Sunday, January 27, 2013

ആരുണ്ട് ഞങ്ങള്‍ക്ക് തുണ

ഇരിട്ടിയില്‍ ആറുമാസം പ്രായമായ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇംഗ്ലണ്ടില്‍ വിശുദ്ധഗ്രന്ഥ വചനങ്ങള്‍ പഠിക്കാത്തതിന് അമ്മ മകനെ കൊന്ന് കത്തിച്ചു. കോട്ടയത്ത് ഏഴാംക്ലാസുകാരിയെ അമ്മ പലര്‍ക്കായി കാഴ്ചവച്ചു. പലസ്തീന്‍ ബാല്യത്തെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരത. നുജൂദ് അലി,മലാല യൂസഫ്സായ്. ബൈബിളിലെ ഫെറോദയും കൃഷ്ണകഥയിലെ കംസനും. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് കാലത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ല. അവര്‍ എല്ലായിടത്തും എല്ലായ്പ്പോഴും വേട്ടയാടപ്പെടുന്നു. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണം, നല്ലതെല്ലാം കുട്ടികള്‍ക്ക് നല്‍കണം തുടങ്ങി വാത്സല്യവും സ്നേഹവും തുളുമ്പിയൊഴുകുന്ന പ്രമേയങ്ങളും പ്രഖ്യാപനങ്ങളും കുറവല്ല നമ്മുടെ നാട്ടില്‍. പക്ഷേ, കുട്ടികളുടെ അവസ്ഥയെന്താണ്? കുഞ്ഞിന്റെ രോദനം കേള്‍ക്കാനാകാതെ ഇനിയുമെത്രനാള്‍ നമ്മുടെ സമൂഹത്തിന് ചെവി മുറുക്കിയടച്ചിരിക്കാന്‍ കഴിയും.

ലോകത്തെ കുട്ടികളുടെ ജനസംഖ്യയില്‍ 19 ശതമാനംവരുന്ന ഇന്ത്യന്‍ ബാല്യം നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 42 ശതമാനമാണ്. 2011ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 33,098 ആണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. ആ റെക്കോഡും തകര്‍ത്താകും 2012ലെ കണക്ക് പുറത്തുവരിക. 80 ശതമാനം ഗൗരവമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന സര്‍ക്കാര്‍ കണക്കുകള്‍ ഈ മഹാപാപങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഗുരുതരമായ ശാരീരിക പീഡനങ്ങളും 53.22 ശതമാനവും ലൈംഗിക പീഡനങ്ങളുമേല്‍ക്കപ്പെടുന്നു എന്നത് യുനിസെഫിന്റെ കണക്കാണ്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ 66 ശതമാനം പേര്‍ അധ്യാപകരാലും 83 ശതമാനം പേര്‍ രക്ഷിതാക്കളാലും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു.

കുട്ടികളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യസുരക്ഷയിലും ലോകത്തിന് മാതൃകയായിരുന്നു നമ്മുടെ കൊച്ചു കേരളം. 2012 ജനുവരിമുതല്‍ സെപ്തംബര്‍വരെ മാത്രം 29 കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആകെ രജിസ്റ്റര്‍ചെയ്യപ്പെട്ട 905 കേസില്‍ 286 ബലാത്സംഗ കേസും 90 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടും. സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച കേരളം കുട്ടികള്‍ക്ക് ജീവിക്കാന്‍ യോഗ്യമല്ലാത്ത നാടായി രൂപാന്തരപ്പെടുകയാണോ? പതിനാലു വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉറപ്പും 2010ലെ വിദ്യാഭ്യാസ അവകാശനിയമവുമെല്ലാം, സ്കൂളിന്റെ പടിചവിട്ടുക എന്നത് സ്വപ്നമായി അവശേഷിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍കുട്ടികളുടെ നേര്‍ക്ക് പല്ലിളിച്ചുകാട്ടുകയാണ്. ലോകത്തിനുതന്നെ മാതൃകയായ കേരള വിദ്യാഭ്യാസരംഗത്താണ് ഫീസുകൊടുക്കാന്‍ പണമില്ലാതെ ഒമ്പതാം ക്ലാസുകാരന്‍ അമ്പാടിയും യൂണിഫോമില്ലാത്തതിനാല്‍ എട്ടാം ക്ലാസുകാരി വേളാങ്കണ്ണിയും ആത്മഹത്യയില്‍ അഭയംപ്രാപിച്ചത്. പൊതുവിദ്യാലയങ്ങളാകെ അടച്ചുപൂട്ടി അണ്‍ എയ്ഡഡ് സ്കൂളുകളുടെ തേരോട്ടത്തിനായി കേരളം തുറന്നുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിദ്യാഭ്യാസനിഷേധത്തിന്റെ വക്കില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നടമാടുന്ന കടുത്ത ബാലാവകാശങ്ങളെ നാമിനിയും മനസ്സിലാക്കാതിരുന്നുകൂടാ. മലയാളം സംസാരിച്ചതിന് നാവുകൊണ്ട് നിലത്ത് നക്കിച്ചതും സ്പെല്ലിങ് തെറ്റിയതിന് എല്‍കെജി വിദ്യാര്‍ഥിയെ അടിച്ച് ആശുപത്രിയിലാക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്കൂള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്കൂള്‍വാനുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.

കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെപ്പോലും ഹനിക്കുന്ന രീതിയില്‍ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടിയുടെ ഉടമസ്ഥര്‍ മാത്രമായിമാറുന്നു. വിദേശത്ത് കയറ്റി അയക്കാനുള്ള ചരക്കായി കുട്ടിയെക്കണ്ട്, തന്റെ അഭീഷ്ടം സാധിക്കാനുള്ള യന്ത്രമായി വളര്‍ത്തുകയാണ് പല രക്ഷിതാക്കളും. അവന്റെ അഭിരുചിയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിഷേധിക്കലാണ് ഫലത്തില്‍ നടക്കുന്നത്. അശാസ്ത്രീയമായ ട്യൂഷന്‍ സംവിധാനങ്ങളും അനിയന്ത്രിതമായി അടിച്ചേല്‍പ്പിക്കുന്ന പഠനഭാരവുമെല്ലാം കുട്ടിയില്‍ മാനസിക മുരടിപ്പും പിരിമുറുക്കവും സൃഷ്ടിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സമയംപോലും നിഷേധിക്കുകവഴി വീടെന്ന പുതിയ പീഡനകേന്ദ്രമാണ് കുട്ടിക്ക് ലഭിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന 20 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയ ശതമാനവും കുട്ടികളാണ്. പാറമടകളിലും നിര്‍മാണശാലകളിലും ഹോട്ടലുകളിലും ഈ കുട്ടിത്തൊഴിലാളികള്‍ നിയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ബാറില്‍ സുബ്രഹ്മണ്യന്‍ എന്ന തമിഴ് ബാലന്‍ മദ്യം വിളമ്പുന്നത് മലയാളിയെ അമ്പരപ്പിക്കാഞ്ഞത്. വന്‍കിട ഹോട്ടലുകളുടെ മുന്നിലും തീവണ്ടിയുടെ ഇടനാഴികളിലും വഴിയോരങ്ങളിലുമെല്ലാം നാണയത്തുട്ടുകള്‍ക്കായി വയറ്റത്തടിച്ചു പാടുന്ന തെരുവിന്റെ സന്തതികള്‍, അവരെയുപയോഗിച്ച് പണം സമ്പാദിക്കുന്ന വന്‍ മാഫിയകള്‍ ഇവയൊക്കെ നമ്മുടെ കണ്‍മുന്നിലുണ്ട്. പൂക്കളെയും നിറങ്ങളെയും സ്വപ്നംകണ്ട് സ്ലേറ്റും പെന്‍സിലുമായി പഠനംനടത്തേണ്ട സമയത്ത് പൊരിവെയിലത്ത് വിയര്‍പ്പുനദികളൊഴുക്കി പണിയെടുക്കുന്ന ഈ കുരുന്നു ബാല്യത്തിന്റെ കിനാവുകള്‍ക്ക് ആരാണ് കാവല്‍? അവരുടെ വിദ്യാഭ്യാസത്തെ, അവകാശങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ ഏത് ഭരണഘടനയുണ്ട് ഈ നാട്ടില്‍? കേരളീയ ബാല്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറി ലൈംഗികചൂഷണങ്ങള്‍. മുലപ്പാലിന്റെ മണം മാറുംമുമ്പേ കാമഭ്രാന്തന്മാരുടെ പേക്കൂത്തുകള്‍ക്കിരയാകുന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍ സംസ്കാരത്തിലേക്ക് നാം മാറി. കേരളത്തിലെ 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ. ഇത്തരം പീഡനങ്ങളില്‍ 95 ശതമാനവും നടത്തുന്നത് അടുത്ത ബന്ധുക്കളോ അധ്യാപകരോ ആണെന്നുള്ള സര്‍വശിക്ഷാഅഭിയാന്‍ പഠന റിപ്പോര്‍ട്ട്, വീടും വിദ്യാലയവുംപോലും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന ഭീതിതമായ തിരിച്ചറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിപോലും പിച്ചിചീന്തപ്പെടുമ്പോഴും മലയാളമനസ്സില്‍ വേണ്ടത്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടോ എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെ കൂടുതല്‍ അവകാശനിഷേധങ്ങളിലൂടെ നേരിടാനുള്ള ജാതിമതകുബുദ്ധികളുടെ കുടിലശ്രമവും അണിയറയില്‍ സജീവമാണ്.

പീഡനങ്ങളില്ലാതാക്കാന്‍ ഒമ്പതാം വയസ്സില്‍ വിവാഹംചെയ്യിക്കണമെന്ന ജാതിപ്പഞ്ചായത്തുകളുടെ തിട്ടൂരങ്ങളും പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദേശവും മിക്സഡ് സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ഉപദേശവുമെല്ലാം വര്‍ഗീയകക്ഷികള്‍ക്കെല്ലാമുള്ള ബാലവിരുദ്ധമുഖം തുറന്നുകാട്ടുന്നു. സര്‍ക്കാരിന്റെ ബാലസംരക്ഷണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ പീഡനകേന്ദ്രമായി മാറുകയാണ്. തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ മുതിര്‍ന്ന കുട്ടികള്‍ അധികാരികളുടെ അനുവാദത്തോടെ മറ്റുകുട്ടികളെ പീഡിപ്പിച്ചതും, കഴിഞ്ഞദിവസം പുറത്തുവന്ന എറണാകുളം കാക്കനാട് ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയുടെ കെയര്‍ടെക്കര്‍ക്കെതിരെയുള്ള കത്തും ഈ സംവിധാനങ്ങളില്‍ സര്‍ക്കാരിനുള്ള അശ്രദ്ധ പ്രഖ്യാപിക്കുന്നവയാണ്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോന്ന ശിശുക്ഷേമസമിതിയെ രാഷ്ട്രീയ ദുര്‍ലാഭത്തിനായി അട്ടിമറിച്ച് നാഥനില്ലാതാക്കുകയും അന്യ എന്ന ഒന്നരവയസ്സുകാരി മുങ്ങിമരിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാലനയത്തിന്റെ ഭാഗംതന്നെയാണ്. 2012 മെയ് 20ന് പാര്‍ലമെന്റ് പാസാക്കിയ "ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം" രാഷ്ട്രപതിയുടെ അനുവാദം കാത്തുകിടക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കര്‍ശനമായി നടപ്പാക്കി, ബാലാവകാശ പ്രശ്നങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ തയ്യാറാകണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ആവശ്യപ്പെട്ടതും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ഉത്തരവിട്ടതുമായ പൊലീസ് സ്റ്റേഷനുപുറത്ത് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള ബാല- സ്ത്രീ സഹായ ഡെസ്കുകള്‍ ഇന്നും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുന്ന കാസര്‍കോട് കുംബള സിഐയെപ്പോലുള്ള പൊലീസുകാര്‍ ഉള്‍പ്പെട്ട കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ എങ്ങനെ കുട്ടികള്‍ വിശ്വസിച്ച് പരാതിനല്‍കാന്‍ തയ്യാറാകും? വിശ്വസിക്കേണ്ടവര്‍തന്നെ വഞ്ചിക്കുന്നു, ആരെ വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന മുദ്രാവാക്യം ബാലസംഘം ഉയര്‍ത്തുന്നത്. മേല്‍പറഞ്ഞ പ്രശ്നങ്ങളിലെല്ലാം ഏറിയും കുറഞ്ഞതുമായ ഇടപെടല്‍ നടത്തിയ സംഘടനയാണ് ബാലസംഘം. പക്ഷേ, ഈ പ്രശ്നങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപ്പെടലുകള്‍ക്കേ ഫലമുണ്ടാക്കാനാകൂ. വിടരുംമുമ്പേ കൊഴിച്ചുകളയുന്ന പൂമൊട്ടുകളായി കുഞ്ഞുങ്ങള്‍ മാറുന്നത് കേരള മനഃസാക്ഷിയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല, ഒരു പ്രതികരണവുമുണ്ടാക്കുന്നുമില്ല.

ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചുപറയാന്‍പോലും നാം തയ്യാറാകുന്നില്ല. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ജ്യോതിയും ആര്യയുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമല്ലേ? നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥയാണെങ്കിലോ? അവകാശങ്ങള്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുക്കിനിര്‍ത്തിയ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നദിവസംതന്നെയാണ് ഈ ചോദ്യമുയര്‍ത്തി ബാലസംഘം തെരുവിലിറങ്ങുന്നത്.

കേരളമാകെ ഈ ചോദ്യത്തോട് പ്രതികരിച്ചേമതിയാകൂ. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്ക്, മാനാഭിമാനത്തിന്, സൈ്വരജീവിതത്തിന് തുണയാകാന്‍, കാവലാകാന്‍ ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തോടെ തെരുവിലിറങ്ങുന്ന കേരളജനതയെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്നത് ഒരു നിലവിളിയാണ്, അരക്ഷിതബാല്യത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള നിലവിളി. ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ നാട് ഈ നിലവിളിയോട് പ്രതികരിച്ചേ മതിയാകൂ.

*
പി ജെ അഭിജിത് (ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

No comments: