Thursday, January 24, 2013

ഇരുട്ടില്‍ ഉഴലുന്ന ബിജെപി

ചെകുത്താനും കടലിനും നടുവില്‍പ്പെട്ടാലത്തെ സ്ഥിതിയിലാണ് ബിജെപി. ഒരുവശത്ത് ആര്‍എസ്എസിന്റെ കല്‍പ്പനകള്‍. മറുവശത്ത് നേതൃതലത്തില്‍ ശക്തമാകുന്ന വിമതനീക്കങ്ങള്‍. രണ്ടിന്റെയും നടുവില്‍പ്പെട്ട് ആരെ നേതാവാക്കണമെന്ന കാര്യത്തില്‍പ്പോലും അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ വലയുകയാണ് ആ പാര്‍ടി. ഈ ആശയക്കുഴപ്പത്തിന്റെ സന്തതിയാണ് രാജ്നാഥ് സിങ്ങിന്റെ പ്രസിഡന്റ് സ്ഥാനം.

നിതിന്‍ ഗഡ്കരിക്ക് ഒരുവട്ടംകൂടി താന്‍തന്നെ പ്രസിഡന്റാകണമെന്നതായിരുന്നു അഭിപ്രായം. ആര്‍എസ്എസിനും ഗഡ്കരിതന്നെയായിരുന്നു പ്രിയങ്കരന്‍. എല്‍ കെ അദ്വാനിക്ക് സുഷമ സ്വരാജ് പ്രസിഡന്റാകുന്നതായിരുന്നു പഥ്യം. യശ്വന്ത് സിന്‍ഹയ്ക്ക് സ്വന്തം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം മുമ്പോട്ടുവയ്ക്കുന്നതിലായിരുന്നു താല്‍പ്പര്യം. എന്നിട്ടും രാജ്നാഥ്സിങ് പാര്‍ടി പ്രസിഡന്റായെങ്കില്‍ അത് പാര്‍ടി അപ്പാടെ അങ്ങനെ ആഗ്രഹിച്ചതിന്റെ പ്രതിഫലനമല്ല. പാര്‍ടിയുടെ നേതൃതലത്തിലുള്ള മിക്കവാറും എല്ലാ പ്രമുഖര്‍ക്കും താല്‍പ്പര്യങ്ങള്‍ വേറെയായിരുന്നു എന്ന് വ്യക്തം. ആ സ്ഥിതിക്ക് രാജ്നാഥ്സിങ് പാര്‍ടിയെ എങ്ങനെ നയിക്കും? എവിടേക്ക് നയിക്കും? ബിജെപി അണികളില്‍ത്തന്നെ ഈ ഉല്‍ക്കണ്ഠയുണ്ട്.

എല്‍ കെ അദ്വാനിയും യശ്വന്ത്സിന്‍ഹയും രാംജത്മലാനിയും ശത്രുഘ്നന്‍സിന്‍ഹയും ഒക്കെ ഒരുപോലെ എതിരായിരുന്നിട്ടും നിതിന്‍ഗഡ്കരി തന്റെ രണ്ടാമൂഴത്തിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തുവച്ചിരുന്നതാണ്. പാര്‍ടി നേതൃത്വത്തില്‍ മഹാഭൂരിപക്ഷത്തിനും അപ്രിയനായിരിക്കുമ്പോഴും പാര്‍ടി പ്രസിഡന്റാകാന്‍ ബിജെപിയില്‍ ഒന്നേവേണ്ടൂ; ആര്‍എസ്എസിന്റെ പിന്തുണ. അത് ഗഡ്കരിക്ക് വേണ്ടതിലധികം ഉണ്ടായിരുന്നു. അതിന്റെ ബലത്തില്‍ പ്രസിഡന്റ്സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമൂഴം അനുവദിക്കുന്നതിനുള്ള പാര്‍ടി ഭരണഘടനാഭേദഗതിപോലും സാധ്യമാക്കി തയ്യാറെടുത്തിരുന്നതാണ് ഗഡ്കരി. ഗഡ്കരിയല്ലാതെ മറ്റൊരാള്‍ പ്രസിഡന്റാകാന്‍ പോകുന്നില്ലെന്ന് ആര്‍എസ്എസ് നേതൃത്വം പ്രഖ്യാപിച്ചതുമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നിഷേധിക്കാനാകാത്ത തരത്തില്‍ ഗഡ്കരിയുടെ അഴിമതിക്കഥകള്‍ പുറത്തായത്.

അഴിമതി കൊടുങ്കാറ്റിലുലയുന്ന പുര്‍ത്തി ഗ്രൂപ്പ് കമ്പനികളില്‍ ഗഡ്കരിക്കും ഭാര്യക്കും അനന്തരവനും ഒക്കെയുള്ള വന്‍കിട നിക്ഷേപങ്ങളുടെ ഓഹരി രേഖകള്‍ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് യശ്വന്ത് സിന്‍ഹയും രാംജത്മലാനിയും ശത്രുഘ്നന്‍സിന്‍ഹയുമൊക്കെ ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്ന ഘട്ടത്തില്‍പ്പോലും ഗഡ്കരി കുലുങ്ങിയില്ല. ആര്‍എസ്എസ് പാറപോലെ ഉറച്ച് പിന്നില്‍ നില്‍ക്കുമ്പോള്‍ ആരെ ഭയക്കണം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, കഴിഞ്ഞദിവസം ഗഡ്കരിയുടെ വ്യവസായസ്ഥാപനങ്ങളിലും വസതികളിലും ആദായ റെയ്ഡ് നടന്നതോടെ, അതിലൂടെ കൂടുതല്‍ രേഖകള്‍ പുറത്തായതോടെ നില പരുങ്ങലിലായി. യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ പ്രചാരണം ഗഡ്കരിയെ മുമ്പില്‍ നിര്‍ത്തി നടത്തുന്നതെങ്ങനെയെന്ന ചോദ്യത്തിന് ആര്‍എസ്എസിനുപോലും ഉത്തരമുണ്ടായില്ല. ആ അവസ്ഥയിലാണ് ഗഡ്കരിയുടെ രാജിക്ക് കളമൊരുങ്ങിയത്. നോട്ടുകെട്ടുകള്‍ എണ്ണിയെടുത്ത് മേശവലിപ്പില്‍ തിരുകിയ ബംഗാരു ലക്ഷ്മണ്‍മുതല്‍ അഴിമതി തെളിഞ്ഞ് പുറത്താകുന്ന നിതിന്‍ ഗഡ്കരിവരെ- ബിജെപിക്ക് "അഭിമാനിക്കാന്‍" എത്രയെത്ര പ്രസിഡന്റുമാര്‍.

പണക്കൊഴുപ്പിന്റെമാത്രം ബലത്തില്‍ ബിജെപി പ്രസിഡന്റ് സ്ഥാനത്തെത്തിയ ആളാണ് ഗഡ്കരി. ദേശീയതലത്തില്‍ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ജോഷിയും അരുണ്‍ ജയ്റ്റ്ലിയും രാജ്നാഥ്സിങ്ങും വെങ്കയ്യനായിഡുവും സുഷമാസ്വരാജും ഒക്കെയുള്ള പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മഹാരാഷ്ട്രയില്‍നിന്നുള്ള താരതമ്യേന ശ്രദ്ധേയനല്ലാത്ത ഗഡ്കരി കടന്നുവന്നത് നോട്ടുകെട്ടുകളുടെയും വ്യവസായലോബിവഴിയുള്ള സ്വാധീനത്തിന്റെയും അതിനൊക്കെ മുമ്പില്‍ ഓച്ഛാനിച്ചുനിന്ന ആര്‍എസ്എസിന്റെയും ബലത്തിലാണ്. രാഷ്ട്രീയവ്യക്തിത്വമേ ഇല്ലാത്ത വ്യവസായി. രാഷ്ട്രീയശക്തിക്രമത്തില്‍ നാലാംസ്ഥാനത്തുമാത്രം നില്‍ക്കുന്ന പാര്‍ടിയാണ് മഹാരാഷ്ട്രയില്‍ ബിജെപി. ഇതൊന്നും ഗഡ്കരിയുടെ ഉയര്‍ച്ചയ്ക്ക് പ്രതിബന്ധമാകാതിരുന്നത് പണത്തിനുമേല്‍ പരുന്തും പറക്കില്ല എന്നതുകൊണ്ടാണ്. ഈ ഗഡ്കരി സ്ഥാനമൊഴിയുമ്പോള്‍ അവിടേക്ക് കടന്നുവരുന്നയാളോ? കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയത്തിലേക്ക് നയിച്ചതിന് ഉത്തരവാദി എന്ന നിലയില്‍ പാര്‍ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോയ ആള്‍. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം കടക്കുന്ന ഘട്ടത്തില്‍ ബിജെപിയെ നയിക്കാന്‍, കഴിഞ്ഞ പരാജയത്തിന് അധ്യക്ഷതവഹിച്ചയാളെത്തന്നെ കൂട്ടിക്കൊണ്ടുവരുന്നതു കാണാന്‍ നല്ല ചേലുണ്ട്. ഇതേ രാജ്നാഥ്സിങ്ങിനെ നേരത്തെ ഇതേസ്ഥാനത്തുനിന്ന് മാറ്റിയത് കഴിവുകേട് മുന്‍നിര്‍ത്തിയായിരുന്നല്ലോ. ആ കഴിവുകേടിനെത്തന്നെ വീണ്ടും സ്വീകരിച്ചാനയിക്കുമ്പോള്‍ വ്യക്തമാകുന്നത് ബിജെപിയുടെ നേതൃതല രാഷ്ട്രീയപാപ്പരത്തമല്ലാതെ മറ്റൊന്നുമല്ല. രാജ്നാഥ്സിങ് ഉത്തര്‍പ്രദേശുകാരനാണ്. ഇദ്ദേഹം അവിടെ പ്രവര്‍ത്തിച്ച ഘട്ടത്തിലൊക്കെ ബിജെപി തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിട്ടേയുള്ളൂ. പാര്‍ടിയെ സ്വന്തം സംസ്ഥാനത്ത് തകര്‍ച്ചയിലേക്ക് നയിച്ചതും ഒരു പൊതുതെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ത്തന്നെ തകര്‍ത്തുകൊടുത്തതുമായ വ്യക്തിയെത്തന്നെ വീണ്ടും ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ബിജെപിക്ക് ഇത്തരം ഗതികേടുകളില്‍നിന്ന് മോചനമില്ല. കാരണം, അതിന്റെ ഒരു നേതാവിനുപോലും പാര്‍ടിയില്‍ ഒരു റോളുമില്ല. ആര്‍എസ്എസ് വരയ്ക്കുന്ന വരയിലൂടെ നീങ്ങാനല്ലാതെ ബിജെപി നേതൃത്വത്തിന് ഒന്നിനും കഴിയില്ല. യുപിഎയുടേതിനു ബദലായ നയമോ അണികള്‍ക്ക് സ്വീകാര്യമായ നേതൃത്വമോ ഇല്ലാതെ ഇരുട്ടില്‍ ഉഴലുക എന്നത് മാത്രമാണ് ആ പാര്‍ടിക്ക് കരണീയമായിട്ടുള്ളത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ല. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമല്ല. പെട്രോള്‍-ഡീസല്‍ വിലവര്‍ധനകള്‍ക്ക് വഴിവയ്ക്കുന്ന നയനിലപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തമല്ല. ഇതൊക്കെയാണ് സത്യമെന്നിരിക്കെ കോണ്‍ഗ്രസിന്റെ ബി ടീമായി എന്തിന് ഇങ്ങനെയൊരു പാര്‍ടി എന്ന് ജനങ്ങള്‍ ചിന്തിക്കുന്നത് സ്വാഭാവികംമാത്രം. ആ ചിന്ത അവരെ നയങ്ങളുടെ ബദലിനെത്തേടാന്‍ പ്രേരിപ്പിക്കുന്നതും സ്വാഭാവികംമാത്രം.

*
ദേശാഭിമാനി മുഖപ്രസംഗം 24 ജനുവരി 2013

No comments: