Thursday, January 10, 2013

മുതലക്കണ്ണീര്‍ ആര്‍ക്കുവേണ്ടി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ആരംഭിച്ചതോടെ, അതിനെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ക്കൊപ്പം വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. നാടിന്റെ പൊതുനന്മയ്ക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണത്രെ യുഡിഎഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. 2002ല്‍ ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരിക്കെ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതികളിലൊന്നാണ് പങ്കാളിത്ത പെന്‍ഷന്‍. 2002 ജനുവരി 16ന്റെ ഉത്തരവിലൂടെ പൂര്‍വകാലാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുകയായിരുന്നു ലക്ഷ്യം. അന്നും ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രചരിപ്പിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാനാണ് ഈ പദ്ധതി എന്നാണ്. അന്ന് കേന്ദ്രത്തിലോ, ഏതെങ്കിലും സംസ്ഥാനങ്ങളിലോ ഈ പദ്ധതി കൊണ്ടുവന്നിരുന്നില്ല. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും രേഖകളില്‍ മാത്രമായിരുന്നു അന്ന് ഇത് പ്രത്യക്ഷപ്പെട്ടിരുന്നത്.

2002ല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്റെ സാമ്പത്തികസ്ഥിതി പാടേ അപകടത്തിലാകുമായിരുന്നു. കാരണം അന്നും ഇന്നും സര്‍ക്കാര്‍ പറയുന്നത് നിലവിലുള്ള ജീവനക്കാരെ ഇത് ബാധിക്കില്ലെന്നാണ്. അതിനര്‍ഥം ഇപ്പോഴത്തെ പെന്‍ഷന്‍കാര്‍ക്കും ഇപ്പോഴത്തെ ജീവനക്കാര്‍ക്കും നല്‍കേണ്ട പെന്‍ഷന്‍ ബാധ്യത തുടരുമെന്നാണ്. ഏകദേശം 30 വര്‍ഷത്തിനുശേഷം വിരമിക്കുന്ന ജീവനക്കാര്‍ക്ക് കൊടുക്കേണ്ട പെന്‍ഷന്‍ ബാധ്യതയില്‍നിന്നേ സര്‍ക്കാരിന് ഒഴിയാനാകൂ. മാത്രമല്ല, ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം കുറവുചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും അതിനൊപ്പം തുല്യതുക സര്‍ക്കാരും നിക്ഷേപിക്കുമെന്നുമാണ്. അതിനര്‍ഥം 2013 ഏപ്രില്‍ മുതല്‍ കേരളസര്‍ക്കാരിന്റെ പെന്‍ഷന്‍ ഇനത്തിലുള്ള ബാധ്യത വര്‍ധിക്കുമെന്നാണ്. 2002നുശേഷം കഴിഞ്ഞ പത്തുവര്‍ഷം ഈ നയം നടപ്പാക്കാതിരുന്നതുമൂലം കേരളത്തിന്റെ സാമ്പത്തികനില തകരാറിലാവുകയല്ല, മെച്ചപ്പെടുകയാണുണ്ടായതെന്ന് 2011വരെയുള്ള ബജറ്റ് രേഖ വ്യക്തമാക്കുന്നുണ്ട്. 2011 മേയില്‍ യുഡിഎഫ് അധികാരത്തില്‍ വീണ്ടും എത്തിയതുമുതല്‍ 2001 കാലയളവിലെപ്പോലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രചാരണം നടത്തുന്നതുതന്നെ ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതിനാണ്.

ഈ നയം നടപ്പാക്കുന്നതുകൊണ്ടുള്ള നേട്ടം ആര്‍ക്കാണെന്നതാണ് പ്രസക്തമായ പ്രശ്നം. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥപ്രകാരം, സ്വകാര്യ പെന്‍ഷന്‍ ഫണ്ടിലേക്കാണ് ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന തുക നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍വിഹിതം- മാച്ചിങ് ഫണ്ട് (ജനങ്ങളുടെ നികുതിപ്പണമാണല്ലോ) അതും സ്വകാര്യ പെന്‍ഷന്‍ ഫണ്ടിലേക്കുതന്നെയാണ് പോകുന്നത്. പൊതുമേഖലയിലുള്ള ചില സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു എന്ന ന്യായം പറഞ്ഞ് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണമല്ല ഇത് എന്നുപറയുന്നവര്‍ മറച്ചുവയ്ക്കുന്ന ഒരു വസ്തുതകൂടിയുണ്ട്. പാര്‍ലമെന്റ് ഏറ്റവും ഒടുവില്‍ പാസാക്കിയ ധന ഉദാരവല്‍ക്കരണ നിയമപ്രകാരം, ബാങ്ക്-ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ ഫണ്ട് എന്നിവയിലെല്ലാം എഫ്ഡിഐ (വിദേശനിക്ഷേപം) അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ പൊതുമേഖലയില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍തന്നെ എത്രകാലം ആ നിലയില്‍ തുടരുമെന്ന് പ്രവചിക്കാനാവില്ല. പ്രത്യേകിച്ചും, പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്നിരിക്കെ. ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനായാണ് ഉമ്മന്‍ചാണ്ടി പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവരുന്നത്. മെച്ചപ്പെട്ടതാണ് ഈ പദ്ധതിയെങ്കില്‍ പട്ടാളക്കാര്‍ക്കും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കും എന്തുകൊണ്ട് ഇത് ബാധകമാക്കുന്നില്ല? സ്വകാര്യമേഖലയ്ക്കും ബാധകമാണെന്നു പറയുന്ന പദ്ധതിയില്‍ ഏതെങ്കിലും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സ്വന്തം വിഹിതംകൂടി നല്‍കി പദ്ധതി ആരംഭിച്ചിട്ടുണ്ടോ? ഇതെല്ലാം ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ മാത്രമല്ല, ആശങ്ക ഉളവാക്കുന്ന സത്യവുമാണ്.

ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അയാള്‍ അടച്ച തുകയുടെ 60 ശതമാനം പിന്‍വലിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദവും കുറുപ്പിന്റെ ഉറപ്പല്ലാതെ മറ്റൊന്നുമല്ല. സ്വകാര്യനിക്ഷേപകരുടെ കൈയില്‍ അകപ്പെടുന്ന പെന്‍ഷന്‍ഫണ്ട് തകരാതെ നില്‍ക്കുമെന്നും കൃത്യമായി പെന്‍ഷന്‍ കിട്ടുമെന്നും പറയുന്നതുതന്നെ വ്യാമോഹംമാത്രമാണ്. 2001-02 കാലത്തെ അര്‍ജന്റീനയിലെ സാമ്പത്തികത്തകര്‍ച്ചയിലും 2008നെത്തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലുമുണ്ടായ സാമ്പത്തികത്തകര്‍ച്ചയിലും ആദ്യം പൊളിഞ്ഞത് പെന്‍ഷന്‍ ഫണ്ടുകളായിരുന്നു. സാധാരണക്കാരുടെ കോടിക്കണക്കിന് ഡോളര്‍വരുന്ന ആജീവനാന്ത നിക്ഷേപമാണ് ഫണ്ട് മാനേജര്‍മാര്‍ മുക്കിയത്. അതിലേക്കാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കേരളത്തിലെ ജീവനക്കാരെയും കൊണ്ടുപോകുന്നത്. മാത്രമല്ല, മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍പോലും സര്‍ക്കാരിന് കഴിയുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്ന പ്രചാരണവും തനി തട്ടിപ്പാണ്. പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥപ്രകാരം, സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും ഏത് വിഭാഗത്തെയും ഈ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്.

ജീവനക്കാരില്‍ വ്യാമോഹം പരത്തി പണിമുടക്കില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയുടെ സംരക്ഷണം തട്ടിയെടുക്കാന്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നവരാണ്. പെന്‍ഷന്‍ എന്ന ആശയത്തിനുതന്നെ എതിരാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. നവലിബറല്‍ നയങ്ങളില്‍ പെന്‍ഷനോ മറ്റ് സാമൂഹ്യസുരക്ഷകള്‍ക്കോ ഒരിടവുമില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കാര്‍ക്ക് ഒരു കുഴപ്പവുമുണ്ടാവില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ല. മാത്രമല്ല, ബി എ പ്രകാശ് കമ്മിറ്റി - എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി - പറയുന്നത് ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍മാത്രമേ നടപ്പാക്കാവൂ എന്നും ഭാവിയില്‍ പെന്‍ഷന്‍ പരിഷ്കരണം വേണ്ടെന്നും പെന്‍ഷനൊപ്പം ക്ഷാമബത്ത അനുവദിക്കേണ്ടതില്ലെന്നുമാണ്. ഇത് ഈ സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന സൂചനയാണ്. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ മാത്രമല്ല, ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള പെന്‍ഷനുകള്‍പോലും അപകടത്തിലാകാനുള്ള സാധ്യതയുടെ മുന്നിലാണ് നാം ഇന്ന് നില്‍ക്കുന്നത് എന്ന് സംശയാതീതമായി വ്യക്തമാക്കുന്നതാണ് പ്രകാശ് കമ്മിറ്റി നിര്‍ദേശങ്ങള്‍.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കോര്‍പറേറ്റുകള്‍ അതിനുകൂലമായി പ്രചാരണം നടത്തുന്നതിനൊപ്പം ഭരണാധികാരികളെക്കൊണ്ട് അതിനായി തീരുമാനമെടുപ്പിക്കാന്‍ വന്‍ തോതില്‍ പണം മുടക്കുന്നുവെന്നതും രഹസ്യമല്ല. ചില്ലറ വ്യാപാരകുത്തകയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ലോബിയിങ്ങിന് 125 കോടി രൂപ മുടക്കി എന്ന വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനക്കാര്‍ക്കൊപ്പമാണത്രെ ഈ സര്‍ക്കാര്‍ നില്‍ക്കുന്നത്. 13,050 തസ്തിക പുതുതായി സൃഷ്ടിച്ചുവെന്ന സര്‍ക്കാര്‍ പരസ്യത്തിലെ വീമ്പുപറച്ചില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായി കാണണം. എവിടെയാണ്, ഏത് വകുപ്പിലാണ് ഇത്രയും തസ്തിക സൃഷ്ടിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്. തസ്തിക ഒന്നും സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, ഉള്ള തസ്തികകള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് അണിയറയില്‍ രൂപപ്പെട്ടുവരുന്നത്. പദ്ധതികള്‍ക്കു രൂപം നല്‍കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വകാര്യ കണ്‍സള്‍ട്ടന്റുമാരെ ഏല്‍പ്പിക്കണമെന്നും ഓഫീസ് ശുചീകരണം, കാവല്‍ തുടങ്ങിയ ജോലികള്‍ കരാറുകാരെ ഏല്‍പ്പിക്കണമെന്നും പറയുന്നതാണ് ബി എ പ്രകാശ് കമ്മിറ്റി ശുപാര്‍ശ. ഇതിനര്‍ഥം റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ആയിരക്കണക്കിന് തസ്തികകള്‍ ഇല്ലാതാകുമെന്നാണ്. 2002ലും ഉമ്മന്‍ചാണ്ടിയും സംഘവും ശ്രമിച്ചത് ഇതിനായിരുന്നല്ലോ. അന്ന് 13,000 തസ്തിക വെട്ടിക്കുറച്ച ഉത്തരവ് പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പിന്‍വലിച്ചത്. സ്വകാര്യഭൂമിയില്‍ റീ സര്‍വേ വേണ്ടെന്ന് ഉത്തരവിറക്കി, ഒരു വകുപ്പിലെ മൊത്തം ജീവനക്കാരുടെ ഭാവിതന്നെ ഡെമോക്ലീസിന്റെ വാള്‍ത്തലയ്ക്ക് കീഴിലാക്കിയിരിക്കയാണ് സര്‍ക്കാര്‍. ഇത്തരം ഒരു സര്‍ക്കാരില്‍നിന്ന് അനുഭാവപൂര്‍ണമായ സമീപനം ജീവനക്കാര്‍ക്കോ തൊഴില്‍രഹിതരായ യുവാക്കള്‍ക്കോ പ്രതീക്ഷിക്കാനാവില്ല.

സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അവധിയാത്ര ആനുകൂല്യം (എല്‍ടിസി) ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കേമത്തമായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശമ്പളപരിഷ്കരണ ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചതും, 2011 ഫെബ്രുവരിയില്‍ വിശദമായ ഉത്തരവ് ഇറക്കിയതുമായിരുന്നു ഇത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ടിസി സംബന്ധിച്ച ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷം അത് പൂഴ്ത്തിവച്ചിട്ട് ഇപ്പോള്‍ സമരമുഖത്ത് ജീവനക്കാരെ വ്യാമോഹിപ്പിക്കാന്‍ ശ്രമിക്കുന്നതും സ്വന്തം സൃഷ്ടിയായി പ്രചരിപ്പിക്കുന്നതും നാണംകെട്ട പണിയായിമാത്രമേ കാണാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതും ഭാവിയെ ലക്ഷ്യംവച്ച് നീങ്ങുന്നത് എന്നുംപറയുന്ന സര്‍ക്കാര്‍ ഇതുവരെ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? മറിച്ച് കേരളത്തിന്റെ മണ്ണും വിഭവങ്ങളും വിറ്റുതുലയ്ക്കാനാണ് ശ്രമിക്കുന്നത്. പണക്കാരുടെ കൈയില്‍നിന്ന് ലഭിക്കേണ്ട നികുതി കുടിശ്ശിക പിരിച്ചെടുക്കാനോ വരുമാന വര്‍ധനയ്ക്കോ ഒന്നും ചെയ്യുന്നില്ല. ""ജീവനക്കാര്‍മാത്രം അങ്ങനെ സുഖിക്കേണ്ട"" എന്ന് 2002ല്‍ സംസ്ഥാനത്തുടനീളം നടന്ന് പ്രചരിപ്പിച്ച ഉമ്മന്‍ചാണ്ടിയെ ജീവനക്കാരും ജനങ്ങളും മറന്നിട്ടില്ല. 2002ല്‍ മൊത്തമായി ഒറ്റയടിക്ക് നടപ്പാക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ പിന്‍വാതിലിലൂടെ ഒന്നൊന്നായി നടപ്പാക്കാനാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് ജീവനക്കാര്‍ ഇപ്പോള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നത്.

*
കെ വരദരാജന്‍ ദേശാഭിമാനി 10 ജനുവരി 2013

No comments: