെ... വീ ഷുഡ് ക്ലോസ് അവര്‍ ഐസ്.. കണ്ണിങ്ങനെ ക്ലോസ് ചെയ്ത്...ഹാന്‍ഡ്സൊക്കെ ഇങ്ങനെ ബെന്റ് ചെയ്ത്. ഹൗ ത്രില്ലിങ് ഇറ്റ് വില്‍ ബി. അതിനു മുമ്പ് ജസ്റ്റ് എ ഷോട്ട് ബ്രേക്ക്."" ഇമ്മാതിരി കാഴ്ചകളും കണ്ട് സായൂജ്യമടയാം. ഏറ്റവും നല്ല ദൈവത്തെയും തെരഞ്ഞെടുക്കാം. ദൈവത്തിന്റെ പേരെഴുതി, സ്പേയ്സിട്ട്, നമ്പറടിച്ചാല്‍ മതി. മാര്‍ക്കറ്റിങ്ങില്ലാതെ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. പുതിയ ഏരിയ കണ്ടെത്തണം. കാര്യങ്ങളൊക്കെ പഴയതുതന്നെ മതി. സത്യം, സ്നേഹം, ആത്മാര്‍ഥത, നിസ്വാര്‍ഥത ഇതൊക്കെ തന്നെ ഡയലോഗ്. പക്ഷേ അവതരിപ്പിക്കുന്ന രീതി മാറ്റണം. സ്റ്റേജ് ഷോ അനിവാര്യം. രണ്ട് സെലിബ്രറ്റീസിനെ കൊണ്ടുവന്ന് മുട്ടുകുത്തിച്ചാല്‍ കച്ചോടം പൊടിപൊടിക്കും. ഇത്തിരി കാശ് ചെലവാകും. കുഴപ്പമില്ല. കാശിറക്കിയേ കാശ് വാരാനാവൂ. പത്രങ്ങളില്‍ ഒരു സപ്ലിമെന്റ് ചാനലില്‍ പത്തു മിനിറ്റ്. മതി. പിന്നെ ദൈവത്തെ പിടിച്ചാല്‍ കിട്ടില്ല. യൂറോപ്പ്, അമേരിക്കന്‍ പര്യടനങ്ങള്‍. അനുഗ്രഹ പ്രഭാഷണം. ആത്മീയ സദ്യ. അമ്പമ്പോ!

ഫ്ളൈറ്റിന്റെ ശബ്ദം കേട്ടാല്‍ മതി, അനുയായികള്‍ റണ്‍വേയില്‍ നമസ്കരിക്കും. സന്ദര്‍ഭത്തിനുസരിച്ച് ദൈവങ്ങള്‍ ഉയര്‍ന്നുവരും. ആസ്മ കൂടിയോ? യോഗാഭ്യാസ ദൈവം റെഡി! മനപ്രയാസം കൂടിയോ? മനശാന്തി ദൈവം റെഡി! ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ചിലര്‍ക്ക് കുറച്ചുനാള്‍ കഴിയുമ്പോള്‍ തോന്നും "ഞാനൊരു ദൈവമല്ലേ? എനിക്കെന്താണ് കുറവ്?

ഞാനും ദൈവവും തമ്മിലെന്താ വ്യത്യാസം?" അമ്പലം പണിത് അതിനകത്തിരുന്ന് ഭക്തരെ അനുഗ്രഹിക്കാന്‍ കൊതിക്കാത്ത എത്ര പേരുണ്ട്? കൊച്ചു കൊച്ചു ദൈവങ്ങളല്ലേ എല്ലാവരും! പക്ഷേ, പിടിച്ചുനില്‍ക്കാന്‍ കുറച്ചു ഭക്തന്മാരെ കിട്ടണം. ദൈവങ്ങള്‍ ഭക്തന്മാരെ അന്വേഷിച്ച് ഇറങ്ങുന്ന കാലം! "ആവശ്യമുണ്ട്." "മുഴുവന്‍സമയ ഭക്തന്മാരായി ജോലിചെയ്യാന്‍ യുവതീ യുവാക്കളെ ആവശ്യമുണ്ട്. റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. നിശ്ചിത തുക കൂടാതെ ഇരുപതു ശതമാനം കമീഷന്‍". ഇമ്മാതിരി പരസ്യത്തിന്റെ ആദ്യരൂപമാണ് ഫ്ളക്സ് ദൈവങ്ങള്‍.

കേരളം മുഴുവന്‍ ഇപ്പോള്‍ ഫ്ളക്സ് ദൈവങ്ങളുടെ വാഴ്ചയാണ്. കെപിസിസിയില്‍ കൂട്ട പ്രസവം നടന്നതോടെ തെരുവുമുഴുവന്‍ ഫ്ളക്സ് ദൈവങ്ങളാണ്. വിവാഹം കഴിച്ച് കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെപ്പോലെയായിരുന്നു കെപിസിസി. ഭാരവാഹികളില്ല. പലവിധ ചികിത്സ നടത്തിയിട്ടും ഭാരവാഹികള്‍ ഉണ്ടാവുന്നില്ല. പുത്രകാമേഷ്ടി പലതു നടത്തിയിട്ടും അഷ്ടിക്കു വകയില്ലാതെ നടക്കുകയായിരുന്നു പലരും. നേര്‍ച്ച കാഴ്ചകള്‍, വീഴ്ച താഴ്ചകള്‍, ഹാവൂ!

ഒടുവില്‍ കെപിസിസി പ്രസവിച്ചു. ഒന്നല്ല, അസംഖ്യം ഭാരവാഹികള്‍ എണ്ണിത്തീര്‍ന്നിട്ടില്ല. അതോടെ കന്യാകുമാരി മുതല്‍ കാസര്‍കോടുവരെ "ഫ്ളക്സ് ദൈവങ്ങള്‍" നിരന്നു. അതിര്‍ത്തി സേനയിലേക്ക് റിക്രൂട്ട്മെന്റ് പോലെയായിരുന്നു നിയമനം. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ തസ്തികകളിലേക്കായിരുന്നു നിയമനം. എഴുത്തുപരീക്ഷയില്ല, ഇന്റര്‍വ്യുവില്ല. ടാലന്റ് ടെസ്റ്റില്ല. അപേക്ഷിച്ച എല്ലാവരെയും പരിഗണിച്ചു. അപേക്ഷ മാറി ഘടകകക്ഷികളില്‍നിന്നുവരെ ചിലരെ കെപിസിസി സെക്രട്ടറിമാരായി നിയമിച്ചത്രെ!

കാലുപിടിച്ചാണ് അവര്‍ മാനക്കേട് ഒഴിവാക്കിയത്. ഡല്‍ഹിയില്‍ കൂട്ടപ്രസവം നടന്നതോടെ കേരളത്തില്‍ "ഫ്ളക്സ് വിപ്ലവം". എല്ലാവരും ചാഞ്ഞും, ചരിഞ്ഞും, കുത്തനെയും ഫ്ളക്സിലിരുന്ന് ജനങ്ങളെ അനുഗ്രഹിച്ചു. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഒരാശങ്കയും വേണ്ട. എല്ലാവരും പൂപ്പുഞ്ചിരിയോടെയാണ് തെരുവോരത്ത് നില്‍ക്കുന്നത്. ത്യാഗം! മഴയും, മഞ്ഞും, വെയിലുമേറ്റ്, രാപ്പകല്‍ വ്യത്യാസമില്ലാതെ, ജനങ്ങളെ സേവിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും റെഡിയായി ഇരിക്കുകയല്ലേ അവര്‍ ഫ്ളക്സില്‍. ഉണ്ണുന്നവനറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനറിയണം എന്ന ചൊല്ലുണ്ട്. ഇരിക്കുന്നവന് നാണമില്ലെങ്കില്‍ വയ്ക്കുന്നവന് വേണ്ടേ എന്ന് ഒന്ന് മാറ്റിപ്പറയാം.

അര്‍ധപട്ടിണിക്കാരേ വരൂ, ഫ്ളക്സ് ദൈവങ്ങള്‍ അനുഗ്രഹിക്കും. ഗ്യാസിന് വിലകൂടിയാലെന്താ ഗ്യാസ് തീരാത്ത ചിരി കാണാന്‍ നോക്കൂ ആ ഫ്ളക്സുകളിലേക്ക്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത ചിരികള്‍ മാത്രം! ചിരിക്കുന്ന കേരളം, സംതൃപ്ത കേരളം, ഉത്സവസീസണായതിനാല്‍ ആനയുടെ അടുത്താണ് ഭാരവാഹികളുടെയും ഫ്ളക്സുകള്‍. ബോര്‍ഡു മാറിപ്പോയി ചിലരെ ഉത്സവത്തിന് തിടമ്പേറ്റാനും ക്ഷണിക്കുന്നുണ്ട്. ക്ഷണം നിരസിക്കുന്നില്ല. തിടമ്പേറ്റാന്‍ കിട്ടിയ അവസരം! ചില തിടമ്പുകളേറ്റിയാണല്ലോ ഇവിടംവരെ എത്തിയത്!

*
എം എം പൗലോസ് ദേശാഭിമാനി വാരിക 27 ജനുവരി 2013

പതിനാലാം ധനകാര്യകമ്മീഷന്‍ നല്‍കുന്ന അപകടസൂചനകള്‍

പുതുവര്‍ഷദിനത്തില്‍ പതിനാലാം ധനകാര്യകമ്മീഷന്‍ നിയമിതമായി. വൈ വി റെഡ്ഡിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. പക്ഷേ, പത്ര-ദൃശ്യ മാധ്യമങ്ങളൊന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തില്ല. സംസ്ഥാന ധനമന്ത്രി കെ. എം. മാണിയുടെ വക ഹ്രസ്വമായ ഒരു പ്രതികരണമുണ്ടായി. അത്രതന്നെ. ആ പ്രതികരണത്തില്‍ സന്തോഷത്തിനുള്ള വക അല്‍പമുണ്ടെങ്കിലും ബാക്കിവെയ്ക്കുന്നത് നിരാശ തന്നെയാണ്.

ആളോഹരി അടിസ്ഥാനത്തില്‍ കേന്ദ്രധനവിഭവം പങ്കിടുന്നതാണ്, സംസ്ഥാനത്തിനു കൂടുതല്‍ ധനസഹായം നേടിത്തരിക എന്നാണ് കെ എം മാണിയുടെ പ്രതികരണത്തിന്റെ രത്നച്ചുരുക്കം. ഇതു ശരിയുമാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക നല്‍കുന്നതും ഈ തിരിച്ചറിവാണ്. എന്തുകൊണ്ടെന്നല്ലേ, പതിമൂന്നാം ധനകാര്യകമ്മീഷന് കെപിസിസി നല്‍കിയ മെമ്മോറാണ്ടത്തില്‍ സ്വീകരിച്ചത് ഇതിനു നേര്‍വിപരീത നിലപാടായിരുന്നു. ജനസംഖ്യയെ അവഗണിച്ചു മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവിഭവം പങ്കുവെയ്ക്കണമെന്നാണ് അന്ന് കെപിസിസി വാദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറിന്റേത് ഇതിനു കടകവിരുദ്ധമായ നിലപാടാണ്. കെപിസിസിയുടെ പഴയ മണ്ടന്‍ നിലപാടിനെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് നിലപാടിലേയ്ക്ക് മാണി എത്തി എന്നതാണ് സന്തോഷത്തിനു വക നല്‍കുന്നത്. പക്ഷേ, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന ധനമന്ത്രി തയ്യാറാകാത്തത് നിരാശപ്പെടുത്തുന്നു. കേന്ദ്ര നികുതിവരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടത്. ജനസംഖ്യാനുപാതികമായി വീതിച്ചാല്‍ കേരളത്തിന്റെ വിഹിതം ഇനിയുമേറെ കൂടും. ധനമന്ത്രി അതാണ് പറഞ്ഞത്. എന്നാല്‍ ജനസംഖ്യാനുപാതികമായി പണം വിതരണം ചെയ്യില്ലെന്ന് അദ്ദേഹത്തിനും നമുക്കും നന്നായി അറിയാം. കാരണം പിന്നാക്ക സംസ്ഥാനങ്ങളെ കൂടുതല്‍ സഹായിച്ചേ പറ്റൂ.

കേരളം ഇന്ന് മുന്നോക്കസംസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിന് കൂടുതല്‍ വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നല്‍കുന്ന സഹായം മൊത്തത്തില്‍ ഗണ്യമായി ഉയര്‍ത്തിയേ തീരൂ. കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കു പങ്കുവെയ്ക്കണമെന്ന് കഴിഞ്ഞ രണ്ടുദശാബ്ദമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതാണ്. പന്ത്രണ്ടാം ധനകാര്യകമ്മീഷന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ഇത്തരമൊരു ആവശ്യമേ ഉന്നയിച്ചില്ല. അതുതന്നെയാണോ കെ എം മാണിയുടെ നിലപാട് എന്ന സംശയം അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നി. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. ദേശീയ വരുമാനത്തിന്റെ 1.45 ശതമാനം ആയിരുന്നു 1950 - 51ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വ്യത്യാസം. കേന്ദ്ര ധനകാര്യ കമ്മീഷന്റെ അവാര്‍ഡുകള്‍ ലഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. 1991-92 ആയപ്പോഴേയ്ക്കും ഇത് 7.4 ശതമാനമായി. പിന്നൊരു ദശാബ്ദക്കാലം 7 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു. ഇപ്പോഴത് 8.4 ശതമാനമായി. ഈ വിടവ് നികത്തുന്നതിനു വേണ്ടിയാണ് ധനകാര്യകമ്മിഷന്‍ ധനസഹായം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അവാര്‍ഡിനു ശേഷവും സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വിടവ് ഗണ്യമായി ഉയരുകയാണ്. 1950-51ല്‍ ഇത് ദേശീയ വരുമാനത്തിന്റെ 0.81 ശതമാനമേ വരുമായിരുന്നുളളൂ. എന്നാല്‍ അത് അനുക്രമമായി വളര്‍ന്ന് 3 ശതമാനത്തിലേറെയായി. ഈ വിടവു നികത്താനാണ് സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ദ്ധിക്കുന്ന കടഭാരം യഥാര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളുടെ അസന്തുലിതാവസ്ഥയുടെ ഉല്‍പന്നമാണ്. ധനകാര്യകമ്മീഷന്റെ ടേംസ് ഓഫ് റെഫറന്‍സിലെ ഫെഡറല്‍ വിരുദ്ധ സമീപനത്തെ വിമര്‍ശിക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നതും നിരാശപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ധനയം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുളള ഒരുപാധിയായി ധനകാര്യകമ്മീഷനുകളെ ദുരുപയോഗപ്പെടുത്തിവരികയാണ്. കേന്ദ്ര നികുതി വിഹിതം കഴിഞ്ഞാല്‍ പിന്നെ ധനകാര്യകമ്മീഷന്‍ കമ്മി നികത്തുന്നതിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടിയും സംസ്ഥാനങ്ങള്‍ക്കു ഗ്രാന്റുകള്‍ അനുവദിക്കാറുണ്ട്. ഈ ഗ്രാന്റുകള്‍ നല്‍കുന്നത് മുന്‍കാലങ്ങളില്‍ നിരുപാധികമായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉപാധികള്‍ ധനകാര്യകമ്മിഷനുകള്‍ വെയ്ക്കുകയാണ്. പന്ത്രണ്ടാം ധനകാര്യകമ്മീഷനാണ് ഇതിനു തുടക്കമിട്ടത്. സംസ്ഥാനങ്ങള്‍ കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും സമയബന്ധിത പരിപാടി അംഗീകരിക്കണമെന്നും ഇതുനിര്‍ണയിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം വേണമെന്നും ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ധനകാര്യ കമ്മീഷന്‍ നല്‍കുന്ന കടാശ്വാസം നിഷേധിക്കും എന്നൊരു നിലപാട് അവരെടുത്തു. പതിമൂന്നാം ധനകാര്യ കമ്മീഷനായപ്പോള്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമായി. 80000 കോടിയോളം വരുന്ന കടത്തില്‍ നിന്ന് അഞ്ഞൂറോ ആയിരമോ കോടി രൂപ എഴുതിത്തള്ളില്ല എന്നു പറയുന്നത് കേരളമെങ്കിലും ഗൗരവത്തിലെടുത്തില്ല. അത് സംസ്ഥാന ധനകാര്യസ്ഥിതിയില്‍ ഉടന്‍ പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുകയില്ല. എന്നാല്‍ പതിമൂന്നാം ധനകാര്യകമ്മീഷനാകട്ടെ, കടാശ്വാസം മാത്രമല്ല ധനകാര്യ കമ്മീഷന്‍ നല്‍കുന്ന ഗ്രാന്റുകള്‍ തന്നെ ലഭിക്കണമെങ്കില്‍ ധനഉത്തരവാദിത്വ നിയമത്തിലെ നിബന്ധനകള്‍ പാലിക്കണം എന്നു ശഠിച്ചു. ഇപ്പോള്‍ പതിനാലാം ധനകാര്യകമ്മീഷനോട് ഈ സമീപനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പതിനാലാം ധനകാര്യ കമ്മീഷന്റെ പരിശോധനാവലയത്തിലേയ്ക്ക് സബ്സിഡികളെ കൊണ്ടുവന്നിരിക്കുകയാണ്. നിയമന ഉത്തരവിന്റെ മൂന്നാം വകുപ്പില്‍ ആറാം ഉപവകുപ്പായി ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു : &ഹറൂൗീ;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സബ്സിഡികളുടെ ഭാരം സന്തുലിതമായി വഹിക്കുന്നതിന് സ്ഥായിയും ഉള്‍ച്ചേര്‍ക്കപ്പെട്ടതുമായ വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടുന്ന സബ്സിഡി നിലവാരം കമ്മീഷന്‍ പരിഗണിക്കണം. സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ വരുമാനത്തിന്റെ രണ്ടു നിശ്ചിതശതമാനമായി സബ്സിഡി പരിമിതപ്പെടുത്തണമെന്ന് പ്രണബ് മുഖര്‍ജി തന്റെ ബജറ്റു പ്രസംഗത്തില്‍ പറഞ്ഞതാണ്. പക്ഷേ, നടപ്പായില്ല. ഇക്കാര്യം വീണ്ടും ഫിനാന്‍സ് കമ്മീഷനെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലേറെ അപകടകരമായിട്ടുളളത് സബ്സിഡിയുടെ ഭാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സന്തുലിതമായി വഹിക്കണമെന്ന നിര്‍ദ്ദേശമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി പോലുളള പദ്ധതികളുടെ ഭാരത്തില്‍ ഒരുഭാഗം സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വന്നാലുളള സ്ഥിതി നോക്കൂ. ഇപ്പോള്‍ത്തന്നെ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചെലവില്‍ പത്തുശതമാനം മുതല്‍ 60 ശതമാനം വരെ സംസ്ഥാനം വഹിക്കണം എന്ന നിബന്ധനകളുണ്ട്. സബ്സിഡികളുടെ ഭാരം കൂടുതല്‍ സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കിടുന്നതിനുളള ദുരുപദിഷ്ട നീക്കമാണിത്. എട്ടാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യം ധനകാര്യ കമ്മീഷന്റെ പരിഗണനയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്: &ഹറൂൗീ;കുടിവെളളം, ജലസേചനം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുടെ വിലനിശ്ചയത്തെ സ്റ്റാറ്റ്യൂട്ടറി നടപടികളുടെ കൂടെ പൊതുനയത്തില്‍ വരുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വളരെ വിചിത്രമായൊരു പ്രസ്താവനയാണ് മേലുദ്ധരിച്ചത്. പൊതുസേവനങ്ങളുടെ വിലനിശ്ചയം പൊതുനയത്തിന്റെ ഭാഗമാണ്. എന്നാല്‍ നിയമപരമായ നടപടികളിലൂടെ പൊതുനയത്തിലെന്തു മാറ്റം വന്നാലും അത് സേവനങ്ങളുടെ വിലനിശ്ചയത്തെ ബാധിക്കില്ല എന്നുറപ്പുവരുത്തണമെന്നാണ് നയം രൂപീകരണം നടത്തുന്നവര്‍ ധനകാര്യ കമ്മീഷനോടു പറയുന്നത്. വോട്ടു നേടുന്നതിനു വേണ്ടി ജനങ്ങളോട് എന്തൊക്കെ വാഗ്ദാനങ്ങള്‍ നടത്തിയാലും ഭരണത്തിലേറിക്കഴിഞ്ഞാല്‍ നിയോലിബറല്‍ ചിന്താഗതിക്കാര്‍ നിശ്ചയിച്ചിട്ടുളള യൂസര്‍ ചാര്‍ജുകള്‍ ഈടാക്കിയേ തീരൂ. കുടിവെളളമടക്കം മേല്‍പ്പറഞ്ഞ സേവനങ്ങളുടെ വില പൂര്‍ണചെലവിന് അനുസൃതമായി ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വൈദ്യുതി റെഗുലേറ്ററി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആ മേഖലയില്‍ ഈ ലക്ഷ്യം കൈവരിച്ചു. എന്നാല്‍ മറ്റു മേഖലകളില്‍ ഇന്നും വലിയതോതില്‍ സബ്സിഡി സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. വൈദ്യുതി മേഖലയിലെന്നപോലെ മറ്റു സേവന മേഖലകളെയും സബ്സിഡി ഇല്ലാത്ത വില നിശ്ചയ രീതിയിലേയ്ക്കു കൊണ്ടുപോകേണ്ടതെങ്ങനെ എന്ന ഉപദേശം തരാന്‍ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമ്പതാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യവും കൂടി ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്: &ഹറൂൗീ;പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മത്സരശേഷിയും കമ്പോളാഭിമുഖ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡിസിന്‍വെസ്റ്റുമെന്റിനു വേണ്ടിയുളള പട്ടിക തയ്യാറാക്കലും മുന്‍ഗണനാ മേഖലയിലില്ലാത്തവയെ നിര്‍ത്തലാക്കുന്നതിനുമുളള ; നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മീഷന്‍ തരണം പോലും!

പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിന് ധനകാര്യ കമ്മീഷനെ ദുരുപയോഗപ്പെടുത്തുന്നത് ഇത് നടാടെയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ സംസ്ഥാന പൊതുമേഖലയെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു. കേരളത്തില്‍ ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പതിനാലാം ധനകാര്യകമ്മീഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴേയ്ക്കും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കും. അവയെ സ്വകാര്യവത്കരിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുളള നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തന്നെ തരികയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഉര്‍വശീശാപം ഉപകാരം എന്ന നിലയായിരിക്കും. ധനകാര്യ കമ്മീഷനുളള ടേംസ് ഓഫ് റെഫറന്‍സില്‍ ആക്ഷേപാര്‍ഹമായ മറ്റൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുളള സമീപനമാണ്. സംസ്ഥാന ധനകാര്യ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിലേയ്ക്ക് എന്തു നല്‍കണം എന്നതു നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പ്രശ്നങ്ങളുണ്ട്. സംസ്ഥാന ധനകാര്യ കമ്മീഷനുകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത സമീപനങ്ങളാണ് കൈക്കൊണ്ടിട്ടുളളത്. ഇതുവരെ അവയെ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പതിനാലാം ധനകാര്യ കമ്മീഷനും അതിനു കഴിയാന്‍ പോകുന്നില്ല.

രണ്ടാമത്തെ പ്രശ്നം സംസ്ഥാന ധനകാര്യ കമ്മീഷനുകള്‍ എന്തുതന്നെ പറയട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയുളള സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെങ്കില്‍ എന്തു ധനസഹായം നല്‍കണം എന്നതു സംബന്ധിച്ച് സ്വതന്ത്രമായ തീര്‍പ്പു നല്‍കാന്‍ ആവശ്യപ്പെടുന്നില്ല. 73,74 ഭരണഘടനാഭേദഗതിക്കു ശേഷവും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. ലോകശരാശരി പത്തുശതമാനത്തോളം വരും. ഇതൊരു മിനിമം നിലവാരത്തിലേയ്ക്കെങ്കിലും ഉയര്‍ത്താനാവശ്യമായ വിഭവങ്ങള്‍ കൈമാറണമെന്നു നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അധികാരവികേന്ദ്രീകരണത്തില്‍ താല്‍പര്യമുളളവരെ സംബന്ധിച്ചിടത്തോളം ഇതു തികച്ചും നിരാശാജനകമായ നിലപാടാണ്. ധനകാര്യ കമ്മീഷന്റെ പരിഗണനയിലേയ്ക്ക് ഇത്തരം ഭരണഘടനാബാഹ്യമായ കാര്യങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല.

ഉപാധിയോടു കൂടിയുളള വിഭവകൈമാറ്റത്തെക്കുറിച്ച് ഭരണഘടന വിഭാവന ചെയ്തിട്ടേയില്ല. കേന്ദ്രത്തിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള ഒരുപകരണമല്ല ധനകാര്യ കമ്മീഷന്‍ എന്ന ഭരണഘടനാസ്ഥാപനം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു രാഷ്ട്രീയ ഉപകരണമായി ധനകാര്യ കമ്മീഷനെ അധഃപതിപ്പിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടിലുണ്ടാകേണ്ടതുണ്ട്. ടേംസ് ഓഫ് റെഫറന്‍സ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും അവ സംബന്ധിച്ച് എത്രമാത്രം മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുളളത് കമ്മീഷന്റെ വിവേചനാധികാരമാണ്. അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുംവിധം ശക്തമായ രാഷ്ട്രീയപ്രചാരണത്തിന്റെ പ്രാധാന്യമിതാണ്. ഈയൊരു കടമ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതാനാവില്ല. ഊര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ അവര്‍ നിശബ്ദത പാലിക്കുകയാണ്. കേരളത്തിന് എന്തും സംഭവിക്കട്ടെ. അവരുടെ പ്രതിബദ്ധത കേരളത്തോടല്ല, നവലിബറല്‍ നയങ്ങളോടാണ്.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 25 ജനുവരി 2013

നിയമവാഴ്ച സ്ത്രീകളുടെ രക്ഷയ്ക്കാകണം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്ത ഇടതടവില്ലാതെ വരുന്നു; പെണ്‍ഭ്രൂണഹത്യമുതല്‍ വൃദ്ധകളെപ്പോലും വെറുതെവിടാത്ത ലൈംഗികാക്രമണങ്ങള്‍ വരെ. ഏറ്റവുമടുത്ത ബന്ധുക്കള്‍ തന്നെ കാമവെറിപൂണ്ട് കശക്കിയെറിഞ്ഞ പിഞ്ചുപെണ്‍കുഞ്ഞുങ്ങളുടെ അനുഭവം നമ്മെ അമ്പരപ്പിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിറയുന്നു. ക്രൂരപീഡനത്തിന് ഇരയായി സുരക്ഷാമന്ദിരങ്ങളില്‍ പാര്‍പ്പിച്ച പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്നതിന്റെയും വ്യഭിചാരശാലകളിലേക്ക് തള്ളിവിടുന്നതിന്റെയും വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കണ്ടത്. ലൈംഗികവസ്തുക്കളെന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന രീതി അഭംഗുരം തുടരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ്, നവ ഉദാരവല്‍ക്കരണത്തിന്റെ പുറംതോലിട്ട് രാജ്യത്ത് നടപ്പാക്കുന്നത്. ഡല്‍ഹിയിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയാണ്. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സ്ത്രീവിരുദ്ധതയുടെയും ആഭാസങ്ങളുടെയും കേളീരംഗമാകുന്നത് അത്തരം കണ്ടെത്തലുകളിലൂടെയാണ്. ടോയ്ലെറ്റുകളിലെ രഹസ്യക്യാമറകളും നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള രതിവ്യാപാരവും സ്വകാര്യരംഗങ്ങള്‍ അറിവില്ലാതെ പകര്‍ത്തിയശേഷം നടത്തുന്ന ബ്ലാക്ക് മെയിലിങ്ങും പ്രണയത്തിന്റെ ചതിക്കുഴികളുമൊക്കെയായി സ്ത്രീകള്‍ ബഹുമുഖ ആക്രമണം നേരിടുന്നു. ഇത്തരം കടന്നാക്രമണങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് അംഗവൈകല്യം വന്നതും ദുര്‍ബലവുമാണ്.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള പഴയതും പുതിയതുമായ നിയമങ്ങള്‍ നമുക്കുണ്ട്. അത്തരം നിയമങ്ങളെയാകെ നോക്കുകുത്തിയാക്കി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുമുണ്ട്. ഡല്‍ഹിയിലെ പെണ്‍കുട്ടി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതും തുടര്‍ന്ന് അതിനെതിരെ ജ്വലിച്ചുയര്‍ന്ന പ്രതിഷേധവും ആ കുട്ടിയുടെ മരണവും തെളിയിച്ചത് നമ്മുടെ നാട്ടിലെ നിയമങ്ങളുടെയും നീതിപാലനത്തിന്റെയും അതിദയനീയമായ ദൗര്‍ബല്യമാണ്. ആ പ്രത്യേക സാഹചര്യത്തിലാണ്, സ്ത്രീപീഡനം തടയാനുള്ള നിയമം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ അംഗങ്ങളായ മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടത്. ബലാത്സംഗമടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്നാണ് ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ സംശയമില്ലാതെ ചൂണ്ടിക്കാട്ടുന്നത്.

ഡിസംബര്‍ 23നു രൂപീകരിച്ച സമിതി 29 ദിവസത്തിനുള്ളില്‍ ഏകദേശം 80,000 നിര്‍ദേശങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ഏതു സര്‍ക്കാരിനെയും ലജ്ജിപ്പിക്കേണ്ട വസ്തുതകള്‍ നിരത്തുന്നു. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സാഹചര്യം ക്രമസമാധാനപാലനത്തിന്റെ അക്ഷന്തവ്യമായ വീഴ്ചയില്‍നിന്നും അധികാരികളുടെ നിരുത്തരവാദിത്തത്തില്‍നിന്നുമാണ് ഉരുത്തിരിഞ്ഞതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനാധിപത്യസമൂഹത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരെ മുഖംതിരിക്കുകയല്ല, ഡല്‍ഹി പ്രതിഷേധത്തിന്റെ സാംഗത്യത്തെയും പ്രസക്തിയെയും പ്രശംസിക്കുകയാണ് ജസ്റ്റിസ് വര്‍മയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് പെരുകിവരുന്ന സ്ത്രീപീഡനക്കേസുകള്‍ വനിതാ ജഡ്ജിമാര്‍ തന്നെ കൈാര്യം ചെയ്യണമെന്നും സമയബന്ധിതവിചാരണ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. നിയമം നടപ്പാക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്ന സമിതി, അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ചെവിക്കുപിടിക്കേണ്ടതിന്റെ ആവശ്യകതയിലും ഊന്നുന്നുണ്ട്. ഇന്ന് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന ഒട്ടുമിക്ക പ്രധാന പ്രശ്നങ്ങളിലും എങ്ങനെയുള്ള ഇടപെടലാണ് വേണ്ടതെന്ന് അക്കമിട്ട് പറയാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഗൗരവമുള്ളതാണ്. ഒളിഞ്ഞുനോട്ടവും തൊട്ടുനോട്ടവും അശ്ലീലഭാഷണവും ചേഷ്ടകളും കൈയേറ്റവും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ ഗൗരവമായ സ്ത്രീപീഡനം തന്നെയായി സമിതി കാണുന്നു. അത്തരം വൈകൃതങ്ങള്‍ കാണിക്കുന്നവര്‍ ഒരുതരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല.

സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ ഭരണഘടനാസ്ഥാപനം രൂപീകരിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഇരകള്‍ക്കെതിരായി മാറുന്ന പൊലീസ് ഇടപെടലും പ്രത്യേക അധികാരത്തിന്റെ ബലത്തില്‍ സൈന്യത്തില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളും ശക്തമായ ഇടപെടല്‍ ആവശ്യമായ പ്രശ്നങ്ങളായാണ് സമിതി വിലയിരുത്തുന്നത്. ജസ്റ്റിസ് വര്‍മ കമ്മിറ്റി വച്ച ഇത്തരം നിര്‍ദേശങ്ങള്‍ ക്രിയാത്മകമായും അതിവേഗത്തിലും നടപ്പാക്കാനുള്ള ബാധ്യത യുപിഎ സര്‍ക്കാരിനുണ്ട്. നിയമഭേദഗതി അതിവേഗം നടത്തണം. അതോടൊപ്പം പൊലീസ് പരിഷ്കരണം പോലുള്ള നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ച് പരിശോധിപ്പിക്കാന്‍ കഴിയണം. നിശ്ചിത കാലാവധിക്കുമുമ്പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതി, യാഥാര്‍ഥ്യബോധത്തോടെയാണ് പ്രശ്നങ്ങളെ സമീപിച്ചതും പഠിച്ചതും പ്രതിവിധികള്‍ നിര്‍ദേശിച്ചതും. അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കാനും അതിവേഗം നടപടിയെടുക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരണം. അക്കാര്യത്തില്‍ ഉണ്ടാകുന്ന അലംഭാവവും അശ്രദ്ധയും മറ്റൊരു "ഡല്‍ഹി പ്രതിഷേധം" മാത്രമാകില്ല സൃഷ്ടിക്കുക. അതിനപ്പുറം രാജ്യവ്യാപകമായ തിളയ്ക്കുന്ന രോഷമാകും.

*
Deshabhimani Editorial 26 January 2013

ആരുണ്ട് ഞങ്ങള്‍ക്ക് തുണ

ഇരിട്ടിയില്‍ ആറുമാസം പ്രായമായ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇംഗ്ലണ്ടില്‍ വിശുദ്ധഗ്രന്ഥ വചനങ്ങള്‍ പഠിക്കാത്തതിന് അമ്മ മകനെ കൊന്ന് കത്തിച്ചു. കോട്ടയത്ത് ഏഴാംക്ലാസുകാരിയെ അമ്മ പലര്‍ക്കായി കാഴ്ചവച്ചു. പലസ്തീന്‍ ബാല്യത്തെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരത. നുജൂദ് അലി,മലാല യൂസഫ്സായ്. ബൈബിളിലെ ഫെറോദയും കൃഷ്ണകഥയിലെ കംസനും. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് കാലത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ല. അവര്‍ എല്ലായിടത്തും എല്ലായ്പ്പോഴും വേട്ടയാടപ്പെടുന്നു. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണം, നല്ലതെല്ലാം കുട്ടികള്‍ക്ക് നല്‍കണം തുടങ്ങി വാത്സല്യവും സ്നേഹവും തുളുമ്പിയൊഴുകുന്ന പ്രമേയങ്ങളും പ്രഖ്യാപനങ്ങളും കുറവല്ല നമ്മുടെ നാട്ടില്‍. പക്ഷേ, കുട്ടികളുടെ അവസ്ഥയെന്താണ്? കുഞ്ഞിന്റെ രോദനം കേള്‍ക്കാനാകാതെ ഇനിയുമെത്രനാള്‍ നമ്മുടെ സമൂഹത്തിന് ചെവി മുറുക്കിയടച്ചിരിക്കാന്‍ കഴിയും.

ലോകത്തെ കുട്ടികളുടെ ജനസംഖ്യയില്‍ 19 ശതമാനംവരുന്ന ഇന്ത്യന്‍ ബാല്യം നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 42 ശതമാനമാണ്. 2011ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 33,098 ആണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. ആ റെക്കോഡും തകര്‍ത്താകും 2012ലെ കണക്ക് പുറത്തുവരിക. 80 ശതമാനം ഗൗരവമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന സര്‍ക്കാര്‍ കണക്കുകള്‍ ഈ മഹാപാപങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഗുരുതരമായ ശാരീരിക പീഡനങ്ങളും 53.22 ശതമാനവും ലൈംഗിക പീഡനങ്ങളുമേല്‍ക്കപ്പെടുന്നു എന്നത് യുനിസെഫിന്റെ കണക്കാണ്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ 66 ശതമാനം പേര്‍ അധ്യാപകരാലും 83 ശതമാനം പേര്‍ രക്ഷിതാക്കളാലും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു.

കുട്ടികളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യസുരക്ഷയിലും ലോകത്തിന് മാതൃകയായിരുന്നു നമ്മുടെ കൊച്ചു കേരളം. 2012 ജനുവരിമുതല്‍ സെപ്തംബര്‍വരെ മാത്രം 29 കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആകെ രജിസ്റ്റര്‍ചെയ്യപ്പെട്ട 905 കേസില്‍ 286 ബലാത്സംഗ കേസും 90 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടും. സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച കേരളം കുട്ടികള്‍ക്ക് ജീവിക്കാന്‍ യോഗ്യമല്ലാത്ത നാടായി രൂപാന്തരപ്പെടുകയാണോ? പതിനാലു വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉറപ്പും 2010ലെ വിദ്യാഭ്യാസ അവകാശനിയമവുമെല്ലാം, സ്കൂളിന്റെ പടിചവിട്ടുക എന്നത് സ്വപ്നമായി അവശേഷിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍കുട്ടികളുടെ നേര്‍ക്ക് പല്ലിളിച്ചുകാട്ടുകയാണ്. ലോകത്തിനുതന്നെ മാതൃകയായ കേരള വിദ്യാഭ്യാസരംഗത്താണ് ഫീസുകൊടുക്കാന്‍ പണമില്ലാതെ ഒമ്പതാം ക്ലാസുകാരന്‍ അമ്പാടിയും യൂണിഫോമില്ലാത്തതിനാല്‍ എട്ടാം ക്ലാസുകാരി വേളാങ്കണ്ണിയും ആത്മഹത്യയില്‍ അഭയംപ്രാപിച്ചത്. പൊതുവിദ്യാലയങ്ങളാകെ അടച്ചുപൂട്ടി അണ്‍ എയ്ഡഡ് സ്കൂളുകളുടെ തേരോട്ടത്തിനായി കേരളം തുറന്നുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിദ്യാഭ്യാസനിഷേധത്തിന്റെ വക്കില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നടമാടുന്ന കടുത്ത ബാലാവകാശങ്ങളെ നാമിനിയും മനസ്സിലാക്കാതിരുന്നുകൂടാ. മലയാളം സംസാരിച്ചതിന് നാവുകൊണ്ട് നിലത്ത് നക്കിച്ചതും സ്പെല്ലിങ് തെറ്റിയതിന് എല്‍കെജി വിദ്യാര്‍ഥിയെ അടിച്ച് ആശുപത്രിയിലാക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്കൂള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്കൂള്‍വാനുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.

കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെപ്പോലും ഹനിക്കുന്ന രീതിയില്‍ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടിയുടെ ഉടമസ്ഥര്‍ മാത്രമായിമാറുന്നു. വിദേശത്ത് കയറ്റി അയക്കാനുള്ള ചരക്കായി കുട്ടിയെക്കണ്ട്, തന്റെ അഭീഷ്ടം സാധിക്കാനുള്ള യന്ത്രമായി വളര്‍ത്തുകയാണ് പല രക്ഷിതാക്കളും. അവന്റെ അഭിരുചിയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിഷേധിക്കലാണ് ഫലത്തില്‍ നടക്കുന്നത്. അശാസ്ത്രീയമായ ട്യൂഷന്‍ സംവിധാനങ്ങളും അനിയന്ത്രിതമായി അടിച്ചേല്‍പ്പിക്കുന്ന പഠനഭാരവുമെല്ലാം കുട്ടിയില്‍ മാനസിക മുരടിപ്പും പിരിമുറുക്കവും സൃഷ്ടിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സമയംപോലും നിഷേധിക്കുകവഴി വീടെന്ന പുതിയ പീഡനകേന്ദ്രമാണ് കുട്ടിക്ക് ലഭിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന 20 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയ ശതമാനവും കുട്ടികളാണ്. പാറമടകളിലും നിര്‍മാണശാലകളിലും ഹോട്ടലുകളിലും ഈ കുട്ടിത്തൊഴിലാളികള്‍ നിയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ബാറില്‍ സുബ്രഹ്മണ്യന്‍ എന്ന തമിഴ് ബാലന്‍ മദ്യം വിളമ്പുന്നത് മലയാളിയെ അമ്പരപ്പിക്കാഞ്ഞത്. വന്‍കിട ഹോട്ടലുകളുടെ മുന്നിലും തീവണ്ടിയുടെ ഇടനാഴികളിലും വഴിയോരങ്ങളിലുമെല്ലാം നാണയത്തുട്ടുകള്‍ക്കായി വയറ്റത്തടിച്ചു പാടുന്ന തെരുവിന്റെ സന്തതികള്‍, അവരെയുപയോഗിച്ച് പണം സമ്പാദിക്കുന്ന വന്‍ മാഫിയകള്‍ ഇവയൊക്കെ നമ്മുടെ കണ്‍മുന്നിലുണ്ട്. പൂക്കളെയും നിറങ്ങളെയും സ്വപ്നംകണ്ട് സ്ലേറ്റും പെന്‍സിലുമായി പഠനംനടത്തേണ്ട സമയത്ത് പൊരിവെയിലത്ത് വിയര്‍പ്പുനദികളൊഴുക്കി പണിയെടുക്കുന്ന ഈ കുരുന്നു ബാല്യത്തിന്റെ കിനാവുകള്‍ക്ക് ആരാണ് കാവല്‍? അവരുടെ വിദ്യാഭ്യാസത്തെ, അവകാശങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ ഏത് ഭരണഘടനയുണ്ട് ഈ നാട്ടില്‍? കേരളീയ ബാല്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറി ലൈംഗികചൂഷണങ്ങള്‍. മുലപ്പാലിന്റെ മണം മാറുംമുമ്പേ കാമഭ്രാന്തന്മാരുടെ പേക്കൂത്തുകള്‍ക്കിരയാകുന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍ സംസ്കാരത്തിലേക്ക് നാം മാറി. കേരളത്തിലെ 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ. ഇത്തരം പീഡനങ്ങളില്‍ 95 ശതമാനവും നടത്തുന്നത് അടുത്ത ബന്ധുക്കളോ അധ്യാപകരോ ആണെന്നുള്ള സര്‍വശിക്ഷാഅഭിയാന്‍ പഠന റിപ്പോര്‍ട്ട്, വീടും വിദ്യാലയവുംപോലും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന ഭീതിതമായ തിരിച്ചറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിപോലും പിച്ചിചീന്തപ്പെടുമ്പോഴും മലയാളമനസ്സില്‍ വേണ്ടത്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടോ എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെ കൂടുതല്‍ അവകാശനിഷേധങ്ങളിലൂടെ നേരിടാനുള്ള ജാതിമതകുബുദ്ധികളുടെ കുടിലശ്രമവും അണിയറയില്‍ സജീവമാണ്.

പീഡനങ്ങളില്ലാതാക്കാന്‍ ഒമ്പതാം വയസ്സില്‍ വിവാഹംചെയ്യിക്കണമെന്ന ജാതിപ്പഞ്ചായത്തുകളുടെ തിട്ടൂരങ്ങളും പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദേശവും മിക്സഡ് സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ഉപദേശവുമെല്ലാം വര്‍ഗീയകക്ഷികള്‍ക്കെല്ലാമുള്ള ബാലവിരുദ്ധമുഖം തുറന്നുകാട്ടുന്നു. സര്‍ക്കാരിന്റെ ബാലസംരക്ഷണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ പീഡനകേന്ദ്രമായി മാറുകയാണ്. തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ മുതിര്‍ന്ന കുട്ടികള്‍ അധികാരികളുടെ അനുവാദത്തോടെ മറ്റുകുട്ടികളെ പീഡിപ്പിച്ചതും, കഴിഞ്ഞദിവസം പുറത്തുവന്ന എറണാകുളം കാക്കനാട് ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയുടെ കെയര്‍ടെക്കര്‍ക്കെതിരെയുള്ള കത്തും ഈ സംവിധാനങ്ങളില്‍ സര്‍ക്കാരിനുള്ള അശ്രദ്ധ പ്രഖ്യാപിക്കുന്നവയാണ്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോന്ന ശിശുക്ഷേമസമിതിയെ രാഷ്ട്രീയ ദുര്‍ലാഭത്തിനായി അട്ടിമറിച്ച് നാഥനില്ലാതാക്കുകയും അന്യ എന്ന ഒന്നരവയസ്സുകാരി മുങ്ങിമരിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാലനയത്തിന്റെ ഭാഗംതന്നെയാണ്. 2012 മെയ് 20ന് പാര്‍ലമെന്റ് പാസാക്കിയ "ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം" രാഷ്ട്രപതിയുടെ അനുവാദം കാത്തുകിടക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കര്‍ശനമായി നടപ്പാക്കി, ബാലാവകാശ പ്രശ്നങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ തയ്യാറാകണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ആവശ്യപ്പെട്ടതും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ഉത്തരവിട്ടതുമായ പൊലീസ് സ്റ്റേഷനുപുറത്ത് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള ബാല- സ്ത്രീ സഹായ ഡെസ്കുകള്‍ ഇന്നും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുന്ന കാസര്‍കോട് കുംബള സിഐയെപ്പോലുള്ള പൊലീസുകാര്‍ ഉള്‍പ്പെട്ട കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ എങ്ങനെ കുട്ടികള്‍ വിശ്വസിച്ച് പരാതിനല്‍കാന്‍ തയ്യാറാകും? വിശ്വസിക്കേണ്ടവര്‍തന്നെ വഞ്ചിക്കുന്നു, ആരെ വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന മുദ്രാവാക്യം ബാലസംഘം ഉയര്‍ത്തുന്നത്. മേല്‍പറഞ്ഞ പ്രശ്നങ്ങളിലെല്ലാം ഏറിയും കുറഞ്ഞതുമായ ഇടപെടല്‍ നടത്തിയ സംഘടനയാണ് ബാലസംഘം. പക്ഷേ, ഈ പ്രശ്നങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപ്പെടലുകള്‍ക്കേ ഫലമുണ്ടാക്കാനാകൂ. വിടരുംമുമ്പേ കൊഴിച്ചുകളയുന്ന പൂമൊട്ടുകളായി കുഞ്ഞുങ്ങള്‍ മാറുന്നത് കേരള മനഃസാക്ഷിയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല, ഒരു പ്രതികരണവുമുണ്ടാക്കുന്നുമില്ല.

ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചുപറയാന്‍പോലും നാം തയ്യാറാകുന്നില്ല. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ജ്യോതിയും ആര്യയുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമല്ലേ? നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥയാണെങ്കിലോ? അവകാശങ്ങള്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുക്കിനിര്‍ത്തിയ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നദിവസംതന്നെയാണ് ഈ ചോദ്യമുയര്‍ത്തി ബാലസംഘം തെരുവിലിറങ്ങുന്നത്.

കേരളമാകെ ഈ ചോദ്യത്തോട് പ്രതികരിച്ചേമതിയാകൂ. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്ക്, മാനാഭിമാനത്തിന്, സൈ്വരജീവിതത്തിന് തുണയാകാന്‍, കാവലാകാന്‍ ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തോടെ തെരുവിലിറങ്ങുന്ന കേരളജനതയെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്നത് ഒരു നിലവിളിയാണ്, അരക്ഷിതബാല്യത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള നിലവിളി. ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ നാട് ഈ നിലവിളിയോട് പ്രതികരിച്ചേ മതിയാകൂ.

*
പി ജെ അഭിജിത് (ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Saturday, January 26, 2013

ചിന്തന്‍ ശിബിരത്തിലെ ചില സാഹസിക കൃത്യങ്ങള്‍

ഓര്‍ത്തുചിരിക്കാന്‍ ഒട്ടേറെ തമാശകള്‍ ബാക്കിയാക്കി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ സമാപിച്ചു. ചിന്തന്‍ ശിബിര്‍ എന്നാണ് പേരെങ്കിലും ആര്, ആര്‍ക്ക് വേണ്ടിയാണ് ചിന്തിച്ചതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എന്തായാലും രാജ്യത്തിനും ജനത്തിനും വേണ്ടി ആരും ഒന്നും അവിടെ ചിന്തിച്ചില്ലെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിച്ച് രാഹുല്‍ഗാന്ധിയുടെ അരിയിട്ട് വാഴ്ചയാണ് ചിന്തന്‍ ശിബിറിന്റെ ബാക്കിപത്രം. എന്നാല്‍ കേരളത്തില്‍ പൊതുവെ ശ്രദ്ധിക്കപ്പെട്ടത് ചിന്തന്‍ ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയതായി പറയപ്പെടുന്ന പ്രസംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് മാനുഷികമുഖമില്ലെന്ന വിമര്‍ശനം ചിന്തന്‍ശിബിറില്‍ രമേശ് ചെന്നിത്തലയും വയലാര്‍ രവിയും നടത്തിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിന്തന്‍ ശിബിറിലെ ചര്‍ച്ചകള്‍ നടക്കുന്ന വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതായി അറിയില്ല. ചര്‍ച്ചകളില്‍ നിന്നും പുറത്തുവന്നത് ചെന്നിത്തലയും വയലാര്‍ രവിയും പറഞ്ഞത് മാത്രമാണ് താനും. ചിന്തന്‍ ശിബിരത്തിലെ തങ്ങളുടെ ധീരസാഹസിക കൃത്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത് അവര്‍ തന്നെയാണെന്ന് ഇതില്‍ നിന്നും ഊഹിക്കാം!

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നു മാത്രമല്ല ഈ നയങ്ങളുടെ സൃഷ്ടാക്കളും വക്താക്കളും കോണ്‍ഗ്രസാണ്. ആ നയങ്ങള്‍ 1990 കളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹ റാവുവും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും ചേര്‍ന്നാണ്. 
അന്ന് മുതല്‍ ഇന്ന് വരെ ആ നയങ്ങള്‍ക്കായി ശക്തമായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ കാലത്ത് പാര്‍ലമെന്റംഗമായിരുന്നു രമേശ് ചെന്നിത്തല. മാത്രമല്ല അതിന് ശേഷം അദ്ദേഹം എ ഐ സി സി യുടെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. ഈ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കെടുതികള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും മേല്‍ ദുരിതങ്ങളുടെ തീമഴ വര്‍ഷിച്ച ഇക്കാലയളവിലൊന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. കേരളത്തില്‍ ചെന്നിത്തലയുടെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതും ഈ നയങ്ങള്‍ തന്നെ. ഇതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. ഡീസലിന്റെ വിലനിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ചെറുകിട വ്യാപാരമേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ നയവും കൂടുതല്‍ ദുരിതം സൃഷ്ടിക്കുക കേരളത്തിലാണ്. വൈദ്യുതി മേഖലയും, കുടിവെള്ള മേഖലയും സ്വകാര്യവല്‍ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. ഈ നയങ്ങള്‍ കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയപ്പോഴും രമേശ് ചെന്നിത്തല പ്രതികരിച്ചതായി ആരും കേട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് രമേശ് ചെന്നിത്തല വാദിച്ചതായി ഇതുവരം നാം കേട്ടിട്ടുമില്ല.

വയലാര്‍ രവിയാണെങ്കില്‍ ഈ നയം നടപ്പാക്കുന്ന സര്‍ക്കാരിന്റെ ഭാഗം കൂടിയാണ്. സാമ്പത്തിക പരിഷ്‌ക്കരണനയങ്ങള്‍ക്ക് മനുഷ്യമുഖം വേണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെടേണ്ടത് മന്ത്രിസഭായോഗത്തിലല്ലേ? അവിടെ കണ്ണും ചെവിയും പൂട്ടി വിധേയനായിരിക്കുന്ന വയലാര്‍ രവി പുറത്തുവന്ന് ഈ നയങ്ങള്‍ക്ക് താന്‍ എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ചെന്നിത്തലയും വയലാര്‍ രവിയുമെല്ലാം കോണ്‍ഗ്രസിലെ 'തൊമ്മി'മാരാണ്. പട്ടേലര്‍മാര്‍  സോണിയയും രാഹുലും അവരെ നിയന്ത്രിക്കുന്ന  കോര്‍പ്പറേറ്റ് മുതലാളിമാരുമാണ്.
സ്വന്തം പാര്‍ട്ടിയുടെ ഒരു വൈസ് പ്രസിഡന്റിനെപ്പോലും നിശ്ചയിക്കാന്‍ അവകാശമില്ലാത്ത ഈ 'തൊമ്മി'മാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണോ കേരള ജനത. വയലാര്‍ രവിയും ചെന്നിത്തലയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചിന്തന്‍ ശിബറില്‍ നടത്തിയ ധീരകൃത്യം മലയാള മനോരമയെപ്പോലെ ചില മാധ്യമങ്ങളെ ചിലപ്പോള്‍ പുളകമണിയിച്ചിരിക്കും. പക്ഷേ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ പൊള്ളത്തരം തിരിച്ചറിയാനാകും. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന് ചിന്തിക്കുന്നവരുടെ ഒരു കസര്‍ത്തായി ജനം ഇത് കാണുക തന്നെ ചെയ്യും.

*
സി എന്‍ ചന്ദ്രന്‍ ജനയുഗം

Friday, January 25, 2013

സ്ത്രീസുരക്ഷ നിയമം സമഗ്രമാക്കണം


കേരളത്തിലെ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച നിയമത്തിന്റെ കരട് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ബില്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, "കേരള പ്രൊട്ടക്ഷന്‍ ഓഫ് പ്രൈവസി ആന്‍ഡ് ഡിഗ്നിറ്റി ഓഫ് വിമന്‍ ബില്‍ 2013" എന്ന കരടുബില്‍ കേരളത്തിലെ സ്ത്രീപ്രശ്നത്തിന്റെ ഗൗരവമോ സങ്കീര്‍ണതയോ ഉള്‍ക്കൊള്ളുന്നില്ല. കരടു തയ്യാറാക്കുന്നതിനുമുമ്പ് വനിതാസംഘടനകളുമായി ചര്‍ച്ച നടന്നിരുന്നു. പിന്നീടും പല വനിതാ സംഘടനകളും നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ കരടില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. പ്രശ്നത്തെ ഉപരിപ്ലവമായി കണ്ട് ആരോ തട്ടിക്കൂട്ടിയ ബില്ലാണിപ്പോള്‍ മന്ത്രിസഭ അംഗീകരിച്ചത്.

പൗര എന്ന തരത്തില്‍ സ്ത്രീയ്ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയാണല്ലോ നിയമത്തിന്റെ ആത്യന്തികലക്ഷ്യം. ഐപിസിയിലും സിആര്‍പിസിയിലും നിരവധി സ്ത്രീസംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. അപ്പോള്‍, അവയുടെ പരിധിക്കുപുറത്തുവരുന്ന പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതായിരിക്കണം പുതിയ നിയമത്തിന്റെ ഉദ്ദേശം. അങ്ങനെ നോക്കുമ്പോള്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുവാന്‍ പര്യാപ്തമായ സമഗ്രമായ ഒരു പുതിയ നിയമമാണ് കേരളത്തിന് ആവശ്യം. എന്നാല്‍, പുതിയ ബില്ലിന് ഇത്തരത്തില്‍ ഒരു കാഴ്ചപ്പാടുള്ളതായി കാണാന്‍കഴിയില്ല. ലിംഗനീതിയെക്കുറിച്ച് ശാസ്ത്രീയമായ വീക്ഷണത്തോടെ തയ്യാറാക്കിയ കരടല്ല ഇതെന്ന് വ്യക്തം. അതുകൊണ്ടാണ് ബില്ലിന്റെ പേര് "സ്ത്രീകളുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമം" എന്നായത്. "സ്വകാര്യത", "മാന്യത" എന്നൊക്കെയുള്ള പദപ്രയോഗങ്ങള്‍ വിവാദപരമാണ്. "പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുവാനുള്ള നിയമം" എന്ന് വ്യക്തമായി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുകയാണ് വേണ്ടത്. കേരളത്തിന്റെ ആവശ്യവും ഇത്തരമൊരു നിയമമാണ്.

കരടുബില്ലിന്റെ തുടക്കത്തില്‍ "പീഡനങ്ങളും സ്ത്രീയുടെ മാന്യതയ്ക്കും സ്വകാര്യതയ്ക്കും ഭംഗംവരുന്ന ഏതുതരം പ്രവൃത്തിയും തടയുകയാണ് ലക്ഷ്യം" എന്ന് പറയുന്നുണ്ട്. ഏഴോളം ഇനങ്ങളിലുള്ള പീഡനങ്ങള്‍ പട്ടികയായി കൊടുത്തിട്ടുണ്ടെങ്കിലും മാന്യതയും സ്വകാര്യതയും എന്താണെന്ന് ബില്ലില്‍ നിര്‍വചിച്ചിട്ടില്ല. തികഞ്ഞ ലാഘവബുദ്ധിയോടെയാണ് കരടുനിയമം തയ്യാറാക്കിയതെന്ന് ഇതു വ്യക്തമാക്കുന്നു. ഗൗരവമുള്ള ഒരു ബില്ലിന്റെ ഘടനയും ഈ ഒന്‍പതുപേജുള്ള കരടുബില്ലിനില്ല. വകുപ്പുകളും ഉപവകുപ്പുകളും വിശദമാക്കുകയോ ആവശ്യമായിടങ്ങളില്‍ കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. സ്ത്രീപ്രശ്നത്തോടുള്ള അലംഭാവപൂര്‍ണമായ സമീപനം കരടുബില്ലിലെ ഓരോ വാചകത്തിലും കാണാം. "പൊതുഇടം" എന്ന പദം ഉപയോഗിച്ചിട്ടില്ലെങ്കിലും സൈബര്‍ സ്പേസ് ഉള്‍പ്പെടെ എവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടരുതെന്ന് പറയുമ്പോള്‍തന്നെ ചില പേരുകള്‍ ബില്ലില്‍ കൊടുത്തിരിക്കുന്നു. അവ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയറ്റര്‍ തുടങ്ങിയവ എന്നാണ്. എത്ര അശ്രദ്ധമായാണ് ഇത് തയ്യാറാക്കിയതെന്ന് നോക്കുക. കേരളത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ക്കു വിധേയരാകുന്നത് തെരുവുകളിലാണ്. കൂടാതെ ചന്തകള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാനിടയുള്ള അതിക്രമങ്ങളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമേയില്ല. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുന്നുണ്ടെങ്കില്‍ സ്ഥാപനമേധാവിക്ക് നിയന്ത്രിക്കാം എന്നുമാത്രമാണ് ബില്ലിലെ വ്യവസ്ഥ. ഇതു ലംഘിച്ചാല്‍ ഒരുമാസത്തെ തടവുശിക്ഷയും പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ പലതരത്തിലാണ് അതിക്രമങ്ങള്‍ക്കിരയാകുന്നത്. അധ്യാപകരും ജീവനക്കാരും സഹപാഠികളും പലരൂപങ്ങളില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം നടക്കുന്നു. സ്കൂളിലേക്കുവരുന്ന വഴിയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒന്നുംതന്നെ കരടുബില്ലില്‍ കൈകാര്യം ചെയ്യുന്നില്ല.

കേരളത്തിലെ "യാത്രാപീഡനം" കുപ്രസിദ്ധമാണ്. സൗമ്യയ്ക്കുണ്ടായ ദുരന്തത്തിന് ഫെബ്രുവരി ആറിന് രണ്ടുവര്‍ഷം തികയുകയാണ്. യാത്രകളില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അപമാനങ്ങള്‍ വേണ്ടത്ര ഇനിയും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല എന്നുവേണം കരുതാന്‍. സൗമ്യയും പി ഇ ഉഷയും മറ്റും മഞ്ഞുമലയുടെ മുകളില്‍നില്‍ക്കുന്ന ചില രൂപങ്ങള്‍ മാത്രം. അതീവരൂക്ഷമായ യാത്രാ പീഡനത്തെക്കുറിച്ച് ബില്ലില്‍ മൗനം മാത്രമേയുള്ളൂ. വാഹനത്തിലെ ജീവനക്കാര്‍ക്ക് പരാതി നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നു പറയുന്നതുകൊണ്ട് പ്രശ്നപരിഹാരം ആകുന്നില്ല. പരാതി നല്‍കുന്നതിന് നിലവിലുള്ള രീതി മാറ്റേണ്ടതാണെന്ന് വനിതാസംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. ബസില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ ബസ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുക എന്നത് പ്രായോഗികമല്ല. ബസിലുള്ള അമ്പതോളം പേരുമായി സ്റ്റേഷനിലേക്കു പോകുമ്പോള്‍ സ്വാഭാവികമായും മറ്റ് യാത്രക്കാരുടെ പിന്തുണ പരാതിക്കാരിക്ക് കിട്ടിയെന്നുവരില്ല. ഹെല്‍പ്പ്ലൈനില്‍ വിവരം അറിയിക്കുകയും അടുത്ത സ്റ്റോപ്പെത്തുമ്പോള്‍ പൊലീസ് ബസിലേക്കുവന്ന് മൊഴിയെടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്.

ഇക്കാലത്ത് അതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. കരടുബില്ലിലെ ശിക്ഷയെക്കുറിച്ചുള്ള ഭാഗമാണ് ഏറ്റവും വിചിത്രം. പീഡനം എന്നാല്‍ എന്തൊക്കെയാണെന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. തെറ്റായ ഉദ്ദേശത്തോടെയുള്ള തലോടലും സ്പര്‍ശവും മുതല്‍ ഏതുതരം ലൈംഗികാതിക്രമവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ശിക്ഷ തുടങ്ങുന്നത് കുറഞ്ഞത് ഏഴുവര്‍ഷത്തെ തടവിലാണ്. അതായത് തലോടലിനും ഏഴുവര്‍ഷത്തെ തടവ്. ശിക്ഷ കഠിനമാക്കുന്നത് നല്ലതാണ്. പക്ഷേ, ബലാത്സംഗകേസുകളില്‍ 26 ശതമാനംമാത്രം ശിക്ഷിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഏതു ജഡ്ജിയാണ് തോണ്ടലിനും തലോടലിനും ഏഴുവര്‍ഷം ഒരു കുറ്റവാളിയെ ശിക്ഷിക്കുക? അക്രമികളെ രക്ഷപ്പെടുത്തുവാന്‍ മാത്രമേ ഇത്തരം ശിക്ഷാവ്യവസ്ഥകള്‍ സഹായിക്കൂ. മറ്റൊരു പ്രധാനപ്രശ്നം തീവണ്ടിയാത്രയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കരടുബില്ലിന്റെ പരിധിയില്‍ വരുന്നില്ല എന്നതാണ്. റയില്‍വേ ആക്ടിന്റെ ഭേദഗതിയിലൂടെ മാത്രമേ പൂര്‍ണസുരക്ഷിതത്വം സാധ്യമാകൂ എന്ന വാസ്തവം നിലനില്‍ക്കുമ്പോള്‍തന്നെ സംസ്ഥാനസര്‍ക്കാരിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വം ഉണ്ടല്ലോ. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ കൂടുതല്‍ പൊലീസിനെ റയില്‍വേയ്ക്കായി നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി അപൂര്‍ണതകളും പരിമിതികളും കരടുബില്ലിനെ ദുര്‍ബലമാക്കിയിരിക്കുന്നു. മറ്റു നിയമങ്ങളില്‍ ഉള്ള കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് കരടുബില്ലില്‍ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ബലാത്സംഗത്തെ തുടര്‍ന്ന് കൊല നടന്നാല്‍ വധശിക്ഷ നല്‍കണമെന്ന് പറയുന്നതില്‍ ഒരു പുതുമയുമില്ല. കാരണം കൊലപാതകത്തിന് വധശിഷ ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തില്‍ പറഞ്ഞുകഴിഞ്ഞതാണ്. അതുപോലെ സൈബര്‍ നിയമത്തിലെ വ്യവസ്ഥപ്രകാരം സ്ത്രീകളുടെ ചിത്രങ്ങള്‍ അവര്‍ക്ക് മാനഹാനി വരുത്തുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുയോ ചിത്രീകരിക്കുകയോ ചെയ്യുന്നത് കുറ്റകാരമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. അപ്പോള്‍ ഈ ബില്ലില്‍ ചെയ്യേണ്ടത് അത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ടവര്‍ അത് ചെയ്യാതിരിക്കുന്നുണ്ടെങ്കില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുക എന്നതാണ്. ചുരുക്കത്തില്‍, വിശദമായ ചര്‍ച്ചയും പഠനവും നടത്തിയിട്ടില്ലെങ്കില്‍ ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീതഫലം ഉണ്ടാകാനും ഇടയുണ്ട്. ജാതീയവും വര്‍ഗപരവുമായ കടുത്ത അസമത്വം നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയില്‍ പ്രാന്തവല്‍കൃതരായ സ്ത്രീവിഭാഗങ്ങള്‍ അതീവരൂക്ഷമായ അതിക്രമങ്ങളാണ് നേരിടുന്നത്. അട്ടപ്പാടിയില്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി ബാലിക തിലകമണിയെ നമുക്ക് മറക്കാറായിട്ടില്ല. ഈ ഗുരുതരമായ സ്ഥിതി വിശേഷത്തെ നിസ്സാരവല്‍ക്കരിക്കുവാന്‍ ഒരു നിയമംകൊണ്ട് ഇടവരുത്തരുത്. അതുകൊണ്ടു തന്നെ തിരക്കുപിടിച്ച് നിയമം പാസാക്കി പ്രതിബദ്ധത തെളിയിക്കുകയല്ല, ആ നിയമം സമഗ്രമാക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് വേണ്ടത്.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി 25 ജനുവരി 2013