Tuesday, January 8, 2013

ഭിന്നിപ്പിക്കല്‍ വേണ്ട

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിച്ച അനിശ്ചിതകാല പണിമുടക്കുസമരം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം അക്ഷരാര്‍ഥത്തില്‍ മരവിപ്പിച്ചിരിക്കുന്നു. അല്ലെങ്കില്‍തന്നെ തമ്മിലടിയും കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്തെ ഭരണം സ്തംഭനത്തിലാണ്. സമരത്തിലെ ജീവനക്കാരുടെ പങ്കാളിത്തവും മറ്റുള്ളവരില്‍നിന്ന് ലഭിക്കുന്ന പിന്തുണയും മുഖ്യമന്ത്രിയെയും കൂട്ടരെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍, വൈദ്യുതിവകുപ്പ് ജീവനക്കാര്‍, ജല അതോറിറ്റി ജീവനക്കാര്‍, മുനിസിപ്പല്‍ കണ്ടിജന്‍സി ജീവനക്കാര്‍, എന്‍എസ്എസ് സ്കൂളുകളിലെ ഡിഡിടിയു അധ്യാപകര്‍ തുടങ്ങിയവര്‍ പണിമുടക്കിയത് സമരത്തിന് കൂടുതല്‍ കരുത്തും ആവേശവും പകരുന്നതായി. സമരം ന്യായമായ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ സൂചനകൂടിയാണ് ഈ അനുഭാവസൂചകമായ പണിമുടക്ക്.

സമരം ആരംഭിക്കുന്നതിനുമുമ്പുതന്നെ ജീവനക്കാര്‍ക്കിടയിലും ജീവനക്കാരും ജനങ്ങളും തമ്മിലും ഭിന്നിപ്പുണ്ടാക്കാനുള്ള വൃഥാ ശ്രമത്തിലാണ് മുഖ്യമന്ത്രി ഏര്‍പ്പെട്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ തനി നുണയാണ് മുഖ്യമന്ത്രി തട്ടിവിടുന്നത്. സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഒന്നാമത്തെ നുണ. സമരസമിതി പുതിയ ഒരാവശ്യവും സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. കാലാകാലമായി കിട്ടിക്കൊണ്ടിരിക്കുന്ന സര്‍വീസ് പെന്‍ഷന്‍ നിര്‍ത്തലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനമാണ് സമരംചെയ്യാന്‍ ജീവനക്കാരെയും അധ്യാപകരെയും നിര്‍ബന്ധിതരാക്കിയത്. സര്‍വീസ് പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും, കുറെപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള താല്‍പ്പര്യത്തോടെ നിയമിച്ചതല്ല. അവരുടെ സേവനം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനും അനിവാര്യമായതുകൊണ്ടാണ്. അവര്‍ നല്‍കിയ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിയില്‍നിന്ന് വിരമിച്ചശേഷം പെന്‍ഷന്‍ അനുവദിക്കുന്നത്. 2013 ഏപ്രില്‍ ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കുമാത്രമേ പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകൂ. നിലവിലുള്ള ജീവനക്കാര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇപ്പോള്‍ സര്‍വീസിലുള്ള ജീവനക്കാരും അധ്യാപകരും സമരംചെയ്യേണ്ടതായ ആവശ്യമില്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. സമരചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് ഇത്തരം വാദഗതി ഉന്നയിക്കാന്‍ കാരണമെന്ന് തോന്നുന്നു. സമരം അവരവര്‍ക്കുവേണ്ടിയല്ല നടത്താറുള്ളത്. ഗാന്ധിജി സമരംചെയ്തത് സ്വന്തം മോചനത്തിനല്ല. ശ്രീനാരായണഗുരു സമുദായത്തിന്റെ മോചനത്തിനായാണ് പ്രവര്‍ത്തിച്ചത്. മുമ്പ് പലരും സമരംചെയ്തതുകൊണ്ടും ത്യാഗം സഹിച്ചതുകൊണ്ടുമാണ് ഇപ്പോഴത്തെ തലമുറ പല ആനുകൂല്യങ്ങളും അനുഭവിക്കുന്നത്. അവനവനാത്മസുഖത്തിന് മാത്രമായേ സമരംചെയ്യാവൂ എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന അദ്ദേഹത്തിന് യോജിച്ചതായില്ല.

ജീവനക്കാരുടെ സംഘടിതമായ ചെറുത്തുനില്‍പ്പില്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്നതിന് എന്താണുറപ്പ്. സര്‍വീസിലുള്ളവരും പെന്‍ഷന്‍ വാങ്ങുന്നവരും എണ്ണത്തില്‍ തുല്യരാണെന്ന വാദഗതി ഭാവിയില്‍ പെന്‍ഷന്‍ നിഷേധിക്കാന്‍ ഇടവരുത്തുകയില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. സാമ്പത്തികഞെരുക്കമാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ഏകകാരണമായി പറയുന്നത്. സാമ്പത്തികഞെരുക്കമുണ്ടായാല്‍ ഏത് ആനുകൂല്യവും നിര്‍ദാക്ഷിണ്യം നിര്‍ത്തലാക്കാന്‍ മടിക്കുകയില്ലെന്നാണ് അര്‍ഥം. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അതേവരെ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യമാണ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. അതിനെതിരെ ജീവനക്കാരും അധ്യാപകരും യോജിച്ച സമരം നടത്തിയതുമൂലമാണ് ആനുകൂല്യം നിലനിര്‍ത്താന്‍ സാധിച്ചതെന്ന സത്യം ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആരംഭിച്ച സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുന്നത് തനി അസംബന്ധമാണ്.

അതുപോലെതന്നെ ആനുകൂല്യം ലഭിക്കുന്നവരെയും അല്ലാത്തവരെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതും തികച്ചും അപലപനീയമാണ്. ജീവനക്കാരെ സര്‍ക്കാര്‍ അനുകൂലികളെന്നും പ്രതികൂലികളെന്നും വേര്‍തിരിച്ചുകാണാനുള്ള ശ്രമവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിലും വിചിത്രമായ ഒരു വാദഗതിയാണ് മുഖ്യമന്ത്രി സമരത്തിനെതിരെ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ റവന്യൂവരുമാനത്തിന്റെ 80.61 ശതമാനം തുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളമായും പെന്‍ഷനായും നല്‍കുകയാണ്. ഈ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം വെറും പത്തുലക്ഷം മാത്രമാണ്. മൂന്നേകാല്‍ കോടി ജനങ്ങള്‍ക്ക് 19.39 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഈ തുകയില്‍ എത്ര ശതമാനം 21 മന്ത്രിമാരുടെ കാര്യത്തിന് ചെലവഴിക്കുന്നു എന്നുകൂടി ഉമ്മന്‍ചാണ്ടി ഇതോടൊപ്പം വെളിപ്പെടുത്താതിരുന്നത് മറവിമൂലമായിരിക്കുമെന്ന് കരുതാന്‍ ന്യായമില്ല. തരംതാണ ഇത്തരം അര്‍ഥശൂന്യമായ വാദഗതികള്‍ സമരത്തിനെതിരെ ഉന്നയിച്ചത് അല്‍പ്പത്തമായി മാത്രമേ കാണാന്‍ കഴിയൂ.

സമരസമിതി നേതാക്കള്‍ ചില കണക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. സമരസമിതി നേതാക്കള്‍ വെളിപ്പെടുത്തിയത് ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നത് റവന്യൂവരുമാനത്തിന്റെ 59.45 ശതമാനം മാത്രമാണെന്നാണ്. എക്സ്പെന്‍ഡിച്ചര്‍ റിവ്യൂകമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ധരിച്ച് പറയുന്നത് റവന്യൂവരുമാനം 2004-05ല്‍ 13,500 കോടി രൂപയായിരുന്നത് 2010-11ല്‍ 30,931 കോടി രൂപയായി വര്‍ധിച്ചു എന്നാണ്. ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവ 6.06 ശതമാനം കുറഞ്ഞതായും സമരസമിതി നേതാക്കള്‍ പറയുന്നു. ഈ കണക്ക് തള്ളിക്കളയാന്‍ കഴിയുന്നതല്ല. അതിപ്രധാനമായ മറ്റൊരു കാര്യമുണ്ട്. 2001-02ല്‍ എഡിബി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുമായി സംസാരിച്ചശേഷം പുറപ്പെടുവിച്ച സര്‍ക്കാര്‍രേഖയില്‍ നിലവിലുള്ള പെന്‍ഷന്‍സമ്പ്രദായത്തിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദഗതികളും നിരത്തിവച്ചതായി കാണാം.

എഡിബി മേധാവികളുടെ ഉപദേശമാണ് ശിരസ്സാവഹിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നത്. 25 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷം ഭരിച്ച പശ്ചിമബംഗാള്‍, കേരളം, ഇടതുപക്ഷഭരണം തുടരുന്ന ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാതിരുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമാണ് ഈ തീരുമാനം. അതനുസരിച്ചാണ് എല്ലാ സബ്സിഡിയും നിര്‍ത്തലാക്കുന്നത്; പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. വിലക്കയറ്റവും അതിന്റെ ഭാഗംതന്നെ. എന്‍ജിഒ-അധ്യാപകസമരം ആഗോളവല്‍ക്കരണ നയത്തിന്റെ കെടുതികള്‍ക്കെതിരായ സമരംകൂടിയാണ്. ഇതാകട്ടെ സമരംചെയ്യുന്നവരുടെമാത്രം പ്രശ്നമായി കണ്ടുകൂടാ. മുഴുവന്‍ ജനങ്ങളുടെയും പ്രശ്നമാണ്. അതുകൊണ്ടുതന്നെ സമരത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണ്. ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുന്നത് സമരംചെയ്യുന്ന ജീവനക്കാരല്ല, ഉമ്മന്‍ചാണ്ടിയും കൂട്ടരുമായിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം 09 ജനുവരി 2013

No comments: