Saturday, January 12, 2013

ഹോ, ഈ ഓര്‍മ്മ വല്ലാത്ത സംഗതിയാണേ!

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനാധാരമായ പെന്‍ഷന്‍ നിഷേധത്തെപറ്റിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടതോടെയാണ് ഓര്‍മ്മശക്തി കുറയുകയാണല്ലോ എന്ന തോന്നല്‍ ശക്തിപ്പെട്ടത്. എവിടെയോ കേട്ട ന്യായങ്ങള്‍, വാദമുഖങ്ങള്‍, കണക്കുകള്‍. എവിടെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാതെ ഓര്‍മ്മശക്തിയെ ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേപ്പറ്റി ഓര്‍ക്കാന്‍ തുടങ്ങിയാല്‍ അതങ്ങനെയാണല്ലോ മണലില്‍ വീണ നാണയം പോലെ അത് താഴോട്ട് താഴോട്ട് പോകും. അങ്ങിനെയിരിക്കെയാണ് ഇന്നലത്തെ പരസ്യം.  ഈ സമരം ജനങ്ങള്‍ക്കെതിരെ വായിച്ച പത്രങ്ങളിലൊക്കെ അവര്‍ത്തിച്ച് കണ്ടപ്പോഴാണ് യുറേക്കാ എന്നും പറഞ്ഞ് ഓര്‍മ്മശക്തിക്ക് ജയ് വിളിക്കാന്‍ തോന്നിയത്.

കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം മുമ്പ് വായിച്ച ഒരു പുസ്തകത്തിലെ വാക്കുകളും വരികളും വന്നങ്ങനെ മുന്നില്‍ നൃത്തം ചെയ്യുന്നത് പോലെ. പരസ്യം നിങ്ങളും കണ്ട് കാണുമല്ലോ സാധാരണ പി.ആര്‍.ഡി.ക്കാര്‍ തയ്യാറാക്കുന്ന പരസ്യം മുഖ്യമന്ത്രി നേരിട്ട് എഴുതി യുണ്ടാക്കിയതാണ്  എന്ന് ഇന്നത്തെ കേരള കൌമുദി വായിച്ചപ്പോഴാണ് മനസ്സിലായത്. എഡിറ്റ് പേജിലെ ഉമ്മന്‍ ചാണ്ടിയുടെ ലേഖനം വായനക്കാരില്‍ ചിലരെങ്കിലും കണ്ട ുകാണുമല്ലോ

1996 ല്‍ പുറത്തിറങ്ങിയ ലസ്റര്‍ ഥറോവിന്റെ ഫ്യൂച്ചര്‍ ഓഫ് കാപ്പിറ്റലിസം എന്ന പുസ്തകത്തിലെ വരികളാണ്, വാചകങ്ങളാണ്, ആശയങ്ങളാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ലേഖനത്തിലും പരസ്യത്തിലും വന്ന് നിറയുന്നത്. ലസ്റര്‍ ഥറോ മോശക്കാരനല്ല, ക്ളിന്റന്റെ പ്രധാന ഉപദേഷ്ടാവായിരുന്നു. പ്രസിഡണ്ടിന് കിട്ടാവുന്ന എല്ലാ രേഖകളും കൊത്തിപ്പെറുക്കി എടുത്ത് അദ്ദേഹം അന്നെഴുതി: “” "കിഴവന്‍മാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കും പലിശ ചെലവിനുമായി മൊത്തം നികുതി വരുമാനത്തിന്റെ 60%ആണ് ഇപ്പോള്‍ ചിലവാകുന്നത്. 2003 ആകുമ്പോള്‍ ഇത് 75% ആകും. നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന പക്ഷം 2013 ഓടെ ഇത് 100% ആയിത്തീരും. പടിഞ്ഞാറന്‍ യൂറോപ്പില്‍ വൃദ്ധജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ 2030 ആകുമ്പോള്‍ ജി.ഡി.പിയുടെ 50% ആയിത്തീരും. കിഴക്കന്‍ യൂറോപ്പില്‍ സ്ഥിതി ഇതിലും വഷളാണ്. വൃദ്ധ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്ന കാര്യത്തില്‍ കമ്യൂണിസ്റുകാര്‍ കൂടുതല്‍ ഉദാരമതികളായിരുന്നല്ലോ''.’’

ഇതേ കാര്യം നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാഷയിലാക്കിയപ്പോള്‍ അതിങ്ങനെയായി. "2001-02 ല്‍ 1838 കേടി രൂപയായിരുന്ന പെന്‍ഷന്‍ ബാധ്യത 2012-13 ല്‍ 8178 കോടിയായി. 10 വര്‍ഷം കൊണ്ട് നാലര ഇരട്ടി വര്‍ധന. ഈ രീതി തുടര്‍ന്നാല്‍ ഭീമമായ പെന്‍ഷന്‍ ബാധ്യത അടുത്ത തലമുറക്ക് കൈമാറേണ്ടിവരും. ''

അടുത്ത തലമുറയുടെ കാര്യവും ലെസ്റര്‍ ഥറോ ഓര്‍മ്മപ്പെടുത്തുന്നുണ്ട്: വരും കാലങ്ങളില്‍, വര്‍ഗ സമരമെന്നത് ധനികര്‍ക്കെതിരെ ദരിദ്രര്‍ എന്നതിനു പകരം വൃദ്ധര്‍ക്കെതിരെ യുവജനങ്ങള്‍ എന്ന് തിരുത്തി എഴുതേണ്ടി വരും. മനുഷ്യ ചരിത്രത്തിലാദ്യമായി, നമ്മുടെ സുമാദയങ്ങളില്‍ സാമ്പത്തികമായി നിഷ്ക്രിയരായ പ്രായം ചെന്ന ധനികരുടെ ഒരു വിഭാഗം ആരോഗ്യം പോലുള്ള ചെലവേറിയ സാമൂഹിയ സേവനങ്ങള്‍ക്കായി സര്‍ക്കാറിനെ ആശ്രയിക്കുന്നുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ക്ളിന്റന്റെ ഉപദേശി കാര്യങ്ങള്‍ അവതരിപ്പിച്ച് തുടങ്ങുന്നത്. “"ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്ന ഒരാളുടെ സ്ഥാനത്ത് ജോലിയെടുക്കുന്ന 4.5 തൊഴിലാളികളാണ് ഉള്ളതെങ്കില്‍ 2030 ആകുമ്പോള്‍ ഒരാള്‍ പെന്‍ഷന്‍ വാങ്ങുമ്പോള്‍ 1.7 തൊഴിലാളികളേ പണിയെടുക്കുന്നവരായി ഉണ്ടാകൂ.'' ഇതേ തരത്തിലുള്ള കണക്ക് സര്‍ക്കാറിന്റെ പരസ്യത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലേഖനത്തിലും കാണാം എന്നത് യാദൃശ്ചികമല്ല. ഏതായാലും ലെസ്റര്‍ ഥറോ പറഞ്ഞത് പോലെ പച്ചക്ക് പറയുന്നില്ല നമ്മുടെ മുഖ്യമന്ത്രി. ഥറോ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "ഒരു സമുദായത്തിനുമാവില്ല അതിന്റെ ജനസംഖ്യയുടെ കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങളെ കൂടുതല്‍ കാലത്തേക്ക് അലസന്‍മാരായി' കഴിയാന്‍ വിട്ടുകൊണ്ട്, അവര്‍ക്ക് കാശെത്തിച്ചു കൊടുക്കാന്‍ - നല്‍കുന്ന രീതി ഏതായാലും.

പത്തേ പതിനഞ്ചോ ഇരുപതോ വര്‍ഷക്കാലത്തേക്കുള്ള പെന്‍ഷനല്ലാതെ ഇനി മേല്‍ ഒരാള്‍ക്കും ദീര്‍ഘകാലത്തേക്കുള്ള റിട്ടയര്‍മെന്റ് ആനൂകൂല്യം ഉറപ്പ് നല്‍കാന്‍ അവില്ല -ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത് കൊണ്ട്'' ഇത് തന്നെയാണ് 1996 ലെ ലോകബാങ്കിന്റെ  വാര്‍ഷിക രേഖയിലും പറയുന്നത്.

" മിക്ക രാജ്യങ്ങളും പെന്‍ഷന് വേണ്ടി ചെലവാക്കുന്ന തുക വെട്ടിച്ചുരുക്കിയേ പറ്റൂ. വ്യക്തികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടോ, പെന്‍ഷനര്‍മാരുടെ  എണ്ണം വെട്ടിച്ചുരുക്കിക്കൊണ്ടോ- ഉദാഹരണത്തിന് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക, അവശതാപെന്‍ഷനുകള്‍ നല്‍കുന്നതിനുള്ള "തകരാറുകള്‍ പരിഹരിക്കുക'', എന്നാല്‍ പ്രസിഡണ്ട് ക്ളിന്റന്‍ തന്നെ പെന്‍ഷന്‍ ക്ഷേമ പദ്ധതികള്‍ പരിഷ്കരിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞ് പാളീസ്സായ കഥയും ഥറോ പറയുന്നുണ്ട്. 2030 ആകുന്നതോടെ പെന്‍ഷന്‍ ചെലവ്  എട്ടിരട്ടിയാകുമെന്നത് നേരാണെങ്കിലും  നടപ്പ് പദ്ധതിക്ക് പകരം ഒന്ന് നിര്‍ദ്ദേശിക്കാന്‍ തങ്ങള്‍ക്കാവുന്നില്ല' എന്നാണ് അതിനായി നിയുക്തമായ കമ്മിറ്റി പറഞ്ഞത്.

ലോക ബാങ്കും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് പോന്നത് പെന്‍ഷന്‍ ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാനാണ്. എന്നിട്ടും അത് അങ്ങിനെ നിന്ന് പോരുന്നതിനുള്ള ന്യായം നമ്മുടെ "മുതലാളിത്തത്തിന്റെ ഭാവി''യില്‍ തന്നെയുണ്ട്. "മാര്‍ക്സ് കരുതിയതിലും കേമന്‍മാരായിരുന്നു ധനികര്‍. തങ്ങളുടെ നിലനില്‍പ്പ് ഉറപ്പ് വരുത്തണമെങ്കില്‍ വിപ്ളവ കരമായ സാഹചര്യം ഒഴിവാക്കണമെന്ന് അവര്‍ക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയശേഷം നമ്മുടെ ഗ്രന്ഥകാരന്‍ തറപ്പിച്ച് പറയുന്നു; മുതലാളിത്തം വെല്ലുവിളിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇതൊന്നുംതന്നെ സംഭവിക്കില്ലായിരുന്നു.(None of these things would have happened if capitalim had not been threatened)

അപ്പോള്‍ അതാണ് കാര്യം. സോവിയറ്റ് യൂണിയനും സോഷ്യലിസ്റ് ക്യാമ്പും തകര്‍ച്ച നേരിട്ടു തുടങ്ങിയതോടെ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും തകര്‍ത്തെറിയപ്പെടാന്‍ തുടങ്ങി. മാത്രവുമല്ല ധനമൂലധനം ഈ മേഖലയെക്കൂടി മേച്ചില്‍പ്പുറമായി മാറ്റാന്‍ തുടങ്ങി. പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ എന്ന പേരില്‍ കളിക്കിറങ്ങിയ ആഗോള മൂലധനനാഥന്മാര്‍ പെന്‍ഷന്‍ ഫണ്ടും തങ്ങള്‍ക്ക് കയ്യിട്ട് വാരാനാകും വിധത്തില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന് നിഷ്കര്‍ഷിക്കാനും തുടങ്ങി. അതുകൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ ബില്ലവതരണാനുമതിക്ക് വോട്ടിങ്ങ് വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാ മുതലാളിത്ത പക്ഷവാദികളും ഒന്നിച്ച് നിന്ന് വോട്ട് ചെയ്തത്. അതുകൊണ്ടാണ്" ദേശീയ പെന്‍ഷന്‍ പദ്ധതികൊണ്ട് സര്‍ക്കാറിന് യാതൊരു നേട്ടവുമില്ല. മാത്രമല്ല കോടികളുടെ അധിക ബാധ്യത ഉണ്ടാക്കുന്നുണ്ട്'' എന്ന് പരിതപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് പോലും അത്തരം ഒരു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്. സര്‍ക്കാറിന് നേട്ടമില്ല, ജീവനക്കാര്‍ക്ക് ആവശ്യമില്ല, സമൂഹത്തിനാണെങ്കില്‍ നഷ്ടവുമാണ.് അങ്ങിനെയൊരു പെന്‍ഷന്‍പദ്ധതി പിന്നെ ആര്‍ക്കാണ് മെച്ചമാകുക?  ഈ മേഖലയിലേക്ക് കയറിവരാന്‍ തഞ്ചം കാത്ത് നില്‍ക്കുന്ന വന്‍കിട ഫണ്ട് മാനേജര്‍മാര്‍ക്ക്. (പെന്‍ഷന്‍ മേഖലയില്‍ 49% വിദേശ ഉടമസ്ഥതയാകാം എന്ന് പറയുന്നതിന്റെ കാരണവും ഇത് തന്നെ)

അങ്ങിനെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക്  പതിച്ച് കൊടുക്കുന്ന വന്‍തുകക്ക് എന്താണ് സംഭവിക്കുക? "കേന്ദ്രത്തിന് പിടിച്ചു നില്‍ക്കാനാവില്ല.'' (Centre cannot hold) എന്ന പേരില്‍ നോം ചോംസ്കി എഴുതിയ ഒരു ലേഖനത്തില്‍ 2010 ഫെബ്രുവരി 8 ന് ആസ്റിന്‍ ടെക്സാസിലെ റവന്യൂ ഓഫീസിന്റെ ടവര്‍ വിമാനമിടിച്ച് തകര്‍ത്ത ജോസഫ് ആന്‍ഡ്യ്രൂ സ്റാക്ക് എന്ന വൈമാനികന്റെ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് പറയുന്നുണ്ട്. പെന്‍സില്‍വാനിയയിലെ ഉരുക്കു ശാലയിലെ തൊഴിലാളിയുടെ വിധവയായ തന്റെ അയല്‍പക്കക്കാരി അനുഭവിക്കുന്ന ദൈന്യത കണ്ട് മനം മടുത്താണ് അയാള്‍ വ്യവസ്ഥയോട് കലഹിച്ചിറങ്ങിയത്. 80 വയസ്സുള്ള  ആ സ്ത്രീയുടെ ഭര്‍ത്താവ് ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ ഭാര്യക്ക് തന്റെ മരണശേഷം നന്നായി ജീവിക്കാനുള്ള സംഖ്യ പെന്‍ഷന്‍ ഫണ്ടിലുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 2007 ലെ മുതലാളിത്ത പ്രതിസ്ന്ധിയില്‍ പെന്‍ഷന്‍ ഫണ്ടുകളാകെ പൊട്ടി പൊളിഞ്ഞപ്പോള്‍ അവര്‍ക്ക് ഗത്യന്തരമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു. ആ സ്ത്രീയുടെ ദൈന്യതകണ്ട് ഇതെങ്ങനെയാണ് ഒരു സമൂഹത്തിന് സഹിക്കാനാവുക എന്ന് ചോദിച്ചുകൊണ്ടാണ് യുവാവായ ആ വൈമാനികന്‍ റവന്യൂ ഓഫീസ് തകര്‍ത്തുകൊണ്ട് ആത്മഹത്യ ചെയ്തത്!

പെന്‍ഷന്‍ ഫണ്ടുകള്‍ ചൂതാട്ടത്തിന് എറിഞ്ഞ് കൊടുത്താല്‍ എന്താണ് സംഭവിക്കുക എന്ന് കൂടുതല്‍ പറയേണ്ടതില്ല. സര്‍ക്കാറിനും ജീവനക്കാര്‍ക്കും സമൂഹത്തിനും ഒരേപോലെ നഷ്ടം വരുത്തിവെക്കുന്ന ഈ പദ്ധതി ഫണ്ട് മാനേജര്‍മാരുടെ  സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നടപ്പാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറയുന്നത്. അതിനെതിരെ പണിമുടക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നത് നിങ്ങള്‍ക്ക് നഷ്ടമൊന്നുമില്ലല്ലോ എന്നാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ എന്ന്. ഞങ്ങള്‍ സമൂഹത്തിന്റെ കാര്യമാണ് നോക്കുന്നത് എന്നാണ് അവര്‍ കൊടുക്കുന്ന മറുപടി.

സമൂഹത്തിന്റെ കാര്യമോ, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ എന്ന് സ്വാഭാവികമായും സംശയമുയരാം- വിശേഷിച്ച് പെന്‍ഷന്‍ പദ്ധതിക്കെതിരെ ഹൈ വോള്‍ട്ടേജ് പ്രചാരണം മുറുകി നില്‍ക്കുന്ന ഒരു ഘട്ടത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു സീനിയര്‍ പ്രൊഫസര്‍ പറഞ്ഞ ഒരൊറ്റക്കാര്യം കേട്ടാല്‍ ആര്‍ക്കും അത് ബോധ്യപ്പെടും.  സംഗതി ലളിതം. ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളത്തിന്റെ ഓഫറുമായി സ്വകാര്യ ആശുപത്രിക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്നത് വെറും സാമൂഹിക സേവന താല്‍പര്യം കൊണ്ടല്ല എന്ന് അദ്ദേഹം തീര്‍ത്തു പറയുന്നു. ചികിത്സിക്കാനാവാതെ വരുന്ന ഒരു ഘട്ടത്തില്‍ തന്റെ ചികിത്സക്കും ഭക്ഷണത്തിനുമുള്ള കാശ് പെന്‍ഷന്‍വഴി കിട്ടുമല്ലോ എന്നതാണ് ന്യായം. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പദ്ധതി തകര്‍ക്കപ്പെടുന്ന പക്ഷം തന്റെ മകനോട് സര്‍ക്കാരാശുപത്രി വിട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറിക്കൊള്ളാന്‍ പറയും എന്നാണ് അദ്ദേഹം പറഞ്ഞത്. നല്ല ഡോക്ടറും നല്ല എഞ്ചിനീയറും, നല്ല അധ്യാപകനും എല്ലാം സര്‍ക്കാര്‍ സര്‍വ്വീസ് വേണ്ടെന്നുവെക്കും എന്നര്‍ത്ഥം. നഷ്ടം സമൂഹത്തിന് തന്നെയാണ്.

ഇത് മാത്രമല്ല, എല്ലാ ക്ഷേമപദ്ധിതകള്‍ക്കും എതിരെയാണ് ആക്രമണം. സബ്സിഡികളൊക്കെ വന്‍കിടക്കാര്‍ക്ക്,  നികുതിയിളവൊക്കെ വമ്പന്‍മാര്‍ക്ക്. വിലക്കയറ്റവും അധിക നികുതിയും സാധാരക്കാരുടെ മേല്‍. അത്തരം ഒരു കാലത്ത് സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കിയാല്‍ മറ്റ് ക്ഷേമ പദ്ധതികള്‍ വളരെ അനായാസം തകര്‍ക്കാനാകും.  അത് തന്നെയാണ് ലക്ഷ്യം എന്ന് കണ്ടെത്താന്‍ പഴയ ലോകബാങ്ക് രേഖകള്‍ നോക്കിയാല്‍ മതിയാകും- അനുഭവം കൊണ്ട് പഠിക്കുന്നില്ലെങ്കില്‍.

ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പ്രശ്നമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും പി.എഫ്.ആര്‍.ഡി.എ ബില്‍ പറയുന്നത് മറ്റൊന്നാണ്. നിലവിലുള്ള ഏത് പെന്‍ഷന്‍ പദ്ധതിക്കും പകരം പുതിയ പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ധാരാളം. പിന്നെങ്ങനെയാണ് നിലവിലുള്ള ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ലേഖനം വായിച്ച് സമാശ്വസിക്കുക. വേണ്ടാത്തതൊന്നും ഓര്‍ക്കേണ്ട എന്നു തന്നെയാണ് അദ്ദേഹം പറയുക. ഈ ഓര്‍മ്മ തീര്‍ച്ചയായും വല്ലാത്തൊരു സംഗതിയാണേ!

*
എ.കെ.രമേശ്

തലക്കെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്

No comments: