Monday, January 28, 2013

ജനകീയ ബാങ്കിങ്ങിന് തിരശ്ശീല

സാധാരണസംഭവമായാണ് ബാങ്കിങ് ഭേദഗതിബില്‍ ലോക്സഭ അംഗീകരിച്ച കാര്യം ചില മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി രാജ്യത്ത് ലഭ്യമായ വിഭവശേഷിയെ മുഴുവന്‍ സമാഹരിച്ച പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തിയാണ് ഈ ഭേദഗതിയെന്ന കാര്യം ബോധപൂര്‍വം തമസ്കരിക്കപ്പെട്ടു. വാണിജ്യബാങ്കിങ്ങിനോടൊപ്പം സഹകരണമേഖലാ ബാങ്കിങ്ങിന്റെ പ്രവര്‍ത്തനത്തിലും സമീപനത്തിലും തീര്‍ത്തും വിനാശകരമായ മാറ്റങ്ങള്‍ക്കാണ് ഈ ഭേദഗതി വഴിയൊരുക്കുന്നത്. വികസനത്തിന്റെ എന്‍ജിന്‍ എന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ ജനകീയസ്വഭാവം പൂര്‍ണമായി നഷ്ടപ്പെടുത്തുകമാത്രമല്ല, അതിവിപുലമായ നമ്മുടെ ബാങ്കിങ് സംവിധാനത്തെ വിദേശമൂലധനത്തിന്റെ കാല്‍ക്കല്‍ അടിയറവയ്ക്കുകകൂടിയാണ് ഈ ഭേദഗതിവഴി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കാരും മുതലാളിത്തത്തിന്റെ മറ്റു കാവല്‍മാലാഖകളും നിരന്തരം ചെലുത്തിപ്പോരുന്ന സാമ-ദാന-ഭേദ-ദണ്ഡ സമ്മര്‍ദങ്ങളുടെ വിജയകരമായ പരിസമാപ്തികൂടിയാണ് ഈ സംഭവവികാസം.
 
ബാങ്കുകളുടെമേല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുകയാണ് ബാങ്കിങ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യമെന്ന മട്ടിലാണ് മിക്ക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ഇത് യാദൃച്ഛികമോ ധാരണയില്ലായ്മയോ ആയി കാണാന്‍ കഴിയില്ല. ഭേദഗതിയുടെ ദൂരവ്യാപകവും രാജ്യതാല്‍പ്പര്യവിരുദ്ധവുമായ സത്തയില്‍നിന്ന് ശ്രദ്ധമാറ്റുന്നതിനാണ് റിസര്‍വ് ബാങ്കിന് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നതെന്നതാണ് വാസ്തവം. ബില്‍ പാസായതുകൊണ്ട് ആയിരക്കണക്കിന് പുതിയ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നുമൊക്കെ വേറെയും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

ബാങ്കിങ് മേഖലയെ സംബന്ധിക്കുന്ന മൂന്നു നിയമങ്ങളാണ് പുതിയ ബില്‍വഴി ഭേദഗതിചെയ്യപ്പെട്ടത്. ബാങ്കിങ് നിയന്ത്രണനിയമം 1949, ബാങ്കിങ് കമ്പനീസ് ആക്ട് 1970, ബാങ്കിങ് കമ്പനീസ് ആക്ട് 1980 എന്നിവയാണ് പ്രസ്തുത നിയമങ്ങള്‍. പുറമേ കാണുമ്പോള്‍ തീര്‍ത്തും സാങ്കേതികമായ കാര്യങ്ങളെന്ന് തോന്നാവുന്ന പുതിയ വ്യവസ്ഥകള്‍, യഥാര്‍ഥത്തില്‍ ദൂരവ്യാപകവും സമഗ്രവുമായ പ്രത്യാഘാതങ്ങള്‍ ബാങ്കിങ് സംവിധാനത്തില്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അംഗീകൃത ഈടുകളെ സംബന്ധിക്കുന്ന ഭേദഗതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഈടുകളാ (പ്രധാനമായും കടപ്പത്രങ്ങള്‍)ണ് അംഗീകൃത ഈടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ തങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം (ഇപ്പോള്‍ 24 ശതമാനം) മേല്‍പ്പറഞ്ഞ അംഗീകൃത ഈടുകളില്‍ നിക്ഷേപിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നാണ് ഈ നിക്ഷേപത്തെ വിളിക്കുക. പുതിയ ഭേദഗതിയോടെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്ന ഇതര ആസ്തികളിലും ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് സര്‍ക്കാര്‍ ഈടുകളില്‍ നിക്ഷേപിക്കാറുള്ളത്. ഈ പണം വിനിയോഗിക്കുന്നതാകട്ടെ സമ്പദ്വ്യവസ്ഥയുടെ ഉദ്ധാരണത്തിനും. എന്നാല്‍, പുതിയ ഭേദഗതി നടപ്പില്‍വരുന്നതോടെ നിക്ഷേപങ്ങളുടെ നല്ല പങ്ക് സ്വകാര്യമൂലധനമായി വഴിമാറാനുള്ള സാധ്യത തെളിയുകയാണ്. പൊതുവിഭവം സ്വകാര്യമൂലധനമാക്കി മാറ്റിയെടുക്കുന്ന ആഗോളീകരണതന്ത്രമാണ് ഈ നിര്‍ദേശത്തിന്റെ പിന്നില്‍.

ദേശസാല്‍കൃത ബാങ്കുകളിലെയും സ്വകാര്യബാങ്കുകളിലെയും ഓഹരി ഉടമകള്‍ക്ക് ലഭ്യമായ വോട്ടവകാശത്തിന്റെ പരിധി ഉയര്‍ത്തിയതിന്റെ പിന്നില്‍ ദീര്‍ഘകാല മൂലധനതാല്‍പ്പര്യങ്ങളുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ശതമാനമെന്ന പരിധിയാണ് പത്ത് ശതമാനമായി വര്‍ധിക്കുന്നത്. സ്വകാര്യബാങ്കുകളുടെ കാര്യത്തില്‍ പത്ത് എന്ന പരിധി ഇരുപത്താറായി ഉയരും. വിദേശസ്ഥാപനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കില്‍ 20 ശതമാനംവരെ വിദേശനിക്ഷേപം അനുവദനീയമാണ്. സ്വകാര്യബാങ്കുകളില്‍ ഇത് 74 ശതമാനവും. എന്നാല്‍, വോട്ടവകാശത്തിന്റെ പരിധിനിയന്ത്രണം നിമിത്തം വിദേശനിക്ഷേപകര്‍ക്ക് ബാങ്കുകളുടെ ഭരണപരമോ നയപരമോ ആയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. വിദേശമുതലാളിമാര്‍ക്ക് അവരുടെ ഇംഗിതം ഇന്ത്യന്‍ ബാങ്കുകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ ഭേദഗതി വഴിയൊരുക്കും. കൂടുതല്‍ വോട്ടവകാശം ലഭിക്കുന്നതോടെ സ്വകാര്യ ഓഹരി ഉടമകള്‍ മെച്ചപ്പെട്ട ലാഭത്തിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ ശക്തിപ്പെടുത്തും. കൃഷിയടക്കമുള്ള ഉല്‍പ്പാദനമേഖലകളില്‍നിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം ഇതോടെ പൂര്‍ണമാവുകയും ചെയ്യും.

വോട്ടവകാശപരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍മുടക്കാനുള്ള മത്സരം മുറുകാന്‍ പോവുകയാണ്. ബില്‍ പാസായതിന്റെ പിറ്റേദിവസം ബാങ്കുകളുടെ ഓഹരിവിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടം അതിന്റെ ദിശാസൂചിയാണ്. ഇന്ത്യന്‍ ബാങ്കിങ്ങിന്റെ മുഖം മാറുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ബാങ്കിങ് ഒരു വ്യവസായമാണെങ്കിലും ഇന്ത്യയില്‍ അത് നിര്‍വഹിച്ചുപോന്നത് നമ്മുടെ സമ്പദ്വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുക എന്ന ചരിത്രദൗത്യമാണ്. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലയിലേക്കും ചെന്നെത്തിയാണ് ബാങ്കിങ് ആ ദൗത്യം നിറവേറ്റിയത്. എന്നാല്‍, മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാങ്കിങ് അനന്തമായ ലാഭസാധ്യതകളുള്ള ഒരു വ്യവസായമാണ്. പൊതുനിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്കും അവധിവ്യാപാരത്തിലേക്കും, അപകടസാധ്യത ഏറെയുള്ള ഡെറിവേറ്റീവുകളിലേക്കും ഒഴുക്കി വിപണിയെ കൈയിലെടുത്ത് അമ്മാനമാടാനുള്ള ത്വരയാണ് മൂലധനാഥന്മാരെ നയിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ സമാഹൃതമായ 70 ലക്ഷം കോടി രൂപയോളം നിക്ഷേപത്തിന്റെ ലാഭസാധ്യതയാണ് അവരെ ഉന്മാദംകൊള്ളിക്കുന്നത്. വോട്ടവകാശം വര്‍ധിക്കുന്നതോടെ ബാങ്കുകളുടെ നിയന്ത്രണം കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗംകൂടും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയ നമ്മുടെ ബാങ്കിങ് സമ്പ്രദായം അതോടെ പഴങ്കഥയായി മാറും.

സഹകരണമേഖല: മായുന്ന അതിര്‍വരമ്പുകള്‍

സഹകരണമേഖലയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് ബാങ്കിങ് നിയമഭേദഗതി. ഈ വര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ് ആദ്യത്തെ അടി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം സംസ്ഥാനപട്ടികയില്‍പ്പെടുന്ന സഹകരണമേഖലയെ ഈ ഭേദഗതിയിലൂടെ കേന്ദ്രം തട്ടിയെടുത്തു. അതത് സംസ്ഥാനങ്ങളില്‍ സഹകരണനിയമം നിലനില്‍ക്കെയാണ്, സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സമഗ്രമായ വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ചത്.

തൊണ്ണൂറ്റേഴാം ഭരണഘടനാ ഭേദഗതിയും ബാങ്കിങ് നിയമഭേദഗതിയിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്തുവച്ചുനോക്കിയാല്‍ വാണിജ്യബാങ്കിങ്ങും സഹകരണബാങ്കിങ്ങും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ക്കപ്പെടുകയാണെന്ന് ബോധ്യമാകും. ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണമേഖല, ബാങ്കിങ് മേഖലപോലെതന്നെ, കേന്ദ്രസര്‍ക്കാരിന്് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒന്നായി. ബാങ്കിങ് നിയമഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ബാങ്കിങ് മേഖലയുടെ നിയന്ത്രണാധികാരം കൈയാളുന്ന റിസര്‍വ് ബാങ്കിന് സഹകരണമേഖലയുടെമേല്‍ സമ്പൂര്‍ണാധിപത്യം ചെലുത്താന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങി. സഹകരണസംഘത്തിന് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇനി ബാങ്കിങ് ലൈസന്‍സ് എടുത്തേ മതിയാകൂ. ലൈസന്‍സ് എടുത്താലോ, റിസര്‍വ് ബാങ്കിന് ഏത് സമയത്തും ഇടപെടാം. അതിന് തയ്യാറല്ലെങ്കില്‍, ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.

സഹകരണമേഖലയ്ക്കും വാണിജ്യബാങ്കിങ്ങിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതോടൊപ്പം, അധികമായി കിട്ടുന്ന വോട്ടവകാശം ഉപയോഗപ്പെടുത്തി ബാങ്കുകളുടെ നയങ്ങളെ സ്വാധീനിക്കുകയും അതുവഴി തങ്ങളുടെ മൂലധനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടുകയും ചെയ്യാനുള്ള സുവര്‍ണാവസരം മറുവശത്ത് കാത്തുനില്‍ക്കുന്നു. ഇവിടെ ഹോമിക്കപ്പെടുന്നത് ഒരു ജനതയുടെ കുതിപ്പിന്റെ സ്വപ്നങ്ങളാണ്. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് നിസ്സ്വരെ സമ്പദ്വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബാങ്കുകളിലെ ജീവനക്കാരുടെമാത്രം സമരമല്ല; രാജ്യത്താകെയുള്ള ജനങ്ങളുടെ പ്രക്ഷോഭമാണ് ഇതിനെതിരായി ഉയര്‍ന്നുവരേണ്ടത്.

*
വി കെ പ്രസാദ് ദേശാഭിമാനി 28 ജനുവരി 2013

No comments: